വെള്ളാപ്പള്ളിയുടെ 60 വിദ്വേഷ പ്രസ്താവനകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2025 ഏപ്രിൽ 5നും ഡിസംബർ 16നും ഇടയ്ക്ക് വെള്ളാപ്പള്ളി നടേശൻ നടത്തിയ ഇസ്ലാമോഫോബിക് വിദ്വേഷ പ്രസ്താവനകളുടെ രേഖാശേഖരം. ഈ കാലയാളവിൽ വെള്ളാപ്പള്ളി കേരളത്തിലങ്ങോളമിങ്ങോളം എസ്എൻഡിപി നേതൃയോഗങ്ങൾ നടത്തി. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. നിരവധി സ്ഥലങ്ങളിൽ പ്രസംഗിച്ചു. വി.എസ് അച്യുതാനന്ദൻ, എ.കെ ആന്റണി, തുടങ്ങിയ സിപിഎം – കോൺഗ്രസ് നേതാക്കളുടെ മുസ്ലീം വിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെട്ട പ്രസംഗങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിച്ച ശേഷമാണ് വെള്ളാപ്പള്ളി പല സ്ഥലങ്ങളിലും എസ്എൻഡിപി പരിപാടികളിൽ പ്രസംഗം തുടങ്ങുന്നത്. മിക്കവാറും എല്ലാ യോഗത്തിലും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു (മുസ്ലീം വിരുദ്ധ ക്യാമ്പയിനുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 26, സിറാജ്).

2025 ഏപ്രിൽ 5 മുതൽ കഴിഞ്ഞ 255 ദിവസങ്ങളായി വെള്ളാപ്പള്ളി വിദ്വേഷ പ്രസ്താവനകൾ തുടർച്ചയായി നടത്തിവരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹം ചില വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും, ഇത്രയും ദീർഘമായ ഒരു വിദ്വേഷ പ്രസ്താവനകളുടെ പരമ്പര അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ ആദ്യമായാണ്. ശരാശരി നാല് ദിവസം കൂടുമ്പോൾ ഒന്നെന്ന തോതിൽ, കേരളീയ പൊതുമണ്ഡലത്തെയും മലയാളി ബഹുസ്വര ജീവിതത്തെയും അദ്ദേഹത്തിന്റെ മുസ്ലീം ന്യൂനപക്ഷ വിരുദ്ധ വാക്കുകൾ വിദ്വേഷഭരിതമാക്കുകയാണ്.

1. മലപ്പുറം ഒരു പ്രത്യേക രാജ്യം

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണെന്നും എസ്എൻഡിപി നേതാവ് വെള്ളാപ്പളളി നടേശൻ. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയന്റെ 13-ാമത് നിലമ്പൂർ ശ്രീനാരായണ കൺവെൻഷൻ ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് വെള്ളാപ്പളളിയുടെ വിദ്വേഷ പരാമർശം : മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണ്. പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാർ. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വതന്ത്രമായ ഒരഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശംപോലും പിന്നാക്കവിഭാഗങ്ങൾക്ക് മലപ്പുറത്ത് കിട്ടിയില്ല, വോട്ടുകുത്തിയന്ത്രങ്ങൾ മാത്രം. അവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ.

നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ എന്നു ചോദിച്ച അദ്ദേഹം എസ്എൻഡിപി യൂണിയന് സംസ്ഥാനത്തുള്ള ആകെ കോളേജുകളുടെ എണ്ണം ഒരു വിഭാഗത്തിന് കോട്ടയത്ത് മാത്രമുണ്ടെന്നും പറഞ്ഞു (ഏപ്രിൽ 5, മാതൃഭൂമി). ന്യൂനപക്ഷം സംഘടിതരാണെന്നും അവർ സംഘടിതരായി ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ഇതേ ചടങ്ങിൽ പങ്കെടുത്ത ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു (ഏപ്രിൽ 5, മാധ്യമം).

2. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല

വെള്ളാപ്പള്ളിക്കെതിരേ കൂടുതൽ പേർ അണിനിരന്നതോടെ തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്ന് ആരോപിച്ച് വെള്ളാപ്പള്ളിതന്നെ രംഗത്തെത്തി: മലപ്പുറത്തെ പ്രസംഗം അടർത്തിയെടുത്തത് മുസ്ലീം വർഗീയവാദിയാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു. പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. മലപ്പുറം മുസ്ലീങ്ങളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. മുസ്ലീങ്ങൾ പോലും തങ്ങൾ 56% ഉണ്ടെന്ന് പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവർ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യമില്ല. ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്. 44 ശതമാനം ഹിന്ദുക്കളിൽ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ? ന്യൂനപക്ഷങ്ങൾക്ക് അംഗീകാരം ലഭിക്കുമ്പോൾ ലീഗ് തന്നെ അതിനെ എതിർത്ത് രംഗത്ത് വരുന്നു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നു. ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ല. കോൺഗ്രസ് മുസ്ലീം ലീഗിന്റെ തടവറയിലാണ് (ഏപ്രിൽ 6, മീഡിയാവൺ).

3. നേട്ടം മുസ്ലീങ്ങൾക്ക് നഷ്ടം ഈഴവർക്ക്

സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ഈഴവർക്ക് മാത്രമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ദർശനോൽസവം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: യുഡിഎഫിൽ ഈഴവർ അന്യം നിൽക്കുന്ന സ്ഥിതിയാണ്. കോൺഗ്രസ്സ് പ്രിസഡന്റ് സ്ഥാനം ക്രൈസ്തവർക്ക് നൽകി. മലപ്പുറത്ത് പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഈഴവസമുദായത്തിന് അവിടെ ഒരു കോളജുപോലുമില്ല. 17 കോളജുകളും മുസ്ലീങ്ങളിലെ സമ്പന്നരുടേതാണ്. അധികാലത്തിന്റെ സ്വാധീനത്തിൽ സാമൂഹ്യനീതി നിഷേധിച്ച് മുസ്ലീം ലീഗ് സാമ്രാജ്യങ്ങൾ കെട്ടിയുണ്ടാക്കുന്നു. അതിനെ വിമർശിച്ചാൽ മുസ്ലീങ്ങളെ വിമർശിക്കുന്നുവെന്നാക്കുകയാണ്. സംവരണമുന്നണിയുണ്ടാക്കി സമരം നടത്തിയവർ അധികാരത്തിലെത്തിയപ്പോൾ മുസ്ലീങ്ങൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവർ കബളിപ്പിക്കപ്പെടുകയാണ് (മെയ് 12, കേരള കൗമുദി).

4. മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികൾ

ഉപതെരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരിൽ നടന്ന എസ്ൻഡിപിയോഗം പ്രവർത്തകസംഗമത്തിൽ വെള്ളാപ്പള്ളിയെ അദ്ദേഹത്തിന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി ന്യായീകരിച്ചു. വെള്ളാപ്പള്ളിയെ വിമർശിച്ചവരെ ‘മതേതര മുഖംമൂടിയണഞ്ഞ വർഗീയവാദിക’ളെന്നായിരുന്നു അദ്ദേഹം ആക്ഷേപിച്ചത്: മതത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരയിൽ കയറിയിരിക്കുന്നവർ യോഗത്തെ മതേതരത്വം പഠിപ്പിക്കാൻ വരേണ്ട. മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നുകാട്ടിയതിനാണ് വെള്ളാപ്പള്ളിയെ ആക്രമിക്കുന്നത്. കേരളത്തിലെ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന വിവേചനവും മാറ്റി നിറുത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചുപറയാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുയർത്താനും ഇവർ മടിക്കുന്നില്ല (ജൂൺ 9, കേരളകൗമുദി).

എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ വിജയത്തിനായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നടന്ന ബിഡിജെഎസ് കുടുംബ സംഗമങ്ങളിൽ സംസാരിക്കുമ്പോഴും ഇതേ കാര്യം തുഷാർ പരാമർശിച്ചു: എസ്എൻഡിപി യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം രാഷ്ടീയ കേരളം എക്കാലവും ചർച്ചചെയ്യും. ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷങ്ങളാൽ മാത്രം ഭരിക്കപ്പെടുന്നത് ജനാധിപത്യമല്ല. വർഗീയത ഇല്ലാത്തവരും ദേശീയതയും ഭരണഘടനയും സംരക്ഷിക്കുന്നവരുമായിരിക്കണം മലപ്പുറം ഭരിക്കേണ്ടത് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരാംശം. ലീഗുകാർ വൈകാരികമായി ഇത് ഏറ്റുപിടിച്ചു. മുസ്ലീം ലീഗ് ജനാധിപത്യ മതേതര പാർട്ടിയല്ല (ജൂൺ 16, മനോരമ ഓൺലൈൻ).

5. മുസ്ലീങ്ങളുടെ ചില പ്രവൃത്തികൾ ഹൈന്ദവ വികാരം ഉണർത്തിയിട്ടുണ്ട്

നിലമ്പൂരിൽ ശക്തമായ ഹിന്ദു, മുസ്ലീം ധ്രുവീകരണം സംഭവിച്ചിട്ടുണ്ടെന്നും പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ ജയപരാജയം നിർണയിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീങ്ങളുടെ ചില പ്രവൃത്തികൾ ഹൈന്ദവ വികാരം ഉണർത്തിയിട്ടുണ്ട്. അതുകൊണ്ട് ബിജെ.പിക്കാരുടെ ഉൾപ്പെടെ വോട്ടുകൾ ഹിന്ദുവായ ഇടതു സ്ഥാനാർത്ഥി എം.സ്വരാജിന് കിട്ടും. കൂടുതൽ മുസ്ലീം വോട്ടുകൾ അൻവറിനും ലഭിക്കാം. അൻവർ 25,000 വോട്ടു പിടിച്ചാൽ യു.ഡി.എഫിന്റെ സാദ്ധ്യത മങ്ങും. അത് സംഭവിച്ചില്ലെങ്കിൽ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് വിജയം പ്രതീക്ഷിക്കാം (ജൂൺ 23, കേരള കൗമുദി).

6. ശ്രീനാരായണ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ മുസ്ലീം

യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണഓപ്പൺ സർവകലാശാല സ്ഥാപിച്ചപ്പോൾ ആദ്യ വൈസ് ചാൻസലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലീമിനെയാണ്. ഇടതുസർക്കാരിന്റെ ഈ തീരുമാനത്തെ താൻ ചോദ്യം ചെയ്തപ്പോൾ ആദ്യം എതിർക്കാൻ വന്നത് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്-എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീമിന് താൻ എതിരല്ല. കേരളത്തിലെ നോമിനേറ്റഡ് എം.പിമാരിൽ ഒറ്റ പിന്നാക്ക വിഭാഗക്കാരനില്ല. ഏഴ് പേർ ന്യൂനപക്ഷങ്ങളും രണ്ടാൾ സവർണവിഭാഗവുമാണ്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴും തനിക്കെതിരെ രൂക്ഷവിമർശനങ്ങളുണ്ടായി. ഇവരുടെ മതേതരത്വം ഇങ്ങനെയൊക്കെയാണ്. മലപ്പുറത്തും ഇക്കാര്യങ്ങൾ തന്നെയാണ് താൻ പറഞ്ഞത്. അവിടെ മുസ്ലീം നേതാക്കളുടെ പേരിൽ സർക്കാർ ശമ്പളം കൊടുക്കുന്ന 11 കോളേജുകളുണ്ട്. നമുക്ക് ഒന്നുപോലുമില്ല. കേരളത്തിൽ ആകെയുള്ളത് 11 എണ്ണം മാത്രം. 44 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രൈസ്തവരും മലപ്പുറത്തുണ്ട്. അവർ കോളേജ് അഡ്മിഷനുവേണ്ടി മുസ്ലീങ്ങളുടെ മുന്നിൽ കേഴണം. ഇതൊക്കെ പറഞ്ഞതു കൊണ്ട് മുസ്ലീം വിരോധിയായി ചിത്രീകരിച്ചാലൊന്നും ഭയക്കില്ല. ലീഗിന്റെ അനീതിയെയാണ് ചൂണ്ടിക്കാട്ടിയത്. അവർക്കൊപ്പം ഭായിഭായിയെന്ന് പറഞ്ഞ് സംവരണ സമുദായ മുന്നണിയുണ്ടാക്കി എൽ.ഡി.എഫിനെ താഴെയിറക്കാൻ വർഷങ്ങളോളം നടന്നയാളാണ് താൻ. അധികാരത്തിലേറി വിദ്യാഭ്യാസ വകുപ്പ് കൈയിൽ കിട്ടിയപ്പോൾ ലീഗ് തനിനിറം കാട്ടി. ഒരു സമുദായം മാത്രം നന്നായാൽ മതിയെന്നാണ് അവരുടെ നിലപാട്. മതേതരത്വം പറഞ്ഞ ഈഴവർ എവിടെയെത്തിയെന്നും മതം പറഞ്ഞവർ എവിടെയെത്തിയെന്നും ആലോചിച്ചാൽ മതി യാഥാർത്ഥ്യം തിരിച്ചറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു (ജൂൺ 23, കേരള കൗമുദി).

7. നിലമ്പൂരിൽ കണ്ടത് മുസ്ലീം ലീഗിന്റെ വിജയം

നിലമ്പൂരിൽ കണ്ടത് മുസ്ലീം ലീഗിന്റെ വിജയമാണെന്നും അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മുസ്ലീം വികാരമുണ്ടായി. ഹിന്ദുവോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. നിലമ്പൂരിൽ കണ്ടത് മുസ്ലീം ലീഗിന്റെ വിജയം. ഉയരുന്നത് ലീഗിന്റെ കൊടി. സ്വരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. പി.വി അൻവറിനും അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. ബിജെപിക്ക് 12,000 വോട്ടുകൾ ഉണ്ടായിരുന്നു. അത് കിട്ടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. കാരണം ഒരു മുസ്ലീം വികാരം ലീഗ് ഇളക്കിവിട്ടിരുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് ഒരു ഹിന്ദു വികാരവും ഉണ്ടായി’-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു (ജൂൺ 23, മീഡിയാവൺ).

8. മതരാജ്യം നടപ്പാക്കാൻ ശ്രമം

സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചു: തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകരുത്. വെറുതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. ഈ ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. മതവിശ്വാസികളെയും അവരുടെ നേതൃത്വത്തെയും അനുസരിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത് എന്നു വരുന്നത് ശരിയല്ല. ഒരു കൂട്ടായ്മക്ക് മണി പവറും മസിൽപവറുമുണ്ടെന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന നയം കാണിക്കുന്നത് ശരിയല്ല. അവരുടേതായ ആധിപത്യമോ ധാർഷ്ട്യമോ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതു കാണുന്ന മറ്റു മതവിഭാഗക്കാർക്കു മനഃപ്രയാസവും വിദ്വേഷവും ഉള്ളിലുണ്ട്. വെറുതേ മതവിദ്വേഷവും മതവികാരവുമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ പിന്മാറണം (‘നല്ലതിനെ സ്വാഗതം ചെയ്യണം’; സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള തീരുമാനത്ത പിന്തുണച്ച് വെളളാപ്പള്ളി, ജൂൺ 29, മാധ്യമം; വസ്ത്രം ധരിച്ചാണല്ലോ സൂംബ ചെയ്യുന്നത്, മണി പവറും മസിൽ പവറുമുണ്ടെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല, ജൂൺ 29, മനോരമ ഓൺലൈൻ).

മാധ്യമം വാർത്ത

9. കേരളം അറബി രാജ്യമോ?

സൂംബയെ എതിർക്കുന്ന മുസ്ലീം സംഘടനകളെ പരിസഹിച്ചും വിമർശിച്ചും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ ‘യോഗനാദ’ത്തിൽ ലേഖനം എഴുതി. ഇത് അറബിരാജ്യമാണോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി: സൂംബയെ എതിർക്കുന്നവരുടെ ജല്പനങ്ങൾ കേട്ടാൽ തോന്നുക കേരളം ഏതോ അറബി രാജ്യമെന്നാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മര്യാദയല്ല. കേരളത്തിലെ ചില വിവരദോഷികളായ പുരോഹിതരുടെ തീട്ടൂരങ്ങൾക്ക് മുസ്ലീം ജനത നിന്നുകൊടുക്കരുത്. സർക്കാരുകൾ ഏതൊരു പരിഷ്‌കാരം കൊണ്ടുവരുമ്പോഴും മുസ്ലീം മതനേതൃത്വങ്ങളുടെ അനുമതി വേണമെന്ന നിലയിലേക്കാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്. മറ്റൊരു മതവും കേരളത്തിൽ ഇത്തരം പ്രത്യേക അവകാശങ്ങൾ ചോദിച്ചു വരുന്നില്ല. ഇങ്ങനെ പോയാൽ മുസ്ലീം മതനേതാക്കളുടെ സൗകര്യം നോക്കി വേണ്ടിവരും കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കാൻ. അവരുടെ മനസുകളിൽ അമിതമായ മതചിന്തകളും മതവൈരവും കുത്തിവയ്ക്കുന്ന പുരോഹിത വർഗത്തെ, അവർ ഏതു മതത്തിൽപ്പെട്ടവരായാലും പടിയടച്ച് പിണ്ഡം വയ്ക്കാൻ ജനം തയ്യാറാകണം (സൂംബ ഡാൻസും ‘മഹാപണ്ഡിതരും’, ജൂലൈ 1-15, മുഖപ്രസംഗം, യോഗനാദം).

10. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയോ?

സ്‌കൂൾ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെ വെള്ളാപ്പള്ളിയും എതിർത്തു: കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി കേരളാ ഗവൺമെന്റ് എന്ന സ്ഥിതിയാണ് ഉള്ളത്. സൂംബ വിവാദം ഇതിന്റെ ഭാഗമാണ്. സ്‌കൂൾ സമയം മാറ്റവും ഇതിന്റെ ഭാഗമാണ്. കുട്ടികൾക്ക് സ്‌കൂളിൽ സൂംബ ഡാൻസ് ഏർപ്പെടുത്തി. അതിനെയും എതിർത്തു. സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കിൽ നടപ്പാക്കുകയില്ല. വിദേശത്ത് നടപ്പാക്കിയതാണ് സർക്കാർ കൊണ്ടുവന്നത്. അപ്പോഴേക്കും അത് മുസ്ലീം വിരുദ്ധമാണെന്ന് പറയുകയാണ്. അവർ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാറാണ് (കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷപ്രദേശമാകും; കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയിൽ മാത്രം; വെള്ളാപ്പള്ളി നടേശൻ, ജൂലൈ 19, ജനം ടിവി; ‘കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ്,’: വെള്ളാപ്പള്ളി നടേശൻ, ജൂലൈ 19, മീഡിയാവൺ).

ജനം ടിവി വാർത്ത

11. കേരളം മുസ്ലീം ഭൂരിപക്ഷപ്രദേശമാകും

കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയിൽ മാത്രമാണെന്നും കേരളം വൈകാതെ വിഎസ്സ് പറഞ്ഞതുപോലെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലീം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലീം ലീഗാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. കേരളത്തിൽ രണ്ട് നിയമസഭാ മണ്ഡലം കുറഞ്ഞു. അപ്പോൾ കൂടിയത് മലപ്പുറത്തതാണ്. അപ്പോൾ മുസ്ലീം സമുദായം ജനസംഖ്യ വർദ്ധിപ്പിക്കുവാൻ തുടങ്ങി.നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും.കേരളത്തിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റ് മത്സരിക്കുന്നു. എന്നിട്ട് മുഖ്യമന്ത്രി സ്ഥാനമാണ് അവർ ലക്ഷ്യം ഇടുന്നത്. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ നടത്തിയ പ്രസംഗത്തിലേതാണ് ഈ പരാമർശം (കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷപ്രദേശമാകും; കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയിൽ മാത്രം; വെള്ളാപ്പള്ളി നടേശൻ, ജൂലൈ 19, ജനം ടിവി).

12. മലപ്പുറത്ത് നിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതിയെന്നാണ് കാന്തപുരം പറയുന്നത്

കേരളത്തിൽ ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങൾ തന്ത്രപൂർവം ഭരണം പിടിച്ച് മുഖ്യമന്ത്രി പദം നേതാൻ ശ്രമിക്കുകയാണ് കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ ഈഴവനാകും. കേരളത്തിൽ ആധിപത്യം പ്രത്യേക ശക്തികളുടെ കയ്യിലാണ്. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതിയെന്നാണ് കാന്തപുരം പറയുന്നത്. മതേതരത്വം മതാധിപത്യമായിക്കഴിഞ്ഞു (മുസ്ലീം, ക്രിസ്ത്യൻ വിലപേശൽ അതിരുവിട്ടുവെന്ന് വെള്ളാപ്പള്ളി, ജൂലൈ 20, മെട്രോ വാർത്ത).

ജനം ടിവി വാർത്ത

13. ലീഗിന്റെ പേരിൽ തന്നെ വർഗീയതയില്ലേ

എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ കൊച്ചിയിൽ വെള്ളാപ്പള്ളിയെ ആദരിക്കാനുള്ള ചടങ്ങ് നടന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് മുപ്പതു വർഷം പൂർത്തിയായതിന്റെ ഭാഗമായിരുന്നു ചടങ്ങ്. എസ്എൻഡിപി കൊച്ചി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാനം വെള്ളാപ്പള്ളി നന്ദി പറഞ്ഞു. യഥാർത്ഥ വർഗീയവാദി ആരാണെന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആരംഭിച്ചത്. ലീഗിന്റെ പേരിൽതന്നെ വർഗീയതയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. (‘യഥാർത്ഥ വർഗീയ വാദി ആരാണ്… ലീഗ് അല്ലേ… പേരിൽ തന്നെ വർഗീയതയില്ലേ’: വെള്ളാപ്പള്ളി നടേശൻ, ജൂലൈ 20, മീഡിയാവൺ). മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാർട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ഓർമിപ്പിച്ചു (ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാർട്ടി-വെള്ളാപ്പള്ളി, ജൂലൈ 20, മാതൃഭൂമി).

കാന്തപുരത്തിനെതിരേയും അദ്ദേഹം പൊട്ടിത്തെറിച്ചു: കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും. ‘മതപണ്ഡിതന്മാർ ഭരണത്തിൽ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപെടെ മതനേതാക്കൾ ഇടപെടുന്നു. സർക്കാർ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു. പറഞ്ഞതൊന്നും മുസ്ലീം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്. ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്ലീം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പുറകോട്ടില്ല. ഞാൻ തീയിൽ കുരുത്തവനാണ് (‘കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും, എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല’; വെള്ളാപ്പള്ളി നടേശൻ, ജൂലൈ 20 മീഡിയാവൺ).

14. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല

മുസ്ലീം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലീം ലീഗിനെ ഉന്നമിട്ട് വെള്ളാപ്പള്ളി രംഗത്തു വന്നത്. ഇടതുപക്ഷ സർക്കാർ പോലും മുസ്ലീം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടൽ. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായി. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്ലീം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മതപണ്ഡിതന്മാർ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു (‘മുസ്ലീം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസർക്കാർ പോലും മുസ്ലീം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകൾ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടൽ; വിരുന്നു വന്നവർ വീട്ടുകാരായി; വീട്ടുകാർ പെരുവഴിയിലും’; വിവാദ പ്രസംഗം ആവർത്തിച്ച് വെള്ളാപ്പള്ളി വീണ്ടും, ജൂലൈ 20, മറുനാടൻ മലയാളി).

ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്കിന് മുന്നിൽ ഇടത്-വലത് മു്ന്നണികൾ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (ഇടതും വലതും വോട്ട്ബാങ്ക് രാഷട്രീയത്തിനാണ് നിലകൊള്ളുന്നത്: വെള്ളാപ്പള്ളി നടേശൻ, ജൂലൈ 21, കേരളകൗമുദി).

15. മുസ്ലീം വിരോധിയല്ല

താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി. ആലുവ എസ്എൻഡിപി ശാഖാ നേതൃസംഗമത്തിലായിരുന്നു പ്രതികരണം. 30 വർഷമായി യോഗത്തിന്റെ കണക്ക് പരിശോധിക്കുന്നത് റഹിം അസോയിയേറ്റാണ്. മതം നോക്കിയാണെങ്കിൽ ഈഴവർ ഇല്ല്ാഞ്ഞിട്ടാണോ? യോഗത്തിനെതിരായ കേസുകൾ വാദിക്കുന്നത് കൊല്ലത്തെ നിസാറെന്ന അഭിഭാഷകനാണ്. ട്രസ്റ്റിന്റെ കാര്യങ്ങൾ മലബാറുകാരനായ റഹിമാണ് ചെയ്യുന്നത്- വെള്ളാപ്പള്ളി പറഞ്ഞു (മുസ്ലീം വിരോധിയല്ല, സത്യം തുറന്നുപറയും: വെള്ളാപ്പള്ളി, ജൂലൈ 21, കേരളകൗമുദി).

16. ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നു

പള്ളുരുത്തിയിൽ എസ്എൻഡിപി കൊച്ചി യൂണിയൻ നൽകിയ സ്വീകരണച്ചടങ്ങിലും വെള്ളാപ്പള്ളി വിദ്വേഷപ്രചാരണം നടത്തി. മുസ്ലീം ലീഗ് വർഗീയമാണ്. ആ പാർട്ടിയിൽ മുസ്ലീങ്ങൾ മാത്രമേയുള്ളൂ. ചില സമുദായ നേതാക്കൾ ഭരണത്തെ നിയന്ത്രിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ലീഗിനു മുന്നിൽ സർക്കാർ മുട്ടിലിഴയുകയാണ്. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഇപ്പോൾ ലീഗാണ്. ജനാധിപത്യം മതാധിപത്യമായി മാറി (വിഷം തുപ്പി വീണ്ടും, ജൂലൈ 21 ചന്ദ്രിക).

17. ലീഗ് മതേതരപാർട്ടിയല്ല

ലീഗ് മതേതരപാർട്ടിയല്ല, മതരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി കുന്നത്തുനാട് താലൂക്ക് യൂണിയൻ പെരുമ്പാവൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമർശം (ലീഗ് മതേതര പാർട്ടിയല്ല, മതരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ- വെള്ളാപ്പള്ളി, ജൂലൈ 27, മാധ്യമം).

18. ലീഗ് നമ്മളെ കാർന്നുതിന്നുന്ന ക്യാൻസറായി മാറിക്കഴിഞ്ഞു

കേരളം കണ്ടിട്ടുള്ളതിൽവച്ച് പരമ പന്നനാണ് വി ഡി സതീശനെന്നും മുസ്ലീം ലീഗിന് ഒത്തുപറഞ്ഞ് അടുത്ത സ്ഥാനം ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഇതേ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മതേതരത്വം പറഞ്ഞ് മതാധിപത്യം സ്ഥാപിക്കാനാണ് ശ്രമം. ലീഗ് നമ്മളെ കാർന്നുതിന്നുന്ന ക്യാൻസറായി മാറിക്കഴിഞ്ഞു (വി.ഡി സതീശൻ പരമപന്നൻ, ഈഴവ വിരോധി, ലീഗ് കാർന്നുതിന്നുന്ന ക്യാൻസർ: വെള്ളാപ്പള്ളി, ജൂലൈ 27, മംഗളം).

19. ആർഎസ്സിനെയും ബിജെപിയെയും എതിർക്കാൻ മുസ്ലീം വർഗീയതയെ പ്രോൽസാഹിപ്പിക്കണമെന്നാണ് അവർ കരുതുന്നത്

തെരഞ്ഞെടുപ്പിന് വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലീം വർഗീയതയെയും ആത്മാർത്ഥമായി എതിർത്ത നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് വെള്ളാപ്പളളി നടേശൻ. ആർഎസ്സിനെയും ബിജെപിയെയും എതിർക്കാൻ മുസ്ലീം വർഗീയതയെ പ്രോൽസാഹിപ്പിക്കണമെന്നാണ് അവർ കരുതുന്നത്. വിഎസ് അതിനെ എതിർത്തു (നിലപാടുകളുടെ മനുഷ്യൻ, ദ്വിജൻ, അനന്തപുരി, ജൂലൈ 27, ദീപിക).

20. വി.ഡി സതീശൻ ലീഗിനെ സുഖിപ്പിക്കുന്നു

മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുന്നുവെന്നും മുസ്ലീം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതുപോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലീം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. മതസൗഹാർദ്ദം വൺവേ ട്രാഫിക്കല്ല. എസ്എൻഡിപി യോഗത്തിന്റെ വളർച്ച ലീഗിന് പിടിക്കുന്നില്ല. പറവൂരിൽ എസ്എൻഡിപി നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം (വിദ്വേഷപ്രസംഗം തുടർന്ന വെള്ളാപ്പള്ളി, ജൂലൈ 28, സുപ്രഭാതം).

21. ലീഗ് എസ്എൻഡിപിയെ തകർക്കാൻ ശ്രമിച്ചു

ലീഗ് എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ കപട മതേതര വാദമാണ്. അധികാരത്തിലുള്ള സമയത്ത് ലീഗാണ് വിദ്യാഭ്യാസം കൈകാര്യം ചെയ്തത്. എന്നിട്ടും ഈഴവർക്ക് ഒന്നും തന്നില്ല. മലപ്പുറത്ത് മാത്രം 11 ആർട് കോളജുകൾ ഉണ്ട്. ആറ് അറബിക്കോളജുകളും ഉണ്ട്. സത്യം പറയുന്നതുകൊണ്ട് വർഗീയവാദിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണയന്നൂർ യൂണിയൻ ശാഖാനേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (എസ്എൻഡിപിയെ തകർക്കാൻ മുസ്ലീം ലീഗ് ശ്രമിച്ചു-വെള്ളാപ്പള്ളി, ജൂലൈ 28, മാതൃഭൂമി).

22. ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളത്

ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളതെന്നും ലീഗ് മുസ്ലീങ്ങൾക്കുവേണ്ടി സംസ്ഥാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ: ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളത്. സാധാരണ മുഖ്യമന്ത്രിമാരാണ് മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലീഗ് മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശ്ശബ്ദരായി. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കുമെന്ന് യൂത്ത്‌ലീഗ് പറഞ്ഞപ്പോൾ മതേതരരും നിശ്ശ്ദരായി. ഈഴവർക്ക് സംസ്ഥാനത്ത് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രയും എണ്ണം മലപ്പുറം ജില്ലയിൽ മാത്രം മുസ്ലീം സമുദായത്തിനുണ്ട്. കേരളം ഭരിക്കേണ്ടത് എങ്ങനെയാണെന്ന് മലപ്പുറത്ത് നിന്ന് പറയേണ്ട. മിക്ക കോൺഗ്രസ്‌കാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്- എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പളി (അവഗണന ചൂണ്ടിക്കാട്ടുമ്പോൾ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു: വെള്ളാപ്പള്ളി, ആഗസ്റ്റ് 3, കേരളാ കൗമുദി).

23. മുസ്ലീം ലീഗ് എന്ന ഊന്നുവടി

മുസ്ലീം ലീഗ് എന്ന ഊന്നുവടി ഇല്ലാതെ കോൺഗ്രസ്സിന് നിലനിൽക്കാൻ കഴിയില്ലെന്നും ഇല്ലായ്മയെ ചൂഷണം ചെയ്താണ് മതപരിവർത്തനമെന്നും ജനിച്ചിട്ട് ഇന്ന് വരെ എസ്. എൻ. ഡി. പി ഓഫീസിൽ പോകാത്ത വി എം സുധീരൻ പാണക്കാട് പോയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി- മാവേലിക്കര, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ശാഖാ നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പ്ള്ളിയുടെ വിദ്വേഷപ്രസംഗം (മുസ്ലീം ലീഗ് ഇല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല, ആഗസ്റ്റ് 3, കേരളാ കൗമുദി).

24. പിന്നിൽ ജമാഅത്തെ ഇസ്ലാമി

തന്നെ ഹിന്ദുത്വവാദിയായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. ‘എന്റെ ഇന്നലെകൾ’ എന്ന ആത്മകഥയിലാണ് ഈ പരാമർശമുള്ളത്. മാധ്യമത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇടം വലം എന്ന കോളത്തിൽ പി ടി നാസറാണ് ഇക്കാര്യം എടുത്തെഴുതിയത്. താനൊരു കമ്മ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നെന്ന വെളിപ്പെടുത്തലോടുകൂടിയാണ് അദ്ദേഹം ഈ ഭാഗം പറയുന്നത്: ”ഈ ചരിത്രമൊന്നും അറിയാതെയാണ് വെള്ളാപ്പള്ളി ഹിന്ദുവർഗീയവാദിയാണെന്നും സംഘടനയെ ഹിന്ദുത്വത്തിനു കീഴിൽ കെട്ടാൻ നോക്കുന്ന ചെകുത്താനാണെന്നുമൊക്കെ ചില ഗുഢബുദ്ധികൾ ആക്രോശിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പാണ് ഇതിന്റെ മുന്നിൽ നിൽക്കുന്നത്. മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ് ലാമിയുടെ പ്രസിദ്ധീകരണമാണ് മാധ്യമം (സഖാവ് വെള്ളാപ്പള്ളി, പി ടി നാസർ, ആഗസ്റ്റ് 4, ഇടം വലം, മാധ്യമം).

25. ചില സമുദായക്കാർ അവരുടെ ആളിനെ നോക്കി വോട്ടുചെയ്യും

ഹരിപ്പാട് കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയനിലെ ശാഖാ നേതൃസംഗമ ഉദ്ഘാടനത്തിൽ വീണ്ടും വെള്ളാപള്ളിയുടെ വിദ്വേഷ പ്രസ്താവന (ആഗസ്റ്റ് 6, മെട്രോ വാർത്ത): ‘ചില സമുദായക്കാർ അവരുടെ ആളിനെനോക്കി വോട്ടുചെയ്യും. എന്നാൽ, ഈഴവർ ആർക്കുവേണമെങ്കിലും വോട്ടുചെയ്യുന്ന അവസ്ഥയാണുള്ളത്. കുട്ടനാട്ടിൽ മുഴുവൻ പേര് പോലും അറിയാത്ത പാർട്ടിയുടെ, ഒരു കെട്ടുവള്ളത്തിൽ കയറാൻ പോലും ആളില്ലാത്ത പാർട്ടിയുടെ, സ്ഥാനാർഥിയെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചത്. അധികാരം ഘടകകക്ഷികൾ പങ്കിട്ടെടുക്കുകയാണ്. സമ്പത്തും വ്യവസായവും ഭൂമിയും വിദ്യാഭ്യാസവുമെല്ലാം ന്യൂനപക്ഷമാണെന്ന് പറയുന്നവർ കൈയ്യാളുകയാണ്. മറ്റുള്ളവർക്ക് ഒന്നും കിട്ടുന്നില്ല. ഈഴവർക്ക് തൊഴിലുറപ്പിൽ മാത്രമാണ് നല്ല പ്രാതിനിധ്യമുള്ളത്. സമുദായാംഗങ്ങൾ തൊഴിലിനുവേണ്ടി യാചിക്കുകയാണ്. നിലയ്ക്കലിൽ പള്ളിക്കായി പ്രമേയം പാസാക്കുകയും ബാബറി മസ്ജിദ് തകർത്തതിനെതിരെ തെരുവിലിറങ്ങുകയും ചെയ്ത സമുദായമാണ് നമ്മളുടേത്. എന്നാൽ, പൊലീസ് ശിവഗിരി തല്ലിത്തകർത്തപ്പോൾ ഒപ്പം നിൽക്കാൻ ആരെയും കണ്ടില്ല’

26. മുസ്ലീം രാജ്യം സൃഷ്ടിക്കാൻ ശ്രമം

മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലീം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: കേരളത്തിലെ കോൺഗ്രസിന് മുസ്ലീം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല. മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലീം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലീം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (ലീഗിന്റെ ശ്രമം മുസ്ലീം രാജ്യം സൃഷ്ടിക്കാൻ, കോൺഗ്രസിന് അവരില്ലാതെ മുന്നോട്ടുപോകാനാവില്ല-വെള്ളാപ്പള്ളി, ആഗസ്റ്റ് 9, മാതൃഭൂമി).

27. ന്യൂനപക്ഷപദവിയുടെ മാനദണ്ഡവും രാത്രിയിലെ മതാധിപത്യവും

ന്യൂനപക്ഷങ്ങളെ ദേശീയതലത്തില്ല, സംസ്ഥാനതലത്തിൽ കണക്കാക്കണമെന്നു വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തെ തകർക്കാൻ ലീഗ് നേതൃത്വം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം:
എസ്എൻഡിപി യോഗത്തെ തകർക്കാൻ ലീഗ് നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു. പകൽ മതനിരപേക്ഷതയും രാത്രി മതാധിപത്യവുമാണ് ലീഗ് പറയുന്നത്. മുസ്ലീം സമുദായംഗങ്ങൾക്കെതിരേ ഞാൻ പറഞ്ഞില്ല. സത്യം പറയുന്നതിന് എന്നെ ലക്ഷ്യംവച്ച് ആക്രമിച്ചു-വെള്ളാപ്പള്ളി പറഞ്ഞു (ന്യൂനപക്ഷങ്ങളെ സംസ്ഥാന തലത്തിൽ കണക്കാക്കണം: വെള്ളാപ്പള്ളി, ആഗസ്റ്റ് 10, മലയാള മനോരമ).

28. നോമ്പുകാലത്ത് പെട്ടിക്കട പോലും തുറക്കുന്നില്ല

മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമായി മാറില്ലെന്നും മുസ്ലീം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ. എടത്വാ സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിൽ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂനിയനുകളുടെ സംയുക്ത നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം: മുസ്ലീം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണ്. മലപ്പുറത്ത് മുസ്ലീം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. മുസ്ലീങ്ങൾ വോട്ട് ബാങ്ക് കാട്ടി സർക്കാറുകളെ ഭീഷണിപ്പെടുത്തുകയാണ്. കേരളം ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന നിലയിലായി കാര്യങ്ങൾ. മലപ്പുറത്തു നിന്ന് കൽപിക്കുന്നതനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ (മലപ്പുറം സംസ്‌കാരം സ്ഥാപിക്കാനും ശരിഅത്ത് നിയമം നടപ്പാക്കാനും ശ്രമം-വെള്ളാപ്പള്ളി, ആഗസ്റ്റ് 10, മാധ്യമം).

29. ലീഗിന്റേത് മതേതര പൊയ്മുഖം

ലീഗിനെ പറഞ്ഞാൽ മുസ്ലീം വിരോധമാക്കേണ്ടെന്നും അവരുടേത് മതേര പൊയ്മുഖമാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചങ്ങനാശ്ശേരി യൂണിയൻ ശാഖാ നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം: ലീഗ് എല്ലാം കൈക്കലാക്കി. മുസ്ലീം വിഭാഗത്തിന് ഈഴവരേക്കാൾ കൂടുതൽ സ്ഥാപനങ്ങളുണ്ട്. അധികാരത്തിലെത്തിയാൽ ലീഗ് വിദ്യാഭ്യാസവും വ്യവസായവും കൈകാര്യം ചെയ്യുന്നു. മുസ്ലീം രാഷ്ട്രത്തിനായി വാദിക്കുന്ന തീവ്രവാദികൾ മലപ്പുറത്തുണ്ട്. ലീഗന്റേത് മതേതര പൊയ്മുഖം. മതേതരം പറയുന്ന ലീഗിന് എന്താണ് മറ്റ് സമുദായത്തിൽനിന്ന് ഒരു മന്ത്രിയുണ്ടാകാത്തത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നോക്കിയാൽ മനസ്സിലാവും അവരുടെ വർഗീയത- വെള്ളാപ്പള്ളി പറഞ്ഞു (ലീഗിനെ പറഞ്ഞാൽ മുസ്ലീം വിരോധമാക്കുന്നു: വെള്ളാപ്പള്ളി, ആഗസ്റ്റ് 10, കേരള കൗമുദി).

30. മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ ശ്രമം

നാടും ക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുളള ശ്രമങ്ങളാണ് നടന്നതെന്നും ഇതിനു പിന്നിൽ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ശാഖാനേതൃ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം പറയുമ്പോൾ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോൾ വഞ്ചിച്ച ചരിത്രമാണ് മുസ്ലീം ലീഗിന്റേത്. സമുദായത്തിനും സാധാരണക്കാർക്കും വേണ്ടി പറയുമ്പോൾ തേജോവധം ചെയ്യാനും നാവറുക്കാനുമുള്ള സംഘടിത നീക്കമാണ് നടക്കുന്നത് (കൊളള നടത്തിയ ടിപ്പുവിന്റെ പടയോട്ടവും മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ നീക്കം: വെള്ളാപ്പള്ളി നടേശൻ, ആഗസ്റ്റ് 10, കേരളകൗമുദി).

31. മലപ്പുറമെന്നു  പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം.

മലപ്പുറം പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോള്‍ വഞ്ചിച്ച ചരിത്രമാണ് മുസ്ലിംലീഗിന്റേത്. സമുദായത്തിനും സാധാരണക്കാര്‍ക്കും വേണ്ടി പറയുമ്പോള്‍ തേജോവധം ചെയ്യാനും നാവറുക്കാനുമുള്ള സംഘടിത നീക്കമാണു നടക്കുന്നത് (കൊളള നടത്തിയ ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാന്‍ നീക്കം: വെള്ളാപ്പള്ളി നടേശന്‍, ആഗസ്റ്റ് 10, കേരളകൗമുദി)

32. മലപ്പുറമെന്ന് മിണ്ടിയാൽ പ്രതിപക്ഷം ചീത്തപറയും

രാഷ്ട്രീയത്തിൽ ഈഴവന് അവസമില്ലാതായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കായംകുളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: വോട്ട് ബങ്കായി സംഘടിച്ച് ഒരു സമുദായം രാഷ്ട്രീയാധികാരം ഹൈജാക്ക് ചെയ്യുന്നു. ലീഗ് മതേതരപാർട്ടിയാണെന്നാണ് അവകാശവാദം. മലപ്പുറമെന്ന് മിണ്ടിയാൽ പ്രതിപക്ഷം ചീത്തപറയും. അത് തന്നോടുള്ള വിരോധംകൊണ്ടല്ല, ലീഗിനെ സുഖിപ്പിക്കാനുള്ള തന്ത്രമാണ്. മതശാസനകൾക്കനുസരിച്ച് സർക്കാർ ഭരിക്കണമെന്നും അല്ലാത്ത പക്ഷം ഭരിപ്പിക്കില്ലെന്നുമാണ് ചിലരുടെ ഭീഷണി (രാഷ്ട്രീയത്തിൽ ഈഴവന് അവസരമില്ല; വെള്ളാപ്പളളി, കേരളകൗമുദി ആഗസ്റ്റ് 16).

33. വീട്ടുകാരും വിരുന്നുകാരും

ഈഴവർ വേലിപൊളിച്ച് ഓടിറക്കിയോ വന്നവരല്ല. ഈ രാജ്യത്ത് ജനിച്ച് വന്നവരാണ്. ഇവരൊക്കെ വിദേശത്തുനിന്നുവന്നവരാണ്. വിരുന്നകാരാണ് വന്നവർ ഇന്ന് വീട് ഭരിക്കുന്നു. വീട്ടുകാർ പുറമ്പോക്കിൽ കിടക്കുന്നു…മുസ്ലീമിന്റെയും ക്രിസ്ത്യൻസിന്റെയും വീട്ടിൽ സർക്കാർ ഖജനാവിലുള്ള കോടികളാണ് ശമ്പളമായി എത്തുന്നത്, അപ്പോൾ തടി വരും, കുടവയർ വരും, സുന്ദരിയും സുന്ദരൻമാരുമാകും… അല്ലാതെ നമ്മളെ പോലെ ഇങ്ങനെ ഉണങ്ങിയിരിക്കില്ല (മുസ്ലീമിന്റെയും ക്രിസ്ത്യൻസിന്റെയും വീട്ടിൽ സർക്കാർ ഖജനാവിലുള്ള കോടികളാണ് ശമ്പളമായി എത്തുന്നത്: എസ്എൻഡിപി യോഗത്തിൽ വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ, ആഗസ്റ്റ് 16, മീഡിയാവൺ).

34. മതേതരത്വമല്ല, ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യം

കേരളത്തിൽ ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്.എൻ.ഡി.പി ശാഖ നേതൃസംഗമത്തിലാണ് വിദ്വേഷ പരാമർശം. മലപ്പുറത്ത് കത്തിച്ചത് ഈഴവസമുദായത്തിന്റെ കോലമാണ്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര. അത് മലപ്പുറത്തും നടപ്പാക്കണം. ഈഴവ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എം.എൽ.എമാർ ഇല്ല. മുസ്ലീം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ? മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചു. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തി. (‘പാലായിലും ക്രിസ്ത്യൻ ആധിപത്യം, കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനം’; വീണ്ടും വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 16, മാധ്യമം)

35. ആഗോള മതഭീകരത

ആഗോള മതഭീകരതയുടെ കണ്ണികൾ വിലസുന്ന കാലത്തെ ഓർമിപ്പിച്ച് വെള്ളാപ്പള്ളി നടേശന്റെ യോഗനാദത്തിന്റെ എഡിറ്റോറിയൽ: നവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണമെന്ന് ഉദ്‌ബോധിപ്പിച്ച ഗുരുവിന്റെ നാട്ടിൽ ആഗോള മതഭീകരതയുടെ കണ്ണികളും വിലസുന്ന കാലമാണ്. അവർക്കും സംരക്ഷണം കൊടുക്കാൻ ഇവിടെ ആളുണ്ടെന്നതാണ് ദു:ഖകരം. വരുന്നതിനെയെല്ലാം ഉൾക്കൊള്ളുവാനും അതിലെ നല്ല അംശങ്ങൾ സ്വാംശീകരിക്കുവാനും ഭാരതീയ സംസ്‌കാരത്തിനുള്ള കഴിവാണ് ഇങ്ങിനെയെങ്കിലും നമ്മുടെ നാടിനെ നിലനിറുത്തുന്നത്. അല്ലെങ്കിൽ മതംമാറ്റത്തിലൂടെ എന്നേ ഈ സംസ്‌കാരം അസ്തമിച്ചേനെ…. മുഗളന്മാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും മതംമാറ്റങ്ങൾ നൂറ്റാണ്ടുകൾ നടത്തിയിട്ടും ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കാനായില്ല. പണ്ട് സംഘടിതവും ക്രൂരവുമായ മതംമാറ്റങ്ങളായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തരം അത് പ്രലോഭനങ്ങളിലൂടെയും വിവാഹങ്ങളിലൂടെയും മറ്റുമുള്ള ആളെക്കൂട്ടലായി. ഇപ്പോഴും ഇത്തരം വാർത്തകളാണ് നിത്യമെന്നോണം നാം കേൾക്കുന്നത് (ആഗസ്റ്റ് 16, ഗുരുവിന്റെ പാദമുദ്രകൾ പിന്തുടരാം, യോഗനാദം).

36. സർക്കാർ ഭരണം മലപ്പുറം കല്പനയനുസരിച്ച്

സർക്കാർ ഭരണം മലപ്പുറം കല്പനയനുസരിച്ചാണെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഇരിക്കാൻ പറയുമ്പോൾ സർക്കാർ കിടക്കുന്നു. ഈഴവ സമുദയാങ്ങൾക്ക് യാതൊരു വിലയുമില്ല- മീനച്ചിൽ കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം: ജനാധിപത്യം നശിക്കുകയും മതശക്തികളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു (സർക്കാർ ഭരണം മലപ്പുറത്തെ കല്പനയനുസരിച്ച്: വെള്ളാപ്പള്ളി, ആഗസറ്റ് 17, കേരളകൗമുദി).

37. ഇസ്ലാമിക രാഷ്ട്രം വേണമെന്നാണ് മുസ്ലീം ലീഗിന്റെ അജണ്ട

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണമെന്നും സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി. ഇസ്ലാമിക രാഷ്ട്രം വേണമെന്നാണ് മുസ്ലീം ലീഗിന്റെ അജണ്ട, മുസ്ലീം, അതുപോലെതന്നെ ഇന്ത്യൻ നിയമങ്ങളല്ല ശരീയത്ത് നിയമങ്ങളാണ് അവർക്ക് ബാധകമെന്നും വെള്ളാപ്പള്ളി. വൈക്കം തലയോലപ്പറമ്പ് എസ് എൻ ഡി പി ശാഖകളുടെ യോഗത്തിലായിരുന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പ്രതികരണം: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി. ശ്രീനാരയണീയർ തൊഗാഡിയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടു. രാഹുൽ മാങ്കുട്ടത്തിലിന്റെ കൂട്ടുകാരനാണ് കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സ്വഭാവശുദ്ധിയില്ലാത്തവാരാണ് അവർ. വർഗീയത മാത്രം 24 മണിക്കൂറും തിന്നുകയും, ശ്വസിക്കുകയും, ഛർദ്ദിക്കുകയും ചെയ്യുന്ന ആളുകളാണ് ഇങ്ങനെ പറയുന്നത്. മുസ്ലീം രാഷ്ട്രം ഇവിടെ വരണമെന്നാണ് ലീഗിന്റെ അജണ്ട തന്നെ, മതരാഷ്ട്രമാണ് അവരുടെ തത്വം, ഇന്ത്യൻ ഭരണഘടനയോ നിയമങ്ങളോ അല്ല ഇസ്ലാമിക ശരീയത്ത് ആണ് അവർക്ക് ബാധകം (വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണം; വെള്ളാപ്പള്ളി, ആഗസ്റ്റ് 24, മീഡിയവൺ).

38. ലീഗ് ജനാധിപത്യത്തിന്റെ അന്തകർ

മുസ്ലീം ലീഗ് മതേതരപാർട്ടികളാണെന്ന് ലീഗ് നേതാക്കൾ പറയുന്നുണ്ടെങ്കിലും വർഗീയത പറയുന്നതും പ്രവർത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. ലീഗിനകത്ത് മറ്റൊരു സമുദായത്തിന്റെ എംപിയോ എംഎൽഎയോ കാണിച്ചുതരാൻ കഴിയുമോ? അവരുടെ പേഴ്‌സണൽ സ്റ്റാഫിൽപോലും അങ്ങനെയുള്ളവരില്ല. ഇതാണോ മതേതരത്വം. ലീഗ് ഭരിച്ച വകുപ്പു്കൾ അഴിമതിയായിരുന്നു. ലീഗ് ജനാധിപത്യത്തിന്റെ അന്തകനായി മാറി. ജനാധിപത്യത്തെ സ്‌നേഹിക്കാതെ മതത്തെ സ്‌നേഹിക്കുകയാണ് ലീഗ് ചെയ്തത്- വൈക്കം തലയോലപ്പറമ്പ് എസ്എൻഡിപി യോഗം യൂണിയനുകളുടെ കീഴിലുള്ള ശാഖാ നേതൃസംഗമത്തിലായിരുന്നു ഈ പരാമർശം (വർഗീയത പറയുന്നതും പ്രവർത്തിക്കുന്നതും മുസ്ലീം ലീഗ്-വെള്ളാപ്പള്ളി, ആഗസ്റ്റ് 25, മാതൃഭൂമി).

39. മുസ്ലീം വിരുദ്ധ വീഡിയോ ക്യാമ്പയിൻ

വെള്ളാപ്പള്ളി കേരളത്തിലങ്ങോളമിങ്ങോളം ആഗസ്റ്റ് മാസത്തിൽ എസ്എൻഡിപി നേതൃയോഗങ്ങൾ നടത്തി. മിക്കയിടത്തും പ്രസംഗിച്ചു. ലീഗിനെയും മുസ്ലീം സമുദായത്തെയും ഈഴവരുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നവരായാണ് അദ്ദേഹം ചിത്രീകരിച്ചത്. അച്യുതാനന്ദൻ, ആന്റണി, തുടങ്ങിയ ഇടതു-വലതു നേതാക്കളുടെ പ്രസംഗങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോക്ലിപ്പുകൾ പ്രദർശിപ്പിച്ചശേഷമാണ് വെള്ളാപ്പള്ളി പ്രസംഗം തുടങ്ങുന്നത്. മിക്കവാറും എല്ലാ യോഗത്തിലും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു (മുസ്ലീം വിരുദ്ധ ക്യാമ്പയിനുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 26, സിറാജ്).

40. ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളരുന്നു

ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു. ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എറണാകുളത്തെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്നും അദ്ദേഹം പറഞ്ഞു (‘മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ, ആഗ്സ്റ്റ് 31, മീഡിയാവൺ).

41. ന്യൂനപക്ഷങ്ങൾ കുബേരന്മാരായി

ഈഴവരുടെ വോട്ടും കാശും വാങ്ങി വളർന്ന രാഷ്ട്രീയപാർട്ടികൾ അവരെ അവഗണിക്കുകയാണെന്ന് കരിമ്പാടം ശാഖ ഓഫീസ് ഉദ്ഘാടനസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു: ഈഴവരുടെ കഷ്ടങ്ങളും നഷ്ടങ്ങളും പരിഹരിക്കാനോ സംരക്ഷിക്കാനോ പാർട്ടികൾ തയ്യാറല്ല. നമ്മോടൊപ്പം പത്ത് സെന്റ് കുടികിടപ്പ് വാങ്ങിയ ന്യൂനപക്ഷങ്ങൾ കുബേരന്മാരായി. ഈഴർ കിട്ടിയ ഭൂമി വിറ്റ് തൊഴിലുറപ്പുതൊഴിലാളിമാരായി. മതവും ജാതിയും പറഞ്ഞ് രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കിയ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പറവൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം (ഈഴവർക്ക് തൊഴിലുറപ്പ് മാത്രം, സെപ്തംബർ 1, കേരളകൗമുദി).

42. ലീഗും, പി.ജെ ജോസഫും സ്വസമുദായങ്ങൾക്ക് വാരിക്കോരി നൽകി

വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ. ഇത്തവണ മുസ്ലീം ലീഗിനും, പിജെ ജോസഫിനുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇരുകൂട്ടരും അധികാരത്തിലുള്ളപ്പോൾ സ്വന്തം സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴയിൽ നടന്ന എസ്എൻഡിപി യൂണിയൻ ശാഖാ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ കടന്നാക്രമണം: പിജെ ജോസഫ് സ്വന്തം സമുദായത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി. ഇതിനായി നിയമങ്ങളും, ചട്ടങ്ങളും മാറ്റിയെഴുതി. മുസ്ലീം ലീഗ് ഭരിച്ചപ്പോൾ മുസ്ലീം ന്യൂനപക്ഷത്തിനും വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു. ഈഴവരടക്കമുള്ള വിഭാഗങ്ങളെ തഴഞ്ഞു (മുസ്ലീം ലീഗും, പി.ജെ ജോസഫും സ്വന്തം സമുദായങ്ങൾക്ക് വാരിക്കോരി നൽകി; വിദ്വേഷം തുടർന്ന് വെള്ളാപ്പള്ളി, സെപ്തംബർ 1, സുപ്രഭാതം).

43. സർവമത സമ്മേളനത്തിന് കാരണം മാപ്പിള ലഹള

ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ച അതേ യോഗത്തിലും വെള്ളാപ്പള്ളി നടേശൻ തുടർന്നു:
ശ്രീനാരായണ ഗുരു സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹളയാണ്. മാപ്പിള ലഹളയുടെ ഭാഗമായി സ്ത്രീകൾ വലിയ രീതിയിൽ മാനഭംഗപ്പെടുകയും മതംമാറ്റത്തിന് വിധേയമാവുകയും ചെയ്യുകയാണെന്ന് മനസിലാക്കിയ ഗുരു നിജസ്ഥിതി അറിയാൻ കുമാരനാശാനെ പറഞ്ഞുവിട്ടു. ലഹള നടക്കുന്ന സ്ഥലങ്ങളിലെത്തി കാര്യങ്ങൾ കണ്ടുമനസിലാക്കി വിവരങ്ങൾ കുമാരനാശാൻ ഗുരുവിനെ ധരിപ്പിച്ചു. തുടർന്നാണ് എല്ലാ മതവും ഒന്നാണെന്ന് പഠിപ്പിക്കാൻ ഗുരു സർവമത സമ്മേളനം വിളിച്ചത്. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട് താൻ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു (ശ്രീനാരായണ ഗുരു സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹള; മലബാർ കലാപത്തെ സ്വാതന്ത്രസമരമാക്കാൻ ശ്രമം, വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി, സെപ്തംബർ 4, മാധ്യമം).

മാധ്യമം വാർത്ത

44. വർഗീയമാണ് എന്ന് പറയുകയാണെങ്കിൽ അങ്ങനെ കണക്കാക്കിക്കോ

മലബാർ കലാപവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന കുമാരനാശാന്റെ പുസ്തകത്തിൽ എഴുതിയ കാര്യമാണ് എന്നും അതിനെ വർഗീയമാണ് എന്ന് പറയുകയാണെങ്കിൽ അങ്ങനെ കണക്കാക്കിക്കോ എന്നും വെള്ളാപള്ളി നടേശൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. താൻ പറഞ്ഞത് സത്യമാണ്. കുമാരനാശാൻ മലബാർ കലാപത്തിലെ വസ്തുതകൾ ഗുരുദേവനെ ധരിച്ച ശേഷമാണ് സർവ്വ മത സമ്മേളനത്തിൽ എല്ലാ മതസാരവും ഒന്നാണ് എന്ന് ഗുരുദേവൻ എഴുത്തികൊടുത്തത് എന്നും വെള്ളാപള്ളി പറഞ്ഞു (മലബാർ കലാപത്തെക്കുറിച്ച് താൻ പറഞ്ഞത് സത്യം; വർഗീയതയെങ്കിൽ അങ്ങനെ കണക്കാക്കിക്കോ…; സംശയമുള്ളവർ കുമാരനാശാന്റെ പുസ്തകം വായിച്ചു നോക്കൂ: വെള്ളാപ്പള്ളി, സെപ്തംബർ 6, മീഡിയവൺ).

45. ലീഗ് ഭരിച്ചാൽ പാക് ഭരണം

യുഡിഎഫിന് ഭരണം ലഭിച്ചാൽ ലീഗ് ഭരിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ പാകിസ്താൻ ഭരണം വരുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരം എസ്എൻഡിപി ശാഖാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന് പ്രസക്തിയില്ലെന്നും ലീഗ് അവരെ മൂലക്കിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളത് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കിയെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു (ലീഗ് ഭരിച്ചാൽ പാക് ഭരണം വരും: വീണ്ടും അധിക്ഷേപ പരാമർശവുമായി വെള്ളാപ്പള്ളി, ഒക്ടോബർ 10, ഡൂൾ ന്യൂസ്).

ലീഗിൽ പാകിസ്താൻ മനോഭാവമുള്ളവരുണ്ടെന്നും കെ.എം ഷാജി അത്തരക്കാരനാണെന്നും കൂടി വെള്ളാപ്പള്ളി പറഞ്ഞു (സ്വർണപ്പാളി വിവാദം; പ്രതിപക്ഷം കാണിക്കുന്നത് അസംബന്ധം, അനാവശ്യ ചർച്ചകളാണെല്ലാം: വെള്ളാപ്പള്ളി, ഒക്ടോബർ 10, മീഡിയാവൺ).

46. ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി

മുസ്ലീം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് മുസ്ലീം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മലപ്പുറം ജില്ലയെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ലീഗ് തന്നെ മുസ്ലീം വിരോധിയാക്കി. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി.’ മുസ്ലീം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാൻ സാധിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. മുസ്ലീം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ്. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുസ്ലീം സംഘടനകൾ വളർന്നു (മുസ്ലീം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കൽ ലക്ഷ്യം; വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി, ഒക്ടോബർ 11, സമകാലിക മലയാളം).

47. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം

ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് വെള്ളാപ്പള്ളി നടേശൻ. കഴക്കൂട്ടത്ത് നടന്ന യോഗം ശാഖാ നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ലീഗ് മതപാർട്ടിയാണ്. മുസ്ലീം സമുദായത്തിനനുകൂലമായ ഭരണമാണ് ലക്ഷ്യം. എന്നിട്ടും മതേതരത്വമാണ് സംസാരിക്കുന്നത്. യുഡിഎഫ് ഭരണമെന്നാൽ ലീഗ് ഭരണമെന്നാണ് അർത്ഥം. ലീഗ് പണം കൊണ്ടുപോകും. ലീഗിന് മസിൽപവറും മണി പവറുമുണ്ട്. മതതീവ്രവാദികളെ ഒറ്റപ്പെടുത്തി ദേശീവാദികളെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനുള്ള ചിന്തയുണ്ടാകണം (മതരാഷ്ട്രമാണ് ലീഗിന്റെ ലക്ഷ്യം: വെള്ളാപ്പള്ളി, ഒക്ടോബർ 12, കേരളകൗമുദി).

48. ലീഗിന്റെ യഥാർത്ഥ മുഖം ദുബായിൽ ചെന്നാലറിയാം

ലീഗിന്റെ യഥാർത്ഥ മുഖം ദുബായിൽ ചെന്നാലറിയാമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ്സിന് ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു (ലീഗുകാരുടെ യഥാർത്ഥ മുഖം ദുബായിൽ ചെന്നാലിയാം-വെള്ളാപ്പള്ളി, ഒക്ടോബർ 12, മനോരമ).

മനോരമ വാർത്ത

49. പഞ്ചസാരയിൽ പൊതിഞ്ഞ മതേതരത്വം

ജാതി പറയാതെ നീതി കിട്ടില്ലെന്ന് വെള്ളാപ്പള്ളി. പിന്നാക്കക്കാർക്ക് ഒന്നും തലില്ല. ഇതു പറയുന്നതുകൊണ്ട് തന്നെ വർഗീയവാദിയാക്കി. മതേതരത്വം പറഞ്ഞുകൊണ്ട് ലീഗ് മുസ്ലീം കൂട്ടായ്മയുണ്ടാക്കുന്നു. മതേതരത്വം പഞ്ചസാരയിൽ പൊതുഞ്ഞ് അതിനുള്ളിൽ പൊട്ടാസ്യം സയനൈഡ് വച്ചാണ് തരുന്നത്. ഒന്നാം ശത്രു ഹിന്ദു. രണ്ടാമത് ക്രൈസ്തവർ. ഇടതുപക്ഷ സർക്കാർ ശ്രീനാരായണഗുരു സർവകലാശാല രൂപീകരിച്ചപ്പോൾ തലപ്പത്ത് വന്നത് ഈഴവനല്ല, ഗൾഫിൽ കിടന്നിരുന്ന ഒരാൾ. ഇതിനെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചു. രാജ്യസഭയിലേക്ക് എംപിമാരെ അയച്ചപ്പോൾ മുസ്ലീങ്ങൾ അഞ്ച് പേർ. ഈഴവർ ആരുമില്ല- ശിവഗിരി, ആറ്റിങ്ങൽ, ചിറയിൻകീഴ് ശാഖാ നേതൃയോഗത്തിലായിരുന്നു പ്രസംഗം (ജാതി പറയാതെ നീതി കിട്ടില്ല: വെള്ളാപ്പള്ളി, ഒക്ടോബർ 13, കേരളകൗമുദി).

50. പാകിസ്താന്റെ സ്വരം

കെ.എം ഷാജി പാകിസ്താന്റെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ വിവിധ പരിപാടികളിൽ സംസാരിക്കവേയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്. മതേതരത്വം എന്ന പഞ്ചസാര പുരട്ടി അതിനകത്ത് പൊട്ടാസ്യം എന്ന മതാധിപത്യം സ്ഥാപിക്കാൻ നടക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ലീഗിന്റെ ഭരണം വന്നാൽ രാജ്യത്ത് അരാജകത്വം ഉണ്ടാകും. ലീഗിനെ മറികടക്കാൻ കഴിയാത്തതിനാലാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നത്. ലീഗ് എന്ന വർഗീയ പാർട്ടിയുടെ വടിയൂന്നിക്കൊണ്ടല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്.

ലീഗിന്റെ ഭരണം വന്നാൽ രാജ്യത്ത് അരാജകത്വം ഉണ്ടാകും. ലീഗിന്റെ ഭരണം വരാതിരിക്കാനും തടയിടാനും സാധിച്ചില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിൽ ആകും. മുസ്ലീം ലീഗ് എന്ന വർഗീയ പാർട്ടിയുടെ വടിയൂന്നി കൊണ്ടല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു (കെ.എം ഷാജിക്ക് പാക്കിസ്താന്റെ സ്വരം- വെള്ളാപ്പള്ളി നടേശൻ, മാതൃഭൂമി ന്യൂസ്, ഒക്ടോബർ 13)

51. ‘മതേതര കോമഡി’

മുസ്ലീം ലീഗിന്റേത് മതേതരപൊയ്മുഖമാണെന്ന് ആരോപിച്ചുകൊണ്ട് വെള്ളപ്പള്ളി യോഗനാദത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ജന്മഭൂമി അത് പുനഃപ്രസിദ്ധീകരിച്ചു. ലീഗിന്റേത് മതേതരകോമഡിയാണെന്നും ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്‌ളീം ലീഗ്. അവിഭക്ത ഭാരതത്തിൽ രൂപീകരിക്കപ്പെട്ട സർവ്വേന്ത്യാ മുസ്‌ളീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ളീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്‌ളീങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കലാണ്. അല്ലാതെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ല. ഒരു ചാറ്റൽമഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം. സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ മുസ്‌ളീങ്ങൾക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതരനാടകം ആടുന്നത്. ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗവും മറ്റു ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോൾ സമ്പന്ന മുസ്‌ളീം പ്രമാണിമാർക്കും തട്ടിക്കൂട്ട് മുസ്‌ളീം പ്രസ്ഥാനങ്ങൾക്കും സ്‌കൂളുകളും കോളേജുകളും വാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കിൽ വിലപിക്കുന്നത്. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന നേതാക്കളുളും അണികളും; വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ വേറെയില്ല (മുസ്ലിം ലീഗിന്റെ മതേതര പൊയ്മുഖം, ഒക്ടോബർ 17, ജന്മഭൂമി; പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന നേതാക്കളുളും അണികളും; വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ വേറെയില്ല: രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ, ഒക്ടോബർ 17, ജനംടിവി).

52. വോട്ട് ബാങ്ക് രാഷ്ട്രീയം

കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ യൂണിയനുകളുടെ നേതൃത്വത്തിൽ കുണ്ടറോയിൽ സംഘടിപ്പിച്ച എസ്എൻഡിപി ശാഖാ നേതൃസംഗമത്തിൽ വെള്ളാപ്പള്ളി ചെയ്ത അദ്ധ്യക്ഷപ്രസംഗത്തിൽനിന്ന്: ശ്രീനാരായണ ഗുരു നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലത്ത് ആരംഭിച്ചപ്പോൾ ഗുരുവിന്റെ ചിത്രംപോലും കാണാത്ത ഇസ്ലാംമതവിശ്വാസിയെ ദുബായിൽനിന്നു കൊണ്ടുവന്ന് വൈസ്ചാൻസലറാക്കി. ഇടതുപക്ഷത്തെയാണ് ഞാൻ വിമർശിച്ചത്. എന്നാൽ, ഇടതുമുന്നണിയിലെ ഒരു പാർട്ടിയും മിണ്ടിയില്ല. എനിക്കെതിരെ രംഗത്തുവന്നത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. ഇടതും വലതും കൂടി രാജ്യസഭാംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ ഏഴ് പേർ ന്യൂനപക്ഷവും രണ്ടു പേർ നായർ സമുദായക്കാരുമായിരുന്നു. പിന്നാക്കക്കാരെ പരിഗണിച്ചതേയില്ല. അത് ചൂണ്ടി കാട്ടിയപ്പോൾ മുസ്ലീം ലീഗ് എനിക്കെതിരെ രംഗത്തെത്തി. അവർ വോട്ട് ബാങ്കാണ്. അവർക്കെതിരെ മറ്റാരും ഒന്നും പറയാറില്ല (മലപ്പുറത്തെ സാമൂഹിക സത്യം ഇനിയും പറയും: വെള്ളാപ്പള്ളി, ഒക്ടോബർ 21, കേരളകൗമുദി).

53. ന്യൂനപക്ഷ പദവി എന്ന് പറഞ്ഞ് എല്ലാ ഇടത്തും പിടിമുറുക്കി

കേരള കൗമുദിയിൽ പ്രത്യേക അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞത്:
ചോദ്യം: കേരളത്തിൽ പൊതുവേ ജാതിയും വർഗീയതയും വർദ്ധിക്കുകയാണോ?
ഉത്തരം: വളരെ ശക്തമായി വർദ്ധിച്ചിട്ടുണ്ട്. വർദ്ധിക്കേണ്ട സാഹചര്യം വന്നു. കാരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി. ആനുപാതികമായി നമുക്ക് ഉയർന്നെന്ന് പറയാം. പക്ഷേ, മറ്റുള്ളവരുമായി നോക്കുമ്പോൾ പണ്ടുള്ളതിൽ നിന്ന് ഒരുപാട് കാതം അകലെയായി. ന്യൂനപക്ഷക്കാർ, ന്യൂനപക്ഷ പദവി എന്ന് പറഞ്ഞ് ഒന്നായി നിന്നുകൊണ്ട് അവർ തങ്ങളുടെതായി രാഷ്ട്രീയത്തിൽ ഉൾപ്പെടെ എല്ലാ ഇടത്തും പിടിമുറുക്കി. മുസ്ലീം ലീഗിനെ പണ്ട് നെഹ്റു വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്; ആ നെഹ്റുവിന്റെ കോൺഗ്രസുകാർ ആ കുതിരപ്പുറത്തല്ലേ കയറി സെക്രട്ടേറിയറ്റിൽ എത്തുന്നത് (ദേവസ്വം ബോർഡുകളിൽ അടിമുടി മാറ്റം വേണം, ഒക്ടോബർ 26, കേരള കൗമുദി).

54. വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗ്

വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്‌എൻഡിപി യോഗം പുനലൂരിൽ നടത്തിയ ശാഖാ നേതൃസംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗിൽ തൊട്ടാൽ ചത്തുപോകും. മനുഷ്യത്വവും മര്യാദയും വകതിരിവും അവർക്കറിയില്ല. മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന ലീഗ് ഒന്നാന്തരം വർഗീയ പാർട്ടിയാണ്. അവരുടെ ഭരണം വന്നാൽ നാം ആത്മഹത്യ ചെയ്യേണ്ടിവരും (മുസ്ലീം ലീഗ് വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് – വെള്ളാപ്പള്ളി, മാതൃഭൂമി, 2 നവമ്പർ).

55. കേരള രാഷ്ട്രീയത്തിൽ മുസ്ലീം ആധിപത്യം

കേരള രാഷ്ട്രീയത്തിൽ മുസ്ലീം ആധിപത്യമാണ് കാണുന്നതെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്‌എൻഡിപി യോഗം പുനലൂർ–പത്തനാപുരം താലൂക്ക് യൂണിയനിലെ ശാഖാ ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, മറ്റ് പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃസംഗമത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു (കേരള രാഷ്ട്രീയത്തിൽ മുസ്ലീം ആധിപത്യം: വെള്ളാപ്പള്ളി, ജൻമഭൂമി, നവംബർ 3).

56. മുസ്ലീങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കട പോലും തുറക്കാൻ അനുവദിക്കില്ല

മലപ്പുറത്ത് മതാധിപത്യമാണെന്നും, മലപ്പുറത്തെക്കുറിച്ചുള്ള തന്റെ മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും ‘ന്യൂസ് 18’ ദേശീയ ചാനലിനോട് വെള്ളാപ്പള്ളി ആവർത്തിച്ചു.

മുസ്ലീങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കട പോലും തുറക്കാൻ അനുവദിക്കില്ല. പലരും പലതും പറയാത്തത് ഭയന്നിട്ടാണെന്നും, തനിക്ക് ആ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു: മുസ്ലീം വിഭാഗത്തിന്റെ മതതാൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മറ്റു മതവിഭാഗങ്ങൾക്ക് മലപ്പുറത്ത് ജീവിക്കാനാകൂ. അവരുടെ മതപരമായ ആചാരചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട തുറക്കാൻ പോലും സമ്മതിക്കുമോ? വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്ട്രീയ നേതൃത്വത്തിനും തന്റേടമില്ല. ഇതൊക്കെ എല്ലാവരുടെയും മനസിലുണ്ട്. എല്ലാവർക്കും ഇതറിയാം. പക്ഷേ, പരസ്യമായി പറയുന്നില്ല എന്നു മാത്രം. ആരും പറയുന്നില്ല എന്നതുകൊണ്ട്…(മലപ്പുറത്ത് മുസ്‌ലിം മതാധിപത്യമെന്ന് വെള്ളാപ്പള്ളി വീണ്ടും, മെടോ വാർത്ത, 6 നവംബർ).

നോമ്പുകാലത്തെ കുറിച്ചുള്ള പരാമർശം, മനോരമ വാർത്ത

57. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല

പേര് തന്നെ മുസ്ലീം ലീഗ് എന്നാണ്. അതിന്റെ അർത്ഥം മുസ്ലീം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിന് പാലുണ്ട്. കരഞ്ഞതുകൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മൾ ഇഷ്ടപ്പെടണം. ആലപ്പുഴയിൽ എസ്എൻഡിപി യുടെ ഉന്നത വിദ്യഭ്യാസ പുരസ്കാര ചടങ്ങായിരുന്നു സന്ദർഭം (‘ഞാനും മുസ്ലീം ലീഗും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നു’ – വെള്ളാപ്പള്ളി, മീഡിയാവൺ, നവംബർ 24).

58. ഹിന്ദുക്കളെയും ക്രൈസ്തവരെയും ഭയപ്പെടുത്തിയാണ് മുസ്ലീം ലീഗ് കേരളം ഭരിക്കാൻ ശ്രമിക്കുന്നത്

ഹിന്ദുക്കളെയും ക്രൈസ്തവരെയും ഭയപ്പെടുത്തിയാണ് മുസ്ലീം ലീഗ് കേരളം ഭരിക്കാൻ ശ്രമിക്കുന്നതെന്ന് എസ്‌.എൻ‌.ഡി‌.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്‌.എൻ‌.ഡി‌.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ജയന്തി ആഘോഷ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർ കേരളത്തിൽ ഭയന്നാണ് ജീവിക്കുന്നത്. പൊതുവായ പല വിഷയങ്ങളിലും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയും വിരട്ടിയുമാണ് ലീഗ് കാര്യങ്ങൾ സാധിപ്പിക്കുന്നത്. സ്വന്തം മതത്തിനുവേണ്ടി മാത്രമാണ് ലീഗും ലീഗ് നേതാക്കളും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കേരളത്തിന്റെ പൊതുസമ്പത്ത് മതത്തിന്റെ പേരിൽ അവർ കവർന്നെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലീം ലീഗെന്ന് പേരുള്ള പാർട്ടി മതേതരത്വം പറയുമ്പോൾ ആ കെണിയിൽ ഇനിയും വീഴരുത്. മതേതരത്വം ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല. ഇപ്പോൾ മതേതരത്വം പറയുന്നവരുടെ എല്ലാം മനസിൽ കടുത്ത മതചിന്ത മാത്രമേയുള്ളൂ (മുസ്ലീം ലീഗ് ഭയപ്പെടുത്തി കേരളത്തെ നയിക്കുന്നു: വെള്ളാപ്പള്ളി നടേശൻ, ഡിസംബർ 6, കേരള കൗമുദി).

59. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോൺഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ്

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാൾ വെള്ളാപ്പള്ളിയാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളിൽ ‘മാതൃഭൂമി’യോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോൺഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ് (‘പാവപ്പെട്ട ജാതിക്കാരനായതുകൊണ്ടാണോ തിരഞ്ഞെടുപ്പ് ഫലത്തിലെ കുറ്റപ്പെടുത്തൽ?’ — വെള്ളാപ്പള്ളി, മാതൃഭൂമി ഓൺലൈൻ, ഡിസംബർ 16).

60. മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യമാണ്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട (ഒരു മണിക്കൂർ) വാർത്താ സമ്മേളനം ആലപ്പുഴയിൽ വെള്ളാപ്പള്ളി നടത്തി. തന്നെ മുസ്ലീം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും, വർഗീയവാദിയാക്കുന്നതിനായി ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താനാണ് കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയെന്ന് മുസ്ലീം ലീഗ് പറയുന്നതായും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു: മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യമാണ്, എന്തൊരു അഹങ്കാരമാണ്. പണമുണ്ട് അവർക്ക്, വിദേശപണമുണ്ട്, സ്വദേശപണമുണ്ട് (മീഡിയവൺ, ഡിസംബർ 17).

തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം, ശബരി.

Also Read