റമദാൻ രാവുകളിൽ ഒരേയൊരു പ്രാർത്ഥന മാത്രം: ഫ്രീ പലസ്തീൻ

“റമദാനിലെ ഗാസ, ഭൂമിയിലെ ഏറ്റവും മനോഹരമായ നാടാണ്.”

ഗാസയിലെ റമദാൻ രാവുകളെയും പകലുകളെയും അനുസ്മരിച്ച് അൽ-മഗാസി അഭയാ‍ർത്ഥി ക്യാമ്പിൽ നിന്നും മാധ്യമ പ്രവ‍ർത്തക ഇമാൻ അൽ-ഹാജ് അലി അൽ-ജസീറയിൽ എഴുതുന്നു.

“എന്നാൽ ഈ വിശുദ്ധ മാസത്തിൽ, സമാധാനത്തോടെ പ്രാർത്ഥിക്കാനോ ആരാധനയിൽ ആനന്ദിക്കാനോ കഴിയില്ല. വിളക്കുകളുടെയും ശരറാന്തലുകളുടെയും വർണ്ണങ്ങളും മന്ത്രോച്ചാരണങ്ങളും പാട്ടുകളുമെല്ലാം പൊട്ടിത്തെറിക്കുന്ന ഇസ്രായേലി ബോംബുകളുടെ മിന്നലുകളും പ്രകമ്പനങ്ങളും കവർന്നിരിക്കുന്നു.

വഴികളിൽ എവിടെയും കളിമ്പങ്ങളുടെ ആഹ്ലാദാരവങ്ങൾക്ക് പകരം മറ്റൊരു ഇസ്രായേലി ബോംബിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെട്ടവരുടെ നിലവിളികൾ ഉയരുന്നു. ജീവിതം നിറഞ്ഞിരുന്ന അയൽപക്കങ്ങൾ ഖബർസ്ഥാനുകൾ ആയിരിക്കുന്നു.

അഭയാർത്ഥി ക്യാമ്പിലെ റമദാൻ വിളക്ക്. കടപ്പാട് : Belal Khaled/Anadolu via Getty Images.

പള്ളികളിലൊന്നും തിരക്കേറുന്നില്ല, കാരണം പള്ളികളെല്ലാം പൊളിച്ചിരിക്കുന്നു. തെരുവുകളിൽ ആൾക്കൂട്ടങ്ങളില്ല, കാരണം മനുഷ്യരെല്ലാം തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. തിന്നാനും കുടിക്കാനും ഇല്ലാത്തവർ നോമ്പു നോൽക്കുകയാണ്. പരസ്പരം കാണാനും കൂട്ടുകൂടാനുമല്ല ഇന്ന് കുടുംബങ്ങൾ കൂടിയിരിക്കുന്നത്, കൊല്ലപ്പട്ടവരെ ഓർത്ത് കരയാനാണ്. വിശുദ്ധ റമദാന്റെ പ്രാരംഭത്തിൽ, രക്തസാക്ഷികൾക്ക് പിറകെ രക്തസാക്ഷികളെ ഞങ്ങൾ യാത്രയാക്കുന്നു. ഈ വിശുദ്ധ മാസത്തിലും വംശഹത്യ തുടരാൻ ഇസ്രായേലിനെ അനുവദിക്കുന്ന ലോകം പലസ്തീനിലെ മനുഷ്യരെ കൈവെടിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ വേദനയെ തീവ്രമാക്കുന്നത്.”

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന പള്ളിക്ക് മുന്നിൽ പ്രാർത്ഥിക്കുന്നവർ. കടപ്പാട് : MOHAMMED SALEM / Reuters.

തോക്കുകളെ നിശബ്ദമാക്കി റമദാനെ ആദരിക്കണം

ആറുമാസക്കാലമായി പലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ റമദാനിലും ഒടുങ്ങുന്നില്ല. വെടിനി‍ർത്തൽ ഉണ്ടാകുമെന്നും, ഭക്ഷണവും, വെള്ളവും, മരുന്നും ഉൾപ്പെടെ അവശ്യമായ മാനുഷിക സഹായങ്ങൾ വിതരണം ചെയ്യാനാവും എന്നുള്ള പ്രതീക്ഷകളും വിഫലമായിരിക്കുന്നു.

റമദാനിന്റെ ആദ്യ നാളിൽ തന്നെ ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട 67 പലസ്തീനികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി ഗാസാ ഹെൽത്ത് മിനിസ്ട്രി സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞുങ്ങളെന്നൊ, വൃദ്ധരെന്നോ പരിഗണനകൾ ഒന്നുമില്ലാത്ത ഇസ്രായേൽ വംശഹത്യയിൽ ഇതേവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ കണക്ക് മുപ്പത്തിയൊന്നായിരവും കടന്നിരിക്കുന്നു. എന്നാൽ ഇനിയും കണ്ടെടുക്കപ്പെടാത്ത അനേകം മനുഷ്യർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ റമദാൻ വന്നതറിയാതെ ഇപ്പോഴും കിടപ്പുണ്ട്.

തോക്കുകളെ നിശബ്ദമാക്കി റമദാന്റെ ദ‍ർശനത്തെ ആദരിക്കണമെന്ന് അപേക്ഷിക്കുകയാണ് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്.

തകർന്ന കെട്ടിടത്തിനടിയിലെ തിരച്ചിൽ. കടപ്പാട്: Abed Rahim Khatib – Anadolu Agency.

“റമദാൻ ആരംഭിച്ചിട്ടും ഗാസയിൽ കൊലയും, ബോംബിങ്ങും, സംഹാരവും തുടരുന്നു. ഇസ്രായേലിലെ ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഗാസയിലെ വിനാശകരവും ഭീഷണവുമായ ഇസ്രായേൽ ആക്രമണം ആറാം മാസത്തിലേക്ക് കടന്നിരിക്കുന്നു. തോക്കുകളെ നിശബ്ദമാക്കി റമദാന്റെ ആദ‍ർശത്തെ ആദരിക്കണമെന്നാണ് ഇന്നെന്റെ ശക്തമായ അപേക്ഷ. അതോടൊപ്പം തന്നെ അവശ്യമായ വേഗതയിലും തോതിലും ജീവൻരക്ഷാ സഹായം എത്തിക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നീക്കം ചെയ്യണം. മാത്രമല്ല അനുകമ്പയുടെ ഈ മാസത്തിൽ എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു.”

ആന്റോണിയോ ഗുട്ടറസ്.

റമദാനെ സ്വാഗതം ചെയ്യുന്ന ആന്റോണിയോ ഗുട്ടറസിന്റെ വാക്കുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്,
 
“ഭയാനകമായ ഈ സഹനം അവസാനിപ്പിക്കാനുള്ള സമയമാണിത്, അത് ചെയ്യാനുള്ള സമയമാണിത്.”

പട്ടിണിയെ ആയുധമാക്കുന്ന ഇസ്രായേൽ വംശഹത്യ

ബോംബിങ്ങിലൂടെയും വെടിവെപ്പിലൂടെയും മാത്രമല്ല പലസ്തീനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടില്ല എങ്കിൽ വിശന്ന് മരിക്കാനാണ് ഇപ്പോൾ പലസ്തീനികളുടെ വിധി. ഇസ്രായേൽ ഉപരോധം സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തെ അതിജീവിക്കുവാൻ കഴിയാതെ പുല്ലുകളും, കളകളും, കാലിത്തീറ്റയും കഴിക്കുകയാണ് പലരും. വിശന്ന് തളർന്ന ഈ മനുഷ്യരിലേക്കാണ് ഗാസയിൽ ഇക്കുറി റമദാൻ എത്തിയിരിക്കുന്നത്.

ഗാസയിലെ ഭക്ഷണ വിതരണം. കടപ്പാട് : Fatima Shbair/Associated Press

ഗാസയിൽ പട്ടിണി ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ്റെ വിദേശനയ മേധാവി ജോസഫ് ബോറൽ തുറന്നു പറഞ്ഞു. മനുഷ്യ നിർമ്മിത ദുരന്തം എന്നാണ് പലസ്തീനിലെ പട്ടിണിയെ ബോറൽ വിശേഷിപ്പിച്ചത്. കരമാർഗം സഹായം എത്തിക്കാനാവാത്തതാണ് ഇതിനു കാരണമെന്നും ബോറൽ വ്യക്തമാക്കി.

ജോസഫ് ബോറൽ

ഈജിപ്തിലെ റഫ അതിർത്തി ക്രോസിംഗിലൂടെയോ ഇസ്രായേലിൻ്റെ കെരെം ഷാലോം ക്രോസിംഗിലൂടെയോ ഐയ്ഡ് ട്രക്കുകൾക്ക് വേഗത്തിൽ ഗാസയിലേക്കെത്താം. എന്നാൽ അടിയന്തിര സഹായം എത്തിക്കുന്ന ഈ ട്രക്കുകളെ തടഞ്ഞുവെക്കുകയാണ് ഇസ്രായേൽ. അതിനാൽ തന്നെ ഒട്ടും പര്യാപ്തമലല്ലെന്നാലും എയർ ഡ്രോപ്പിങ്ങിലൂടെ ഭക്ഷണവും വെള്ളവും അടങ്ങിയ കിറ്റുകൾ ‘തുറന്ന ജയിലി’ലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സന്നദ്ധസേനകൾ. അൽ ഷാതി ക്യാമ്പിൽ എയർഡ്രോപ്പിങ്ങുകൾ അഞ്ചു മരണങ്ങൾക്ക് വരെ കാരണമായി.

ഗാസയിലേക്കുള്ള ഐയ്ഡ് ട്രക്കുകൾ അതിർത്തിയിൽ തടയുന്ന ഇസ്രായേലികൾ. കടപ്പാട്: GIL COHEN-MAGEN / AFP.

വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ, അൽ-ഷിഫ ആശുപത്രികളിൽ മാത്രം പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 20 പേരെങ്കിലും മരിച്ചു കഴിഞ്ഞെന്നും അതിലേറെയും കുട്ടികളും വൃദ്ധരുമാണെന്നും ഗാസ ഹെൽത്ത് മിനിസ്ട്രിയുടെ മരണക്കണക്കുകൾ പറയുന്നു. റാഫയിലെ എമിറാത്തി ഹോസ്പിറ്റലിൽ പോഷകാഹാരക്കുറവ് മൂലം പൂർണ്ണവളർച്ചയെത്താത്ത 16 കുഞ്ഞുങ്ങളാണ് മരിച്ചത്. അപ്പോൾ ആശുപത്രികൾക്ക് പുറത്ത് എത്ര മനുഷ്യർ ?

“പോഷകാഹാരക്കുറവ് മരണത്തിലേക്ക് നയിക്കുന്നത് സാവധാനമാണ്, കുട്ടികളെയും പ്രായമായവരെയും ആദ്യം ബാധിക്കുന്നു. ആഹാരം കഴിക്കാത്ത അമ്മമാർക്ക് കുട്ടികൾക്ക് മുലയൂട്ടാൻ പ്രയാസമാണ്. ശുദ്ധജലത്തിൻ്റെയും ശുചിത്വത്തിൻ്റെയും അഭാവം കാരണം ഗാസയിൽ വയറിളക്ക രോഗങ്ങൾ വ്യാപകമാവുകയും പലർക്കും തങ്ങൾ കലോറി നിലനിർത്താൻ കഴിയാതെ പോവുകയും ചെയ്യുന്നു. പോഷകാഹാരക്കുറവ് രോഗപ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു. ചിലപ്പോൾ മറ്റ് രോഗങ്ങളിൽ നിന്ന് മരണത്തിലേക്ക് നയിക്കുന്നു.” യുണിസെഫ് ചൈൽഡ് ന്യൂട്രീഷ്യൻ വിദഗ്ധ അനുരാധ നാരായൺ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.

എമിറാത്തി ഹോസ്പിറ്റൽ ഇൻകുബേറ്ററിലെ കുഞ്ഞുങ്ങൾ. കടപ്പാട്: atima Shbair/AP.

അൽ-റാഷിദ് സ്ട്രീറ്റിൽ ആഹാരത്തിനായി കാത്തുനിന്നവരെ പോലും ഇസ്രായേൽ സൈന്യം വെറുതെവിട്ടില്ല. മാവുമായി വരുന്ന എയ്ഡ് ട്രക്കുകൾ എത്തുന്നതും കാത്ത് ഏറെ നേരമായി വരി നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേർക്ക് ഇസ്രായേൽ സൈന്യം വെടിയുതിർത്തു. ചിതറിയോടിയവരിൽ പലരും തിക്കിലും തിരക്കിലും വീണു. ആഹാരം കാത്തു നിന്ന പലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ ലോകം കണ്ടു. നൂറിലേറെ പേരാണ് ആ വെടിവെപ്പിൽ മരിച്ചത്. പലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേൽ യുദ്ധതന്ത്രത്തിന്റെ മറ്റൊരു മുഖം മാത്രമായിരുന്നത്.  

ഗാസയിലേക്കെത്തുന്ന എയ്ഡ് ട്രക്കുകൾ ഇസ്രായേൽ തടഞ്ഞുവെക്കുമ്പോൾ പട്ടിണിയോടൊപ്പം വിലക്കയറ്റവും വർദ്ധിക്കുന്നു. ഒരു ഉള്ളിയുടെ വില 8 ഷെക്കലും (166 രൂപ) ഒരു കിലോ പഞ്ചസാരയുടെ വില 70 ഷെക്കലും (1657 രൂപ) എന്നിങ്ങനെ വില ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു റാത്തൽ മാവിന് 8283 രൂപയെങ്കിലും കൊടുക്കേണ്ടി വരും. അൽ-ജസീറ പുറത്തുവിട്ട വീഡിയോയിൽ വിലക്കയറ്റത്തെ കുറിച്ച് പലസ്തീനികൾ പറയുന്നു. വിലക്കയറ്റത്തോടൊപ്പം വരുമാനം നിലച്ചതും ഗാസയിൽ അതിജീവനം കഠിനമാക്കുന്നു. 5,76,000 പലസ്തീനികൾ എങ്കിലും ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും വിനാശകരമായ തലങ്ങളെ നേരിടുന്നതായി യു.എൻ പറയുമ്പോഴും പലസ്തീനിലേക്കുള്ള അടിയന്തിര സഹായവുമായി ആയിരക്കണക്കിന് ട്രക്കുകൾ ഗാസയിലേക്കുള്ള വഴി തുറക്കുന്നതും കാത്തുകിടക്കുന്നു. എന്നാൽ സഹായങ്ങൾ സ്വരൂപിച്ച് വിതരണത്തിനായി തയ്യാറാക്കുന്ന യു.എൻ വെയർ ഹൗസ് വരെ ആക്രമിച്ച് ഇസ്രായേൽ പലസ്തീനിലെ പട്ടിണി രൂക്ഷമാക്കുന്നു.

ഇസ്രായേലി ആക്രമണം നേരിട്ട റഫയിലെ യു.എൻ ക്യാമ്പ്. കടപ്പാട് : AFP.

ഹമാസിനെ നേരിടാനെന്ന വ്യാജേന ഗാസയിൽ മുപ്പത്തിയൊന്നായിരത്തിലേറെ മനുഷ്യരെ കൊന്നുകഴിഞ്ഞു ഇസ്രായേൽ. ബോംബിങ്ങിലും വെടിവെപ്പിലും മരണപ്പെടാത്തവരെ പട്ടിണിക്കിട്ട് കൊല്ലുമ്പോഴും, ഹമാസിനുള്ള സഹായ വിതരണം തടയുന്നതിന് വേണ്ടിയാണ് ട്രക്കുകൾ പിടിച്ചുവെക്കുന്നതെന്നാണ് ഇസ്രായേൽ വാദം. ട്രക്കുകൾക്കുള്ള വഴി തുറക്കുന്നതിനുള്ള ഇടപെടലുകൾ നടത്താതെ ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്കയടക്കം പലസതീനിലേക്ക് സഹായ കിറ്റുകൾ എറിഞ്ഞുകൊടുത്തത് പട്ടിണിയിൽ കഴിയുന്നവരെ പരിഹസിക്കുന്നു. ട്രക്കുകൾക്ക് വഴി തുറക്കുക എന്നത് മാത്രമാണ് പട്ടിണിയിൽ നിന്നും ഗാസയെ വിമോചിപ്പിക്കാനുള്ള ഒരേയൊരു മാർഗം.  

വീടില്ലെങ്കിൽ പിന്നെങ്ങനെ റമദാനുണ്ടാവും ?

തകർന്ന വീടുകൾക്കിടയിലെ താൽക്കാലിക ടെന്റുകളിലാണ് ഈ റമദാനിൽ പലസ്തീനികൾ. റമദാൻ വരുമ്പോഴെല്ലാം അവർ വീടുകളും തെരുവുകളും അലങ്കരിച്ചിരുന്നു. ഇപ്പോഴും പാട്ടകളിൽ കൊട്ടി കുട്ടികൾ റമദാൻ പാട്ടുകൾ പാടുന്നു. അപ്പോഴും ബോംബുകൾ അവരുടെ കാതടപ്പിക്കുന്നു. വറുതിയുടെ മാസങ്ങൾ അവരെ എന്നോ നോമ്പുകാരാക്കി. സുഹൂറിനും ഇഫ്ത്താറിനുമുള്ള ആഹാരം കണ്ടെത്താൻ പാടുപെടുമ്പോഴും, പ്രാർത്ഥനകളിലല്ലാതെ പ്രതീക്ഷകളില്ലാതെ വംശഹത്യയ്ക്കിടയിലും അവർ റമദാനെ വരവേൽക്കുന്നു.

ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നോമ്പ് തുറക്കുന്ന പലസ്തീൻ കുടുംബം. കടപ്പാട്: Ali Jadallah/Anadolu/Getty Images.

ഇസ്രായേൽ തകർത്ത വീട്ടിൽ നിന്നും റഫാ നഗരത്തിലെ ക്യാമ്പുകളിൽ അഭയം തേടിയവരിൽ ചിലർ ഗാർഡിയനോട് പ്രതികരിച്ചു.  

“ഞാനും എൻ്റെ അയൽക്കാരും ഞങ്ങളുടെ തെരുവുകൾ വിളക്കുകളാലും ശരറാന്തലുകളാലും അലങ്കരിച്ചിരുന്നു, എന്നാൽ ഇന്ന് ഞങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം ഇരുണ്ടതായിരിക്കുന്നു. തെരുവുകൾ ഇസ്രായേൽ ബോംബ് ആക്രമണത്തിൻ്റെ പാടുകൾ പേറുന്നു.” അൽ മസ്രി പറഞ്ഞു.

“റമദാനിൽ എപ്പോഴും ഞങ്ങൾ ഒന്നിച്ചായിരിക്കും. ഈ വേർപിരിയൽ… അതെങ്ങനെ എന്റെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്കറിയില്ല. എന്റെ കുഞ്ഞുങ്ങളിൽ ഇളയവൻ മിണ്ടി തുടങ്ങിയിരിക്കുന്നു. എന്നാൽ എനിക്ക് അവന്റെ ശബ്ദം കേൾക്കാനാവുന്നത് ഫോണിലൂടെ മാത്രമാണ്. അതിനായൊരു ഇന്റർനെന്റ് കണക്ഷൻ കണ്ടെത്തുവാൻ ഒട്ടും എളുപ്പമല്ല.” ക്യാമ്പിൽ എത്തിപ്പെട്ട അവ്ദ പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു, ഗാസയിലെ ഞങ്ങളുടെ വീട്ടിലേക്ക് എപ്പോൾ മടങ്ങാൻ കഴിയുമെന്ന് ഉറപ്പില്ല.” ഗാസ നഗരത്തിലും റാഫയിലുമായി ചിതറിപ്പോയ തന്റെ കുടുംബത്തെ ഓർത്ത് ഷുറഫ പറഞ്ഞു.

ഫാനോസ് വിളക്കുമായി റഫാ ക്യാമ്പിലെ കുട്ടി. കടപ്പാട്: (Photo by SAID KHATIB / AFP).

സമ്പൂർണ്ണ വിജയത്തിനായി വംശഹത്യ തുടരുന്ന ഇസ്രായേൽ ഭരണകൂടവും അതിനെ പിന്തുണക്കുന്ന ലോകവും ഈ വ്യസനങ്ങൾ കേൾക്കുന്നില്ല. മസ്ജിദുൽ അഖ്സയിൽ പ്രാർത്ഥനയ്ക്കായ് എത്തുന്ന വിശ്വാസികളെ തടയാനും തിരിച്ചയക്കാനും വേണ്ടി മസ്ജിദുൽ അഖ്സയിലെ സൈനിക ശക്തി വർദ്ധിപ്പിക്കുന്ന തിരക്കിലാണവർ. എന്നാൽ ഈ കൂട്ടക്കൊലയിലും, രോഗപീഡകളിലും, പട്ടിണിയിലും അണയാത്ത ഒരു ശരറാന്തൽ വിളക്കുമായി വീണ്ടും റമദാൻ കടന്നുവന്നിരിക്കുന്നു. ഈത്തപ്പഴങ്ങളും ഒലീവ് കായ്കളും ഇല്ലെങ്കിലും പഴങ്ങളും പാനീയങ്ങളും ഇല്ലെങ്കിലും ഈ വർഷവും ഗാസ നോമ്പ് നോൽക്കുന്നു. പ്രാർത്ഥനകൾക്കെല്ലാം ഉത്തരം നൽകുന്ന റമദാന്റെ അവസാന്റെ രാവുകളിൽ ഇക്കുറി ഒരേയൊരു പ്രാർത്ഥന മാത്രം –

ഫ്രീ പലസ്തീൻ !
 
ഗാസയിൽ നിന്നും ഈജിപ്തിലേക്ക് കുടുംബത്തോടൊപ്പം പാലായനം ചെയ്യുന്നതിനിടെ ഇസ്രായേലി സൈന്യം തടവിലാക്കി ‘ചോദ്യംചെയ്ത’ മൊസാബ് അബു താഹയുടെ റമദാൻ എന്ന കവിതയിൽ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

മൊസാബ് അബു താഹ

നോമ്പു തുറക്കുന്ന മേശയെ ചുറ്റി
ഉമ്മയും ഉപ്പയും കുഞ്ഞനിയനു –
മിരിക്കും കസേരകൾ കാണ്മാനില്ല.

അമ്മോനും അമ്മായീം കുട്ട്യോളും
ഇഫ്താറിനെത്തുമ്പോൾ
സൂര്യനസ്തമിച്ചാൽ
ആ മേശയ്ക്കു ചുറ്റും കൂടി
മഫ്തൂലും കോഴിയും കഴിച്ചിരുന്നു.

ആരുമില്ലിനിയിവിടെ
അസ്തമയം പോലും.
അടുക്കളയിൽ ആ മേശയില്ല
വീട്ടിൽ ആ അടുക്കളയുമില്ല
വീട്ടിൽ ആ വീടും കാണ്മാനില്ല.

അവശിഷ്ടങ്ങൾ മാത്രം അവശേഷിക്കുന്നു
ഉയി‍‍ർത്തെഴുന്നേൽക്കുന്ന സൂര്യനെ കാത്ത്.

വീടില്ലെങ്കിൽ പിന്നെങ്ങനെ റമദാനുണ്ടാവും ?
ഒരു മാസത്തെയെങ്ങനെ അതിന്റെ പേര് വിളിക്കും ?
ഒരു ദിനം എങ്ങനെ ഒരു ദിനമാകും?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 14, 2024 1:39 pm