ഹാത്രസിലേക്ക്

തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന്‍ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം ഒന്ന്. വര: നാസർ ബഷീർ

സഹോദരി മനീഷയ്ക്ക്, നിങ്ങളുടെ മാതാപിതാക്കളെ കാണാനുളള യാത്രക്കിടെ ഞാനിപ്പോൾ മഥുര ജയിലിലെ 14ാം നമ്പർ ബാരക്കിൽ തടവറയിലാണ്.

(2021 ജനുവരി 11ന് മഥുര ജില്ല ജയിലിൽ വെച്ചാണ് ആദ്യ ഭാഗങ്ങൾ എഴുതിയത്. ഉത്തർപ്രദേശിലെ ഹാത്രസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട മനീഷയ്ക്ക് എഴുതുന്ന കുറിപ്പായിട്ടാണ് ഈ വരികൾ കുറിച്ചത്).

2020 സെപ്തംബർ 29ന് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കാതെ, അവരുടെ സമ്മതവും അനുമതിയും ഇല്ലാതെ മനീഷയുടെ മൃതദേഹം കുടുംബ വീട്ടിൽ നിന്നും ഏറെ അകലെയുള്ള ഒരു സ്ഥലത്തുവെച്ച് ദഹിപ്പിക്കുന്നു. ആ രംഗം കുടുംബാംഗങ്ങൾ ആരും തന്നെ കണ്ടില്ലെങ്കിലും സംസ്ഥാന മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് തത്സമയം കാണുന്നു. ചില മാധ്യമ പ്രവർത്തകർ കഷ്ടിച്ച് പകർത്തിയ ചില ദൃശ്യങ്ങൾ അന്ന് അർദ്ധരാത്രി തന്നെ ഡൽഹിയിൽ ഇരുന്ന് ഞാനും കാണാനിടയായി. കൂട്ടബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ മൃതദേഹം അവരുടെ മാതാപിതാക്കളുടെ എതിർപ്പും പ്രതിഷേധവും അവഗണിച്ച്, അവരുടെ സമ്മതമില്ലാതെ തിരക്കിട്ട്, ജില്ലാ ഭരണകൂടത്തി‍ന്റെ കാർമികത്വത്തിൽ മരണപ്പെട്ട് മണിക്കൂറുകൾക്കകം രാത്രി തന്നെ (ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യാസമയത്ത് മൃതദേഹം സംസ്കരിക്കാൻ പാടില്ല) കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിൽ അഗ്നിക്കിരയാക്കുന്നു. വാൽമീകി സമുദായാംഗമായ പെൺകുട്ടി നാല് ക്രിമിനലുകളുടെ രതിവൈകൃതങ്ങൾക്കും ലൈംഗീക അതിക്രമങ്ങൾക്കും ഇരയായി ദിവസങ്ങളോളം ജീവനുമായി മല്ലിട്ട് അവസാന വിധിക്ക് കീഴടങ്ങുമ്പോൾ ഒരു ഭരണകൂടത്തിന് മറച്ചുവെക്കാൻ എന്തൊക്കെയോ ഉള്ളതുപോലെ ലോകം സംശയിച്ചു. അതിന്റെ ഉത്തരം തേടിയാണ് ‍ഞാൻ ഹാത്രസിലേക്ക് പോവാൻ തീരുമാനിച്ചത്.

ഈ സംഭവം നടക്കുന്നതുവരെ ഉത്തർപ്രദേശിൽ ഹാത്രസ് എന്ന പേരിൽ ഒരു ജില്ല ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്റർനെറ്റിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മനസ്സിലാക്കി. ഉത്തർപ്രദേശിലെ ലോകപ്രസിദ്ധമായ ആഗ്ര ജില്ലയുടെ ഭാഗമായ ഹാത്രസ് മേഖല മായാവതി സർക്കാരിന്റെ കാലത്താണ് ജില്ലയായി വിഭജിക്കുന്നത്. 2020 സെപ്തംബർ 30 മുതൽ തന്നെ ഹാത്രസിലേക്ക് പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോടും സംസ്ഥാനത്ത് നിന്നുള്ള സൗഹൃദ വലയങ്ങളിൽ പെട്ടവരോട് നേരിട്ടും, മലയാളികളായ മാധ്യമ പ്രവർത്തകർ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ വഴിയും പലരുമായും ബന്ധപ്പെട്ടു. പലരും ഹാത്രസിലേക്ക് പോരാൻ വിസമ്മതിച്ചു. പലർക്കും പല തവണ ഫോൺ ചെയ്തു. പലരും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി.

ഒക്ടോബർ ഒന്നിന്, ഹാത്രസിലേക്ക് പോകുന്ന വഴി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാണ്ഡ് ടോൾ പ്ലാസയിൽ വെച്ച് ഉത്തർപ്രദേശ് പോലീസ് തടയുകയും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തത് മാധ്യമങ്ങൾ വഴി നേരിൽ കണ്ട പലരും ഹാത്രസിലേക്ക് പോകാൻ ഭയപ്പെട്ടു. ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകുകയായിരുന്ന രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയേയും സംഘത്തേയും ഒക്ടോബർ നാലിനാണ് മാണ്ഡ് ടോൾ പ്ലാസയിൽ വെച്ച് യു.പി പോലീസ് ലാത്തിചാർജ് ചെയ്ത് തിരിച്ചയച്ചത്. ഭീം ആർമി നേതാവും ദലിത് ആക്ടിവിസ്റ്റുമായ ചന്ദ്രശേഖർ ആസാദും സംഘവും വളരെ സാഹസികമായി, വയലും കാടുകളും താണ്ടിയാണ് ഒക്ടോബർ നാലിന് ഹാത്രസിലെ ഭൂൽഗഢി ഗ്രാമത്തിൽ എത്തിയത്. അവരുടെ യാത്രയുടെ വിവരങ്ങൾ യഥാസമയം ഞാൻ അപ്ഡേറ്റ് ചെയ്തിരുന്നു. യാത്രാസംഘത്തിൽ അംഗമായിരുന്ന ആസാദിന്റെ സഹായിയെ ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ഹാത്രസിലേക്ക് പോകുന്ന രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് തടയുന്നു. കടപ്പാട്:ht

യു.പി ഭരണകൂടത്തിന് ഹാത്രസ് സംഭവത്തിൽ എന്തോ മറച്ചുവെക്കാനുണ്ടെന്നത് ഈ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഹാത്രസിലേക്ക് പോകുക എന്ന തീരുമാനം ദൃഢമാക്കിയത്. തനിച്ചാണെങ്കിലും സഹോദരി മനീഷയുടെ കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങൾ ശേഖരിച്ച് പുറം ലോകത്ത് എത്തിക്കണം എന്ന് തന്നെ തീരുമാനിച്ചു. അപ്പോഴും രണ്ട് പ്രശ്നങ്ങൾ ഉയർന്നുവന്നു. ഒന്നാമത്തെ പ്രശ്നം, ഉത്തർപ്രദേശിലെ ബ്രജ് മേഖലയിലെ പ്രാദേശിക സംസാര ഭാഷ, കേരളത്തിലെ സ്കൂളിൽ നിന്ന് പഠിച്ച പാഠപുസ്തക ഹിന്ദിയും ഡൽഹിയിലെ കഴിഞ്ഞ ഏഴ് വർഷത്തെ പത്രപ്രവർത്തനത്തന ജിവിതത്തിനിടെ ആർജിച്ചെടുത്ത സംസാര ഭാഷാ ഹിന്ദിയും മാത്രം കൈമുതലായുള്ള എനിക്ക് ഹാത്രസിലെ പ്രാദേശിക ഹിന്ദി ഭാഷാഭേദം മനസ്സിലാക്കാൻ പ്രയാസമാകുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.

ഡൽഹിയിൽ നിന്ന് 140 മുതൽ 150 വരെ കിലോ മീറ്റർ യാത്ര ചെയ്ത് വേണം മരണപ്പെട്ട പെൺകുട്ടിയുടെ ഗ്രാമമായ ഹാത്രസിലെ ഭൂൽഗഢിയിൽ എത്താൻ. കിലോമീറ്ററിന് 13 – 14 രൂപ വരെയാണ് ടാക്സികൾ ആവശ്യപ്പെട്ടത്. ഓൺലൈൻ ടാക്സി സർവ്വീസായ ഓല, ഊബർ എന്നിവ വഴിയും പോവാൻ ശ്രമിച്ചു. വിവിധ സമയങ്ങളിൽ 11 മുതൽ 13 വരെയാണ് ഓൺലൈൻ കേബുകളും ചാർജ് കാണിച്ചത്. ഇത്രയും സംഖ്യ സ്വന്തമായി വഹിക്കാൻ സാധിക്കാത്തതിനാലാണ് തനിച്ച് പോകുന്നതിന് പകരം ആരെയെങ്കിലും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചത്. ആഭ്യന്തര, വിദേശ യാത്രകളും വായനയും ഏറെ ഇഷ്ടപ്പെടുന്ന ഞാൻ യാത്രകൾ, ചെറിയ യാത്രകൾ പോലും തനിച്ച് പോകാനാണ് ഏറെ ആഗ്രഹിക്കുന്നത്. സാമ്പത്തികവും ഭാഷാ പ്രശ്നങ്ങളും ഇല്ലായിരുന്നുവെങ്കിൽ എന്റെ ഭൂൽഗഢി യാത്രയും ആരും അറിയാതെ തനിച്ചാകുമായിരുന്നു.

ഹാത്രസിലേക്ക് പോകാനായി തീരുമാനിച്ചപ്പോൾ ഓർമ്മയിൽ വന്ന പല പേരുകളിൽ ഒന്ന് ഡൽഹിയിലെ പല സമര സ്ഥലങ്ങളിൽ നിന്നായി കണ്ട് പരിചയമുള്ള ഉത്തർപ്രദേശിലെ ബെഹ്റായിച്ച് സ്വദേശിയും ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ വിദ്യാർത്ഥിയുമായിരുന്ന മസൂദിന്റേതായിരുന്നു. യാത്ര പോകാൻ തീരുമാനിച്ച ആദ്യ ദിവസങ്ങളിൽ തന്നെ മസൂദിനെ ഒന്നിൽ കൂടുതൽ തവണ വിളിച്ചിരുന്നു. അദ്ദേഹം കൂടെ പോരാൻ വിസമ്മതിച്ചു, യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നും പഠന കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വിസമ്മതിച്ചത്. ഇതോടെ തനിച്ച് പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ, ഒക്ടോബർ നാലിന് ഞായറാഴ്ച രാത്രിയോടെ മസൂദിന്റെ ഫോൺ കോൾ വന്നു. ഹാത്രസിലേക്ക് പോരാൻ തയ്യാറാറെണന്ന് അറിയിച്ചു. എനിക്ക് വളരെ സന്തോഷമായി. അടുത്ത ദിവസം, തിങ്കളാഴ്ച രാവിലെ തന്നെ ഉത്തർപ്രദേശ് – ഡൽഹി അതിർത്തിയായ കാളിന്ദി കുഞ്ചിൽ നിന്ന് ഓൺലൈൻ ടാക്സി സർവ്വീസ് വഴി ഹാത്രസിലേക്ക് പോകാൻ തീരുമാനിച്ചു. ഓല, ഊബർ വാഹനം ബുക്ക് ചെയ്യാനുള്ള ഉത്തരവാദിത്തവും മസൂദിനെ ഏൽപ്പിച്ചു,

••••

ഒക്ടോബർ നാലിന് രാത്രി 12 മണിയോടെയാണ് ഉറങ്ങാൻ കിടന്നത്. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടിയുടെ അക്കൗണ്ടിലേക്ക് ചെറിയ ഒരു സംഖ്യ ട്രാൻസ്ഫർ ചെയ്തത്, ട്രാൻസാക്ഷൻ വിജയകരമാവാതെ പൈസ തിരിച്ചുവന്നു. രണ്ട് തവണ ശ്രമിച്ചു., അത് വിജയകരമാവാത്തതിന്റെ ചെറിയ ഒരു വിഷമവുമായാണ് ഉറങ്ങാൻ കിടന്നത്. (അന്ന് അത് ട്രാൻസ്ഫർ ആകാതിരുന്നത് നന്നായി, അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് -ഇ.ഡി, ഞങ്ങളുടെ പ്രിയപ്പെട്ട ജമാൽക്കയേയും പിടിച്ച് ജയിലിൽ അടക്കുമായിരുന്നു).
എന്റെ അഭ്യർത്ഥന മാനിച്ച്, അഴിമുഖത്തിന് വേണ്ടി മലയാളത്തിലെ പ്രമുഖ ഗായകൻ എം.എസ് ബാബുരാജിനെ കുറിച്ച് എഴുതിയ ഓർമ്മ കുറിപ്പിന് ഒരു ചെറിയ പ്രതിഫലമായി ആയി അയച്ചതായിരുന്നു ആ സംഖ്യ.

ജമാൽ കൊച്ചങ്ങാടി

സാധാരണ അഞ്ച്, അഞ്ചരയോടെ ഉറക്കം ഉണരാറുള്ള ഞാൻ അന്ന്, ഒക്ടോബർ അഞ്ചിന് ഉറക്കം ഉണർന്നത് ആറു മണിയും കഴിഞ്ഞാണ്. പെട്ടെന്ന് പ്രഭാത കർമ്മങ്ങൾ നിർവഹിച്ച്, ഒരു കോഫിയും ഉണ്ടാക്കി കുടിച്ച് ഭോഗൽ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി തിടുക്കത്തിൽ നീങ്ങി. കോവിഡ് ലോക്ക്ഡൗൺ തകർത്ത ജീവിതരീതിയും കഴിഞ്ഞ രണ്ടു മാസത്തോളം നാട്ടിൽ ആയതും കാരണം അഴിമുഖത്തിന്റെ ലാപ്ടോപ്പും ആ ലാപ്ടോപ്പിന്റെ ബാഗും ആയിരുന്നു എന്റെ ഓഫീസും വീടും എല്ലാം.

സെപ്തംബർ 11ന് അവസാനമായി എന്റെ പൊന്നുമ്മക്ക് ചക്കര മുത്തവും കൊടുത്ത് വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുന്നത് മുമ്പ് തീരുമാനിച്ച് ഉറപ്പിച്ചതിലും നേരത്തെയായിരുന്നു. അതിനും ഒരു പെട്ടന്നുള്ള കാരണമുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറത്തിറങ്ങുന്ന പ്രസാധകൻ മാഗസിന്റെ എക്സിക്യുട്ടീവ് എഡിറ്റർ എൽ.ആർ ഷാജി വിളിച്ച് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ഒരു അഭിമുഖം അവരുടെ ഒക്ടോബർ ലക്കത്തിന്റെ കവർ സ്റ്റോറിയായി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത് താങ്കൾ ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. അഭിമുഖം ചെയ്യാനായി എന്റെ പേര് നിർദേശിച്ചത് എന്റെ സുഹൃത്തും ന്യൂസ് 18 ഡൽഹി റിപ്പോർട്ടറുമായിരുന്ന എം ഉണ്ണികൃഷ്ണനാണെന്നും അദ്ദേഹം അറിയിച്ചു. ആ സമയത്ത് യു.എ.ഇയിൽ ആയിരുന്ന ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞുകൊണ്ട് എന്നെയും വിളിച്ചിരുന്നു.

ഉണ്ണികൃഷ്ണൻ വിളിച്ച് ആവശ്യപ്പെട്ടതിനാലാണ് വളരെ കുറഞ്ഞ ദിവസത്തിനകം ഈ അഭിമുഖം ചെയ്ത് തീർക്കാനുള്ള ഒരു ദൗത്യം ഞാൻ ഏറ്റെടുത്തത്. പ്രശാന്ത് ഭൂഷൺ സാറിന്റെ മുൻകൂർ അനുമതി വാങ്ങാതെ തന്നെ പ്രസാധകന് ഞാൻ ഉറപ്പ് നൽകിയത്, അതിന് മുൻപ് ഒരിക്കൽ അദ്ദേഹം എനിക്ക് മൊബൈൽ ഫോൺ വഴി തന്ന ഒരു അഭിമുഖത്തിന്റെ അനുഭവത്തിൽ നിന്നാണ്. എന്തായാലും ഇക്കുറി പ്രശാന്ത് ഭൂഷൺ സാറിനെ നേരിൽ പോയി അഭിമുഖം ചെയ്യണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. (പ്രശാന്ത് ഭൂഷൺ സാറിന്റെ മുഖചിത്രവുമായി അദ്ദേഹവുമായുള്ള എന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പ്രസാധകന്റെ 2020 ഒക്ടോബർ ലക്കം പുറത്തിറങ്ങുമ്പോൾ ഞാൻ ‍ജയിലിലായിരുന്നു). ഈ ഒരു പശ്ചാത്തലത്തിലാണ് ഒക്ടോബർ ആദ്യവാരം ഡൽഹിയിലേക്ക് തിരിച്ചുപോകാമെന്ന മുൻ തീരുമാനത്തിൽ ഞാൻ മാറ്റം വരുത്തിയത്.

പ്രസാധകൻ കവർ

സെപ്തംബർ 11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ബുക്ക് ചെയ്തത്. റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകാം എന്ന മുൻ തീരുമാനം അവസാന നിമിഷം മാറ്റേണ്ടിവന്നത് മഴ കാരണമാണ്. ബാല്യകാല സുഹൃത്തും അയൽവാസിയുമായ അസീസിനെയാണ് ഇത്തരം സാഹചര്യങ്ങളിൽ ആശ്രയിക്കാറ്. മഴക്കാരണം അസീസിനോടൊപ്പമുള്ള ബൈക്ക് യാത്ര ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ, സഹോദരി മറിയമിന്റെ മകൻ അവരുടെ കാറിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കാമെന്ന് ഏറ്റു. എന്നാൽ, കാർ ഓടിക്കേണ്ടിയിരുന്ന ദിവസം അവന് പനി ആയതിനാൽ ആ ഉത്തരവാദിത്തം മൂത്ത സഹോദരിയുടെ ഇളയ മകൻ അൻവർ സ്വയം ഏറ്റെടുത്തു. അവന്റെ തന്നെ കാറിൽ എന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. കോവിഡ് നിയന്ത്രണം ആയതിനാൽ സാധാരണയായി ഡൽഹിയിലേക്ക് പോകുന്ന തീവണ്ടികൾ എത്തുന്ന പ്ലാറ്റ്ഫോമിൽ നിന്നായിരുന്നില്ല അന്ന് എനിക്ക് പോവേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് പുറപ്പെട്ടത്.

അതിനോടകം, റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ എന്നെ ഇറക്കിവിട്ട് സഹോദരിയുടെ മകൻ തിരിച്ച് പോയിരുന്നു. അവൻ പോയതിന് ശേഷമാണ് പ്ലാറ്റ് ഫോം മാറിയ കാര്യം ഞാൻ അറിഞ്ഞത്. റെയിൽ ‍വേ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനുളള പ്രധാന പ്രവേശന കാവാടത്തിലൂടെ നിർദ്ദിഷ്ട പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ സുരക്ഷാ ജിവനക്കാർ അനുവദിക്കാത്തതിനാൽ ചെറിയ ഒരു ചാറ്റൽ മഴ വകവെയ്ക്കാതെ, ലഗേജും ചുമന്നു കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്രദക്ഷിണം ചെയ്ത് എനിക്ക് പോവേണ്ട പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അൽപം നടന്ന് ഒരു ഓവർ ബ്രി‍ഡ്ജിന് മുകളിൽ എത്തിയപ്പോൾ പരിചയക്കാരനായ കോഴിക്കോട് ബാറിലെ അബ്ദുൽ റഹീം വക്കീൽ ബൈക്കുമായി വന്ന് എന്റെ മുന്നിൽ നിർത്തി, ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ഞാൻ അതിൽ കയറി, അദ്ദേഹം എന്നെ നിശ്ചിത പ്ലാറ്റ്ഫോമിൽ എത്തിച്ചു.

••••

ഭോഗൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് വളരെയധികം സമയം നിന്നു. ഞാൻ കാരണം യാത്ര മുടങ്ങുമോ എന്ന ആശങ്ക കാരണം വീണ്ടും സമയം കളയേണ്ട എന്ന് തന്നെ തീരുമാനിച്ചു. റോഡിലൂടെ പോകുന്ന എല്ലാ ഓട്ടോ റിക്ഷകൾകൾക്കും കൈകാണിക്കാൻ തുടങ്ങി. പലരും സവാരി പോരാൻ വിസമ്മതിച്ചു. അവസാനം, 150 രൂപക്ക് യാത്ര പോരാൻ ഒരു ഓട്ടോക്കാരൻ സമ്മതിച്ചു. 100 രൂപയിൽ താഴെ മാത്രം ഓട്ടോ ചാർജുള്ള ഭോഗൽ – കാളിന്ദി കുഞ്ച് റൂട്ടിൽ 150 രൂപ കൊടുത്ത് യാത്ര ചെയ്യാൻ തീരുമാനിച്ചത്, നിരവധി ഓട്ടോകൾ സവാരി പോരാൻ വിസമ്മതിച്ചതിനാലാണ്.‍‍ ഡൽഹി – ഉത്തർപ്രദേശ് അതിത്തിയായ കാളിന്ദി കുഞ്ചിലെ സരിത വിഹാർ – നോയ്ഡ റോഡിൽ ഓട്ടോ ഇറങ്ങുമ്പോൾ രാവിലെ ഏഴര മണിയോടടുത്തിരുന്നു.

ഹാത്രസിലേക്ക് കൂട്ട് പോരാം എന്നേറ്റ മസൂദ് കഴിഞ്ഞ രാത്രി ബുക്ക് ചെയ്ത ഓൺലൈൻ ടാക്സി സർവ്വീസ് രാവിലെ തന്നെ ഞങ്ങളെ ചതിച്ചു. ബുക്ക് ചെയ്ത കാർ യാത്ര റദ്ദാക്കിയ സന്ദേശം അവന് ലഭിച്ചു. അതിന് ശേഷവും നിരവധി തവണ ഓല, ഊബർ സർവ്വീസുകൾ ബുക്ക് ചെയ്തെങ്കിലും സവാരി പോരാൻ ഇരു സർവ്വീസുകളും തയ്യാറായില്ല. അവസാനം, മസൂദ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് ഏതെങ്കിലും ടാക്സി ഡ്രൈവർമാരുടെ നമ്പർ സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിരാവിലെ യാത്ര തിരിക്കാം എന്ന് തീരുമാനം എടുത്ത ഞങ്ങൾക്ക് ടാക്സി ലഭിക്കാത്തതിനാൽ യാത്ര അനന്തമായി നീണ്ടു. അതിനിടെ ഹാത്രസിലേക്കുള്ള യാത്ര തന്നെ വേണ്ടെന്ന് വെക്കാൻ മസൂദ് എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു. തനിച്ചായാലും ഹാത്രസിലേക്ക് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.

എന്റെ ഉറച്ച തീരുമാനത്തോട് നോ പറയാൻ അദ്ദേഹത്തിന് അൽപം വൈമനസ്യമുണ്ടായി. അതിനിടെ തന്റെ സുഹൃത്തുക്കളെയും യാത്രയിൽ കൂടെ കൂട്ടാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും മീററ്റിലെ ചൗധരി ചരൺസിങ് സർവ്വകലാശാലയിലെ ലൈബ്രറി സയൻസ് വിദ്യാർത്ഥിയുമായ അത്തീക്കുറഹ്മാനെ അതിനിടെ തന്നെ ഞങ്ങളുടെ യാത്രയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു മസൂദ്. വെസ്റ്റ് യു.പിയിൽ നിന്നുള്ള അത്തീക്കുറഹ്മാനെ കൂടെ കൂട്ടിയാൽ ഹാത്രസ് പ്രദേശം അടങ്ങുന്ന ബ്രജ് മേഖലയിലെ പ്രാദേശിക സംസാര ഭാഷയായ ബ്രജ് ഭാഷയിൽ (ഹിന്ദിയുടെ വകഭേദമാണ് ബ്രജ് സംസാര ഭാഷ) ആളുകളുമായി സംസാരിച്ച് എനിക്ക് കാര്യങ്ങൾ മനസ്സിലാക്കി തരാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് മസൂദ് പറഞ്ഞു. എന്തായാലും കാർ വിളിച്ച് പോവുകയല്ലേ, ഒന്നോ രണ്ടോ പേർ അധികമായാലും നമുക്ക് എന്താ പ്രശ്നം, അധികം പണം നൽകേണ്ടതില്ലല്ലോ എന്നായിരുന്നു അവന്റെ വാദം.

താൻ താമസിക്കുന്ന കാളിന്ദി കുഞ്ചിലെ ഷെയറിങ് റൂമിലെ കുക്കിനെ വരെ ഞങ്ങളുടെ കൂടെ കൊണ്ടുപോകാൻ മസൂദ് എന്നെ നിർബന്ധിച്ചു. ഭക്ഷണ പ്രിയനായ തനിക്ക് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന കുക്കിന് ഒരു എന്റർടൈൻമെന്റ് ആയിക്കൊള്ളട്ടെ എന്നായിരുന്നു മസൂദിന്റെ പക്ഷം. എന്നാൽ, എന്റെ ശക്തമായ വിയോജിപ്പ് കാരണം കുക്കിനെ കൂടെ കൂട്ടാനുള്ള മസൂദിന്റെ ശ്രമം പരാജയപ്പെട്ടു. വാഹനം കിട്ടാൻ വൈകിയതിനാൽ മസൂദിന്റെ റൂമിൽ പോയി പ്രാതൽ കഴിച്ചു. എട്ടു മണിയായിട്ടും വാഹനം ഒന്നും കിട്ടിയില്ല. എങ്കിലും നാലാൾക്ക് യാത്ര ചെയ്യാവുന്ന കാറിലേക്ക് തന്റെ ഇഷ്ട കുക്കിന് ബെർത്ത് തരപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു എന്റെ സുഹൃത്ത്.

എട്ടര മണിയോടടുത്ത സമയം, ഏതോ സുഹൃത്ത് വഴി മസൂദും അത്തീക്കും ഒരു ടാക്സിക്കാരന്റെ നമ്പർ ഒപ്പിച്ചു. ആ നമ്പറിൽ വിളിച്ച് ഇരുവരും ടാക്സി കൂലി ബാർഗൈൻ ചെയ്യുന്നത് കേൾക്കാമായിരുന്നു. കിലോ മീറ്ററിന് 15 ഉം 14ഉം ഒക്കെയാണ് ഡ്രൈവർ ആവശ്യപ്പെടുന്നത്. മിനുറ്റുകൾ നീണ്ട ബാർഗൈനിങ്ങിന് ശേഷം കിലോ മീറ്ററിന് 11 രൂപ നിരക്കിൽ സവാരി വരാൻ ഡ്രൈവർ തയ്യാറായി. എട്ടര പിന്നിട്ടപ്പോൾ ടാക്സി കാർ കാളിന്ദി കുഞ്ചിലെ ചൗധരി ചരൺ സിങ് പാർക്കിന് സമീപമെത്തി. ഞങ്ങൾ മൂന്നു പേരും കാറിൽ കയറി. ഞാനും മസൂദും കാറിന്റെ ബാക്ക് സീറ്റിലാണിരുന്നത്. ഞാൻ ഡ്രൈവറുടെ പിറകിലായാണ് സ്ഥാനം പിടിച്ചത്. മസൂദിന് ഡ്രൈവറുമായി സംസാരിക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഞാൻ ഡ്രൈവറുടെ പിറകിലായി സ്ഥാനം പിടിച്ചത്. മൂന്ന് മണിക്കൂർ നീണ്ട യാത്രയായതിനാലും സ്ഥിരമായി വാഹനാപകടം നടക്കുന്ന യമുന എക്സ് പ്രസ് വേ വഴി വാഹനം ഓടിക്കേണ്ടതിനാലും ഡ്രൈവറെ ഉറങ്ങാതെ, കണ്ണു മാളാതെ ഇരുത്താൻ അദ്ദേഹവുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കാൻ ഞാൻ മസൂദിനെ ശട്ടം കെട്ടിയിരുന്നു. ദുരന്ത ഭൂമിയായ ഹാത്രസിലേക്കുള്ള യാത്ര മറ്റൊരു ദുരന്തമാവരുതല്ലൊ എന്ന് മസൂദിനെ ധരിപ്പിച്ചിരുന്നു !

തലേന്ന് രാത്രി വളരെ വൈകി ഉറങ്ങിയതിനാൽ ‍ഞാൻ കാറിൽ കയറിയാൽ തന്നെ ഉറങ്ങുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ച് കാർ അഞ്ചു മിനിറ്റ് ഓടിയപ്പോഴേക്കും ഞാൻ ഉറക്കിലായി. പിന്നീട് നോയിഡയിലെ ഏതോ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനായി വണ്ടി നിർത്തിയിപ്പോഴാണ് ഞാൻ ഉറക്കിൽ നിന്നുണരുന്നത്. വാഹനം ഇന്ധനം നിറക്കുമ്പോൾ യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങി കൊടുക്കണമെന്ന ഒരു നിയമം രാജ്യ തലസ്ഥാന മേഖലയിൽ നിലവിലുണ്ട്. അതിന്റെ ഭാഗമായാണ് സഹയാത്രികരും ഡ്രൈവറും എന്റെ ഉറക്കം ഉണർത്തിയത്. ലാപ്ടോപ്പ് ബാഗ് വാഹനത്തിൽ വെച്ച് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി. വാഹനത്തിൽ എൽ.പി.ജി നിറച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വീണ്ടും ഞാൻ ഉറക്കിലേക്ക് വഴുതി വീണു. പിന്നീട് ജേവർ എന്ന പ്രദേശത്തെ ടോൾ പ്ലാസ എത്തിയപ്പോൾ ആണ് വീണ്ടും ഉറക്കം ഉണർന്നത്. ടോൾ പ്ലാസയിൽ നൽകാനുള്ള പൈസ നൽകുന്നതിന് വേണ്ടിയായിരുന്നു സഹയാത്രികർ എന്റെ ഉറക്കം കെടുത്തിയത്. ഡ്രൈവറുടെയോ സഹയാത്രികരുടേയോ കയ്യിൽ പണമില്ലായിരുന്നു. എന്റെ കയ്യിലാണെങ്കിൽ പണമായി 5000 രൂപക്കുള്ള 500ന്റെ നോട്ടുകളും 120 രൂപയുടെ ചെറിയ നോട്ടുകളുമുണ്ടായിരുന്നു. വാലറ്റിൽ നിന്ന് 500 രൂപയുടെ ഒരു നോട്ടെടുത്ത് ടോൾ ഗെയ്റ്റിൽ നൽകി, 50 രൂപ തിരിച്ചു കിട്ടി. 450 രൂപയാണ് യമുന എക്സ് പ്രസ് വേ വഴി കടന്ന് പോകാനുള്ള നികുതി.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അടുത്ത മാണ്ഡ് ടോൾ പ്ലാസയിൽ ഞങ്ങളെ കാത്തിരിക്കുന്ന വലിയ ദുരന്തം മുൻകൂട്ടി കാണാൻ കഴിയാതെ, ഉത്തർപ്രദേശ് സർക്കാർ വിരിച്ച വലിയ ഒരു കെണിയിൽ നിസ്സഹായരായി ചെന്നു വീഴുകയായിരുന്നു ഞങ്ങൾ. ഈ യാത്രയിലെ മൂന്നാംഘട്ട ഉറക്കം ഉണർന്നത് പിന്നീട് ഒരിക്കലും സമാധാനമായി ഉറങ്ങാൻ കഴിയാത്ത ഒരു അവസ്ഥയിലേക്കായിരുന്നു. ഒക്ടോബർ അഞ്ചിന് ശേഷം ഒരു ഗാഢനിദ്രയും ഞാൻ ആസ്വദിച്ചിട്ടില്ല. അവസാനമായി സമാധാനമായി ഉറങ്ങിയത് കാളിന്ദി കുഞ്ചിലെ ചൗധരി ചരൺ സിങ് പാർക്ക് മുതൽ മാണ്ഡ് ടോൾ പ്ലാസ വരെയുള്ള ഒന്നൊന്നര മണിക്കൂർ നേരം ആ കാറിൽ ഇരുന്ന് മൂന്ന് ഘട്ടമായിട്ടാണ്. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read