പ്രത്യേക പദവിയില്ലാത്ത ജമ്മു കശ്മീർ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശരിവച്ചു. പ്രത്യേക പദവി എന്നത് ഒരു താൽക്കാലിക നിബന്ധന മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് പ്രസ്താവിച്ചു. മറ്റ് സംസ്ഥാങ്ങളിൽ നിന്ന് വ്യത്യസ്തമായി ജമ്മു കാശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ബഞ്ച് നിരീക്ഷിച്ചു. ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്നും, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വിധി പറയുന്നു. 2024 സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചു. പ്രത്യേക പദവി റദ്ദാക്കിയതിന് ന‌രേന്ദ്ര മോദി സർക്കാർ മുന്നോട്ടുവച്ച വാദങ്ങളെ സാധൂകരിക്കുന്ന വിധത്തിലാണ് സുപ്രീം കോടതി വിധി എന്നതാണ് രാഷ്ട്രീയ സംവാദമായി മാറുന്നത്.

ജസ്റ്റിസ് എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ് ജെ, സൂര്യകാന്ത് ജെ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങൾ. മനോഹർ ലാൽ ശർമ്മ (വി ദി സിറ്റിസൺസ് ) ഡോ. ചാരു വാലി ഖന്ന, മുഹമ്മദ് അക്ബർ ലോൺ, ഹസ്നൈൻ മസൂദി, ഷാക്കിർ ഷബീർ, അനുരാധ ഭാസിൻ എന്നിവരാണ് കേസിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. 2019 ആഗസ്റ്റ് 5, 6 തീയതികളിലായി കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിരുന്നു.

ഭരണഘടനാ ബെഞ്ച് വിധി പറയുന്നു.

അതേസമയം, വിധി വരുന്നതിന് മുന്നേ തന്നെ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി. മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെയും മുൻ എം.എൽ.എ ആയ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരെയാണ് പൊലീസ് വീട്ടിൽ നീന്നും പുറത്തുവരാനോ, മാധ്യമങ്ങളെ കാണണോ കഴിയാത്ത വിധത്തിൽ തടഞ്ഞിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തപ്പോഴും കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ദീർഘകാലം വീട്ടുതടങ്കലിൽ ആക്കിയിരുന്നു. “നിരാശനാണെങ്കിലും വിധി മനസ് മടുപ്പിക്കുന്നില്ല, സമരം തുടരും. ബി.ജെ.പി ഇവിടെ എത്താൻ ദശകങ്ങൾ എടുത്തു. ഞങ്ങളും ഒരു നീണ്ട പോരാട്ടത്തിന് തയ്യാറാണ്.” ഒമർ അബ്ദുള്ള സമൂഹമാധ്യമമായ എക്സിൽ പ്രതികരിച്ചു. “പാർലമെന്റിൽ നടന്ന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഒരു പ്രവൃത്തി സുപ്രീം കോടതി നിയമപരമാണെന്ന് പ്രഖ്യാപിച്ചു. ഇത് ജമ്മു കശ്മീരിന് മാത്രമല്ല, ഇന്ത്യയെന്ന ആശയത്തിന് തന്നെ വധശിക്ഷ നൽകുന്നതിന് തുല്യമാണ്.”എക്സിൽ പോസ്റ്റ് ചെയ്ത അഞ്ച് മിനിറ്റ് വീഡിയോ സന്ദേശത്തിൽ മഹ്ബൂബ മുഫ്തി പറഞ്ഞു. “370-ാം വകുപ്പ് താൽക്കാലികമാണെന്നും, അതിനാൽ വകുപ്പ് നീക്കം ചെയ്യുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് നമ്മുടെ പരാജയം മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന്റെ പരാജയമാണ്. ഇന്ത്യയെന്ന ഭാവനയുടെ, ഗാന്ധിയൻ ഇന്ത്യയുടെ പാകിസ്താനെ നിരസിച്ച് ഹിന്ദുക്കളുമായും, ബുദ്ദിസ്റ്റുകളുമായും, സിഖുകാരുമായും, ക്രിസ്ത്യാനികളുമായും കൈകോർത്ത ഗാന്ധിയൻ രാഷ്ട്രത്തിന്റെ തോൽവിയാണിത്.” അവർ കൂട്ടിച്ചേർത്തു. സുപ്രീംകോടതിയായിരുന്നു തങ്ങളുടെ അവസാനത്തെ ആശ്രയമെന്നും ഈ വിധി നിരാശാജനകമാണെന്നും ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനും ജമ്മു–കശ്മീർ മുൻമുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദ് പ്രതികരിച്ചു. 2019 ഓഗസ്റ്റ് 5ന് 370–ാം അനുഛേദം റദ്ദാക്കിയതു തന്നെ തെറ്റായ നടപടിയായിരുന്നു. ജമ്മു കശ്മീരിലെ പാർട്ടികളുമായി ആലോചിച്ചായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റ​ദ്ദാക്കിയതിൽ പ്രതിഷേധിച്ച് 2019 നടന്ന പ്രകടനം. കടപ്പാട്:X

എന്താണ് ആർട്ടിക്കിൾ 370?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്ന സമയത്ത് ജമ്മു കശ്മീരിലെ അധികാരിയായിരുന്ന രാജ ഹരിസിങ് 1947 ൽ ഒപ്പുവച്ച ‘ഇൻസ്ട്രുമെന്റ് ഓഫ് അസേഷൻ’ന്റെ ഫലമായാണ് ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാകുന്നത്‌. ഈ ഉടമ്പടിയിലൂടെ ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായെങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ കാര്യങ്ങളിലൊഴിച്ച് നിയമനിർമ്മാണം നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 വഴി, ജമ്മു കശ്മീരിന് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്ത് നിന്നും വേറിട്ടുനിൽക്കുന്ന പ്രത്യേക ഭരണഘടനാ പദവി ലഭിച്ചു. സംസ്ഥാനത്തിന് വേണ്ടി നിയമനിർമ്മാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരത്തെ ഈ വ്യവസ്ഥ ഗണ്യമായി പരിമിതപ്പെടുത്തുകയും, ജമ്മു കശ്മീർ സംസ്ഥാന നിയമസഭയ്ക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവരുടെ പരമാധികാരത്തിൽ പൂർണ്ണമായ അഭിപ്രായമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപാധിയായി ഈ വ്യവസ്ഥ പ്രവർത്തിച്ചു.

ആർട്ടിക്കിൾ 370 പ്രധാനമായും മൂന്ന് കാര്യങ്ങൾ ചേർന്നതാണ്. ഒന്നാമതായി, ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് വിഷയങ്ങൾ ഒഴികെയുള്ള വിഷയങ്ങളിൽ ഇന്ത്യ ജമ്മു കശ്മീരിൽ നിയമങ്ങൾ നിർമ്മിക്കുകയില്ല. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ അനുമതിയോടെ മാത്രമേ പാർലമെന്റിന് ഈ വിഷയങ്ങളുടെ പരിധിക്ക് പുറത്തുള്ള നിയമങ്ങൾ നിർമ്മിക്കാൻ കഴിയൂ. രണ്ടാമതായി ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായി പ്രഖ്യാപിച്ച ആർട്ടിക്കിൾ 1, ആർട്ടിക്കിൾ 370 എന്നിവ ഒഴികെ ഇന്ത്യൻ ഭരണഘടനയിലെ മറ്റ് വ്യവസ്ഥകളൊന്നും ജമ്മു കശ്മീരിന് ബാധകമല്ല. ഇന്ത്യൻ രാഷ്ട്രപതിക്ക് ജമ്മു കശ്മീരിൽ ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബാധകമാക്കാം. ഇത് ഇന്ത്യൻ പാർലമെന്റിന്റെ സ്വാധീനത്തിൽ നിന്ന് ജമ്മു കശ്മീരിന്റെ ഭരണഘടനയെ അകറ്റി നിർത്തുന്നു. മൂന്നാമതായി, ആർട്ടിക്കിൾ 370(3) പ്രകാരം ജമ്മു കശ്മീരിന്റെ ഭരണഘടനാ അസംബ്ലി ശുപാർശ ചെയ്യാതെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയില്ല.

കശ്മീരിലെ സൈനിക വിന്യാസം. കടപ്പാട്:fb

2019ലെ രാഷ്ട്രപതിയുടെ ഉത്തരവ്

2019 ആഗസ്റ്റ് 5-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് പറയുന്ന ഭരണഘടനയുടെ 367-ാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് (സി.ഒ. 272) പുറപ്പെടുവിച്ചു. ആർട്ടിക്കിൾ 370(3) യിലെ ജമ്മു കശ്മീരിലെ ‘ഭരണഘടനാ അസംബ്ലി’യെക്കുറിച്ചുള്ള പരാമർശം ‘നിയമസഭ’യെക്കുറിച്ചുള്ള പരാമർശമായി പരിഗണിച്ചാണ് ഭേദഗതി വരുത്തിയത്. മുൻപ് ആർട്ടിക്കിൾ 370 ജമ്മു-കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ പ്രകാരം മാത്രമേ ഭേദഗതി ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യാൻ സി.ഒ. 272 (രാഷ്ട്രപതിയുടെ ഉത്തരവ്) കേന്ദ്ര സർക്കാരിനെ അനുവദിച്ചു. ഭരണഘടനാ അസംബ്ലി നിലവിലെ നിയമനിർമാണ സഭയാണെന്ന് സർക്കാർ വ്യാഖ്യാനിച്ചു. ആ സമയത്ത് ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നതിനാൽ ജമ്മു കശ്മീർ നിയമസഭയുടെ അധികാരങ്ങൾ കേന്ദ്ര പാർലമെന്റിൽ നിക്ഷിപ്തമായിരുന്നു. അതിനാൽ, സി.ഒ. 272 പുറപ്പെടുവിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഒരു സാറ്റ്യൂട്ടറി പ്രമേയത്തിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാജ്യസഭ ശുപാർശ ചെയ്തു.

2019 ആഗസ്റ്റ് 6-ന് രാഷ്ട്രപതി കോവിന്ദ് സി.ഒ. 273 പ്രഖ്യാപിച്ചതിലൂടെ രാജ്യസഭയുടെ ശുപാർശ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീർ സംസ്ഥാനത്തിന് ബാധകമാണെന്ന് പ്രസ്താവിക്കുന്നതിന് ഭേദഗതി വരുത്തിയ ക്ലോസ് 1 ഒഴികെ, ആർട്ടിക്കിൾ 370-ലെ എല്ലാ വകുപ്പുകളും ഇതോടെ റദ്ദായി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടു. അതേ ദിവസം തന്നെ, ഈ റദ്ദാക്കലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ആർട്ടിക്കിൾ 32 പ്രകാരം അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ ഹർജി സമർപ്പിച്ചു. 2019 ആഗസ്റ്റ് 9-ന്, കേന്ദ്ര പാർലമെന്റ് ജമ്മു കശ്മീർ പുനഃസംഘടന നിയമം-2019 പാസാക്കിക്കൊണ്ട് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ജമ്മു കശ്മീർ, ലഡാക്ക് എന്നിവയാണ് പുതിയതായി നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശങ്ങൾ. രാഷ്ട്രപതിയുടെ ഉത്തരവ് സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ ആഗസ്റ്റ് 5ന് പാസാക്കിയതിന് പിന്നാലെയാണ് ലോക്സഭയിലും ബിൽ പാസായത്. ബിജെപിയുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമായിരുന്നു 370 റദ്ദാക്കുക എന്നത്. 2019 ആഗസ്റ്റ് 5ന് രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ വളരെ രഹസ്യമായാണ് ഈ ബിൽ അപ്രതീക്ഷിതമായി രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചും പല ഉന്നത രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയും പതിനായിരക്കണക്കിന് അർധസൈനികരെ അധികമായി വിന്യസിച്ചും ബിൽ അവതരണത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാർ നടത്തിയിരുന്നു.

ശ്രീന​ഗറിലെ കർഫ്യൂ ദിനങ്ങൾ. കടപ്പാട്:scroll

കോടതി പരിശോധിച്ച വിഷയങ്ങൾ

അനുഛേദം 370 സ്ഥിരം വ്യവസ്ഥയാണോ? ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് കഴിയുമോ? അനുഛേദം 367 വഴി ഭരണഘടനയെ ഫലപ്രദമായി ഭേദഗതി ചെയ്യാനാകുമോ? ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ പദവി നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ? സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമോ ? തുടങ്ങിയ കാര്യങ്ങളാണ് സുപ്രീം കോടതി പ്രധാനമായും പരിശോധിച്ചത്.

റദ്ദാക്കലിനെതിരായ വാദങ്ങൾ

രണ്ട് വാദങ്ങളാണ് ആർട്ടിക്കിൾ 370 റദ്ദുചെയ്തതിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടുവന്നത്. ആദ്യത്തെത് രാഷ്ട്രപതിയുടെ ഉത്തരവുകളുടെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ അനുമതിയില്ലാതെ രാഷ്ട്രപതി പരോക്ഷമായി ഭരണഘടനാ വ്യവസ്ഥയായ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതായി ഹർജിക്കാർ പറയുന്നു. ‘ഭരണഘടനാ അസംബ്ലി’ എന്നതിന് പകരം ‘നിയമസഭ’ എന്ന് ഉപയോഗിച്ചുകൊണ്ടാണ് ഇത് ചെയ്തെന്ന് ഇവർ വാദിക്കുന്നു.

രണ്ടാമതായി, ആർട്ടിക്കിൾ 3 പ്രകാരം ജമ്മു കശ്മീർ പുനഃസംഘടന നിയമം-2019 ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഈ ആർട്ടിക്കിൾ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനും നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റാനോ പരിഷ്‌ക്കരിക്കാനോ മാത്രമേ പാർലമെന്റിനെ അധികാരപ്പെടുത്തുന്നുള്ളൂ. ഫെഡറൽ സംസ്ഥാനങ്ങളെ ഒരു കേന്ദ്രഭരണ പ്രദേശം പോലെയുള്ള പ്രാതിനിധ്യം കുറഞ്ഞ ഒരു രൂപത്തിലേക്ക് തരംതാഴ്ത്താൻ ആർട്ടിക്കിൾ 3 പാർലമെന്റിന് അധികാരം നൽകുന്നില്ലെന്ന് ഹർജിക്കാർ വാദിക്കുന്നു. ഒരു ഫെഡറൽ ജനാധിപത്യ വ്യവസ്ഥയിൽ, സ്വയംഭരണത്തിനുള്ള അവകാശം, പ്രത്യേകിച്ച് ഭരണഘടനാപരവും രാഷ്ട്രീയവുമായ പദവിയുമായി ബന്ധപ്പെട്ട്, ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് കീഴിലുള്ള മൗലികാവകാശമാണെന്നും ഡ്യൂ പ്രോസിഡ്യുർ ഓഫ് ലോയിലൂടെയല്ലാതെ അത് എടുത്തുകളയാനാവില്ലെന്നും ഹർജിക്കാർ വാദിക്കുന്നു.

മഞ്ഞുകാലത്തെ ദാൽ തടാകം.

കേസിന്റെ നാൾവഴികൾ

2019 ഓഗസ്റ്റ് 28 : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

2019 ഒക്ടോബർ 1 : ജസ്റ്റിസ് എൻ.വി. രമണ, എസ്.കെ കൗൾ, ആർ സുഭാഷ് റെഡ്ഡി, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവർ 2013 നവംബർ 14 മുതൽ കേസ് കേൾക്കാൻ തീരുമാനിച്ചു. കേസ് വിശാല ബെഞ്ചിന് മുമ്പാകെ വിടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. 2020 മാർച്ച് 2 ന്, അത് ഒരു വലിയ ബെഞ്ചിലേക്ക് റഫർ ചെയ്യാൻ ബെഞ്ച് വിസമ്മതിച്ചു.

2023 ജൂലൈ 3 : സുപ്രീം കോടതി വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് നൽകി.

2023 ജൂലൈ 11: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് 2023 ആഗസ്റ്റ് 2 മുതൽ കേസ് കേൾക്കാൻ തീരുമാനിച്ചു.

2023 ഡിസംബർ 11: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം സുപ്രീം കോടതി ശരിവച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 11, 2023 2:34 pm