

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ഏപ്രിൽ (1 – 15) റിപ്പോർട്ട്.
പതിനഞ്ച് ദിവസത്തിനുള്ളിൽ നടന്ന 24 സവിശേഷ സംഭവങ്ങളാണ് ആണ് താഴെ കൊടുത്തിരിക്കുന്നത്. മാർച്ച് അവസാന വാരത്തിൽ തുടങ്ങിയ എമ്പുരാൻ സിനിമാ വിവാദം ഏപ്രിൽ ആദ്യവാരത്തിലും തുടർന്നു. പലസ്തീൻ, വഖഫ് ആക്ട് തുടങ്ങിയ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ച കേരളത്തിൽ വിവിധ തരത്തിലുള്ള ഇസ്‌ലാമോഫോബിക് ഇടപെടലുകൾക്ക് കാരണമായി. ദേശീയ/അന്തർദേശീയ പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും പ്രാദേശിക സ്വഭാവമുള്ള രണ്ട് ഇസ്‌ലാമോഫോബിക് മാതൃകകളും ഏപ്രിലിൽ വികസിച്ചു. മലപ്പുറം ആയിരുന്നു രണ്ടിൻ്റെയും ലക്ഷ്യം.
1. വെള്ളാപ്പള്ളി നടേശൻ നടത്തിയ മലപ്പുറം വിരുദ്ധ വിദ്വേഷ പ്രസ്താവനയായിരുന്നു ഇവയിൽ വേറിട്ട് നിന്നത്.
2. മലപ്പുറത്തെ വീട്ടു പ്രസവങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു ചർച്ചയും ഇതിന് സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. പൊലീസിംഗിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില പുതിയ സംഭവങ്ങൾ ഏപ്രിൽ 6, ഏപ്രിൽ 8, ഏപ്രിൽ 12, ഏപ്രിൽ 14 തിയ്യതികളിൽ അരങ്ങേറി. കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൻ്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്ത് പ്രദർശിപ്പിച്ച ടാബ്ലോ സർക്കാർ പരിപാടികളിൽ അരങ്ങേറുന്ന സർക്കാർ ഇസ്‌ലാമോഫോബിക്ക് ആവിഷ്കാരങ്ങളുടെ ചരിത്രം പിൻപറ്റുന്നതായി. മറ്റൊന്ന്, പൊതു ഒഴുക്കിൻ്റെ ഭാഗമായി നോർമലൈസ് ചെയ്യപ്പെട്ട ഹിന്ദുത്വ ഭാഷണങ്ങളാണ്. സംഘപരിവാർ വിദ്വേഷ പ്രചാരണത്തിൻ്റെ വിവിധ രീതികൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏപ്രിൽ ആദ്യ രണ്ട് വാരവും അരങ്ങേറി. കെ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, ശശികല, മാത്യു സാമുവൽ, ശ്രീജിത്ത് പണിക്കർ തുടങ്ങിയവരുടെ വിദ്വേഷ പ്രസ്താവനകൾക്ക് പുതുമ നഷ്ടപ്പെട്ടെങ്കിലും സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നു.
1. എമ്പുരാന്‍ വിവാദം തുടരുന്നു
മാര്‍ച്ച് 27ന് തിയ്യറ്ററുകളിലെത്തിയ മോഹന്‍ലാല്‍ സിനിമ എമ്പുരാനെക്കുറിച്ചുള്ള വിവാദം ഏപ്രില്‍ മാസത്തിലും തുടര്‍ന്നു. സിനിമയിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരേ ഹിന്ദുത്വരാണ് ‘സൈബര്‍ ആക്രമണം’ നടത്തിയത്. ആക്രമണം രൂക്ഷമായതോടെ സിനിമയില്‍ വെട്ടിത്തിരുത്തല്‍ വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ തയ്യാറായി. വെട്ടിത്തിരുത്തിയ രൂപത്തില്‍ സിനിമ ഏപ്രില്‍ ഒന്നിന് തിയ്യറ്ററുകളിലെത്തി. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കം മൂന്ന് മിനിറ്റ് ദൃശ്യങ്ങളാണ് നീക്കിയതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച് (ഏപ്രില്‍ 1, മാതൃഭൂമി) രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡാണ്. വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയെ ബല്‍ദേവെന്നും തിരുത്തി (ഏപ്രില്‍ 1, 2025, ജനയുഗം). മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്തയനുസരിച്ച് 24 വെട്ടാണ് സിനിമയില്‍ ഉണ്ടായിരുന്നത്. കൂടാതെ നന്ദി കാര്‍ഡില്‍നിന്ന് സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി (ഏപ്രില്‍ 2, മെട്രോ വാര്‍ത്ത).


സുപ്രിയ: അര്‍ബന്‍ നക്‌സല്‍
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം രൂക്ഷമായതിനിടയില്‍ പൃഥ്വിരാജിന്റെ മാതാവും ഭാര്യയും അദ്ദേഹത്തിന് പിന്തുണയുമായെത്തി. എമ്പുരാന്റെ ആഗോള കളക്ഷന്‍ 200 കോടിയെത്തിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിയെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ഭാര്യ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (ഏപ്രില്‍ 1, മാതൃഭൂമി). തന്റെ മകനെ ലാലിന്റെയോ നിർമ്മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മാതാവ് മല്ലിക സുകുമാരന്‍ പറഞ്ഞത്. തന്റെ മകന്‍ ആരെയും ചതിച്ചിട്ടില്ലെന്നും ചതിക്കുകയില്ലെന്നും വിവാദത്തിന് പിന്നില്‍ ചില ചലച്ചിത്ര പ്രവര്‍ത്തകരാണെന്നും ആരോപിച്ചു (മാര്‍ച്ച് 30, മാതൃഭൂമി). ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തുവന്നു. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി (ഏപ്രില്‍ 1, മാതൃഭൂമി).
ഫാന്‍സ്
സിനിമാ വിവാദം പതുക്കെ പല നടന്മാരുടെയും ഫാന്‍സ് അസോസിയേഷനുകളില്‍ പൊട്ടിത്തെറിക്ക് കാരണമായി. അനുകൂലിച്ചവരും പ്രതികൂലിച്ചവരുമുണ്ടായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ (ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍) ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് സംഘടനയിൽ നിന്ന് രാജിവച്ചു. (ഏപ്രില്‍ 1, ജനയുഗം).
ദേശവിരുദ്ധനായ പൃഥ്വിരാജ്
ഓര്‍ഗനൈസര്‍ ഇതുസംബന്ധിച്ച് പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പൃഥ്വിരാജ് ദേശവിരുദ്ധരുടെ ശബ്ദമാണെന്നും സനാതനധര്‍മത്തിന് എതിരാണെന്നു മാത്രമല്ല, സേവ് ലക്ഷദ്വീപ് കാംപയിന്റെ ഭാഗമായിരുന്നെന്നും കുറ്റപ്പെടുത്തി. ദ്വീപിനെ രക്ഷിക്കാനുള്ള ശ്രമത്തെ വര്‍ഗീയമായി (കമ്മ്യൂണല്‍) ചിത്രീകരിക്കുകയായിരുന്നു അദ്ദേഹമെന്നായിരുന്നു ഓര്‍ഗനൈസറിന്റെ ഭാഷ. സിഎഎ സമരത്തില്‍ സമരക്കാരെ പൊതുവെയും ജാമിഅ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ചും പിന്തുണച്ചത് ലേഖനം എടുത്തുപറഞ്ഞു. ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനുള്ള ശ്രമം, ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുന്നു തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍ (ഏപ്രില്‍ 1, ടൈംസ് ഓഫ് ഇന്ത്യ).
പണം വാങ്ങി ദേശദ്രോഹം പ്രവര്‍ത്തിക്കുന്നുവെന്ന ആര്‍എസ്എസ് ആരോപണത്തെ മല്ലികാ സുകുമാരന്‍ അപലപിച്ചു (ഏപ്രില്‍ 1, മാതൃഭൂമി).
ടിപി 51
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ തന്റെ സിനിമയെക്കുറിച്ച് എന്തുപറയുന്നുവെന്ന് ‘ടിപി 51’ സിനിമയുടെ സംവിധായകന്‍ മൊയ്തു താഴത്തിന്റെ ചോദ്യം ജന്മഭൂമി മുന്‍പേജ് വാര്‍ത്തയാക്കി (ഏപ്രില്‍ 1, ജന്മഭൂമി). ടി.പി ചന്ദ്രശേഖരന്റെ വധം പ്രമേയമാക്കിയ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടസ്സപ്പെടുത്തിയതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇസ്ലാമിക തീവ്രവാദികള്‍
സിനിമയെക്കുറിച്ച് സിപിഎം നേതാവ് എം.ബി രാജേഷ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. വംശഹത്യയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ പോസ്റ്റില്‍ ഹിന്ദുത്വരെ മാത്രമല്ല, വംശഹത്യയില്‍ മുസ്ലീങ്ങളിലെ ഒരു വിഭാഗത്തിനും പങ്കുണ്ടെന്ന് പറഞ്ഞുവച്ചു: വംശഹത്യയെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെയും സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മതങ്ങളുടെ മുഖംമൂടിയണിഞ്ഞ രണ്ട് തീവ്രവാദ ശക്തികള്‍ എങ്ങനെയാണ് പരസ്പരം വളരാന്‍ സഹായിക്കുന്നത് എന്നാണ് സിനിമ വ്യക്തമാക്കുന്ന ഒരു കാര്യം. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ഒന്നുണ്ടെങ്കിലേ മറ്റൊന്നുള്ളൂ.(ഏപ്രില്‍ 1, എം.ബി രാജേഷിന്റെ ഫേസ്ബുക്ക് വാള്‍).


വംശഹത്യയുടെ രാഷ്ട്രീയത്തിന് മുസ്ലീങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തുന്ന രാജേഷിന്റെ അതേ സമീപനമായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്റേതും (മാര്‍ച്ച് 29, ഒമര്‍ ലുലു ഫേസ്ബുക്ക് വാള്‍). ഒരിക്കലും ആദ്യ 20 മിനിട്ട് കട്ട് ചെയ്യരുത്, അതാണ് ആ സിനിമയുടെ ഫയര്‍. അതിനുപകരം ഗോധ്ര തീവണ്ടി കത്തിക്കുന്നത് ശരിയായ രീതിയില്‍ കാണിക്കുക. മതതീവ്രവാദികളെ എന്നും ഒറ്റപ്പെടുത്തുക. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ തീവ്രവാദവും നാടിന് ഒരേപോലെ ദോഷം.
ബിജെപി പ്രവര്‍ത്തകനെതിരെ നടപടി
സിനിമ വിവാദമായ സമയത്തുതന്നെ ബിജെപി പ്രവര്‍ത്തകന്‍ വിജീഷ് വെട്ടത്ത് സിനിമക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി (ഏപ്രില്‍ 01, മാതൃഭൂമി). എന്നാല്‍ നടപടിക്ക് പിന്നില്‍ ഇതല്ല കാരണമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം (ഏപ്രില്‍ 02, മെട്രോ വാര്‍ത്ത). പ്രദര്‍ശനം തടയണമെന്ന ഹർജിക്കാരന്റെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല (ഏപ്രില്‍ 2, ദീപിക). സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ കൈകടത്തില്ലെന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു ഹർജി തള്ളിയത്. മാത്രമല്ല, പബ്ലിസിറ്റി സ്റ്റണ്ടാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
പാര്‍ലമെന്റിലേക്ക്
എമ്പുരാന്‍ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പാര്‍ലമമെന്റിന്റെ രണ്ട് സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവര്‍ ലോക്‌സഭയിലും സിപിഎം നേതാക്കളായ ജോണ്‍ ബ്രിട്ടാസ്, സിപിഐ എംപി സന്തോഷ് കുമാര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി. സിനിമയിലെ രംഗങ്ങള്‍ മുറിച്ച് മാറ്റുന്നത് ഫാസിസ്റ്റ് കല്‍പ്പനയാണെന്നായിരുന്നു നോട്ടിസിലെ വാദം (ഏപ്രില്‍ 02, മെട്രോ വാര്‍ത്ത). എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവെയാണ് മന്ത്രിയുടെ പരാമര്‍ശം (ഏപ്രില്‍ 02, മാധ്യമം). രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുന്നുവെന്നും കെസിബിസി, സിബിസിഐ പോലുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് ഇടത് എംപിമാര്‍ ഇറങ്ങിപ്പോയി (ഏപ്രില്‍ 02, ദീപിക).
വിവാദം കച്ചവടത്തിന്റെ ഭാഗം
എമ്പുരാന്‍ സിനിമാ വിവാദം കച്ചവടത്തിന്റെ ഭാഗാമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പ്രതികരണം. (ഏപ്രില്‍ 2, കേരളകൗമുദി).
ക്രൈസ്തവ വിശ്വാസത്തിന് എതിര്
സിനിമ ക്രൈസ്തവ വിശ്വാസത്തെ ബോധപൂര്‍വം അവഹേളിക്കുന്നതാണെന്നും ഇതൊരു പതിവായി മാറിയിരിക്കുകയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം ആരോപിച്ചു. സിനിമ നിരോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം (ഏപ്രില്‍ 2, മാതൃഭൂമി).


എന്‍ഐഎയ്ക്ക് പരാതി
സിനിമ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ ശരത് ഇടത്തില്‍ എന്‍ഐഎക്ക് പരാതി നല്‍കി. അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചു, സിനിമ ദേശസുരക്ഷയെ ബാധിക്കും തുടങ്ങിയവയാണ് മറ്റ് പരാതികള്‍ (ഏപ്രില്‍ 2, സിറാജ്).
ആദായനികുതി – ഇഡി ഇടപെടല്‍
വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് എമ്പുരാനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പലര്‍ക്കും ആദായനികുതി നോട്ടീസ് നല്‍കിയത്. ആദ്യം പൃഥ്വിരാജിനും ഗോകുലന്‍ ഗോപാലനും പിന്നീട് ആന്റണി പെരുമ്പാവൂരിനുമാണ് നോട്ടീസ് ലഭിച്ചത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന് ലഭിച്ച നോട്ടിസില്‍ പറഞ്ഞിരുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് പൃഥ്വിരാജിനോട് അന്വേഷിച്ചത്. ഗോകുലന്‍ ഗോപാലന് ഇഡിയുടെ നോട്ടിസാണ് ലഭിച്ചത്. വിദേശനാണയവിനിമയ ചട്ടവുമായി ബന്ധപ്പെട്ടാണ് ഗോകുലന്‍ ഗോപാലനെ വിളിപ്പിച്ചത്. എന്നാല്‍ നടപടിക്ക് എമ്പുരാനുമായി ബന്ധമില്ലെന്ന് ആദായനികുതി വകുപ്പും ഇഡിയും പറയുന്നു (ഏപ്രില്‍ 7, വീക്ഷണം).
ആവിഷ്‌കാര സ്വാതന്ത്ര്യം
സിനിമക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായാണ് പൊതുവെ വിശേഷിപ്പിക്കപ്പെട്ടത്. അതിനുവേണ്ടി ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ കൂട്ടായ്മയുണ്ടാക്കാനും ശ്രമം നടന്നു. ‘ജനാധിപത്യത്തിന്റെ ആഘോഷം’ എന്ന ശീര്‍ഷകത്തില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. എം മുകുന്ദന്‍ ചെയര്‍മാനും അശോകന്‍ ചരുവില്‍ ജനറല്‍ കണ്‍വീനറുമായി കമ്മറ്റിക്ക് രൂപം നല്‍കി (ഏപ്രില്‍ 11, ദേശാഭിമാനി).
ഇതിനെ ജന്മഭൂമി നേരിട്ടത് ടി.പി വധത്തെക്കുറിച്ച് മൊയ്തു താഴത്ത് തയ്യാറാക്കിയ ‘ടിപി 51’ എന്ന സിനിമയുടെ അനുഭവത്തെ എതിര്‍നിര്‍ത്തിയാണ്. 2014ല്‍ സുരാസ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പുറത്തിറക്കിയ ഈ സിനിമയ്ക്ക് തുടക്കം മുതല്‍ അപ്രഖ്യാപിത വിലക്ക് അനുഭവിക്കേണ്ടിവന്നുവെന്ന് സംവിധായകന്‍ പറയുന്നു. ഷൂട്ടിനിടയിലും പിന്നീട് പ്രദര്‍ശനസമയത്തും വിലക്ക് നേരിടേണ്ടിവന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്ററില്‍ ബോംബുവയ്ക്കുമെന്നും ഭീഷണിയുണ്ടായി. ജന്മഭൂമി പ്രസിദ്ധീകരിച്ച വാരാദ്യ കവര്‍ സ്റ്റോറി ഈ വിഷയമാണ് കൈകാര്യം ചെയ്തത് (ഏപ്രില്‍ 13, ജന്മഭൂമി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് 51 വെട്ട്, സിജു കറുത്തേടത്ത്). ടിപി 51 സിനിമക്കെതിരേയുണ്ടായ അപ്രഖ്യാപിത വിലക്കിന് പിന്നില്‍ സിപിഎമ്മാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.


2. ഓര്‍ഗനൈസറിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍
വഖഫ് വിഷയം പൊതുചര്‍ച്ചയില്‍ സജീവമായിരുന്ന സമയത്ത് ഓര്‍ഗനൈസര്‍ ‘ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ സ്ഥലമുള്ളത്? കത്തോലിക്കാ സഭയും വഖഫ് ബോര്‍ഡും തമ്മിലെ സംവാദം’ എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 3ന് അവരുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ശശാങ്ക് കുമാര്‍ ദ്വിവേദിയാണ് ലേഖനം തയ്യാറാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്നായിരുന്നു ലേഖനം അവകാശപ്പെട്ടത്. അതിന്റെ ചില കണക്കുകളും കൊടുത്തിരുന്നു. കൂടാതെ ചര്‍ച്ച ബില്ലിന്റെ ആവശ്യകതയെക്കുറിച്ച് സൂചനകളും നല്‍കി. പ്രതിഷേധമുയര്‍ന്നതോടെ ലേഖനം പിന്‍വലിച്ചു. വഖഫ് നിയമഭേദഗതിയിലൂടെ തുടങ്ങിവച്ച നിയമനിര്‍മ്മാണങ്ങള്‍ ഭാവിയില്‍ മുഴുവന്‍ ന്യൂനപക്ഷങ്ങളെയും ബാധിക്കാനിടയുണ്ടെന്ന് ഈ നീക്കം ബോധ്യപ്പെടുത്തി. അതനുസരിച്ചുള്ള പ്രചാരണങ്ങളും നടന്നു (ഏപ്രില്‍ 6, മാതൃഭൂമി).
ഏപ്രില്‍ 10ന് ദീപിക ദിനപത്രത്തില്‍ ‘ഓര്‍ഗനൈസറിനു നന്ദി’ എന്ന ശീര്‍ഷകത്തില്‍ ഡോ. കെ.എം ഫ്രാന്‍സിസ് ഇതിനെതിരേ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. ഓര്‍ഗനൈസറിനെയാണ് വിമര്‍ശിച്ചതെങ്കിലും അതിന് കാരണമായി പറഞ്ഞത് മുസ്ലീങ്ങളെയായിരുന്നു. കള്ളക്കഥകള്‍ പ്രചരിപ്പിച്ചത് ‘ഇസ്ലാമിക് തീവ്രവാദി’കളാണെന്നും അത് പിന്നീട് ഇടതുപക്ഷം ഏറ്റെടുത്തു, ആര്‍എസ്എസ് അത് ഏറ്റുപാടുകയാണ് ചെയ്തതെന്നായിരുന്നു ലേഖകന്റെ അഭിപ്രായം. വസ്തുതാവിരുദ്ധമായ ഉള്ളടക്കം മുസ്ലീം തീവ്രവാദികള്‍ തീക്ഷ്ണതയോടെ പ്രചരിപ്പിച്ച് സായൂജ്യമടയുകയും ചെയ്യുന്നതായും ലേഖനം പറയുന്നു (‘ഓര്‍ഗനൈസറിനു നന്ദി’, ഡോ. കെ.എം ഫ്രാന്‍സിസ്, ഏപ്രില്‍ 10, 11, ദീപിക).


3. സിപിഎമ്മിന്റെ ‘ഹമാസ് കഫിയ’
മധുരയില്‍ നടന്ന സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് പലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് നല്‍കിയ പിന്തുണ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കഫിയ ധരിച്ച് പലസ്തീന്‍ അനുകൂല മുദ്രാവാക്യവുമായി വേദിയിലും സദസ്സിലുമുള്ള നേതാക്കള്‍ അണിനിരന്നത് മാധ്യമങ്ങളും കാര്യമായി റിപോര്‍ട്ട് ചെയ്തു. ഇതേ കുറിച്ച് ജന്മഭൂമി ‘ഹമാസ് കഫിയ: ജിഹാദിന്റെ മൃദുവായുധം’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. സിപിഎം നേതാക്കള്‍ ആഗോള മുസ്ലീം തീവ്രവാദത്തിന്റെ ഭാഗമായെന്നാണ് ലേഖനം ആരോപിച്ചത്: കഫിയ വര്‍ത്തമാനകാലത്ത് വെറും ഒരു തുണ്ട് തുണിയല്ല. മാനവികതയുടെയോ അനുകമ്പയുടെയോ അടയാളമല്ല. അത് മുസ്ലീം തീവ്രവാദികളുടെ പതിവ് അലങ്കാരമാണ്. പാന്‍ ഇസ്ലാമിസത്തിന്റെ തണലില്‍ ലോകമെങ്ങും വെല്ലുവിളികളുയര്‍ത്തി ജിഹാദ് നടത്താനുള്ള മൃദു ആയുധമാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ആസ്ട്രിയ, ബെല്‍ജിയം, ഗ്രീസ്, നെതര്‍ലാന്‍ഡ്, ഇറ്റലി, സ്പെയില്‍, കാനഡ എന്നീ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായി പലതലത്തില്‍ നിരോധനം നേരിടുന്ന തീവ്രവാദ ചിഹ്നമായിത്തീര്‍ന്നു ഹമാസ് കഫിയ. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിയാത്ത നിഗൂഢതയാണ് ഈ തുണ്ട് തുണിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്നര്‍ത്ഥം. നിലവില്‍ കഫിയ മുസ്ലീം തീവ്രവാദത്തിന്റെ ഉപകരണമാണ് (ഹമാസ് കഫിയ: ജിഹാദിന്റെ മൃദുവായുധം, മനോ മോഹന്‍, ഏപ്രില്‍ 9, ജന്മഭൂമി).
മുഖ്യമന്ത്രി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദികളോടൊപ്പം നിന്ന് വല വീശാനിറങ്ങിയിരിക്കുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന ആശങ്കയോടെയാണ് ലേഖനം അവസാനിപ്പിച്ചത്.


4. പലസ്തീന്‍: ചില ചോദ്യങ്ങളും ഉത്തരങ്ങളും
മധുരയില്‍ നടന്ന സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് പലതരത്തില്‍ ശ്രദ്ധേയമായിരുന്നു. കഫിയയണിഞ്ഞും അനുകൂല മുദ്രാവാക്യം വിളിച്ചും പ്രതിനിധികള്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയവും അവതരിപ്പിച്ചു: ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. മാധ്യമപ്രവര്‍ത്തകരും യുഎന്‍ സന്നദ്ധ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ബിജെപി ഇസ്രായേലിന്റെ ആക്രമണത്തെ മതയുദ്ധമായി ചിത്രീകരിക്കുന്നു. ഇന്ത്യ ദീര്‍ഘകാലമായി സ്വീകരിച്ചുവന്ന ഔദ്യോഗിക നിലപാടില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായും 1967-ന് മുമ്പുള്ള അതിര്‍ത്തികള്‍ പുനഃസ്ഥാപിച്ചതുമായ ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയില്‍ ശാശ്വത സമാധാനം സാധ്യമാകൂ. തങ്ങളുടെ മാതൃരാജ്യത്തിനായുള്ള ന്യായമായ പോരാട്ടത്തില്‍ പലസ്തീന്‍ ജനതയ്ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രമേയം അവസാനിച്ചത് (ഏപ്രില്‍ 4, ദേശാഭിമാനി).
നിലവില്‍ യുഎപിഎ നേരിട്ട് നാഗ്പൂര്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ റിജാസ് എം ഷീബ സിദ്ദിഖ് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ഇതിനെ നേരിട്ടത് (ഏപ്രില്‍ 4, റിജാസ് എം ഷീബ സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റ്). പലസ്തീന്‍ പ്രശ്‌നം സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും അവസരവാദപരമായി ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. അതിനാസ്പദമായ ചില തെളിവുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എടുത്തുകാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റേത് കാപട്യമാണെന്നാണ് അദ്ദേഹം ആരോപിച്ചത്:
1) അമേരിക്കയുടെയും ഇസ്രായേലിന്റെയും പതാകകള്‍ കത്തിച്ചതിന് 2025 മാര്‍ച്ച് 23ന് പത്ത് പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ ഫോര്‍ട്ട് കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. 2) പലസ്തീന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനമായ 2024 നവംബര്‍ 29 ന് ഫ്രണ്ട്‌സ് ഓഫ് പലസ്തീന്‍ സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തടസ്സപ്പെടുത്തി. 3) 2024 നവംബര്‍ 13ന് രണ്ട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ വീട് സന്ദര്‍ശിക്കുകയും പലസ്തീന്‍ വിഷയത്തില്‍ റിജാസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാതാവിനോട് ഭീഷണിയുടെ സ്വരത്തില്‍ ചോദിച്ചറിയുകയും ചെയ്തു. 4) 2024 നവംബര്‍ ഏഴിന് ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കഫിയെ ധരിച്ചതിന് നാലുപേരെ പാലാരിവട്ടം പൊലീസ് അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ചു. 5) ഇതിലുള്‍പ്പെട്ടിരുന്ന അബ്ദുള്ള എന്ന യുവാവിന് അടിക്കടിക്കുള്ള പോലീസ് സന്ദര്‍ശനത്തെ തുടര്‍ന്ന് ഒരു പള്ളിയിലെ ജോലി നഷ്ടപ്പെട്ടു. 6) 2024 ജനുവരി 20ന് എറണാകുളം പനമ്പള്ളി പാര്‍ക്കില്‍ പലസ്തീന്‍ വിഷയത്തില്‍ നടന്ന പരിപാടി കേരള പൊലീസും ഇന്റലിജന്‌സ് ബ്യൂറോയും ചേര്‍ന്ന് തടഞ്ഞു. 7) 2024ല്‍ ഫോണ്‍ കോളുകളിലൂടെയും ഭവന സന്ദര്‍ശനങ്ങളിലൂടെയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ പോലീസ് ഉപദ്രവിച്ച ഒമ്പത് സംഭവങ്ങളെങ്കിലുമുണ്ട്. 8) പലസ്തീന്‍ അനുകൂല കലാസൃഷ്ടികള്‍ ഒരു വിദേശ വനിത നശിപ്പിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ സയണിസ്റ്റുകള്‍ക്കെതിരെ ഫ്രണ്ട്‌സ് ഓഫ് ഫലസ്തീന്‍ സ്ഥാപിച്ച ബാനര്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് നീക്കം ചെയ്തു. 9) കോഴിക്കോട്ടെ സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റില്‍ ഫലസ്തീന്‍ അനുകൂല ബഹിഷ്‌കരണ സ്റ്റിക്കറുകള്‍ പതിച്ചതിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ആറ് വിദ്യാര്‍ത്ഥികളെ 2024 ജനുവരി 6 ന് അറസ്റ്റ് ചെയ്തു.
5. ലീഗും പാകിസ്താനും
പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടയില്‍ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുസ്ലീം ലീഗിനെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്തു. രാഹുല്‍ഗാന്ധിക്കും സഹോദരി പ്രിയങ്കാ ഗാന്ധി വാദ്രക്കും വയനാട്ടില്‍നിന്ന് ജയിക്കുന്നതിനുവേണ്ടിയാണ് വഖഫ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു: കേരളത്തിലെ എംപിമാരില്‍ നല്ലൊരു വിഭാഗം വഖഫ് ബില്ല് പാസാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ ബില്ല് നിലനില്‍ക്കുമ്പോള്‍ അവരുടെ ഭാവി ഇരുട്ടിലാണെന്ന് കേരളത്തില്‍നിന്ന് ജയിക്കുന്നവര്‍ക്ക് അറിയാത്തതല്ല. രാജകുമാരനും രാജകുമാരിക്കും വയനാട്ടില്‍നിന്ന് ജയിക്കാനാണ് എതിര്‍ക്കുന്നത്. അവിടത്തെ പതാക നിങ്ങള്‍ കണ്ടിരിക്കും. അത് പാകിസ്താന്‍ പതാക പോലെ തോന്നും. അത് മുസ്ലീം ലീഗിന്റെ പതാകയാണ്. അവരുടെ പേരും മുസ്ലീം ലീഗെന്നാണ്. ജിന്നയുടെ പാര്‍ട്ടിയുടെ അതേ പേര്. ജവഹര്‍ലാല്‍ നെഹ്രുവും ജിന്നയും ഇന്ത്യയെ വിഭജിച്ചു (ഏപ്രില്‍ 4, ഏഷ്യാനെറ്റ്).
6. ‘മലപ്പുറം ഒരു പ്രത്യേക രാജ്യം‘
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പളളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്റെ 13-ാമത് നിലമ്പൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ചുങ്കത്തറയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് വെള്ളാപ്പളളിയുടെ വിദ്വേഷ പരാമര്‍ശം : മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണ്. പ്രത്യേക രാജ്യത്ത് ഭയന്ന് ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാര്‍. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വതന്ത്രമായ ഒരഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശംപോലും പിന്നാക്കവിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് കിട്ടിയില്ല, വോട്ടുകുത്തിയന്ത്രങ്ങള്‍ മാത്രം. അവര്‍ക്ക് തൊഴിലുറപ്പുമാത്രമേയുള്ളൂ.


നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ എന്നു ചോദിച്ച അദ്ദേഹം എസ്എന്‍ഡിപി യൂണിയന് സംസ്ഥാനത്തുള്ള ആകെ കോളേജുകളുടെ എണ്ണം ഒരു വിഭാഗത്തിന് കോട്ടയത്ത് മാത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 5, മാതൃഭൂമി). ന്യൂനപക്ഷം സംഘടിതരാണെന്നും അവര്‍ സംഘടിതരായി ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും ഇതേ ചടങ്ങില്‍ പങ്കെടുത്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു (ഏപ്രില്‍ 5, മാധ്യമം).
വെള്ളാപ്പള്ളിക്കെതിരെ പരാതി
മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വെള്ളാപ്പള്ളി നടേശന്‍ ചുങ്കത്തറയില്‍ നടത്തിയ പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതും മലപ്പുറം ജില്ലയേയും ജില്ലയിലെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതുമാതാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറഞ്ഞു (ഏപ്രില്‍ 5, മാധ്യമം).
മറ്റൊരു പരാതി പിഡിപിയും നല്‍കി. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്: “മലപ്പുറത്തിന്റെ സമാധാന സാമൂഹിക സാഹോദര്യത്തില്‍ വിഷം കലക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ എച്ചില്‍ നക്കിയായി വെള്ളാപ്പള്ളി മാറുന്നത് അപമാനമാണ്. മലപ്പുറം പ്രത്യേക രാജ്യമായും പ്രത്യേക സംസ്ഥാനമായും വര്‍ഗീയ വിദ്വേഷ പ്രചാരകര്‍ക്ക് മാത്രമേ തെറ്റിദ്ധാരണയുള്ളൂ. യഥാര്‍ത്ഥ മലപ്പുറത്തെ തിരിച്ചറിയാന്‍ കുറച്ച് കാലം മലപ്പുറത്ത് വന്ന് താമസിച്ച് മാനവികത പഠിക്കണം. മുസ്ലീം ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞപ്പോള്‍ മലപ്പുറത്തെ വളഞ്ഞിട്ടാക്രമിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.” പരാതിയില്‍ പറയുന്നു (ഏപ്രില്‍ 5, മാധ്യമം).
വെള്ളാപ്പള്ളി നടേശനെതിരെ കലാപാഹ്വാനത്തിന് ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ലീഗ് ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എസ് മുജീബ് ഹസ്സന്‍ ഡിജിപിക്ക് പരാതി നല്‍കി. വെള്ളാപ്പള്ളിയെ പോലുള്ള മുതിര്‍ന്ന നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു (ഏപ്രില്‍ 5, മാധ്യമം).
വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കണമെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ശ്രീനാരായണധര്‍മം കൂട്ടായ്മ ആവശ്യപ്പെട്ടു (ഏപ്രില്‍ 5, മീഡിയാ വണ്‍). കലാപശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട മറ്റൊരു സംഘടന എസ്എന്‍ഡിപി സംരക്ഷണസമിതിയായിരുന്നു (ഏപ്രില്‍ 5, മീഡിയാ വണ്‍).
എന്നാല്‍ വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതായി എട്ടാം തിയ്യതിയോടെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എടക്കര പൊലീസിനാണ് കേസെടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം (ഏപ്രില്‍ 8, മീഡിയാ വണ്‍).
ലക്ഷ്യം പബ്ലിസിറ്റി
‘രാവിലെ എഴുന്നേറ്റ് മൈക്കിലൂടെ എന്തെങ്കിലും വിഡ്ഢിത്തരം വിളിച്ചുപറഞ്ഞാല്‍ കിട്ടുന്ന പബ്ലിസിറ്റിയാണ്’ വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നാണ് ഫസല്‍ ഗഫൂറിന്റെ അഭിപ്രായം. വെള്ളാപ്പള്ളി നടേശന്‍ പലതും മാറ്റിമാറ്റി പറയുന്നയാളാണ്. പല കാര്യങ്ങളും പരസ്പര വിരുദ്ധമായും പറഞ്ഞിട്ടുണ്ട്. എന്‍എസ്എസ്സിനെ പുകഴ്ത്തുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ട്. മലബാറിലെ തീയ്യരും ഈഴവരും ഒന്നല്ലെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹം നവോത്ഥാന സമിതിയുടെ മുഖ്യസ്ഥാനത്തിരിക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ വര്‍ഗീയ കാഴ്ചപ്പാടിന്റെ ഭാഗമായി പുന്നല ശ്രീകുമാറിനെപ്പോലുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറി. ഇങ്ങനെയൊരാളെ നിലനിര്‍ത്തിക്കൊണ്ട് ഇത്തരമൊരു സമിതി മുന്നോട്ടുപോകാത്തതാണ് നല്ലത്. വിഡ്ഢിത്തരം വിളിച്ചുപറഞ്ഞാല്‍ കിട്ടുന്ന പബ്ലിസിറ്റിയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. അതിനെ നിസ്സാരമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ഏപ്രില്‍ 5, ന്യൂസ് 18).
ഭിന്നിപ്പിനുള്ള ശ്രമം
വെള്ളാപ്പള്ളിയുടെ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടേത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണ്. മലപ്പുറത്തെക്കുറിച്ച് പറയുന്നതില്‍ സത്യത്തിന്റെ കണികപോലുമില്ല. മലപ്പുറത്തെക്കുറിച്ച് അറിയാവുന്നവര്‍ ഈ പ്രസ്താവനയെ അവഗണിച്ച് തള്ളും. ജനങ്ങള്‍ക്കുള്ളില്‍ വെറുപ്പും വിദ്വേഷവും വൈരാഗ്യവും വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ വെള്ളാപ്പള്ളി കാലാകാലങ്ങളില്‍ നടത്തിയിട്ടുണ്ട്. അതില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതിപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സ്ഥിരതയില്ല. അദ്ദേഹത്തിന് വേണ്ട വിശ്രമം കൊടുക്കുകയാണ് വേണ്ടത്. മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം അവജ്ഞയോടെ തള്ളണം (ഏപ്രില്‍ 5, ന്യൂസ് 18).
വെള്ളാപ്പള്ളിയുടേത് ഇസ്‌ലാമോഫോബിയ
വെള്ളാപ്പള്ളിയുടേത് ഇസ്‌ലാമോഫോബിയയാണെന്ന അഭിപ്രായമാണ് രാഷ്ട്രീയനിരീക്ഷകനായ ദാമോദർ പ്രസാദിന്റേത്: കേരളത്തില്‍ ഇസ്ലാംഭീതി പടര്‍ത്തുന്ന രണ്ട് പേരാണ് ഉള്ളത്. ഒന്ന് വെള്ളാപ്പള്ളിയും പി.സി ജോര്‍ജും. രണ്ട് പേരും ഇത് ആവര്‍ത്തിച്ച് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇതിനെ ബോധപൂര്‍വമെന്നുതന്നെ കരുതണം. ഓരോ സാഹചര്യത്തെയും ഇസ്‌ലാമോഫോബിയ പടര്‍ത്താനുള്ള സാഹചര്യമായി എടുക്കുകയാണ്. അതിനുള്ള അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള ശ്രമമായിരിക്കാം. രണ്ട് പേര്‍ക്കും ബിജെപിയുമായി ബന്ധമുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആസൂത്രിതമാണ്. മാന്‍ഹോളില്‍ വീണയാളെ രക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട നൗഷാദിന്റെ കാര്യത്തില്‍ വെളളാപ്പള്ളി നടത്തിയ വിദ്വേഷപരാമര്‍ശം പോലുള്ളവ അതാണ് തെളിയിക്കുന്നത് (ഏപ്രില്‍ 5, രിസാല അപ്‌ഡേറ്റ്).
അപലപനീയം
വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം അപലപനീയമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.പി അനില്‍ പറഞ്ഞു. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. സമൂഹത്തില്‍ സ്പര്‍ദ്ധയും ഭിന്നിപ്പും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 5, മീഡിയാവണ്‍).
കൊളോണിയല്‍ പ്രത്യയശാസ്ത്രം
മലപ്പുറത്തെ മുസ്ലീം പ്രദേശമായി സമീകരിക്കുന്നത് കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നും പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും അപരരായി കാണുന്നത് വര്‍ഗീയ രാഷ്ട്രീയമാണെന്നും സിപിഎം നേതാവും കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു (ഏപ്രില്‍ 5, ഡൂള്‍ന്യൂസ്).
നാക്കുപിഴയല്ല
സുപ്രഭാതം പത്രവും (ഏപ്രില്‍ 5) ചന്ദ്രികയും ഇതേ കുറിച്ച് എഴുതിയ എഡിറ്റോറിയലുകള്‍ വെള്ളാപ്പള്ളിയുടേത് നാക്കുപിഴയല്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അതിനാവശ്യമായ തെളിവുകളും നിരത്തി.
കോലം കത്തിക്കലും
വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശത്തിനെതിരേ യൂത്ത് ലീഗ് പ്രത്യക്ഷസമരത്തിനുമിറങ്ങി. താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഞങ്ങളെയൊക്കെ അപമാനിച്ച് നിരത്തിലിറങ്ങി നടക്കാമെന്ന് കരുതേണ്ട എന്ന മുദ്രവാക്യവുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കൂടാതെ പരാതിയും നല്‍കി (ഏപ്രില്‍ 5, മറുനാടന്‍ മലയാളി).
വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചതിനോട് ചില പ്രദേശങ്ങളിലെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചുകൊണ്ടാണ്. പാലക്കാട് കൊല്ലങ്കോട് മുതലമടയിലാണ് അങ്ങനെയൊന്നുണ്ടായത്. വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേതൃത്വം നടത്തുന്ന ആക്രമണങ്ങള്‍ നോക്കിനില്‍ക്കാനാവില്ലെന്നും ചെറുത്തുതോല്‍പ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു (ഏപ്രില്‍ 6, മാധ്യമം).
ലീഗ് നേതാവ് പാണക്കാട് തങ്ങള്‍ മാപ്പുപറയണമെന്ന ആവശ്യവുമായി പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പാണക്കാട് തങ്ങള്‍ മാപ്പുപറയണമെന്നായിരുന്നു പന്തളം എസ്എന്‍ഡിപി യൂണിയന്‍ നേതാവ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയുടെ ആവശ്യം (ഏപ്രില്‍ 8, മെട്രോ വാര്‍ത്ത).
വിവാദമാക്കാനില്ല: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമര്‍ശം വിവാദമാക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇവരൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നും, പാര്‍ട്ടി അതിലൊന്നും അഭിപ്രായം പറയുന്നില്ലെന്നും മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ല എന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 6, മീഡിയാവണ്‍).
ഇന്ത്യ മുഴുവൻ അറിയേണ്ട സത്യം
മലപ്പുറം ജില്ലയിലെ 40-45 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യയിലെ തന്നെ പ്രബലരായ ഈഴവ സമൂഹം അനുഭവിക്കുന്ന അവഗണനയെ കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നാണ് മാധ്യമപ്രവർത്തകനായ മാത്യു സാമുവൽ കരുതുന്നത് (മാത്യു സാമുവൽ ഒഫീഷ്യൽ, ഏപ്രിൽ 8). ഒപ്പം അദ്ദേഹം ചില ആരോപണങ്ങളും കൂട്ടിച്ചേർത്തു: 1) മലപ്പുറത്ത് നോമ്പ് സമയത്ത് ഒരാളും ആഹാരം കഴിക്കാൻ പാടില്ലെന്ന് പറയുന്നു. ഇക്കാലത്ത് എല്ലാ കടകളും അടച്ചിടുകയും ചെയ്യും. 2) മലപ്പുറം മിനി പാകിസ്താനാണ്. 3) പ്രത്യേക മതത്തിന്റെ പേരിൽ മുസ്ലീം ലീഗ് എന്ന പാർട്ടി കാണിക്കുന്നത് വർഗീയത. 4) ഇന്ത്യയിൽ മുസ്ലീങ്ങൾ നിർബന്ധിച്ചാണ് ഇസ്ലാമിക് രീതിയിൽ ഇതര മതസ്തരെ മതം മാറ്റുന്നത്.
വെള്ളാപ്പള്ളിയുടെത് ‘അറിവില്ലായ്മ’, മുസ്ലീം സംഘടനകളുടേത് ‘വിദ്വേഷം’ : എ ജയശങ്കർ
വെള്ളാപ്പള്ളി നടേശന്റെ പരാമർശം മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ മേധാവിത്വത്തിന് എതിരാണെന്ന അഭിപ്രായമാണ് അഡ്വ. ജയശങ്കറിനുള്ളത്. (മലപ്പുറം, അഡ്വ. ജയശങ്കർ സംസാരിക്കുന്നു, എബിസി മലയാളം, 10 ഏപ്രിൽ). എന്നാൽ ഇതിനെ ചിലർ സാമുദായിക വിഷയമായി മാറ്റിയിരിക്കുന്നു. വിവാദത്തിൻ്റെ ഉത്തരവാദിത്തം മുസ്ലീം സംഘടനകൾക്കാണെന്നാണ് അദ്ദേഹത്തിൻ്റെ വീക്ഷണം. അദ്ദേഹം ഉയർത്തുന്ന ചില ആരോപണങ്ങൾ ഇവയാണ്. 1) ജമാഅത്തെ ഇസ്ലാമിക്കാരും ഐഎൻഎൽകാരും പിഡിപിക്കാരും ഇതൊരു മതപരമായ വിഷയമാക്കി കണക്കാക്കി. 2) വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ചും മലപ്പുറത്തുകാരെ കുറിച്ചും വേണ്ടത്ര ധാരണയില്ലാതെ നടത്തിയ ഒരു പരാമർശം എന്ന രീതിയിൽ അവഗണിക്കുന്നതിന് പകരം മുസ്ലീം ലീഗിന്റെയും പിഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ഒക്കെ നേതാക്കന്മാർ ഇതിലിടപെട്ടുകൊണ്ട് ഉൽപാദിപ്പിച്ച സാമുദായിക വിദ്വേഷത്തിന്റെ അന്തരീക്ഷം അതിഭയങ്കരമാണ്. വെള്ളാപ്പള്ളിയുടേത് ‘അറിവില്ലായ്മ’, മുസ്ലിം സംഘടനകളുടേത് ‘വിദ്വേഷം’ എന്നാണ് ജയശങ്കർ സ്ഥാപിക്കാൻ ശ്രമിച്ചത്.


പുതിയ ആരോപണങ്ങളുമായി വെള്ളാപ്പള്ളി
കൂടുതല്‍ പേര്‍ അണിനിരന്നതോടെ, തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്ന് ആരോപിച്ച് വെള്ളാപ്പള്ളി രംഗത്തെത്തി. മലപ്പുറത്തെ പ്രസംഗം അടര്‍ത്തിയെടുത്ത് മുസ്ലീം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചു. പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്ലീങ്ങളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്ലീങ്ങൾ പോലും തങ്ങള്‍ 56% ഉണ്ടെന്ന് പറയുന്നില്ല. മുസ്ലീങ്ങളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യനീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യമല്ല. ഏത് ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് എസ്എന്‍ഡിപി യോഗമാണ്. 44% ഹിന്ദുക്കളില്‍ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോ? ന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ ലീഗ് തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വരുന്നു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ല. കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെ തടവറയിലാണ് (ഏപ്രില്‍ 6, മീഡിയാ വണ്‍).
ലീഗിന്റെ ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച് എംഎല്‍എയായ ലീഗ് നേതാവ് യു.സി രാമന്‍ തന്നെ വെള്ളാപ്പള്ളിക്ക് മറുപടിയായി എത്തി: താന്‍ രണ്ട് തവണ ലീഗ് ടിക്കറ്റില്‍ എംഎല്‍എയായിട്ടുണ്ട്. ഇപ്പോള്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. തനിക്ക് പുറമെ നിരവധി ഹിന്ദുക്കള്‍ ത്രിതല പഞ്ചായത്തില്‍ മത്സരിച്ച് ജനപ്രതിനിധികാളായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു (ഏപ്രില്‍ 6, യു.സി രാമന്റെ ഫേസ്ബുക്ക്‌പോസ്റ്റ്). വിവാദം പുറത്തുവന്നതോടെ ലീഗിന്റെ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവരുടെ പട്ടികയുമായി പലരും സാമൂഹികമാധ്യമങ്ങളില്‍ എഴുതിത്തുടങ്ങി.
മലപ്പുറത്ത് മതേതരത്വമില്ല
മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞ അഭിപ്രായങ്ങള്‍ തള്ളിക്കളയേണ്ടതില്ലെന്നായിരുന്നു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. മലപ്പുറത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മലപ്പുറത്തിന്റെ ഭൂമിശാസ്ത്രം സവിശേഷമാണ്. അവിടെ ജനാധിപത്യവും മതേതരത്വവും നടപ്പാവുന്നില്ല (ഏപ്രില്‍ 7, ദി ഹിന്ദു).
പിന്തുണച്ച മറ്റൊരാള്‍ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികലയാണ്. വെള്ളാപ്പള്ളിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇവിടെ മതങ്ങള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നല്ല വെള്ളാപ്പള്ളിയും ഞങ്ങളും പറയുന്നത്. ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗങ്ങള്‍ക്ക് അപകര്‍ഷബോധമോ ഭീതിയോ ബാധിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. മലപ്പുറത്തെ ഹൈന്ദവ സമൂഹത്തെക്കുറിച്ച് കൃത്യമായ പഠനം നടത്താന്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹിന്ദു ഐക്യവേദി നേരത്തേ ആവശ്യപ്പെട്ടതാണ്. തൊഴിലാളികളുടെ മതപരമായ കണക്കെടുത്താല്‍ മനസ്സിലാവും ഒരു സമൂഹത്തിന്റെ പിന്നാക്കാവസ്ഥ. മലപ്പുറത്തെ (ഹിന്ദുക്കളുടെ) പരിമിതികളും പ്രയാസങ്ങളും അറിയാം. പ്രത്യേക രാജ്യത്തിനിടയില്‍ മറ്റൊരു തരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം (ഏപ്രില്‍ 7, മാധ്യമം).
മാധ്യമങ്ങളെ ചോദ്യം ചെയ്ത് കെ.എം ഷാജി
മലപ്പുറത്തെക്കുറിച്ച് പരാമര്‍ശം വന്നാല്‍ അതിന് മറുപടി പറയേണ്ടത് ലീഗാണെന്ന് കരുതുന്നതെന്തുകൊണ്ടാണെന്ന് ലീഗ് നേതാവ് കെ.എം ഷാജി ചോദിച്ചു: മറുപടി പറയേണ്ടത് സിപിഎം നേതാവ് വിജയരാഘവനടക്കമുള്ളവരാണ്. വെള്ളാപ്പളളിയുടെ പ്രസ്താവന ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണ്. ആര്‍എസ്എസ് പദ്ധതിയാണ്. അതിന് തലവച്ചുകൊടുക്കരുത്. വെള്ളാപ്പള്ളിയെയും എസ്എന്‍ഡിപിയെയും വേറിട്ടാണ് കാണേണ്ടത്. എസ്എന്‍ഡിപിയുടെ സംഭാവനകള്‍ നിഷേധിക്കേണ്ട കാര്യമില്ല. പറയുന്നത് വെള്ളാപ്പള്ളിയോടാണ്. അദ്ദേഹം പറയുന്നത് ശരിയല്ല. ഉദാഹരണത്തിന് എസ്എന്‍ഡിപിക്ക് മലപ്പുറത്ത് കോളജുകള്‍ അനുവദിച്ചിട്ടില്ലെന്ന വിഷയത്തില്‍ കോളജ് ആരംഭിക്കുന്നതിനുവേണ്ടി ഒരു അപേക്ഷ പോലും എസ്എന്‍ഡിപി കോഴിക്കോട് സര്‍വകലാശാലയില്‍ കൊടുത്തിട്ടില്ല എന്നതാണ് വസ്തുത. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മുന്നണിയില്‍ ആര് മല്‍സരിച്ചാലും അവര്‍ക്ക് ലീഗുകാര്‍ വോട്ട് ചെയ്യും (ഏപ്രില്‍ 7 ന്യൂസ് 18).
പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു: മുഖ്യമന്ത്രി
മലപ്പുറം പരാമര്‍ശം കത്തിപ്പടരുന്നതിനിടയിലാണ് വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷം ആലപ്പുഴ ചേര്‍ത്തലയില്‍ നടന്നത്. ഇതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി അടക്കം പലരും ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അതിൽ പങ്കെടുത്തു (ഏപ്രില്‍ 11, മീഡിയാ വണ്‍). മാത്രമല്ല, വെള്ളാപ്പള്ളിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു: അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന്. ഏതെങ്കിലും തരത്തിലുള്ള കുറവ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നു എന്നതുകൊണ്ടല്ല. ഇതാണ് നാട്. ഏതിനേയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണ്. ഏതിനേയും തെറ്റായി ചിത്രീകരിക്കാന്‍ നോക്കുന്ന കാലമാണ്. അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്, രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരേ പറഞ്ഞ കാര്യമാണെന്ന്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലുള്ള യാഥാർത്ഥ്യം വച്ച് ഒരു കാര്യം പറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നു (ഏപ്രില്‍ 7, മാതൃഭൂമി).
ഏപ്രില്‍ 11ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ അരുണ്‍ കുമാര്‍ പറഞ്ഞത് വെള്ളാപ്പള്ളിയുടെ സ്വീകരണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് തെറ്റാണെന്ന് കരുതാനാവില്ലെങ്കിലും അദ്ദേഹത്തെ വാഴ്ത്തിപ്പാടേണ്ട കാര്യമില്ലെന്നായിരുന്നു (ഏപ്രില്‍ 11, റിപ്പോർട്ടര്‍).
മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ വെള്ളപൂശുന്നുവെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി വിമര്‍ശിച്ചു. വിദ്വേഷപ്രചാരണം ആര് നടത്തിയാലും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു (ഏപ്രില്‍ 13, സിറാജ്).
പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി സജി ചെറിയാന്‍
മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ മന്ത്രി സജി ചെറിയാന്‍ പുകഴ്ത്തി. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷപരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ ഇനി വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പുകഴ്ത്തല്‍ മറുപടി: വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ (ഏപ്രില്‍ 8, മാധ്യമം).
യുഡിഎഫ് – പോപ്പുലര്‍ ഫ്രണ്ട് സഖ്യം: വിശ്വഹിന്ദു പരിഷത്ത്
വിവാദത്തിന് പിന്നില്‍ യുഡിഎഫ് – പോപ്പുലര്‍ ഫ്രണ്ട് സഖ്യമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താകുറിപ്പ് ഇറക്കി. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു: പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയാണ് ഒന്നാം ഇഎംഎസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചത്. അന്ന് മുതല്‍ മലപ്പുറം ജില്ലയിലെ പ്രബല മത, രാഷ്ട്രീയശക്തികള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്. മലപ്പുറത്തെ ന്യൂനപക്ഷ ഹൈന്ദവര്‍ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുന്നു. രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഹൈന്ദവ ബിംബങ്ങളെ തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും ചില ശക്തികള്‍ മലപ്പുറം ജില്ലയില്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതിന് തെളിവാണ് തിരൂര്‍ തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക നീതി മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകള്‍ മുമ്പേ വ്യക്തമാക്കിയതാണ്. ഇതാണ് വെള്ളാപ്പള്ളി നടേശനും പറഞ്ഞത്. സത്യം പറഞ്ഞതിന് അദ്ദേഹത്തെ ക്രൂശിക്കാനും നാടുനീളെ കേസുകൊടുത്ത് ബുദ്ധിമുട്ടിക്കാനുമുള്ള യുഡിഎഫ് – പോപ്പുലര്‍ ഫ്രണ്ട് നീക്കം അംഗീകരിക്കില്ല. മലപ്പുറത്ത് പല സമയത്തും ഹിന്ദു വേട്ടയാടല്‍ നടക്കുന്നുണ്ട്. ഇടത് വലത് മുന്നണികള്‍ ഇതിന് മത്സരിച്ച് ഒത്താശ ചെയ്യുകയാണ് (ഏപ്രില്‍ 8, ജന്മഭൂമി).
വെള്ളാപ്പള്ളി മുസ്ലീങ്ങളെ ചേര്‍ത്തുപിടിച്ചയാള്‍
ഏപ്രില്‍ ആദ്യ വാരത്തില്‍ നാഷണല്‍ ലീഗിന്റെ നേതാക്കള്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു. മുസ്ലീം സമൂഹം തന്റെ സഹോദരങ്ങളാണെന്നും എന്നും അവരെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂവെന്നും മേലിലും അപ്രകാരമായിരിക്കുമെന്നും ചര്‍ച്ചക്ക് ശേഷം നാഷണല്‍ ലീഗ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുടെ ചെയ്തികളെയാണ് താന്‍ വിമര്‍ശിച്ചതെന്നും അതിന് വര്‍ഗീയതയുടെ നിറം കൊടുക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതേ കുറിച്ച് എ.പി അബ്ദുല്‍ വഹാബ് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു (ഏപ്രില്‍ 10, മാധ്യമം).
എന്നാല്‍ ഇതേ പാര്‍ട്ടിയുടെ മറ്റൊരു പ്രസ്താവന വൈകാതെ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തങ്ങളല്ല വെള്ളാപ്പള്ളിയെ ചെന്നു കണ്ടതെന്നും അച്ചടക്കലംഘനത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരാണ് അതിന് പിന്നിലെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു (ഏപ്രില്‍ 9 കൈരളി ന്യൂസ്).
7. വീട്ടിലെ പ്രസവം: ‘ശരിഅത്ത്’ പ്രസവവും’ ‘പ്രസവ ജിഹാദും’
മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ അസ്മ പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവത്താല്‍ മരിച്ചു. അഞ്ചാം തീയതി ആറ് മണിയോടെ സ്വന്തം വീട്ടില്‍വച്ചാണ് പ്രസവം നടന്നത്. മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് പറയുന്നത് ഇങ്ങനെ: സിറാജുദ്ദീന്റെ നിര്‍ബന്ധപ്രകാരമാണ് പ്രസവം വീട്ടിലേക്ക് മാറ്റിയത്. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്. ബാക്കി മൂന്ന് പ്രസവങ്ങളും വീട്ടിലായിരുന്നു. അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീന്റെ നിര്‍ബന്ധമായിരുന്നു പ്രസവം വീട്ടിലേക്ക് മാറ്റിയത്. അമിതമായ ആത്മീയ താത്പര്യങ്ങളുള്ള ആളാണ് പ്രതി. ആ കാഴ്ചപ്പാടോടെയാണ് ഇതിന് മുമ്പ് രണ്ട് പ്രസവം വീട്ടില്‍ നടത്തിയത്. ഭര്‍ത്താവിന്റെ പ്രേരണയാണ് ഇതിന് പിന്നില്‍. സിറാജുദ്ദീന്‍ ആലപ്പുഴ സ്വദേശിയാണ്. ഇതിന് മുമ്പുള്ള രണ്ട് പ്രസവങ്ങള്‍ നടന്നത് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വെച്ചാണ്. വളാഞ്ചേരിയില്‍ കുറച്ചുകാലം ഇയാള്‍ താമസിച്ചിരുന്നു. മതപ്രഭാഷണവും യൂട്യൂബ് ചാനലുമൊക്കെയാണ് ഇയാളുടെ വരുമാനം. അതുകൊണ്ട് സൗകര്യപ്രദമായ സ്ഥലമായതുകൊണ്ടാണ് മലപ്പുറത്തേക്ക് ഇയാള്‍ മാറിയത്. അഞ്ചാം തീയതി ആറ് മണിയോടെയാണ് പ്രസവം നടന്നത്. രാത്രിയാണ് മരണം സംഭവിക്കുന്നത്. പുലര്‍ച്ചെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടില്‍ പ്രസവം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ രഹസ്യ ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. കുറ്റസമ്മത മൊഴിയില്‍ ഇങ്ങനെയൊക്കെ ചെയ്യുന്ന ആളുകളുണ്ട് എന്ന് പ്രതി സമ്മതിക്കുന്നുണ്ട് (ഏപ്രില്‍ 8, മാതൃഭൂമി).
എട്ടാം തിയ്യതിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പിന്നീട് പ്രസവം എടുത്ത ഫാത്തിമയെയും സഹായിയായ മകനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പരമ്പരാഗതമായി വീടുകളില്‍ പ്രസവമെടുത്തിരുന്നയാളാണ് (ഏപ്രില്‍ 11, മലയാള മനോരമ).
അസ്മയുടെ മരണം നടക്കുന്നതിന് മുമ്പു തന്നെ വീട്ടിലെ പ്രസവം വലിയ തോതില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലപ്പുറത്തെ മുസ്ലീങ്ങളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമെന്നായിരുന്നു പൊതുവിലയിരുത്തല്‍. ഇസ്‌ലാമോഫോബിക് ആഖ്യാനത്തിന്റെ മാതൃകയിലാണ് പ്രചാരണങ്ങളില്‍ മിക്കതും നടന്നത്. അക്യുപങ്ചര്‍ ചികിത്സകരാണ് ഈ പ്രവണതക്ക് പിന്നിലെന്നും ആക്ഷേപിക്കപ്പെട്ടു.
‘ശരീഅത്ത് പ്രസവം, പിന്നിലാര്?‘
മാര്‍ച്ച് 27, ജനം ടിവി തയ്യാറാക്കിയ ഒരു ചര്‍ച്ചയുടെ ശീര്‍ഷകം ‘ശരീഅത്ത് പ്രസവം, പിന്നിലാര്?’ എന്നായിരുന്നു. ചര്‍ച്ചയുടെ ആമുഖമായി അവതാരക പറഞ്ഞതനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വീട്ട് പ്രസവങ്ങള്‍ നടക്കുന്നത്. ഒരു ‘പ്രത്യേക മതവിശ്വാസികളിലാണ്’ ഈ പ്രവണത കണ്ടുവരുന്നത്. അവര്‍ക്ക് വാക്‌സിനോടും വിയോജിപ്പുണ്ട്. ശരിഅത്ത് അനുസരിച്ച് വീട്ടില്‍ പ്രസവിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നു. ധീരവനിതകളെന്ന് അഭിസംബോധന ചെയ്യുന്നു. താലിബാന്‍ ആശയങ്ങളുടെ ഭാഗമാണ് വീട്ട് പ്രസവം (മാര്‍ച്ച് 27, ജനം ടിവി).


അസ്മയുടെ മരണത്തിന് ശേഷം ജനം ടിവി വീണ്ടും ഈ പ്രശ്‌നം ചര്‍ച്ചക്കെടുത്തു. മിക്കവാറും മുസ്ലീം സംഘടനകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പാനലിസ്റ്റുകള്‍ പറഞ്ഞത്. (ഏപ്രില്‍ 7, ജനം ടിവി).
ചര്‍ച്ചയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോ. നുസ്രത്ത് ജഹാന്‍ ഇതിനെ ‘പ്രസവ ജിഹാദെ’ന്നാണ് പരിഹസിച്ചത്. ഇന്ത്യയില്‍ ‘ശരിഅ’ വേണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ പ്രസവിച്ചാല്‍ ഹിന്ദുക്കളായ ഡോക്ടര്‍മാര്‍ മുസ്ലീങ്ങളുടെ ഉദ്ധാരണശേഷി നശിപ്പിക്കുമെന്ന് അവര്‍ പേടിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാത്തിലും ഹലാലാണ്. മുസ്ലീങ്ങള്‍ മുഖം മറച്ചും പര്‍ദ്ദയിട്ടുമാണ് നടക്കുന്നത്. പെണ്ണിനെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും അവര്‍ പറഞ്ഞു (ഏപ്രില്‍ 7, ജനം ടിവി).
‘പ്രത്യേക മതത്തിൽ’പ്പെട്ടവർ: ശ്രീജിത്ത് പണിക്കർ
കേരളത്തിൽ വർധിച്ചുവരുന്ന ‘വീട്ടിലെ പ്രസവ’ത്തിലും അതിൽ ഭാഗമാകുന്നവരിലും അധികവും പേർ ചില ‘പ്രത്യേക മതത്തിൽ’പ്പെട്ട ആളുകളാണെന്ന് ശ്രീജിത്ത് പണിക്കർ ആരോപിക്കുന്നു. സ്വന്തം പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് (ശ്രീജിത്ത് പണിക്കർ, ഏപ്രിൽ 12) അദ്ദേഹത്തിൻ്റെ പ്രഖ്യാപനം: 1) മാധ്യമം ദിനപത്രം രണ്ട് വർഷങ്ങൾക്കു മുമ്പ് വീടുകളിൽ നടക്കുന്ന പ്രസവങ്ങളുമായി ബന്ധപ്പെട്ട് ഒരു കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ 2019/20 വർഷത്തിൽ കേരളത്തിൽ ഓരോ ജില്ലയിലും ഉണ്ടായിരിക്കുന്ന വീട്ടു പ്രസവങ്ങൾ എത്രത്തോളം ഉണ്ട് എന്നതിന്റെ കണക്കുകളുണ്ട്. അതിൽ തന്നെ ഏതാണ്ട് 30 ശതമാനത്തോളം വന്നിരിക്കുന്നത് മലപ്പുറം ജില്ലയിൽ മാത്രമായിട്ടാണ്. എന്തുകൊണ്ടാണ് മലപ്പുറം ജില്ലയിൽ ഇങ്ങനെ ഉണ്ടാകുന്നത് എന്നതിനെകുറിച്ച് കൃത്യമായി അന്വേഷിക്കേണ്ടതാണ്.
ഇത്രയും കാര്യങ്ങൾ വസ്തുതയാണ്. പിന്നെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. 2) മതപരമായിട്ടുള്ള എന്തെങ്കിലും ശാസനയുടെ അടിസ്ഥാനത്തിലാണോ അങ്ങനെ ആരെങ്കിലും നിർബന്ധം പിടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ശാസ്ത്രീയമായ ആധുനിക ചികിത്സാ പരിചരണ രീതികൾ ഒക്കെ തന്നെ പല സ്ത്രീകൾക്കും അന്യമായി മാറുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കണം. 3) വീട്ടു പ്രസവങ്ങളെ ന്യായീകരിക്കാനായിട്ട് വരുന്ന പല ആൾക്കാരും ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട ആൾക്കാരാണ്. പണ്ടുകാലത്തെ പ്രസവങ്ങൾ ഒക്കെ തന്നെ വീടുകളിൽ ആയിരുന്നില്ലേ എന്നൊക്കെ മറുവാദം ഉന്നയിക്കുന്ന പല ആൾക്കാരും ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഏതെങ്കിലും ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട ആൾക്കാരാണ് ഇവരൊക്കെ.
പിന്നിൽ മതം മാത്രം
വീട്ടിലെ പ്രസവത്തിന് പിന്നില്‍ മതം മാത്രമാണെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും മറ്റൊരു കാരണവും കാണാന്‍ കഴിയില്ലെന്നും ന്യൂസ് 18 ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. ആരിഫ് ഹുസൈന്‍ പ്രതികരിച്ചു. മുസ്ലീം സ്ത്രീയുടെ പ്രസവം എടുക്കേണ്ടത് മുസ്ലീമാണെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. അതാണ് കാരണമെന്ന് മുസ്ലീങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 10, ന്യൂസ് 18).


മതം പല ഘടകങ്ങളിൽ ഒരു ഘടകം മാത്രം
വീട്ടിലെ പ്രസവത്തില്‍ മതം ഒരു ഘടകമാണെന്ന കാര്യം ചര്‍ച്ചയുടെ ഭാഗമായ ഡോ. ഷിംന അസീസും അംഗീകരിച്ചു (ഏപ്രില്‍ 10, ന്യൂസ് 18). മലപ്പുറത്ത് മുസ്ലീങ്ങള്‍ 70 ശതമാനമാണ്. 2023-24 കാലത്ത് 253 വീട്ടു പ്രസവങ്ങള്‍ നടന്നു. പോപ്പുലേഷന്‍ അനുപാതം നോക്കുമ്പോള്‍ അതനുസരിച്ചുള്ള വീട്ടു പ്രസവങ്ങള്‍ നടക്കുന്നില്ല. ഒരു പ്രസവം തന്നെയാണ് നടക്കുന്നതെങ്കിലും അത് വാര്‍ത്തയാകണം. എങ്കിലും അതിന് പിന്നില്‍ ഒരു കാരണം മതം തന്നെയാണ്. കുറച്ചുപേര്‍ വിശ്വാസത്തിലേക്കല്ല, അന്ധവിശ്വാസത്തിലേക്കാണ് പോകുന്നത്. സാധാരണ മുസ്ലീങ്ങള്‍ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. ഒരു വിഭാഗം ഇതിന് മുന്‍ഗണന നല്‍കുന്നുണ്ട്. പ്രസവത്തിന് ശേഷം ബാങ്ക് വിളി കേള്‍ക്കുന്നത് നല്ലതാണെന്ന വിശ്വാസത്തില്‍ അതിന് സൗകര്യമുള്ള ആശുപത്രി തിരഞ്ഞെടുക്കുന്ന പതിവുമുണ്ട്. എങ്കിലും ഇത്തരം ആളുകള്‍ ന്യൂനപക്ഷമാണ്.
എന്തു പറഞ്ഞാലും ഇസ്‌ലാമോഫോബിയ!
ഈ പ്രശ്‌നത്തെ ഇസ്‌ലാമോഫോബിക് ചര്‍ച്ചയാക്കി കാണരുതെന്നും ഡോക്ടര്‍ ഷിംന അഭിപ്രായപ്പെട്ടു (ഏപ്രില്‍ 10, ന്യൂസ് 18). ‘എന്തു പറഞ്ഞാലും ഇസ്‌ലാമോഫോബിയാ’യി ചിത്രീകരിക്കുന്നതിനെ ചര്‍ച്ചക്കിടയില്‍ അവതാരക ചോദ്യം ചെയ്തു. ചര്‍ച്ച ഊതിപ്പെരുപ്പിക്കരുതെന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഇസ്ലാമിന്റെ പ്രശ്‌നമാണെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
സ്ത്രീപ്രശ്നം: മാതാവിന്റെ അവകാശവും പ്രധാനം
എന്നാല്‍ പൊതുചര്‍ച്ചയില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ചൈല്‍ഡ് ബെര്‍ത്ത് എജ്യുക്കേറ്റര്‍ റേബ ഡാനിയല്‍ ന്യൂസ് 18ന്റെ മറ്റൊരു ചര്‍ച്ചയില്‍ പങ്കുവച്ചത്. ഒരു സ്ത്രീ മറ്റ് നിര്‍ബന്ധങ്ങളില്ലാതെ വീട്ടില്‍ പ്രസവിക്കാന്‍ തീരുമാനിച്ചാല്‍ മെഡിക്കല്‍ സഹായം നല്‍കിക്കൊണ്ട് അത് സാധിപ്പിച്ചുകൊടുക്കേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളിലും ഈ മോഡല്‍ പരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലും അത് പരീക്ഷിക്കണമെന്നുമായിരുന്നു അവരുടെ അഭിപ്രായം. വീട് സുരക്ഷിതമായ സ്ഥലമാണെന്നും അവിടെ പ്രസവിക്കുന്നത് തെറ്റില്ലെന്നുമുള്ള പോയിന്റിലാണ് അവര്‍ ഊന്നിയത്. എന്നാല്‍ ഹൈറിസ്‌ക് കേസുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും അവര്‍ നിർദ്ദേശിച്ചു. സ്ത്രീകള്‍ എന്തുകൊണ്ട് ഇത് തെരഞ്ഞെടുക്കുന്നുവെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും സ്ത്രീകളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കൂടി അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിമര്‍ശനമുണ്ടായിരുന്നെങ്കിലും അവരുടെ അഭിപ്രായത്തെ അവതാരക പരിഹസിച്ചില്ല (ഏപ്രില്‍ 7, ന്യൂസ് 18).
നടപടിയെടുക്കുമെന്ന് മന്ത്രി
വീട്ടിലെ പ്രസവത്തിന്റെ കാര്യത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉറപ്പ്‌നല്‍കി. അക്യുപങ്ചര്‍ വഴി പ്രസവിച്ചാല്‍ വേദനയുണ്ടാവില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു (ഏപ്രില്‍ 8, ഡൂള്‍ ന്യൂസ്). യൂട്യൂബിലൂടെ തെറ്റായ ആരോഗ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നടപടിസ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു (ഏപ്രില്‍ 9, ജനയുഗം).
നടപടി ആവശ്യം
മതപരമോ വിശ്വാസപരമോ ആയ മൗഢ്യങ്ങളാല്‍ ചികിത്സ തേടാതിരിക്കുന്നതും ഓണ്‍ലൈനില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായി കണ്ട് നിയമനടപടി വേണമെന്നാണ് കേരള കൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ആവശ്യപ്പെട്ടത് (ഏപ്രില്‍ 9, കേരള കൗമുദി).
പണം, മതം, അന്ധവിശ്വാസം, അറിവില്ലായ്മ
അസ്മയുടെ ബന്ധുക്കളെ ഉദ്ധരിച്ച് ദേശാഭിമാനി ‘കണ്ണീരില്‍ തോരാതെ അസ്മയുടെ ബന്ധുക്കള്‍’ എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അസ്മ അന്ധവിശ്വാസത്തിന്റെ ഇരയാണെന്നും മതഗ്രന്ഥത്തില്‍ പാണ്ഡിത്യമില്ലാത്ത സിറാജുദ്ദീന്‍ പിരിവിനുവേണ്ടി മതത്തെ ഉപയോഗിച്ചുവെന്നും അവര്‍ ആരോപിച്ചു (ഏപ്രില്‍ 9, ദേശാഭിമാനി).
സമാനമായ കാഴ്ചപ്പാട് തന്നെ ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ പ്രബോധനത്തിൽ ഒ അബ്ദുറഹ്മാൻ എഴുതി (സമുദായം പിറകോട്ട് നടക്കരുത്, 2 മെയ്). പരിമിതമായ ചിലരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. അതിൻ്റെ കാരണം അനാരോഗ്യകരമായ വിശ്വാസാചാരങ്ങൾ, അന്ധവിശ്വാസം ഇവയൊക്കെയാണ്. മാത്രമല്ല ആധുനിക വൈദ്യശാസ്ത്ര സംരംഭങ്ങൾ പലപ്പോഴും സാമ്പത്തിക ചിലവേറിയതായതും ഇതിൻ്റെ കാരണമായി പറയുന്നു. മാത്രമല്ല, അക്യുപങ്ചർ, പ്രകൃതി ചികിത്സ പാരമ്പര്യങ്ങളുടെ മേൻമയെക്കുറിച്ച് — ലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ ‘മുറിവൈദ്യൻമാർ’ — സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണവും വലിയ പങ്കുവഹിക്കുന്നു. പക്ഷേ, ഇവയൊന്നും ചൂഷണത്തിന് ന്യായമല്ലന്നാണ് നിലപാട്.
കുട്ടി ഗര്‍ഭപാത്രത്തില്‍ നാല് വര്‍ഷം കിടക്കും
അമ്മയുടെ വയറ്റില്‍ ഒരു കുട്ടി നാല് വര്‍ഷംവരെ കിടക്കാമെന്ന് കാന്തപുരം വിഭാഗം നേതാവും എസ് വൈ എസ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രസംഗമാണ് ഈ സമയത്ത് ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം. സിസേറിയന്‍ ഡോക്ടര്‍മാരുടെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ പ്രസംഗം പുറത്തുവന്നത്. അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് ഈ അഭിപ്രായം പുറത്തുവന്നത്. പ്രസംഗം എപ്പോള്‍ നടത്തിയതാണെന്ന് വ്യക്തമല്ല (ഏപ്രില്‍ 12, മീഡിയാ വണ്‍). ഏറെ വിമർശനങ്ങൾ നേടിയ ഒരു പ്രസ്താവനയായിരുന്നു ഇത്.
‘കാരണം ഹിജാബ് നിയമം‘
വീട്ടു പ്രസവങ്ങള്‍ക്ക് പല കാരണങ്ങളുണ്ടെങ്കിലും അത് മുസ്ലീങ്ങളിലും മലപ്പുറത്തും കൂടുതലായി കാണുന്നതിന് കാരണം ഹിജാബ് നിയമമാണെന്ന് ഡോ. ആരിഫ് ഹുസൈൻ. സ്ത്രീയെയും പരുഷനെയും വേര്‍തിരിക്കുകയെന്നത് ഹിജാബ് നിയമത്തിലെ പ്രധാന ഘടകമാണ്. വ്യായാമത്തില്‍ ഇതുവേണമെന്ന് പറഞ്ഞുണ്ടായ വിവാദം കണ്ടതാണല്ലോ. കല്യാണപ്പന്തലില്‍ ഭക്ഷണം കൊടുക്കുമ്പോഴും ഇത്തരം വേര്‍തിരിവുകളുണ്ട്. നിഖില എന്ന സിനിമാനടി അത് പറഞ്ഞിരുന്നു. ഈ നിയമത്തിന്റെ എക്റ്റന്‍ഷനാണ് വീട്ടിലെ പ്രസവം. ഗര്‍ഭകാലത്ത് സ്‌കാന്‍ ചെയ്യുമ്പോഴോ പ്രസവസമയത്തോ പുരുഷന്മാരുണ്ടാവും. അതിനോടുള്ള എതിര്‍പ്പിന്റെ ഭാഗമാണ്. ഇസ്ലാമിക സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് ഇത് (ഏപ്രില്‍ 10, ന്യൂസ് 18).
ബിരിയാണി തിന്നുന്ന ഉസ്താദുമാര്‍
വിവരക്കേട് പറയാനും ബിരിയാണി തിന്നാനും മാത്രം വാ തുറക്കുന്ന കുറേ ഉസ്താദുമാരാണ് നാല് വര്‍ഷത്തെ ഗര്‍ഭക്കഥയ്ക്ക് പിന്നിലെന്നാണ് ഡോക്ടറും ഗ്രന്ഥകാരനുമായ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ എഴുതിയത് (ഏപ്രില്‍ 11, ഫേസ്ബുക്ക്/മനോജ് വെള്ളനാട്).
കച്ചവട താല്പര്യം, അന്ധവിശ്വാസം : മുസ്ലീം സംഘടനകൾ
വീട്ടിലെ പ്രസവങ്ങളെ ഒട്ടുമിക്ക മുസ്ലീം സമുദായ നേതാക്കളും തള്ളിക്കളഞ്ഞു. മതം തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നതെന്നായിരുന്നു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ അഭിപ്രായം. വീട്ട് പ്രസവം പ്രമോട്ട് ചെയ്യുന്നവരുടെ ലക്ഷ്യം കച്ചവടമാണെന്നും അതിന് മതത്തെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നതെന്നും ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വാശികള്‍ അനുവദിക്കാനാവില്ല. നിയമനടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 7, 24 ന്യൂസ്).
വീട്ടില്‍ പ്രസവം നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും ചിലര്‍ മതത്തില്‍ അനാചാരം ചേര്‍ക്കുകയാണെന്നുമാണ് മുജാഹിദ് വനിതാവിഭാഗം മറിയക്കുട്ടി സുലമിയയുടെ പക്ഷം (ഏപ്രില്‍ 7, ഏഷ്യാനെറ്റ്).
ഒരു വ്യക്തിയുടെ നിലപാടിനെ സംഘടനയുടേതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ.പി സമസ്തയുടെ നേതാവ് കെ.ബി ബഷീര്‍ വിമര്‍ശിച്ചു. മാത്രമല്ല, ഇത്തരം പ്രചാരണം നടത്തുന്നത് തങ്ങളുടെ സംഘടനയില്‍പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 10, ന്യൂസ് 18).
വീട്ടുപ്രസവം: കാരണമെന്ത്?
വീട്ടുപ്രസവങ്ങളെക്കുറിച്ച് മാതൃഭൂമി തയ്യാറാക്കിയ ഫീച്ചര്‍ ഈ പ്രവണതക്ക് പിന്നിൽ എക കാരണം അല്ല, പല കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലയില്‍ വീട്ടുപ്രസവങ്ങളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയ (എന്താണ് വീട്ടു പ്രസവങ്ങളുടെ കുഴപ്പങ്ങള്‍? അന്വേഷണപരമ്പര, ഏപ്രില്‍ 10, മാതൃഭൂമി ഹെല്‍ത്ത്) പഠനത്തില്‍ തന്നെ പറയുന്നത് മലപ്പുറത്ത് നടക്കുന്ന പല വീട്ടുപ്രസവങ്ങളും അവിടെ വന്ന് താമസിക്കുന്ന ഇതര ജില്ലക്കാരുടെതും കൂടിയാണെന്നാണ്. അന്ധവിശ്വാസം, അറിവില്ലായ്മ, കൂടിയ ആശുപത്രിച്ചെലവുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ പലരും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതര ചികിത്സാപദ്ധതികളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ആസൂത്രണമില്ലായ്മയും കാരണമാണ്.
ഒതുക്കുങ്ങലിലുള്ള ഫാത്തിമയാണ് ചട്ടിപ്പറമ്പില്‍ മരിച്ച അസ്മയുടെ പ്രസവമെടുത്തത്. ഇവര്‍ വര്‍ഷങ്ങളായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രസവമെടുക്കുന്നയാളാണ്. ഭര്‍ത്താവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതുകാരണം ആശുപത്രിയില്‍ പോകാതെ ഇവരെ ആശ്രയിച്ച് വീട്ടില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. നേരത്തേ ഒരുതവണ താന്‍ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നുവെന്ന് ഒതുക്കങ്ങൽ പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവും ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ്മായ കടമ്പോട്ട് മൂസ പറഞ്ഞു. പക്ഷേ, അവര്‍ അനുസരിച്ചില്ല. ചട്ടിപ്പറമ്പ് കേസില്‍ അവരേയും പ്രതിയാക്കണമെന്നാണ് മൂസ ആവശ്യപ്പെടുന്നത് (11 ഏപ്രിൽ, മാതൃഭൂമി).
മലപ്പുറത്തെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ഒപ്പം മുസ്ലീം ലീഗിന്റെയും നിലപാടാണ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റായ കടമ്പോട്ട് മൂസ പറഞ്ഞതെന്ന് മനസ്സിലാവുന്നു. ഇത്തരം വസ്തുതകൾ ‘മതം മാത്രം’ എന്ന് പറയുന്നവർ പരിശോധിച്ചിട്ടില്ല.
മലപ്പുറവും പ്രസവവും ആരോഗ്യരംഗവും
ഈ വാര്‍ത്ത പുറത്തുവന്നതിനുശേഷം മലപ്പുറത്തെക്കുറിച്ച് ധാരാളം മോശപ്പെട്ട നിഗമനങ്ങള്‍ പല മാധ്യമങ്ങളും പുറത്തുവിടുന്നുണ്ടെങ്കിലും വസ്തുതകള്‍ അതിനെതിരാണ്. വീട്ടിലെ പ്രസവം ശിശുമരണനിരക്കില്‍ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നും ചിലര്‍ കണക്കുകളൊന്നുമില്ലാതെ വാദിക്കുകയും ചെയ്തിരുന്നു.
വീട്ടിലെ പ്രസവം അഖില കേരള അടിസ്ഥാനത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. 2019-20 (467), 2020-21 (576, 2021-22 (586), 2022-23 (579, 2023-24 (523), 2024-25 (382) എന്നിങ്ങനെയാണ് വീട്ടു പ്രസവകണക്ക് (എന്റെ വീട് എന്റെ പ്രസവം; പക്ഷേ ഒരു പ്രശ്‌നമുണ്ട്, സുല്‍ഹഫ്, ഏപ്രില്‍ 13, മാധ്യമം). മലപ്പുറം, ഇടുക്കി, എറണാകുളം, കോഴിക്കോട് വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വീട്ടിലെ പ്രസവം കൂടുതല്‍ നടക്കുന്നത്. വീട്ടു പ്രസവത്തിന്റെ കാര്യത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ മലപ്പുറമാണ് മുന്നിൽ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കോട്ടയം -11, ഇടുക്കി-38, വയനാട് -45, ആലപ്പുഴ-14, മലപ്പുറം 266, കൊല്ലം – 23, കാസര്‍കോട് -23 എന്നിവയാണ് ജില്ല തിരിച്ച കണക്കുകള്‍. ചില ജില്ലകളിലെ കണക്കുകള്‍ ലഭ്യമല്ല. 2024-25ല്‍ മലപ്പുറത്തെ വീട്ടു പ്രസവം 191 എണ്ണമായി കുറഞ്ഞു (ഒക്ടോബര്‍ 13, 2023, മാധ്യമം). എന്നാല്‍ മലപ്പുറത്തെ എല്ലാ ഗാര്‍ഹിക പ്രസവങ്ങളും മലപ്പത്തുകാരുടേതല്ല, ഇതര ജില്ലകളില്‍നിന്ന് പ്രസവിക്കാന്‍ വേണ്ടിവരുന്നവരാണെന്നും ഈ പഠനത്തില്‍ പറയുന്നു.
മലപ്പുറം ജില്ലയിൽ മുസ്ലീം സംഘടനകൾ തന്നെ നേരിട്ടും അല്ലാതെയും പിന്തുണക്കുന്ന നിരവധി അലോപ്പതി ആശുപത്രി സംവിധാനങ്ങളും സ്വകാര്യ ക്ലിനിക്കുകളും പ്രസവ ശ്രുശ്രൂഷാ കേന്ദ്രങ്ങളുമുണ്ട് (അധിക വായനക്ക്: Afsal, K., Reshmi R (2023) Diaspora Philanthropy: A Study of Diaspora-Funded Philanthropic Organizations’ Activities in the Health Sector of Kerala, India. Global Social Welfare: Research, Policy and Practice, 5 June, pages: 1-17 ). ഇസ്ലാം മതമാണ് ശിശുമരണത്തിനും അലോപ്പതി ഇതര ചികിൽസാ മാതൃകകൾക്കും ‘ഏക’ കാരണമെന്നും സ്ഥാപിക്കുന്നതിന് വസ്തുതാപരമായ തെളിവുകൾ ഇല്ല. ചില വ്യക്തികളോ കൂട്ടായ്മകളോ വിശ്വാസപരമായ ഒരു വ്യാഖ്യാനം നൽകുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം സവിശേഷമായി (സ്പെസിഫിക്) മനസ്സിലാക്കാവുന്നതാണ്.
അക്യുപങ്ചര്‍ ചികിത്സയും ഇസ്‌ലാമോഫോബിയയും
സാമൂഹ്യ പ്രവർത്തകനും യുക്തിവാദിയുമായ പ്രതീഷ് ബി അക്യുപങ്ചര്‍ ചികില്‍സയെയും വീട്ടിലെ പ്രസവത്തെയും ഇസ്ലാമുമായി കൂട്ടിച്ചേര്‍ക്കുന്നതിനെ വിമര്‍ശിച്ചു. ‘അക്യുപങ്ചര്‍ ചികിത്സയും ഇസ്‌ലാമോഫോബിയയും’ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
അക്യുപങ്ചര്‍ അടിസ്ഥാനപരമായി ഒരു പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയാണ്. കള്‍ച്ചറല്‍ പ്രാക്ടീസിന്റെ ഭാഗമാണത്. അതൊരു മതപരമായ അടിസ്ഥാനമുള്ള ചികിത്സാ രീതി അല്ല. അതിനാല്‍ ഇസ്ലാം മത വിശ്വാസികള്‍ അത് പ്രായോഗികമായി പിന്തുടരുമ്പോള്‍ അതൊരു മതേതര പ്രവര്‍ത്തനമായി കൂടി മാറുന്നു. മതേതരമായിരിക്കുമ്പോള്‍ തന്നെ അക്യുപങ്ചര്‍ ഒരു അശാസ്ത്രീയ സാമൂഹിക അസംബന്ധമാണ് എന്നത് മറ്റൊരു പ്രശ്‌നം ആണ്.
ഇവിടെ പ്രസ്തുത ചികിത്സാരീതി മൂലം അപകടം നടന്നപ്പോള്‍ മുസ്ലീങ്ങള്‍ പൊതുവിലോ ഏതെങ്കിലും ഇസ്ലാമിക സംഘടനയോ അതിനെ എസെന്‍ഷ്യല്‍ റിലീജ്യസ് പ്രാക്റ്റീസ് എന്ന നിലയില്‍ ന്യായീകരിച്ചിട്ടില്ല. എന്ന് മാത്രമല്ല വിമര്‍ശിക്കുകയും ഇതൊരു ക്രിമിനല്‍ പ്രവൃത്തി ആണ് എന്ന് തന്നെ പറയുകയും ചെയ്തു. ഒരു ക്രിമിനല്‍ പ്രവൃത്തി നടന്നാല്‍ നടപടി എടുക്കേണ്ടത് ഭരണകൂടമാണ്. അതില്‍ പ്രത്യേകിച്ച് ആര്‍ക്കും എതിര്‍പ്പുമില്ല.
എന്നിട്ടും ഇത് ഇസ്ലാം മതത്തില്‍ കൊണ്ട് കെട്ടുന്നവര്‍ ഏത് ‘പുരോഗമന വേഷം’ ഇട്ട് വന്നാലും അവര്‍ അടിസ്ഥാനപരമായി ഇസ്‌ലാമോഫോബുകള്‍ ആണ്. കാരണം മുസ്ലീങ്ങള്‍ എന്ത് ചെയ്താലും അത് മതപരം മാത്രമായിരിക്കും എന്ന് കരുതുന്നത് ഇസ്‌ലാമോഫോബിയയാണ്.
കേരളത്തില്‍ 70% ആധുനിക ചികില്‍സാ സൗകര്യങ്ങളും സ്വകാര്യ മേഖലയിലാണ്. അതിന്റെ ചെലവുകള്‍ സമൂഹത്തിലെ പലര്‍ക്കും താങ്ങാനാവുന്നില്ല. അതിനാല്‍ ഇതിനെ വര്‍ഗ്ഗ/ജാതി വിശകലനങ്ങളില്‍ കൂടി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ ആശ്രയിക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് താങ്ങാവുന്ന ആധുനിക ശാസ്ത്രീയ ചികിത്സാ രീതികളുടെ അഭാവത്തിലാണ് അശാസ്ത്രീയ ചികിത്സാരീതികള്‍ താഴെ തട്ടിലുള്ള മനുഷ്യര്‍ക്കിടയില്‍ ഒരു ഓപ്ഷനായി മാറുന്നത് (ഏപ്രില്‍ 8, ഫേസ്ബുക്ക് പോസ്റ്റ്/പ്രതീഷ് ബി).
8. പൊലീസിലെ ‘ജിഹാദി ഭീകരത’
സ്വന്തം പൊലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിന് നല്‍കിയ ആലുവ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്‌സേന സസ്‌പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ ഗുരുതരമായ കൃത്യവിലോപമാണ് സലീം നടത്തിയിരിക്കുന്നതെന്നാണ് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞത്. എസ്ഡിപിഐ നേതാവ് വി.കെ ഷൗക്കത്തലിയാണ് പെരുമ്പാവൂര്‍ പൊലീസ് കാന്റീനില്‍ നിന്ന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങിയത് (ഏപ്രില്‍ 6. മനോരമ, ഏപ്രില്‍ 7, മാതൃഭൂമി). എന്നാല്‍ ഈ വാര്‍ത്ത അവതരിപ്പിക്കപ്പെട്ടത് പൊലിസിലെ ‘ജിഹാദി സ്വാധീന’മായാണ്.
മലയാളം എക്‌സ്പ്രസ് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ശീര്‍ഷകം ‘പൊലിസ്-ഭീകരബന്ധം വീണ്ടും വിവാദത്തില്‍; എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു’ എന്നാണ്. വാര്‍ത്ത തുടരുന്നു: പൊലീസില്‍ ഇസ്ലാമിക ഭീകരരുമായി ബന്ധമുള്ളവര്‍ പിടിമുറുക്കുന്നു. നിരോധിക്കപ്പെട്ട ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് ഷൗക്കത്തലിക്കാണ് കാര്‍ഡ് കൈമാറിയത്. എഎസ്ഐ പല രഹസ്യവിവരങ്ങളും എസ്ഡിപിഐക്ക് കൈമാറിയിരിക്കാമെന്നാണ് വിലയിരുത്തല്‍. പോലീസില്‍ പച്ചവെളിച്ച പ്രവര്‍ത്തനം സജീവമാണ്. പോലീസിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയ നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പുണ്ടായിട്ടുണ്ട്. ഹിന്ദുനേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിക്കൊടുത്തിരുന്നു. കേരള പൊലീസില്‍ ഭീകരവാദബന്ധമുള്ളവര്‍ നുഴഞ്ഞുകയറിയെന്നു നേരത്തേ എന്‍ഐഎ കണ്ടെത്തിയതാണ്. ഇടത് സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പൊലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഭീകരബന്ധത്തിന്റെ പേരില്‍ പൊലീസുകാര്‍ നടപടി നേരിടുന്നതിന്റെ വിവരങ്ങള്‍ പോലും പുറത്തുവിടാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പൊലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. (ഏപ്രില്‍ 8, മലയാളം എക്‌സ്പ്രസ്).


ജിഹാദി ഭീകരത
ഏപ്രില്‍ 9ന് ജന്മഭൂമി ‘പൊലീസില്‍ പടരുന്ന ജിഹാദി ഭീകരത’ എന്ന ശീര്‍ഷകത്തില്‍ എഡിറ്റോറിയല്‍ എഴുതി: തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേരളാ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഉദാഹരണമാണ് എഎസ്ഐയുടെ കാന്റീന്‍ കാര്‍ഡ് തീവ്രവാദി നേതാവിന് നല്‍കിയത്. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളം ഇസ്ലാമിക തീവ്രവാദികളുടെ സങ്കേതമായി തുടരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇക്കൂട്ടര്‍ക്ക് പൊലീസില്‍ നിന്ന് ലഭിക്കുന്ന ഒത്താശയാണെന്ന് കരുതേണ്ടിയിരിക്കുന്നു. പൊലീസ് സേനയെ ശുദ്ധീകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് (പൊലീസില്‍ പടരുന്ന ജിഹാദി ഭീകര’, ഏപ്രില്‍ 9, ജന്മഭൂമി).
9. കേരളത്തിലെ ഹോട്ടലുകൾ/ഇസ്ലാമിക ഫണ്ട്
ചില മുസ്ലീങ്ങൾ കേരളത്തിൽ ‘ഹോട്ടലുകൾ വാങ്ങി പണം വെളുപ്പിച്ചു’: ഇതിനു പിന്നിൽ ഒരു പ്രത്യേക തരം ‘ഇസ്ലാമിക ഫണ്ടാണ്’. അതിൻ്റെ പിന്നിലെ ‘ഗൂഢാലോചന’ പുറത്ത് എന്ന ശീർഷകത്തിലാണ് മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ ആരോപണമുന്നയിച്ചത് (മാത്യു സാമുവൽ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനൽ, ഏപ്രിൽ 6). പക്കാ മത രീതിയിലുള്ള, മതതീവ്രവാദ രീതിയിലുള്ള ലൈഫ് സ്റ്റൈലിൽ കൊണ്ടുപോകുന്നവരെ ഇത് പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത് ശരിയല്ല എന്ന് പറയാൻ പോലും പൊളിറ്റിക്കൽ പാർട്ടീസിന് കഴിയുന്നില്ലെന്നും അദ്ദേഹം കരുതുന്നു.
10. വ്യാജവാര്‍ത്തയില്‍ കേസെടുക്കാതെ പൊലീസ്
കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും വ്യാജവാര്‍ത്തകള്‍ ചമച്ചതിന് കര്‍മ്മ ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍ എംഡിയെ ഏപ്രില്‍ ആദ്യവാരത്തില്‍ അറസ്റ്റ് ചെയ്തു (ഏപ്രില്‍ 6, സുപ്രഭാതം). ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പീഡനങ്ങള്‍ക്ക് വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് ഫേസ്ബുക്ക് വാളില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. തനിക്കെതിരേ വിദ്വേഷവാര്‍ത്തകള്‍ എഴുതിയ കര്‍മ്മാ ന്യൂസിനെതിരേ പൊലിസില്‍ പരാതി കൊടുത്ത് ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്നാണ് റെയ്ഹാന സിദ്ദിഖ് പറയുന്നത്:
ഒരു സ്ത്രീ എന്ന നിലയില്‍ വ്യക്തിത്വത്തെയും കുടുംബത്തെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത കൊടുത്തതിന് കര്‍മ്മ ന്യൂസിനെതിരെ റെയ്ഹാന പൊലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ എന്റെ പൊലീസ് സ്റ്റേഷന്‍ പരിധിയായ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും സൈബര്‍ സെല്ലിലേക്ക് ഫോര്‍വേഡ് ചെയ്യുകയുമുണ്ടായി. സൈബര്‍ സെല്‍ എന്റെ പരാതിയില്‍ 153 പ്രകാരം വേങ്ങര പൊലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്യുകയുണ്ടായി. വിഷയത്തില്‍ സക്രിയമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതികള്‍ തെളിവുകള്‍ സഹിതം സൈബര്‍ സെല്ലില്‍ സമര്‍പ്പിച്ചത്. കോടതി വഴി പരിഹാരം തേടാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള അറിയിപ്പാണ് പിന്നീട് തപാലില്‍ കിട്ടിയത് (ഏപ്രില്‍ 8, ഫേസ്ബുക്ക്/ റെയ്ഹാന സിദ്ദീഖ്).
11. ബ്രിട്ടനിലെ റാഡിക്കൽ ഇസ്ലാമും മലപ്പുറവും കേരളത്തിലെ മാധ്യമ സംസ്കാരവും
‘ബ്രിട്ടനിൽ നടന്ന സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ: ഭൂരിപക്ഷം മുസ്ലീം യുവാക്കൾ റാഡിക്കൽ ഇസ്ലാമിന് അടിമ’ എന്ന തലക്കെട്ടിൽ മാത്യു സാമുവൽ (മാത്യു സാമുവൽ ഒഫീഷ്യൽ, ഏപ്രിൽ 8) ഒരു വീഡിയോ ചെയ്തു. ബ്രിട്ടനിൽ ജനിച്ചു വളർന്ന പുതുതലമുറ മുസ്ലീം യുവാക്കൾ റാഡിക്കൽ ഇസ്ലാമിന് അടിമപ്പെട്ടുവെന്ന് സർവ്വേ കണ്ടെത്തലുണ്ടെന്നാണ് വാദം. ’മറ്റു മതസ്ഥരെ കാഫിറുകളായി കണ്ടുകൊണ്ടുള്ള വളർത്തൽ രീതി മുസ്ലീം ചെറുപ്പക്കാരെ സമൂഹത്തിൽ ഒറ്റപെടുന്നതിന് ഇടയാക്കുന്നുവെന്നും ഈ ഒറ്റപ്പെടൽ മൂലം ഇവരിൽ റാഡിക്കൽ ഇസ്ലാം കടന്നു കയറുന്നുവെന്നും’ സർവേ കരുതുന്നുവെന്ന് സാമുവൽ പറഞ്ഞു.
ചില വാദങ്ങൾ ഇതാണ്: ഓരോ ഗ്ലോബൽ ഇഷ്യൂ വരുമ്പോഴും ബോംബ് ബ്ലാസ്റ്റ് ഉണ്ടാകുമ്പോഴും ഗാസ ഇഷ്യൂ വരുമ്പോഴും ഇറാനിയൻ ഇഷ്യൂ ഒക്കെ വരുമ്പോഴും ഈ ചെറുപ്പക്കാരുടെ ഇടയിലോട്ട് റാഡിക്കൽ ഇസ്ലാം ഇൻജക്ട് ചെയ്യുന്നു. ഇവർ മറ്റുള്ളവരെ കാഫിർ ആയിട്ടാണ് കാണുന്നത്. മറ്റുള്ള മതസ്ഥരെ ഇവർ അംഗീകരിക്കുന്നില്ല. ബ്രിട്ടനിൽ ഇസ്ലാമിക വിശ്വാസത്തിൽ വളരുന്ന ചെറുപ്പക്കാർക്ക് അവിടുത്തെ ജനങ്ങളുമായിട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. അതിന്റെ കാരണം അവരെ വളർത്തിയ രീതി ആണ്.
എന്നാൽ ബ്രിട്ടനിലെ പ്രശ്നം മാത്രമല്ല കേരളത്തിലെ പ്രശ്നവും സാമുവൽ ഉന്നയിക്കുന്നു: ബ്രിട്ടനിലെ അവസ്ഥ തന്നെയാണ് ഈ പറയുന്ന മലപ്പുറം ആണെങ്കിലും മറ്റു പലയിടത്തും ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് അവര് ഇന്ത്യാവിരുദ്ധ ചിന്ത (ആന്റി ഇന്ത്യ തോട്ട്സ്) വെച്ചു പുലർത്തുന്നത്.
മാധ്യമങ്ങളും ഈ പ്രവണതയുടെ ഭാഗമാണെന്ന് സാമുവൽ കരുതുന്നു: കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മീഡിയ സംസ്കാരം ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി തീവ്രവാദ/മതതീവ്രവാദ വിഭാഗക്കാർക്ക് വേണ്ടിയാണ്. ഇവിടുത്തെ ചാനലുകളും മീഡിയയും ഒരു ഗെയിം കളിക്കുകയാണ്.
12. വഖഫ്, എയര്‍പോര്‍ട്ട് സമരം, മൗദൂദിക്കുട്ടികള്‍
വഖഫ് ഭേദഗതി ബില്ലിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്‌ഐഒ, സോളിഡാരിറ്റി സംഘടനകള്‍ ഏപ്രിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധസമരം പ്രഖ്യാപിച്ചു. സമരത്തിന്റെ തലേദിവസം സംഘടനകള്‍ക്ക് കേരള പൊലീസ് ഒരു നോട്ടിസ് കൈമാറി. ആവശ്യമായ അനുമതിയില്ലാതെയായതിനാല്‍ സമരത്തിന് വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് പുറപ്പെടുവിച്ച നോട്ടിസില്‍ പറഞ്ഞിരുന്നു (ഏപ്രില്‍ 9, മീഡിയാ വണ്‍)
ഇത്തരത്തില്‍ സമരങ്ങളെ നേരിടുന്നത് കേരളത്തില്‍ പതിവില്ല. അതൊക്കെ ലംഘിച്ചുകൊണ്ടാണ് ഇതുപോലെയൊരു നോട്ടിസ് പൊലിസ് പുറപ്പെടുവിച്ചത്. (ഏപ്രില്‍ 8, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൊണ്ടോട്ടി നല്‍കിയ നോട്ടിസ്).
പിറ്റേന്ന് നടന്ന സമരപരിപാടിയോട് പൊലീസിന്റെ ഭാഷ ബലപ്രയോഗത്തിന്റേതായിരുന്നു. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരെയും അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. (ഏപ്രില്‍ 10 സത്യം ഓണ്‍ലൈന്‍). പൊലീസ് അതിക്രമം വലിയ ചർച്ചയായില്ല.
‘ജിഹാദി ജിന്റോ‘
സമരത്തില്‍ പങ്കെടുത്ത എറണാകുളം ജില്ല ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണ്‍ ഇത്തരം സമരത്തില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന പരിഹാസത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വഖഫ് സമരങ്ങളില്‍ പങ്കെടുത്തതിന് ആളുകള്‍ വിളിക്കുന്നത് ‘ജിഹാദി ജിന്റോ’യെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ”എന്റെ ക്രിസ്തു ഈ തെരുവുകളില്‍ വഖഫ് നിയമത്തിനെതിരെ സമരം ചെയ്യുന്നവരോടൊപ്പമാണെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു (ഏപ്രില്‍ 9, മഖ്ദൂബ് മലയാളം).


തീവ്ര ഇസ്ലാമിസ്റ്റ് സ്വാധീനത്തിന്റെ സൂചന
പ്രതിഷേധ പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള പ്രക്ഷോഭ ചിഹ്നങ്ങൾ ഉപയോഗിച്ചു: ബാബരി മസ്ജിദ്, മുസ്‌കാന്‍ ഖാന്‍, അഫ്രീന്‍ ഫാത്തിമ, ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, മഅദനി, അയ്ഷ റെന്ന, യഹ്യ സിന്‍വാര്‍, ഇസ്മാഈല്‍ ഹനിയ, മൗദൂദി, വാരിയം കുന്നന്‍, ഫസല്‍ പൂക്കോയ തങ്ങള്‍, മാല്‍ക്കം എക്‌സ്, ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് തുടങ്ങി നിരവധി നേതാക്കളുടെ ചിത്രങ്ങളും പൂക്കോട്ടൂർ ഗേറ്റ്, മമ്പുറം പള്ളി തുടങ്ങിയവയും ഉപയോഗിച്ചിരുന്നു. ഇത് വലിയ വിദ്വേഷ പ്രചാരണത്തിന് കാരണമായി.
പ്രതിഷേധത്തില്‍ ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും തീവ്ര മുസ്ലീം ആശയങ്ങളോട് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും തുടരുന്ന ബന്ധത്തിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടര്‍ ടിവി റിപോര്‍ട്ട് ചെയ്തു (ഏപ്രില്‍ 11, റിപ്പോര്‍ട്ടര്‍ ടിവി). അല്‍ഖാഈദ പോലുള്ള സംഘടനകളെ പ്രത്യയശാസ്ത്രപരമായി സ്വാധീനിച്ച നേതാക്കളാണ് ഇവരെന്നും വാര്‍ത്ത അവകാശപ്പെട്ടു.
മൗദൂദിസ്റ്റുകളുടെ ആര്‍എസ്എസ് അജണ്ട
ജമാഅത്തെ ഇസ്ലാമിയുടെ നീക്കം സംഘപരിവാറിനെ സഹായിക്കുന്നതാണെന്നാണ് സിപിഐഎം നേതാവ് കെ.ടി കുഞ്ഞിക്കണന്റെ പ്രതികരണം: ഹസനുല്‍ ബന്നയുടെയും സയിദ് ഖുതുബിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തി പിടിച്ച് മൗദൂദിസ്റ്റ് സംഘങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ച് നല്‍കുന്നത് അത്യന്തം വിധ്വംസകമായൊരു സന്ദേശമാണ്. വഖഫ് നിയമ ഭേദഗതി ഉള്‍പ്പെടെ മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയോഫാസിസ്റ്റ് ഭീകരതക്കെതിരെ വളര്‍ന്നുവരേണ്ട ജനകീയ ഐക്യത്തെ തടയാനുള്ള ആര്‍എസ്എസ് അജണ്ടയിലാണ് മൗദൂദിസ്റ്റുകളുടെ ഇത്തരം കളികള്‍. സംഘികള്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുകയാണ് ഈ മറുപുറംകളികള്‍. (ഏപ്രില്‍ 11, റിപ്പോര്‍ട്ടര്‍ ടിവി).
ബ്രദര്‍ഹുഡ് ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ ഹിന്ദുത്വ വാദികള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുകയാണെന്നാണ് അഭിനേതാവും രാഷ്ട്രീയ നിരീക്ഷകനുമായ ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്: വഖഫ് ഭേദഗതിയെ ഇന്ത്യയില്‍ സെക്യുലര്‍ പക്ഷത്ത് നില്‍ക്കുന്ന മുഴുവന്‍ മനുഷ്യരും ഒരേ മനസ്സില്‍ എതിര്‍ത്തത് സയ്യിദ് ഖുതുബിന്റെ ഇസ്ലാമിക് ബ്രദര്‍ ഹുഡ് ആഗ്രഹിക്കുന്നത് പോലുള്ള ഇസ്ലാമിക രാജ്യ സംസ്ഥാപനത്തിന് വേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിര്‍ത്താനാണ്. ഈ ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യന്‍ മതേതര ശക്തിക്ക് വലിയ പരിക്കുകളാണ് ഏല്‍പ്പിക്കുന്നത്. അവര്‍ ഹിന്ദുത്വ വാദികള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുകയാണ് (ഏപ്രില്‍ 11, റിപ്പോര്‍ട്ടര്‍ ടിവി).
മുസ്ലീം ഭീകരരും അതിതീവ്രവാദികളും
പ്രകടനം അതി തീവ്രവാദികളായ മുസ്ലീം ഭീകരരുടെ ചിത്രങ്ങള്‍ പതിച്ച ബാനറുമേന്തിയായിരുന്നുവെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു: പ്രതിഷേധത്തില്‍ മുസ്ലീം ഭീകരര്‍ക്ക് വീരോചിതമായ സ്ഥാനം ലഭിച്ചു. ഇസ്ലാമിക മത സാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുല്‍ ബന്നയുടെ രചനകളാണ് ഇന്ന് കാണുന്ന ഇസ്ലാമിക ഭീകരതയുടെ ബൗദ്ധിക ആണിക്കല്ല്. ലോകമെങ്ങുമുളള ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതില്‍ ഇന്ധനമായത് സയ്യിദ് ഖുതുബിന്റെ രചനകളാണ്. ഇപ്പോള്‍ ഖുതുബിസം എന്നറിയപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വീക്ഷണങ്ങളാണ് ഒസാമ ബിന്‍ ലാദന്‍, റുഹുള്ള ഖൊമേനി തുടങ്ങിയ തീവ്രവാദികളുടെ വിശ്വാസങ്ങളെ സ്വാധീനിച്ചത്. ഇത് കൂടാതെ ഇസ്ലാമിക മത സാഹിത്യത്തിന് സയ്യിദ് ഖുതുബ് നല്‍കിയ വ്യാഖ്യാനങ്ങളാണ് ഐസിസ്, അല്‍-ഖ്വയ്ദ , താലിബാന്‍, ബോക്കോ ഹറാം, അല്‍-ഷബാബ്, അബു സയ്യാഫ് തുടങ്ങിയ ഗ്രൂപ്പുകളെയും അവരുടെ അനുബന്ധ സംഘടനകളെയും പോഷിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ ജമാഅത്തെ ഇസ്ലാമി ഘടകങ്ങളും ഒളിഞ്ഞും തെളിഞ്ഞും സയ്യിദ് ഖുതുബിന്റെയും ഹസനുല്‍ ബന്നയുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്. എന്നാല്‍ പൊതു മണ്ഡലത്തില്‍ ഈ അതി തീവ്രവാദികളെ അവതരിപ്പിക്കുന്നതില്‍ നിന്നും ജമാഅത്തെ ഇസ്ലാമി എന്നും വിട്ടനിന്നിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരെ എന്ന പേരിലുളള പ്രതിഷേധത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി അവരുടെ മൂടുപടം മാറ്റുകയായിരുന്നു. ഭീകരവാദ സംഘടനയായ ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിന്റെയും ഹമാസ് ഭീകരവാദി യഹിയ സിന്‍വാറിന്റേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ സമരത്തില്‍ ഉണ്ടായിരുന്നു (ഏപ്രില്‍ 10, ജനം ടിവി).
മതരാഷ്ട്രവാദം
ഈ പ്രശ്‌നത്തില്‍ മുന്‍മന്ത്രി ഡോ. കെ.ടി ജലീലും ഇടപെട്ടു. ‘വഖഫ് സമരവും മുസ്ലീം ബ്രദര്‍ഹുഡ്ഡും തമ്മില്‍ എന്ത് ബന്ധം?’ എന്ന ശീര്‍ഷകത്തിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രധാന വാദങ്ങള്‍ ഇതൊക്കെയായിരുന്നു: രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്രവാദികളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഒരു സാംഗത്യവുമില്ല. ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടിയ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യി ഉള്‍പ്പടെയുള്ള മുസ്ലീം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. ഭൂരിഭാഗം മുസ്ലീം രാജ്യങ്ങളിലും സയ്യിദ് ഖുതുബും ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച ‘മുസ്ലീം ബ്രദര്‍ഹുഡ്’ നിരോധിത സംഘടനയാണ്. ഖുതുബും, ബന്നയും ഉയര്‍ത്തിപ്പിച്ച മതരാഷ്ട്ര ആശയത്തോട് അവിടങ്ങളിലെ മുസ്ലീം സമൂഹത്തിനോ ഭരണകര്‍ത്താക്കള്‍ക്കോ യാതൊരു യോജിപ്പുമില്ല. ഇന്ത്യയില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ പിതൃത്വം ഏറ്റെടുത്ത ഒരേയൊരു സംഘടനയേ ഉള്ളൂ. അത് ജമാഅത്തെ ഇസ്ലാമിയാണ്. അതിന്റെ സൂത്രധാരന്‍ മൗലാനാ മൗദൂദിയും. അധികാരത്തിലെത്താനും അതുവഴി ആത്യന്തികമായി മതരാഷ്ട്രം സ്ഥാപിക്കാനുമാണ് മതസംഘടന എന്നവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമി സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മുസ്ലീം ലീഗ് ഒരേ സമയം വേട്ടക്കാരനെയും ഇരയേയും (തീവ്രന്‍മാരായ ജമാഅത്തെ ഇസ്ലാമിയേയും മിതവാദ മുസ്ലീം സംഘടനകളെയും) രണ്ട് കൈവെളളകളില്‍ പൊക്കിപ്പിടിച്ച് നടക്കുന്നത് അങ്ങേയറ്റം കാപട്യമാണ്. പ്രവാചകന്‍ പരിചയപ്പെടുത്താത്ത അതിതീവ്ര വിശ്വാസത്തെ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതാകും. മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധം ആരോപിച്ച് ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന എല്ലാ വഖഫ് വിരുദ്ധ സമരങ്ങളയും അടിച്ചൊതുക്കാന്‍ അമിത്ഷാക്ക് കൊടുത്ത വടിയാണ്, സോളിഡാരിറ്റിയുടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ചെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല (ഏപ്രില്‍ 12, എഫ്ബി പോസ്റ്റ്).
ചിത്രങ്ങള്‍ കൊടും ഭീകരരുടെ
ജന്മഭൂമി പ്രസിദ്ധീകരിച്ച, ‘പ്രകടനം വഖഫിനെതിരേ ചിത്രങ്ങള്‍ കൊടും ഭീകരരുടെ’ എന്ന വാര്‍ത്ത മുസ്ലീം നേതാക്കളെ കൊടുംഭീകരരായാണ് ചിത്രീകരിച്ചത്. സമരത്തില്‍ മുസ്ലീം ഭീകരര്‍ക്ക് വീരോചിതമായ സ്ഥാനം നല്‍കിയതായി വാര്‍ത്ത പറയുന്നു. ഭീകരര്‍, ഭീകര പ്രത്യയശാസ്ത്രം, ഇസ്ലാമിക തീവ്രവാദം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് വാര്‍ത്ത തയ്യാറാക്കിയിരുന്നത് (ഏപ്രില്‍ 12, ജന്മഭൂമി).
ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം
ജമാഅത്തെ ഇസ്ലാമിയുടെ ഭീകരബന്ധത്തെ ഇടത് വലത് പക്ഷങ്ങള്‍ മൗനം പാലിക്കുന്നുവെന്നാണ് ഹിന്ദു ഐക്യവേദിയുടെ പരാതി. നിരോധിത സംഘടനയായ ബ്രദര്‍ഹുഡ് അടക്കമുള്ള ഭീകര സംഘടനാ നേതാക്കളുടെ ചിത്രം ഉപയോഗിച്ചതാണ് പറഞ്ഞ കാരണം. മലപ്പുറത്തെക്കുറിച്ച് പറഞ്ഞതിന് വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ല. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു (ഏപ്രില്‍ 12, ജന്മഭൂമി).
ഉപരോധം രാജ്യവിരുദ്ധ നടപടി
എസ്‌ഐഒയും സോളിഡാരിറ്റിയും സംയുക്തമായി നടത്തിയ ഉപരോധ സമരം രാജ്യദ്രോഹ നടപടിയാണെന്നാണ് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം: മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാന്‍ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുകയാണ്. വഖഫ് നിയമഭേദഗതി പാസായതിന്റെ മറവില്‍ തീവ്രവാദശക്തികള്‍ സംസ്ഥാനത്ത് വലിയ നീക്കം നടത്തുകയാണ്. കോഴിക്കോട് വിമാനത്താവളം ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ മതതീവ്രവാദികള്‍ ഉപരോധിച്ചത് ഭരണ – പ്രതിപക്ഷ മുന്നണികളുടെ സഹായത്തോടെയാണ്. ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധമായ നടപടിയാണ്. മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്റെ ചിത്രവും ഹമാസ് ഭീകര നേതാവിന്റെ ചിത്രവും പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ വഖഫ് ബില്ലിനെതിരെ സംസാരിച്ച നേതാക്കന്‍മാരുടെ ചിത്രം ഉപയോഗിക്കാതെ ആഗോള ഭീകരവാദികളെ എന്തിന് പ്രദര്‍ശിപ്പിക്കണം. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമാണ് ഇതിന് ഉത്തരവാദികള്‍. വിമാനത്താവളം ഉപരോധിക്കുക എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. പൊലീസ് ഇന്റലിജന്‍സിന്റെ പരാജയമാണ് ഇത്. പിഎഫ്ഐ നിരോധനത്തിന് ശേഷവും പിഎഫ്ഐ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ വിലസുകയാണ് (ഏപ്രില്‍ 12, സൗത്ത് ലൈവ്).
മത പ്രശ്‌നമാക്കി
എയര്‍പോര്‍ട്ട് സമരത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യമിട്ടത് മോദിസര്‍ക്കാരിനെയല്ല പിണറായി സര്‍ക്കാരിനെയാണെന്നാണ് സിപിഎം വക്താവ് കെ.ടി കുഞ്ഞിക്കണ്ണന്‍ കുറ്റപ്പെടുത്തിയത്. അത് അപഹാസ്യവും വഞ്ചനാപരവുമാണെന്നും അദ്ദേഹം എഴുതി: സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധമായ നിയമനിര്‍മ്മാണങ്ങളെയും അടിച്ചമര്‍ത്തലുകളെയും എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി നേരിടുകയെന്ന മതനിരപേക്ഷ കാഴ്ചപ്പാടിനെ അട്ടിമറിക്കാനും വഖഫ് നിയമഭേദഗതി ഒരു മുസ്ലീം പ്രശ്നമാണെന്നും അത് തങ്ങളുടെ മതരാഷ്ട്രവാദ അജന്‍ഡയില്‍ നിന്ന് ഉന്നയിക്കപ്പെടേണ്ടതുമാണെന്ന അങ്ങേയറ്റം വിധ്വംസകമായ സന്ദേശമാണ് ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിദ്യാര്‍ത്ഥിസംഘം നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ചിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ഹിന്ദുത്വ സര്‍ക്കാരിനെതിരായി മതനിരപേക്ഷശക്തികളുടെ വിശാല പ്ലാറ്റ്ഫോമില്‍നിന്നുയരേണ്ട പ്രതിഷേധത്തെ മതാത്മകതയിലേക്ക് ചുരുക്കിയെടുക്കാനുള്ള ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചുള്ള കളിയാണ് കരിപ്പൂരില്‍ മൗദൂദി കുട്ടികള്‍ നടത്തിയത്. സിപിഐ എമ്മിനെ ഇസ്‌ലാമോഫോബിക് പാര്‍ട്ടിയായും മുസ്ലീം വിരുദ്ധരായുമൊക്കെ ആക്ഷേപിക്കുന്ന അപവാദ പ്രചരണങ്ങളാണ് മൗദൂദിസ്റ്റുകളും അവരോടൊപ്പം ചേര്‍ന്ന മുസ്ലീം ലീഗിലെയും കോണ്‍ഗ്രസിലെയും ഛിദ്രശക്തികളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും മനുഷ്യരുടെ മതാതീതമായ ഐക്യവും പണിയെടുക്കുന്നവരുടെ വര്‍ഗപരമായ ഏകോപനവും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവരായതുകൊണ്ടാണ് മതരാഷ്ട്രവാദികളായ ആര്‍.എസ്.എസുകാര്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കപ്പെടേണ്ടവരാകുന്നത്. (മൗദൂദിസ്റ്റുകളുടെ തീവ്രവാദ നിലപാടുകളോട് മുസ്ലീംലീഗ് നിലപാട് പറയണം, കെ.ടി കുഞ്ഞിക്കണ്ണന്‍, ഏപ്രില്‍ 21, 2025, ചിന്ത വാരിക).
ഹമാസിനും മുസ്ലീം ബ്രദർഹുഡിനും എന്തുകാര്യം? : ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഇവയാണ് (ശ്രീജിത്ത് പണിക്കർ, ഏപ്രിൽ 11 ). 1) വഖഫ് നിയമത്തിന് എതിരെ സോളിഡാരിറ്റി, എസ് ഐ ഒ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ സമരത്തിൽ മുസ്ലീം ബ്രദർ ഹുഡ്, ഹമാസ് നേതാക്കളുടെ ചിത്രമാണ് ഉപയോഗിച്ചത്. 2) നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യ സമരത്തിന് സംഘടനകൾ ഉണ്ടായിട്ടുണ്ട് നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ആൾക്കാർ ഒരിക്കലും സംഘടിതമായോ ഒറ്റക്കോ ചെറിയ കുട്ടികളെ ആക്രമിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടില്ല. യാതൊരു വിധത്തിലുള്ള മതസന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടില്ല. സ്വന്തം കൂട്ടരെ തന്നെ ബന്ദികളാക്കികൊണ്ട് അവർക്കു മേൽ വിലപേശൽ ഒരിക്കലും അവർ ആഗ്രഹിച്ചിരുന്നില്ല. നമ്മുടെ നാട്ടിലുള്ള ആൾക്കാരെ ഹ്യൂമൻ ഷീൽഡുകൾ ആയിട്ട് അവർ ഒരിക്കലും ഉപയോഗിച്ചിരുന്നുമില്ല. 3) ദേശീയ ഐക്യത്തെ അസ്ഥിരപ്പെടുത്തി സർക്കാരുകളെ അട്ടിമറിച്ച് പൊളിറ്റിക്കൽ ഇസ്ലാമിനെ വളർത്തുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ് മുസ്ലീം ബ്രദർഹുഡ് എന്ന് കണ്ടുകൊണ്ടാണ് പല മുസ്ലീം രാജ്യങ്ങളും ഈ സംഘടനയെ നിരോധിച്ചിരിക്കുന്നത്. 4) വിവിധ രാജ്യങ്ങളിൽ മുസ്ലീം സർക്കാരുകൾക്കെതിരെ നടന്നിരുന്ന ജിഹാദി ആക്രമണങ്ങളെ പോലും ന്യായീകരിച്ച വ്യക്തിയാണ് സയ്യദ് ഖുതൂബ്. 5) രാജ്യത്ത് ഒരു ജനകീയ പ്രതിഷേധം നടത്തുന്ന സമയത്ത് എന്തിനാണ് റാഡിക്കൽ ചിന്താഗതിയുള്ള തീവ്ര ഇസ്ലാമിക ചിന്താഗതി മാത്രം പ്രചരിപ്പിച്ചിരിക്കുന്ന ഇസ്‌ലാമിക ജിഹാദിനെ ന്യായീകരിച്ചിരിക്കുന്ന നേതാക്കന്മാരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. 6) ഐഎസ് നേതാവായിട്ടുള്ള അബു മൂസദ് അൽ സഖാവി ഉൾപ്പെടെ അൽഖ്വൈദയുടെ നേതാവായിട്ടുള്ള ഐമാൻ അൽ സവാഹരി ഉൾപ്പെടെയുള്ള പല ആൾക്കാർക്കും പ്രചോദനമായിട്ടുള്ളത് സയ്യദ് ഖുതുബിന്റെ ദർശനങ്ങളാണ്
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതികരണം
അറബ് ലോകത്തെ മുസ്ലീം ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ വഖഫ് ബിൽ വിരുദ്ധ പ്രതിഷേധ റാലിയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന-വിദ്യാർഥി വിഭാഗങ്ങൾ ഉയർത്തിപ്പിടിച്ച നടപടിയെക്കുറിച്ച് എ.ആർ (പ്രബോധനം വാരിക, പേജ് 20) എഴുതി. 1) തീർത്തും അനവസരത്തിലും അസ്ഥാനത്തുമുള്ള നടപടിയായിരുന്നു അതെന്ന് സംഘടനാ നേതൃത്വം യഥാസമയം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതും മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തതുമാണ്. 2) റാലികളിലോ സമ്മേളനങ്ങളിലോ ആരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുക പ്രസ്ഥാനത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രവുമല്ല. 3) എന്നാൽ, ഈ സംഭവത്തിന്മേൽ കയറിപ്പിടിച്ച് അറബ് ലോകത്തെ ഏറ്റവും ശക്തമായ ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലീം ബ്രദർഹുഡിനെ ഭീകരതയിലും സാമ്രാജ്യത്വ ദാസ്യത്തിലും മുക്കിയെടുക്കാൻ വൃഥാ ശ്രമം നടത്തിയിരിക്കുന്നു.
ഇസ്‌ലാമോഫോബിയയും പ്രതിഷേധങ്ങളും
മുസ്ലീം സംഘടനകൾ നടത്തുന്ന പരിപാടികൾ പൊതുശ്രദ്ധയിൽ വരുന്നത് സ്വാഭാവികമാണ്. പ്രതിഷേധ പരിപാടികളുടെ ഭാഷയും പ്രയോഗവും ചർച്ച ചെയ്യപ്പെടുന്നതും സംവാദത്തിന് വിധേയമാകാവുന്നതുമാണ്. മറുവശത്ത് സംഘടനകൾ തന്നെ അവരുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നുമുണ്ട്. ഒപ്പം ഭരണകൂട അതിക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിരോധന ആഹ്വാനങ്ങളും ഇതിൻ്റെ ഭാഗമായി വികസിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യപരമായ വിമർശനങ്ങളും വിദ്വേഷ പ്രചാരണങ്ങളും വസ്തുതാ വിരുദ്ധമായ ആരോപണങ്ങളും വേർതിരിക്കുന്നത് അത്യാവശ്യമാണ്.
13. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് അവഗണന
മലപ്പുറത്തെ പഞ്ചായത്തുകളില്‍ ശ്മശാനത്തിന് സ്ഥലമനുവദിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി. സംഘടനയുടെ മുഖ്യരക്ഷാധികാരി ശശികല ടീച്ചര്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് പഞ്ചായത്തിലെ തളി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി പള്ളി പണിയുന്നു, മലയാളം-കാലടി സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് സ്ഥലമനുവദിക്കാതെ അലിഗഢ് സര്‍വകലാശാലക്ക് 400 ഏക്കര്‍ അനുവദിച്ചു, കെ കേളപ്പന്റെ സ്മൃതികുടീരത്തിന് മുകളിലൂടെ തിരുനാവായ – തവനൂര്‍ പാലം നിർമ്മിക്കാനൊരുങ്ങുന്നു, തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയവയാണ് മലപ്പുറത്തെക്കുറിച്ചുള്ള മറ്റ് ആക്ഷേപങ്ങള്‍ (ഏപ്രില്‍ 8, ജന്മഭൂമി).
14. നോമ്പ് മാസത്തെ ഭക്ഷണനിഷേധവും ഉച്ചക്കഞ്ഞിയും
നോമ്പ് കാലത്ത് മലപ്പുറം ജില്ലയില്‍ ഭക്ഷണം ലഭിക്കാറില്ലെന്ന ചര്‍ച്ച ഒരു പുതിയ കാര്യമല്ല. ഇത്തവണയും ഈ ചര്‍ച്ച ഉയര്‍ന്നുവന്നു. സാധാരണ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഈ ചര്‍ച്ച വരാറുള്ളതെങ്കിലും ഇത്തവണ അതിന്റെ ചുക്കാന്‍ പിടിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. ‘വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയില്‍ ഒരു തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി:
ശബരിമലക്കാലത്ത് പച്ചക്കറി മാത്രമേ വില്‍ക്കാവൂ എന്ന് ഞങ്ങള്‍ പറയാറില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഒരു മാസം ഒരു തുള്ളി വെള്ളം ലഭിക്കില്ല. അത് ഫാസിസമാണ്. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. കട നിര്‍ബന്ധിച്ച് അടപ്പിക്കുന്നു. പുരോഗമനപാര്‍ട്ടികള്‍ പോലും ഇതിനെ എതിര്‍ക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇവിടെ അതൊരു ചര്‍ച്ചാവിഷയമാകുന്നില്ല. വാക്‌സിനേഷനെതിരായ ബോധപൂര്‍വമായ കാമ്പയിന്‍. ഒരു വീട്ടില്‍ ഒരു സ്ത്രീ അഞ്ച് പ്രസവം വീട്ടില്‍ നടത്തി. ആദ്യം വിചാരിച്ചത് അവരുടെ അറിവില്ലായ്മയാണെന്നാണ്. പക്ഷേ അങ്ങനെയല്ല, അതിന്റെ പിന്നിലൊക്കെ വലിയ ആള്‍ക്കാരുണ്ട്. ആശുപത്രിയില്‍ ചികിത്സക്ക് പോകരുത്. വാക്‌സിനേഷന്‍ പാടില്ല. ഇതൊക്കെ കാണിക്കുന്നത് എങ്ങോട്ടാണ്? ഒരുതരത്തില്‍ റാഡിക്കല്‍ എലമെന്റ്‌സ് അല്ലെങ്കില്‍ അത്തരം നിഗൂഢ ശക്തികള്‍ ഈ രീതിയില്‍ വലിയ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്. പല സ്‌കൂളുകളിലും ഉച്ചക്കഞ്ഞി മുടങ്ങി. രക്ഷകര്‍തൃസമിതി കൂടിയാണ് തീരുമാനമെടുത്തത്. അത് ചോദ്യം ചെയ്യാന്‍ ന്യൂനപക്ഷമായ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല. തികഞ്ഞ വര്‍ഗീയ ചിന്താഗതിയാണ് മുസ്ലീം ലീഗിനുള്ളത്. മലപ്പുറത്ത് തികഞ്ഞ ഫാഷിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും ലീഗിനുള്ളത്. ലീഗ് നേതാക്കള്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ല. തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിര്‍ത്തവരാണ്. ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉള്‍പ്പെടെ പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറാകണം (ഏപ്രില്‍ 8, മീഡിയാ വണ്‍).
നോമ്പ് കാലത്ത് വെള്ളം കിട്ടാത്തവരുടെ പട്ടിക പുറത്തുവിടാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്, സുരേന്ദ്രനെ വെല്ലുവിളിച്ചു. കച്ചവടമില്ലാതായാല്‍ ഹോട്ടല്‍ അടച്ചിടുന്നത് സ്വാഭാവികമാണെന്നും ഇതിനെ വെറുപ്പുല്‍പ്പാദിപ്പിക്കുന്നതിനുള്ള അവസരമായി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ഏപ്രില്‍ 9, സുപ്രഭാതം).


15. വിദ്വേഷപ്രചാരകന് മുന്‍കൂര്‍ ജാമ്യം
യുട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ തെഹല്‍ക മാഗസിന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യു സാമുവലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാത്യു സാമുവല്‍ ഒഫീഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെ ഈരാറ്റുപേട്ടയെ ‘മിനി താലിബാന്‍’ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ‘ഇസ്ലാമിക ഭീകരത’യെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരേ വിവിധ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹർജിക്കാരന്റെ പ്രവര്‍ത്തനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കുമെങ്കില്‍ തടവ് ഒഴിവാക്കുമെന്നും കോടതി വിലയിരുത്തി (ഏപ്രില്‍ 8, മാധ്യമം).
16. ജനസംഖ്യാഭീതി
‘ജനനനിരക്കില്‍ വന്‍ ഇടിവ്’ എന്ന പേരില്‍ ദീപിക ദിനപത്രം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനസംഖ്യ കുറയുന്നതും മുസ്ലീങ്ങളുടെ ജനസംഖ്യയിലെ വളര്‍ച്ചയും അത് കേരള സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ഭീതിയുമാണ് ലേഖനത്തില്‍ നിഴലിക്കുന്നത്.
ലേഖനത്തിലെ പ്രധാന വാദങ്ങള്‍ ഇതാണ്: മൊത്തം ജനസംഖ്യ കുറഞ്ഞുവരുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും കേരളത്തിലും ജനസംഖ്യ കുറയുന്നത്. എന്നാല്‍ ഈ ജനസംഖ്യാ ഇടിവിന്റെ ആഘാതം കൂടുതല്‍ അനുഭവപ്പെടുന്നത് ക്രൈസ്തവര്‍ക്കാണ്. ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനസംഖ്യ കുറയുന്നതുകൊണ്ട് അത് മതസമുദായ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ഭാവിയില്‍ ക്രൈസ്തവ-ഹൈന്ദവ വിഭാഗങ്ങളുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. ജനസംഖ്യയിലെ ഇടിവ് ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് തള്ളരുത്. കാരണം അത് കേരള സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നു. മതസമുദായ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കണം (സമവാക്യങ്ങള്‍ മാറുന്നു, ക്രൈസ്തവര്‍ കണ്ണുതുറക്കുക, ജനനനിരക്കില്‍ വന്‍ ഇടിവ്, അഡ്വ. വി സി സെബാസ്റ്റിയന്‍, ഏപ്രില്‍ 9, ദീപിക).
17. മുസ്ലീം വിരുദ്ധ ടാബ്ലോ
കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവ ഘോഷയാത്രയില്‍ എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് അവതരിപ്പിച്ച ടാബ്ലോ മുസ്ലീം വിരുദ്ധ സൂചനകള്‍ക്കൊണ്ട് വിവാദമായി. ബാല വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്ലീം വിരുദ്ധമായി അവതരിപ്പിച്ചത്. യുവജനക്ഷേമ ബോര്‍ഡ് ആണ് പരിപാടി സംഘടിച്ചത്. തൊപ്പിയിട്ട ഒരു മുസ്ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. ബോര്‍ഡ് പഞ്ചായത്തിനോട് വിശദീകരണം തേടി (ഏപ്രില്‍ 10, മീഡിയാ വണ്‍).
ഇത്തരത്തിലൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പൊലീസില്‍ പരാതി നല്‍കി. യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ കോതമംഗലം ടൗണില്‍ പ്രതിഷേധ പരിപാടികളും നടന്നു (ഏപ്രില്‍ 10, മീഡിയാ വണ്‍).
‘ആ ടാബ്ലോയില്‍ പ്രശ്നമില്ലെന്നും അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ലെന്നും സദുദ്ദേശ്യത്തോടെ ചെയ്തതാണെന്നും ടാബ്ലോ നിര്‍മിച്ച നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് പറഞ്ഞു (ഏപ്രില്‍ 10, മീഡിയാ വണ്‍). പിന്നീട് പഞ്ചായത്ത് മുന്‍കയ്യെടുത്ത് ടാബ്ലോ പിന്‍വലിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സിപിഎമ്മാണ് നെല്ലിക്കുഴി പഞ്ചായത്ത് ഭരിക്കുന്നത് (ഏപ്രില്‍ 10, മീഡിയാ വണ്‍).
18. ‘മ’ എന്ന അക്ഷരത്തിന് വിലക്ക്
ഇസ്‌ലാമോഫോബിയ വിമര്‍ശനങ്ങളെ തടയുന്നതിനുള്ള മറയാണെന്ന വിമര്‍ശനം പൊതുവെ ഉള്ളതാണ്. ഏപ്രില്‍ തുടക്കത്തില്‍ മലപ്പുറം പരാമര്‍ശത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായ വെള്ളാപ്പള്ളി നടേശനും ഈ രീതി പരീക്ഷിച്ചു. ‘മ’ എന്ന് പറയാന്‍ പറ്റാത്ത കാലമാണെന്നും അങ്ങനെ പറഞ്ഞാല്‍ മലപ്പുറമായി മുസ്ലീം ലീഗായി എന്നും അദ്ദേഹം വിമര്‍ശകരെ കുറ്റപ്പെടുത്തി: ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എസ്എന്‍ഡിപിയെ തകര്‍ക്കാനോ പിളര്‍ത്താനോ കഴിയില്ല. നായര്‍ ഈഴവ ഐക്യമല്ല, നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വര്‍ത്തമാന കാലത്ത് വേണ്ടത്. എനിക്ക് ‘മ’ എന്ന് പറയാന്‍ പറ്റില്ല. ‘മ’ എന്ന് പറഞ്ഞാല്‍ മലപ്പുറമായി മുസ്ലീമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി. മതവിദ്വേഷം പരത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെങ്കിലും വെറുതേ വിടാന്‍ മുസ്ലീം ലീഗ് തയ്യാറാകുന്നില്ല. മുസ്ലീം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നില്‍ക്കാത്തത് കൊണ്ടാണ്. മുസ്ലീം ലീഗ് തന്നെ അറവുശാലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നു. അവര്‍ അവരുടെ സമ്പന്നന്‍മാര്‍ക്കെല്ലാം പങ്കിട്ട് നല്‍കി. ഒന്നും തരാത്തത് തുറന്നു പറഞ്ഞാല്‍ അതിനെ മതവിദ്വേഷമെന്ന് പറയാനാവില്ല. ഇപ്പോള്‍ മുസ്ലീം വിരോധിയാക്കി ചോരകുടിക്കുന്നു. സാമൂഹിക നീതി ഞങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. ലീഗിന് എസ്എന്‍ഡിപിയെ അവരുടെ കാല്‍ക്കല്‍ കെട്ടണമെന്നാണ് മോഹം. കിട്ടാതെ വന്നപ്പോള്‍ സമുദായത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും നോക്കുന്നു. വെള്ളാപ്പള്ളി വിമര്‍ശിച്ചു (ഏപ്രില്‍ 11, ഏഷ്യാനെറ്റ്).
19. അര്‍ധരാത്രിയിലെ ‘പൊലീസ് ചെക്കിങ്’
ഏപ്രില്‍ 12 വൈകീട്ട് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ വീട്ടിലേക്ക് രണ്ട് പൊലീസുകാര്‍ വന്നു. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്തുനിന്നും. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്ന് ചോദിച്ചെങ്കിലും രാത്രിയില്‍ വരുമെന്ന് മാത്രം പറഞ്ഞു. വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമാണ് സിദ്ദിഖിന്റെ വീട്ടിലേക്കുള്ള ദൂരം. സാധാരണ വീടറിയാമെങ്കിലും വഴിനീളെ അന്വേഷിച്ചാണ് പൊലീസുകാര്‍ വരിക പതിവ്. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സിദ്ദിഖ് പറയുന്നു. ഹാഥ്രസ് കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത കാപ്പന് സുപ്രീം കോടതിയും ലഖ്നൗ കോടതിയും ജാമ്യം അനുവദിച്ചിരുന്നു. കാപ്പനെ പോപുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടിയാണ് പൊലീസ് പ്രചാരണം നടത്തിയിരുന്നത്. (ഏപ്രില്‍ 13, 24 ന്യൂസ്).
20. ജസ്‌നാ സലീമിനെതിരേ പൊലീസ് കേസ്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ച കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീമിനെതിരെ കേസെടുത്തു. ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം കാണിക്ക വഞ്ചിയും കൃഷ്ണ വിഗ്രഹവുമുണ്ട്. ഈ വിഗ്രഹത്തില്‍ മാല ചാര്‍ത്തി അതിന്റെ വീഡിയോ എടുത്ത് ജസ്‌ന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തല്‍സമയം തന്നെ ഇത് ചിലര്‍ ചോദ്യം ചെയ്തതോടെ ക്ഷേത്ര പരിസരത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത് (ഏപ്രില്‍ 12, മറുനാടന്‍ മലയാളി).
കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്ലീം യുവതി എന്ന നിലയില്‍ ശ്രദ്ധ നേടിയ ജസ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കൃഷ്ണ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. കൃഷ്ണവിഗ്രഹങ്ങള്‍ വരച്ചതുകൊണ്ട് തനിക്ക് ഇസ്ലാമിക മതമൗലികവാദികളില്‍നിന്ന് ഭീഷണിയുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നെങ്കിലും അത് തെളിയിക്കപ്പെട്ടില്ല.
ആദ്യം ഹിന്ദുത്വ സംഘടനകള്‍ പിന്തുണച്ച ജസ്‌നയെ പിന്നീട് അവരില്‍ത്തന്നെ മറ്റൊരു വിഭാഗം തള്ളുകയും ‘ഹണി ട്രാപ്പുകാരി’യാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതാണ് തന്നെ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാന്‍ കാരണമായതെന്ന് അവര്‍ ആ സമയത്തുതന്നെ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തി.
21. ലൗ ജിഹാദ്
ഏപ്രില്‍ 13ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഞായറാഴ്ചപ്പതിപ്പില്‍ ജാക്കോബൈറ്റ് ചര്‍ച്ചിന്റെ മേധാവി ജോസഫ് മാര്‍ ഗ്രിഗോറിയസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു ചോദ്യം ലൗ ജിഹാദിനെക്കുറിച്ചായിരുന്നു. താന്‍ ഈ പദം കാര്യമായി എടുക്കാറില്ലെന്നും അത് അനാവശ്യഭീതി പടര്‍ത്തുന്നുവെന്നും പറഞ്ഞ അദ്ദേഹം പക്ഷേ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. ക്രൈസ്തവര്‍ എളുപ്പത്തില്‍ തകര്‍ക്കാവുന്ന ഇരകളാണെന്നും കുടിയേറ്റം തുടങ്ങി പല കാരണങ്ങളാലും ആഗോളതലത്തില്‍ ആക്രമണം നേരിടുന്നുണ്ടെന്നും അത് ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചായിരുന്നു സൂചന.
22. വഖഫ് സമരം അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം
വഖഫ് നിയമഭേദഗതിക്കെതിരേ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ബീച്ചില്‍ ഏപ്രില്‍ 12ന് നടത്തിയ പ്രതിഷേധ സംഗമത്തെക്കുറിച്ച് അന്വേഷിച്ചത് രഹസ്യാന്വേഷണ വിഭാഗം. സോളിഡാരിറ്റി, എസ്‌ഐഒ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ എയര്‍പോര്‍ട്ട് ഉപരോധസമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട നേതാക്കള്‍ക്ക് സ്വീകരണം കൊടുത്തതാണ് അടിയന്തര പ്രകോപനത്തിന് കാരണമെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. ജിഐഒയുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ വിശദമായി അന്വേഷിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് (ഏപ്രില്‍ 14, മാതൃഭൂമി). സമരം ചെയ്യുന്ന ഇതര വിഭാഗങ്ങളോടുള്ള സമീപനമായിരുന്നില്ല ജിഐഒയോട് എടുത്തത്.
23. ഹിന്ദുത്വരുടെ വ്യാജപ്രചാരണം
ബംഗാളിലെ വഖഫ് പ്രതിഷേധത്തിന്റേതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ ഒരു വ്യാജ വീഡിയോ പങ്കുവച്ചു. ബംഗ്ലാദേശിലെ അക്രമത്തിന്റെ വീഡിയോയാണ്, അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയിലും നിന്ന് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നുവെന്ന കാപ്ഷനോടുകൂടി ഷെയര്‍ ചെയ്തത്.


ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയിലും നിന്ന് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു – ഇതായിരുന്നു ശീര്‍ഷകം. ബംഗ്ലാദേശിലെ രണ്ട് മുസ്ലീം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് തെറ്റായി ഉപയോഗിച്ചത്. ആള്‍ട്ട് ന്യൂസ്, ഫാക്റ്റ് ക്രസെന്‍ഡോ തുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകളാണ് വസ്തുത പുറത്തുകൊണ്ടുവന്നത്. വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ വിഡിയോയാണെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം ചിത്രം വാളില്‍ കിടന്നു (ഏപ്രില്‍ 15, മീഡിയാ വണ്‍).
24. റഷ്യ: കാട്ടറബിയും സുഡാപ്പിയും
കേരളത്തിൽ നിന്നും പഠനത്തിന് പോയ നാലോളം മുസ്ലീം വിദ്യാർത്ഥികളെ റഷ്യ പുറത്താക്കിയെന്ന വാർത്തയുമായി ഏപ്രിൽ 15ന് മാത്യു സാമുവൽ പ്രത്യക്ഷപ്പെട്ടു (മാത്യു സാമുവൽ ഒഫീഷ്യൽ. ഏപ്രിൽ 15 ). സാമൂഹ്യ മാധ്യമങ്ങളിൽ ‘ഹമാസ് അനുകൂല പോസ്റ്റ്’ ഇട്ടതിന്റെ പേരിൽ കേരളത്തിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ വിദ്യാർത്ഥികളെ റഷ്യ തിരികെ കയറ്റി വിട്ടുവെന്നാണ് ‘വാർത്ത’.


അതേക്കുറിച്ചുള്ള ചില പ്രസ്താവനകൾ: 1) റഷ്യയെ പോലെ തന്നെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ പല മുസ്ലീം രാജ്യങ്ങളും ഇന്ന് ഇസ്ലാമിനെ കൈവെടിയുകയാണ്. കാട്ടറബിയെ പോലെ ഈ രാജ്യങ്ങൾക്ക് തീവ്രതയില്ല – ഇതാണ് ആദ്യ ആരോപണം. അറബികളെ ‘കാട്ടറബികൾ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നു. 2) മതം, പൈതൃകം, എത്നിസിറ്റി ഇവയെക്കുറിച്ചുള്ള സമീപനമാണ് അടുത്ത ഘട്ടം: രാജ്യത്തിന്റെ പൈതൃകവും എത്നിസിറ്റിയും നശിപ്പിക്കാൻ കാടത്ത സ്വഭാവമുള്ള മതതീവ്രത ശ്രമിക്കുന്നു. 3) പിന്നീട് കേരളത്തിലേക്കു വരുന്നു: “കേരളത്തിലുള്ള സുഡാപ്പികൾക്കും മതതീവ്രവാദികൾക്കും ഇതിനെപ്പറ്റി ഒന്നുമറിയില്ല. സുഡാപ്പികൾക്ക് അതിഭയങ്കരമായ മതതീവ്രതയാണ്. ഒരു സുഡാപ്പിയും രക്ഷപ്പെടുകയില്ല. എവിടെയെങ്കിലും പോയി അവസാനം വെടികൊണ്ട് ചാവും. ഹൂറികളുടെ അടുത്തുപോകുമെന്നാണ് വിശ്വാസം. കുട്ടികളെ പൂർണമായിട്ടും പറഞ്ഞ് മതതീവ്രതയിൽ നിന്ന് ഡീലിങ്ക് ചെയ്ത ശേഷം മാത്രമേ വിദേശത്ത് വിടാവൂ. പഠിക്കാൻ വിടുംമുമ്പ് കുട്ടികളുടെ മത തീവ്രത ഇല്ലാതാക്കണം.”
തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.