Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ജൂലൈ (1-30) റിപ്പോർട്ട്.
64 സംഭവങ്ങളാണ് ജൂലൈ മാസം മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ ആവർത്തിക്കപ്പെട്ട ഭാഷയും രൂപകങ്ങളും വ്യത്യസ്തമായ വിഷയങ്ങളിലും കടന്നുവരുന്നു. വിശകലനങ്ങളും വിലയിരുത്തലുകളും എന്നതിനേക്കാൾ രേഖാശേഖരം എന്ന സമീപനമാണ് ഈ റിപ്പോർട്ടിൽ സ്വീകരിച്ചിരിക്കുന്നത്.
മുസ്ലീങ്ങളെക്കുറിച്ചുള്ള ആകുലതകൾ നിക്ഷേപിക്കുന്ന ഒരു ഇടമായി ഓരോ സംഭവങ്ങളും പ്രവർത്തിക്കുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ ഓരോ സംഭവവും ഓരോ വിവാദമായി മാറുന്നു. ഇസ്‌ലാമുമായും മുസ്ലീങ്ങളുമായും ബന്ധപ്പെട്ട പൊതുചർച്ചകൾ സ്വാഭാവിക ആശയവിനിമയത്തിന്റെ ഭാഗമായിത്തന്നെ നിലനിൽക്കാതെ, നിരന്തരം ഒരു വിവാദരൂപം സ്വീകരിക്കുന്നു. വിവാദങ്ങൾ സ്വാഭാവികമായ ആശയപ്രവാഹത്തെ വിച്ഛേദിക്കുന്ന പിളർപ്പുകളായും വിടവുകളായും പൊതു ചർച്ചകളിൽ കടന്നുവരുന്നു. യഥാർത്ഥത്തിൽ, ഈ വിവാദങ്ങൾ ഇസ്‌ലാമിനെയോ മുസ്ലീങ്ങളെയോ കുറിച്ചുള്ള പുതിയ അറിവുകൾ ഉൽപ്പാദിപ്പിക്കുന്നതിലുപരി, സമൂഹത്തിൽ ഇതിനകം ഉറച്ചിരിക്കുന്ന വാർപ്പുമാതൃകകളുടെയും ശീലങ്ങളുടെയും ആവർത്തനമായി പ്രവർത്തിക്കുന്നു. വ്യത്യസ്ത സംഭവങ്ങളിൽ പോലും ഒരേ വാർപ്പുമാതൃകകൾ നിരന്തരം ആവർത്തിക്കുന്നതിൻ്റെ കാരണവുമതായിരിക്കാം.
1. ജൂലൈ 1
ജൂൺ അവസാന വാരത്തിലാണ് സൂംബ വിവാദത്തിന് കാരണമായ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ വന്നതെങ്കിലും ജൂലൈ ആദ്യ ആഴ്ചയോടെയാണ് ഇത് വലിയ വിവാദമായി പടർന്നുപിടിക്കുന്നത്. ജൂൺ 20ന് തുടങ്ങിയ വിവാദത്തിന്റെ നാൾവഴികളാണ് ആദ്യം നൽകുന്നത്:
സൂംബ വിവാദം
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് സംസ്ഥാന തലത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൂംബയും ലഘുവ്യായാമങ്ങളും അടങ്ങുന്ന കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തുവാൻ കേരള വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ജൂൺ 20ന് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു. ഉത്തരവിൽ പറയുന്നത് ഇതാണ്: ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് സംസ്ഥാനതലത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൂംബ, ലഘു വ്യായാമങ്ങൾ ഉൾപ്പെടുന്ന കായിക ഇനങ്ങളിൽ പരിശീലനം നൽകാൻ തീരുമാനിച്ചു. അതിനാവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകും. അധ്യാപകർ അത് കുട്ടികൾക്ക് പകർന്നു നൽകണം. പിന്നീട് ലഹരിവിരുദ്ധ ദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം. പരിശീലനത്തിന് വീഡിയോയും ഉപയോഗപ്പെടുത്താം. പരിപാടി നടക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പുവരുത്തണം (സ്‌പോർട്‌സ്, 2/7785/2025/ഡിജിഇ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം, തിയ്യതി 20.06.2025)
സൂംബ ഡാൻസ് പ്രഹസനം
ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തി. മുസ്ലീം സംഘടനകളും പ്രവർത്തകരുമാണ് പ്രധാനമായും വിസമ്മതമറിയിച്ചത്. അധ്യാപകൻ കൂടിയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ഫേസ്ബുക്കിൽ ഇതിനെതിരേ ശക്തമായി പ്രതികരിച്ചു (ജൂൺ 26, ഫേസ്ബുക്ക്/ ടി.കെ അഷ്‌റഫ്). വിട്ടുനിൽക്കുന്നു, ഏത് നടപടിയും നേരിടാൻ തയ്യാറാണ് എന്ന ശീർഷകത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. ലഹരിക്കെതിരെ നിർബന്ധമായി സ്‌കൂളിൽ സൂംബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് താൻ വിട്ട് നിൽക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ ഡിപ്പാർട്ട്‌മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.


പുതിയ അധ്യയനവർഷം മുതൽ സൂംബ ഡാൻസ് ചെയ്യണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായ വാർത്ത പുറത്തുവന്ന സമയത്തുതന്നെ അദ്ദേഹം തന്റെ എതിർപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സൂംബാ ഡാൻസ് സ്‌കൂളിലെത്തുമ്പോൾ..?’ എന്ന ശീർഷകത്തിലുള്ള കുറിപ്പിലെ വാദങ്ങൾ ഇതാണ്:
ലഹരി ഒരു പ്രശ്‌നമാണെന്നത് ശരിയാണ്. പക്ഷേ, അതില്ലാതെയാക്കാൻ സൂംബാ ഡാൻസ് കൊണ്ടുവരുന്നത് ശരിയല്ല. ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങളെയാണ് പരിശോധിക്കേണ്ടത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സകല സീമകളും ലംഘിച്ച് ഡിജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്‌കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. താമരശ്ശേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ മരണവും, കുസാറ്റ് കൊച്ചിൻ ക്യാമ്പസിൽ ഉണ്ടായ നിശാ പാർട്ടിയിലെ അപകടവും കാതടപ്പിക്കുന്ന മ്യൂസിക്കിന്റെ ആരവത്തിൽ നിറഞ്ഞാടാൻ മുൻകാലത്തെ അപേക്ഷിച്ച് പുതുതലമുറ അനവധി അവസരങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതിനെയാണ് വ്യക്തമാക്കുന്നത്. കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളുടെ കാരണം ഉല്ലാസങ്ങളുടെ കുറവല്ല, മറിച്ച് ഇത്തരം തെറ്റായ, ക്രിയാത്മകമല്ലാത്ത, നൈമിഷികമായ സന്തോഷം മാത്രം നൽകുന്ന കാര്യങ്ങളിലുണ്ടാവുന്ന അഡിക്ഷൻ തന്നെയാണ്. അതോടൊപ്പം വ്യക്തി ബന്ധങ്ങളിലും സംസാരങ്ങളിലുമുണ്ടായിട്ടുള്ള വിടവും ഇതിന് കാരണമാവുന്നു. ഇതിനെ അഡ്രസ്സ് ചെയ്യാൻ, ലോകത്ത് ഇത് വരെ ഒരു രാജ്യവും ഒരു മേഖലയിലും പ്രായോഗികമായി നടത്തിയിട്ടില്ലാത്ത ഒരു രീതി കൊണ്ടുവരുന്നത് പ്രഹസനമാണ്.
1990 നൊടുവിലാണ് സൂംബാ ഡാൻസ് എന്ന ഒരു രീതി വരുന്നതും 2001ൽ ഇത് വ്യാപകമാവുന്നതും. ഇതിനുശേഷമാണ് ലോകത്ത് രാസലഹരിയും വ്യാപകമായതെന്ന കാര്യവും നാം ചേർത്ത് ചിന്തിക്കണം. വിദ്യാലയങ്ങളിലും മറ്റും ശാന്തമായി നടന്നിരുന്ന പല ആഘോഷ പരിപാടികളും ആൺ-പെൺ കൂടിക്കലരലുകളും, പരിസരം മറന്ന് തിമിർത്താടാനുള്ള ഇടങ്ങളുമായി മാറുന്ന അവസ്ഥയുണ്ട്. ഡിസിപ്ലിൻ ഇപ്പോൾതന്നെ സ്‌കൂളുകളിൽ ഒരു വലിയ പ്രശ്‌നമാണ്. ഡാൻസ് കൂടി വരുന്നതോടെ അത് കൂടുതൽ അപകടത്തിലേക്ക് പോകും. ഡാൻസ് ചെയ്യാൻ അവസരം കാത്തിരിക്കുന്ന ന്യൂജനറേഷൻ അധ്യാപകരിൽ ഒരു വിഭാഗം ഗവൺമെന്റിന്റെ ഈ നിർദ്ദേശത്തെ ആവേശപൂർവ്വം സ്വീകരിച്ചേക്കാമെങ്കിലും, തന്റെ മേനിയഴകും കായികാഭ്യാസവും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം അധ്യാപകരും അതുപോലെയുള്ള വീട്ടിൽ നിന്ന് വരുന്ന കുട്ടികളും ഇതിന്റെ പേരിലായിരിക്കും ഇനി മാനസിക സംഘർഷത്തിലേക്ക് തള്ളിവിടപ്പെടുക (ഏപ്രിൽ 29, ഫേസ്ബുക്ക്/ ടി.കെ അഷ്‌റഫ്)
യോജിക്കാൻ കഴിയാത്ത ആളുകളിൽ പോലും സൂംബ അടിച്ചേൽപ്പിക്കുകയാണെന്ന് ടി.കെ അഷ്‌റഫ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പിന്നീട് അഭിപ്രായപ്പെട്ടു. വിയോജിക്കുന്നവരെ സൂംബയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: “യോജിക്കാൻ കഴിയാത്ത ആളുകളിൽ പോലും സൂംബ അടിച്ചേൽപ്പിക്കുകയാണ്. കുട്ടികളെ സംസ്‌കാര സമ്പന്നരായി വളർത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാൻസ് പഠിക്കാൻ കുട്ടികൾക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കൾച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളിൽ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്ന് അൽപവസ്ത്രം ധരിച്ച് ഡാൻസ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാൻസും വെച്ച് അൽപ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളർത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം.കുട്ടികൾ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാൽ ഡിജെ പാർട്ടിയിലേക്കും ലഹരിപ്പാർട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കൾച്ചറിനോടും താൽപര്യമില്ല.”(‘കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെ’; സ്‌കൂളിൽ സൂംബ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി, ജൂൺ 27, റിപ്പോർട്ടർ ടിവി)
മതാവഹേളനങ്ങളും മതനിഷേധ മാർഗങ്ങളും ശരിയല്ല
സുന്നി പണ്ഡിതൻ ഡോ. ബദറുദ്ദീൻ മുഹമ്മദ് നദ്വിയും ഇതിനോട് പ്രതികരിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമണോത്സുകത, അധാർമിക ചിന്തകൾ എന്നിവയെ ഇല്ലാതാക്കാൻ ഇത്തരം ഡാൻസുകൾ വഴി സാധിക്കുമെന്ന കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹം സർക്കാരിനെ ഓർമിപ്പിച്ചു. മതചിന്തകളെയും ധാർമിക മൂല്യങ്ങളെയും അഗണ്യമാക്കി, സമൂഹത്തിൽ മതാവഹേളനങ്ങളും മതനിഷേധ മാർഗങ്ങളും സന്നിവേശിപ്പിക്കാനുള്ള ഗൂഢനീക്കങ്ങളാണ് കമ്യൂണിസ്റ്റ് സർക്കാരിന്റെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനസികോല്ലാസങ്ങളുടെ കുറവാണ് ലഹരിയിലേക്ക് നയിക്കുന്നതെന്ന അഭിപ്രായത്തെ അദ്ദേഹം ചോദ്യം ചെയ്തു. പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും വിദ്യാർഥി-അധ്യാപക സൗഹൃദം ഗാഢമാക്കിയും സാഹിത്യ-സർഗാത്മക ചർച്ചകൾ സജീവമാക്കിയും വിദ്യാലയങ്ങൾ സമ്പന്നമാക്കുന്നതിനു വേണ്ട പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യേണ്ടതെന്നാണ് അദ്ദേഹം നൽകിയ ഉപദേശം (ജൂൺ 27, ഫേസ്ബുക്ക്/ ഡോ. ബദറുദ്ദീൻ മുഹമ്മദ് നദ്വി)
അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ
അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നായിരുന്നു സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ വിമർശനം. വലിയ കുട്ടികൾ പോലും അങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു: ‘നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിർബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമ്മികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്'(വിദ്യാർത്ഥികളെ ആഭാസത്തിന് നിർബന്ധിക്കരുത്. (സൂംബാ ഡാൻസിനെതിരെ നാസർ ഫൈസി കൂടത്തായി, ജൂൺ 27, റിപ്പോർട്ടർ ടിവി).


താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം
സൂംബ ഡാൻസ് വിവാദത്തിൽ ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫിന്റെ നിലപാടുകൾക്കെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി.പി സുഹറ രംഗത്തെത്തി. താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ടി.കെ അഷ്‌റഫിന്റെതെന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാൻ കഴിയുമെന്നും വി.പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കൾ ഇതിനെതിരെ പ്രതികരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു: “ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന ജീവിതത്തെ എതിർക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. എല്ലാ സമുദായങ്ങളിലേക്കും ഇത് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ സദാചാര ആത്മഹത്യയും ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റ വിവാദങ്ങളുമെല്ലാം ഒരേ തൂവൽപക്ഷികളാണ്. ഇതൊന്നും മതത്തിന്റെ ഭാഗമല്ല, അന്ധവിശ്വാസമാണ്. ചെറുപ്പകാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിച്ച് വളർന്നതല്ലേ. അന്നൊക്കെ എന്ത് സംഭവിച്ചു? സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജീവിക്കുന്നത് കൊണ്ടല്ല. സ്ത്രീകൾ ബഹിരാകാശത്ത് വരെ പോകുന്ന കാലത്താണ് ഇവർ ആണും പെണ്ണും ഒരുമിച്ചിരിക്കാൻ പാടില്ല, ഡാൻസ് പാടില്ല എന്നൊക്കെ പറയുന്നത്. സൗദി പോലുളള രാജ്യങ്ങളിൽ പോലും പുരോഗതിയുണ്ടായി. ഇതൊക്കെ ഇവർ കാണുന്നില്ലേ.” സുഹറ ചോദിച്ചു. (‘താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം, ഏത് കാലത്താണ് ഇവർ ജീവിക്കുന്നത്?’ സൂംബ വിവാദത്തിൽ വി.പി സുഹറ, ജൂൺ 27, റിപ്പോർട്ടർ ടിവി).


ഭൂരിപക്ഷവർഗീയത, വർഗീയതക്ക് വളംവയ്ക്കൽ: മന്ത്രിയുടെ ഇടപെടലുകൾ
വിവാദം കത്തിപ്പടർന്നതോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്‌കൂളിൽ സൂംബ പരിശീലിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കാസർകോട് ജില്ലയിലെ തൻബീഹുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നുള്ള സൂംബ പരിശീലനത്തിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. കുഞ്ഞുങ്ങൾ കളിച്ച് ചിരിച്ച് രസിച്ച് ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെയെന്ന അടിക്കുറിപ്പും കൂടെ ചേർത്തു. (‘കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെ’; സ്‌കൂളിൽ സൂംബ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി, ജൂൺ 27, റിപ്പോർട്ടർ ടിവി)
അടുത്ത ദിവസങ്ങളിൽ അദ്ദേഹം തന്റെ നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി. ആർ.ടി.എ പ്രകാരം സർക്കാർ നിർദ്ദേശിക്കുന്ന പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്നും കുട്ടികളോട് അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി: “ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കം പല വസ്ത്രധാരണത്തിനെതിരേ പ്രതിഷേധങ്ങളും അടിച്ചമർത്തലും ഉണ്ടായപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്‌ക്കാരിക നിലപാടാണ് എടുത്തിട്ടുള്ളത്. ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സംസ്ഥാനത്തിൽ ഇത്തരം നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂ. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസീറ്റീവ് ചിന്തയും വളർത്താൻ സഹായിക്കും(സൂംബ ലഘുവ്യായാമം; കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷം വളർത്തും.” – വി ശിവൻകുട്ടി, (ജൂലൈ 28, മാതൃഭൂമി).
സൂംബക്കെതിരേ ഉയർന്ന എതിർപ്പുകൾ ലഹരിയേക്കാൾ മാരകമായ വിഷം കലർത്തുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു(എതിർപ്പുകൾ വർഗീയതക്ക് വളംവെക്കും; 90 ശതമാനം സ്‌കൂളുകളിലും സൂംബ നടക്കുന്നു – വിദ്യാഭ്യാസമന്ത്രി (ജൂൺ 28, മാധ്യമം). സൂംബ : എതിർപ്പ് ലഹരിയേക്കാൾ മാരകം: മന്ത്രി വി ശിവൻകുട്ടി (ജൂൺ 29, ദേശാഭിമാനി).


സ്‌കൂളുകളിൽ അക്കാദമിക്, അക്കാദമിക് ഇതര കാര്യങ്ങളിൽ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംശയം ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്. ബോധപൂർവം വർഗീയ നിറം നൽകി മതനിരപേക്ഷതയ്ക്ക് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല (സൂംബ പരിശീലനത്തിൽ അനാവശ്യ വിവാദം: സ്‌കൂളിലെ കാര്യം സർക്കാർ തീരുമാനിക്കും, ജൂൺ 30, ദേശാഭിമാനി).
അധ്യാപകരുടെ അഭിപ്രായം കേൾക്കണമായിരുന്നു
സൂംബ ഡാൻസ് നടപ്പാക്കും മുമ്പ് അധ്യാപകരുടെ അഭിപ്രായം കേൾക്കണമായിരുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു: എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൂംബ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണം. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ ഒരു പദ്ധതി കൊണ്ട് വരുമ്പോൾ അധ്യാപകരുടെ അഭിപ്രായം കേൾക്കണമായിരുന്നു. ലഹരി വിഷയങ്ങളിൽ വലിയ ആശങ്കയുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എവിടെയാണ് നിലച്ചു പോയത്? സർക്കാർ ആത്മാർത്ഥമായി ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (‘ടി കെ അഷ്റഫ് ഉൾപ്പെടെയുള്ള അധ്യാപകരുടെ അഭിപ്രായം സർക്കാർ കേൾക്കണമായിരുന്നു’; സൂംബാ വിവാദത്തിൽ പി കെ നവാസ്, ജൂൺ 27, റിപ്പോർട്ടർ ടിവി).
‘സൂംബയല്ല സാംബ’
ഈ വിഷയത്തിൽ ഇടപെട്ട നിരവധി പേർ മുസ്ലീം സംഘടനകളുടെ ഇടപെടലിനെ പരിഹാസത്തോടെയാണ് കണ്ടത്. വിമർശകർ കണ്ടത് സൂംബയല്ല സാംബയാണെന്നായിരുന്നു ഇത്തരക്കാരുടെ പ്രതികരണങ്ങളിൽ പലതും.
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഒരു കാര്യം നടപ്പാക്കും മുമ്പ് അധ്യാപകരുമായും രക്ഷിതാക്കളുമായും ആലോചിക്കണമായിരുന്നുവെന്ന മുസ്ലീം സംഘടനാ നേതാക്കളുടെ അഭിപ്രായം പല തരത്തിൽ പരിഹസിക്കപ്പെട്ടു. ഉദാഹരണത്തിന് എഴുത്തുകാരനും ഡോക്ടറും സാമൂഹികമാധ്യമങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന മനോജ് വെള്ളനാടിന്റെ പരിഹാസം ഇങ്ങനെയായിരുന്നു: കേരളത്തിലെ ഉസ്താദുമാരൊക്കെ സുംബ കാണാൻ കയറിയത് ഏതോ പോൺ സൈറ്റിൽ ആണെന്നു തോന്നുന്നു. എന്തോ കണ്ട് പേടിച്ചു (ജൂൺ 27, ഫേസ്ബുക്ക് പോസ്റ്റ്/ മനോജ് വെള്ളനാട്).
ഈ പോസ്റ്റിലെ കമന്റുകളിൽ ചിലത് ഇങ്ങനെ:
1. മനോജ് എസ് ഊർക്കുന്ന്: 72 ഹൂറികളുടെ കാണാൻ കാത്തിരിക്കുന്നവർ എന്തേലും ചെറുത്…. കണ്ടാൽ പേടിക്കുവോ.
2. അഹ്‌മമദ് കുട്ടി: സുമ്പക്ക് പകരം സാംബ ആയതാണ്.
3. ഇസ്മായിൽ പി വേങ്ങര: ഉസ്താദ് അല്ലാത്തോണ്ട് ആരും ആറാം നൂറ്റാണ്ടിന്റെ അപ്പുറത്തേക്ക് പോവില്ല.
4. സജി അന്റോണിയോ: എന്തായാലും നമ്മളെത്തിയിരിക്കുന്ന അവസ്ഥ കൊള്ളാം, വദൂരിപക്ഷം രാജ്യത്തെ ഗുഹായുഗത്തിലെത്തിക്കാൻ ജയ് വിളിക്കുന്നു…….. ന്യൂനബുദ്ധിപക്ഷമാകട്ടെ 16-ാം നൂറ്റാണ്ടിലേക്കെത്തിക്കാൻ താടിയും വളർത്തി മീശയും വടിച്ച് അരിയും മലരും കൊണ്ട് നടക്കുന്നു
ഇതിപ്പോ എങ്ങോട്ടു പോകും ?!
ജൂൺ 27ാം തിയ്യതി റിപ്പോർട്ടർ ടിവി ടെലകാസ്റ്റ് ചെയ്ത ഒരു സംവാദത്തിൽ ആങ്കർ സുജയ പാർവതിയും ഇതേ വാദം ഉയർത്തി. വിമർശകർ കണ്ടത് സാംബ നൃത്തമാണെന്നും അതിൽ വസ്ത്രം കുറവാണെന്നും കണ്ടത് ചിലപ്പോൾ ബെല്ലിഡാൻസുമാവാമെന്നും പരിഹസിച്ചു. മുസ്ലീം സംഘടനകൾക്ക് വഴങ്ങിക്കൊടുക്കുന്ന ചരിത്രമുള്ള കേരളത്തിൽ മന്ത്രി അവരുടെ വിമർശനങ്ങൾക്കനുസരിച്ച് നടപടിയിൽനിന്ന് പിൻമാറുമോയെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു (‘ഇവരെയൊക്കെ പേടിച്ച് പിന്നോട്ട് പോകാനാണെങ്കിൽ ഇത്തരം ഐഡിയയുമായി ദയവായി പിണറായി വിജയൻ വരരുത്’, ജൂൺ 27, റിപ്പോർട്ടർ ടിവി).


അമിതമതവൽക്കരണ വാദം
ജൂൺ 29ന് മുൻമന്ത്രി ഡോ. കെ.ടി ജലീൽ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും സമാനമായ ആശയമാണ് പങ്കുവച്ചത്. അദ്ദേഹം തന്റെപോസ്റ്റിന് നൽകിയ തലക്കെട്ട് ‘സൂംബയല്ല സാംബ’ എന്നായിരുന്നു:
അമിതമതവൽക്കരണവാദം ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും അപകടം ചെയ്യും. മുസ്ലീംലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾ ഇതിന് ചൂട്ടു പിടിക്കരുത്. ദൗർഭാഗ്യവശാൽ അവർ ഇതിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും ‘മുസ്ലീം വിരുദ്ധത’യുടെ ചാപ്പ കുത്താൻ ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോൺസേഡ് മതസംഘടനകൾ. സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യൻ പണ്ഡിതൻമാർ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകൾ മുസ്ലീം സമുദായത്തെ ഇതര മതസമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ. പൊതു വിദ്യാഭ്യാസം നാട്ടിലുണ്ടാക്കിയ മതനിരപേക്ഷ മൂല്യങ്ങളിൽ എല്ലാ മതവിഭാഗങ്ങളിലെയും തീവ്ര ചിന്താഗതിക്കാർക്ക് ഒട്ടും രസിച്ചിട്ടില്ല. ഈ പ്രതിലോമ ചിന്തക്ക് പ്രചാരം നൽകാൻ മുൻപന്തിയിൽ നിന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇപ്പോഴിതാ മുജാഹിദ് വിസ്ഡം ഗ്രൂപ്പും ആ വഴിക്ക് വന്നിരിക്കുന്നു. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സാധാരണക്കാരുടെ മക്കൾ വിദ്യ നേടി നന്നാകരുതെന്ന വാശിയല്ലാതെ മറ്റൊന്നും സൂംബയെ എതിർക്കുന്നവർക്കില്ല (ജൂൺ 29, ഫേസ്ബുക്ക് പോസ്റ്റ്/ ഡോ. കെ.ടി ജലീൽ)
പ്രാകൃത ചിന്തകൾ
എസ് വെെ എസ് നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. പ്രാകൃത ചിന്തകൾ മനസ്സിൽ സൂക്ഷിക്കുന്നത് നിർഭാഗ്യകരമാണെന്ന് അവർ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ കുറ്റപ്പെടുത്തി: നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമാണ്. മതസംഘടനകളുടെ എതിർപ്പ് സർക്കാരിനെ സ്വാധീനിക്കില്ല. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതൽ കരുത്തോടെ കൊണ്ടുവരാൻ ഓരോ ശക്തികൾ ശ്രമിക്കുകയാണ്. മനുഷ്യത്വപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അവർ പറഞ്ഞു (സുംബയിൽ പിന്നോട്ടില്ലെന്ന് മന്ത്രി ബിന്ദു; ‘കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ അവഗണിക്കും’, ജൂൺ 27, മാതൃഭൂമി).
മന്ത്രി ആർ. ബിന്ദുവിന്റെ പരാമർശത്തെ കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ പരിഹസിച്ചു. 19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (എതിർപ്പുകൾ വർഗീയതക്ക് വളംവെക്കും; 90 ശതമാനം സ്‌കൂളുകളിലും സൂംബ നടക്കുന്നു -വിദ്യാഭ്യാസമന്ത്രി, ജൂൺ 28, മാധ്യമം).
തീരുമാനം ഏകപക്ഷീയം
സൂംബ വിഷയത്തിൽ തീരുമാനമെടുത്തത് ഏകപക്ഷീയമായും, പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുറ്റപ്പെടുത്തി: സൂംബ കൊണ്ടുവരുന്നത് ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഈ തീരുമാനം എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഇതിന്റെ ഫലമെന്താണെന്നതിനെക്കുറിച്ച് പഠനം നടത്തിയിട്ടില്ല. റോഡുണ്ടാക്കുമ്പോൾപ്പോലും പരിസ്ഥിതി ആഘാത പഠനം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ അങ്ങനെയൊരു പഠനം നടത്തിയിട്ടുണ്ടോ. ലഹരിമുക്തി വരുത്താൻ സൂംബ ഒരു പരിഹാരമാണോ. മാനസികോല്ലാസത്തിനാണ് സൂംബ നടപ്പാക്കുന്നതെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കിൽ കായികാധ്യാപകരുടെ നിരവധി തസ്തികകളിൽ ഒഴിഞ്ഞുകിടക്കുകയാണ്. അത് പരിഹരിക്കണം. അതില്ലാതെ സൂംബ കൊണ്ടുവരുന്നത് എന്തു ഉല്ലാസമാണെന്ന് അറിയില്ല. സ്‌കൂൾ പരിസരങ്ങൾ ലഹരിമുക്തമാക്കാനുള്ള സമിതികൾ ഉണ്ടാക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല. ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്. സർക്കാർ തീരുമാനം ഏകപക്ഷീയമാണ്. ആർക്കും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും (സുംബ സ്‌കൂളുകളിൽ കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢാലോചന, ജൂൺ 27, ന്യൂസ് 18 കേരള).
സൂംബ ഡാൻസ് വിവാദം അപഹാസ്യം
സൂംബ ഡാൻസ് വിവാദം അപഹാസ്യമാണെന്നും അവജ്ഞതയോടെ തള്ളിക്കളയേണ്ടതാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഉത്തരവാദിത്വമുള്ള വിദ്യാഭ്യാസ സംഘടനകൾ ഇത്തരം നിലപാടിൽ നിന്ന് പിന്മാറണം. ഫ്‌ളാഷ് മോബിനെതിരേയാണ് ഒരു ഘട്ടത്തിൽ നിലകൊണ്ടത്. ഇപ്പോൾ അവരും ചെയ്യുന്നുണ്ട്. ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി സംഘടനകൾ ഇത്തരം നിലപാടുകളിൽനിന്ന് പിൻമാറണം. ഇവർ എത്രത്തോളം മനുഷ്യവിരുദ്ധരും സാമൂഹികവിരുദ്ധരുമാണെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്(സുംബ ഡാൻസ്; വിവാദം അപഹാസ്യമാണെന്നും ഉത്തരവാദിത്വമുള്ള വിദ്യാഭ്യാസ സംഘടനകൾ ഇത്തരം നിലപാടിൽ നിന്ന് പിന്മാറണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് (ജൂൺ 27, മനോരമ ന്യൂസ് ടിവി).
വിവാദമുണ്ടാക്കുന്നത് മാനസിക അൽപ്പത്തരമാണെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ അഭിപ്രായം: കേരളീയ പൊതുസമൂഹം ഇത്തരം അല്പത്തരങ്ങൾ തള്ളിക്കളയണം. എല്ലാ നൂറ്റാണ്ടിലും ഇത്തരം പിന്തിരിപ്പന്മാരുണ്ടാകും. അതിനെയെല്ലാം പുരോഗമന സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്. പുരോഗമനപരമായ നൃത്തരീതിയെ വികലമായി ചിത്രീകരിക്കുകയാണ് (വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അല്പത്തരം: സൂംബ ഡാൻസ് വിവാദത്തിൽ മുസ്ലീം സംഘടനകൾക്കെതിരെ എസ്.എഫ്.ഐ, ജൂൺ 28, ഡൂൾ ന്യൂസ്).
അടിച്ചേൽപ്പിക്കുന്നത് ശരിയല്ല
സൂംബ വിഷയത്തിൽ അതുമായ ബന്ധപ്പെട്ട് രക്ഷിതാക്കൾ അടക്കമുള്ളവരുടെ അഭിപ്രായങ്ങളെ വിശ്വാസത്തിലെടുത്തുവേണം പരിഷ്‌കാരങ്ങൾ കൊണ്ടുവരാനെന്ന് ലീഗ് നേതാവ് ഫാത്തിമ തെഹ് ലിയ അഭിപ്രായപ്പെട്ടു: ലഹരിക്കെതിരേ സൂംബ ഡാൻസ് മാത്രമല്ല ഉള്ളത്, മറ്റു പല മാർഗങ്ങളുമുണ്ട്. എന്നുവച്ച് വ്യക്തിപരമായി സൂംബക്ക് എതിരല്ല, ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ട്രയിനേഴ്‌സിനെ തള്ളിക്കളയുന്നില്ല. ഓരോരുത്തർക്കും അവരാവരുടെ രീതി പിന്തുടരാം. ഇവിടെ മതപരമായ ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇത്തരം ഡാൻസുകളിലേക്ക് തങ്ങളുടെ മക്കൾ പോകേണ്ടതില്ലെന്ന് മാതാപിതാക്കൾ പറയുകയാണെങ്കിൽ അവരെ കുറ്റംപറയാനാവില്ല. താൽപര്യമുള്ളവർക്ക് സൂംബ പരിശീലിക്കാനും വേണ്ടാത്തവർക്ക് വിട്ടുനിൽക്കാനും കഴിയണം. ഇവിടെ ഒരു അടിച്ചേൽപ്പിക്കൽ രീതിയുണ്ട്. കേരള സർക്കാരിന്റെ ചില ഇടപെടലുകൾ കേന്ദ്ര സർക്കാരിനെപ്പോലെത്തന്നെയാണെന്ന തോന്നൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ട്. ജെന്റർ യൂണീഫോം പോലുള്ള നിരവധി ഉദാഹരണങ്ങൾ മുൻകാലത്തുമുണ്ടായിട്ടുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം കേട്ടശേഷം അവരെ ബോധ്യപ്പപ്പെടുത്തിക്കൊണ്ടുവേണം സർക്കാർ ഇടപെടേണ്ടത് (‘സൂംബ മാത്രമല്ല ലഹരിക്കുള്ള പരിഹാരം; മതപരമായി എതിരെന്ന് പറഞ്ഞാൽ കുറ്റം പറയാനാകില്ല’, ജൂൺ 27, 24 ന്യൂസ്).
പൊളിറ്റിക്കൽ ഇസ്ലാമിന്റെ കളികൾ
സൂംബ വിവാദം പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ കളിയാണെന്നാണ് ഇടതുപക്ഷത്തുനിന്ന് ഉയർന്നുവന്ന ഒരു നിലപാട്. നാസർ അബ്ദുൾ എന്നയാൾ എഴുതിയ കുറിപ്പ് ഈ ആശയമുള്ളതായിരുന്നു. അദ്ദേഹം വിവിധ മതസംഘടനകളെ താലിബാനികളെന്നും വിശേഷിപ്പിച്ചു: ജമാഅത്തെ ഇസ്ലാമി, വിസ്ഡം തുടങ്ങിയ പൊളിറ്റിക്കൽ ഇസ് ലാമികളും ജമാഅത്തെ ഇസ്ലാമി, വിസ്ഡം തുടങ്ങി എല്ലാ താലിബാനികളും കളത്തിൽ ഇറങ്ങി. വി ഡി സതീശന്റെ മതേതര സർട്ടിഫിക്കറ്റും യുഡിഎഫിന്റെ അംഗത്വവും കൊടുത്ത ധൈര്യമാണ് സുമ്പ ഡാൻസ്, ആണും പെണ്ണും, വസ്ത്ര ധാരണം, ഇടകലരൽ ഇതൊക്കെയാണ് കീ വേർഡ്കൾ. പൊളിറ്റിക്കൽ ഇസ്ലാമിന്റെ കളികൾ കേരളം കാണാൻ ഇരിക്കുന്നതെ ഉള്ളൂ. കളി മുറുകാൻ നിശബ്ദമായി ബിജെപി കാത്തിരിക്കുന്നുമുണ്ട്. കെ പി സി സി തീരുമാനം ശൂറയും ഹൽക്കയും എടുക്കുന്ന കാലമാണ് ശശി തരൂരിനെ പുറത്താക്കി സി ദാവൂദിനെ അകത്താക്കുന്ന കളിയാണ് കോൺഗ്രസ് തീ കൊണ്ടു കളിക്കുകയാണ്.
ഈ എഫ്ബി പോസ്റ്റ് സി പി എം നിലപാടുള്ള പലരും ഷെയർ ചെയ്തു. അവരിലൊരാളാണ് പ്രേംകുമാർ (ജൂൺ 27, ഫേസ്ബുക്ക്/ പ്രേംകുമാർ).
മൗദൂദിയും വിസ്ഡവും
സൂംബ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി അഭിപ്രായം പറഞ്ഞിരുന്നില്ല. എന്നാൽ സൂംബ വിവാദം തുടങ്ങിയതു മുതൽ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രീകരിച്ചുകൊണ്ട് ചിലരെങ്കിലും വിദ്വേഷപ്രചാരണങ്ങൾ നടത്തിയിരുന്നു. അവരിലൊരാളാണ് ബിനീഷ് കോടിയേരി. അദ്ദേഹം ജൂൺ 27ാം തിയ്യതി തന്റെ ഫേസ്ബുക്കിൽ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു: ഇതാണോ ആ മൗദൂദി തീവ്രവാദി പറഞ്ഞ അൽപ വസ്ത്ര ഡാൻസ്?
അൽപ്പ സമയത്തിനുശേഷം അദ്ദേഹം തന്റെ പോസ്റ്റ് തിരുത്തി. മൗദൂദി തീവ്രവാദിയെന്ന വാക്കിനു പകരം മുജാഹിദ് നേതാവ് എന്നാക്കി മാറ്റി.
എന്നാൽ പോസ്റ്റിനൊപ്പം നൽകിയ കാർഡിൽ നിന്ന് ഇതാണോ ആ മൗദൂദി തീവ്രവാദി പറഞ്ഞ അൽപവസ്ത്ര ഡാൻസ്? എന്ന വാക്യം മാറ്റിയില്ല.
പോസ്റ്റിനൊപ്പം തല മറച്ച ഏതാനും പെൺകുട്ടികൾ സൂംബ പരിശീലിക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു (ജൂൺ 27, ഫേസ്ബുക്ക്/ ബിനീഷ് കോടിയേരി).


താലിബാൻ തീവ്രവാദികളും മലബാർ മൂരികളും
സൂംബ വിവാദത്തിനുശേഷം ഇടതു സാമൂഹികമാധ്യമ ഹാൻഡിലുകളിൽ വലിയ തോതിൽ വംശീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂൺ 27ന് കമ്മ്യൂണിസ്റ്റ് ഒഫീഷ്യൽ എന്ന പേജിൽ അബ്ദുൾ നാസിന്റെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: സ്ത്രീകളെ അടിമകളാക്കി പീഡിപ്പിച്ചു യാതൊരു സ്വതന്ത്രവും ഇല്ലാത്ത രീതിയിൽ ജീവിപ്പിക്കുക എന്നതാണ് താലിബാൻ തീവ്രവാദികളുടെ ഭരണകൂടം. അതിനു സമാനമാണ് കോരളത്തിലെ മതയോളികളുടെ കൂട്ടായ്മയായ ജമാഅത്തെ ഇസ്ലാമിയും മലബാർ മൂരികളും മുന്നോട്ട് വെക്കുന്നത്. താലിബാൻ തീവ്രവാദികൾക്ക് വഴങ്ങിയാൽ മഹത്തായ ഇന്ത്യൻ പൈതൃകം ഇല്ലാതെയാകും ഓർമ്മപ്പെടുത്തുന്നു സർക്കാറിനെ (ജൂൺ 27, കമ്മ്യൂണിസ്റ്റ് ഒഫീഷ്യൽ/ ഫേസ്ബുക്ക് പേജ്).
ജെൻഡർ പൊളിറ്റിക്‌സ്
സൂംബ ഡാൻസിന്റെ ലക്ഷ്യം ജെൻഡർ പൊളിറ്റിക്‌സ് ഒളിച്ചുകടത്തലാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽസെക്രട്ടറി ഷുക്കൂർ സ്വലാഹി സംശയം പ്രകടിപ്പിച്ചു. ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ സൂംബ പ്രയോജനപ്പെടുമോയെന്ന് പഠനം നടത്തിയിട്ടില്ല. കായികക്ഷമത വർധിപ്പിച്ച് ലഹരിവിമുക്തമാക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളിൽ കായികാധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതൊന്നും ചെയ്യാതെ തൊലിപ്പുറത്തുള്ള ചികിൽസയാണ് സർക്കാർ നടത്തുന്നത്. അത് സമൂഹത്തെ അപകടത്തിലെത്തിക്കും. താൽപര്യമില്ലാത്തവരെക്കൂടി നിർബന്ധപൂർവം സൂംബയിലേക്ക് കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. സൂംബയിലൂടെ കൂടുതൽ വിദ്യാർത്ഥികൾ ലഹരിയിലേക്ക് എത്താൻ സാധ്യതയുണ്ട് (സൂംബ ഡാൻസിന്റെ ലക്ഷ്യം ജെൻഡർ പൊളിറ്റിക്‌സ് ഒളിച്ചുകടത്തൽ: സംസ്ഥാന ജനറൽസെക്രട്ടറി ഷുക്കൂർ സ്വലാഹി, ജൂൺ 27, മീഡിയാവൺ)
വേണ്ടത് യോഗ!
സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.എസ് രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ‘ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി സ്‌കൂളുകളിൽ സൂംബാ ഡാൻസ് അല്ല പഠിപ്പിക്കേണ്ടത് മറിച്ച് കുട്ടികളുടെ ശാരീരിക മാനസിക ശക്തിയ്ക്കായ് യോഗ ആണ് പഠിപ്പിക്കേണ്ടത്. പശ്ചാത്യർ കളയുന്നത് പറയ്ക്കി എടുക്കാതെ ലോകം അംഗീകരിച്ച ഭാരതത്തിന്റെ നനത് യോഗ ആണ് കേരളം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (അൽപ്പവസ്ത്രം ധരിച്ച് ഇടകലർന്ന് ആടിപ്പാടുന്ന ആഭാസത്തിന് വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് നാസർ ഫൈസർ കൂടത്തായി; കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നത് ഈ കൾച്ചറിന് വേണ്ടിയല്ലെന്ന് ടി കെ അഷ്റഫ്; സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി നേതാവ്; ഏതുകാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്ന് എഴുത്തുകാരി വി പി സുഹറ; വിദ്യാഭ്യാസ വകുപ്പിന് തലവേദനയായി വിവാദം, ജൂൺ 27, മറുനാടൻ മലയാളി).
ന്യൂനപക്ഷ വർഗീയത കാറിവിളിക്കുന്നു
സൂംബ വിവാദത്തെ സാമൂഹികപ്രവർത്തകൻ ഫെലിക്‌സ് പുല്ലൂടാൻ അവതരിപ്പിച്ചത് ഇങ്ങനെ: ന്യൂനപക്ഷ വർഗീയത മതത്തിന്റെ പേരിൽ കാറി വിളിക്കുന്നു. സൂംബ എന്നറിയപ്പെടുന്ന എയറോബിക് ഡാൻസ് ഫിറ്റ്‌നസ് പ്രോഗ്രം സ്‌കൂളുകളിൽ നടപ്പിലാക്കരുതെന്നാണ് മതവാദ പേര് പറഞ്ഞ് ഒന്നുരണ്ടു മുസ്ലീം യുവജന സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ സുംബ നൃത്തം അവതരിപ്പിക്കാൻ എടുത്ത തീരുമാനത്തിനെതിരെയാണ് ഇവർ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം സമ്മർദ്ദങ്ങൾക്ക് ഒന്നും ഓരോ കാരണവശാലും സർക്കാർ വഴങ്ങരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തന്നെ പറയട്ടെ, ഈ വിവരക്കേടിനെ തിരുത്താൻ ആദ്യം രംഗത്ത് വരേണ്ടത് മുസ്ലീം സംഘടനകൾ തന്നെയാണ് (ജൂൺ 27, ഫേസ്ബുക്ക്/ ഫെലിക്‌സ് പുല്ലൂടാൻ).
കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് യുക്തി
എന്തിലും മതംകാണുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ യുക്തിയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി കൃഷ്ണകുമാർ: സൂംബ ഡാൻസ് മുതൽ വസ്ത്രവും ഭക്ഷണവും വരെ വിഭാഗീയമാകുന്ന നമ്മുടെ സ്വന്തം ഇസ്ലാമിക് സ്റ്റേറ്റ്… വിദ്യാർഥികൾക്കുള്ള ഡാൻസിൽ പോലും മതം കാണുന്ന പ്രത്യേകതരം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളം മാറുന്നു. മാറി മാറി ഭരിച്ചവരും ഇരു മുന്നണികളും നടത്തുന്ന പ്രീണനം കാരണം കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. ഈ പരിഷ്‌കൃത സമൂഹത്തിൽ അപരിഷ്‌കൃതരായി തുടരുന്ന നീചരെ ഇനിയെങ്കിലും നിങ്ങൾക്ക് നല്ല ബുദ്ധി തോന്നട്ടെ. ഇത് കേരളമാണ് 2025 ആണ് (ജൂൺ 27, ഫേസ്ബുക്ക്/ സി കൃഷ്ണകുമാർ).
പുരോഗമന വിരുദ്ധർ
അൺഎയിഡഡ് സ്‌കൂളുകളിൽ എന്തുമാറ്റം കൊണ്ടുവന്നാലും മിണ്ടാത്തവർ എയിഡഡ് സ്‌കൂളുകളിലെ ചെറിയ മാറ്റത്തോടുപോലും വലിയ പ്രതിഷേധമുയർത്തുന്നുവെന്ന് റിപ്പോർട്ടർ ചാനൽ ലേഖകൻ അഭിപ്രായപ്പെട്ടു. എല്ലാ സ്‌കൂളുകളിവും സർക്കാർ തീരുമാനിച്ചപോലെ സൂംബ പരിശീലനം നടന്നതായും അദ്ദേഹം പൊതുവിദ്യാഭ്യാസവകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ ചില മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമ്പോളുള്ള വലിയ എതിർപ്പുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സ്‌കൂൾസമായം കൂടുമ്പോൾ അതിനെ എതിർക്കുക, ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ വസ്ത്രം ധരിക്കുമ്പോൾ അതിനെ എതിർക്കുക, അങ്ങനെ നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തിയാലും അതിനെ അനുവദിക്കാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുന്ന ചിലരുണ്ട്. അതിനോടെല്ലാം എതിർത്ത് കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുന്നത് (സ്‌കൂളുകളിലെ സൂംബ ഡാൻസ് അല്പവസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് ടി.കെ അഷ്റഫ്, ജൂലൈ 27, റിപ്പോർട്ടർ)
അടിച്ചേൽപ്പിക്കരുത്
സൂംബ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് മാതൃഭൂമി ചർച്ചയിൽ പങ്കെടുത്ത ഫസൽ ഗഫൂറും അഭിപ്രായപ്പെട്ടു: ഗവൺമെന്റ് ഇത് അടിച്ചേൽപ്പിക്കാൻ പാടില്ല, ആവശ്യമുള്ളവർക്ക് ഇത് സ്വീകരിക്കാം, പക്ഷെ ഇത് നിർബന്ധിതമായി ആക്കാൻ പാടില്ലെന്ന് നമുക്ക് ഉള്ളു(സൂംബ പരിശീലനം സർക്കാർ അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല; ആവശ്യമുള്ളവർക്ക് സ്വീകരിക്കാം, ജൂൺ 27, മാതൃഭൂമി)
നിലപാട് ഫത്വ അനുസരിച്ചാവരുത്
മതസംഘടനകളുടെ ഫത്വ അനുസരിച്ചായിരിക്കരുത് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നിലപാടെടുക്കേണ്ടതെന്ന് ബിജെപി നേതാവ് വി മുരളീധരൻ:
കേരളത്തിലെ സാമൂഹിക സാഹചര്യത്തിനുസരിച്ച വസ്ത്രമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അൽപ്പവസ്ത്രമാണോ ഉപയോഗിക്കുന്നത് എന്നെനിക്കറിയില്ല. ഇന്ത്യയിൽ ആരും കണ്ടിട്ടില്ലാത്ത സുംബയെ എവിടെനിന്ന് പൊക്കിക്കൊണ്ടുവന്നുവെന്നും അറിയില്ല. അതൊക്കെയായിരിക്കുമ്പോഴും മതസംഘടനകളുടെ ഫത്വ അനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിലപാട് എടുക്കുന്നത് അങ്ങേയറ്റത്തെ അസ്വസ്ഥജനകമായ കാര്യമാണ്. അത് കേരളത്തെ അപകടകരമായ ദിശയിലേക്ക് കൊണ്ടുപോകും (‘മതസംഘടനകളുടെ ഫത്വ അനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിലപാട് എടുക്കരുത്’: വി മുരളീധരൻ, ജൂൺ 27, വൺ ഇന്ത്യ മലയാളം).
താലിബാന്റെ തുടർച്ച, കണ്ടത് സാംബ നൃത്തം!
സൂംബ ആശങ്ക വേണോ എന്ന ശീർഷകത്തിൽ റിപ്പോർട്ടർ ടിവി വിഷയം ചർച്ച ചെയ്തു. അതിൽ ഇടപെട്ടുകൊണ്ട് ചാനൽ എഡിറ്റർ അരുൺകുമാർ സൂംബയോടുള്ള വിയോജിപ്പിനെ അഫ്‌ഗാനിസ്ഥാനും താലിബാനുമായി ബന്ധപ്പെടുത്തി: സൂംബ ഡാൻസ് കൊണ്ടുവരാനുള്ള ആശയം സാംസ്‌കാരിക ജീർണതയുടെ ഭാഗമാണ്. ആണും പെണ്ണും തുള്ളുകയെന്നൊക്കെയാണ് വിമർശിക്കുന്നത്. ഇവർ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ നോക്കുക. മൂല്യങ്ങൾ നഷ്ടപ്പെട്ടുപോവുകയാണെന്നൊക്കെ പറയുമ്പോൾ ഇവർ ഏത് അർത്ഥത്തിലാണ് ഇത് പറയുന്നതെന്ന് പിടിയില്ല. ഇവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അഫ്ഗാനിസ്താനിലെ ജനങ്ങൾ കലാതൽപ്പരരും ശാസ്ത്രജ്ഞരുമൊക്കെയായിരുന്നു. അവിടത്തെ സ്ത്രീകൾപോലും നൈറ്റ് ക്ലബ്ബുകളിൽ പോയിരുന്ന ചിത്രങ്ങൾ പലരും പങ്കുവച്ചിട്ടുണ്ട്. താലിബാൻ വന്നശേഷം സ്ത്രീകൾക്ക് പഠിക്കാൻ പറ്റാതായി. ഇത് അതിന്റെ തുടർച്ചയാണ്. എന്തിന് സ്‌കൂളിൽ പോണം, എന്തിന് പഠിക്കണം കൃഷിയിടങ്ങളായി വീടിനുള്ളിൽ ഇരുന്നുകൊള്ളൂ എന്ന് പറയുന്നതിന്റെ തുടർച്ചയാണ് ഇത്. പ്രതിലോമചിന്തയുടെ പ്രതിഫലനമാണ്. അതൊക്ക നമ്മുടെ വിപണിയിൽ വിറ്റുപോകുന്ന രാഷ്ട്രീയകറൻസിയാണെന്ന് വിദ്യാർത്ഥി സംഘടനകൾക്ക് അറിയാം, പുതുതലമുറയാണ് നിരാശപ്പെടുത്തിയത്. എതിർപ്പുവന്നപ്പോൾ സർക്കാർ പിൻവാങ്ങുന്നതായാണ് തോന്നുന്നത്. താൽപ്പര്യമുളളവർക്ക് സൂംബചെയ്താൽ മതിയെന്ന തീരുമാനത്തിലേക്ക് വരുന്നു. ജനാധിപത്യരാജ്യമായതുകൊണ്ട് ഒന്നും ഇവിടെ അടിച്ചേൽപ്പിക്കാൻ കഴിയില്ല (സൂംബ ആശങ്ക വേണോ?, ജൂലൈ 27, 2025, റിപ്പോർട്ടർ ടിവി)
താലിബാനിസം
സൂംബവിവാദത്തിനു പിന്നിൽ പച്ചയായ സ്ത്രീവിരുദ്ധതയാണ്, ഇതിന്റെ വേര് കിടക്കുന്നത് താലിബാനിസത്തിലാണ്. നിങ്ങളെ താലിബാനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് എന്നെ സംഘിയാക്കിയിട്ട് കാര്യമില്ലെന്ന് ഇടത് സഹയാത്രികൻ പ്രേംകുമാർ: സൂംബ വിവാദത്തിൽ ഇവർ ഇടപെടുന്നത് സമർത്ഥമായാണ്. ആ ക്യാമ്പയിനിൽ വി ഡി സതീശനെപ്പോലുള്ളവരും വീണുപോകുന്നു. ആദ്യ കാലത്ത് ഇവർ ഇത്തരം പ്രശ്‌നങ്ങളോട് ഇടപെട്ടിരുന്നത് അനിസ്ലാമികമാണ് എന്ന പദമുപയോഗിച്ചാണ്. ജന്റർ ന്യൂട്രൽ വസ്ത്രത്തിന്റെ കാര്യത്തിൽ അനിസ്ലാമികമാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അവർ ചർച്ചയെന്നാണ് പറയുന്നത്. ഭൂമി ഉരുണ്ടിട്ടാണെന്ന് സയൻസ് പഠിപ്പിക്കുന്നു, ഭൂമി പരന്നിട്ടാണെന്ന് മതം പഠിപ്പിക്കുന്നു. അത് ചർച്ച ചെയ്ത് ത്രികോണമാണെന്ന് പഠിപ്പിക്കാനാണോ? സൂംബ നല്ലൊരു വർക്കൗട്ടാണ്. അതിനെതിരേ മുസ്ലീം സംഘടനകൾ നിലപാടെടുക്കുന്നതിനെ സ്ത്രീവിരുദ്ധതയെന്നാണ് പറയാൻ പറ്റുള്ളൂ. അതിന്റെ റൂട്ട് കിടക്കുന്നതിനെ വിശേഷിപ്പിക്കാൻ പറ്റുന്ന പദം താലിബാനിസമെന്നുതന്നെയാണ്. താലിബാനാക്കി മാറ്റിയെന്ന് പറഞ്ഞ് എന്ന സംഘിയാക്കിയിട്ട് കാര്യമില്ല. സെക്കുലർ മുസ്ലീങ്ങളെ അലിനേറ്റ് ചെയ്യുകയാണ് ചെയ്യുന്നത് (‘നിങ്ങളെ താലിബാനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് എന്നെ സംഘിയാക്കിയിട്ട് കാര്യമില്ല’, ജൂൺ 28, മാതൃഭൂമി ന്യൂസ്).


ഇതേ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിമർശകരെ ഇത് അഫ്ഘാനിസ്താനോ ഇറാനോ അല്ലെന്നും ഓർമിപ്പിച്ചു: ലോകത്ത് രണ്ടേ രണ്ടേ രാജ്യങ്ങളിലാണ് സൂംബാ കളിക്കാൻ പാടില്ലാത്തത്, ഒന്ന് അഫ്ഘാനിസ്ഥാനിലാണ് മറ്റൊന്ന് ഇറാനിലാണ്. കേരളത്തിൽ സ്‌കൂളുകളിൽ സൂംബാ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞാൽ അവരോട് വളരെ വിനീതവിധേയനായിട്ട് പറയാൻ ഒറ്റ കാര്യമേ ഉള്ളു, ഇത് ഇന്ത്യാ മഹാരാജ്യമാണ്. അഫ്ഘാനിസ്താനല്ല, ഇറാനല്ല, ഇതൊരു സെക്കുലർ രാഷ്ട്രമാണ്. നിങ്ങൾ വിശ്വസിച്ചു കൊള്ളൂ ഭൂമി ഉരുണ്ടിട്ടാണെന്ന്. നിങ്ങൾ വിശ്വസിച്ചു കൊള്ളൂ പന്നി എന്നത് വിഷ്ണുവിന്റെ അവതാരം ആണെന്ന്, നോ പ്രോബ്ലം. പക്ഷേ, സ്‌കൂളിൽ വെച്ചിട്ട് പന്നി ദൈവമാണെന്നും ഭൂമി പരന്നിട്ടാണെന്നും പഠിപ്പിക്കണമെന്ന് പറഞ്ഞാൽ അത് നടപ്പില്ല (‘ലോകത്ത് സൂംബ കളിക്കാൻ പാടില്ലാത്തത് ഇറാനിലും അഫ്ഗാനിസ്താനിലും മാത്രമാണ്’, ജൂൺ 28, മാതൃഭൂമി ന്യൂസ്).
താലിബാൻ, പരന്നഭൂമിയും ഉരുണ്ടഭൂമിയും
ജൂൺ 28ന് മാതൃഭൂമി ന്യൂസിൽ സൂംബാ വിഷയത്തിൽ ഒരു ചർച്ച നടന്നു. വിസ്ഡം സ്റ്റുഡൻസ് നേതാവ് സഫ്‌വാൻ, ഇടതുഎഴുത്തുകാരൻ ഡോ. പ്രേംകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഇത്തരമൊരു തീരുമാനെടുക്കും മുമ്പ് ചർച്ച നടത്തണമെന്നും സൂംബ നിർബന്ധമാക്കരുതെന്നുമായിരുന്നു വിസ്ഡം സ്റ്റുഡൻസ് നേതാവ് സഫാൻ ഹറാമിയുടെ വാദം.
സൂംബക്കെതിരേ സംസാരിക്കുന്നതിനെ താലിബാനിസമെന്ന് വിശേഷിപ്പിച്ചു: പച്ചയായ സ്ത്രീവിരുദ്ധതയാണ്, ഇതിന്റെ വേര് കിടക്കുന്നത് താലിബാനിസത്തിലാണ്. നിങ്ങളെ താലിബാനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് എന്നെ സംഘിയാക്കിയിട്ട് കാര്യമില്ല (‘നിങ്ങളെ താലിബാനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് എന്നെ സംഘിയാക്കിയിട്ട് കാര്യമില്ല’ , പ്രേംകുമാർ, ജൂൺ 28, ഏഷ്യാനെറ്റ്).
പ്രേംകുമാറിന്റെ മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു: ഭൂമി ഉരുണ്ടിട്ടാണ് എന്നാണ് സയൻസ്. ഭൂമി പരന്നിട്ടെന്നാണ് മതം. അപ്പോൾ ചർച്ച നടത്തിയിട്ട് ത്രികോണം ആണെന്ന് പഠിപ്പിക്കാനാണോ? ഖുർആനിൽ ഭൂമി പരന്നതാണെന്ന് പഠിപ്പിക്കുന്നുണ്ടെന്നും ചർച്ച ചെയ്തതുകൊണ്ട് സയൻസിന്റെ അഭിപ്രായത്തിൽ മാറ്റമൊന്നുമുണ്ടാവില്ലെന്നും പ്രേംകുമാർ പരിഹസിച്ചു. (‘നിങ്ങളെ താലിബാനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് എന്നെ സംഘിയാക്കിയിട്ട് കാര്യമില്ല’, ജൂൺ 28, മാതൃഭൂമി ന്യൂസ്).
ഇതേ കാര്യം പിന്നീട് റിപ്പോർട്ടർ ടിവിയി ചര്ച്ചയിൽ സി പി എം പ്രതിനിധി അഡ്വ. കെ എസ് അരുൺകുമാറും ഉയർത്തിക്കൊണ്ടുവന്നു. ഇതിനെതിരേ അൺ മാസ്‌കിങ് അനോമലീസ് എന്ന യുട്യൂബ് ചാനൽ ‘മുസ്ലീം വിശ്വാസികൾക്ക്’ ഭൂമി പരന്നതല്ലേ?! സിപിഎം നേതാക്കൾ അറിയാൻ എന്ന ശീർഷകത്തിൽ ഒരു വീഡിയോ ചെയ്തു. അതിലെ പ്രധാന വാദങ്ങൾ ഇതായിരുന്നു: ഇസ്ലാമിക പണ്ഡിതന്മാർ ഖുർആനിന്റെ അടിസ്ഥാനത്തിൽ തന്നെ ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂർവ, മദ്ധ്യ കാല ഇസ്ലാമിക പണ്ഡിതന്മാർ ഇതേ കുറിച്ച് എഴുതിയിട്ടുണ്ട്. 16ആം നൂറ്റാണ്ടിൽ ഫെർഡിനന്റ്റ് മഗല്ലൻ ലോകത്തെ ചുറ്റിയുള്ള യാത്ര നടത്തുന്നത്. ഒരു ഡയറക്ഷനിലേക്ക് പൂർണമായും സഞ്ചരിച്ച് അദ്ദേഹം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. അങ്ങനെയാണ് ഭൂമി ഉരുണ്ടതാണെന്നതിന് കൃത്യമായ തെളിവ് ആധുനിക ലോകത്തിന് കിട്ടുന്നത്. എന്നാൽ എ ഡി 800ൽത്തന്നെ, അതായത് മഗല്ലന് 800 വർഷങ്ങൾക്ക് മുന്നേ ആണ് ഭൂമിയുടെ ചുറ്റവ് കൃത്യമായി കണക്കാക്കിയത്. അതിനു മുൻപ് തന്നെ പണ്ഡിതമാർ ഭൂമിയുടെ ആകൃതി ഗോളമാണ് എന്ന് പറഞ്ഞിട്ടുമുണ്ട് (‘മുസ്ലീം വിശ്വാസികൾക്ക്’ ഭൂമി പരന്നതല്ലേ?! സിപിഎം നേതാക്കൾ അറിയാൻ, ജൂലൈ 6, അൺ മാസ്‌കിങ് അനോമലീസ് യൂട്യൂബ്).
ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം
സൂംബയെക്കുറിച്ച് അൽപ്പ വസ്ത്രം എന്ന ആരോപണം വന്നപ്പോൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യത്തിൽ വിശദീകരണം നൽകി. ഏത് വസ്ത്രത്തിലും സൂംബ കളിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉദ്ദേശ്യം കായിക മാനസിക ആരോഗ്യം ഉറപ്പുവരുത്തലാണ് (ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം: മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കരുതെന്ന് മന്ത്രി, ജൂൺ 28, സിറാജ്).
അനാവശ്യവും അപകടകരവും
സ്‌കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കുന്നത് അനാവശ്യവും അപകടകരവുമാണെന്ന് എസ്എംഎഫ്(സുന്നി മഹല്ല് ഫെഡറേഷൻ) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൂംബ ഡാൻസ് പോലുള്ള കമേഴ്‌സിയലൈസ്ഡ് കായിക പരിപാടികളോടുള്ള സർക്കാർ സമീപനം അനാവശ്യവും വിദ്യാഭ്യാസത്തിന്റെ മാനസിക ശുചിത്വത്തെയും തകർക്കുന്നതുമാണ്. ലഹരിക്കെതിരേ മനശ്ശാസ്ത്രപരമായ നീക്കമാണ് വേണ്ടത്. കായികശാസ്ത്രം അഭ്യസിച്ച അധ്യാപകരുടെ സഹായത്തോടെയായിരിക്കണം ഇത്. വ്യായാമപരിശീലനം വേണം. പക്ഷേ, സൂംബ ആവശ്യമില്ല. അത് മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് തിരിച്ചടിയാണ്. സൂംബ ഗ്ലാമർ വ്യവസായത്തിന്റെ ഭാഗമാണ് (സ്‌കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കുന്നത് അനാവശ്യവും അപകടകരവുമാണെന്ന് എസ്എംഎഫ്, ജൂൺ 28, ചന്ദ്രിക)
സർക്കാർ പിൻമാറണം
സൂംബ ഡാൻസ് അംഗീകരിക്കാനാവില്ലെന്ന് എസ്ഇഎം സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ. നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണ്. യൂറോപ്യൻ സംസ്‌കാരം വിദ്യാലയങ്ങളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയാണ് ഇത്. ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ അധ്യാപക-വിദ്യാർത്ഥി സംഘടനകളോട് ആലോചിക്കണമായിരുന്നു (സർക്കാർ പിൻമാറണം-എസ്ഇഎം, ജൂൺ 28, സുപ്രഭാതം).
പ്രതികരണം പഠിച്ചശേഷം
സൂംബ വിവാദത്തിൽ പഠിച്ചശേഷം പ്രതികരിക്കാമെന്ന് മുസ്ലീംലീഗ്. ഡാൻസിന്റെ രൂപവും ഭാവവും വ്യക്തമായി അറിഞ്ഞശേഷമേ പ്രതികരിക്കൂവെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഡാൻസ് സാംസ്‌കാരിക നിലവാരത്തെയും സദാചാരബോധത്തെയും ബാധിക്കുന്നതായാൽ ശക്തമായി പ്രതികരിക്കും. സൂംബ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. മതവിശ്വാസത്തെയും സാംസ്‌കാരിക കാര്യങ്ങളെയും അപഹസിക്കുന്നതാണെങ്കിൽ മതനേതാക്കൾ അഭിപ്രായം പറയണം (പഠിച്ചശേഷം പ്രതികരിക്കാം-ലീഗ്, ജൂൺ 28 മാധ്യമം).
ഡാർവിനെ അംഗീകരിക്കുന്നുണ്ടോ
ഡാർവിന്റെ പരിണാമ തിയറി അംഗീകരിക്കുകയാണെങ്കിൽ ഒരു മതത്തിനും നിലനിൽപ്പില്ലെന്നും സ്‌കൂളുകളിലും കോളജുകളിലും ഇത് പഠിപ്പിക്കുന്നതിനെ എന്താണ് മതമൗലികവാദികൾ എതിർക്കാത്തതെന്നും സുപ്രിംകോടതി അഭിഭാഷകനായ പി.വി ദിനേശ് ചോദിച്ചു. സുംബ ഡാൻസ് വിരോധികളുടെ നിലപാട് ഈ കാര്യത്തിൽ എന്താണെന്നും അദ്ദേഹം ചോദിച്ചു (ജൂൺ 28, ഫേസ്ബുക്ക്/ പി വി ദിനേശ്).
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വലിയ ചർച്ച നടന്നു. ചിലത് താഴെ നൽകുന്നു
നാസർ അബ്ദുൽ: ശക്തി കുറവ് കൊണ്ട് എതിർക്കാത്തതാണ്. പറ്റിയാൽ അഫ്ഗാനിസ്ഥാൻ മോഡൽ വിസ്മയം ആണ് മോഡൽ.
അലി പല്ലിയൽ: സോക്രട്ടീസിനെ വിഷം കുടിപ്പിച്ചവരുടെ പിൻ തലമുറക്കാരല്ലേ. അവർ ഇതൊന്നും നിർത്താൻ പോവുന്നില്ല.
മതമൗലികത്വവും 21ാം നൂറ്റാണ്ടും
സൂംബയെക്കുറിച്ച് ഇന്ത്യൻ ന്യൂഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയിൽ സി ഷുക്കീറിനെയും മന്ത്രി ബിന്ദുവിനെയും ഉദ്ധരിച്ചിരുന്നു. ഇതിൽ ഷുക്കൂർ ലഹരി മതതീവ്രവാദംപോലെ ഹാനികരമാണെന്ന് അഭിപ്രായപ്പെട്ടു: മത തീവ്രവാദവും മയക്കുമരുന്ന് ദുരുപയോഗവും രണ്ടും സമൂഹത്തിന് ഹാനികരമാണ്. അഞ്ച് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് തമ്മിൽ കളിക്കാനും ഇടപഴകാനും അവസരം നൽകുന്നത് മയക്കുമരുന്ന് ദുരുപയോഗം ഉൾപ്പെടെയുള്ള പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും. മൗലികത്വം മയക്കുമരുന്നിനെക്കാൾ അപകടകരമാണ്.
നാം 21-ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും കാലത്തിനനുസരിച്ച് ചിന്താഗതികൾ മാറണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു (മോർ മുസ്ലീം ഗ്രൂപ്പ്‌സ് കം ഔട്ട് എഗയ്ൻസ്റ്റ് സൂംബ സെഷൻസ് ഇൻ കേരള സ്‌കൂൾസ്, ജൂലൈ 28, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്)
മതമൗലികവാദികൾക്ക് കീഴടങ്ങി
സൂംബ ഡാൻസിനെതിരേ എതിരേ മുസ്ലീം സംഘടനകൾ പ്രതികരിച്ചതിനെക്കുറിച്ച് ജന്മഭൂമി നൽകിയ വാർത്ത മതമൗലികവാദികളുടെ നിർബന്ധത്തിന് സർക്കാർ വഴങ്ങിയെന്നാണ്: മുമ്പും ഇടത് സർക്കാർ മുസ്ലീം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിൽനിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വഴങ്ങി പിന്നോട്ട് പോയിട്ടുണ്ട്. സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം സംവിധാനം കൊണ്ടുവന്നതിനെതിരേ സമസ്ത രംഗത്തെത്തിയിരുന്നു. തുടർന്ന് സർക്കാർ ഏകീകൃത യൂണിഫോം പദ്ധതിയിൽനിന്ന് പിൻമാറി. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെയും വൈകീട്ടും കാൽമണിക്കൂർ അധികപഠന സമയം നടപ്പാക്കാൻ നോക്കിയപ്പോഴും മുസ്ലീം സംഘടനകൾ പ്രതിഷേധിച്ചിരുന്നു (പിണറായി സർക്കാർ സമ്മർദ്ദത്തിൽ: വിദ്യാലയങ്ങളിലെ സൂംബ ഡാൻസിന് എതിരേയും മുസ്ലീം സംഘടനകൾ, ജൂൺ 28, ജന്മഭൂമി)
മതം ആജ്ഞാപിക്കരുത്
വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുൾപ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാൻ മതസംഘടനകൾക്ക് അവകാശമുണ്ടെന്നും എന്നാൽ ആജ്ഞാപിക്കരുതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി: വിദ്യാർഥി-വിദ്യാർഥിനികൾ ഒരു പരിപാടിയിൽ ഒന്നിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല. കുട്ടികൾ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരണം. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. അപ്പോഴാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഒഴിവാകുന്നത്. സംസ്‌കാരസമ്പന്നമായ, ആധുനികമായ ഒരു സമൂഹമായാണ് ഭാവിതലമുറ വളരുന്നത്. പൊതുവിദ്യാഭ്യാസമെന്നത്. നമ്മൾ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികൾ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡാവാദമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആജ്ഞാപിക്കാൻ മതം പുറപ്പെടരുത്. അവർക്ക് അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിൽ മതം വിദ്യാഭ്യാസത്തിൽ നിന്ന് മാറിനിൽക്കണം. ഓരോ മതത്തിന്റെയും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മതാചാരപ്രകാരമുള്ള വിദ്യാഭ്യാസം പ്രത്യേകം നടത്താം (സൂംബ പാടില്ലെന്നുള്ളത് വിതണ്ഡാവാദം; അഭിപ്രായം പറയാം ആജ്ഞാപിക്കാൻ മതം പുറപ്പെടരുത് – എം.എ. ബേബി, ജൂൺ 28, മാതൃഭൂമി)
എതിരല്ല, അടിച്ചേൽപ്പിക്കരുത്
സൂംബ നൃത്തത്തിന് എതിലല്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ: പരാതി ചർച്ച ചെയ്ത് പരിഹരിക്കണം. ഒന്നും അടിച്ചേൽപ്പിക്കേണ്ടതില്ല. ഇഷ്ടമുള്ളവർ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവർ ചെയ്യണ്ട. എല്ലാവരോടും പർദ ധരിക്കാനോ ജീൻസും ടോപ്പും ഇട്ടുനടക്കാനോ പറയാനാകില്ല. ഇത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് പോകരുത്. അതിൽ നിന്നും മുതലെടുക്കാൻ ചിലരുണ്ട്. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത പടർത്തുന്ന സംസ്ഥാനമായി കേരളം മാറരുത്. പരാതി ഉണ്ടായാൽ ചർച്ച നടത്തി പരിഹരിക്കണം. സുംബ ഡാൻസിന് എതിരല്ല (‘സൂംബ നൃത്തം അടിച്ചേൽപ്പിക്കേണ്ട; ഇഷ്ടമുള്ളവർ ചെയ്യട്ടെ; പർദ ധരിക്കാനോ ജീൻസും ടോപ്പും ഇട്ടുനടക്കാനോ എല്ലാവരോടും പറയാനാകില്ല’ ജൂൺ 28, മാധ്യമം).
വിവാദം അനാവശ്യം
സൂംബ ഡാൻസ് നാട്ടിൽ സാർവത്രികമായി നടന്നു കൊണ്ടിരിക്കുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സൂംബ ഡാൻസ് നാട്ടിൽ സാർവത്രികമായി ആരോഗ്യ സംരക്ഷണത്തിന് നടന്നു കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. അത് വിവാദമാകേണ്ട കാര്യം സത്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു(‘സൂംബ നൃത്തം അടിച്ചേൽപ്പിക്കേണ്ട; ഇഷ്ടമുള്ളവർ ചെയ്യട്ടെ; പർദ ധരിക്കാനോ ജീൻസും ടോപ്പും ഇട്ടുനടക്കാനോ എല്ലാവരോടും പറയാനാകില്ല (ജൂൺ 28, മാധ്യമം).
ഗോത്രകാലബോധനങ്ങളുമായി മത പണ്ഡിതന്മാർ
‘നാഥാ, മതപണ്ഡിതന്മാർ ഉള്ള ആ സ്വർഗത്തിൽ എനിക്ക് പ്രവേശനം നിഷേധിക്കണേ’ എന്ന് പുതിയ തലമുറയിലെ മുസ്ലീം കുട്ടികൾ പ്രാർഥിക്കാൻ ഇടയുണ്ടാക്കുന്ന വിധത്തിലാണ് ഏതു വിഷയത്തിലും മലയാളീ മുസ്ലീം പണ്ഡിതന്മാരുടെ ഇടപെടലുകളെന്ന് എഴുത്തുകാരൻ താഹ മാടായി കുറ്റപ്പെടുത്തി: ഗോത്രകാലബോധനങ്ങളുമായാണ് മത പണ്ഡിതന്മാർ മുന്നോട്ടു പോകുന്നത്. ഈ മതബാധിതരായ ആണുങ്ങളെല്ലാം കൂടി കുട്ടികളുടെ പഠന / വ്യായാമ കാര്യത്തിൽ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. കുട്ടികൾ ആർത്തുല്ലസിച്ച് തുള്ളിക്കളിച്ചാൽ നഷ്ടപ്പെടുന്നതാണ് സ്വർഗമെങ്കിൽ ആ സ്വർഗം ഞങ്ങളുടെ മക്കൾക്ക് വേണ്ട. കളിക്കുന്നതിലെല്ലാം ദ്വയാർഥം കാണുകയാണ്. മതപണ്ഡിതന്മാർക്ക് ഹാലിളകിയിരിക്കയാണ്. സ്‌കൂളിലെ കേവലമായ വ്യായാമത്തെ കുറിച്ച് വാചാലരായി മതവിധി പറയുന്നവർ മുസ്ലീം സമുദായത്തെ താറടിക്കുന്നു (‘മതപണ്ഡിതന്മാർ ഉള്ള ആ സ്വർഗത്തിൽ എനിക്ക് പ്രവേശനം നിഷേധിക്കണേ..’ എന്ന് പുതു തലമുറയിലെ മുസ്ലീം കുട്ടികൾ, താഹ മാടായി, ജൂൺ 28, റിപ്പോർട്ടർ ടിവി).
മാനസിക വൈകൃതം, മതഭ്രാന്ത്
സൂംബ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഒരു പ്രൈംടൈം ഡിബേറ്റ് സംഘടിപ്പിച്ചിരുന്നു. ‘കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്നോ?’, ‘മതപൗരോഹിത്യം എല്ലായിടത്തും പിടിമുറുക്കുന്നോ? വിദ്യാലയങ്ങളിലെ വ്യായാമങ്ങൾക്കും മതശാസനകളോ?’ എന്നായിരുന്നു ചർച്ചയുടെ പ്രമേയം. അതിൽ പങ്കെടുത്തുകൊണ്ട് നടനും സാമൂഹിക വിമർശനുമായ അഡ്വ. സി ഷുക്കൂർ ‘മാനസിക വൈകൃതമുള്ളവരാണ് സൂംബ എതിർക്കുന്നതെന്നും ഇത്തരക്കാർ സമൂഹത്തിന് ദോഷം ചെയ്യുകയാണെന്നും അഭിപ്രായപ്പെട്ടു: മുസ്ലീങ്ങൾ വൈജാത്യങ്ങളെ അംഗീകരിക്കുന്നവരാണ്. അവർ കേരളത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്തവരാണ്. സിനിമ, നാടകം, പുസ്തകരചന എന്നിങ്ങനെ എല്ലാ മേഖലയിലും പങ്കുവഹിച്ചിട്ടുള്ളവരാണ്. കുട്ടികളുടെ മാനസികമായ സമ്മർദ്ദങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള വ്യായാമം സർക്കാർ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണ്. ആ സർക്കാരിനെ മുസ്ലീം വിരുദ്ധരാക്കി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് സൂംബാവിവാദം. മതമൗലികവാദികളുടെ തിട്ടൂരത്തിന് കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം തോന്നിയിരുന്നു. പക്ഷേ, സർക്കാർ അത് അതിജീവിച്ചു. മതമൗലികവാദികൾക്കു മുന്നിൽ കീഴടങ്ങുന്ന സർക്കാരല്ല ഇതെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. സംഗീതംപോലും അനുവദിക്കാത്തവരാണ് ഇപ്പോൾ ഇതിനെതിരേ നിൽക്കുന്നത്. മതവേഷധാരികൾ സമൂഹത്തിന് ദോഷം ചെയ്യുന്നു (‘മാനസിക വൈകൃതമുള്ളവരാണ് സൂംബ എതിർക്കുന്നത്, ഇവർ സമൂഹത്തിന് ദോഷമാണ് ചെയ്യുന്നത്’; അഡ്വ. സി ഷുക്കൂർ, ജൂൺ 28, ഏഷ്യാനെറ്റ്).
ഇതേ വിഷയത്തെക്കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് വാളിൽ ഇങ്ങനെ എഴുതി: നമ്മുടെ ജീവിതം കൂടുതൽ ഇടുങ്ങിയതും ദുസ്സഹവും ആക്കുകയാണ് മത ഭ്രാന്തന്മാർ ചെയുന്നത്. സ്‌ക്കൂൾ വിദ്യാഭ്യാസ രംഗത്ത് സർക്കാർ എടുക്കുന്ന ഏത് ക്രിയാത്മക പ്രവർത്തനത്തെയും അള്ളു വെക്കുകയും പിന്നിൽ നിന്നും കുത്തുകയും ചെയ്യുന്നവരാണ് ഈ മത ജീവികൾ. മത മൗലികതയ്ക്ക് അപ്പുറം മറ്റൊരു ലോകമില്ലെന്നാണ് ഇകൂട്ടരുടെ വിചാരം. വിസ്ഡം സലഫികൾ പ്രസരിപ്പിക്കുന്ന ആശയങ്ങളിൽ ആകൃഷ്ടരാവയവരാണ് അഫ്ഘാനിലേക്ക് പാലായനം പോയതും സ്വയം പൊട്ടി തെറിച്ചതും. കുട്ടികൾ മയക്കു മരുന്നിലേക്കും മറ്റും വഴി തെറ്റാതിരിക്കുവാനാണ് സൂമ്പാ ഡാൻസ് എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. നമ്മുടെ ഇടയിൽ മിക്കയിടത്തും ബോഡി ഫിറ്റ്‌നസ്സിനു വേണ്ടി ഈ സൂമ്പാ ഡാൻസ് നടത്തുന്നുമുണ്ട്.. അതിനെതിരെ അയാൾ യൂട്യൂബിൽ കണ്ട ഏതോ അശ്ലീല വിഡിയോയുമായി താരതമ്യം ചെയ്തു അൽപം വസ്ത്രം ധരിച്ചു എന്നൊക്കെ പറഞ്ഞു എതിർപ്പുമായി ആദ്യം വന്നത്. പിന്നാലെ കുട്ടി ലീഗാരും ബഹാക്കുദ്ദീൻ മൗല്യാരും മറ്റും കൂടിയിട്ടുണ്ട്.
അവരുടെ മത രാഷ്ട്രം താലിബാനിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതു പോലെ കേരളത്തിലും വേണമെന്നാണ് ഇക്കൂട്ടരുടെ കിനാവ്. ജമാഅത്ത് യു ഡി എഫ് ഭാവിയിൽ അധികാരത്തിൽ വരികയാണെങ്കിൽ മിക്കവാറും വിദ്യാഭ്യാസ വിചക്ഷണന്മാർ ഇക്കൂട്ടരാവും. അങ്ങിനെ പരിണാമ സിദ്ധാന്തവും മറ്റു ശാസ്ത്ര പഠനങ്ങളും ടെക്സ്റ്റുകളിൽ നിന്നും നീക്കുവാൻ തീരുമാനിക്കും. ആൺ കുട്ടിയും പെൺ കുട്ടിയും ഒരേ ക്ലാസിൽ പഠിക്കുന്നതു പോലും മത വിരുദ്ധമായതിനാൽ അതും നിരോധിക്കും…നല്ല കിനാക്കൾ. കേരളീയ പൊതു മണ്ഡലത്തെ ഇസ്ലാമോ ഫോബിക്ക് ആക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് ഇക്കൂട്ടറാണ്. മത മൗലിക വാദികളിൽ നിന്നും മേലൊപ്പ് വാങ്ങി സ്‌ക്കൂളുകളിൽ പരിഷ്‌ക്കാരം നടപ്പിലാക്കേണ്ട ഗതികോടിലേക്കാണ് കേരളം നീങ്ങുന്നത്. താലിബാൻ ഫാൻസിനെ തിരിച്ചറിഞ്ഞാൽ നമുക്ക് രക്ഷപ്പെടാം (ജൂൺ 27. ഫേസ്ബുക്ക് പോസ്റ്റ്/ സി ഷുക്കൂർ).
സൂംബ സർക്കുലർ പിൻവലിക്കണം
സൂംബ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി. ആവശ്യമായ പഠനം നടത്താതെയാണ് പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. നൃത്തം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും സംഘടന കുറ്റപ്പെടുത്തി (സൂംബ നൃത്തം: സർക്കുലർ പിൻവലിക്കണമെന്ന് സമസ്ത, ജൂൺ 28, മാധ്യമം).
ഉറഞ്ഞുതുള്ളുന്ന മതമൗലികവാദികൾ
സൂംബയ്ക്കെതിരെ ഉറഞ്ഞുതുള്ളാൻ ഇത്തരം മതമൗലികവാദികളെ പ്രേരിപ്പിക്കുന്നത്, പെൺകുട്ടികൾ ശരീരമനക്കാതെ, വീട് വിട്ടിറങ്ങാതെ തങ്ങളുടെ ആജ്ഞപ്രകാരം മാത്രം ജീവിക്കേണ്ടവരാണെന്ന പുരുഷപൗരോഹിത്യത്തിന്റെ അടഞ്ഞ ചിന്തകളാണ്. വസ്ത്രത്തിന്റെ കാര്യത്തിലും മതമൗലികവാദികൾ ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കേവലം വ്യായാമമോ വിനോദമോ ആയി മാത്രം പരിഗണിക്കേണ്ട സുംബയെ മതത്തിൽ മുക്കിപ്പൊരിച്ചിരിക്കുമ്പോൾ അത് സമൂഹത്തിൽ ഭിന്നതയോ വേർതിരിവോ അറിഞ്ഞോ അറിയാതെയോ സൃഷ്ഠിക്കുന്നുണ്ട് (അന്ന് യൂണിഫോം, ഇന്ന് സൂംബ പിള്ളേരെ വെറുതെ വിട്ടൂടെ ‘പണ്ഡിതരേ…’, ജൂൺ 28, റിപ്പോർട്ടർ ടിവി).
അഗ്രഷൻ മാറാൻ നല്ലത്!
കുട്ടികൾ മാത്രമല്ല, എല്ലാവരും സൂംബ കളിക്കട്ടെയെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. അഗ്രഷൻ മാറാൻ ഉപകരിക്കും. മതനേതാക്കൾക്കും മാറ്റമുണ്ടാകും: സ്കൂളിലെ കുട്ടികൾ മാത്രമല്ല, നാട്ടിലെ മനുഷ്യർ മുഴുവൻ മെയ്യിളകി നൃത്തം ചെയ്യട്ടെ. കുറേ അഗ്രഷൻ അങ്ങനെ മാറിക്കിട്ടും. നമ്മുടെ കുട്ടികൾ സ്‌കൂളുകളിൽ നിന്ന് മാനസിക, ശാരീരികാരോഗ്യത്തോടെ വളർന്നു വരട്ടെ. മത നേതാക്കളും ശരീരലൈംഗിക സദാചാരവാദികളും ദിവസം രണ്ടു നേരവും സുംബാ കളിച്ചാൽ ഇപ്പോൾ കാര്യങ്ങൾ കാണുന്ന രീതിയിൽ നിന്ന് കുറച്ച് മാറ്റം വരുമായിരിക്കും! (ജൂൺ 28, ഫേസ്ബുക്ക് പോസ്റ്റ്/ സി.എസ് ചന്ദ്രിക)
വിവാദം അനാവശ്യം
ലഹരിക്കെതിരേയുള്ള സദുദ്ദേശ ശ്രമങ്ങളെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സ്വാഗതം ചെയ്തു. ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ പിന്തുണയും വ്യക്തമാക്കി: സൂംബ ഡാൻസ് ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നുമില്ല. ഇതുസംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണ് (ലഹരിക്കെതിരേയുള്ള സദുദ്ദേശ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ് യു, ജൂൺ 29, വീക്ഷണം).
സൂംബ അടിച്ചേൽപ്പിക്കരുത്
സ്‌കൂളുകളിൽ പരിശീലനം അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സൂംബക്ക് എതിരല്ല. ആരെങ്കിലും പരാതി പറഞ്ഞാൽ അവരുമായി ചർച്ച നടത്തണം. വിവാദമാക്കേണ്ട കാര്യമില്ല. പച്ചവെള്ളത്തിന് തീ പിടിക്കുന്ന വർഗീതയുള്ള സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു (സൂംബ പരിശീലനം അടിച്ചേൽപ്പിക്കരുതെന്ന് വി ഡി സതീശൻ, ജൂൺ 29 ചന്ദ്രിക).
ഭൂരിപക്ഷവർഗീയതക്ക് വെള്ളവും വളർച്ചയും നൽകുന്നു
ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന സൂംബ ഡാൻസിനെതിരേയുണ്ടായ പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി. സംസ്ഥാനത്തെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗനിർദേശത്തിന്റെ തുടർച്ചയായാണ് സൂംബ ആരംഭിച്ചത്. യോഗത്തിൽ അഭിപ്രായം പറയാത്തവർ ഇപ്പോൾ കള്ളപ്രചാരണം നടത്തുന്നതിൽ ഗൂഢലക്ഷ്യമുണ്ട്. അശാസ്ത്രീയവും അപക്വവുമായ നിലപാട് പുലർത്തുന്നവർ ഭൂരിപക്ഷ വർഗീയതക്ക് വെള്ളവും വളവും നൽകുന്ന പ്രവർത്തനമാണ് ചെയ്യുന്നത് (സൂംബ ഡാൻസിനെതിരായുള്ള പ്രചാരണം ദുഷ്ടലാക്കോടെ: കെഎസ്ടിഎ, ജൂൺ 29, ദേശാഭിമാനി).


നടപ്പാക്കുന്നത് മുസ്ലീം സംഘടനകളുടെ തീരുമാനം
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലീം മതമൗലികവാദസംഘടനകളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇടതുസർക്കാർ പിൻവലിക്കുകയാണെന്നും അവരുടെ തീരുമാനങ്ങൾ മാത്രമാണ് നടപ്പാക്കുന്നതെന്നും ജന്മഭൂമി: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലീം മതമൗലികവാദസംഘടനകളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇടതുസർക്കാർ പിൻവലിച്ചത് സൂംബ ഡാൻസിലും ആവർത്തിക്കുന്നു. സ്‌കൂൾ സമയമാറ്റം, ജെൻഡർ ന്യൂട്രൽ യൂണിഫോം തുടങ്ങിയ വിഷയങ്ങളിൽ മുസ്ലീം സംഘടനകൾ വരച്ചവരയിൽ ഇടതു സർക്കാർ വഴങ്ങുകയാണ്. സ്‌കൂൾ യൂണിഫോം മുസ്ലീം മതനിയമപ്രകാരം മതിയെന്ന തിട്ടൂരമാണ് സർക്കാർ നിർദ്ദേശത്തിൽ നടപ്പിലായത്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കാമെന്നുള്ള നിർദ്ദേശവും പിൻവലിച്ചു (പ്രഖ്യാപിക്കും, പിൻവലിക്കും; നടപ്പിലാകുന്നത് മുസ്ലീം സംഘടനകളുടെ തീരുമാനം, ജൂൺ 29, ജന്മഭൂമി).
മതവിഷജീവികൾ മാളത്തിനു പുറത്ത്
ഒരു ഉപതെരഞ്ഞെടുപ്പിൽ വലതുപക്ഷം വിജയിച്ചപ്പോഴേക്കും മതവിഷജീവികൾ മാളംവിട്ട് പുറത്തുവന്നിരിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സൂംബ ഡാൻസിനെതിരെ ഉയരുന്ന എതിർപ്പുകളോട് പ്രതികരിക്കുകയായിരുന്നു ബെന്യാമിൻ. ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട് (സർവ മതവിഷജീവികളും മാളംവിട്ട് പുറത്തുവന്നു; ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാം: ബെന്യാമിൻ, ജൂൺ 29, ദേശാഭിമാനി).


ചെകുത്താനും കടലിനും നടുവിൽ
ഏറെ കാലമായി ഇന്ത്യയിലെ മുസ്ലീം മതസമൂഹം ചെകുത്താനും കടലിനുമിടയിലാണെന്ന് എഴുത്തുകാരനും ഇടത് സഹയാത്രികനുമായ അശോകൻ ചരുവിൽ. ഒരു ഭാഗത്ത് ആക്രമിച്ചുകൊണ്ടു നിൽക്കുന്ന ആർ.എസ്.എസ്. മതരാഷ്ട്രീയഭീകരത. മറുഭാഗത്ത് മുന്നോട്ട് ചലിക്കാൻ അനുവദിക്കാതിക്കാത്ത മതപൗരോഹിത്യം. ഇതിൽ ഏതാണ് ചെകുത്താൻ, ഏതാണ് കടൽ എന്നേ നിശ്ചയിക്കേണ്ടതുള്ളുവെന്നും സൂംബ വിവാദത്തിൽ ഇടപെട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു:
ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ കടന്നാക്രമണത്തിൽ നിന്ന് വിശ്വാസത്തെയും സംസ്‌കാരത്തേയും ജീവിതരീതിയേയും സംരക്ഷിക്കാൻ മുസ്ലീം ജനത അശ്രാന്ത പരിശ്രമം ചെയ്യുകയാണ്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ സ്വന്തം മതത്തെക്കുറിച്ചുള്ള അഭിമാനം ഉയർത്തിപ്പിടിച്ചു കൊണ്ടല്ലാതെ ഒരു ജനതക്കും നേരിടാനാവില്ല. പക്ഷേ മതപുരോഹിതന്മാർ എന്ന് അവകാശപ്പെടുന്ന ചിലർ അക്കാര്യത്തിൽ തടസ്സം നിൽക്കുകയാണ്. അവർ മതത്തെ അപരിഷ്‌കൃതമായ /സ്ത്രീവിരുദ്ധമായ ഒന്നായി അവതരിപ്പിക്കുന്നു. താലിബാൻ ഇസ്ലാംമതത്തെ ഹിംസയായാണ് കാണുന്നത്. ജമായത്തെ ഇസ്ലാമി രാഷ്ട്രീയാധികാരത്തിനുള്ള വെറുമൊരു ഉപകരണമായും. പുരോഹിതർ എന്നവകാശപ്പെടുന്ന മറ്റു ചിലരാകട്ടെ പ്രാകൃത, അടിമയുഗത്തിലേക്കുള്ള യാത്രാപരിപാടിയായി മതത്തെ അവതരിപ്പിക്കുന്നു.
പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും പ്രക്ഷോഭം നടത്തുമ്പോഴുമാണ് ഏതു സമൂഹവും ജനാധിപത്യവൽക്കരിക്കപ്പെടുന്നത്. മുസ്ലീം സമൂഹം ഇപ്പോൾ ജനാധിപത്യത്തിന്റെ വഴിയിലാണ്. ഭൂരിപക്ഷമതത്തിന്റെ പേരിലുള്ള രാഷ്ട്രീയ, സാംസ്‌കാരിക കടന്നാക്രമണളെ ചെറുത്തു നിൽക്കുന്നതിന്റെ ഫലമായി സമുദായത്തിലെ യുവാക്കൾ, പ്രത്യേകിച്ച് പെൺകുട്ടികളും യുവതികളും ജ്ഞാനത്തിന്റേയും സർഗാത്മകതയുടേയും മേഖലകളിൽ ആധിപത്യം നേടുന്നതായി കാണുന്നു. ഇങ്ങനെ ധൈഷണികമായി ഉയരുകയും ജനാധിപത്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നവർ തങ്ങളുടെ ചൊൽപ്പടിയിൽ നിന്ന് കുതറിപ്പോവുമോ എന്ന ഭയം യഥാസ്ഥിതിക പൗരോഹിത്യത്തെ അലട്ടുന്നുണ്ട്. സൂംബാ ഡാൻസും മറ്റു കലാ /കായികവിനോദങ്ങളും മതവിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള നീക്കം ഈ ഭീതിയിൽ നിന്നുണ്ടാവുന്നതാണ്. കേരളം, പ്രത്യേകിച്ച് മുസ്ലീംസമൂഹം ഈ ഭീരുക്കൾക്ക് കീഴടങ്ങരുത് (ജൂൺ 29, ഫേസ്ബുക്ക് പോസ്റ്റ്/ അശോകൻ ചരുവിൽ)
മതരാജ്യം നടപ്പാക്കാൻ ശ്രമം
സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചു: തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകരുത്. വെറുതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. ഈ ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. മതവിശ്വാസികളെയും അവരുടെ നേതൃത്വത്തെയും അനുസരിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത് എന്നു വരുന്നത് ശരിയല്ല. ഒരു കൂട്ടായ്മക്ക് മണി പവറും മസിൽപവറുമുണ്ടെന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന നയം കാണിക്കുന്നത് ശരിയല്ല. അവരുടേതായ ആധിപത്യമോ ധാർഷ്ട്യമോ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതു കാണുന്ന മറ്റു മതവിഭാഗക്കാർക്കു മനഃപ്രയാസവും വിദ്വേഷവും ഉള്ളിലുണ്ട്. വെറുതേ മതവിദ്വേഷവും മതവികാരവുമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ പിന്മാറണം (‘നല്ലതിനെ സ്വാഗതം ചെയ്യണം’; സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള തീരുമാനത്ത പിന്തുണച്ച് വെളളാപ്പള്ളി, ജൂൺ 29, മാധ്യമം; വസ്ത്രം ധരിച്ചാണല്ലോ സൂംബ ചെയ്യുന്നത്, മണി പവറും മസിൽ പവറുമുണ്ടെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല, ജൂൺ 29, മനോരമ ഓൺലൈൻ).
അപകടകരമായ അജണ്ട
സ്‌കൂളുകളിലെ ലഹരി വിരുദ്ധ നടപടിയുടെ ഭാഗമായി സൂംബ ഡാൻസ് നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെ എതിർക്കുന്ന മതസംഘടനാ നേതാക്കൾക്ക് അപകടകരമായ അജണ്ടകളാണ് ഉള്ളതെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ: മതപണ്ഡിതർ പക്വതയോടെ സംസാരിക്കണം. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന സമീപനം ഉണ്ടാവരുത്. വിദ്യാലയങ്ങളിൽ വിഭാഗീയത ഉണ്ടാക്കരുത്.വർഗീയത ആളിക്കത്തിക്കുന്നവർക്ക് അത് അണയ്ക്കാൻ കഴിയില്ല(എതിർപ്പുമായി വരുന്നവർക്ക് അപകടകരമായ അജണ്ട. (സൂംബ വിവാദത്തിൽ ഹുസൈൻ മടവൂരിനെയും വിസ്ഡം ഗ്രൂപ്പിനെയും തള്ളി കെ എൻഎം, ജൂൺ 29, ഡൂൾ ന്യൂസ്).
നൂറ്റാണ്ടുകൾക്കു മുന്നുള്ള കാഴ്ചപ്പാട്
സ്ത്രീകളും ഈ ലോകത്തിന്റെ അവകാശികളാണെന്ന് ഇന്നും മനസ്സിലായിട്ടില്ലാത്ത നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ് സൂംബ വിവാദത്തിനു പിന്നിലെന്ന് സൈബർ ഇടങ്ങളിൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് ഐഡി(ജൂൺ 29, ഫേസ്ബുക്/ പോരാളി ഷാജി).
ലക്ഷ്യം യോഗയെ തകർക്കൽ
സൂംബ കൊണ്ടുവരുന്നത് സാംസ്‌കാരിക അധിനിവേശമാണെന്നും യോഗയെ നിഷേധിക്കുകയാണ് ലക്ഷ്യമെന്നും ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു:
ലഹരിക്കെതിരെ എന്ന പേരിൽ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. കേരളത്തിലേക്ക് ലഹരി കടത്തി കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം അറസ്റ്റ് ചെയ്ത് പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതുപോലെ കാപട്യമാണ് സൂംബയും. സൂംബ ഈ നാടിന്റെ സാംസ്‌കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണ്. വിദേശ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. ഇപ്പോൾ പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന യോഗ പരിശീലകർക്കും അവസരം നിഷേധിക്കുക എന്നതാണ് സൂംബ ഇറക്കുമതിയിലൂടെ ലക്ഷ്യമിടുന്നത് (സൂംബയിൽ വെളിപ്പെടുന്നത് സർക്കാർ കാപട്യം, ലക്ഷ്യം യോഗയ്ക്ക് അവസരം നിഷേധിക്കൽ: ഭാരതീയ വിചാര കേന്ദ്രം, ജൂൺ 29, സമകാലിക മലയാളം).


മുസ്ലീം മതമൗലീകവാദികളുടെ വാദമല്ല ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും ഇതൊരു യഥാർത്ഥ വിലയിരുത്തലാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ നേതാവ് ആർ വി ബാബു ഇതിനോട് പ്രതികരിച്ചത്. ലഹരിക്കെതിരായ പ്രവർത്തനത്തിന് കലാകായിക രംഗത്തെ പ്രയോജനപ്പെടുത്തുമ്പോൾ വൈദേശികമായ സൂംബയേക്കാൾ പരിഗണന നൽകേണ്ടത് യോഗ പോലുള്ള ഭാരതീയമായ കലാകായിക വിനോദങ്ങൾക്കാണ് എന്ന അഭിപ്രായം എന്തുകൊണ്ടും പ്രധാനമാണ് (ജൂൺ 30, ഫേസ്ബുക്ക്/ ആർ വി ബാബു).
വിസ്ഡം ഇല്ലാത്ത കൂട്ടരും വിചാരം ഇല്ലാത്ത കേന്ദ്രവും എന്നായിരുന്നു ഇതിനോടുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം: എന്തെ വന്നില്ല എന്ന് ഓർത്തേ ഉള്ളൂ, അപ്പോഴേക്കും വന്നു…കുട്ടികൾ സൂംബ കളിക്കട്ടെ.. ആരോഗ്യമുള്ളവരായി വളരട്ടെ (ജൂൺ 30, ഫേസ്ബുക്ക്/ വി ശിവൻകുട്ടി)
ഫത്‌വയുമായി ഇറങ്ങുന്നവർ
സൂംബ നൃത്തത്തെ എതിർക്കുന്നത് സ്ത്രീവിരുദ്ധതയുടെ ഭാഗമാണെന്നും ആവശ്യമില്ലാത്തിടത്ത് ഫത് വയുമായി ഇറങ്ങരുതെന്നും എഴുത്തുകാരനും അധ്യാപകനമായ പി.കെ പോക്കർ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചു: ഒരു ബഹുസ്വര ജീവിതത്തിന്റെ ഭാഗമാകാൻ വിസമ്മതിക്കുന്നവർക്ക് മുന്നിൽ കാലം കീഴടങ്ങില്ല. സുംബയെ എതിർക്കാൻ കാണിക്കുന്ന ശൗര്യം മയക്കുമരുന്നും എംഡിഎംഎയും വിദ്യാലയ കവാടങ്ങളിൽ എത്തുന്നത് തടയാൻ ഇത്ര ശൗര്യമൊന്നും കാണിച്ചില്ലല്ലോ. അപ്പോൾ സ്ത്രീ വിരുദ്ധതയാണ് അടിസ്ഥാനം. ലിംഗ സമത്വമാണ് പ്രശ്‌നമെങ്കിൽ കേരളം ഇതൊന്നും ഇനി ചെവിക്കൊള്ളില്ലെന്നു തിരിച്ചറിയുക, (നിങ്ങളുടെ വീടുകളിൽ പോലും.) അതിനാൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഫത്‌വയുമായി ഇറങ്ങി പൊതുമണ്ഡലത്തിൽ അസ്വസ്ഥത പരത്തുന്നത് പൗരോഹിത്യം ഉപേക്ഷിക്കുക (ജൂൺ 29, ഫേസ്ബുക്/പോക്കർ പേരിലാംകുളത്ത്).
മതഞരമ്പന്മാർ
ഈ വിവാദത്തിൽ ഇടപെട്ടുകൊണ്ട് ടി.കെ ഉമർ പ്രതിഷേധക്കാരെ ‘മതഞരമ്പ’ന്മാരെന്നാണ് വിശേഷിപ്പിച്ചത്: കേരളത്തിലെ മുസ്ലീം സമുദായത്തിൽ അഞ്ചുശതമാനത്തിൽ താഴെയാണ് മുജാഹിദ് വിഭാഗം. അതിൽ നിന്നും പിരിഞ്ഞു പോയ ഒരു നേരിയ ഗ്രൂപ്പാണ് വിസ്ഡം. മേശവലിപ്പ് വലിച്ചടക്കരുത്, ചിലപ്പോ ജിന്നുകൾക്ക് പരിക്കുപറ്റിയേക്കും എന്നൊക്കെ വിശ്വസിക്കുന്ന പാവങ്ങളാണ്. കൂട്ടത്തിൽ ഡോക്ടർമാരും എഞ്ചിനിയർമാരുമൊക്കെയുണ്ട്. പേര് വിസ്ഡം എന്നാണെങ്കിലും വിവേകം ഈ മതഞരമ്പൻമാരുടെ സർവ്വേ നമ്പറിൽ പോയിട്ടില്ല. പക്ഷേ ഇവർക്ക് ചാനലുകാർ വിസിബിലിറ്റി നൽകുന്നത് സദുദ്ദേശത്തിലല്ല.
സൂംബ വിവാദമുണ്ടായതോടെ ഓരോ മുസ്ലീം മതവിശ്വാസിയും സൂംബയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ട് പോയാമതി എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ ആഹ്വാനങ്ങൾ മാറിക്കഴിഞ്ഞതായും അദ്ദേഹം പരാതിപ്പെട്ടു (ജൂൺ 30, ഫേസ്ബുക്ക് പോസ്റ്റ്/ ടി.കെ ഉമ്മർ)
സൂംബ കൂട്ടായ്മയുടെ നൃത്തം
പൊതുവിദ്യാലയങ്ങളിൽ സർക്കാർ നടപ്പാക്കുന്ന സൂംബക്ക് പിന്തുണ പ്രഖ്യാപിച്ച് സൂംബ കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നിൽ നൃത്തം ചെയ്തു. അതിന് സാക്ഷ്യം വഹിക്കാൻ വിദ്യാഭ്യാസ മന്ത്രിയും എത്തിയിരുന്നു(ചുവടുറച്ച് സൂംബാ കൂട്ടായ്മയുടെ ചിത്രം), ജൂൺ 30, മാതൃഭൂമി).
താലിബാനിസം ഇത്ര ലളിതമോ?
സൂംബ വിവാദത്തെ താലിബാനുമായി ചേർത്തുവയ്ക്കുന്നത് താലിബാനിസത്തെ നിസ്സാരവൽക്കരിക്കലാണെന്നും ചില മാധ്യമങ്ങൾ വിമർശിച്ചു: സത്യത്തിൽ ഈ വിവാദത്തിലൂടെ താലിബാനിസത്തെ നിസ്സാര വത്കരിക്കുകയല്ലേ ചെയ്യുന്നത്? ഏറ്റവും അപകടം ഇതുമല്ല. നമ്മുടെ സമൂഹത്തിൽ താലിബാൻ ചിന്താഗതിയുള്ളവർ വ്യാപകമാണ് എന്നൊരു അഭിപ്രയത്തിന് അമിത ദൃശ്യത നൽകി ഒരു തരം ഭയവ്യാപാരം നടക്കുകയാണ് ഇവിടെ. തൊട്ടതിനും പിടിച്ചതിനും ഒരു പഞ്ച് ഡയലോഗ് എന്ന നിലക്ക് താലിബാൻ-സംഘപരിവാർ ടാഗുകൾ കൊടുക്കുന്നത് ഈ രണ്ട് വിഷ ചിന്തകളെയും സമൂഹത്തിൽ നിസാരവത്കരിക്കുന്നതിനും അവയ്ക്ക് ഇല്ലാത്ത ദൃശ്യത നൽകി അപരദ്വേഷ-ഭയനിർമ്മിതിക്കും കാരണമാവും (ജൂൺ 30, ഫേസ്ബുക്ക് പേജ്/ ദി കോംപസ് മലയാളം).
ഹോസ്റ്റൽ കർഫ്യൂവും സൂംബയും
സൂംബ വിവാദം കത്തിനിൽക്കുന്ന അതേ സമയത്തുതന്നെയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പുതിയൊരു സർക്കുലർ കൊണ്ടുവന്നത്. അതനുസരിച്ച് വിദ്യാർത്ഥികൾ രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കരുത്. ലഹരി നിയന്ത്രണമാണ് കാരണമായി പറഞ്ഞത്. അഡ്വ. കെ എസ് അരുൺകുമാർ കൺവീനറായ സിൻഡിക്കേറ്റ് കമ്മിറ്റിയാണ് നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്തത്. സർക്കുലർ അംഗീകരിക്കാനാവില്ലായെന്നും സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമാണിതെന്നുമായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രതിഷേധവും ആരംഭിച്ചു (രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ പ്രവേശനമില്ല; കാലടി സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം, ജൂലൈ 1, റിപ്പോർട്ടർ).
സിൻഡിക്കേറ്റ് അംഗമായി സദാചാരപരമായ സർക്കുലർ പുറപ്പെടുവിക്കാൻ ശുപാർശ ചെയ്ത അതേ നേതാവുതന്നെ (അഡ്വ. കെ എസ് അരുൺകുമാർ) സൂംബ വിവാദത്തിൽ മുസ്ലീം സംഘടനകളെ വിമർശിച്ചതിനെതിരേ അതേ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ആദി ഒരു ലേഖനം എഴുതി (ഹോസ്റ്റൽ കർഫ്യൂവിലൂടെ സംസ്‌കൃത വാഴ്‌സിറ്റിയുടെ സദാചാര പൊലീസിങ്, ആദി, ജൂൺ 30, ട്രൂകോപ്പി തിങ്ക്). ഫേസ്ബുക്കിൽ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു വൺ ഡെ, ഹി ഈസ് ക്ലാപ്പിങ് ഫോർ സൂംബ, ദി നെക്‌സ്റ്റ്, ലോക്കിങ് അസ് അപ് എന്ന വാചകത്തോടെ. ഡോ. കെ എസ് അരുൺകുമാറിനെ ടാഗ് ചെയ്തായിരുന്നു ആദിയുടെ പോസ്റ്റ് (ജൂൺ 30, ഫേസ്ബുക്ക്/ ആദി)
ജൂൺ 20ന് ആണ് ഡോ. കെ.എസ് അരുൺകുമാറിന്റെ അധ്യക്ഷതയിലുള്ള സിൻഡിക്കേറ്റ് സബ് കമ്മിറ്റി സർക്കുലറിന് കാരണമായ തീരുമാനമെടുത്തത്. ഡോ. എം സത്യൻ, ഡോ. ടി മിനി, ആർ അജയൻ, ഡോ. ബി അശോക് എന്നിവരായിരുന്നു അംഗങ്ങൾ.
മതപരമായ പിന്തിരിപ്പൻ ആശയം
സൂംബയെ എതിർക്കുന്നത് മതപരമായ പിന്തിരിപ്പൻ ആശയം ഉയർത്തിയാണെന്ന് ദേശാഭിമാനി ലേഖനം: ക്ലാസ്മുറികളിലും കളിക്കളങ്ങളിലും ലബോറട്ടറികളിലുമൊക്കെ സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ കുട്ടികളെ ഭാവിയിലെ സാമൂഹ്യ ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് പ്രാപ്തരാക്കുന്നു. അതിൽത്തന്നെ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മനസ്സിലാക്കുന്നതിന് ഉതകുന്ന സംഘപരിപാടികൾ ഒഴിവാക്കാൻ കഴിയാത്തവയാണ്. ആരോഗ്യകരമായി കുട്ടികൾക്ക് ഇടപഴകാൻ ഉതകുന്ന സാഹചര്യങ്ങൾ ഒരുക്കി നൽകേണ്ടത് അധ്യാപകരുടെയും വിദ്യാഭ്യാസ ഭരണകർത്താക്കളുടെയും കടമയാണ്. ഏതെങ്കിലുമൊരു ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ഇത്തരം പരിപാടികൾക്ക് തുരങ്കം വയ്ക്കുന്നതും മതപരമായ പിന്തിരിപ്പൻ ആശയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് തടയിടാൻ ശ്രമിക്കുന്നതും നീതീകരിക്കാൻ കഴിയില്ല (ആത്മവിശ്വാസത്തിന്റെ ചുവടുകൾ, സോണി ബി ജോൺ, ജൂലൈ 1, ദേശാഭിമാനി).
കേരളം അറബി രാജ്യമോ?
സൂംബയെ എതിർക്കുന്ന മുസ്ലീം സംഘടനകളെ പരിഹസിച്ചും വിമർശിച്ചും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ യോഗനാദത്തിൽ ലേഖനം എഴുതി. ഇത് അറബിരാജ്യമാണോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി: സൂംബയെ എതിർക്കുന്നവരുടെ ജല്പനങ്ങൾ കേട്ടാൽ തോന്നുക കേരളം ഏതോ അറബി രാജ്യമെന്നാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മര്യാദയല്ല. കേരളത്തിലെ ചില വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലീം ജനത നിന്നുകൊടുക്കരുത്. സർക്കാരുകൾ ഏതൊരു പരിഷ്‌കാരം കൊണ്ടുവരുമ്പോഴും മുസ്ലീം മതനേതൃത്വങ്ങളുടെ അനുമതി വേണമെന്ന നിലയിലേക്കാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്. മറ്റൊരു മതവും കേരളത്തിൽ ഇത്തരം പ്രത്യേക അവകാശങ്ങൾ ചോദിച്ചു വരുന്നില്ല. ഇങ്ങനെ പോയാൽ മുസ്ലീം മതനേതാക്കളുടെ സൗകര്യം നോക്കി വേണ്ടിവരും കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കാൻ. അവരുടെ മനസുകളിൽ അമിതമായ മതചിന്തകളും മതവൈരവും കുത്തിവയ്ക്കുന്ന പുരോഹിത വർഗത്തെ, അവർ ഏതു മതത്തിൽപ്പെട്ടവരായാലും പടിയടച്ച് പിണ്ഡം വയ്ക്കാൻ ജനം തയ്യാറാകണം (സൂംബ ഡാൻസും ‘മഹാപണ്ഡിതരും’, ജൂലൈ 1-15, മുഖപ്രസംഗം, യോഗനാദം).
ഈ ലേഖനം പ്രസിദ്ധീകരിച്ച ലക്കത്തിൽ മറ്റൊരു ലേഖനവും ഉണ്ടായിരുന്നു- ‘സൂംബയ്ക്ക് ഫത്വ’ എന്ന ശീർഷകത്തിൽ ( സി വിമൽ കുമാർ). കവറിൽ ഏറ്റവും വലിയ അക്ഷരത്തിൽ കൊടുത്തതും സൂംബക്ക് ഫത്വ എന്നായിരുന്നു. യഥാർത്ഥത്തിൽ ഈ വാക്ക് ഫത്വ എന്നല്ല എഴുതുക: ഫത് വ എന്നാണ്.
ലേഖകന്റെ വാദങ്ങൾ: ഗുരുവിന്റെ നാട്ടിൽ മതഭ്രാന്തന്മാർ ഉറഞ്ഞുതുള്ളുന്നു. കേരളം ഭ്രാന്താലയമായി മാറിയെന്ന വിവേകാനന്ദന്റെ വാക്കുകൾ ശരിവയ്ക്കുകയാണിപ്പോൾ. പ്രശ്‌നം സൃഷ്ടിക്കുന്നത് മുസ്ലീം മതനേതാക്കളും മതപണ്ഡിതരും സംഘടനകളുമാണ്. കേരളത്തിലെ പ്രബലരായ രാഷ്ട്രീയകക്ഷികൾ ഇക്കൂട്ടർക്കു മുന്നിൽ മുട്ടുവിറച്ചുനിൽക്കുന്നതിന്റെ ഫലമായി മതഭ്രാന്തന്മാർ തലയിൽ കയറിയിരുന്ന് നിരങ്ങുകയാണ്. സൂംബക്കെതിരേ മുസ്ലീം മതനേതാക്കൾ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നു. പേരിനു മുന്നിൽ ഡോക്ടറുള്ളവരും പ്രാകൃത ചിന്താഗതിയുടെ വക്താക്കളാണ്.
പ്രതിപക്ഷ നേതാവ് സൂംബവിഷയത്തിൽ മതമൗലികവാദികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഉപകാരസ്മരണ എന്ന കുറിപ്പിൽ എഴുതുന്നു. നിലമ്പൂർ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയുമായാണ് പ്രശ്‌നത്തെ യോഗനാദം നോക്കിക്കണ്ടത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ഭരണം മതമൗലികവാദികളുടെ കയ്യിലാവുമെന്നും കുറിപ്പിൽ ആശങ്കപ്പെടുന്നുണ്ട്.


താലിബാനിസം, 16ാം നൂറ്റാണ്ട്
സൂംബപ്രശ്‌നം വീക്ഷണം പത്രം കിളിവാതിൽ എന്ന പംക്തിയിൽ ചർച്ച ചെയ്തു. വടക്കൻ എന്നാണ് എഴുത്തുകാരന്റെ പേര് നൽകിയിട്ടുള്ളത്. സൂംബ നൃത്തത്തോട് അനുകൂലമായി പ്രതികരിച്ച ലേഖനം സൂംബയോടുള്ള വിയോജിപ്പിനെ കൈവെട്ട്, താലിബാനിസം, 16ാം നൂറ്റാണ്ടിലെ ചിന്ത എന്നിവയുമായി ബന്ധപ്പെടുത്തി: ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കാൻ പാടില്ലെന്നു പറയുന്നത് താലിബാനിസമാണ്. തീരുമാനമെടുക്കും മുമ്പ് ചർച്ച ചെയ്യണമെന്നാണ് ചിലർ പറയുന്നത്. ആരോടാണ് ചർച്ച ചെയ്യേണ്ടത്? കേരളത്തെ 16ാം നൂറ്റാണ്ടിലേക്ക് നയിക്കണം എന്ന് പറയുന്നവരുമായിട്ടാണോ? – ലേഖനം ചോദിക്കുന്നു (സൂംബയും സാംബയും സദാചാരാപ്പോലിസും, ജൂലൈ 1, വീക്ഷണം).
പുരോഹിതർ ഭരിക്കേണ്ട
സുംബാ നൃത്തപരിപാടിയെ ഇവിടത്തെ മതമൗലികവാദികൾ, അതായത് മതപൗരോഹിത്യം എതിർക്കുന്നു എന്നത് എന്നെ ഒട്ടും അമ്പരപ്പിക്കുന്നില്ലെന്നും ആളുകൾ സന്തോഷിക്കുന്നതൊന്നും പുരോഹിതന്മാർക്ക് കണ്ടുകൂടെന്നും എം.എൻ കാരശ്ശേരി. സ്ത്രീകളെ അടക്കി നിർത്തലാണ് മതമൗലികവാദത്തിന്റെ പ്രധാനപ്പെട്ട പണി. പൊതു വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങൾ പുരോഹിതരുമായി ചർച്ച നടത്തേണ്ടതില്ല. തിരഞ്ഞെടുത്ത സർക്കാരാണ് അത് ചെയ്യേണ്ടത്. പുരോഹിതർ നമ്മെ ഭരിക്കേണ്ട. അവർ സമാന്തര ഭരണകൂടമാണെന്നാണ് അവർ കരുതുന്നത്. അവർ രാഷ്ട്രീയം കളിക്കുകയാണ് (നമ്മെ പുരോഹിതർ ഭരിക്കേണ്ട, ജൂലൈ 1, ഡൂൾ ന്യൂസ്).
ചാനൽ ചർച്ചകളിൽ തീവ്രവാദ ആശയക്കാർ
സൂംബ വിഷയത്തിൽ ചാനലുകൾ വിസ്ഡം, മുജാഹിദ് പ്രതിനിധികളെ ചർച്ചക്കു വിളിക്കുന്നതിനെ മറുനാടൻ മലയാളി പരിഹസിച്ചു. എം റിജു എഴുതിയ കുറിപ്പിലാണ് വിമർശകർക്കെതിരേ വിദ്വേഷം കലർന്ന പരാമർശനം നടത്തിയത്: ഡോ. അബ്ദുല്ല ബാസിൽ അടക്കമുള്ള വിസ്ഡത്തിന്റെ പ്രതിനിധികൾ ചാനൽ ചർച്ചകളിൽ വന്നിരുന്ന്, ശുദ്ധ വിവരക്കേടും, സ്ത്രീവിരുദ്ധതയും തള്ളി മറക്കുകയാണ്. വിസ്ഡം ഗ്രൂപ്പിന് കേരളത്തിലെ മുസ്ലീങ്ങളുടെ അട്ടിപ്പേറ് അവകാശം ആരും കൊടുത്തിട്ടില്ല. തനി തീവ്രവാദ ആശയങ്ങളും ഇവർ പ്രചരിപ്പിക്കാറുണ്ട് (‘ജിന്ന് ഉണ്ടെന്ന് വാദിച്ച് പിളർപ്പുണ്ടായ സംഘടന; മേശവലിപ്പ് വലിച്ചടച്ചാൽ ജിന്നുകൾക്ക് പരിക്കുപറ്റുമെന്ന് വിശ്വസിക്കുന്നവരും ഒട്ടേറെ; കൂട്ടത്തിൽ ഡോക്ടർമാരൊക്കെ ഉണ്ടെങ്കിലും വകതിരിവില്ല’; വിസ്ഡം മുജാഹിദുകളെ മുസ്ലീ സമുദായത്തിന്റെ പ്രതിനിധികളായി ചർച്ചക്ക് വിളിക്കുന്നതിൽ പ്രതിഷേധം, ജൂലൈ 1, മറുനാടൻ മലയാളി).
തീവ്രവാദികളാക്കരുത്
പരാതി ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി: വ്യായാമത്തിന് ആരും എതിരല്ല. ചർച്ചയുടെ അടിസ്ഥാനത്തിലല്ല പരിഷ്‌കാരം കൊണ്ടുവന്നത്. അപ്പോൾ സ്വാഭാവികമായി സംശയങ്ങളുണ്ടായി. സംഘടനകൾ പരാതി ഉന്നയിച്ചാൽ അവരെ ഉടനെ തീവ്രവാദികൾ ആക്കുന്നത് ശരിയായ നിലപാട് അല്ല (സംഘടനകൾ പരാതി ഉന്നയിച്ചാൽ അവരെ ഉടനെ തീവ്രവാദികൾ ആക്കുന്നത് ശരിയല്ല: പി കെ കുഞ്ഞാലിക്കുട്ടി, ജൂലൈ 1, ഏഷ്യനെറ്റ്).
ആധുനികരും യാഥാസ്ഥിതികരും
സൂംബ വിവാദത്തിൽ പുരോഗമനകാരികൾ എടുക്കുന്ന നിലപാടിനെ എഴുത്തുകാരൻ എ.എസ് അജിത് കുമാർ വിമർശിച്ചു. 2015ൽ സിനിമാറ്റിക് ഡാൻസ് നിരോധിച്ചപ്പോൾ പുരോഗമനകാരികൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് സൂംബ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ചോദിച്ചു: 2005 ജൂണിൽ ‘സിനിമാറ്റിക് ഡാൻസ് ‘ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ബുദ്ധിജീവികൾ പ്രതികരിച്ചോ? ഇപ്പോഴും ഈ നൃത്തരൂപം സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സിനിമാപാട്ടും ഇല്ല. എന്തിനായിരുന്നു സിനിമാറ്റിക് ഡാൻസ് നിരോധിച്ചത്. പരമ്പരാഗത കലകളെ സംരക്ഷിക്കാൻ! സർക്കാർ തന്നെയാണ് അന്ന് ‘ക്ലാസിക്കൽ ‘കലകളെ സംരക്ഷിക്കാൻ ഇറങ്ങിയത്. ഭരണകൂട ലാളന കിട്ടുന്നത് ‘ക്ലാസിക്കൽ ‘ കലകൾക്കാണ്. ഇപ്പോൾ പെട്ടെന്ന് ചിലരെ മാത്രം യാഥാസ്ഥിതികർ ആയും ആധുനികത തൊട്ടു തീണ്ടാത്തവരായും മുദ്രകുത്താൻ എന്തെളുപ്പം (ജൂലൈ 1, ഫേസ്ബുക് / അജിത്കുമാർ എ.എസ്)
യാഥാസ്ഥിതിക ചിന്തകളെ തള്ളണം
സൂംബാ ഡാൻസിനെതിരെയുള്ള എതിർപ്പുകൾ ലിംഗഭേദം, വസ്ത്രധാരണം, സദാചാരം, തുടങ്ങിയ കാലഹരണപ്പെട്ട സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പുരോഗമനമായ ആശയങ്ങളെ സ്വീകരിക്കാനും അനാവശ്യമായ യാഥാസ്ഥിതിക ചിന്തകളെ തള്ളിക്കളയാനുമുള്ള ആർജവം നമുക്കുണ്ടാവണമെന്നും ജനയുഗം ലേഖനം. ഇത്തരം പദ്ധതികളെ സങ്കുചിത രാഷ്ട്രീയ, മത ചിന്താഗതികൾക്കപ്പുറം കണ്ട് പിന്തുണക്കാൻ തയ്യാറാകണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു (സൂംബ: മാറുന്ന കാലത്തിന്റെ ചുവടുകൾ, മാനസികാരോഗ്യത്തിന്റെ താളം!, ജൂലൈ 2, ജനയുഗം).
നടപടി വേണം
സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. അദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂൾ മാനേജർക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് (സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച അധ്യാപകനെതിരെ നടപടി എടുക്കണമെന്ന് വിദ്യാഭാസ ഡയറക്ടർ, ജൂലൈ 2, മീഡിയ വൺ).
ടി.കെ അഷ്റഫിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ചത് ഇരട്ടത്താപ്പാണെന്ന് സമസ്ത ഇ.കെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി വിമർശിച്ചു: സർക്കാറിന്റെ ഫാസിസ്റ്റ് നിലപാടിനെതിരെ പ്രതികരണങ്ങൾ ഉയരണം. ഇനിയാർക്കും തങ്ങളുയർത്തിപ്പിടിക്കുന്ന നിലപാട് തുറന്നുപറയാൻ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂടാ. വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന ദേശീയ സംഘ്പരിവാർ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു (ജൂലൈ 2, ഫേസ്ബുക്ക് പോസ്റ്റ്/ നാസർ ഫൈസി കൂടത്തായി).
പ്രശ്‌നം മുസ്ലീമായതുതന്നെ
ടി.കെ അഷ്‌റഫിനെതിരേ സസ്‌പെൻഷൻ നടപടി ആരംഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് വി ആർ അനൂപ് അതിനെതിരേ പ്രതികരിച്ചു. നിരവധി സംഘപരിവാർ നേതാക്കൾ സർവീസിലിരുന്നുകൊണ്ടുതന്നെ വിദ്വേഷപ്രചാരണം നടത്തിയിട്ടും അവർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത നടപടിയിലൂടെ അഷ്‌റഫ് കടന്നുപോകേണ്ടിവരുന്നത് അദ്ദേഹം മുസ്ലീമായതുകൊണ്ടുതന്നെയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: കണ്ണൂരിലെ ആർഎസ്എസുകാരനായ ജയകൃഷ്ണൻ സ്‌കൂളിൽ അധ്യാപകൻ ആയിരുന്നു. സർക്കാറിന്റെ ശമ്പളം വാങ്ങിച്ചാണ്, മരിക്കുന്നത് വരെ അയാൾ സംഘപരിവാർ ആശയപ്രചാരണം നടത്തിയിരുന്നത്. ശശികല ഈയടുത്ത് പെൻഷൻ ആവുന്നത് വരെ നാട്മുഴുവൻ നടന്ന് വിദ്വേഷ പ്രചാരണം നടത്തിയിരുന്നത്, സ്‌കൂൾ ടീച്ചർ എന്ന നിലയിൽ, സർക്കാറിന്റെ പൈസ വാങ്ങിച്ച് തന്നെയാണ്. സുംബ വിഷയത്തിൽ സർക്കാറിനെതിരെ നിലപാട് എടുത്തതിന്റെ പേരിൽ, ഒരു അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനം ആയിരിക്കുകയാണ്. അധ്യാപകന്റെ നിലപാടിനോട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. പക്ഷേ, ആ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അടിയന്തരമായി അച്ചടക്കനടപടി ഉണ്ടാകുന്നു എന്നിടത്ത് തന്നെയാണ് പ്രശ്‌നം. ജയകൃഷ്ണനേയും ശശികലയേയും അപേക്ഷിച്ച് , ഇപ്പോൾ ശിക്ഷണ നടപടിയ്ക്ക് വിധേയകനാകാൻ പോകുന്ന ആൾക്കുള്ള അയോഗ്യത അദ്ദേഹത്തിന്റെ പേര് ടി കെ അഷ്‌റഫ് എന്നാണെന്നും, അദ്ദേഹം ഒരു മുസ്ലീം സംഘടനാ പ്രവത്തകൻ ആണെന്നുള്ളതും ആണ് (ജൂലൈ 2, ഫേസ്ബുക്/ അനൂപ് വി.ആർ).
ടി.കെ അഷ്‌റഫിന് സസ്‌പെൻഷൻ
സ്‌കൂളുകളിൽ സർക്കാർ നിർദേശിച്ച സൂംബ ഡാൻസിനെ വിമർശിച്ച വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിനെ അദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎം യുപി സ്‌കൂളിലാണ് അദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമർശം നടത്തിയെന്നാരോപിച്ചാണ് സ്‌കൂൾ മാനേജർ പി അബൂബക്കർ നടപടി എടുത്തത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സലീന ബീവി കത്ത് നൽകിയിരുന്നു (സൂംബയ്‌ക്കെതിരെ അപകീർത്തി പ്രചാരണം: അധ്യാപകന് സസ്‌പെൻഷൻ, ജൂലൈ 3, ദേശാഭിമാനി).
അധ്യാപകനെതിരേ വർഗീയ ചാപ്പകുത്തി വകുപ്പുതല നടപടിയെടുത്ത് സസ്‌പെൻഡ് ചെയ്യുന്നത് ഫാഷിസ്റ്റ് സമീപനമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ അഭിപ്രായപ്പെട്ടു. (ആശങ്കകൾ ഉന്നയിക്കുന്നവർക്കെതിരെ വർഗീയ ചാപ്പ കുത്തുന്നത് ഫാസിസ്റ്റ് സമീപനം: കെ.പി.എ മജീദ്, ജൂലൈ 2, മീഡിയ വൺ ഓൺലൈൻ). നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മുസ്ലീംലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ ആവശ്യപ്പെട്ടു (സർക്കാർ പിന്തിരിയണം: എൻ ഷംസുദ്ദീൻ, ജൂലൈ 3, ചന്ദ്രിക). സർക്കാർ നടപടി ഫാഷിസമാണെന്നും കുടുംബങ്ങൾക്ക് യോജിക്കാൻ പറ്റാത്ത പലതും സൂംബയിലുണ്ടെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു (സർക്കാർ നടപടി ഫാഷിസം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, ജൂലൈ 3, ചന്ദ്രിക).
അധ്യാപകനെതിരായ നടപടിയെ വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. സർക്കാർ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്. അതേസമയം സൂംബ ഡാൻസ് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു (സൂംബ ഡാൻസ്; അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; ‘സർക്കാർ നിലപാട് ചോദ്യം ചെയ്തതിനാണ് നടപടി’, ജൂലൈ 5, ഏഷ്യാനെറ്റ് ന്യൂസ്).
സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താൻ ലക്ഷ്യമിട്ട് വ്യാജ ‘കാഫിർ സ്‌ക്രീൻഷോട്ട്’ പ്രചരിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് തന്നെ കണ്ടെത്തിയ ഡിവൈഎഫ്‌ഐ നേതാവും എയ്ഡഡ് സ്‌കൂൾ അധ്യാപകനുമായ റിബേഷിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാരാണ് ടി.കെ അഷ്റഫിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് പ്രതികരിച്ചു (വർഗീയ വിദ്വേഷം പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയില്ല; ജനാധിപത്യപരമായി അഭിപ്രായം പറഞ്ഞ വിസ്ഡം നേതാവിന് സസ്‌പെൻഷൻ: വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ജൂലൈ 3, മീഡിയ വൺ).
ഇതേ താരതമ്യം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും നടത്തി: ഒരു സമുദായ നേതാവ് ആശങ്ക ഉന്നയിച്ചതിന് അയാളെ സസ്പെൻഡ് ചെയ്യുകയാണ് സർക്കാർ. കാഫിർ സ്‌ക്രീൻഷോട്ട് ഉണ്ടാക്കിയ റിബേഷ് ഒരു അധ്യാപകനാണ്. പരാതി ഉണ്ടായിട്ടും അയാൾക്കെതിരെ നടപടിയില്ല. മുസ്ലീം മത സംഘടനകൾ അഭിപ്രായം പറഞ്ഞാൽ മാത്രം അതെങ്ങനെയാണ് വർഗീയമാവുന്നത് (‘മുസ്ലീം മതസംഘടനകൾ ഒരു അഭിപ്രായം പറയുമ്പോൾ അതെങ്ങനെ വർഗീയത ആകും’, പി കെ ഫിറോസ്, ജൂലൈ 3, റിപ്പോർട്ടർ ടിവി).
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ടി.കെ അഷ്റഫിനെ സസ്പെൻഡ് ചെയ്ത ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു. അധ്യാപകന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു (കാഫിർ സ്‌ക്രീൻ ഷോട്ട് ഇട്ട അധ്യാപകൻ സിപിഎമ്മായതിനാൽ നടപടിയില്ല, സൂംബയിൽ അഭിപ്രായം പറഞ്ഞ ടി.കെ അഷ്റഫിന്റെ സസ്‌പെൻഷൻ പിൻവലിക്കണം – വി.ഡി സതീശൻ, ജൂലൈ 5, മീഡിയാ വൺ).
സൂംബ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അധ്യാപകനെതിരായ സർക്കാർ നടപടി ക്രൂരവും ഭരണഘടന അനുവദിച്ച സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് മുസ്ലീംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റിനെ ഭയപ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുപ്പിച്ചത്. സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് എടുത്തതിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരെയും സഞ്ജീവ് ഭട്ടിനെതിരെയും ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ച പ്രതികാര സമീപനത്തെ ഓർമിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു (സൂംബ: അധ്യാപകനെതിരായ നടപടി ക്രൂരമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ; ‘എതിർശബ്ദങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കുന്നത് ഫാഷിസ്റ്റ് സമീപനം’, ജൂലൈ 5, മാധ്യമം).
വിയോജിപ്പ് പറയുന്നവരെ സർക്കാർ വേട്ടയാടുന്നുവെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ അബ്ദുലത്തീഫ് മഅദനി. ഇത്തരം വേട്ടയാടൽ ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു (വിയോജിപ്പ് പറയുന്നവരെ വേട്ടയാടുന്നത് സർക്കാർ അവാസനിപ്പിക്കണം: വിസ്ഡം, ജൂലൈ 6, ചന്ദ്രിക).
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുന്നത് ഉത്തരേന്ത്യൻ മോഡലാണെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. പല അധ്യാപകരും തങ്ങളുടെ അഭിപ്രായങ്ങൾ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. അന്നൊന്നും സസ്‌പെൻഷൻ നടപടി ഉണ്ടായിട്ടില്ല. ഇത് പക്ഷപാതപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ടി കെ അഷ്‌റഫിനെതിരായ നടപടി ഉത്തരേന്ത്യൻ മോഡൽ: കുഞ്ഞാലിക്കുട്ടി, ജൂലൈ 6, ചന്ദ്രിക).
ട്രെയിനർമാരില്ലെന്ന് സൂംബ വിദഗ്ധർ
സൂംബ വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ സൂംബ പഠിപ്പിക്കാൻ അംഗീകൃത ട്രെയിനർമാരില്ലെന്ന വാദവുമായി സൂംബ ട്രെയ്നർമാർ രംഗത്തെത്തി. കേരളത്തിലാകെ 270 അംഗീകൃത സൂംബ ട്രെയ്നർമാരേയുള്ളൂവെന്നാണ് അവർ നൽകിയ കണക്ക് (സൂംബക്ക് അംഗീകൃത ട്രെയ്നർമാർ കുറവ്?, ജൂലൈ 3, കേരളകൗമുദി).
മതനിരാസം അടിച്ചേൽപ്പിക്കരുത്
ധാർമ്മിക മൂല്യങ്ങൾ തകർക്കുന്ന പ്രവണത വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന കാലത്ത് അവയ്ക്ക് പ്രതിവിധി കാണുന്നതിനു പകരം സാംസ്‌കാരിക ജീർണതകൾ സൃഷ്ടിക്കുന്ന നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കരുതെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ (എസ്എംഎ). മതനിരാസവും അതിരുവിട്ട കലാഭാസങ്ങളും വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ജനാധിപത്യ റിപബ്ലിക്കിൽ അനുവദിക്കില്ലെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു( മതനിരാസവും സാംസ്‌കാരിക ജീർണതകളും വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്: എസ്എംഎ, ജൂലൈ 3, സിറാജ്).
സൂംബ നിർബന്ധമാക്കണം
ജനയുഗം പത്രത്തിൽ സമകാലികം എന്ന കോളത്തിൽ വടയക്കണ്ടി നാരായണൻ സൂംബ വിദ്യാർത്ഥികൾക്കു മാത്രമല്ല, മുഴുവൻ പേർക്കും നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടു: വിദ്യാർത്ഥികളെ മാത്രമല്ല, സമൂഹത്തിന്റെ മറ്റ് മേഖലകളിലുള്ള ആളുകളെയും ഇതിലേക്ക് ആകർഷിക്കാനും നിർബന്ധപൂർവം ചെയ്യിക്കാനും ഉള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടക്കണം. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും മറ്റ് കമ്പനി, കോർപറേറ്റ്, എയ്ഡഡ് മേഖലകളിലുള്ള ജീവനക്കാർക്കും പിന്നീട് പ്രൈവറ്റ് മേഖലയിലുള്ള ആളുകൾക്കും എല്ലാം ഇത് നിർബന്ധമാക്കി കൊണ്ടുള്ള നിർദേശങ്ങൾ വരണം. പിന്നീട് ബാക്കിയുള്ള മുഴുവൻ പേരും ഇത്തരം വ്യായാമമുറകൾ ശീലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങണം. (സൂംബ സാർവത്രികമാകട്ടെ, വടയക്കണ്ടി നാരായണൻ, ജൂലൈ 3, ജനയുഗം).
മുസ്ലീം നാമധാരികളായതുകൊണ്ട് മാത്രം
ചർച്ചയില്ലാതെ സർക്കാർ കൊണ്ടുവന്ന ഒരു പരിഷ്‌കാരത്തോട് വിയോജിച്ചവർ മുസ്ലീം നാമധാരികളായതുകൊണ്ട് മാത്രം അവരെ തീവ്രചിന്താഗതിക്കാരാക്കുകയാണ് മാധ്യമങ്ങളെന്ന് വിസ്ഡം സംമ്മേളനത്തിൽ അബ്ദുല്ല ബാസിൽ സി പി കുറ്റപ്പെടുത്തി. പരിഷ്‌കാരത്തെ എതിർക്കുന്നതിന നിങ്ങൾ റിഗ്രസീവ് എന്നോ അങ്ങേയറ്റം പിന്തിരിപ്പെന്നോ ഒക്കെ പറഞ്ഞോളൂ, പക്ഷേ ഈ സാധനം എങ്ങനെയാണ് മതതീവ്രവാദവും വർഗീയതയും ആകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം (സൂംബ :ചാനൽ മുറികളിൽ സംഭവിച്ചത് ഇതാണ്, ധൈഷണിക സമ്മേളനം, കോഴിക്കോട്, ജൂലൈ 3, വിസ്ഡം ഗ്ലോബൽ ടി വി യൂട്യൂബ്).
സൂംബ ലേറ്റസ്റ്റ് തട്ടിപ്പ്
നിലമ്പൂരിൽ തോറ്റമ്പി പിണറായിസത്തിന്റെ അവസാനത്തെ ആണി ജനങ്ങൾ അടിച്ചപ്പോളാണ് സൂംബ ഡാൻസ് പുറത്തെടുത്തതെന്ന് പി വി അൻവർ പരിഹസിച്ചു. ഇപ്പോൾ കേരളത്തിലുണ്ടായ പൊളിറ്റിക്കൽ ഡിസ്‌കഷനിൽ നിന്നും ഈ ഗവൺമെന്റിന്റെ പതനം അധികം ആരും ചർച്ച ചെയ്യരുത്, അപ്പൊ കൊണ്ടാണ് ഒരു ഡാൻസ് ഇട്ടു, അതിമ്മേൽ എല്ലാരും കൊത്തി. സ്ട്രസ്സ് മാറ്റാനാണ് സൂംബ കൊണ്ടുവന്നതെന്ന വാദത്തെ പഠിക്കാൻ വേണ്ടത്ര സീറ്റില്ലാത്ത മലപ്പുറത്ത സ്‌കൂൾകുട്ടികളുടെ സ്ട്രസ്സ് ഓർമപ്പിച്ച് അൻവർ നേരിട്ടു (പിണറായിയുടെ ലേറ്റസ്റ്റ് തട്ടിപ്പാണ് സുംബാ : പി.വി അൻവർ, ജൂലൈ 3, റിപ്പോർട്ടർ യൂട്യൂബ്)
മതപ്രാർഥന ഒഴിവാക്കുമെന്ന് മന്ത്രി
സ്‌കൂളുകളിൽ മതപ്രാർഥന ഒഴിവാക്കുമെന്ന് മന്ത്രി ശിവൻകുട്ടി സൂംബ വിവാദത്തിൽ ഇടപെട്ടുകൊണ്ട് പറഞ്ഞു. ഒരു മതത്തിന്റെ പ്രാർഥന മറ്റു മതത്തിൽപെട്ട കുട്ടികളെ കൊണ്ട് ചൊല്ലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു (സ്‌കൂളുകളിൽ മതപ്രാർഥന ഒഴിവാക്കുമെന്ന് മന്ത്രി ശിവൻകുട്ടി; ‘ഒരു മതത്തിന്റെ പ്രാർഥന മറ്റു മതത്തിൽപെട്ട കുട്ടികളെ കൊണ്ട് ചൊല്ലിക്കുന്നത് ശരിയല്ല’, ജൂലൈ 3, മാധ്യമം).
ഉദ്ദേശ്യം ശരിയല്ല
കുട്ടികളുടെ സന്തോഷത്തിൽ വ്യാകുലത ആർക്ക് എന്ന ശീർഷകത്തിൽ മന്ത്രി വി ശിവൻകുട്ടി കേരളകൗമുദി പത്രത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. പുതിയ പരിഷ്‌കാരത്തിന്റെ കാര്യകാരണങ്ങളും സൂംബ ചരിത്രവും വിശദീകരിച്ച ശേഷം അദ്ദേഹം സൂംബ ആരിലും അടിച്ചേൽപ്പിക്കുകയില്ലെന്ന് വാക്കുതന്നു. അതേസമയം വിമർശങ്ങൾ സ്വീകരിക്കുമെങ്കിലും ശരിയായ ഉദ്ദേശ്യത്തോടെയല്ലാത്ത പ്രചാരണങ്ങളെ അങ്ങനെയാായരിക്കില്ല കാണുകയെന്നും മുന്നറിയിപ്പുനൽകി (കുട്ടികളുടെ സന്തോഷത്തിൽ വ്യാകുലത ആർക്ക്, വി ശിവൻകുട്ടി, ജൂലൈ 4,കേരളകൗമുദി).
താലിബാൻ ബോധം
സിഎച്ചിന്റെ കാലത്ത് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെ സസ്‌പെൻഡ് ചെയ്ത സംഭവവുമായി ചേർത്തുവച്ചുകൊണ്ട് സാമൂഹികവിമർശകൻ സി ഷുക്കൂർ(ഷുക്കൂർ വക്കീൽ)ഒരു ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തു. വിമർശകരുടെ വാദങ്ങളുടെ ശൈലി താലിബാൻ ബോധത്തിൽനിന്ന് വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ: സസ്‌പെൻഷനിലായ അധ്യാപകന്റെ പോസ്റ്റിലെ ‘അല്പ വസ്ത്രം ധരിച്ചു’ എന്ന പോലുള്ള വാക്കുകൾ അയാൾ ഗൂഢലക്ഷ്യത്തോടെ പ്രയോഗിച്ചതാണ്. സ്ത്രീകളെ മുഖം പോലും മറ്റുള്ളവർ കാണാത്ത രീതിയിൽ വസ്ത്രം ധരിപ്പിച്ചു കൊണ്ടുപോകണമെന്ന താലിബാൻ ബോധത്തിൽ നിന്നുമാണ് അയാൾക്ക് ഇത്തരം ചിന്തകൾ വരുന്നത്. ‘മ്യൂസിക്കിന്റെ താളത്തിൽ തുള്ളുക’ ഈ പ്രയോഗത്തിലും താലിബാൻ ബോധം മുഴുവൻ തളം കെട്ടി നിൽക്കുന്നുണ്ട്. മുജാഹിദ് ബാലുശ്ശേരിയും എം എം അക്ബറും മറ്റും ഉൽപാദിപ്പിക്കുന്ന ‘മ്യൂസിക് വിരുദ്ധ ഇസ്ലാം ‘വാദമാണ് ഇയാളെയും നയിക്കുന്നത്. അതാണ് ഐസിസിലും താലിബാനിലും നാം കാണുന്നതും (ജൂലൈ 6, ഫേസ്ബുക്ക്/ സി ഷുക്കൂർ).


അജണ്ട സെറ്റ് ചെയ്യുന്നത് മതമൗലികവാദ ശക്തികൾ
സൂംബാ വിമർശനത്തിൽ അടങ്ങിയിരിക്കുന്നത്, വിയോജനവാദത്തിന്റെ ശബ്ദമാണെന്ന്. അതൊരു നൃത്തം വിദ്യാലയങ്ങളിൽ വേണോ എന്ന പ്രശ്‌നം മാത്രമല്ല. അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായ നിരവധി വിവാദങ്ങൾ നിരീക്ഷിച്ചാൽ, മുസ് ലിംകളിൽ യാഥാസ്ഥിതിക- മത മൗലിക വാദ ശക്തികൾ മുസ്ലീം സമുദായത്തിന്റെ ഡിബേറ്റുകൾ സെറ്റ് ചെയ്യുകയും അവരുടെ പിന്തിരിപ്പൻ നിലപാടുകൾ മേൽക്കൈ നേടുകയും ചെയ്യുന്നത് കാണാം. സാമൂഹ്യ പരിഷ്‌കരണവുമായി ബന്ധപ്പെട്ട, പുരോഗമന പരമായ എന്തെങ്കിലും ഒരു ചർച്ചയോ നീക്കമോ എവിയെങ്കിലും ഉണ്ടായാൽ ആദ്യം ചാടി വീണ് പ്രതികരിക്കുന്നത് മിക്കപ്പോഴും ഇത്തരം മത സംഘടനകളാകും (സൂംബ വിവാദം: കണക്കുകൾ പറയുന്നു: മതമൗലികവാദികൾ കേരള മുസ്ലീങ്ങളുടെ വക്താക്കളല്ല, മുജീബ് റഹ്‌മാൻ കിനാലൂർ, ജൂലൈ 6 ഡൂൾ ന്യൂസ്).
സസ്‌പെന്‍ഷന്‍ റദ്ദാക്കി
പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് അധ്യാപകന്‍ കോടതിയെ സമീപിച്ചിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി സസ്‌പെന്‍ഷന്‍ റദ്ദാക്കി. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കി തൊട്ടടുത്ത ദിവസം തന്നെ പുറത്താക്കിയതാണ് നടപടി റദ്ദാക്കാന്‍ കോടതി പറഞ്ഞ ന്യായം. ജൂലൈ 2ാം തീയ്യതിയാണ് വിശദീകരണത്തിന് വേണ്ടി മാനേജ്‌മെന്റ് മെമ്മോ നല്‍കിയത്. അഞ്ചാം തീയ്യതിക്കുള്ളില്‍ മറുപടി നല്‍കാനായിരുന്നു മെമ്മോയില്‍ പറഞ്ഞിരുന്നത്. മൂന്ന് ദിവസം നോട്ടിസില്‍ പറഞ്ഞിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. (സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ ഹൈകോടതി റദ്ദാക്കി, ജൂലൈ 7, മാധ്യമം).
സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയ ശേഷം അഷ്‌റഫ് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞു. താന്‍ സാമൂഹികബാധ്യത നിറവേറ്റിയതാണെന്നും നിലപാടിലും അത് പ്രകടിപ്പിച്ച രീതിയിലും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകാമെന്നും താനതിനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി (‘ചേര്‍ത്തു പിടിച്ചതിനും ആശ്വസിപ്പിച്ചതിനും നന്ദി, എന്റേത് ഒരു സാമൂഹിക ബാധ്യത മാത്രം, എല്ലാവരും അംഗീകരിക്കണമെന്ന വാശി എനിക്കില്ല’; ടി.കെ അഷ്റഫ്, ജൂലൈ 11, മീഡിയാവണ്‍).
സമീകരണയുക്തി
സൂംബ ഡാന്‍സിനോട് ഭാരതീയ വിചാരകേന്ദ്രം പ്രകടിപ്പിച്ച വിയോജിപ്പിനെയും മുസ്ലീം സംഘടനകള്‍ ഉന്നയിച്ച വിയോജിപ്പിനെയും താരതമ്യം ചെയ്തുകൊണ്ട് ദേശാഭിമാനി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ആ കുറിപ്പില്‍ ഇങ്ങനെ എഴുതി: ‘നാട്ടിലെ സകല തൊപ്പിക്കാരും താടിക്കാരും, ജമാഅത്, മുജാഹിദ്, സുന്നി ഭേദല്യാണ്ട് അതിനെ കുത്തികീറുമ്പോ കൊതിയായിട്ട് പാടില്ലായിരുന്നു (ജാനകി സൂംബ കളിച്ചാല്‍ എന്താകും?, ജൂലൈ 8, ദേശാഭിമാനി).
വര്‍ഗീയ കക്ഷികളും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് കക്ഷികളും
ജൂലൈ 8ന് ജന്മഭൂമിയില്‍ എഴുതിയ ഒരു ലേഖനം മുസ്ലീം സംഘടനകളെ രണ്ടായി തിരിച്ചു-വര്‍ഗീയ കക്ഷികളും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് കക്ഷികളും. ലീഗാണ് വര്‍ഗീയ കക്ഷി. മഅദനിയുടെ പിഡിപിയാണത്രെ പൊളിറ്റിക്കല്‍ ഇസ്ലാമിനെ കേരളത്തില്‍ ആദ്യമായി ഇടമുണ്ടാക്കിയത്. മഅദനിയുടെ അറസ്റ്റോടെ ശൂന്യമായ ആ ഇടം ജമാത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ കയ്യിലായി. ഇവര്‍ ഇടത് വലത് മുന്നണികളെ അധികാരത്തിലേറ്റി. പിന്നീട് ലീഗിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്ന ശക്തിയായി പൊളിറ്റിക്കല്‍ ഇസ്ലാം മാറി (പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും, കെ ഗുപ്തന്‍, ജൂലൈ 8, ജന്മഭൂമി).
ഭരണപരാജയം
ഭരണപരാജയങ്ങളും വിവാദങ്ങളും മറച്ചുപിടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരേ സൂംബ ഡാന്‍സുമായി വന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം (സൂംബാ ഡാന്‍സ് ഭരണപരാജയങ്ങള്‍ മറച്ചുപിടിക്കാന്‍: ലഹരി നിര്‍മാര്‍ജന സമിതി, ജൂലൈ 11, ചന്ദ്രിക).
വെബിനിവേശത്തിന്റെ സൂംബ വിമര്‍ശനം
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വെബിനിവേശം എന്ന രാംമോഹന്‍ പാലിയത്തിന്റെ കോളത്തില്‍ രക്തം നൃത്തം വയ്ക്കുന്ന പാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ ജൂലൈ 20ന് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സൂംബ വിവാദത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ: “സൂംബക്കെതിരേ ഹിന്ദു-മുസ്ലീം സംഘടനകള്‍ ഒരേ സ്വരത്തില്‍ ഒച്ചയുണ്ടാക്കിയിരുന്നു. ഒരു പക്ഷേ, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതാവാനും മതി.” സൂംബ വിവാദത്തിലെ മുസ്ലീം പക്ഷത്തിന്റെ കാഴ്ചപ്പാടുകളിലെ വ്യത്യാസത്തെക്കുറിച്ച് തികഞ്ഞ അജ്ഞത പ്രകടിപ്പിക്കുക മാത്രമല്ല, രണ്ട് വിഭാഗങ്ങളെയും സമീകരിക്കുകയും ചെയ്യുന്നുണ്ട് ലേഖകൻ (രക്തം നൃത്തം വയ്ക്കുന്ന പാട്ടുകള്‍, രാംമോഹന്‍ പാലിയത്ത്, ജൂലൈ 20, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
2. മലപ്പുറത്തെ വിവാഹപ്രായം, തീവ്രവാദ ആശയം, ലവ് ജിഹാദ്
ജൂണ്‍ 30ന് ഡല്‍ഹിയില്‍ വെച്ചു നടന്ന ‘ദി അണ്‍ടോള്‍ഡ് കേരളാ സ്റ്റോറി’ എന്ന സിനിമയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങ് കേരളത്തെയും കേരളത്തിലെ മുസ്ലീം സാന്നിധ്യത്തെയും കടുത്ത രീതിയില്‍ വിമര്‍ശിക്കുന്ന ഒന്നായിരുന്നു. കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നും മലയാളിയായ അംബിക ജെകെയും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്. ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാവും മുന്‍ എംപിയുമായ സുധാന്‍ഷു ത്രിവേദി മലപ്പുറത്തെ ലക്ഷ്യംവച്ച് വിദ്വേഷപ്രചാരണം നടത്തി, ലവ് ജിഹാദ്, കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ചും സംസാരിച്ചു:
“ഇങ്ങനെ പോയാല്‍ മതേതര രാജ്യമായി ഇന്ത്യക്ക് നിലനില്‍ക്കാന്‍ ആവില്ല. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദുത്വ ചിഹ്നമാണെന്ന് ആരും മറക്കരുത്. മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കാന്‍ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയത്. ലവ് ജിഹാദ് പ്രയോഗം ബിജെപി സൃഷ്ടിച്ചതാണെന്നത് ദുഷ്പ്രചാരമാണ്. അത് സൃഷ്ടിച്ചത് മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. ലവ് ജിഹാദ് കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടക്കേണ്ടതുണ്ട്. 1995ല്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാന്‍ പോപുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഹമാസിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി കേരളത്തില്‍ റാലി നടത്തി. മതേതരത്വത്തിന്റെ പേരില്‍ ചിലര്‍ മതനിരപേക്ഷതയാണ് പറയുന്നത്. ഇന്ത്യക്ക് ഒരിക്കലും മതനിരപേക്ഷമാകാന്‍ കഴിയില്ല. അശോക സ്തംഭത്തിലുള്ളത് ഹിന്ദു ചിഹ്നമാണ്.” (‘ലവ് ജിഹാദ് പ്രയോഗം കൊണ്ടുവന്നത് വി.എസ്’; ബിജെപി എംപി സുധാന്‍ഷു, ജൂലൈ 1, മീഡിയാവണ്‍; മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറാക്കാന്‍ യുഡിഎഫ് ശ്രമിച്ചു; തടഞ്ഞത് ബിജെപിയെന്ന് സുധാന്‍ഷു ത്രിവേദി, ജൂലൈ 1, ഡൂള്‍ ന്യൂസ്; കേരളത്തിനെതിരേ വീണ്ടും ബിജെപി വിദ്വേഷം, ജൂലൈ 1, ജനയുഗം).


ഇതേ ചടങ്ങില്‍ പങ്കെടുത്ത ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രസംഗവും വിദ്വേഷം കലര്‍ന്നതായിരുന്നു: “കേരളത്തിലെ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന, ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെയും ഇറാഖിലെയും ഐഎസ്‌ഐഎസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കഥയാണ് കേരള സ്റ്റോറി. പെണ്‍ മക്കളെക്കുറിച്ചു പിന്നീട് ഖേദിക്കേണ്ടി വരാതിരിക്കുവാന്‍ മാതാപിതാക്കള്‍ ഈ സിനിമ കാണണം. ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും ചര്‍ച്ച ചെയ്യണം. കേരളത്തില്‍ തീവ്രവാദ ആശയധാരകളുടെ സ്വാധീനം മറച്ചുവെക്കുന്നതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സിന്റെ പിന്തുണയുള്ള കൂട്ടായ്മകളും പങ്കാളികളാണ്.” (‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത, ജൂലൈ 1, ജന്മഭൂമി, ചീഫ് മിനിസ്റ്റര്‍ രേഖ ഗുപ്ത ബാറ്റ്‌സ് ഫോര്‍ കേരള സ്‌റ്റോറി, സെയ്‌സ് കാന്‍ ഹെല്‍പ് സേയ്വ് ഡോട്ടേഴ്‌സ്, ജൂലൈ 1, ഇന്ത്യന്‍ എക്‌സ്പ്രസ്).
3. സെന്‍സര്‍ബോര്‍ഡിലെ താലിബാനിസം
മലയാള സിനിമയായ ജാനകി VS സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന സിനിമക്ക്, പ്രധാന കഥാപാത്രത്തിന് ജാനകി എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ്, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ആ സമയത്ത് ജനയുഗം പത്രം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ബെന്‍സി മോഹന്‍ എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകം ‘സിനിമാ മേഖലയിലെ സംഘ്പരിവാര്‍ താലിബാനിസം’ എന്നായിരുന്നു. ലേഖനത്തിലെ പ്രയോഗം ഇങ്ങനെ: “രണ്ട് മലയാള സിനിമകള്‍ കൂടി സെന്‍സര്‍ ബോര്‍ഡിന്റെ സംഘപരിവാര്‍ താലിബാനിസത്തിന്റെ ഇരകളായി. 2024ന് ശേഷം ഇന്ത്യ സംഘപരിവാര്‍ താലിബാനിസ്റ്റ് മതരാജ്യമായി മാറാനുള്ള യാത്രയിലാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍, ചോദ്യം ഒന്നേ അവശേഷിക്കുന്നുള്ളൂ. സംഘപരിവാര്‍ താലിബാനിസ്റ്റ് മതരാജ്യമായി ഇന്ത്യ മാറുന്നതിനെ നിങ്ങള്‍ അനുകൂലിക്കുണ്ടോ ഇല്ലയോ?” (‘സിനിമാ മേഖലയിലെ സംഘ്പരിവാര്‍ താലിബാനിസം’, ബെന്‍സി മോഹന്‍, ജൂലൈ 1, ജനയുഗം).


4. കേരളം തീവ്രവാദകേന്ദ്രം
വോട്ടിനുവേണ്ടി മാത്രം പ്രീണനം നടത്തുന്നവര്‍ ഭരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറിയെന്ന് ബജ്റംഗ് ദള്‍ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി. അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യന്‍ ബംഗ്ലാദേശി മുസ്ലീങ്ങളെ കേരളത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗദൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം:
“പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതത്തിന്റെ അവസ്ഥയിലാണ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം. അനധികൃത കുടിയേറ്റക്കാരായി കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ ബംഗ്ലാദേശി മുസ് ലിംകൾ. അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന മുഴുവന്‍ മുസ്ലീങ്ങളെയും പരിശോധിച്ച് ഇന്ത്യന്‍ പൗരത്വമില്ലാത്തവരെ ഉടന്‍തന്നെ കേരളത്തില്‍ നിന്ന് പുറത്താക്കണം.” (തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്റംഗ്ദള്‍, ജൂലൈ 1, ജന്മഭൂമി).


5. പ്രയാഗ് രാജിലെ ദലിത് പെണ്‍കുട്ടിയും മതംമാറ്റ ആരോപണവും
ഗുഡ്ഡീദേവി എന്ന സ്ത്രീ യുപിയിലെ ഫുല്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. പരാതിയുടെ ഉള്ളടക്കം ഇതാണ്: ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയും യുവാവും മകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി. കേരളത്തില്‍ മതംമാറ്റ കേന്ദ്രത്തില്‍ എത്തിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി. യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മതംമാറ്റ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി അമ്മയെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് രക്ഷിതാക്കളെത്തി കുട്ടിയെ നാട്ടിലേക്ക് തിരികെ കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്‌തെന്നും യുപി ഫുല്‍പുര്‍ പൊലീസ് പറയുന്നു (ദലിത് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി; തെളിവില്ലെന്ന് പൊലീസ്, ജൂലൈ 1, മനോരമ).
ഇതേ കുറിച്ച് തൃശൂര്‍ റയില്‍വേ പൊലീസും- കേരള പൊലീസും നല്‍കുന്ന വിവരങ്ങള്‍ ഇതാണ്:
“മേയ് പതിനൊന്നിന് തൃശൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തൃശൂര്‍ റെയില്‍വേസ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് ചാടുന്നത് ആര്‍.പി.എഫ്. എസ്.ഐ. കണ്ടു. തൃശൂര്‍ റെയില്‍വേ പൊലീസ് രണ്ട് പെണ്‍കുട്ടികളെയും കൂടെയുണ്ടായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു. മൂന്നു പേരേയും ചോദ്യം ചെയ്തതില്‍നിന്ന് യുപിയിലെ പ്രയാഗ്‌രാജില്‍ നിന്ന് തൊഴില്‍ അന്വേഷിച്ച് വന്നതാണ് പെണ്‍കുട്ടികളെന്ന് മനസ്സിലായി. യുവാവിനെ ട്രെയിനില്‍ നിന്ന് പരിചയപ്പെട്ടതാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പേരും വിലാസവും എഴുതി വാങ്ങി യുവാവിനെ വിട്ടയച്ചു. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കേന്ദ്രത്തിലാക്കി. ജൂണ്‍ 23നും 28നുമായി രണ്ടു പെണ്‍കുട്ടികളുടേയും ബന്ധുക്കള്‍ തൃശൂരില്‍ എത്തി. ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോയി. ഇതില്‍ ഒരു പെണ്‍കുട്ടി മുസ്ലീമും മറ്റയാള്‍ ദലിതുമായിരുന്നു. ഇതില്‍ ദലിത് പെണ്‍കുട്ടിയുടെ കുടുംബമാണ് യുപി പൊലീസിൽ പരാതി നല്‍കിയത്.”
ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കുന്ന വിവരങ്ങള്‍ ഇതാണ് (അഴിമുഖം ചാനലില്‍നിന്ന് ക്രോഡീകരിച്ചത്): “പെണ്‍കുട്ടികളില്‍ ഒരാളായ ദര്‍കാഷാ ബാനോ-വിന് 19 വയസുണ്ടെന്നാണ് യു.പി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ പോലീസിന്റെ പക്കലുള്ള ആധാര്‍ രേഖപ്രകാരം പ്രകാരം 2011-ലാണ് പ്രതിയാക്കപ്പെട്ട പെണ്‍കുട്ടി ജനിച്ചിരിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ സുഹൃത്തായ 20 വയസുള്ള മുഹമ്മദ് കൈഫിനേയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 28-നാണ് പെണ്‍കുട്ടിയുടെ അമ്മ പ്രയാഗ്‌രാജ് പോലീസില്‍ പരാതി നല്‍കിയത്. ഈ പെണ്‍കുട്ടിയുടെ പേര് ഇര എന്ന രീതിയില്‍ പൊലീസ് രഹസ്യമായി വച്ചിരിക്കുകയാണ്. മതംമാറ്റ ശ്രമം, തട്ടിക്കൊണ്ട് പോകല്‍, ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്കായുള്ള ജിഹാദി പരിശീലനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.” (ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് യു.പി.പോലീസിന്റെ കള്ളക്കഥ, ശ്രീജിത് ദിവാകരന്‍, ജൂണ്‍ 28, അഴിമുഖം).
യുപി പൊലീസിന്റെ വാദം: തട്ടിക്കൊണ്ടുപോയത് ദലിത് പെണ്‍കുട്ടിയെയാണ്. മെയ് എട്ടിന് അയല്‍ക്കാരിയായ ദര്‍കാഷ പണവും മറ്റ് പ്രലോഭനങ്ങളും നല്‍കി 15 കാരിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയി. ഫൂല്‍പൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് നിന്ന് ബൈക്കിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത് മുഹമ്മദ് കൈഫാണ്. പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദര്‍കാഷയ്‌ക്കൊപ്പം ഈ പെണ്‍കുട്ടി ഡല്‍ഹിയിലേയ്ക്ക് തീവണ്ടി കയറി. അവിടെ നിന്നാണ് തൃശൂരിലേയ്ക്ക് തീവണ്ടി മാര്‍ഗമെത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദളിത് പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റി ‘ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക്’ ഉപയോഗിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമാണ് ദര്‍കാഷ ബാനു. അവള്‍ തന്റെ മകളെ ‘സംശയം ജനിപ്പിക്കുന്ന’ ആളുകളുമായി പരിചയപ്പെടുത്തിയെന്നും ആദ്യം പണം കൊടുത്ത് വശീകരിച്ചുവെന്നും പിന്നെ ബലമായി മതം മാറ്റാന്‍ ശ്രമിച്ചുവെന്നും ഈ പരാതിയില്‍ ഉണ്ടത്രേ. തുടര്‍ന്ന് ‘ജിഹാദി’ പരിശീലനം ആരംഭിച്ചതോടെ ഭയന്നാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അമ്മയുടെ പരാതിയിലുള്ളതായി യു.പി.പോലീസ് പറയുന്നു. ‘ജിഹാദിന് വേണ്ടി നിലകൊള്ളണം’ എന്ന് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പരിചയപ്പെട്ടവര്‍ പറഞ്ഞതായും ആരോപണത്തിലുണ്ട്.
എല്ലാ ആരോപണവും തൃശൂര്‍ പൊലീസ് നിഷേധിച്ചു. ചോദ്യം ചെയ്തപ്പോള്‍ ഇത്തരം പരാതികളൊന്നും പെണ്‍കുട്ടി പറഞ്ഞിരുന്നില്ല രണ്ട് പേരെയും ഒരുമിച്ചാണ് പൊലീസ് പിടികൂടിയതും.
കേരളത്തില്‍ ചെന്ന് ഇസ്ലാമാകൂ
കേരളത്തില്‍ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും എന്ന ശീര്‍ഷകത്തില്‍ ജനം ടിവി ഇതുസംബന്ധിച്ച് ഒരു വാര്‍ത്ത ചെയ്തു. ജിഹാദില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാര്‍ത്ത അവകാശപ്പെടുന്നു. കേരളം ആസ്ഥാനമായുള്ള തീവ്രവാദ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ടത്രെ (കേരളത്തില്‍ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും, ജിഹാദ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി; പെണ്‍കുട്ടിയുടെ മൊഴി, ജൂലൈ 2, ജനം ടി വി).


6. മുഹറം അവധി
ചന്ദ്രമാസ പിറവിയുട അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 ജൂലൈ 7 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം, ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം. അതുകൊണ്ട് മുഹറം ആചരിക്കുന്ന ജൂലൈ 7 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.
7. കാസയുടെ മുസ്ലീം വിരുദ്ധത
ആര്‍.എസ്.എസിന്റെ പിന്‍ബലത്തോടെ ക്രൈസ്തവ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാസ തനി മുസ്ലീം വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. പുന്നപ്ര-വയലാല്‍ സമരഭൂമിയില്‍ പി.കെ ചന്ദ്രാനന്ദന്‍ 11ാം ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തിടെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ ഫോണ്‍ കാണാനിടവന്നു. അദ്ദേഹത്തിന്റെ ഫോണില്‍ വന്ന കാസയുടെ വാക്കുകള്‍ തനി മുസ്ലീം വിരുദ്ധമായിരുന്നു. ആര്‍.എസ്.എസിന്റെ സഹായത്തോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാസ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (കാസ പ്രചരിപ്പിക്കുന്നത് തനി മുസ്ലീം വിരുദ്ധതയെന്ന് സജി ചെറിയാന്‍; അടുത്തിടെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ ഫോണ്‍ കാണാനിടവന്നു; അതില്‍ വന്നുകൊണ്ടിരുന്നത്…’, ജൂലൈ 2, മാധ്യമം).
8. ഭാരതാംബയില്‍ രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
ഭാരതാംബ ചിത്രം വച്ച് വേദി സജ്ജീകരിച്ചതിനെത്തുടര്‍ന്ന് രൂപംകൊണ്ട സംഘര്‍ഷം കൈവിട്ടപോയ സാഹചര്യത്തില്‍ പരിപാടി റദ്ദാക്കിയ കേരള സര്‍വകലാശാല രജിസ്ട്രാരെ വി സി ഡോ. മോഹനന്‍ കുന്നുമ്മേല്‍ സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വകലാശാല സെനറ്റ് ഹാളിലാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ശ്രീ പത്മനാഭ സേവാസമിതിയുടെ പരിപാടി തീരുമാനിച്ചിരുന്നത്. വേദിയില്‍ ഭാരതാംബയുടെ ചിത്രം സജ്ജീകരിക്കുകയും ചെയ്തു. കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടുതന്നെ ഗവര്‍ണര്‍ സ്ഥലത്തെത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതിനാണ് രജിസ്ട്രാര്‍ ഡോ:കെ.എസ്.അനികുമാറിനെ യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.(സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍, ജൂലൈ 2, മാതൃഭൂമി).
9. ഐക്യ ജമാഅത്ത് പരിവാര്‍ മുന്നണി
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചു. അപകടത്തിനു മുമ്പ് ബിന്ദുവിനെ കാണാതായതായി ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. പതിനാലാം വാര്‍ഡിലെ ശുചിമുറിയില്‍ കുളിക്കാനായി ബിന്ദു പോയതായിരുന്നു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്.
ജൂലൈ 3 രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗം തകര്‍ന്നത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍ വാസവനും പറഞ്ഞത്. ഇത് വലിയ വിവാദമായി. മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതിനോടുള്ള സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഐക്യ ജമാഅത്ത് പരിവാര്‍ മുന്നണി എത്ര ഒറ്റപ്പെടുത്തി അക്രമിക്കാന്‍ ശ്രമിച്ചാലും മലയാളികളുടെ മനസ്സില്‍ കേരളത്തിലെ മികച്ച ആരോഗ്യവകുപ്പ് മന്ത്രിമാരില്‍ ഒരാളായി സഖാവ് വീണാ ജോര്‍ജിന് ഒരു സ്ഥാനം ഉണ്ടാകും.’
ഈ പ്രതികരണത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ കുറിച്ചു: ‘മന്ത്രിക്ക് എതിരെ വന്ന ആരോപണം വര്‍ഗീയത പറഞ്ഞു വഴി തിരിച്ചുവിടാനുള്ള ശ്രമം കൊള്ളാം വര്‍മ്മ സാറേ… പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്. വീണ ജോര്‍ജിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇതൊന്നും പോരല്ലോ സംഘാവേ..!’ (ബിനീഷ് കോടിയേരിക്കെതിരെ ഫാത്തിമ തഹ്‌ലിയ: ‘വീണ ജോര്‍ജിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇതൊന്നും പോരല്ലോ സംഘാവേ..!’, ജൂലൈ 4, മാധ്യമം).
10. ഊരുവിലക്ക്
നഖ്ഷ്ബന്ദീയ ത്വരീഖത്തില്‍നിന്ന് പുറത്തുപോയ കീഴ്‌ശ്ശേരി സ്വദേശികളെ സംഘടനാപ്രവര്‍ത്തകര്‍ ആക്രമിക്കുന്നുവെന്ന വാര്‍ത്ത ജൂലൈ ആദ്യ വാരത്തിലാണ് മലയാള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സി.എ റിയാസിനും കുടുംബത്തിനുമാണ് സംഘടനയില്‍ നിന്ന് പുറത്തു പോയതിന്റെ പേരില്‍ ഈ ദുരനുഭവം ഉണ്ടായത്: സംഘടനയില്‍ നിന്ന് പുറത്തു പോയശേഷം വീട്ടില്‍ കയറാന്‍ അനുവാദം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞദിവസം ഉമ്മയെ കാണാന്‍ എത്തിയപ്പോള്‍ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമിച്ചു. മാനസികവും ശാരീരികവുമായുള്ള പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രസ്ഥാനത്തില്‍ ജനിച്ചു വളര്‍ന്നതിന്റെ പേരില്‍,അതില്‍ നിന്നും പുറത്തു വരാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഉണ്ട്.
ഉമ്മയെ കണ്ടിട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞുവെന്നും കണ്ടാല്‍ തന്നെ രഹസ്യമായി കാണാന്‍ പാടുള്ളൂവെന്നും ഫോണ്‍വിളികള്‍ പോലും രഹസ്യമായിട്ടാണെന്നാണ് റിയാസ് പറയുന്നത്. റിയാസും കുടുംബവും പൊലീസിൽ പരാതിയും നല്‍കി (സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി; കുടുംബം കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി, ജൂലൈ 3, മീഡിയാവണ്‍).
ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്ത പല മാധ്യമങ്ങളും കുടുംബം ‘ഊരുവിലക്ക്’ നേരിടുന്നുവെന്നാണ് എഴുതിയത്. ജന്മഭൂമി ഉപയോഗിച്ച വാക്ക് മുസ്ലീം ‘സംഘടന’ എന്നല്ല ‘മുസ്ലീം സമുദായം’ എന്നാണ്. അവരുടെ റിപ്പോർട്ട് ഇങ്ങനെയായിരുന്നു: ‘മുസ്ലീം സമുദായത്തില്‍ നിന്ന് പുറത്തു പോയ കുടുംബത്തിന് ഊരുവിലക്ക്’. ‘സമാന്തര സര്‍ക്കാരാ’യാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും പത്രം ആരോപിക്കുന്നു. നഖ്ഷ്ബന്ദീയ ത്വരീഖത്തിനെ നിഗൂഢ ലക്ഷ്യങ്ങളുള്ള സംഘടനയായാണ് അവര്‍ അവതരിപ്പിച്ചത് (മുസ്ലീം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; ജൂലൈ 3, ജന്മഭൂമി). ജന്മഭൂമി മാത്രമല്ല ഇതര മാധ്യമങ്ങളും ഇതേ മനോഭാവത്തോടെയാണ് ത്വരീഖത്തിനെ അവതരിപ്പിച്ചത്.
11. ഭീകരനും മാധ്യമഭാഷയും
കേരളം, കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ അടക്കമുള്ള അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദ് അലി എന്നിവരെ തമിഴ്‌നാട് / ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ജൂലൈ 3ന് പുറത്തുവന്നു. 30 വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. അല്‍ ഉമ്മ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. അല്‍ ഉമ്മ നടത്തിയതായി ആരോപിക്കുന്ന അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്തത് ഇവരാണെന്നും പൊലീസ് കരുതുന്നു.
ഈ വാര്‍ത്ത അഴിമുഖം ജൂലൈ 3ന് റിപ്പോർട്ട് ചെയ്തത് ‘മറഞ്ഞിരുന്നത് 30 വര്‍ഷം, അല്‍-ഉമ്മ ഭീകരന്‍ അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍’ എന്നാണ്. ഇതേ വാര്‍ത്ത ഓര്‍ഗനൈസര്‍ റിപ്പോർട്ട് ചെയ്തതും സമാനമായ രീതിയില്‍ത്തന്നെ: ആന്ധ്രപ്രദേശ്: അല്‍ ഉമ്മ ടെററിസ്റ്റ്‌സ് അറസ്റ്റഡ്, പ്ലാന്‍ഡ് ബ്ലാസ്റ്റ്‌സ് ഇന്‍ ത്രി മേജര്‍ ഇന്ത്യന്‍ സിറ്റീസ്; എക്‌സ്‌പ്ലോസീവ് ഫോര്‍ 50-60 ഐഇഡി സീസ്ഡ് എന്നാണ് (ജൂലൈ 4). മുഹമ്മദലിയെ അറസ്റ്റ് ചെയ്ത വിവരം അഴിമുഖം വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. മറ്റു പത്രങ്ങളില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. ഈ രണ്ട് മാധ്യമങ്ങളുടെയും വാര്‍ത്താ അവതരണം സമാനമായ രീതിയിലായിരുന്നു. ഇരു മാധ്യമങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരെ ‘ഭീകരന്‍’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇതേ വാര്‍ത്ത ഹിന്ദു റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: ടെററല്‍ സസ്‌പെക്റ്റ്‌സ് അറസ്റ്റഡ് ഇന്‍ റയഛോതി ഹാവ് ലിങ്ക്‌സ് വിത്ത് ബാന്‍ഡ് ഔട്ട് ഫിറ്റ് അല്‍ ഉമ്മ സെയ്‌സ് പൊലീസ് (ജൂലൈ 3). ‘ഭീകരനെന്ന് സംശയിക്കുന്ന ആള്‍’ എന്നായിരുന്നു ഹിന്ദുവിന്റെ ഭാഷ (ജൂണ്‍, ഫേസ്ബുക്ക്/ ഫസീഹ് അഹമ്മദ് ഇ.കെ)
12. കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ്
കയ്യില്‍ ഭരണഘടനയുമായി ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവര്‍ ശരിഅ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. സെക്യുലറിസത്തിന് എതിരാണ്. ജനാധിപത്യത്തിനും എതിരാണ്. കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ ജമാഅത്തെ ഇസ്‌ലാമിയെ ചേര്‍ത്തുപിടിക്കുന്നതും ജനങ്ങളെ വിഡ്ഡികളാക്കലാണ് (ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ്സിന്റെ കൂട്ടുകൂടല്‍ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍, ജൂലൈ 3, ജന്മഭൂമി).
13. കൊലപാതകത്തിന്റെ ആഖ്യാനം
ജൂലൈ ആദ്യവാരത്തില്‍ ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്നു. പിതാവ് ജോസാണ് മകള്‍ ഏയ്ഞ്ചല്‍ ജാസ്മിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയത്. പൊലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെ: ജാസ്മിന്‍ പതിവായി വീട്ടില്‍ വൈകി വരുന്നതിനെച്ചൊല്ലി വീട്ടില്‍ നേരത്തെത്തന്നെ തര്‍ക്കമുണ്ടായിരുന്നു. കൊല നടന്ന ദിവസവും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി. മകളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പുലര്‍ച്ചെ ആറിന് പിതാവ് അയല്‍ക്കാരെ അറിയിച്ചു. പൊലീസും സ്ഥലത്തെത്തി. കുടുംബത്തിലുള്ള മറ്റുള്ളവരും കൊലപാതകവിവരം അറിഞ്ഞിരുന്നു. ആത്മഹത്യയെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പൊലീസ് ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. (അച്ഛന്‍ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്നു, ഓമനപ്പുഴ കൊലപാതകം: ശകാരം, തര്‍ക്കം, കൊലപാതകം; മറ്റ് കുടുംബാംഗങ്ങള്‍ക്കും പങ്കുള്ളതായി സംശയം, ജൂലൈ 3, ദേശാഭിമാനി).
‘സദാചാര പൊലീസിങ്’, ‘സമുദായം’, ‘മതം’, പോലുള്ള അന്താരാഷ്ട്ര രൂപകങ്ങള്‍ ഇവയൊന്നും ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ചര്‍ച്ചകളിലുണ്ടായിരുന്നില്ല.
14. താലിബാന്റെ മുഖപത്രം പോലെ
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സിപിഎം നേതാവ് എം സ്വരാജ് ദി ക്യൂവിന് ഒരു അഭിമുഖം നല്‍കി. ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളല്ലാത്തവരെ വിലക്കെടുക്കുന്നുവെന്നായിരുന്നു അദ്ദേഹം പറയാന്‍ ശ്രമിച്ചത്. മാത്രമല്ല, മാധ്യമം പത്രമടക്കമുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള മാധ്യമങ്ങളെ താലിബാന്‍ രൂപകവുമായി കൂട്ടിക്കെട്ടുകയും ചെയ്തു. എഴുത്തുകാരന്‍ എന്‍ ഇ സുധീറാണ് അഭിമുഖം നടത്തിയത്:
ബി.ജെ.പിയുടെ ചന്തയില്‍ മുസ്ലീം പേരിനുള്ള അതെ വിലയാണ് ജമാഅത്തെ ഇസ്ലാമിയുടെ ചന്തയില്‍ ഹിന്ദു പേരിനുള്ളത്. നമ്മുടെ പല സാഹിത്യ സാംസ്‌കാരിക നായകന്മാരൊക്കെ മാധ്യമത്തില്‍ എഴുതുന്നു. വിശാലാര്‍ത്ഥത്തില്‍ ഇടതുപക്ഷം എന്നൊക്കെ പറയാവുന്നവരാണ്. ഹിറ്റ്‌ലര്‍ ഇപ്പോള്‍ ഒരു വാരിക തുടങ്ങിയാല്‍, കുറച്ചു സബ്‌സ്‌ക്രിപ്ഷനുള്ളതാണെങ്കില്‍ പുരോഗമന നിലപാട് ഉള്ളവരില്‍ ചിലരെങ്കിലും അതില്‍ എഴുതും. ചിലപ്പോള്‍ ന്യായീകരിക്കുകയും ചെയ്യും. ആത്യന്തികമായി അതിന്റെ ഗുണഭോക്താവ് ജമാഅത്തെ ഇസ്ലാമിയാണ്, മാധ്യമമാണ്. യഥാര്‍ത്ഥത്തില്‍ ഇന്നായിരിക്കും അവര്‍ ഒരു പക്ഷെ താലിബാനെ കുറിച്ച് സ്വതന്ത്ര അഫ്ഗാന്‍ എന്ന് എഴുതുന്നത്. താലിബാന്‍ മുന്നണിയില്‍ നില്‍ക്കുന്നവരൊക്കെ നല്ല കവിതകള്‍ എഴുതുന്നവരാണെന്ന് പറയുന്നു. പെണ്ണ് പ്രസവിച്ചാല്‍ മതി വേറെ കാര്യങ്ങളിലൊന്നും ഇടപെടേണ്ട കാര്യമില്ല എന്ന് അവരുടെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍ താലിബാന്റെ മുഖപത്രം ആയിക്കൊണ്ടിരിക്കുകയാണ്. എണ്ണത്തില്‍ കുറവാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. അതുകൊണ്ട് അത് ഒരു വലിയ വെല്ലുവിളിയായിരിക്കില്ല എന്ന് കരുതിയിട്ടുണ്ടാവും പൊതുസമൂഹം (ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍ താലിബാന്റെ മുഖപത്രം പോലെ: എം സ്വരാജ്, ജൂലൈ 3, ദ ക്യൂ).
15. പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടതില്‍ നടപടി
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ ആളോട് ജല അതോറിറ്റി ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ കേരള ജല അതോറിറ്റി സീനിയര്‍ സൂപ്രണ്ടിനോട് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി. താനൂര്‍ സ്വദേശി സിദ്ദീഖിനോടാണ് ജല അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പൗരത്വം തെളിയിക്കുന്ന രേഖകളുമായി മലപ്പുറം ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. താനൂര്‍ നഗരസഭയില്‍ ജല അതോറിറ്റിയുടെ പൈപ് ലെെനുമായി ബന്ധപ്പെട്ട് സിദ്ദീഖ് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് (വിവരാവകാശ അപേക്ഷകനോട് ജല അതോറിറ്റി ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടതില്‍ നടപടി,ജൂലൈ 3, മീഡിയ വണ്‍).
തുടര്‍ന്ന് എം സിദ്ദീഖിനോട് മലപ്പുറം ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സത്യ വില്‍സണ്‍ മാപ്പ് പറഞ്ഞു (വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയതിന് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടു; അപേക്ഷകനോട് മാപ്പ് പറഞ്ഞ് ഉദ്യോഗസ്ഥന്‍, ജൂലൈ 6, മീഡിയാവണ്‍).
16. നാല് വ്യാജവാര്‍ത്തകള്‍
1) മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫാക്റ്റ് ചെക്കിങ് സൈറ്റായ ഫാക്റ്റ് ക്രസന്‍ഡൊ ഇതേ കുറിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു (ജൂലൈ 4).
മുസ്ലീം ആരാധാനാലയം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയ അങ്കണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വലംവച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്നതിന
മുസ്ലീം ആരാധാനാലയം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയ അങ്കണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വലംവച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇസ്ലാം മതാചാരങ്ങള്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കമന്ററിയിലുള്ളത്.
ദൃശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുമായി യാതൊരു ബന്ധവുമില്ലെന്നും കാസര്‍ഗോഡ് തൃക്കരിപ്പൂരുള്ള എബിഎസ് ഗ്ലോബല്‍ എന്ന സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും ക്രസന്‍ഡൊ കണ്ടെത്തി. ഈദ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ വീഡിയോ ജൂണ്‍ 3ന് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്നു (മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്, ജൂലൈ 4, ഫാക്റ്റ് ക്രസന്‍ഡൊ).
2) കോണ്‍ഗ്രസ് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജയില്‍വാസം അനുഭവിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിച്ചു (മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വിഡി സതീശനെതിരെ വ്യാജ പ്രചരണം, ജൂലൈ 9, ഫാക്റ്റ് ക്രസന്‍ഡൊ).
3) വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍നിന്ന് വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിച്ചു (മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന, ജൂലൈ 12, ഫാക്റ്റ് ക്രസന്‍ഡൊ).
4.. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിച്ചു. ഇ.പി ജയരാജന്റെ ചിത്രവും ഒപ്പം ”നിലമ്പൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറയാന്‍ കാരണം ഇറാന്‍ യുദ്ധം ഇപി ജയരാജന്‍” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്. ഇത് വ്യാജവാര്‍ത്തയാണെന്ന് ഫാക്‌സ്‌റ്എറ് ക്രസെന്‍ഡോ സ്ഥിരീകരിച്ചു (റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇ.പി ജയരാജന് എതിരെ വ്യാജ പ്രചരണം, ജൂലൈ 28, ഫാക്‌സ്‌റ്എറ് ക്രസെന്‍ഡോ)
17. പോപ്പുലർ ഫ്രണ്ടും ഇടത് ജിഹാദി കൂട്ടുകെട്ടും
ആയിരത്തോളം ആര്‍എസ്എസ്സുകാരുടെ പട്ടികയുണ്ടാക്കിയെന്ന് പോപ്പുലർ ഫ്രണ്ടിനെതിരേ കോടതിയും അന്വേഷണ ഏജന്‍സിയും ആരോപണം ഉന്നയിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് കേസരി വാരികയില്‍ ജി കെ സുരേഷ്ബാബു ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പോപുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്ന ഇടത്-ജിഹാദി കൂട്ടുകെട്ടിനെതിരേയായിരുന്നു ലേഖനം തയ്യാറാക്കിയത്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നടപ്പിലാകുംവരെ കേരളത്തിലുടനീളം മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനും ജിഹാദി ഭീകരസംഘടനകള്‍ക്കും ശക്തിയുള്ള സ്ഥലങ്ങളില്‍ നടന്നിരുന്ന വാഹനാപകടങ്ങളും ഇടിച്ചിട്ട് കടന്നുകളയുന്ന അപകടങ്ങളും ലക്ഷ്യമിട്ടിരുന്നത് ആര്‍എസ്എസ്, ഹിന്ദുസംഘടനാ നേതാക്കന്മാരെ മാത്രമായിരുന്നു.
ഇന്ത്യയില്‍ ഇസ്ലാമികഭരണം എന്ന ലക്ഷ്യത്തിലേക്ക് എന്ന രഹസ്യരേഖ ഭാരതത്തിലെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതും ഹിന്ദുക്കളെ വിഭജിച്ച് ഇസ്ലാമിക ഭരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ട് അന്താരാഷ്ട്രതലത്തില്‍ തന്നെ ഉന്നത നേതാക്കള്‍ക്കും മറ്റുമായി വിതരണം ചെയ്തിട്ടുള്ള ഈ രേഖയില്‍ ഭാരതത്തിലെ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തിയിരിക്കുകയാണെന്ന് ആരോപിക്കുന്നു.ഇപ്പോള്‍ ഭാരതത്തിലുള്ള മുസ്ലീം സമൂഹത്തിന്റെ 10 ശതമാനം പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നാല്‍ ഭാരതത്തില്‍ ഇസ്ലാമികഭരണം നടപ്പിലാക്കാന്‍ അനായാസം കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് രേഖ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലുള്ള എല്ലാ മുസ്ലീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ വിവിധതലത്തിലുള്ള പരിശീലനം നല്‍കാനും ഇസ്ലാമിക ഭരണത്തിലേക്ക് നയിക്കാനും കഴിയുന്ന സംവിധാനത്തിന്റെ ആദ്യഘട്ടം ആകുമെന്നാണ് വിഷന്‍ 2047 വ്യക്തമാക്കുന്നത്. രണ്ടാംഘട്ടം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കരുത്തുകാട്ടുന്നതാണ്. എതിരാളികളെ ഭയപ്പെടുത്താനും ആയുധപരിശീലനം നല്‍കാനും സംവിധാനമുണ്ടാകും. ഇതിനായി രണ്ടുതരത്തിലുള്ള സംഘങ്ങളെ സംഘടനാസംവിധാനത്തില്‍ വികസിപ്പിച്ചെടുക്കും (ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍, ജി.കെ സുരേഷ്ബാബു, ജൂലൈ 4, കേസരി വാരിക).
18. വാവരും വാപുരനും
ജൂലൈ 4ന് എരുമേലിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ വാപുരസ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിര്‍മാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞു. വാപുരന്‍ എന്ന സങ്കല്‍പ്പമുണ്ടെന്നും എന്നാല്‍ ക്ഷേത്രനിര്‍മാണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ വാദം. വാപുര സങ്കല്‍പ്പത്തെ അനുകൂലിച്ചും വാവര്‍ പള്ളി തകര്‍ക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെത്തന്നെ വിഎച്ച്പി രംഗത്തുവന്നിരുന്നു. പി ജോഷി എന്നയാളുടെ സ്ഥലത്താണ് വാപുര ക്ഷേത്ര നിര്‍മാണം തുടങ്ങിയത്. പ്രതിഷ്ഠാച്ചടങ്ങും തീരുമാനിച്ചിരുന്നു. ചട്ടം പാലിക്കാതെയാണ് ക്ഷേത്രനിര്‍മാണം തുടങ്ങിയതെന്ന് ആരോപിച്ച് പറവൂര്‍ സ്വദേശി കെ കെ പത്മനാഭനാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ക്ഷേത്ര നിര്‍മാണം തടഞ്ഞത് (വാവരുടെ മുസ്ലീം ഐഡന്റിറ്റി ഹിന്ദുത്വത്തെ അത്രമേല്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്; എരുമേലിയിലെ ‘വാപുര ക്ഷേത്ര’ നിര്‍മാണത്തില്‍ ടി.എസ് ശ്യാംകുമാര്‍, ജൂലൈ 5, ഡൂള്‍ ന്യൂസ്).
2024
നായിനാര്‍ പള്ളിയെ വാവര്‍ പള്ളിയാക്കി മാറ്റുകയാണ് ചെയ്തതെന്നും യഥാര്‍ത്ഥത്തില്‍ അത് വാപുരനാണെന്നുമുള്ള വാദം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. 2024 ജൂലൈയിലാണ് ഈ വാദം കൂടുതല്‍ അന്തരീക്ഷത്തില്‍ കേട്ടുതുടങ്ങിയത്. പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ് തുടങ്ങിയ സംഘപരിവുകാരാണ് 2024ല്‍ ഈ വാദത്തിനു മുന്നില്‍നിന്നത് (ജൂലൈ 9, ഫേസ്ബുക്ക്/ അഡ്വ. കൃഷ്ണരാജ്, ജൂലൈ 14, 2024, ഫേസ്ബുക്ക്/ പ്രതീഷ് വിശ്വനാഥ്).
വാപുരന്‍ എന്നത് ശിവഭൂതമാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുള്ളതാണെന്നും വാവര്‍ സ്ഥാനം ശബരിമലയില്‍ നിന്ന് പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് വിജി തമ്പിയുടെ നേതൃത്വത്തില്‍ ജൂലൈ 28ാം തിയ്യതി കൊച്ചി നഗരത്തില്‍ ഒരു പ്രതിഷേധ പരിപാടി നടത്തി (ജൂലൈ 28, 2024, ഇന്‍സ്റ്റഗ്രാം/ പ്രതീഷ് വിശ്വനാഥ്).
വാവര്‍ മിഥ്യയാണ് എന്നും വാപുരന് വേണ്ടത് പള്ളിയല്ല ക്ഷേത്രമാണ് എന്നുള്ള ആവശ്യം ഏറ്റെടുത്ത വിജി തമ്പിക്കു പ്രതീഷ് വിശ്വനാഥ് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു (ജൂലൈ 28, 2024, ഇന്‍സ്റ്റഗ്രാം/ പ്രതീഷ് വിശ്വനാഥ്).
വാവരും അയ്യപ്പനും തമ്മില്‍ ബന്ധമില്ലെന്ന് അടുത്ത ദിവസങ്ങളിലും വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി ആവര്‍ത്തിച്ചു. ഇക്കാര്യം ശബരിമലയിലെ മൂന്ന് ദേവപ്രശ്‌നത്തിലും തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു (വാവാരും അയ്യപ്പനും തമ്മില്‍ ബന്ധമില്ല: വാവര്‍ നട പൊളിക്കണം, വിജി തമ്പി, നവംബര്‍ 10, ഡൂൾ ന്യൂസ്).
അദ്ദേഹം പറഞ്ഞ കഥ ഇതാണ്: വാവര് എന്ന ശിവഭൂതകണമാണ് അയ്യപ്പനോടൊപ്പമാണ് എരുമേലിയില്‍ മഹിഷി മര്‍ദനത്തിനായി വന്നത്. പരമശിവന്‍ നല്‍കിയ വാളുകൊണ്ട് അയ്യപ്പന്‍ മഹിഷിയെ വധിച്ചു. അക്കാലത്ത് എരുമേലി വരെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എരുമേലിയിലെത്തുന്നവരെ തിരിച്ചിറക്കാനുള്ള ഉത്തരവാദിത്തം അയ്യപ്പന്‍ വാവര്‍ക്ക് നല്‍കിയെന്നും ആ വാവരെയാണ് എരുമേലിയില്‍ പ്രതിഷ്ഠിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത് (വാവരും അയ്യപ്പനും തമ്മില്‍ ഒരു ബന്ധവുമില്ല: വാവര്‍ നട പൊളിക്കണം: വിജി തമ്പി, നവംബര്‍ 10, 2024, ഡൂള്‍ ന്യൂസ്).
കാഫിറിനെ സുഹൃത്താക്കിയത് പാളിച്ച
ഇതേ വിഷയം എബിസി മലയാളവും ചര്‍ച്ച ചെയ്തു. യുക്തിവാദിയും എക്‌സ് മുസ്ലീമുമായ ആരിഫ് ഹുസൈന്‍ തെരുവത്താണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍: ഇസ്ലാമില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ കാഫിറുമായി സുഹൃത്ത് ബന്ധം ഉണ്ടാവരുതെന്നുണ്ട്. അങ്ങനെ ഇരിക്കെ വാവര്‍ സ്വാമി എന്ന് പറയുന്ന ആള്‍ വലിയ ഇസ്ലാമിക പണ്ഡിതനൊക്കെ ആണെങ്കില്‍, അയാള്‍ അയ്യപ്പനെന്ന് പറയുന്ന കാഫിറിനെ സുഹൃത്ത് ആക്കിയിട്ടുണ്ടെങ്കില്‍ അത് ഒന്നാന്തരം പാളിച്ചയാണ്. ആരും പൊളിക്കാതെത്തന്നെ മുസ്ലീങ്ങൾ ഇത് കയ്യൊഴിയും. ശിര്‍ക് ഇസ്ലാമിന്റെ കണ്ണില്‍ വലിയ തെറ്റാണ്. ഇത് പോലുള്ള മറ്റ് മതങ്ങളുമായിട്ട് ചേര്‍ന്നിട്ടുള്ള ആഘോഷങ്ങള്‍ ഇസ്ലാം തള്ളിക്കളയും. മുസ്ലീങ്ങളിലെ ഇസ്ലാംവത്കരണം ഇന്ന് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളിലുള്ളവര്‍ക്ക് ഇസ്ലാം എന്താണെന്ന് അറിയണമെന്നില്ല, കൊറച്ചു പേര്‍ക്ക് അറിയാം അവരാണ് കുഴപ്പം ഉണ്ടാക്കുന്നത്. കുഴപ്പം ഉണ്ടാക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കും, ഇസ്ലാം കൂടുതല്‍ അറിഞ്ഞാല്‍. അങ്ങനെ അറിയുന്ന ഘട്ടം വന്നാല്‍ അത് വാവര് പള്ളിയുടെയും അവസാനം ആയിരിക്കും (വാവര് നട പൊളിക്കണോ?, നവംബര്‍ 13, 2024, എ ബി സി മലയാളം).


ഗൂഢാലോചന
താമസിയാതെ ഈ വാദം സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അവരുടെ വാദം ഇതാണ്: വാവരെ മഹത്വവത്കരിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ലക്ഷ്യം ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയും അവഹേളിക്കുകയെന്നതാണ്. ശബരിമലയുടെ മറവില്‍ വിശ്വാസികളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ വാവര്‍ പള്ളിയെ ഉയര്‍ത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് കളമൊരുക്കുന്നു. ശബരിമലയില്‍ അപ്പവും അരവണയും വിറ്റു കോടികളുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡ് ദക്ഷിണഭാരതത്തിലെ അയോദ്ധ്യയായ ശബരിമലയിലെ മണ്ഡല മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ബുദ്ധിമുട്ടിക്കുകയാണ് (വാവര്‍-അയ്യപ്പന്‍ ബന്ധം: കെട്ടുകഥകള്‍ക്ക് പിന്നില്‍ ഗൂഢാലോചന: വിഎച്ച്പി, നവംബര്‍ 21 ജന്മഭൂമി, 2024).
ജിഹാദികള്‍ക്ക് പ്രോത്സാഹനം
വാവര്‍- അയ്യപ്പന്‍ ബന്ധം സംബന്ധിച്ച കെട്ടുകഥയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാവര്‍ അയ്യപ്പന്റെ ചങ്ങാതിയെന്ന് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബെന്‍സാല്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ മൗനം ദുരൂഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിനെട്ടാം പടിക്ക് സമീപത്തുള്ള വാവര് നട അവിടെ നിന്ന് മാറ്റണം. കെട്ടുകഥ പ്രചരിപ്പിക്കുന്നത് ജിഹാദികളെ പ്രോത്സാഹിപ്പിക്കാനാണ്. മുസ്ലീം സമുദായം വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നില്ല. പിന്നെയെങ്ങനെയാണ് വാവരുടെ നട അവിടെ വന്നതെന്നും അദ്ദേഹം ചോദിക്കുന്നു (വാവര്‍- അയ്യപ്പന്‍ ബന്ധം; കെട്ടുകഥയ്ക്ക് പിന്നില്‍ ഗൂഢാലോചന; വാവര് പള്ളിയെ ഉയര്‍ത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് സര്‍ക്കാര്‍ കളം ഒരുക്കുന്നു; വിഎച്ച്പി, നവംബര്‍ 21 2024, ജനം ടിവി).
ശബരിമലയില്‍ എത്തുന്നവര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് തെലങ്കാനയിലെ ബിജെപി നേതാവും എംഎല്‍എയുമായ രാജാസിങ് ഹൈദരാബാദില്‍ പ്രസംഗിച്ചു. വാവര്‍ സങ്കല്‍പ്പം കമ്മ്യൂണിസ്റ്റുകാരും നക്‌സലൈറ്റുകളും സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു (അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് തെലങ്കാനയിലെ ബിജെപി നേതാവ്;പരാമര്‍ശം വിവാദത്തില്‍, നവംബര്‍ 22, 2024, മാധ്യമം).
2025ലെ വിവാദം
എരുമേലി പുത്തന്‍വീടിന് സമീപം അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധിയുണ്ടായതായി ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായ എരുമേലി പുത്തന്‍ കാവിനു സമീപം അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിലാണ് അയ്യപ്പസ്വാമിയുടെ പരിചാരക ദേവന്‍മാരില്‍ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്ര നിര്‍മാണം നടത്തി ആരാധിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടത് (വാവര് സ്വാമിയല്ല, വാപുര സ്വാമി, എരുമേലിയില്‍ പ്രതിഷ്ഠ വേണമെന്ന് പ്രശ്നവിധി, ഏപ്രില്‍ 8, മെട്രോ വാര്‍ത്ത).
വാവര്‍ സങ്കല്‍പ്പം തിരുകിക്കയറ്റിയതാണ്, സാങ്കല്‍പ്പികമാണ്. അയ്യപ്പസ്വാമിയുടെ പരിചാരക ദേവന്‍മാരില്‍ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്രം നിര്‍മിക്കാന്‍ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞെന്നും ചില വാര്‍ത്തകള്‍ അവകാശപ്പെട്ടു. അതേ തുടര്‍ന്നാണ് ഏതാനും ചിലര്‍ ക്ഷേത്ര നിര്‍മാണത്തിലേക്ക് തിരിഞ്ഞത് (ഇനി വാവര്‍ ഇല്ല വാപുരന്‍ മാത്രം. പേട്ടതുള്ളല്‍ പാതയില്‍ വാപുര സ്വാമിക്ക് ക്ഷേത്രം നിര്‍മിണിക്കണമെന്ന ദേവപ്രശ്‌നം ചര്‍ച്ചയാകുന്നു. അയ്യപ്പ ചരിത്രത്തില്‍ വാവരെ തിരുകിക്കയറ്റിയതാണെന്നു പ്രചാരണം, ഏപ്രില്‍ 8, സത്യം ഓണ്‍ലൈന്‍).
വാവരുടെ മുസ്ലീം ഐഡന്റിറ്റി
വാവരുടെ മുസ്ലീം ഐഡന്റിറ്റി ഹിന്ദുത്വത്തെ അത്രമേല്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് വാവരെ വാപുരനാക്കി മാറ്റാന്‍ ശ്രമിക്കുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടി.എസ് ശ്യാം കുമാര്‍. കേവലം ഒരു ഭൂതമാക്കി അരികുവത്ക്കരിക്കാനുള്ള ഹിന്ദുത്വയത്‌നം വിശ്വാസത്തിന്റെ ബഹുസ്വരധാരയെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ശ്യാം കുമാര്‍ അഭിപ്രായപ്പെട്ടു (വാവരുടെ മുസ്ലീം ഐഡന്റിറ്റി ഹിന്ദുത്വത്തെ അത്രമേല്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്; എരുമേലിയിലെ ‘വാപുര ക്ഷേത്ര’ നിര്‍മാണത്തില്‍ ടി എസ് ശ്യാംകുമാര്‍, ജൂലൈ 5, ഡൂള്‍ ന്യൂസ്).
വാവര്‍ തലതിരിഞ്ഞ മതേതര സങ്കല്‍പ്പം
ജൂലൈ 5ാം തിയ്യതി ന്യൂസ് 18 വാവര്‍-വാപുര വിവാദം ചര്‍ച്ചക്കെടുത്തു. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വാപുരന്‍ എന്നുള്ളത് തികച്ചും ഹൈന്ദവമായ സങ്കല്‍പ്പമാണെന്നും കേരളത്തിലെ തലതിരിഞ്ഞ മതേതര സങ്കല്‍പ്പവും മതസൗഹാര്‍ദവും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വാവര്‍ സങ്കല്‍പ്പം കൊണ്ടുവന്നതെന്നും ആര്‍ വി ബാബു അഭിപ്രായപ്പെട്ടു. വാവര് പള്ളിയില്‍ അയ്യപ്പന്റെ ഒരു വിഗ്രഹം വെക്കാനോ അയ്യപ്പന്റെ ഒരു ഫോട്ടോ തൂക്കി പൂജിക്കാനോ ഈ പറയുന്ന ആളുകള്‍ തയ്യാറായിട്ടില്ല. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീം സമുദായവും അംഗീകരിക്കണം. എങ്കിലേ മതസൗഹാര്‍ദ്ദമാകൂ. മതസൗഹാര്‍ദ്ദം വണ്‍വേ ട്രാഫിക്കല്ല- ആര്‍ വി ബാബു ഹിന്ദു ഐക്യവേദി (എരുമേലിയിലെ വാവര്‍ – വാപുര തര്‍ക്കം; വാപുര ക്ഷേത്രത്തിന് പിന്നിലാര്?, ജൂലൈ 5, ന്യൂസ് 18 കേരള).
വാവര്‍ പള്ളിയില്ല
എരുമേലിയില്‍ വാവര്‍പള്ളിയില്ല. ഉള്ളത് നൈനാര്‍ പള്ളിയാണ്. വാപുരക്ഷേത്രം നിര്‍മ്മിക്കാനുള്ള അവകാശം ഒരു സനാതനവിശ്വാസിക്കുണ്ട്-അഡ്വ. അനില്‍ വിളയില്‍, വിശ്വഹിന്ദുപരിഷത്ത് (എരുമേലിയിലെ വാവര്‍ – വാപുര തര്‍ക്കം; വാപുര ക്ഷേത്രത്തിന് പിന്നിലാര്?, ജൂലൈ 5, ന്യൂസ് 18 കേരള).
പ്രശ്‌നം ഇസ്ലാമോഫോബിയ
ആയിരം വര്‍ഷമായി അയ്യപ്പനും വാവരും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മനസ്സിലുള്ള മുസ്ലീം വിരോധം കാരണം പാത്തുമ്മയുടെയും അലിയുടെയും മകനായ വാവരെ തള്ളിപ്പറയുകയാണ് ചിലര്‍. അത് അയ്യപ്പനെ തള്ളിപ്പറയുന്നതിന് സമമാണ്. ശബരിമല ഉദയനില്‍നിന്ന് തിരിച്ചുപിടിക്കാന്‍ അയ്യപ്പനോടൊപ്പം പോരാടിയ ആളാണ് വാവര്. മനസ്സില്‍ മുസ്ലീം വിരോധം വച്ച് ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ശ്രമിക്കുന്നവരാണ് വാവരെ തള്ളിപ്പറയുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകളും വാവരെ അംഗീകരിക്കുന്നില്ല. ഹിന്ദു ദൈവമായ വാവരെ എന്തിന് അംഗീകരിക്കുന്നുവെന്നാണ് അവരുടെ ചോദ്യം. തീവ്രഹിന്ദുത്വവും തീവ്ര ഇസ്ലാമിസവും വാവര്‍ സങ്കല്‍പ്പത്തെ തള്ളിപ്പറയുന്നു. ഐക്യത്തിന്റെ സ്‌പെസിനെ മാറ്റി ഹിന്ദു മുസ്ലീം സ്പര്‍ധയുണ്ടാക്കാനായി വാവരെയും അയ്യപ്പനെയും മിസ് യൂസ് ചെയ്യുകയാണ്- രാഹുല്‍ ഈശ്വര്‍ (എരുമേലിയിലെ വാവര്‍ – വാപുര തര്‍ക്കം; വാപുര ക്ഷേത്രത്തിന് പിന്നിലാര്?, ജൂലൈ 5, ന്യൂസ് 18 കേരള).
19. ഇസ്രായേല്‍ എംബസിയുടെ വിരുന്നില്‍ തരൂര്‍
പലസ്തീനിലും ഇറാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ശശി തരൂര്‍ എംപി ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്തു. ഇസ്രയേലിന്റെ നടപടികളില്‍ ഇന്ത്യ പാലിക്കുന്ന മൗനം മൂല്യങ്ങള്‍ അടിയറ വയ്ക്കുന്ന നടപടിയാണെന്ന് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് സോണിയ വിമര്‍ശിച്ചത്. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് തരൂര്‍ ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റൂവന്‍ അസറിന്റെ വസതിയില്‍ ജൂണ്‍ 27ന് നടന്ന വിരുന്നില്‍ പങ്കെടുത്തത്. തരൂരിനു പുറമെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ബിജെപിയുടെ രാജ്യസഭാംഗം കിരണ്‍ ചൗധരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു (ഇസ്രായേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്ത് തരൂര്‍; പുതിയ വിവാദം, ജൂലൈ 4, മനോരമ).
ബിജെപി നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്ഥിരമായി സ്തുതിക്കുന്ന തരൂര്‍ ബിജെപിയിലേക്കുള്ള പാതയിലാണെന്നും വിരുന്നില്‍ എന്തുകൊണ്ട് പങ്കെടുത്തുവെന്ന് വിശദീകരിക്കണമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു (ഇസ്രായേല്‍ വിരുന്ന്; ശശി തരൂര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം, ജൂലൈ 4, ജനയുഗം).
20. മീഡിയാവണിന്റെ വര്‍ഗീയ അജണ്ട
ജൂലൈ 4ന് സക്കറിയ സീ ട് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഒരു തന്റെ വാളില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. തന്റെ ടിപ്പര്‍ വാഹനം അന്യായമായ വാദമുയര്‍ത്തി പൊലീസ് പിടികൂടിയതും ആ വസ്തുത മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ തന്റെ വര്‍ഗീയമായ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെക്കുറിച്ചുമായിരുന്നു അത്. ലൈഫ് പദ്ധതിയനുസരിച്ച് നിര്‍മിക്കുന്ന വീടിന്റെ തറയിലേക്ക് മണ്ണടിക്കാന്‍ പോയ തന്റെ ടിപ്പര്‍ പാടത്ത് മണ്ണടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ പൊലീസ് പിടികൂടിയതും കനത്ത തുക ഫൈനിട്ടതും അത് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ മാധ്യമങ്ങളെ അറിയിച്ചതും 2024ല്‍ വലിയ വാര്‍ത്താപ്രധാന്യം നേടിയ സംഭവമായിരുന്നു. പുതിയ പോസ്റ്റില്‍ സക്കറിയ ഉന്നയിച്ച പ്രശ്‌നം ഇതാണ്: സി ദാവൂദ് വര്‍ഗീയവാദിയാണ്. അയാള്‍ മതസ്പര്‍ധ ഉണ്ടാക്കുന്നു. പ്രമോദ് രാമനെ പോലുള്ളവര്‍ അയാളുടെ ചാവേറാണ്. താന്‍ ഇവരുടെ ഇരയാണ്. അവര്‍ അര്‍ദ്ധ സത്യങ്ങള്‍ പറഞ്ഞ് വസ്തുതകള്‍ വളച്ചൊടിക്കുന്നു. തന്റെ വാഹനം പിടികൂടിയത് വണ്ടൂര്‍ പൊലീസായിരുന്നു. ഷാഹുല്‍ ഹമീദ് എന്ന പൊലീസുകാരനായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ദാവൂദ് ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയില്‍ അതിനെ വണ്ടൂര്‍ കാളികാവ് പൊലീസാക്കി. വണ്ടി പിടികൂടിയത് ഇതര മതത്തില്‍പെട്ട ശശിധരന്‍പിള്ള എന്ന പൊലീസുകാരനാണ് എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഒരു മുസ്ലീമിനെ ഹിന്ദു പൊലീസുകാരന്‍ ദ്രോഹിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വര്‍ഗീയവല്‍ക്കരിക്കുകയാണ് ലക്ഷ്യം. വാര്‍ത്ത തിരുത്താന്‍ പറഞ്ഞിട്ടും തിരുത്തിയില്ല. ദാവൂദും അയാള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും നല്ലതാണെന്ന് പടച്ചതമ്പുരാന്‍ തന്നെ നേരിട്ട് ഇറങ്ങിവന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഉറക്കെ വിളിച്ചു പറയും അയാളും അയാളുടെ കൂട്ടരും മറ്റാരെക്കാളും അപകടകാരികളായ വൃത്തികെട്ട മതതീവ്രവാദികള്‍ തന്നെയാണെന്ന്. (ജൂലൈ 4, ഫേസ്ബുക്ക്/ സക്കറിയ സി ട്).
വാര്‍ത്ത ഏറ്റെടുത്ത് ദേശാഭിമാനി
ഷാഹുല്‍ ഹമീദ് എന്ന പേരിന് പകരം മീഡിയ വണ്‍ ശശിധരന്‍ പിള്ള എന്ന പേര് വച്ചുവെന്ന് ഇതേ കുറിച്ച ദേശാഭിമാനി വാര്‍ത്ത നല്‍കി (‘ഷാഹുല്‍ ഹമീദ് എന്ന പേരിന് പകരം മീഡിയ വണ്‍ ശശിധരന്‍ പിള്ള എന്ന പേര് വച്ചു’: ഫെയ്സ്ബുക്ക് പോസ്റ്റ്, ജൂലൈ 5, ദേശാഭിമാനി).
സാമൂഹികമാധ്യമങ്ങളും ദാവൂദിനെതിരേ വലിയ തോതില്‍ വിദ്വേഷപ്രചാരണം നടത്തി.
ഒരു മാതൃക: ടിപ്പറില്‍ കൊണ്ട് പോയി തള്ളേണ്ട മാലിന്യം… മൗദൂദി-ജമാഅത്തെ ഇസ്ലാമി തീവ്രവാദി. സുന്നത്ത് ചെയ്ത മൗദൂദി സംഘി ദാവൂദിന്റെ മൂട്ടില്‍ തീയ്യിട്ട് സഖാവ് സക്കറിയ സീ ട് (ജൂലൈ 9, ഫേസ്ബുക്ക്/ ടിറ്റൊ ആന്റണി മേച്ചേരി).
മീഡിയവണിന്റെ മതേതര പരിശോധന
‘സിപിഎം പ്രൊപഗന്‍ഡ മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാര്‍ഥ്യം’ എന്ന ശീര്‍ഷകത്തില്‍ സി ദാവൂദ് തന്നെ ഇതിന് ഒരു മറുപടി വീഡിയോ ചെയ്തു (ജൂലൈ 8, മീഡിയാവണ്‍). സാമാന്യ ബുദ്ധിയുളള ആരും അവിശ്വസിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പാര്‍ട്ടി ചാനല്‍ വാര്‍ത്തയാക്കുക; സിപിഎമ്മിന്റെ പ്രൊപഗന്‍ഡ മെഷിനറി മുഴുവന്‍ അത് ഏറ്റെടുത്ത് കൊടിയ വിദ്വേഷ പ്രചാരണം നടത്തുക; അതാണ് കുറച്ചു ദിവസങ്ങളായി തനിക്കെതിരേ വ്യക്തിപരമായും മീഡിയാവണിനെതിരേയും നടക്കുന്നതെന്ന് ദാവൂദ് ആരോപിച്ചു. മീഡിയവണിന്റെ മതേതര കന്യകാത്വ പരിശോധന നടത്തുകയാണ് ഇവര്‍. തമ്പ്രാന് മുമ്പില്‍ അത്തരം പരിശോധനകള്‍ക്ക് കാത്ത് നിന്ന് നല്ല സര്‍ട്ടിഫിക്കറ്റ് മേടിച്ച് ആഹ്‌ളാദം കൊള്ളുന്ന കാലം കഴിഞ്ഞു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം ഇതാണ്: വാഹനം പിടിച്ചത് ശശിധരന്‍ പിള്ളയാണെന്ന് ഔട്ട് ഓഫ് ഫോക്കസില്‍ പറഞ്ഞിട്ടില്ല. വാഹനം പിടികൂടിയ പൊലീസുകാരന്റെ പേരുതന്നെ പറഞ്ഞിട്ടില്ല. കേള്‍ക്കുന്ന ആള്‍ക്ക് അങ്ങനെ തോന്നാമെങ്കിലും. പിന്നെ എങ്ങനെ ശശിധരന്‍ പിള്ള അവിടെ കടന്നുവന്നു എന്നല്ലേ അതിനു കാരണമുണ്ട്. ഇതേ സക്കറിയ സീറ്റ് സെപ്റ്റംബര്‍ നാലിനിട്ട പോസ്റ്റ് തുടങ്ങുന്നത് തന്നെ ശശിധരന്‍ പിള്ള ചെയ്ത അതിക്രിയകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. സ്വന്തം വീട്ടുവളപ്പില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി കിണര്‍ കുത്തിയ ഒരു പാവപ്പെട്ടവനെ ശശിധരന്‍ പിള്ള ബുദ്ധിമുട്ടിച്ച കഥ ശശിധരന്‍ പിള്ള എന്ന നാറി എന്നാണ് ആ പോലീസ് ഉദ്യോഗസ്ഥനെ സക്കറിയ സീ ട് വിശേഷിപ്പിക്കുന്നത് ആദ്യ സംഭവത്തില്‍ ഷാഹുല്‍ ഹമീദ് ശ്രീജിത്ത് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടാമത്തെ സംഭവത്തില്‍ ശശിധരന്‍ പിള്ള എന്ന ഉദ്യോഗസ്ഥന്റെ പേരുമാണ് സക്കറിയ മെന്‍ഷന്‍ ചെയ്യുന്നത് എനിക്ക് വര്‍ഗീയ ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍ ശ്രീജിത്തിന്റെ പേര് കൂടെ പറയാമായിരുന്നു.
മീഡിയാവണിലെ ലക്ഷ്യമിടുന്നതിന്റെ ലക്ഷ്യവും സി ദാവൂദ് ചോദ്യം ചെയ്തു: ആര്‍ക്കും അനുഭവിക്കേണ്ടതില്ലാത്ത സെക്യുലര്‍ ടെസ്റ്റ് മീഡിയവണ്‍ അനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഹിന്ദു ചാനല്‍ ക്രിസ്ത്യന്‍ ചാനല്‍ എന്നിങ്ങനെയുള്ള ചാപ്പകള്‍ എന്തുകൊണ്ടാണ് മറ്റു ചാനലുകള്‍ പേറേണ്ടി വരാത്തത്. ഉടമസ്ഥരുടെ മതം വെച്ചാണോ ഒരു മാധ്യമ സ്ഥാപനത്തെ വിലയിരുത്തേണ്ടത്. അങ്ങനെയാണെങ്കില്‍ അത് എന്തുകൊണ്ട് മീഡിയവണ്ണിന്റെ കാര്യത്തില്‍ മാത്രം ഉടമസ്ഥത, ഘടന, ഉള്ളടക്കം, സാമ്പത്തിക വിനമയങ്ങള്‍ എന്നീ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു.
എന്‍ കണ്ണന്റെ നിയമസഭാ പരാമര്‍ശം
1996 മുതല്‍ 2001 വരെ എന്‍ കണ്ണന്‍ എന്ന സിപിഎം നേതാവാണ് വണ്ടൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1999 മാര്‍ച്ച് 23ന് അദ്ദേഹം കേരള അസംബ്ലിയില്‍ മലപ്പുറം ജില്ലയിലെ താലിബാന്‍വല്‍ക്കരണത്തെ കുറിച്ച് ഒരു സബ്മിഷന്‍ ഉന്നയിക്കുകയുണ്ടായി. ആ സബ്മിഷനില്‍ പറഞ്ഞ ഒരു കാര്യം ഇതാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്ര വിളക്കുകള്‍ മുസ്ലീം കടകളില്‍ വില്‍ക്കാന്‍ പാടില്ല. ശബരിമലയക്ക് പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്ലീം കടകളില്‍ വില്‍ക്കാന്‍ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വ്യാപാരി വ്യവസായ ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ ഈ കൊടിയ വിദ്വേഷ പ്രസ്താവനക്കെതിരെ അന്ന് രംഗത്ത് വന്നിരുന്നു. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പച്ചവെള്ളം കിട്ടില്ല എന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് തുല്യമാണ് അത്.
എന്‍ഡിഎഫിനെ പറഞ്ഞപ്പോള്‍ ദാവൂദിന് പൊള്ളി
എന്‍ഡിഎഫിന്റെ മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐ എം എംഎല്‍എ നടത്തിയ നിയമസഭാ പ്രസംഗത്തെ മുസ്ലീങ്ങള്‍ക്കെതിരായ പ്രസംഗമെന്ന് സി ദാവൂദ് വളച്ചൊടിച്ചെന്നും എന്‍ഡിഎഫിനെ പറഞ്ഞപ്പോള്‍ ദാവൂദിന് പൊള്ളിയെന്നും ദേശാഭിമാനി (എന്‍ഡിഎഫിനെ പറഞ്ഞപ്പോള്‍ ദാവൂദിന് പൊള്ളി; പിന്നാലെ പുതിയ കള്ളക്കഥയും, ജൂലൈ 9, മാധ്യമം).
വര്‍ഗീയത ഒളിച്ചുകടത്തുന്നു
യാഥാര്‍ഥ്യത്തിന് മുകളില്‍ കളവുകള്‍ പുരട്ടിക്കൊണ്ട് വര്‍ഗീയത ഒളിച്ചു കടത്തുകയാണ് ദാവൂദും മീഡിയാവണുമെന്ന് സക്കറിയ സീട് പുറത്തുവിട്ട വീഡിയോവില്‍ അഭിപ്രായപ്പെട്ടു (യാഥാര്‍ഥ്യത്തിന് മുകളില്‍ കളവുകള്‍ പുരട്ടിക്കൊണ്ട് വര്‍ഗീയത ഒളിച്ചു കടത്തുകയാണിവര്‍; ദാവൂദിന്റെയും കൂട്ടരുടെയും വര്‍ഗീയതയെ തുറന്നുകാട്ടി സക്കറിയ സീ ട്; വീഡിയോ, ജൂലൈ 9, കൈരളി ന്യൂസ്).
മീഡിയാ വണിന്റേത് വര്‍ഗീയ പ്രചാരണം
എന്‍ കണ്ണന്റെ നിയമസഭാ പ്രസംഗത്തെക്കുറിച്ച പരാമര്‍ശം വ്യാപകമായ ചര്‍ച്ച ചെയ്യപ്പെട്ടു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും സി ദാവൂദിനും മീഡിയാവണിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരേ പ്രചാരണമാരംഭിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് തന്നെ മീഡിയാവണിനെതിരേ പ്രസ്താനയിറക്കി: സിപിഐ എം നേതാവും വണ്ടൂര്‍ മുന്‍ എംഎല്‍എയുമായിരുന്ന എന്‍ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ നടത്തുന്ന വര്‍ഗീയ – ദേശവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയര്‍ത്തണം. എന്‍ കണ്ണന്‍ തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മലപ്പുറം ജില്ലയെ കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയാവണ്‍. എന്‍ കണ്ണന്‍ എന്ന പൊതുപ്രവര്‍ത്തകനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ ചെയ്യാന്‍ നടത്തിയ നീക്കം അപലപനീയമാണ്. സ്വന്തം കാലിലെ മന്ത് മറച്ചുവെച്ച് വഴിയേ പോകുന്നവരെ ‘മന്തുകാലാ’ എന്ന് ആക്ഷേപിക്കുന്ന നിലയിലേക്ക് മീഡിയാ വണ്‍ ചാനലും മാനേജിങ് എഡിറ്റര്‍ സി ദാവൂദും തരംതാണു. ഇത് ജേണലിസമല്ല, ജീര്‍ണ്ണലിസമാണ്. തെറ്റായ ഈ പ്രവണതക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. എന്‍ കണ്ണന്‍ പറഞ്ഞ എന്‍ഡിഎഫ് എന്ന ഭാഗം കളഞ്ഞ് ‘മലപ്പുറം ജില്ല’ എന്ന് മീഡിയാ വണ്‍ തിരുകിക്കയറ്റുകയായിരുന്നു (മീഡിയാ വണ്‍ നടത്തുന്നത് വര്‍ഗീയ പ്രചാരണം; പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം: സിപിഐ എം, ജൂലൈ 11, മീഡിയാവണ്‍).
കേട്ടുകേള്‍വിയെന്ന് എന്‍ കണ്ണന്‍
വിവാദം രൂക്ഷമായ സാഹചര്യത്തില്‍ ‘ദി കൊച്ചി പോസ്റ്റില്‍’ 2020 ജൂണ്‍ ഏഴിന് ‘മലപ്പുറം എന്തുകൊണ്ട് ഇപ്പോഴും ഒരു ലക്ഷ്യമായി തുടരുന്നു?’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലെ വിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ എത്തി. ശബരിമല മുണ്ടിനെക്കുറിച്ചുള്ള സിപിഎം മുന്‍ എംഎല്‍എ കണ്ണന്റെ നിയമസഭാ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം നേരിട്ട് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരമാണ് മാധ്യമങ്ങള്‍ വാര്‍ത്തയായത്: ”ഒരിക്കല്‍ സിപിഎം നിയമസഭാംഗമായ എന്‍.കണ്ണന്‍ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളില്‍ ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന കറുത്ത മുണ്ടുകള്‍ വില്‍ക്കാന്‍ വിസമ്മതിക്കുന്നതായി സഭയില്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കണ്ണനെ വിളിച്ചപ്പോള്‍ ഇത് സംബന്ധിച്ച് തനിക്ക് നേരിട്ടുള്ള വിവരമില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഇത് സഭയില്‍ പറഞ്ഞത് എന്നുമായിരുന്നു മറുപടി (ശബരിമല മുണ്ടിനെക്കുറിച്ചുള്ള സിപിഎം മുന്‍ എംഎല്‍എ കണ്ണന്റെ നിയമസഭാ പരാമര്‍ശത്തില്‍ അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ച അനുഭവം പങ്കുവെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി ചെക്കുട്ടി, ജൂലൈ 11, മീഡിയാവണ്‍).
‘കൈവെട്ട്’ മുദ്രാവാക്യവുമായി സിപിഎം
ദാവൂദിന്റെ വീഡിയോക്കെതിരേ സിപിഎം വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടൂരില്‍ സിപിഎം ഏരിയാകമ്മിറ്റി നടത്തിയ സമ്മേളനത്തിലെ മുദ്രാവാക്യം പ്രകോപനപരമായിരുന്നു: ‘ഇല്ലാ കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടി മാറ്റും’ എന്ന മുദ്രാവാക്യമാണ് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കിയത്.
കൊലവിളി മുദ്രാവാക്യത്തിനെതിരേ വ്യാപകപ്രതിഷേധം ഉയര്‍ന്നു:
1) മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടി. കൈവെട്ട് ഭീഷണി ക്രിമിനല്‍ കുറ്റമാണ്. പൊലീസ് നടപടിയെടുക്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
2) എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയം- കെ.മുരളീധരന്‍
3) ഭീഷണി മുദ്രാവാക്യം പിന്‍വലിച്ച് സിപിഎം മാപ്പ് പറയണം-രമേശ് ചെന്നിത്തല
4) സിപിഎം ഭീഷണി മുദ്രാവാക്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം-വി.ടി ബല്‍റാം
5) സി. ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണം -പി.എം.എ സലാം
6) സി പി എം കയ്യും വെട്ടില്ല, കാലും വെട്ടില്ലാ. ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ശരിയല്ല- എം.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു
7) വണ്ടൂരിലേത് ഹിറ്റ്‌ലര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സമാനം; കൊലവിളി നടത്തുന്നവര്‍ക്ക് ഉള്പ്പ് വേണം- ഷിബു ബേബി ജോണ്‍.
(‘കൈവെട്ട്’ മുദ്രാവാക്യവുമായി സിപിഎം; മീഡിയവണ്‍ മാനേജിങ് എഡിറ്ററുടെ കൈവെട്ടുമെന്ന ഭീഷണിയുമായി പ്രകടനം; വ്യാപക പ്രതിഷേധം, ജൂലൈ 11, മീഡിയാവണ്‍).
പൊലീസില്‍ പരാതി
സി ദാവൂദിന് എതിരായ മുദ്രവാക്യത്തില്‍ മീഡിയ വണ്‍ സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ലാ പൊലീസ് മേധാവി, വണ്ടൂര്‍ എസ്എച്ച്ഒ എന്നിവര്‍ക്ക് പരാതി നല്‍കി. സിപിഎം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി.അബ്ദുല്‍ റസാഖ്, മുന്‍ എംഎല്‍എ കണ്ണന്‍, അഡ്വ. പി.ഷീന രാജന്‍, സിപിഎം വണ്ടൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ സക്കറിയ, എം ടി അഹ്‌മദ് തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത് (മാനേജിങ് എഡിറ്റര്‍ക്ക് എതിരായ ഭീഷണി മുദ്രാവാക്യം; മീഡീയാവണ്‍ പരാതി നല്‍കി, ജൂലൈ 11, മീഡിയാവണ്‍).
അന്യമത വിരോധം പ്രചരിപ്പിക്കുന്നു, നിയമനടപടി
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്‍ഡിഎഫിന് എതിരായ മുന്‍ എംഎല്‍എ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു. ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ഇല്ലാക്കഥ പ്രചരിപ്പിച്ചു.
കണ്ണന്റേത് മതവിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്നതിന് എതിരെയുള്ള സബ്മിഷന്‍ ആയിരുന്നു. എന്‍ഡിഎഫിന് എതിരായിരുന്നു ആ സബ്മിഷന്‍. മത സ്പര്‍ധ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളാണ് ഇതിന്റെ പേരില്‍ മീഡിയാ വണ്‍ നടത്തുന്നത്. മീഡിയാ വണ്ണിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി (‘ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു’; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍, ജൂലൈ 11, മറുനാടന്‍ മലയാളി).
സതീശന്‍ വിദ്വേഷ പ്രചാരകരെ ചേര്‍ത്തുപിടിക്കുന്നു
മുസ്ലീം മതവിശ്വാസികള്‍ക്കെതിരെ നിരന്തരം വിഷപ്രചരണം നടത്തുന്ന യൂടൂബര്‍ ഷാജന്‍ സ്‌കറിയയെ മുതല്‍ മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വണ്‍ മേധാവി സി ദാവൂദിനെ വരെ ചേര്‍ത്തുനിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് ദേശാഭിമാനി (ഷാജന്‍ സ്‌കറിയ മുതല്‍ ദാവൂദ് വരെ; വിദ്വേഷ പ്രചാരകരെ ചേര്‍ത്തുപിടിച്ച് സതീശന്‍, ജൂലൈ 11, ദേശാഭിമാനി).
അപലപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍
ദാവൂദിനെതിരേയുള്ള കൊലവിളി മുദ്രവാക്യത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോള്‍ തന്നെ ഇത്തരം അവകാശലംഘനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാര്‍ഹമാണെന്നും യൂണിയന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു (വണ്ടൂരിലെ കൈവെട്ട് മുദ്രാവാക്യം വിളിയില്‍ ശക്തമായ പ്രതിഷേധം: കെയുഡബ്ല്യുജെ, ജൂലൈ 11, തേജസ് ന്യൂസ്).
മീഡിയാവണിനെതിരെ നടപടി സ്വീകരിക്കും
മതസ്പര്‍ധ വളര്‍ത്തിയതിന് സി ദാവൂദിനും മീഡിയാവണിനുമെതിരേ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍ എംഎല്‍എ കണ്ണനെയും മണ്ഡലത്തെയും അപമാനിക്കുന്ന പ്രസ്താവനയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണമാണ് നടക്കുന്നത് (ദാവൂദിനും മീഡിയാവണിനുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം, ജൂലൈ 12, സിറാജ്).
യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി കൂട്ട് കേരളത്തിന് വെല്ലുവിളിയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ് (യുഡിഎഫ് -ജമാഅത്തെ ഇസ് ലാമി കൂട്ട് കേരളത്തിന് വെല്ലുവിളി, ജൂലൈ 12, ദേശാഭിമാനി).
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നുവെന്നും എന്‍ഡിഎഫിന് എതിരായ മുന്‍ എംഎല്‍എ എന്‍. കണ്ണന്റെ സബ്മിഷനെ മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചുവെന്നുംകൂടി അദ്ദേഹം പറഞ്ഞു (‘ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു’; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം.വി ഗോവിന്ദന്‍, ജൂലൈ 11, മറുനാടന്‍ മലയാളി).
പത്രപ്രവര്‍ത്തക യൂണിയനെതിരേ ദേശാഭിമാനി യൂണിയന്‍
ജമാഅത്തെ ഇസ്ലാമി ശൂറാ കൗണ്‍സില്‍ അംഗം സി ദാവൂദ് മീഡിയാവണ്‍ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വര്‍ഗീയ വിഷലിപ്ത പ്രചാരണത്തിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതയ്ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാര്‍ത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാന്‍ എക്കാലവും മലയാള മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, മീഡിയാവണ്‍ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതാവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
പ്രസ്തുത വ്യക്തി മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ തന്റെ വര്‍ഗീയ രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രസ്താവനയില്‍ ഒരക്ഷരം ഉള്‍പ്പെടുത്താനുള്ള ആര്‍ജവം സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തിന് ഉണ്ടായില്ല എന്നത് ദുഃഖകരമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു (സി ദാവൂദിന്റെ വര്‍ഗീയ പ്രചാരണത്തിന് പത്രപ്രവര്‍ത്തക യൂണിയന്‍ കുടപിടിക്കരുത്: ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍, ജൂലൈ 13, ദേശാഭിമാനി).
ഇരവാദം
‘വര്‍ഗീയവാദികള്‍ പച്ചവെള്ളം തിളപ്പിക്കരുത്’ എന്ന ശീര്‍ഷകത്തില്‍ അഡ്വ. കെ.കെ സമദ് ഒരു ലേഖനം ജനയുഗത്തില്‍ എഴുതി. സി ദാവൂദിന്റെ കാര്യത്തില്‍ വര്‍ഗീയവാദികള്‍ ഇരവാദം ഉന്നയിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: ഏത് വിഷയമെടുത്താലും അതിതീവ്ര വര്‍ഗീയതയുടെ ആലയില്‍ കെട്ടുന്നു. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. സംഘപരിവാറിനെ എതിര്‍ക്കുന്ന ഇടത് നേതാക്കളെ തീവ്രമുസ്ലീം വിരുദ്ധരായി ചിത്രീകരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഇക്കൂട്ടരുടെ അനുയായികള്‍ ദാവൂദിനുവേണ്ടി ഇരവാദം മുഴക്കുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. പക്ഷേ, ജമാഅത്തെ ഇസ്ലാമിക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. തീവ്രവാദം ബോംബിട്ട് തകര്‍ക്കല്‍ മാത്രമല്ല, വിഭാഗീതയുടെയും വിഭജനത്തിന്റെയും ആശയാേല്‍പ്പാദനവും തീവ്രവാദം തന്നെ (‘വര്‍ഗീയവാദികള്‍ പച്ചവെള്ളം തിളപ്പിക്കരുത്’ , അഡ്വ. കെ കെ സമദ്, ജൂലൈ 15, ജനയുഗം).
21. ബഷീറും ഇസ്ലാമോഫോബിയയും
പൊതുസമൂഹത്തില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തോട് ഇസ്ലാമോഫോബിയ നിലനില്‍ക്കുന്നുണ്ടെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ച എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണെന്ന് ജമാല്‍ കൊച്ചങ്ങാടി. തന്റെ ചെറുപ്പ കാലത്ത് വായിച്ച സാഹിത്യകൃതികളില്‍ നീചന്മാരും കള്ളന്മാരുമായി മുസ്ലീങ്ങൾ ചിത്രീകരിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് താനെഴുതാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നും ആ മാനസികാവസ്ഥ നിലനില്‍ക്കുന്നുവെന്നത് വിസ്മരിക്കപ്പെടേണ്ട വസ്തുതയല്ല-കോഴിക്കോട് ഇടിയങ്ങര സാഹിതി സമാജത്തില്‍ ബഷീര്‍ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ജമാല്‍ കൊച്ചങ്ങാടി ഇതേ കുറിച്ച് ഓര്‍മിച്ചത് (ജൂലൈ 5, ഫേസ്ബുക്ക്/ ജമാല്‍ കൊച്ചങ്ങാടി).
22. നിമിഷപ്രിയ
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന ഉത്തരവില്‍ ജൂലൈ 6 ന് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു.
തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ പൗരനെ അവിടെ നഴ്സായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരു സഹായിയും ഉണ്ടായിരുന്നു. 2017ലായിരുന്നു സംഭവം. 2020ലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. തമിഴ്‌നാട് സ്വദേശി സാമുവേല്‍ ജെറോം ആണ് മധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നത്. മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദിയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ് (യെമന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവം; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്, ജൂലൈ 8, ദേശാഭിമാനി).
ആഭ്യന്തര യുദ്ധത്തിലമര്‍ന്ന് ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാതായ യമനിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ കാലയളവിലായിരുന്നു ഈ കൊലപാതകവും അറസ്റ്റും വിചാരണയും ശിക്ഷാ വിധിയുമെല്ലാം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന്‍ആയില്‍ അവരുമായി നയതന്ത്ര ബന്ധമില്ലാത്ത ഇന്ത്യയുടെ എംബസിപോലും പ്രവര്‍ത്തിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ സാമുവല്‍ ജെറോം എന്ന തമിഴ്‌നാട് സ്വദേശി 2017ല്‍ രക്ഷാശ്രമം തുടങ്ങി. സാമ്പത്തികശേഷിയില്ലാത്ത നിമിഷയുടെ അമ്മ പ്രേമകുമാരി കിടപ്പാടം വിറ്റ് ആ പണം കേസ് നടത്തിപ്പിനായി യമനിലേക്കയച്ചു. സാമുവലിന് കേസ് നടത്താനുള്ള പവര്‍ ഓഫ് അറ്റോണി നല്‍കുകയും അബ്ദുല്‍ കരീം എന്ന അഭിഭാഷകനെ അദ്ദേഹം വക്കാലത്ത് ഏല്‍പിക്കുകയും ചെയ്തു. 2020 സെപ്റ്റംബറില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ഡല്‍ഹിയിലെ അഭിഭാഷകരായ ദീപ ജോസഫും സുഭാഷ് ചന്ദ്രനും ആക്ഷന്‍ കൗണ്‍സിലിന്റെ നിയമവശങ്ങള്‍ നോക്കി. പല ശ്രമങ്ങള്‍ നടത്തിയെങ്കിലും കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു.
മകളെ മോചിപ്പിക്കുന്നതിനായ നിമിഷപ്രിയയുടെ മാതാവ് പല പ്രതിസന്ധികളും തരണം ചെയ്ത് യമനിലേക്ക് പോയി. തലാലിന്റെ കുടുംബവുമായി സംസാരിച്ച് കേസ് ദിയാധനം നല്‍കി ഒഴിവാക്കുകയായിരുന്നു പദ്ധതി. ആദ്യ ഘട്ടത്തില്‍ ദിയാധനത്തോട് അനുകൂലമായി തലാലിന്റെ കുടംബം പെരുമാറിയെങ്കിലും പിന്നീട് നിലപാടില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും വേണ്ടവിധത്തിലല്ല ഇടപെട്ടത്. (നിമിഷപ്രിയക്കായുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍, ഹസനുല്‍ ബന്ന, ജൂലൈ 18, മാധ്യമം)
കാന്തപുരം രംഗത്ത്
വധശിക്ഷാ ദിവസം അടുത്തുവരുന്നതിനിടയിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ച് അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ടത്. സാമുവല്‍ ജെറോമുമായി വഴിപിരിഞ്ഞ ആക്ഷന്‍ കൗണ്‍സിലും കാന്തപുരത്തെ കണ്ട് സഹായം തേടി. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം ഉറ്റ ബന്ധമുള്ള മതപണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഊര്‍ജിത രക്ഷാശ്രമങ്ങള്‍ നടത്തി. കാന്തപുരം ഇക്കാര്യത്തില്‍ പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പുതന്നെ വിഷയത്തില്‍ അദ്ദേഹം ഇടപെടുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടായിരുന്നു (നിമിഷപ്രിയക്കായുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍, ഹസനുല്‍ ബന്ന, ജൂലൈ 18, മാധ്യമം).
വധശിക്ഷ മാറ്റിവെച്ചു
വധശിക്ഷ മാറ്റിവെച്ച കോടതിയുടെ ഉത്തരവ് ജൂലൈ 15ന് പുറത്തുവന്നു. അവിടന്നങ്ങോട്ട് നിരവധി പേര്‍ അവകാശവാദങ്ങളുമായി രംഗത്തുവന്നു. ഒന്നും ചെയ്യാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ കേന്ദ്രം തുടക്കം മുതലേ ഇടപെട്ടിരുന്നുവെന്ന് അവകാശപ്പെട്ടു. ഇടപെടല്‍ പരസ്യപ്പെടുത്തി ക്രെഡിറ്റെടുക്കാന്‍ കൂട്ടാക്കാതിരുന്ന കാന്തപുരം, മാധ്യമങ്ങള്‍ ബന്ധപ്പെട്ടതോടെ കാര്യങ്ങള്‍ വ്യക്തമാക്കി. മാനുഷികതയുടെ പേരിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍.
കാന്തപുരത്തിന്റെ ഇടപെടല്‍ നിഷേധിച്ച രണ്ട് കൂട്ടരാണ് പ്രധാനമായും ഉള്ളത്. സാമുവല്‍ ജെറോമും കേന്ദ്ര വിദേശകാര്യമന്ത്രാലയവും (നിമിഷപ്രിയക്കായുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍, ഹസനുല്‍ ബന്ന, ജൂലൈ 18, മാധ്യമം).
കാന്തപുരത്തിന് ആശംസാപ്രവാഹം
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന്‍ആയില്‍ കേന്ദ്ര സര്‍ക്കാറിന് നയതന്ത്ര ഇടപെടലിന് കഴിയാത്തിടത്താണ് ഒരു മുസ്ലീം മതപണ്ഡിതന് കഴിഞ്ഞതെന്ന രീതിയിലാണ് ചര്‍ച്ചകള്‍ വികസിച്ചത്. ഇത്തരം ചര്‍ച്ചകള്‍ നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുമെന്നാണ് സാമുവലിന്റെ വാദം. (നിമിഷപ്രിയക്കായുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍, ഹസനുല്‍ ബന്ന, ജൂലൈ 18, മാധ്യമം)
കേരള സ്റ്റോറി
ഇതാണ് കേരള സ്റ്റോറിയെന്നും എന്നാല്‍ ഇങ്ങനെ പ്രത്യേകം അത് പറയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നും റിപ്പോർട്ടർ ടിവി (‘കേരള സ്റ്റോറി എന്ന് എടുത്ത് പറയേണ്ടി വരുന്നത് വളരെ മോശം, ജൂലൈ 15, റിപ്പോർട്ടർ).
മോദിയേക്കാള്‍ കേമനോ
കാന്തുപരം ഇടപെട്ടത് ഒരു തന്ത്രം മാത്രമാണെന്നും അദ്ദേഹം മോദിയേക്കാള്‍ കേമനാണോ എന്നായിരുന്നു തത്വമയിയെന്ന സംഘപരിവാര്‍ അനുകൂല ചാനലിന്റെ പരിഹാസം. യഥാര്‍ത്ഥത്തില്‍ ഇടപെട്ടത് കേന്ദ്രമാണെന്നും കാന്തപുരം എട്ടുകാലി മമ്മൂഞ്ഞാണെന്നുമായിരുന്നു ചാനലിന്റെ കണ്ടെത്തല്‍ (കാന്തപുരം ഇടപെട്ടത് ഒരു തന്ത്രം മാത്രം.. മോദിയേക്കാള്‍ കേമന്‍ ആണോ ഉസ്താദ് ?, ജൂലൈ 15, തത്വമയി ന്യൂസ്)
ഹൂത്തി ഭീകരരുമായി ബന്ധം
കാന്തപുരം പ്രത്യേകിച്ച് ഒന്നുംചെയ്തില്ലെന്ന വാദം ഹിന്ദുത്വര്‍ ഉയര്‍ത്തുന്ന സമയത്തുതന്നെ കാന്തപുരത്തിന് തീവ്രവാദികളും ഭീകരരുമായി ബന്ധമുണ്ടെന്ന ആശങ്കയും അവര്‍ പ്രചരിപ്പിച്ചു. ഉദാഹരണത്തിന് സംഘപരിവാര്‍ പ്രചാരകനായ പ്രതീഷ് വിശ്വനാഥ്. അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെ: കാന്തപുരത്തിന് ഹൂത്തി ഭീകരന്മാരുമായി ബന്ധമുണ്ടോ? അതോ വേറെ ഇടനിലക്കാര്‍ വഴിയാണോ എന്നറിഞ്ഞാല്‍ നന്നായിരുന്നു. സര്‍ക്കാരിന്റെ പങ്കാളിത്തം ഇത്തരം ചര്‍ച്ചകളില്‍ ഇല്ലെ? നയതന്ത്ര തലത്തില്‍ ഔദ്യോഗികമായി ആണോ കാന്തപുരം ഇടപെടുന്നതു? കേരളത്തില്‍ നിന്നും മതം മാറ്റി സിറിയയില്‍ കൊണ്ട് പോയ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ ഇടപെടലുകള്‍ നടക്കാത്തത് എന്ത് കൊണ്ടാണ്? (ജൂലൈ 15, ഫേസ്ബുക്ക് പോസ്റ്റ്/ പ്രതീഷ് വിശ്വനാഥ്).
കേന്ദ്രം പൂര്‍ണപരാജയം
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ പൂര്‍ണപരാജയമാണെന്ന് ദേശാഭിമാനി. കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ ഇടപെട്ടിരുന്നെങ്കില്‍ നേരത്തെ തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നെന്നും പത്രം എഴുതി. ഹൂതികളുമായി നയതന്ത്രബന്ധമുള്ള ഇറാനുമായി സംസാരിക്കാമെന്നായിരുന്നു ദേശാഭിമാനി എഴുതിയത് (കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്രം പൂര്‍ണപരാജയം, ജൂലൈ 16, ദേശാഭിമാനി).
ഇതിനിടയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട കാന്തപുരവും യെമനി സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും തമ്മിലുള്ള ബന്ധം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി (ഉയിര് കാത്ത് ഉസ്താദ്, മുന്നില്‍നിന്നത് ഉമ്മന്‍ചാണ്ടി, ജൂലൈ 16, ദേശാഭിമാനി).
ഗവര്‍ണര്‍ ഇടപെട്ടുവെന്ന് ജന്മഭൂമി
പ്രശ്‌നത്തില്‍ ഇടപെട്ടത് കേന്ദ്രസര്‍ക്കാരാണെന്ന വാര്‍ത്ത നല്‍കിയ ഒരു പത്രം ജന്മഭൂമിയാണ്. മനുഷ്യസ്‌നേഹിയായ ഗവര്‍ണര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചുവെന്നും അവകാശപ്പെട്ടു (വധശിക്ഷ മാറ്റി; നിമിഷ പ്രിയ പ്രതീക്ഷയുടെ തീരത്തേക്ക്, ജൂലൈ 16, ജന്മഭൂമി). വാര്‍ത്തയില്‍ കാന്തപുരത്തിന്റെ ഇടപെലുകളൊന്നുമുണ്ടായിരുന്നില്ല.
അഞ്ച് വര്‍ഷമായുള്ള ഇടപെടല്‍
കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമാണ് വധശിക്ഷ മാറ്റിവച്ചതെന്നും മുന്‍ മന്ത്രി വി മുരളീധരന്‍ പറഞ്ഞു (കഴിഞ്ഞ 5 വര്‍ഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്ര ഇടപെടലിലൂടെ, ജൂലൈ 16, 24 ന്യൂസ്).
നിമിഷപ്രിയക്കെതിരെ കാസ
തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ കാസ, നിമിഷപ്രിയക്കെതിരെ പ്രതിഷേധമുയര്‍ത്തി: നിമിഷപ്രിയ കുറ്റവാളിയാണ്. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വാദം. ബോംബെയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിനും ന്യായീകരണമുണ്ടായിരുന്നുവെന്നായിരുന്നു കാസനേതാവ് കെവിന്‍ പീറ്റര്‍ ചോദിച്ചത് (നിമിഷ പ്രിയക്കെതിരെ തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ കാസ: ‘ദൈവിക നിയമപ്രകാരം കടുത്ത കുറ്റവാളി, കുറ്റം ഏതു രാജ്യത്ത് ചെയ്താലും ശിക്ഷ അനുഭവിക്കുക തന്നെ വേണം’, ജൂലൈ 16, മാധ്യമം).
എന്നാല്‍ ഇതേ കെവിന്‍ പീറ്റര്‍ സമാനമായ ഒരു കേസില്‍ കുടുങ്ങിയ റഹീമിനുവേണ്ടി ഫണ്ട് പിരിച്ചപ്പോള്‍ അതേ കുറിച്ച് പറഞ്ഞത് റഹീമിന് വേണ്ടി പിരിക്കാന്‍ ആളുണ്ട്. എന്നാല്‍ നിമിഷപ്രിയക്കായി പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യമില്ലെന്നായിരുന്നു (2024, ഏപ്രില്‍, കാസ, മലപ്പുറം; നിമിഷപ്രിയയും കാസയും അന്നും ഇന്നും, ജൂലൈ 17, മീഡിയാവണ്‍).
മോചനം മുടക്കാന്‍ ശ്രമം
ഇതേ സമയം തന്നെ മറ്റൊരു വാര്‍ത്ത മാതൃഭൂമി പുറത്തുവിട്ടു. മോചനം മുടക്കാന്‍ ശ്രമമെന്നും നവാസ് ജാനെ, മുബാറക്ക് റാവുത്തർ എന്നിവരുടെ പോസ്റ്റിലെ വിവരങ്ങള്‍ വലിയ തോതില്‍ യമനില്‍ പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. മാതൃഭൂമി ലേഖകന്‍ മുഹമ്മദ് ഷഹീദാണ് ഈ വാര്‍ത്ത കൊണ്ടുവന്നത്. തലാലിന് നീതി വേണമെന്നാണ് നവാസ് ജാനെ, മുബാറക്ക് റാവുത്തര്‍ തുടങ്ങിയവര്‍ സാമൂഹികമാധ്യമത്തില്‍ എഴുതിയതെന്നും ഇത് യമനികളെ സ്വാധീനിച്ചുവെന്നും ഷഹീദ് അവകാശപ്പെട്ടു. സലഫി ഗ്രൂപ്പിലെ അംഗമാണ് നവാസ് എന്നും വാര്‍ത്തയില്‍ പറയുന്നു (നിമിഷപ്രിയയുടെ മോചനം മുടക്കാന്‍ ശ്രമം? ആദ്യം ഇന്ത്യക്കാരെ മോചിപ്പിക്കുവെന്ന് നവാസ് ജാനെ എന്നയാളുടെ പോസ്റ്റ്, ജൂലൈ 16, മാതൃഭൂമി).
സമാനമായ സ്വഭാവമുള്ള വാര്‍ത്ത ജൂലൈ 17ാം തിയ്യതി സിറാജും പ്രസിദ്ധീകരിച്ചു. അവരുടെ വാര്‍ത്ത ഇങ്ങനെ: തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്വാഹ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അതില്‍ ഇന്ത്യയില്‍നിന്ന് തലാലിന് അനുകൂലവും നിമിഷപ്രിയക്ക് അനുകൂലവുമായ പോസ്റ്റുകളും കമന്റുകളുമുണ്ട്. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നടത്തുന്നത് ചില നിക്ഷിപ്തതാല്‍പര്യക്കാരാണെന്ന് മലയാളികളായ ചിലര്‍ ഈ പോസ്റ്റുകളില്‍ കമന്റ് ചെയ്തു. അത് യമനികള്‍ പരിഭാഷപ്പെടുത്തി അയക്കുന്നു (നിമിഷപ്രിയയുടെ വധശിക്ഷ: അനുരഞ്ജനശ്രമം തുടരുന്നു; വിദ്വേഷപ്രചാരണം വെല്ലുവിളി, ഉമര്‍ മായനാട്, ജൂലൈ 17, സിറാജ്). നവാസ് ജാനെയുടെ പേര് വാര്‍ത്തയിലില്ല.
ജനയുഗമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റൊരു പത്രം (നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ തകര്‍ക്കുന്നതിന് നീക്കം, ജൂലൈ 17, ജനയുഗം). മുബാറക്ക് റാവുത്തരെയാണ് അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. അവരുടെ വാര്‍ത്തയനുസരിച്ച് അയാള്‍ ആദ്യം സിറാജിലായിരുന്നു പിന്നീട് സുപ്രഭാതത്തിലേക്ക് മാറി. കടുത്ത വര്‍ഗീയനിലപാടുള്ളതുകൊണ്ടാണ് സിറാജില്‍നിന്ന് പുറത്താക്കിയത്.
ഈ വാര്‍ത്ത കൊടുത്ത ദി ഫെഡറല്‍ (രാജീവ് രാമചന്ദ്രന്‍) പറയുന്നത് മുബാറക്ക് റാവുത്തര്‍ നേരത്തെ മുസ്ലീം യൂത്ത് ലീഗിലുണ്ടായിരുന്നെന്നാണ് (നിമിഷപ്രിയ കേസ്: സോഷ്യല്‍ മീഡിയ ബാക് ലാഷ്, ത്രെട്ടെന്‍സ് ടു ഡിറെയില്‍ പാര്‍ഡന്‍ ടോക്ക്സ് ഇന്‍ യെമന്‍, രാജീവ് രാമചന്ദ്രന്‍, ജൂലൈ 17, ദി ഫെഡറല്‍).
സിപിഐഎം സൈബര്‍ കോമ്രേഡ് ഫേസ്ബുക്ക്/ നവീന്‍ ജോസ്, സിപിഐഎം സൈബര്‍ കോമ്രേഡ് എന്ന ഗ്രൂപ്പില്‍ മുബാറക്ക് റാവുത്തറെ മൗദൂദിയെന്നാണ് പരിഹസിച്ചിരുന്നത് (ജൂലൈ 17, ഫേസ്ബുക്ക് പോസ്റ്റ്/ സിപിഐഎം സൈബര്‍ കോമ്രോഡ്‌സ്).
നവാസ് ജാനെ മാതൃഭൂമി റിപ്പോർട്ടറെ നേരിട്ട് വിളിച്ച് തന്റെ പേര് കുറിപ്പില്‍ ഉപയോഗിച്ചതിന് വിശദീകരണവും തെളിവായി സ്‌ക്രീന്‍ ഷോട്ടും ആവശ്യപ്പെട്ടു. പക്ഷേ, റിപ്പോർട്ടറുടെ പ്രതികരണം തൃപ്തികരമായിരുന്നില്ല. സ്‌ക്രീന്‍ഷോട്ടും നല്‍കിയില്ല (നിമിഷപ്രിയയുടെ പേരില്‍ എഫ് ബി ഐഡിക്കെതിരെ വ്യാജ വാര്‍ത്ത, മറുപടി പറയാനാകാതെ റിപ്പോര്‍ട്ടര്‍, ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ട് ‘മാതൃഭൂമി’യുടെ ഇര ജൂലൈ 17; ദി എക്കോ).
സംഘികളും മൗദൂദികളും
നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരും പോസ്റ്റിട്ട കൂട്ടത്തില്‍ കെ.ടി കുഞ്ഞിക്കണ്ണനും തന്റെ അഭിപ്രായമെഴുതിയിരുന്നു. അദ്ദേഹം കാന്തപുരത്തെ ശ്ലാഘിച്ചു. സംഘികളുടെ പ്രചാരണത്തെ തള്ളി. കൂട്ടത്തില്‍ യമനിലെ യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് മൗദൂദികളാണെന്നും ആരോപിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റില്‍നിന്ന്: നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണ്ണായക ഇടപെടലാണ് സര്‍വ്വാദരണീയനായ കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ തന്റെ ആത്മസുഹൃത്തും സൂഫി പണ്ഡിതനുമായ ശൈഖ് ഹബീബ് ബിന്‍ ഹാഫീസ് വഴി നടത്തിയത്… അത് ഫലം കാണുന്നുവെന്ന് സൂചന നല്‍കി കൊണ്ടാണ് യെമനിലെ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വെച്ചത്… ഈയൊരു സാഹചര്യത്തിലാണ് പ്രതീഷ് വിശ്വനാഥിനെ പോലുള്ള കടുത്ത വര്‍ഗീയ വാദികള്‍ കാന്തപുരത്തിന്റെ ഹൂതി ഭീകരരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞു കടുത്ത വിദ്വേഷ പ്രചരണമാരംഭിക്കുന്നത്. മറുപുറത്ത് മൗദൂദിസ്റ്റ് തീവ്രനിലപാടുകാരും കാന്തപുരത്തിന്റെയും ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫീസിന്റെ ശ്രമങ്ങളെ പൊളിക്കാനുള്ള കുത്തിത്തിരുപ്പുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സജീവമായി (ജൂലൈ 17, ഫേസ്ബുക്ക്/ കെ.ടി കുഞ്ഞിക്കണ്ണന്‍).
വെറുപ്പിന്റെ വിത്തിനെതിരേ
കേരളത്തില്‍ വെറുപ്പിന്റെ വിത്തെറിഞ്ഞ് മോക്ഷം കൊള്ളാമെന്ന ആലോചനക്കേറ്റ തിരിച്ചിടിയെന്നായിരുന്നു കാന്തപുരത്തിന്റെ ഇടപെടലെന്നായിരുന്നു ഫാ. അജി പുതിയാപറമ്പിലിന്റെ കണ്ടെത്തല്‍. അദ്ദേഹം കാന്തപുരത്തിന്റെ ഇടപെടലിനെ അഞ്ചാമത്തെ സുവിശേഷമെന്ന് വിശേഷിപ്പിച്ചു (കേരളത്തിലെ സുവിശേഷങ്ങള്‍, ഫാ അജി പുതിയാപറമ്പില്‍, ജൂലൈ 17, മാധ്യമം)
കാന്തപുരത്തിന്റെ ഇടപെടല്‍ അറിയില്ല
മോചനത്തിനായി ഇറാനുമായി ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മാത്രമല്ല, കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്നും വിദേശകാര്യവക്താവ് പറഞ്ഞു(കാന്തപുരം ഇടപെട്ടതായി അറിയില്ല; നിമിഷയുടെ മോചനത്തിനായി ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം, ജൂലൈ 17, ഡൂള്‍ ന്യൂസ്)
23. ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയത
‘വര്‍ഗീയതയും ജമാഅത്തെ ഇസ്ലാമിയും’ എന്ന പേരില്‍ ജനയുഗത്തില്‍ ടി.ടി ജിസ്‌മോന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു(ജൂലൈ 6). ലേഖനം ജമാഅത്തെ ഇസ്ലാമിയെ ആര്‍എസ്എസ്സുമായി സമീകരിച്ചു. പ്രധാന വാദങ്ങള്‍ ഇതാണ്: ആര്‍എസ്എസ്സിനു സമാനമായ രീതിയില്‍ ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെയും മതേതരത്വത്തെയും നിരാകരിക്കുന്നു. തങ്ങള്‍ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഇതിന് ഇവര്‍ നല്‍കുന്ന മറുപടി. വര്‍ഗീയതയെ എതിര്‍ക്കാറുണ്ടെന്നും അവര്‍ വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ തങ്ങളുടെ മതരാഷ്ട്രവാദത്തെ മറച്ചുവയ്ക്കുകയാണ്. ഇവരുടെ ഐപിഎച്ച് എന്ന പുസ്തക പ്രസിദ്ധീകരണ വകുപ്പ് പുറത്തിറക്കിയ 97 പുസ്തകങ്ങള്‍ ആഭ്യന്തര വകുപ്പ് സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 14 എണ്ണം അപകടകരമാണെന്ന തീര്‍പ്പിലെത്തി. പാകിസ്താനിലും അഫ്ഘാനിസ്താനിലും ബംഗ്ലാദേശിലും ഇവര്‍ സാമ്രാജ്യത്വശക്തികള്‍ക്ക് ഭരണം കയ്യാളാനുള്ള സാഹചര്യമൊരുക്കി (‘വര്‍ഗീയതയും ജമാഅത്തെ ഇസ്ലാമിയും’ , ടി ടി ജിസ്‌മോന്‍, ജൂലൈ 6, ജനയുഗം).
24. ചേലാകർമത്തിനിടെ മരണം
ജൂലൈ ആദ്യ വാരത്തില്‍ കാക്കൂരില്‍ സുന്നത്ത് കര്‍മത്തിന് (ചേലാകർമം) അനസ്തീസിയ നല്‍കുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാക്കൂര്‍ സ്വദേശി ഇംത്യാസിന്റെ മകന്‍ എമിന്‍ ആദം ആണ് മരിച്ചത്. കാക്കൂര്‍ കോപ്പറേറ്റീവ് ക്ലിനിക്കില്‍ വെച്ചാണ് കുഞ്ഞിന് അനസ്തീസിയ നല്‍കിയത് (അനസ്തീസിയ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കേസ്, ജൂലൈ6, മനോരമ).
ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല.
വാര്‍ത്ത പുറത്തുവന്നശേഷം വലിയ ആക്രമണമുണ്ടായി. ചേലാകർമം പ്രാകൃതമാണോ എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ചില മാധ്യമങ്ങളും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ചേലാകര്‍മ്മം ശാസ്ത്രീയമോ പ്രാകൃത ആചാരമോ? ഇസ്ലാമില്‍ നിര്‍ബന്ധമാണോ- എന്നായിരുന്നു സമകാലിക മലയാളത്തിന്റെ വാര്‍ത്തയുടെ തലക്കെട്ട് (ചേലാകര്‍മ്മം ശാസ്ത്രീയമോ പ്രാകൃത ആചാരമോ? ഇസ്ലാമില്‍ നിര്‍ബന്ധമാണോ, ജൂലൈ 8, സമകാലിക മലയാളം).
വിവിധ നേതാക്കളുടെ അഭിപ്രായങ്ങള്‍ സമകാലിക മലയാളം ശേഖരിച്ചു. മിക്കവാറും പേര്‍ ഇതിനോട് യോജിച്ചപ്പോള്‍ ചിലര്‍ ഇസ്ലാമില്‍ അത് നിര്‍ബന്ധമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ആരിഫ് ഹുസൈന്‍ തെരുവത്തിനെപ്പോലുള്ളവര്‍ ചേലാകര്‍മത്തിനെ ബാലാവകാശ ലംഘനവുമായി ബന്ധപ്പെടുത്തി. സൂംബയ്ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പറയുന്നവര്‍ സുന്നത്തിന്റെ ശാസ്ത്രീയത പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അദ്ദേഹം ജൂലൈ 7ന് ഫേസ്ബുക്കിലൂടെ #ചേലാകര്‍മ്മം അന്ധവിശ്വാസമാണ് എന്ന ഹാഷ് ടാഗില്‍ നടത്തിയ പരിഹാസം ഇങ്ങനെ: ഈ കുഞ്ഞിനും ഹൂറികളെ കിട്ടുന്നതായിരിക്കും. സ്വര്‍ഗത്തില്‍ പ്രായം 33 ആണ്. കുട്ടിയുടെ ബാപ്പാക്കും ഹൂറികളെ കിട്ടും. സ്വര്‍ഗത്തില്‍ പ്രായം 33 ആണ്. കുട്ടിയുടെ ഉമ്മ ക്ഷമിക്കുക, ഹൂറന്മാരില്ല. കുട്ടിയും ഭര്‍ത്താവും ഹൂറികളെ പൂശുന്നത് കണ്ടിരിക്കാം. കുട്ടിക്ക് ഹൂറികളെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാം…പൂമീന്‍ (ജൂലൈ 7, ഫേസ്ബുക്ക്/ആരിഫ് ഹുസൈന്‍ തെരുവത്ത്).
ബാലവകാശവും ചേലാകര്‍മവും
കുട്ടികളുടെ സമ്മതമില്ലയെന്ന വാദവും ചിലര്‍ ഉയര്‍ത്തി. കാസ, സംഘപരിവാര്‍ അനുകൂലികളായിരുന്നു ഈ വാദം സാമൂഹികമാധ്യമങ്ങളിലൂടെ പ്രധാനമായും ഉന്നയിച്ചത്. മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട വാര്‍ത്തയും താമസിയാതെ പുറത്തുവന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, എസ്എച്ച്ഒ എന്നിവരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പുറമെയാണ് ഇത് (സുന്നത്ത് കര്‍മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ജൂലൈ 7, ജനം ടിവി).
കുഞ്ഞ് മരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധമുണ്ടായെന്നാണ് ജനം ടിവി തങ്ങളുടെ വാര്‍ത്തകളില്‍ പറയുന്നത്. ചേലാകര്‍മം നടത്തിയ ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും നടത്തി (സുന്നത്ത് കര്‍മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; കാരണം കണ്ടെത്താനായില്ല, ജൂലൈ 8, ജനം ടിവി; ചേലാകര്‍മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ബിജെപി പ്രതിഷേധം ശക്തം, ജൂലൈ 7, ജനം ടിവി).
എവിടെ ?
ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ? എവിടെ കോടതി? എവിടെ മനുഷ്യാവകാശ കമ്മീഷന്‍? ബാലാവകാശ കമ്മീഷന്‍? സാംസ്‌കാരിക നായകന്മാര്‍? സാരദക്കുട്ടി മുതലായ വട്ടപ്പൊട്ടു ടീം? വേടന്‍? (ജൂലൈ 7, ഫേസ്ബുക്ക്/ അംബിക ജെ കെ).
ഹർജി തള്ളി
ഇതിനിടയില്‍ ചേലാകര്‍മ്മം ഇസ്ലാമികമല്ലെന്നും ബാലാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ബാലുശ്ശേരി സ്വദേശി അഡ്വ. അബ്ദുള്ള ഷഫീക്കലി സംസ്ഥാന ബാലാവകാശ കമ്മിഷനെ സമീപിച്ചു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ എതിര്‍കക്ഷിയാക്കിയാണ് പരാതി നല്‍കിയത്. അനാചാരമായ സതി നിര്‍ത്തലാക്കിയത് പോലെ സുന്നത്തും നിര്‍ത്തലാക്കണമെന്നാണ് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ അധികാരപരിധിയില്‍വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഈ പരാതി തള്ളി.
പ്രവാചകന്‍ 80 വയസ്സിലാണ് ചേലാ കര്‍മ്മം ചെയ്തതെന്ന് അഡ്വ. അബ്ദുള്ള ഷഫീക്കലി ജനം ടിവിയോട് പിന്നീട് വിശദീകരിച്ചു. ദൈവം എറ്റവും നല്ലരീതിയിലാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ് ഖുറാനില്‍ പറയുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ദൈവസൃഷ്ടിക്ക് കോട്ടംവരുത്തുന്നത് കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം (80 വയസ്സിലാണ് പ്രവാചകന്‍ ചേലാകര്‍മ്മം നടത്തിയത്; സതി നിര്‍ത്തലാക്കിയത് പോലെ ഇതും നിര്‍ത്തലാക്കണം”; അധികാരമില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍, ജൂലൈ 8, ജനം ടി വി). പ്രവാചകൻ മുഹമ്മദ് 63-ാം വയസ്സിലാണ് അന്തരിച്ചതെന്നാണ് വസ്തുത.
മാപ്പിള കലാപം, പഹല്‍ഗാം
ചേലാകര്‍മ്മത്തെ സംഘപരിവാര്‍ നേതാവ് കാ ഭാ സുരേന്ദ്രന്‍ മാപ്പിള കലാപവും പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെടുത്തി: ഈ വിഷയത്തില്‍ കോഴിക്കോട് സ്വദേശിയായ അഡ്വക്കേറ്റ് ഷഫീഖലി എന്നയാള്‍ ബാലാവകാശ കമ്മീഷന് പരാതി കൊടുത്തു. എന്നാല്‍ ഇതില്‍ കേസെടുക്കാനാകില്ലെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. എല്ലാതിലും രാഷ്ട്രീയം കാണുകയാണ് കമ്മ്യൂണിസ്റ്റ് രീതി. അതുകൊണ്ടാണ് കേസെടുക്കാത്തത്. രാഷ്ട്രീയമായി വിയോജിപ്പുള്ള വിഭാഗത്തിന്റെ കാര്യമാണെങ്കില്‍ കേസെടുക്കുമായിരുന്നു. രണ്ട് മാസമായ കുഞ്ഞിന് അനസ്‌ത്യേഷ്യ കൊടുക്കുന്നത് എങ്ങനെയാണ്. സുന്നത്ത് ശാസ്ത്രീയമാണെന്നതിന് തെളിവില്ല. മലപ്പുറം, കുറ്റ്യാടി പ്രദേശത്ത് നടന്ന മാപ്പിള കലാപത്തില്‍ നടന്ന പ്രവൃത്തി എന്തായിരുന്നു. പിടിച്ചുകൊണ്ടുപോയ ഹിന്ദുക്കളെയും ക്രൈസ്തവരെയും ബലമായി സുന്നത്ത് നടത്തി. ചേലാകര്‍മം മതപരമായ ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ഉപാധിയാണ്. 1921 ലെ മലബാര്‍ കലാപത്തിലും പഹല്‍ഗാമിലും ഇത് ഉപയോഗിച്ചു (സുന്നത്ത് കര്‍മ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ‘സര്‍ക്കാര്‍ ഇതിലും രാഷ്ട്രീയം കാണുന്നു’; കാ ഭാ സുരേന്ദ്രന്‍, ജൂലൈ 8, ജനം ടിവി).
25. അഷ്‌റഫ് വധം; വസ്തുതാന്വേഷണ റിപ്പോർട്ട്
മംഗളൂരുവില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം നടത്തിയ മലപ്പുറം കോട്ടക്കല്‍ സ്വദേശി അഷ്‌റഫ് കൊലപാതകത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു. പിയുസിഎല്‍ കര്‍ണാടക ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് കര്‍ണാടക എന്നീ മനുഷ്യാവകാശ സംഘടനകള്‍ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ മലയാള പരിഭാഷ സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വസ്തുതാന്വേഷണ സംഘത്തെ നയിച്ച അഡ്വ. മാനവി അത്രി, എസ്ആര്‍ ശശാങ്ക് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് പ്രകാശനം ചെയ്തു (അഷ്റഫ് വധം: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി, ജൂലൈ 7, മാധ്യമം).
26. തുപ്പല്‍ പാല്‍
ലക്നൗവില്‍ പാല്‍ വിതരണക്കാരന്‍ പാലില്‍ തുപ്പിയെന്ന പരാതിയുമായി, ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തില്‍ പാല്‍ വിതരണക്കാരന്‍ പപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് ഷരീഫിനെ ഗോമതി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു (ആദ്യം ബെല്ലടിച്ചു, പിന്നെ പാലില്‍ തുപ്പി; വീട്ടുടമ സിസിടിവിയിലൂടെ എല്ലാം കണ്ടു, അറസ്റ്റ്, ജൂലൈ 7, മനോരമ ന്യൂസ്).
ഇതേ കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: ”ഹലാലാക്കാന്‍ തുപ്പല്‍ ബിരിയാണിക്ക് ശേഷം തുപ്പല്‍ പാല്‍ ?? മുഹമ്മദ് ഷെരീഫ് അറസ്റ്റില്‍’ (ജൂലൈ 7, ഫേസ്ബുക്ക്/ ആര്‍.വി ബാബു).
27. മലപ്പുറത്ത് 32 സ്‌കൂളുകള്‍ വാടകക്കെട്ടിടത്തില്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് പൂര്‍ണമായും നിഷേധിക്കപ്പെട്ട്, വാടകക്കെട്ടിടങ്ങളില്‍ ഞെരുങ്ങിക്കഴിയുന്ന 123 പൊതുവിദ്യാലയങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വാര്‍ത്ത. ഇതില്‍ 100 സ്‌കൂളുകളും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍. മലപ്പുറത്തെ 32 സ്‌കൂളുകളും കണ്ണൂരിലെ 29 സ്‌കൂളുകളും വാടകക്കെട്ടിടങ്ങളിലാണ്. മുസ്ലീങ്ങൾ കൂടുതലായി ജീവിക്കുന്ന മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന വാദം ശരിവയ്ക്കുന്ന വാര്‍ത്തയാണ് ഇത് (തുടരുന്നു, സര്‍ക്കാറിന്റെ ‘വാടക വിദ്യ’ അഭ്യാസം, ജൂലൈ 7, മാധ്യമം).
28. . വെള്ളിയാഴ്ചകളില്‍ നിയന്ത്രണമെന്ന് വ്യാജപ്രചാരണം
വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന സന്ദേശത്തോടെ വ്യാജപ്രചാരണം. സോഷ്യല്‍മീഡിയ വഴിയാണ് പ്രചാരണം നടന്നത്. മന്ത്രിയുടെ ചിത്രവും ഉപയോഗിച്ചിരുന്നു. ഇിതനെതിരേ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കി (‘വെള്ളിയാഴ്ച മത ചടങ്ങുകള്‍ക്ക് സ്‌കൂളിന് പുറത്ത് പോകുന്നതിന് നിരോധനം’; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി, ജൂലൈ 8, ഏഷ്യാനെറ്റ്).
29. ജാമ്യം റദ്ദാക്കണം
വിദ്വേഷപ്രചാരണം നടത്തിയതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യം നല്‍കിയപ്പോള്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പി.സി.ജോര്‍ജ് ലംഘിച്ചു എന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഈരാട്ടുപേട്ട പൊലീസ് ഇക്കഴിഞ്ഞ ജനുവരി 10ന് പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് (കുറ്റകൃത്യം ആവര്‍ത്തിച്ചു: പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ജൂലൈ 8, മനോരമ).
30. സ്‌കൂള്‍ സമയമാറ്റം-തുടര്‍ച്ച
സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത പ്രഖ്യാപിച്ചു. സര്‍ക്കാരിന് നല്‍കിയ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കാന്‍ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചത്. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നാണ് സമസ്തയുടെ വാദം: ഏഴാം ക്ലാസ് വരെ മാത്രമേ മദ്രസ പഠനം ഉള്ളൂ എന്ന സര്‍ക്കാര്‍ വാദം ശരിയല്ല. പന്ത്രണ്ടാം ക്ലാസ് വരെയും മദ്രസ പഠനം ഉണ്ട്. ഹൈ സ്‌കൂളില്‍ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. എല്‍ പിയും, യുപിയും ഹൈസ്‌കൂളും ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. പ്രവര്‍ത്തി സമയകുറവ് പരിഹരിക്കാന്‍ പ്രവര്‍ത്തി ദിവസം കൂട്ടുകയാണ് വേണ്ടതെന്നാണ് സമസ്തയുടെ നിലപാട് (സ്‌കൂള്‍ സമയമാറ്റം: സമസ്ത പ്രത്യക്ഷ സമരത്തിലേയ്ക്ക്, ജൂലൈ 8, സമകാലിക മലയാളം).
സ്‌കൂള്‍ സമയമാറ്റം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ജൂണ്‍ 16 മുതലാണ് നിലവില്‍വന്നത്. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂറാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വര്‍ധനവ്. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് സമയമാറ്റം നടപ്പിലാക്കുന്നത്. സമസ്ത മുഖ്യമന്ത്രിയോട് തന്നെ നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിന്‍വലിക്കേണ്ടതില്ലെന്നും, പരാതി വന്നാല്‍ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് (പുതിയ സ്‌കൂള്‍ സമയമാറ്റം നാളെ മുതല്‍; എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, ജൂണ്‍ 15, മീഡിയാവണ്‍).
ജനാധിപത്യവിരുദ്ധം
സ്‌കൂള്‍ സമയമാറ്റത്തിന്റെ പേരില്‍ സമരത്തിനിറങ്ങുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി(സമസ്തക്കെതിരേ വിദ്യാഭ്യാസ മന്ത്രി, സ്‌കൂള്‍ സമയമാറ്റത്തിനെതിരായ സമസ്ത സമരം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി, ജൂലൈ 10, മലയാള മനോരമ).
വിരട്ടാന്‍ നോക്കേണ്ട
സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയുടെ സമര പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. സമയമാറ്റം ആലോചനയിലില്ല. വിരട്ടല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു (വിരട്ടല്‍ വേണ്ട, സ്‌കൂള്‍ സമയമാറ്റം ആലോചനയില്ല; ഒരു വിഭാഗത്തിന് മാത്രം സൗകര്യം കൊടുക്കാനാവില്ല-വി.ശിവന്‍കുട്ടി, ജൂലൈ 11, മാധ്യമം).
മതമൗലികവാദികളുടെ ഇടപെടല്‍
വിദ്യാഭ്യാസത്തില്‍ മതമൗലികവാദികളുടെ ഇടപെടല്‍ തടയണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ സിപിഐ അധ്യാപകസംഘടനയായ എകെഎസ്ടിയു തീരുമാനിച്ചു. ജൂലൈ 19ാം തിയ്യതി ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. മതേതര സമൂഹത്തില്‍ പൊതുവിദ്യാഭ്യാസത്തിനനുസരിച്ച് മതപഠനം ക്രമീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു (മതമൗലികവാദികളുടെ ഇടപെടലില്‍ സമരത്തിന് സിപിഐ സംഘടന, ജൂലൈ 12, മാതൃഭൂമി).
കുമ്പിട്ട് ശിവന്‍കുട്ടി
സമസ്തയ്ക്ക് മുന്നില്‍ കുമ്പിട്ട് ശിവന്‍കുട്ടിയെന്നായിരുന്നു ജനം ടിവിയുടെ ജൂലൈ 12ലെ വാര്‍ത്ത. സര്‍ക്കാര്‍ പ്രതിഷേധക്കാരെ കാണാനിടയുണ്ടെന്ന വാര്‍ത്തയായിരുന്നു ജനം ടിവിയുടെ ഈ പ്രതികരണത്തിനു പിന്നില്‍ (സ്‌കൂള്‍ സമയമാറ്റം: സമസ്തയ്ക്ക് മുന്നില്‍ കുമ്പിട്ട് വി ശിവന്‍കുട്ടി, ജൂലൈ 12, ജനം ടി വി).
ലക്ഷ്യം സംശയാസ്പദം
സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച ഇരുവിഭാഗം സുന്നി സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്ന് മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തില്‍ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവൃത്തി സമയം അഞ്ച് ആയി കുറച്ചു. അന്ന് ഇത്തരത്തില്‍ യാതൊരുവിധ തര്‍ക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ് (സ്‌കൂള്‍ സമയമാറ്റം: സുന്നി സംഘടനകള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി; ‘പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദം, ജൂലൈ 13, മാധ്യമം).
വിരട്ടലിന് വഴങ്ങി
സ്‌കൂള്‍ സമയമാറ്റത്തില്‍ ശിവന്‍ കുട്ടി മുസ്ലീങ്ങളുടെ വിരട്ടലിന് വഴങ്ങിയെന്ന് മെട്രോ വാര്‍ത്തയുടെ റിപ്പോർട്ട് ആരോപിക്കുന്നു. വിയോജിപ്പുയര്‍ത്തിയവരുമായി ചര്‍ച്ചയാവാമെന്ന് പറഞ്ഞതാണ് പത്രത്തെ പ്രകോപിപ്പിച്ചത് (സ്‌കൂള്‍ സമയമാറ്റം: വിരട്ടലിനു വഴങ്ങി ശിവന്‍കുട്ടി, ജൂലൈ 13, മെട്രോ വാര്‍ത്ത).
മതേതരവിരുദ്ധം
സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്ന നിര്‍ദേശം മതേതരത്വ വിരുദ്ധമാണെന്ന് ദീപിക മുഖപ്രസംഗം. പൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യമാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മാറ്റരുതെന്ന് പറയുന്നവര്‍ തന്നെ മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയാണോ എന്നും ദീപിക കുറ്റപ്പെടുത്തി. (സ്‌കൂള്‍ സമയമാറ്റം; ‘മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നാണോ?’, സമസ്തയ്ക്കെതിരെ ദീപിക മുഖപ്രസംഗം, ജൂലൈ 18, റിപ്പോർട്ടർ).
ഇല്ലാത്ത നിര്‍ദേശത്തിന്റെ പേരില്‍ വിദ്വേഷപ്രചാരണം
ഓണം, ക്രിസ്മസ് അവധികളില്‍ കുറവു വരുത്തണമെന്ന് സമസ്ത നിര്‍ദേശിച്ചുവെന്ന രീതിയില്‍ ഒരു വ്യാജവാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഏഷ്യാനെറ്റാണ് ഈ വാര്‍ത്ത ആദ്യം കൊണ്ടുവന്നത്. ഇത് ജനം ടി.വി ഏറ്റുപിടിച്ചു. ജൂലൈ 17ന് ജന്മഭൂമിയുടെ ലീഡ് വാര്‍ത്ത ഇതായിരുന്നു: മദ്‌റസ പഠനത്തിന് ഓണം, ക്രിസ്തുമസ്, വേനലവധി വെട്ടിച്ചുരുക്കണം: സമസ്ത.
18ന് ദീപിക ദിനപത്രം അതിന്റെ പേരില്‍ മുഖപ്രസംഗം വരെ എഴുതി(സീസറിനുള്ളതു ദൈവത്തിനുവേണ്ട, ജൂലൈ 18, ദീപിക) സ്‌കൂളുകളില്‍ പോകുന്ന 12 ലക്ഷം വിദ്യാര്‍ഥികള്‍ മദ്‌റസകളിലും കൂടി പഠിക്കുന്നവരാണ്. സ്‌കൂള്‍ സമയം മാറ്റുന്നത് ഈ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുവെന്നത് സര്‍ക്കാരിന് മുന്നില്‍ വച്ച സമസ്ത, പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിര്‍ദേശിച്ചത്. ചര്‍ച്ചയ്ക്ക് സര്‍ക്കാരും സന്നദ്ധത അറിയിച്ചു. ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ വയ്ക്കുമെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതേക്കുറിച്ച് രൂപം ഉണ്ടാക്കിയിട്ടില്ല.
കാല്‍ക്കൊല്ല പരീക്ഷക്കു ശേഷം വരുന്ന ഓണാവധിയും അരക്കൊല്ല പരീക്ഷക്കുശേഷം വരുന്ന ക്രിസ്മസ് അവധിയും കുറയ്ക്കണമെന്ന് സമസ്ത എവിടെയും നിര്‍ദേശിച്ചിട്ടില്ല. ഇത്തരമൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ലെങ്കിലും ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത വേഗം പ്രചരിച്ചു. ഇല്ലാത്ത നിര്‍ദേശത്തെ ചൊല്ലി പുറത്തുവന്ന വാര്‍ത്ത പലയിടങ്ങളിലും അസന്തുഷ്ടിയുണ്ടാക്കി (സ്‌കൂള്‍ സമയമാറ്റം: ഇല്ലാത്ത നിര്‍ദേശത്തിന്റെ പേരില്‍ വിദ്വേഷപ്രചാരണം, ജൂലൈ 19, സുപ്രഭാതം).
വിലപേശല്‍ അവസാനിപ്പിക്കണം
മുസ്ലീം നേതാക്കള്‍ സ്‌കൂള്‍ പ്രവൃത്തിസമയത്തിന്റെ കാര്യത്തില്‍ വിലപേശല്‍ അവസാനിപ്പിക്കണമെന്ന് വിഎച്ച്പി. ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിക്കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. മുസ്ലീം നേതാക്കള്‍ ചിലര്‍ അവരുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തി (മുസ്ലീം നേതാക്കള്‍ വിലപേശല്‍ അവസാനിപ്പിക്കണം: വിഎച്ച്പി, ജൂലൈ 18, ജന്മഭൂമി).
കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയോ?
സ്‌കൂള്‍ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെ വെള്ളാപ്പള്ളിയും എതിര്‍ത്തു: ”കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ് ഉള്ളത്. സൂംബ വിവാദം ഇതിന്റെ ഭാഗമാണ്. സ്‌കൂള്‍ സമയം മാറ്റവും ഇതിന്റെ ഭാഗമാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ സൂംബ ഡാന്‍സ് ഏര്‍പ്പെടുത്തി. അതിനെയും എതിര്‍ത്തു. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കില്‍ നടപ്പാക്കുകയില്ല. വിദേശത്ത് നടപ്പാക്കിയതാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.അപ്പോഴേക്കും അത് മുസ്ലീം വിരുദ്ധമാണെന്ന് പറയുകയാണ്. അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുകൊടുക്കുന്ന സര്‍ക്കാറാണ്’. (കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷപ്രദേശമാകും; കേരളത്തിലെ ഈഴവര്‍ക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ”തൊഴിലുറപ്പ്” പദ്ധതിയില്‍ മാത്രം; വെള്ളാപ്പള്ളി നടേശന്‍, ജൂലൈ 19, ജനം ടിവി; ‘കാന്തപുരം പറയുന്നത് കേട്ട് കേരള സര്‍ക്കാര്‍ ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ്,’: വെള്ളാപ്പള്ളി നടേശന്‍, ജൂലൈ 19, മീഡിയാവണ്‍).
അടുത്ത വര്‍ഷം പരിഹരിക്കും: ചർച്ചയുമായി ശിവൻകുട്ടി
സ്‌കൂള്‍ പഠന സമയമാറ്റം സംബന്ധിച്ച് സമസ്ത നേതാക്കളുമായി തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വരുത്തിയ മാറ്റം ഈ വര്‍ഷം മാറ്റുന്നതിനുള്ള പ്രയാസം മന്ത്രി പറയുകയും എന്നാല്‍ അടുത്തവര്‍ഷം ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു (സ്‌കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ, ജൂലൈ 25, മെട്രോവാര്‍ത്ത).
പരാതിക്കാര്‍ക്ക് കോടതിയില്‍ പോകാം
ഇതിലൊന്നും വാശി പിടിക്കേണ്ട കാര്യമില്ല…15 മിനിറ്റിന്റെ കാര്യമാണ്..സ്‌കൂള്‍ സമയമാറ്റം തുടരും…പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് വിദ്യാഭ്യാസമന്ത്രി-സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് (’15 മിനിറ്റിന്റെ കാര്യമാണ്..സ്‌കൂള്‍ സമയമാറ്റം തുടരും…പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം’, ജൂലൈ 25, മാതൃഭൂമി ന്യൂസ്).
29. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയും മുസ്ലീം അഭിഭാഷകനും
പിഡനത്തിനിരയായ ദളിത് സ്ത്രീയായ ജാനകിയുടെ കഥ പറയുന്ന ജാനകി വേഴ്‌സ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഈ കേസില്‍ നിര്‍മാതാക്കള്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് അഡ്വക്കേറ്റ് ഹാരിസ് ബീരാനായിരുന്നു. ഇതര മതസ്ഥനായ അഭിഭാഷകന്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുമെന്നും അത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നുമായിരുന്നു ഇതിനോടുള്ള സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകന്റെ പ്രതികരണം.
വിവിധ വിഭാഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഈ പ്രസ്താവനയെ അപലപിച്ചു. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും ഇതിനെ വിമര്‍ശിച്ചു (അപ്പോള്‍ ഹാരിസ് ബീരാന് ജാനകി എന്ന കക്ഷിക്ക് വേണ്ടി ഹാജരാകാന്‍ പാടില്ലേ?’; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്കു വേണ്ടി ഹാജരായിരിക്കുന്നത് ഇതരമതസ്ഥനാണ് എന്ന സെന്‍സര്‍ ബോര്‍ഡിന്റെ വാദത്തിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, ജൂലൈ 9 മീഡിയാവണ്‍)
സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാരണങ്ങള്‍ ഇവയാണ്: മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളുമാണ് സിനിമയിലുള്ളത്. ബലാല്‍സംഗത്തിന് ഇരയായ കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണ്. ജാനകി എന്ന പേര് ഉപയോഗിച്ച് മനപ്പൂര്‍വമാണ്. രാമായണത്തിലെ സീതയുടെ പര്യായപദമാണ് ജാനകിയെന്നും അത് മതവികാരം വ്രണപ്പെടുത്തുമെന്നുമായിരുന്നു വാദം.
ഇതിനെതിരേയാണ് നിര്‍മാതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്: ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. പേര് മാറ്റം പണച്ചെലവേറിയതാണ്. പേരിടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്- എന്നൊക്കെയായിരുന്നു നിര്‍മാതാക്കളുടെ വാദം. എങ്കിലും ചിത്രത്തിലെ കോടതി സീനിലെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ജാനകി എന്ന പേരിന് ചരിത്രകഥാപാത്രവുമായി ബന്ധമില്ലെന്ന് എഴുതിക്കാണിച്ചാല്‍ മതിവാവുമോയെന്ന് വാദം കേട്ട കോടതിയും ചോദിച്ചു. ‘പട്ടാളം ജാനകി’ എന്ന പേരില്‍ നേരത്തെയും സിനിമ പുറത്തിറങ്ങിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സിനിമയുടെ പേര് ഇതിനു മുമ്പും മാറ്റിയിട്ടുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി (‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ ജാനകി മാറ്റണം; സുരേഷ് ഗോപിയുടെ സിനിമയ്ക്ക് സെന്‍സര്‍ കട്ട്, ജൂണ്‍ 21, 24ന്യൂസ്).
ഒടുവില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറായി. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി. കോടതി രംഗങ്ങള്‍ എഡിറ്റ് ചെയ്തു. ക്രോസ് എക്‌സാമിനേഷന്‍ ഭാഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്തു (വിചിത്രവാദങ്ങള്‍ ആവര്‍ത്തിച്ച് സെന്‍സര്‍ ബോര്‍ഡ്, ജൂലൈ 10, ചന്ദ്രിക).
30. ആര്‍എസ്എസ് സ്‌കൂളിലെ കാല്‍കഴുകല്‍
ജൂലൈ 10ാം തിയ്യതി ഗുരുപൂര്‍ണിമാ ദിനത്തിന്റെ ഭാഗമായി ആര്‍എസ്എസ്സിന്റെ അധീനതയിലുള്ള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ചു. കാസര്‍കോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയം, മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ തുടങ്ങി പല സ്‌കൂളുകളിലും ഇത്തരം ചടങ്ങുകള്‍ നടന്നു. വിരമിച്ച അധ്യാപരുടെ കാലുകളാണ് പാദപൂജയുടെ പേരില്‍ കഴുകിച്ചത്. കാസര്‍കോട് ബിജെപി നേതാവിന്റെ കാലും കഴുകിച്ചു. മറ്റിടങ്ങളിലും അത് ആവര്‍ത്തിച്ചിരുന്നു (വിദ്യാര്‍ഥികളെകൊണ്ട് കാല്‍ കഴുകിച്ച സംഭവം: ബാലാവകാശ കമീഷന്‍ കേസെടുത്തു, ജൂലൈ 13, മാധ്യമം).
കുട്ടികളെക്കൊണ്ട് കാല്‍കഴുകിച്ച സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് എടുത്തത്. സ്‌കൂളുകളോട് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. കൂടാതെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസും എടുത്തു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.
സംഭവം ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി ശിവന്‍ കുട്ടി അഭിപ്രായപ്പെട്ടു (‘പാദപൂജ’ വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി; വിശദീകരണം തേടും, ജൂലൈ 12, മാധ്യമം).
വിവാദം
ഗുരുപൂര്‍ണിമ പാദപൂജയോടനുബന്ധിച്ച് കാല്‍ കഴുകിച്ചതിനെ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ചോദ്യം ചെയ്തു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു(ഗുരുപൂര്‍ണിമ പാദപൂജ: വിവാദമാക്കി എസ്എഫ്‌ഐ, ജൂലൈ 13, മെട്രോ വാര്‍ത്ത). ബിജെപി നേതാവിന്റെ കാല് കഴുകിച്ചതിനെതിരേ വിവിധ ഇടത് സംഘടനകള്‍ സ്‌കൂളുകളിലേക്ക് മാര്‍ച്ചും നടത്തി (സ്‌കൂളുകളിലേക്ക് ഇടത് സംഘടനകള്‍ മാര്‍ച്ച് നടത്തി, ജൂലൈ 15, സിറാജ്).
പ്രതിഷേധത്തിന്റെ ഭാഗമായി ആര്‍എസ്എസ്സ് നിയന്ത്രണമുള്ള സ്‌കൂളിനു മുന്നില്‍വച്ച് ഡി വൈഎഫ്‌ഐ മനുസ്മൃതി കത്തിച്ചു (കാല്‍കഴുകിക്കല്‍; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് മുന്നില്‍ മനുസ്മൃതി കത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം, ജൂലൈ 14, ഡൂള്‍ ന്യൂസ്).
വിവാദമുണ്ടാക്കിയ ഇടതുപക്ഷത്തിന് ആശയദാരിദ്രമെന്നായിരുന്നു എബിവിപിയുടെ പ്രതികരണം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ഈശ്വരതുല്യമായി കാണുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു (ഗുരുപൂജാവിരുദ്ധത: ഇടതിന് ആശയദാരിദ്ര്യമെന്ന് എബിവിപി, ജൂലൈ 15, മെട്രോവാര്‍ത്ത).
പ്രത്യക്ഷയുദ്ധം
എന്നാല്‍ ഹിന്ദു വിശ്വാസങ്ങളോടും മൂല്യങ്ങളോടുമുള്ള പ്രത്യക്ഷയുദ്ധമാണ് ഗുരുപൂജ വിവാദമാക്കിയവരുടേതെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി കുറ്റപ്പെടുത്തി: ഭാരതീയ സംസ്‌കൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ അപമാനിച്ചാല്‍ വേറെ ചിലര്‍ സന്തോഷിക്കും. ഗുരുക്കന്മാരെ ബഹുമാനിക്കാത്തവരും അംഗീകരിക്കാത്തവരുമാണ് ഗുരുപൂജയെ എതിര്‍ക്കുന്നത് (ഗുരുപൂര്‍ണിമ പാദപൂജ: വിവാദമാക്കി എസ്എഫ്‌ഐ, ജൂലൈ 13, മെട്രോ വാര്‍ത്ത).
മന്ത്രിക്കെതിരേ വിഎച്ച്പി
ഗുരുപൂജയെ വിമര്‍ശിച്ച ശിവന്‍കുട്ടിയെ വിഎച്ച്പി കുറ്റപ്പെടുത്തി. ഗുരുപൂജാ ചടങ്ങുകളുടെ ഭാഗമായി നടത്തിയ പരിപാടിക്കെതിരേ നടത്തിയ പ്രസ്താവന സനാതന ധര്‍മത്തിലെ ഗുരുപരമ്പരയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്ന് വിഎച്ച് പി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജി തമ്പി അഭിപ്രായപ്പെട്ടു (ശിവന്‍കുട്ടിക്ക് എതിരേ വിഎച്ച്പി, ജൂലൈ 13, മനോരമ).
ന്യായീകരിച്ച് ഗവര്‍ണര്‍
കുട്ടികളെക്കൊണ്ട് കാലുകഴുകിപ്പക്കുന്നതാണ് നാടിന്റെ സംസ്‌കാരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ന്യായീകരിച്ചു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാഗ്യഘടകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു (പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ കേരളത്തിന് നാണക്കേട്: കെ.സി വേണുഗോപാല്‍, ജൂലൈ 14, വീക്ഷണം)
ചാതുര്‍വർണ്യം തിരിച്ചെത്തിക്കാന്‍ ശ്രമം
വിദ്യാര്‍ത്ഥികളെക്കൊണ്ട് കാല്‍ക്കഴുകിക്കുന്നത് ചാതുര്‍വര്‍ണ്യം തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം നേതാവ് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇതിന് യുഡിഎഫിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (വിദ്യാര്‍ത്ഥികളെക്കൊണ്ട് കാല്‍ കഴുകിച്ച സംഭവം: ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചെത്തിക്കാനുള്ള നീക്കം, ജൂലൈ 14, ദേശാഭിമാനി).
വിവാദമാക്കുന്നത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാന്‍
ഗുരുപൂജ വിവാദമാക്കിയത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സ്‌കൂള്‍ സമയമാറ്റത്തിന്റെ കാര്യത്തില്‍ മുട്ടുമടക്കിയ സര്‍ക്കാരും അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയും അവരെ സന്തോഷിപ്പിക്കാനാണ് ഗുരുപൂജയെ വിവാദമാക്കിയത്. എല്ലാ വര്‍ഷവും ഗുരുപൂജ നടക്കാറുമുണ്ട് (ഗുരുപൂജ വിവാദമാക്കുന്നത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാന്‍: ആര്‍ വി ബാബു, ജൂലൈ 14, ജന്മഭൂമി).
32. താലിബാന്റെ നിഴല്‍ ഭരണം
ഭാരതമാതാ ചിത്രം പൊതുപരിപാടികളില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേസരി വാരിക എഡിറ്റോറിയല്‍ എഴുതി. കേരളത്തില്‍ നടക്കുന്നത് താലിബാന്റെ നിഴല്‍ ഭരണമാണെന്നായിരുന്നു വാരികയുടെ ആരോപണം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിത്തണലില്‍ താലിബാന്റെ നിഴല്‍ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അവര്‍ക്ക് ഭാരത ദേശീയതയും ഭാരതമാതാ സങ്കല്‍പ്പവും വന്ദേമാതരമന്ത്രവുമൊക്കെ ഹറാമാണ്. അതുകൊണ്ടാണ് ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ സ്ഥാപിച്ച ഭാരത മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ക്ക് മടി. ഭാരത മാതയുടെ ചിത്രത്തിലുള്ള കാവിക്കൊടിയാണ് കമ്മ്യൂണിസ്റ്റ് സഖാക്കന്‍മാര്‍ക്ക് ഹാലിളക്കമുണ്ടാക്കിയിരിക്കുന്നത്. കാവിക്കൊടിക്കു പകരം ഹമാസിന്റെ കൊടിയോ, പാലസ്തീന്റെ കൊടിയോ, പാകിസ്ഥാന്റെയോ തുര്‍ക്കിയുടെ കൊടിയോ ആണെങ്കില്‍ പോലും സഖാക്കന്‍മാര്‍ സഹിച്ചേനെ. കേരള യൂണിവേഴ്സിറ്റിക്ക് ഭാരതമാതാ ഹറാമാണെങ്കിലും യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് ജിഹാദിന്റെ മറു പേരായ ഇന്‍ദി ഫാദ എന്ന് നാമകരണം ചെയ്യുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ഹമാസ് ഭീകരവാദികളുടെയും പാലസ്തീന്റെയും പതാക ഏന്തി പ്രകടനം നടത്തുന്ന എസ്എഫ് ഐക്കാര്‍ക്ക് കാവിക്കൊടിയോട് മാത്രമെ വിരോധമുളളൂ. മലയാളി മാറിച്ചിന്തിച്ചില്ലെങ്കില്‍ നിഴലില്‍ നില്‍ക്കുന്ന താലിബാന്‍ മറനീക്കി കേരളത്തെ വിഴുങ്ങുന്ന കാലം വിദൂരമല്ല (കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ, ജൂലൈ 11, കേസരി).


33. ലഷ്‌കര്‍- ഇ നോയ്ഡ
ജൂലൈ 13ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാമചന്ദ്ര ഗുഹയുടെ ഭൂതവും വര്‍ത്തമാനവും എന്ന കോളത്തില്‍ ‘ഇന്ദിര, മോദി; ആരാണ് ഭേദം?’ എന്ന ലേഖനത്തില്‍ മുസ്ലീങ്ങളെ ആക്രമിക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്ന മോദിയുടെ അനുയായികളെയും അതിന് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമങ്ങളെയും കുറിച്ച് പറയുന്നുണ്ട്. മോദിയുടെ കൂടെ നില്‍ക്കുന്ന മാധ്യമങ്ങളെ ലേഖകന്‍ വിശദീകരിച്ചത് ‘ലഷ്‌കര്‍- ഇ നോയിഡ’ എന്നാണ്. ഗോദി മീഡിയയെക്കുറിച്ചാണ് ലഷ്‌കറെ നോയ്ഡ എന്ന പ്രയോഗം. ഹിന്ദുത്വ അനുകൂല മാധ്യമങ്ങളെ പറ്റി പറയാന്‍ ഉപയോഗിക്കുന്നത് ഉറുദു പേരാണ് എന്നതാണ് ഇതിലെ ഹൈലൈറ്റ് (ജൂലൈ 13, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
34. മതനിരപേക്ഷത എന്ന ക്രിസ്ത്യന്‍ ആശയം
ജമാഅത്തെ ഇസ്ലാമിയെയും ആര്‍എസ്എസ്സിനെയും താരതമ്യം ചെയ്തുകൊണ്ട് ദേശാഭിമാനി പുത്തലത്ത് ദിനേശന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു, ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കുന്നവര്‍ എന്ന ശീര്‍ഷകത്തില്‍. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ സംഘപരിവാര്‍ സ്വീകരിക്കുന്ന അതേ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്കുമുള്ളതെന്നാണ് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത്: മതനിരപേക്ഷത യൂറോപ്യന്‍ ആശയമാണെന്നും അതുകൊണ്ട് നാം അത് സ്വീകരിക്കേണ്ടതില്ല എന്നുമാണ് ഇവരുടെ പൊതുനിലപാട്. ഗാന്ധിജി പറഞ്ഞ ‘രാജ്യത്തെ ജനങ്ങള്‍ക്ക് മത വിശ്വാസമാകാം, എന്നാല്‍ രാജ്യം ഏതെങ്കിലും മതത്തിന്റേതായിക്കൂടാ’ എന്ന കാഴ്ചപ്പാടിനെ ഈ രണ്ട് കൂട്ടരും അംഗീകരിക്കുന്നില്ല. ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദശക്തികള്‍ മതനിരപേക്ഷത ക്രിസ്ത്യന്‍ ആശയമാണെന്ന് പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ വഴി അതല്ലെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഭരണഘടനയിലെ സുപ്രധാന മൂല്യങ്ങളായ മതനിരപേക്ഷതയെ ഇല്ലാതാക്കുകയെന്നതാണ് സംഘപരിവാറിന്റേത് എന്നപോലെ തന്നെ ജമാഅത്തെ ഇസ്ലാമിയുടെയും ലക്ഷ്യം. മതത്തെയും രാഷ്ട്രീയത്തെയും രണ്ടായിക്കാണുന്ന മതനിരപേക്ഷതയുടെ അടിസ്ഥാന സമീപനത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. മതരാഷ്ട്രവാദ ആശയങ്ങള്‍ ഉയര്‍ത്തുന്ന ഇവര്‍ ചരിത്രത്തെ വര്‍ഗീയമായി ചിത്രീകരിച്ച സാമ്രാജ്യത്വത്തിന്റെ വഴികളാണ്. നിയമസഭാരേഖകളില്‍പോലും കൃത്രിമംകാട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുസ്ലീം വിരുദ്ധമായി ചിത്രീകരിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിലൂടെ പുറത്തുവന്നത്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യുകയെന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയുമാണിത് (ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കുന്നവര്‍, പുത്തലത്ത് ദിനേശന്‍, ജൂലൈ 13, ദേശാഭിമാനി).
35. എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയാകും
അടുത്ത നിയമസഭാതിരഞ്ഞെടുപ്പോടെ എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയാവുമെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. പാകിസ്താന്‍ അനുകൂലികളായ ജമാഅത്തെ ഇസ്ലാമിക്കും പിഡിപിക്കും എസ്ഡിപിഐ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും പിന്തുണ കൊടുക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സുമാണ് ബിജെപിയെ വര്‍ഗീയവാദികളാക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു (എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയാകും: പി സി ജോര്‍ജ്, ജൂലൈ 3, മംഗളം).
36. മതതീവ്രവാദത്തിന് തടയിട്ടത് മോദി
കേരളത്തില്‍ മതതീവ്രവാദത്തിന് തടയിട്ടത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പോപുലര്‍ ഫ്രണ്ടിനെ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. സംസ്ഥാനത്ത് ഭീകരസംഘങ്ങള്‍ ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (‘കേരളത്തില്‍ മതതീവ്രവാദത്തിന് തടയിട്ടത് മോദി സര്‍ക്കാര്‍, ബി.ജെ.പി ഇല്ലാതെ വികസനം സാധ്യമല്ല’; 2026ല്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ, ജൂലൈ 12, മാധ്യമം, ഭീകരസംഘങ്ങള്‍ കേരളത്തില്‍ ഇപ്പോഴും സജീവം, ജൂലൈ 13, മെട്രോവാര്‍ത്ത)
37. 122 രക്തസാക്ഷികള്‍
മലയാളം വാരികയിലെ പി എസ് റംഷാദ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ ആദര്‍ശ് എം സജിയും തമ്മില്‍ നടത്തിയ അഭിമുഖം ജൂലൈ 14ാംതിയ്യതി പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് ഉത്തരമായി 122 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. കൊലചെയ്ത സംഘടനകളുടെ പേരുകളും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി ആശയം ഉള്‍ക്കൊള്ളുന്നവര്‍, കോണ്‍ഗ്രസ്സുകാര്‍, നക്‌സലൈറ്റുകള്‍ എന്നീ സംഘടനക്കാരാണത്രെ എസ്എഫ്‌ഐക്കാരെ കൊലപ്പെടുത്തിയത്. അതിന് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല (മതേതരത്വത്തിനു കാവല്‍നില്‍ക്കുക മുഖ്യദൗത്യം, ആദര്‍ശ് എം സജി/പി എസ് റംഷാദ്, ജൂലൈ 14, സമകാലിക മലയാളം വാരിക).
മറ്റൊരു ചോദ്യം കെഎസ് യുവിന്റെ സൂംബയെക്കുറിച്ച നിലാപടായിരുന്നു. കെഎസ് യുവിന് ഇപ്പോള്‍ സ്വാധീനമില്ലെന്നും അതുകൊണ്ട് അവര്‍ ഫ്രറ്റേണിറ്റി പോലുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടാണ് സൂംബ ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന് മനസ്സിലാവാത്തതെന്നും കൂടി അദ്ദേഹം പറഞ്ഞു.
38. സ്വാതന്ത്ര്യം, ഹൈന്ദവത, ഇസ്ലാം
സ്വാതന്ത്ര്യമുള്ളതിനാല്‍ ഹൈന്ദവതയിലും ബുദ്ധമതത്തിലും നിരവധിവ്യാഖ്യാനങ്ങളുണ്ടാവും. എന്നാല്‍ ഇസ്ലാം ഒരു സെമിറ്റിക് മതമായതിനാല്‍ അതില്‍ വ്യാഖ്യാനങ്ങള്‍ വളരെ കുറവാണ് (ഒറ്റയാനകളെ സൂക്ഷിക്കണം, ഇ എം ഹാഷിം, ജൂലൈ 14, സമകാലിക മലയാളം വാരിക).
39. അനവസരത്തിലെ ഒരു വാര്‍ത്ത
മറുനാടന്‍ മലയാളി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനം’ എന്ന ദീര്‍ഘമായ ശീര്‍ഷകത്തോടെ ഒരു വാര്‍ത്ത ചെയ്തു. അമിത് ഷായുടെ ചിത്രവും നല്‍കി (ജൂലൈ 14, മറുനാടന്‍ മലയാളി). അമിത് ഷായുടെ പ്രസംഗത്തിന്റെ പിന്നാലെയായിരുന്നു വാര്‍ത്ത ചെയ്തത്.
40. വെട്ടിപ്പ് ലീഗിന് ഹറാമല്ല, ഹലാലാണ്
മുസ്ലീം ലീഗ് നേതാക്കള്‍ പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ഒരു ആരോപണം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സമയത്ത് കൈരളി അതേ കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ‘വെട്ടിപ്പ് ലീഗിന് ഹറാമല്ല, ഹലാലാണ്’ എന്ന് മുസ്ലീം രൂപകങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു വാര്‍ത്തയുടെ ശീര്‍ഷകം തയ്യാറാക്കിയത്. സാമൂഹികമാധ്യമ ട്രോളുകളില്‍നിന്നായിരുന്നു ശീര്‍ഷകം കടംകൊണ്ടത് (‘വെട്ടിപ്പ് ലീഗിന് ഹറാമല്ല, ഹലാലാണ്’; ദുരന്തങ്ങള്‍ക്കിടയിലും തട്ടിപ്പും വെട്ടിപ്പുമായി വീണ്ടും മുസ്ലീം ലീഗ്, ജൂലൈ 15, കൈരളി).
41. മലപ്പുറം തീവ്രവാദവും തിയ്യേറ്റര്‍ കത്തിക്കലും
തൊണ്ണൂറുകളില്‍ മുസ്ലീം സംഘടനകള്‍ക്കെതിരേ ഉയര്‍ന്ന കടുത്ത ആരോപണങ്ങളിലൊന്നായിരുന്നു മലപ്പുറത്തെ തിയ്യറ്റര്‍ കത്തിക്കല്‍. സിനിമയും പാട്ടും ഹറാമായ മുസ്ലീങ്ങൾ തിയ്യറ്ററുകള്‍ അഗ്നിക്കിരയാക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ദീര്‍ഘകാലം അന്വേഷിച്ചിട്ടും ഈ ആരോപണം പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. പല തിയ്യറ്ററുകളും കത്തിയത് യാദൃശ്ചികമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
അന്നുയര്‍ന്ന ആരോപണം വീണ്ടും ഉന്നയിക്കുകയാണ് കേരള ശബ്ദം വാരികയില്‍ ജി ജബാല്‍(റിട്ട ഡിവൈഎസ്പി). ജൂലൈ 15ാം തിയ്യതി തീവ്രവാദത്തിന്റെ വേരറുത്ത സംഭവമെന്ന ശീര്‍ഷകത്തില്‍ ഇത് അച്ചടിച്ചുവന്നു:
കോഴിക്കോട്ടും മലപ്പുറത്തും രണ്ട് സിനിമാതിയ്യറ്ററുകള്‍ കത്തിയത് അക്കാലത്ത് വലിയ വാര്‍ത്തയായി. കത്തിയ തിയ്യറ്ററുകള്‍ എല്ലാം ഓലക്കൊട്ടകകളായിരുന്നു. ശത്രുക്കള്‍ കത്തിച്ചുവെന്നാണ് ആദ്യം കരുതിയത്. ഇരുപതോളം കൊട്ടകകള്‍ ഇക്കാലത്ത് അഗ്നിക്കിരയായി. തീവ്ര മുസ്ലീം മതപണ്ഡിതരുടെ സഹായത്തോടെ യുവാക്കളെ സംഘടിപ്പിച്ച് നാട്ടില്‍ തീവ്രവാദം പടര്‍ത്തി സാധാരണ ജനങ്ങളുടെ സ്വെെര്യജീവിതം തകര്‍ക്കുന്നവരായിരുന്നു ഇതിനു പിന്നില്‍. വിദേശഫണ്ട് മാത്രമല്ല, മോഷണവും ഈ യുവാക്കള്‍ തൊഴിലാക്കിയിരുന്നു. ആര്‍എസ്എസ്സും ബിജെപിയുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരെ അമര്‍ച്ച ചെയ്യുന്നതിനൊപ്പം മുസ്ലീം ആധിപത്യം സ്ഥാപിക്കാനും അവര്‍ ശ്രമിച്ചു. ചില മുസ്ലീം സഹോദരരുടെ സഹായത്തോടെ ഇത് അമര്‍ച്ച ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇല്ലെങ്കില്‍ കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുമായിരുന്നുവെന്നും അദ്ദേഹം എഴുതി (തീവ്രവാദത്തിന്റെ വേരറുത്ത സംഭവം, ജി ജബാല്‍, ജൂലൈ 15, കേരളശബ്ദം).
വാടാനപ്പള്ളിയില്‍ നടന്ന ഒരു കൊലപാതത്തെക്കുറിച്ച് പറയുന്നതിനിടയിലാണ് ജബാല്‍ ഇതേ കുറിച്ച് എഴുതിയത്.
42. മുസ്ലീം കവചം
ബിജെപിക്കെതിരായി മുസ്ലീം തീവ്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ വര്‍ത്തമാന രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയുമെല്ലാം ഒരു മല്‍സര കവചം പാർലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ നല്‍കിവരുന്നത് ലീഗാണ്. … വയനാട്, പാലക്കാട്, ചേലക്കര, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആ മുസ്ലീം കവചത്തിന് ഒരു പുറംപട്ടം കവചമായി വിരിച്ചുകൊണ്ടിരിക്കുന്നു (നിലമ്പൂര്‍ അവസാനവാക്കല്ല; പ്രതീക്ഷയില്‍ എല്‍ഡിഎഫ്, അഡ്വ. എം മനോഹരന്‍ പിള്ള, ജൂലൈ 16. കേരളശബ്ദം)
43. മതമാകെ പാര്‍ട്ടിക്കെതിരേ
നിലമ്പൂരില്‍ അന്‍വര്‍ ആര്‍ജിച്ച പാര്‍ട്ടി അണികള്‍ക്കിടയിലെ സ്വാധീനം ഒറ്റയടിക്ക് തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല…. സിപിഎമ്മിനെതിരേ ഒരു മതമാകെ ഇറങ്ങിത്തിരിച്ച അവസ്ഥ അവിടെയുണ്ടായി (നിലമ്പൂര്‍ അവസാന വാക്കല്ല; പ്രതീക്ഷയില്‍ എല്‍ഡിഎഫ്, അഡ്വ. എം മനോഹരന്‍പിള്ള, ജൂലൈ 16, കേരള ശബ്ദം)
44. മുസ്ലീങ്ങളെ നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്ലാമി
ഇക്കുറി യുഡിഎഫിന് പരസ്യപിന്തുണയുമായി രംഗത്തുവന്നത് ജമാഅത്തെ ഇസ്ലാമി എന്ന മതസംഘടന പ്രമോട്ട് ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. അവര്‍ സംഘടിതശക്തിയൊന്നുമല്ലെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ചില കേന്ദ്രങ്ങളില്‍ അവര്‍ക്ക് അവരുടേതായ വോട്ട് ബാങ്കുണ്ട്. മാധ്യമവും മീഡിയാവണ്‍ ചാനലുമാണ് പ്രധാന ആയുധം. ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാംമതവിശ്വാസികളെ സ്വാധീനിക്കാനും തങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടിനനുസൃതമായി തിരിച്ചുവിടാനും ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കുന്നു. നിലമ്പൂരില്‍ യുഡിഎഫ് നേടിയതോടെ ജമാഅത്തെ ഇസ്ലാമിയുടെ സ്വീകാര്യത കൂടും. ഭാവിയില്‍ ജമാഅത്തെ ഇസ്ലാമിക്കാരനായ ആള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കാം. അതിലെ അപകടം ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണെന്നതാണ്. അതായത് അവര്‍ക്ക് ശരിഅത്ത് നിയമത്തിനപ്പുറം ഒന്നുമില്ല (മുസ്ലീം രാഷ്ട്രീയവും കേരളവും നിലമ്പൂരിന് മുമ്പും ശേഷവും, രാഷ്ട്രീയലേഖകന്‍, ജൂലൈ 16, കേരളശബ്ദം).
45. ശരിഅത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യം
യുഡിഎഫിന്റെ ഇരട്ടത്താപ്പ് എന്ന ശീര്‍ഷകത്തില്‍ ജൂലൈ 16ാം തിയ്യതിയിലെ ഇ മലയാളി മാഗസിനില്‍ എ എസ് ശ്രീകുമാര്‍ ഒരു ലേഖനം എഴുതിയിരുന്നു. ശരീഅത്തിന്റെ അടിസ്ഥാനമായ മതേതരത്വവും ജനാധിപത്യവും പ്രാബല്യത്തില്‍ വരുത്തണമെന്ന് ഈ സംഘടന ആവശ്യപ്പെടുന്നു (യുഡിഎഫിന്റെ ഇരട്ടത്താപ്പ്, എ എസ് ശ്രീകുമാര്‍, ജൂലൈ, ഇ മലയാളി മാഗസിന്‍).
46. വേടനും ഹമാസും
വേടനെ വിമര്‍ശിക്കുന്നതിനൊപ്പം അദ്ദേഹത്തെ അധിക്ഷേപിക്കുന്നവരെക്കുറിച്ച് സൂചനയുള്ള ഒരു കുറിപ്പ നാമ്പ് മാസികയുടെ ജൂലൈ ലക്കത്തില്‍ മിത്തും ചരിത്രവും കൂട്ടിക്കുഴക്കരുതെന്ന ശീര്‍ഷകത്തില്‍ മാധവദാസ് എഴുതിയിരുന്നു. അതിലെ ഒരു വാദം വേടന്‍ ജാതിയെ മാത്രം എതിര്‍ത്താല്‍ പോര അദ്ദേഹം ഹമാസിന്റേതുള്‍പ്പെടെയുള്ള മതഭ്രാന്തിന് എതിരേയും പാട്ടെഴുതണം. ഭീകരത എന്ന ആഗോള യാഥാര്‍ത്ഥ്യത്തെ തന്റെ പാട്ടിലൂടെ അഭിസംബോധന ചെയ്താല്‍ പാട്ട് കൂടുതല്‍ മാനവികമാവും (മിത്തും ചരിത്രവും കൂട്ടിക്കുഴക്കരുത്, ജൂലൈ, നാമ്പ് മാഗസിന്‍).
47. ഹ്യൂമന്‍ മന്തി
ഡോ. പി.എന്‍ രാജേഷ്‌കുമാര്‍ നാമ്പ് മാസികയില്‍ എഴുതിയ ഒരു കവിതയുടെ തലക്കെട്ട് ഹ്യൂമന്‍ മന്തി എന്നായിരുന്നു. മാംസ വിഭവങ്ങളുമായി ബന്ധപ്പെട്ട സൂചനകളെ പൈശാചികമായി കണക്കാക്കുന്ന ഇമേജറികള്‍ ധാരാളമുള്ള കവിത (ഹ്യൂമന്‍ മന്തി, ഡോ. പി.എന്‍ രാജേഷ്‌കുമാര്‍, ജൂലൈ, നാമ്പ് മാഗസിന്‍).
48. പി.സി ജോര്‍ജിനെതിരേ കേസ്
മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ 400 പെണ്‍കുട്ടികളെ നഷ്ടമായെന്ന് തൊടുപുഴയില്‍ പ്രസം?ഗിച്ച പി സി ജോര്‍ജിനെതിരേ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയത്. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.
നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു (തൊടുപുഴയിലെ വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു, ജൂലൈ 16, മീഡിയാവണ്‍).
49. ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളം സുരക്ഷയൊരുക്കുന്നു
ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളം സുരക്ഷയൊരുക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയശക്തികളെന്ന് പ്രജ്ഞാവാഹക് ദേശീയ സംയോജക് ജെ നന്ദകുമാര്‍. ഭാരതത്തില്‍ ഹിന്ദുത്വ വികാരം ശക്തിപ്പെടുത്തുന്നത് ചില രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് സഹിക്കുന്നില്ലെന്ന് അവര്‍ ഭാരതപാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളം സുരക്ഷയൊരുക്കുന്നു: ജെ നന്ദകുമാര്‍, ജൂലൈ 18, ജന്മഭൂമി).
50. ജിഹാദിസ്റ്റുകളുടെ തനിനിറം
ജൂലൈ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ എളമരം കരീം ജിഹാദിസ്റ്റുകളുടെ തനിനിറം എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതി. ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികളെന്ന് ആക്ഷേപിക്കുന്ന ഈ ലേഖനം അവരുമായി സൗഹൃദം വച്ചുപുലര്‍ത്തുന്നതിന്റെ പേരില്‍ യുഡിഎഫിനെയും അപഹസിക്കുന്നുണ്ട്:
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് എല്‍ഡിഎഫ് ഭരണം നടത്തുന്നത് ഇടതുപക്ഷ വിരുദ്ധരെയും മതഭ്രാന്തന്മാരെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് സമനില തെറ്റിയ മട്ടാണ്. ഈ പ്രചാരണങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളേക്കാള്‍ ആവേശം കാണിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ്. മാധ്യമം പത്രം സാധാരണ ബൂര്‍ഷ്വ പ്രചാരണആയുധം മാത്രമല്ല, മതാധിഷ്ഠിതരാഷ്ട്രം ലക്ഷ്യംവയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയാണ്. ദേശീയതയെന്ന ആശയത്തോട് വേര്‍പിരിഞ്ഞ്, സ്വന്തം നിലയില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ച് മതരാഷ്ട്രസങ്കല്‍പ്പം ഉയര്‍ത്തിയ അബുള്‍ അംലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമപരീക്ഷണമാണ് ആ പത്രം. നിഗൂഢമായ സംഘടനാ രൂപങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഈ നിഗൂഢ പ്രവര്‍ത്തനങ്ങളുടെ മാതൃകാരൂപമാണ് അവരുടെ മാധ്യമങ്ങള്‍. തങ്ങളുടെ ‘രാഷ്ട്രീയ ഇസ്ലാം’ എന്ന ഒളിഅജന്‍ഡ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ് മാധ്യമം, മീഡിയാ വണ്‍ മുതലായവ. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്, ബൈത്തുസഖാത്ത്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലുള്ള സംഘടനകള്‍ എന്നിവ സംഘടിതമായി പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്ട് ആസ്ഥാനമായി ഒരു ‘ഇസ്ലാമിക ബാങ്കും പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രച്ഛന്നവേഷങ്ങളെയെല്ലാം രാജ്യത്ത് മതചേരിതിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന ആര്‍എസ്എസിന്റെ വാദത്തെ എതിര്‍ക്കുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളെ ദുര്‍ബലപ്പെടുത്തുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. മുസ്ലീം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്ലാമിയും ഉയര്‍ത്തിയ ആശയങ്ങളാണ് ഇന്ന് അനേകം ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രത്യയശാസ്ത്ര ആയുധം (ജിഹാദിസ്റ്റുകളുടെ തനിനിറം, ജൂലൈ 18, എളമരം കരീം).
51. പോപ്പുലർ ഫ്രണ്ട് പുതിയ രൂപത്തില്‍
രാജ്യത്ത് നാര്‍ക്കോട്ടിക് ടെററിസമുണ്ടെന്നും ലഹരിക്കെതിരേ കേരളം ജാഗ്രത പാലിക്കണമെന്നും പുതുതായി ചാര്‍ജ്ജെടുത്ത ഡിജിപി റവാഡ ചന്ദ്രശേഖര്‍ 24ന്യൂസിനോട്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഇപ്പോള്‍ എസ്ഡിപിഐയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു (‘രാജ്യത്ത് നര്‍കോട്ടിക് ടെററിസം, ലഹരിക്ക് എതിരെ കേരളത്തില്‍ നല്ല ജാഗ്രതവേണം; നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഇപ്പോള്‍ എസ്ഡിപിഐ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖര്‍, ജൂലൈ 19, 24 ന്യൂസ്).
52. കേരളം മുസ്ലീം ഭൂരിപക്ഷ പ്രദേശമാകും
കേരളത്തിലെ ഈഴവര്‍ക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയില്‍ മാത്രമാണെന്നും കേരളം വൈകാതെ വിഎസ് പറഞ്ഞതുപോലെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലീം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തില്‍ മുസ്ലീം ലീഗാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. കേരളത്തില്‍ രണ്ട് നിയമസഭാ മണ്ഡലം കുറഞ്ഞു. അപ്പോള്‍ കൂടിയത് മലപ്പുറത്താണ്. അപ്പോള്‍ മുസ്ലീം സമുദായം ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങി. നമ്മള്‍ ജനസംഖ്യ നിയന്ത്രിച്ചാല്‍ ഇല്ലാതാവും. കേരളത്തില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് മത്സരിക്കുന്നു. എന്നിട്ട് മുഖ്യമന്ത്രി സ്ഥാനമാണ് അവര്‍ ലക്ഷ്യം ഇടുന്നത്. കോട്ടയത്തു നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിലേതാണ് ഈ പരാമര്‍ശം. (കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷപ്രദേശമാകും; കേരളത്തിലെ ഈഴവര്‍ക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയില്‍ മാത്രം; വെള്ളാപ്പള്ളി നടേശന്‍, ജൂലൈ 19, ജനം ടിവി).
കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി പദം നേടാന്‍ ശ്രമിക്കുകയാണ്, കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ഈഴവനാകും. കേരളത്തില്‍ ആധിപത്യം പ്രത്യേക ശക്തികളുടെ കയ്യിലാണ്. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാല്‍ മതിയെന്നാണ് കാന്തപുരം പറയുന്നത്. മതേതരത്വം മതാധിപത്യമായിക്കഴിഞ്ഞു (മുസ്ലീം, ക്രിസ്ത്യന്‍ വിലപേശല്‍ അതിരുവിട്ടുവെന്ന് വെള്ളാപ്പള്ളി, ജൂലൈ 20, മെട്രോ വാര്‍ത്ത).
വിദ്വേഷപരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നെങ്കിലും അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പത്രങ്ങള്‍ എഴുതി (വിദ്വേഷപരാമര്‍ശവുമായി വെള്ളാപ്പള്ളി, കേസെടുക്കാതെ പൊലീസ്, ജൂലൈ 20, സുപ്രഭാതം).
വെള്ളാപ്പള്ളി പറഞ്ഞത് യാഥാര്‍ത്ഥ്യം
കേരളത്തില്‍ ജനാധിപത്യത്തിനുമേല്‍ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു. ക്രമാതീതമായി വര്‍ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു (വെള്ളാപ്പള്ളി പറഞ്ഞത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം: ആര്‍.വി ബാബു, ജൂലൈ 20, ജന്മഭൂമി).
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ കൊച്ചിയില്‍ വെള്ളാപ്പള്ളിയെ ആദരിക്കാനുള്ള ചടങ്ങ് നടന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുപ്പതു വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായിരുന്നു ചടങ്ങ്. എസ്എന്‍ഡിപി കൊച്ചി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വി എന്‍ വാസവന്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തി. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ഭാവനാസമ്പന്നനായ നേതാവാണ് വെള്ളാപ്പള്ളി എന്നായിരുന്നു വാസവന്റെ പുകഴ്ത്തല്‍: മാത്രമല്ല, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കി മാറ്റിയെന്നും വാസവന്‍ പറഞ്ഞു (‘വെള്ളാപ്പള്ളി ചരിത്ര സംഭവം’; വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കിടെ പുകഴ്ത്തലുമായി വി.എന്‍ വാസവന്‍, ജൂലൈ 20, മാധ്യമം).
വാസവന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനു വേണ്ടി എം പ്രകാശനാണ് പങ്കെടുത്തത്:
വെള്ളാപ്പള്ളി ഞങ്ങളുടെ നിലപാട് പറയുന്ന ആളല്ല. അത് അദ്ദേഹത്തിന്റെ നിലപാടാണ്. വാസവന്റെ പ്രസംഗം അദ്ദേഹത്തെ ആകെ വിലയിരുത്തിക്കൊണ്ടല്ല. അതദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങായതുകൊണ്ടാണെന്ന് സിപിഎം നേതാവ് എം പ്രകാശന്‍. റിപ്പോർട്ടർ ടി വിയുടെ ചര്‍ച്ചയിലായിരുന്നു പ്രതികരണം (വെല്ലുവിളിച്ചോ വെള്ളാപ്പള്ളി? ,ജൂലൈ 20, റിപ്പോർട്ടർ ടി വി).
പരിപാടിയുടെ അവസാനം വെള്ളാപ്പള്ളി നന്ദി പറഞ്ഞു. യഥാര്‍ത്ഥ വര്‍ഗീയവാദി ആരാണെന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആരംഭിച്ചത്. ലീഗിന്റെ പേരില്‍തന്നെ വര്‍ഗീയതയില്ലേയെന്ന് അദ്ദേഹം ചോദിച്ചു (‘യഥാര്‍ത്ഥ വര്‍ഗീയ വാദി ആരാണ്… ലീഗ് അല്ലേ… പേരില്‍ തന്നെ വര്‍ഗീയതയില്ലേ’: വെള്ളാപ്പള്ളി നടേശന്‍, ജൂലൈ 20, മീഡിയാവണ്‍).
മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ഓര്‍മിപ്പിച്ചു (ലീഗില്‍ എല്ലാവരും മുസ്ലീങ്ങള്‍, എന്നിട്ടും അവര്‍ മതേതര പാര്‍ട്ടി-വെള്ളാപ്പള്ളി, ജൂലൈ 20, മാതൃഭൂമി).
കാന്തപുരത്തിനെതിരേയും അദ്ദേഹം പൊട്ടിത്തെറിച്ചു: കത്തിച്ചാല്‍ പോലും അഭിപ്രായത്തില്‍ നിന്ന് പിറകോട്ടില്ല. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും. ‘മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സര്‍ക്കാര്‍ എന്ത് ചെയ്താലും കാന്തപുരം ഉള്‍പ്പെടെ മതനേതാക്കള്‍ ഇടപെടുന്നു. സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകര്‍ക്കുമെന്ന് മതനേതാക്കള്‍ വെല്ലുവിളിക്കുന്നു. പറഞ്ഞതൊന്നും മുസ്ലീം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്. ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്ലീം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാല്‍ പോലും അഭിപ്രായത്തില്‍ നിന്ന് പുറകോട്ടില്ല. ഞാന്‍ തീയില്‍ കുരുത്തവനാണ് (‘കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും, എന്നെ കത്തിച്ചാല്‍ പോലും അഭിപ്രായത്തില്‍ നിന്ന് പിറകോട്ടില്ല’; വെള്ളാപ്പള്ളി നടേശന്‍, ജൂലൈ 20 മീഡിയാവണ്‍).
മതസൗഹാര്‍ദത്തിന് നേരെയുള്ള വെല്ലുവിളി
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം (കാന്തപുരത്തെ പിന്തുണച്ച് ഗോകുലം ഗോപാലന്‍; അവഹേളന ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന്, ജൂലൈ 20, ഗോകുലം ഗോപാലന്‍).
പ്രീണനരാഷ്ട്രീയത്തെ ചെറുത്ത ആള്‍
പ്രീണനരാഷ്ട്രീയത്തിന്റെ കാലത്ത് സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ധൈര്യത്തോടെ മുന്നില്‍ നിന്ന നേതാവാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ (വെള്ളാപ്പള്ളി നടേശന്‍ പ്രീണനരാഷ്ട്രീയത്തിന്റെ കാലത്ത് സമുദായത്തിന് വേണ്ടി ധൈര്യത്തോടെ മുന്നില്‍ നിന്ന നേതാവ്: രാജീവ് ചന്ദ്രശേഖര്‍, ജൂലൈ 20, ജന്മഭൂമി).
ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ അരുത്
സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സമുദായനേതാക്കള്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗർഭാഗ്യവശാല്‍ ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത് (ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി നടേശന്‍ പ്രചരിപ്പിക്കുന്നത്, ജൂലൈ 20, മാതൃഭൂമി).
ആര്‍എസ്എസ്സിന്റെ തലപ്പത്ത് ഇരിക്കേണ്ടയാള്‍
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന മതന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. അദ്ദേഹത്തിനെതിരേ കേസെടുക്കണം. സമുദായ സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആളാണ് അദ്ദേഹം. ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലിരിക്കേണ്ടയാളാണ് അദ്ദേഹമെന്നും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു (‘വെള്ളാപ്പള്ളി നടേശന്‍ ഞടടന്റെ തലപ്പത്ത് ഇരിക്കേണ്ടയാളാണ്… അദ്ദേഹത്തിനെതിരെ കേസെടുക്കണം’, ജൂലൈ 20, മീഡിയാവണ്‍).
വാസവനെതിരേ സത്താര്‍ പന്തല്ലൂര്‍
മുസ്ലീങ്ങള്‍ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ വാസവന്‍ നേരിട്ട് സന്ദര്‍ശിച്ചുവെന്നും വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിച്ചുവെന്നും സമസ്ത യുവജനനേതാവ് സത്താര്‍ പന്തല്ലൂര്‍. സംഭവത്തില്‍ സമാനതകളുണ്ടെന്നും പിന്നില്‍ സ്‌പോണ്‍സര്‍മാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു (വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തിയ മന്ത്രി വാസവനെതിരെ സത്താര്‍ പന്തല്ലൂര്‍, ജൂലൈ 20, മീഡിയാവണ്‍)
സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ശ്രമം
നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ: സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന വര്‍ഗീയ വോട്ടുകളില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാമെന്നാണ് മോഹമെങ്കില്‍ അത് മൗഢ്യമാണ്. ഹിന്ദ്യത്വ ഫാസിസ്റ്റുകള്‍ കവര്‍ന്നെടുക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ സ്പേസ് ആണെന്നത് എല്‍.ഡിഎഫ് നേതൃത്വം തിരിച്ചറിയാതെ പോവുന്നത് ആത്മഹത്യാപരമാണ്. വിദ്വേഷ പ്രചാരകരെ നിലക്ക് നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയും മതേതര പാരമ്പര്യവും തിരിച്ചു പിടിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. (സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം; കെ.എന്‍ .എം മര്‍കസുദ്ദഅവ, ജൂലൈ 20, മാധ്യമം).
വേട്ടയാടപ്പെട്ട നേതാവ്
മാധ്യമങ്ങളാല്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു. എസ്എന്‍ഡിപിക്ക് നിലയും വിലയും ഉണ്ടാക്കിയതും അദ്ദേഹമാണ്. ശ്രദ്ധാകേന്ദ്രമായി സംഘടന മാറിയതും പുതിയ കാലത്താണ് (‘ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സമുദായ നേതാവാണ് വെള്ളാപ്പള്ളി’; കെ.ബാബു, ജൂലൈ 20, ഏഷ്യാനെറ്റ്).
ഗൗരവത്തിലെടുക്കുന്നില്ല
വെള്ളാപ്പള്ളി എപ്പോഴും ഇതുപോലെ പലതും പറയും. അതുകൊണ്ട് ഗൗരവത്തിലെടുക്കുന്നില്ല. ജനങ്ങളും ഏറ്റെടുക്കില്ല. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റേതാണ്. ഇത്തരം വിഷലിപ്തമായ പരാമര്‍ശങ്ങളിലൂടെ ജനങ്ങളുടെ മനസ്സുമാറ്റാനാവില്ലെന്ന് സാദിഖലി തങ്ങള്‍ (ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് ഗൗരവത്തിലെടുക്കുന്നില്ല, സാദിഖലി തങ്ങള്‍, ജൂലൈ 20, ന്യൂസ് 18).
പേര് പറയാതെ വിമര്‍ശനം
ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളിയുടെ പേര് പറയാതെയായിരുന്നു സിപിഎമ്മിന്റെ വിമര്‍ശനം. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.’മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാ മതവിശ്വാസികള്‍ക്കും, വിശ്വാസികളല്ലാത്തവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന നിലപാടാണ് സിപിഎമ്മിനുള്ളത് (‘എസ്എന്‍ഡിപി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടു പോകേണ്ടത്’; വെള്ളാപ്പള്ളിയുടെ പേര് പറയാതെ വിമര്‍ശനമുന്നയിച്ച് സിപിഎം, ജൂലൈ 20, മീഡിയാവണ്‍).
നിരുത്തരവാദപരം
വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്നും മതനിരപേക്ഷ സമൂഹത്തെ ഇത്തരം അഭിപ്രായങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും കേരളം ഇത് തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് (വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ നിരുത്തരവാദപരം, ജൂലൈ 20, മീഡിയാവണ്‍).
ഉയര്‍ച്ചയുടെ കാരണഭൂതന്‍
സമുദായത്തിന്റെ സമസ്ത മേഖലയിലെ ഉയര്‍ച്ചക്കും കാരണഭൂതനായത് വെള്ളാപ്പള്ളിയാണെന്ന് മുഖ്യ പ്രഭാഷകനായ ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി.
(വിമര്‍ശനങ്ങള്‍ക്കിടയിലും വെള്ളാപ്പള്ളിയെ പ്രശംസയില്‍ പൊതിഞ്ഞ് വാസവനും ഹൈബിയും, ജൂലൈ 20, മാധ്യമം)
തെറ്റായ സന്ദേശം
തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവന നടത്തുന്ന വെള്ളാപ്പള്ളിയെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വാഴ്ത്തിപ്പാടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. മുസ്ലീം സമുദായം അനര്‍ഹമായി എന്തോ നേടിയെന്ന് വെള്ളാപ്പള്ളി പച്ചക്കള്ളം പറയുമ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ യാഥാര്‍ഥ്യം തുറന്നുപറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി പറഞ്ഞു (തുടര്‍ച്ചയായി വര്‍ഗീയ പ്രസ്താവന നടത്തുന്ന വെള്ളാപ്പള്ളിയെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വാഴ്ത്തിപ്പാടുന്നത് തെറ്റായ സന്ദേശം നല്‍കും: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജൂലൈ 20, മീഡിയാവണ്‍).
വിദ്വേഷസംസ്‌കാരത്തിന് വാഴ്ത്തുപാട്ട്
ചെറുക്കേണ്ടവര്‍ പോലും വിദ്വേഷസംസ്‌കാരത്തിന് വാഴ്ത്തു പാട്ടുകള്‍ പാടുമ്പോള്‍ എന്ത് പറയാനെന്നും അധികാരത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്തിയാല്‍ ദൂര വ്യാപക ദുരന്തമായിരിക്കും ഫലമെന്നും ഗീവര്‍ഗീസ് കൂറിലോസ്. ‘പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി മാറുന്ന നമ്മുടെ നാട് വിടാന്‍ ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം (ചെറുക്കേണ്ടവര്‍ പോലും വിദ്വേഷ സംസ്‌കാരത്തിന് വാഴ്ത്തുപാട്ട് പാടുന്നു: ഗീവര്‍ഗീസ് കൂറിലോസ്, ജൂലൈ 20, മീഡിയാവണ്‍)
മറുപടി പറയേണ്ടത് സര്‍ക്കാര്‍
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനക്ക് മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി: ഇങ്ങനെ പച്ചക്ക് വര്‍ഗീയത പറയാന്‍ ഈ സംസ്ഥാനത്ത് പറ്റുമോ? എല്ലാവരും ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. ഏത് സമുദായ നേതാവ് പറഞ്ഞാലും അതാണവസ്ഥ. ഇവിടെ സപര്‍ധയുണ്ടാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടക്കുന്ന വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണിത്. കേരളത്തിന് പുറത്ത് നമ്മള്‍ ഇത്തരം പ്രസ്താവനകള്‍ കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരാണ് മറുപടി പറയേണ്ടത് (വെള്ളാപ്പള്ളിയുടെ പ്രസ്താവന: മറുപടി പറയേണ്ടത് സര്‍ക്കാര്‍ -കുഞ്ഞാലിക്കുട്ടി, ജൂലൈ 20, മാധ്യമം).
ലീഗ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നു
കോട്ടയത്തെ വെള്ളാപ്പള്ളിയുടെ പ്രസംഗം ദേശാഭിമാനി റിപ്പോർട്ട് ചെയ്തത് ലീഗ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞുവെന്ന രീതിയിലാണ്. വിദ്വേഷപ്രചാരണങ്ങളുടെ സൂചനകളൊന്നും വാര്‍ത്തയിലുണ്ടായിരുന്നില്ല (ലീഗ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നു: വെള്ളാപ്പള്ളി, ജൂലൈ 20, ദേശാഭിമാനി).


വീണ്ടും വിവാദപ്രസംഗവുമായി വെള്ളാപ്പള്ളി
മുസ്ലീം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലീം ലീഗിനെ ഉന്നമിട്ട് വെള്ളാപ്പള്ളി രംഗത്തു വന്നത്. ഇടതുപക്ഷ സർക്കാർ പോലും മുസ്ലീം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടൽ. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായി. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്ലീം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മതപണ്ഡിതന്മാർ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു (‘മുസ്ലീം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസർക്കാർ പോലും മുസ്ലീം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകൾ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടൽ; വിരുന്നു വന്നവർ വീട്ടുകാരായി; വീട്ടുകാർ പെരുവഴിയിലും’; വിവാദ പ്രസംഗം ആവർത്തിച്ച് വെള്ളാപ്പള്ളി വീണ്ടും, ജൂലൈ 20, മറുനാടൻ മലയാളി).
ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്കിനു മുന്നിൽ ഇടത്-വലത് മുന്നണികൾ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (ഇടതും വലതും വോട്ട്ബാങ്ക് രാഷട്രീയത്തിനാണ് നിലകൊള്ളുന്നത്: വെള്ളാപ്പള്ളി നടേശൻ, ജൂലൈ 21, കേരളകൗമുദി).
മുസ്ലീം വിരോധിയല്ല
താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി. ആലുവ എസ്എൻഡിപി ശാഖാ നേതൃസംഗമത്തിലായിരുന്നു പ്രതികരണം. 30 വർഷമായി യോഗത്തിന്റെ കണക്ക് പരിശോധിക്കുന്നത് റഹിം അസോയിയേറ്റാണ്. മതം നോക്കിയാണെങ്കിൽ ഈഴവർ ഇല്ലാഞ്ഞിട്ടാണോ? യോഗത്തിനെതിരായ കേസുകൾ വാദിക്കുന്നത് കൊല്ലത്തെ നിസാറെന്ന അഭിഭാഷകനാണ്. ട്രസ്റ്റിന്റെ കാര്യങ്ങൾ മലബാറുകാരനായ റഹിമാണ് ചെയ്യുന്നത്- വെള്ളാപ്പള്ളി പറഞ്ഞു (മുസ്ലീം വിരോധിയല്ല, സത്യം തുറന്നുപറയും: വെള്ളാപ്പള്ളി, ജൂലൈ 21, കേരളകൗമുദി).
ലീഗിന് മുന്നിൽ സർക്കാർ മുട്ടിലിഴയുന്നു
പള്ളുരുത്തിയിൽ എസ്എൻഡിപി കൊച്ചി യൂണിയൻ നൽകിയ സ്വീകരണച്ചടങ്ങിലും വെള്ളാപ്പള്ളി വിദ്വേഷപ്രചാരണം നടത്തി. മുസ്ലീം ലീഗ് വർഗീയമാണ്. ആ പാർട്ടിയിൽ മുസ്ലീങ്ങൾ മാത്രമേയുള്ളൂ. ചില സമുദായ നേതാക്കൾ ഭരണത്തെ നിയന്ത്രിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ലീഗിനു മുന്നിൽ സർക്കാർ മുട്ടിലിഴയുകയാണ്. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഇപ്പോൾ ലീഗാണ്. ജനാധിപത്യം മതാധിപത്യമായി മാറി (വിഷം തുപ്പി വീണ്ടും, ജൂലൈ 21 ചന്ദ്രിക).
വാസവന്റെ പ്രതികരണം
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ച് വാസവൻ പിന്നീട് പ്രതികരിച്ചു. വെള്ളാപ്പള്ളി പ്രസംഗിക്കുമ്പോൾ താനവിടെ ഇല്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. (‘ഞാൻ വേദിയിലുള്ള സമയത്തല്ല വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം’; വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ, ജൂലൈ 21, മീഡിയാവൺ).
പിന്തുണയുമായി ബിജെപി
വിദ്വേഷം പ്രസംഗിച്ച എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യമാണ്. പ്രത്യേക സമുദായത്തിൽ പെടുന്നവർ സ്വീകരിക്കുന്ന നിലപാടുകൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്ന സാഹചര്യമുണ്ട്. സ്‌കൂൾ സമയം പോലും മത സംഘടനകൾ നിർദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന നിലയിലേക്കും എത്തിയെന്ന് മുരളീധരൻ പറഞ്ഞു (വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യം; അല്ലെങ്കിൽ സർക്കാർ പ്രവൃത്തിയിലൂടെ തെളിയിക്കണം -വി. മുരളീധരൻ, ജൂലൈ 21, മാധ്യമം).
വെള്ളാപ്പള്ളിക്കെതിരേ എസ്എൻഡിപിയും പിഡിപിയും
വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരേ എസ്എൻഡിപി സംരക്ഷണ സമിതി പ്രതിഷേധിച്ചു. വിദ്വേഷപ്രസ്താവനകൾ യോഗത്തിന്റെ അഭിപ്രായമല്ലെന്നും വെള്ളാപ്പള്ളിയുടേതാണെന്നും സമിതി വിശദീകരിച്ചു. പിഡിപി വെള്ളാപ്പള്ളിക്കെതിരേ കോട്ടയം ജില്ലാ മേധാവിക്ക് പരാതി നൽകി (വെള്ളാപ്പള്ളിയെത്തള്ളി എസ്എൻഡിപി സംരക്ഷണ സമിതി, ജൂലൈ 22 സിറാജ്; പരാതി നൽകി പിഡിപി).
വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരുനിന്ദ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീ നാരായണ സേവാ സംഘം. വെള്ളാപ്പള്ളി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്യുകയാണെന്നും മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബി.ജെ.പിയെ പ്രീണിപ്പിക്കുകയാണെന്നും ശ്രീ നാരായണ സേവാ സംഘം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളാപ്പളളിയുടെ പ്രസ്താവനകൾ കടുത്ത ഗുരുനിന്ദയും സമൂഹത്തിൽ വർഗ്ഗീയ വേർതിരുവുകൾ സൃഷ്ടിക്കുന്നതുമാണെന്നും സംഘടന വിശദീകരിച്ചു (‘ഈഴവ സമുദായത്തിന്റെ അന്തകൻ’; വെള്ളാപ്പളളിക്കെതിരെ ശ്രീനാരായണ സേവാ സംഘം, ജൂലൈ 25, മാധ്യമം).
53. മതമൗലികവാദ ഭീകരസംഘടനകൾ
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു (കേരളത്തിലെ അവസാനത്തെ യഥാർഥ കമ്മ്യൂണിസ്റ്റ് നേതാവ്: രാജീവ് ചന്ദ്രശേഖർ, ജൂലൈ 21, മീഡിയാവൺ).
മതമൗലികവാദ ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നുവെന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രികൂടിയായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു (മതമൗലികവാദ ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നുവെന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി, ജൂലൈ 21, ജനം ടി വി).
54. കേരളം ഇസ്ലാമിക രാജ്യമാകും
ജൂലൈ 21ന് അച്യുതാനന്ദൻ അന്തരിച്ചു. 20 കൊല്ലത്തിനകം കേരളം ഇസ്ലാമികരാജ്യമാകുമെന്ന അദ്ദേഹത്തിന്റെ ഡൽഹി പരാമർശം ഈ സമയത്ത് വീണ്ടും പൊതുമണ്ഡലത്തിലെത്തി. സാമൂഹികമാധ്യമങ്ങൾ ചർച്ചകൾക്കൊണ്ട് കൊഴുത്തു.
വി എസ് ഡൽഹി സന്ദർശിച്ച സമയത്ത് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് വിഎസ് മറുപടി പറഞ്ഞത്: ഒരു ഇരുപത് കൊല്ലം കഴിയുമ്പോൾ ഈ ഇന്ത്യ… കേരളം… ഒരു മുസ്ലീം രാജ്യമാവും, ഭൂരിപക്ഷമാവും… അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെ എല്ലാം തന്നെ സ്വാധീനിച്ചിട്ട്… പണം കൊടുത്തിട്ട്… അവരെ മുസ്ലീം ആക്കുക… മുസ്ലീം യുവതികളെ കല്യാണം കഴിക്കുക അങ്ങനെ മുസ്ലീം ജനിക്കുക… ആ തരത്തിൽ ഇങ്ങനെ മറ്റ് സമുദായങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണ് ഇവർ നടത്തുന്നത് (ജൂലൈ 23, ഫേസ്ബുക്ക്/ അജയ് ബാലചന്ദ്രൻ)
ചർച്ച വികസിച്ചപ്പോൾ അക്കാലത്ത് മാധ്യമം പത്രത്തിന്റെ ഡൽഹി ലേഖകനായിരുന്ന എംസിഎ നാസർ ഫേസ്ബുക്കിൽ കുറിപ്പിട്ടു. താനാണ് പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചതെന്നും ആളുകൾ വിഎസ്സിന്റെ ഉത്തരത്തിൽനിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നതായും അദ്ദേഹം പരാതിപ്പെട്ടു (ജൂലൈ 22, ഫേസ്ബുക്ക്/എംസിഎ നാസർ അബ്ദുൽ). വിഎസ്സിനെ മുസ്ലീം വിരുദ്ധനാക്കരുതെന്നായിരുന്നു നാസറിന്റെ അഭ്യർത്ഥന.
പൊലീസ് കേസ്
വിഎസ്സ് മരിച്ച സമയത്ത് അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന് ആരോപിച്ച് വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരേ ഡിവൈഎഫ്‌ഐ വണ്ടൂർ യൂണിറ്റ് പരാതി നൽകി. കേരളം ഇസ്ലാമിക രാജ്യമാകുമെന്ന പ്രയോഗവുമായി ബന്ധപ്പെടുത്തിയാണ് യാസിൻ പോസ്റ്റ് ഇട്ടത്.
(വിഎസിനെതിരേ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരേ പരാതി, ജൂലൈ 22, മെട്രോ വാർത്ത), പിന്നീട് യാസീനെ പൊലീസ് അറസ്റ്റ് ചെയ്തു (വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; വെൽഫെയർ പാർടി നേതാവിന്റെ മകൻ അറസ്റ്റിൽ, ജൂലൈ 22, ദേശാഭിമാനി).
ഇസ്ലാമിക സംഘപരിവാർ
ഈ ചർച്ചകളിൽ ഇടപെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ദേശാഭിമാനിയിൽ ഒരു കുറിപ്പ് എഴുതി(ജൂലൈ 23, ദേശാഭിമാനി).
അച്യുതാനന്ദൻ മുഴുവൻ മലപ്പുറത്തുകാരെയും തീവ്രവാദികളാക്കിയിട്ടില്ലെന്നും ‘ഇസ്ലാമിക സംഘപരിവാറു’കാരായവർ അങ്ങനെ പ്രചരിപ്പിക്കുകയായിരുന്നുവെന്നായിരുന്നു അതിൽ ആദ്യത്തേത്.
ഈ സമയത്ത് പ്രചരിപ്പിച്ച മറ്റൊരു ചർച്ച മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചുവെന്ന് വിഎസ് പറഞ്ഞു എന്നതിനെക്കുറിച്ചായിരുന്നു. അതും തന്റെ കുറിപ്പിൽ സനോജ് നിഷേധിച്ചു.
ഒരു മനുഷ്യായുസ്സ് മുഴുവൻ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു മനുഷ്യനെ അന്ത്യനാളുകളിൽ മത മൗലികവാദിയാക്കാൻ ശ്രമിക്കുന്ന മത തീവ്രവാദികളെ, നിങ്ങളെ ഈ നാട് തിരിച്ചറിയുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. (‘മതമൗലികവാദികളേ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേവരെ വേണ്ടി വന്നിട്ടില്ല’, ജൂലൈ 23, ദേശാഭിമാനി).
വിഎസ്സ് ചില വസ്തുതകൾ
ദി ഹിന്ദുവിന്റെ 2005 ഏപ്രിൽ 25 ലെ പേപ്പർ ലീക്ക്, ഓൺലി ദി ടിപ്പ് ഓഫ് ദി ഐസ്ബർഗ് എന്ന വാർത്തയിൽ പറയുന്നതനുസരിച്ച് വിഎസ്സ് മലപ്പുറം ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
വിഎസ്സിന്റെ പ്രസ്താവനയോട് അടുത്ത ദിവസം എൽഡിഎഫ് കൺവീനർ പാലൊളി വിയോജിച്ചു. വിഎസ്സിന്റെ സംശയം വസ്തുതാപരമല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു (വി ഹാവ് നൊ എവിഡൻസ്, സെയ്‌സ് എൽഡിഎഫ് കൺവീനർ, ഏപ്രിൽ 26, 2025)
എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ചയായിരുന്നു സന്ദർഭം.
വിഎസ്സിന്റെ പ്രസ്താവന കേരളത്തിൽ മാത്രമല്ല, അഖിലേന്ത്യാതലത്തിൽത്തന്നെ ഇസ്ലാമോഫോബിയ വളർത്തിയെന്നതാണ് യാഥാർത്ഥ്യം. പിന്നീട് കേരള സ്റ്റോറി എന്ന പ്രൊപ്പഗാൻഡ സിനിമയ്ക്ക് പ്രചോദനമായതും ഈ പത്രസമ്മേളനമായിരുന്നു.
നാസറിന് തിരുത്ത്
ഇതേ പത്രസമ്മേളനത്തിൽ പങ്കെടുത്ത കെ.എ സലിം, നാസറിന്റെ ഒരു വാദം തള്ളി. നാസർ പറയുന്നതുപോലെയല്ല, മൂവാറ്റുപുഴ കൈവെട്ടിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർക്കെതിരേ നടന്ന പൊലീസ് പീഡനങ്ങളെക്കുറിച്ചായിരുന്നു ചോദ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പീഡനം മറച്ചുവയ്ക്കാനാണ് കേരളം ഇസ്ലാമികരാജ്യമാകാൻ പോകുന്നുവെന്ന് വിഎസ് പറഞ്ഞതെന്നും തന്റെ കുറിപ്പിൽ സലിം ചൂണ്ടിക്കാട്ടി (ജൂലൈ 24, ഫേസ്ബുക്ക്/ കെ.എ സലീം).
വിഎസ് വിമർശനം: വീണ്ടും കേസ്
വി.എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെയും പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി.പി സന്ദീപ് നൽകിയ പരാതിയിലാണ് നടപടി.
ആബിദ് അടിവാരത്തിന്റെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മലേഷ്യയിൽ വെച്ചാണ് ആബിദ് എഫ്ബി യിൽ പോസ്റ്റിട്ടത്. വി. എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പരാതി. അദ്ദേഹത്തിന്റെ സ്ഥാപനത്തിനു മുന്നിൽവച്ച പോസ്റ്ററിൽ വിദേശ തീവ്രവാദബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട് (വി.എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ്, ജൂലൈ 24, മീഡിയാവൺ).
അച്യുതാനന്ദൻ ഇസ്‌ലാമോഫോബല്ല
മാധ്യമപ്രവർത്തകൻ കെ.എ ഷാജി ‘ഒരു വലിയ ശരി’യെന്ന ശീർഷകത്തിൽ മാധ്യമത്തിന്റെ വിഎസ് പതിപ്പിൽ ഒരു ലേഖനം എഴുതി. അച്യുതാനന്ദൻ ഇസ്ലാമോഫോബല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കമ്മ്യൂണിസ്റ്റുകാരനായ അച്യുതാനന്ദൻ ന്യൂനപക്ഷവർഗീയതയെയും ഭൂരിപക്ഷവർഗീയതയെും എതിർക്കുകയെന്ന കമ്മ്യൂണിസ്റ്റ് സമീപനത്തിൽ അഭിപ്രായം പറഞ്ഞപ്പോൾ അവയിൽ ചിലത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതായിരിക്കാമെന്നാണ് ഊഹിക്കുന്നത് (‘ഒരു വലിയ ശരി’, കെ എ ഷാജി, ആഗസ്റ്റ് 4, മാധ്യമം).
55. മുസ്ലീങ്ങൾ പിന്നാക്കാവസ്ഥ: കണക്കുകൾ പുറത്ത്
മുസ്ലീങ്ങൾ സർവമേഖലകളും കയ്യടക്കിവെച്ചിരിക്കുകയാണെന്ന പ്രചാരം ശക്തിയാകുന്ന സമയത്തുതന്നെ മുസ്ലീങ്ങൾ സർവമേഖലകളിലും പിന്നിലാണെന്ന റിപ്പോർട്ട് പുറത്തുവന്നു. ശാസ്ത്രസാഹിത്യപരിഷത്ത് സർവേയിലാണ് ഇക്കാര്യമുള്ളത്. ഭൂമി, തൊഴിൽ, ദാരിദ്ര്യം, സർക്കാർ ഉദ്യോഗം, ലഭ്യമായ പഠനസൗകര്യങ്ങൾ- തുടങ്ങിയവയിൽ കേരളത്തിലെ മുസ്ലീങ്ങൾ പിന്നിലാണെന്ന് റിപ്പോർട്ട് പറയുന്നു.
രാഷ്ട്രീയാധികാരം, ഉദ്യോഗരംഗം, തൊഴിൽ, ഭൂമി, വിദ്യാഭ്യാസം, വരുമാനം തുടങ്ങി എല്ലാ മേഖലകളിലും മുസ്ലീങ്ങൾ പട്ടികജാതിക്കാർക്ക് ഒപ്പമോ അതിലും താഴെയോ ആണ്. മുന്നോക്ക സമുദായങ്ങൾ അംഗസംഖ്യയുടെ ഇരട്ടിയിലേറെ ഉദ്യോഗങ്ങൾ കൈയടക്കുമ്പോൾ അനുവദിച്ച സംവരണത്തോത് പോലും നികത്താൻ മുസ്ലീങ്ങൾക്ക് കഴിയുന്നില്ലെന്ന് നേരത്തെ ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ വ്യക്തമാക്കിയതാണ്. സ്ഥിതി അതിൽ നിന്ന് ഒട്ടും മാറിയിട്ടില്ലെന്ന് പരിഷത്തിന്റെ സർവേ വ്യക്തമാക്കുന്നു (മുസ്ലീങ്ങൾ സർവമേഖലകളിലും പിന്നിൽ, സംസ്ഥാനത്തെ സ്ഥിതി ദയനീയം, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ, ജൂലൈ 23, സുപ്രഭാതം).
56. ആൾക്കൂട്ടക്കൊല: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷറഫിന്റെ (38) മൃതദേഹം പോസ്റ്റ്മോർട്ടം, രാസപരിശോധന അന്തിമ റിപ്പോർട്ട് പുറത്തുവന്നു. ശരീരത്തിൽ അനേകം ബാഹ്യ മുറിവുകളേറ്റ യുവാവിന്റെ ആന്തരാവയവങ്ങൾക്കും ക്ഷതമേറ്റു. തലച്ചോറിലെ രക്തസ്രാവവും വൃക്ക തകരാറിലായതും മരണത്തിന് കാരണമായി.
കഴിഞ്ഞ ഏപ്രിൽ 27 ന് കുടുപ്പു ഭൈരകുത്താർത്തി ക്ഷേത്രത്തിന് പിന്നിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ അന്തിമ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിലാണ് അക്രമാസക്തവും ക്രൂരവുമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. സമഗ്രമായ ഫോറൻസിക് പരിശോധനക്കും ഹിസ്റ്റോപത്തോളജിക്കൽ വിശകലനത്തിനും ശേഷം സമാഹരിച്ച റിപ്പോർട്ടുകൾ ശരീരത്തിലും തലയിലുമുള്ള ഒന്നിലധികം പരിക്കുകൾ മൂലമാണ് അഷ്‌റഫ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്നു, ഗുരുതരമായ വൃക്ക തകരാറും ഇതിന് കാരണമായി. ഏപ്രിൽ 28ന് മംഗളൂരു ഗവ.വെൻലോക്ക് ആശുപത്രിയിൽ രാത്രി 10നും 11.30 നും ഇടയിൽ ദേർളക്കട്ടെയിലെ ക്ഷിമയിൽ നിന്നുള്ള ഡോ. മഹാബലേഷ് ഷെട്ടി ഉൾപ്പെടെയുള്ള ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഷ്‌റഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തി (മംഗളൂരു വിദ്വേഷക്കൊല: ദേഹത്ത് അനേകം പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവവും വൃക്ക തകർന്നതും മരണകാരണമെന്ന് പോസ്റ്റ് മോർട്ടം, രാസപരിശോധനാ റിപ്പോർട്ട്, ജൂലൈ 25, മീഡിയാവൺ).
57. ഗോവിന്ദച്ചാമിയും ചാർലി തോമസും മുഹമ്മദ്കുട്ടിയും
ജയിൽ ചാടിയ ബലാത്സംഗ- കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ചതിൽ പരിഹാസവുമായി നടൻ വിനായകൻ രംഗത്ത്. ഗോവിന്ദച്ചാമിയുടെ പുതിയ പേര് ചാർളി തോമസ് എന്നതിനു പകരം മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടുകയും മണിക്കൂറുകൾക്കകം പിടിയിലാകുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ‘ചാർളി തോമസ് ജയിൽ ചാടി’, ‘ചാർളി തോമസ് പിടിയിലായി’ തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടി.വി നൽകിയിരുന്നത്.
അതേസമയം ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ച ജനം ടി.വിക്കെതിരെ വിമർശനവുമായി സീറോ-മലബാർ സഭ രംഗത്തെത്തി.
(‘ഗോവിന്ദച്ചാമിയുടെ പുതിയ പേര് ചാർളി തോമസ് എന്നതിനു പകരം മുഹമ്മദ് കുട്ടി എന്നായിരുന്നെങ്കിൽ…’; പുതിയ പോസ്റ്റുമായി വിനായകൻ, ജൂലൈ 26, മാധ്യമം)
58. ഛത്തീസ്ഗഢിലെ മനുഷ്യക്കടത്ത്
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളായി. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇത്തരം പ്രശ്‌നങ്ങൾ പതിവായതോടെ പൊതുവിടങ്ങളിൽ യാത്രചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാൻ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം.(മതപരിവർത്തന ആരോപണം: രണ്ടു മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഢിൽ അറസ്റ്റിൽ, ജൂലൈ 27, മാതൃഭൂമി).
ഇതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. ദീപിക ദിനപത്രം മുഖപ്രസംഗം തന്നെ എഴുതി. കേരളത്തിലൊഴികെ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്നായിരുന്നു ദീപികയുടെ മുഖപ്രസംഗത്തിലെ വാദങ്ങൾ (ദീപിക മുഖപ്രസംഗം: കേരളത്തിലൊഴികെ ന്യൂനപക്ഷം അരക്ഷിതർ, ജൂലൈ 29, സിറാജ്)
കോൺഗ്രസ് അറസ്റ്റിനോട് ശക്തമായ വിയോജിപ്പാണ് സ്വീകരിച്ചത്. അറസ്റ്റിലായവരുടെ വീടുകൾ പ്രതിപക്ഷനേതാവ് നേരിട്ട് സന്ദർശിച്ചു (രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നു: കേരളത്തിലെ ക്രൈസ്തവഭവനങ്ങളിൽ കേക്കുമായി അവരെത്തുന്നു, അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു: വി.ഡി സതീശൻ, ജൂലൈ 29, വീക്ഷണം).
ഇതര സംസ്ഥാനങ്ങളിൽ വച്ച് മുസ്ലീങ്ങൾ ഇത്തരം പീഡനങ്ങൾക്ക് ഇരയാകുമ്പോഴുള്ള പൊതുപ്രതികരണമായിരുന്നില്ല ക്രൈസ്തവരുടെ കാര്യത്തിൽ.
സച്ചാർ കമ്മിറ്റിയും മതപരിവർത്തനവും
ക്രൈസ്തവ മിഷനറിമാർ ഹിന്ദുക്കൾക്കിടയിലാണ് പ്രവർത്തിക്കുന്നതെന്നും മുസ്ലീങ്ങൾക്കിടയിൽ പ്രവർത്തിച്ചതായി കാണുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്ന ചോദ്യവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സേവനങ്ങൾക്കും സഹായങ്ങൾക്കു അർഹർ മുസ്ലീങ്ങളാണ്. എന്നിട്ടും അവരെ തേടി എന്തുകൊണ്ടാണ് ക്രൈസ്തവ മിഷനറിമാർ ചെല്ലാത്തത്- ഫേസ്ബുക്കിലൂടെയാണ് മുൻഡിജിപിയുടെ സംശയപ്രകടനം (‘മിഷനറി പ്രവർത്തനങ്ങളെല്ലാം ഹിന്ദുമേഖലകളിൽ, എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ നടത്തുന്നില്ല’- ടി.പി സെൻകുമാർ, ജൂലൈ 29, മീഡിയാവൺ).


59. ലീഗ് മതേതരപാർട്ടിയല്ല
ലീഗ് മതേതരപാർട്ടിയല്ല, മതരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി കുന്നത്തുനാട് താലൂക്ക് യൂണിയൻ പെരുമ്പാവൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമർശം (ലീഗ് മതേതര പാർട്ടിയല്ല, മതരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ- വെള്ളാപ്പള്ളി, ജൂലൈ 27, മാധ്യമം).
കേരളം കണ്ടിട്ടുള്ളതിൽവച്ച് പരമ പന്നനാണ് വി ഡി സതീശനെന്നും മുസ്ലീം ലീഗിന് ഒത്തുപറഞ്ഞ് അടുത്ത സ്ഥാനം ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഇതേ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മതേതരത്വം പറഞ്ഞ് മതാധിപത്യം സ്ഥാപിക്കാനാണ് ശ്രമം. ലീഗ് നമ്മളെ കാർന്നുതിന്നുന്ന ക്യാൻസറായി മാറിക്കഴിഞ്ഞു (വി.ഡി സതീശൻ പരമപന്നൻ, ഈഴവ വിരോധി, ലീഗ് കാർന്നുതിന്നുന്ന ക്യാൻസർ: വെള്ളാപ്പള്ളി, ജൂലൈ 27, മംഗളം).
60. മുസ്ലീം വർഗീയതയും വിഎസ്സും
തെരഞ്ഞെടുപ്പിന് വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലീം വർഗീയതയെയും ആത്മാർത്ഥമായി എതിർത്ത നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് വെള്ളാപ്പളളി നടേശൻ. ആർഎസ്സിനെയും ബിജെപിയെയും എതിർക്കാൻ മുസ്ലീം വർഗീയതയെ പ്രോൽസാഹിപ്പിക്കണമെന്നാണ് അവർ കരുതുന്നത്. വിഎസ് അതിനെ എതിർത്തു (നിലപാടുകളുടെ മനുഷ്യൻ, ദ്വിജൻ, അനന്തപുരി, ജൂലൈ 27, ദീപിക).
61. സതീശൻ ലീഗിനെ സുഖിപ്പിക്കുന്നു
മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുന്നുവെന്നും മുസ്ലീം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതുപോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലീം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. മതസൗഹാർദ്ദം വൺവേ ട്രാഫിക്കല്ല. എസ്എൻഡിപി യോഗത്തിന്റെ വളർച്ച ലീഗിന് പിടിക്കുന്നില്ല. പറവൂരിൽ എസ്എൻഡിപി നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം (വിദ്വേഷപ്രസംഗം തുടർന്ന വെള്ളാപ്പള്ളി, ജൂലൈ 28, സുപ്രഭാതം).
62. ലീഗ് എസ്എൻഡിപിയെ തകർക്കാൻ ശ്രമിച്ചു
ലീഗ് എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ കപട മതേതര വാദമാണ്. അധികാരത്തിലുള്ള സമയത്ത് ലീഗാണ് വിദ്യാഭ്യാസം കൈകാര്യം ചെയ്തത്. എന്നിട്ടും ഈഴവർക്ക് ഒന്നും തന്നില്ല. മലപ്പുറത്ത് മാത്രം 11 ആർട് കോളജുകൾ ഉണ്ട്. ആറ് അറബിക്കോളജുകളും ഉണ്ട്. സത്യം പറയുന്നതുകൊണ്ട് വർഗീയവാദിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണയന്നൂർ യൂണിയൻ ശാഖാനേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (എസ്എൻഡിപിയെ തകർക്കാൻ മുസ്ലീം ലീഗ് ശ്രമിച്ചു-വെള്ളാപ്പള്ളി, ജൂലൈ 28, മാതൃഭൂമി).
63. ചേകന്നൂർ: ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ഓർമ്മ
എൻ.സി.എച്ച്.ആർ.ഒ എന്ന മനുഷ്യാവകാശ സംഘടനയുടെ നേതാവും തേജസിൽ പത്രപ്രവർത്തകനും ആയ കെ.പി.ഒ റഹ്‌മത്തുള്ള ചേകന്നൂർ കേസുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ എഫ്ബിയിൽ പങ്കുവച്ചു. ചേകന്നൂർ കേസിൽ മുസ്ലീങ്ങൾ ഒന്നും ചെയ്തില്ലെന്ന ആരോപണത്തെയാണ് അദ്ദേഹം നേരിട്ടത്:
പ്രിയപ്പെട്ട സുഹൃത്തുക്കളെ നാളെയാണ് ജൂലായ് 29. നീണ്ട 30 വർഷങ്ങൾക്കു മുമ്പ് ഈ ദിനത്തിലാണ് ചേകന്നൂർ മൗലവി എന്ന് അറിയപ്പെട്ടിരുന്ന പി.കെ അബ്ദുൽ ഹസൻ മൗലവിയെ കാണാതായത്. അദ്ദേഹത്തെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോയി വധിച്ചു എന്നായിരുന്നു സിബിഐ കേസ്. എന്നാൽ ഈ കേസിലെ പ്രതികളെയെല്ലാം ഹൈക്കോടതി വെറുതെ വിട്ടു. കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ജംഇയ്യത്തുൽ ഇഹ്‌സാനിയ എന്ന സംഘടനയാണ് പിന്നിൽ എന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. രാജ്യത്തെ ഒരു കോടതിയിലും ഇപ്പോൾ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകൾ ഒന്നും തന്നെ നിലവിലില്ല.
മൗലവിയുടെ തിരോധാനം നടന്ന കാലത്ത് അതിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും അറിയുകയോ മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത യുക്തിവാദികളും സംഘപരിവാർ/ ഇടതുപക്ഷ മനസ്സുള്ളവരൊക്കെ മൗലവി തിരോധാനത്തിൽ മുസ്ലീം സംഘടനകളും മുസ്ലീങ്ങളും പ്രതിഷേധിച്ചില്ല എന്ന ആരോപണവുമായി രംഗത്തുവരും. കഴിഞ്ഞവർഷവും ഉണ്ടായതാണ്. അതൊന്നും സത്യമല്ല. ഇസ്ലാമിക പക്ഷത്തും മുസ്ലീം പക്ഷത്തും എല്ലാകാലത്തും നിലയുറപ്പിച്ച ഞാനായിരുന്നു മൗലവി തിരോധാനവുമായി ബന്ധപ്പെട്ട സംസ്ഥാനതലത്തിൽ രൂപീകരിച്ച ‘ചേകന്നൂർ മൗലവി തിരോധാന ആക്ഷൻ കൗൺസിലിന്റെ’ ചെയർമാൻ. എന്റെ നേതൃത്വത്തിലാണ് സിബിഐയുടെ കൊച്ചി-എടപ്പാൾ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇതൊന്നും തന്നെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത ഇസ്ലാം വിരുദ്ധർ സോഷ്യൽ മീഡിയയിൽ വന്ന് മൗലവി തിരോധാനത്തിന് പിന്നിൽ മുസ്ലീം സമൂഹവും ഇസ്ലാമും മൊത്തത്തിൽ ഉത്തരവാദികളാണ് എന്ന രൂപത്തിലാണ് ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കാറ്. ഇതൊന്നും വസ്തുതാപരമല്ല (ജൂലൈ 29, ഫേസ്ബുക്ക്/ കെ.പി.ഒ റഹ്‌മത്തുള്ള).
64. കാസ മുസ്ലീം വെറുപ്പ് പടർത്തുകയാണ്: പോൾ തേലക്കാട്ടിൽ
കാസ മുസ്ലീം വിരോധത്തിന്റെ സംഘടനയാണ്. മുസ്ലീങ്ങളോട് വെറുപ്പാണ്. ആ വെറുപ്പും വൈദികരുൾപ്പെടെയുള്ള ക്രൈസ്തവരിലേക്ക് വ്യാപിക്കുന്നുണ്ട്. അതിന്റെ തെളിവുകൾ കേരളത്തിലും കാണാം. ലൗജിഹാദിനെക്കുറിച്ചും നർകോട്ടിക് ജിഹാദിനെക്കുറിച്ചും പ്രസംഗം നടത്തിയത് ആരാണെന്ന് നമുക്ക് അറിയാം. (പോൾ തേലക്കാട്ടിൽ, കേരളം വിട്ടാൽ പ്രശ്നമാണ്, സംഘപരിവാറിനെ ഭയന്ന് ജീവിക്കുകയാണ്, ജൂലൈ 29, റിപ്പോർട്ടർ ടി.വി).
തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം.

