ഇസ്‌ലാമോഫോബിയ റിപ്പോർട്ട് : ജനുവരി 2026 – 78 സംഭവങ്ങൾ, 29 വിദ്വേഷ പ്രസ്താവനകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രസ്താവനയും തമ്മിൽ ബന്ധമുണ്ടെങ്കിലും രണ്ടും ഒരേ കാര്യമല്ല. വിദ്വേഷ പ്രസ്താവന എന്നത് ഒരു വ്യക്തിയെയോ സമൂഹത്തെയോ അവരുടെ മതം, ജാതി, ലിംഗം, വംശം തുടങ്ങിയ അടിസ്ഥാനങ്ങളിൽ തുറന്ന ഭാഷയിൽ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ വെറുപ്പ് പരത്തുകയോ ചെയ്യുന്ന പ്രസ്താവനകളെയാണ് സൂചിപ്പിക്കുന്നത്. അത് പലപ്പോഴും പ്രത്യക്ഷമായ ആക്രമണരൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇസ്‌ലാമോഫോബിയ എന്നത് മുസ്ലീങ്ങളോടും ഇസ്ലാമോടും ബന്ധപ്പെട്ട സംശയം, മുൻവിധി, വിവേചനം, ഹിംസ എന്നിവ ഉൾക്കൊള്ളുന്ന ഒരു വംശീയ സാമൂഹിക–രാഷ്ട്രീയ സമീപനമാണ്. അത് എല്ലായ്പ്പോഴും തുറന്ന അധിക്ഷേപമായി വരണമെന്നില്ല, മറിച്ച് മാധ്യമങ്ങൾ, രാഷ്ട്രീയ പ്രസംഗങ്ങൾ, നയങ്ങൾ, പൊതുചർച്ചകൾ എന്നിവയിലൂടെ സൂക്ഷ്മമായും പരോക്ഷമായും പ്രവർത്തിക്കുന്നു. പല രാജ്യങ്ങളിലും വിദ്വേഷ പ്രസ്താവന നിയമപരമായി ശിക്ഷാർഹമാണെങ്കിലും, ഇസ്‌ലാമോഫോബിയയുടെ പല രൂപങ്ങളും നിയമപരമായി കുറ്റകരമല്ലാത്തവയായിരിക്കാം. പക്ഷേ, സാമൂഹികമായി വളരെ അപകടകരമാണ്. എല്ലാ വിദ്വേഷ പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുടെ ഭാഗമായിരിക്കാം. എന്നാൽ എല്ലാ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രസ്താവനയായിരിക്കണമെന്നില്ല; അതുകൊണ്ട് ഒന്നിനെ തുറന്നതും വെറുപ്പ് ഉല്പാദിപ്പിക്കുന്ന ഭാഷയായി കാണുമ്പോൾ മറ്റേതിനെ ആഴത്തിലുള്ള ഘടനാപരമായ സാമൂഹിക പ്രശ്നമായി മനസ്സിലാക്കേണ്ടതുണ്ട്.

റിപ്പോർട്ടിന്റെ ആദ്യ ഭാഗം 29 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള 79 ഇസ്‌ലാമോഫോബിക് സംഭവങ്ങൾ തുട‍ർന്ന് നൽകുന്നു.

ജനുവരി: 29 വിദ്വേഷ പ്രസ്താവനകൾ

1. വെള്ളാപ്പള്ളിയെ വിമർശിക്കുന്നവർ ജിഹാദികളാണെന്ന് എസ്എൻഡിപി പറഞ്ഞതായി ജനം ടിവി: വെള്ളാപ്പള്ളിയെ വർഗീയവാദിയാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പിന്നിൽ ജിഹാദികളെന്ന് എസ്എൻഡിപി (01 ജനുവരി, ജനം ടി വി പോസ്റ്റർ).

2. വെള്ളാപ്പള്ളി: തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി നടേശൻ (ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി, മുസ്ലീം വക്താവ്’; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശൻ, 02 ജനുവരി, മീഡിയാവൺ).

3. വെള്ളാപ്പള്ളി: റിപ്പോർട്ടർ ചാനൽ പ്രതിനിധി റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്ന് വെള്ളാപ്പള്ളി നടേശൻ. റഹീസിനെ മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രവാദിയെന്ന് മാത്രമാണ് വിളിച്ചതെന്നും വിശദീകരിച്ച വെള്ളാള്ളാപ്പള്ളി മതതീവ്രവാദിയെന്ന് വിളിക്കാതിരുന്നത് അബദ്ധമായി പോയെന്നും പറഞ്ഞു (വർഗീയ പരാമർശം തുടർന്ന് വെള്ളാപ്പള്ളി, 4 ജനുവരി, ചന്ദ്രിക).

4. വെള്ളാപ്പള്ളി: മുസ്ലീം സമുദായത്തെ മൊത്തം ഈഴവർക്ക് എതിരാക്കാനും അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ (മാറാട് ആവർത്തിക്കാൻ ലീഗ് ശ്രമിക്കുന്നു; തന്നെ വേട്ടയാടുന്നുവെന്ന് വെള്ളാപ്പള്ളി, 02 ജനുവരി, മനോരമ ന്യൂസ്).

വെള്ളാപ്പള്ളിയുടെ പ്രസ്താവന, മനോരമ ന്യൂസ്.

5. പ്രകാശ് ജാവഡേക്കർ : ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ചയും നടത്തിയതിന് ശേഷം പറഞ്ഞു: മലപ്പുറത്തെ പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലർ കാണുന്നത്. പിന്നാക്കക്കാർക്കായി സ്‌കൂളോ കോളേജോ ഇല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗമാണ് വിവാദമാക്കിയത്. ഇതിലൂടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ന്യൂനപക്ഷ പ്രീണനത്തെ അദ്ദേഹം തുറന്നുകാട്ടുകയായിരുന്നു (വെള്ളാപ്പള്ളിക്ക് ബിജെപി പിന്തുണ, 05 ജനുവരി, മാതൃഭൂമി).

6. വെള്ളാപ്പള്ളി : ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നിന്നാൽ വലിയ കരുത്താണ്. അത് നന്നായി അറിയാവുന്ന ലീഗുകാർ എന്നെ ആക്രമിക്കുന്നു. മതമാണ് വലുതെന്ന് കെ.എം.ഷാജി പ്രസംഗിച്ചതിനെ ഭയത്തോടെയാണ് ക്രിസ്ത്യാനികൾ കാണുന്നത്. തീവ്ര നിലപാടുള്ള ചില മുസ്ലീം സംഘടനകൾ ചെയ്യുന്നതെല്ലാം എല്ലാവരും കാണുകയല്ലേ (പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല’, അഭിമുഖം – വെള്ളാപ്പള്ളി – ലിയോ രാധാകൃഷ്ണൻ, 07 ജനുവരി, കേരളകൗമുദി).

7. വെള്ളാപ്പള്ളി : ഇനി യു.ഡി.എഫി ന് അധികാരം കിട്ടിയാൽ ഒന്നല്ല, മാറാട് കലാപത്തിന് സമാനമായ പല കലാപങ്ങൾ നടക്കും (പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല’, അഭിമുഖം – വെള്ളാപ്പള്ളി – ലിയോ രാധാകൃഷ്ണൻ, 07 ജനുവരി, കേരളകൗമുദി).

8. വെള്ളാപ്പള്ളി: ഉമ്മൻചാണ്ടി ഇരിക്കുന്ന കാലം വരെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും വകുപ്പ് തീരുമാനിക്കുകയും ചെയ്യുന്നത് മലപ്പുറത്ത് നിന്നായിരുന്നു (വെള്ളാപ്പള്ളി, വി ഡി സതീശൻ ഈഴവ വിരോധി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗായിരിക്കും ഭരിക്കുക, 18 ജനുവരി, മാതൃഭൂമി).

9. അഡ്വ. കൃഷ്ണരാജ്: ‘യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭരിക്കുക മുസ്ലീം ലീഗ്: നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലം – എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പങ്കുവച്ചുകൊണ്ട് ഹിന്ദുത്വപ്രചാരകൻ അഡ്വ. കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇതാണ് ഹിന്ദു രാഷ്ട്രീയം. ഇതുവരെ കേരളം കണ്ടിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയം. ഇനി കാണാൻ പോവുന്നത് ഹിന്ദുവിന്റെ രാഷ്ട്രീയം. നായാടി മുതൽ നമ്പൂതിരി മാത്രമല്ല നസ്രാണി വരെ ഒറ്റക്കെട്ടാവുക എന്നുള്ളത് ഇന്നത്തെ അവശ്യമാണ്. അത് മനസ്സിലാക്കിയ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും അഭിനന്ദനങ്ങൾ (18 ജനുവരി, ഫേസ്ബുക്ക്/അഡ്വ കൃഷ്ണ രാജ്).

10. ‘തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് വീട് കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു. ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കേണ്ട ആയിരം പള്ളിയുടെ ഖാളി ചത്തത് പോലെ കിടക്കുന്നു..’ ഫാക്റ്റ് ചെക്ക് പരിശോധനയിൽ കാഞ്ഞങ്ങാട് പഞ്ചായത്തിലെ കല്ലുരാവിയിൽനിന്നുള്ള 2020ലെ വീഡിയോയാണ് ഇതെന്ന് കണ്ടെത്തി (ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗ് പ്രവർത്തകർ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്, 02 ജനുവരി, ഫാക്റ്റ് ക്രെസെന്റോ).

11. എ.കെ ബാലൻ: യു ഡി എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും പല മാറാടുകൾ ആവർത്തിക്കുമെന്നും എ.കെ ബാലൻ (യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും, പല മാറാടുകളും ആവർത്തിക്കും: എ കെ ബാലൻ, 06 ജനുവരി, റിപ്പോർട്ടർ ടിവി).

12. ഹിന്ദു ഐക്യവേദി: തുരുത്തി ഫ്ലാറ്റ് ഒരു മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണെന്ന് ഹിന്ദു ഐക്യവേദി (കൊച്ചി തുരുത്തി ഫ്ലാറ്റ് ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണോ?, 08 ജനുവരി, ഫേസ്ബുക്ക്/ഹിന്ദു ഐക്യ വേദി)

13. ശശികല: തീരദേശത്ത് ഹിന്ദുവിനും കൃസ്ത്യാനിക്കും ഇല്ലാത്ത തിരയും സുനാമിയും മുസ്ലീമിന് മാത്രമായിട്ടുണ്ടോ ഖാൻഗ്രസ്സേ? മുസ്ലീം തോണിയിറക്കിയാൽ ഓടി രക്ഷപ്പെടുന്ന മീനുകളാണോ കടലിലുള്ളത് ഖാൻഗ്രസ്സേ? (11 ജനുവരി, ഫേസ്ബുക്ക്/ കെ പി ശശികല ടീച്ചർ)

14. കെ.പി ശശികല: കാന്തപുരത്തെയും അദ്ദേഹം നയിക്കുന്ന കേരള യാത്രയെയും പ്രകീർത്തിച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിനോടുള്ള ഹിന്ദുവിദ്വേഷപ്രചാരക കെ.പി ശശികലയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ഇങ്ങനെയായിരുന്നു: സഖാവേ മൊയ്‌ല്യാര് മനുഷ്യർക്കൊപ്പം തന്നെയാ… പക്ഷേ, മനുഷ്യക്കടത്ത് കൂടി ഉണ്ടെയെന്ന് അന്വേഷിക്കണേ. കുട്ടികളെ കസ്റ്റഡിയിലെടുത്ത വാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു ശശികലയുടെ എഴുത്ത് (‘മൊയ്‌ല്യാർക്ക് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണം’; കാന്തപുരത്തെ വീണ്ടും അധിക്ഷേപിച്ച് ശശികല, ജനുവരി 13, മാധ്യമം).

15. അഡ്വ. കെ രാംകുമാർ: സമീപകാലത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് ജിഹാദി കൂട്ടുമുന്നണിയുടെ വിജയമാണ്. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത വർഗീയ മുന്നണിയാണിത്. ഇതുവരെ അവരെ താലോലിച്ചിരുന്നത് ഇടതുപക്ഷമെന്നതാണ് അമ്പരപ്പിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, മുസ്ലീം ഏകീകരണം. എട്ടണക്ക് കത്തി വാങ്ങി കുത്തി പാകിസ്താൻ എന്ന വിചാരത്തിലാണ് ഇന്ന് മധ്യകേരളത്തിലെ ചില ജില്ലകളിലെ വിചാരധാര. ഖിലാഫത്ത് കാലത്ത് ഊരിയെടുത്ത കത്തിയുമായി വീണ്ടും നിരപരാധികളുടെ രക്തത്തിനായി ഇക്കൂട്ടർ തത്രപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ്ലീമല്ലാത്ത ആരും മുസ്ലീമെന്നോ മുസ്ലീം സംഘടനയെന്നോ ശബ്ദിച്ചുപോയാൽ വർഗീയമാണെന്ന വികൃത മനഃസ്ഥിതി താലിബാനെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. പ്രീണനക്കാരുടെ സഹായത്താൽ ഈ വിഭാഗക്കാർ വേറെ രാജ്യം വേണമെന്ന് പറയില്ലെന്ന് എന്താണ് ഉറപ്പ് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

16. അഡ്വ. കെ രാംകുമാർ: കോൺഗ്രസിന്റെ പത്ത് ജൻപഥ് ആയി മാറിയിരിക്കുന്നു പാണക്കാട്. ലീഗ് നയിക്കുന്ന പഞ്ചവർഗീയ മുന്നണിയുടെ (ജിഹാദ് മുന്നണി എന്ന് വേണമെങ്കിൽ പറയാം) മേൽക്കോയ്മക്ക് പഞ്ചപ്പുഛ മടക്കി വഴങ്ങിക്കൊടുക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദയനീയ സ്ഥിതിയാണ് കേരളത്തിൽ കാണുന്നത് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

17. അഡ്വ. കെ രാംകുമാർ: മലപ്പുറം ജില്ലയിലേയും പൊതുവേ വടക്കൻ ജില്ലകളിലേയും ഭൂരിപക്ഷ സമുദായക്കാർ ഇന്ന് ആശങ്കയിലാണ്. ക്രിസ്ത്യൻ കുടിയേറ്റക്കാർ ഉപേക്ഷിച്ച് പോകുന്ന ഭൂമി മുഴുവൻ ഒരു പ്രബല സമുദായത്തിന്റെ കയ്യിലായി. ഭൂരിപക്ഷ സമുദായം ഭൂമിയെല്ലാം നഷ്ടപ്പെട്ട് പിന്നോക്കക്കാരായി എന്നോ മാറിക്കഴിഞ്ഞു. ആ അപകർഷത ബോധത്തോടൊപ്പം ലൗ ജിഹാദ് തുടങ്ങിയ ഭീഷണികളും. തങ്ങളുടെ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന ഭയാശങ്ക അവരുടെ മനസ്സുകളെ മഥിക്കുന്നു. ക്രിസ്ത്യൻ സമുദായത്തിനും ഇതേ വികാരമുണ്ട് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

18. അഡ്വ. എ ജയശങ്കറുടെ പരാമർശം ഇങ്ങനെ: ഇന്ത്യയിൽ നിന്ന് പാകിസ്താൻ ഉണ്ടാക്കിയ പോലെയാണ് മലപ്പുറം ഉണ്ടാക്കിയത്. മലപ്പുറം മാപ്പിളസ്ഥാന്റെ പുനഃസ്ഥാപനമാണ്. മലപ്പുറം വിഭജിക്കാനുള്ള ആവശ്യം കേരളത്തിൽ രണ്ട് മുസ്ലീം ഭൂരിപക്ഷ ജില്ല ഉണ്ടാക്കാനുള്ള മുസ്ലീം യാഥാസ്ഥിതികരുടെ ശ്രമമാണ് (മലപ്പുറം പാകിസ്താൻ പോലെ ഉണ്ടാക്കിയ ജില്ല. രൂപീകരിക്കപ്പെട്ടത് മതാടിസ്ഥാനത്തിൽ, 13 ജനുവരി, ചന്ദ്രിക)

19. ആർ.വി ബാബു: മഹാമാഘ മഹോത്സവം തടഞ്ഞ സർക്കാർ നടപടി സർക്കാരിന്റെ ഹിന്ദു വിരുദ്ധ മനോഭാവത്തിൽ നിന്നുണ്ടായതാണ്. ഹിന്ദുക്കൾ ഒരുമിച്ച് വരുന്നതിനെ സർക്കാർ ഭയക്കുകയാണ്. മതതീവ്രവാദികളുടെ കൈയ്യടി നേടാനാണ് സർക്കാർ ഈ ജനാധിപത്യ വിരുദ്ധമായ നടപടി സ്വീകരിച്ചത്. കേരളത്തിൽ ഹിന്ദുക്കളെ രണ്ടാം തരം പൗരൻമാരായിട്ടാണ് കണക്കാക്കുന്നത്. അവരുടെ ആരാധനാലയങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഇവിടെ നിത്യേന ധ്വംസിക്കപ്പെടുകയാണ്. ഹിന്ദുക്കൾ ചെറുത്ത് നിൽപിന്റെ പാതയിൽ വന്നാലേ നി നിലനിൽക്കാനാവൂ (14 ജനുവരി, ഫേസ്ബുക്ക്/ ആർ.വി ബാബു).

20. ഗിരീഷ് കണ്ണൻ എന്ന ഹാൻഡിൽ എഴുതുന്നു: സനാതന ധർമ്മം കഷ്ടത്തിൽ ആകുന്ന ഘട്ടത്തിൽ ഇവർ ഇറങ്ങും ആയുധമേന്തി. ഈ ശംഖ് മാറ്റി ആയുധം എടുപ്പിച്ചാൽ പിന്നെ നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല അതോർമ്മവേണം മഹാമാഘ മഹോത്സവം നിശ്ചയിച്ച സ്ഥലത്ത്, നിശ്ചയിച്ച സമയത്ത് നടക്കും വോട്ട് ബാങ്ക് കണ്ട് പിണറായി തുള്ളാൻ നിന്നാൽ അതിനെ മറികടക്കാനുള്ള ശേഷി കേരളത്തിലെ ഹിന്ദു സമൂഹം ആർജിച്ചിട്ടുണ്ട് ഹർ ഹർ മഹാദേവ് (17 ജനുവരി, ഫേസ്ബുക്ക്/ ഗിരീഷ് കണ്ണൻ).

21. മലപ്പുറം ജില്ലയിലെ തോടിയപുലത്ത് പതിനാലുകാരി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ചാണക്യ ന്യൂസ് ടി.വി യുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ: മതപ്പുറം….. മലപ്പുറം തൊടിയപ്പുലം റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ ഒഴിഞ്ഞ കുറ്റികാട്ടിൽ ആസൂത്രിതമായി പതിനാല് വയസുകാരിയെ എത്തിച്ച് ബലാത്സംഗം ചെയ്ത് കൊന്ന ക്രൂരതയിൽ കൊല്ലപ്പെട്ട പെൺകുട്ടി ഹിന്ദു എന്ന് തോന്നുന്നു…
പ്രതികൾ….? അറിയുന്നവർ പറയാമോ….? (17 ജനുവരി, ചാണക്യ ന്യൂസ് ടി.വി)

22. ഭാസ്‌കരൻ വേങ്ങര: മുസ്ലീം തീവ്രവാദം സിപിഎമ്മിന്റെ ചെലവിൽ തഴച്ചു വളർന്നിരിക്കുന്നു. ഒരു മൊബൈൽ മെസേജിലൂടെ സംസ്ഥാനം സ്തംഭിപ്പിക്കാൻ പോലും കെൽപ്പുള്ള മുസ്ലീം സംഘടനകൾ ഇവിടെ സജീവമാണ്. കേരളം തീവ്രവാദ ഹബ്ബായി എന്ന് വിവരമുള്ളവർ പറഞ്ഞപ്പോൾ പുച്ചിച്ചു തള്ളിയവർ കണ്ണ് തുറന്ന് കാണുക! തീവ്രവാദ സംഘടനകൾ കച്ചിത്തുരുമ്പായി കാണുന്നത് ലീഗിനെയാണ്. അതിന് കാരണം, ഇടത് വലത് ഭരണം മാറിമാറി വരുന്ന കേരളത്തിൽ രണ്ടു പക്ഷത്തേക്കും നടന്നെത്താൻ കഴിയുന്ന നൂൽപാലമാണ് മുസ്ലീം ലീഗ് (തദ്ദേശ തിരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ, ഭാസ്‌കരൻ വേങ്ങര, 17 ജനുവരി, കേസരി).

23. മലപ്പുറം എടവണ്ണ ഒതായ് പ്രദേശത്തെ പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് പുണ്യഭൂമി ടി.വി എന്ന ഫേസ്ബുക് ഐഡിയിൽ നിന്നും പോസ്റ്റ്. ബേപ്പൂരിൽ നിന്നും പി.വി അൻവർ മത്സരിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് അൻവറിന്റെ ഫോട്ടോ വെച്ചുള്ള ഈ പോസ്റ്റ്, ഫോട്ടോക്കൊപ്പം ‘പരശുരാമ ക്ഷേത്രം വിട്ടു തരൂ എന്നിട്ട് ഇലക്ഷനിൽ മത്സരിക്കൂ’, ‘ബേപ്പൂരിൽ നിന്നും പി വി അൻവർ മത്സരിക്കുന്നു, ബേപ്പൂരിലെ ഹിന്ദുക്കൾ ശ്രദ്ധിക്കുക’ എന്നും പറയുന്നു (പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുക; മതേതരത്വം സംരക്ഷിക്കണമെന്ന് ആവശ്യം, 17 ജനുവരി, ഫേസ്ബുക്ക്/പുണ്യഭൂമി ടിവി).

24. മനോഹരൻ വി പേരകം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ സയ്യിദ് മുഹമ്മദ് ആദിലിന്റെ കേസ് ഒരു ക്രൈം വാർത്തയായി ഒതുങ്ങേണ്ടതല്ല. ഇത് ഒരു മതബോധ രോഗത്തിന്റെ അന്തിമഘട്ട റിപ്പോർട്ടാണ്. ഒരു മനുഷ്യൻ എങ്ങനെ ഘട്ടംഘട്ടമായി മതഭ്രാന്തനായി, ഒടുവിൽ ജിഹാദിയായി മാറുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം (18 ജനുവരി, ഫേസ്ബുക്ക് കമന്റ്/ അഷ്‌കർ ലെഷിറേയുടെ ഫേസ്ബുക് പോസ്റ്റിൽ മനോഹരൻ വി പേരകം).

25. ലസിത പാലക്കൽ : യൂറ്റ്യൂബർ ഷിംജിതയുടെ മുസ്ലീം സ്വത്വവും മുസ്ലീം ലീഗ് ബന്ധവും, വിദ്വേഷ പ്രചാരങ്ങൾക്ക് കൂടി വഴിവെച്ചു. സംഘപരിവാർ പ്രവർത്തകയായ ലസിത പാലക്കൽ ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ: ‘തട്ടമിട്ടവൾ കാലനായി, നിങ്ങളിനി ശ്രദ്ധിക്കെണ്ടത് ജസ്നയെ ആണ് അവളും ഇവളും ഒക്കെ കണക്കാ’ (18 ജനുവരി, ഫേസ്ബുക്ക്/ലസിത പാലക്കൽ).

26. സജി ചെറിയാൻ: മുസ്ലീം ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നുവെന്നും വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസിലായില്ലെന്ന് കരുതരുതെന്നും മന്ത്രി പറഞ്ഞു (ലീഗിന്റേത് വർഗീയത പടർത്തുന്ന രാഷ്ട്രീയം; ജയിച്ചവരുടെ പേര് നോക്കിയാലറിയാം വർഗീയ ധ്രുവീകരണം: മന്ത്രി സജി ചെറിയാൻ, 18 ജനുവരി, മീഡിയവൺ ഓൺലൈൻ).

27. കൊട്ടാരക്കര എം.ജി.എം സ്‌കൂളിലെ വാർഷികാഘോഷത്തിൽ ഇന്ത്യൻ സൈനികന്റെ തലയറുക്കുന്ന രംഗം സ്‌കിറ്റായി അവതരിപ്പിച്ചിരുന്നു. കഫിയ്യ ധരിച്ച ഏതാനും ചില ‘ഭീകരവാദി’കളാണ് ഈ കൃത്യം നടത്തുന്നത്. നഴ്സറി വിദ്യാർഥികൾക്ക് മുന്നിൽ വാളുകൊണ്ട് കഴുത്തറുക്കുകയും വെട്ടുകയും ചെയ്യുന്ന രംഗങ്ങൾ അടങ്ങിയത്തയായിരുന്നു ദൃശ്യാവിഷ്‌കാരം. മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കിന്റർ ഗാർട്ടൻ കുട്ടികളും പ്ലസ് ടു വരെയുള്ള മറ്റു പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് സദസിലുണ്ടായിരുന്നത് (നഴ്സറി വിദ്യാർഥികൾക്ക് മുന്നിൽ വാളുകൊണ്ട് കഴുത്തറുക്കുന്ന ദൃശ്യാവിഷ്‌കാരം; കൊട്ടാരക്കര എംജിഎം ആർപി സ്‌കൂളിനെതിരെ പരാതി, 24 ജനുവരി, മീഡിയാവൺ)

28. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് (കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി രമേശ്, 25 ജനുവരി, ജന്മഭൂമി).

29. കാസ ഫേസ്ബുക്കിൽ എഴുതിയത്: അഭയം കൊടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ആ വിസ്മയം ഒടുവിൽ കേരളത്തിലുമെത്തിയിരിക്കുന്നു. റോഡ് നിസ്‌കരിക്കാനുള്ളതാണ് അല്ലാതെ വാഹനമോടിക്കാനുള്ളതല്ല ഭരണപ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന കൂടി വന്നാൽ പൊളിക്കും. ഇതാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും എസ്ഡിപിഐയുമെല്ലാം സ്വപ്നം കാണുന്ന ഭാവി കേരളം! (28 ജനുവരി, ഫേസ്ബുക്ക്/ കാസ).

ജനുവരി: 78 ഇസ്‌ലാമോഫോബിക് സംഭവങ്ങൾ

1. കുരീപ്പുഴ ശ്രീകുമാറും തസ്ലീമ നസ്രീനും

കേരള യുക്തിവാദി സംഘത്തിന്റെ 34ാം സംസ്ഥാന സമ്മേളനം കൊല്ലത്തുവച്ചാണ് നടന്നത്. തസ്ലീമ നസ്രീനായിരുന്നു ഉദ്ഘാടക. ഇതേ കുറിച്ച് കവി കുരീപ്പുഴ ശ്രീകുമാർ ‘പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം’ എന്ന തലക്കെട്ടിൽ ജനയുഗത്തിൽ ഒരു ലേഖനം എഴുതി. ഇന്ത്യൻ ഭരണകൂടത്തിന്റെ പിന്തുണയിൽ ഹിന്ദുമത തീവ്രവാദികൾ ഇസ്ലാം- ക്രൈസ്തവ മതവിശ്വാസികൾക്കെതിരെ നടത്തുന്ന കൊലവിളിക്ക് തുല്യമാണ് ബംഗ്ലാദേശിൽ ഇസ്ലാം മതഭീകരവാദികൾ ആ രാജ്യത്തെ ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെന്ന് ലേഖനം വാദിക്കുന്നു.

വിദ്യാഭ്യാസം മതമുക്തമാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാഠപുസ്തകങ്ങളിലും പ്രാരംഭഗീതത്തിലുമെല്ലാം മതങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് മതവിമുക്ത വിദ്യാഭ്യാസം എന്ന ആശയത്തിന് വളരെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ ഹിന്ദുത്വർ ഇന്ത്യയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് തുല്യമാണെന്നതിന് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല. ജാതി തുടങ്ങിയ ഘടകങ്ങളും ഹിന്ദുത്വവംശീയതയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചിട്ടില്ല (പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം, കുരീപ്പുഴ ശ്രീകുമാർ, 01 ജനുവരി, ജനയുഗം).

2. ജന്മഭൂമി പത്രത്തിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ

പ്രിന്റിംഗ് പ്രസിലെ പിഴവ് മൂലം ജന്മഭൂമി പത്രത്തിന്റെ കണ്ണൂർ എഡിഷനിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ കടന്നുകൂടി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, എം.കെ മുനീർ എന്നിവരുടെ ലേഖനങ്ങൾക്കൊപ്പം ‘അലകും പിടിയും ഇടതുമുന്നണി’ എന്ന തലക്കെട്ടിലുള്ള ചന്ദ്രികയുടെ മുഖപ്രസംഗവും ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ടു (ചന്ദ്രികയും ജന്മഭൂമിയും ‘ഭായ് ഭായ്’; ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് ജന്മഭൂമിയുടെ കണ്ണൂർ എഡിഷനിൽ; ബിജെപി മുഖപത്രത്തിൽ ശിഹാബ് തങ്ങളുടെയും മുനീറിന്റെയും ലേഖനങ്ങളും; അച്ചടിപ്പിശകോ അതോ ആശയപ്പൊരുത്തമോ? അന്തർധാര സജീവമെന്ന് പരിഹസിച്ച് പി.എം മനോജ്, ജനുവരി 1, മറുനാടൻ മലയാളി)

അന്തർധാര

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് ഇതിനെ, ലീഗ്-ബിജെപി അന്തർധാരയെന്ന് നിരീക്ഷിച്ചു. ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചുവന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ തൊട്ടുനോക്കാൻ പോലും തയ്യാറായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: ചന്ദ്രിക ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ മുഖപത്രമാണ്. ജന്മഭൂമി ബിജെപിയുടെയും. ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ച് വരിക. ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ച് വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയൽ പേജിൽ കാണുന്നില്ലല്ലൊ എന്നതാണ് അത്ഭുതം. അതായത് ചന്ദ്രികയുടെ എഡിറ്റോറിയൽ പോളിസി ബിജെപിക്ക് പരിപൂർണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നർത്ഥം. ഇതിനെയല്ലേ അന്തർധാര, അന്തർധാര എന്ന് പറയുന്നത്? (02 ജനുവരി 2, ഫേസ്ബുക്ക്/ പി.എം മനോജ്)

ദേശാഭിമാനിയിൽ ചന്ദ്രിക

2010 ഡിസംബർ 29ന് പ്രസിദ്ധീകരിച്ച ഗൾഫ് ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക അച്ചടിച്ചുവന്നതിനെക്കുറിച്ച് ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ കണ്ണനാവിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതി: ഇതിൽ അന്നത്തെ ബഹറൈൻ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് മുഴുവൻ അടിച്ചുവന്നു. അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു. ഈ ദേശാഭിമാനിയിൽ ‘കുരുടനെ വഴികാട്ടുന്ന കുരുടൻ’ എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസർഗം വിടാതെ പ്രസിദ്ധീകരിച്ചു. ഈ സംഭവങ്ങളെ തുടർന്ന് അവിടെ വലിയ വിവാദമുണ്ടായി. അവസാനം വിറ്റുപോയതിന്റെ ബാക്കി ദേശാഭിമാനി പത്ര കെട്ടുകൾ മുഴുവൻ അവർ തിരിച്ചു കൊണ്ടുപോയി. അതിനു വേണ്ടി ഏജന്റുമാർ കട കയറി നിരങ്ങുന്നതിനു ഞാനും അനേകം ബഹറൈൻ കെഎംസിസിക്കാരും സാക്ഷികളാണ്. ദേശാഭിമാനിയിൽ അന്നത്തെ ലേഖനം ശക്തമായ മാർക്‌സിസ്റ്റ് വിമർശനമായിരുന്നു (ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക, 02 ജനുവരി, ഫേസ്ബുക്ക്/കെ എൻ എ ഖാദർ).

3. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകൾ

പിന്നിൽ ജിഹാദികൾ

വെള്ളാപ്പള്ളിയെ വിമർശിക്കുന്നവർ ജിഹാദികളാണെന്ന് എസ്എൻഡിപി പറഞ്ഞതായി ജനം ടിവി: വെള്ളാപ്പള്ളിയെ വർഗീയവാദിയാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പിന്നിൽ ജിഹാദികളെന്ന് എസ്എൻഡിപി (01 ജനുവരി, ജനം ടി.വി പോസ്റ്റർ)

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി

ശിവഗിരി തീർത്ഥാടനത്തിനിടെ മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി മലപ്പുറത്തും കാസർഗോഡ്, വയനാട് ജില്ലകളിലും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ചു. സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘സ്ഥലമുണ്ട്, സർക്കാർ അനുമതി കിട്ടുന്നില്ലെ’ന്നായിരുന്നു മറുപടി. പത്ത് വർഷമായി പിണറായി സർക്കാറല്ലേ ഭരിക്കുന്നത് എന്ന് റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകൻ തിരിച്ചുചോദിച്ചു. ഇതദ്ദേഹത്തെ പ്രകോപിതനാക്കി. അദ്ദേഹം മൈക്ക് തട്ടിമാറ്റി കടന്നുപോയി (മലപ്പുറത്തെക്കുറിച്ച് ചോദ്യം, മാധ്യമങ്ങളോട് തട്ടിക്കയറി വെള്ളാപ്പള്ളി, 01 ജനുവരി, മെട്രോവാർത്ത)

മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ തൊട്ടടുത്ത ദിവസം ഒരു വാർത്താസമ്മേളനം വിളിച്ചുചേർത്തു. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നും അദ്ദേഹം പറഞ്ഞു (ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി, മുസ്‌ലി വക്താവ്’; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശൻ, 02 ജനുവരി, മീഡിയാവൺ).

എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അയാൾ തീവ്രവാദിയാണെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം: കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദയും ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞത്. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട് – വെള്ളാപ്പള്ളി പറഞ്ഞു.

റിപ്പോർട്ടർ ചാനൽ പ്രതിനിധി റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്ന് വെള്ളാപ്പള്ളി നടേശൻ. റഹീസിനെ മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രവാദിയെന്ന് മാത്രമാണ് വിളിച്ചതെന്നും വിശദീകരിച്ച വെള്ളാള്ളാപ്പള്ളി മതതീവ്രവാദിയെന്ന് വിളിക്കാതിരുന്നത് അബദ്ധമായി പോയെന്നും പറഞ്ഞു. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയെന്നും അത് ഇനിയും പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൻ ചില മാധ്യമങ്ങളും മത്സരിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്? എസ്.എൻ.എസ് ചങ്ങനാശേരിയിൽ ചെന്ന് ഇങ്ങനെ കാണിക്കുമോ? ചങ്ങനാശേരിയിൽ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തന്റേടമുണ്ടോ? എന്നും വെള്ളാപ്പള്ളി ചോദിച്ചു. അമ്പലപ്പുഴ പുറക്കാട് കരൂരിലെ എസ് എൻ ഡി.പി യോഗത്തിന്റെ ഗുരുമന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം (വർഗീയ പരാമർശം തുടർന്ന് വെള്ളാപ്പള്ളി, 4 ജനുവരി, ചന്ദ്രിക)

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച വെള്ളാപ്പള്ളി നടേശന്റെ നിലപാട് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ: അത് മതനിരപേക്ഷ കേരളത്തിന് യോജിച്ചതല്ല. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണക്കേണ്ട ഒരു കാര്യവും സിപിഎമ്മിനില്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലെടുക്കുന്ന നിലപാടിനെ പിന്തുണയ്ക്കുമ്പോൾ തന്നെ തെറ്റായ പ്രവണതകളേയും പ്രസ്താവനകളേയും പാർട്ടി തള്ളിക്കളയുന്നു. അത് വെള്ളാപ്പള്ളിയുടെ മാത്രം പ്രതികരണമായിരിക്കും (തീവ്രവാദിയെന്ന് വിളിച്ചത് ശരിയായില്ല: എം.വി ഗോവിന്ദൻ, 4 ജനുവരി, ദേശാഭിമാനി)

മാറാട് ആവർത്തിക്കും

മുസ്ലീം സമുദായത്തെ മൊത്തം ഈഴവർക്ക് എതിരാക്കാനും അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ നൽകിയ വിശദീകരണമാണ് വീണ്ടും വിവാദമായത്: മത കലഹമുണ്ടാക്കാൻ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവർത്തിക്കാനാണ് ശ്രമം. മുസ്ലീം സമുദായത്തെ ഈഴവർക്കെതിരെ തിരിക്കാൻ നോക്കുകയാണ്. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ല (മാറാട് ആവർത്തിക്കാൻ ലീഗ് ശ്രമിക്കുന്നു’; തന്നെ വേട്ടയാടുന്നുവെന്ന് വെള്ളാപ്പള്ളി, 02 ജനുവരി, മനോരമ ന്യൂസ്).

പിന്തുണച്ച് എം.വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന് ഇതിനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു: ‘ഒരു കാര്യം പറഞ്ഞാൽ ഉടനെ ഒരാൾ വർഗീയവാദിയാകുമോ?’ സിപിഎമ്മിന്റെ ബ്രാഞ്ചിലോ ലോക്കൽ കമ്മിറ്റിയിലോ ഉള്ളയാളല്ല വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ അംഗീകരിക്കും അതിന് വിരുദ്ധമായ നിലപാടുകളെ സിപിഎം അംഗീകരിക്കില്ല. മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത പാർട്ടിയാണ് സിപിഎം. ആ മലപ്പുത്തിനെതിരെ പറയേണ്ട ഒരു കാര്യമില്ല പറഞ്ഞാൽ ആരും അംഗീകരിക്കില്ല- അദ്ദേഹം വ്യക്തമാക്കി (‘ഒരു കാര്യം പറഞ്ഞാൽ ഉടനെ വർഗീയ വാദി ആവില്ല, തിരുത്താൻ തയ്യാറാകുമോയെന്ന് നോക്കാം’, എം.വി ഗോവിന്ദൻ, 02 ജനുവരി 24 ന്യൂസ്; വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ തള്ളി സിപിഎം; വർഗീയവാദിയായി ചിത്രീകരിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ, ജനുവരി 2, ഡൂൾ ന്യൂസ്).

എന്നാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രതിഷേധിച്ചു: മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന്, ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം പരാമർശങ്ങൾ നടത്തുന്നത്, ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി ( 02 ജനുവരി, ഫേസ്ബുക്ക്/ വി വസീഫ്)

വെള്ളാപ്പള്ളിക്കെതിരേ പരാതി

വെള്ളാപ്പള്ളി വിവാദത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായ എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി: പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചു. സാമുദായിക സ്പർധ വളർത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹത്തിനെതിരേ കേസെടുക്കണം- പരാതിയിൽ പറയുന്നു (02 ജനുവരി, ഫേസ്ബുക്/ മീഡിയ വൺ).

വിവാദമാക്കുന്നത് ജമാഅത്തെ ഇസ്ലാമി

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ വിവാദമാക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അതിനു പിന്നിൽ ആർഎസ്എസ്സ് താൽപര്യമാണെന്നും എഴുത്തുകാരൻ അശോകൻ ചരുവിൽ. വെള്ളാപ്പള്ളി ലീഗിനെയാണ് എതിർക്കുന്നതെന്നും മുസ്ലീങ്ങളെയല്ലെന്നും അദ്ദേഹം എഴുതി: അന്നത്തെ ഇടതുസർക്കാരിനെ താഴെയിറക്കാനും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും പിന്നാക്ക (ദലിത്, മുസ്ലിം) സമുദായമുന്നണിയുണ്ടാക്കാൻ ലീഗ് വിളിച്ചിട്ട് ചെന്നയാളാണ് നാടേശൻ. പക്ഷേ അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനങ്ങളൊന്നും ലീഗും യു.ഡി.എഫും പാലിച്ചില്ല. അതിൽ വെള്ളാപ്പള്ളിക്ക് രോഷമുണ്ട്.

രാജ്യത്ത് ഭൂരിപക്ഷ ഹിന്ദുമതരാഷ്ട്രവാദം ശക്തിപ്പെടുമ്പോൾ സാംസ്‌കാരികമായും സാമൂഹ്യമായും ആക്രമിക്കപ്പെടുന്നവരാണ് ദലിത്, പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങൾ. അവർ ഐക്യപ്പെടാൻ ശ്രമിക്കുന്നത് സ്വഭാവികമാണ്. എല്ലാ തരം സ്വത്വരാഷ്ട്രീയവും അധികാരത്തിന്റെ കയ്യിലെ പാവകളായി നശിക്കും എന്നതിന്റെ ഉദാഹരണമാണ് അന്നത്തെ പിന്നാക്കസമുദായമുന്നണിയുടെ തകർച്ച സൂചിപിക്കുന്നത്. ജമായത്തെ ഇസ്ലാമി രംഗത്തുവന്നതോടെ പിന്നാക്കസമുദായമുന്നണി ഇടതുവിരുദ്ധമായ മഴവിൽസഖ്യമായി മാറി. അതിൽ ആർ.എസ്.എസും പങ്കാളിയായി. അവരാണ് കീഴാറ്റൂരിലും നാട്ടികയിലും നാഷണൽ ഹൈവേക്കെതിരായും ഗെയിൽ പൈപ്പ് ലൈൻ, കെ റെയിൽ എന്നിവക്കെതിരായും സമരം നടത്തിയത്. കേരളത്തിൽ ദലിത്, പിന്നാക്ക, മുസ്ലീം തുടങ്ങിയ മർദ്ദിതസമുദായങ്ങൾ തമ്മിലുണ്ടാവുന്ന ഐക്യത്തെ ആർ.എസ്.എസ്. ഏറ്റവുമധികം ഭയപ്പെടുന്നു എന്നത് ഒരു സത്യമാണ്. വീണ്ടും ഒരു പിന്നാക്ക സമുദായമുന്നണി കേരളത്തിൽ രൂപപ്പെടാതിരിക്കാൻ വേണ്ടിയാണ് വെള്ളാപ്പിള്ളി നടേശന്റെ വിഢിത്തം നിറഞ്ഞ പുലമ്പലുകളെ മുൻനിർത്തി ജമായത്തെ ഇസ്ലാമിയും മറ്റും വിദ്വേഷപ്രചാരവേല നടത്തുന്നത്. ഈ നീക്കത്തിന് പിന്നിൽ ആർഎസ്എസ് ആണ് (വെള്ളാപ്പിള്ളിയുടെ രോഷം, അശോകൻ ചെരുവിൽ, ജനുവരി 2, അശോകൻ ചെരുവിൽ, ഫേസ്ബുക്ക്).

ലീഗിന്റെ ശ്രമം വർഗീയ കലാപമുണ്ടാക്കാൻ

യുഡിഎഫ് ഭരണകാലത്താണ് മാറാട് ഉൾപ്പെടെ കലാപങ്ങൾ ഉണ്ടായതെന്നും കഴിഞ്ഞ ഒമ്പതര വർഷം പിണറായി ഭരണത്തിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി. കേരളത്തെ കലാപഭൂമിയാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി: യുഡിഎഫ് ഭരണകാലത്താണ് മാറാട് ഉൾപ്പെടെ കലാപങ്ങൾ ഉണ്ടായത്. കഴിഞ്ഞ ഒമ്പതര വർഷം പിണറായി ഭരണത്തിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ വീണ്ടും കേരളം കലാപഭൂമിയാകുമെന്ന് സൂചനയാണ് ലീഗിന്റെ പരിശ്രമത്തിന് തെളിയുന്നത്. ശ്രീനാരായണ ദർശനം ഉയർത്തിപ്പിടിക്കുന്ന യോഗം എന്തുവിലകൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കും (മുസ്ലീം ലീഗിന്റെ ശ്രമം വർഗീയ കലാപം ഉണ്ടാക്കാൻ: വെള്ളാപ്പള്ളി, 03 ജനുവരി, മംഗളം).

കണക്കുകൾക്ക് മുന്നിൽ നിശ്ശബ്ദത

മുസ്ലീംലീഗ് വിവേചനം കാണിച്ചുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ലീഗ് തള്ളി: കണക്കുകൾ വ്യാജമാണ്. മലപ്പുറത്ത് വിവിധ മാനേജ്‌മെന്റുകളുടെ കീഴിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കോളേജുകളെ മുസ്ലിം ലീഗിന്റേത് ആക്കിയാണ് വെള്ളാപ്പള്ളി കണക്ക് തയ്യാറാക്കിയത്. 13 സ്വാശ്രയ കോളേജുകൾ എസ്എൻഡിപി യോഗത്തിന് നൽകിയത് ഉമ്മൻചാണ്ടി ഭരണകാലത്ത് (2011 -2016) മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്താണ് (ലീഗ് വിരുദ്ധത; കണക്കുകൾക്ക് മുന്നിൽ ഉത്തരം മുട്ടി വെള്ളാപ്പള്ളി, 03 ജനുവരി, ചന്ദ്രിക.)

കരിഓയിൽ ഒഴിക്കാൻ ആഹ്വാനവും പ്രതിഷേധവും

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഇനാം പ്രഖ്യാപിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോ സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കരി ഓയിൽ ഒഴിക്കുന്നവർക്ക് ജില്ലാ കമ്മിറ്റി പണവും സമ്മാനവും നൽകുമെന്ന് പ്രഖ്യാപനം നടത്തിയത് (വെള്ളാപ്പള്ളിയെ കരി ഓയിൽ ഒഴിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്, 03 ജനുവരി, ദേശാഭിമാനി).

ഈ പ്രഖ്യാപനം വെള്ളാപ്പള്ളിയിലും വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവരിലും വലിയ പ്രതിഷേധമുണ്ടാക്കി.

എസ്എൻഡിപിക്കും യൂത്ത് വിങ് ഉണ്ടെന്നും, അവർക്കും കരി ഓയിൽ ഒഴിക്കാൻ അറിയാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കോൺഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത്‌കോൺഗ്രസിനെ വിമർശിച്ചത്. കരി ഓയിൽ ഒഴിക്കുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുെട വിമർശനം. പരാമർശത്തിൽ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു (വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയിൽ ഒഴിക്കുന്നവർക്ക് ക്യാഷ് നൽകുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോൺഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരിസ് മൂതൂരിന്റെ പുതിയ പോസ്റ്റ്, 04 ജനുവരി, മറുനാടൻ മലയാളി).

വെള്ളാപ്പള്ളിയെ ആക്രമിച്ചാൽ തെരുവിൽ നേരിടും

കേരളത്തിലെ ഹൈന്ദവരും പിന്നാക്കക്കാരും അനുഭവിക്കുന്ന വിദ്യാഭ്യാസപരമായ പിന്നാക്കാവ സ്ഥപരിഹരിക്കാൻ സാമൂഹ്യ നീതി ആവശ്യപ്പെട്ട വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്ന ചില ചാനലുകാരുടെ പ്രവൃത്തിയും കരിഓയിൽ ഒഴിക്കുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഭീഷണിയും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ദോഷകരമാണെന്ന് ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ. വിറളിപൂണ്ട ചില മത രാഷ്ട്രീയക്കാരും ചാനലുകളും വെള്ളാപ്പള്ളി പറയുന്ന സാമുഹ്യ സത്യങ്ങൾ പൊതുസമൂഹത്തിന് ബോദ്ധ്യമാവുമ്പോൾ അദ്ദേഹത്തെ ആക്രമിക്കുകയാണ്. അധികാരത്തിൽ വരേണ്ടത് ഒരു പ്രത്യേക സമുദായത്തിന്റെ ആവശ്യമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നവർ മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കിട്ടുന്നില്ലെന്ന സാമൂഹ്യസത്യം പറഞ്ഞ വെള്ളാപ്പള്ളിയെ ആക്രമിക്കുകയാണ്. ഇത് ആവർത്തിച്ചാൽ എസ്.എൻ.ഡി.പിയോഗം പ്രവർത്തകർ തെരുവിൽ നേരിടാൻ ഇറങ്ങുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി (വെള്ളാപ്പള്ളിയെ തൊട്ടാൽ തിരിച്ചടിക്കും: ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ, 4 ജനുവരി, കേരള കൗമുദി).

കത്തിച്ചാലും അഭിപ്രായം മാറില്ല

കരിഓയിൽ ഒഴിക്കുകയല്ല, കത്തിച്ചാലും അഭിപ്രായം മാറില്ലെന്ന് വെള്ളാപ്പള്ളി. നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ജനുവരി 2ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കരിഓയിൽ ഒഴിക്കുകയല്ല, കത്തിച്ചാലും തന്റെ അഭിപ്രായം മാറില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു (കരിഓയിൽ ഒഴിക്കുകയല്ല, കത്തിച്ചാലും അഭിപ്രായം മാറില്ലെന്ന് വെള്ളാപ്പള്ളി, 4 ജനുവരി, മലയാള മനോര)

കൊച്ചിയിൽ ചേർന്ന ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര സമിതി യോഗം ഈ പ്രസ്താവനക്കെതിരേ രംഗത്തുവന്നു: വെള്ളാപ്പള്ളി ഉന്നയിച്ച സാമൂഹ്യയാഥാർത്ഥ്യങ്ങളെക്കുറിച്ച് മറുപടി ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ് മുസ്ലീം നേതാക്കൾ. കടുത്ത വർഗീയ പ്രസംഗങ്ങളും തീവ്രവാദ പ്രഖ്യാപനങ്ങളും നടത്തുന്ന മുസ്ലീംലീഗിന്റെ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണ് വെള്ളാപ്പള്ളിയെ വർഗീയവാദിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും കൗൺസിൽ വ്യക്തമാക്കി (വെള്ളാപ്പള്ളിക്ക് എതിരായ ഭീഷണി നേരിടുമെന്ന് പെൻഷണേഴ്‌സ് കൗൺസിൽ, 05 ജനുവരി, കേരളകൗമുദി).

വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തൃപ്പൂണിത്തുറയിൽ എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരിഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ഹാരിസ് മുതൂറിനെതിരെ തീവ്രവാദ പ്രവർത്തനത്തിന് കേസെടുക്കണമെന്ന് കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു: ഇയാൾക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് കേസെടുക്കണം. ഇത്തരം തീവ്രവാദികളെ തള്ളിപ്പറയാൻ യൂത്ത് കോൺഗ്രസും കോൺഗ്രസും തയ്യാറാകണം. മുസ്ലീം ലീഗിനില്ലാത്ത വേദനയാണ് യൂത്ത്‌കോൺഗ്രസ് നേതാവിന്. മലപ്പുറത്തെ ധാർഷ്ട്യം അവിടെ വച്ചാൽ മതി. യോഗം ജനറൽ സെക്രട്ടറിയുടെ നിഴലിനെപോലും തൊടാൻ ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കില്ല. മലപ്പുറം ജില്ലയിൽ ഈഴവരാദി ഹിന്ദുക്കൾ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചും ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചുമുള്ള സങ്കടങ്ങൾ വെള്ളാപ്പള്ളി പറഞ്ഞതാണ് മുസ്ലീം ലീഗിനെയും കോൺഗ്രസിലെ ലീഗുകാരെയും ചൊടിപ്പിക്കുന്നത്. അതിനെ വേണ്ട രീതിയിൽ തന്നെ നേരിടുമെന്നും എം.ഡി. അഭിലാഷ് പറഞ്ഞു (വെള്ളാപ്പള്ളിയെ അധിക്ഷേപിക്കൽ: തൃപ്പൂണിത്തുറയിൽ വൻ പ്രതിഷേധം, 05 ജനുവരി, കേരള കൗമുദി).

എസ്എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് കുത്താട്ടുകുളം യൂണിയനും പ്രകടനവും യോഗവും നടത്തി (വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം: പ്രകടനം നടത്തി, 07 ജനുവരി, ജന്മഭൂമി).

സമൂഹം ആഗ്രഹിക്കുന്ന പ്രതികരണമല്ല

സമൂഹം ആഗ്രഹിക്കുന്ന പ്രതികരണങ്ങളല്ല വെള്ളാപ്പള്ളി നടേശനിൽ നിന്നുണ്ടാകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ്. സമൂഹത്തെ ഒന്നിപ്പിക്കാനാണ് സമുദായ നേതാക്കൾ ശ്രമിക്കേണ്ടത്. അതിന് വ്യത്യസ്തമായ സമീപനം അവരിൽ നിന്നുണ്ടാകുന്നത് സമൂഹം ആഗ്രഹിക്കുന്നില്ല. നവോഥാന നായകരുടെ പട്ടികയിൽ പ്രഥമ സ്ഥാനമാണ് ഗുരുദേവനുള്ളത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്ന ഒരാളിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളല്ല വെള്ളാപ്പള്ളിയിൽ നിന്നുണ്ടാകുന്നത്. കരണത്തടിക്കുന്നതോ കരി ഓയിൽ ഒഴിക്കുന്നതോ ആരെയും കായികമായി നേരിടുന്നതോ യൂത്ത് കോൺഗ്രസ് ശൈലിയല്ല. ആശയപരമായ സംവാദമാണ് ആ ഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി ശ്രമിക്കേണ്ടത് മതമൈത്രി നില നിർത്താൻ ആകണമെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു (സമൂഹം ആഗ്രഹിക്കുന്ന പ്രതികരണമല്ല വെള്ളാപ്പള്ളിയിൽ നിന്നുണ്ടാകുന്നതെന്ന് യൂത്ത് കോൺഗ്രസ്, 4 ജനുവരി, മംഗളം).

വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയിൽ നിന്ന് പുറത്താക്കണം

സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായ സൗഹാർദം തകർക്കാനും ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും സാംസ്‌കാരിക പ്രവർത്തകർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നടേശന്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കുനേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപനാളുകളിൽ ശക്തമായി വരുന്നത് ഏറെ ആശങ്കാജനകമാണ്. കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘ്പരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുകയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സച്ചിദാനന്ദൻ, കെ.ജി.എസ്, സാറാ ജോസഫ്, കെ അജിത, ഡോ. ഖദീജ മുംതാസ് തുടങ്ങി നാൽപ്പതോളം പേരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത് (നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം, 4 ജനുവരി, ജനയുഗം).

വെള്ളാപ്പള്ളിക്കെതിരെ യുവജന സംഘടനകൾ

വെള്ളാപ്പള്ളി നടേശനെതിരെ ഇടത് യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും രംഗത്ത്: മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്നു വെള്ളാപ്പള്ളി വിളിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം പരാമർശങ്ങൾ ശ്രീനാരായണ ധർമത്തിനു വിരുദ്ധമാണ്. ഏതു തരം വർഗീയ രാഷ്ട്രീയത്തെയും എതിർക്കേണ്ട കാലത്ത് രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾക്കുള്ള മറുപടി വർഗീയചാപ്പകളല്ല. വെള്ളാപ്പള്ളി നടേശൻ പ്രസ്താവന തിരുത്തണം, ഡിവൈഎഫ്‌ഐ പറഞ്ഞു.
മാധ്യമ പ്രവർത്തകനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അത്യന്തം അപലപനീയം. തീവ്രവാദത്തെ മതവുമായി ബന്ധപ്പെടുത്തരുത്. മുൻ ധാരണയോടുകൂടി തീവ്രവാദത്തെ വിലയിരുത്തുകയും ആ മത നാമധാരികളിലെല്ലാം ഭീകര പശ്ചാത്തലങ്ങൾ ആരോപിക്കുകയും ചെയ്യുന്ന പ്രവണതയെ ചെറുത്തു തോൽപിക്കണം, എന്ന് എഐവൈഎഫ് പറഞ്ഞു (വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ്, 4 ജനുവരി, മലയാള മനോരമ).

വെള്ളാപ്പള്ളിയെ കേരള തൊഗാഡിയയെന്ന് പറഞ്ഞതുപോലെയുള്ള സാഹചര്യമല്ല

വെള്ളാപ്പള്ളി മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് തെറ്റ് തന്നെയാണ് എന്നും വെള്ളാപ്പള്ളിയുടെ വാക്കുകളെ ജനങ്ങളുടെ വാക്കുകളായി വ്യാഖ്യാനിക്കേണ്ടതില്ല എന്നും എം.വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ കുറിച്ച് വെള്ളാപ്പള്ളിയോട് നേരിട്ട് ചോദിക്കണം. സിപിഎമ്മിന്റെ നയം ഇതാണെന്ന് പറഞ്ഞുകൊണ്ട് ചോദിക്കണം. അദ്ദേഹം പറഞ്ഞത് പോലെ മലപ്പുറത്ത് ആരും പ്രയാസപ്പെട്ട് കഴിയുന്നില്ല. വെള്ളാപ്പള്ളിയെ കേരള തൊഗാഡിയയെന്ന് പറഞ്ഞതു പോലെയുള്ള സാഹചര്യമല്ല ഇന്ന്. ഒരേ കടവിൽ നിന്ന് എപ്പോഴും കുളിക്കാനാകുമോയെന്നും ഗോവിന്ദൻ ചോദിച്ചു (‘പരാജയത്തിന്റെ കാരണം ജനങ്ങളോട് ചോദിക്കും, തുറന്ന മനസോടെ ജനങ്ങളുമായി സംവദിക്കും’: എം.വി ഗോവിന്ദൻ, 4 ജനുവരി, മീഡിയ വൺ).

മതവിദ്വേഷം വളർത്താൻ ശ്രമം

കേരളത്തിൽ കൃത്യമായ കണക്കുകൂട്ടലോടെ ചിലർ മതവിദ്വേഷം വളർത്തുന്നുണ്ടെന്ന് എഴുത്തുകാരൻ സക്കറിയ. മതമേധാവികൾ പോലും ഇക്കുട്ടത്തിലുണ്ട്. മതങ്ങളുടെ സഹജീവിതത്തിനുണ്ടാകുന്ന ഭീഷണിയാണ് ചരിത്രത്തിൽ മലയാളി നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. മതസൗഹാർദത്തിലൂന്നിയ കൊടുക്കൽ വാങ്ങലുകളാണ് മലയാളിയുടെ സമ്പദ്വ്യവസ്ഥ നിർമ്മിച്ചത്. ഒരു പ്രത്യേക മതക്കാരന്റെ കടയിൽ നിന്ന് സാധനം വാങ്ങരുതെന്ന് ആരും പറഞ്ഞില്ല. മതമേധാവികളുടെ താൽപര്യം സമ്പത്ത് സംരക്ഷിക്കലാണ്. ചാമ്പലാകാൻ പോകുന്നതു നിഷ്‌കളങ്കരായ വിശ്വാസികൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു (കേരളത്തിൽ മതവിദ്വേഷം വളർത്താൻ കണക്കുകൂട്ടി നീക്കം: സക്കറിയ, 4 ജനുവരി, മലയാള മനോരമ).

വർഗീയതയിൽ യുഡിഎഫിനും മാധ്യമങ്ങൾക്കും ഇരട്ടത്താപ്പ്

വർഗീയത പരത്തുന്നവർക്കെതിരായ നിലപാടിൽ യുഡിഎഫിനും മാധ്യമങ്ങൾക്കും എന്നും ഇരട്ടത്താപ്പെന്ന് സിപിഎം: വർഗീയ ശക്തികൾക്കെതിരെ പോരാടുന്ന സിപിഎം നേതാക്കളെ വർഗീയ ചാപ്പ കുത്തി അടച്ചാക്ഷേപിക്കുന്നതിൽ ഇവർക്ക് ഒരേനയമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരത്തിൽ ആസൂത്രിത നീക്കമാണ് നടക്കുന്നത്. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി തീവ്രവാദി എന്നു വിളിച്ചത് ശരിയല്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ചാനലിലെ ചർച്ചയ്ക്കിടെ മുസ്ലിം നാമധാരിയായ അവതാരകനെ കോൺഗ്രസ് നേതാവ് അനിൽബോസ് എസ് ഡി പി ഐ ചാപ്പയടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോൺഗ്രസ് നേതാവായതിനാൽ വിമർശനങ്ങളുണ്ടായില്ല. ന്യൂനപക്ഷ വിരുദ്ധപ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയ്‌ക്കെതിരായ കേസ് പിൻവലിച്ച് സഹായിച്ചത് യുഡിഎഫ് സർക്കാരാണ്. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും വിമർശിച്ചാലും സിപിഎം നേതാക്കൾ മുസ്ലിം വിരുദ്ധരാകും. മുഖ്യമന്ത്രിയായിരുന്നപ്പോൾ ന്യൂനപക്ഷങ്ങളെ അപഹസിച്ച എ.കെ ആന്റണിയോടും ആർഎസ്എസ് സ്ഥാപകന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്കു കത്തിച്ച വി.ഡി സതീശനോടും നിരന്തരം വർഗീയപ്രസംഗം നടത്തുന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയോടും ഈ നിലപാടില്ല (വർഗീയതയിൽ യുഡിഎഫിനും മാധ്യമങ്ങൾക്കും ഇരട്ടത്താപ്പ്, 4 ജനുവരി, ദേശാഭിമാനി).

അനിൽ ബോസിന്റെ പ്രസ്താവന

തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആരാകണം എന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് (2025) മീഡിയ വൺ സ്‌പെഷ്യൽ എഡിഷൻ പരിപാടിയിൽ, മറ്റത്തൂരിലെ കാൽവെട്ട് പാർട്ടി എന്ന തലക്കെട്ടിൽ ചർച്ച ചെയ്യുകയുണ്ടായി. നിഷാദ് റാവുത്തർ കൈകാര്യം ചെയ്ത പരിപാടിയിൽ കോൺഗ്രസ് പ്രതിനിധി ആയി അനിൽബോസ്, സിപിഎമ്മിൽ നിന്ന് കെ അനിൽകുമാർ, മറ്റത്തൂരിലെ പഞ്ചായത്തംഗമായ ലിന്റോ പള്ളിപ്പറമ്പൻ, നിരീക്ഷകൻ എം.എൻ കാരശേരി, വലത് നിരീക്ഷകൻ ഷാബു പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. അനിൽ ബോസിനോട് ചോദിച്ച ചോദ്യം ‘ഈ അവിഹിതസംഘം പറയുന്നത് അവർ കോൺഗ്രസുകാരാണെന്നാണ്, അവരുടെ പ്രശ്‌നം പരിഹരിക്കാമെന്ന് നിങ്ങൾ ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന്’ എന്നായിരുന്നു. ഇതിൽ അനിൽ ബോസ് അതൃപ്തി രേഖപ്പെടുത്തി. എട്ട് മെമ്പർമാർ ബിജെപിയിലേക്ക് പോയെന്ന് അവതാരകൻ പറഞ്ഞപ്പോൾ നിങ്ങൾ ഒരു എസ്.ഡി.പി.ഐക്കാരനായി സംസാരിക്കരുത് എന്ന് അനിൽ ബോസ് കുറ്റപ്പെടുത്തി (മറ്റത്തൂരിലെ കാൽവെട്ട് പാർട്ടി, 12 ഡിസംബർ 2025, മീഡിയാവൺ).

വർഗീയവാദിയക്കാൻ മലപ്പുറം കേന്ദ്രീകരിച്ച് വ്യാപക നീക്കം

വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയക്കാൻ മലപ്പുറം കേന്ദ്രീകരിച്ച് വ്യാപക നീക്കമെന്ന് ജനം ടിവി. മതമാണ് പ്രശ്‌നം എന്ന് പ്രസംഗിച്ച ഷാജിക്കെതിരെയല്ല , കൃത്യമായ കണക്കുകൾ അവതരിപ്പിച്ച വെള്ളാപ്പള്ളിക്ക് എതിരെയാണ് ഉറഞ്ഞുതുള്ളുന്നത്. വർഗീയ നിലപാടെടുക്കുന്നവർ കേരളത്തിൽ പച്ച പിടിക്കില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നു. പറയുന്നത് ആരാണ് എന്ന് ആലോചിക്കണം. മുസ്ലീം ലീഗ് എന്ന പാർട്ടിയുടെ നേതാവ് ആണ് ഈ ഗിരിപ്രഭാഷണം നടത്തുന്നത് (വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയക്കാൻ മലപ്പുറം കേന്ദ്രീകരിച്ച് വ്യാപക നീക്കം. 4 ജനുവരി, ജനം ടിവി).

ജനം ടിവി വാർത്ത

വെള്ളാപ്പള്ളിക്ക് ബിജെപി പിന്തുണ

മുസ്ലീം ലീഗിനെതിരായ വെള്ളാപ്പള്ളി നടേശന്റെ നിലപാടിന് ബിജെപി നേതൃത്വം പൂർണ പിന്തുണ നൽകി. തൊട്ടുപിന്നാലെ പ്രകാശ് ജാവഡേക്കർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ചയും നടത്തി: മലപ്പുറത്തെ പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലർ കാണുന്നത്. പിന്നാക്കക്കാർക്കായി സ്‌കൂളോ കോളേജോ ഇല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗമാണ് വിവാദമാക്കിയത്. ഇതിലൂടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ന്യൂനപക്ഷ പ്രീണനത്തെ അദ്ദേഹം തുറന്നുകാട്ടുകയായിരുന്നു (വെള്ളാപ്പള്ളിക്ക് ബിജെപി പിന്തുണ, 05 ജനുവരി, മാതൃഭൂമി).

വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദ

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ എല്ലാ അതിരും ലംഘിച്ചെന്ന് ശ്രീനാരായണ സംഘടനകൾ കുറ്റപ്പെടുത്തി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുരുനിന്ദ സഭ്യതയുടെ സമസ്ത സീമകളും ലംഘിച്ച് ആപത്കരമായ ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധർമവേദി, എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമോദ്ധാരണ സമിതി, എസ്എൻഡിപി യോഗം-എസ്എൻ ട്രസ്റ്റ് സംരക്ഷണ സമിതി എന്നിവയുടെ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നടേശനെ മുഖ്യമന്ത്രി തന്നോടൊപ്പം കാറിൽ കൊണ്ടുപോകുകയും അയ്യപ്പസംഗമ വേദിയിലേക്ക് ആനയിക്കുകയും ചെയ്തത് നിയമവ്യവസ്ഥയെ അവഹേളിക്കലായിരുന്നു. സംഘടനയെയും സമുദായത്തെയും സർവനാശത്തിലേക്ക് നയിക്കുന്ന വെള്ളാപ്പള്ളി ആരുടെയോ കുഴലൂത്തുകാരനായി മുസ്ലിം സമുദായത്തിനുമേൽ കുതിര കയറുകയാണ് (വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ എല്ലാ അതിരും ലംഘിച്ചെന്ന് ശ്രീനാരായണ സംഘടനകൾ, 06 ജനുവരി, മാധ്യമം).

വെള്ളാപ്പള്ളി ചെയ്യുന്നത് ദ്രോഹം

വെള്ളാപ്പള്ളി നടേശൻ കേരളത്തോട് ചെയ്യുന്ന ദ്രോഹമാണെന്ന് ദാമോദർ പ്രസാദ് സുപ്രഭാതം ലേഖനത്തിൽ: കേരളത്തിൽ സമീപകാലങ്ങളായി കണക്കില്ലാത്ത വിധം അപരവിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അപരവിദ്വേഷം മുഖ്യമായും മുസ്ലീം വിദ്വേഷംതന്നെ. നടേശന്റെ വിദ്വേഷപ്രചാരണം കൂടുതൽ ആഘാതമുള്ളതും ആപൽക്കരവുമാണ്. കാരണം അദ്ദേഹം ശ്രീനാരായണീയരെയും കേരളത്തിലെ ഒരു പ്രബലസമുദായത്തെയും പ്രതിനിധീകരിക്കുന്ന സംഘടനയുടെ മുഖ്യവക്താവാണ്. മുസ്ലിം വിദ്വേഷം ശ്രീനാരായണീയ സംഘടനയുടെ തലപ്പത്തിരുന്നു പ്രകടിപ്പിക്കുമ്പോൾ സമൂഹത്തിന്റെ സിരകളിലേക്കാകെ വിഷം പടർത്തുകയാണ്. ഇതു കേരളത്തിൽ സ്പർദ്ധ വളർത്തുന്നതും ഭിന്നിപ്പിക്കുന്നതുമാണ്. കേരളത്തോടു നടേശനും പിന്തുണക്കാരും നടത്തുന്ന അപരാധമാണിത് (വെള്ളാപ്പള്ളി നടേശൻ കേരളത്തോടു ചെയ്യുന്ന ദ്രോഹം, ദാമോദർ പ്രസാദ്, 06 ജനുവരി, സുപ്രഭാതം).

ക്രിസ്ത്യാനികൾക്ക് പോലും ഭയം

ഇന്ന് ക്രിസ്ത്യാനികൾ പോലും ഭയത്തോടുകൂടെയാണ് ലീഗിനെ കാണുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ: നീതിക്കായി ശബ്ദമുയർത്തിയ തന്നെ വർഗീയവാദിയാക്കി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരിക്കൽ തന്റെ സൗജന്യം പറ്റിയ മുസ്ലീം ലീഗാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇന്ന് ക്രിസ്ത്യാനികൾ പോലും ഭയത്തോടുകൂടെയാണ് ലീഗിനെ കാണുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നിന്നാൽ വലിയ കരുത്താണ്. അത് നന്നായി അറിയാവുന്ന ലീഗുകാർ എന്നെ ആക്രമിക്കുന്നു. മതമാണ് വലുതെന്ന് കെ.എം. ഷാജി പ്രസംഗിച്ചതിനെ ഭയത്തോടെയാണ് ക്രിസ്ത്യാനികൾ കാണുന്നത്. തീവ്ര നിലപാടുള്ള ചില മുസ്ലീം സംഘടനകൾ ചെയ്യുന്നതെല്ലാം എല്ലാവരും കാണുകയല്ലേ (പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല, അഭിമുഖം – വെള്ളാപ്പള്ളി – ലിയോ രാധാകൃഷ്ണൻ, 07 ജനുവരി, കേരളകൗമുദി).

വർഗീയത ഊതിവീർപ്പിച്ച് കരുത്താർജ്ജിച്ച ലീഗ്

ഇത്രയൊന്നും വർഗീയ വേർതിരിവ് സമൂഹത്തിൽ ഇല്ലാതിരുന്ന സമയത്താണ് മാറാട് കലാപം നടന്നതെന്നും ഇന്ന് സാഹചര്യം മാറിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി: വർഗീയത ഊതിവീർപ്പിച്ച് കരുത്താർജ്ജിച്ച ലീഗിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അതുകൊണ്ട്, ഇനി യുഡിഎഫിന് അധികാരം കിട്ടിയാൽ ഒന്നല്ല, മാറാട് കലാപത്തിനു സമാനമായ പല കലാപങ്ങൾ നടക്കും (പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല’, അഭിമുഖം – വെള്ളാപ്പള്ളി – ലിയോ രാധാകൃഷ്ണൻ, 07 ജനുവരി, കേരളകൗമുദി).

വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം

വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ജമാഅത്തിന്റെ നിയന്ത്രണത്തിലാണെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ: ജമാഅത്തെ ഇസ്ലാമി നാടിന്റെ രാഷ്ട്രീയം തീരുമാനിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? കോൺഗ്രസ് അവരുടെ നിയന്ത്രണത്തിൽ ആണോ എന്ന് സംശയമുണ്ട് (വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം: രാജീവ് ചന്ദ്രശേഖരൻ, 08 ജനുവരി, ഡൂൾ ന്യൂസ്).

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും മുസ്ലീം ലീഗിനെക്കുറിച്ചും വെള്ളാപ്പള്ളി ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം കിട്ടേണ്ടവ

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും മുസ്ലീം ലീഗിനെക്കുറിച്ചും വെള്ളാപ്പള്ളി ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം കിട്ടേണ്ടവതന്നെയാണെന്ന് ദീപിക: ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും മുസ്ലീം ലീഗിനെക്കുറിച്ചും വെള്ളാപ്പള്ളി ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം കിട്ടേണ്ടവ തന്നെയാണ്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നു പറയുന്നവർ അത് തെളിയിക്കുക കൂടി വേണം. ഇന്ത്യയിൽ സാമുദായിക സംവരണമുള്ള ഏക സമുദായമാണ് കേരളത്തിലെ മുസ്ലിംകൾ. ഇതെല്ലാം ഭരണം കൊണ്ട് നേടിയതാണ്. സമുദായത്തിന് വേണ്ടിയുള്ള ഭരണത്തിനൊപ്പം ഹിന്ദു സംഘടനകളായ എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിൽ തല്ലിച്ചത് ലീഗാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട് (മുന്നണിയുടെ സ്വപ്‌നങ്ങൾ, 11 ജനുവരി, ദീപിക).

യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും

യുഡിഎഫ് നേതാവ് വി.ഡി സതീശൻ ഈഴവ വിരോധിയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗായിരിക്കും ഭരിക്കുക എന്നും വെള്ളാപ്പള്ളി: യുഡിഎഫ് വന്നാൽ ഭരിക്കുന്നത് ആരാണ്? ലീഗ് ആയിരിക്കും. പണ്ടും അങ്ങനെ തന്നെയായിരുന്നു. ഉമ്മൻചാണ്ടി ഇരിക്കുന്ന കാലം വരെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും വകുപ്പ് തീരുമാനിക്കുകയും ചെയ്യുന്നത് മലപ്പുറത്തുനിന്നായിരുന്നു. ഇപ്പോൾ സതീശന്റേത് ലീഗിനെ സുഖിപ്പിച്ചു നിർത്തി അധികാരത്തിലേക്ക് കയറാനുള്ള അടവ് നയമാണ്. പ്രതിപക്ഷ നേതാവിന്റെ സ്വരം മുസ്ലിം ലീഗിന്റേതാണ്. അയാളുടെ വായിൽ നിന്ന് വരുന്നത് ആരുടെ സ്വരമാണ്? എല്ലാം ലീഗിന്റേത്. ഇതിങ്ങനെ പറഞ്ഞ് അവരെ സുഖിപ്പിച്ച് സുഖിപ്പിച്ചു നിർത്തേണ്ടത് എന്തിനാണ്? അയാളുടെ ഭാവിയിലെ കാര്യസാധ്യത്തിനു വേണ്ടി (വി.ഡി സതീശൻ ഈഴവ വിരോധി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗായിരിക്കും ഭരിക്കുക, 18 ജനുവരി, മാതൃഭൂമി)

ഇതാണ് ഹിന്ദുരാഷ്ട്രീയം

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭരിക്കുക മുസ്ലിം ലീഗ്: നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലം – എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പങ്കുവച്ചുകൊണ്ട് ഹിന്ദുത്വപ്രചാരകൻ അഡ്വ. കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇതാണ് ഹിന്ദു രാഷ്ട്രീയം. ഇതുവരെ കേരളം കണ്ടിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയം. ഇനി കാണാൻ പോവുന്നത് ഹിന്ദുവിന്റെ രാഷ്ട്രീയം. നായാടി മുതൽ നമ്പൂതിരി മാത്രമല്ല നസ്രാണി വരെ ഒറ്റക്കെട്ടാവുക എന്നുള്ളത് ഇന്നത്തെ അവശ്യമാണ്. അത് മനസ്സിലാക്കിയ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും അഭിനന്ദനങ്ങൾ (18 ജനുവരി, ഫേസ്ബുക്ക്/അഡ്വ കൃഷ്ണ രാജ്).

എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് ലീഗ്

എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് മുസ്ലീം ലീഗാണെന്ന് വെള്ളാപ്പള്ളി: താൻ മുസ്ലീം വിരോധിയല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തത്. മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നത്. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ-ഈഴവ ഐക്യം അനിവാര്യമാണ്. അത് മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ല. ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ-ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. താൻ ചതിക്കപ്പെട്ടു. നായാടി മുതൽ നസ്രാണി വരെയുള്ളവരിൽ മുസ്ലിംകളെ പരിഗണിക്കാത്തത് അതിന്റെ ആവശ്യമില്ലാത്തത് കൊണ്ടാണ് (‘ഇന്ന് മുസ്ലീങ്ങളെ ഭയന്നാണ് ക്രിസ്ത്യാനികൾ താമസിക്കുന്നത്’ വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ, 18 ജനുവരി, മാധ്യമം).

മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ മുസ്ലീം സമുദായത്തിന് എതിരല്ല

മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി ജലീൽ എംഎൽഎ. മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് മുസ്ലീം സമുദായത്തിന് മാത്രം എതിരാകുകയെന്നും അദ്ദേഹം ചോദിച്ചു: വെള്ളാപ്പള്ളി ഒരു സംഘടനയുടെ നേതാവാണ്. മുസ്ലീം ലീഗിൽ നിന്ന് ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞത്. മലപ്പുറം എന്നാൽ മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാം അടങ്ങുന്നതാണ്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാണ് മുസ്ലീം സമുദായത്തിന് മാത്രം എതിരാണെന്ന് പറയുക. അങ്ങനെ ഒരു വ്യാഖ്യാനം മുസ്ലീം ലീഗ് ഉണ്ടാക്കിയെടുക്കുന്നതാണ്. ലീഗ് അതിനെ ഉപയോഗിക്കുകയാണ്. ഒരുമിച്ച് നിന്ന സമയത്ത് നല്ല അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ നല്ലത് പറയൂ. തിക്താനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മോശമായിട്ടുള്ള കാര്യങ്ങൾ പറയും. അതിനെ അങ്ങിനെ കണ്ടാൽ മതി. ലീഗിന്റെ പരാജയമായിട്ടാണ് ഇതിനെ ഞാൻ കാണുന്നത്’- ജലീൽ പറഞ്ഞു (‘മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെ മുസ്ലീം സമുദായത്തിന് മാത്രം എതിരാകും’; വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കെ.ടി ജലീൽ, 18 ജനുവരി, മീഡിയവൺ ഓൺലൈൻ)

മലപ്പുറം സ്വകാര്യ സാമ്രാജ്യമല്ലെന്ന് എസ്എൻഡിപി

മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും എസ്എൻഡിപി പ്രമേയം പാസാക്കിയതായി ജന്മഭൂമി: മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല. മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നു. ലീഗിന്റെ മതേതരത്വം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ്, ഭരണഘടനാ ലംഘനം നടത്തുന്നു. മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് നേതൃയോഗത്തിന്റെ പൂർണ പിന്തുണ നൽകുന്ന പ്രമേയവും പാസാക്കി. നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്ന പ്രമേയം യോഗം അംഗീകരിച്ചു. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതരവാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് ആധിപത്യം ചെലുത്തുന്നു (മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല, 22 ജനുവരി, ജന്മഭൂമി).

4. തൃക്കരിപ്പൂരിൽ താലിബാൻ അക്രമണം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം, മുസ്ലീം ലീഗ് പ്രവർത്തകർ കാസർഗോഡ് തൃക്കരിപ്പൂരിൽ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിച്ചു. മുസ്ലീം ലീഗിന്റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങൾ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാർ ഒരു വീടിന് മുന്നിൽ വടികളുമായി നിന്ന് ആക്രോശിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെ: ‘തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് വീട് കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു. ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കേണ്ട ആയിരം പള്ളിയുടെ ഖാളി ചത്തത് പോലെ കിടക്കുന്നു..’

ഫാക്റ്റ് ചെക്ക് പരിശോധനയിൽ കാഞ്ഞങ്ങാട് പഞ്ചായത്തിലെ കല്ലുരാവിയിൽനിന്നുള്ള 2020ലെ വീഡിയോയാണ് ഇതെന്ന് കണ്ടെത്തി. മർദ്ദിച്ചവർതന്നെയാണ് വീഡിയോ പകർത്തിയത്. മർദ്ദനമേറ്റവർ പരാതി നൽകാത്തതിനാൽ കേസായില്ല (ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗ് പ്രവർത്തകർ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്, 02 ജനുവരി, ഫാക്റ്റ് ക്രെസെന്റോ).

5. അധ്യക്ഷ സ്ഥാനങ്ങളിൽ കോൺഗ്രസ് ഹിന്ദുക്കളെ ഒഴിവാക്കി

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനങ്ങളിൽനിന്ന് ഹിന്ദുക്കളെ ഒഴിവാക്കിയതായി ജന്മഭൂമി. ഒഴിവാക്കിയ ഇടങ്ങളിൽ ലീഗിനെ നിയമിച്ചുവെന്നാണ് വാർത്ത അവകാശപ്പെട്ടത്: ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ ആലുവ നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭൂരിപക്ഷ സമുദായങ്ങളെ ബോധപൂർവം അവഗണിച്ചാണ് സ്ഥാന വിതരണം നടത്തിയത്. ആലുവ മണ്ഡല പരിധിയിൽ ഒരു നഗരസഭയും ഏഴ് ഗ്രാമ പഞ്ചായത്തുകളും വാഴക്കുളം, പാറക്കടവ് എന്നീ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടങ്ങളിലെല്ലാം യുഡിഎഫിനാണ് ഭരണ ചുമതല. ആകെ 10 അധ്യക്ഷ സ്ഥാനങ്ങളും 10 ഉപാധ്യക്ഷ സ്ഥാനങ്ങളും നിലവിലുണ്ടെങ്കിലും ഈ സ്ഥാന വിതരണത്തിൽ ഭൂരിപക്ഷ സമുദായങ്ങളെ പൂർണമായും ഒഴിവാക്കി. ശ്രീമൂലനഗരം, എടത്തല പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ലീഗിന് വിട്ടുനൽകി. സ്ഥാനാർത്ഥികളും ഒരേ സമുദായത്തിൽ പെട്ടവരായിരുന്നു എന്നാണ് മറ്റൊരു ആരോപണം (അധ്യക്ഷ സ്ഥാനങ്ങളിൽ ഹിന്ദുക്കളെ ഒഴിവാക്കി കോൺഗ്രസ്സ്, 02 ജനുവരി, ജന്മഭൂമി).

6. ഹൈന്ദവേതര മതങ്ങൾ വിദേശ മതങ്ങളല്ല

മലങ്കര ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവ ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനം ഹിന്ദു ഇതര മതങ്ങളെ വിദേശമതങ്ങളെന്ന് വിളിക്കുന്നതിനെ ചോദ്യം ചെയ്തു:’ഹിന്ദു ഇതര മതങ്ങളെയൊക്കെ വിദേശമതം എന്നു വിളിക്കുന്നവർക്ക് ചരിത്ര ബോധമില്ല. ക്രിസ്തുവിന് മുമ്പ് രണ്ടായിരത്തിൽ ഇറാനിൽ നിന്ന് ഇവിടെ കുടിയേറി പാർത്ത ആര്യന്മാരാണ് ഹിന്ദുക്കൾ. ബ്രാഹ്‌മണീയ ആരാധന ഉണ്ടായിക്കഴിഞ്ഞ് ഉണ്ടായ മതമാണ് ഹിന്ദുമതം. ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല. ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാൻ പ്രദേശത്തു നിന്ന് വന്നവരാണ്. ഇങ്ങനെ 2000 ബിസിയിൽ രാജ്യത്ത് എത്തിയവർ പറയുകയാണ് വിദേശികൾ തിരിച്ചുപോകണമെന്ന്. ഇവിടെയുള്ള ക്രിസ്ത്യാനികൾ എഡി 52 മുതൽ ക്രിസ്തുമതം സ്വീകരിച്ചു ജനിച്ചു വളർന്നവരാണ്, അറബി രാജ്യത്ത് നിന്ന് ആരും ക്രിസ്ത്യാനികൾ ആയിട്ടില്ല . ഇവിടത്തെ മുസ്ലീങ്ങളും ഇവിടെ ജനിച്ചു വളർന്നവരാണ്. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് ഡൊണാൾഡ് ട്രംപ് പറയുന്നതുപോലെ ഇന്ത്യ ഫോർ ഹിന്ദു എന്ന ആർഎസ്എസ് ആപ്തവാക്യം ഇന്ത്യയിൽ ചെലവാകില്ല (ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണത്തിൽ പ്രതികരിച്ച് മാർത്തോമാ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവ. ഇന്ത്യ ഫോർ ഹിന്ദുസ് എന്നത് ഇന്ത്യയിൽ ചെലവാകില്ല, 03 ജനുവരി, ദീപിക)

7. ഒരു മുസ്ലീം രാഷ്ട്രീയ തടവുകാരന്റെ അനുഭവം

കേരള ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടേറിയറ്റിന് കീഴിലെ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സിൽ പഠിതാവായ മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ റഊഫിന് കോഴ്‌സിലെ പഠിതാക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പാർലമെന്റ് സന്ദർശനത്തിൽനിന്ന് ഒഴിവാക്കി. ഇതിനെതിരേ അദ്ദേഹം സ്പീർക്കർക്ക് പരാതി നൽകി. അദ്ദേഹം പറയുന്നതനുസരിച്ച് എൻഐഎ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിചേർക്കപ്പെട്ട് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിലിരിക്കെയാണ് കോഴ്‌സിന് ചേർന്നത്. കോടതിയുടെ അനുമതിയുമുണ്ടായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തുവന്നു. പഠനത്തിന്റെ ഭാഗമായി നടത്തിയ ക്ലാസുകളിൽ പങ്കെടുത്തു. പഠിതാക്കൾക്കായി സംഘടിപ്പിച്ച പ്രത്യേക നിയമസഭാ സന്ദർശനത്തിൽ പങ്കെടുക്കുന്നവരുടെ പട്ടികയിലും പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് പേര് ഒഴിവാക്കി. യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയെന്ന നിലയിലാണ് സന്ദർശനാനുമതി നിഷേധിച്ചത് (04 ജനുവരി, ഫേസ്ബുക്ക്/ സി.എ റഊഫ്).

8. മുസ്ലീം ലീഗും നിയമസഭാ സീറ്റും

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ നിയമസഭയിൽ മുസ്ലിം ന്യൂനപക്ഷ പ്രാതിനിധ്യം അമിതമാകുമോയെന്ന ആശങ്ക പല മാധ്യമങ്ങളും പ്രകടിപ്പിച്ചു. മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നുവെന്ന ആശങ്ക ഒരു കോഡഡ് വംശീയതയുടെ രൂപത്തിലാണ് പ്രവർത്തിക്കുന്നത്. ചില മാതൃകകൾ താഴെ:

ജനയുഗം: കോൺഗ്രസ് ആശങ്ക

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം ആശങ്കയിലായി ജനയുഗം പത്രം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ ആശങ്കയിലായി കോൺഗ്രസ് നേതൃത്വം. വടക്കൻ കേരളത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിന് പുറമെ മധ്യകേരളവും തെക്കൻ കേരളവും ലക്ഷ്യമിട്ടാണ് ലീഗിപ്പോൾ നീക്കം ആരംഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്ന അവകാശവാദത്തോടെ ലീഗ് നീക്കം ശക്തമാക്കുമ്പോൾ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. കൂടുതൽ സീറ്റ് എന്ന ആവശ്യം ശക്തമാക്കാൻ തന്നെയാണ് ലീഗിന്റെ പുതിയ തീരുമാനം. മലബാർ പാർട്ടിയെന്ന വിശേഷണം മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരളം മുഴുവൻ പാർട്ടിയെ വളർത്താൻ ശ്രമിക്കണമെന്ന വാദം പാർട്ടിയിൽ ശക്തമാണ് (കൂടുതൽ സീറ്റുതേടി ലീഗ് ആശങ്കയിൽ കോൺഗ്രസ് നേതൃത്വം, കെ.കെ ജയേഷ്, 05 ജനുവരി, ജനയുഗം).

കേരള കൗമുദി: ലീഗിന്റെ സമ്മർദ്ദ തന്ത്രം

‘തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെ മുൻനിർത്തി കൂടുതൽ സീറ്റുകൾ എന്ന ലീഗിന്റെ ആവശ്യം കോൺഗ്രസിന്റെ സീറ്റുകൾ വച്ച് മാറുക എന്ന ലക്ഷ്യം വച്ചാണെന്ന് കേരള കൗമുദി: മുപ്പത് സീറ്റുകളിൽ മത്സരിക്കാൻ മോഹം ഉണ്ടെങ്കിലും അവകാശവാദം മുന്നണിക്ക് തിരിച്ചടി ആവും എന്ന ആശങ്ക ലീഗിനുണ്ട്. അംഗബലം ഉയർത്തിക്കാട്ടി ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടാനുള്ള സാധ്യത, മുൻപത്തെ അഞ്ചാം മന്ത്രി വിവാദത്തിൽ ഏറ്റ പരിക്ക് എന്നിവയാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത് (കോൺഗ്രസിന്റെ സീറ്റുകളിൽ കണ്ണ് വെച്ച് ലീഗിന്റെ സമ്മർദ്ദ തന്ത്രം, 09 ജനുവരി, കേരള കൗമുദി).

ആഭ്യന്തര വകുപ്പ് ലീഗിനെന്ന് സർവേ

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ ആഭ്യന്തര വകുപ്പ് ആർക്ക് ലഭിക്കണമെന്ന വിഷയത്തിൽ സർവേ നടത്തിയതായി ‘കേരള ലൈവ്’. അതിന്റെ ഫലവും അവർ പുറത്തുവിട്ടു: സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മുസ്ലീം ലീഗ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്ന അഭിപ്രായക്കാരാണ്.
52% പേർ ലീഗ് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്നും 41% പേർ കോൺഗ്രസ് തന്നെ വകുപ്പ് നിലനിർത്തുമെന്നും അഭിപ്രായപ്പെട്ടു (സർവ്വേ ചോദിച്ച ചോദ്യങ്ങൾ, യുഡിഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ആർക്കു ലഭിക്കും?, 27 ജനുവരി, കേരള ലൈവ് ന്യൂപോൾ സർവ്വേ).

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്

മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബുമായി മാതൃഭൂമി.കോം അഭിമുഖം നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെടുമോയെന്നായിരുന്നു അവരുടെ ഒരു ചോദ്യം: പാർട്ടിയുടെ ശക്തിയും മുന്നണിയുടെ നയത്തിന്റെ ഭാഗമായിട്ടുമാണ് സ്ഥാനങ്ങൾ ലഭിക്കുന്നത്. രണ്ടാം പാർട്ടി എന്ന നിലയിലും മുന്നണിയിലെ പ്രബല ശക്തി എന്ന നിലയിലും ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അർഹിക്കുന്നു (ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അർഹിക്കുന്നത്-പി.കെ അബ്ദുറബ്ബ്, 17 ജനുവരി, മാതൃഭൂമി.കോം).

ഇന്ന് മലപ്പുറം നാളെ കേരളം

ഇന്ന് മലപ്പുറം ജില്ലയിൽ സമ്പൂർണ ആധിപത്യമാണെന്നും മലപ്പുറം ജില്ലകൊണ്ട് കേരളം ഭരിക്കാമെന്നാണ് ലീഗ് കരുതുന്നതെന്ന് എൻ എം പിയേഴ്‌സൺ: യുഡിഎഫിന്റെ വിജയാരവങ്ങൾക്കൊപ്പം നമ്മൾ കേട്ടുകൊണ്ടിരുന്നത് തങ്ങൾക്ക് കൂടുതൽ സീറ്റ് വേണമെന്ന വാദമാണ്. മുസ്ലിം ലീഗ് 30 സീറ്റുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിന് കാരണം മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയിൽ ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷമില്ല. സമ്പൂർണ്ണ ആധിപത്യം ലീഗിലാണ്. മലപ്പുറം ജില്ല കൊണ്ട് കേരളം ഭരിക്കാം എന്നതാണ് മുസ്ലിംലീഗിന്റെ മുദ്രാവാക്യം. കുറഞ്ഞത് 25 എംഎൽഎമാർ ഉണ്ടാവണം എന്നത് പ്ലാൻഎ ആണ്. ലീഗിന്റെ പ്ലാൻ ബി ഉപമുഖ്യമന്ത്രി അടക്കം 7 മന്ത്രിമാർ ഇതെല്ലാം അവർ നടപ്പിലാക്കും (2026ൽ ആരു വരും, എൻ.എം പിയേഴ്‌സൺ, 23 ജനുവരി, യോഗനാദം).

9. എ.കെ ബാലന്റെ വിദ്വേഷ പ്രസ്താവന

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും പല മാറാടുകൾ ആവർത്തിക്കുമെന്നും എ.കെ ബാലൻ (യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും, പല മാറാടുകളും ആവർത്തിക്കും: എ.കെ ബാലൻ, 06 ജനുവരി, റിപ്പോർട്ടർ ടിവി).

എ.കെ ബാലന്റെ പ്രസ്താവന, റിപ്പോർട്ടർ ടിവി വാർത്ത

ബിജെപിയുടെ സ്വരം

ബാലന്റെ ഭാഷക്ക് ബിജെപിയുടെ സ്വരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (‘ബാലന്റെ ഭാഷയ്ക്ക് ബിജെപിയുടെ സ്വരമാണ്’; എ.കെ.ബാലന്റെ ജമാഅത്ത് പരാമർശം വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല, 07 ജനുവരി, മീഡിയ വൺ)

ന്യായീകരിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ബാലൻ ചെയ്തതെന്നാണ് താൻ മനസ്സിലാക്കുന്നത് എന്ന് പറഞ്ഞ് ബാലനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇന്ന് കേരളത്തിൽ വർഗീയ കലാപങ്ങൾ ഇല്ല. എന്നാൽ യുഡിഫ് ഭരണത്തിൽ ഇതായിരുന്നില്ല സ്ഥിതി. മാറാട് കലാപബാധിത പ്രദേശം സന്ദർശിക്കാൻ വേണ്ടി അന്നത്തെ മുഖ്യമത്രി എ കെ ആന്റണി ആർഎസ്എസിന്റെ നിബന്ധനകൾ പാലിച്ച് കുഞ്ഞാലിക്കുട്ടിയെ ഒപ്പം കൂട്ടാതെയാണ് അങ്ങോട്ട് പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു (മാറാട് കലാപം കേരളത്തിന്റെ അനുഭവം; അത് ഓർമ്മിപ്പിക്കുകയാണ് എ.കെ ബാലൻ ചെയ്തത്; ഏതു വർഗീയതയും നാടിന് ആപത്തെന്ന് മുഖ്യമന്ത്രി, 08 ജനുവരി,ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്).

ക്യാപ്റ്റന്റെ വിലാപകാവ്യം

പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു (ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അതൊരു വിലാപകാവ്യം: മറുപടിയുമായി കെ.സി വേണുഗോപാൽ, 09 ജനുവരി, ദീപിക).

വക്കീൽ നോട്ടിസ്

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു. ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വർഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു (എ.കെ.ബാലന്റെ വിവാദ പ്രസ്താവന; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു, 07 ജനുവരി, മനോരമ).

മാപ്പ് പറയില്ലെന്ന് ബാലൻ

തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസ് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പാർട്ടിയെയും തന്നെയും പൊതു സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് പരാതിയെന്നും ബാലൻ പറഞ്ഞു. ഖുർആൻ പരിഭാഷയുമായാണ് അദ്ദേഹം വാർത്ത സമ്മേളനത്തിനെത്തിയത്: താനൊരു ന്യൂനപക്ഷ വിരുദ്ധനാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഈ സംഘടന ഇന്ത്യൻ ഭരണഘടനയേയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്ട്രമാണോ ലക്ഷ്യമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയതിന് ശേഷം വേണമായിരുന്നു നോട്ടീസ് അയക്കാൻ. ഖുർആൻ പരിഭാഷയുമായാണ് അദ്ദേഹം വാർത്ത സമ്മേളനത്തിനെത്തിയത്. ജയിലിൽ പോകേണ്ടി വന്നാൽ ഖുർആൻ വായിച്ച് തീർക്കും. ഖുർആനിൽ മുനാഫിഖുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈമാനുള്ള കമ്മ്യൂണിസ്റ്റാണ് താനെന്നും അദ്ദേഹം പറഞ്ഞു (ഒരു കോടിയുമില്ല, മാപ്പുമില്ല, ജമാഅത്തെ ഇസ്ലാമിക്ക് എ.കെ ബാലന്റെ മറുപടി, 11 ജനുവരി, സിറാജ്).

മാധ്യമങ്ങളെ കുറ്റപ്പെടുത്തി എം.വി ഗോവിന്ദൻ

എ.കെ ബാലനെ തള്ളാതെയും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയുമായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനും ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം ഇസ്ലാം മതത്തിനുമെതിരാണെന്നാണ് ഇക്കൂട്ടരടക്കം പ്രചരിപ്പിക്കുന്നതെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി: തീവ്രവലത്പക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ഉപയോഗിക്കുകയാണ്. മതരാഷ്ട്ര ആശയം പങ്കുവെക്കുന്ന വർഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയാണ്. ജമാഅത്തെ ഇസ്ലാമിയെ സി.പി.എം മുമ്പേ എതിർക്കുന്നതാണ്. ദേശദ്രോഹ നിലപാട് പുലർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ വേണ്ടി വന്നാൽ നിരോധിക്കുമെന്ന് 2014 ജനുവരി 12 ന് സത്യവാങ്മൂലം നൽകിയത് ഉമ്മൻ ചാണ്ടി സർക്കാറാണ്. സമൂഹത്തിലെ വിഷമായ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കണം. മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന യാഥാർഥ്യം സിപിഎം തുറന്ന് കാട്ടും. എ.കെ ബാലൻ മാറാട് കലാപത്തെ കുറിച്ച് പറഞ്ഞത് ഭിന്നിപ്പുണ്ടാക്കില്ലേയെന്ന ചോദ്യത്തിന് മാറാടിനെക്കുറിച്ച് പറഞ്ഞാൽ എന്താണ് പ്രയാസമെന്നും യു.ഡി.എഫ് ഭരണകാലത്താണ് മാറാട് കലാപമെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള വിമർശനം മുസ്ലിം സമുദായത്തിന് എതിരെയെന്ന് വ്യാഖ്യാനിക്കുന്നു – എം.വി ഗോവിന്ദൻ, 11 ജനുവരി, ദീപിക).

സിപിഎം-ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച നടന്നത് തന്റെ വീട്ടിലായിരുന്നു

1996ലെ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം-ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച നടന്നത് തന്റെ തറവാട്ട് വീട്ടിലായിരുന്നുവെന്ന് എംഎഎംഓ കോളജ് അധ്യാപകൻ പി. അബ്ദുൽ ബായിസ് വെളിപ്പെടുത്തി. മാധ്യമം പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറുന്നത്. അക്കാലത്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന അബൂബക്കർ മാസ്റ്ററായിരുന്നു ഇതിന് വേദിയൊരുക്കിയത്. സിപിഎമ്മിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഉമ്മർ മാസ്റ്റർ, ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്ന് കേന്ദ്ര ശൂറ അംഗമായിരുന്ന ടി.കെ അബ്ദുല്ല സാഹിബ്, സംസ്ഥാന സെക്രട്ടറി ആയിരുന്ന ഹക്കീം സാഹിബ്, ഒ. അബ്ദുറഹിമാൻ തുടങ്ങിയവരും പങ്കെടുത്തു. അതുവരെ മണ്ഡലാടിസ്ഥാനത്തിൽ മൂല്യാധിഷ്ഠിതമായി വോട്ട് ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമിയോട് സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിന് പിന്തുണ തേടാനായിരുന്നു ഈ ചർച്ച (‘ബി.ജെ.പിയുടെ ബി ടീമിനെ കേരളത്തിൽ ആവശ്യമില്ല, സി.പി.എം തെറ്റുതിരുത്തണം, പി. അബ്ദുൽ ബായിസ്, 13 ജനുവരി, മാധ്യമം).

ലീഗിന്റെ പാൻ മുസ്ലീമിസം

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യും എന്ന എ.കെ ബാലന്റെ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തെ ന്യായീകരിച്ചു കൊണ്ട് കെ.ടി ജലീൽ ഇടപെട്ടു. ‘ലീഗിന്റെ ‘പാൻ മുസ്ലീമിസം’ വിലപ്പോവില്ല! എന്ന ശീർഷകത്തിലുള്ള കുറിപ്പ് ജനുവരി 13ാം തിയ്യതിയാണ് എഴുതിയത്: ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന് പറഞ്ഞാൽ അതിനർത്ഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുത് എന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണം? ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞുനടക്കുന്നതാണ്. അത് ലീഗ് പ്രചരിപ്പിക്കരുത്. സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ‘മുസ്ലീമിസം’ ചിന്ത സുന്നീ-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണ്. അത് ലീഗ് ഏറ്റെടുക്കരുത് (ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അർത്ഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുത് എന്നാണോ’; ജലീൽ, 13 ജനുവരി, റിപ്പോർട്ടർ).

പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിലെ സമ്പൂർണ കീഴടങ്ങൽ

ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസിനെ തുടർന്ന് എ.കെ ബാലൻ പത്രസമ്മേളനം വിളിച്ച പശ്ചാത്തലത്തിൽ ഡോ. വിഷ്ണു അരവിന്ദ് ജന്മഭൂമിയിലെഴുതിയ ലേഖനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ മുസ്ലീം പ്രീണനം എന്നും ബാലന്റേത് പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിലെ കീഴടങ്ങലാണെന്നും ആക്ഷേപിച്ചു: ഇസ്ലാമിക ഭീകരവാദത്തെയും ജമാഅത്തെ ഇസ്ലാമി, പിഎഫ്‌ഐ തുടങ്ങിയ വർഗീയവാദികളെയും വിമർശിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനൊപ്പം ഹിന്ദുക്കളെയും ആർ.എസ്.എസിനെയും വലിച്ചിഴയ്ക്കുന്ന പതിവാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പിന്തുടരുന്നത്. ‘ആർഎസ്എസിന്റെ ഹിന്ദുത്വമല്ല യഥാർത്ഥ ഹിന്ദു’ എന്നു പറയുന്നവർ, ‘നിങ്ങളുടെ ഇസ്ലാമല്ല യഥാർത്ഥ ഇസ്ലാം എന്നോ നിങ്ങളുടെ ഖുർആൻ അല്ല യഥാർത്ഥ ഖുർആൻ എന്നോ ജമാഅത്തെ ഇസ്ലാമിയ അടക്കമുള്ള സംഘടനകളോട് പറയാറില്ല. അതിനുള്ള ധൈര്യവുമില്ല. വക്കീൽ നോട്ടീസ് അയച്ചു മുട്ടുകുത്തിക്കാൻ നോക്കിയ ജമാഅത്തെ ഇസ്ലാമിയുടെ മുമ്പിൽ നിലത്തിഴയുന്ന പ്രകടനമായിരുന്നു സഖാവ് ബാലൻ കാഴ്ചവച്ചത്. ചുരുക്കത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങി (വോട്ട് ബാങ്ക് നിർണയിക്കുന്ന മനുഷ്യാവകാശങ്ങൾ, 18 ജനുവരി, ജന്മഭൂമി).

ജമാഅത്തെ ഇസ്ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്ന് പാലോളി

എ.കെ ബാലന്റെയും അതേ സമയത്ത് പുറത്തുവന്ന സജി ചെറിയാന്റെ മലപ്പുറം പരാമർശത്തെയും മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി തള്ളി: എ.കെ ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്ലാമിയെയും ആർ.എസ്.എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറഞ്ഞു. ഒരു കാലത്ത് കേന്ദ്രസർക്കാറിന്റെ നയങ്ങളെ എതിർക്കുന്നതിൽ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും ഒരേ നിലപാട് ആയതിനാലാണ് പരസ്പരം സഹകരിച്ചതെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി (ബാലനെയും സജി ചെറിയാനെയും തള്ളി പാലോളി മുഹമ്മദ് കുട്ടി; ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല, 25 ജനുവരി, മാധ്യമം ഓൺലൈൻ)

10. ജമാഅത്തെ ഇസ്ലാമി വിമർശനവും മുസ്ലീം വിമർശനവും

വെള്ളാപ്പള്ളിയുടെ ജമാഅത്തെ ഇസ്ലാമി പരാമർശത്തെക്കുറിച്ച് റിപ്പോട്ടർ ടിവിയിലെ അവതരാകരായ ഡോ. അരുൺകുമാറും സ്മൃതി പരുത്തിക്കാടും തമ്മിലുള്ള തർക്കം ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ധാരണകൾ പുറത്തുകൊണ്ടുവരാൻ സഹായകരമാണ്. അവ താഴെ നൽകുന്നു:

ഡോ. അരുൺകുമാർ

എഡിറ്റർ ഡോ. അരുൺകുമാറിന്റെ പ്രധാന വാദങ്ങൾ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് ഇസ്ലാമോഫോബിയയാകില്ല എന്നതാണ്: ജമാഅത്തെ ഇസ്ലാമി മത രാഷ്ട്ര സംഘടനയും, മുസ്ലീം ലീഗ് മതേതര രാഷ്ട്രീയ പാർട്ടിയുമാണ്. പ്രാദേശികമായി രണ്ടു മുന്നണികളും ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ വർഗീയമായ നിലപാട് കളഞ്ഞവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. ഹുകൂമത്തെ ഇലാഹി എന്ന മതരാഷ്ട്ര നിലപാടിൽ നിന്ന് അവർ മാറിയിട്ടില്ല. എന്നാൽ ലീഗ് ന്യൂനപക്ഷങ്ങളിലെ മതേതര പാർട്ടിയാണ്. മുസ്ലീം ലീഗിനെ വിമർശിച്ചാൽ എങ്ങനെ മുസ്ലീം വിരുദ്ധത ആവും? ബിജെപിയെ വിമർശിച്ചാൽ ഹിന്ദു വിമർശനം ആവില്ലല്ലോ. വെള്ളാപ്പള്ളി പറയുന്ന എല്ലാ കാര്യവും ഏറ്റെടുക്കേണ്ട കാര്യമില്ല എന്നും സിപിഎം പറഞ്ഞു.

സ്മൃതി പരുത്തിക്കാട്

അരുൺ കുമാറിന്റെയും സിപിഎമ്മിന്റെയും നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ: മുസ്ലീം ലീഗ് വർഗീയ പാർട്ടി അല്ല എന്ന് പറയുന്ന സിപിഎം മറ്റ് ചില സമയങ്ങളിൽ വർഗീയ പാർട്ടിയാണെന്ന് പറയും. ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലീം ലീഗിനെ നിയന്ത്രിക്കുന്നതെന്ന് പറയും. സിപിഎം മുസ്ലീം ലീഗിനെ ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വിമർശിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ വർഗീയത കൂടി പറഞ്ഞാൽ പ്രശ്നമാണ് (വെള്ളാപ്പള്ളി വർഗീയത പറഞ്ഞാൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രതികരിക്കേണ്ടേ?, ചർച്ചയിൽ തർക്കം, 7 ജനുവരി 7, ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ റിപ്പോർട്ടർ ലൈവ്)

11. വർഗീയ സഖ്യം

തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്തുകളിൽ വിവിധ സ്ഥിരം സമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തെരെഞ്ഞെടുപ്പിൽ പാർട്ടി അതീതമായി പിന്തുണ ലഭിച്ചത് പല തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങങ്ങൾക്കും കാരണമായി. ഇത്തരം പിന്തുണകളെ യുഡിഎഫിന്റെ ബിജെപിയും എസ്.ഡി.പി.ഐയുമായുള്ള ‘അവിശുദ്ധ കൂട്ടുകെട്ടെ’ന്നാണ് സിപിഐഎം ആരോപിച്ചത്: സംസ്ഥാനത്തെ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പിലും യുഡിഎഫ് ബിജെപിയും, എസ്.ഡി.പി.ഐയും ആയുള്ള ‘അവിശുദ്ധ കൂട്ടുകെട്ട്’ തുടർന്ന് യു.ഡി.എഫ്. നിരവധി പഞ്ചായത്തുകളിൽ ഈ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നു. ദേശാഭിമാനിവാർത്ത പ്രകാരം തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് യുഡിഎഫ്, ബിജെപി, എസ് ഡി പി ഐ സഖ്യം പ്രവർത്തിച്ചത് (സ്ഥിരം സമിതികളിലും യുഡിഎഫിന്റെ വർഗീയസഖ്യം; പാലക്കാട്ട് നാല് പഞ്ചായത്തിൽ മറ്റത്തൂർ മോഡൽ, ജനുവരി 7, ദേശാഭിമാനി).

12. തുരുത്തിയിലെ ഫ്ലാറ്റ് ജിഹാദ്

‘കൊച്ചി കോർപ്പറേഷനും സ്മാർട്ട് സിറ്റി മിഷനും സംയുക്തമായി തയ്യാറാക്കിയ ഭവന പദ്ധതിയാണ് തുരുത്തി ടവർ. കൽവത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കൽവത്തി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രാവർത്തികമായതോടെ ഗുണഭോക്താക്കളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ കുപ്രചാരണങ്ങൾ ആരംഭിച്ചു. ഹിന്ദു ഐക്യവേദിയും കുപ്രചാരണങ്ങളുടെ ഭാഗമായി.

ഹിന്ദു ഐക്യവേദി

തുരുത്തി ഫ്ലാറ്റ് ഒരു മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രചാരണം: കോർപ്പറേഷനിലെ ഒരു മുസ്ലീം ലീഗ് കൗൺസിലറുടെ പിടിവാശി മൂലം മസ്ലീങ്ങളല്ലാത്തവരെ അവിടെ പാർപ്പിക്കാൻ കഴിയുന്നില്ല. ഭവനരഹിതർക്കായി കേന്ദ്ര സഹായത്തോടെ പണിത കോർപ്പറേഷന്റെ ഫ്ലാറ്റ് ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമായുള്ള താവുന്നതെങ്ങനെയെന്ന് കൊച്ചി മേയർ വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി കേരളം സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു ആവശ്യപ്പെട്ടു (കൊച്ചി തുരുത്തി ഫ്‌ലാറ്റ് ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണോ?, 08 ജനുവരി, ഫേസ്ബുക്ക്/ഹിന്ദു ഐക്യവേദി).

തുരുത്തി ഫ്ലാറ്റ്, ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന.

ജന്മഭൂമി വാർത്ത ഇങ്ങനെ:

കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ടും നഗരസഭയും ചേർന്ന് നിർമിച്ച ഭവന സമുച്ചയമാണ് മട്ടാഞ്ചേരി ചേരി താമസക്കാർക്ക് എന്ന മറവിൽ ഒരു വിഭാഗത്തിന് മാത്രം നല്കാൻ നീക്കം നടക്കുന്നത്. തുരുത്തി ഫ്ലാറ്റ് സമുച്ചയം ഒരു വിഭാഗത്തിന് മാത്രം നല്കുന്നതിൽ ദേശ സുരക്ഷ ഏജൻസികളും ആശങ്കയുയർത്തിയിരുന്നു. നിലവിൽ തേവര കോന്തൂരുത്തി കനാൽ വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവർക്കായുള്ള പുനരധിവാസത്തിന് അധികൃതർ തയ്യാറാകണമെന്നാവശ്യവുമുയർന്നിട്ടുണ്ട് (തുരുത്തി ഫ്ലാറ്റ് സമുച്ചയം: ഒരു വിഭാഗത്തിന് നൽകാൻ നീക്കം. പ്രതിഷേധം ശക്തമാകുന്നു, 13 ജനുവരി, ജന്മഭൂമി).

വ്യാജപ്രചാരണങ്ങൾ:

‘സർക്കാരിന്റെ ഫ്ലാറ്റ് സമുച്ചയം ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമോ? കൊച്ചി കോർപ്പറേഷനിലെ തുരുത്തി കോന്തുരുത്തി നിവാസികൾക്കായി പണി കഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ അനുവദിക്കപ്പെട്ട 214 ഫ്ലാറ്റുകളും മുസ്ലീം കുടുംബങ്ങൾക്ക്’ എന്നെഴുതിയ പോസ്റ്റർ ഒരു ലക്ഷത്തിയിരുപതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള ട്രൂ തിങ്കേഴ്സ്, ‘വികസിത കേരളം, ഭാരതീയ ജനതാ പാർട്ടി’ പോലുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്. 34,000 ഫോളോവേഴ്‌സുള്ള ഹിന്ദു ഐക്യവേദിയുടെ ഔദ്യോഗിക പേജിൽ നിന്നും രണ്ടായിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ‘ഫ്ലാറ്റ് ജിഹാദ് ‘ എന്ന കമന്റുൾപ്പെടെ ഒരുപാട് കമന്റുകൾ ഈ പോസ്റ്റിന് കീഴിൽ വന്നിട്ടുണ്ട്. ത്രെഡ്സ് അക്കൗണ്ട് വഴിയും ഈ പോസ്റ്റ് പ്രചരിക്കുന്നു.

ഒബിസി ഫാക്ട് ചെക്കിന്റെ കണ്ടെത്തൽ

ഇത് വ്യാജ പ്രചരണം ആണെന്ന് ഒബിസി ഫാക്ട് ചെക്ക് റിപ്പോർട്ട് ചെയ്തു: 2013 ൽ യുപിഎ സർക്കാർ അംഗീകരിച്ച രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമുള്ള പദ്ധതിയാണ് തുരുത്തി ടവർ. രണ്ട് ടവറുകളിലായി, ഓരോ യൂണിറ്റും 340 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 394 ഫ്‌ലാറ്റുകൾ ആണ് സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരങ്ങളിലെ ചേരി പരിഷ്‌കരണ പദ്ധതി കൊണ്ടുവന്ന മൂന്ന് ഡിവിഷനിൽ ഒന്നാണ് തുരുത്തി. ഇത്, കൽവത്തി ഡിവിഷന്റെ ഭാഗമാണ്. ഈ കോളനികളിൽ താമസിക്കുന്ന ഭൂരിഭാഗം പേരും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിൽ ആ വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി വന്നത്. അതല്ലാതെ മതം നോക്കി വീട് നൽകുകയല്ല ചെയ്യുന്നത്. ഇതിനുവേണ്ട സർവേ നടത്തിയത് കോർപ്പറേഷൻ നിയോഗിച്ച ഏജൻസിയാണ്.

സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം, കോന്തുരുത്തി നിവാസികൾക്കായി കൂടി നിർമ്മിച്ച ഫ്ലാറ്റുകളിൽ അവർക്ക് പ്രവേശനം നൽകുന്നതിന് ചില ‘സ്ഥാപിത മത വർഗീയവാദികൾ’ എതിരുനിൽക്കുന്നു എന്നാണ്. എന്നാൽ കോന്തുരുത്തി നിവാസികളെ പുനരധിവസിപ്പിക്കാനായി പള്ളുരുത്തിയിൽ ഒരേക്കർ 30 സെന്റ് സ്ഥലം പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. അതൊരു സ്വതന്ത്ര പദ്ധതിയാണ്. എന്നാൽ ഇപ്പോൾ പൂർത്തിയായിരിക്കുന്ന തുരുത്തി ടവർ എന്നത് തുരുത്തിയിലെ ചേരി നിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് (തുരുത്തി രാജീവ് ആവാസ് യോജന) (ഭവനപദ്ധതിയുടെ പേരിലും വർഗീയ പ്രചാരണം : മുസ്ലിങ്ങൾക്ക് മാത്രമാണ് വീട് കൊടുത്തത് എന്ന പ്രചാരണത്തിലെ വസ്തുതയെന്ത്?, സ്‌നേഹ എം, 13 ജനുവരി, ഒബിസി ഫാക്ട് ചെക്ക്).

13. തീരദേശ മുസ്ലീം സംവരണവും ഖാൻഗ്രസും

തീരദേശത്തെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സംവരണം ഉണ്ട്. മുസ്ലീം സംവരണത്തിൽ നിന്ന് തീരദേശ മുസ്ലീങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദ് അലി ആവശ്യപ്പെട്ടു (മുസ്ലീം സംവരണത്തിൽ തീരദേശ മുസ്ലിംകൾക്ക് ഉപസംവരണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ.പി നൗഷാദ് അലി, 10 ജനുവരി, മീഡിയാവൺ).

ഇതിനോടുള്ള സംഘപരിവാർ നേതാവ് കെ.പി ശശികല ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഒബിസി സംവരണം! പോരാത്തതിന് (10 മുതൽ 12% വരെ പദവിക്കനുസരിച്ച് ) മുസ്ലീം സംവരണം! ഒപ്പം ന്യൂനപക്ഷ സംരക്ഷണം. ഇതിലൊന്നും തീരദേശത്തെ മുസ്ലീം പെടില്ലേ, ഖാൻഗ്രസ്സേ? തീരദേശത്ത് ഹിന്ദുവിനും കൃസ്ത്യാനിക്കും ഇല്ലാത്ത തിരയും സുനാമിയും മുസ്ലീമിനു മാത്രമായിട്ടുണ്ടോ ഖാൻഗ്രസ്സേ? മുസ്ലീം തോണിയിറക്കിയാൽ ഓടി രക്ഷപ്പെടുന്ന മീനുകളാണോ കടലിലുള്ളത് ഖാൻഗ്രസ്സേ? (11 ജനുവരി, ഫേസ്ബുക്ക്/ കെ.പി ശശികല ടീച്ചർ).

14. ജമാത്തെ ഇസ്ലാമിയും ആർഎസ്എസും വിഷം

ജമാത്തെ ഇസ്ലാമിയും ആർഎസ്എസും വിഷമാണെന്നും കോൺഗ്രസും ലീഗും അവരുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണെന്നും സിപിഎം നേതാവ് എം.വി ഗോവിന്ദൻ: വർഗീയതയും മതവിശ്വാസവും രണ്ടാണ്. വർഗീയവാദികൾ യഥാർത്ഥത്തിൽ വിശ്വാസികളല്ല. വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളെ ചേർത്തുകൊണ്ടുവേണം വർഗീയവാദികൾക്കെതിരെ പോരാടേണ്ടത്. ജമാത്തെ ഇസ്ലാമിയും ആർഎസ്എസും വിഷമാണ്. അവരുടെ ആശയത്തെ പിൻപറ്റി വർഗീയ ധ്രുവീകരണത്തിനുതകുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു (വർഗീയതയും മതവിശ്വാസവും രണ്ടാണ്; വർഗീയതയ്ക്കെതിരെ ജനകീയ മുന്നേറ്റത്തിനൊരുങ്ങി സി.പി.ഐ.എം, 11 ജനുവരി, ഡൂൾ ന്യൂസ്).

15. മൊയ്‌ല്യാർക്ക് മനുഷ്യക്കടത്ത് ഉണ്ടോ?

കേസന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയില് പോയ ഒരു കേരള പൊലീസ് സംഘം വിവേക് എക്‌സ്പ്രസിലാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഇവരുടെ സീറ്റിന് സമീപത്തായി ഏകദേശം 10-14 വയസ്സ് തോന്നിക്കുന്ന കുറച്ച് കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നത് ഇവർ ശ്രദ്ധിച്ചു. കൂടെ ആരുമില്ലെന്ന് മനസിലാക്കി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പല ബോഗികളിലായി ഇനിയും കുട്ടികൾ ഉണ്ടെന്നും പാലക്കാട് റെയില്വേ സ്റ്റേഷനില് ഇറങ്ങുമെന്നും കുട്ടികളല്ലാത്ത രണ്ട് പേർ കൂടെ ഉണ്ടെന്നും കുട്ടികൾ പറഞ്ഞു. എല്ലാവരും ബിഹാറിൽ നിന്നുള്ളവരാണ്. കുട്ടികളുടെ വിവരം ഇവർ പാലക്കാട് പൊലീസിനെ അറിയിച്ചു. ജനുവരി 11ന് ട്രെയിൻ പാലക്കാട് എത്തിയപ്പോൾ കുട്ടികളടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മതിയായ രേഖകളില്ലെന്ന് പോലിസ് പറയുന്നു. കുട്ടികളെ വെൽഫെയർ സെന്ററിലേക്ക് മാറ്റി. മനുഷ്യക്കടത്താണെന്നായിരുന്നു പോലിസ് ആദ്യം ആരോപിച്ചത്. മതപഠനകേന്ദ്രത്തിൽ പഠനത്തിന് വന്നതാണെന്ന് മനസ്സിലായെങ്കിലും സ്ഥാപനത്തിന് ആവശ്യമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു (മതപഠന കേന്ദ്രത്തിന് കുട്ടികളെ കൈമാറിയില്ല; പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു, 09 ഫെബ്രുവരി, ഏഷ്യാനെറ്റ്). കുട്ടികളെ കസ്റ്റഡിയിലെടുത്ത വാർത്ത വ്യാപകമായ തോതിൽ പ്രചരിച്ചു. ഹിന്ദുത്വരാണ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

മതപരിവർത്ത ആരോപണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് മതപരിവർത്തനം നടത്തുന്നതായി സുപ്രീംകോടതി അഭി ഭാഷകൻ അശ്വിനി ഉപാധ്യായ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് ജന്മഭൂമി റിപ്പോർട്ട് ചെയ്തു: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് മതപരിവർത്തനം നടത്തുന്നതായി സുപ്രിംകോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഝാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്ന് യത്തിംഖാനകളിൽ എത്തിച്ച് മതപരിവർത്തനം നടത്തിയതായി അശ്ചിനി ഉപാധ്യായ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കോഴിക്കോട് അണ്ടിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്ന തെന്ന് ഇവർ മൊഴി നൽകി. അംഗീകാരമില്ലാതെയാണ് ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമി പ്രവർത്തിക്കുന്നത് (ഉത്തരേന്ത്യൻ കുട്ടികളെ കേരളത്തിലെത്തിച്ച് മതം മാറ്റുന്നതായി സുപ്രീംകോടതി അഭിഭാഷകൻ, 15 ജനുവരി, ജന്മഭൂമി).

മൊയ്‌ല്യാർക്ക് മനുഷ്യക്കടത്ത് ഉണ്ടോ?

കാന്തപുരത്തെയും അദ്ദേഹം നയിക്കുന്ന കേരള യാത്രയെയും പ്രകീർത്തിച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിനോടുള്ള ഹിന്ദുവിദ്വേഷപ്രചാരക കെ.പി ശശികലയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ഇങ്ങനെയായിരുന്നു: സഖാവേ മൊയ്‌ല്യാര് മനുഷ്യർക്കൊപ്പം തന്നെയാ… പക്ഷേ, മനുഷ്യക്കടത്ത് കൂടി ഉണ്ടെയെന്ന് അന്വേഷിക്കണേ. കുട്ടികളെ കസ്റ്റഡിയിലെടുത്തവാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു ശശികലയുടെ എഴുത്ത് (‘മൊയ്‌ല്യാർക്ക് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണം’; കാന്തപുരത്തെ വീണ്ടും അധിക്ഷേപിച്ച് ശശികല, ജനുവരി 13, മാധ്യമം).

കാന്തപുരത്തെ അധിക്ഷേപിച്ച് ശശികല, മാധ്യമം വാർത്ത

16. ജിഹാദി മുന്നണി

കേരളത്തിലുണ്ടായത് ജിഹാദി കൂട്ടിമുന്നണിയുടെ വിജയമാണെന്ന് ജന്മഭൂമി ലേഖനം. ബംഗാളിലെ രാഷ്ട്രീയത്തെക്കുറിച്ച ലേഖനത്തിലേതാണ് പരാമർശം: സമീപകാലത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് ജിഹാദി കൂട്ടുമുന്നണിയുടെ വിജയമാണ്. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത വർഗീയ മുന്നണിയാണിത്. ഇതുവരെ അവരെ താലോലിച്ചിരുന്ന ഇടത്പക്ഷമെന്നതാണ് അമ്പരപ്പിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, മുസ്ലീം ഏകീകരണം. എട്ടണക്ക് കത്തി വാങ്ങി കുത്തി വാങ്ങി പാകിസ്ഥാൻ എന്ന വിചാരത്തിലാണ് ഇന്ന് മധ്യകേരളത്തിലെ ചില ജില്ലകളിലെ വിചാരധാര. ഖിലാഫത്ത് കാലത്ത് ഊരിയെടുത്ത കത്തിയുമായി വീണ്ടും നിരപരാധികളുടെ രക്തത്തിനായി ഇക്കൂട്ടർ തത്രപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ് ലിമല്ലാത്ത ആരും മുസ്ലിമെന്നോ മുസ്ലിം സംഘടനയെന്നോ ശബ്ദിച്ചുപോയാൽ വർഗീയമാണെന്ന വികൃത മനസ്ഥിതി താലിബാനെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. പ്രീണനക്കാരുടെ സഹായത്താൽ ഈ വിഭാഗക്കാർ വേറെ രാജ്യം വേണമെന്ന് പറയില്ലെന്ന് എന്താണ് ഉറപ്പ് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

17. കോൺഗ്രസിന്റെ പത്ത് ജൻപഥാണ് പാണക്കാട്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലീഗിന്റെ ഔദാര്യത്തിലാണെന്ന് ജന്മഭൂമി ലേഖനം: ലീഗിന്റെ ഔദാര്യമില്ലാതെ ഒരൊറ്റ സീറ്റ് പോലും മലബാർ പ്രദേശത്ത് കോൺഗ്രസിന് സ്വപ്നം കാണാനാവില്ല. നെഹ്‌റു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് വയനാട്ടിലെ പാർലമെന്റ് പ്രാതിനിധ്യം ലീഗിന്റെ ഔദാര്യത്തിലാണ്. ചുരുക്കത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ പത്ത് ജൻപഥ് ആയി മാറിയിരിക്കുന്നു പാണക്കാട്. ലീഗ് നയിക്കുന്ന പഞ്ചവർഗീയ മുന്നണിയുടെ (ജിഹാദ് മുന്നണി എന്ന് വേണമെങ്കിൽ പറയാം) മേൽക്കോയ്മക്ക് പഞ്ചപ്പുഛ മടക്കി വഴങ്ങിക്കൊടുക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദയനീയ സ്ഥിതിയാണ് കേരളത്തിൽ കാണുന്നത് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

അഡ്വ കെ രാംകുമാർ എഴുതിയ ലേഖനം, ജന്മഭൂമി

18. മലപ്പുറത്ത് ഭൂരിപക്ഷ സമുദായക്കാർ ആശങ്കയിൽ

മലപ്പുറം ജില്ലയിലേയും പൊതുവേ വടക്കൻ ജില്ലകളിലേയും ഭൂരിപക്ഷ സമുദായക്കാർ ഇന്ന് ആശങ്കയിലാണെന്ന് ജന്മഭൂമി: മലപ്പുറം ജില്ലയിലേയും പൊതുവേ വടക്കൻ ജില്ലകളിലേയും ഭൂരിപക്ഷ സമുദായക്കാർ ഇന്ന് ആശങ്കയിലാണ്. ക്രിസ്ത്യൻ കുടിയേറ്റക്കാർ ഉപേക്ഷിച്ച് പോകുന്ന ഭൂമി മുഴുവൻ ഒരു പ്രബല സമുദായത്തിന്റെ കയ്യിലായി. ഭൂരിപക്ഷ സമുദായം ഭൂമിയെല്ലാം നഷ്ടപ്പെട്ട് പിന്നോക്കക്കാരായി എന്നോ മാറിക്കഴിഞ്ഞു. ആ അപകർഷത ബോധത്തോടൊപ്പം ലൗ ജിഹാദ് തുടങ്ങിയ ഭീഷണികളും. തങ്ങളുടെ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന ഭയാശങ്ക അവരുടെ മനസ്സുകളെ മഥിക്കുന്നു. ക്രിസ്ത്യൻ സമുദായത്തിനും ഇതേ വികാരമുണ്ട് (ഇതാ ഒരു തെക്കൻ ബംഗ്ലാദേശ്, അഡ്വ. കെ രാംകുമാർ, 11 ജനുവരി, ജന്മഭൂമി).

19. വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണം

കർണാടക സർക്കാർ മോഡലിൽ സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണമെന്ന് മുസ്ലീം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക). 2025 ഏപ്രിൽ 5നും ഡിസംബർ 16നും ഇടക്ക് 60 പ്രാവശ്യമാണ് വെള്ളാപ്പള്ളി മുസ്ലീം വിരുദ്ധ പ്രസ്താവനകൾ ഇറക്കിയത്. കേരളീയ ബഹുസ്വരതക്കെതിരെ ആപൽക്കരമായ വെല്ലുവിളി ഉയർത്തുന്ന വാക് വിലാസത്തെ സരസ്വതി വിലാസമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രഭാഷണം നടത്തിയിട്ടുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ അതിഥിയായി കൊണ്ടുവരാൻ ശ്രമം നടത്തിയതിലൂടെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അദ്ദേഹം അങ്ങേയറ്റം അവമതിക്കുകയാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ പിന്നാക്ക ന്യൂനപക്ഷ മത വിഭാഗങ്ങളാണ് ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതികരിച്ചത്. മുസ്ലിം മത വിദ്വേഷ പ്രചാരണം സാർവത്രികമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയ-സമുദായ-മത നേതാക്കളെ നിരുപാധികം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ഇത് അവസാനിപ്പിക്കമെന്നും മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ.പി.നസീർ ആവശ്യപ്പെട്ടു (സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണം: മുസ്ലീം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ, 11 ജനുവരി, മീഡിയവൺ).

20. പള്ളി അനുമതി

മലപ്പുറം നിലമ്പൂരിൽ പുതിയ മുസ്ലീം പള്ളിക്ക് അനുമതി നിഷേധിച്ചതിൽ കേരള ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി വിമർശിച്ചു. നൂറ് മുസ്‌ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നതിന് എങ്ങനെയെന്നായിരുന്നു ചോദ്യം. കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചുത്. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം നൽകിയ അപേക്ഷ മലപ്പുറം ജില്ലാ കളക്ടർ നിരസിച്ചിരുന്നു. കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലീം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഈ നടപടിക്കെതിരേ സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവച്ചു. ഇതോടെയാണ് അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത് (‘100 പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നതെങ്ങനെ?’; ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രിംകോടതി. 12 ജനുവരി, മീഡിയാവൺ).

21. ഇരുപക്ഷവും ജമാഅത്തെ ഇസ്ലാമിക്ക് പിന്നാലെ

കേരളത്തിലെ ഇരു മുന്നണികളും ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിങ്ങനെയുള്ള മതതീവ്രവാദ സംഘടനകളുടെ പിന്നാലെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം: ഇരു മുന്നണികളും ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിങ്ങനെയുള്ള മതതീവ്രവാദ സംഘടനകളുടെ പിന്നാലെയാണ്. ഇവരുടെ വിഭജന അജണ്ടയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ഓരോ തെരഞ്ഞെടുപ്പിലും ഈ മതവിതീവ്രവാദ സംഘടനകളെ ഇരുമുന്നണികളും ഒപ്പം നിർത്തുന്നതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങൾ കാണുന്നത്. പി.എഫ്‌ഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾക്ക് കേരളത്തെ ഐക്യത്തോടെ നിലനിറുത്താൻ കഴിയുമോ?’ ‘സുരക്ഷിത കേരളം എന്ന സങ്കല്പത്തിന് അണിയറയിൽ പ്രവർത്തിക്കുന്ന അദൃശ്യ ഭീഷണികളാണ് ഇവ. പ്രീണന രാഷ്ട്രീയത്തിൽ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ മറ്റൊരു വിഭാഗത്തോട് അനീതി കാണിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി പ്രീണനത്തിൽ വിശ്വസിക്കുന്നില്ല. മറിച്ച്, എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് ചെയ്യുന്നത് (അമിത് ഷായുടെ വാക്കുകളിൽ ത്രിപുരയുടെ തിരനോട്ടം, 13 ജനുവരി, ജന്മഭൂമി; വികസനം എല്ലാവരിലും എത്താൻ പുതിയ സാമ്പത്തിക മാതൃക, അമിത് ഷാ, 14 ജനുവരി, കേരള കൗമുദി).

22. പോപ്പുലർ ഫ്രണ്ട് ബന്ധവും വ്യാജ ഡിജിറ്റൽ അറസ്റ്റും

തോട്ടട സ്വദേശി റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിനെ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരു തട്ടിപ്പുകാരൻ വിളിച്ചു. ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാർ പറഞ്ഞു. തെളിവായി എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി. അദ്ദേഹം കണ്ണൂർ സിറ്റി സൈബർ പോലീസിനെ അറിയിച്ചു. അവരുടെ ഇടപെടലിനെത്തുടർന്നാണ് തട്ടിപ്പ് പൊളിഞ്ഞത് (പോപ്പുലർ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജരെ പേടിപ്പിച്ചു; വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ വീഡിയോ കോളിൽ; മാനേജരെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാൻ നോക്കി; പക്ഷേ സീൻ മാറി; പൊലീസ് സംഘം വീട്ടിലെത്തി കോൾ അറ്റൻഡ് ചെയ്തപ്പോൾ തട്ടിപ്പുകാർ ഞെട്ടി; കണ്ണൂരിൽ നടന്ന സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!, അനീഷ് കുമാർ, 13 ജനുവരി, മറുനാടൻ മലയാളി).

23. ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ബന്ധം

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ചരിത്രമായി ബന്ധമുണ്ടായിരുന്നു എന്നും അത് ഇപ്പോഴും തുടരുന്നു എന്നും ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഹുസൈൻ രണ്ടത്താണി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘അനുകൂലമായ അവസരം കിട്ടുമ്പോൾ മതരാഷ്ട്രം നിർമിക്കാൻ എന്തുവിലകൊടുത്തും ചാടി വീഴാനാണ് രണ്ടു കൂട്ടരുടെയും പദ്ധതി’യെന്നും അദ്ദേഹം ആരോപിച്ചു: ജമാഅത്തെ ഇസ്ലാമി പലതവണ ആർഎസ്എസുമായി ബന്ധപ്പെടുകയും പരസ്പരം ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് പാർട്ടികളും ഒന്നിച്ചു. ആർഎസ്എസിന്റെ നിലപാടുകളോട് മൃദു സമീപനം സ്വീകരിക്കാൻ തയ്യാറായി. മുസ്ലീം ലീഗും ഇന്ത്യയിലെ മറ്റ് മത സംഘടനകളും ശരിയായ മുസ്ലീങ്ങങ്ങളല്ല എന്നു പറഞ്ഞുകൊണ്ടാണ് ജമാഅത്ത് പ്രവർത്തിച്ചത്. പാകിസ്താൻ ഇസ്ലാം രാജ്യമാവുകയാണെങ്കിൽ ഇന്ത്യ ഹിന്ദു രാജ്യമാകുന്നതിനെ വിമർശിക്കേണ്ടതില്ല എന്ന് ജമാഅത്ത് നേതാവ് പ്രസ്താവിച്ചിരുന്നു. ആർഎസ്എസിന് നേരിട്ട് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനാകാത്തതിനാലാണ് ബിജെപിയെ പടച്ചത്. ഇതുപോലെ ജമാഅത്തിന് നേരിട്ട് രാഷ്ട്രീയത്തിൽ ചേരാൻ കഴിയാത്തതുകൊണ്ട് അവർ വെൽഫെയർ പാർട്ടിയെ ഗോദയിലിറക്കി. അനുകൂലമായ അവസരം കിട്ടുമ്പോൾ മത രാഷ്ട്രം നിർമിക്കാൻ എന്തുവിലകൊടുത്തും ചാടി വീഴാനാണ് രണ്ടു കൂട്ടരുടെയും പദ്ധതി. 2023 ജനുവരി 14-ന് ന്യൂഡൽഹിയിൽ വെച്ച് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആർഎസ്എസ് നേതൃത്വവുമായി ചർച്ചകൾ നടത്തി. മതേതരത്വത്തിനെതിരെ ഇസ്ലാം ഭരണം സ്ഥാപിക്കാൻ പൊരുതുന്നില്ലെങ്കിൽ ആ രാജ്യത്ത് ശ്വാസം വലിക്കുന്നത് പോലും മുസ്ലിമിന് ഹറാമാണ് എന്ന് പ്രഖ്യാപിച്ചവരാണ് ജമാഅത്തുകാർ (ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ബന്ധം, 13 ജനുവരി, ഫേസ്ബുക്ക്/ ഹുസൈൻ രണ്ടത്താണി).

24. മലപ്പുറവും പാകിസ്താനും മാപ്പിളസ്ഥാന്റെ പുനഃസ്ഥാപനവും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ഏറെ കാലമായി അന്തരീക്ഷത്തിലുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്രയിലും ഇത് ചർച്ചയായി. ജില്ലാ വിഭജനം കേവലം മതത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു: (‘മലപ്പുറം വിഭജിക്കണം, കേവലം മതപരമായി ഇതിനെ കാണരുത്: കാന്തപുരം എ.പി വിഭാഗം’ , 08 ജനുവരി, ഡൂൾ ന്യൂസ്)

മലപ്പുറം ജില്ലയിൽ എസ്എൻഡിപിക്ക് ഒരു സ്ഥാപനവുമില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനും ഖലീൽ തങ്ങൾ മറുപടി നൽകി. എസ്.എൻ.ഡി.പി അപേക്ഷ സമർപ്പിച്ച ശേഷം അവർക്ക് അർഹതയുളളത് കൊടുത്തില്ലെങ്കിൽ സർക്കാർ അത് കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് ഒരു എയ്ഡഡ് സ്‌കൂൾ പോലും ഇല്ലാത്തവരാണ് എ.പി അബൂബക്കർ വിഭാഗമെന്നും ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാൻ സർക്കാർ ധവളപത്രം പുറത്തിറക്കട്ടെയെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മാപ്പിളസ്ഥാന്റെ പുനസ്ഥാപനം

ഇതു കുറിച്ച് അഡ്വ. എ ജയശങ്കറുടെ പരാമർശം ഇങ്ങനെ: ഇന്ത്യയിൽ നിന്ന് പാകിസ്താൻ ഉണ്ടാക്കിയ പോലെയാണ് മലപ്പുറം ഉണ്ടാക്കിയത്’. മലപ്പുറം മാപ്പിളസ്ഥാന്റെ പുനസ്ഥാപനമാണ്. മലപ്പുറം വിഭജിക്കാനുള്ള ആവശ്യം കേരളത്തിൽ രണ്ട് മുസ്ലീം ഭൂരിപക്ഷ ജില്ല ഉണ്ടാക്കാനുള്ള മുസ്ലീം യാഥാസ്ഥിതികരുടെ ശ്രമമാണ് (മലപ്പുറം പാകിസ്താൻ പോലെ ഉണ്ടാക്കിയ ജില്ല. രൂപീകരിക്കപ്പെട്ടത് മതാടിസ്ഥാനത്തിൽ, 13 ജനുവരി, ചന്ദ്രിക).

25. ജസ്‌ന സലിം എന്ന മുസ്ലീം ജിഹാദി

ജസ്ന സലിം ക്ഷേത്രങ്ങളിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് പലപ്പോഴും വിവാദത്തിന് കാരണമായിട്ടുണ്ട്. അത്തരമൊരു വിവാദം ഉയർന്നുവന്ന സമയത്ത് സംഘപരിവാർ നേതാവ് അഡ്വ. കൃഷ്ണരാജിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് നോകാപ്പ് പങ്കുവച്ചു: ജസ്‌ന സലിം എന്ന ഒരു മുസ്ലീം ജിഹാദി ക്ഷേത്രങ്ങളിൽ കയറി വീഡിയോ ഷൂട്ട് നടത്തി ഹിന്ദു സമാജത്തെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കുന്നു. അധികം വൈകാതെ ഇവൾ ഹൈന്ദവ വിശ്വാസികളുടെ കയ്യുടെ ചൂട് നല്ലത് പോലെ അറിയാൻ സാധ്യത ഉണ്ട്. ഹിന്ദു സമാജത്തിലെ ചുണക്കുട്ടികൾ ഇവളുടെ വീട്ടിൽ കയറി അറിയിക്കുന്ന ചടങ്ങ് വേണ്ടി വന്നേക്കാം (13 ജനുവരി, ഫേസ്ബുക്ക്/ നോകാപ്പ്)

26. യുഡിഎഫിന് തുണ വർഗീയത

ആറര ദശാബ്ദമായി കേരളത്തിൽ ജാതി-മത രാഷ്ട്രീയക്കാരെ പരമാവധി ഒപ്പം നിർത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയി നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ദേശാഭിമാനി ലേഖനത്തിൽ എ. വിജയരാഘവൻ: മലപ്പുറം ജില്ലയിൽപ്പോലും പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് വോട്ടു വർധിക്കുകയുണ്ടായി. പുരോഗമന ചേരിയെ പരാജയപ്പെടുത്താനാണ് യുഡിഎഫും തീവ്ര ഹിന്ദുത്വ ശക്തികളായ ബിജെപിയും ഒത്തൊരുമിച്ച് പ്രവർത്തിച്ചത്. ആറര ദശാബ്ദമായി കേരളത്തിൽ ജാതി-മത രാഷ്ട്രീയക്കാരെ പരമാവധി ഒപ്പം നിർത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോയി നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത് (യുഡിഎഫിന് തുണ വർഗീയത, എ. വിജയരാഘവൻ, ലേഖനം, 13 ജനുവരി, ദേശാഭിമാനി).

കോൺഗ്രസ്സിന്റെ വർഗീയ ബന്ധം

ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും നേരിട്ട് സഖ്യമുണ്ടാക്കിയുമുള്ള കോൺഗ്രസിന്റെ ഞാണിന്മേൽ കളിയാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയെന്ന് ദേശാഭിമാനി ലേഖനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ ആരോപണമുന്നയിച്ച് കോൺഗ്രസിന്റെ ആർഎസ് എസ് ബന്ധം മറയ്ക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷ നേതാവും കൂട്ടരും (പ്രതിപക്ഷ നേതാവിന്റെ വ്യാജ ആരോപണം തിരിച്ചടിക്കുന്നു കോൺഗ്രസ് വർഗീയ ബന്ധം സജീവ ചർച്ച, 14 ജനുവരി, ദേശാഭിമാനി)

27. ചാനൽ പൂട്ടിച്ച് വിസ്ഡം ഇസ്ലാമിസ്റ്റുകൾ

മതം ഉപേക്ഷിച്ച വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ‘എക്‌സ്-മുസ്ലിംസ് ഓഫ് കേരള’ എന്ന സംഘടനയുടെ പ്രസിഡന്റാണ് ലിയാക്കത്തലി. കടുത്ത മത വിമർശകനായ അദ്ദേഹത്തിന്റെ ‘ലിയാക്കത്തലി സിഎം’ എന്ന യൂട്യൂബ് ചാനൽ യുട്യൂബ് പൂട്ടി. ഇതിന് ഏകദേശം 1.6 ലക്ഷം സബ്സ്‌ക്രെബർമാരുണ്ടായിരുന്നു. കൂടാതെ 5.58 കോടിയിലധികം കാഴ്ചക്കാരുമുണ്ട്. ശാസ്ത്രീയമായ കാഴ്ചപ്പാടും യുകതിചിന്തയും വളർത്തിയെടുക്കാനുള്ള ഭരണഘടനാപരമായ ദൗത്യമാണ് താൻ ചെയ്യുന്നതെന്ന് ലിയാക്കത്ത് വാദിക്കുന്നു.

ഇതിനെതിരേ ലിയാക്കത്തലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയതു. അതേ കുറിച്ച് മറുനാടൻ മലയാളിയുടെ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ‘മറുപടിയില്ലായതോടെ ചാനൽ പൂട്ടിച്ച് വിസ്ഡം ഇസ്ലാമിസ്റ്റുകൾ’. വാർത്ത തുടരുന്നു: ലിയാക്കത്തിന്റെ വിമർശനം താങ്ങാനാവാതിരുന്ന മതവാദികളാണ് പണി കൊടുത്തത്. എതിരാളികൾ പറയുന്ന ഭാഗം എടുത്ത് കാണിച്ച് അതിനു മറുപടി പറയുന്ന രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് കോപ്പി റൈറ്റ് സ്‌ട്രൈക്ക് വന്നത്. യൂട്യൂബിന്റെ നയമനുസരിച്ച്, 90 ദിവസത്തിനുള്ളിൽ ഒരു ചാനലിന് മൂന്ന് കോപ്പിറൈറ്റ് സ്ട്രൈക്കുകൾ ലഭിച്ചാൽ, പ്രശ്‌നമാണ്. ലിയാക്കത്തലിക്ക് എട്ട് സ്ട്രൈക്കുകൾ ലഭിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം സംബന്ധിച്ച ഗൗരവമുള്ള കേസാണ് ഇതെന്ന് മറുനാടൻ എഴുതുന്നു (മറുപടിയില്ലായതോടെ ചാനൽ പൂട്ടിച്ച് വിസ്ഡം ഇസ്ലാമിസ്റ്റുകൾ; സ്വതന്ത്രചിന്തകൻ ലിയാക്കത്തലി സി.എം ഹൈക്കോടതിയിൽ; കേന്ദ്ര സർക്കാരിനും ഗൂഗിളിനും നോട്ടീസ്; തുടക്കം കുറിച്ചത്, കോപ്പി റൈറ്റ് സ്‌ട്രൈക്ക് വിവാദത്തിൽ നിർണ്ണായകമാവുന്ന കേസിന്, എം. റിജു, 14 ജനുവരി, മറുനാടൻ മലയാളി).

മറുനാടി മലയാളി പ്രസിദ്ധീകരിച്ച വാർത്ത

എന്നാൽ വിസ്ഡം സ്റ്റുഡന്റ്സ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗമായ അബ്ദുല്ല ബാസിൽ ആരോപണം നിഷേധിച്ചു. ഏതെങ്കിലും റിയാക്ഷൻ വിഡോകൾക്ക് നേരെയോ മറുപടികൾക്ക് നേരെയോ ഒരു നടപടിയും എടുത്തിട്ടില്ല . യൂട്യൂബ് തന്നെ റിയാക്ഷന് വീഡിയോകൾ വിലക്കുന്നില്ല. എന്നാൽ ഞങ്ങളുടെ ഡയലോഗ് ടിവി എന്ന യൂട്യൂബ് ചാനലിലെ വീഡിയോകൾ; ഒരു റിയാക്ഷനോ മറുപടിയോ ഇല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും വക്രീകരിച്ചും ഷോർട്ട്സ് ആക്കി പ്രചരിപ്പിച്ചു. ഒരു വിസ്ഡം പ്രവർത്തകൻ നേരിട്ട് ലിയാക്കത്ത് അലിയെ വിളിച്ച് വക്രീകരണം നിർത്തണം എന്നാവശ്യപ്പെട്ടിട്ടും അത് തുടർന്നു. ഇത് തുടരുന്ന സാഹചര്യത്തിൽ യൂട്യൂബിന് ചില ഷോർട്ട് വീഡിയോകൾ സംബന്ധിച്ച് പരാതി നൽകുക മാത്രമാണ് ചെയ്തത്. പോളിസി വയലേഷൻ നടത്തിയതിനാൽ യൂടൂബ് തന്നെ ലിയാകത്ത് അലിയുടെ വീഡിയോ ചാനല് റദ്ദാക്കുകയാണ് ഉണ്ടായത്. യൂട്യൂബ് തങ്ങളുടെ പരാതിയിന്മേൽ ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്നു എന്നറിഞ്ഞപ്പോൾ വക്രീകരിച്ച ക്ലിപ്പുകൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്ത്, കാര്യം വിശദീകരിച്ചാൽ പരാതി പിൻവലിക്കാൻ തയാറാണെന്ന് ലിയാക്കത്ത് അലിക്ക് ഡയലോഗ് ടിവി ഇമെയിൽ മുഖേന വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചത് കൊണ്ടാണ് പരാതിയുമായും നിയമപരമായും മുന്നോട്ടുപോകേണ്ടി വന്നത് (അബ്ദുല്ല ബാസില്,സി പി , തുറന്ന ചര്ച്ച, അൻമാസ്കിംഗ് അനൊമലീസ് യൂടൂബ് ചാനല് , ഫെബ്രുവരി 12).

28. കേരള കുംഭമേളയും പ്രചാരണങ്ങളും

ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ തിരുന്നാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് മഹാമാഘ മഹോൽസമെന്ന പേരിൽ കുംഭമേള നടന്നു. ജൂന അഘാടയുടെ മേധാവിയായ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയാണ് കേരളത്തിന്റെ കുഭമേളയെന്ന് പേരിട്ട ഉൽസവത്തിന് നേതൃത്വം നൽകിയത്. അനുമതിയില്ലാതെ പുഴയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി. പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തി യന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് തിരുന്നാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകിയത് (കേരള കുംഭമേള’ ഭാരതപ്പുഴയിലെ താത്കാലിക പാലം നിർമാണം തടഞ്ഞ് റവന്യൂവകുപ്പ്, ആര് തടഞ്ഞാലും പരിപാടി നടത്തുമെന്ന് സംഘ്പരിവാർ, 14 ജനുവരി, മാധ്യമം).

ജനുവരി 11 നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വീണ്ടും നിർമ്മാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പൊലീസും എത്തി നിർമ്മാണം നിർത്തിവെക്കണമെന്ന് നിർദേശിച്ചു. പാലം നിർമാണത്തിന് അനുമതിതേടി സംഘാടക സമിതി നവംബർ 14-ന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമാണം ആരംഭിച്ചതത്രെ.

മതതീവ്രവാദികളുടെ കൈയ്യടി നേടാൻ

മതതീവ്രവാദികളുടെ കൈയ്യടി നേടാനാണ് സർക്കാർ നിർമാണപ്രവർത്തനം തടഞ്ഞതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു ആരോപിച്ചു: മഹാമാഘ മഹോത്സവം തടഞ്ഞ സർക്കാർ നടപടി സർക്കാരിന്റെ ഹിന്ദു വിരുദ്ധ മനോഭാവത്തിൽ നിന്നുണ്ടായതാണ്. ഹിന്ദുക്കൾ ഒരുമിച്ച് വരുന്നതിനെ സർക്കാർ ഭയക്കുകയാണ്. മത തീവ്രവാദികളുടെ കൈയ്യടി നേടാനാണ് സർക്കാർ ഈ ജനാധിപത്യ വിരുദ്ധമായ നടപടി സ്വീകരിച്ചത്. കേരളത്തിൽ ഹിന്ദുക്കളെ രണ്ടാം തരം പൗരൻമാരായിട്ടാണ് കണക്കാക്കുന്നത്. അവരുടെ ആരാധനാലയങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഇവിടെ നിത്യേന ധ്വംസിക്കപ്പെടുകയാണ്. ഹിന്ദുക്കൾ ചെറുത്ത് നിൽപിന്റെ പാതയിൽ വന്നാലേ നി നിലനിൽക്കാനാവൂ (14 ജനുവരി, ഫേസ്ബുക്ക്/ ആർ.വി ബാബു).

ശംഖ് മാറ്റി ആയുധം എടുപ്പിച്ചാൽ

ഗിരീഷ് കണ്ണൻ എന്ന ഹാൻഡിൽ എഴുതുന്നു: സനാതന ധർമ്മം കഷ്ടത്തിൽ ആകുന്ന ഘട്ടത്തിൽ ഇവർ ഇറങ്ങും ആയുധമേന്തി. ഈ ശംഖ് മാറ്റി ആയുധം എടുപ്പിച്ചാൽ പിന്നെ നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല അതോർമ്മവേണം മഹാ മാഘ മഹോത്സവം നിശ്ചയിച്ച സ്ഥലത്തു നിശ്ചയിച്ച സമയത്തു നടക്കും വോട്ട് ബാങ്ക് കണ്ടു പിണറായി തുള്ളാൻ നിന്നാൽ അതിനെ മറികടക്കാനുള്ള ശേഷി കേരളത്തിലെ ഹിന്ദു സമൂഹം ആർജിച്ചിട്ടുണ്ട് ഹർ ഹർ മഹാദേവ് (17 ജനുവരി, ഫേസ്ബുക്ക്/ ഗിരീഷ് കണ്ണൻ).

നോളജ് സിറ്റിയുടെ കാര്യത്തിൽ ഇടപെട്ടില്ല

മലപ്പുറത്ത് കുംഭമേള നിർത്തണമെന്ന് പറഞ്ഞ ആരും നോളജ് സിറ്റിയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ജനം ടിവി ചർച്ചയിൽ ആരോപിച്ചു: ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ലാതെയാണ് നോളജ് സിറ്റി പണിതത്. അനുമതിയില്ലാതെയാണ് അവിടെ പാലങ്ങൾ പണിതത്. നദികളുടെ ഒഴുക്ക് തടഞ്ഞു. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഒരു അനുമതിയുമില്ലാതെയാണ് അവിടെ ഭീമാകാരമായ കെട്ടിടങ്ങൾ പണിതത്. മലപ്പുറത്ത് കുംഭമേള നിർത്തണമെന്ന് പറഞ്ഞ ആരും നോളജ് സിറ്റിയുടെ കാര്യത്തിൽ ഇടപെടുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും സനാതനധർമത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പുഴ വൃത്തിയാക്കിയതിനാണ് മലപ്പുറത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. പുഴയും വായുവും എല്ലാം ശുദ്ധമായിരിക്കുക എന്നത് സനാതന ധർമത്തിന്റെ ഭാഗമാണ്. അതില്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത് (‘നദികളുടെ ഒഴുക്ക് തടഞ്ഞു, പാലങ്ങൾ പണിതു, ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ല’; നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി, 17 ജനുവരി, മീഡിയവൺ ഓൺലൈൻ)

കുംഭമേളയും മുസ്ലീങ്ങളും

കുംഭമേളയുമായി ബന്ധപ്പെട്ടുണ്ടായ കുപ്രചാരണങ്ങളെക്കുറിച്ച് ശരീഫ് പാലോളി എഴുതിയ ലേഖനത്തിൽനിന്ന്. കേരളം കടന്ന് ഉത്തരേന്ത്യ വരെ മലപ്പുറം വില്ലൻ വേഷത്തിൽ അവതരിപ്പിക്കപ്പെട്ടു. മലപ്പുറത്തെ കുംഭമേള തടഞ്ഞു എന്നായിരുന്നു ആദ്യ വാർത്ത. മലപ്പുറത്തെ മുസ്ലീങ്ങൾക്ക് വേണ്ടി കുംഭമേള തടയുന്നു എന്നായി പിന്നീട്. മലപ്പുറത്തുകാരുടെ തന്തമാർ വിചാരിച്ചാലും കുമ്പമേള മുടക്കാൻ ആവില്ലെന്ന് ഒരു സ്വാമി പ്രഖ്യാപിച്ചു (മലപ്പുറം കുംഭമേളയും നുണ കുംഭങ്ങളും മുസ്ലീങ്ങളും, ശരീഫ് പാലോളി, 19 ജനുവരി, ഡൂൾ ന്യൂസ്)

മുസ്ലീങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടുന്നു

കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു. എന്നാൽ കുംഭമേളയിൽ പങ്കെടുത്തില്ലെന്ന് ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ: കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു. എന്തുകൊണ്ട് പിണറായി വിജയനും വി.ഡി സതീശനും തിരുനാവായ മണപ്പുറത്തെ കുംഭമേളയിൽ പങ്കെടുക്കുന്നില്ല? ഈ രണ്ട് മതേതരന്മാരും മതനിരപേക്ഷതയെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നവരല്ലേ? അങ്ങനെയെങ്കിൽ കുംഭമേളയിലും ഇവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തേണ്ടതായിരുന്നില്ലേ? കേരളത്തിലെ എൽഡിഎഫിനും യുഡിഎഫിനും മുസ്ലീങ്ങളെ പരമാവധി പ്രീണിപ്പിച്ച് വോട്ട് നേടുകയെന്ന ഒറ്റ അജണ്ടയേയുള്ളൂ. ഹിന്ദുക്കൾ ജന്തുക്കളായത് കൊണ്ട് അവരെ മാറ്റിനിർത്തിയാലും തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യുമെന്ന് വിജയനും സതീശനും അറിയാം. ഈ അടിമത്വത്തിൽ നിന്നും ഹിന്ദുഎന്ന് സ്വയം മോചിക്കുന്നുവോ അന്നേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ (ജനുവരി 25, ഫേസ് ബുക്ക് പോസ്റ്റ്/ അനിൽ നമ്പ്യാർ)

29. മതവും രാഷ്ട്രീയവും ഒന്നിക്കുന്നു

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഏറ്റ പരാജയത്തിന് പിന്നാലെ വന്ന മാതൃഭൂമി എഡിറ്റോറിയൽ ലിബറൽ ഇടതുപക്ഷത്തിനും സിപിഎമ്മിനും ഇടയിൽ അകൽച്ച വന്നിട്ടുണ്ടെന്നും അതിന്റെ കാരണങ്ങൾ എന്താണെന്നും പരിശോധിക്കുന്നു. മതവും രാഷ്ട്രീയവും വേർതിരിച്ചു നിർത്താൻ ഇടതുപക്ഷം മറന്നുവെന്നാണ് എഡിറ്റോറിയലിന്റെ ആരോപണം: അയ്യപ്പൻ വിളക്കുപോലുള്ള ഉൽസവങ്ങൾക്ക് സഹായം ചെയ്ത് തീവ്രവലതുപക്ഷത്തിന് വളരാനുള്ള കളമൊരുക്കി. പാർട്ടിതന്നെ മുൻകൈയെടുത്ത് നടത്തിയ ഇടങ്ങളിൽപ്പോലും ഈ മാറ്റം സംഭവിച്ചത് മനസ്സിലാക്കാൻ സിപിഎമ്മിനായില്ല. അംഗങ്ങൾക്കിടയിൽപ്പോലും വർഗീയത പറയുന്നവരുണ്ടായി. വർഗീയകലാപങ്ങളില്ലാത്ത കേരളം ഉറപ്പാക്കാൻ കാണിക്കുന്ന ജാഗ്രത, മത വർഗീയ ശക്തികൾക്ക് വളരാനിടം കൊടുക്കാതിരിക്കുന്നതിലും കാണിക്കേണ്ടതുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ പ്രീണനങ്ങളല്ല കറകളഞ്ഞ മതനിരപേക്ഷതയാണ് ഇടതുപക്ഷത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് (വേരുറപ്പിക്കുന്ന വൈരുധ്യം, 15 ജനുവരി, എഡിറ്റോറിയൽ, മാതൃഭൂമി).

30. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തീവ്രവാദ കേന്ദ്രങ്ങളോ?

‘വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന തങ്ങളുടെ വിദ്യാർഥികൾ യുണൈറ്റഡ് അറബി എമിറേറ്റ്‌സ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർത്ത അതീവ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പഠനം നടത്താൻ സ്‌കോളർഷിപ്പ് നൽകുന്ന യൂണിവേഴ്സിറ്റികളുടെ പട്ടികയിൽനിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയതാണ് ചർച്ചാവിഷയമായത്. യുഎസ്, ഓസ്‌ട്രേലിയ, ഇസ്രായേൽ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളെ ഉൾപ്പെടുത്തിയും യുകെയിലെ യൂണിവേ സിറ്റികളെ ഒഴിവാക്കിയുമുള്ള പട്ടിക കഴിഞ്ഞ ജൂണിലാണ് യു.എ.ഇ പ്രസിദ്ധീകരിച്ചത്.

ഇതേ കുറിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തീവ്രവാദ കേന്ദ്രങ്ങളോ എന്ന പേരിൽ ദീപിക പത്രം എഡിറ്റോറിയൽ എഴുതി. യുകെയിലെ സർവകലാശാലകളിൽ തീവ്ര ഇസ്ലാമികവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടന്നും അവരുടെ സ്വാധീനത്തിൽപ്പെട്ട് തങ്ങളുടെ കുട്ടികൾ തീവ്രവാദത്തിൽ ആകൃഷ്ടരാകുമെന്നും അത് ഭാവിയിൽ തങ്ങളുടെ രാജ്യത്തിനുതന്നെ ഭീഷണിയാകുമെന്നുമുള്ള ഭയമാണു ഈ ഒഴിവാക്കലിന് കാരണമെന്നാണ് ദീപികയുടെ നിഗമനം. യുകെയിലെ യൂണി വേഴ്സിറ്റികളിൽ സർക്കാർ ചെലവിൽ വിദ്യാർഥികളെ അയച്ച് അവരെ തീവ്ര-ഭീകരവാദികളാക്കേണ്ട എന്നാണ് യുഎഇയുടെ നിലപാട്.

ഇസ്രയേൽ-ഗാസ യുദ്ധത്തിനുശേഷം നടന്ന വിദ്യാർത്ഥി പ്രകടനങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരുന്നെന്നും അരാജകവാദികളും ഇടതുപക്ഷ തീവ്രവാദികളും ഇസ്ലാമിക ഭീകരസംഘടനാ പ്രവർത്തകരും ഒക്കെയായിരുന്നു അവരിൽ പലരുമെന്നും എഡിറ്റോറിയൽ ആരോപിക്കുന്നു: ഗാസയിലെ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു വിങ്ങിപ്പൊട്ടുന്ന അവർക്ക് നൈജീരിയയിലും ഇസ്രയേലിലെ നോവ ഫെസ്റ്റിവലിലും ഓസ്‌ട്രേലിയയിലെ ബോണ്ടി തീരത്തും ഇസ്ലാമിക ഭീകരർ കൊന്നുതള്ളിയ കുട്ടികളുടെ പേരറിയില്ല. ഉമർ ഖാലിദിനുവേണ്ടി സ്വരമുയർത്തുന്ന സൊഹറൻ മാംദാനിക്ക് ബംഗ്ലാദേശിൽ കൊല്ലപ്പെട്ട യോഗേഷ് ചന്ദ്ര റോയിയുടെ പേരറിയില്ല. ഇതെന്തൊരു ബ്രദർഹുഡ് എന്നു നിഷ്പക്ഷമതികളായ മനുഷ്യർ ചോദിച്ചുപോകും (ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തീവ്രവാദ കേന്ദ്രങ്ങളോ, 15 ജനുവരി, ദീപിക എഡിറ്റോറിയൽ).

31. മുസ്ലീങ്ങൾ ഭരതനാട്യം പഠിക്കരുത്

മുസ്ലീങ്ങൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പന പഠിക്കരുതെന്നും ശഠിക്കുന്നവർ ഇന്നുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് 64- ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: കലാകാരരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്കു കൊണ്ടുവന്നത് കലകളാണ്. കലോത്സവങ്ങൾ അതിന് സഹായിച്ചു. മുസ്ലീങ്ങൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പന പഠിക്കരുതെന്നും ശഠിക്കുന്നവർ ഇന്നുമുണ്ട്. സിനിമയിലെ കഥാ പാത്രങ്ങൾക്ക് ജാനകിയെന്നും സീതയെന്നും പേരിടാൻ കഴിയാത്തെ നിലയായി (കലയുടെ സ്വഭാവം മാറിയത് ഫ്യൂഡലിസം അവസാനിച്ചപ്പോൾ: മുഖ്യമന്ത്രി, 15 ജനുവരി, മാതൃഭൂമി).

32. മലപ്പുറം കൊണ്ട് കേരളം ഭരിക്കാമെന്നത് ലീഗിന്റെ അഹങ്കാരം

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും സാമുദായിക പ്രീണനവുമാണ് ഉണ്ടായതെന്നും ചില പ്രത്യേക സമുദായങ്ങൾ കിട്ടിയ വകുപ്പുകൾ അവരുടെ സാമ്രാജ്യമാക്കി മാറ്റിയെന്നും അഡ്വ. ജയശങ്കർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എൻഡിപി യോഗം മുഖപത്രം യോഗനാദത്തിൽ എഴുതിയ ലേഖനത്തിലാണ് ഈ പരാമർശമുള്ളത്:

2026ലെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരള ജനതയുടെ മുന്നിൽ ഉയർന്നുവരുന്ന സൈൻബോർഡിൽ തെളിയുന്നത് എന്താണ്? കേരളം മുസ്ലീം ഭരണത്തിലേയ്ക്ക്. നേരത്തെനാം കേട്ട ഒരു വർത്തമാനം ഇങ്ങനെയായിരുന്നു. ‘തിരുവനന്തപുരം കാവിയായി’, അപ്പോൾ മലപ്പുറം പച്ചയായോ?’ തിരുവനന്തപുരത്തെ കാവിയാക്കുന്നതും മലപ്പുറത്തെ പച്ചയാക്കുന്നതും വർഗീയ വായനയാണ്. ആ വായനയുടെ എക്സ്റ്റൻഷൻ ആണ് കേരളം മുസ്ലീങ്ങൾ ഭരിക്കും എന്നത്. മലപ്പുറം കൊണ്ട് കേരളം ഭരിക്കാം എന്നത് മുസ്ലീം ലീഗിന്റെ അഹങ്കാരമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 12 ലക്ഷം വോട്ടിന്റേതാണ്. അതിൽ ആറ് ലക്ഷവും മലപ്പുറത്താണ്. ബാക്കി 13 ജില്ലകളിലും കൂടി 6 ലക്ഷം. ഇതുകൊണ്ട് മാത്രം യുഡിഎഫ് അധികാരത്തിൽ വരണമെന്നില്ല. സ്വാഭാവികമായും എൽഡിഎഫിന്റെ ഒരു പ്രചാരണം വർഗീയ ധ്രുവീകരണത്തിലേക്ക് മാറാം. കേരളം ഭരിക്കാൻ പോകുന്നത് മുസ്ലീംലീഗാണ് എന്നത് തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കായാൽ തെരഞ്ഞെടുപ്പ് ഫലം മാറാം. പി.എം.എ സലാം പറയുന്നതു പോലെ സിപിഎം വർഗീയ പാർട്ടിയായാൽ, മുസ്ലീംലീഗിന് ഭരണമുണ്ടാകാൻ സാധ്യത കുറവാണ്. സമുദായ സംഘടനകൾ കേരളം ഭരിക്കുന്നത് കേരളത്തിന് ഇഷ്ടമല്ല.

33. ഒരു വർഗീയതയോടും മൃദുസമീപനം പാടില്ല

എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ വർഗീയതയ്‌ക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും ഒരു വർഗീയതയോടും മൃദുസമീപനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, കാന്തപുരം എ.പി അ ബൂബക്കർ മുസല്യാരുടെ നേത്യത്വത്തിൽ കേരള മുസ്ലിം ജമാത്തത്ത് സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (കേരള മുസ്ലീം ജമാഅത്തിന്റെ കേരളയാത്രയ്ക്ക് സമാപനം. ഒരു വർഗീയതയോടും മൃദുസമീപനം പാടില്ല: മുഖ്യമന്ത്രി, 17 ജനുവരി, മനോരമ).

ന്യൂനപക്ഷവർഗീയതകൊണ്ട് ഭൂരിപക്ഷവർഗീയതകൊണ്ട് നേരിടാനാവില്ല

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടുന്നത് ആത്മഹത്യാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി വർഗീയസംഘർഷങ്ങളുണ്ടായിരുന്ന നാടായിരുന്നു കേരളം. എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു വർഗീയസംഘർഷം പോലുമുണ്ടായിട്ടില്ലെന്നും കാന്തപുരത്തിന്റെ കേരളയാത്ര സമാപനസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു (10 വർഷത്തിനിടെ വർഗീയസംഘർഷമില്ലെന്ന് മുഖ്യമന്ത്രി; കാറിൽ ആളെ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് സതീശൻ, 17 ജനുവരി, മാതൃഭൂമി).

34. മതപ്പുറം

പതിനാലുകാരി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ചാണക്യ ന്യൂസ് ടി വി യുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ: മതപ്പുറം…..മലപ്പുറം തൊടിയപ്പുലം റയിൽവേ പുറമ്പോക്ക് ഭൂമിയിലെ ഒഴിഞ്ഞ കുറ്റികാട്ടിൽ ആസൂത്രിതമായി 14 വയസ്‌കാരിയെ എത്തിച്ച് ബലാത്സംഗം ചെയ്ത് കൊന്ന ക്രൂരതയിൽ കൊല്ലപ്പെട്ട പെൺകുട്ടി ഹിന്ദു എന്ന് തോന്നുന്നു… പ്രതികൾ….?അറിയുന്നവർ പറയാമോ….? (17 ജനുവരി, ചാണക്യ ന്യൂസ് ടിവി).

35. മുസ്ലീം ഏകീകരണത്തിലൂടെ അധികാരത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തോൽവിയും ബിജെപിക്ക് കിട്ടിയ വിജയവും വിശകലനം ചെയ്ത് കൊണ്ടുള്ള കേസരിയിലെ ലേഖനം കേരളത്തിൽ മുസ്ലിം ഏകീകരണം നടക്കുന്നുവെന്നും ഇടതു-വലത് മുന്നണികളെ സ്വാധീനിച്ച് ആസൂത്രിതമായി അധികാരം പിടിച്ചടക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു: ‘കേരളത്തിൽ എല്ലാ കാലത്തും ന്യൂനപക്ഷ വർഗീയത പടർന്നു പന്തലിക്കാൻ വളവും വെള്ളവും നൽകിയവരിൽ മുൻപന്തിയിൽ നിന്നിട്ടുള്ള പാർട്ടിയാണ് സിപിഎം. മുസ്ലീംലീഗിനെപ്പോലെയുള്ള പാർട്ടികളെ കോൺഗ്രസ് കൂടെ നിർത്തുന്നത് അവരുടെ ഗതികേട് കൊണ്ടാണ്.

“ഇത്തവണ ലീഗിന്റെ മുസ്ലീം ഏകീകരണ ശ്രമം വിജയിച്ചു. ബിജെപിയെ അടിച്ചോടിക്കുക, സിപിഎമ്മിനെ അകറ്റി നിര്‍ത്തുക, ദീനിനെ സംരക്ഷിക്കുക, ഇതായിരുന്നു അവരുടെ പൊതുമുദ്രാവാക്യം! ‘പത്തണക്ക് കത്തി വാങ്ങി കുത്തിനേടും പാക്കിസ്ഥാന്‍’ എന്നതിന് സമാനമായ  മുദ്രാവാക്യങ്ങള്‍ തന്നെയാണ്  മുസ്ലീം വിശാലസഖ്യം  വിളിച്ചതും പ്രചരിപ്പിച്ചതും! ആസൂത്രിതമായി നടത്തിയ ജനസംഖ്യ വിസ്‌ഫോടനം തന്നെയാണ് ഈ അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിന് വളം ആയത്. അതാണ് മുസ്ലീം തീവ്രവാദ സംഘടനകള്‍  ആര്‍മാദിച്ചു നടക്കാനുള്ള കാരണവും. കേരളത്തില്‍ മുസ്ലീം തീവ്രവാദം  സിപിഎമ്മിന്റെ ചെലവില്‍ തഴച്ചുവളര്‍ന്നിരിക്കുന്നു. ഒരു മൊബൈല്‍ മെസേജിലൂടെ സംസ്ഥാനം സ്തംഭിപ്പിക്കാന്‍ പോലും കെല്‍പ്പുള്ള മുസ്ലീം സംഘടനകള്‍ ഇവിടെ സജീവമാണ്. കേരളം തീവ്രവാദ ഹബ്ബായി എന്ന് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ പുച്ചിച്ചു തള്ളിയവര്‍ കണ്ണ് തുറന്ന് കാണുക! തീവ്രവാദ സംഘടനകള്‍ കച്ചിത്തുരുമ്പായി കാണുന്നത് ലീഗിനെയാണ്. അതിനു കാരണം, ഇടത് വലത് ഭരണം മാറിമാറി വരുന്ന കേരളത്തില്‍ രണ്ടു പക്ഷത്തേക്കും നടന്നെത്താന്‍ കഴിയുന്ന നൂല്‍പാലമാണ് മുസ്ലീം ലീഗ് (തദ്ദേശ തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങള്‍, ഭാസ്‌കരന്‍ വേങ്ങര, 17 ജനുവരി,  കേസരി).

36. രാം നാരായണനും മലപ്പുറവും

ഡിസംബര്‍ 17ന് ആണ് ഛത്തിസ്ഗഡില്‍ നിന്നുള്ള ദലിത് യുവാവ്, റാം നാരായണന്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദിച്ചതെന്ന് പിന്നീട് പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമായി. ഇതേ കുറിച്ച് കേസരിയില്‍ ജി.കെ സുരേഷ് ബാബു ‘മാനവികത മറക്കുന്ന മലയാളി’ എന്ന ശീര്‍ഷകത്തില്‍ ലേഖനമെഴുതി. ലേഖനം മലപ്പുറം ജില്ലയെയും മുസ്ലീങ്ങളെയും മോശമായി ചിത്രീകരിക്കുന്നതായിരുന്നു: 

അരി മോഷ്ടിച്ചു എന്ന് പറഞ്ഞ് വനവാസി യുവാവായ മധുവിനെ ഇതേ രീതിയില്‍ തന്നെയാണ് തല്ലിക്കൊന്നത്. ആ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ സമ്മര്‍ദവും പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. എന്തുകൊണ്ട് ആള്‍ക്കൂട്ടം ഇങ്ങനെ പ്രതികരിക്കുന്നു എന്ന കാര്യത്തിലാണ് ചര്‍ച്ച വേണ്ടത്. മലപ്പുറം ജില്ലയില്‍ ജിഹാദികള്‍ നടത്തിയ വാട്സ്ആപ്പ് ഹര്‍ത്താലില്‍ ഇതര മതസ്ഥരെ മുഴുവന്‍ മതം ചോദിച്ചു വഴിയില്‍ തടഞ്ഞ സംഭവം ഉണ്ടായി. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും ഇതിനെ അപലപിച്ചില്ല. മലപ്പുറം ജില്ലയില്‍ റംസാന്‍ നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതും നോമ്പെടുക്കാത്തവര്‍ വെള്ളം കുടിക്കേണ്ട എന്ന നിലപാടോടെ ജ്യൂസുകടകള്‍ അടക്കം അടച്ചിടുന്നതും തങ്ങളുടെ മതത്തിന് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ തീയേറ്ററുകള്‍ കത്തിച്ചതും കള്ള് ഷാപ്പുകള്‍ കത്തിച്ചതും 90കള്‍ മുതലുള്ള പ്രത്യേകതയാണ്. കഥകളി പഠിച്ച സദനം റഷീദിന്റെ വിട്ടുകാരെ ഉപദ്രവിച്ചതും ഉന്തുവണ്ടി പച്ചക്കറിക്കട നശിപ്പിച്ചതും മുതല്‍ കലാരൂപങ്ങള്‍ പഠിക്കുന്ന ഇസ്ലാം മതവിശ്വാസികളെ പീഡിപ്പിക്കുന്നതും പതിവാണ് (മാനവികത മറക്കുന്ന മലയാളി, ജി.കെ സുരേഷ് ബാബു, 17 ജനുവരി, കേസരി).

37. പരശുരാമ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുക

മലപ്പുറം എടവണ്ണ ഒതായ് പ്രദേശത്തെ പരശുരാമ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുണ്യഭൂമി ടി വി എന്ന ഫേസ്ബുക് ഐഡിയില്‍ നിന്നും പോസ്റ്റ്. ബേപ്പൂരില്‍ നിന്നും പി വി അന്‍വര്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അന്‍വറിന്റെ ഫോട്ടോ വെച്ചുള്ള ഈ പോസ്റ്റ്, ഫോട്ടോക്കൊപ്പം ‘പരശുരാമ ക്ഷേത്രം വിട്ടു തരൂ എന്നിട്ട് ഇലക്ഷനില്‍ മത്സരിക്കൂ, ബേപ്പൂരില്‍ നിന്നും പി വി അന്‍വര്‍ മത്സരിക്കുന്നു, ബേപ്പൂരിലെ ഹിന്ദുക്കള്‍ ശ്രദ്ധിക്കുക’ എന്നും പറയുന്നു (പരശുരാമ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുക; മതേതരത്വം സംരക്ഷിക്കണമെന്ന് ആവശ്യം, 17 ജനുവരി, ഫേസ്ബുക്ക്/പുണ്യഭൂമി ടിവി).

പോസ്റ്റില്‍ നിന്നും: മതേതരത്വം എന്നത് എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കലാണെന്നും, ഒരു മതത്തിന്റെ പൈതൃകം നിഷേധിക്കുന്നത് മതേതരത്വത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്നും സംഘടനകള്‍ വ്യക്തമാക്കി ഈ ആവശ്യവുമായി മുന്നോട്ടു വന്ന സംഘടനകള്‍ ഏതാണെന്ന് പോസ്റ്റില്‍ വ്യക്തമല്ല. 

38. പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, മതഭീകരതയുടെ മറുപേര്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതുമായി ബന്ധപ്പെട്ട് കേസരി ലേഖനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ പുറത്തുനിന്ന് ആക്രമിക്കുന്ന വിധ്വംസക ശക്തിയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് ലേഖനം വിശദീകരിക്കാന്‍ ശ്രമിച്ചത്: 

ഭാരതത്തെ ആക്രമിച്ചു കീഴടക്കാന്‍ വന്ന വൈദേശിക ശക്തികള്‍ക്ക് ചെറിയകാലം രാജ്യത്തല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ രാഷ്ട്രശരീരത്തെയോ അതിന്റെ ആത്മാവിനെയോ പൂര്‍ണമായും തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആധുനിക ഭാരതത്തിന്റെ തുടക്കം മുതല്‍ അത്തരത്തിലുള്ള ധാരാളം വിധ്വംസക ശക്തികള്‍ സജീവമായിരുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.  ഇസ്ലാമിക് ബ്രാര്‍ഹൂഡ് പോലെയുള്ള വൈദേശിക അപരിഷ്‌കൃത ആശയങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ചു പോന്നിരുന്ന ഇത്തരം സംഘടനകളെ നിരോധനം പ്രത്യക്ഷത്തില്‍ മാത്രമേ ബാധിക്കുകയുള്ളൂ. സംഘടനാ രൂപത്തിനുമപ്പുറം അതൊരു മനഃസ്ഥിതിയാണ്. അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനകളുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ഭാരതവും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ഭാരത സൈന്യത്തിന്റെ ശ്രദ്ധ ഉത്തര ഭാരതത്തിലായിരിക്കുമെന്നും ആ തക്കം നോക്കി ആക്രമണത്തിലൂടെ ദക്ഷിണേന്ത്യ  പിടിച്ചെടുക്കാന്‍ ഈ സംഘടന പദ്ധതിയിട്ടിരുന്നതായുമാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം, ദളിത് ഐക്യം തുടങ്ങിയ മുഖംമൂടികള്‍ ധരിച്ച് സാധാരണ മതവിശ്വാസികളെ സ്വാധീനിച്ച് പൊതുജനങ്ങളെ കബളിപ്പിച്ച് രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയത്.  കോണ്‍ഗ്രസും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളെയും മാറിമാറി പുണര്‍ന്ന ചരിത്രമുണ്ട്. മലയാളികള്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പ്രതിരോധിക്കം (പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ. മതഭീകരതയുടെ മറുപേര്, രഞ്ജിത്ത് കാഞ്ഞിരത്തില്‍, 17 ജനുവരി, കേസരി).

പിഎഫ്‌ഐ ഭീകരര്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരര്‍ക്കെതിരെ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ്  പുറപ്പെടുവിച്ചു (പിഎഫ്ഐ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ ലുക്ക് ഔട്ട് നോട്ടീസ്, 24 ജനുവരി, ജന്മഭൂമി).

39. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കണം

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആത്മപരിശോധനക്കുള്ള അവസവരമാക്കി സംഘടനാപരമായ കുറവുകള്‍ നികത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ അന്തര്‍ധാര തുറന്നുകാട്ടി ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കണം,  ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ എതിര്‍ക്കണമെന്ന പാര്‍ട്ടി നയം വ്യക്തതയോടെ അവതരിപ്പിക്കണം- ഇതൊക്കെയായിരുന്നു കേന്ദ്ര കമ്മിറ്റി നിര്‍ദേശം (ഭരണവിരുദ്ധ വികാരം, നഗരങ്ങളിലെ വോട്ട് ചോര്‍ച്ച. തിരിച്ചടിയില്‍നിന്ന് തിരിച്ചുവരണം: സിപിഎം കേന്ദ്ര കമ്മിറ്റി, 17 ജനുവരി, മാധ്യമം).

40. ജമാഅത്തെ വിമര്‍ശനം മുസ്ലീം വിമര്‍ശനമല്ല

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം പ്രത്യേക ഗൃഹസമ്പര്‍ക്ക പരിപാടി തയ്യാറാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയമാണ് സിപിഎമ്മിനെ തിരിഞ്ഞാലോചിക്കാന്‍ പ്രേരിപ്പിച്ചത്. ഗൃഹസമ്പര്‍ക്കത്തിന് പോകുന്നവര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ചിലത് താഴെ നല്‍കുന്നു: ആര്‍എസ്എസിനെതിരായ വിമര്‍ശനം ഹിന്ദു വിശ്വാസികള്‍ക്കെതിരല്ലെന്നും ജമാഅത്തെ ഇസ്ലാമിയെയും ലീഗിനെയും വിമര്‍ശിക്കുന്നത് ഇസ്ലാം വിമര്‍ശനമല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. സിപിഎം മുസ്ലിംവിരുദ്ധപാര്‍ട്ടിയല്ലെന്ന് ബോധ്യപ്പെടുത്തണം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാടുള്ള സംഘടനയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും മുസ്ലീം ലീഗ് വഴി യുഡിഎഫ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് എടുത്തുപറയണം- തുടങ്ങിയ നിര്‍ദേശങ്ങളാണ് കുറിപ്പിലുള്ളത് (വീടുകളില്‍ ചെല്ലുന്നവര്‍ക്ക് സിപിഎം പെരുമാറ്റച്ചട്ടം. തര്‍ക്കിക്കാന്‍ നില്‍ക്കരുത്; ക്ഷമ വേണം, 17 ജനുവരി, മനോരമ).

41. എസ്‌ഐആര്‍

എസ്‌ഐആറിനെതിരേ വ്യാപകമായ പ്രതിഷേധം സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ഇതേ കുറിച്ച് ദേശാഭിമാനി വാര്‍ത്ത കോണ്‍ഗ്രസ്സിനെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു: 

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ മുസ്ലീംലീഗ് വര്‍ഗീയതയും നുണപ്രചാരണവും നടത്തിയതിന്റെ തെളിവ് പുറത്ത്. കേരളത്തിലെ മുസ്ലീങ്ങളെ ആട്ടിയോടിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന എന്ന വ്യാജപ്രചാരണമാണ് ലീഗ് നടത്തുന്നത്. മതതീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സമാന പ്രചാരണം നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശതെരഞ്ഞെടുപ്പില്‍ ഏത് വിധേനയും നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. അതിനുവേണ്ടി ബി ജെപി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി. മലബാറില്‍ ലീഗാണ് പ്രചാരണം നയിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും തയ്യാറാക്കിയ വര്‍ഗീയത കലര്‍ന്ന നുണകള്‍ അവര്‍ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളെ സംഘപരിവാര്‍ അനുകൂലികളായി ചിത്രീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ വോട്ടര്‍പട്ടിക തീവ്രപരിശോധന ആരംഭിച്ചത്. ഇത് മുസ്ലിം ജനവിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇത് മുതലെടുക്കുകയാണ് ലീഗും വര്‍ഗീയ സംഘടനകളും (വോട്ടുപിടിക്കാന്‍ വര്‍ഗീയ കാര്‍ഡ്. എസ്‌ഐആറിന്റെ പേരില്‍ നുണ പ്രചരിപ്പിച്ച് ലീഗ്, 17 ജനുവരി, ദേശാഭിമാനി).

മുസ്ലീം വോട്ടര്‍മാരെ വെട്ടി മാറ്റാന്‍ ബിജെപി ശ്രമം

ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തില്‍ രണ്ട് ബൂത്തിലെ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടി മാറ്റാന്‍ എസ് ഐ ആര്‍ ഫോം നമ്പര്‍  7 ബിഎല്‍ഒക്ക് നല്‍കിയതായി പരാതി. 166, 164 ബൂത്തുകളിലെ മുസ്ലിം വോട്ടര്‍മാരെ വെട്ടി മാറ്റാനുള്ള ഫോമാണ് നല്‍കിയത്. പിന്നില്‍ ബിജെപി ആണെന്ന് വോട്ടര്‍മാര്‍. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ എതിരെയാണ് പരാതി (ഹരിപ്പാട് ചിങ്ങേലിയില്‍ വോട്ട് വെട്ടാന്‍ ബിജെപി ഇടപെടല്‍: മുസ്ലിം ബോട്ട് വെട്ടാന്‍ ഫോം 7 നല്‍കിയെന്ന് പരാതി, 23 ജനുവരി, മീഡിയ വണ്‍ ഓണ്‍ലൈന്‍)

42. മതരാഷ്ട്രം, ഇസ്ലാമിക രാഷ്ട്രം

ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ? എന്ന ശീര്‍ഷകത്തില്‍  ശൈഖ് മുഹമ്മദ് കാരക്കുന്ന് ഒരു കുറിപ്പ് എഫ്ബിയില്‍ പ്രസിദ്ധീകരിച്ചു. മദീനയിലെ ഇസ്ലാമിക ഖിലാഫത് ഒരു ആദര്‍ശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തില്‍ താഴെയായിരുന്നു.  ഇസ്ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു (17 ജനുവരി, ഫേസ്ബുക്ക്/ ശൈഖ് മുഹമ്മദ് കാരക്കുന്ന്).

സ്വാഭാവികമായും ഇത് ചര്‍ച്ചാവിഷയമായി. ജമാഅത്തെ ഇസ് ലാമി ഇന്ത്യയെ ഇസ്ലാമിക് റിപ്പബ്ലിക് ആക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നു. താമസിയാതെ അദ്ദേഹം ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കി: 

പ്രവാചകന്റെ മദീനയിലെ  ഇസ്ലാമിക ഖിലാഫത് ഒരു ചരിത്ര വസ്തുതയാണ്. അതിനെ തള്ളിക്കളയാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല എന്ന കാര്യം ഞാന്‍, അതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. ഇതിനെ  ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതായി കാണുന്നു. ഇന്ത്യയെ ഇസ്ലാമിക് റിപ്പബ്ലിക് ആക്കുക എന്നൊരു ലക്ഷ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. അങ്ങിനെ ഒരു ലക്ഷ്യം ഉള്ളതായി ഞാനോ ജമാഅത്തെ ഇസ്ലാമിയുടെ മറ്റേതെങ്കിലും നേതാക്കളോ ഒരിക്കലും പറഞ്ഞിട്ടില്ല.  ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും ഔദ്യോഗിക രേഖകളിലും അങ്ങിനെയൊന്നില്ല (ജനുവരി 24, ഫേസ്ബുക്ക്/ ശൈഖ് മുഹമ്മദ് കാരക്കുന്ന്).

മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് പറയരുത്

മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് ഒരിക്കല്‍ പോലും ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറയരുതെന്നാണ് മുതിര്‍ന്ന നേതാവും ജമാഅത്ത് സൈദ്ധാന്തികനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നതെന്നും ജനയുഗം (ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളപ്പറയരുതെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ്, 21 ജനുവരി, ജനയുഗം).

ഇസ്ലാമിക രാഷ്ട്രവാദം ഉപേക്ഷിച്ചിട്ടില്ല

ഇസ്ലാമിക രാഷ്ട്രവാദം ഉപേക്ഷിച്ചിട്ടില്ലെന്നും നബിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇസ്ലാമിക രാഷ്ട്രത്തെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞതായി മാതൃഭൂമി (ഇസ്ലാമിക രാഷ്ട്രവാദം ഉപേക്ഷിച്ചിട്ടില്ല; നബിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇസ്ലാമിക രാഷ്ട്രത്തെ തള്ളിപ്പറയാന്‍ കഴിയില്ല – ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി  ശൈഖ് മുഹമ്മദ് കാരക്കുന്ന്, 21 ജനുവരി, മാതൃഭൂമി ഫേസ്ബുക്ക് പേജ്).

ഇസ്ലാമിക രാഷ്ട്രത്തിനായി പരസ്യ ആഹ്വാനം

ഇസ്ലാമിക രാഷ്ട്രത്തിനായി പരസ്യമായി ആഹ്വാനം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി നേതവെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍: ജമാഅത്തെ ഇസ്ലാമി എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും, വി.ഡി സതീശനും കൃത്യമായി അറിയാം. എന്നിട്ടും അധികാരമോഹത്തിന്റെ പേരില്‍ ജമാഅത്തിനൊപ്പം അവര്‍ കൈകോര്‍ക്കുകയാണ്. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ച ചെയ്യുകയും അവരുടെ തീവ്ര നിലപാടുകളെ ന്യായീകരിക്കുകയും ചെയ്യുന്ന നാണംകെട്ട ചരിത്രം കോണ്‍ഗ്രസിന് എന്നുമുണ്ടായിരുന്നു. അതേ പാതയിലാണ് ഇന്നും അവര്‍ മുന്നോട്ടു നീങ്ങുന്നത്. ജമാഅത്തിനെപ്പോലുള്ള സംഘടനകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹിക-സാംസ്‌കാരിക അടിത്തറകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങളെ വെള്ളപൂശുകയാണ് കോണ്‍ഗ്രസ്. ജമാഅത്ത് രാഷ്ട്രീയം അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ജനാധിപത്യത്തെ തകര്‍ത്തതും അവിടത്തെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതും ലോകം കണ്ടതാണ്. അത്തരമൊരു അപകടകരമായ രാഷ്ട്രീയ ശൈലി കേരളത്തിന് ഒരിക്കലും താങ്ങാനാവില്ല. കോണ്‍ഗ്രസും സിപിഎമ്മും ജമാഅത്തും എസ്.ഡി.പി.ഐയും ഒരേ വര്‍ഗീയ നാണയത്തിന്റെ വിവിധ വശങ്ങള്‍ മാത്രമാണെന്ന് നാം തിരിച്ചറിയണം. മലയാളികള്‍ക്ക് കപട മതേതരത്വത്തിന്റെ പാഠങ്ങള്‍ ആവശ്യമില്ല. മതേതരത്വത്തിന്റെ മറവില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ സമയമായിരിക്കുന്നു (21 ജനുവരി, ഫേസ്ബുക്ക്/ രാജീവ് ചന്ദ്രശേഖര്‍).

ലക്ഷ്യം ഇസ്ലാമിക രാജ്യം

ഭാരത്തില്‍ ഇസ്ലാമിക ഭരണകൂടം വരണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ്  ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടതായി ജന്മഭൂമി എഴുതി: ഫേസ്ബുക്കിലാണ് ഷെയ്ക് മുഹമ്മദ് ഭാരതത്തെ ഇസ്ലാമിക് റിപബ്ലിക്കാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നെഴുതിയത്. ദൈവിക രാജ്യമാണ് (ഹുകുമത്തേ ഇലാഹി) തങ്ങളുടെ ലക്ഷ്യമെന്ന് ജമാ അത്തെ ഇസ്ലാമി മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജമാ അത്തുണ്ടാക്കിയ ധാരണയെ ന്യായീകരിക്കാന്‍ യുഡിഎഫ് നേതാക്കള്‍, അവരിപ്പോള്‍ മതരാഷ്ട്രവാദമുപേക്ഷിച്ചെന്ന് പ്രസ്താവിച്ചിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദമുപേക്ഷിച്ചെന്ന യുഡിഎഫ് വാദം പൊളിഞ്ഞു (ഇസ്ലാമിക രാജ്യമാണ് ലക്ഷ്യം: ജമാഅത്തെ ഇസ്ലാമി, 22 ജനുവരി, ജന്മഭൂമി).

പുറത്തുവന്നത് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര സങ്കല്‍പ്പം

 ഒരു ഇസ്ലാം മതവിശ്വാസിക്ക് ആരാധനാ കര്‍മ്മങ്ങള്‍ പൂര്‍ണ്ണതയോടെ നിര്‍വഹിക്കണമെങ്കില്‍ അത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്ന മൗദൂദിയുടെ ആശയമാണ് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന നിലപാടായി കണക്കാക്കപ്പെടുന്നത്. ഭരണാധികാരി നിശ്ചയിക്കുന്ന മതമേധാവികളുടെ നേതൃത്വത്തിലായിരിക്കണം ആരാധനകള്‍ നടക്കേണ്ടതെന്നും ഈ ആശയം വ്യക്തമാക്കുന്നു. ഈ നിലപാട് പണ്ട് പരസ്യമായി നടത്തിയ പ്രസംഗത്തിലൂടെ ശൈഖ് മുഹമ്മദ് കാരക്കുന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഫേസ്ബുക്കിലൂടെയും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ ഈ തുറന്നുപറച്ചില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിലൂടെ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക മതരാഷ്ട്ര വാദം ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. മതരാഷ്ട്ര വാദം ഉപേക്ഷിച്ചുവെന്നും സംഘടന ജനാധിപത്യ മുഖ്യധാരയിലേക്ക് മാറിയെന്നുമുള്ള വാദങ്ങള്‍ രാഷ്ട്രീയ രംഗത്ത് ശക്തമായിരുന്നു. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്ന നിലപാടായിരുന്നു ഇടത്-വലത് മുന്നണികള്‍ സ്വീകരിച്ചിരുന്നത് (മതരാഷ്ട്രവാദം വീണ്ടും ചര്‍ച്ചയാവുന്നു അടിസ്ഥാന ആശയം അരക്കിട്ടുറപ്പിച്ച് ജമാഅത്തെ ഇസ്ലാമി, എം ശംസുദ്ദീന്‍ ഫൈസി, 22 ജനുവരി, സുപ്രഭാതം).

ജമാഅത്തെ ഇസ്ലാമി മുഖംമൂടി മാറ്റിയപ്പോള്‍

ഇസ്ലാമിക മതമൗലികവാദികളും മതഭീകരവാദികളെ സൃഷ്ടിക്കുന്നവരും സമൂഹത്തില്‍ മതവിഭാഗീയതയുടെ വക്താക്കളുമായ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും നടത്തിയ ശ്രമത്തിലെ പൊള്ളത്തരം ജമാഅത്തെ ഇസ്ലാമി തന്നെ തുറന്നുകാട്ടിയിരിക്കുന്നുവെന്ന് ജന്മഭൂമി.  ഭാരതത്തെ ഇസ്ലാമിക റിപ്പബ്ലിക് ആക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും സത്യമത വിശ്വാസികള്‍ ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളി പറയരുതെന്നുമാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത് (ജമാഅത്തെ ഇസ്ലാമി മുഖംമൂടി മാറ്റിയപ്പോള്‍, 23 ജനുവരി, ജന്മഭൂമി).

മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ല

ജമാഅത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ലെന്നും, പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഭരണഘടനയെയും നിയമവ്യവസ്ഥയെയും പൂര്‍ണ്ണമായി അംഗീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും പി മുജീബ് റഹ്‌മാന്‍: ‘ദൈവത്തിന്റെ പരമാധികാരം’ (ഹുക്കുമത്തെ ഇല്ലാഹി) എന്നത് വിശ്വാസികള്‍ ജീവിതത്തില്‍ ദൈവകല്പനകള്‍ പാലിച്ചു ജീവിക്കുക എന്ന അര്‍ത്ഥത്തിലാണ്. അത് രാജ്യത്തെ നിയമങ്ങള്‍ക്കോ ഭരണഘടനയ്‌ക്കോ എതിരല്ല. സിപിഎം രാഷ്ട്രീയ ലാഭത്തിനായി സംഘടനയ്‌ക്കെതിരെ തെറ്റായ പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്- അദ്ദേഹം ആരോപിച്ചു (25 ജനുവരി, ഇസ്ലാം ഫോര്‍ മീഡിയ ഫേസ് ബുക്ക് പേജ്, പി മുജീബ് റഹ്‌മാന്‍).

43. യു.ഡി.എഫിനെ തിരഞ്ഞെടുത്താല്‍ ഭരിക്കുക ജമാ-അത്തെ ഇസ്ലാമി

യുഡിഎഫിനെ ജനം തിരഞ്ഞെടുത്താല്‍ ഭരിക്കുക ജമാ-അത്തെ ഇസ്ലാമിയും വര്‍ഗീയ കക്ഷികളുമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍: യു.ഡി.എഫിനെ ജനം തിരഞ്ഞെടുത്താല്‍ ഭരിക്കുക ജമാ-അത്തെ ഇസ്ലാമിയും വര്‍ഗീയ കക്ഷികളുമാവും. അതിന് തടയിടുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. സിപിഎമ്മിന്റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്. ബിജെപി ഇത്തരം വര്‍ഗീയ സംഘടനകളോട് പൊരുതി വളര്‍ന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ നന്നായി അറിയാവുന്ന പാര്‍ട്ടി സി.പി.എമ്മാണ്. അവരാണ് കൊണ്ടുനടന്നത്. കിട്ടേണ്ടത് കിട്ടിയപ്പോള്‍ മാറി. ഇപ്പോള്‍ തള്ളിപ്പറയുന്നതിന്റെ രാഷ്ട്രീയം വേറെയാണ്. പക്ഷേ, സിപിഎം ജമാത്തത്തെ ചട്ടക്കൂടില്‍ നിന്ന് രക്ഷപ്പെട്ടു. അത് കോണ്‍ഗ്രസിനാവില്ല. ഇത്തരം വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് അധികാരമേറ്റെടുത്താല്‍ അവരുടെ ചൊല്‍പ്പടിക്ക് കോണ്‍ഗ്രസും യു.ഡി.എഫും നില്‍ക്കേണ്ടിവരും. അത് കേരളത്തിന് ആപത്താണ്. അതിനെ ചെറുക്കുകയാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത് (യുഡിഎഫ് വന്നാല്‍ ഭരിക്കുക ജമാഅത്തെ ഇസ്ലാമി, 18 ജനുവരി, കേരള കൗമുദി).

44. ഐസിസ് കേസില്‍ ലുക്കൗട്ട് നോട്ടീസ്

ഐസിസിന് വേണ്ടി സോഷ്യല്‍ മീഡിയല്‍ പ്രചാരണം നടത്തി എന്ന കേസില്‍ ലുക്കൗട്ട് നോട്ടീസില്‍ ഉണ്ടായിരുന്ന സയ്യിദ് മുഹമ്മദ് ആദില്‍ എന്ന പ്രതിയെ ജനുവരി 8ന് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തില്‍ അഷ്‌കര്‍ ലെഷിറേ എന്ന ഫേസ്ബുക്ക് ഹാന്‍ഡില്‍ ഇട്ട പോസ്റ്റിന് താഴെവന്ന ഒരു കമന്റ് താഴെ ചേര്‍ത്തിരിക്കുന്നു. മനോഹരന്‍ വി പേരകം എന്ന എന്ന എഴുത്തുകാരനാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഈ കമന്റ് പിന്നീട് ജനം ടിവി, സനാതന ധര്‍മം തുടങ്ങിയ മാധ്യമമങ്ങള്‍ എടുത്തുചേര്‍ത്തു (18 ജനുവരി, ഫേസ്ബുക്ക് കമന്റ്/ അഷ്‌കര്‍ ലെഷിറേയുടെ ഫേസ്ബുക് പോസ്റ്റില്‍  മനോഹരന്‍ വി പേരകം).

‘തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായ സയ്യിദ് മുഹമ്മദ് ആദിലിന്റെ കേസ് ഒരു ക്രൈം വാര്‍ത്തയായി ഒതുങ്ങേണ്ടതല്ല. ഇത് ഒരു മതബോധ രോഗത്തിന്റെ അന്തിമഘട്ട റിപ്പോര്‍ട്ടാണ്. ഒരു മനുഷ്യന്‍ എങ്ങനെ ഘട്ടംഘട്ടമായി മതഭ്രാന്തനായി, ഒടുവില്‍ ജിഹാദിയായി മാറുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. ഈ രോഗത്തിന്റെ മൂലകാരണം ലളിതമാണ്. ‘എന്റെ മതം മാത്രമാണ് കേമം’ എന്ന ചിന്ത. രോഗത്തിന്റെ തുടക്കം ഭയപ്പെടുത്തുന്ന തരത്തില്‍ സാധാരണമാണ്. ‘ബാക്കി എല്ലാം തെറ്റാണ്.’ പിന്നെ: ‘തെറ്റായവര്‍ ജീവിക്കേണ്ടതില്ല.’ ഇവിടെയാണ് മതം വിശ്വാസമല്ലാതായി ഒരു ഫാന്റസി ലോകമായി മാറുന്നത്.

ആ ഫാന്റസി ലോകം അതിശയകരമാണ്. മരണത്തിന് ശേഷം ഹൂറി പാക്കേജ്. തുടര്‍ച്ചയായി ഒഴുകുന്ന മദ്യപ്പുഴ. പിന്നെ ആകാശത്ത് പറക്കുന്ന കുതിര. ഇതെല്ലാം ഉപമയായി കാണുകയാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ, അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍, അത് വിശ്വാസമല്ല. ഭ്രമമാണ്. ഈ ഭ്രമങ്ങളാണ് മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത്. ഇവിടെ അയല്‍വാസി മനുഷ്യനല്ല. വേറൊരു വിശ്വാസമുള്ളവന്‍ മനുഷ്യനല്ല. സ്ത്രീ ശരീരം ഒരു റിവാര്‍ഡ് സിസ്റ്റം മാത്രമാണ്. ഇതാണ് മതഭ്രാന്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ. ഇവിടെയാണ് വ്യക്തിയെക്കാള്‍ ആശയം അപകടകരമാകുന്നത്. ചിന്ത മനുഷ്യനെ നയിക്കാതെ, മനുഷ്യന്‍ ചിന്തയുടെ അടിമയാകുന്ന അവസ്ഥ.

45.  ബസിലെ ലൈംഗികാക്രമണവും യുവാവിന്റെ മരണവും

ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയെന്നാരോപിച്ചാണ് അരീക്കോട് പഞ്ചായത്ത് വെള്ളേരി വാര്‍ഡിലെ മുസ്ലീം ലീഗിന്റെ വാര്‍ഡ് അംഗം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന്, ആരോപണ വിധേയനായ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തു.  ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഷിംജിതയെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഷിംജിതക്കെതിരേ കടുത്ത വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ നടന്നത്. ഈ വിമര്‍ശനങ്ങളില്‍ പലതും ഇസ്ലാമോഫോബിക് വംശീയാക്രമണം കൂടിയായിരുന്നു (ബസില്‍ അപമര്യാദയായി പെരുമാറിയെന്ന പരാതി: യുവാവ് ആത്മഹത്യ ചെയ്തു, 18 ജനുവരി, ദേശാഭിമാനി; ദീപക്കിന്റെ ആത്മഹത്യ; ഒടുവില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, 21 ജനുവരി, ഇടിവി ഭാരത്).

വിദ്വേഷപരാമര്‍ശങ്ങള്‍

ഷിംജിതയെ പോലീസ്  അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. ഷിംജിതയുടെ മുസ്ലീം സ്വത്വവും മുസ്ലീം ലീഗ് ബന്ധവും, വിദ്വേഷ പ്രചാരങ്ങള്‍ക്ക് കൂടി വഴിവെച്ചു. 

തട്ടമിട്ടവള്‍ കാലനായി

സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത് പാലക്കല്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: 

‘തട്ടമിട്ടവള്‍ കാലനായി, നിങ്ങളിനി ശ്രദ്ധിക്കെണ്ടത് ജസ്നയെ ആണ് അവളും ഇവളും ഒക്കെ കണക്കാ’ (18 ജനുവരി, ഫേസ്ബുക്ക് / ലസിത പാലക്കല്‍).

ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

46. സജി ചെറിയാന്റെ വിദ്വേഷ പ്രസ്താവന

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലീഗിനെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന വിവാദമായി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നുവെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്നും ഇതാര്‍ക്കും മനസിലായില്ലെന്ന് കരുതരുതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണെന്നും സതീശന്‍ മാപ്പ് പറയണമെന്നും സജി ചെറിയാന്‍ പറഞ്ഞു (ലീഗിന്റേത് വര്‍ഗീയത പടര്‍ത്തുന്ന രാഷ്ട്രീയം; ജയിച്ചവരുടെ പേര് നോക്കിയാലറിയാം വര്‍ഗീയ ധ്രുവീകരണം: മന്ത്രി സജി ചെറിയാന്‍, 18 ജനുവരി, മീഡിയവണ്‍ ഓണ്‍ലൈന്‍).

സജി ചെറിയാനോട് യോജിപ്പില്ല

മന്ത്രി സജിചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍. മലപ്പുറത്തെയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലേയും ജയിച്ചുവന്നവരെ നോക്കിയാല്‍ വര്‍ഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദേഹം  പറഞ്ഞു (സജി ചെറിയാന്റെ പരാമര്‍ശത്തോട് യോജിപ്പില്ല, അദ്ദേഹം തിരുത്തണമെന്ന് പിഡിപി, 21 ജനുവരി, ദീപിക).

ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി

സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി: 

സാമുദായി ഐക്യത്തിനായി എന്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി എസ്എന്‍ഡിപി. മുസ്ലീം ലീഗിനെ പറഞ്ഞത് മുസ്ലീം സമുദായത്തെ പറഞ്ഞതായി വ്യാഖ്യാനിച്ചുവെന്നും വിദ്യാഭ്യാസ മേഖലകളില്‍ ഈഴവ സമുദായം നേരിടുന്ന അവഗണന തുറന്നു പറഞ്ഞ വെള്ളപ്പള്ളിക്ക് പൂര്‍ണ പിന്തുണ. വെള്ളാപ്പള്ളിയെ കപട മതേതര വാദിയാക്കാനുള്ള ശ്രമമെന്നും എസ്എന്‍ഡിപി പ്രമേയം.

ജി സുകുമാരന്‍ നായരോട് വലിയ നന്ദി. മുസ്ലീം ലീഗ് നടത്തുന്നത് ഭരണഘടനാ ലംഘനം. വി.ഡി സതീശന്റെ അഭിപ്രായം അവജ്ഞയോടെ തള്ളുന്നു. സീനിയര്‍ നേതാക്കള്‍ അഭിപ്രായം പറയട്ടെ. സാമൂഹിക നീതിക്കായുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷം കൂട്ടായ്മയുടെ രൂപം തീരുമാനിക്കും. തെറ്റുതിരിത്തി വന്നാല്‍ ലീഗുമായി ചര്‍ച്ച നടത്തും.

ഇവിടെ ഒരുപാട് ഈഴവര്‍ നായന്‍മാരെയും തിരിച്ചും വിവാഹം കഴിക്കുന്നുണ്ടെന്ന് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മതമാണ്, മതമാണ് പ്രശ്നം എന്ന് പറഞ്ഞ ലീഗ് നേതാവിന്റെ പ്രസംഗം ചര്‍ച്ചചെയ്യാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് ഒഴിച്ചുള്ള മുസ്ലിം സംഘടനുമായി ചര്‍ച്ച നടത്തുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സഹകരിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു (വര്‍ഗീയ പരാമര്‍ശം; സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശന്‍, 21 ജനുവരി, മീഡിയ വണ്‍ ഓണ്‍ലൈന്‍).

പൊളിറ്റിക്കല്‍ ഇസ്ലാമിന് മുന്നില്‍ കീഴടങ്ങി സിപിഎം

മുസ്ലീം ലീഗിനെതിരായ പ്രസ്താവന പിന്‍വലിച്ചിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സൂചിപ്പിക്കുന്ന മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ മുസ്ലീം വര്‍ഗീയതയ്ക്ക് മുന്നില്‍ സിപിഎം മുട്ടുകുത്തിയെന്ന് ജന്മഭൂമി ആരോപിച്ചു: കാസര്‍കോട്ടും മലപ്പുറത്തും കൂടുതല്‍ മുസ്ലീം സമുദായാംഗങ്ങളാണ് ജയിക്കുന്നതെന്ന യാഥാര്‍ഥ്യമാണ് സജി ചെറിയാന്‍ തുറന്നു പറഞ്ഞത്. ഇതിന് പിന്നില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്താവനയ്‌ക്കെതിരേ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നതോടെ താന്‍ പറഞ്ഞത് ലീഗിനെതിരെയാണെന്നും മുസ്ലീങ്ങള്‍ക്ക് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. 

പൊളിറ്റിക്കല്‍ ഇസ്ലാം തുറിച്ചുനോക്കിയാന്‍ കീഴടങ്ങുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് വീണ്ടും തെളിയിക്കുകയാണ് സജി ചെറിയാനറെ മാപ്പ് പറച്ചില്‍. ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലനും സമാന സ്ഥിതിയായിരുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രസ്താവ നടത്തിയ ബാലന്‍ പിന്നീട് താന്‍ ഇമാനുള്ള കമ്യൂണിസ്റ്റാണ് എന്ന് തിരുത്തി. ജയില്‍ പോകുകയാണെങ്കില്‍ ഖുറാനും കൊണ്ട് പോകുമെന്ന് വരെ ബാലന്‍ പറഞ്ഞു (നട്ടെല്ലില്ലാത്ത കമ്യൂണിസം; പൊളിറ്റിക്കല്‍ ഇസ്ലാമിന് മുന്നില്‍ കീഴടങ്ങി സിപിഎം; മാപ്പ് പറഞ്ഞ് സജി ചെറിയാന്‍, 22 ജനുവരി, ജന്മഭൂമി ഓണ്‍ലൈന്‍).

ജനം ടിവി വാർത്ത

ചിന്ത പിണറായിയുടേത്

ആ വാക്കും ശബ്ദവും സജി ചെറിയാന്റേതാണെങ്കിലും ചിന്ത പിണറായി വിജയന്റെതാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ:  മുമ്പ് എ.കെ ബാലനും കേരളം മറന്ന കാര്യങ്ങള്‍ മാന്തി പുണ്ണാക്കാനാണ് ശ്രമിച്ചത്. സഖാവ് ഏത് സംഘി ഏത് തിരിച്ചറിയാനാവുന്നില്ല. സിപിഎം ഇങ്ങനെ വര്‍ഗീയത പറയുമ്പോള്‍ ബിജെപി ആകെ കണ്‍ഫ്യൂഷനില്‍ ആണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു (ശബ്ദം സജി ചെറിയാന്റേത്,ചിന്ത പിണറായിയുടേത്: ഷാഫി പറമ്പില്‍, 22 ജനുവരി, വീക്ഷണം).

47.  ജമാഅത്തെ വേദിയില്‍ സിപിഎം സ്വതന്ത്രര്‍

യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം എല്‍ഡിഎഫ് വലിയ രീതിയില്‍ പ്രചാരണായുധമാക്കുന്നതിനിടെ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാരായ എസ് ദലീമയും, വി അബ്ദുറഹ്‌മാനും ജമാഅത്തെ ഇസ്ലാമി വേദിയില്‍ പങ്കെടുത്തത് വിവാദമായി. ജനുവരി 11ന് അരൂരില്‍ നടന്ന ജമാഅത്ത് പരിപാടിയിലാണ് ദലീമ പങ്കെടുത്തത് (പാര്‍ട്ടിയെ വെല്ലുവിളിച്ച് ജമാഅത്ത് വേദിയില്‍; അരൂരില്‍ ദലീമയ്ക്ക് ചുവപ്പ് കാര്‍ഡ്! മത്സരിക്കാന്‍ ഐസക്കോ ആരിഫോ പകരം വരുമോ? സീറ്റ് നിഷേധിച്ചാല്‍ പൊതു പ്രവര്‍ത്തനം നിര്‍ത്താന്‍ തയാറെടുത്ത് ഗായിക; അരൂരിലെ ‘മോശം പ്രകടനം’ തിരിച്ചടിയായോ? ആലപ്പുഴ സി.പി.എമ്മില്‍ വന്‍ അഴിച്ചുപണിക്ക് നീക്കം, 21 ജനുവരി, മറുനാടന്‍ മലയാളി). 

ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് ദലീമയുടെ വിശദീകരണം. 

താനൂര്‍ പുത്തന്‍തെരു ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി പദ്ധതിയായ ബൈത്തു സകാത്ത് കേരള കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇതും പിന്നീട് വിവാദമായി (ജമാ അത്തെ ഇസ് ലാമി വേദിയില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍, 21 ജനുവരി,  ദീപിക).

48. സണ്ണി എം കപിക്കാടിന്റെ പിന്നില്‍ ജമാഅത്തെ ഇസ്ലാമി

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബാനറില്‍ സണ്ണി എം കപിക്കാടിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായ സാഹചര്യത്തില്‍, അദ്ദേഹത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നു. ഇതിനെതിരെ അദ്ദേഹം ദി റൂട്ട്‌സ് എന്ന ഫേസ്ബുക് പ്രൊഫൈലിലൂടെ പ്രതികരിക്കുകയുണ്ടായി: ജമാഅത്തെ ഇസ്ലാമി എന്നല്ല, ഒരു വ്യക്തിയും ഒരു സംഘടനയും എനിക്ക് ഇടനില നിന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഇടനില നിന്നാല്‍ എന്താ കുഴപ്പം. നിരോധിത സംഘടനയാണോ, പാപം ചെയ്യുന്നവരാണോ, അവര്‍ കേരളത്തില്‍ കലാപം ഉണ്ടാക്കിയിട്ടുണ്ടോ, ജമാഅത്തെ ഇസ്ലാമിക്ക് സ്വയം പ്രവര്‍ത്തിക്കാനും ന്യായീകരിക്കാനും വിശദീകരണം കൊടുക്കാനും അവര്‍ക്ക് തന്നെ ആള്‍ക്കാരുണ്ട്. ജമാഅത്തെ ഇസ്ലാമി ഭീകരസംഘടനാണെന്ന് ഇവര്‍ പറയുമ്പോള്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത് (അംബേദ്കറൈറ്റ് രാഷ്ട്രീയം അധികാരത്തിന് പുറത്തുനില്‍ക്കുന്ന ഒന്നല്ല: സണ്ണി എം. കപിക്കാട്, 21 ജനുവരി, ദി റൂട്ട്‌സ്).

49. വിദ്വേഷത്തിന്റെ ആഗോള ഭൂപടം

സിറാജില്‍ അനില്‍കുമാര്‍ എ.വി എഴുതിയ ‘വിദ്വേഷത്തിന്റെ ആഗോള ഭൂപടം’ എന്ന ലേഖനം ആഗോള തലത്തിലും ഇന്ത്യയിലും വര്‍ധിച്ചു വരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു: മൂന്ന് മാസത്തിനിടെ മുസ്ലീങ്ങളെ ഭയപ്പെടുത്താന്‍ മത ദേശീയ ചിഹ്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും ബ്രിട്ടനിലുടനീളമുള്ള 27 പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായുള്ള ഡാറ്റ പുറത്തുവന്നിരിക്കുകയാണ്. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള തീവെപ്പ്, പ്രൊജക്‌റ്റൈല്‍ ആക്രമണം, പള്ളി സ്വത്തുക്കളില്‍ ചുവരെഴുത്ത്, വിദ്വേഷ ചിഹ്നങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങി ഒട്ടേറെ കേസുകള്‍ അവയില്‍ ഉള്‍പ്പെടുന്നു. 

2025ല്‍ മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങളടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന നിലയില്‍ ഏറുകയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തല്‍. ‘യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം പ്രസിദ്ധീകരിച്ച വാര്‍ഷിക ആഗോള പഠനം വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കൂട്ടഅക്രമത്തിന് വേദിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂട്ടക്കൊലകളടക്കം നടക്കാനുള്ള സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മ്യാന്‍മര്‍, ചാഡ്, സുഡാന്‍ എന്നിവയാണ് മുമ്പില്‍ (അനില്‍കുമാര്‍ എ.വി, വിദ്വേഷത്തിന്റെ ആഗോള ഭൂപടം, എ.വി അനില്‍കുമാര്‍, 21 ജനുവരി, സിറാജ്). 

50. യുഡിഎഫ് വിവാദവും വര്‍ഗീയതയും കൂട്ടിക്കുഴയ്ക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി ‘വിജയോത്സവം-2026 മഹാപഞ്ചായത്ത്’ എന്ന പരിപാടി ജനുവരി 19ന് കൊച്ചിയില്‍ നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത  വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകാതിരിക്കാന്‍ വിവാദവും വര്‍ഗീയതയും കത്തിച്ചുവെന്ന് യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകാതിരിക്കാന്‍ വിവാദവും വര്‍ഗീയതയും കത്തിച്ച് യുഡിഎഫ്. കൊച്ചിയില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്തിലും ഇതായിരുന്നു അജന്‍ഡ. വര്‍ഗീയതയ്‌ക്കെതിരായ യുഡിഎഫ് നിലപാടും തമാശയാണ്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ഒക്കത്തിരുത്തി ആര്‍എസ്എസിന്റെയും വോട്ട് വാങ്ങിയശേഷമാണ് വര്‍ഗീയതയ്‌ക്കെതിരായ പ്രസംഗം. മന്ത്രി സജി ചെറിയാന്റെ വാക്കുകളെ വിവാദമാക്കുന്പോള്‍ യുഡിഎഫ് വര്‍ഗീയപ്രസംഗം നടത്തുന്ന കെ.എം ഷാജിയുള്‍പ്പെടെയുള്ളവരെയും മതംപറഞ്ഞ് വോട്ടുപിടിച്ച യുഡിഎഫുകാരെയും തള്ളിപ്പറയാതിരിക്കുന്നതും വല്ലാത്ത തൊലിക്കട്ടിയാണ് (വിവാദവും വര്‍ഗീയതയും കൂട്ടിക്കുഴച്ച് യുഡിഎഫ്, 21 ജനുവരി, ദേശാഭിമാനി).

51. വര്‍ഗീയശക്തികളോട് കൂട്ടുകൂടുന്നു

മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുകയും തരാതരം വര്‍ഗീയശക്തികളോട് കൂട്ടുചേരുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവരാണിപ്പോള്‍ വര്‍ഗീയതയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു: പ്രതിപക്ഷനേതാവ് വി ഡി സതീശന് ജമാ അത്തെ ഇസ്ലാമിയുമായും ആര്‍എസ്എസുമായും ബിജെപിയുമായും കൂടാന്‍ ഒരുമടിയുമില്ല. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ നമസ്‌കരിക്കുന്നയാളാണ് വര്‍ഗീയവിരുദ്ധ പ്രസ്ഥാനത്തിന്റെ വക്താവെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല. സിപിഎം എക്കാലവും ഉറച്ച വര്‍ഗീയവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനിയും അങ്ങനെതന്നെയാകും. എന്നാല്‍, വര്‍ഗീയതയുടെ എറ്റവും പ്രധാന വക്താക്കള്‍ വന്ന് വര്‍ഗീയതയ്‌ക്കെതിരെ ഗീര്‍വാണപ്രസംഗം നടത്തുകയാണ്. വര്‍ഗീയതയ്‌ക്കെതിരെ അതിശക്തമായി നില്‍ക്കുന്ന സിപിഐ എമ്മിനെ കടന്നാക്രമിക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെ മല്ലടിച്ച് മുന്നോട്ടുവന്ന പ്രസ്ഥാനമാണിത് (വര്‍ഗീയശക്തികളോട് കോണ്‍ഗ്രസ് തരാതരം കൂട്ടുകൂടുന്നു, 21 ജനുവരി, ദേശാഭിമാനി).

52. കനഗോലുവും വര്‍ഗീയതയും

ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി സഹകരിക്കണമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലു മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ കേരളത്തെ വര്‍ഗീയ പടക്കളമാക്കുമെന്ന് ഐഎന്‍എല്‍ (കനഗോലു തന്ത്രം കേരളത്തെ വര്‍ഗീയ പടക്കളമാക്കും: ഐഎന്‍എല്‍, 21 ജനുവരി, ജനയുഗം).

53. മതം പറഞ്ഞ് വിമര്‍ശിക്കുന്നുവെന്ന് വാര്‍ത്താ അവതാരകന്‍

തന്നെ മതം പറഞ്ഞ് വിമര്‍ശിക്കുന്നതും വീട്ടുകാരെ ചീത്തവിളിക്കുന്നതുമാണ് ഏറ്റവും വിഷമമെന്ന് ദ ക്യു പോഡ്കാസ്റ്റില്‍ 24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം (മതം പറഞ്ഞ് വിമര്‍ശിക്കുന്നതും, വീട്ടുകാരെ ചീത്തവിളിക്കുന്നതുമാണ് ഏറ്റവും വിഷമം. ദ ക്യു പോഡ്കാസ്റ്റില്‍ 24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം, 22 ജനുവരി, ദി ക്യൂ).

54. മലപ്പുറത്തെ കളിപ്പീര് ലൈസന്‍സ്

ഏറ്റവും കൂടുതല്‍ കളിപ്പീര് ലൈസന്‍സ് കൊടുത്തിട്ടുള്ളത് മലപ്പുറത്താണെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസംഗം വലിയ വിവാദമായി: മലപ്പുറത്ത് ആളുകള്‍ റേഷന്‍ കാര്‍ഡ് പോലെയാണ് ലൈസന്‍സ് ചോദിക്കുന്നത്.  മലപ്പുറത്താണ് കഴിഞ്ഞകാലത്ത് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ലൈസന്‍സ് കൊടുക്കുന്ന കാര്യത്തില്‍ സ്ട്രിക്ട് ആയതിന് ശേഷം അപകടങ്ങള്‍ കുറഞ്ഞു. രണ്ടായിരം ലൈസന്‍സ് അവിടെ കെട്ടികിടക്കുന്നുണ്ടെന്നും അത് പെട്ടന്ന് കൊടുത്താല്‍ നമുക്ക് വോട്ടുകിട്ടുമെന്നും നിലമ്പൂര്‍ ഇലക്ഷന്‍ സമയത്ത് പറഞ്ഞു. വോട്ടെണ്ണിയപ്പോള്‍ സ്ഥാനാര്‍ഥി തോറ്റത് 16,000 വോട്ടിനാണ്. അപ്പോള്‍ ഈ രണ്ടായിരം കൊടുത്തിരുന്നേല്‍ എന്തൊരു അബദ്ധമായേനെ (ഏറ്റവും കൂടുതല്‍ കളിപ്പീര് ലൈസന്‍സ് കൊടുത്തിട്ടുള്ളത് മലപ്പുറത്താണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, 22 ജനുവരി, മീഡിയവണ്‍).

55. ഇസ്ലാമിക രാഷ്ട്രക്കാരും ഫണ്ട് വിനിയോഗവും

എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മലയാളി വനിതാ നേതാവ്  നുസ്രത് ജഹാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: ‘കേന്ദ്രം എംപിമാര്‍ക്ക് കൊടുക്കുന്ന ഫണ്ട് കേരളത്തില്‍ വിനിയോഗിക്കാത്ത എംപിമാരെ തെരുവില്‍ വിചാരണ ചെയ്യണം. ഇടി മുഹമ്മദ് ബഷീര്‍ എംപി ഫണ്ട് ചെലവഴിച്ചത് വെറും 0% മാത്രം. എന്നാലും ഇസ്ലാമിക രാഷ്ട്രക്കാര്‍ നേതൃത്വം നല്‍കുന്ന സമുദായ പാര്‍ട്ടി അണികള്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു 5 ലക്ഷം ലീഡ് നല്‍കും (എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല, 22 ജനുവരി, സമകാലിക മലയാളം)

56. എംഇഎസ് സ്ഥാപനങ്ങളിലെ അമുസ്ലീങ്ങൾ

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50 ശതമാനം അധ്യാപകരും അമുസ്ലീങ്ങളാണെന്ന് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. കേരളത്തില്‍ എന്‍എസ്എസിന് 22 ഉം എസ്എന്‍ഡിപിക്ക് 14 ഉം കോളേജുകള്‍ ഉള്ളപ്പോള്‍ എംഇഎസ് ഏഴെണ്ണമേ ഉള്ളു. എന്നാല്‍ 7 കോളേജ് ഉള്ള  എംഇഎസ് ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് എവിടെ എത്തി എന്ന് നോക്കണം എന്നും ഏതെങ്കിലും ജില്ലയില്‍ സ്ഥാപനം കിട്ടിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്ത് ഒരു സമുദായമാണെങ്കില്‍ മറ്റൊരിടത്ത് മറ്റു സമുദായങ്ങളാണ് ഭൂരിപക്ഷം. തങ്ങള്‍ തഴയപ്പെടുന്നുവെന്നും മലപ്പുറത്ത് മുസ്ലിംആധിപത്യമാണെന്നുമൊക്കെയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവയുടെ സാഹചര്യത്തിലാണ് ഫസല്‍ ഗഫൂറിന്റെ ഇടപെടല്‍ (എംഇഎസ് സ്ഥാപനങ്ങളില്‍ 50% അധ്യാപകരും അമുസ്ലീങ്ങള്‍; മറ്റേതെങ്കിലും മതസംഘടനകള്‍ക്ക് ഇത് പറ്റുമോ? ഫസല്‍ ഗഫൂര്‍, 22 ജനുവരി, മീഡിയ വണ്‍ ഓണ്‍ലൈന്‍).

57. വിവാഹവാഗ്ദാനവും വെള്ളക്കോളര്‍ ഭീകരതയും

യുപിയില്‍ വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ സഹപ്രവര്‍ത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ സീനിയര്‍ റെസിഡന്‍സ് ഡോക്ടര്‍ റമീസ് മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടത്തിയപ്പോഴാണ് മതപരിവര്‍ത്തന റാക്കറ്റിന്റെ വിവരം തെളിഞ്ഞത് എന്നാണ് യുപി സ്‌പെഷ്യല്‍ ടാസ്‌ക് പോലീസ് പറയുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള കോളര്‍ ഭീകര വാദത്തെക്കുറിച്ചും റമീസ് മാലിക്കിന്റെ കേസിനെക്കുറിച്ചും മറുനാടന്‍ മലയാളിയില്‍ വന്ന വാര്‍ത്ത ഇങ്ങനെ: വെള്ള കോളര്‍ ഭീകരവാദം രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെ പേര്‍ മരിക്കുകയും 40ലേറെ പേര്‍ക്ക് ചെയ്തതിനുശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാക്കാണിത് പഴയതുപോലെ വാടക കൊലയാളികള്‍ സമൂഹത്തിലെ താഴെ തട്ടില്‍ നില്‍ക്കുന്ന ആളുകളെ ഒന്നുമല്ലായിരുന്നില്ല ഭീകരാക്രമണത്തിലെ കണ്ണികള്‍,പകരം അവരെല്ലാം ഒന്നാന്തരം സാമ്പത്തികശേഷിയുള്ളവരായിരുന്നു.ഡോക്ടര്‍മാരും ഐ ടി പ്രൊഫഷണല്‍സും എന്‍ജിനീയര്‍മാരും ഒക്കെയുള്ള ഈ ഭീകരതയുടെ നെറ്റ്വര്‍ക്കില്‍ പഴയതുപോലെ തോക്ക് ഉപയോഗിച്ച ഭീകരതയില്ല പകരം സാമ്പത്തിക സാമൂഹിക മാര്‍ഗ്ഗങ്ങളിലൂടെയുള്ള നൂതനമായ പദ്ധതിയാണ് അവര്‍ ആവിഷ്‌കരിക്കുന്നത് അതാണ് വൈറ്റ് കോളര്‍ ടെററിസം (മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം മാഫിയ. പീഡനക്കേസില്‍ അറസ്റ്റില്‍ ആയ ഡോക്ടര്‍ റമീസ് മാലിക്കില്‍ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുപിയില്‍ അടിക്കടി ഡോക്ടര്‍മാര്‍ അറസ്റ്റില്‍ ആവുന്നത് എന്തുകൊണ്ട്? വീണ്ടും വൈറ്റ് കോളര്‍ ടെററിസം ചര്‍ച്ചയാവുമ്പോള്‍., എം റിജു, 22 ജനുവരി, മറുനാടന്‍ മലയാളി).

ജനം ടിവി വാർത്ത

58. ലീഗിനെ ഹെകുമാത്യരുടെ പാര്‍ട്ടി പോലാക്കും

ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാല്‍ മുസ്ലീംലീഗിന് അഫ്ഗാനിലെ ഹെകുമാത്യരുടെ പാര്‍ട്ടിയുടെ ഗതി വരുമെന്ന് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍: 

വി.ഡി സതീശന്‍ അധികാരം പിടിക്കാന്‍ ന്യൂനപക്ഷവര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി എന്താണെന്നും അതിന്റെ പ്രത്യയശാത്രം എന്താണെന്നും അദ്ദേഹം തിരിച്ചറിയുന്നില്ല. തങ്ങളോടൊപ്പം കൂടിയതോടെ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നാണ് സതീശന്‍ പറയുന്നത്… ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാല്‍ മുസ്ലീം ലീഗിന് അഫ്ഗാനിലെ ഹെകുമാത്യരുടെ പാര്‍ട്ടിയുടെ ഗതി വരും (കെ.ടി കുഞ്ഞികണ്ണന്‍, 22 ജനുവരി, മാതൃഭൂമി ന്യൂസ്).

59. ഇസ്‌ലാമോഫോബിയ  ആരോപണങ്ങള്‍ കുപ്രചാരണം

സിപിഎമ്മിന് നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മൃദു ഹിന്ദുത്വവാദ-ഇസ്ലാമോഫോബിയ ആരോപണങ്ങള്‍ ജമാഅത്തെ ഇസ്ലാമിയും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ലിബറല്‍ മധ്യവര്‍ത്തി ബുദ്ധിജീവികളുടെയും പ്രചരണ തന്ത്രമാണെന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായ കെ.എന്‍ ഗണേഷ്: 

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും യുഡിഎഫിന്റെ ബിജെപി വലതുപക്ഷ പ്രചാരണരീതി വ്യക്തമായിവരികയാണ്. എല്‍ഡിഎഫ് ഭരണത്തിലെ ‘പോരായ്മ’കള്‍ ചൂണ്ടിക്കാണിക്കുകയോ ‘അഴിമതി’ നിരത്തുകയോ ചെയ്യുന്ന സാധാരണ തന്ത്രമല്ല അവര്‍ പയറ്റുന്നത്. അതിനേക്കാള്‍ ആഴത്തിലുള്ള കൂടുതല്‍ സൂക്ഷ്മവും കാര്യക്ഷമവുമായ തന്ത്രമാണ് മെനയുന്നത്. ഇതിന്റെ സൂത്രധാരന്മാര്‍ ജമാഅത്തെ ഇസ്ലാമിയും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ലിബറല്‍ മധ്യവര്‍ത്തി ബുദ്ധിജീവികളുമാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയില്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് അവര്‍ പറയുന്നത്.  മോദി ഹിന്ദുത്വവാദിയാണെങ്കില്‍ പിണറായി വിജയനും കമ്യൂണിസ്റ്റുകാരും മൃദു ഹിന്ദുത്വവാദികളാണ്. അതുകൊണ്ട് സിപിഎം ന്യൂനപക്ഷവിരുദ്ധരും ഇസ്ലാമോഫോബിക്കുമാണ്. ഫാസിസ്റ്റുകളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബാന്ധവം ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അതുതന്നെയാണ് കമ്യൂണിസ്റ്റുകാര്‍ കേരളത്തിലും തുടരുന്നത്. ചുരുക്കത്തില്‍ എല്‍ഡിഎഫിന്റെ പതനത്തിനുവേണ്ടി നിലകൊള്ളുക ന്യൂനപക്ഷങ്ങളുടെ ദൗത്യമാണ്. ഈ പ്രചാരകരുടെ ലക്ഷ്യം ഫാസിസമല്ല. കേരളത്തില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ്. ഇവര്‍ പ്രതിനിധാനംചെയ്യുന്ന മത വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുമ്പിലുള്ള ഫാസിസ്റ്റ് ശക്തി ഹിന്ദുത്വവര്‍ഗീയതയാണ് (വര്‍ഗീയ രാഷ്ട്രീയത്തിന്റെ മാധ്യമ വലക്കെട്ടുകള്‍, കെ.എന്‍ ഗണേഷ്, 22 ജനുവരി, ദേശാഭിമാനി എഡിറ്റോറിയല്‍).

60. ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയണം

മതരാഷ്ട്രവാദവും ഇസ്ലാമിക റിപ്പബ്ലിക്കും തങ്ങളുടെ ആത്യന്തികലക്ഷ്യമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തയ്യാറാകുമോയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്:

ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും മതരാഷ്ട്രവാദത്തെ തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിസ്സംശയം പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് വി.ഡി സതീശന്‍ പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവും നിയമ വിരുദ്ധവും മതേതരവിരുദ്ധവും ജനാധിപത്യവിരു ദ്ധവുമായ നിലപാടാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മതരാഷ്ട്രവാദത്തോട് മുസ്ലീംലീഗിനുള്ള നിലപാട് എന്തെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഭാരതത്തെ ഇസ്ലാമിക റിപ്പബ്ലിക് ആക്കാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുമായും അവരുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും നിയമ സഭാതെരഞ്ഞെടുപ്പില്‍ സഖ്യവും സഹകരണവും ഉണ്ടാക്കി മുന്നോട്ടുപോകാനാണ്‌കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. ജമാഅത്തെ ഇസ്ലാമിയുമായി പലഘട്ടങ്ങളിലും സഖ്യമുണ്ടാക്കിയവരാണ് സിപിഎമ്മുകാര്‍. മതപരമായ കലഹവും കലാപവും സൃഷ്ടിക്കാന്‍ ഉതകുന്ന പ്രസ്താവനയാണ് ശൈഖ് കാരക്കുന്ന് നടത്തിയത്. ഈ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം-ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ കൃഷ്ണദാസ്, 22 ജനുവരി, ജന്മഭൂമി ഓണ്‍ലൈന്‍).

61. ദേശവിരുദ്ധശക്തികളുമായി കൈക്കോര്‍ക്കുന്നു

എല്‍ഡിഎഫും യുഡിഎഫും ദേശവിരുദ്ധശക്തികളുമായി കൈകോര്‍ക്കുന്ന കാഴ്ച യാണ് കേരളത്തിലുള്ളതെന്ന്  ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്: കേരള നിയമസഭ സംയുക്തമായി പാസ്സാക്കിയ ബഹുഭൂരിപക്ഷം പ്രമേയങ്ങളും ദേശീയ കാഴ്ചപ്പാടിന് വിരുദ്ധമാണ്. ഇത്തരം പ്രമേയങ്ങള്‍ പാസാക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്കിടയില്‍ പാലമായത് ജമാഅത്തെ ഇസ്ലാമി, പിഎഫ്ഐ, പിഡിപി ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു-ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ കൃഷ്ണദാസ്, 22 ജനുവരി, ജന്മഭൂമി ഓണ്‍ലൈന്‍)

62. തീവ്രമുസ്ലീം രാഷ്ട്രീയവും ഹൈന്ദവരാഷ്ട്രീയവും

വടക്കേ ഇന്ത്യന്‍ ആചാരങ്ങള്‍ക്ക് സാമൂഹിക മാന്യത നല്‍കിയും പ്രാദേശിക വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചും ഹൈന്ദവ രാഷ്ട്രീയം വളര്‍ന്നുവെന്നും ഈ അസഹിഷ്ണുത മുസ്ലീം രാഷ്ട്രീയത്തെ തീവ്രമാക്കിയെന്നും കവി കെ. സച്ചിദാനന്ദന്‍. അദ്ദേഹത്തിന്റെ ആത്മകഥയായ അവിരാമത്തിന്റെ പ്രകാശകനവേളയിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്:  മതജാതി പ്രീണനം അധികാരത്തിന് ആവശ്യമാകാമെങ്കിലും അത്തരം നീക്കങ്ങള്‍ ഇടതുപക്ഷത്തു നിന്നുള്ള വ്യതിചലനമാണ്. വര്‍ഗീയതയുടെ വളര്‍ച്ചയാണ് കേരളം അനുഭവിക്കുന്ന പ്രതിസന്ധിയുടെ പ്രധാന ഘടകം. വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത നവാചാരങ്ങള്‍ക്ക് സാമൂഹിക മാന്യത നല്‍കിയും ഓണത്തെ വാമനജയന്തി ആക്കിയും പ്രാദേശിക വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചും ഹൈന്ദവ രാഷ്ട്രീയം വളര്‍ന്നു. ഈ അസഹിഷ്ണുത മുസ്ലീം രാഷ്ട്രീയത്തെ തീവ്രമാക്കി (മതജാതി പ്രീണനം ഇടതുവ്യതിചലനം, കെ സച്ചിദാനന്ദന്‍, 23 ജനുവരി, മനോരമ).

63. ജമാഅത്തെ ഇസ്ലാമിയെ ഒളിച്ചുകടത്തുന്നു

ജമഅത്തെ ഇസ്ലാമിയുടെ ബാല സംഘമായ മലര്‍വാടി ബാലസംഘം ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ്. കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ സ്‌കൂളുകളിലും മലര്‍വാടി ബാലസംഘം നടത്തിവരുന്നുണ്ട്. ജനുവരി 24 നു മഴവില്ല് എന്ന തലകെട്ടില്‍ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ  മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളെ പറ്റി ജന്മഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ജമാഅത്തെ ഇസ്ലാമി കുട്ടികളിലേക്ക് നുഴഞ്ഞുകയറുന്നതായി ആരോപിച്ചു: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടന പൊതുവിദ്യാലയങ്ങളിലടക്കം നുഴഞ്ഞുകയറിയതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ സംഘടന ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. ഇതിനെതിരെ യുവമോര്‍ച്ചയടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട് (പേര് മലര്‍വാടി ബാലസംഘം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് ജമാഅത്തെ ഇസ്ലാമിയെ ഒളിച്ചുകടത്താന്‍ ശ്രമം, 25 ജനുവരി, ജന്മഭൂമി).

ജനം ടിവി വാർത്ത

64. ഇസ്‌ലാമോഫോബിക് സ്‌കിറ്റ്

കൊട്ടാരക്കര എം.ജി.എം സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുക്കുന്ന രംഗം സ്‌കിറ്റായി അവതരിപ്പിച്ചിരുന്നു. കാഫിയ്യ ധരിച്ച ഏതാനും ചില ‘ഭീകരവാദി’കളാണ് ഈ കൃത്യം നടത്തുന്നത്. മുസ്ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന സ്‌കിറ്റിനെതിരെ എം ജി എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കി.

നഴ്സറി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വാളുകൊണ്ട് കഴുത്തറുക്കുകയും വെട്ടുകയും ചെയ്യുന്ന രംഗങ്ങള്‍ അടങ്ങിയ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചതിനെതിരേ  ഡോ.ശിഹാബുദ്ദീന്‍ എന്ന വ്യക്തി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി: യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ആക്രമണദൃശ്യങ്ങള്‍ വേദിയില്‍ അരങ്ങേറിയത്. മൂന്ന് മുതല്‍ ആറ് വയസ് വരെയുള്ള കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടികളും പ്ലസ് ടു വരെയുള്ള മറ്റു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമാണ് സദസിലുണ്ടായിരുന്നത്. ദൃശ്യങ്ങള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്ന് പരാതിയില്‍ പറയുന്നു (നഴ്സറി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വാളുകൊണ്ട് കഴുത്തറുക്കുന്ന ദൃശ്യാവിഷ്‌കാരം; കൊട്ടാരക്കര എംജിഎം ആര്‍പി സ്‌കൂളിനെതിരെ പരാതി, 24 ജനുവരി, മീഡിയാവണ്‍)

സംഭവത്തില്‍ സ്‌കൂള്‍  അധികൃതര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി (28 ജനുവരി, ഫേസ്ബുക്ക് പോസ്റ്റര്‍/ഫ്രറ്റേണിറ്റി, കൊല്ലം).

65. മാവോ-മുസ്ലീം കോണ്‍ഗ്രസ്-പാര്‍ട്ടി

തിരുവനന്തപുരം നഗരത്തിന്റെ വികസന ബ്ലൂപ്രിന്റ് അവതരിപ്പിക്കാനും വിവിധ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കാനുമായി ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം സന്ദര്‍ശിച്ചിരുന്നു. രണ്ട് പൊതുപരിപാടികളിലായി മോദി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെ മാവോ-മുസ്ലീം കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണ് വിശേഷിപ്പിച്ചത്: കോണ്‍ഗ്രസ് ഇപ്പോള്‍ മാവോ-മുസ്ലീം കോണ്‍ഗ്രസ് -പാര്‍ട്ടിയായി. അവര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകള്‍ ആയി. ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദികളായി. കേരളത്തെ വര്‍ഗീയ പരീക്ഷണശാല ആക്കി. അവര്‍ വിഘടനവാദം വളര്‍ത്തുകയാണ്. പവിത്രഭൂമിയില്‍ കേരളത്തെ അഴിമതി മുക്തമാക്കാന്‍ കോണ്‍ഗ്രസിനെ പുറത്താക്കണം. കേരളത്തെ കോണ്‍ഗ്രസിന്റെ മുസ്ലിം ലീഗ് അജണ്ടയില്‍ നിന്നും മുക്തമാക്കണം (അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ ജയിലില്‍ അടയ്ക്കും: പ്രധാനമന്ത്രി, 24 ജനുവരി, ജന്മഭൂമി; കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് എന്ന് നരേന്ദ്ര മോദി, 24 ജനുവരി, സിറാജ്).

66. ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ പിന്തുണ

ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയില്‍ വളരുന്നത് നല്ലതാണോ എന്ന് ചിന്തിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (വരാന്‍ പോകുന്നത് ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് രാജീവ് ചന്ദ്രശേഖര്‍, 24 ജനുവരി, ജന്മഭൂമി).

67. ജില്ല വിഭജനം തീവ്രവാദ ആവശ്യം

ജില്ലാ വിഭജം വേണമെന്ന ആവശ്യം ഉയരുന്നതിനിടയില്‍ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണം എന്നായിരുന്നു ആവശ്യം. സംസ്ഥാനത്തെ  ജില്ലകളെ വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ തടയാന്‍ പേരുമാറ്റം സഹായിക്കുമെന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എഴുതിയത് (സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു, 13 ജനുവരി, ഏഷ്യാനെറ്റ്).

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിന് ബിജെപിയുടെ കേരള ഘടകം പിന്തുണ എന്ന നിലയിലാണ് കത്തയച്ചത്. ഈ വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു (സര്‍ക്കാറിന് ബിജെപി പിന്തുണ; ‘കേരള’ വേണ്ട ‘കേരളം’ മതി!, 13 ജനുവരി, ഇന്ത്യ ടുഡെ).

68. വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കാസര്‍കോട് നടന്ന ദേശീയ അധ്യാപക പരിഷത് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മുസ്ലീം മത സംഘടനകളും സംഘടിത മതന്യൂനപക്ഷങ്ങളുമാണ് നിയന്ത്രിക്കുന്നത്. അവര്‍ സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പിഎംശ്രീ പദ്ധതി  ഒപ്പ് വെച്ചിട്ടും പദ്ധതയില്‍ നിന്ന് പിന്‍മാറാന്‍ ഇടത് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ നയത്തോടല്ല എതിര്‍പ്പ്. മറിച്ച് സംഘടിത മതസമൂഹത്തിന് വഴങ്ങിയാണ് രണ്ട് മൂന്നണികളും പദ്ധതിയെ എതിര്‍ക്കുന്നത്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവന്നപ്പോള്‍ മുസ്ലീം സംഘടനകള്‍ മാത്രമാണ് എതിര്‍ത്തത്. വെള്ളിയാഴ്ചയിലെ ഉച്ചസമയത്തെ വിശ്രമം കുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ എതിര്‍ത്തത് മുസ്ലിം മത സംഘടനകളാണ്. അവര്‍ക്ക് വഴങ്ങി ഒരു ഡസനോളം ഉത്തരവുകളാണ് കേരള സര്‍ക്കാരിന് മാറ്റേണ്ടിവന്നത് (കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി രമേശ്, 25 ജനുവരി, ജന്മഭൂമി).  

69. മുസ്ലീം പാര്‍ട്ടികളുടെ ആക്രമണം ഭയന്ന് എന്‍ഡിഎയില്‍

എറണാംകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുടെ ഉടമ സാബു എം ജേക്കബ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ട്വന്റി-ട്വന്റി കിഴക്കമ്പലം ബിജെപി സഖ്യമായ ദേശീയ ജനാധിപത്യ മുന്നണിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നു. ഒരു വിഭാഗം പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നാണ് സാബു എം ജേക്കബ് ന്ല്‍കിയ വിശദീകരണം (സി.പി.എമ്മിനും കോണ്‍ഗ്രസിനും മാറ്റം കൊണ്ടുവരാനാകില്ല: ട്വന്റി-20, 25 ജനുവരി, മംഗളം). എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ എന്നുകൂടി സാബു ജേക്കബ് ചോദിച്ചു (എന്തുകൊണ്ട് കേരളം ഗുജറാത്തു ആയിക്കൂടാ.- സാബൂ ജേക്കബ്, 25 ജനുവരി, ദര്‍ശന ടിവി).

70. വിവേചനത്തിന്റെ കണക്ക്

വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിദ്വേഷ പ്രസ്താവനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുസ് ലിംകള്‍ക്ക് കൂടുതല്‍ എയ്ഡഡ് കോളേജുകളും സ്‌കൂളുകളുമുണ്ട് എന്നത്. സര്‍ക്കാര്‍ പണം മുസ്ലീം സമുദായത്തിനായി വലിയ തോതില്‍ ഒഴുക്കുന്നു എന്നതാണ് ഈ പരാമര്‍ശങ്ങളിലെ ധ്വനി. ഇതിന് മറുപടിയെന്നോണം കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മുസ്ലീം മാനേജ്‌മെന്റ് എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളുടെ കണക്ക് മുസ്ലീം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) പുറത്തുവിട്ടു. 

മെക്കയുടെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ആകെ 46 എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാണ് ഉള്ളത്. അതില്‍ മുസ്ലീം മാനേജ്മന്റ് കോളേജുകള്‍ 4, ക്രിസ്ത്യന്‍ മാനേജ്മന്റ്  കോളേജുകള്‍ 18, ഈഴവ കോളേജുകള്‍ 10, നായര്‍ മാനേജ്മന്റ് കോളേജുകള്‍ 10 എണ്ണവും മറ്റു ഹിന്ദു വിഭാഗം കോളേജ് മാനേജ്‌മെന്റുകള്‍ 4 എണ്ണവുമാണ് ഉള്ളത് (വിവേചനത്തിന്റെ കണക്ക് പുസ്തകം, 27 ജനുവരി, ഫേസ്ബുക്ക് പേജ്/മെക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ്). 

71. ന്യൂനപക്ഷ വര്‍ഗീയതയെ മാത്രം പ്രശ്‌നവല്‍ക്കരിക്കുന്നു

ഭൂരിപക്ഷ വര്‍ഗീയതയോട് കണ്ണടച്ച് ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ മാത്രമാണ് സിപിഎം ശബ്ദിക്കുന്നത് എന്നും തെരഞ്ഞെടുപ്പില്‍ അധികം സ്വാധീനം ചെലുത്താത്ത ജമാഅത്തെ ഇസ്ലാമിയെ മുന്‍ നിര്‍ത്തി ന്യൂനപക്ഷ വര്‍ഗീയതക്ക് എതിരെ നിന്നുകൊണ്ടുള്ള നയം സ്വീകരിക്കുന്നത് ഇതിനാലാണ് എന്നും മാധ്യമപ്രവര്‍ത്തകന്‍ കെ.പി സേതുനാഥ്: 

2002 ല്‍ മുഖധാരയില്‍ അല്ലാതെ നിന്നിരുന്ന ബിജെപി 2026 ഇല്‍ രാഷ്ട്രീയമായി മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ 2026 യിലെയും 1987 യിലെയും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെയല്ല എന്ന് വരുത്താന്‍ സിപിഎമ്മിന് കഴിയുന്നില്ല. ഭൂരിപക്ഷ വര്‍ഗീയതയോട് കണ്ണടച്ച് ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ മാത്രമാണ് സിപിഎം ശബ്ദിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അധികം സ്വാധീനം ചെലുത്താത്ത ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി ന്യൂനപക്ഷ വര്‍ഗീയതക്ക് എതിരെ നിന്നുകൊണ്ടുള്ള നയം സ്വീകരിക്കുന്നത് ഇതിനാലാണ്. ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി നടത്തുന്ന ക്യാമ്പയിനുകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാക്കുകയാണ്. മറുവശത്ത്, യുഡിഎഫ് സിപിഎമ്മിന്റെ ഹിന്ദുത്വവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഷ്ട്രീയ സംവാദത്തെ മറ്റൊരു ദിശയിലേക്ക് തിരിക്കുന്നു. ഇരുസമീപനങ്ങളും ചേര്‍ന്നാല്‍, ഭാവിയില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേസമയം ശക്തിപ്പെടാനുള്ള സാഹചര്യമാണുണ്ടാകുന്നത് (ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച് സിപിഎം മിണ്ടുന്നില്ല, കെ.പി സേതുനാഥ്, 27 ജനുവരി, ദി മലബാര്‍ ജേര്‍ണല്‍).

72. ‘സമുദായ നേതാക്കളുടെ’ മുസ്ലീം വിരോധം

മുസ്ലീങ്ങളുടെ സാമ്പത്തിക വളര്‍ച്ചയാണ് സാമുദായിക നേതാക്കളുടെ അസൂയക്ക് കാരണം എന്ന് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു.   ക്രിസ്ത്യാനികള്‍ അവര്‍ നേരിട്ട അവകാശ നിഷേധങ്ങള്‍ സ്വയം ബോധിപ്പിക്കട്ടെ, എന്തിനാണ് മറ്റുള്ളവര്‍ അത് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെ ആണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യം വിധ്വേഷ പ്രസംഗങ്ങള്‍ പ്രസംഗിച്ചത്.  പിന്നീടാണ് മുസ്ലീങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. 30 വര്‍ഷത്തോളം സാമുദായിക നേതാക്കളായി ഇരുന്നവര്‍ സമുദായത്തിന് വേണ്ടി എന്ത് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ചോദിച്ചു (മുസ്ലീങ്ങള്‍ ഗതി പിടിച്ചതാണ് ഈ ‘സമുദായ നേതാക്കളുടെ’ മുസ്ലീം വിരോധത്തിന് പിന്നില്‍, 27 ജനുവരി, നേര്‍ക്കുനേര്‍, എപ്പിസോഡ് 856).

73. സുനിതാവില്യംസിന്റെ പള്ളി സന്ദര്‍ശനം

ഡി.സി ബുക്ക്‌സ് കോഴിക്കോട് വെച്ച് വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് അതിഥികളില്‍ ഒരാളായിരുന്നു. സുനിത വില്യംസുമായി ബന്ധപ്പെട്ട് രണ്ട് രീതിയിലാണ് വിവാദങ്ങള്‍ വികസിച്ചത്.

മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സുനിത വില്യംസിനെ സന്ദര്‍ശിച്ച വാര്‍ത്ത ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരണങ്ങള്‍ക്കാണ് തുടക്കമിട്ടു. സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സാദിഖലി തങ്ങള്‍ ‘വെള്ളവും ഭൂമിയും എല്ലാവര്‍ക്കുമുള്ളതാണെന്നും പിന്നെ മനുഷ്യര്‍ എന്തിനാണ് കലഹിക്കുന്നതെന്നും’ അവര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു (‘വായുവും വെള്ളവും ഭൂമിയും എല്ലാവര്‍ക്കുമുള്ളത്. പിന്നെന്തിനാണ് മനുഷ്യര്‍ തമ്മില്‍ കലഹിക്കുന്നതെന്നാണ് സുനിത വില്യംസ് ചോദിച്ചത്.’ സാദിഖലി ശിഹാബ് തങ്ങള്‍, 28 ജനുവരി, 24 ന്യൂസ്) 

ആയമ്മേടെ ഇസ്‌ലാമോഫോബിയ

ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സുരേഷ് ബാലകൃഷ്ണന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതി: 

ചന്ദ്രന്‍ പിളര്‍ത്തപ്പെട്ടതിനേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന, വൈവിധ്യത്തെ അംഗീകരിക്കാത്ത ഇവരോട് ആയമ്മ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടായിരിക്കും?ആയമ്മേടെ ഇസ്ലാമോഫോബിയ… അല്ലാണ്ടെന്താ? (28 ജനുവരി, ഫേസ്ബുക്/ സുരേഷ് ബാലകൃഷ്ണന്‍).

സുനിതാ വില്യംസിന്റെ പള്ളി സന്ദര്‍ശനം

ചരിത്ര, പുരാവസ്തു പ്രാധാന്യമുള്ള കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളിയില്‍ സുനിത വില്യംസ് സന്ദര്‍ശനം നടത്തിയത് മറ്റൊരു വിവാദത്തിന് കാരണമായി.  പുരാവസ്തു, ചരിത്ര ഗവേഷകര്‍ അടക്കമുള്ള മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിക്കുള്ളിലേക്കുള്ള പ്രവേശനം വിലക്കുന്നതുമായി ബന്ധപ്പെട്ട്, മുസ്ലീം സ്ത്രീ ഗവേഷകരും എഴുത്തുകാരും രംഗത്തെത്തി. 

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാന്‍ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫര്‍സാന ചോദിച്ചു. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഫര്‍സാനയുടെ പ്രതികരണം (‘പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാന്‍ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?’; ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന, 27 ജനുവരി, മീഡിയാവണ്‍).

‘അമേരിക്കയില്‍ ജനിച്ച പ്രിവിലേജഡ് ആയ സ്ത്രീകള്‍ക്ക് ചരിത്രപ്രാധാന്യമുള്ള മിഷ്‌കാല്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള (മുസ്ലിം ) വനിതാ ഗവേഷകരായ ഞങ്ങള്‍ക്ക് ഒരിക്കലും പ്രവേശനം അനുവദിക്കപ്പെട്ടില്ല / അനുമതി നല്‍കപ്പെട്ടില്ല’ എന്ന് ഗവേഷകയും എഴുത്തുകാരിയുമായ ഡോ. സിമി നജ്മ സാലിം സാക്ഷ്യം പറഞ്ഞു (സുനിത വില്ല്യംസിന് കയറാവുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയിൽ മുസ്ലീം വനിതാ ഗവേഷകര്‍ക്ക് എന്തുകൊണ്ട് പ്രവേശനമില്ല?, സാമൂഹ്യമാധ്യമങ്ങളില്‍ ചോദ്യങ്ങളുമായി മുസ്ലീം വനിതാ ഗവേഷകരും എഴുത്തുകാരും, 27 ജനുവരി, മക്തൂബ് മലയാളം).

74. പാലക്കാട് നഗരമധ്യത്തിലെ നമസ്‌കാരം

പാലക്കാട് നഗരമധ്യത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി ഒരു സ്ത്രീ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി തര്‍ക്കത്തിലാണ്. ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമായിട്ടാണ് റോഡില്‍ നിസ്‌കരിച്ചു പ്രതിഷേധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസ എന്ന സ്ത്രീയാണ് നിസ്‌കരിച്ചത്. പാലക്കാട് കൊല്ലങ്കോട്ടുള്ള തന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി ഇവര്‍ക്ക് തര്‍ക്കമുണ്ട്. ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമായിട്ടാണ് നഗരമധ്യത്തില്‍ ഇവര്‍ ഇത്തരമൊരു രീതി സ്വീകരിച്ചത്. പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു (പാലക്കാട് നഗരമധ്യത്തിലെ നമസ്‌കാരം, 28 ജനുവരി, സീ ഫോര്‍ മീഡിയ). 

ആദ്യ ഘട്ടത്തില്‍ വസ്തുതകള്‍ പുറത്തുവരുന്നതിനു മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വിദ്വേഷപ്രചാരണം നടന്നു. 

റോഡ് തടസ്സപ്പെടുത്തി നമസ്‌കാരം

പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി മതപരമായ ചടങ്ങു നടത്തിയ സ്ത്രീക്കെതിരേ കേസെടുക്കണമെന്ന് ജനം ടിവി ആവശ്യപ്പെട്ടു: പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ  ജംഗ്ഷനില്‍ നിന്നുള്ള കാഴ്ചയാണിത്. ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡിന് നടുവില്‍ പായ വിരിച്ച് നിസ്‌കരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍, വാഹനങ്ങള്‍ കടന്നുപോകുന്ന വഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം.

നമ്മുടെ പൊതുയിടങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അവിടെ ഇത്തരം മതപരമായ ചടങ്ങുകള്‍ വഴിതടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. അധികാരികള്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (പാലക്കാട് നഗരമധ്യത്തില്‍ റോഡ് ഉപരോധിച്ച് നിസ്‌കാരം, 28 ജനുവരി, ജനം ടിവി).

വിസ്മയം ഇങ്ങെത്തി മക്കളെ!

വിസ്മയം ഒടുവില്‍ കേരളത്തിലുമെത്തിയെന്നാണ് തീവ്രക്രിസ്ത്യന്‍ സംഘടനയായ കാസ ഫേസ്ബുക്കില്‍ എഴുതിയത്: അഭയം കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ആ വിസ്മയം ഒടുവില്‍ കേരളത്തിലുമെത്തിയിരിക്കുന്നു. റോഡ് നിസ്‌കരിക്കാനുള്ളതാണ് അല്ലാതെ വാഹനമോടിക്കാനുള്ളതല്ല ഭരണപ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന കൂടി വന്നാല്‍ പൊളിക്കും. ഇതാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും എസ്ഡിപിഐയുമെല്ലാം സ്വപ്നം കാണുന്ന ഭാവി കേരളം! (28 ജനുവരി, ഫേസ്ബുക്ക്/കാസ).

വിധവ നീതി തേടി അങ്ങായിടില്‍

ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഇതൊരു പ്രതിഷേധമാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. വിദ്വേഷപ്രചാരകര്‍ അതും ഉപയോഗപ്പെടുത്തി. അവരിലൊരാളാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍:

അവര്‍ നീതിക്കായി ചെയ്തതാണെന്ന് ബോധ്യമാകുന്നു. ഭര്‍ത്താവ് മരിച്ച ഒരു വിധവക്ക് നീതി തേടി അങ്ങാടിയിലെത്തണമെന്നോ? മഹല്ല് കമ്മിറ്റികളും പള്ളിക്കമ്മിറ്റികളും ഇസ്ലാമിക സംഘടനകളും അവര്‍ക്ക് നീതിവാങ്ങിക്കൊടുക്കുവാന്‍ കഴിയാത്തവരായോ? 

സിഎഎയുടെ പേരില്‍ പാക്കിസ്താനിലെ മുസ്ലീമിന് വേണ്ടി വരെ പോരാടിയ ചരിത്രമുള്ളവരാണല്ലോ? (28 ജനുവരി, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

75. ഗസ നാടകം: സംവിധായികക്ക് വിസ നിഷേധിച്ചു

തൃശ്ശൂരില്‍ നടക്കുന്ന ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവത്തില്‍ പങ്കെടുക്കേണ്ട ഫലസ്തീന്‍ അനുകൂല ഇസ്രയേലി നാടക സംഘത്തിന് ഇസ്രയേലി എംബസി വിസ നിഷേധിച്ചു. ഫലസ്തീന്‍ നാടകവേദിയുടെ വര്‍ത്തമാനകാല അവസ്ഥ പ്രമേയമാക്കിയ ‘ദി ലാസ്റ്റ് പ്ലേ ഇന്‍ ഗാസ’ എന്ന നാടകസംഘത്തിനാണ് വിസ നിഷേധിച്ചത്. ബോംബാക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ നാടകശാലയായ ‘തിയേറ്റര്‍ ഫോര്‍ എവരിബഡി’യില്‍ അവസാനമായി അവതരിപ്പിച്ച ‘ദി എമിഗ്രന്റ്‌സ്’ എന്ന നാടകത്തിന്റെ പുനരവതരണവും തുടര്‍ച്ചയുമാണ് ‘ദി ലാസ്റ്റ് പ്ലേ ഇന്‍ ഗാസ’. പ്രശസ്ത ഇസ്രയേലി ഡോക്യു നാടക സംവിധായകയും ചലച്ചിത്രനടിയുമായ ഐനറ്റ് വീസ്മാനാണ് സംവിധായക. നാടകസംഘത്തിന് യാത്രാനുമതി കിട്ടാന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിരുന്നുവെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു (ഇസ്രയേലിലെ ഇന്ത്യന്‍ എംബസി വിസ നിഷേധിച്ചു; അരങ്ങിലെത്താനാകാതെ ‘ദ ലാസ്റ്റ് പ്ലേ ഇന്‍ ഗാസ’, 28 ജനുവരി, മാതൃഭൂമി).

76. അപ്രത്യക്ഷമാകുന്ന ഇന്ത്യന്‍ മുസ്ലീങ്ങൾ

സയീദ് നഖ്വിയുടെ ‘ദ മുസ്ലീം വാനിഷസ്’ എന്ന കൃതിയെ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുനര്‍വായന നടത്തുന്നു മന്‍സൂര്‍ പള്ളൂര്‍. ശാസ്ത്രജ്ഞനും സാമൂഹി കചിന്തകനുമായ ഡോ. സാം പിത്രോദ, സയീദ് നഖ്വിയുടെ ‘മുസ്ലീം വാനിഷസ്’ എന്ന കൃതി വായിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അന്ന് അത് വായിക്കു കയും അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു. എന്നാല്‍ ഇന്ന്, വീണ്ടും ആ കൃതിയിലേക്ക് മടങ്ങിവരേണ്ടിവരുന്ന ചരിത്രബാധ്യത അനുഭവിക്കുന്നു. കാരണം, അന്ന് ഉപമയെന്നു തോന്നിയ പല ആശയങ്ങളും ഇന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുകയാണ് (അപ്രത്യക്ഷമാകുന്ന ഇന്ത്യന്‍ മുസ്ലിംകള്‍-മന്‍സൂര്‍ പള്ളൂര്‍, 28 ജനുവരി, സുപ്രഭാതം ന്യൂസ് പേപ്പര്‍).

77. മതവും ബജറ്റും

മുസ്ലീംലീഗ് നേതാവ് കെ.എം ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന  പ്രസംഗത്തിന് മറുപടിയെന്നപോലെ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നമെന്നതാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സി.കെ നജാഫ് മാധ്യമ ദിനപത്രത്തില്‍ ‘മതം തന്നെയാണ് പ്രശ്‌നം’ എന്ന തലകെട്ടില്‍ മറുപടിയെഴുതി.

‘മതം നോക്കിയാണ് റിയാസ് മൗലവിയെ കൊന്നത്, കൊടിഞ്ഞി ഫൈസലിനെ കൊന്നത്, മുഹമ്മദ് അഖ്ലാഖിനെ കൊന്നത്, മതമല്ല മതമല്ല പ്രശ്നം എന്ന് വെള്ളാപ്പള്ളിയുടെ മുഖത്ത് നോക്കി മന്ത്രിക്ക് പറയാമോ?’ എന്ന് ലേഖനത്തില്‍ പറയുന്നു (മതം തന്നെയാണ് പ്രശ്‌നം, അഡ്വ. സി കെ നജാഫ്, 30 ജനുവരി, മാധ്യമം).

എസ്.വൈ.എസ് മുന്‍ നേതാവ് മുഹമ്മദലി കിനാലൂര്‍  മതം നോക്കി രാജ്യത്ത് നടന്ന അതിക്രമങ്ങളെ എണ്ണിപ്പറഞ്ഞ് കെ എന്‍ ബാലഗോപാലിന്റെ  പരാമര്‍ശത്തെ വിമര്‍ശിച്ചു (30 ജനുവരി, ഫേസ്ബുക്ക്/മുഹമ്മദലി കിനാലൂര്‍).

‘വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നം’ എന്ന ക്യാപ്ഷനില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു. പോസ്റ്ററില്‍ ‘മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം, വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നം’ എന്ന കുറിപ്പോടെ അബ്ദുന്നാസിര്‍ മഅദനി, വെള്ളപാളി നടേശന്‍, എ  കെ ബാലന്‍, സജി ചെറിയാന്‍ എന്നിവരുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് പുറത്തുവന്നതോടെ വിമര്‍ശനവുമായി പിഡിപി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസിനെ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തി (മഅ്ദനി പറഞ്ഞ ‘വര്‍ഗീയത’: യൂത്ത് കോണ്‍ഗ്രസിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു: പി.ഡി.പി., 30 ജനുവരി, ഫേസ്ബുക്ക് /പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കേരള പേജ്).

വിവാദമായതോടെ പോസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ഫേസ്ബുക് പേജില്‍ നിന്ന് പിന്‍വലിച്ചു (മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നതാണ് മുദ്രാവാക്യം: കെ.എന്‍ ബാലഗോപാല്‍, 29 ജനുവരി, മീഡിയാവണ്‍).

വ്യാജ സന്ദേശം, മാധ്യമം വാർത്ത

78. റമദാനില്‍ യാചകര്‍ ഒഴുകുന്നു, പൈസ കൊടുക്കരുത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാചകര്‍  ഒഴുകി വരുന്നതിനെ കുറിച്ച് ഒരു പോസ്റ്റര്‍ സാമൂഹമാധ്യമങ്ങളില്‍ ജനുവരി അവസാന വാരത്തില്‍ പ്രത്യക്ഷപ്പെട്ടു. പോലിസ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. യാചകര്‍ക്ക് നയാപൈസ കൊടുക്കരുതെന്ന് പ്രചരിച്ച പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാധ്യമം നടത്തിയ ഫാക്ട് ചെക്കില്‍ അത് വ്യാജപോസ്റ്ററാണെന്ന് തെളിഞ്ഞു. പോസ്റ്ററില്‍ പോലിസിന്റെ ലോഗോ ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റര്‍ വ്യാജമാണെന്ന് ഡിജിപിയും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി (‘റമദാനില്‍ ക്രിമിനല്‍ യാചകര്‍ ഒഴുകുന്നു, നയാ പൈസ കൊടുക്കരുത്’ -പൊലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു, 30 ജനുവരി, മാധ്യമം).

തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം,
നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, ഹന വഹാബ്, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനാദ്, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ,മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, ദിലാന തസ്ലീം, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്.

Also Read