ഇസ്‌ലാമോഫോബിയ റിപ്പോർട്ട് : ഏപ്രിൽ 2026 – 168 സംഭവങ്ങൾ, 42 വിദ്വേഷ പ്രസ്താവനകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

42  വിദ്വേഷ പ്രസ്താവനകൾ

 1. എളമരം കരീം:  ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഐഎസ് രൂപീകരണം (എസ്ഡിപിഐയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ജമാഅത്തെ ഇസ്‌ലാമി പ്രശ്‌നക്കാരെന്ന് എളമരം കരീം, 01 ഏപ്രില്‍, മീഡിയ വണ്‍ ഫേസ്ബുക്).

2. പിണറായി വിജയന്‍: രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്ലാത്ത, ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്നും സംഘപരിവാര്‍ സംഘങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ തീവ്രവാദ സംഘടനകളും കലാപത്തിനു ശ്രമിക്കുന്നതായി പിണറായി വിജയന്‍ (ഡീല്‍ ആരോപണം പരാജയഭീതി മറക്കാന്‍, പിണറായി വിജയന്‍/സുരേഷ് മമ്പള്ളി, 01 ഏപ്രില്‍, മാധ്യമം).

3. എം.വി ഗോവിന്ദന്‍. എസ്ഡിപിഐയെപ്പോലുള്ള വര്‍ഗീയ ശക്തികളുമായി എല്‍ഡിഎഫിന് കൂട്ടുകെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു (കോണ്‍ഗ്രസ് ചെലവില്‍ സീറ്റ് നേടാന്‍ ബിജെപി: എം വി ഗോവിന്ദന്‍, 01 ഏപ്രില്‍, ദേശാഭിമാനി).

4.  ജന്മഭൂമി: തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ നിയന്ത്രിക്കുന്നത് നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും, ആഗോള മുസ്ലീം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയും (എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍, 01 ഏപ്രില്‍, ജന്മഭൂമി).

5. ജന്മഭൂമി: ബിജെപി ഒരു ഭാഗത്തും മതഭീകരവാദികളും ഇടതുവലത് മുന്നണികളും ഒരു ഭാഗത്തും എന്ന നിലയില്‍ കേരളം രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത (എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍, 01 ഏപ്രില്‍, ജന്മഭൂമി).

6. ശോഭ സുരേന്ദ്രന്‍: സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നത് വ്യാജ ആരോപണണാണെന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായി ശോഭ സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും വി.ഡി സതീശന്റെ ബന്ധം പുറത്തുവന്നശേഷം ആരംഭിച്ച കുപ്രചാരണമാണെന്നും അവര്‍ പറഞ്ഞു: രണ്ട് സംഘടനകളും മതരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. ഡീല്‍ ആരോപണം ഈ ചര്‍ച്ചയില്‍നിന്ന് വഴി തെറ്റിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തീവ്രവാദികളുടെ സഹായത്തോടെ ഭരണം പിടിക്കാനുള്ള അണിയറ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പുകമറ സൃഷ്ടിക്കാനാണ് സതീശന്റെ ശ്രമം (ഐ ഹാവ് എ ഡീല്‍, ആന്റ് ദാറ്റ് ഈസ് വിത്ത് ദി വോട്ടേഴ്‌സ്, ശോഭാ സുരേന്ദ്രന്‍, ശ്യാം പി വി, അഭിമുഖം, 01 ഏപ്രില്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).

7. എം.വി ഗോവിന്ദൻ:  കേരളത്തിലും ഇന്ത്യയിലും ലോകത്തും അറിയപ്പെടുന്ന വര്‍ഗീയപ്രസ്ഥാനത്തിന്റെ പേരാണ് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ജമാഅത്തെ ഇസ്‌ലാമി (എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുന്നത് എന്തിനാ? ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലല്ലോ, 02 ഏപ്രില്‍, റിപ്പോര്‍ട്ടര്‍.)

8. കെ.എം ഷാജി: എസ്ഡിപിഐ രാജ്യദ്രോഹികളാണെന്നും അവരുടെ വോട്ട് വേണ്ടെന്നും ലീഗ് നേതാവ് കെ.എം ഷാജി (രാജ്യദ്രോഹികളുടെ വോട്ട് വേണ്ട, എസ്ഡിപിഐക്കെതിരെ രാജ്യദ്രോഹ ചാപ്പയുമായി കെ.എം ഷാജി, 03 ഏപ്രില്‍, മക്തൂബ് മലയാളം കാര്‍ഡ്; എന്റെ നിലപാട് സുതാര്യവും കൃത്യവുമാണ്. ഒരു വര്‍ഗീയവാദിയും എനിക്ക് വോട്ട് ചെയ്യേണ്ടതില്ല- കെ.എം ഷാജി,  03 ഏപ്രില്‍, മാതൃഭൂമി).

9. രാമചന്ദ്രന്‍: ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് ഇരു മുന്നണികളിലുമായി ഇസ്‌ലാമിക തീവ്രവാദികളുടെ ശ്രമം. അതില്‍ യോജിപ്പുണ്ട്. 2016 ലും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എസ്ഡിപിഐ കോണ്‍ഗ്രസിനൊപ്പം ശയിച്ചതിനാല്‍ ഇപ്പോള്‍ മൊഴി ചൊല്ലി പോയതിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല. എപ്പോഴെങ്കിലും മടങ്ങി വന്ന് ദാമ്പത്യം തുടരാമെന്ന പ്രതീക്ഷയുണ്ട്. സിപിഎം – എസ്ഡിപിഐ രഹസ്യ ബന്ധം പലപ്പോഴും നാം കണ്ടിട്ടുണ്ട്. അഭിമന്യുവിനെ കൊന്ന കേസിലെ സുപ്രധാന രേഖകള്‍ എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് കാണാതായെന്ന് മാത്രമല്ല, പ്രധാന പ്രതികളെ പിടിക്കുന്നതില്‍ പൊലീസിന് താല്‍പര്യവും കണ്ടില്ല. ഇതേ അവസ്ഥ പ്രൊഫ. പി.ജെ ജോസഫിനെ വെട്ടിയ കേസിലുമുണ്ടായി. തീവ്രവാദി സംഘടനയുമായുള്ള ഡീലിന് ചോരയുടെ മണമായിരിക്കും.  കേരളം തീവ്രവാദികളുടെ സുഖമായ ഒളിവിടം ആയി മാറിയത് ചുമ്മാതല്ല. അഭിമന്യു കൊല്ലപ്പെട്ടത് 2016 ലാണ്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ചാര വനിത ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ അതിഥിയായി 2024 ലും 2025 ലും ഇവിടെ എത്തി. കലാപത്തേക്കാള്‍ അപകടം പിടിച്ച പണിയാണ്, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരത. കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് തഴച്ചു വളര്‍ന്നത് കഴിഞ്ഞ ദശകത്തിലാണ് (സുഡാപ്പി, ധര്‍മടത്തും ബേപ്പൂരിലും, രാമചന്ദ്രന്‍, 03 ഏപ്രില്‍,  മംഗളം).

10. ഷോണ്‍ ജോര്‍ജ്ജ്: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. 24 മണിക്കൂര്‍ മോദിയും ബിജെപിയും ഭരണത്തില്‍ നിന്നും മാറിയാല്‍ ഇന്ത്യ പിളര്‍ന്ന് മൂന്ന് രാജ്യമാകുമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഇവരെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഇവരെ ഹൈജാക്ക് ചെയ്തിരിക്കുന്നു-ഷോണ്‍ ജോര്‍ജ്ജ്, 04 ഏപ്രില്‍, കേരള കൗമുദി).

11. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി: വോട്ടവകാശം നമ്മുടെ അധികാരമാണ്. യുക്തമായ തീരുമാനം എടുക്കണം. അവിലും മലരും കുന്തിരിക്കവും കരുതിക്കൊള്ളാന്‍ പറഞ്ഞവരും 21ല്‍ ഊരിയ വാള് അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് ഭീഷണിപ്പെടുത്തിയവരും മതമാണ് മതമാണ് മതമാണ് തങ്ങള്‍ക്ക് പ്രധാനം എന്ന് പറഞ്ഞവരും അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും എന്നു പറഞ്ഞവരും ഭാരതത്തെ മുസ്ലീം രാഷ്ട്രമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരും ദേവസ്വത്തില്‍ മുസ്ലീം മെമ്പര്‍മാര്‍ ഉണ്ടാകും എന്ന് പറഞ്ഞവരും ശ്രീപത്മനാഭസ്വാമിയുടെ സമ്പത്ത് ട്രഷറിയിലേക്ക് മാറ്റും എന്ന് പറഞ്ഞവരും ‘വര്‍ഗീയതയൊട്ടും ഇല്ലാത്തവരായി’ ഒറ്റക്കെട്ടാണ്. സംഘടിത മതങ്ങള്‍ വോട്ടുബാങ്കുകളായി രാഷ്ട്രതാത്പര്യത്തിനെതിരെ നില കൊള്ളുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് കീഴ്‌പ്പെടുന്നു. നമ്മുടെ നിലനില്‍പ്പും ഭാവിയും ഓര്‍ത്ത് അന്ധമായ രാഷ്ട്രീയം മാറ്റിവെച്ച് സമ്മതിദാനാവകാശം വിനിയോഗിക്കണം. സങ്കുചിതമതം പിടിമുറുക്കുന്ന സ്ഥിതിയാണ് (രാഷ്ട്രതാത്പര്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണം: സ്വാമി ചിദാനന്ദപുരി, 09 ഏപ്രില്‍, ജന്മഭൂമി).

12.  വി.ഡി സതീശന്‍: ആര്‍എസ്എസുമായും എസ്ഡിപിഐയുമായും പിഡിപിയുമായും തരാ തരംപോലെ പിണറായി വിജയന്‍ കൂട്ടു കൂടും (കേരളം ജയിക്കും യുഡിഎഫ് നയിക്കും, വിഡി സതീശന്‍, 08 ഏപ്രില്‍,  ദീപിക).

13. അജി ബുധന്നൂര്‍:  ദേശീയതയും രാഷ്ട്രബോധവും വികസനവും ഏകതയും ലക്ഷ്യമാക്കി എന്‍ഡിഎ ഒരുവശത്തും വിഘടന- മത- തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, ഇടത്- വലത് മുന്നണികള്‍ മറുവശത്തും. രണ്ട് മുന്നണികളും പരസ്പര പോരിന്റെ മൂടുപടം അണിയുമ്പോഴും അവര്‍ പ്രതിനിധീകരിക്കുന്നത് ഒരേ ചിന്താധാരയേയാണ്. മതവും ഇസ്ലാമിക രാഷ്ട്രവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നവരുമായാണ് അവരുടെ ചങ്ങാത്തം. എന്‍ഡിഎക്ക് ഭരണം ലഭിച്ചാല്‍ തങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് മനസിലാക്കിയതിന്റെ വെപ്രാളത്തില്‍ ഇരുകൂട്ടരും പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും ചങ്ങാത്തമുണ്ടാക്കിയിരിക്കുകയാണ്. മതമാണ് മതമാണ് വലുതെന്ന് പ്രസംഗിച്ചവര്‍ മുതല്‍ വോട്ടിന് വേണ്ടി താനൂര്‍ മണ്ഡലം പാക്കിസ്ഥാനെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ വരെ മത്സരരംഗത്താണ്. രാഷ്ട്രമല്ല മതമാണ് വലുതെന്ന് പറയുന്ന തീവ്രവാദികളുടെ വോട്ട് കിട്ടാനുള്ള ഡീലും ഇരുമുന്നണികളും ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേമത്ത് ഉള്‍പ്പെടെ എസ്ഡിപിഐ വോട്ട് മറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് (കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്, അജി ബുധന്നൂര്‍, 09 ഏപ്രില്‍, ജന്മഭൂമി).

14. ജന്മഭൂമി എഴുതിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷേ (15 ഏപ്രില്‍, ജന്മഭൂമി).

15. രാജേഷ് രാമചന്ദ്രന്‍:  ഇതിന്റെ തുടക്കം അബ്ദുന്നാസര്‍ മഅ്ദനിയില്‍ നിന്നാണ്. ഐ.എസ്.എസില്‍ നിന്നാണ്. അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തിയിരിക്കുന്നത് ആരാണ്? മലപ്പുറത്ത് ഒരു സി.പി.എം നേതാവ് അനാവശ്യമായി മഅ്ദനിയെ പുകഴ്ത്തി പൊതുവിടത്തില്‍ സംസാരിച്ചു. തികച്ചും അനാവശ്യയിരുന്നു അത്. ഇസ് ലാമിക മത രാഷ്ട്രവാദമാണ് ഇവിടെ പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന് വേണ്ടിയുള്ള വെറും മുഖംമൂടി മാത്രമാണ് ഈ പേരുകള്‍. പിഡിപി, പിഎഫ്‌ഐ, എസ്ഡിപിഐ, വെല്‍ഫെയര്‍ എന്നെല്ലാം പറഞ്ഞാലും ഇന്ത്യ വീണ്ടും വീണ്ടും മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടണമെന്ന് വിശ്വസിക്കുന്നവരുടെ സംഘടനകളുമായിട്ട് കൈകോര്‍ക്കുകയാണ് (‘ഇസ്ലാമിക മതരാഷ്ട്രവാദത്തോട് സന്ധി ചെയ്യരുത്’; പിഡിപി, പിഎഫ്‌ഐ, എസ്ഡിപിഐ എല്ലാം ഒന്നെന്ന് രാജേഷ് രാമചന്ദ്രന്‍, 04 ഏപ്രില്‍, ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച).

16. എൽഡിഎഫ് : ‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ മുസ്ലീംലീഗ് മതവര്‍ഗീയ തന്ത്രം പയറ്റുകയാണ്. മതരാഷ്ട്ര പ്രവര്‍ത്തനങ്ങളിലൂടെ ധ്രുവീകരണം നടത്തുകയാണ് ‘മതഏകീകരണത്തിന്റെ ചിഹ്നം വിളിയാണ് മുസ്ലീം ലീഗ് നടത്തുന്നത്’ എന്ന പരാമര്‍ശമാണ് പേരാമ്പ്ര മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുയര്‍ന്നത് (ബിജെപി നാണിച്ചു പോകുന്നു, സിപിഎമ്മിന് മുന്നില്‍!, 02 ഏപ്രില്‍,  വീക്ഷണം), (അന്ന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, ഇന്ന് ‘ഖൗമിലെ പെണ്‍കുട്ടി’ പരാജയ ഭീതിയില്‍ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും സിപിഎം, 02 ഏപ്രില്‍, ചന്ദ്രിക).

17. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്:  ‘ഫാത്തിമ തഹ്ലിയയ്ക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങി. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമി നോമിനി. മറ്റെവിടെയും കാണിക്കാത്ത താല്‍പര്യം പേരാമ്പ്രയില്‍ കാണിച്ചു(ഫാത്തിമ തഹ്ലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങി. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചോയെന്ന് പരിശോധിച്ചിട്ടില്ല’ (സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ന്യൂസ് മലയാളത്തോട്, 11 ഏപ്രില്‍, 24 ന്യൂസ് മലയാളം ഫേസ്ബുക്ക് പോസ്റ്റര്‍).

18. ബി ഗോപാലകൃഷ്ണന്‍: ടിപ്പുസുല്‍ത്താന്‍ നാടിന് ആവശ്യമില്ലാത്ത ആളാണ്. കേരളത്തെ ആക്രമിച്ച ആളാണ് ടിപ്പു സുല്‍ത്താന്‍. നിരവധി ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തി. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഗുരുവായൂരില്‍ ഉള്‍പ്പെടെ ഇത്തരം ആക്രമണങ്ങള്‍ ടിപ്പു നടത്തി. ഈ നാടിന് ടിപ്പുവിനെ ആവശ്യമില്ല. നിരവധി കൊലപാതകങ്ങള്‍ നടത്തിയ ആളുടെ പേര് എന്തിനാണ് റോഡിന് ഇട്ടിരിക്കുന്നത്. അതിന് പകരം ഈ നാടിന്റെ ചരിത്രം രചിച്ച വേലായുധന്‍ പണിക്കശ്ശേരിയുടെ പേര് എന്തു കൊണ്ട് ഇടുന്നില്ല (ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിന്റേ പേര് മാറ്റണമെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍, 06 ഏപ്രില്‍, ജന്മഭൂമി).

19. കാട്ടാക്കട എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ കൃഷ്ണദാസ്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ‘പ്രോപാക്കിസ്ഥാന്‍’ ശക്തികള്‍ നിയന്ത്രണം പിടിക്കുമെന്നും ഹിന്ദു ക്രിസ്ത്യന്‍ വനിതകള്‍ ‘ലവ് ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു കൃഷ്ണദാസ് പ്രസംഗിച്ചത് (കാട്ടാക്കടയിലെ വിദ്വേഷ പ്രസംഗം; പി.കെ കൃഷ്ണദാസിനെതിരെ പരാതി, 09 ഏപ്രില്‍, സിറാജ്).

20. ജനം ടിവി: ജമാഅത്തെ ഇസ്‌ലാമി കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ ഭീകരവാദവും രാജ്യവിരുദ്ധതയുമുണ്ടെന്ന് ജനം ടി വി വാര്‍ത്ത നല്‍കി. പുസ്തകങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് സര്‍ക്കാരിനെയും കുറ്റപ്പെടുത്തി (മതരാഷ്ട്രവാദത്തിന് സര്‍ക്കാര്‍ തണലോ? ജമാഅത്തെ ഇസ്ലാമി സിലബസ് പിന്‍വലിക്കാന്‍ നടപടിയില്ല, 02 ഏപ്രില്‍, ജനം ടിവി ഫേസ്ബുക്ക്) 

21. ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി: ഇരു മുന്നണികളുടെയും പ്രചാരണം കണ്ടാല്‍ മുസ് ലിംകളുടെ വോട്ട് മാത്രമേ അവര്‍ക്ക് വേണ്ടു എന്ന് തോന്നും. ഹിന്ദുക്കളും ക്രിസത്യാനികളും കൂടി 70 ശതമാനത്തിലധികം ഉണ്ട് എന്നുള്ള കാര്യം ഇവര്‍ മറന്നു പോവുന്നു. ബൊക്കോ ഹറാം, ഹിസ്ബുല്ലാ, ഹുതികള്‍, ഐഎസ്‌ഐഎസ്, ഇസ്ലാമിക് ബ്രദര്‍ഹുഡ് തുടങ്ങിയവയുടെ ഗണത്തില്‍ വരുന്ന തീവ്രവാദ ഗ്രൂപ്പാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന് ജനങ്ങള്‍ക്ക് അറിയാം. അതു കൊണ്ടുതന്നെ ഈ ബന്ധം ഇരുമുന്നണികള്‍ക്കും നഷ്ടക്കച്ചവടം ആയിരിക്കും (കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍: എ.പി അബ്ദുള്ളക്കുട്ടി, അഭിമുഖം, 08 ഏപ്രില്‍, ജന്മഭൂമി). 

22. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ:  ലൗ ജിഹാദ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരും ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കാറില്ല (‘ലൗ ജിഹാദ്’ കേരളത്തില്‍ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് -ആര്‍ ശ്രീലേഖ, 03 ഏപ്രില്‍, മാധ്യമം).

23. കേന്ദ്രമന്ത്രി ശോഭ കരന്തലജെ:  കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. ഭയം കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളത്തില്‍നിന്ന് പലായനം ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു (കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ട് – കേന്ദ്രമന്ത്രി ശോഭ കരന്തലജെ, 04 ഏപ്രില്‍, ദീപിക).

24. കെ.പി ശശികലയുടെ പോസ്റ്റ്: ഹരേ വാ ഇപ്പോ കള്ളി വെളിച്ചത്തായോന്നൊരു സംശയം? പുലരും മുമ്പ് കഴിച്ച് രാത്രി മൂക്കു മുട്ടെ കഴിച്ച് അനുഷ്ഠിച്ച വ്രതം കൊണ്ട് നാലു ദിവസം കൊടും കാട്ടില്‍ നടന്നിട്ട് സിനിമാടാക്കീസില്‍ നിന്നും വരുമ്പോലെ കളിച്ചു ചിരിച്ച്… സ്‌ക്രീന്‍ പ്ലേ എവിടേയും പാളിയില്ല!  ധര്‍മ്മസ്ഥലയില്‍ ഒരു മാസം കഥകളടിച്ചു. വിട്ടില്ലേ… നടക്കട്ടെ ജയന്തിമാരും കോയിന്ദന്മാരും മുസ്ലീം ലീഗിലും ശരണ്യമാര്‍ റംളാന്‍ വ്രതത്തിലും…  2047 വരെ അടവുകള്‍ പതിനെട്ട് സത്യം സമാജ മറിഞ്ഞാല്‍ പിന്നെ ഒടുക്കം പമ്പരം പാച്ചില്‍ വേണ്ടി വരാതിരിക്കട്ടെ (06 ഏപ്രില്‍, ഫേസ്ബുക്ക്/ കെ.പി ശശികല).

25. രാജീവ് ചന്ദ്രശേഖര്‍:  കോണ്‍ഗ്രസ് ഇന്ന് മുസ്ലീം ലീഗിന് മുന്നില്‍ പൂര്‍ണമായും അടിയറവ് പറഞ്ഞിരിക്കുകയാണ്. അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന രഹസ്യ ഡീല്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഇടയിലുണ്ട്. സീറ്റ് വിഭജനത്തിലും തീരുമാനങ്ങളിലും ലീഗ് പറയുന്നതാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ഇടതുവലത് മുന്നണികളുടേത് പ്രീണന രാഷ്ട്രീയം (ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസും ശബരിമല കൊള്ളയടിച്ച സിപിഎമ്മും പരാജയപ്പെടും, രാജീവ് ചന്ദ്രശേഖര്‍, 08 ഏപ്രില്‍, മെട്രോ വാര്‍ത്ത;  ഇരുമുന്നണികള്‍ക്കും പ്രീണന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖര്‍, 08 ഏപ്രില്‍,  മലയാള മനോരമ).

26. ബി ഗോപാലകൃഷ്ണന്‍: ഈ കേരളത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും ലീഗ് ആയിരിക്കും. ലീഗിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് ഞെരുങ്ങും. കോണ്‍ഗ്രസ് മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തി മത്സരിക്കാന്‍ തയ്യാറാണോ? കേരളത്തിലെ കോണ്‍ഗ്രസ്സിനെ മുസ്ലീം ലീഗ് വിഴുങ്ങി കഴിഞ്ഞു. മുസ്ലീം ലീഗ് കേരളത്തിലെ കോണ്‍ഗ്രസിനെയും കേരള രാഷ്ട്രീയവും വിഴുങ്ങി കഴിഞ്ഞു. കേരളത്തിലെ യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നത് മുസ്ലീം ലീഗാണ്. ലീഗിന്റെ ഉച്ചിഷ്ടം കഴിച്ചാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത് (കൊടുങ്ങല്ലൂര്‍ ആഗ്രഹിച്ചു, പാര്‍ട്ടി ഗുരുവായൂര്‍ നിര്‍ദേശിച്ചു, ബി ഗോപാലകൃഷ്ണന്‍, 18 ഏപ്രില്‍, മാതൃഭൂമി).

27. ശോഭാ സുരേന്ദ്രന്‍: ‘ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും ഷാഫി പറമ്പിലിന് ബന്ധമുണ്ടോ എന്നറിയാന്‍ ശൈലജ ടീച്ചറോട് ചോദിച്ചാല്‍ മതി’ (08 ഏപ്രില്‍, മീഡിയ വണ്‍ ഫേസ്ബുക്ക് കാര്‍ഡ്).

28.  റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍: ഷാഫി പറമ്പില്‍ പോകുന്നയിടങ്ങളില്‍ മുസ്ലീം ഏകീകരണം നടക്കുന്നു. മറുഭാഗത്ത് ഹിന്ദു ഏകീകരണം ഉണ്ടാവുകയും ചെയ്യുന്നു (ഷാഫി പറമ്പില്‍ പോകുന്ന ഇടങ്ങളില്‍ മുസ്ലീം ഏകീകരണം നടക്കുന്നു, വര്‍ഗീയ പരാമര്‍ശവുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍, 13 ഏപ്രില്‍, മകതൂബ് മീഡിയ മലയാളം).

29. ഡോ.  കെ ജയപ്രസാദ്: കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപം 1921ല്‍ നടന്നതാണ്. ഖിലാഫത്തുകാര്‍ ഹിന്ദുക്കളെ മതം മാറ്റി. മലബാര്‍ മുതല്‍ മാറാട് വരെ നോക്കിയാല്‍ ഒരു വിഭാഗം മതത്തെ ദുരുപയോഗം ചെയ്തതായി കാണാം. മതേതരത്വത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെ പഴിക്കുന്നവര്‍ ഇതിന് ഉത്തരം പറയണം. ആര്‍എസ്എസ് കൂട്ടക്കൊലകള്‍ നടത്തിയ ഉദാഹണം പറയാനാവില്ല. കപട മതതേരത്വത്തെ ആര്‍എസ്എസ്എതിര്‍ക്കുന്നു (മതപ്രീണനവും കപട മതേതരത്വവും ആപത്ത് , ഡോ.  കെ ജയപ്രസാദ്, 10 ഏപ്രില്‍, കേസരി).

30. രാമസിംഹൻ: ഇനി പരസ്യ ജിഹാദും… എന്ത് കൃഷ്ണന്‍? എന്ത് ശിവന്‍ സകല ഹൈന്ദവരും ചന്ദനവും, കുറിയും തൊട്ട് ഇവരുടെ കടയില്‍ കയറി  മൃഷ്ടാനം കോഴിയും മൂരിയും വിഴുങ്ങി ഒരേമ്പക്കവും വിട്ട്, ഇവരെ പുഷ്ടിപ്പെടുത്തുക തന്നെ വേണം…സ്വ ധര്‍മ്മത്തില്‍ അഭിമാനമില്ലാത്ത ഏത് സമൂഹവും നശിക്ക തന്നെ ചെയ്യും. തുപ്പിയത് വേണമെന്ന് പ്രത്യേകം പറയാന്‍ മറക്കേണ്ട ഹലാല്‍ മാണല്ലോ (19 ഏപ്രില്‍, ഫേസ്ബുക്ക്/ രാമസിംഹന്‍).

31. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ:  മധ്യപ്രദേശിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത  ഹിന്ദു പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരികയും തുടര്‍ന്ന് കേരളത്തില്‍ ലഭിച്ച രാഷ്ട്രീയ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേത്രത്തില്‍ വെച്ച് നിയമവിരുദ്ധമായി വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിതമായ ഗുഢാലോചനയുണ്ട്. വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രം ദുരുപയോഗം ചെയ്ത ചേര്‍ത്തലയിലെ മന്തിക്കടയുടെ നടപടി  ഹൈന്ദവ വിശ്വാസികളെയാകെ മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്. ഇതും മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണ് (കേരകേരളം ലവ് ജിഹാദിന്റെ പറുദീസ നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും വിഎച്ച്പി, 18 ഏപ്രില്‍, കേരള ശബ്ദം).

32. വെള്ളാപ്പള്ളി: നാട്ടില്‍ സംഘടിത മതങ്ങളുടെ ആധിപത്യമാണെന്നും മുസ്ലീങ്ങള്‍ എല്ലാ സമ്പത്തും അവകാശങ്ങളും കൊണ്ടുപോയെന്നും വെള്ളാപ്പള്ളി (19 ഏപ്രില്‍, ഫേസ്ബുക് പോസ്റ്റ്/ ജനം ടി വി)

33. വെള്ളാപ്പള്ളി: ക്രിസ്ത്യന്‍ സമുദായത്തിലെ കന്യാസ്ത്രീകള്‍ക്ക് ജീവിക്കാന്‍ ജീവിക്കാന്‍ പറ്റാത്തത്‌കൊണ്ടാണോ സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത്. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണെങ്കില്‍ കേരള കോണ്‍ഗ്രസിന് പിന്നില്‍ ബിഷപ്പുമാരാണ്. ഒരോ മതത്തിന്റെയും പേരില്‍ പാര്‍ട്ടിയുണ്ടാക്കുകയാണ്. രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു. ഇടുക്കിയില്‍ ഈഴവ സമുദായത്തെ പരിഗണിച്ചില്ല. ഉടുമ്പന്‍ചോലയില്‍ സിപിഎം മണിയാശാനെ നിറുത്തിയിരുന്നെങ്കില്‍ പുഷ്പം പോലെ ജയിച്ചേനെ. ഇടുക്കിയെ ചില ന്യൂനപക്ഷ സമുദായങ്ങളുടെ കുത്തകയാക്കിയിരിക്കുകയാണ് (ഏത് കൊലകൊമ്പന്‍ വന്നാലും എസ്എന്‍ഡിപിയെ തകര്‍ക്കാനാകില്ല: വെള്ളാപ്പള്ളി, 20 ഏപ്രില്‍, കേരള കൗമുദി).

34. വെള്ളാപ്പള്ളി: യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ഥം. ലീഗിന്റെ ഭരണം ഇവിടെ വന്ന് കഴിഞ്ഞാല്‍ ഇവിടെ അരാജകത്വമല്ലാതെ വല്ലതും ഉണ്ടാകുമോ? ഇവിടെ മാറാട് എത്ര തവണയുണ്ടാകും. എന്തെല്ലാം കുഴപ്പം അവര് സൃഷ്ടിക്കും (യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവിടെ ലീഗ് ഭരിക്കും; ഇനിയും എത്ര മാറാടുണ്ടാവും?, 30 ഏപ്രില്‍, മാതൃഭൂമി ചാനല്‍; ‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ത്ഥം, 30 ഏപ്രില്‍, മീഡിയ വൺ ഓണ്‍ലൈന്‍)

35. വെള്ളാപ്പള്ളി:  പെട്ടി പൊട്ടിച്ചുകഴിഞ്ഞാല്‍ പറയും ഞങ്ങള്‍ക്ക് 27 അല്ലെങ്കില്‍ 26 എംഎല്‍എമാരുണ്ടെന്ന്. മുഖ്യമന്ത്രി ആകാനുള്ള അര്‍ഹത ഉണ്ടെന്ന് പറയും. ലീഗില്‍നിന്ന് മുഖ്യമന്ത്രി വന്നാല്‍ അദ്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിയല്ല, പാണക്കാടുനിന്നാണ് വകുപ്പുകള്‍ കൊടുക്കുന്നത് (യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവിടെ ലീഗ് ഭരിക്കും; ഇനിയും എത്ര മാറാടുണ്ടാവും?, 30 ഏപ്രില്‍, മാതൃഭൂമി ചാനല്‍).

36. വെള്ളാപ്പള്ളി: വി.ഡി സതീശന്‍ ലീഗിന്റെ വക്താവാണെന്നും എല്‍ഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ (വി.ഡി സതീശന്‍ ലീഗിന്റെ വക്താവ് എല്‍ഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ല – വെള്ളാപ്പള്ളി നടേശന്‍, 30 ഏപ്രില്‍, റിപ്പോര്‍ട്ടര്‍ പോസ്റ്റര്‍).

37. സംവിധായകനും സംഘപരിവാര്‍ നേതാവുമായ വിജി തമ്പി മലയാളത്തിലെ ഒരു നടിക്ക് മതം മാറാന്‍ 100 കോടി ഓഫര്‍ ചെയ്തതായി ആരോപിച്ചു: ഇതെല്ലാം ട്രാപ്പുകളാണ്. മലയാളത്തിലെ  പ്രശസ്തയായ ഒരു നായിക നടിക്ക് ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ 100 കോടി രൂപ ഓഫര്‍ ചെയ്തുവെന്നാണ് പറയുന്നത്. അവര്‍ക്ക് ഇപ്പോള്‍ കുടുംബമില്ല.  ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ആലോചിച്ച് നോക്കൂ. നല്ലവരായ ഇസ്ലാം സമുദായത്തിലെ ആളുകളെ ചീത്തയാക്കാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. വലിയൊരു സമുദായം ഇതിലൂടെ മോശക്കാരായി ചിത്രീകരിക്കപ്പെടുന്നു. അങ്ങനെ പോയാല്‍ നാളെ അവര്‍ക്ക് ജോലി കിട്ടാതാകുന്ന അവസ്ഥ വരാം. അവരുടെ സ്ഥാപനങ്ങളിലേക്കും ഹോട്ടലുകളിലേക്കും മറ്റുള്ളവര്‍ പോകാതാകാനും സാധ്യതയുണ്ട് (‘മലയാളത്തിലെ ഒരു നടിക്ക് ഇസ്ലാം മതം സ്വീകരിക്കാന്‍ 100 കോടിയാണ് ഓഫര്‍ ചെയ്തത്’, വിജി തമ്പി, 20 ഏപ്രില്‍, ജനം ടിവി).

38. ചിദാനന്ദപുരി:  തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഹിന്ദുക്കളില്‍ പലരും വോട്ടുചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം മൂന്നു ലക്ഷം പേരാണ് ദര്‍ശനത്തിനെത്തിയത്. സംസ്ഥാനത്തെ മുസ്ലീം വിഭാഗം ഭൂരിപക്ഷവും വോട്ടു ചെയ്തു. ഇക്കാര്യത്തില്‍ മുസ്ലീം വിഭാഗത്തെ കണ്ടു പഠിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു: മുസ്ലീം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്ത പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം,തന്റെ ആഗ്രഹവും ഇതുതന്നെ’- ചിദാനന്ദപുരി പറഞ്ഞു (ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലീങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി, 26 ഏപ്രില്‍, ജന്മഭൂമി).

39. ന്യൂസ് നോട്ട് 24:  വി.ഡി സതീശന് ലഭിച്ച പിന്തുണ പോലും അദ്ദേഹത്തിന്  ഭാവിയില്‍ വലിയ അപകടം ചെയ്യും എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. കാരണം അതിന്റെ പിആര്‍ വര്‍ക്ക് മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് മീഡിയ വണ്ണും സി ദാവൂദും അടങ്ങുന്ന ജമാഅത്ത് ഇസ്ലാമിയാണ്. ബാലന്റെ സ്‌റ്റേറ്റ്‌മെന്റ് ഓര്‍മയുണ്ടാവും, യുഡിഎഫ് വന്നാല്‍ ജമാഅത്തെ ഇസ് ലാമിയാവും ആഭ്യന്തരം ഭരിക്കുന്നത് എന്ന് (മത രാഷ്ട്രീയ വാദികളുടെ പിന്തുണ സതീശനെ ദുര്‍ബലം ആക്കുമോ, 26 ഏപ്രില്‍, ന്യൂസ് നോട്ട് 24).

40. ഷാജന്‍ സ്‌കറിയ: ഈരാറ്റുപേട്ടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ അദ്ഭൂതമില്ലെന്ന മട്ടിലായിരുന്നു മറുനാടന്‍ മലയാളിയുടെ ഇതുസംബന്ധിച്ച വീഡിയോ.  ‘ഈരാറ്റുപേട്ട എന്താ മറ്റൊരു രാജ്യമാണോ? വാഹനാപകടം ഉണ്ടായപ്പോള്‍ സംഭവിച്ചത്’ ഇതായിരുന്നു ഈ വിഷയത്തില്‍ ഷാജന്‍ സ്‌കറിയയുടെ വീഡിയോയുടെ കാപ്ഷന്‍ (ഏപ്രിൽ 28). 

41. ബിജെപി നേതാവ് എന്‍ ഹരി: ഈരാറ്റുപേട്ടയില്‍ വാഹനാപകടത്തില്‍ പെട്ടാല്‍ നീതി ലഭിക്കില്ല എന്ന ചിന്താഗതിയാണ് നിര്‍ഭാഗ്യവശാല്‍ രൂപപ്പെട്ടുവരുന്നത്. ഹെല്‍മെറ്റ് ഇല്ലാത്ത തീര്‍ത്തും നിയമവിരുദ്ധമായി വാഹനമോടിച്ച കുട്ടികളെ രക്ഷിക്കുന്നതിനാണ് സംഘടിച്ച് എത്തിയവര്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയിലെ നിയമ സംവിധാനവും കൈമലര്‍ത്തി എന്നാണ് വാഹന ഉടമയുടെ ആരോപണം. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അടക്കമുള്ള മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇവിടെ ബാധകമല്ല. ഈരാറ്റുപേട്ടയില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാവുകയാണ്. ഈരാറ്റുപേട്ട വാഗമണ്‍ പ്രദേശങ്ങള്‍ ദേശവിരുദ്ധ ശക്തികളുടെ താവളം ആകുന്നു എന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തങ്ങള്‍ പാറയിലെ വിവാദമായ ആയുധ പരിശീലന ക്യാമ്പ്, രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരുടെ അറസ്റ്റ്, മയ്യിത്ത് നമസ്‌കാരം തുടങ്ങി ദേശസുരക്ഷയെ വെല്ലുവിളിക്കുന്ന സംഭവ വികാസങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പാക്ക് തീവ്രവാദ സംഘടനയുടെ കമാന്‍ഡര്‍ എന്ന് അറിയപ്പെടുന്ന കൊടും ഭീകരന്‍ തടിയന്റ വിട നസീറിനെപോലുള്ളവര്‍ ഈരാറ്റുപേട്ടയില്‍ താമസിച്ചു എന്നതും കണക്കിലെടുക്കേണ്ടതാണ്. ഈരാറ്റുപേട്ട വാഗമണ്‍ മേഖലയില്‍ തീവ്രവാദ ശക്തികളുടെ വേരോട്ടം ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പള്ളിമുറ്റത്ത് ക്രൈസ്തവ പുരോഹിതനെ ബൈക്കുകളില്‍ എത്തി അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും കേരളം സാക്ഷിയായതാണ്. ഇത്തരം സംഭവവികാസങ്ങളെ തുടര്‍ന്ന് ഈരാറ്റുപേട്ട അരക്ഷിത മേഖലയാണെന്നും അതിനാല്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് പൊലീസ് ഭൂമി കൈമാറരുതെന്നും കോട്ടയത്തെ മുന്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഒരു വിഭാഗം സൃഷ്ടിച്ച പ്രതിഷേധം നാട് മറന്നിട്ടില്ല (ദേശവിരുദ്ധ താവളം ; ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്നു; രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാവുന്നു ; എന്‍ ഹരി, 01 മെയ്, ജനം ടിവി)

42. എ.കെ ബാലൻ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയെത്തുമെന്നും അത് ജമാഅത്തെ ഇസ് ലാമിയുടെ സാമ്പിള്‍ വെടിക്കെട്ടാണെന്നും പറഞ്ഞു (മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമിയുടെ സാമ്പിള്‍ വെടിക്കെട്ട് – എ.കെ ബാലന്‍, 28 ഏപ്രില്‍, കേരള കൗമുദി).

1. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എസ്.ഡി.പി.ഐ 

1.1. എസ്ഡിപിഐ: പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന നേമത്ത് ഇടതുമുന്നണി എസ്ഡിപിഐയുടെ പിന്തുണ തേടിയെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം: എസ്ഡിപിഐ പിന്തുണ സിപിഎം അഭ്യര്‍ത്ഥിച്ചിട്ടില്ല. പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് വി ശിവന്‍കുട്ടിയെ വിജയിപ്പിക്കാനായി എസ്ഡിപിഐ വോട്ടുകള്‍ നല്‍കി സഹായിച്ചിട്ടുണ്ടാവാം. ബിജെപി പരാജയപ്പെടണം എന്ന് അവര്‍ ആഗ്രഹിച്ചത് കൊണ്ടാണ് അത് (എസ്ഡിപിഐ വോട്ട്: നേമത്ത് പുലിവാല് പിടിച്ച് സി.പി.എം, 01 ഏപ്രില്‍, മംഗളം; എസ്ഡിപിഐ ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ടാവാം: മുഖ്യമന്ത്രി, 01 ഏപ്രില്‍, വീക്ഷണം).

1.2. എസ്ഡിപിഐ ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ടാവാം

എസ്ഡിപിഐ വോട്ടുകള്‍ നല്‍കി സഹായിച്ചിട്ടുണ്ടാവാമെന്ന് ഇതേ ദിവസം മറ്റൊരിടത്ത് അദ്ദേഹം അഭിപ്രായപ്പെട്ടു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് വി ശിവന്‍കുട്ടിയെ വിജയിപ്പിക്കാനായി എസ്ഡിപിഐ വോട്ടുകള്‍ നല്‍കി സഹായിച്ചിട്ടുണ്ടാവാമെന്നും ബിജെപി പരാജയപ്പെടണം എന്ന് അവര്‍ ആഗ്രഹിച്ചത് കൊണ്ടാണതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐയുടെ പിന്തുണ തേടിയെന്നത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു (എസ്ഡിപിഐ ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ടാവാം: മുഖ്യമന്ത്രി, 01 ഏപ്രില്‍, വീക്ഷണം)

1.3. അഭിമന്യുവിന്റെ മാതാപിതാക്കളോട് പിണറായി മാപ്പ് പറയണം

എസ്ഡിപിഐയുമായി ബന്ധമുണ്ടാക്കുന്ന പിണറായി വിജയന്‍, എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല്‍ പിടിച്ച് മാപ്പ് ചോദിക്കണമെന്ന് വി.ഡി സതീശന്‍. എസ്ഡിപിഐക്കാരാണ് അഭിമന്യുവിനെ കൊന്നതെന്ന് പാര്‍ട്ടി പത്രമാണ് എഴുതിയത്. രക്തസാക്ഷികളോട് പോലും സിപിഎം നീതികാട്ടിയില്ല. എങ്ങനെയും ജയിക്കാന്‍ ന്യൂനപക്ഷ, ഭൂരിപക്ഷവര്‍ഗീയതകളുമായി സന്ധി ചെയ്യുകയാണ് (അഭിമന്യുവിന്റെ മാതാപിതാക്കളോട് പിണറായി മാപ്പ് പറയണം: സതീശന്‍, 01 ഏപ്രില്‍, കേരള കൗമുദി).

1.4. സതീശന്റെ നിലപാട് ദുരൂഹം

എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. മലപ്പുറത്ത് വാര്‍ത്താ സമ്മേളനം നടത്തി. ആരുടെ വോട്ടും സ്വീകരിക്കുമെന്ന കെ.സി വേണുഗോപാലിന്റെ പ്രസ്താവനക്ക് എതിരാണ് സതീശന്റെ നിലപാടെന്നും അത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാതിരിക്കാനാണ് സതീശന്‍ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയായേക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് സംഭവിക്കാതിരിക്കാന്‍ യുഡിഎഫ് കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിക്കണം. ആരുടെ വോട്ടും സ്വീകരിക്കുമെന്ന കെ.സി വേണുഗോപാലിന്റെ നിലപാടിന് വിപരീതമാണ് സതീശന്റെ നിലപാട്. ഇത് ദുരൂഹമാണ് (സതീശന്റെ നിലപാട് കെ.സിയെ വെട്ടാന്‍: എസ്ഡിപിഐ, 01 ഏപ്രില്‍, കേരള കൗമുദി).

1.5. പിണറായിക്ക് അധികാരം നഷ്ടമാവുമെന്ന ഭയം

ബിജെപിയുമായി മാത്രമല്ല, എസ്ഡിപിഐയുമായും സിപിഎമ്മിന് ഡീല്‍ ഉണ്ടെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയവാദികളെ ഒക്കത്തുവെച്ച് കൊണ്ടാണ് പിണറായി വിജയന്‍ മതേതരത്വം പ്രസംഗിക്കുന്നതെന്നും വി.ഡി സതീശന്‍. കമാല്‍ വരദൂറുമായുള്ള ചന്ദ്രിക അഴിമുഖത്തിലായിരുന്നു ഈ പരാമര്‍ശം (പിണറായിക്ക് അധികാരം നഷ്ടമാവുമെന്ന ഭയം, 01 ഏപ്രില്‍, ചന്ദ്രിക).

1.6. എസ്ഡിപിഐ പിന്തുണ: സിപിഎമ്മിന്റേത് അവസരവാദം

സംസ്ഥാനത്തെ മുന്നണികളുടെ ആരോപണ പ്രത്യാരോപണ യുദ്ധം അവസരവാദ രാഷ്ട്രീയത്തെ അനാവരണം ചെയ്യുന്നുവെന്ന് മാധ്യമം എഡിറ്റോറിയല്‍: എസ്ഡിപിഐയുടെ പിന്തുണയുടെ കാര്യത്തില്‍ മതേതരത്വത്തിന്റെ പേരില്‍ ആണയിടുന്ന ഇടതുമുന്നണിയുടെ വിശിഷ്യ സിപിഎമ്മിന്റെ അഴകൊഴമ്പന്‍ സമീപനമാണ്. ഒരു മന്ത്രി ജനവിധി തേടുന്ന മണ്ഡലത്തില്‍ സിപിഎം തങ്ങളുടെ പിന്തുണ തേടിയെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നടത്തിയ അവകാശവാദം മുഖ്യമന്ത്രി നിഷേധിച്ചു. സമാനമായ സാഹചര്യമായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന പാലക്കാട് നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും. അന്ന് മതതീവ്രവാദ ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടമായി യുഡിഎഫ് സഖ്യമുണ്ടാക്കിയെന്ന് മുഖ്യമന്ത്രിമാുരം മറ്റു മന്ത്രിമാരും വിളിച്ചുകൂവിയിരുന്നു (അവസരവാദ രാഷ്ട്രീയത്തിന്റെ അനന്തരഫലം, 01 ഏപ്രില്‍, എഡിറ്റോറിയല്‍, മാധ്യമം).

1.7. കോണ്‍ഗ്രസ്സും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടില്‍

കോണ്‍ഗ്രസ്സും ബിജെപിയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വികസന കാര്യങ്ങളില്‍ ശരിയായ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു (തുടര്‍ഭരണം ലഭിക്കുമെന്ന് എം.വി ഗോവിന്ദന്‍, 01 ഏപ്രില്‍, സുപ്രഭാതം).

1.8. എസ്ഡിപിഐ പിന്തുണ ഭാരമോ?

സിപിഎം, എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.സി സതീശന്‍ നായര്‍ എന്നയാളുടെ മാതൃഭൂമിയിലെ ലേഖനത്തില്‍ എസ്ഡിപിഐ പിന്തുണ ഭാരമോ എന്ന ചോദ്യമുയര്‍ത്തി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു എസ്ഡിപിഐ പിന്തുണ, അന്ന് അവര്‍ ആശങ്കയിലായി. ഇത്തവണ പിന്തുണ സിപിഎമ്മിനായപ്പോള്‍ അവര്‍ക്കുമുണ്ട് ആകുലത. എങ്കിലും മൂന്നാം ഭരണമെന്ന സ്വപ്നത്തിന്റെ ക്ലയ്മാക്‌സ് മധുരിക്കാനായി അല്‍പ്പം കയ്ച്ചാലും എസ്ഡിപിഐ വോട്ട് വിഴുങ്ങാനാണ് സിപിഎം ഒരുങ്ങുന്നത് (എസ്ഡിപിഐ പിന്തുണ കിട്ടുന്നവര്‍ക്ക് ഭാരമോ, എസ്.സി സതീശന്‍ നായര്‍, 01 ഏപ്രില്‍,  മാതൃഭൂമി).

1.9. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഐഎസ് രൂപീകരണം

എസ്ഡിപിഐയുമായി സഖ്യമുണ്ടെന്ന വാര്‍ത്തയുമായി മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിച്ചക്കുന്ന അതേ സമയത്ത് എളമരം കരീം ഒരു പത്രസമ്മേളനം നടത്തി. മുസ്ലീം സംഘടനകളുമായുള്ള ബന്ധത്തില്‍ പാര്‍ട്ടി നോക്കുന്നത് ക്രിമിനില്‍ പശ്ചാത്തലത്തേക്കാള്‍ ഐഡിയോളജിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഐഎസ് രൂപീകരണമാണെന്നും അദ്ദേഹം പറഞ്ഞു: കൈ വെട്ടുന്നുണ്ടോ അല്ലെങ്കില്‍ എത്ര ക്രിമിനല്‍ നടപടികളില്‍ ഭാഗവാക്കായി എന്നതല്ല പ്രശ്‌നം, ക്രിമിനല്‍ നടപടിയെടുത്താല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ എത്രയാളുകളെ കൊന്നിട്ടുണ്ട്? കൊലപ്പെടുത്തിയതിന്റെ എണ്ണം നോക്കിയിട്ടല്ല ഒരു പാര്‍ട്ടിയെ വിലയിരുത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഐഡിയോളജി അത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണമാണ്, അത് അതിന്റെ സ്ഥാപക നേതാവ് മൗദൂദി വളരെ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. ഇത് ലോകം മുഴുവന്‍ ഒരുകാലത്ത് മുസ്ലീം സമുദായത്തിന്റെയിടയില്‍ ഒരു തീവ്രവാദത്തിന്റെ അപ്‌സര്‍ജ് ഉണ്ടായി. ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ എന്ന് പറഞ്ഞ് ഈജിപ്തില്‍, മുസ്ലീം ബ്രദര്‍ഹുഡ്, ഇവിടെ ബ്രിട്ടീഷ് ഭരണകാലത്ത് 42 മുതല്‍ മൗലാന അബുല്‍ അലാ മൗദൂദി അദ്ദേഹം വിഭജനത്തിന് ശേഷം പാകിസ്ഥാനില്‍ പോയി, അവിടെ ആ പ്രസ്ഥാനം ശക്തിപ്പെടുത്തി. ഇന്ത്യക്കാരോട് പറഞ്ഞു നിങ്ങളും ഇതുപോലെ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ശ്രമിച്ചോളൂ, എനിക്ക് അതില്‍ വിരോധമില്ല. ഇങ്ങനെയൊക്കെ പറഞ്ഞുവന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, കാശ്മീരില്‍ മറ്റൊരു സംഘമാണ്. ബംഗ്ലാദേശില്‍  ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് നേതൃത്വം കൊടുത്തത് ജമാഅത്തെ ഇസ്ലാമിയാണ് (എസ്ഡിപിഐയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ജമാഅത്തെ ഇസ്‌ലാമി പ്രശ്‌നക്കാരെന്ന് എളമരം കരീം, 01 ഏപ്രില്‍, മീഡിയ വണ്‍ ഫേസ്ബുക്ക്).

എളമരം കരീമിന്റെ പ്രസ്താവന, മീഡിയ വൺ വാർത്ത

1.10. എസ്ഡിപിഐ ബന്ധം: സതീശന്റേത് വലിയ വായിലെ ആദര്‍ശം

എസ്ഡിപിഐ നല്‍കുന്ന പിന്തുണ ചര്‍ച്ചയായ സമയത്ത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പിന്തുണയെ തള്ളിപ്പറഞ്ഞു. പിന്തുണ നല്‍കിയാലും സ്വീകരിക്കില്ലെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. അതേക്കുറിച്ച് സിപിഎം നേതാവ് സ്വരാജ്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് വേണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ പറയപ്പെടുന്ന സംഘടന ഏത് മുന്നണിക്കാണ് വോട്ട് ചെയ്തത്? ഇതെല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ് അല്ലെ? അതിന് ശേഷം പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ പറയുന്ന പാര്‍ട്ടി ആര്‍ക്കാണ് വോട്ട് കൊടുത്തത്? പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പറഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പറയാഞ്ഞേ? പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഈ പറയുന്ന സംഘടനയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വീട് വീടാന്തരം കയറി അവരുടെ പ്രത്യേകമായ നോട്ടീസ് വിതരണം ചെയ്തത്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഔദ്യോദിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് ആദ്യത്തെ ആഹ്ലാദപ്രകടനം നടത്തിയ പാര്‍ട്ടിയാണ് ഈ പാര്‍ട്ടി. അതെല്ലാം വാങ്ങി ഉപയോഗിച്ചിട്ട് ഇപ്പോള്‍ വലിയ വായില്‍ ആദര്‍ശം പറഞ്ഞാല്‍ ആര് വിശ്വസിക്കും? (ഈ പറയുന്ന പാര്‍ട്ടി, അവര്‍, ഇവര്‍, ഈ പാര്‍ട്ടി. എസ്ഡിപിഐയുടെ പേര് വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ഒരിടത്തും ഉച്ചരിക്കാതെ തീവ്ര ശ്രദ്ധ ചെലുത്തി സിപിഎം നേതാവ് എം സ്വരാജ്, 01 ഏപ്രില്‍, ന്യൂസ് അറൗണ്ട് മലയാളം ഫേസ്ബുക്ക്).

1.11. വര്‍ഗീയതയുമായി ബന്ധമില്ല

നേമത്തെ എസ്ഡിപിഐ, സിപിഎം ഡീല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാർത്താ സമ്മേളനത്തില്‍ എം.വി ജയരാജന്റെ പ്രതികരണം: ശിവന്‍കുട്ടിയൊന്നും എസ്ഡിപിഐയുടെ വോട്ട് പിടിക്കുന്ന ആളല്ല. വര്‍ഗീയതയുമായി യാതൊരു ബന്ധവുമില്ല (ശിവന്‍കുട്ടിയൊന്നും എസ്ഡിപിഐയുടെ വോട്ട് പിടിക്കുന്ന ആളല്ല. വര്‍ഗീയതയുമായി യാതൊരു ബന്ധവുമില്ല, എം.വി ജയരാജന്‍, 01 ഏപ്രില്‍, മീഡിയ വണ്‍ ഫേസ്ബുക്)

1.12. വര്‍ഗീയതയുടെ വിത്ത് പാകുന്ന ന്യൂനപക്ഷ തീവ്രവാദ സംഘടനകള്‍

രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്ലാത്ത, ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്നും സംഘപരിവാര്‍ സംഘങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ തീവ്രവാദ സംഘടനകളും കലാപത്തിനു ശ്രമിക്കുന്നതായി പിണറായി വിജയന്‍. സുപ്രഭാതം പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം: വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ സംഘപരിവാറും ചില ന്യൂനപക്ഷ തീവ്രവാദ സം ഘടനകളും ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കര്‍ശന നിയമനടപടികളും കേരള ജനതയുടെ ഉയര്‍ന്ന മതനിരപേക്ഷബോധവും കാരണം അവര്‍ക്ക് ഇവിടെ വേരുറപ്പിക്കാന്‍ കഴിയുന്നില്ല. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതില്‍ ഇടതുപക്ഷവും ജനങ്ങളും ഒറ്റക്കെട്ടാണ് (ഡീല്‍ ആരോപണം പരാജയഭീതി മറയ്ക്കാന്‍, പിണറായി വിജയന്‍/സുരേഷ് മമ്പള്ളി, 01 ഏപ്രില്‍, മാധ്യമം).

1.13. ഡീല്‍ ആരോപണം പരാജയഭീതി മറയ്ക്കാന്‍

കോലീബി സംഖ്യത്തിലൂടെ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയ ചരിത്രമുള്ളവരാണ് ബിജെപിയുമായി സിപിഎമ്മിന് ഡീലുണ്ടെന്ന ആരോപണം വിളിച്ചുപറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: കോലീബി സഖ്യത്തിലൂടെ ബിജെപിയുമായി വോട്ടുകച്ച വടം നടത്തിയ ചരിത്രമുള്ളവരാണ് ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയതയോട് യാതൊരുവിട്ടുവീഴ്ചയുമില്ലാതെ പോരാടുന്നത് ഇടതുപക്ഷം മാത്രമാണ്. തങ്ങളുടെ മുഖ്യമന്ത്രിമാരടക്കം കുട്ടത്തോടെ ബിജെപിയിലേക്ക് പോകുമ്പോള്‍, മൃദുഹിന്ദുത്വ നയങ്ങളും പരാജയഭീതിയും മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ഇത്തരം പച്ചക്ക ള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഒരു കാലത്തും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ബിജെപിയുടെ ബി ടീമായാണ് അവര്‍ പ്രവര്‍ത്തിച്ചത്. രാജ്യത്തെ മതനിരപേക്ഷതയുടെ അടയാളമായ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരസിംഹറാവു കാഴ്ചക്കാരനാവുകയായിരുന്നു. ഇഎംഎസും എകെജിയും മത്സരിച്ചപ്പോള്‍ ജനസംഘവുമായി സഖ്യമുണ്ടാക്കിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത് (ഡീല്‍ ആരോപണം പരാജയഭീതി മറക്കാന്‍, പിണറായി വിജയന്‍/സുരേഷ് മമ്പള്ളി, 01 ഏപ്രില്‍, മാധ്യമം).

1.14. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട്,  എസ്ഡിപിഐ വര്‍ഗീയ ശക്തി

വര്‍ഗീയതക്കെതിരേ നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ട് വേണ്ടെന്ന് പറയുന്നില്ലെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍. എസ്ഡിപിഐയെപ്പോലുള്ള വര്‍ഗീയ ശക്തികളുമായി എല്‍ഡിഎഫിന് കൂട്ടുകെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു (കോണ്‍ഗ്രസ് ചെലവില്‍ സീറ്റ് നേടാന്‍ ബിജെപി: എം.വി ഗോവിന്ദന്‍, 01 ഏപ്രില്‍, ദേശാഭിമാനി).

1.15. മുന്നണികള്‍ മതഭീകരവാദികളെ മുഖ്യധാരയിലെത്തിക്കുന്നു

എന്‍ഡിഎയെ നേരിടാന്‍ ഇടത് വലത് മുന്നണികള്‍ മതഭീകരവാദികളെ മുഖ്യധാരയിലെത്തിക്കുന്നതായി ജന്മഭൂമി: തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ നിയന്ത്രിക്കുന്നത് നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും, ആഗോള മുസ്ലീം ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയും. മുന്നണികളെ നയിക്കുന്ന സിപിഎമ്മും, കോണ്‍ഗ്രസും കേവലം വോട്ട് ബാങ്കിനായി ഭീകരവാദസംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികളെ രാഷ്ട്രീയ മുഖ്യധാരയിലെത്തിക്കുന്നു (എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍, 01 ഏപ്രില്‍, ജന്മഭൂമി).

1.16. എസ്ഡിപിഐ വോട്ട്: നേമത്ത് പുലിവാല് പിടിച്ച് സിപിഎം

എസ്ഡിപിഐ ബന്ധം നിഷേധിച്ച് എം.വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തിയ എസ്ഡിപിഐ ബാന്ധവ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തള്ളി. വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തള്ളാന്‍ വി.ഡി സതീശന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതക്ക് എതിരേ സംസാരിക്കുന്ന സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുപിടിക്കുന്ന സ്വന്തം വര്‍ഗീയത മറച്ചുവയ്ക്കുന്നു (എസ്ഡിപിഐ ബന്ധം നിഷേധിച്ച് ഗോവിന്ദനും, 01 ഏപ്രില്‍, മെട്രോ വാര്‍ത്ത).

1.17. പുകഞ്ഞുകത്തി എസ്ഡിപിഐ പിന്തുണ

പ്രചാരണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എസ്ഡിപിഐ ബന്ധത്തില്‍ സിപിഎം നടത്തുന്ന ഒളിച്ചുകളി പാര്‍ട്ടിയെ പ്രതിസന്ധിയിലെത്തിച്ചതായി മാധ്യമം. പാര്‍ട്ടിയിലെ വ്യത്യസ്ത നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നതും പ്രതിസന്ധിക്ക് കാരണമായി പത്രം എഴുതി (പുകഞ്ഞുകത്തി എസ്ഡിപിഐ പിന്തുണ; സ്വര്‍ണക്കൊള്ളയില്‍ ‘ഡീല്‍ കുരുക്ക്’, 01 ഏപ്രില്‍, മാധ്യമം).

1.18. സ്വര്‍ണക്കൊള്ളയിലെ ഡീല്‍ കുരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ ബിജെപി ഡീല്‍ പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതായി മാധ്യമം. വിശ്വാസികളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചതാണ് ശബരി മലയിലെ സ്വര്‍ണക്കൊള്ളയെങ്കിലും മോദി അതേ കുറിച്ച് നിശ്ശബ്ദനായിരുന്നു. ഇതാണ് യുഡിഎഫ് ഡീലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് (പുകഞ്ഞുകത്തി എസ്ഡിപിഐ പിന്തുണ; സ്വര്‍ണക്കൊള്ളയില്‍ ‘ഡീല്‍ കുരുക്ക്, 01 ഏപ്രില്‍, മാധ്യമം).

1.19. ബിജെപി ഒരു ഭാഗത്തും മതഭീകരവാദികള്‍ മറുഭാഗത്തും

ബിജെപി ഒരു ഭാഗത്തും മതഭീകരവാദികളും ഇടതുവലത് മുന്നണികളും മറുഭാഗത്തുമായി കേരളം വിഭജിക്കപ്പെട്ടതായി ജന്മഭൂമി: ബിജെപിക്ക് വലിയ മുന്നേറ്റമുള്ള മണ്ഡലങ്ങളില്‍ തൊട്ടടുത്തുള്ള സ്ഥാനാര്‍ത്ഥി സിപിഎമ്മാണോ, കോണ്‍ഗ്രസാണോ എന്ന് നോക്കാതെ പിന്തുണയ്ക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഒരു ഭാഗത്തും മതഭീകരവാദികളും ഇടതുവലത് മുന്നണികളും ഒരു ഭാഗത്തും എന്ന നിലയില്‍ കേരളം രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത (എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍, 01 ഏപ്രില്‍, ജന്മഭൂമി).

1.20. വോട്ട് ചെയ്തിരിക്കാം വര്‍ഗീയതയില്‍ യോജിപ്പില്ല

എസ്ഡിപിഐയുടെ പിന്തുണയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു വിശദീകരണം കേരളം വര്‍ഗീയ സംഘര്‍ഷമില്ലാതിരിക്കുന്നതിന് കാരണം വോട്ടുവാങ്ങുന്നവരോട് വര്‍ഗീയതയില്‍ യോജിക്കാത്തതുകൊണ്ടാണെന്നാണ്: തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ സഹായം തേടിയിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് വിജയിക്കുന്നതിന് വോട്ട് ചെയ്യുന്നവരെ എതിര്‍ക്കുന്ന നിലപാടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്തവര്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടാകും. വര്‍ഗീയതയില്‍ യോജിപ്പില്ലാത്തതിനാലാണ് വര്‍ഗീയകലാപമില്ലാതെ നാടായി കേരളം നിലനില്‍ക്കുന്നത് (എസ്ഡിപിഐയുടെ സഹായം തേടിയിട്ടില്ല; വോട്ട് ചെയ്യുന്നവരെ എതിര്‍ക്കില്ല: മുഖ്യമന്ത്രി, 01 ഏപ്രില്‍, ജന്മഭൂമി).

1.21. ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്ത് പിടിക്കുന്ന സതീശന്‍

സിപിഎം, എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എം വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ ജമാഅത്തിനെ ചേര്‍ത്തുപിടിക്കുകയാണെന്ന് കുറ്റപ്പെടുത്തി: വര്‍ഗീയതക്കെതിരെ സംസാരിക്കുന്ന വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്ത് പിടിക്കുകയാണ്. സ്വന്തം വര്‍ഗീയ കൂട്ടുകെട്ട് മറച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് (തുടര്‍ഭരണം ലഭിക്കുമെന്ന് എം.വി ഗോവിന്ദന്‍, 01 ഏപ്രില്‍, സുപ്രഭാതം) 

1.22. സിപിഎം ബിജെപി ഡീല്‍: വ്യാജ ആരോപണം

സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നത് വ്യാജ ആരോപണണാണെന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായി ശോഭ സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും വി ഡി സതീശന്റെ ബന്ധം പുറത്തുവന്നശേഷം ആരംഭിച്ച കുപ്രചാരണമാണെന്നും അവര്‍ പറഞ്ഞു: രണ്ട് സംഘടനകളും മതരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. ഡീല്‍ ആരോപണം ഈ ചര്‍ച്ചയില്‍നിന്ന് വഴി തെറ്റിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തീവ്രവാദികളുടെ സഹായത്തോടെ ഭരണം പിടിക്കാനുള്ള അണിയറ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പുകമറ സൃഷ്ടിക്കാനാണ് സതീശന്റെ ശ്രമം (ഐ ഹാവ് എ ഡീല്‍, ആന്റ് ദാറ്റ് ഈസ് വിത്ത് ദി വോട്ടേഴ്‌സ്, ശോഭാ സുരേന്ദ്രന്‍, ശ്യാം പി.വി, അഭിമുഖം, 01 ഏപ്രില്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).

1.23. എസ്ഡിപിഐ പിന്തുണ ഭാരമോ

എസ്ഡിപിഐ പിന്തുണ ലഭിക്കുന്നത് ഭാരമാണോയെന്ന ചോദ്യവുമായി മാതൃഭൂമി വാര്‍ത്ത: എസ്ഡിഐയുടെ പിന്തുണ സൗജന്യമല്ല. ബിജെപിയെ തളയ്ക്കുകയാണ് അവരുടെ ലക്ഷ്യം. പിന്തുണയ്ക്കുന്നതിലൂടെ അവര്‍ക്ക് പാര്‍ട്ടി പരിപാടി പോലും മറച്ചുവയ്ക്കാം. പിഎഫ്‌ഐയുടെ നിരോധനം അവരെ തളര്‍ത്തി. സാഹചര്യം പ്രതികൂലമായിരിക്കുമ്പോള്‍ മത്സരിക്കാതിരിക്കുന്നതാണ് ബുദ്ധി (എസ്ഡിപിഐ പിന്തുണ കിട്ടുന്നവര്‍ക്ക് ഭാരമോ, 01 ഏപ്രില്‍, മാതൃഭൂമി).

1.24. എസ്ഡിപിഐ, കത്രികപ്പൂട്ട്

എല്‍ഡിഎഫ് നേതാക്കള്‍ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാത്തത് എസ്ഡിപിഐയുമായുള്ള ധാരണയുടെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വാര്‍ത്തയ്ക്ക് മലയാള മനോരമ നല്‍കിയ ശീര്‍ഷം എസ്ഡിപിഐയില്‍ പെട്ട് എല്‍ഡിഎഫ് കത്രികപ്പൂട്ട് എന്നായിരുന്നു. കത്രികയായിരുന്നു എസ്ഡിപിഐയുടെ ചിഹ്നം (എസ്ഡിപിഐയില്‍ പെട്ട് എല്‍ഡിഎഫ് കത്രികപ്പൂട്ട്, 01 ഏപ്രില്‍, മനോരമ).

1.25. എസ്ഡിപിഐ ബന്ധം: കെട്ടിച്ചമച്ചത്

എസ്ഡിപിഐയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നത് കെട്ടിച്ചമച്ചതാണെന്നും ആര്‍എസ്എസ്സ് പോലുള്ള ഹിന്ദു വര്‍ഗീയ സംഘടനയെപ്പോലെതന്നെയാണ് മുസ്ലീം വര്‍ഗിയ സംഘടനകളെയും പാര്‍ട്ടി കാണുന്നതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. എസ്ഡിപിഐ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു (സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കില്ല, കാരാട്ട്, പ്രകാശ് കാരാട്ട്/ ജയന്‍ കെ ഉണ്ണൂണ്ണി, 01 ഏപ്രില്‍, മനോരമ).

1.26. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ല

വര്‍ഗീയതയ്‌ക്കെതിരേ തങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയതയുമായും കൂട്ടുകൂടില്ല. സുതാര്യതയാണ് എല്‍ഡിഎഫ് നിലപാട്. രാജ്യത്തിന് ചേരാത്ത അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയവരാണ് പുകമറ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു (ഡീല്‍ ആരോപണം പുകമറ, 01 ഏപ്രില്‍, ദേശാഭിമാനി).

1.27. ഇടത് സര്‍ക്കാരിന് ഭീകരവാദികളോട് മൃദുസമീപനം

ഇതരമതസ്ഥര്‍ക്കെതിരെ കൊച്ചുകുട്ടിയെകൊണ്ട് പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെ കൂടെകൂട്ടിയാണ് സിപിഎമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജന്മഭൂമി: മുസ്ലീം മത തീവ്രവാദികള്‍ക്ക് മുന്നില്‍ കാലങ്ങളായി സിപിഎം മുട്ടിലിഴയുകയാണെന്നാണ് വിമര്‍ശനം. 2022 മെയ് 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയിലാണ് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും കാലന്മാരാണ് തങ്ങളെന്ന് സൂചിപ്പിച്ച് പത്ത് വയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വമായ ഇടപെടലാണ് ഉണ്ടായത്. നൂറുകണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഏറ്റുപറഞ്ഞതും. ഇടത് സര്‍ക്കാര്‍ ഭീകരവാദികളോട് തുടര്‍ന്ന മൃദുസമീപനമാണ് പൊലീസ് കാഴ്ചക്കാര്‍ ആകാന്‍ കാരണം (‘അരിയും മലരും കരുതി വെക്കാന്‍’ കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം ‘പോരാട്ടം’, 02 ഏപ്രില്‍, ജന്മഭൂമി)

1.28. ബിജെപിക്ക് ബദലായത് കേരള സര്‍ക്കാര്‍ മാത്രം

എസ്ഡിപിഐ ബന്ധം വെറും ആരോപണമെന്ന് ദീപികക്ക് നല്‍കിയ അഭിമുഖത്തില്‍ സിപിഎം നേതാവ് പ്രകാശ് കാരാട്ട്:  തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉണ്ടാവാറുണ്ട്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അവര്‍ പറയട്ടെ, തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളെ മറക്കാന്‍ അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു (ബിജെപിക്ക് ബദലായത് കേരള സര്‍ക്കാര്‍ മാത്രം, അക്രമങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം: പ്രകാശ് കാരാട്ട്, 02 ഏപ്രില്‍, ദീപിക).

1.29. എസ്ഡിപിഐയുമായി ധാരണയില്ല, മതരാഷ്ട്രവാദത്തെ അംഗീകരിക്കില്ല

സിപിഎം, എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാംകുളം പ്രസ്സ് ക്ലബ്ബ് മീറ്റ് ദി പ്രസ് പരിപാടി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ അംഗീകരിക്കില്ലെന്നും വര്‍ഗീയതകളെ സമീകരിക്കില്ലെന്നും പരിപാടിയില്‍ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി:  നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ഇടതുപക്ഷം ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. വിവിധതരം വര്‍ഗീയതയെ സമീകരിക്കുന്ന രീതിയല്ല സിപിഎമ്മിന്. ആര്‍എസ്എസ് ഭീഷണിക്കെതിരായി ഏതെങ്കിലും സംഘടനകള്‍ നിലപാട് സ്വീകരിച്ച് ഇടതുപക്ഷം വിജയിക്കണമെന്ന് ആഗ്രഹിച്ചാല്‍ ആ തീരുമാനമെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ സിപിഎം അംഗീകരിക്കുന്നില്ല. നാളെ ആര്‍എസ്എസിനെതിരായ രാഷ്ട്രീയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന സാങ്കല്‍പ്പിക ചോദ്യത്തിന് ഇന്ന് മറുപടിയില്ല (എസ്ഡിപിഐയുമായി ധാരണയില്ല: എം.എ ബേബി, 02 ഏപ്രില്‍, ദീപിക).

1.30. ഭീകരസംഘടനകളെ അകറ്റണം

തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള അഭിമുഖം  മംഗളം പ്രസിദ്ധപ്പെടുത്തിയിരുന്നു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയെക്കുറിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ:  ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിലെ മുസ്ലീങ്ങൾ അകറ്റിനിര്‍ത്തിയ എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയുമായുള്ള ബന്ധം യുഡിഎഫും എല്‍ഡിഎഫും അവസാനിപ്പിക്കണം. അവരെ തള്ളിപ്പറയണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രൊഫ.ജോസഫിന്റെ കൈ വെട്ടിമാറ്റിയ പ്രാകൃതവും നികൃഷ്ടവുമായ സംഭവത്തെത്തുടര്‍ന്നാണ് മുസ്ലീം സംഘടനകള്‍ അവസരത്തിനൊത്തുയര്‍ന്ന് കോട്ടക്കലില്‍ 2010 ഓഗസ്റ്റില്‍ സുപ്രധാന തീരുമാനങ്ങളെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനായി ഈ കളങ്കിത പ്രസ്ഥാനങ്ങളെ ഇരുമുന്നണികളും പുല്‍കുകയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്ലീം ലീഗും രാജ്യതാല്പര്യങ്ങള്‍ അട്ടിമറിച്ചാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ തീരുമാനങ്ങളെ പുനഃപരിശോധിക്കണം. അപകടകാരികളായ തീവ്രവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കണം (ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതം മോദിയുടെ ഇന്ത്യ: ശ്രീധരന്‍ പിള്ള, 02 ഏപ്രില്‍, മംഗളം).

1.31. എസ്ഡിപിഐ സഖ്യം: അവ്യക്തതകള്‍ മാത്രം

സിപിഎം, എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്ത സിപിഎമ്മിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു: സംസ്ഥാനത്തെ 27 ശതമാനം മുസ്ലീം ജനസംഖ്യയിലെ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങളിലാണ് മുസ്ലീം വോട്ടുകള്‍ നിര്‍ണായകം. ഇതില്‍ വലിയൊരു വിഭാഗം രാഷ്ട്രീയമായി മുസ്ലീം ലീഗിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി ഔദ്യോഗികമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേതു പോലെ അവരിപ്പോള്‍ വിവാദചിത്രത്തിലില്ല. നേമത്ത് എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പ്രഖ്യാപിച്ചതോടെയാണ് സിപിഎമ്മുമായി ഡീലെന്ന ചര്‍ച്ച ചൂടുപിടിച്ചത്. എല്‍ഡിഎഫിന് പുറത്തുള്ള ഒരു പാര്‍ട്ടിയേയും പിന്തുണ തേടി സമീപിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞെങ്കിലും എസ്ഡിപിഐ വോട്ട് വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മതാഭ്രാന്തരുടെ വോട്ട് വേണ്ടെന്ന് ആദ്യം പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാകട്ടെ, ബിജെപിക്ക് വിരുദ്ധമായി ആര് വോട്ട് നല്‍കിയാലും സ്വീകരിക്കുമെന്ന് പിന്നീട് തിരുത്തി (എസ്ഡിപിഐ തര്‍ക്കത്തില്‍ കളം തിരിച്ച് രാഷ്ട്രീയക്കളി, 02 ഏപ്രില്‍, മാതൃഭൂമി).

1.32. സിപിഎം എസ്ഡിപിഐയെ പ്രയോജനപ്പെടുത്തി

എസ്ഡിപിഐ- സിപിഎം തെരഞ്ഞെടുപ്പ് ബന്ധത്തെക്കുറിച്ചുള്ള മനോരമയിലെ ലേഖനത്തിലെ പരാമര്‍ശം: ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയത്തിന് കരുത്തു പകര്‍ന്ന ന്യൂനപക്ഷപിന്തുണയെന്ന ഘടകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ എസ്ഡിപിഐയെ പ്രയോജനപ്പെടുത്തുന്നതിലേക്ക് സിപിഎം എത്തിയോയെന്ന ചര്‍ച്ച തന്നെയാണ് ശക്തം (ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, സുജിത് നായര്‍, 02 ഏപ്രില്‍, മനോരമ).

1.33. വോട്ട് ചോദിക്കുന്നത് എസ്ഡിപിഐയെ നന്നാക്കാന്‍

എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍: എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം രാഷ്ട്രവിരുദ്ധരെന്നോ ഭരണഘടനയ്‌ക്കെതിരായവരെന്നോ ചാപ്പ കുത്തുന്നത് ശരിയല്ല. അവരെ തിരുത്തി സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു വേദിയാണ് തെരഞ്ഞെടുപ്പ്. തെറ്റായ ആശയങ്ങള്‍ തലയ്ക്ക് പിടിച്ചവരെ മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ട്. അതിന്റെ ഭാഗമായാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് (എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’; എ.കെ ബാലന്‍, 02 ഏപ്രില്‍,  മീഡിയ വണ്‍).

എ.കെ ബാലന്റെ പ്രസ്താവന, മീഡിയ വൺ വാർത്ത

1.34. ജമാഅത്ത് വര്‍ഗീയ പ്രസ്ഥാനം

എസ് ഡി പി ഐയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയാത്തത് എന്ത് കൊണ്ട് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എം.വി ഗോവിന്ദന്റെ മറുപടി: എന്തിനാണ് അങ്ങനെ പറയുന്നത്? കേരളത്തിലും ഇന്ത്യയിലും ലോകത്തും അറിയപ്പെടുന്ന വര്‍ഗീയപ്രസ്ഥാനത്തിന്റെ പേരാണ് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ജമാഅത്തെ ഇസ്‌ലാമി. ആ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ മൂന്നാഴ്ച മുന്‍പ് ഞങ്ങള്‍ യു.ഡി.എഫിനെ ഏകപക്ഷീയമായി പിന്തണക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആരെങ്കിലും കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞോ വോട്ട് വേണ്ടെന്ന് (എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുന്നത് എന്തിനാ? ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലല്ലോ, 02 ഏപ്രില്‍, റിപ്പോര്‍ട്ടര്‍).

1.35. എസ്ഡിപിഐ രാജ്യദ്രോഹികള്‍

എസ്ഡിപിഐ രാജ്യദ്രോഹികളാണെന്നും അവരുടെ വോട്ട് വേണ്ടെന്നും ലീഗ് നേതാവ് കെ എം ഷാജി. രാജ്യദ്രോഹികളുടെ വോട്ട് വാങ്ങേണ്ട ആളല്ല ഞാന്‍. ഒരു വര്‍ഗീയ വാദിയും എനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന് ഞാന്‍ ആയിരം വട്ടം പറയും. എന്റെ നിലപാട് സുതാര്യവും കൃത്യവുമാണ്. ഒരു വര്‍ഗീയവാദിയും എനിക്ക് വോട്ട് ചെയ്യേണ്ടതില്ല (രാജ്യദ്രോഹികളുടെ വോട്ട് വേണ്ട, എസ്ഡിപിഐക്കെതിരെ രാജ്യദ്രോഹ ചാപ്പയുമായി കെ.എം ഷാജി, 03 ഏപ്രില്‍, മക്തൂബ് മലയാളം കാര്‍ഡ്; എന്റെ നിലപാട് സുതാര്യവും കൃത്യവുമാണ്. ഒരു വര്‍ഗീയവാദിയും എനിക്ക് വോട്ട് ചെയ്യേണ്ടതില്ല- കെ.എം ഷാജി,  03 ഏപ്രില്‍, മാതൃഭൂമി).

1.36. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍

ബിജെപിയെ തോല്‍പ്പിക്കാനാണ് ഇരു മുന്നണികളിലെയും ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് മംഗളത്തില്‍ എഴുതിയ ലേഖനത്തില്‍ രാമചന്ദ്രന്‍: ബിജെപിയെ തോല്‍പ്പിക്കാനാണ് ഇരു മുന്നണികളിലുമായി ഇസ്‌ലാമിക തീവ്രവാദികളുടെ ശ്രമം. അതില്‍ യോജിപ്പുണ്ട്. 2016 ലും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എസ്ഡിപിഐ കോണ്‍ഗ്രസിനൊപ്പം ശയിച്ചതിനാല്‍ ഇപ്പോള്‍ മൊഴി ചൊല്ലി പോയതിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല. എപ്പോഴെങ്കിലും മടങ്ങി വന്ന് ദാമ്പത്യം തുടരാമെന്ന പ്രതീക്ഷയുണ്ട്. സിപിഎം – എസ്ഡിപിഐ രഹസ്യ ബന്ധം പലപ്പോഴും നാം കണ്ടിട്ടുണ്ട്. അഭിമന്യുവിനെ കൊന്ന കേസിലെ സുപ്രധാന രേഖകള്‍ എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് കാണാതായെന്ന് മാത്രമല്ല, പ്രധാന പ്രതികളെ പിടിക്കുന്നതില്‍ പൊലീസിന് താല്‍പര്യവും കണ്ടില്ല. ഇതേ അവസ്ഥ പ്രൊഫ. പി.ജെ ജോസഫിനെ വെട്ടിയ കേസിലുമുണ്ടായി. തീവ്രവാദി സംഘടനയുമായുള്ള ഡീലിന് ചോരയുടെ മണമായിരിക്കും.  കേരളം തീവ്രവാദികളുടെ സുഖമായ ഒളിവിടം ആയി മാറിയത് ചുമ്മാതല്ല. അഭിമന്യു കൊല്ലപ്പെട്ടത് 2016 ലാണ്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ചാര വനിത ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ അതിഥിയായി 2024 ലും 2025 ലും ഇവിടെ എത്തി. കലാപത്തേക്കാള്‍ അപകടം പിടിച്ച പണിയാണ്, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരത. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തഴച്ചു വളര്‍ന്നത് കഴിഞ്ഞ ദശകത്തിലാണ് (സുഡാപ്പി, ധര്‍മടത്തും ബേപ്പൂരിലും, രാമചന്ദ്രന്‍, 03 ഏപ്രില്‍,  മംഗളം).

രാമചന്ദ്രന്റെ ലേഖനം, മംഗളം ഓൺലൈൻ

1.37. രാജ്യത്തെ പിളര്‍ത്തും

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. 24 മണിക്കൂര്‍ മോദിയും ബിജെപിയും ഭരണത്തില്‍ നിന്നും മാറിയാല്‍ ഇന്ത്യ പിളര്‍ന്ന് മൂന്ന് രാജ്യമാകുമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഇവരെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഡമ്മികളാണ്. റാഡിക്കല്‍ ഗ്രൂപ്പുകള്‍ ഇവരെ ഹൈജാക്ക് ചെയ്തിരിക്കുന്നു-ഷോണ്‍ ജോര്‍ജ്ജ്, 04 ഏപ്രില്‍, കേരള കൗമുദി).

1.38. ഭാരതത്തെ മുസ്ലീം രാഷ്ട്രമാക്കണമെന്ന് പറഞ്ഞവര്‍

ഭാരതീയതയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തുന്നവര്‍ക്കും വോട്ട് ചെയ്യണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി: വോട്ടവകാശം നമ്മുടെ അധികാരമാണ്. യുക്തമായ തീരുമാനം എടുക്കണം. അവിലും മലരും കുന്തിരിക്കവും കരുതിക്കൊള്ളാന്‍ പറഞ്ഞവരും 21ല്‍ ഊരിയ വാള് അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് ഭീഷണിപ്പെടുത്തിയവരും ‘മതമാണ് മതമാണ് മതമാണ്’ തങ്ങള്‍ക്ക് പ്രധാനം എന്ന് പറഞ്ഞവരും അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും എന്നു പറഞ്ഞവരും ഭാരതത്തെ മുസ്ലീം രാഷ്ട്രമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരും ദേവസ്വത്തില്‍ മുസ്ലീം മെമ്പര്‍മാര്‍ ഉണ്ടാകും എന്ന് പറഞ്ഞവരും ശ്രീപത്മനാഭസ്വാമിയുടെ സമ്പത്ത് ട്രഷറിയിലേക്ക് മാറ്റും എന്ന് പറഞ്ഞവരും ‘വര്‍ഗീയതയൊട്ടും ഇല്ലാത്തവരായി’ ഒറ്റക്കെട്ടാണ്. സംഘടിത മതങ്ങള്‍ വോട്ടുബാങ്കുകളായി രാഷ്ട്രതാത്പര്യത്തിനെതിരെ നില കൊള്ളുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് കീഴ്‌പ്പെടുന്നു. നമ്മുടെ നിലനില്‍പ്പും ഭാവിയും ഓര്‍ത്ത് അന്ധമായ രാഷ്ട്രീയം മാറ്റിവെച്ച് സമ്മതിദാനാവകാശം വിനിയോഗിക്കണം. സങ്കുചിതമതം പിടിമുറുക്കുന്ന സ്ഥിതിയാണ് (രാഷ്ട്രതാത്പര്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണം: സ്വാമി ചിദാനന്ദപുരി, 09 ഏപ്രില്‍, ജന്മഭൂമി).

1.39. ഫസല്‍ വധക്കേസിലെ പ്രതികള്‍ ആര്‍ക്ക് വോട്ട് ചെയ്യും

ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎമ്മിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശിച്ച് ഫസലിന്റെ കുടുംബം ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യം ഉന്നയിക്കുന്ന ലേഖനം വീക്ഷണം പ്രസിദ്ധീകരിച്ചു: പാര്‍ട്ടി മാറി എന്ന കുറ്റത്തിന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ഈ യുവാവിന്റെ കുടുംബം ഇന്നും അനാഥമാണ്. ഈ കുടുംബത്തെ വിസ്മരിച്ചുകൊണ്ടാണ് സിപിഎമ്മുമായി ഫസലിന്റെ് പാര്‍ട്ടി സഖ്യമുണ്ടാക്കുന്നത്. അതിദാരുണ കൊലക്കേസില്‍ പ്രതി സ്ഥാനാര്‍ഥിയായി വരുന്നതും ജനാധിപത്യത്തിനും സമാധാനത്തിനും നിയമാഴ്ച്ക്കും എതിരെയുള്ള വെല്ലുവിളികൂടിയാണ് (ഫസലിന്റെ പാര്‍ട്ടി ആര്‍ക്ക് വോട്ട് ചെയ്യും, 06 ഏപ്രില്‍,  വീക്ഷണം).

1.40. കോണ്‍ഗ്രസ്സിന് ബിജെപിക്കും ഒരേ സ്വരം

തെരഞ്ഞെടുപ്പ്കാലത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധത്തെക്കുറിച്ച് എം.എ ബേബി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുന്നത് കോണ്‍ഗ്രസാണ്. സിപിഎം, എസ്ഡിപിഐയെ നിരന്തരം വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ് (കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരം: എം.എ ബേബി, 06 ഏപ്രില്‍,  ജനയുഗം)

1.41. ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് അനിവാര്യം

നേമത്ത് എസ്ഡിപിഐ സിപിഎമ്മിന് വോട്ടുചെയ്യുമെന്ന ചര്‍ച്ചയെക്കുറിച്ച് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍: കാസര്‍കോട്ട് എസ്ഡിപിഐയുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ട് നേമത്ത് അവര്‍ കൈക്കൊണ്ട നിലപാടിനെക്കുറിച്ച് ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് അവസരവാദപരമാണ് (ബിജെപി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് വോട്ട് അനിവാര്യം: എം.വി ഗോവിന്ദന്‍, 06 ഏപ്രില്‍, കേരളാ കൗമുദി).

1.42. എസ്ഡിപിഐയുമായി ധാരണയില്ല

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍, ‘രണ്ട് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദികളുടെയും പിന്തുണ വാങ്ങില്ല’ എന്ന പിണറായി വിജയന്റെ പരാമര്‍ശത്തെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കേരളത്തില്‍ എസ്ഡിപിഐയുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയും സിപിഎമ്മിനില്ലെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി: ചിലയിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടാകും. സിപിഎം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ സ്വതന്ത്ര തീരുമാനമാണ്. വോട്ടിന്റെ കാര്യത്തില്‍ ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കാനാവില്ല. ആര്‍.എസ്.എസിനെ മാറ്റി നിര്‍ത്താന്‍ അവര്‍ വോട്ടുചെയ്യുമെന്ന് പറയുമ്പോള്‍ ആ പിന്തുണയെ മഹാപാപമായി കാണരുത്. എസ്ഡിപിഐ അവരുടെ കാരണങ്ങളാല്‍ എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ പുറപ്പെടുമ്പോള്‍ പോളിങ് ബൂത്തിന് മുന്നില്‍പോയി എസ്ഡിപിഐക്കാരെ മാര്‍ക്ക് ചെയ്ത് തിരിച്ചയക്കാനുമാവില്ല (എസ്.ഡി.പി.ഐയുമായി ധാരണയില്ല -ബേബി, 06 ഏപ്രില്‍, മാധ്യമം).

1.43. ഡീല്‍ തന്നെ ആയുധം

തെരഞ്ഞെടുപ്പില്‍ ബിജെപിയും എസ്ഡിപിഐയുമായി വിവിധ മുന്നണികള്‍ ഉണ്ടാക്കിയ ഡീലാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിലും ആയുധമെന്ന് സുപ്രഭാതം പത്രം: പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡീല്‍ തന്നെ പ്രധാന ആയുധമാക്കി മുന്നണികള്‍. ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണം യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെയും പരസ്പരം ഉന്നയിച്ചതോടെ, മൂന്ന് ദിവസങ്ങള്‍ക്ക് അപ്പുറത്തെ വോട്ടെടുപ്പിനെയും ഡീല്‍ ആരോപണം സ്വാധീനിക്കുമെന്നുറപ്പായി. ഇന്നലെ യുഡിഎഫ് ക്യാംപില്‍ നിന്ന് കെ.സി വേണുഗോപാലാണ് പുതിയ ആരോപണത്തിന് തുടക്കമിട്ടത്. ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തിയെന്നായിരുന്നു കെ.സി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. 2021ല്‍ എല്‍ഡിഎഫിന് ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡിലിലൂടെയാണെന്നും ഇത്തവണയും ഈ ഡീല്‍ ആവര്‍ത്തിക്കുകയാണെന്നും ചെന്നീത്തല ആരോപിച്ചു. സിപിഎം എസ്ഡിപിഐയെയും കൂട്ടുപിടിച്ചാണ് ഇത്തവണ തെരത്തെടുപ്പ് പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ മാധ്യമങ്ങളെ കണ്ട സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഡില്‍ ആരോപണങ്ങളെ തള്ളി. എല്‍ഡിഎഫ് ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എം.എ ബേബി പറഞ്ഞു (അവസാന ലാപ്പിലും ഡീല്‍ തന്നെ ആയുധം, 06 ഏപ്രില്‍, സുപ്രഭാതം).

1.44. പിന്തുണ കളങ്കമല്ല

മതേതരജനാധിപതൃ മുന്നണിയുടെ വിജയത്തിന് എസ്ഡിപിഐ. പിന്തുണ നല്‍കുന്നത് ഒരു കളങ്കമല്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ (എസ്ഡിപിഐ പിന്തുണ കളങ്കമല്ല -എം.വി. ഗോവിന്ദന്‍, മാതൃഭൂമി, ഏപ്രില്‍ 6).

1.45. സിപിഎമ്മിന് വര്‍ഗീയ സംഘടനകളുമായി കൂട്ട്

എസ്ഡിപിഐ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് നടപടിയെ വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍: സിപിഎം അഭിമന്യൂവിന്റെ കുടുംബത്തോട് മാപ്പ് പറയണം. വര്‍ഗീയ സംഘടനകളുമായി സിപിഎമ്മിന് ആവശ്യത്തിന് പിന്തുണ. ഒരേ സമയം നിഷേധിക്കുകയും അതേ സമയം പിന്തുണ ലഭിച്ചാല്‍ കുഴപ്പമില്ലെന്നും പറയും. സിപിഎമ്മിന് ഇരട്ടത്താപ്പ് (അഭിമന്യുവിന്റെ കുടുംബത്തോട് സിപിഎം മറുപടി പറയണം: കെ.സി, 06 ഏപ്രില്‍, മനോരമ).

1.45. എസ്ഡിപിഐ വര്‍ഗീയസംഘടനയാണെന്നും അല്ലെന്നും പറയേണ്ട

എസ്ഡിപിഐ വര്‍ഗീയ സംഘടനയാണോ എന്ന ചോദ്യത്തിന്, ആണോ അല്ലയോ എന്ന് കൃത്യമായി പറയേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍. എസ്ഡിപിഐ. വോട്ടുവേണ്ട എന്ന വി.ഡി സതീശന്റെ പ്രതികരണം അവസരവാദം. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥി എസ്ഡിപിഐ. പിന്തുണ വാങ്ങുമെന്ന് പറഞ്ഞു (എസ്ഡിപിഐ പിന്തുണ കളങ്കമല്ല – എം.വി ഗോവിന്ദന്‍, മാതൃഭൂമി, ഏപ്രില്‍ 6).

1.45. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പിണറായി

വര്‍ഗീയവാദികളുടെ തോളില്‍ കൈയിട്ടുകൊണ്ടാണ് പിണറായി വിജയന്‍  മതേതര പ്രസംഗം നടത്തുന്നതെന്ന് ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വി.ഡി സതീശന്‍: ആര്‍എസ്എസുമായും എസ്ഡിപിഐയുമായും പിഡിപിയുമായും തരാ തരംപോലെ പിണറായി വിജയന്‍ കൂട്ടു കൂടും, വര്‍ഗീയവാദികളുടെ തോളില്‍ കൈയിട്ടുകൊണ്ടാണ് പിണറായി വിജയന്‍  മതേതര പ്രസംഗം നടത്തുന്നത്. പിണറായി വിജയനും ഒരുകൂട്ടം വര്‍ഗീയവാദികളും മതേതര കേരളത്തിന്റെ മനസില്‍ മുറിവുണ്ടാക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. വര്‍ഗീയത തുലയട്ടെ എന്ന ചുമരെഴുത്ത് നടത്തിയ അഭിമന്യുവിനെ പിണറായി വിജയനും സിപിഎമ്മും മറുന്നുപോയി. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നു പറയുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഖണ്ഡിക പിണറായി വിജയന്‍ വായിച്ചിട്ടില്ല (കേരളം ജയിക്കും യുഡിഎഫ് നയിക്കും, വി.ഡി സതീശന്‍, 08 ഏപ്രില്‍,  ദീപിക).

1.46. വിഘടന- മത- തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, മുന്നണികള്‍

തെരഞ്ഞെടുപ്പ് ദിനത്തില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനം, ഇടത് വലത് മുന്നണികള്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തുവെന്ന് ആരോപിച്ചു: ദേശീയതയും രാഷ്ട്രബോധവും വികസനവും ഏകതയും ലക്ഷ്യമാക്കി എന്‍ഡിഎ ഒരുവശത്തും വിഘടന-മത-തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, ഇടത്-വലത് മുന്നണികള്‍ മറുവശത്തും. രണ്ട് മുന്നണികളും പരസ്പര പോരിന്റെ മൂടുപടം അണിയുമ്പോഴും അവര്‍ പ്രതിനിധീകരിക്കുന്നത് ഒരേ ചിന്താധാരയേയാണ്. മതവും ഇസ്ലാമിക രാഷ്ട്രവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നവരുമായാണ് അവരുടെ ചങ്ങാത്തം. എന്‍ഡിഎക്ക് ഭരണം ലഭിച്ചാല്‍ തങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് മനസിലാക്കിയതിന്റെ വെപ്രാളത്തില്‍ ഇരുകൂട്ടരും പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും ചങ്ങാത്തമുണ്ടാക്കിയിരിക്കുകയാണ്. മതമാണ് മതമാണ് വലുതെന്ന് പ്രസംഗിച്ചവര്‍ മുതല്‍ വോട്ടിന് വേണ്ടി താനൂര്‍ മണ്ഡലം പാക്കിസ്ഥാനെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ വരെ മത്സരരംഗത്താണ്. രാഷ്ട്രമല്ല മതമാണ് വലുതെന്ന് പറയുന്ന തീവ്രവാദികളുടെ വോട്ട് കിട്ടാനുള്ള ഡീലും ഇരുമുന്നണികളും ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേമത്ത് ഉള്‍പ്പെടെ എസ്ഡിപിഐ വോട്ട് മറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് (കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്, അജി ബുധന്നൂര്‍, 09 ഏപ്രില്‍, ജന്മഭൂമി).

1.47. എസ്ഡിപിഐയുടേത് വോട്ട് കച്ചവടം

തീവ്ര ചിന്താഗതി പുലര്‍ത്തുകയും അപരമതവിദ്വേഷം പടര്‍ത്തുന്ന രൂപത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്ന, കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന എസ്ഡിപിഐയുമായി രാഷ്ട്രീയ ചങ്ങാത്തമുണ്ടാക്കിയ സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് ഐഎസ്എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന വര്‍ഗീയത പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് ന്യൂനപക്ഷങ്ങള്‍ തള്ളിക്കളഞ്ഞ തീവ്രവിഭാഗങ്ങളെ കൂടെ കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയ പാപ്പരത്തം പരിഹരിക്കാന്‍ കഴിയാത്ത സങ്കീര്‍ണതകളാണ് സിപിഎമ്മിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലും സൃഷ്ടിക്കുക. സമുദായ സംരക്ഷകരെന്ന് അവകാശപ്പെട്ട് ചെറുപ്പക്കാരെ വികാരം കൊള്ളിച്ചിരുന്ന എസ്ഡിപിഐ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി പരസ്യമായി വോട്ട് കച്ചവടം നടത്തിയത് ആ പാര്‍ട്ടിയുടെ അനുയായികള്‍ തിരിച്ചറിയണം (എസ്ഡിപിഐയുടെ വോട്ട് കച്ചവടം സമുദായം തിരിച്ചറിയണം: ഐഎസ്എം. 11 ഏപ്രില്‍, മാധ്യമം ഓണ്‍ലൈന്‍).

1.48. എസ്ഡിപിഐ പിഎഫ്‌ഐയുടെ രാഷ്ട്രീയമുഖം

ആലപ്പുഴയില്‍നിന്ന് മുന്‍ സിപിഎം നേതാവ് ജി സുധാകരനാണ് യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചത്. അതേ കുറിച്ച് ജന്മഭൂമി തയ്യാറാക്കിയ ഫീര്‍ച്ചറില്‍ നിന്ന്: നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്‌ഐയുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനായി പരസ്യമായി രംഗത്തിറങ്ങിയതും മറ്റു വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കി. അമ്പലപ്പുഴയില്‍, ബൂത്തുതല കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇടതുമുന്നണിക്ക് ആശ ങ്കയാണ്. ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിച്ചു വെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍ (ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക, 11 ഏപ്രില്‍, ജന്മഭൂമി ദിനപത്രം).

1.49. എസ്ഡിപിഐയുമായി ഒരു ചങ്ങാത്തവുമില്ല

എല്‍ഡിഎഫ് മത്സരിച്ചത് ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലാണെന്നും എസ്ഡിപിഐയുമായി യാതൊരുവിധ ചങ്ങാത്തവും ഉണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം: എസ്ഡിപിഐ വോട്ട് വേണമെന്ന് എവിടെയും എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. മനുഷ്യന്റെ വോട്ടാണ് വേണ്ടത് എന്നാണ് സിപിഐ വ്യക്തമാക്കിയിട്ടുള്ളത്. വര്‍ഗീയ ഭ്രാന്തിന്റെ വോട്ട് വേണ്ടാ എന്നതാണ് സിപിഐയുടെ നിലപാട് (എസ്ഡിപിഐയുമായി ഒരു ചങ്ങാത്തവുമില്ല: ബിനോയ് വിശ്വം, 11ഏപ്രില്‍, ജനയുഗം).

1.50. എസ്ഡിപിഐ താത്പര്യത്തിനനുസരിച്ച് ബിഷപ്പിനെ ഒറ്റുകൊടുത്തു

എസ്ഡിപിഐ താത്പര്യത്തിനനുസരിച്ച് പാലാ ബിഷപ്പിനെ ഒറ്റുകൊടുക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്: മുനമ്പം വിഷയത്തില്‍ മതപരമായ വിവേചനം കേരളം കണ്ടതാണ്. പാലാ ബിഷപ്പിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ മതേതരത്വം പറയുന്ന കോണ്‍ഗ്രസിനെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയോ കണ്ടില്ല. എസ്ഡിപിഐ താത്പര്യത്തിനനുസരിച്ച് പാലാ ബിഷപ്പിനെ ഒറ്റുകൊടുക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ശ്രമിച്ചത്.  12 വര്‍ഷമായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ കേന്ദ്ര ഭരണത്തിലോ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷാവകാശങ്ങളില്‍ പോലും വിവേചനമുണ്ട്. കേരളത്തിലെ ന്യൂനപക്ഷ സംവരണത്തില്‍ 80:20 വിവേചനമുണ്ട് (മതത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി, 12 ഏപ്രില്‍, ജന്മഭൂമി).

1.51. ശോഭാ സുരേന്ദ്രന്‍ തീവ്രവാദ ബന്ധമുള്ള നേതാവ്

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ തീവ്രവാദ ബന്ധമുള്ള നേതാവെന്ന് ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാര്‍. പാലക്കാട് നിമയോജകമണ്ഡലത്തിലെ ചില വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് വാങ്ങാന്‍ ശ്രമിച്ചതായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആരോപണം. ശോഭാ സുരേന്ദ്രനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടി പുറത്താക്കിയ നേതാവാണ് ബിന്ദു വിനയകുമാര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ മരണത്തിലും ബിജെപി നേതൃത്വത്തിന് പങ്കുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തണം. ചില നേതാക്കള്‍ തന്നെ ഒതുക്കാന്‍ ശ്രമം നടത്തുന്നതായി പലതവണ രഞ്ജിത്ത് കരഞ്ഞുകൊണ്ട് തന്നോട് പറഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ജില്ലയിലെ ബിജെപി നേതാക്കള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി. എന്നാല്‍ രഞ്ജിത്തിനെ ഇക്കാര്യം അറിയിക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്തില്ല. ശോഭാ സുരേന്ദ്രന് തീവ്രവാദബന്ധമുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് മാതൃഭൂമി പത്രത്തില്‍ ശോഭ സ്വന്തമായി ഒരു പരസ്യം നല്‍കിയിരുന്നു. അതിനുള്ള പണം എവിടെനിന്ന് വന്നു എന്ന് അന്വേഷിച്ചാല്‍ തീവ്രവാദബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം. (ശോഭാ സുരേന്ദ്രന്‍ തീവ്രവാദ ബന്ധമുള്ള നേതാവ്: ബിന്ദു വിനയകുമാര്‍, 13 ഏപ്രില്‍, ദേശാഭിമാനി).

1.52. പ്രശ്‌നം വെല്‍ഫെര്‍പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ മാത്രം

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കുമ്പോള്‍ മാത്രം പ്രശ്‌നമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. എസ്ഡിപിഐ, പിഡിപി, പാര്‍ട്ടികള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ ഒരു പ്രശ്‌നവുമില്ല (ഇന്‍സ്റ്റഗ്രാം, 14 ഏപ്രില്‍, ഏഷ്യാനെറ്റ് ഇന്‍സ്റ്റഗ്രാം).

1.52. എസ്ഡിപിഐ പിന്തുണ: മുഖ്യമന്ത്രി മൗനത്തില്‍

ഉള്ളടക്കം: ‘വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണകൊടുത്തെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ മുഖ്യമന്ത്രി എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ്  പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോള്‍ മൗനമാണെന്ന് വി.ഡി സതീശന്‍ (എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ്  പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്’: വി.ഡി സതീശന്‍, 04 ഏപ്രില്‍, 2026, മീഡിയ വണ്‍ ടിവി   യൂടൂബ് ചാനല്‍).

2. കോര്‍പ്പറേറ്റ് ജിഹാദ്

ദേശീയ തലത്തിൽ തുടങ്ങിയ നാസിക് ടിസിസ് കമ്പനിയിലെ വിവാദം കേരളത്തിലെ മാധ്യമങ്ങളും ഏറ്റെടുത്തു. നിദാഖാന്‍ എന്ന ജീവനക്കാരിയെ കേന്ദ്രീകരിച്ചാണ് ഇവിടെയും വിദ്വേഷപ്രചാരണം നടന്നത്. ടിസിഎസ് കമ്പനിയില്‍ ലൗ ജിഹാദും മതരപരിവര്‍ത്തനവും നടക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. നിദാഖാനെ മതപരിവര്‍ത്തന ലോബിയുടെ ക്യാപ്റ്റനെന്ന് ജന്മഭൂമി വിശേഷിപ്പിച്ചു. നിദാഖാന്റെ ചിത്രം പോലും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു്. ഇതര മതക്കാരോട് മതം മാറാന്‍ നിദാഖാന്‍ പറയാറുണ്ടെന്നും ബുര്‍ഖ ധരിക്കാന്‍ പഠിപ്പിക്കാറുണ്ടെന്നും ആരോപിക്കപ്പെട്ടു. 

ഐടി കമ്പനികളെ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയകള്‍. പ്രവര്‍ത്തിക്കുന്നതായും  നാസിക്കിലെ ടിസിഎസ്സിലെ ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നും ജന്മഭൂമി എഴുതി: ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ ഇസ്ലാമിസ്റ്റുകള്‍ ആയ അതേ കമ്പനിയിലെ തന്നെ സീനിയര്‍ ജീവനക്കാര്‍ മതപരിവര്‍ത്തനം എന്ന ഗൂഢലക്ഷ്യത്തോടെ സമീപിക്കുകയാണെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തലത്രെ (മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു, 11 ഏപ്രില്‍, ജന്മഭൂമി).

കോർപ്പറേറ്റ് ജിഹാദ്, ജന്മഭൂമി വാർത്ത

ജന്മഭൂമി എഴുതിയ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: നാസിക്കിലെ ടിസിഎസില്‍ ലൗ ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷേ (15 ഏപ്രില്‍, ജന്മഭൂമി). ‘കാഫിറു’കളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യവുമായി ഇസ്ലാമിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും  മതേതരത്വത്തിന്റെ മറവില്‍ ‘ഇഫ്താറ’ടക്കമുള്ള ചടങ്ങുകളിലേക്ക് അന്യമതസ്ഥരെ ക്ഷണിക്കുന്നടക്കമുള്ള തന്ത്രങ്ങള്‍ ഇക്കൂട്ടര്‍ പയറ്റുന്നുവെന്നും കേസരി എഴുതി (കോര്‍പറേറ്റ് ജിഹാദ്, ഡോ. വിഷ്ണു അരവിന്ദ്, 01 മെയ്, കേസരി വാരിക).

3. വര്‍ഗീയത

മാർച്ച് അവസാനം തുടങ്ങിയ ചർച്ചയാണ് വർഗീയതയെക്കുറിച്ച്. അത് ഏപ്രിലിലും നീണ്ടു. 

3.1. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ എതിര്‍ക്കണം

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം തീവ്ര വലതുപക്ഷപാര്‍ട്ടിയായി മാറി. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ പിന്തുണച്ചു. ആ സമയത്ത് ഒരു കുഴപ്പവുമുണ്ടായില്ല. പിഡിപി സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചു. അതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു മുഖ്യമന്ത്രി പറഞ്ഞ് നടന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയായി (‘ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കണം; സിപിഐഎം തീവ്ര വലതുപക്ഷ പാര്‍ട്ടിയായി മാറി’; വിഡി സതീശന്‍, 28 മാര്‍ച്ച്,് 24 ന്യൂസ്, വെബ് ഡെസ്‌ക്).

3.2. വര്‍ഗീയ ശക്തികളുമായി ഒത്തുതീര്‍പ്പ്

തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ ശക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായ ഒത്തുതീര്‍പ്പിന് മുതിരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് എന്നീ സംഘടനകളുമായി മാറി മാറി സഖ്യമുണ്ടാക്കുന്ന മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (31 മാര്‍ച്ച്, ജയ്ഹിന്ദ് ടിവി   വെബ്‌സൈറ്റ്).

3.3. മതേതരത്വമെന്ന വാക്ക് പറയാനുള്ള അവകാശം

മതേതരത്വം എന്ന വാക്ക് പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരവകാശവുമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്: വര്‍ഗീയ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മതേതരത്വം എന്ന വാക്ക് പറയാന്‍ അവകാശമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയ ശക്തിയുടേയും പിന്തുണ ആവശ്യമില്ലെന്നതാണ് സിപിഎം നിലപാട് (ഒരു വര്‍ഗീയ ശക്തിയുടേയും പിന്തുണ ആവശ്യമില്ലെന്നതാണ് ഞങ്ങളുടെ നിലപാട്, കൂട്ടായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു: എം.സ്വരാജ്, 01 ഏപ്രില്‍, മീഡിയ വണ്‍).

3.4. വര്‍ഗീയതയുടെ അദൃശ്യകരം

എല്‍ഡിഎഫിനെ നിയന്ത്രിക്കുന്നത് വര്‍ഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും രാഹുല്‍ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിപിഎമ്മിലെ മൂല്യത്തകര്‍ച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ മണ്ണഞ്ചേരി കാവുങ്കല്‍ മൈതാനിയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു (എല്‍ഡിഎഫിനെ നിയന്ത്രിക്കുന്നത് വര്‍ഗീയതയുടെ അദൃശ്യ കരങ്ങള്‍, 08 ഏപ്രില്‍, ദീപിക ദിനപത്രം).

3.5. വര്‍ഗീയശക്തികളെ കൂട്ടുപിടിക്കുന്നു

സംസ്ഥാനത്തെ ഭരണമാറ്റത്തിന് തടയിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയശക്തികളെ കൂട്ടുപിടിക്കുകയാണന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: സിപിഎം-ബിജെപി സഖ്യത്തിന് പുറമെ എസ്ഡിപിഐയെ കൂട്ടുപിടിച്ച് മത്സരിക്കുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയവരോട് സന്ധി സംഭാഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് മടിയില്ല. എസ്ഡിപിഐയെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. കൈവെട്ട് കേസിലെ പ്രതികളുമായി കൈകോര്‍ത്തുപിടിക്കുമ്പോള്‍ സിപിഎം എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കണം. മുഖ്യമന്ത്രി പറഞ്ഞതുപോലെ രണ്ടുവോട്ടിനുവേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും പ്രസംഗവും ലക്ഷ്യവും ഒന്നാണ്. അത് കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ വര്‍ഗീയ ശക്തിയുമായി കൂട്ടുപിടിക്കുകയെന്നതാണ് (മുഖ്യമന്ത്രി വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു – രമേശ് ചെന്നിത്തല, 06 ഏപ്രില്‍, മാധ്യമം).

4. പിഡിപിയുടെ പിന്തുണ 

4.1. പിഡിപി പിന്തുണയെക്കുറിച്ച് എന്താണ് പറയാനുള്ളത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം: പിഡിപി പിന്തുണയെക്കുറിച്ച് എല്‍ഡിഎഫിന് എന്താണ് പറയാനുള്ളത് (24 മാര്‍ച്ച്, മീഡിയവണ്‍ യുട്യൂബ് ചാനല്‍).

4.2. പിഡിപി മതേതരപാര്‍ട്ടിയോ

ധൈര്യമുണ്ടെങ്കില്‍ പിഡിപി മതേതര പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിഡിപി ഇടതുപക്ഷത്തിന് പിന്തുണ കൊടുത്ത സാഹചര്യത്തിലായിരുന്നു വെല്ലുവിളി (ധൈര്യമുണ്ടെങ്കില്‍ പിഡിപി മതേതര പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കട്ടെ; വി.ഡി സതീശന്‍ 28 മാര്‍ച്ച്, മലയാളം ന്യൂസ് ബ്രേക്കിംഗ് യൂടൂബ് ചാനല്‍).

4.3. സഖാക്കളുടെ സ്വന്തം മഅ്ദനി

എം.ബി രാജേഷിന്റെ പ്രചാരണത്തിനുവേണ്ടി പിഡിപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനെക്കുറിച്ച് ജനം ടിവി വാര്‍ത്തയെക്കുറിച്ച കാര്‍ഡ് ഇങ്ങനെ: സഖാക്കളുടെ സ്വന്തം മദനി, എം.ബി രാജേഷിന്റെ പോസ്റ്ററുകളില്‍ പിഡിപി (പിഡിപി പിന്തുണയ്ക്കുന്ന എംബി രാജേഷിനെ വിജയിപ്പിക്കണമെന്ന് പോസ്റ്ററുകള്‍, 02 ഏപ്രില്‍, ജനം ടി വി ഫേസ്ബുക്).

4.4. തുടക്കം മഅ്ദനിയില്‍ നിന്ന്

ഇസ്ലാമിക മതരാഷ്ട്രവാദത്തോട് സന്ധി ചെയ്യരുതെന്നും പിഡിപി, പിഎഫ്‌ഐ, എസ്ഡിപിഐ എല്ലാം ഒന്നാണെന്നും മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് രാമചന്ദ്രന്‍:  ഇതിന്റെ തുടക്കം അബ്ദുന്നാസര്‍ മഅ്ദനിയില്‍ നിന്നാണ്. ഐഎസ്എസില്‍ നിന്നാണ്. അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തിയിരിക്കുന്നത് ആരാണ്? മലപ്പുറത്ത് ഒരു സിപിഎം നേതാവ് അനാവശ്യമായി മഅ്ദനിയെ പുകഴ്ത്തി പൊതുവിടത്തില്‍ സംസാരിച്ചു. തികച്ചും അനാവശ്യയിരുന്നു അത്. ഇസ്ലാമിക മതരാഷ്ട്രവാദമാണ് ഇവിടെ പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന് വേണ്ടിയുള്ള വെറും മുഖംമൂടി മാത്രമാണ് ഈ പേരുകള്‍. പിഡിപി, പിഎഫ്‌ഐ, എസ്ഡിപിഐ, വെല്‍ഫെയര്‍ എന്നെല്ലാം പറഞ്ഞാലും ഇന്ത്യ വീണ്ടും വീണ്ടും മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടണമെന്ന് വിശ്വസിക്കുന്നവരുടെ സംഘടനകളുമായിട്ട് കൈകോര്‍ക്കുകയാണ് (‘ഇസ് ലാമിക മതരാഷ്ട്രവാദത്തോട് സന്ധി ചെയ്യരുത്’; പിഡിപി, പിഎഫ്‌ഐ, എസ്ഡിപിഐ എല്ലാം ഒന്നെന്ന് രാജേഷ് രാമചന്ദ്രന്‍, 04 ഏപ്രില്‍, ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച).

5. മുപ്പത്തടത്തെ മതതീവ്രവാദികള്‍

മുപ്പത്തടം എടയാര്‍ മേഖലയില്‍ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച ജന്മഭൂമി റിപോര്‍ട്ടിന്റെ ഭാഷ ഇങ്ങനെ:  മതതീവ്രവാദ സംഘടനാ പ്രവര്‍ത്തകരുടെ സംഘം ചേര്‍ന്ന ആക്രമണത്തില്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന് പരിക്കേറ്റു. മതതീവ്രവാദികള്‍ ആയിട്ടുള്ളവര്‍ ഏതാനും നാളുകളായി മുപ്പത്തടം, എടയാര്‍ മേഖലയില്‍ അഴിഞ്ഞാടുകയാണ്. ശുദ്ധജല വിതരണ കുഴല്‍ സ്ഥാപിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച മില്ലുപൊടി- പാനായികുളം റോഡ് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ടാര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിക്കുകയും റോഡില്‍ മാര്‍ഗ്ഗതടസ്സം വെക്കുകയും ചെയ്തിരുന്നു. ടാര്‍ ചെയ്തതിന് പിന്നാലെ തടസ്സങ്ങള്‍ മറികടന്ന് വാഹനത്തില്‍ വന്ന ഷജീറിനോട് കവലയില്‍ കൂടിനിന്നവര്‍ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു. ഈ സമയത്ത് അവിടെ നിന്നിരുന്ന സജീവനോട് ഷജീര്‍ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. ആദ്യം ഒറ്റക്കും പിന്നീട് എരമത്ത് നിന്ന് ഹൂദികള്‍ എന്ന് വിളിക്കുന്നവരെ വിളിച്ചു വരുത്തി ആക്രമണം നടത്തി (മതതീവ്രവാദികള്‍ അഴിഞ്ഞാടി; വ്യാപക പ്രതിഷേധം, 01 ഏപ്രില്‍, ജന്മഭൂമി).

6. ഖൗമിലെ കുട്ടി

6.1. ‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’: ഒരു വിദ്വേഷ പ്രചാരണം

തെരഞ്ഞെടുപ്പ് ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കെ പേരാമ്പ്രയില്‍ അനൗണ്‍സ്‌മെന്റ് വിവാദം പൊട്ടിപ്പുറപ്പെട്ടു. ‘യുഡിഎഫ് സ്ഥാനാര്‍ഥി നമ്മുടെ ഖൗമില്‍ പെട്ടയാളാണെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച്’ എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നടത്തിയ അനൗണ്‍സ്‌മെന്റാണ് വിവാദമായത്. യുഡിഎഫ് സ്ഥാനാര്‍ഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നും വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചുള്ളതായിരുന്നു അനൗണ്‍സ്‌മെന്റ്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. മതം പറഞ്ഞ് വോട്ട് ചോദിച്ചില്ലെന്നും വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണ വേളയാണിതെന്നുമാണ് യുഡിഎഫ് പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇറക്കിയ ‘കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്’ സമാനമായ രീതിയില്‍ എല്‍ഡിഎഫ് വ്യാജ നിര്‍മ്മിതിയുണ്ടാക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് ഡിജിപിക്കും പരാതി നല്‍കി (‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിലെ പ്രചാരണത്തെ ചൂടു പിടിപ്പിച്ച് അനൗണ്‍സ്‌മെന്റ് വിവാദം, പ്രതികരിക്കാതെ സിപിഎം, 01 ഏപ്രില്‍, മീഡിയവണ്‍).

‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പ്രചാരണം. മീഡിയ വൺ വാർത്ത

6.2. മതേതര കേരളത്തിന് അപമാനം

പേരാമ്പ്രയിലെ പ്രചാരണം മതേതര കേരളത്തിന് അപമാനമെന്ന് കെ.സി വേണുഗോപാല്‍: പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഫാത്തിമ തഹ്ലിയ്‌ക്കെതിരെ സിപിഎം ക്യാംപ് വര്‍ഗീയ പരാമര്‍ശം നടത്തുന്നത്. പരാജയ ഭീതിയാണ് കാരണം. തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധമാണ് സി.പിഎം പ്രചാരണം നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷം വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സി പി എമ്മിന്റേത് (പേരാമ്പ്രയിലെ പ്രചാരണം; മതേതര കേരളത്തിന് അപമാനമെന്ന് കെ.സി, 02 ഏപ്രില്‍, സുപ്രഭാതം).

6.3. വര്‍ഗീയ പ്രചാരണം

പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ഫാത്തിമ തഹ്‌ലിയക്കെതിരെ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ മോഡലില്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണമെന്ന് വീക്ഷണം:  എല്‍ ഡി എഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി.പി രാമകൃഷ്ണന്റെ ബോര്‍ഡ് വെച്ച പ്രചാരണ വാഹനത്തില്‍ നിന്നാണ് മതധ്രുവീകരണവും വിഭാഗീയതയും ലക്ഷ്യമിട്ടുള്ള വിവാദ അനൗണ്‍സ്‌മെന്റ് ഉണ്ടായത്. ‘നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്, മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണ് മുസ്ലീം ലീഗ് നടത്തുന്നത്.’ എന്ന പരാമര്‍ശമാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുയര്‍ന്നത് (ബിജെപി നാണിച്ചു പോകുന്നു, സിപിഎമ്മിന് മുന്നില്‍!, 02 ഏപ്രില്‍, വീക്ഷണം).

6.4. വര്‍ഗീയ കാര്‍ഡ്

പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരായ പ്രചാരണത്തെ ചന്ദ്രിക വര്‍ഗീയ കാര്‍ഡെന്ന് വിശേഷിപ്പിച്ചു: നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക് തന്നെ കൊടുക്കണമെന്ന് മുസ്ലീം ലീഗ് രഹസ്യപ്രചാരണം നടത്തുന്നു’ എന്നാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനത്തിലൂടെ പ്രചരിപ്പിച്ചിരുന്നത്. ‘മുസ്ലീം ലീഗ് നടത്തുന്നത് മതഏകീകരണത്തിന്റെ ചിഹ്നം വിളിയാണ്, മുസ് ലിംലീഗ് മതവര്‍ഗീയ തന്ത്രം പയറ്റുകയാണ്. മതരാഷ്ട്ര പ്രവര്‍ത്തനങ്ങളിലൂടെ ധ്രുവീകരണം നടത്തുകയാണ്’. എന്നിങ്ങനെയാണ് ഇടത് പ്രചാരണ വാഹനത്തിലൂടെ പച്ചക്ക് വര്‍ഗീയത ആളിക്കത്തിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എന്ന് മാത്രം വിശേഷിപ്പിക്കുകയും മതം പറഞ്ഞ ഒറ്റപ്പെടുത്താനുള്ള കുടില തന്ത്രം പ്രയോഗിക്കുകയുമാണ് ഇടതുപക്ഷം.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന ആരോപണം കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉന്നയിച്ചത് (അന്ന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, ഇന്ന് ‘ഖൗമിലെ പെണ്‍കുട്ടി’ പരാജയ ഭീതിയില്‍ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും സിപിഎം, 02 ഏപ്രില്‍, ചന്ദ്രിക).

6.5. വര്‍ഗീയ അനൗണ്‍സ്‌മെന്റ്

അധികാരം നിലനിര്‍ത്താന്‍ പിണറായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് വി.ഡി സതീശന്‍. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയില്‍ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്‌മെന്റ് നടത്തിയത്. ഇതിന് പിന്നില്‍ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ അറിവുണ്ട്. 

മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി സര്‍ക്കാരിന്റെ ഇരുണ്ടകാലത്തിനെതിരായ ജനവികാരത്തില്‍നിന്ന് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (അധികാരം നിലനിര്‍ത്താന്‍ പിണറായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കും: വി.ഡി സതീശന്‍, 05 ഏപ്രില്‍, ദീപിക ദിനപത്രം)

6.6. വര്‍ഗീയ അജണ്ട

തനിക്കെതിരായ പ്രചാരണത്തെ വര്‍ഗീയ അജണ്ടയെന്ന് വിശേഷിപ്പിച്ച് ഫാത്തിമ തഹ്ലിയ: വര്‍ഗീയ അജണ്ടയുടെ ഭാഗമായ അനൗണ്‍സ്‌മെന്റിന് പിന്നില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി വന്നവര്‍. സാമൂഹികമാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തനിക്കെതിരെ കൂടുതല്‍ ഇടങ്ങളില്‍ സമാനരീതിയില്‍ എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റ് നടത്തിയിട്ടുണ്ട് (പേരാമ്പ്രയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി. പിന്നില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി വന്നവരെന്ന് ഫാത്തിമ തഹ്ലിയ, 05 ഏപ്രില്‍, വീക്ഷണം).

6.7. മുസ്ലീം വോട്ടുകളുടെ ഏകീകരണം

തഹ്ലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങിയെന്നും മുസ് ലിംവോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്:  ‘ഫാത്തിമ തഹ്ലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങി. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമി നോമിനി. മറ്റെവിടെയും കാണിക്കാത്ത താല്‍പര്യം പേരാമ്പ്രയില്‍ കാണിച്ചു (ഫാത്തിമ തഹ്ലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങി. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചോയെന്ന് പരിശോധിച്ചിട്ടില്ല’: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ന്യൂസ് മലയാളത്തോട്, 11 ഏപ്രില്‍, 24 ന്യൂസ് മലയാളം ഫേസ്ബുക്ക് പോസ്റ്റര്‍).

6.8. നിയമനടപടിയുമായി ലീഗ്

കുപ്രചാരണങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും, ഇതിനായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് പക്ഷം തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വിജയം നേടാന്‍ ശ്രമിക്കുന്നുവെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. പേരാമ്പ്രയിലെ ഈ വിവാദം അതിന്റെ ഭാഗമാണെന്നും, ജില്ലയില്‍ മറ്റ് പ്രദേശങ്ങളിലുമാണ് ജാതി-മത ആസ്പദമാക്കി വോട്ട് തേടുന്നതായും അവര്‍ പറയുന്നു (‘ഖൗമിലെ കുട്ടി’ പ്രയോഗ വിവാദത്തില്‍ മുസ്ലീം ലീഗ് നിയമനടപടിയിലേക്ക്, 16 ഏപ്രില്‍, മാധ്യമം).

7. ടി.കെ ഗോവിന്ദന്റെ പച്ച ഷാളും തൊപ്പിയും

തളിപ്പറമ്പില്‍ സിപിഎം പി.കെ ശ്യാമളക്കെതിരെ മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് ടി.കെ ഗോവിന്ദനെതിരെ സിപിഎം അനുയായികള്‍ വംശീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചു. ടി.കെ ഗോവിന്ദനെ തൊപ്പി ധരിപ്പിച്ച ചിത്രം സനേഷ് കൂവേരി എന്ന സിപിഎം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. തൊപ്പിയും പച്ച ഷാളും ധരിച്ച ടി.കെ ഗോവിന്ദന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് അധിക്ഷേപം. പോസ്റ്റിന് താഴെ വരുന്ന കമെന്റുകളിലും വംശീയ അധിക്ഷേപങ്ങള്‍ ധാരാളമുണ്ട് (തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനെതിരെ വംശീയ വിദ്വേഷവുമായി സൈബര്‍ സഖാക്കള്‍, 02 ഏപ്രില്‍, ജനപക്ഷം ഓണ്‍ലൈന്‍).

സനേഷ് കൂവേരിയുടെ പോസ്റ്റിലെ ചില കമന്റുകള്‍: 

പ്രമോദ് രായരോത്ത്: പൊന്നാനിയില്‍ പോയോ? എന്‍.വി അശോകന്‍: ഇത് ശരിയായ ഉസ്താദ് ഗോയിന്ദന്‍. സജി സ്‌നേഹിതന്‍: കണ്ടിച്ചാ?

ഈ ചോദ്യത്തിന് നവീന്‍ കെ.പി കരിപ്പോളിന്റെ മറുപടി: ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഒരിഞ്ച് കൂടുതല്‍ ചെയ്തിട്ടുണ്ട്. ശ്രീജ എലംപേരം: കോയിന്ദന്‍ മൊയ്‌ലാളി നിസ്‌കാരം കയിഞ്ഞ് ഇറങ്ങി. രാജേഷ് സി.പി.ആര്‍: പാണക്കാട് തങ്ങളുടെ കാല്‍ക്കല്‍ വീണ് അയാള്‍ തുപ്പിയിട്ട വെള്ളം കുടിച്ചതിന് ശേഷം മൂരികള്‍ ഉത്സാഹത്തോടെ ഇയാളെ പിന്നാലെ കൂടിയിട്ടുണ്ട്. രഘുനാഥന്‍: പൊന്നാനിയില്‍ പോയി ഇച്ചുംമണി കട്ട് ചെയ്‌തോ വേഗം. എന്നാലേ രക്ഷപ്പെടൂ. മോഹനന്‍ ബക്കളം: പൊന്നാനിയില്‍ പോയി സുന്നത്ത് കൂടി കഴിച്ചേക്ക് ചെറ്റ ഗോവിന്ദാ (03 ഏപ്രില്‍, ഫേസ്ബുക്ക്/ ഷെരീഫ് സാഗര്‍).

8. ഗുരുവായൂരിലെ ഹിന്ദു

ഗുരുവായൂരില്‍ വേണ്ടത് ഒരു ഹിന്ദു എംഎല്‍എയാണെന്ന ഗുരുവായൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശവും അനന്തര സംഭവങ്ങളും മാർച്ച് മാസത്തിലെ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിവാദം പുറത്തുവന്നശേഷം അദ്ദേഹം ഗുരുവായൂര്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എമാരുടെ മതത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ഫ്ലക്സ് ഉയര്‍ത്തി. 1977 മുതല്‍ 2021 വര ഗുരുവായൂരില്‍ വിജയിച്ച എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച ഫ്ലക്സാണ് ഗോപാലകൃഷ്ണന്‍ ചാവക്കാട് ഉയര്‍ത്തിയത്. ഗുരുവായൂരില്‍ മാറ്റം വേണമെന്നായിരുന്നു വാദം (വിവാദ പരാമര്‍ശത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സും, എം.എല്‍.എമാരുടെ പേരു ചൂണ്ടിക്കാട്ടി മാറ്റം ആവശ്യപ്പെടുന്ന ഫ്‌ലക്‌സിനെതിരെ വിമര്‍ശനം, 02 ഏപ്രില്‍, മാധ്യമം).

ബി ഗോപാലകൃഷ്ണന്റെ ഫ്ലക്സ്, മാധ്യമം വാർത്ത

9. ടിപ്പുസുല്‍ത്താന്‍

9. 1. ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം?

ഏങ്ങണ്ടിയൂരിലെ പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ തറവാട്ടിലേക്കുള്ള വഴിക്ക് ടിപ്പുസുല്‍ത്താന്റെ പേര് നല്‍കിയതിനെതിരേ ബി ഗോപാലകൃഷ്ണന്‍ രംഗത്തുവന്നു. ടിപ്പു സുല്‍ത്താന്‍ ഈ നാടിനെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശക്കാരന്‍ മാത്രമാണെന്നും പ്രദേശവുമായി അദ്ദേഹത്തിന് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോയില്‍ അദ്ദേഹം ആരോപിച്ചു: ടിപ്പുസുല്‍ത്താന്‍ നാടിന് ആവശ്യമില്ലാത്ത ആളാണ്. കേരളത്തെ ആക്രമിച്ച ആളാണ് ടിപ്പു സുല്‍ത്താന്‍. നിരവധി ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തി. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഗുരുവായൂരില്‍ ഉള്‍പ്പെടെ ഇത്തരം ആക്രമണങ്ങള്‍ ടിപ്പു നടത്തി. ഈ നാടിന് ടിപ്പുവിനെ ആവശ്യമില്ല. നിരവധി കൊലപാതകങ്ങള്‍ നടത്തിയ ആളുടെ പേര് എന്തിനാണ് റോഡിന് ഇട്ടിരിക്കുന്നത്. അതിന് പകരം ഈ നാടിന്റെ ചരിത്രം രചിച്ച വേലായുധന്‍ പണിക്കശ്ശേരിയുടെ പേര് എന്തു കൊണ്ട് ഇടുന്നില്ല (ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിന്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, 06 ഏപ്രില്‍, ജന്മഭൂമി).

9.2.  ഏത് ഹിന്ദു?

ബി ഗോപാലകൃഷ്ണനോട് എഴുത്തുകാരന്‍ ടി.എസ് ശ്യാംകുമാര്‍ വിയോജിച്ചു: ‘ടിപ്പു കേരളം ആക്രമിച്ച് നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി’ എന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവനയുടെ സാധുത പരിശോധിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ഏത് ഹിന്ദുവിനെ പറ്റിയാണ് ഇപ്പറയുന്നത്? നൂറ്റാണ്ടുകളായി ഇന്ത്യന്‍ സവര്‍ണര്‍ അവര്‍ണരെ കൊലപ്പെടുത്തുകയും അപമാനിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ചാതുര്‍വര്‍ണ്യ ബാഹ്യരായ ജനതയെ ചവിട്ടിമെതിച്ച പ്രത്യയശാസ്ത്രം സവര്‍ണതയാണ്. ഇന്ത്യയിലെ അവര്‍ണരോടുള്ള നിഷ്ഠൂരമായ സവര്‍ണയുദ്ധം അവസാനിപ്പിക്കാതെ കുറ്റം മുഴുവന്‍ ടിപ്പുവില്‍ ചാര്‍ത്തി സവര്‍ണ പ്രത്യയശാസ്ത്രത്തെ കുറ്റവിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിരന്തരം ടിപ്പു, ടിപ്പു എന്ന് ജപിച്ചുകൊണ്ടിരിക്കുന്നത് (08 ഏപ്രില്‍, ഫേസ്ബുക്ക്/ ടി.എസ് ശ്യാം കുമാര്‍).

9.3. അഘോരികള്‍ വന്നുകഴിഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണദിവസങ്ങളില്‍ ഇന്ത്യന്‍ ഫാസിസം കേരളത്തിലേക്ക് കൂടി വരുന്നതിന്റെ അപകടസൂചനകള്‍ മനസിലാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സാന്നിധ്യമറിയിച്ച ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് വേക്ക് അപ്പ് കേരളം. അവര്‍ തൃശൂരില്‍ ഒരു പരിപാടി നടത്താന്‍ തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രി വരുന്നുവെന്ന് പറഞ്ഞ് സ്ഥലം അനുവദിച്ചില്ല. ഒടുവില്‍ അവര്‍ വേദി ഗുരുവായൂരിലേക്ക് മാറ്റി. 

നോവലിസ്റ്റ് സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു: വര്‍ഗീയവിഷം പരസ്യമായി ഛര്‍ദ്ദിക്കപ്പെട്ട നിയോജകമണ്ഡലം ഗുരുവായൂരാണ്. അവിടെ ഇന്ത്യന്‍ ഹിന്ദുഫാസിസത്തിന്റെ വക്താവായ സ്ഥാനാര്‍ത്ഥി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും കദളിക്കുലയുമായി അമ്പലത്തില്‍ കയറി ടെമ്പിള്‍ ഷോ നടത്തി. പാലക്കാട്ടും തിരുവനന്തപുരത്തും ചാത്തന്നൂരിലും യോഗങ്ങള്‍ നടത്തുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ അഘോരികളെത്തിയെന്നാണ് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞത് (അഘോരികള്‍ വന്നുകഴിഞ്ഞു: കേരളമേ ഉണരൂ, കുരീപ്പുഴ ശ്രീകുമാര്‍, 09 ഏപ്രില്‍, ജനയുഗം).

9. പ്രോ പാകിസ്താൻ

കാട്ടാക്കടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കാട്ടാക്കട എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ കൃഷ്ണദാസ് ഏപ്രല്‍ അഞ്ചിന് നടത്തിയ പ്രസംഗം വിവാദമായി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ‘പ്രോ പാകിസ്താൻ’ ശക്തികള്‍ നിയന്ത്രണം പിടിക്കുമെന്നും ഹിന്ദു ക്രിസ്ത്യന്‍ വനിതകള്‍ ‘ലൗ ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു കൃഷ്ണദാസ് പ്രസംഗിച്ചത്. ഇതിനെതിരേ കെപിസിസി അംഗം അഡ്വ. ജെ.എസ് അഖില്‍ പരാതി നല്‍കി. പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് കാരണമാകുമെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത് (കാട്ടാക്കടയിലെ വിദ്വേഷ പ്രസംഗം; പി കെ കൃഷ്ണദാസിനെതിരെ പരാതി, 09 ഏപ്രില്‍, സിറാജ്).

10. ജമാഅത്തെ ഇസ്ലാമി

10.1. മതരാഷ്ട്രവാദത്തിന് സര്‍ക്കാര്‍ തണല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ ഭീകരവാദവും രാജ്യവിരുദ്ധതയുമുണ്ടെന്ന് ജനം ടിവി വാര്‍ത്ത നല്‍കി. പുസ്തകങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് സര്‍ക്കാരിനെയും കുറ്റപ്പെടുത്തി (മതരാഷ്ട്രവാദത്തിന് സര്‍ക്കാര്‍ തണലോ? ജമാഅത്തെ ഇസ്ലാമി സിലബസ് പിന്‍വലിക്കാന്‍ നടപടിയില്ല, 02 ഏപ്രില്‍, ജനം ടിവി ഫേസ്ബുക്ക്) .

ജമാഅത്തെ ഇസ്ലാമി, ജനം ടിവി വാർത്ത

10.2. ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് ഡീല്‍

 വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുന്നത് കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തി സിപിഎം നേതാവ് എം.എ ബേബി. എസ്ഡിപിഐയെ തങ്ങള്‍ നിരന്തരം വിമര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. (കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരം : എം.എ ബേബി, 06 ഏപ്രില്‍, ജനയുഗം).

10.3. ഫാസിസ്റ്റ് മുദ്രവാക്യം

മീഡിയാവണിലെ ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ അജിംസ് പറഞ്ഞ ഒരു താരതമ്യം വിവാദമായി. എല്‍ഡിഎഫല്ലാതെ മറ്റാര് എന്നത് ഒരു അര്‍ത്ഥത്തില്‍ അല്‍പ്പം ഫാസിസ്റ്റ് ചായ്വുള്ള ഒരു മുദ്രാവാക്യമാണെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ഈ മുദ്രവാക്യത്തെ ലാഇലാഹ ഇല്ലല്ലാഹ് എന്നതുമായി താരതമ്യം ചെയ്തതാണ് വിമര്‍ശിക്കപ്പെട്ടത്. ഇതില്‍ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 

ഇതേ കുറിച്ച് മറുനാടന്‍ മലയാളി:  ‘അടുപ്പൂട്ടി ചര്‍ച്ച’ എന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്ന, ഔട്ട് ഓഫ് ഫോക്കസ് എന്ന സി ദാവൂദ് നയിക്കുന്ന ചര്‍ച്ചയില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് സുനില്‍ പി ഇളയിടം വരെയുള്ളവര്‍ക്ക് വിവിധ സമയങ്ങളിലായി അവരുടെ പ്രസ്താവനകള്‍ അടര്‍ത്തിയെടുത്ത് സംഘി പട്ടം നല്‍കിയയാളാണ് അജിംസും കൂട്ടരുമെന്നായിരുന്നു മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തത് (‘ലാ ഇലാഹാ ഇല്ലല്ലാഹ്’ ഒരു ഫാഷിസ്റ്റ് മുദ്രാവാക്യമെന്ന് അജിംസ്; എല്‍ഡിഎഫല്ലാതെ മറ്റാര് എന്ന മുദ്രാവാക്യത്തെ താരതമ്യം ചെയ്തപ്പോള്‍ പുലിവാല്; വിവാദം കത്തിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരല്‍; ഒരുപാടുപേര്‍ക്ക് സംഘിപട്ടം നല്‍കിയ മീഡിയവണ്‍ അവതാരകനും ഒടുവില്‍ സംഘിയാവുമ്പോള്‍!, 07 ഏപ്രില്‍, മറുനാടന്‍ മലയാളി)

10.4. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും തീവ്രവാദ ഗ്രൂപ്പുകള്‍

ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുമായി ജന്മഭൂമി നടത്തിയ അഭിമുഖത്തില്‍നിന്ന്: ഇരു മുന്നണികളുടെയും പ്രചാരണം കണ്ടാല്‍ മുസ്ലീങ്ങളുടെ വോട്ട് മാത്രമേ അവര്‍ക്ക് വേണ്ടു എന്ന് തോന്നും. ഹിന്ദുക്കളും ക്രിസത്യാനികളും കൂടി 70 ശതമാനത്തിലധികം ഉണ്ട് എന്നുള്ള കാര്യം ഇവര്‍ മറന്നു പോവുന്നു. ബൊക്കോ ഹറാം, ഇസ്ബുല്ലാ, ഹുതികള്‍, ഐഎസ്‌ഐഎസ്, ഇസ്ലാമിക് ബ്രദര്‍ഹുഡ് തുടങ്ങിയവയുടെ ഗണത്തില്‍ വരുന്ന തീവ്രവാദ ഗ്രൂപ്പാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഈ ബന്ധം ഇരുമുന്നണികള്‍ക്കും നഷ്ടക്കച്ചവടം ആയിരിക്കും (കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍: എ.പി അബ്ദുള്ളക്കുട്ടി, അഭിമുഖം, 08 ഏപ്രില്‍, ജന്മഭൂമി).

10.5. ജമാഅത്തെ ബന്ധം മതേതരത്വത്തിന് ഭീഷണി

തെരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍: ജമാഅത്തെ ഇസ്‌ലാമി പോലെ തീവ്ര നിലപാടുള്ള സംഘടനകളുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്ന സഖ്യം കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്. കോണ്‍ഗ്രസ് ഇന്ന് മുസ്ലീം ലീഗിന് മുന്നില്‍ പൂര്‍ണമായും അടിയറവ് പറഞ്ഞിരിക്കുകയാണ്. അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന രഹസ്യ ഡീല്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഇടയിലുണ്ട്. സീറ്റ് വിഭജനത്തിലും തീരുമാനങ്ങളിലും ലീഗ് പറയുന്നതാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക് (ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസും ശബരിമല കൊള്ളയടിച്ച സിപിഎമ്മും പരാജയപ്പെടും, രാജീവ് ചന്ദ്രശേഖര്‍, 08 ഏപ്രില്‍, മെട്രോ വാര്‍ത്ത).

10.6. ജമാഅത്തെ ഇസ്ലാമിയുടെ തണല്‍ പറ്റിക്കൊണ്ട് മാധ്യമ പ്രവര്‍ത്തനം

ഏപ്രില്‍ എട്ടാം തിയ്യതി പാലക്കാട് സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ അനുയായികള്‍ തിരുവങ്കുറിശിയില്‍ വയോധിക്ക് പണം കൈമാറുന്ന വീഡിയോ മീഡിയാവണിലൂടെ പുറത്തുവന്നു. പണം കൈമാറിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത്. നോട്ടു കൈമാറ്റം സംസ്ഥാനത്ത് വിവാദമായി. ഇതിനെക്കുറിച്ച് ശോഭാ സുരേന്ദ്രന്റെ പ്രതികരണം: ഭീകരവാദികളുടെ ഹബ്ബാക്കി പാലക്കാടിനെ ചിലര്‍ മാറ്റി, ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തണല്‍പ്പറ്റിക്കൊണ്ട് ഒരു മീഡിയ പ്രവര്‍ത്തനം പാലക്കാടിന്റെ മണ്ണില്‍ നടക്കുന്നുണ്ട്. തന്നെ വേട്ടയാടാന്‍ ഇതേ മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമിക്കുകയാണ്. വ്യാജ പ്രചരണം അഴിച്ചു വിട്ട മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകനെ കോടതിയില്‍ മുട്ടുകുത്തിക്കും (ജമാഅത്തെ ഇസ്ലാമിയുടെ തണല്‍ പറ്റിക്കൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ പാലക്കാടുണ്ട്; മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകനെ കോടതിയില്‍ മുട്ടുകുത്തിക്കും: ശോഭ സുരേന്ദ്രന്‍, 09 ഏപ്രില്‍, ജനം ടിവി).

10.7. ജമാഅത്തുമായി വേദി പങ്കിടുന്ന ലീഗ്

നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണരീതികള്‍ മുസ് ലിംസമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത. ജമാഅത്തെ ഇസ് ലാമിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സൂചന:  പ്രചാരണകാലത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ജമാഅത്ത് -ഇസ്ലാമിയും തമ്മിലുള്ള അടുപ്പം കൂടുതല്‍ ശക്തമായതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ചില മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ലീഗ് ജമാഅത്തിനൊപ്പം വേദി പങ്കിട്ടു. ചില മണ്ഡലങ്ങളില്‍ ഈ അനൗപചാരിക സഹകരണം തുറന്ന സഖ്യമായി മാറി, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇരുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജമാഅത്തിന്റെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫ്‌നായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും നടത്തി, സ്ഥാനാര്‍ത്ഥികളെ ക്ഷണിച്ചു. പെരമ്പ്രയില്‍ പോലെ ചിലര്‍ എതിര്‍ത്തെങ്കിലും ലീഗ് ജമാഅത്ത് ബന്ധത്തില്‍ അതൊന്നും മാറ്റമുണ്ടാക്കിയില്ല. ജമാഅത്തും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രചാരണത്തിനിടെ റെക്കോര്‍ഡ് തോതില്‍ തണുത്തുപോയി(തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്വാധീനം മുസ് ലിം സമൂഹത്തില്‍ ആഴത്തിലുള്ള പാടുകള്‍ വിതച്ച്, 11 ഏപ്രില്‍, ദി ഇന്ത്യന്‍ എക്‌സ്‌പ്രെസ്) 

10.8. കൊലപാതക ആരോപണവും വക്കീല്‍ നോട്ടിസും

ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് നോട്ടീസില്‍ പറയുന്നു (ശ്രീനിവാസന്‍ വധക്കേസില്‍ പങ്കെന്ന് പരാമര്‍ശം ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്, 12 ഏപ്രില്‍, മാധ്യമം ഓണ്‍ലൈന്‍)

10.9. ലീഗും ജമാഅത്തും

ലീഗ് നേതാക്കള്‍ ജമാഅത്തെ ബന്ധത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ബിഗി ടിവിവെന്നും ജമാഅത്തെ യുഡിഎഫ് മുന്നണി വന്നാല്‍ കേരളം നശിക്കുമെന്നും എ.കെ ബാലന്‍ (13 ഏപ്രില്‍, ഫേസ്ബുക്ക്/ ബിഗ്ടിവി).

11. പലവിധ ജിഹാദുകള്‍ 

ഈ മാസം പല വിധത്തിലുള്ള ജിഹാദുകള്‍ പ്രചാരണരംഗം പിടിച്ചടക്കി. ദേശീയ തലത്തിൽ നിന്നു ഇറക്കുമതി ചെയ്ത കോർപ്പറേറ്റ് ജിഹാദ് നേരത്തെ സൂചിപ്പിച്ചു.  ലൗജിഹാദ്, ബിസിനസ് ജിഹാദ്, കോര്‍പറേറ്റ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, നര്‍കോട്ടിക് ജിഹാദ്, ബ്ലാക് മെയില്‍ ജിഹാദ് അങ്ങനെ പോകുന്നു. 

11.1. ലൗ ജിഹാദ്

കെ.ഇ.എന്നുമായുള്ള സുപ്രഭാതം അഭിമുഖം: 

ഒരു ശത്രുരാജ്യത്തോടെന്ന പോലെ കേരളത്തോട് സംഘ്പരിവാര്‍ യുദ്ധം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള നവോത്ഥാനത്തെ രൂപപ്പെടുത്തിയ മിശ്രവിവാഹം അഥവാ പ്രീതി വിവാഹത്തെയാണ് ലൗ ജിഹാദായി വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ആളുകള്‍ പലപ്പോഴും മതം മാറിയിട്ടുണ്ട്. നവോത്ഥാനത്തിനെതിരെ പുനരുദ്ധാരണം, ചരിത്രത്തിനെതിരെ പുരാണം, സൗഹൃദത്തിന്റെ സ്ഥാനത്ത് വിദ്വേഷം എന്നിങ്ങനെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്ന ആശയങ്ങളാണ് കേരളത്തിലും അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്(കൊള്ളരുതാത്തവരെ ജനം പൊറുപ്പിക്കുകയില്ല, 02 ഏപ്രില്‍, സുപ്രഭാതം).

11.2. ‘ലൗ ജിഹാദ്’ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാര്‍

 ‘ലൗ ജിഹാദ്’ പോലെയുള്ള കുറ്റകൃത്യം കേരളത്തില്‍ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍:  ലൗ ജിഹാദ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരും ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. 2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചത്. കേരളത്തില്‍ അതിന് പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നത് കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ ഒരു വലിയ കാര്യം നടത്തി സ്ത്രീകളുടെ മാനം വരെ സംരക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പക്ഷേ, കേരളത്തില്‍ അത് ഇല്ല എന്നുള്ളത് മനസിലാക്കണം. നരേന്ദ്രമോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു (‘ലൗ ജിഹാദ്’ കേരളത്തില്‍ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് -ആര്‍. ശ്രീലേഖ, 03 ഏപ്രില്‍, മാധ്യമം).

11.3. മുസ്ലീങ്ങളെയും കേരളത്തെയും അപമാനിക്കുന്നു

ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും കേരളത്തെ അപമാനിക്കാനും മുസ്ലീം സമുദായത്തെ അധിക്ഷേപിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും രാജ്യസഭാ എം.പി എ.എ റഹീം (കേരളത്തെ അപമാനിക്കാനും മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം. ലൗ ജിഹാദ് പരാമര്‍ശത്തില്‍ ആര്‍ ശ്രീലേഖക്കെതിരെ എ.എ റഹീം, 03 ഏപ്രില്‍, ഡൂള്‍ ന്യൂസ്)

11.4. ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ട്

കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. മാറിമാറി വരുന്ന എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തിന് കീഴില്‍ കേരളത്തിലെ ജനം ദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ യുവാക്കളും വിദ്യാര്‍ഥികളും മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുകയാണ്. ഭയം കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളത്തില്‍നിന്ന് പലായനം ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു (കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദുമുണ്ട് – കേന്ദ്രമന്ത്രി ശോഭ കരന്തലജെ, 04 ഏപ്രില്‍, ദീപിക).

കേന്ദ്രമന്ത്രി ശോഭ കരന്തലജെയുെടെ പ്രസ്താവന, ഏഷ്യാനെറ്റ് ന്യൂസ്

11.5. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും

കുറുവിലങ്ങാട് പള്ളിയില്‍ വച്ച്  നാര്‍ക്കോട്ടിക് ജിഹാദ്  ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോള്‍ ആകെ പിന്തുണച്ചത് ബിജെപിയും ആര്‍എസ്എസും പി.സി ജോര്‍ജും മാത്രമായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ്: നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം നടത്തിയ പിതാവിനെതിരെ ആക്രോശിക്കുകയും  രൂപത ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ഒക്കെ ചെയ്തപ്പോള്‍ ഇവിടുത്തെ ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടപെട്ടില്ല. ഇടതുപക്ഷമാണ് പിതാവിനെതിരെ എട്ട് കേസുകള്‍ എടുത്തത്. പിതാവിനെ തുറങ്കില്‍ അടയ്ക്കണമെന്ന് വി.ഡി സതീശന്‍  ആവശ്യപ്പെട്ടു. അപ്പോഴാണ് ഇനി ഒരിക്കലും രണ്ടു മുന്നണിയില്‍ നിന്നും ക്രൈസ്തവരായ ആളുകള്‍ക്ക് നീതി കിട്ടില്ല എന്നുള്ള ചിന്ത മനസ്സിലാകെ ഉടലെടുത്തത് (ഇതേ പള്ളിയില്‍ പിതാവില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പ്രസംഗിച്ചപ്പോള്‍ പിന്തുണച്ചത് ആര്‍എസ്എസും പിസി ജോര്‍ജ്ജും മാത്രം -ഷോണ്‍ ജോര്‍ജ്, 13 ഏപ്രില്‍, മാധ്യമം ഓണ്‍ലൈന്‍).

11.6. ബ്ലാക്‌മെയില്‍ ജിഹാദ്

ഉപരിപഠനത്തിന് വിദേശത്തു പോകാന്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയ യുവ നഴ്‌സ് വയറുവേദനയെത്തുടര്‍ന്നു ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും (റെജി) ജെസിയുടെയും മകള്‍ ലെന ജോണ്‍ ആണ് മരിച്ചത്. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയതാണ്. പരീക്ഷയ്ക്കിടെ പെട്ടെന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. 

ഇത് ബ്ലാക് മെയില്‍ ജിഹാദാണെന്നായിരുന്നു ജനം ടിവിയുടെ വ്യാഖ്യാനം.  യുവതികളെ പ്രണയം നടിച്ചു വശീകരിച്ച് അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് മതപരിവര്‍ത്തനത്തിനോ ലൈംഗിക ചൂഷണത്തിനോ നിര്‍ബന്ധിക്കുകയും ചെയ്യുന്ന കേസുകളെയാണത്രെ ബ്ലാക്‌മെയില്‍ ജിഹാദെന്നതിലൂടെ ഉദ്ദേശിക്കുന്നത് (ബ്ലാക്ക് മെയില്‍ ജിഹാദ്; ലെന ജോണിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം, 03 ഏപ്രില്‍ ജനം ടിവി).

ലെനയുടെ മരണം കൊലപാതകമാണെന്ന് ജന്മഭൂമി വാര്‍ത്ത അവകാശപ്പെട്ടു: വിഷം ഉള്ളില്‍ച്ചെന്നതാണ് മരണ കാരണം. മകള്‍ക്കൊപ്പം അര്‍ഷാദ്, സുഹൈല്‍ എന്നീ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നത്തില്‍ കാസയും ഇടപെട്ടു (കുഴിമന്തി കഴിച്ച നഴ്‌സിന്റെ മരണം കൊലപാതകമെന്ന് സൂചന, 08 ഏപ്രില്‍, ജന്മഭൂമി).

ലെന ജോണിന്റെ മരണം, ജനം ടിവി വാർത്ത

12. കാഫിര്‍ സ്‌ക്രീന്‍ഷോട്ട്

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് വടകര പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പറഞ്ഞ കാരണം. ലോക്‌സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ആദ്യം ഒരു യുഡിഎഫ് പ്രവര്‍ത്തകനെയാണ് പ്രതിചേര്‍ത്തത് (വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അവസാനിപ്പിച്ച് പൊലീസ് പ്രതികളെ കണ്ടെത്താനായില്ല എന്ന് പറഞ്ഞാണ് നടപടി – 03 ഏപ്രില്‍, മീഡിയവണ്‍).

13. കേരള സ്‌റ്റോറിക്ക് പിന്നില്‍ ആര്‍എസ്എസ്

ലൗ ജിഹാദ് കേന്ദ്രപ്രമേയമായി പുറത്തുവന്ന കേരള സ്‌റ്റോറി എന്ന സിനിമ നിർമ്മിച്ചത് ആര്‍എസ്എസ് പിന്തുണയിലെന്ന് നിര്‍മ്മാതാവ് വിപുല്‍ ഷാ. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആര്‍എസ്എസിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അവര്‍ തങ്ങളുടെ കാവല്‍ മാലാഖമാരാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ആര്‍എസ്എസ് നല്‍കിയ പിന്തുണയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ ദി ക്വിന്റ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് പുറത്തുവന്നത് (കേരള സ്‌റ്റോറി നിർമ്മിച്ചത് ആര്‍എസ്എസ് പിന്തുണയില്‍; അവര്‍ കാവല്‍ മാലാഖമാര്‍; നിർമ്മാതാവ് വിപുല്‍ ഷാ, അനിത സി, 05 ഏപ്രില്‍, ഡൂള്‍ ന്യൂസ്).

14. എഫ്‌സിആര്‍എ ഭേദഗതി

എഫ്‌സിആര്‍എ ഭേദഗതിനിയമത്തിനെതിരേയുള്ള പ്രതിഷേധത്തെ ക്രൈസ്തവരുമായി ചേര്‍ത്തുവച്ചാണ് ഹിന്ദുത്വ മാധ്യമങ്ങള്‍ വിമര്‍ശിച്ചതെങ്കിലും ചില ഘട്ടങ്ങളില്‍ അവയെ മുസ്ലീങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. 

14.1. വ്യാജപ്രചാരണം

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടതുവലതു മുന്നണികള്‍ എഫ്‌സിആര്‍എ നിയമമടക്കം തെറ്റായി വ്യാഖ്യാനിക്കുകയും പച്ചക്കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് തിരുവല്ലയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി. തുടര്‍ന്നദ്ദേഹം ഇതിനെ പൗരത്വനിയമത്തെയും ഏകീകൃത സിവില്‍കോഡിനെകുറിച്ച് നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെടുത്തി. ഈ നിയമങ്ങളോടുള്ള ന്യൂനപക്ഷപ്രതികരണം വ്യാജമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടതുവലതു മുന്നണികള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഏകീകൃത സിവില്‍ കോഡിനെതിരേയും കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകള്‍ക്കെതിരേയും പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തി. എല്ലാ വിഷയങ്ങളിലും നുണപ്രചാരണം നടത്തുകയാണിവര്‍. എല്‍ഡിഎഫും യുഡിഎഫും കള്ളം പറയുന്നത് സ്ഥിരം കാഴ്ചയാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇവര്‍ (എഫ്‌സിആര്‍എ നിയമമടക്കം തെറ്റായി വ്യാഖ്യാനിക്കുന്നു, 05 ഏപ്രില്‍, ജന്മഭൂമി).

14.2. പ്രതിരോധം രാഷ്ട്രീയ പ്രേരിതം

എഫ്‌സിആര്‍എ നിയമ ഭേദഗതിയെതിരെ മതനേതാക്കള്‍, പ്രത്യേകിച്ച് ചില ക്രിസ്ത്യന്‍ പുരോഹിതര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതികരിക്കുന്നതെന്ന് ജന്മഭൂമി. വിദേശത്തുനിന്നുള്ള സംഭാവനകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ചില സംഘടനകള്‍ ദുരുപയോഗം ചെയ്യുന്നു. ഈ ഫണ്ടുകളുടെ ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണ വിശ്വാസികള്‍ക്ക് ഈ നിയമം പ്രതികൂലമല്ല. ചില മതനേതാക്കളുടെ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യങ്ങളാല്‍ പ്രേരിതമാണ് (മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം? 11 ഏപ്രില്‍, ജന്മഭൂമി) .

14.3. സുഡാപ്പികളുടെ ഉറ്റ തോഴന്‍

എഫ്‌സിആര്‍എ ഭേദഗതിക്കെതിരേ സംസാരിച്ച ഫാദര്‍ തേലക്കാട്ടിനെതിരേ കാസ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഫാദര്‍ തലേക്കാട്ടിനെ സുഡാപ്പികളുടെ ഏജന്റായും ഹൈന്ദവ വിരുദ്ധനായും ചിത്രീകരിച്ചു. പള്ളികളുടെ സ്വത്തിനെ വിമര്‍ശിക്കുന്നവര്‍ ക്ഷേത്രങ്ങളിലെ സ്വത്ത് കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അടിയന്തര പ്രകോപനമായത്: വ്യാജരേഖ കേസിലെ പ്രതിയും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരുടെ നേതാക്കളില്‍ ഒരാളും സുഡാപ്പികളുടെ ഉറ്റ തോഴനുമായ വൈദിക വേഷധാരി പോള്‍ തേലക്കാടിന്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനകള്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടായി ഒരിക്കലും നിങ്ങള്‍ എടുക്കരുത്. ലൗ ജിഹാദ് മുതല്‍ മുനമ്പം വഖഫ് അധിനിവേശ വിഷയം വരെ ക്രിസ്ത്യന്‍ സമുദായം ഈ കേരളത്തില്‍ നേരിട്ടിട്ടുള്ള എല്ലാ വിഷയങ്ങളിലും പ്രതിസ്ഥാനത്തുള്ള സുഡാപ്പികള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള കുലംകുത്തിയായ വൈദിക വേഷധാരിയാണ് പോള്‍ തേലക്കാട്. പൊളിറ്റിക്കല്‍ ഇസ്ലാം കേരളത്തില്‍ എപ്പോഴൊക്കെ പ്രതിരോധത്തില്‍ ആകുന്നുവോ അപ്പോഴെല്ലാം ഇയാള്‍ അവരുടെ രക്ഷയ്ക്കായി എത്തുക പതിവാണ്. ഹമാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ വരെ തേലക്കാട് മുന്നിലുണ്ടായിരുന്നു. എഫ്‌സിആര്‍എ വിഷയത്തിന്റെ പേരില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വത്തുക്കളെക്കുറിച്ച് പോള്‍ തേലക്കാട് നടത്തിയ പരാമര്‍ശം ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളെ തമ്മില്‍ അകറ്റുവാന്‍ വേണ്ടി കരുതിക്കൂട്ടിയുള്ളത് തന്നെയാണ്.   അതിന്റെ പുറകില്‍ ആരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! (13 ഏപ്രില്‍, ഫേസ്ബുക്ക്/ കാസാ ഒഫീഷ്യല്‍).

14.4. മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട്

എഫ്‌സിആര്‍എ വിവാദവുമായി ബന്ധപ്പെട്ടുകൊണ്ട് ജന്മഭൂമി ഒരു എഡിറ്റോറിയല്‍ എഴുതിയിരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്ന ക്രൈസ്തവ മിഷണറിമാര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന്എഡിറ്റോറിയല്‍ ആരോപിച്ചു: ഭാരതത്തിലെ വനവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതപരിവര്‍ത്തനം നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ എത്തുന്നതായുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ രാജ്യത്ത് നിലനില്‍ക്കുന്ന മാവോയിസ്റ്റ് – ക്രൈസ്തവ മിഷണറി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാവുന്ന ആരെയും അത്ഭുതപ്പെടുത്തില്ല.  അമേരിക്കന്‍ ക്രൈസ്തവ മിഷണറി സംഘടനയായ ‘ദ തിയോണി ഇനിഷ്യേറ്റീവ്’ എന്ന സംഘടന 95 കോടി രൂപ ഭാരതത്തില്‍ എത്തിച്ചു. പതിറ്റാണ്ടുകളായി ഭാരതത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് ആദ്യം മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ ഫണ്ട് മതമാറ്റത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോത്രവര്‍ഗ്ഗ മേഖലകളിലെ ജനങ്ങളെ ബന്ദികളാക്കി അക്രമസക്തമായ ആന്റി-ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് ചില ക്രൈസ്തവ മിഷണറി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഒഡിഷയിലെ സ്വാമി ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത് ക്രൈസ്തവ മിഷണറിമാരുടെ താല്‍പ്പര്യപ്രകാരമാണ്. മാവോയിസ്റ്റുകളുമായി ക്രൈസ്തവ മിഷണറിമാരുടെ ബന്ധം വളരെ ദൃഢമാണ്. മഹാരാഷ്ട്രയില്‍ ക്രൈസ്തവ മിഷണറിയായ സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിടിയിലാവുകയും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ മരിക്കുകയും ചെയ്തിരുന്നു (മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം, 28 ഏപ്രില്‍, ജന്മഭൂമി).

15. മുനാഫിഖ്

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശം കാസർഗോഡ് തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയായി മാറിയിരുന്നു. മുള്ളേരിയയില്‍ യുഡിഎഫ് സംഘടിപ്പിച്ച കുടുംബയോഗത്തില്‍ പ്രസംഗിക്കവെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആഇഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ ‘കപട വിശ്വാസി’ എന്നര്‍ഥം വരുന്ന മുനാഫിഖ് എന്ന് വിളിച്ച് ആക്ഷേപിച്ചത്. രാവിലെ ഒരു കൊടിയും ഉച്ചക്ക് മറ്റൊരു കൊടിയും വൈകിട്ട് വേറൊരു കൊടിയും പിടിച്ചുനടന്ന് മുനാഫിഖിന്റെ പണിയെടുത്താണ് ഷാനവാസ് പാദൂര്‍ എത്തുന്നതെന്നായിരുന്നു ഫര്‍സാനയുടെ ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞത് പോലെ ഇത്തരക്കാരോട് കടക്ക് പുറത്ത് എന്ന് പറയാന്‍ കാസര്‍കോടിന് അറിയാമെന്നും അവര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി വോട്ട് പിടിക്കുന്നത് ലീഗിന്റെ പതിവ് രീതിയാണെന്ന് ഷാനവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ ഇലക്ഷന്‍ ഏജന്റ് കെ.എ മുഹമ്മദ് ഹനീഫാണ് പരാതി നല്‍കിയത്. ‘മുനാഫിഖ്’ എന്ന അറബിക് വാക്ക് ഉപയോഗിച്ചത് ഷാനവാസ് പാദൂരിനെ വ്യക്തിഹത്യ നടത്താനാണെന്നും സാമുദായിക ധ്രുവീകരണമുണ്ടാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് ലീഗ് നേതാവ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. മോശമായ അര്‍ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെന്നും ആഇഷത്ത് ഫര്‍സാന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു (‘മുനാഫിഖ്’ പരാമര്‍ശത്തില്‍ തട്ടി കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണം, 06 ഏപ്രില്‍, സിറാജ്).

16. കെ.പി ശശികലയുടെ വിദ്വേഷ പ്രചാരണം

ട്രെക്കിങ്ങിനിടെ കാട്ടില്‍ വഴി തെറ്റിയ ശരണ്യയെ ഏറെ പണിപ്പെട്ടാണ് അധികൃതര്‍ നാട്ടില്‍ തിരിച്ചെത്തിച്ചത്. സ്വാഭാവികമായും ഇത് വാര്‍ത്തയായി. പുറത്തുവന്നശേഷം കാട്ടില്‍ ഭക്ഷണമില്ലാതെ എങ്ങനെ കഴിച്ചുകൂട്ടിയെന്ന ചോദ്യത്തിന് ശരണ്യ നോമ്പ് കാലത്തെ വ്രതാനുഷ്ഠാനം സഹായിച്ചതായി പറഞ്ഞു. ഇതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറുനാടന്‍ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സൂപ്പര്‍ ശരണ്യയെ തുണച്ചത് പതിവായി അനുഷ്ഠിക്കുന്ന റമസാന്‍ വ്രതം; ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പിടിച്ചുനില്‍ക്കാന്‍ തന്റെ മകള്‍ക്ക് കഴിയുമെന്ന അമ്മയുടെ വിശ്വാസത്തിന് ആധാരം വ്രതം നോക്കല്‍; ‘അമ്മേ എല്ലാം സെറ്റാണ്’; കുടകിലെ കൊടുംകാട്ടില്‍ നിന്നും ശരണ്യ നാദാപുരത്തെ വീട്ടില്‍; ട്രെക്കിങ് തുടരുമെന്ന് ഉറച്ച നിലപാട്. 

ഇത് പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് കെ.പി ശശികലയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ഹരേ വാ ഇപ്പോ കള്ളി വെളിച്ചത്തായോന്നൊരു സംശയം? പുലരും മുമ്പ് കഴിച്ച് രാത്രി മൂക്കു മുട്ടെ കഴിച്ച് അനുഷ്ഠിച്ച വ്രതം കൊണ്ട് നാലു ദിവസം കൊടും കാട്ടില്‍ നടന്നിട്ട് സിനിമാടാക്കീസില്‍ നിന്നും വരുമ്പോലെ കളിച്ചു ചിരിച്ച്… സ്‌ക്രീന്‍ പ്ലേ എവിടേയും പാളിയില്ല!  ധര്‍മ്മസ്ഥലയില്‍ ഒരു മാസം കഥകളടിച്ചു. വിട്ടില്ലേ… നടക്കട്ടെ ജയന്തിമാരും കോയിന്ദന്മാരും മുസ്ലീം ലീഗിലും ശരണ്യമാര്‍ റംളാന്‍ വ്രതത്തിലും ….  2047 വരെ അടവുകള്‍ പതിനെട്ട്. സത്യം സമാജ മറിഞ്ഞാല്‍ പിന്നെ ഒടുക്കം പമ്പരം പാച്ചില്‍ വേണ്ടി വരാതിരിക്കട്ടെ (06 ഏപ്രില്‍, ഫേസ്ബുക്ക്/ കെ.പി ശശികല)

സുരക്ഷ മതപ്രവര്‍ത്തനത്തിന് പോകുന്നവര്‍ക്ക് മാത്രമോ?

ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം പാലക്കാട്ടുനിന്ന് വിനോദസഞ്ചാരത്തിന് പോയ ശ്രീനന്ദ എന്ന പെണ്‍കുട്ടിയെ കാണാതായി. ഇതേ കുറിച്ച് ശശികലയുടെ പോസ്റ്റ്:  തെരഞ്ഞെടുപ്പു കഴിഞ്ഞല്ലോ, ഇനിയെങ്കിലും ഈ മലയാളി കുട്ടിക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിക്കൂടെ. മതപരിവര്‍ത്തനത്തിനായി പോകുന്ന വര്‍ക്കോ ഭീകരര്‍ക്കോ വേണ്ടി മലയാളിത്തം പറഞ്ഞ് മസിലുപെരുക്കി പരാക്രമം കാട്ടുന്ന കേരളാ രാഷ്ട്രീയത്തിനോടാണ് ചോദ്യം. ഈ  കുട്ടി മലയാളിയല്ലേ? (10 ഏപ്രില്‍, ഫേസ്ബുക്ക്/ കെ.പി ശശികല)

17. യുഡിഎഫിനെ നിയന്ത്രിക്കുന്ന ലീഗ് 

17.1. ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസും ശബരിമല കൊള്ളയടിച്ച സിപിഎമ്മും പരാജയപ്പെടും

തെരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍:  കോണ്‍ഗ്രസ് ഇന്ന് മുസ്ലീം ലീഗിന് മുന്നില്‍ പൂര്‍ണമായും അടിയറവ് പറഞ്ഞിരിക്കുകയാണ്. അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന രഹസ്യ ഡീല്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഇടയിലുണ്ട്. സീറ്റ് വിഭജനത്തിലും തീരുമാനങ്ങളിലും ലീഗ് പറയുന്നതാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ഇടതുവലത് മുന്നണികളുടേത് പ്രീണന രാഷ്ട്രീയം (ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസും ശബരിമല കൊള്ളയടിച്ച സിപിഎമ്മും പരാജയപ്പെടും, രാജീവ് ചന്ദ്രശേഖര്‍, 08 ഏപ്രില്‍, മെട്രോ വാര്‍ത്ത;  ഇരു മുന്നണികള്‍ക്കും പ്രീണന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖര്‍, 08 ഏപ്രില്‍,  മലയാള മനോരമ).

17.2. കോണ്‍ഗ്രസ്സിനെ വിഴുങ്ങുന്ന ലീഗ്

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ അഭിമുഖത്തില്‍ ലീഗ് യുഡിഎഫിനെ വിഴുങ്ങുമെന്ന് ആരോപിച്ചു: ഈ കേരളത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും ലീഗ് ആയിരിക്കും. ലീഗിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് ഞെരുങ്ങും. കോണ്‍ഗ്രസ് മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തി മത്സരിക്കാന്‍ തയ്യാറാണോ? കേരളത്തിലെ കോണ്‍ഗ്രസ്സിനെ മുസ്ലീം ലീഗ് വിഴുങ്ങി കഴിഞ്ഞു. കേരളത്തിലെ യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നത് മുസ്ലീം ലീഗാണ്. ലീഗിന്റെ ഉച്ചിഷ്ടം കഴിച്ചാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത് (കൊടുങ്ങല്ലൂര്‍ ആഗ്രഹിച്ചു, പാര്‍ട്ടി ഗുരുവായൂര്‍ നിര്‍ദേശിച്ചു, ബി ഗോപാലകൃഷ്ണന്‍, 18 ഏപ്രില്‍, മാതൃഭൂമി).

18. കോണ്‍ഗ്രസ്സില്‍ മുസ്ലീം നേതാക്കളോട് അവഗണന

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുസ്ലീം നേതാക്കളെ അവഗണിക്കുന്നുവെന്ന് ന്യൂനപക്ഷ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ അബ്ദുള്‍ ഖാദര്‍. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് ഈ വെളിപ്പെടുത്തല്‍: പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ല, തനിക്ക് നിയമസഭ മതിയെന്ന് കെ സുധാകരന്‍ പറഞ്ഞതാണ്. അന്ന് കണ്ണൂരില്‍ മത്സരിക്കാന്‍ വി.പി റഷീദിന്റെ പേരായിരുന്നു ഉയര്‍ന്നുവന്നത്. സണ്ണി ജോസഫാണ് കെ സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത്. മുസ്ലീം സമുദായത്തില്‍ നിന്ന് ആരും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഉണ്ടാകരുതെന്ന ഗൂഢാലോചന പണ്ടേയുണ്ട്. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരെ കേസില്‍ കുടുക്കുകയോ രക്തസാക്ഷിയാക്കുകയോ ചെയ്യും. ഇതിന് പിന്നില്‍ നിന്ന് കളിക്കുന്നത് സണ്ണി ജോസഫാണ് (കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍ മുസ്ലീം നേതാക്കളെ നേതൃനിരയില്‍ എത്തിക്കില്ല, 09 ഏപ്രില്‍, ജനയുഗം).

19. ഷാഫി പറമ്പില്‍ 

19.1. ഷാഫി പറമ്പിലിന് ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും ബന്ധം

‘ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും ഷാഫി പറമ്പിലിന് ബന്ധമുണ്ടോ എന്നറിയാന്‍ ശൈലജ ടീച്ചറോട് ചോദിച്ചാല്‍ മതി’- ശോഭാ സുരേന്ദ്രന്‍ (08 ഏപ്രില്‍, മീഡിയവണ്‍ ഫേസ്ബുക്ക് കാര്‍ഡ്).

19.2. ഷാഫി പറമ്പില്‍ മുസ്ലീം ഏകീകരണം നടത്തുന്നു

ഷാഫി പറമ്പില്‍ പോകുന്നയിടങ്ങളില്‍ മുസ്ലീം ഏകീകരണം നടക്കുന്നു. മറുഭാഗത്ത് ഹിന്ദു ഏകീകരണം ഉണ്ടാവുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ആന്റോ പരാമര്‍ശം നടത്തിയത്. സഹപാനലിസ്റ്റുകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അത്തരമൊരു പ്രതീതി സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം നിലപാട് പുതുക്കി (ഷാഫി പറമ്പില്‍ പോകുന്ന ഇടങ്ങളില്‍ മുസ്ലീം ഏകീകരണം നടക്കുന്നു, വര്‍ഗീയ പരാമര്‍ശവുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍, 13 ഏപ്രില്‍, മകതൂബ് മീഡിയ മലയാളം).

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ പ്രസ്താവന. മക്തൂബ് മലയാളം വാർത്ത

ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. 

ആന്റോയുടെ പരാമര്‍ശം കേരളത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു (‘ഷാഫി പറമ്പില്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലീം ഏകീകരണം നടക്കുന്നു; മറുഭാഗത്ത് ഹിന്ദു വോട്ടിന്റെ ഏകീകരണവും നടക്കുന്നു’; ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശവുമായി ആന്റോ അഗസ്റ്റിന്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പരാമര്‍ശം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്, 14 ഏപ്രില്‍, മറുനാടന്‍ മലയാളി).

19.3. വര്‍ഗീയ ചര്‍ച്ച

പേരാമ്പ്രയില്‍ വര്‍ഗീയ ചര്‍ച്ച വരുന്നത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതലെന്നായിരുന്നു സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്റെ പ്രതികരണം. ഷാഫി പറമ്പലിനെ ഉന്നംവച്ചുകൊണ്ടുള്ള പ്രയോഗമായിരുന്നു അത് (ഷാഫി പറമ്പിലിനെ ഉന്നമിട്ട് ടി.പി രാമകൃഷ്ണന്‍, 14 ഏപ്രില്‍, റിപ്പോര്‍ട്ടര്‍ ടിവി യുട്യൂബ്).

20. മൊണാലിസയുടെ വിവാഹം

മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാര്‍ച്ച് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ മൊണാലിസുടെ ഭര്‍ത്താവിനെ പ്രതിചേര്‍ത്ത്  മധ്യപ്രദേശ്  പൊലീസ് കേസെടുത്തു. മൊണാലിസക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന എന്നതാണ് കേസെടുക്കാനായി പറഞ്ഞ ന്യായം: കിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് (മൊണാലിസ ജനിച്ചത് 2009ല്‍, വിവാഹം നടക്കുമ്പോള്‍ 16 വയസ്സും 2 മാസവും 12 ദിവസവും മാത്രം പ്രായം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്, മാധ്യമം).

19.1. എം.വി ഗോവിന്ദനും എ.എറഹീമും പ്രതിയാകുമെന്ന് വീക്ഷണം

ലക്ഷ്യം രാഷ്ട്രീയം

മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാഹം നടത്താന്‍ മുന്‍കയ്യെടുത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എ.എ റഹീം എംപി എന്നിവരും പ്രതിയാകുമെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ നിയമ ഉപദേഷ്ടാവ് പ്രകാള്‍ ഉത്കുയെ ഉദ്ധരിച്ച് വീക്ഷണം ദിനപത്രം. മാര്‍ച്ച് 11ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടന്നത് (കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം മന്ത്രിയും എം.വി ഗോവിന്ദനും എ.എറഹീമും പ്രതിയാകും, 11 ഏപ്രില്‍, വീക്ഷണം).

വിവാഹ സമയത്ത് മൊണാലിസയ്ക്ക് വെറും 16 വയസായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ബിനോയ് വിശ്വം: പ്രയാഗരാജ് കുംഭമേളയില്‍ ശ്രദ്ധ നേടിയ ഒരു യുവതി പിന്നീട് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ തന്റെ സുഹൃത്തായ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിനെ ചുറ്റിപ്പറ്റിയ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച പറഞ്ഞു. ബിജെപി ഇതുപോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (വിവാഹത്തിന്റെ പിന്നിലെ രാഷ്ട്രീയം: സിപിഐ,  11 ഏപ്രില്‍, ടൈംസ് ഓഫ് ഇന്ത്യ).

വിവാഹം നിയമപരം

മൊണാലിസയുടെ വിവാഹം കേരള സ്റ്റോറി തന്നെയാണെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍:  വിവാഹത്തില്‍ പങ്കെടുത്തതില്‍ നിയമപരമായ തടസങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും പരിശോധിച്ചിരുന്നു (ആ വിവാഹം റിയല്‍ കേരള സ്റ്റോറി തന്നെയാണ്. ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പം?. കേസ് വരുമ്പോള്‍ പേടിച്ചു മാളത്തില്‍ ഒളിക്കുന്ന സൈസ് ആണ് നമ്മള്‍ എന്നാണോ വിചാരിക്കുന്നത്.  കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി  ഗോവിന്ദന്‍. 12 ഏപ്രില്‍, മറുനാടന്‍ മലയാളി).

വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

 കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ വീഴ്ചയൊന്നും പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട്. ദീപികയാണ് വാര്‍ത്ത നല്‍കിയത് (കുംഭമേളയിലെ താരത്തിന്റെ വിവാഹം:  പരിശോധിച്ചതില്‍ വീഴ്ചയില്ലെന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട്, 13 ഏപ്രില്‍, ദീപിക).

സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് റിപോര്‍ട്ടെന്ന് മംഗളം ദിനപത്രം ആരോപിച്ചു് (കുംഭമേള കല്യാണം, കേരള പൊലീസിന്റെ റിപ്പോര്‍ട്ടില്‍ സിപിഎം നേതാക്കള്‍ സുരക്ഷിതര്‍, 13 ഏപ്രില്‍, മംഗളം).

19.2. കേസെടുക്കണമെന്ന് വിഎച്ച്പി

കുംഭമേള വൈറല്‍ പെ ണ്‍കുട്ടിയുടെ വിവാഹത്തിന് നേ തൃത്വം നല്‍കിയ സിപിഎം സം സ്ഥാന സെക്രട്ടറി എം.വി ഗോവി ന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ.എ റഹിം എം.പി എന്നി വര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു: പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിവാഹം തടയണമെന്നും ആവശ്യപ്പെട്ട വ്യക്തമായ തെളിവുകള്‍ സഹിതം സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌നേരത്തെ പരാതി നല്‍കിയിരുന്നു. മദ്ധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദേശീയ പട്ടികവര്‍ഗകമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ് ആശുപത്രി രേഖകള്‍ പ്രകാരം കുട്ടിയുടെ ജനന തീയതി 2009 ഡിസംബര്‍ 30 ആണെന്ന് വ്യക്തമായത്. വിവാഹം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കേരള. മദ്ധ്യപ്രദേശ് പൊലീസ്‌മേധാവികളോട് വിശദീകരണം തേടിയിരിന്നു. തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രീതിപിടിച്ചു പറ്റാനാണ് എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശൈശവ വിവാഹത്തിന് കൂട്ടുനിന്നതെന്നും വിഎച്ച്പി ആരോപിച്ചു (വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: നടത്തിക്കൊടുത്തവര്‍ക്ക് എതിരെയും കേസെടുക്കണമെന്ന് വി.എച്ച്.പി, 11 ഏപ്രില്‍, കേരളാ കൗമുദി) .

19.3. മന്ത്രി ആചാരലംഘനം നടത്തി

വൈറല്‍  വിവാഹം നടത്തി കൊടുക്കാന്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി വി ശിവന്‍കുട്ടി ആചാരലംഘനം നടത്തിയെന്ന് ജന്മഭൂമി പത്രം. ഭക്തജനങ്ങളുടെ പേരിലാണ് വാര്‍ത്ത നല്‍കിയത്: വൈറല്‍  വിവാഹം നടത്തി കൊടുക്കാന്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി ആചാരലംഘനം നടത്തി. പ്രതിഷേധവുമായി ഭക്തജനങ്ങള്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്ഷേത്രത്തിലെത്തിയ മന്ത്രി ഷൂസ് ധരിച്ചാണ് ശ്രീകോവിലിന് മുന്നില്‍ വന്നത് പലരും അന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മന്ത്രിയും സംഘവും മുഖവിലക്കെടുക്കാതെ ഷൂസ് ധരിച്ച് നില്‍ക്കുകയായിരുന്നു വിവാഹം നടത്തുന്നതിന് അനുമതി നല്‍കരുതെന്ന് ഭക്തജനങ്ങള്‍ പറഞ്ഞിട്ടും സിപിഎമ്മുകാരായ ക്ഷേത്രം പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ചെവി കൊണ്ടില്ലെന്ന് ഭക്തജനങ്ങള്‍ പറയുന്നു (മന്ത്രി ശിവന്‍കുട്ടി ആചാരലംഘനം: നടത്തി ഭക്തജനങ്ങള്‍ പ്രതിഷേധത്തില്‍, 13 ഏപ്രില്‍, ജന്മഭൂമി).

19.4. വിവാഹം ഗൂഢാലോചന

വിവാഹം ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി. ദേശീയ വനിതാ കമ്മീഷന്‍ ഉപദേശക സമിതി അംഗം അഡ്വക്കേറ്റ് ജി അഞ്ചനാദേവിയാണ് പരാതി നല്‍കിയത്. മൊണാലിസയെ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്.(വൈറല്‍  താരത്തിന്റെ വിവാഹം ഗൂഢാലോചന അന്വേഷിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി, 13 ഏപ്രില്‍, ജന്മഭൂമി).

19.5. മുസ്ലീങ്ങളുടെ വോട്ട് ലഭിക്കാനുള്ള തന്ത്രം

സിപിഎം നേതാവ് പറഞ്ഞതു മുഴുവന്‍ നുണയാണെന്നും മുസ്ലീങ്ങളുടെ വോട്ട് കൈവശപ്പെടുത്താനുള്ള തന്ത്രമാണെന്നും ജന്മഭൂമി ദിനപത്രം: ആധികാരികമായി രേഖകള്‍ ഒന്നും പരിശോധക്കാതെയാണ് നിയമവിരുദ്ധമായി പൊലീസ് ഫര്‍മാന്‍ ഖാനോടൊപ്പം കുട്ടിയെ വിട്ടയച്ചതും. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുസ്ലീം വിഭാഗത്തിന്റെ വോട്ട് ലഭിക്കാനും കേരള സ്റ്റോറി സിനിമക്കെതിരെ പ്രചാരണം നടത്താനും സിപിഎം കണ്ടെത്തിയ വഴിയായിരുന്നു ഇത്‌ (വൈറല്‍ താരത്തിന്റെ വിവാഹം: നുണകള്‍ വിളമ്പി എം.വി ഗോവിന്ദന്‍, 13 ഏപ്രില്‍, ജന്മഭൂമി).

19.6. നിക്കാഹ് നടത്തിക്കൊടുത്തവര്‍ പ്രതിയാവും

കല്യാണം സോറി നിക്കാഹ് നടത്തിക്കൊടുത്ത ലുട്ടു ഇക്കയും മന്ത്രിയെപ്പൂപ്പനും അപ്പം ഗോവിന്ദനും പ്രതിയാകാന്‍ സാധ്യതയുണ്ടെന്ന് നിയമജ്ഞര്‍ പറയുന്നതായി ബൈജു സ്വാമിയെന്ന ഫേസ്ബുക്ക് ഐഡി. യഥാര്‍ത്ഥത്തില്‍ മൊണാലിസയുടെ വിവാഹം ക്ഷേത്രത്തില്‍ വച്ചാണ് നടന്നത് (12 ഏപ്രില്‍, ഫേസ്ബുക്ക് പോസ്റ്റ്/ ബൈജുസ്വാമി).

19.7. രാഷ്ട്രപതിക്ക് വിഎച്ച്പിയുടെ കത്ത്

പതിനാറുകാരി മൊണാലിസയെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സിപിഎം നേതാക്കള്‍ കേരളത്തിലെത്തിച്ച് വിവാഹം നടത്തിച്ചുവെന്ന് ആരോപിച്ച്   രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് വിശ്വഹിന്ദു പരിഷത്ത് കത്തയച്ചു:  ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ക്ഷേത്രത്തില്‍ നടക്കുന്ന ഹൈന്ദവവിവാഹങ്ങള്‍ക്ക് മാത്രമാണ്‌ നിയമസാധുത. മിശ്ര മത വിവാഹങ്ങള്‍ ദുരൂഹം. ശ്രീനാരായണ ഗുരുദേവന്റെ പേര്ദു രുപയോഗം ചെയ്താണ് ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത്-തുടങ്ങിയവയാണ് കത്തിലുള്ളത് (മൊണാലിസ കേസില്‍ ഇടപെടണം: രാഷ്ട്രപതിക്ക് വിഎച്ച്പിയുടെ കത്ത്, 14 ഏപ്രില്‍, ജന്മഭൂമി).

19.8. സംരക്ഷിക്കുന്നത് ജിഹാദികള്‍

മൊണാലിസയും ഭര്‍ത്താവും കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലുണ്ടെന്നും ഇരുവരെയും ഒളിപ്പിക്കുന്നതിനു പിന്നില്‍ സിപിഎമ്മും ജിഹാദികളുമാണെന്നും ജന്മഭൂമി വാര്‍ത്തയെഴുതി: മദ്ധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാകാത്ത വൈറല്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും കൊച്ചിയില്‍ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് സൂചന. ഇരുവര്‍ക്കും ഒളിത്താവളവും എല്ലാ സൗകര്യവുമൊരുക്കുന്നത് സിപിഎമ്മും ജിഹാദികളുമാണെന്നാണ് വിവരം. എറണാകുളത്തെ വിവിധ മേഖലകള്‍ ജിഹാദികളുടെയും നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെയും ശക്തി കേന്ദ്രങ്ങളാണ്. ഇവര്‍ക്ക് ഒളിത്താവളമൊരുക്കാനും സംരക്ഷിക്കാനും ഭീകരര്‍ക്കു ബുദ്ധിമുട്ടില്ല. സിപിഎമ്മും സര്‍ക്കാരും ഭീകരര്‍ക്ക് അനുകൂല നിലപാടെടുക്കുന്നതിനാല്‍ പൊലീസ് നിഷ്‌ക്രിയമാണ് (ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും, 19 ഏപ്രില്‍, ജന്മഭൂമി).

ജന്മഭൂമി വാർത്ത

19.9. പോക്‌സോ വകുപ്പ് ചേര്‍ക്കണമെന്ന് ഹരജി

വിവാഹം നടത്താന്‍ സഹായിച്ച എം.വി ഗോവിന്ദനടക്കം ആറ് പേര്‍ക്കെതിരെ പോക്‌സോ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ. നാഗരാജ് ഹരജി നല്‍കി (വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം, എം.വി ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, 19 ഏപ്രില്‍, ജന്മഭൂമി).

പോക്‌സോ ഒഴിവാക്കണമെന്ന് ആവശ്യം

ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം (വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം,എം വി ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, 19 ഏപ്രില്‍, ജന്മഭൂമി). 

കോടതി പക്ഷേ അത് തള്ളി. വിവാഹം സംബന്ധിച്ച് മെയ് 20ന് മുമ്പ് മധ്യപ്രദേശിലെ മഹേശ്വര്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പോക്‌സോ കോടതി ഉത്തരവിട്ടു (എം.വി ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി, 28 ഏപ്രില്‍, ജന്മഭൂമി)

മൊണാലിസ ഹൈക്കോടതിയില്‍

ഇരുവരെയും കൊണ്ടുപോകാനായി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതോടെ ഇരുവരും പൊലീസ് സഹായം തേടി ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നം രാഷ്ട്രീയവത്കരിച്ച് ഉത്തരേന്ത്യയില്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാഹച്യത്തിലാണ് നീതിന്യായ വ്യവസ്ഥയെ തന്നെ ആശ്രയിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇവര്‍ ഒരുങ്ങിയത്. തനിക്ക് പ്രായപൂര്‍ത്തിയായെന്നും മറിച്ചുള്ള രേഖകള്‍ കൃത്രിമമാണെന്നും മൊണാലിസ മധ്യപ്രദേശ് പൊലീസിനോട് വ്യക്തമാക്കി. ബന്ധുവുമായി പിതാവ് ഉറപ്പിച്ച വിവാഹത്തിന് തനിക്ക് താത്പര്യമില്ലായിരുന്നു. അമ്മയുടെ സമ്മതത്തോടെയാണ് ഫര്‍മാനെ വിവാഹം കഴിച്ചത്. താന്‍ ഇനി കേരളത്തിലായിരിക്കും ജീവിക്കുകയെന്നും അവര്‍ വ്യക്തമാക്കി. മേയ് 20 വരെ ഫര്‍മാന്റെ അറസ്റ്റ് കോടതി തടഞ്ഞതോടെ മദ്ധ്യപ്രദേശ് പൊലീസ് കേരളം വിട്ടു. 

വിശദീകരണം വേണം

ഫര്‍മാന്‍ ഖാന്‍ എന്ന മഹാരാഷ്ട്ര സ്വദേശിയുമായി 18 വയസ് പൂര്‍ത്തിയായ ശേഷമാണ് വിവാഹം നടന്നതെന്ന് പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിവാഹ ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ മധ്യപ്രദേശ് ആര്‍ഡിഒയ്ക്ക് പെണ്‍കുട്ടിയുടെ നിലവിലുള്ള രേഖകളെല്ലാം റദ്ദാക്കാന്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വരുത്താന്‍ അനുജന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. കള്ളക്കേസാണ് ഇപ്പോള്‍ നടക്കുന്നത് – പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മധ്യപ്രദേശ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു (‘കുംഭമേള കുട്ടി’യുടെ വിവാഹം: മധ്യപ്രദേശ് പൊലീസിനോട് വിശദീകരണം തേടി കോടതി, 28 ഏപ്രില്‍, മെട്രോ വാര്‍ത്ത).

വിഎച്ച്പി നേതാവിനെതിരേ കേസ്

തനിക്കെതിരേ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൊണാലിസ വിഎച്ച്പി ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഉള്‍പ്പടെ  അഞ്ചുപേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. ലൗ ജിഹാദ് നടത്തി തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പോലിസ് കേസെടുത്തു (കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വിഎച്ച്പി നേതാവിനെതിരെ കേസ്, 30 ഏപ്രില്‍, മീഡിയവണ്‍).

21. വൈദികരുടെ ഇസ്‌ലാമോഫോബിയ

കണ്ണൂര്‍ നടന്ന കണക്ടാ എക്‌സിബിഷന്‍ വേദിയില്‍ ഫാ. തേലക്കാട്ടില്‍ വൈദികരുടെ മുസ്ലീങ്ങളെയും കുറിച്ച് അഭിപ്രായം വ്യക്തമാക്കുന്ന അനുഭവം പങ്കുവച്ചു: മുപ്പതോളം വൈദികര്‍ അടങ്ങുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മുസ്ലീങ്ങളുടെ പരിപാടിയില്‍ പോകരുതെന്ന് തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു (10 ഏപ്രില്‍, ഫേസ്ബുക്ക്/ ഷെരീഫ് മേലത്തില്‍).

22. മതപ്രീണനവും കപട മതേതരത്വവും

മതപ്രീണനവും കപട മതേതരത്വവും ആപത്ത് എന്ന ശീര്‍ഷകത്തില്‍ ഡോ.  കെ ജയപ്രസാദ് കേസരിയില്‍ ഒരു ലേഖനം എഴുതി. ലേഖനത്തിലെ പ്രധാന വാദങ്ങള്‍: കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപം 1921ല്‍ നടന്നതാണ്. ഖിലാഫത്തുകാര്‍ ഹിന്ദുക്കളെ മതം മാറ്റി. മലബാര്‍ മുതല്‍ മാറാട് വരെ നോക്കിയാല്‍ ഒരു വിഭാഗം മതത്തെ ദുരുപയോഗം ചെയ്തതായി കാണാം. മതേതരത്വത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെ പഴിക്കുന്നവര്‍ ഇതിന് ഉത്തരം പറയണം. ആര്‍എസ്എസ് കൂട്ടക്കൊലകള്‍ നടത്തിയ ഉദാഹണം പറയാനാവില്ല. കപട മതതേരത്വത്തെ ആര്‍എസ്എസ്എതിര്‍ക്കുന്നു (മതപ്രീണനവും കപട മതേതരത്വവും ആപത്ത് , ഡോ.  കെ ജയപ്രസാദ്, 10 ഏപ്രില്‍, കേസരി).

23. വിഷു ആശംസ

ചേര്‍ത്തലയില്‍ മെഹര്‍ ഹോട്ടല്‍ പുറത്തിറക്കിയ വിഷുദിന ആശംസ പോസ്റ്റര്‍ വിവാദത്തിലായി. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തിയുടെ ചിത്രം വരുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പോസ്റ്റര്‍ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നതായും ഉടമ വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയില്‍ പൊലീസ് ഉടമക്കെതിരേ കേസെടുത്തു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പരാതി (ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍, 17 ഏപ്രില്‍, മീഡിയ വണ്‍).

ഹോട്ടലിനെതിരേ ഏപ്രിൽ 17ന് വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. 

പോസ്റ്ററിനെതിരേയും ഉടമകള്‍ക്കെതിരേയും സൈബര്‍ ആക്രമണം നടന്നു. വിദ്വേഷപ്രചാരണം അതിരുവിട്ടപ്പോള്‍ അതു പാടില്ലെന്ന് പൊലീസ് ഉത്തരവിറക്കി. പൊലീസിന്റെ മുന്നറിയിപ്പ് മാനിക്കാതെ വീണ്ടും പോസ്റ്റിട്ടവര്‍ക്കെതിരേയും പോലിസ് കേസെടുത്തു. അതിനെതിരേയും വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നു. കള്ളക്കേസാണെന്നായിരുന്നു അവരുടെ വാദം (മന്തി ഹോട്ടലിന്റെ വിഷു ആശംസ, വിദ്വേഷ പ്രചാരണം പാടില്ലെന്ന് പൊലീസ്, 19 ഏപ്രില്‍, മെട്രോ വാര്‍ത്ത. മലപ്പുറത്തും കൃഷ്ണന് മുന്നില്‍ ചിക്കന്‍ മന്തിയുടെ ചിത്രം വെച്ചു ആശംസ പോസ്റ്റര്‍; കേസ് എടുത്ത് പൊലീസ്, 20 ഏപ്രില്‍, ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഓണ്‍ലൈന്‍; ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വി എച് പി, 20 ഏപ്രില്‍, ജന്മഭൂമി).

23.1 ഹൈന്ദവരെ അധിക്ഷേപിച്ചു

സംഘപരിവാര്‍ നേതാവായ അഡ്വ. അനില്‍ വിളയിലിന്റെ പോസ്റ്റ്: മന്തി തിന്നുന്ന കണ്ണന്‍, ഇത് ശുദ്ധ ….. അല്ലേ? ചേര്‍ത്തലയിലെ മുഹമ്മദ് ഷെമീറും കൂട്ടുകാരും ചേര്‍ന്ന് നടത്തുന്ന ഒരു സ്ഥാപനം ഇറക്കിയത്.  ഇത് വെറുമൊരു ആശംസാ കാര്‍ഡോ ആവിഷ്‌ക്കാര സ്വാതന്ത്യമോ അല്ല. കൃത്യമായ ആലോചന നടത്തി തയ്യാറാക്കിയ ഒന്നാണിത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ചിലര്‍ ബീഫ്, പോര്‍ക്ക് തുടങ്ങിയവയെപ്പറ്റി പറയുന്നതിന്റെ പിന്നിലെ രഹസ്യമാണിത്. അധിക്ഷേപിക്കല്‍ തുടരുന്നു തീര്‍ച്ചയായിട്ടും ഇത് 100% മര്യാദകെട്ട ഒരു പ്രവര്‍ത്തിയല്ലേ? ഹിന്ദു ആരാധനാലയങ്ങളെയും ഹിന്ദു ആരാധനാ മൂര്‍ത്തികളെയും ഇത്ര ഹീനമായി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് ധൈര്യം കിട്ടുന്നത് എന്തുകൊണ്ടാണ് ഒറ്റ ഉത്തരം ഇവിടുത്തെ ഹിന്ദുക്കള്‍ നിശബ്ദരാണ്. ഇത് അന്യമതസ്ഥരുടെ ആരാധനാ മൂര്‍ത്തിയുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തില്‍ എന്തായിരുന്നു സംഭവിക്കുന്നത്. എത്ര മാത്രം ഗതികേടാണ് കേരളത്തിലെ ഹിന്ദു അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഹിന്ദുക്കളുടെ ഏറ്റവും പുണ്യദിനത്തില്‍ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈവിക മൂര്‍ത്തിയായ ഭഗവാന്‍ ശ്രീകൃഷ്ണനെ മന്തി തിന്നുന്ന അപഹാസ്യനാക്കിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമല്ലേ? നാളെ പ്രതിഷേധം സംഘടിപ്പിക്കും (16 ഏപ്രില്‍, ഫേസ്ബുക്ക്/ അനില്‍ വിളയില്‍).

23.2 ഹിന്ദുക്കള്‍ മന്തിയും ഷവര്‍മയും കഴിക്കരുത്

വിഷുവിനിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിദ്വേഷപ്രചാരണം നടന്നു. മാതൃകയായി ഒന്ന് നല്‍കുന്നു. വസന്ത് രതീഷ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്നു:  

ഹിന്ദുക്കള്‍ മന്തിയും ഷവര്‍മയും കഴിക്കുന്നത് നിര്‍ത്തുക എന്ന ഒരു പോസ്റ്ററാണ് അദ്ദേഹം പങ്കുവച്ചത്. പോസ്റ്ററില്‍ ഒരു ഭാഗത്ത് മന്ത്രിയും മറു ഭാഗത്ത് ഷവര്‍മയും വച്ചിരിക്കുന്നു. ആദ്യത്തിനേത് ‘ഇതൊരു ജിഹാദിയാണെ’ന്നും രണ്ടാമത്തേതിന് ‘മുസ്ലീം ഹോട്ടലുകളും കടകളും ഉപേക്ഷിക്കുക’ എന്നും ശീര്‍ഷകം നല്‍കിയിരിക്കുന്നു. 

ചിത്രത്തിന് താഴെയുള്ള വാചങ്ങള്‍ പകര്‍ത്തുന്നു: പ്രാദേശിക ബിസിനസ്സുകളില്‍ നിന്ന് വാങ്ങുക, ശുചിത്വമുള്ള & വിശ്വസനീയമായ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുക, വിശ്വസനീയമായ സേവനദാതാക്കളെ തിരഞ്ഞെടുക്കുക. വാങ്ങുന്നതിന് മുമ്പ് ഗുണനിലവാരം പരിശോധിക്കു. ഇതിന് പുറമേ ബ്രാക്കറ്റില്‍ ആയി ‘പ്രാദേശികവും ഫ്രെഷ്, വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങളെ പിന്തുണക്കുക എന്ന് കൂടി എഴുതിചേര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് ഏറ്റവും താഴെ ശക്തമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുക, ജയ് ഹിന്ദ് എന്നും ഹിന്ദു ഹോട്ടലുകളെ പിന്തുണക്കുക എന്നും എഴുതിയിട്ടുണ്ട് (17 ഏപ്രില്‍, ഫേസ്ബുക്ക്/ വസന്ത് രതീഷ്).

23.3. എന്‍ഐഎ അന്വേഷിക്കണം

ഹോട്ടലിനെതിരേ നടപടി മാത്രം പോരെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌റ് ആര്‍.വി ബാബു ആ വശ്യപ്പെട്ടു: വിഷുക്കണിയായി കുഴിമന്തി പോലെയുള്ള മാംസാഹാരവും ചെരുപ്പും വച്ച് ശ്രീകൃഷ്ണനെ അവതരിപ്പിച്ച പരസ്യങ്ങളെല്ലാം തന്നെ ഒരേ പാറ്റേണിലുള്ളതും സ്വഭാവത്തിലുമുള്ളതായത് ആകസ്മികമായി കാണാനാവില്ല.  മതസൗഹാര്‍ദത്തിന്റെ ശാന്തമായ അന്തരീക്ഷം തകര്‍ത്ത് മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ ലഹള ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമായി മാത്രമേ ഈ നടപടിയേ കരുതാനാവൂ (വിഷു ആശംസ: മത വിദ്വേഷം എന്‍ഐഎ അന്വേഷിക്കണം -ഹിന്ദു ഐക്യവേദി, 19 ഏപ്രില്‍, മെട്രോ വാര്‍ത്ത).

23.4. പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ

ഇതിനിടയില്‍ രതീഷ് പണിക്കര്‍ എന്നയാള്‍ പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ ‘റംസാന്‍ ആശംസ’ എന്നെഴുതിയ പോസ്റ്റര്‍ നിർമ്മിച്ച് പങ്കുവച്ചു. ഒരു മുസല്ല്യാര്‍ക്ക് മുന്നില്‍ പന്നിയിറച്ചി ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രീകരണം. ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു (പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍, മറ്റൊരു ചേര്‍ത്തല സ്വദേശിക്കെതിരെയും കേസ് ,19 ഏപ്രില്‍, സഹോദരന്‍).

23.5. പരസ്യ ജിഹാദ്

ഈ പശ്ചാത്തലത്തില്‍ സംവിധായകന്‍ രാമസിംഹന്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു: […എന്ത് കൃഷ്ണന്‍? എന്ത് ശിവന്‍ സകല ഹൈന്ദവരും ചന്ദനവും, കുറിയും തൊട്ട് ഇവരുടെ കടയില്‍ കയറി  മൃഷ്ടാനം കോഴിയും മൂരിയും വിഴുങ്ങി ഒരേമ്പക്കവും വിട്ട്, ഇവരെ പുഷ്ടിപ്പെടുത്തുക തന്നെ വേണം…സ്വ ധര്‍മ്മത്തില്‍ അഭിമാനമില്ലാത്ത ഏത് സമൂഹവും നശിക്ക തന്നെ ചെയ്യും. തുപ്പിയത് വേണമെന്ന് പ്രത്യേകം പറയാന്‍ മറക്കേണ്ട ഹലാല്‍ മാണല്ലോ (19 ഏപ്രില്‍, ഫേസ്ബുക്ക്/ രാമസിംഹന്‍).

രാമസിംഹന്റെ എഫ്.ബി പോസ്റ്റ്

23.6. ചെരുപ്പുകടക്കാരനെതിരെ പരാതി

ഒരു ചെരുപ്പുകടക്കാരന്‍ നല്‍കിയ വിഷു ആശംസയില്‍ ചെരുപ്പിന്റെ ചിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേയും വിശ്വഹിന്ദു പരിഷത്ത് പൊലീസില്‍ പരാതി നല്‍കി (20 ഏപ്രില്‍, ഫേസ്ബുക്ക്/ ജനം ടിവി)

23.7. അവില്‍ മലര്‍ കുന്തിരിക്കം ടീം

ഹിന്ദുത്വ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്: അവില്‍ മലര്‍ കുന്തിരിക്കം ടീം നമ്മുടെയൊക്കെ ചുറ്റുവട്ടത്തുണ്ട്(സൂക്ഷിക്കുക) (20 ഏപ്രില്‍, ഫേസ്ബുക്ക്/ അനില്‍ നമ്പ്യാര്‍).

23.8. അങ്ങാടിപ്പുറത്തും അറസ്റ്റ്

സമാനമായ പോസ്റ്റര്‍ പ്രസിദ്ധീകരിച്ച അങ്ങാടിപ്പുറത്തെ ഹോട്ടലിനെതിരെയും കേസെടുത്തു. ഹിന്ദു ഐക്യവേദി ഹോട്ടലിന് മുന്നില്‍ പ്രകടനം നടത്തി (പ്രകോപനപരമായ പോസ്റ്റര്‍ ;ഹോട്ടല്‍ ഉടമയടക്കം 3 പേര്‍ അറസ്റ്റില്‍, 20 ഏപ്രില്‍, മാതൃഭൂമി).

23.9. മതേതര ബലിയാടുകളാക്കുന്നു

കേരളത്തിലെ ഹിന്ദുക്കളെ ഇടത് വലത് മുന്നണികള്‍ മതേതര ബലിയാടുകളാക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. ആശംസയുടെ മറവില്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നും സംഘടന ആരോപിച്ചു (ഹിന്ദുക്കളെ ഇടത് വലത് മുന്നണികള്‍ മതേതര ബലിയാടുകളാക്കിത്തീര്‍ത്തു: ഹിന്ദു ഐക്യവേദി, 21 ഏപ്രില്‍, മംഗളം).

24. വാല്‍പ്പാറയിലെ അപകടം

വാല്‍പ്പാറയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. 

ഇതേ കുറിച്ച് രഘുരാമന്‍ എന്നയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കമന്റ്: 

ഹൂറിമാരേയും മദ്യപുയയും സ്വപ്‌നം കണ്ട് ജീവിക്കുന്ന സ്വപ്‌നലോക ഹിക്കാമാര്‍ വിഭാഗമാണോ അപകടത്തില്‍ പെട്ടത്. മുറിഎന്‍ഡി പുറം ആയതോണ്ട് ചോയിച്ചതാ മിനി താലബാനി പുറം (18 ഏപ്രില്‍, ഫേസ്ബുക്ക്/ സല്‍മാന്‍ തൊട്ടുവാടി ഉദ്ധരിച്ചത്)

25. പള്ളി ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ആക്രമണം

ചെറുവണ്ണൂരിലെ പള്ളി ദര്‍സ് വിദ്യാര്‍ത്ഥികള്‍ ചുവരെഴുതാന്‍ പോയപ്പോള്‍ അവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച ശേഷം മര്‍ദ്ദിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് ജവാന്‍ സന്തോഷ് ചെറോത്തിനെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഒളിവില്‍പോയി. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ ഒരു വീട്ടുമതിലില്‍ ചുവരെഴുതാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. നേരത്തെ അനുവാദം വാങ്ങിയിരുന്നതായും എന്നാല്‍ രാത്രി ചുവരെഴുതാന്‍ എത്തിയപ്പോള്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. ആദ്യം പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട് (കോഴിക്കോട് ചെറുവണ്ണൂരില്‍ പള്ളി ദര്‍സ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം,സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍, 19 ഏപ്രില്‍, മീഡിയവണ്‍ ഫേസ്ബുക്; പേരാമ്പ്രയില്‍ ചുവരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളെ മര്‍ദിച്ചു; ചെമ്പ് വള കൊണ്ട് ഇടിച്ചു, 17 ഏപ്രില്‍, മീഡിയവണ്‍).

മര്‍ദ്ദനം വാര്‍ത്തായതോടെ സ്ഥാപനത്തിനെതിരേ ഹിന്ദുഐക്യവേദി കുപ്രചാരണം ആരംഭിച്ചു.  കുട്ടികളെ ഭീകരവാദികളാക്കുന്ന വിവാദ സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്, മതഭീകര ബന്ധം, കുട്ടിക്കടത്ത് തുടങ്ങിയവ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. സൈനികനെ വീടാക്രമിച്ച് കള്ളക്കേസില്‍ ജയിലിലാക്കി, വധഭീഷണി മുഴക്കി നാടിന്റെ സമാധാനം തകര്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സ്ഥാപനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധവും സംഘടിപ്പിച്ചു (‘ചെറുവണ്ണൂരിലെ ദര്‍സ്, കുട്ടികളെ ഭീകരവാദികളാക്കുന്ന സ്ഥാപനം’; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്, മതഭീകര ബന്ധം, കുട്ടിക്കടത്ത് തുടങ്ങിയവ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു, 25 ഏപ്രില്‍, മീഡിയവണ്‍)

26. ലൗ ജിഹാദിന്റെ പറുദീസ

കേരളം ലൗ ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ. മധ്യപ്രദേശിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത  ഹിന്ദു പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരികയും തുടര്‍ന്ന് കേരളത്തില്‍ ലഭിച്ച രാഷ്ട്രീയ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേത്രത്തില്‍ വെച്ച് നിയമവിരുദ്ധമായി വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിതമായ ഗുഢാലോചനയുണ്ട്. വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രം ദുരുപയോഗം ചെയ്ത ചേര്‍ത്തലയിലെ മന്തിക്കടയുടെ നടപടി  ഹൈന്ദവ വിശ്വാസികളെയാകെ മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്. ഇതും മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണ് (കേരളം ലവ് ജിഹാദിന്റെ പറുദീസ നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും വിഎച്ച്പി, 18 ഏപ്രില്‍, കേരള ശബ്ദം).

വിശ്വഹിന്ദു പരിഷത്തിന്റെ പ്രസ്താവന, ജന്മഭൂമി വാർത്ത

27. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ 

27.1. സംഘടിത മതങ്ങളുടെ ആധിപത്യം

നാട്ടില്‍ സംഘടിത മതങ്ങളുടെ ആധിപത്യമാണെന്നും ,മുസ്ലീങ്ങള്‍ എല്ലാ സമ്പത്തും അവകാശങ്ങളും കൊണ്ടുപോയെന്നും വെള്ളാപ്പള്ളി (19 ഏപ്രില്‍, ഫേസ്ബുക് പോസ്റ്റ്/ ജനം ടിവി).

27.2. രാജ്യത്ത് മതാധിപത്യം

ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരേ വെള്ളാപ്പള്ളി: ക്രിസ്ത്യന്‍ സമുദായത്തിലെ കന്യാസ്ത്രികള്‍ക്ക് ജീവിക്കാന്‍ ജീവിക്കാന്‍ പറ്റാത്തത്‌കൊണ്ടാണോ സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത്. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണെങ്കില്‍ കേരള കോണ്‍ഗ്രസിന് പിന്നില്‍ ബിഷപ്പുമാരാണ്. ഒരോ മതത്തിന്റെയും പേരില്‍ പാര്‍ട്ടിയുണ്ടാക്കുകയാണ്. രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു. ഇടുക്കിയില്‍ ഈഴവ സമുദായത്തെ പരിഗണിച്ചില്ല. ഉടുമ്പന്‍ചോലയില്‍ സിപിഎം മണിയാശാനെ നിറുത്തിയിരുന്നെങ്കില്‍ പുഷ്പം പോലെ ജയിച്ചേനെ. ഇടുക്കിയെ ചില ന്യൂനപക്ഷ സമുദായങ്ങളുടെ കുത്തകയാക്കിയിരിക്കുകയാണ്.ആളെണ്ണം നോക്കിയാല്‍ നമ്മളെയാണ് പാര്‍ട്ടിക്കാര്‍ പരിഗണിക്കേണ്ടതെങ്കിലും ഇവിടെ അതില്ല. താന്‍ സാമൂഹ്യനീതിയെക്കുറിച്ച് പറഞ്ഞാല്‍ പോലും ജാതിയായി വ്യാഖ്യാനിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ എസ്എന്‍ഡിപി യോഗത്തെ സഹായിക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു (ഏത് കൊലകൊമ്പന്‍ വന്നാലും എസ് എന്‍ ഡി പി യെ തകര്‍ക്കാനാകില്ല: വെള്ളാപ്പള്ളി, 20 ഏപ്രില്‍, കേരള കൗമുദി).

27.3. യുഡിഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കും

ലീഗിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍:

 യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ഥം. ലീഗിന്റെ ഭരണം ഇവിടെ വന്ന് കഴിഞ്ഞാല്‍ ഇവിടെ അരാജകത്വമല്ലാതെ വല്ലതും ഉണ്ടാകുമോ? ഇവിടെ മാറാട് എത്ര തവണയുണ്ടാകും. എന്തെല്ലാം കുഴപ്പം അവര് സൃഷ്ടിക്കും. ഒന്നുമില്ലാഞ്ഞിട്ട് എന്തെല്ലാം പറയുന്നു. എന്റെ കോലം വരെ കത്തിച്ചില്ലേ. ഞാനെന്ത് ചെയ്തിട്ടാണ്. അവരുടെ സര്‍വാധിപത്യത്തിന് നിന്നുകൊടുക്കാന്‍ ഘടകകക്ഷികള്‍ നിര്‍ബന്ധിതരാവുകയല്ലേ. അങ്ങനെയല്ലേ രാഷ്ട്രീയത്തിന്റെ പോക്ക്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചത് മലബാറിലാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ലോകത്ത് വല്ലയിടത്തും ഇങ്ങനെ നടന്നിട്ടുണ്ടോ? കേരള ചരിത്രത്തില്‍ ജനാധിപത്യത്തെ ഇങ്ങനെ നശിപ്പിച്ചിട്ടുള്ള ഒരു സംവിധാനം കേട്ടിട്ടില്ല (യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവിടെ ലീഗ് ഭരിക്കും; ഇനിയും എത്ര മാറാടുണ്ടാവും?, 30 ഏപ്രില്‍, മാതൃഭൂമി ചാനല്‍; ‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ത്ഥം, 30 ഏപ്രില്‍, മീഡിയവണ് ഓണ്‍ലൈന്‍).

27.4. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും

യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ലീഗ് മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് വെള്ളാപ്പള്ളി: പെട്ടി പൊട്ടിച്ചു കഴിഞ്ഞാല്‍ പറയും ഞങ്ങള്‍ക്ക് 27 അല്ലെങ്കില്‍ 26 എംഎല്‍എമാരുണ്ടെന്ന്, മുഖ്യമന്ത്രി ആകാനുള്ള അര്‍ഹത ഉണ്ടെന്ന് പറയും. ലീഗില്‍നിന്ന് മുഖ്യമന്ത്രി വന്നാല്‍ അദ്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിയല്ല, പാണക്കാടുനിന്നാണ് വകുപ്പുകള്‍ കൊടുക്കുന്നത് (യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവിടെ ലീഗ് ഭരിക്കും; ഇനിയും എത്ര മാറാടുണ്ടാവും?, 30 ഏപ്രില്‍, മാതൃഭൂമി ചാനല്‍).

27.5. മാറാട് ആവര്‍ത്തിക്കും

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്, ലീഗല്ല. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങള്‍. സതീശന്‍ ലീഗിന്റെ വക്താവാണ് (‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ത്ഥം, 30 ഏപ്രില്‍, മീഡിയവണ് ഓണ്‍ലൈന്‍).

വെള്ളാപ്പള്ളിയുടെ പ്രസ്താവന, മീഡിയ വൺ വാർത്ത

27.6. സതീശന്‍ ലീഗിന്റെ വക്താവ്

വി.ഡി സതീശന്‍ ലീഗിന്റെ വക്താവാണെന്നും എല്‍ഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ (വി.ഡി സതീശന്‍ ലീഗിന്റെ വക്താവ് എല്‍ഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ല” – വെള്ളാപ്പള്ളി നടേശന്‍, 30 ഏപ്രില്‍, റിപ്പോര്‍ട്ടര്‍ പോസ്റ്റര്‍).

27.7. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുന്നത് ലീഗല്ല

കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്, ലീഗല്ല (‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിന്റെ അര്‍ത്ഥം, 30 ഏപ്രില്‍, മീഡിയവൺ ഓണ്‍ലൈന്‍)

28. വയനാട്ടെ സുഡാപ്പി

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പില്‍ സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ വിള്ളല്‍ ഉണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നു. വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി നൗഫലിനെതിരെയാണ് സിപിഎം അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപം ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി നൗഫല്‍ നുണ പറയുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഒരു പ്രചാരണം.  ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 16 ബന്ധുക്കളെയാണ് നൗഫലിന് നഷ്ടപ്പെട്ടത്. പുതുതായി നിര്‍മ്മിച്ച വീടും ഒലിച്ചുപോയി. പ്രവാസിയായിരുന്ന നൗഫല്‍ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് ചിലര്‍ അദ്ദേഹത്തെ സുഡാപ്പിയെന്നും ആക്ഷേപിച്ചു:  ’16 പേര് പോയി… പക്ഷേ ശരിക്കും നീ പോയിരുന്നേല്‍ നന്നായിരുന്നു, എടാ സുഡാപ്പി പോയി വേറെ നോക്ക്, നീ നരകിച്ചു ചാവും.’

29. മതം മാറാന്‍ നൂറ് കോടി

മൊണാലിസ വിവാഹം ചര്‍ച്ചയായ സമയത്ത് ജനം ടിവി ഒരു സംവാദം സംഘടിപ്പിച്ചു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകനും സംഘപരിവാര്‍ നേതാവുമായ വിജി തമ്പി മലയാളത്തിലെ ഒരു നടിക്ക് മതം മാറാന്‍ 100 കോടി ഓഫര്‍ ചെയ്തതായി ആരോപിച്ചു: ഇതെല്ലാം ട്രാപ്പുകളാണ്. മലയാളത്തിലെ  പ്രശസ്തയായ ഒരു നായിക നടിക്ക് ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ 100 കോടി രൂപ ഓഫര്‍ ചെയ്തുവെന്നാണ് പറയുന്നത്. അവര്‍ക്ക് ഇപ്പോള്‍ കുടുംബമില്ല.  ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ആലോചിച്ച് നോക്കൂ. നല്ലവരായ ഇസ്ലാം സമുദായത്തിലെ ആളുകളെ ചീത്തയാക്കാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. വലിയൊരു സമുദായം ഇതിലൂടെ മോശക്കാരായി ചിത്രീകരിക്കപ്പെടുന്നു. അങ്ങനെ പോയാല്‍ നാളെ അവര്‍ക്ക് ജോലി കിട്ടാതാകുന്ന അവസ്ഥ വരാം. അവരുടെ സ്ഥാപനങ്ങളിലേക്കും ഹോട്ടലുകളിലേക്കും മറ്റുള്ളവര്‍ പോകാതാകാനും സാധ്യതയുണ്ട് (‘മലയാളത്തിലെ ഒരു നടിക്ക് ഇസ്ലാം മതം സ്വീകരിക്കാന്‍ 100 കോടിയാണ് ഓഫര്‍ ചെയ്തത്’, വിജി തമ്പി, 20 ഏപ്രില്‍, ജനം ടിവി).

വിജി തമ്പിയുടെ പ്രസ്താവന

30. പൂരം അട്ടിമറിക്ക് പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍

ഏപ്രില്‍ 21ന് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്‌ഫോടനമുണ്ടായി. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കരാറുകാരന്‍ ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. 

ഈ അപകടം പല തരത്തിലുള്ള ചര്‍ച്ചക്ക് വഴിവച്ചു. പൂരത്തില്‍നിന്ന് കരിമരുന്ന് ഒഴിവാക്കണമെന്ന് വലിയൊരു വിഭാഗം ആവശ്യപ്പെട്ടു. കരിയും വേണ്ട കരി മരുന്നും വേണ്ട എന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം ഉയര്‍ത്തിയായിരുന്നു ചിലര്‍ ഈ ആവശ്യം ഉന്നയിച്ചത്. 

വെടിക്കെട്ടപകടം കഴിഞ്ഞ ഉടന്‍ അതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വെടിപ്പുര സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പലരും രംഗത്തുവന്നു. അട്ടിമറിയായിരുന്നു പറഞ്ഞകാരണം. ഈ വാദമുയര്‍ത്തയ പ്രധാന വ്യക്തികളിലൊരാളാണ് ഡോ. ടി.പി സെന്‍കുമാര്‍ (‘ചില സെക്വേര്‍ഡ് സോണുകളില്‍ പല മാധ്യമപ്രവര്‍ത്തകരും എത്തി, അവര് പോയി ഒരു മണിക്കൂറിനുള്ളിലാണ് അപകടം’: ടി.പി സെന്‍കുമാര്‍, മുണ്ടത്തിക്കോട്, ടി പി സെന്‍കുമാര്‍, 22 ഏപ്രില്‍, ജനംടിവി)

ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത മീഡിയ മലയാളം പൂരം അട്ടിമറിക്കാനുള്ള ശ്രമമായാണ് ഇതിനെ ചിത്രീകരിച്ചത്: തൃശ്ശൂര്‍ പൂരത്തിന് ആന എഴുന്നള്ളിക്കുന്ന സമയത്ത് ലേസര്‍ ബീമുകള്‍ ആനയുടെ കണ്ണിലേക്ക് അടിച്ചുകൊണ്ട് അതിനെ പരിഭ്രാന്തിയിലാക്കാന്‍ ശ്രമിച്ച ചില സംഭവങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കരിയും കരിമരുന്നും ഒക്കെ വേണ്ട എന്ന് ശ്രീനാരായണ ഗുരു പണ്ട് പറഞ്ഞിരുന്നു. അത് പറഞ്ഞത് ഈ ആഢംബരം ഒഴിവാക്കുക എന്ന് പറഞ്ഞുകൊണ്ടാണ്. ഇപ്പോ വീണ്ടും അതേ ന്യായം പറയുന്നത്  ഒരു പ്രത്യേക സമുദായത്തിന്റെ ആഘോഷങ്ങള്‍ വേണ്ട എന്നരീതിയില്‍ വരുത്താനാണ്. ഇതിന് വലിയ തോതില്‍ ഫണ്ട് ഒഴുകുന്നു. എന്‍ജിഒകള്‍ പോലും പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ പൂരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നു. ഇസ്ലാമിക് അജണ്ടയുടെ ഭാഗമാണ് ഇതെന്ന് പറയേണ്ടിവരും. മാധ്യമപ്രവര്‍ത്തകരെ പണ്ട് കരുതിയിരുന്നതുപോലെ ഇപ്പോള്‍ കരുതാനാവില്ല. അവര്‍ക്ക് പങ്കുണ്ടാവാം. സിദ്ദിഖ് കാപ്പനെ അറിയാമല്ലോ. പൂരം സംസ്‌കാരത്തിന്റെ ഭാഗമാണ്. പൂരം നമുക്ക് ഹറാമാണ്. അതുകൊണ്ട് ആ പൂരത്തിലേക്ക് വണ്ടി ഇടിച്ചുകേറ്റണം. വെള്ളത്തില്‍ വിഷാംശം കലക്കണം. ഒന്നും പറ്റിയില്ലെങ്കില്‍ കത്തി കേറ്റി ജിഹാദ് നടത്തി തിരിച്ചുപോണം എന്നവര്‍ ചിന്തിക്കാം. പഹല്‍ഗാം ദിനത്തിന്റെ തലേ ദിവസമാണ് അപകടം നടന്നിരിക്കുന്നത്. മന്തിക്കടകളില്‍ പോലും ഇസ്ലാമിസ്റ്റ് അജണ്ടയുണ്ട്.  ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍.എം പിയേഴ്‌സണ്‍ അട്ടിമറിയുണ്ടാകാമെന്ന് പറഞ്ഞെങ്കിലും അത് അന്വേഷിച്ചു കണ്ടുപിടിക്കണമെന്ന നിലപാടാണ് എടുത്തത് (പൂരം അട്ടിമറിക്കാന്‍ കമ്പപുര കത്തിച്ചു നാലു പേര്‍ക്കായി തിരച്ചില്‍, 24 ഏപ്രില്‍, സ്മാര്‍ട്ട് പിക്‌സ് മീഡിയ, എം.എം ടോക്‌സ്).

31. മുസ്ലീം വീടുകളില്‍ വോട്ട് ചോദിക്കാത്ത സ്ഥാനാര്‍ത്ഥി

പ്രചാരണത്തിനിടെ മുസ്ലീം വീടുകളില്‍ വോട്ട് ചോദിച്ചിട്ടില്ലെന്ന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. അത് തന്റെ സ്വന്തം തീരുമാനമാണെന്നായിരുന്നു നല്‍കിയ വിശദീകരണം. മുസ്ലീം വോട്ടു വേണ്ട എന്നല്ല അതിനര്‍ത്ഥമെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ ആകെ പ്രശ്‌നമാകുമെന്ന് കരുതുന്നവര്‍ ധാരാളമുള്ളതിനാല്‍ ആ പരീക്ഷണത്തിന് നിന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ധാരാളം മുസ്ലീം സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു (വിവാദ പ്രസ്താവനയുമായി എന്‍ഡിഎ സ്ഥാനാർത്ഥി; മുസ്ലീം വീടുകളില്‍ വോട്ട് ചോദിച്ചിട്ടില്ല, 21 ഏപ്രില്‍, മാധ്യമം).

എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പരാമർശം, മാധ്യമം വാർത്ത

32. വോട്ടു ചെയ്യാത്ത ഹിന്ദുവും വോട്ട് ചെയ്ത മുസ്ലീമും

രാഷ്ട്രീയഭേദമെനന്യേ മുസ്ലീം വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്നുവെന്നും ഭൂരിഭാഗവും വോട്ട് ചെയ്തുവെന്നും ചിദാനന്ദപുരി. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഹിന്ദുക്കളില്‍ പലരും വോട്ടുചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം മൂന്നു ലക്ഷം പേരാണ് ദര്‍ശനത്തിനെത്തിയത്. സംസ്ഥാനത്തെ മുസ്ലീം വിഭാഗം ഭൂരിപക്ഷവും വോട്ടു ചെയ്തു. ഇക്കാര്യത്തില്‍ മുസ്ലീം വിഭാഗത്തെ കണ്ട് പഠിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു: മുസ്ലീം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്ത പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം,തന്റെ ആഗ്രഹവും ഇതുതന്നെ’- ചിദാനന്ദപുരി പറഞ്ഞു (ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലീങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി, 26 ഏപ്രില്‍, ജന്മഭൂമി).

33. അറബിക് റസ്റ്റോറന്റുകള്‍ക്കെതിരേ ബിജെപി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എന്‍ഐഎ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. അറബിക് റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യമുണ്ട്: 

ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണ്. ഇതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണം. ഈ റസ്റ്റോറന്റുകള്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണം.  വിഷു ആഘോഷങ്ങള്‍ക്കിടെ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചില റെസ്റ്റോറന്റുകള്‍ ഏര്‍പ്പെട്ടതും പരാതിയില്‍ പറയുന്നു (കേരളത്തിലെ അറബിക് റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം; എന്‍ഐഎക്ക് കത്ത് നല്‍കി ബിജെപി, 22 ഏപ്രില്‍, മീഡിയ വണ്‍).

അറബിക് റസ്റ്റോറന്റ്, മീഡിയ വൺ വാർത്ത

34. ദാതാവും സ്വീകര്‍ത്താവും വ്യത്യസ്ത മതക്കാര്‍; അപേക്ഷ തള്ളി

വൃക്ക ദാതാവും സ്വീകര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉളളവരാണെന്ന കാര്യം മുന്നോട്ട് വെച്ച് അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ ജില്ലാ ഓതറൈസേഷന്‍ സമിതി തളളി. അപേക്ഷകരില്‍ ആവശ്യമായ ‘സ്‌നേഹ ബന്ധം’ തെളിയിക്കപ്പെട്ടില്ലെന്ന വിലയിരുത്തലാണ് എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ രോഗിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നല്‍കാന്‍ സന്നദ്ധയായതിനെ തുടര്‍ന്നാണ് സംയുക്ത അപേക്ഷ സമര്‍പ്പിച്ചത്. 1994ലെ അവയവ കൈമാറ്റ നിയമം പ്രകാരം, രക്തബന്ധമോ അടുത്ത ബന്ധമോ ഇല്ലാത്തവര്‍ക്ക് ‘പരോപകാരം’ അല്ലെങ്കില്‍ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവയവദാനം നടത്താം. ഇതിന് മുന്‍പ് ബന്ധപ്പെട്ട ഓതറൈസേഷന്‍ സമിതിയുടെ അനുമതി നിര്‍ബന്ധമാണ്. 

കഴിഞ്ഞ 17ന് രോഗിയെയും ദാതാവിനെയും ബന്ധുക്കളെയും അഭിമുഖം നടത്തിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി അപേക്ഷ തള്ളിയത്. സ്വീകര്‍ത്താവിന്റെ ഭാര്യയുമായി ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍ ഉണ്ടായ പരിചയം പിന്നീട് അടുപ്പത്തിലേക്ക് മാറിയതിന്റെ അടിസ്ഥാനത്തിലാണ് വൃക്ക ദാനത്തിന് തയ്യാറായതെന്ന വിവരവും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ സ്വീകര്‍ത്താവും ഭാര്യയും ക്രൈസ്തവരാണെന്നും ദാതാവ് മുസ്ലീം സമൂഹത്തില്‍പ്പെട്ടയാളാണെന്നും രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ അവയവദാനത്തിന് ആവശ്യമായ സ്‌നേഹ ബന്ധം രൂപപ്പെടാന്‍ സാധ്യത കുറവാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. (‘ദാതാവും സ്വീകര്‍ത്താവും വ്യത്യസ്ത മതക്കാര്‍, സ്‌നേഹ ബന്ധം ഉണ്ടാകില്ല’; വൃക്ക ദാനം ചെയ്യാനാകില്ലെന്ന് ജില്ലാതല ഓതറൈസേഷന്‍ സമിതി, 23 ഏപ്രില്‍, ഏഷ്യാനെറ്റ്).

35. ലീഗിലെ ജമാഅത്ത് വിഭാഗം

തീവ്ര ഹിന്ദുത്വ വിദ്വേഷ പ്രചാരകന്‍ പ്രതീഷ് വിശ്വനാഥ് സുഹൃത്താണെന്ന് സിപിഎം നേതാവ് എം സ്വരാജ് പറയുന്ന തരത്തിലുള്ള ഏതാനും കാര്‍ഡുകള്‍ ദേശാഭിമാനി പത്രത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.  ‘പ്രതീഷ് വിശ്വനാഥ് തന്നെ കാണാന്‍ വന്നത് സൗഹൃദത്തിന്റെ പേരില്‍, അത് വിവാദമാക്കേണ്ട കാര്യമില്ല’ എന്നായിരുന്നു കാര്‍ഡില്‍ എഴുതിയിരുന്നത്. ഇതിനെതിരേ സ്വരാജ് ഫേസ്ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചു: വര്‍ഗീയത പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികള്‍ അവലംബിക്കുന്നത് പുതിയ കാര്യമല്ല. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യവര്‍ഷവും എല്ലാ വിഭാഗം വര്‍ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്. കുറച്ചു നാളായി എന്നെ ഹിന്ദുവര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ ജമാഅത്ത് കേന്ദ്രങ്ങളും ലീഗിലെ ജമാഅത്ത് വിഭാഗവും ഓവര്‍ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് എന്നെ മുസ്ലീം വര്‍ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവര്‍ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതില്‍ സന്തോഷമേയുള്ളു (സംഘപരിവാരത്തിന്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്ത് വിഭാഗവും പിന്തുടരുന്നു: എം സ്വരാജ്, 24 ഏപ്രില്‍, റിപോര്‍ട്ടര്‍)

ഇതിനെതിരേ സ്വരാജ് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത സിറാജ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ജമാഅത്തെ ഇസ്ലാമിയുടെ വ്യാജപ്രചാരണത്തിനെതിരേ എം സ്വരാജ് നിയമനടപടിക്ക്, 25 ഏപ്രില്‍, സിറാജ്. വ്യാജപോസ്റ്റര്‍  ഖാലിദ് മൂസ നദ്വി എന്ന ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമല്ലാത്ത മുൻ   നേതാവ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. കാര്‍ഡ് വ്യാജമാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതാണ് വാര്‍ത്തക്ക് കാരണമായതെന്നു വേണം കരുതാന്‍. 

36. നാര്‍കോട്ടിക് ജിഹാദ്: അരമന ആക്രണകഥ കള്ളം

നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പാല അരമന ആക്രമിക്കാന്‍ വന്നപ്പോള്‍ താന്‍ തടഞ്ഞെന്ന പി.സി ജോര്‍ജിന്റെ വാദം പാല രൂപത ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തള്ളി. ബിഷപ്പിന് എതിരേ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധം പാലാ സെന്റ് തോമസ് പ്രസിനു മുമ്പില്‍ വച്ചുതന്നെ തടഞ്ഞിരുന്നു. ഈ സമയത്ത് ജോര്‍ജിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല. ഇത്തരം വിഷയങ്ങളെ കായികമായി നേരിടുകയല്ല രീതി (പി.സി ജോര്‍ജിന്റെ അവകാശവാദം കള്ളം: ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, 24 ഏപ്രില്‍, ദീപിക).

38. ഈദ്മുബാറക്ക് മിഠായിയും തൃശൂര്‍ പൂരവും

ഏപ്രില്‍ 21ന് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് ഒരു കുട്ടിയുടെ കയ്യില്‍ കണ്ട മിഠായി കവര്‍ തമിഴ്‌നാട് സ്വദേശിയായ ഭക്ത ക്ഷേത്രം കാവലില്‍ ഉണ്ടായിരുന്ന പൊലീസിനെ ഏല്‍പിച്ചു. മിഠായുടെ കവറില്‍ ഈദ് മുബാറക് എന്ന് എഴുതിയിരുന്നു.  തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ആരെങ്കിലും മിഠായി വിതരണം നടത്തിയോ എന്ന് ദേവസ്വവും പൊലീസും അന്വേഷിച്ചു. ക്ഷേത്രമാകെ അരിച്ചു പെറുക്കി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ഇതേ ദിവസം തന്നെ ക്ഷേത്രം കിഴക്കെ നടയിലെ കംഫര്‍ട്ട് സ്റ്റേഷനു സമീപത്ത് ചുറ്റിത്തിരിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നതെന്ന് സംശയിക്കുന്ന കശ്മീര്‍ സ്വദേശിയായ യുവാവിനെ പരിസരത്തുണ്ടായിരുന്നവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടികൂടി. കശ്മീര്‍ നൗഖാം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിൽപ്പെട്ട കരിദാര്‍ സ്വദേശി താരിഖ് അന്‍വറിനെ ടെംപിള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. താരിഖ് അന്‍വറിനെ കാണാനില്ലെന്നു പറഞ്ഞ് നൗഖാം പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

ക്ഷേത്രത്തിനുള്ളില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായും ‘ഈദ് മുബാറക്’ എന്ന് പുറംകവറില്‍ എഴുതിയ മിഠായി കശ്മീരി സ്വദേശി താരിഖ് അഹമ്മദ് ക്ഷേത്രത്തില്‍ വിതരണം ചെയ്തതായി വിവരം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു (ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മിഠായി വിതരണം; അന്വേഷണം, 24 ഏപ്രില്‍, മനോരമ).

ഇതേ ദിവസമാണ് പൂരം വെടിക്കെട്ടുപുര കത്തിയത്. ഏപ്രില്‍ 26ന് ബിജെപി നേതാവ് ശശികല ടീച്ചര്‍ തന്റെ ഫേസ്ബുക്ക് ഐഡിയില്‍ ഒരു പോസ്റ്റ് എഴുതിയിട്ടു. കാശ്മീരിലെ നൗഗാമില്‍ നിന്ന് വന്ന ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടര്‍ താരിഖ്അഹമ്മദ്- എന്നായിരുന്നു പോസ്റ്റിന്റെ തുടക്കം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ റസ്റ്റ്ഹൗസായ പാഞ്ചജന്യത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്ന് അവര്‍ ആരോപിച്ചു. അതേ കുറിച്ച് അവര്‍ എഴുതി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക റസ്റ്റ് ഹൗസായ പഞ്ചജന്യത്തില്‍ താമസിക്കുന്നതിനിടെ പിടിയിലായിട്ട് ഏതാനും ദിവസങ്ങളായി. അത്യന്തം ഭീതി ജനകമായ വാര്‍ത്തയാണത്. ഗുരുവായൂര്‍ പോലെ ഭക്തജന ലക്ഷങ്ങള്‍ എത്തുന്നിടത്ത് ഒരു ഇസ്ലാമിക് ഭീകരവാദിക്ക് ദേവസ്വം നടത്തുന്ന ഔദ്യോഗിക റസ്റ്റ് ഹൗസില്‍  താമസിക്കാന്‍ അനുവാദം ലഭിച്ചത് എങ്ങനെ? അതിന് ഒത്താശ ചെയ്തവര്‍ ആരെല്ലാം? എന്തായിരുന്നു ആ മഹാനുഭാവലുവിന്റെ സന്ദര്‍ശനലക്ഷ്യം? അഹിന്ദുക്കള്‍ക്ക് പ്രവേശനം പൂര്‍ണമായും നിരോധിച്ചിരിക്കുന്ന ക്ഷേത്രമാണ്  ഗുരുവായൂര്‍. ദേവസ്വത്തിന്റെ താമസ സൗകര്യങ്ങളായ പഞ്ചജന്യം, കൗസ്തുഭം, ശ്രീവത്സം തുടങ്ങിയവയിലും ഇത് ബാധകമാണ് എന്നിട്ടും ഈ ഭീകരവാദിക്ക് അവിടെ പ്രവേശനം കിട്ടി എന്നത് നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നു.

തുടര്‍ന്ന് അവര്‍ അതിനെ തൃശൂരുമായി ബന്ധപ്പെടുത്തി: ഗുരുവായൂരില്‍ നിന്ന് വലിയ ദൂരമില്ല തൃശൂരിലേക്ക്. തൃശൂര്‍ വെടിക്കെട്ടപകടവും ഇവന്മാരുടെ സന്ദര്‍ശനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? (26 ഏപ്രില്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

39. വി.ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ മതരാഷ്ട്രവാദികള്‍

വി.ഡി സതീശന്‍ നല്ല നേതാവാണെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ മതരാഷ്ട്രവാദികളായതിനാല്‍ സംഘപരിവാരം വളരുമെന്ന് ന്യൂസ് നോട്ട് 24: 

വി.ഡി സതീശന് ലഭിച്ച പിന്തുണ പോലും അദ്ദേഹത്തിന്  ഭാവിയില്‍ വലിയ അപകടം ചെയ്യും എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. കാരണം അതിന്റെ പിആര്‍ വര്‍ക്ക് മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് മീഡിയാവണ്ണും സി ദാവൂദും അടങ്ങുന്ന ജമാഅത്ത് ഇസ്ലാമിയാണ്. ബാലന്റെ സ്‌റ്റേറ്റ്‌മെന്റ് ഓർമ്മയുണ്ടാവും, യുഡിഎഫ് വന്നാല്‍ ജമാഅത്തെ ഇസ് ലാമിയാവും ആഭ്യന്തരം ഭരിക്കുന്നത് എന്ന് (മതരാഷ്ട്രീയ വാദികളുടെ പിന്തുണ സതീശനെ ദുര്‍ബലം ആക്കുമോ, 26 ഏപ്രില്‍, ന്യൂസ് നോട്ട് 24).

40. ഈരാറ്റുപേട്ടയില്‍ നടന്ന വാഹനാപകടം

ഏപ്രില്‍ 26ന് വാഗമണിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിടയില്‍ ഈരാറ്റുപേട്ടയില്‍ വച്ച് സുനില്‍ മോന്‍ കെ.എം എന്നയാള്‍ക്ക് ഒരു വാഹനാപകടം ഉണ്ടായി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പെട്ടെന്ന് വെട്ടിച്ചതിനെത്തുടര്‍ന്ന് സുനിലിന്റെ വാഹനം ബ്രേക്ക് ചെയ്ത് നിര്‍ത്തേണ്ടിവന്നു. അതോടെ പിന്നിൽ നിന്ന് വന്ന വാഹനം സുനിലിന്റെ വാഹനത്തില്‍ ഇടിച്ചു. സുനിലിന്റെ ഭാര്യയായിരുന്നു വാഹനം ഓടിച്ചിരുന്നത്. സുനില്‍ പുറത്തിറങ്ങി ബൈക്ക് ഓടിച്ചിരുന്നവരുമായി നടത്തിയ സംസാരം തര്‍ക്കത്തിലേക്ക് വഴിമാറി. പോലിസെത്തിയതോടെ അത് അവസാനിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനം ഓടിച്ചതില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തു. 

പൊലീസ് സ്‌റ്റേഷനില്‍ വച്ച് സുനില്‍ ഒരു ലൈവ് വീഡിയോ ചെയ്തു. 

 ഈരാറ്റുപേട്ട മോശം സ്ഥലമാണ്. ഈരാറ്റുപേട്ടക്കാര്‍ നിയമം പാലിക്കാത്തവരാണ്, തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരാണ് തുടങ്ങി മതപരമായ സൂചനകളോടുകൂടിയതായിരുന്നു അദ്ദേഹത്തിന്റെ ലൈവ്. സാമൂഹ്യമാധ്യങ്ങള്‍ ഇത് ഏറ്റുപിടിച്ചു. ഇതിനെതിരേ നഗരസഭാ ഭരണസമിതി പൊലീസിൽ പരാതി നല്‍കി. അവിടെ നല്ല നിലയില്‍ നടക്കുന്ന ഒരു യൂസ്ഡ് കാര്‍ ഷോറൂമിനെതിരേയും കുപ്രചാരണം നടന്നു (‘മോശം സ്ഥലം; തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍’; ഈരാറ്റുപേട്ടയെക്കുറിച്ച് വിദ്വേഷ പ്രചാരണം, 01 മെയ്, മനോരമ).

ഈരാറ്റുപേട്ട, മനോരമ വാർത്ത

40.1. ഈരാറ്റുപേട്ട മറ്റൊരു രാജ്യം

ഈരാറ്റുപേട്ടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ അത്ഭുതമില്ലെന്ന മട്ടിലായിരുന്നു മറുനാടന്‍ മലയാളിയുടെ ഇതുസംബന്ധിച്ച വീഡിയോ. ‘ഈരാറ്റുപേട്ട എന്താ മറ്റൊരു രാജ്യമാണോ? വാഹനാപകടം ഉണ്ടായപ്പോള്‍ സംഭവിച്ചത്’ ഇതായിരുന്നു ഈ വിഷയത്തില്‍ ഷാജന്‍ സ്‌കറിയയുടെ വീഡിയോയുടെ കാപ്ഷന്‍. 

40.2. ഈരാറ്റുപേട്ടക്കാരുടെ പ്രത്യേകതകള്‍

ഈ ദിവസങ്ങളില്‍ ഏറെ പ്രചരിച്ച അജേഷ് പി.പി എന്നയാളുടെ ഫേസ്ബുക്ക് ഐഡി ഈരാറ്റുപേട്ടയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി അവതരിപ്പിച്ചു: 56 പേര്‍ മരിച്ച അഹമ്മദാബാദ് സ്ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച മൂന്ന് മലയാളികളില്‍ രണ്ട് പേര്‍ ഈരാറ്റുപേട്ടക്കാര്‍, വാഗമണ്‍ സിമി ക്യാംപിന്റെ സംഘാടനത്തിന്റെ പേരില്‍ അറസ്റ്റിലായ തീവ്രവാദികള്‍ ഈരാറ്റുപേട്ടക്കാര്‍, ഈയിടെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പിഎഫ്‌ഐക്കാര്‍ കൂടുതലും ഈരാറ്റുപേട്ടക്കാര്‍, അരിയും മലരും മുദ്രാവാക്യത്തിന്റെ ഉപഞ്ജാതാക്കള്‍, വണ്ടിക്കച്ചവടത്തില്‍ സ്ഥിരം പറ്റിക്കുന്നവര്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, ലൈസന്‍സ് എന്നിവ  വേണ്ടാത്ത കേരളത്തിലെ ടൗണ്‍, ഏറ്റവും മോശം ഡ്രൈവിങ്, ട്രാഫിക് സംസ്‌കാരം, ഇങ്ങോട്ട് വന്ന് ഇടിച്ചാലും നാട്ടുകാര്‍ കൂടി കുത്തിന് പിടിച്ച് പൈസ വാങ്ങും. സമുദായത്തില്‍ ആരെയെങ്കിലും പൊലീസ് പിടിക്കാന്‍ വന്നാല്‍ 1000 കണക്കിന് ആള്‍ക്കാര്‍ സംഘടിച്ച് തടയും, അരുവിത്തുറ എന്ന ബോര്‍ഡ് കാണുന്നിടത്തൊക്കെ കരിഓയില്‍ ഒഴിക്കുക (28 ഏപ്രില്‍, ഫേസ്ബുക്ക്/ അജേഷ് പി.പി).

40.3. ദേശവിരുദ്ധരുടെ താവളം

ജനം ടിവി ഈരാറ്റുപേട്ടക്കാരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിച്ചു. ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചുപോകുന്ന അന്തരീഷമാണ് നിലവിലുള്ളതെന്നാണ് ബിജെപി നേതാവ് എന്‍ ഹരി പറഞ്ഞത്: ഈരാറ്റുപേട്ടയില്‍ വാഹനാപകടത്തില്‍ പെട്ടാല്‍ നീതി ലഭിക്കില്ല എന്ന ചിന്താഗതിയാണ് നിര്‍ഭാഗ്യവശാല്‍ രൂപപ്പെട്ടു വരുന്നത്. ഹെല്‍മെറ്റ് ഇല്ലാത്ത തീര്‍ത്തും നിയമവിരുദ്ധമായി വാഹനമോടിച്ച കുട്ടികളെ രക്ഷിക്കുന്നതിനാണ് സംഘടിച്ച് എത്തിയവര്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയിലെ നിയമ സംവിധാനവും കൈമലര്‍ത്തി എന്നാണ് വാഹന ഉടമയുടെ ആരോപണം. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അടക്കമുള്ള മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇവിടെ ബാധകമല്ല. ഈരാറ്റുപേട്ടയില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാവുകയാണ്. ഈരാറ്റുപേട്ട വാഗമണ്‍ പ്രദേശങ്ങള്‍ ദേശവിരുദ്ധ ശക്തികളുടെ താവളം ആകുന്നു എന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തങ്ങള്‍ പാറയിലെ വിവാദമായ ആയുധ പരിശീലന ക്യാമ്പ്, രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരുടെ അറസ്റ്റ്, മയ്യിത്ത് നമസ്‌കാരം തുടങ്ങി ദേശസുരക്ഷയെ വെല്ലുവിളിക്കുന്ന സംഭവ വികാസങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പാക് തീവ്രവാദ സംഘടനയുടെ കമാന്‍ഡര്‍ എന്ന് അറിയപ്പെടുന്ന കൊടും ഭീകരന്‍ തടിയന്റ വിട നസീറിനെപോലുള്ളവര്‍ ഈരാറ്റുപേട്ടയില്‍ താമസിച്ചു എന്നതും കണക്കിലെടുക്കേണ്ടതാണ്. ഈരാറ്റുപേട്ട വാഗമണ്‍ മേഖലയില്‍ തീവ്രവാദ ശക്തികളുടെ വേരോട്ടം ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പള്ളിമുറ്റത്ത് ക്രൈസ്തവ പുരോഹിതനെ ബൈക്കുകളില്‍ എത്തി അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും കേരളം സാക്ഷിയായതാണ്. ഇത്തരം സംഭവവികാസങ്ങളെ തുടര്‍ന്ന് ഈരാറ്റുപേട്ട അരക്ഷിത മേഖലയാണെന്നും അതിനാല്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് പൊലീസ് ഭൂമി കൈമാറരുതെന്നും കോട്ടയത്തെ മുന്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഒരു വിഭാഗം സൃഷ്ടിച്ച പ്രതിഷേധം നാട് മറന്നിട്ടില്ല (ദേശവിരുദ്ധ താവളം; ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്നു; രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാവുന്നു ; എന്‍ ഹരി, 01 മെയ്, ജനം ടിവി)

41. അതിര്‍ത്തികടന്നുവരുന്ന ഭീകരത

ഭീകരത അതിര്‍ത്തി കടന്നുവരുന്നത് വിദ്യാഭ്യാസവും പണവും ഇല്ലാത്തതു കൊണ്ടല്ലെന്നും ആദര്‍ശത്തിന്റെ പേരിലാണെന്നും അതുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ജാതി, മത, പ്രാദേശിക അടിസ്ഥാനത്തിലല്ലാതെ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും ജസ്റ്റിസ് എന്‍ നഗരേഷ്. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട, ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍ രാമചന്ദ്രന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരവാദത്തിന് ഇരയായിട്ടുള്ള രാജ്യം ഇന്ത്യയാണെന്നും എന്നിട്ടും ജാതി, മതഭേദങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു (ഭീകരത അതിര്‍ത്തി കടന്നു വരുന്നത് ആദര്‍ശത്തിന്റെ പേരില്‍: ജസ്റ്റിസ് നഗരേഷ്, 27 ഏപ്രില്‍, മലയാള മനോരമ).

42. കുഞ്ഞാലിക്കുട്ടി/മുഖ്യമന്ത്രി

ഫലപ്രഖ്യാപനം കഴിയുകയും കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയും ചെയ്തതോടെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീങ്ങൾ തട്ടിയെടുക്കുമെന്ന ആഖ്യനം മറ്റു രീതിയില്‍ വികസിച്ചു. മറുനാടന്‍ നല്‍കിയ വാര്‍ത്ത ഇങ്ങനെ: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയില്‍ തര്‍ക്കമായി തുടരുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സുന്നി മഹല്ല് ഫെഡറേഷന്‍. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായിരുന്നു ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന് വേദിയായത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടേയും സാന്നിദ്ധ്യത്തിലായിരുന്നു അസ്ലം മഷ്ഹൂര്‍ ഇക്കാര്യം ഉന്നയിച്ചത്. ഒരു മതസംഘടനയുടെ സമ്മേളനം രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗമായി മാറിയോ എന്നാണ് ഇതിനെ പുറത്തുള്ളവര്‍ പരിഹസിച്ചത്. മഹല്ലുകളുടെ ശാക്തീകരണവും ആത്മീയ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ട വേദി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ജനാധിപത്യപരമായ പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു (മുഖ്യമന്ത്രി കസേരയ്ക്കായി കോണ്‍ഗ്രസില്‍ പിടിവലി; കോണ്‍ഗ്രസിലെ സൈബര്‍ പോരില്‍ മനംമടുത്ത് പുതിയ അവകാശവാദവുമായി മുസ്ലീം സംഘടന; പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍; പരസ്യ പ്രസ്താവന സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്ത വേദിയില്‍; പ്രതികരിക്കാതെ മുസ്ലീം ലീഗ്, 28 ഏപ്രില്‍, മറുനാടന്‍ മലയാളി).

42.1. നാലാമനായി പി.കെ കുഞ്ഞാലിക്കുട്ടിയും

യുഡിഎഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് നാലാമനായി പി.കെ കുഞ്ഞാലിക്കുട്ടിയും. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രിപദത്തിലേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടയിലാണ് യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി ചര്‍ച്ച ചെയ്യപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ അധികാരത്തില്‍ ലീഗ് ഇടപെടുന്നുവെന്ന ആക്ഷേപമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുന്നത്. ഇതിനെല്ലാം പുറമെ, ജമാഅത്തെ ഇസ്ലാമിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാമര്‍ശവും ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്നുണ്ട് (യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച: നാലാമനായി പി.കെ.കുഞ്ഞാലിക്കുട്ടിയും, 28 ഏപ്രില്‍, സിറാജ്).

42.2. കുഞ്ഞാലിക്കുട്ടിയും ജമാഅത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയെത്തുമെന്നും അത് ജമാഅത്തെ ഇസ് ലാമിയുടെ സാമ്പിള്‍ വെടിക്കെട്ടാണെന്നും സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞു (മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമിയുടെ സാമ്പിള്‍ വെടിക്കെട്ട് – എ.കെ ബാലന്‍, 28 ഏപ്രില്‍, കേരള കൗമുദി). ലീഗിന് ലീഗിന്റേതായു അജണ്ട ഉണ്ട് അത് നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും മുന്‍ കാലങ്ങളില്‍് ഒക്കെ ലീഗിന് നല്ല പരിഗണന മന്ത്രിസഭയില്‍  അടക്കം ലഭിച്ചിട്ടുണ്ടല്ലോയെന്നും സാദിഖ് അലി തങ്ങള്‍ എ.കെ ബാലന് മറുപടി പറഞ്ഞു (എ.കെ ബാലന്‍ മറുപടിയുമായി സാദിഖലി തങ്ങള്‍, 30 ഏപ്രില്‍, റിപ്പോര്‍ട്ടർ ടിവി പോസ്റ്റര്‍).

ബാലന്‍ ഇതിനും മറുപടി പറഞ്ഞു: ലീഗിന്റെ അജണ്ട ലീഗ് തന്നെ നിശ്ചയിക്കണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. കാരണം ലീഗിന്റെ വിശ്വാസീയത നഷ്ടപ്പെടാന്‍ പാടില്ല. പക്ഷേ, ഒരു കാര്യമുണ്ട് വര്‍ഗീയ ശക്തികളുടെ സ്വാധീനത്തില്‍ ഏത് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും അവരുടെ നിയന്ത്രണത്തില്‍ ആയിരിക്കും ഗവണ്‍മെന്റ് അത് ഞാന്‍ പറഞ്ഞതല്ല അത് ഒരു സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ എടുത്തു പറഞ്ഞതാണ് കാരണം ചരിത്രം ഓര്‍മ്മപ്പെടുത്താന്‍ ഉള്ളതാണ് തമസ്‌കരിക്കാന്‍ ഉള്ളതല്ല അപ്പോ ലീഗ് മതനിരപേക്ഷ മനസ്സുള്ള ഒരു പ്രസ്ഥാനം എന്നുള്ള നിലയില്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്ന് മാത്രമല്ല ഇത്തരം ശക്തികള്‍ക്കെതിരായിട്ടുള്ള ശക്തമായിട്ടുള്ള നിലപാട് പണ്ട് സ്വീകരിച്ചിട്ടുണ്ട്. ആ ശക്തികള്‍ക്ക് വിധേയമായി പോകാന്‍ പാടില്ല എന്നുള്ള ഒരു ആശങ്ക പ്രകടിപ്പിച്ചതാണ് (‘ലീഗിന്റെ അജണ്ട ലീഗ് തന്നെ നിശ്ചയിക്കണമെന്നാ ഞാന്‍ പറഞ്ഞത്…’ എ.കെ ബാലന്‍, 30 ഏപ്രില്‍, മീഡിയവണ്‍)

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഇഎംഎസ് നമ്പൂതിരിപ്പാടിന് ആകാമെങ്കില്‍, നായനാര്‍ക്കും വിഎസിനും ആകാമെങ്കില്‍, പട്ടത്തിനും ആര്‍.ശങ്കറിനും അച്ച്യുതമേനോനും കരുണാകരനും പികെവിക്കും സിഎച്ചിനും എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ആകാമെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മുഖ്യമന്ത്രിയാവാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് തീരുമാനിക്കുന്ന ആള്‍ മുഖ്യമന്ത്രി ആകും. ആകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാര്‍ക്സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നല്‍കണം. അല്ലെങ്കില്‍ എകെജി സെന്റര്‍ മാരാര്‍ജി ഭവന്റെ ബ്രാഞ്ച് ആപ്പീസാക്കി മാറുമെന്നും ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു (ഇന്ത്യന്‍ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാന്‍ പിണറായിക്ക് തുല്യമായ അവകാശം; ബാലന്റെ മതച്ചാപ്പ മാര്‍ക്സിസ്റ്റ് മനോരോഗം: ജിന്റോ ജോണ്‍, 28 ഏപ്രില്‍, മീഡിയവണ്‍).

43. സംഘപരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്‌റഫ്

മംഗളുരുവില്‍വെച്ച് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഷറഫിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് 2026 ഏപ്രില്‍ 27ന് ഒരു വര്‍ഷം തികഞ്ഞു. ഒരു മലയാളി എന്ന നിലയില്‍ അഷറഫിന് നീതി ലഭിക്കാന്‍ കേരളം ഒന്നാകെ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കേരള സര്‍ക്കാരിന്റെയോ മറ്റു ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല. കര്‍ണാടക സര്‍ക്കാരിനുമേല്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാരിന് സാധിച്ചില്ല. തുടക്കത്തില്‍തന്നെ കേസ് ഒതുക്കിത്തീര്‍ക്കാനും ഇല്ലാതാക്കാനും വലിയ രീതിയിലുള്ള ശ്രമങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, അവയെല്ലാം അതിജീവിച്ചുകൊണ്ട്, മാംഗ്ലൂർ, ബാംഗ്ലൂർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെയും അഭിഭാഷക കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഈ കേസില്‍ ആശ്വാസകരമായ നിയമനടപടികള്‍ മുന്നോട്ടുപോയത്. കേസില്‍ ഇതുവരെ അറസ്റ്റിലായ 21 പേരില്‍ ഭൂരിഭാഗം പേര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളില്‍ മൂന്നുപേര്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തുടരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത് (ഈ പോരാട്ടം അഷ്‌റഫിന് വേണ്ടി മാത്രമല്ല, 28 ഏപില്‍, മാധ്യമം).

ജബ്ബാറിന്റെ പോരാട്ടങ്ങള്‍

സംഘപരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്‌റഫിന് നീതിക്കായി പോരാടുന്ന സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ സമാനമായ സംഭവങ്ങളില്‍ നീതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പമുണ്ട്. വാളയാറില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന രാം നാരായണ്‍ ബാഘേലിന് വേണ്ടിയുള്ള പോരാട്ടത്തിലും ജബ്ബാറുണ്ട്. അദ്ദേഹം പറയുന്നു: ‘ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാവുന്ന, നീതി നിഷേധിക്കപ്പെടുന്ന ഓരോ ഇന്ത്യക്കാരും എനിക്കെന്റെ അഷ്‌റഫിനെ പോലെയാണ്. അഷ്‌റഫ് കൊല്ലപ്പെടാനുണ്ടായ കാരണവും, രാം നാരായണ്‍ ബഘേല്‍ കൊല്ലപ്പെടാനുണ്ടായ കാരണവും ഹിന്ദുത്വ വര്‍ഗീയതയാണ്. അഷ്‌റഫിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചതാണെന്നാണ്. എന്നാല്‍, മാനസിക വെല്ലുവിളി നേരിടുന്ന അഷ്‌റഫ് ക്രിക്കറ്റ് കളി നടക്കുന്ന ഗ്രൌണ്ടിനടുത്ത് കുപ്പി പറുക്കാന്‍ ആയി എത്തിയതായിരുന്നു. വെള്ളമെടുത്ത് കുടിച്ചെന്നോ, ഉപയോഗിച്ച് ഒഴിവാക്കിയ കുപ്പികള്‍ പെറുക്കിയന്നോ ആരോപിച്ച് ആള്‍ക്കൂട്ടം വടിയും കമ്പും ഉപയോഗിച്ച് മര്‍ദനം ആരംഭിച്ചത്. മലയാളിക്കെന്നല്ല ഒരു മനുഷ്യനും ചേരാത്ത ക്രൂരതയാണത്, ആള്‍ക്കൂട്ടം ഒത്തുചേര്‍ന്ന് ചെയ്യുമ്പോള്‍ അതൊരു കുറ്റമല്ല എന്ന മാനസികാവസ്ഥ ജനങ്ങളിലുണ്ടാവുന്നത് ഇരട്ടി അപകരമാണ്.’ 

തൃശൂര്‍ നാട്ടികയില്‍ പാതയോരത്ത് ഉറങ്ങിക്കിടന്ന നാടോടികള്‍ക്ക് മുകളിലൂടെ ലോറിക്കയറി ഇറങ്ങി മരിച്ച അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വെറും ആറ് ലക്ഷം മാത്രമാണ്. ഇവര്‍ക്ക് നീതിലഭിക്കുന്നതിനായും അബ്ദുല്‍ ജബ്ബാര്‍ മുന്നിലുണ്ട്. ഇനിയും നിസ്സംഗത തുടര്‍ന്നാല്‍ കേരളത്തിലും ഇതൊരു സാധാരണ സംഭവമായി മാറുമെന്നും ഭരണഘടനും നിയമസംവിധാനങ്ങളും ഉപയോഗിച്ച് മാത്രം എതിര്‍ത്താലാണ് ഇത് നിര്‍ത്താനാവു എന്നും ജബ്ബാര്‍ പറയുന്നു. ഫാസിസം വീട്ടുപടിക്കല്‍ എത്തുമോ എന്നത് ഇനിയും ഒരു ഭയമല്ലെന്നും അത് ഒരു യാഥാര്‍ത്ഥ്യമാണെന്നും മലയാളികള്‍ മനസ്സിലാക്കണം (രക്തം രക്തത്തെ തിരിച്ചറിയുമ്പോള്‍, സവാദ് റഹ്‌മാന്‍, 26 ഏപ്രില്‍, വാരാധ്യ മാധ്യമം).

നീതി ലഭ്യമായില്ല

ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ കേരള ഇന്‍സൈറ്റും പ്രതികരണം പങ്കുവച്ചു: ആദ്യമായി സംഘപരിവാര ആള്‍ക്കൂട്ട കൊലക്കിരയായ ഒരു മലയാളി എന്ന നിലയില്‍ അഷ്‌റഫിന് നീതി ലഭിക്കാന്‍ കേരളം ഒന്നാകെ ഒപ്പം ഉണ്ടാകുമെന്നാണ് സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെയോ മറ്റ് ജനപ്രതിനിധികളുടെയോ ഭാഗത്തു നിന്ന് കാര്യമായ യാതൊരു ഇടപെടലും ഉണ്ടായില്ല. കര്‍ണാടക സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാവശ്യമായ യാതൊന്നും തന്നെ കേരള സര്‍ക്കാര്‍ ചെയ്തില്ല. കേസില്‍ അറസ്റ്റിലായ ഭൂരിഭാഗം പേര്‍ക്കും ജാമ്യം ലഭിച്ചു. ആള്‍ക്കൂട്ടക്കൊലകളില്‍ ഈ കേസിന് ഏറെ പ്രാധാന്യമുണ്ട്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ കര്‍ണാടക സര്‍ക്കാറിന് വലിയ വീഴ്ചയാണ് ഉണ്ടായത്. ഇതിന് പുറമേ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല (അഷ്‌റഫ് സംഘപരിവാര ആള്‍ക്കൂട്ടക്കൊലയ്ക്കിരയായി ഒരു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് കുടുംബം, അംബിക, 28 ഏപ്രില്‍, കേരള ഇന്‍സൈറ്റ്).

44. മലപ്പുറം ഭൂമാഫിയ

കിളിമാനൂര്‍ സ്വദേശി കെ വിശ്വംഭരന്റെ തിരുവനന്തപുരം – കൊട്ടാരക്കര ഹൈവേയില്‍ കാരേറ്റ് ടൗണില്‍ ഉള്ള 15 കോടിയോളം വില വരുന്ന 83 സെന്റ് വസ്തു ഭൂമി മലപ്പുറത്ത് നിന്നുള്ള ഭൂമാഫിയ തട്ടിയെടുത്തതായി ജന്മഭൂമി. പത്രം പറയുന്നതനുസരിച്ച് സംഭവം ഇങ്ങനെ: വസ്ത്ര വ്യാപാരിയായിരുന്ന വിശ്വംഭരന്‍ ബാങ്കിന്റെ ചതിയില്‍പ്പെട്ട് കടക്കാരനായപ്പോള്‍ ബാങ്കിന് എതിരെ 14 വര്‍ഷത്തെ നിയമ പോരാട്ടം നടത്തി നേടിയെടുത്തതായിരുന്നു കാരേറ്റ് ടൗണിലുള്ള 83 സെന്റ്‌റ് വസ്തു. ആ വസ്തു ബാങ്കില്‍ നിന്നും ജപ്തിയിയിലേക്ക് നിങ്ങിയപ്പോള്‍ ഹൈക്കോടതി വിശ്വംഭരന് ലേലത്തില്‍ പിടിക്കാന്‍ അനുമതി നല്‍കി. ബാങ്കില്‍ മറ്റ് വസ്തുക്കളില്‍ ബാധ്യത നിലനില്‍ക്കുന്നതിനാല്‍ പകരം ആളായാണ് ആസാദിനെ ഏര്‍പ്പെടുത്തുന്നത്. ഇരുവരും തമ്മില്‍ കരാര്‍ തയാറാക്കിയാണ് വസ്തു ലേലത്തില്‍ പിടിച്ചത്. എന്നാല്‍ ആസാദ് പണം നല്‍കുകയോ കരാറുകള്‍ രജിസ്റ്റര്‍ ആക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. നിയമപ്രകാരം കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടും അതിന് തയാറായിട്ടില്ലെന്നും വാര്‍ത്ത പറയുന്നു. ഈ സംഭവത്തെയാണ് മലപ്പുറം ഭൂമാഫിയയെന്ന് ജന്മഭൂമി വിശേഷിപ്പിച്ചത് (കോടികള്‍ വിലയുള്ള ഭൂമി; മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി, 30 ഏപ്രില്‍,  ജന്മഭൂമി).

45. മുസ്ലീം ലീഗ്/ ഞെരളത്ത് ഹരിഗവിന്ദന്‍

അറിയപ്പെടുന്ന സോപാന സംഗീതജ്ഞനാണ് ഞരളത്ത് ഹരി ഗോവിന്ദന്‍. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നതായി വാര്‍ത്ത പുറത്തുവന്നു. അതിനുശേഷം ക്ഷേത്ര പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയതായി അദ്ദേഹം ആരോപിച്ചു. ഏപ്രിലില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന അഞ്ച് ക്ഷേത്ര പരിപാടികളില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ലീഗില്‍ ചേര്‍ന്ന ശേഷം തനിക്കുണ്ടായ മറ്റു അനുഭവവും അദ്ദേഹം പങ്കുവച്ചു: ‘മുസ്ലീം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് എന്നെ ഫോണില്‍ വിളിച്ച ചിലര്‍ പറഞ്ഞു. ചിലര്‍ ഓണ്‍ലൈനില്‍ ട്രോളുകയും മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട തൊപ്പികള്‍ ധരിച്ച ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.  ബുക്കിംഗുകളില്‍ പലതും സോപാന സംഗീത ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഞാന്‍ എഴുതിയ കവിതകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സ്റ്റേജ് പ്രോഗ്രാമുകളായിരുന്നു. മുസ്ലീം ലീഗില്‍ ചേര്‍ന്നതിനുശേഷം ചില അംഗങ്ങള്‍ക്ക് എന്റെ പങ്കാളിത്തത്തില്‍ അസ്വസ്ഥതയുണ്ടെന്ന് നിരവധി ക്ഷേത്ര കമ്മിറ്റികള്‍ എന്നെ അറിയിച്ചു (ആര്‍ട്ടിസ്റ്റ് അല്ലെജസ് ബാന്‍ ഓണ്‍ ടെംപിള്‍ പ്രോഗ്രാംസ് ആഫ്റ്റര്‍ മുസ്ലീം ലീഗ് എന്‍ട്രി, 30 ഏപ്രില്‍, എക്‌സ്പ്രസ്സ്)

ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

‘മുസ്ലീം ലീഗില്‍ ചേര്‍ന്ന ശേഷം ഈ മാസം നടക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്രാനുബന്ധ പരിപാടികളില്‍ നിന്നും എന്നെ വിലക്കി. വരേണ്ട എന്നു പറഞ്ഞു. എന്നാല്‍ ലീഗില്‍ ചേര്‍ന്ന ശേഷം ആദ്യമായി ഇന്ന് വൈകീട്ട് പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണ്. ഞാന്‍ ഇസ്ലാമായി മതം മാറിയിട്ടില്ല… പാര്‍ടിയിലേ ചേര്‍ന്നിട്ടുള്ളൂ… എന്നിട്ടും വിലക്കുകള്‍…. സങ്കടമോ പരാതിയോ ഇല്ല… പക്ഷേ, ഈ സമൂഹം എങ്ങോട്ടാണ് പ്രാന്തുപിടിച്ച് പോവുന്നത് എന്ന് മനുഷ്യസ്‌നേഹികള്‍ ചിന്തിക്കണം…’ (28 ഏപ്രില്‍, ഫേസ്ബുക്ക് പോസ്റ്റ്/ ഞെരളത്ത് ഹരിഗോവിന്ദന്‍)

മാര്‍ച്ചില്‍ സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നു. മുസ്ലീം ലീഗില്‍ ചേര്‍ന്ന ഹരിഗോവിന്ദന്‍ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഇതേ കുറിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഹരിഗോവിന്ദന് വിലക്കേര്‍പ്പെടുത്തയ വാര്‍ത്ത പുറത്തുവരും മുമ്പുതന്നെ ബി ഗോപാലകൃഷ്ണന്‍ ബഹിഷ്‌കരണാഹ്വാനം നല്‍കിയിരുന്നു (ലീഗില്‍ ചേര്‍ന്ന ഞരളത്ത് ഹരിഗോവിന്ദന്‍ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലത്’, വോട്ട് ചെയ്ത് ഗോപാലകൃഷ്ണന്‍, ‘ജയ പ്രതീക്ഷ’, 02 ഏപ്രില്‍, ഏഷ്യാനെറ്റ്).

ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന, ഏഷ്യാനെറ്റ് ന്യൂസ്

46. മീഡിയ വണ്‍ എഫ്ബി പേജ് ബ്ലോക്ക്

3.8 മില്യണ്‍ ഫോളോവേഴ്‌സുള്ള മീഡിയ വണ്‍ എഫ്ബി പേജ് ഇന്ത്യയില്‍നിന്നുള്ള പ്രവേശനം തടഞ്ഞു. ചാനല്‍ കോടതിയെ സമീപിച്ചതോടെ നിരോധനം നീക്കി (30 ഏപ്രില്‍, മീഡിയവണ്‍ പോസ്റ്റര്‍).

47 മാറാട് ഹിന്ദുഹത്യ

വെള്ളാപ്പള്ളിയുടെ മാറാട് പ്രസ്താവനയുടെ സാഹചര്യത്തില്‍ ഇന്ത്യ ലൈവ് ഈ വിഷയം ചര്‍ച്ച ചെയ്തു. ഇ സുജാതനായിരുന്നു പങ്കെടുത്തത്. ചര്‍ച്ചയിലെ പ്രധാന വാദങ്ങള്‍: കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ആസൂത്രിതമാണെന്നാണ്. ആയുധങ്ങളും ധനസഹായവും വന്നിട്ടുണ്ട്. ഗൂഢാലോചനയുണ്ട്. പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പഴയ രൂപമായ എന്‍ഡിഎഫ്. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നു. മാറാട് ജുമാ മസ്ജിദില്‍ ആയുധങ്ങള്‍ സംഭരിച്ചു. പ്രതികള്‍ അവിടെ ഒളിവില്‍ കഴിഞ്ഞു. പൊലീസ് കയറാതിരിക്കാന്‍ സ്ത്രീകളും കുട്ടികളും ചുറ്റം പൊതിഞ്ഞുനിന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ കേരളത്തില്‍ നടത്തിയ ഒരു പരീക്ഷണമായിരുന്നു മാറാട്. യുഡിഎഫിന്റെ കാലത്താണ് മാറാട് നടന്നത്. ഇനിയും അങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന ഓര്‍മ്മിപ്പിക്കലാണ് വെള്ളപ്പള്ളി നടത്തിയത്. 

മാറാട് സംഭവം നടന്ന് ഏതാനും ദിവസം കഴിഞ്ഞ് ഡിജിപി ഹോര്‍മിസ് തരകനുമായി അഭിമുഖം നടത്തിയിരുന്നു. മാറാട് എന്ന് പറഞ്ഞാല്‍ ഹിന്ദു മുസ്ലീം വര്‍ഗീയ കലാപം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മാറാട് കലാപത്തിന്റെ പിന്നില്‍ സാമ്പത്തിക താല്പര്യമുണ്ട്. മാറാട് തീരപ്രദേശത്തു നിന്ന് ചില സമുദായങ്ങളെ കൂട്ടത്തോടെ ഓടിച്ചശേഷം ഒരു വ്യവസായ ഗ്രൂപ്പ് ചില സംരംഭങ്ങളുമായിട്ട് വരാനാന്‍ ഉദ്ദേശിക്കുന്നുണ്ട്. താമസക്കാരെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു ഉദ്ദേശ്യം. ലാന്‍ഡ് ചീപ്പ് ആകണം. എന്നിട്ട് അത് വാങ്ങി കൂട്ടണം. കടല്‍തീരത്തിനും ജാതിയുണ്ട്. കടല്‍ത്തീരം ചില സമുദായക്കാരുടെ കയ്യിലാണ്. ഹിന്ദുക്കള്‍ക്ക് സ്വാധീനമുള്ള ഒരു കടല്‍തീരം കോഴിക്കോട് മാറാട് മാത്രമാണ്. ഈ കടല്‍തീരം തങ്ങളുടെ വരുതിയിലും സ്വാധീനത്തിലും ആണെങ്കില്‍ കണ്ടെയ്‌നറില്‍ പാകിസ്താൻ നോട്ട് വരെ എത്തിക്കാം. തീരപ്രദേശം അവരുടെ ഒരു സേഫ് ഹെവന്‍ ആക്കി മാറ്റുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. മുനമ്പത്തെ വക്കഫിന്റെ പിന്നില്‍ പോലും അതുണ്ട്. യുഡിഎഫും എല്‍ഡിഎഫും ചെയ്യത്തില്ല. മുസ്ലീം പ്രീണന സമീപനം. കോണ്‍ഗ്രസിനേക്കാള്‍ ബെറ്റര്‍ ആയിട്ട് ചെയ്യാന്‍ പറ്റുമെന്ന് പിണറായി വിജയന്‍ തെളിയിച്ചു (മാറാട് ഹിന്ദുഹത്യ: ഡിജിപി പറഞ്ഞ രഹസ്യം ഇ സുജാതന്‍ വെളിപ്പെടുത്തുന്നു, 30 ഏപ്രില്‍, ഇന്ത്യ ലൈവ് യൂട്യൂബ് ചാനല്‍).

തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം,
നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, ഹന വഹാബ്, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനാദ്, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ,മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, ദിലാന തസ്ലീം, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്.

Also Read