Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


12 June, World Day Against Child Labour
‘ബാലവേലയ്ക്ക് റെഡ് കാർഡ്, കുട്ടികൾക്ക് നീതിയുക്തമായ അവസരങ്ങൾ, മുതിർന്നവർക്ക് മാന്യമായ തൊഴിൽ’ (Red card to child labour: Fair play for children, decent work for adults) എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം. ലോകം വ്യാവസായിക, രാഷ്ട്രീയ, സാങ്കേതിക മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ നടത്തുമ്പോഴും സാമൂഹ്യ പുരോഗതി കൈവരിക്കാതിരുന്ന കാലങ്ങളിൽ വ്യാപകമായിരുന്ന ‘ബാലവേല’ എന്ന മനുഷ്യത്വവിരുദ്ധമായ പ്രവർത്തനം ഇന്നും മിക്കയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് കുട്ടികൾ നേരിടുന്ന ഈ കൊടിയ ചൂഷണത്തെക്കുറിച്ച് ലോകത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) നേതൃത്വത്തിൽ 2002 മുതൽ എല്ലാ വർഷവും ജൂൺ 12ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകത്ത് 13.8 കോടി കുട്ടികളാണ് ബാലവേലയിൽ ഏർപ്പെടുന്നത്. ഇതിൽ 5.4 കോടി കുട്ടികളും വളരെ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേലയുടെ ഇരകളിൽ 7.8 കോടി ആൺകുട്ടികളും 5.9 കോടി പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് ഈ വിപത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ നിത്യസംഭവമായ യുദ്ധങ്ങളും സായുധ സംഘർഷങ്ങളും കുട്ടികളെ വലിയ തോതിൽ ബാലവേലയിലേക്ക് തള്ളിവിടുന്നുണ്ട്. ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശത്തിന്റെയും വംശഹത്യയുടെയും ഫലമായി അനാഥരാക്കപ്പെട്ട കുട്ടികൾ ഇന്ന് പലവിധ ചൂഷണങ്ങൾക്കാണ് ഇരയാകുന്നത്. യുദ്ധം കാരണം പലായനം ചെയ്യേണ്ടി വന്ന ഈ കുട്ടികൾക്ക് ജീവൻ നിലനിർത്താൻ തൊഴിലിടങ്ങളിലേക്ക് ഇറങ്ങേണ്ട ദുർഗതിയുണ്ടാകുന്നു. അതുപോലെ, സുഡാനിലെ സൈന്യമായ സുഡാനീസ് സായുധ സേനയും (SAF) അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള രൂക്ഷമായ സംഘർഷം ദശലക്ഷക്കണക്കിന് കുട്ടികളെയാണ് അഭയാർത്ഥികളാക്കിയത്. യുണിസെഫിന്റെ കണക്കുകൾ പ്രകാരം, സബ്-സഹാറൻ ആഫ്രിക്കൻ മേഖലയിൽ മാത്രം ഏകദേശം 8.7 കോടി കുട്ടികളാണ് യുദ്ധവും ദാരിദ്ര്യവും കാരണം ബാലവേലയ്ക്ക് ഇരയാകുന്നത്.


ആധുനിക ജനാധിപത്യത്തിന്റെ മാതൃകയായ ഇന്ത്യയിലും കുട്ടികൾ വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പി.എൽ.എഫ്.എസ് (The Periodic Labour Force Survey) കണക്കുകൾ വ്യക്തമാക്കുന്നത് നമ്മുടെ രാജ്യത്ത് 33 ലക്ഷം മുതൽ 50 ലക്ഷം വരെ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുവെന്നാണ്. പുസ്തകങ്ങൾ പിടിച്ച് വിദ്യ നേടേണ്ട പ്രായത്തിൽ പണിയായുധം പിടിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ അത്യന്തം ഭയാനകമാണ്. ഇന്ത്യയിൽ അപകടകരമായ രീതിയിലുള്ള തൊഴിലുകളുടെ എണ്ണം 83 ആണ്; ഇതിൽ പകുതിയിലധികവും ചെയ്യുന്നത് കുട്ടികളാണ്. പടക്ക നിർമ്മാണ ശാലകൾ, ഇഷ്ടികക്കളങ്ങൾ, ഹോട്ടലുകൾ, കശുവണ്ടി ഫാക്ടറികൾ, ഇരുമ്പ്-ഉരുക്ക് വ്യവസായങ്ങൾ എന്നിവയിലെല്ലാം കുട്ടിത്തൊഴിലാളികൾ പണിയെടുക്കുന്നു.
ഇന്ത്യയിൽ കുട്ടികൾ ബാലവേലയ്ക്ക് ഇരയാകാനുള്ള പ്രധാന കാരണം ദാരിദ്ര്യമാണ്. കണക്കുകൾ പ്രകാരം ഗ്രാമങ്ങളിൽ 19.28 ശതമാനവും നഗരങ്ങളിൽ 5.7 ശതമാനവും ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. വിശപ്പ് മാറ്റാൻ മറ്റ് വഴികളില്ലാതെ വരുമ്പോഴാണ് രക്ഷിതാക്കൾ കുട്ടികളെ തൊഴിലിടങ്ങളിലേക്ക് അയയ്ക്കാൻ നിർബന്ധിതരാകുന്നത്. കൂടാതെ, രാജ്യത്ത് കുട്ടികളെ കടത്തിക്കൊണ്ടുപോയി ബാലവേലയ്ക്ക് ഉപയോഗിക്കുന്ന വലിയൊരു മാഫിയ തന്നെയുണ്ട്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം ഇന്ത്യയിലെ മനുഷ്യക്കടത്ത് (Human Trafficking) കേസുകളിൽ 55% മുതൽ 60% വരെ ഇരകൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇതിൽ തന്നെ പെൺകുട്ടികളാണ് കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത്. കുട്ടികളെ പരിക്കേൽപ്പിച്ച് ഭിക്ഷാടനത്തിന് നിർബന്ധിക്കുന്ന ക്രൂരതയും രാജ്യത്ത് തുടരുന്നു. അപകടം പിടിച്ച തൊഴിൽ, പോഷകാഹാരക്കുറവ്, രോഗങ്ങൾ എന്നിവമൂലം ഇന്ത്യയിൽ അഞ്ച് വയസ്സിനു താഴെയുള്ള 13 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണപ്പെടുന്നുണ്ട്.
ഇത്തരം പരമ്പരാഗതവും ശാരീരികവുമായ പീഡനങ്ങൾക്ക് പുറമേ ഡിജിറ്റൽ യുഗത്തിലെ ബാലവേലയുടെ പുതിയ ചില മുഖങ്ങൾ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക ലാഭത്തിനായി കുട്ടികളെ ഉപയോഗിച്ച് നിർമ്മിക്കുന്ന ‘ഡിജിറ്റൽ കണ്ടന്റുകൾ’ ഇന്നൊരു പുതിയതരം ചൂഷണമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ സ്വകാര്യതയും സ്വാഭാവികമായ ബാല്യവും കവർന്നെടുത്തുകൊണ്ട്, വ്യൂസിനും (Views) വരുമാനത്തിനും വേണ്ടി അവരെക്കൊണ്ട് നിർബന്ധിതമായി വീഡിയോകൾ ചെയ്യിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ മണിക്കൂറുകളോളം അഭിനയിപ്പിക്കുന്നതും ഒരുതരം ആധുനിക ബാലവേല തന്നെയാണ്. ശാരീരികമായ പീഡനങ്ങൾക്കൊപ്പം ഇത്തരം മാനസികമായ ചൂഷണങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്.


ബാലവേലയ്ക്കെതിരെ ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഫാക്ടറികളിലോ ഖനികളിലോ മറ്റ് അപകടകരമായ തൊഴിലുകളിലോ കുട്ടികളെ ഉൾപ്പെടുത്തുന്നത് നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 24 കർശനമായി നിരോധിക്കുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE) ആറ് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ജുവനൈൽ ജസ്റ്റിസ് നിയമവും ഫാക്ടറീസ് ആക്ടും കുട്ടികൾക്ക് നിയമപരിരക്ഷ നൽകുന്നുണ്ട്. എന്നാൽ, 2016-ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ ബാലവേല നിരോധന നിയമത്തിലെ ഭേദഗതികൾ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്കൂൾ സമയത്തിന് ശേഷം ‘കുടുംബ വ്യവസായങ്ങളിൽ’ പണിയെടുക്കാം എന്ന് ഇളവ് നൽകിയത് ചൂഷണത്തിന് കൂടുതൽ പഴുതുകൾ ഉണ്ടാക്കുകയാണ് ചെയ്തത്.
ബാലവേല ഒരു സമൂഹത്തെയാകെ കാർന്നുതിന്നുന്ന ദുരന്തമാണ്. നാളത്തെ പൗരന്മാരായ കുട്ടികളുടെ സുന്ദരമായ ബാല്യം കവർന്നെടുക്കുന്നത് അത്യന്തം അപലപനീയമാണ്. നിലവിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും കുറ്റക്കാർക്കെതിരെ ശിക്ഷ കടുപ്പിക്കുകയും ചെയ്താൽ മാത്രമേ ഈ വിപത്തിനെ ഇല്ലാതാക്കാൻ സാധിക്കൂ. “തൊഴിലിടങ്ങളിലെ ഇരുണ്ട മുറികളിലല്ല, മറിച്ച് വിദ്യാലയങ്ങളിലെ വെളിച്ചത്തിലാണ് കുട്ടികളുടെ ഭാവി രൂപപ്പെടേണ്ടത്. ഓരോ കുട്ടിയുടെയും കുട്ടിക്കാലം വിലപ്പെട്ടതാണ്.” ബാലവകാശ പ്രവർത്തകനും നോബൽ സമ്മാന ജേതാവുമായ കൈലാഷ് സത്യാർത്ഥിയുടേതാണ് ഈ വാക്കുകൾ. അതെ, കുട്ടികൾക്കായി സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം.

