കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പ്രവാസികളിൽ ഒരാളാണ് കോഴിക്കോട് ജില്ലയിലെ പാലേരിലുള്ള കല്ലുള്ളതിൽ നൗഫൽ. ദുബായിലെ ഡ്രൈവർ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നൗഫൽ ആശ്വാസം കണ്ടെത്തിയത് തന്റെ മകൻ മുഹമ്മദ് ഇവാന്റെ പുഞ്ചിരിയിലായിരുന്നു. എന്നാൽ ഒരു വയസ്സും 11 മാസവും പ്രായമുള്ള ഇവാൻ സമപ്രായക്കാരെ അപേക്ഷിച്ച് നടക്കാൻ ബുദ്ധിമുട്ട് കാണിച്ചു തുടങ്ങി. അതോടെ നൗഫലും ഭാര്യ ജാസ്മിനും വല്ലാതെ ആശങ്കയിലായി. എന്താണ് കാര്യമെന്നറിയാൻ കുറ്റ്യാടിയിലെ അമാന ആശുപത്രിയിലെ ഒരു ഫിസിഷ്യനെയാണ് അവർ ആദ്യം സമീപിക്കുന്നത്.
“മോന്റെ ശരീരത്തിലെ പേശികൾക്ക് പ്രശ്നമുണ്ടെന്ന് ആ ഡോക്ടർ പറഞ്ഞു. ഫിസിയോതെറാപ്പി ചെയ്‌താൽ ചിലപ്പോൾ പ്രശ്നം മാറും എന്ന ഡോക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് അഞ്ചാറു മാസത്തോളം ഞങ്ങൾ ചികിത്സ തുടർന്നു. എന്നിട്ടും ശരിയായ പുരോഗതി കാണാത്തതിനാൽ ഞങ്ങൾ ഇവാനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.” ചികിത്സകളുടെ തുടക്കം നൗഫൽ വിവരിച്ചു.
ഏകദേശം 40,000 രൂപ ചെലവ് വരുന്ന ഒരു പരിശോധന നടത്താനാണ് മിംസിലെ ന്യൂറോളജിസ്റ്റ് നിർദ്ദേശിച്ചത്. ചെലവ് കൂടുതലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പരിശോധന നടത്തി. 35 ദിവസത്തിന് ശേഷം നൗഫലിന് പരിശോധന ഫലം ലഭിച്ചു. തന്റെ മകന് സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക വൈകല്യം ഉണ്ടെന്ന് കണ്ടെത്തി.
“മനുഷ്യന്റെ സർവൈവൽ മോട്ടോർ ന്യൂറോൺ 1 (എസ്.എം.എൻ 1) ജീനിലെ മ്യൂട്ടേഷൻ മൂലമുണ്ടാകുന്ന ന്യൂറോ മസ്കുലർ ഡിസോർഡറാണ് എസ്.എം.എ. ഇത് പേശികളുടെ ബലഹീനതയിലേക്കും, സംസാരം, നടത്തം, വിഴുങ്ങൽ, ശ്വസനം എന്നിവയിലെ പ്രശ്നങ്ങളിലേക്കും നയിക്കും.” വെൽനെസ് മെഡ് ഹെൽത്ത് കെയറിലെ പീഡിയാട്രീഷ്യനും സി.ഇ.ഒയുമായ ഡോ. അജിൽ അബ്ദുള്ള എസ്.എം.എ എന്താണെന്ന് വിവരിച്ചു.
“എസ്.എം.എയ്ക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ ജീൻ തെറാപ്പിയാണ്. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഒനാസെംനോജെൻ അബെപാർവോവെക് അല്ലെങ്കിൽ സോൾജെൻസ്മ എന്ന മരുന്നിന് ഏകദേശം 21,25,000 യു.എസ് ഡോളർ (ഏകദേശം 18 കോടി രൂപ) വിലവരും. ഇത് ഞരമ്പിലേക്ക് ഒറ്റത്തവണ കുത്തിവെക്കണം. തകരാറുള്ള SMN1 ജീനിനെ പ്രവർത്തനക്ഷമതയേറിയ SMN1 ജീൻ ഉപയോഗിച്ച് മാറ്റിയാണ് ഇത് പ്രവർത്തിക്കുന്നത്. ഫലപ്രദമായ ചികിത്സയ്ക്കായി കുട്ടിക്ക് രണ്ട് വയസ് തികയുന്നതിന് മുമ്പ് ഇത് നൽകണം.” ഡോ അജിൽ കൂട്ടിച്ചേർത്തു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ എസ്.എം.എ ചികിത്സയ്ക്ക് 2019ലാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) സോൾജെൻസ്മയ്ക്ക് അംഗീകാരം നൽകിയത്.
18 കോടി എന്നത് നൗഫലിന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു സംഖ്യയായിരുന്നു. എന്നാൽ ഒരു സാധ്യതയുണ്ടായിട്ടും പണം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് മകനെ ചികിത്സിക്കാനാകാതെ പോകരുതെന്ന് അയാൾ വല്ലാതെ ആഗ്രഹിച്ചു. ഇത്രയും വലിയ തുക ഒറ്റയ്ക്ക് സംഘടിപ്പിക്കുക എന്നത് അസാധ്യമായതിനാൽ പണം സ്വരൂപിക്കാൻ ഗ്രാമവാസികളുടെ സഹായം തേടാൻ നൗഫൽ തീരുമാനിച്ചു. അങ്ങനെയാണ് 2022 മെയ് 15 ന് പാലേരി കുയിമ്പിൽ ജുമാ മസ്ജിദിൽ ഇവാൻ ചികിത്സാ ഫണ്ട് സഹായ സമിതി രൂപീകരിക്കുന്നതിനായി ആദ്യ പൊതുയോഗം നടന്നത്. ഇവാന്റെ ചികിത്സയ്ക്ക് വേണ്ടി ഒന്നിച്ച് മുന്നേറാൻ ആ നാട് അവിടെ വച്ച് തീരുമാനിച്ചു. ജാതി-മത-രാഷ്ട്രീയ കക്ഷികളുടെ ഒരുമയിൽ ഒരു സഹായ സമിതി രൂപീകരിക്കപ്പെട്ടു. ചെയർമാനായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൺവീനറായി കെ സിദ്ദിഖ് തങ്ങൾ, വർക്കിങ് ചെയർമാനായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, വർക്കിംഗ് കൺവീനറായി സി.പി.എം നേതാവ് കെ.വി കുഞ്ഞിക്കണ്ണൻ, ട്രഷററായി സി.എച്ച് ഇബ്രാഹിംകുട്ടി എന്നിവരെ തിരഞ്ഞെടുത്തു. ഫണ്ട് സ്വരൂപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് ഒരു കർമ്മ പദ്ധതിക്ക് സമിതി രൂപം നൽകി.
“അടുത്ത യോഗത്തിൽ പണ സമാഹരണം എളുപ്പമാക്കുന്നതിന് ഞങ്ങൾ ഏകദേശം 15 ഉപസമിതികൾ രൂപീകരിച്ചു. കുടുംബശ്രീ സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ഉപസമിതിയും സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധനസമാഹരണം ഏകോപിപ്പിക്കുന്നതിന് മറ്റൊരു ഉപസമിതിയും. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനും മീഡിയ ഗ്രൂപ്പുകൾ ഏകോപിപ്പിക്കാനും വേറെ സബ് കമ്മിറ്റികളും രൂപികരിച്ചു.” ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു.
ഫണ്ട് സമാഹരണത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനും വിവിധ വീടുകളിൽ നിന്നും കടകളിൽ നിന്നും പണം ശേഖരിക്കുന്നതിനുമായി പല പ്രദേശങ്ങളിലും ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും വിളിച്ചുകൂട്ടി. ഈ വിവരം വാർത്തകളിലൂടെ അറിഞ്ഞു തുടങ്ങിയതോടെ നിരവധി യുവാക്കൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, മനുഷ്യസ്‌നേഹികൾ, ജീവകാരുണ്യ പ്രവർത്തകർ, മത നേതാക്കൾ എന്നിവർ ഉദ്യമത്തിൽ പങ്കാളികളായി. ഇവാൻ ചികിത്സാ സഹായ സമിതി പാലേരി ടൗണിൽ താത്കാലിക ഓഫീസ് തുറന്നു. വൈകാതെ കുറ്റ്യാടി, കടിയങ്ങാട്, പന്തിരിക്കര, പേരാമ്പ്ര, നാദാപുരം, മേപ്പയൂർ തുടങ്ങി സമീപ പട്ടണങ്ങളിൽ നിന്നുള്ളവരും ജാതി-മത-ലിംഗ ഭേദമന്യേ ഇവാന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കൈകോർത്തു. കമ്മിറ്റി അംഗങ്ങൾ മുഹമ്മദ് ഇവാന്റെ പേരിൽ കുറ്റ്യാടി ഫെഡറൽ ബാങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. (Federal Bank, Kuttiady Branch, 20470200002625, IFSC: FDRL0002047, GPay number: 7034375534).
“ഞങ്ങൾ വളണ്ടിയർമാർക്ക് പ്രത്യേക ചുമതലകൾ നൽകി. വളണ്ടിയർമാരും കമ്മിറ്റി അംഗങ്ങളും കോഴിക്കോട് ജില്ലയിലെ ആയിരത്തോളം മസ്ജിദ് കമ്മിറ്റികൾ സന്ദർശിച്ച് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ബക്കറ്റ് പിരിവ് നടത്തണമെന്ന് അഭ്യർത്ഥിച്ചു,” വെൽഫെയർ പാർട്ടി നേതാവും നാട്ടുകാരനുമായ റസാഖ് പാലേരി പറഞ്ഞു. പിന്നീടുള്ള ആഴ്‌ചകളിൽ ഗൂഗിൾ പേ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ പള്ളി കമ്മിറ്റികൾ ഫണ്ട് ശേഖരണം നടത്തിയതിനാൽ അതിന് മികച്ച പ്രതികരണം ലഭിച്ചു. ബലി പെരുന്നാൾ സമയത്തും പല പള്ളി കമ്മിറ്റികളും സജീവമായി പിരിവ് നടത്തി.
മറ്റൊരു ഉപസമിതി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സന്ദർശിച്ചു. “ഞങ്ങൾ സർക്കാർ ജീവനക്കാരെയും വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും കണ്ടു. അവരോടു സ്ഥിതിഗതികൾ വിവരിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പല ഉദ്യോഗസ്ഥരും അവരുടെ ദൈനംദിന വരുമാനത്തിൽ നിന്ന് പണം നൽകാൻ സമ്മതിച്ചു.” വർക്കിംഗ് കൺവീനർ കെ.വി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കുടുംബശ്രീയുടെ 76 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. കുടുംബശ്രീ വളണ്ടിയർമാർ പ്രധാനമായും അയൽക്കൂട്ടങ്ങൾ വഴി ഫണ്ട് ശേഖരണം നടത്തി. കമ്മ്യൂണിറ്റിയുടെ ജില്ലാ മിഷൻ 96,61,698 രൂപയോളം ഇവാൻ കമ്മിറ്റിക്ക് കൈമാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സ്കൂൾ ഫണ്ട് സബ്കമ്മിറ്റി കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ യോഗം ജൂലൈ ആദ്യം പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ വിളിച്ചു ചേർത്തു. കുന്നുമ്മൽ, പേരാമ്പ്ര, നാദാപുരം വിദ്യാഭ്യാസ ഉപജില്ലകളിലും സമാനമായ യോഗങ്ങൾ സംഘടിപ്പിച്ചു.
“ഞങ്ങൾ കോഴിക്കോട് ജില്ലയിലെ 200 സ്കൂളുകളെങ്കിലും സന്ദർശിച്ചു. അധ്യാപകരിൽ നിന്നും അനധ്യാപക ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഞങ്ങൾക്ക് നല്ല പ്രതികരണം ലഭിച്ചു. ബക്കറ്റ് പിരിവുകൾ സംഘടിപ്പിക്കാൻ എൽ.പി സ്‌കൂൾ വിദ്യാർത്ഥികളടക്കം മുൻകൈയെടുത്തു. നിരവധി വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യ പെട്ടികളും സ്കൂൾ സേവിംഗ്സ് ബാങ്ക് ശേഖരവും സംഭാവന ചെയ്തു. കുറേ വിദ്യാർത്ഥികൾ അവരുടെ സ്വർണ്ണ കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിവ വരെ സംഭാവന ചെയ്തു.” സ്‌കൂളുകളിൽ നിന്ന് ഇതുവരെ ഒരു കോടിയിലധികം രൂപ സമാഹരിച്ചതായി സ്‌കൂൾ ഫണ്ട് കോ-ഓർഡിനേറ്ററും ചങ്ങരോത്ത് പഞ്ചായത്ത് 18-ാം വാർഡ് അംഗവുമായ അബ്ദുല്ല സൽമാൻ പറഞ്ഞു.
ഇവാന്റെ രോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ബിരുദധാരികളായ അഞ്ച് യുവാക്കളുടെ സംഘം പാലേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിൾ മാരത്തൺ നടത്താൻ താത്പര്യപ്പെട്ട് കമ്മിറ്റിയെ സമീപിച്ചു. ഷെബിൻ, ആദിൽ, ഫാസിൽ, ഷംനാദ്, മുഹമ്മദ് എ.എസ് എന്നിവരുടെ സൈക്കിൾ മാരത്തോൺ ജൂൺ 18 ന് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം 510 കിലോമീറ്റർ സഞ്ചരിച്ച സംഘം ഏഴ് ജില്ലകൾ താണ്ടി ജൂൺ 28 ന് തലസ്ഥാന നഗരിയിലെത്തി. യാത്രയിലുടനീളം അവർ ലഘുലേഖകൾ വിതരണം ചെയ്തു. കവലകൾ തോറും ഇവാന് വേണ്ടി പ്രചാരണം നടത്തുകയും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
“പോയ എല്ലാ സ്ഥലത്തുന്നും ഞങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പല കടയുടമകളും ഞങ്ങൾക്ക് ഭക്ഷണവും പലഹാരങ്ങളും വാഗ്ദാനം ചെയ്തു. ഒട്ടുമിക്ക ഹോട്ടൽ ഉടമകളും ഞങ്ങൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യം നൽകി.” ടീം അംഗമായ ബി.കോം ബിരുദധാരി ഷെബിൻ പറഞ്ഞു. ഇവരുടെ യാത്രയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും പലരും സന്നദ്ധരായി വന്നു. ദുബായ് ആസ്ഥാനമായുള്ള അൽ സക്കാർ ഗ്രൂപ്പാണ് യാത്ര സ്‌പോൺസർ ചെയ്തത്. കുറ്റ്യാടി ടൗണിലെ സൈക്കിൾ സ്റ്റോർ മെരാകിയും പാലേരി സ്വദേശിയായ മംഗലശ്ശേരി ഷമീമും ചേർന്നാണ് സൈക്ലിംഗ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.
ജൂലൈ പകുതിയിൽ മറ്റൊരു അഞ്ചംഗ സംഘം കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിൽ ഒരു കാറിൽ സഞ്ചരിച്ചു. പ്രൊഫഷണൽ ഗായകർ ഉൾപ്പെടുന്ന ആ സംഘം പലയിടങ്ങളിലും കലാപരിപാടികൾ സംഘടിപ്പിച്ചു, ഷോപ്പിംഗ് മാളുകളിലും ബസ് സ്റ്റാൻഡുകളിലും ടൗണുകളിലും ഫണ്ട് ശേഖരണം നടത്തി. “മുഹമ്മദ് ഇവാൻ എന്റെ സുഹൃത്തിന്റെ മകനാണ്. ഇവാന്റെ പ്രായത്തിലുള്ള ഒരു കുട്ടി എന്റെ വീട്ടിലുമുണ്ട്. ഞങ്ങളുടെ സുഹൃത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്ന് ഞങ്ങൾക്ക് തോന്നി.” സംഘത്തിലുണ്ടായിരുന്ന 31 കാരനായ അജ്മൽ പറഞ്ഞു. ഒരാഴ്ചകൊണ്ട് ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ ഈ സംഘം സമാഹരിച്ചു.
ദുരന്ത നിവാരണ സേന എന്ന കൂട്ടായ്മയുടെ 200 വോളണ്ടിയർമാർ ഇവാന് വേണ്ടി പണം ശേഖരിക്കാൻ ഒരു സ്വകാര്യ ബസിൽ കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലേക്ക് യാത്ര ചെയ്തു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് ഓപ്പറേറ്റർമാർ ജൂൺ 18 ന് ഇവാൻ ഫണ്ടിലേക്ക് ഒരു ദിവസത്തെ വരുമാനവും തൊഴിലാളികളുടെ ശമ്പളവും നൽകിക്കൊണ്ട് ഈ സംരംഭത്തിൽ അണിചേർന്നു. “ഞങ്ങൾ കമ്മിറ്റി അംഗങ്ങളെ സമീപിച്ച് ജൂൺ 15 ന് പാലേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. 250 ഓളം വളണ്ടിയർമാരെയാണ് യോഗത്തിൽ തിരഞ്ഞെടുത്തത്. രണ്ട് വീതം വളണ്ടിയർമാരെ ബസുകളിലും ബാക്കിയുള്ളവരെ കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി, കോഴിക്കോടെ ബസ് സ്റ്റാൻഡുകളിലും ഫണ്ട് ശേഖരണം നടത്താനായി തെരഞ്ഞെടുത്തു. ബസിൽ കയറിയ യാത്രക്കാരോട് വളണ്ടിയർമാർ ഇവാനെക്കുറിച്ചു സംസാരിക്കുകയും സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് 13 ലക്ഷം രൂപയാണ് ഞങ്ങൾ പിരിച്ചെടുത്തത്.” ഗോകുലം ബസ് കണ്ടക്ടർ രാജീവൻ പറഞ്ഞു. പേരാമ്പ്ര-വടകര റൂട്ടിലെ ബസ് ഓപ്പറേറ്റർമാർ ഓഗസ്റ്റ് 10 ന് സമാനമായ ഫണ്ട് ശേഖരണം നടത്തി.
കുറ്റ്യാടി, പാലേരി, പേരാമ്പ്ര, ഉള്ള്യേരി, മേപ്പയൂർ, നടുവണ്ണൂർ തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സ്റ്റാൻഡുകളിലെയും ഓട്ടോ ഡ്രൈവർമാർ ഒരു ദിവസത്തെ വരുമാനം ചികിത്സാ സഹായ നിധിയിലേക്ക് നൽകി. ഇതുകൂടാതെ പല പ്രദേശങ്ങളിലും ബിരിയാണി ചലഞ്ചും പായസം ചലഞ്ചും ഇവർ സംഘടിപ്പിച്ചു. ഓട്ടോ ഡ്രൈവർമാർ ബിരിയാണി പാക്കറ്റുകൾ തയ്യാറാക്കി യാത്രക്കാർക്ക് വിൽക്കുകയും അതിന്റെ വരുമാനം ഇവാൻ ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു.
“ഞങ്ങൾ കടിയങ്ങാട് പാലത്തിൽ വെച്ച് വഴിയാത്രക്കാർക്ക് 1400 ഗ്ലാസ്സ് പായസം വിതരണം ചെയ്തു. അയിന് പകരായിട്ട് ഓരടുത്തുന്നു ഞങ്ങൾ ചികിത്സാ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചു. 48,000 രൂപയാണ് അന്ന് ഞങ്ങൾ പിരിച്ചെടുത്തത്. ” കടിയങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് അലി പറഞ്ഞു. അതുപോലെ, നിരവധി മൊബൈൽ കടയുടമകൾ, ഹോട്ടൽ ഉടമകൾ, ബാർബർ ഷോപ്പുകൾ, ടെക്സ്റ്റൈൽ ഷോപ്പ് ഉടമകൾ, ഇലക്ട്രോണിക്സ് ഷോപ്പ് ഉടമകൾ എന്നിവർ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ഇവാൻ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
പേരാമ്പ്ര മേഖലയിലെ ബലി പെരുന്നാൾ ആഘോഷം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വേറിട്ട അനുഭവമായി മാറി. ഏതാണ്ട് മുന്നൂറോളം വളണ്ടിയർമാർ പെരുന്നാൾ ബലി അനുഷ്ഠാനത്തിനു ശേഷം കാലികളുടെ തോലും എല്ലും തോളിൽ ചുമന്ന്, ടെമ്പോ വാനുകളിൽ കയറ്റി പേരാമ്പ്ര മാർക്കറ്റിലെത്തിച്ചു. “ആദ്യം, പേരാമ്പ്രയിലെ ഒരു കൂട്ടം പള്ളികൾ പെരുന്നാളിന് അറക്കുന്ന മൃഗങ്ങളുടെ തോലും എല്ലുകളും വിറ്റ് പണം ഇവാന് നൽകാനുള്ള പദ്ധതി നിർദ്ദേശിച്ചു. ഞങ്ങൾ പിന്നീട് പേരാമ്പ്ര മണ്ഡലത്തിലെ എല്ലാ പള്ളികളെയും ഉൾപ്പെടുത്തി. ഏകദേശം 1000 കുട്ടന്റെ തോലും 700 പോത്തിന്റെ തോലുമാണ് ലഭിച്ചത്. ആ തോല് വിറ്റതിന് ശേഷം എണ്ണ ചെലവും കുറച്ച് ഏകദേശം 5,44,000 രൂപ ലഭിച്ചു.” വളണ്ടിയറായ അസീസ് കുന്നത്ത് പറഞ്ഞു.
ഇവാന് വേണ്ടി കടിയങ്ങാട് പുറവൂരിലെ അമ്പല കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും ചേർന്ന് നടത്തിയ ഉച്ചയൂൺ ചലഞ്ച് മതസൗഹാർദത്തിന്റെ വേദികൂടിയായി മാറി. ഇവാന് വേണ്ടി പുറവൂരിടം ശ്രീ പരദേവതാ ഭഗവതി ക്ഷേത്ര കമ്മിറ്റി ഭക്ഷണ ചലഞ്ച് ഒരുക്കിയപ്പോൾ പ്രദേശത്തെ മസ്ജിദ് കമ്മിറ്റി പാചകത്തിന് ആവശ്യമുള്ള പാത്രങ്ങൾ സ്പോൺസർ ചെയ്തു. പപ്പടം, തൈര്, അച്ചാർ, അവിയൽ, സാമ്പാർ എന്നിവയടങ്ങുന്ന പരമ്പരാഗത സദ്യയുടെ 1000 പാക്കറ്റുകൾ ക്ഷേത്ര കമ്മിറ്റി തയ്യാറാക്കി. ഭക്ഷണത്തിന് 50 രൂപ നിരക്കിൽ ആളുകൾക്ക് വിറ്റു.
“ഹിന്ദുക്കളും മുസ്ലീങ്ങളും ഈ സംരംഭവുമായി ഒരുപോലെ സഹകരിക്കുകയും ഞങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങുകയും ചെയ്തു. മതം നോക്കാതെ യുവാക്കൾ ഭക്ഷണം എത്തിക്കാൻ സന്നദ്ധരായി. സമീപത്തെ വീടുകളാണ് പച്ചക്കറികളും മറ്റും നൽകിയത്. ഉച്ചഭക്ഷണത്തിന് വാഴയില വെട്ടാൻ നാട്ടിലെ സ്ത്രീകൾ മുന്നോട്ടുവന്നു.” ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി.പി സുനിൽ പറഞ്ഞു. ആ അന്നദാനത്തിലൂടെ ക്ഷേത്രം 50,000 രൂപ സമാഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ബിരിയാണി ചലഞ്ച്, പായസം ചലഞ്ച്, കോക്കനട്ട് ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച്, കർക്കിടക കിറ്റ് ചലഞ്ച്, ചക്ക ചിപ്‌സ് ചലഞ്ച് ഉൾപ്പടെ ഫണ്ട് സമാഹരണത്തിനായി നിരവധി പരിപാടികൾ നടത്തി. ജൂലൈ 11ന് ഡി.വൈ.എഫ്.ഐ വടക്കുമ്പാട് യൂണിറ്റ് പാലട പായസത്തിന്റെ 500 മില്ലി അളവ് വരുന്ന 2000 പാക്കറ്റുകൾ തയ്യാറാക്കി ഒരു പാക്കറ്റിന് 100 എന്ന നിരക്കിൽ ആളുകൾക്ക് വിറ്റു. നാല് പ്രൊഫഷണൽ ഷെഫുകൾ ഉൾപ്പെടെ 45 ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഈ ഉദ്യമത്തിന് സന്നദ്ധരായി. “ജൂലൈ 10 ന് രാത്രി 9 മണിക്ക് കനത്ത മഴയ്‌ക്കിടയിലാണ് ഞങ്ങൾ പായസം തയ്യാറാക്കാൻ തുടങ്ങിയത്. പിറ്റേന്ന് രാവിലെ ആറ് മണിക്കാണ് അത് പൂർത്തിയായത്. ഏകദേശം 9 മണിക്ക് ഞങ്ങൾ ഡെലിവറി ആരംഭിച്ചു. വിൽപ്പനയിലൂടെ രണ്ടുലക്ഷം രൂപ കിട്ടി. ഞങ്ങളുടെ ചെലവ് 69,000 രൂപയായിരുന്നു. ബാക്കി തുക ഇവാൻ ചികിത്സാ സഹായ സമിതിക്ക് കൈമാറി.” പായസം ചലഞ്ചിലെ സന്നദ്ധപ്രവർത്തകനായ വിപിൻ പറഞ്ഞു. കർക്കിടക കഞ്ഞി കിറ്റ് ചലഞ്ചുമായും ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. ഡി.വൈ.എഫ്.ഐ.യുടെ കന്നാട്ടി നോർത്ത് കമ്മിറ്റി ഒരു കിറ്റിന് 155 രൂപ നിരക്കിൽ 200 കിറ്റ് കർക്കിടക കഞ്ഞി കിറ്റുകൾ വാങ്ങി. അവർ കിറ്റ് 200 രൂപ നിരക്കിൽ വിറ്റ് ലാഭം ഇവാൻ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം അംഗങ്ങളാണ് തേങ്ങാ ചലഞ്ച് എന്ന ആശയവുമായി രംഗത്തെത്തിയത്. തെങ്ങിൻ തോപ്പുകൾ ഏറെയുള്ള പ്രദേശങ്ങളാണ് കുറ്റ്യാടിയും പേരാമ്പ്രയും. യൂത്ത് ലീഗിന്റെ വിവിധ യൂണിറ്റ് കമ്മിറ്റികൾ പഞ്ചായത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തെങ്ങുകയറ്റ തൊഴിലാളികളുമായി വീടുകൾ സന്ദർശിച്ച് നാളികേരം സംഭാവനയായി സ്വീകരിച്ചു. ആഗസ്റ്റ് ആറിന് ആരംഭിച്ച കളക്ഷൻ ഇപ്പോഴും തുടരുകയാണ്. “ഞങ്ങൾ ഒരു ലക്ഷം തേങ്ങയെങ്കിലും ശേഖരിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതുവരെ ഞങ്ങൾ 65 യൂണിറ്റ് കമ്മിറ്റികളിൽ പരിപാടി നടപ്പാക്കി. തേങ്ങ ഒന്നിന് 10 രൂപ നിരക്കിൽ വിപണിയിൽ വിൽക്കാൻ ആണ് പ്ലാൻ.” കളക്ഷൻ ഡ്രൈവിലൂടെ 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂത്ത് ലീഗ് നേതാവ് ശിഹാബ് കന്നാട്ടി പറഞ്ഞു.
വടകര-പേരാമ്പ്ര മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന നാടൻ ധനസമാഹര പരിപാടിയായ ‘പണ പയറ്റ്’ വഴിയും ഇവാന്റെ ഫണ്ട് ശേഖരണത്തിന് ശ്രമം നടന്നു. സാധാരണയായി പണപ്പയറ്റിന് പങ്കെടുക്കുന്നവർക്ക് ചായ സൽക്കാരം നൽകാറുണ്ട്. എന്നാൽ ഇവാന് വേണ്ടി തൊട്ടിൽപ്പാലത്തുള്ള നിഴൽ ചാരിറ്റബിൾ ട്രസ്റ്റ് ജൂലൈ 16ന് സംഘടിപ്പിച്ച പണ പയറ്റിൽ ഭക്ഷണത്തിന് പകരം പാട്ടുകളാണ് വിളമ്പിയത്. “നാട്ടിലെ ഏകദേശം എല്ലാ പാട്ടുകാരും പങ്കെടുത്ത പണപ്പയറ്റിലൂടെ അന്ന് ഞങ്ങൾ 1,58,000 രൂപ ശേഖരിച്ചു. 10 രൂപ മുതൽ 2000 രൂപ വരെയാണ് ഞങ്ങൾക്ക് സംഭാവനകൾ ലഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ പ്രദേശത്തെ മിക്ക വീടുകളിലും ക്ഷണക്കത്ത് വിതരണം ചെയ്തതിനാൽ നിരവധി ആളുകളാണ് പയറ്റിൽ പങ്കെടുത്തത്.” നിഴൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനീഷ് തൊട്ടിൽപ്പാലം പറഞ്ഞു.
പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, കനത്ത മഴയ്ക്കിടയിലും നിഴൽ ചാരിറ്റബിൾ ഗ്രൂപ്പ് പ്രാദേശിക കലാകാരന്മാരെ ഏകോപിപ്പിച്ച്, കുറ്റ്യാടിയിലെ ടിപ്പർ ലോറിക്കാരുടെ സഹായത്തോടെ ലോറിയിൽ വയനാട്ടിലേക്ക് ഒരു സംഗീത യാത്ര നടത്തി. സംഘം പലയിടത്തും നിർത്തി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ഏകദേശം 65,000 രൂപ സംഭാവനയായി ശേഖരിക്കുകയും അത് ഇവാന് കൈമാറുകയും ചെയ്തു.
ധന സമാഹരണത്തിനായി നിരവധി സോഷ്യൽ മീഡിയ കളക്ടീവുകളും ചാരിറ്റി സംഘടനകളും യൂത്ത് ക്ലബ്ബുകളും വിവിധ സ്ഥലങ്ങളിൽ ഇതുപോലെ സംഗീത പരിപാടികൾ സംഘടിപ്പിച്ചു. സ്ക്രാപ്പ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുതുവണ്ണാച്ച ടൗണിലെ ഒരുകൂട്ടം യുവാക്കൾ വീടുകളിൽ നിന്നും കടകളിൽ നിന്നും മെറ്റലുകൾ, തുരുമ്പിച്ച ഇരുമ്പ് കമ്പികൾ, പഴകിയ യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ള പഴയ അവശിഷ്ടങ്ങൾ ശേഖരിച്ച് സ്ക്രാപ്പ് മാർക്കറ്റിൽ വിൽപന നടത്തി. “ഞങ്ങൾ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ഗുഡ്സ് ഓട്ടോയിൽ വീടുകൾ സന്ദർശിച്ചു. സ്ക്രാപ്പ് സാധനങ്ങൾ ശേഖരിക്കാൻ ഞങ്ങൾ വീട്ടുകാരോട് അനുമതി തേടി. മിക്കവാറും എല്ലാ വീടുകളും ഈ ഉദ്യമവുമായി സഹകരിച്ചു. സാധനങ്ങൾ സുരക്ഷിതമായി ഒരു സ്ഥലത്ത് സൂക്ഷിക്കുകയും മറ്റ് പല സംഘങ്ങൾ കളക്ട് ചെയ്ത സാധനങ്ങൾ കൂടി എത്തിയ ശേഷം പഴയ പത്രങ്ങളും പുസ്തകങ്ങളും എല്ലാം അടക്കം വിപണിയിലെത്തിച്ചു ഈ തുകയും ഇവാൻ മെഡിക്കൽ ഫണ്ടിലേക്ക് സംഭാവന ചെയ്തു.”
പാലേരിയിലെയും സമീപ പ്രദേശങ്ങളിലെയും വാട്ട്സ്അപ്പ് ഗ്രൂപുകളിൽ ഇവാനെ സഹായിക്കുന്നതിന് വേണ്ടി ആട്, കോഴി, വാഴക്കുലകൾ തുടങ്ങിയവയുടെ വാശിയേറിയ ലേലങ്ങൾ നടന്നു. കദേശം 500 അംഗങ്ങളുള്ള ഇവാൻ ചികിത്സാ കമ്മിറ്റിയുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പിൽ 1,53,000 രൂപയ്ക്കാണ് ഒരു വാഴക്കുല ലേലം ചെയ്തത്. പന്തിരിക്കര, പാലേരി, കുറ്റ്യാടി, പാറക്കടവ് എന്നിവിടങ്ങളിലെ വിവിധ സംഘങ്ങൾ പങ്കെടുത്ത വാശിയേറിയ ലേലത്തിൽ പാലേരിയുള്ള ആളുകളാണ് ജയിച്ചത്.
300 അംഗങ്ങളുള്ള ഫ്ലാഷ് ന്യൂസ് കുമ്പളം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നിലധികം തവണ കോഴികളുടെ ലേലം നടത്തി. “തുടക്കത്തിൽ ഞങ്ങൾ മൂന്ന് കോഴികളെ ലേലം ചെയ്യുകയും 20,500 പിരിച്ചെടുക്കുകയും ചെയ്തു. രണ്ടാം തവണ ഞങ്ങൾ നാല് കോഴികളെ ലേലം ചെയ്ത് 50,500 പിരിച്ചെടുത്തു. ഞങ്ങൾ ലേലത്തിന്റെ അടിസ്ഥാന നിരക്ക് 2500 രൂപയാണ് നിശ്ചയിച്ചത്. വൈകുന്നേരം ഏകദേശം 5 മണിക്ക് ആരംഭിച്ച ലേലം രാത്രി പതിനൊന്നര വരെ നീണ്ടു.” ഗ്രൂപ്പ് അംഗമായ കാവിൽ ജമാൽ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ വിഹിതം ഇവാൻ മെഡിക്കൽ കമ്മിറ്റിയിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. ജൂലൈ 8, ഈദ് തലേന്ന് ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ നടത്തുന്ന മൂന്ന് ബാർബർ ഷോപ്പുകൾ അന്നത്തെ എല്ലാ തുകയും ഇവാൻ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
“ഈദിന് 10 ദിവസം മുമ്പ് ഇവാൻ തന്റെ ചാച്ചയുമായി മുടിവെട്ടാൻ എന്റെ കടയിൽ വന്നിരുന്നു. ഇവാനോടും ചാച്ചയോടും ഞാൻ കുറേനേരം സംസാരിച്ചിരുന്നു. ആരെയും മയക്കുന്നതാണ് ഇവാന്റെ പുഞ്ചിരി. പിന്നീട്, കുറ്റ്യാടി പ്രദേശത്തെ ബാർബർ ഷോപ്പുകളിൽ ജോലി ചെയ്യുന്ന എന്റെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഞാൻ ഇവാന്റെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുകയും ഒരു ദിവസത്തെ വരുമാനം കൊച്ചുകുട്ടിക്ക് സംഭാവന ചെയ്യാൻ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ മൂന്ന് പേർക്ക് ഈ പ്രദേശത്ത് ബാർബർ ഷോപ്പുകൾ ഉണ്ട്.”ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിൽ നിന്നുള്ള 24 കാരനായ നദീം അഹമ്മദ് പറഞ്ഞു. ചെറിയകുമ്പളത്തെ ബെക്കാം ഹെയർ സലൂണിന്റെ ഉടമയാണ് നദീം. ഈദ് സീസണിൽ കൂടുതൽ കസ്റ്റമേഴ്‌സിനെ ലഭിക്കുന്നതിനാൽ അവർ ‘ഹെയർ കട്ടിംഗ് ചലഞ്ച്’ ജൂലൈ 8ന് നിശ്ചയിച്ചു. മുടി മുറിക്കുന്നതിന് 150 രൂപ പ്രത്യേക വില നിശ്ചയിച്ച് 17,300 രൂപയോളം ശേഖരിച്ചു.
“ഉത്തരേന്ത്യക്കാരനായാലും ദക്ഷിണേന്ത്യക്കാരനായാലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നാമെല്ലാവരും ഏത് വിധത്തിലും സംഭാവന നൽകേണ്ടതുണ്ട്. ഹെയർ സലൂണുകളിൽ പ്രവർത്തിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളെയും കാണാനും തങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകാൻ അവരെ ബോധ്യപ്പെടുത്താനും ഞങ്ങൾ പദ്ധതിയിടുന്നുണ്ട്.”പാലേരിയിലെ തന്റെ വസതിയിൽ വച്ച് ഒരു പെട്ടി ചോക്ലേറ്റ് നൽകിയപ്പോഴുള്ള ഇവാന്റെ മധുരമുള്ള പുഞ്ചിരി ഓർമ്മിച്ചുകൊണ്ട് നദീം കൂട്ടിച്ചേർത്തു.
പല വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങുകളിലും ഇവാൻ ഫണ്ടിനായുള്ള ഒരു സംഭാവന പെട്ടിയും Gpay അക്കൗണ്ടിന്റെ QR കോഡുകളും സ്ഥാപിക്കപ്പെട്ടു. ജൂലൈ 14 ന് നടന്ന തന്റെ പെങ്ങളുടെ കല്യാണപ്പന്തലിൽ സഫ്വാൻ മംഗലശ്ശേരി എന്നയാൾ വീടിന്റെ കവാടത്തിൽ ഒരു സംഭാവന പെട്ടി സ്ഥാപിക്കുകയും വേദിക്കുള്ളിൽ നിരവധി സ്ഥലങ്ങളിൽ ക്യുആർ കോഡിന്റെ പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു.
“കോഴിക്കോട് ജില്ലയിൽ മറ്റൊരു എസ്.എം.എ കേസ് റിപ്പോർട്ട് ചെയ്തതായി ഒരു വാർത്ത വായിച്ചു.18 കോടി കൂടി സമാഹരിക്കേണ്ടതുണ്ട്. ആളുകൾക്ക് എത്ര തവണ ക്രൗഡ് ഫണ്ടിംഗ് ചെയ്യാൻ കഴിയും? കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ എട്ട് കോടി മാത്രമാണ് ഇവാന് നേടാനായത്. ഇത്തരം അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിനെ ആശ്രയിക്കുന്നത് പ്രായോഗികമല്ല. സബ്‌സിഡികൾ, ഇത്തരം പ്രധാനപ്പെട്ട മരുന്നുകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കൽ തുടങ്ങിയ ബദൽ മാർഗങ്ങൾ സർക്കാർ കണ്ടെത്തണം,” സഫ്വാൻ പറഞ്ഞു. ഹൈക്കോടതിയിൽ കേരള സർക്കാർ നൽകിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കുറഞ്ഞത് 102 എസ്.എം.എ രോഗികൾ ഉണ്ട്. അവരിൽ 42 പേർ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നേടിയവരാണ്.
മാസങ്ങളായി നടന്ന ഉദ്യമങ്ങൾ ഭാഗികമായി സഫലമായതിന്റെ സന്തോഷ വാർത്ത കേട്ടുകൊണ്ടാണ് പാലേരിയിലെയും സമീപ ദേശങ്ങളിലെയും ആളുകൾ സെപ്തംബർ ഒന്നിന് ഉണർന്നത്. സെപ്റ്റംബർ ഒന്നിന് മുന്നേ അഡ്വാൻസ് തുക അടച്ച് ചികിത്സാ സഹായ സമിതി മരുന്ന് കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടിലെത്തിച്ച മരുന്ന് സെപ്റ്റംബർ 20ന് കോഴിക്കോട് മിംമ്സ് ആശുപത്രിയിലെ ഡോക്ടർമാർ ഇവാന് നൽകി.
“ജാതിമത ഭേദമന്യേ നാട്ടുകാര് മുഴുവൻ ഒത്തൊരുമിച്ചാണ് ഇത്ര വല്യൊരു ലക്ഷ്യത്തിലേക്കെത്തിയത്. എന്താ പറയാ… ഓരോട് നന്ദി പറയാൻ വാക്കുകൾ മതിയാകൂല. ചില്ലറ പൈസയൊന്നുമല്ലലോ… നമ്മക്കൊന്നും സ്വപ്നം കാണാൻ പറ്റാത്ത പൈസയല്ലേ എല്ലാരും കൂടി സംഘടിപ്പിച്ചത്. അതും സാധാരണക്കാരായ ആൾക്കാർ. വല്യ, വല്യ പൈസക്കാരും കുത്തക മുതലാളിമാരുമല്ല. നമ്മളെ പോലത്തെ സാധാരണകാരാണ് പൈസ തന്നതിൽ ഭൂരിഭാഗവും. അവരുടെ പ്രാർത്ഥനയും നാട്ടുകാരുടെ ഒത്തൊരുമയാണ് നമ്മൾ വിജയത്തിലെത്താൻ കാരണം. ഓര് എല്ലാം ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ട്.” തന്റെ മകന് വേണ്ടി മുന്നോട്ടുവന്ന ഹൃദയവിശാലരുടെ കരുതലിലുള്ള സന്തോഷം നൗഫൽ പങ്കുവച്ചു.
“ഡോക്ടർമാർ പറഞ്ഞത് രണ്ടാഴ്ചയോളം കുട്ടിക്ക് മരുന്നിന്റെ ക്ഷീണോം മറ്റും ഉണ്ടാകും എന്നാണ്. രണ്ടാഴ്ച കഴിഞ്ഞിട്ട് ഒരു മെഡിക്കൽ ടെസ്റ്റ് ഉണ്ട്. ആ ടെസ്റ്റ് കഴിഞ്ഞിട്ട് പിന്നെ ഫിസിയോതെറാപ്പി തൊടങ്ങും. സെപ്റ്റംബർ 19ന് ആണ് ഹോസ്പിറ്റലിൽ പോയത്. 23ന് ഡിസ്ചാർജ് ചെയ്തു. ഫിസിയോതെറാപ്പിൽ കൂടിയാണ് മാറ്റങ്ങൾ കാണിക്കുക. എല്ലാരുടേം പ്രാർത്ഥനയിൽ ഇവാനെ ഉൾപ്പെടുത്തണം. അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.” സാക്ഷാത്‌ക്കരിക്കാൻ കഴിയില്ലെന്ന് കരുതിയ ഒരു ലക്ഷ്യത്തിലേക്ക്, അടിയന്തിര ആവശ്യത്തിലേക്ക് വിപുലമായ ജനപിന്തുണയോടെ എത്തിച്ചേരാൻ കഴിഞ്ഞതിന്റെ നിറവിൽ നൗഫൽ പ്രതീക്ഷയോടെ പറഞ്ഞു നിർത്തി.