മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവും ക്ഷേമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൊറോണയുടെ നാളുകളിൽ നാം തിരിച്ചറിഞ്ഞതാണ്. ലോകാരോഗ്യ സംഘടനയുടെയുടെ ഒരു ആരോഗ്യം (ONE HEALTH) എന്ന ആശയം, മനുഷ്യർ പ്രകൃതിയുമായി ഇടപഴകുന്ന രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും അതിൽ വനങ്ങൾ സുപ്രധാനമാണെന്നുമുള്ള അവബോധം ഉയർത്തിക്കാട്ടുന്നു. ഈ വർഷത്തെ അന്തരാഷ്ട്ര വനദിനം മുന്നോട്ടുവയ്ക്കുന്ന വനവും ആരോഗ്യവും എന്ന സന്ദേശം വളരെ ഗൗരവമായിത്തന്നെ നാം ചർച്ച ചെയ്യേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയും പോഷണവുമായി പൊതുവെ ബന്ധപ്പെട്ടിരിക്കുന്നതിനപ്പുറം മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വനങ്ങൾ വൈവിധ്യമാർന്ന നേട്ടങ്ങൾ നൽകുന്നു. മാത്രമല്ല വനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നൽകുന്ന ഇത്തരം ആരോഗ്യ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരിൽ വന ആവാസവ്യവസ്ഥയുമായി ഇഴചേർന്ന് ജീവിക്കുന്നവരെ കൂടാതെ വനങ്ങളിൽ നിന്ന് അകലെയുള്ള ആളുകളും ഉൾപ്പെടുന്നു.
വനവിഭവങ്ങളും ആരോഗ്യവും
മനുഷ്യന്റെ ആരോഗ്യത്തിന് ഒരു പ്രധാന പ്രശ്നം പോഷകങ്ങളുടെ അപര്യാപ്തതയാണ്. ആഗോളതലത്തിൽ, ഏകദേശം 820 ദശലക്ഷം ആളുകൾ
പോഷകാഹാരക്കുറവുള്ളവരാണെന്നും രണ്ട് ബില്ല്യണിലധികം ആളുകൾക്ക് മൈക്രോ
ന്യൂട്രിയന്റ് കുറവുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ, ഏകദേശം 50
ദശലക്ഷത്തോളം കുടുംബങ്ങൾ തങ്ങളുടെ ഭക്ഷണത്തിന് വനങ്ങളിൽ നിന്നോ
ചുറ്റുമുള്ള കുറ്റിച്ചെടികളിൽ നിന്നോ ശേഖരിക്കുന്ന പഴങ്ങൾ ഉപയോഗിക്കുന്നതായി
കണക്കാക്കപ്പെടുന്നു (FAO, 2011). പഴങ്ങൾ, ഇലകൾ, കായ്കൾ, വിത്തുകൾ, കൂൺ,
തേൻ, കാട്ടു മാംസം, പ്രാണികൾ എന്നിവ പോലുള്ള വനങ്ങളിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഇനങ്ങൾ ആരോഗ്യകരമായ ഭക്ഷണത്തിന് ആവശ്യമായ മാക്രോ-മൈക്രോ ന്യൂട്രിയന്റുകൾ നൽകുന്നു. സാധാരണഗതിയിൽ പിന്നോക്കം നിൽക്കുന്നവരും ഭക്ഷ്യസുരക്ഷ ഇല്ലാത്തവരുമായ ഗ്രാമീണ ജനവിഭാഗങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണക്രമത്തിൽ അവ വളരെ ചെറിയ അളവിലുള്ള കലോറി മാത്രമേ സംഭാവന ചെയ്യുകയുള്ളൂവെങ്കിലും, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തദ്ദേശീയ ജനതയുടെ പതിവ് ഭക്ഷണക്രമത്തിൽ വനവിഭവങ്ങൾ ഒരു സുപ്രധാന പങ്കുവഹിക്കുന്നു.
ലോകജനസംഖ്യയുടെ 80 ശതമാനമെങ്കിലും പ്രാഥമിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തെ ആശ്രയിക്കുന്നതായി WHO കണക്കാക്കുന്നു (Azaizeh et. al 2003). വനങ്ങളിലോ സമീപത്തോ താമസിക്കുന്ന ആളുകൾ പലപ്പോഴും കേന്ദ്രീകൃത ആരോഗ്യ സേവനങ്ങളിൽ നിന്ന് അകലെയാണ്, കൂടാതെ തദ്ദേശീയമോ നാടോടി വൈദ്യമോ ഉൾപ്പെടെയുള്ള പരമ്പരാഗത ആരോഗ്യ പരിപാലന സംവിധാനങ്ങളിലെ വനത്തിൽ നിന്ന് ലഭിക്കുന്ന മരുന്നുകളെ കൂടുതൽ ആശ്രയിക്കുന്നവരായിരിക്കാം.
കുറഞ്ഞത് 5000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യവർഗം വനങ്ങളിൽ കാണപ്പെടുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് (Petrovska et al. 2003). ചികിത്സാ ആവശ്യങ്ങൾക്കായി മനുഷ്യർ ഉപയോഗിക്കുന്ന 50,000 സസ്യജാലങ്ങൾ വരെ വനത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് (Shipmann et al., 2002). വിവിധ അസുഖങ്ങൾ ഭേദമാക്കാൻ നമ്മുടെ രാജ്യത്തും വനസസ്യങ്ങൾ പതിവായി ഉപയോഗിക്കുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഗ്രാമീണ കുടുംബങ്ങളിൽ 75 ശതമാനത്തിലധികം പേരും പാചകത്തിന് പ്രധാനമായും മരം ഇന്ധനമായി ആശ്രയിക്കുന്നവരാണ്. ഏറ്റവും ദരിദ്രരായ വ്യക്തികൾക്ക് തടി ഇന്ധനം ഏറ്റവും ആവശ്യമാണ്. കാരണം അവരെ സംബന്ധിച്ച് ഏറ്റവും താങ്ങാവുന്നതും എളുപ്പത്തിൽ ലഭ്യമായതുമായ ഇന്ധന സ്രോതസ്സാണിത്. മതിയായ വായുസഞ്ചാരമില്ലാതെ വീടിനുള്ളിൽ തടി ഇന്ധനം ഉപയോഗിക്കുന്നതും മോശം സ്റ്റൗവിൽ കത്തിക്കുന്നതും ആളുകൾക്ക് വലിയ ആരോഗ്യ അപകടമുണ്ടാക്കും. ലോകമെമ്പാടും, ഏറ്റവും വലിയ പാരിസ്ഥിതിക ആരോഗ്യ അപകടസാധ്യത ഗാർഹിക വായു മലിനീകരണത്തിൽ നിന്നാണ് ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ പഠനം തന്നെ പറയുന്നു (FAO, 2017b). പാചകം ചെയ്യുന്ന പുകയുടെ അപകടസാധ്യതകൾ കൂടുതലും അനുഭവിക്കാറുള്ളത് സ്ത്രീകളും കുട്ടികളുമാണ്. മര ഇന്ധനത്തിന്റെ ഉപയോഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ശരിയായി പരിപാലിക്കുമ്പോൾ, ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് മര ഇന്ധനത്തിന് കാർബൺ കാൽപ്പാടുകൾ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.
നഗര സമൂഹങ്ങളുടെ ആരോഗ്യം
ആഗോള ജനസംഖ്യയുടെ പകുതിയിലധികവും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഈ അനുപാതം 2050-ഓടെ 68 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു (WUP2018-Report). നഗരവനങ്ങൾ വ്യായാമത്തിനും വിനോദത്തിനും ഹരിത ഇടം നൽകന്നതിനൊപ്പം നഗര ജീവിതത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് ആളുകൾക്ക് അയവ് നൽകുകയും ചെയ്യുന്നു. അവ ശബ്‌ദം കുറയ്ക്കുകയും, ഉഷ്‌ണ തരംഗങ്ങളിൽ മാരകമായേക്കാവുന്ന അർബൻ ഹീറ്റ് ഐലൻഡ് പ്രഭാവം ഏകദേശം 4 മുതൽ 5°C വരെ കുറയ്ക്കുകയും വ്യവസായത്തിൽ നിന്നും ഗതാഗതത്തിൽ നിന്നുമുള്ള മലിനീകരണം നിയന്ത്രിക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. (Tyrväinen et al., 2005; Livesley, McPherson and Calfapietra, 2016). വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ചില വന ഉത്പന്നങ്ങൾ ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണ വിഭവമായി വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, വനങ്ങളിൽ നിന്ന് ശേഖരിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കൂണുകളുടെ ആഗോള വിപണിയുടെ മൂല്യം പ്രതിവർഷം 42 ബില്യൺ ഡോളറോളം വരും (Willis, 2018)
നഗരവാസികൾ ഇന്ന് അവരുടെ ഭക്ഷ്യസംസ്കാരത്തിൽ വനവിഭവങ്ങളോട് കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ട്. കാരണം, വനങ്ങളിൽ നിന്നും ശേഖരിക്കുന്ന കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനും കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റും കൂടുതലുള്ളതുമായ
പരമ്പരാഗത സമീകൃത ആഹാരക്രമങ്ങൾ ആരോഗ്യ സംരക്ഷണം ഉറപ്പുനൽകുന്നു. കൂടാതെ വനവിഭവങ്ങൾ നല്കുന്ന ഭക്ഷണ വൈവിധ്യം ഭക്ഷണം കഴിക്കുന്നതിന്റെ
അളവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വനങ്ങളിൽ പ്രത്യേകിച്ചും ഉഷ്ണമേഖലാ വനങ്ങളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളിലൊന്നാണ് ഔഷധങ്ങൾ (ഔഷധോൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ). ആഗോള ജനസംഖ്യയിൽ ജന്തുജന്യ രോഗങ്ങൾ (Zoonotic Diseases) ഉൾപ്പെടെയുള്ള രോഗങ്ങളുടെ ആഘാതം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പുതിയതും മെച്ചപ്പെട്ടതുമായ ചികിത്സകളുടെ ആവശ്യകത വളരെ പ്രധാനമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഭൂഖണ്ഡങ്ങളിലെ ചില ജനവിഭാഗങ്ങൾ ഇപ്പോഴും മരുന്നുകൾക്കുവേണ്ടി വനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സസ്യങ്ങളെയും മൃഗങ്ങളെയും ആശ്രയിക്കുകയും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളേക്കാൾ മുൻതൂക്കം പലപ്പോഴും പരമ്പരാഗത വൈദ്യശാസ്‌ത്ര ചികിത്സകർക്ക് അവർ നൽകുന്നതായി കാണാം. അത്തരം സമ്പ്രദായങ്ങളുടെ ഫലപ്രാപ്തിയും സുരക്ഷിതത്വവും തർക്കവിഷയമാണെങ്കിലും അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരേയൊരു തരം ആരോഗ്യ സംരക്ഷണ മാർഗമായി അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പരമ്പരാഗതവും സസ്യാധിഷ്ഠിതവുമായ ഔഷധങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ ലോക വിപണിയിൽ നിന്ന് പ്രാഥമികമായി സാമ്പത്തിക പ്രയോജനം നേടുന്നത് വികസിത രാജ്യങ്ങളാണ്. വികസ്വര രാജ്യങ്ങൾ വികസിത രാജ്യങ്ങളിലേക്ക് ഔഷധ സസ്യവിഭവങ്ങൾ കുറഞ്ഞ നിരക്കിൽ കയറ്റുമതി ചെയ്യുന്നു. അവയിൽ നിന്ന് നിർമ്മിച്ച ഔഷധങ്ങൾ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഈ വിഭവങ്ങൾ പ്രയോജനപ്പെടുത്താനുള്ള മെച്ചപ്പെട്ട കഴിവ് വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ വിതരണത്തിൽ നല്ല സ്വാധീനം ചെലുത്തും.
അനവധി പഠനങ്ങൾ വനങ്ങളുമായുള്ള മനുഷ്യരുടെ സമ്പർക്കവും, മാനസികവും ശാരീരികവും ആത്മീയവുമായ ക്ഷേമവും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാണിക്കുന്നു. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് വനങ്ങളുടെ ഇത്തരം സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുന്നത്. പാർക്കുകളും ചെറുവനമേഖലകളും ജനങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതുവഴി വിഷാദരോഗം, സാംക്രമികേതര രോഗങ്ങൾ തുടങ്ങിയവയുടെ അപകടസാധ്യതയും കുറയുന്നു. താരതമ്യേന ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ റസിഡൻഷ്യൽ പാർക്കുകൾ, പൂന്തോട്ടങ്ങൾ, ചെറുവനങ്ങൾ എന്നിവയുമായുള്ള ജനങ്ങളുടെ ദീർഘകാല സമ്പർക്കം ആരോഗ്യത്തിൽ ഗുണപരമായ ഫലങ്ങൾ കാണിക്കുന്നതായി പഠനങ്ങൾ പറയുന്നു. മരങ്ങൾ പുറന്തള്ളുന്ന ശുദ്ധവായുവും ഓർഗാനിക് സംയുക്തങ്ങളും (ഫൈറ്റോൺസൈഡുകൾ) ശ്വസിക്കുന്നത് മനുഷ്യന്റെ രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്നും ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും പഠനങ്ങൾ രേഖപ്പെടുത്തുന്നു. (Li et al., 2009).
മുന്നോട്ടുള്ള വഴികൾ
ജീവനോപാധികളോടും മനുഷ്യന്റെ ആരോഗ്യത്തോടും വനസംരക്ഷണം സമന്വയിപ്പിക്കുക. സുസ്ഥിരമായി വിളവെടുക്കുന്ന വന ഉൽപന്നങ്ങളുടെ വിൽപ്പന ഉൾപ്പെടെയുള്ള വനാശ്രിത സമൂഹങ്ങളുടെ ഉപജീവനവും വരുമാനവും സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക. നഗരപ്രദേശങ്ങളിൽ ഹരിതവൽക്കരണ സംരംഭങ്ങൾ ഏറ്റെടുക്കുകയും വന്യജീവികളെയും വന്യജീവി മാംസത്തേയും സുസ്ഥിരവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പൊതു പങ്കാളിത്തത്തോടുകൂടിയ വനപരിപാലന ആസൂത്രണങ്ങളിൽ ആരോഗ്യ-പോഷകാഹാര വശങ്ങൾ ഉൾപ്പെടുത്തുക. വനങ്ങൽ നല്കുന്ന ആരോഗ്യ ആനുകൂല്യങ്ങൾ അളക്കുന്നതിനുള്ള രീതികൾ വികസിപ്പിക്കുക, വനങ്ങളെയും മനുഷ്യന്റെ ആരോഗ്യത്തെയും ബന്ധിപ്പിക്കുന്ന സംരംഭങ്ങൾക്ക് പ്രചോദനം ലഭിക്കുന്നതിനും ഇത്
സഹായിക്കും. വനവിസ്തൃതി പോലുള്ള വിഷയങ്ങളിൽ വേർതിരിച്ച ഡാറ്റ ശേഖരിക്കുക. ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി ഉപയോഗിക്കുന്ന വനോൽപ്പന്നങ്ങളുടെ ശേഖരണവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക, രോഗവാഹകരാകാൻ സാധ്യതയുള്ള വന്യജീവികളെ നിരീക്ഷിക്കുക.
ശരത് എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി, ബെംഗളൂരു), നിഖിൽ പി.വി (കോളേജ് ഓഫ് ഫോറസ്ട്രി, തൃശൂർ)