തീര്‍ത്ഥാടന ടൂറിസം തകര്‍ത്ത ജോഷിമഠ്‌

ജോഷിമഠ് ഉൾപ്പെടുന്ന ഉത്തരാഖണ്ഡ് ഹിമാലയത്തിൽ ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ചാർധാം തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ നിർമ്മാണം. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളാണ് ഇതെല്ലാം. ഈ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ഹൈവേയുണ്ടാക്കാനുള്ള പദ്ധതിയാണ് ചാർധാം പ്രോജക്ട്. ഞങ്ങളെ പോലെയുള്ള ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും വളരെ രൂക്ഷമായ രീതിയിൽ അതിനെ എതിർത്ത് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീംകോടതി വരെ വിഷയം എത്തി. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജോഷിമഠിന് മുകളിലുള്ളത്. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ ആ മേഖലയിലേക്ക് സൈന്യത്തിന് അനായാസം പോകാൻ വേണ്ടി വലിയ റോഡ് വേണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ വാദം. ചൈനയുമായി എന്തെങ്കിലും പ്രശ്നം വരുകയാണെങ്കിൽ സൈന്യത്തിന് യുദ്ധ സാമഗ്രികളും സന്നാഹങ്ങളും വേഗം എത്തിക്കേണ്ടിവരും എന്നാണ് സർക്കാർ പറയുന്നത്. ആ വാദത്തിന്റെ മുകളിലാണ് സുപ്രീംകോടതി റോഡ് നിർമ്മാണം അംഗീകരിച്ചത്. പഴയ റോഡിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മിക്കുന്നത് ഒരു വലിയ ഹൈവേയാണ്. ആ ഒരു പ്രദേശത്തെ മുഴുവൻ രൂക്ഷമായ രീതിയിൽ ചാർധാം ഹൈവേ നിർമ്മാണം ബാധിച്ചിട്ടുണ്ട്.

ചാർധാം ഹൈവേ പ്രോജക്ട്. കടപ്പാട്: indiainfrahub.com

അതുപോലെയാണ് റെയിൽവെ ട്രാക്കുകളുടെ നിർമ്മാണവും. തീർത്ഥാടകർക്കായി ഋഷികേശിലേക്ക് റെയിൽവെ ലൈൻ നീട്ടുന്നതിനുള്ള പദ്ധതിയുണ്ട്. കൂടുതലും തുരങ്കങ്ങളിൽ കൂടിയാണ് ആ പാത നിർമ്മിക്കുന്നത്. ആ നിർമ്മാണവും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 100 കിലോമീറ്റർ വേഗതയിലുള്ള ട്രെയിനുകളാണ് ഓടിക്കാൻ പോകുന്നത്. ഇതെല്ലാം തീർത്ഥാടനത്തിന്റെ പേരിൽ വരുന്ന പദ്ധതികളാണ്.

ഹിമാലയം എന്നത് വളരെ യംഗ് ആയ മലനിരകളാണ്. അവ രൂപപ്പെട്ടത് ഏതാനും ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. അക്കാരണത്താൽ അവിടെ മണ്ണിടിച്ചിലുകൾ പതിവാണ്. അതുകൂടാതെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ മേഖലയിലെ മഞ്ഞുപാളികളിൽ മാറ്റമുണ്ടാകുന്നതും മേഘസ്ഫോടനങ്ങൾ പതിവാകുന്നതും. അതിന്റെ ഭാഗമായ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ധാരാളം ഡാമുകൾ ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുന്നുണ്ട്. ഡാമുകൾ കാരണം ഒരുപാട് നാശമുണ്ടായിട്ടുള്ള സ്ഥലമാണ് ഉത്തരാഖണ്ഡ്. ജലവൈദ്യുതി പദ്ധതികൾക്കായി നിർമ്മിക്കപ്പെടുന്ന ഡാമുകളിൽ സിൽട്ടേഷനും സെഡിമെന്റേഷനും ധാരാളമായി ഉണ്ടാകുന്ന സ്ഥലമാണിത്. ഡാമിന്റെ വഹനശേഷി കുറച്ച് കാലം കൊണ്ട് ഇല്ലാതെയാകും. കേരളത്തിലുള്ള ഡാമുകളുടെ സ്ഥിതി പോലെയല്ല ഹിമാലയൻ ഡാമുകളുടേത്. അതുകൊണ്ടുതന്നെ ഇത്തരം ജലവൈദ്യുത പദ്ധതികളൊന്നും സുസ്ഥിരമല്ല എന്ന് പലപ്പോഴും വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ആക്ടിവിസ്റ്റുകൾ വലിയ രീതിയിൽ എതിർത്തിട്ടുണ്ട്, കോടതികളിൽ പലപ്പോഴും കേസുകൾ പോയിട്ടുണ്ട്. എന്നാൽ ഇതിലെല്ലാം എന്തെങ്കിലും ന്യായങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാർ രക്ഷപ്പെടും, പദ്ധതികളുമായി മുന്നോട്ടുപോകും.

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് മുകളിലുള്ളത് എന്നതുകൊണ്ട് ഇത്ര വലിയ ഒരു ഹൈവേ അവിടെ നിർമ്മിക്കുന്നതിൽ യാതൊരു ന്യായവുമില്ല. ചൈനയെ സംബന്ധിച്ച് മുകളിൽ അവരുടെ ഭാഗത്തുള്ളത് നമ്മുടേത് പോലെയുള്ള മലനിരകളല്ല. ചൈനയുടെ ഭാഗം ഒരു പരന്ന പ്രദേശമാണ്. നമ്മൾ അവരുടേതുപോലെ ഒരു മിലിട്ടറി സംവിധാനം അവിടെയുണ്ടാക്കേണ്ടതുണ്ടോ എന്നതിൽ സംശയമുണ്ട്. മുൻ ആർമി മേധാവി ബിപിൻ റാവത്ത് ഇത്ര വലിയ റോ‍ഡ് മിലിട്ടറി മൂവ്മെന്റിന് ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹം ഹിമാലയൻ റീജയണിൽ വരുന്ന ഒരാളായതുകൊണ്ട് അതിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുമായിരുന്നു. നിലവിലെ റോഡ് സൗകര്യങ്ങളിലൂടെ തന്നെ മിലിട്ടറിക്ക് പോകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വലിയ റോഡുണ്ടാക്കിയാൽ പോലും മണ്ണിടിച്ചിൽ വ്യാപകമായാൽ മിലിട്ടറി മൂവ്മെന്റിനെ അത് ബാധിക്കുമല്ലോ. അതുകൊണ്ട് ആ പറയുന്നതിൽ ഒരു യുക്തിയുമില്ല. ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടന ടൂറിസം തന്നെയാണ് റോഡിന്റെ മുഖ്യ ഉദ്ദേശം. ഈ റോ‍ഡ് നിർമ്മാണത്തിന്റെ ഭാഗമായി അപ്പർ ഹിമാലയത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം മണ്ണിടിഞ്ഞ് താഴെയുള്ള പുഴകളിലേക്കാണ് എത്തുന്നത്.

തപോവൻ-വിഷ്ണുഘട്ട് ജലവൈദ്യുതി പദ്ധതി അണക്കെട്ട്. കടപ്പാട്: www.esa.int

ജോഷിമഠിനടുത്ത് തപോവൻ-വിഷ്ണുഘട്ട് ജലവൈദ്യുതി പദ്ധതിയുടെ അണക്കെട്ട് നിർമ്മാണത്തിന്റെ ഭാഗമായി എത്രയോ വർഷമായി തുരങ്ക നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. 2010ൽ കറണ്ട് സയൻസിൽ വന്ന ഒരു പഠനത്തിൽ ഈ തുരങ്കനിർമ്മാണം കാരണം ഗ്രൗണ്ട് വാട്ടർ അക്വിഫയറുകൾ ഇല്ലാതായതിന്റെ പ്രശ്നത്തെക്കുറിച്ച് പറയുന്നുണ്ട്. അക്വിഫയർ എന്നത് ജലം ശേഖരിച്ച് വയ്ക്കുന്ന മണ്ണിനടിയിലെ പാളികളാണ്. ഹിമാലയൻ പ്രദേശങ്ങളിലെ അക്വിഫയറുകൾ നമ്മുടേത് പോലെ നീണ്ടുകിടക്കുന്നതല്ല. വളരെ ചെറിയ ഒരു പ്രദേശത്ത് മാത്രം തങ്ങി നിൽക്കുന്ന ഈ അക്വിഫയറുകളെ, perched aquifer എന്നാണ് പറയുന്നത്. മഴപെയ്യുന്ന സമയത്ത് അതിൽ വെള്ളം നിറയുകയും ഉറവകളുണ്ടാവകയും ചെയ്യും. ആ ഉറവകളിൽ നിന്നാണ് തദ്ദേശീയർ വെള്ളമെടുക്കുന്നത്. അക്വിഫയറുകൾ ഇല്ലാതാകുന്നതോടെ അത്തരം ഉറവകൾ ഇല്ലാതാവുകയും വെള്ളത്തിന്റെ ലഭ്യത കുറയുകയും ചെയ്യുന്നു. തപോവൻ-വിഷ്ണുഘട്ട് അണക്കെട്ടിന് വേണ്ടിയുള്ള തുരങ്കങ്ങളുടെ നിർമ്മാണം കാരണം ഇത്തരം നിരവധി അക്വിഫയറുകൾ ഒലിച്ചുപോയി. കറണ്ട് സയൻസിലെ പ്രബന്ധത്തിൽ അത് ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ട്. കാലക്രമേണ, ജോഷിമഠ് ടൗൺ ഇടിഞ്ഞുതാഴുന്നതിന് അത് കാരണമാകും എന്നും 2010ലെ ആ പഠനത്തിൽ പറയുന്നു. എം.പി.എസ് ബിഷ്ട്, പീയൂഷ് റൂട്ടേല എന്നിവർ ചേർന്നെഴുതിയ ആ പ്രബന്ധം ഇക്കാര്യത്തിൽ‌ കൃത്യമായ മുന്നറിയിപ്പ് നൽകുന്നു. അക്വിഫയറുകളിലെ ജലമാണ് മണ്ണിന് ഉറച്ചുനിൽക്കാനുള്ള ബലം കൊടുക്കുന്നത്. മണ്ണിലെ സുഷിരങ്ങളിലെല്ലാം വെള്ളം നിറഞ്ഞുനിൽക്കുന്നതുകൊണ്ടാണ് മണ്ണ് ഉറപ്പോടെ ഇരിക്കുന്നത്. ഭൂഗർഭജലം കൊടുക്കുന്ന മർദ്ദം മണ്ണിനെ ഉറപ്പിച്ച് നിർത്തുന്നതിൽ പ്രധാനമാണ്. ഈ വെള്ളം ഒലിച്ചുപോകുന്നതോടെ സുഷിരങ്ങളെല്ലാം ചുരുങ്ങുകയും മണ്ണ് താഴ്ന്ന് അതിലേക്ക് ഇരിക്കുകയും ചെയ്യും. സുരിഷങ്ങളിലുള്ള വെള്ളമെല്ലാം ഒലിച്ചുപോയാൽ അത് ഉറപ്പായും ചുരുങ്ങും. വളരെ കാലമെടുത്ത് സംഭവിക്കുന്ന കാര്യമാണിത്. വർഷങ്ങൾ നീണ്ട പ്രകിയയ്ക്ക് ശേഷമാണ് മണ്ണ് ഇടിഞ്ഞുതാഴുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. റിമോട്ട് സെൻസിംഗ് ഇമേജസിലൂടെ ഭൂമി താഴുന്നത് കണ്ടെത്താൻ കഴിയും. ഗ്രൗണ്ടിന്റെ ലെവൽ മാറുന്നത് അത്തരത്തിൽ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ അറിയാൻ കഴിയും. ജോഷിമഠിൽ വർഷങ്ങളായി ഭൂമി താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ പറയുന്നത്. കെട്ടിടങ്ങൾ ഇടിയുന്നതും വിള്ളലുകൾ വീഴുന്നതും അതിന്റെ അവസാന പ്രതിഫലനങ്ങൾ മാത്രമാണ്. മണ്ണിന്റെ ഉള്ളിലുള്ള വെള്ളത്തിന്റെ പ്രഷർ കാരണമാണ് മണ്ണ് അത്തരത്തിൽ ഉറച്ചുനിൽക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കണം. ഭൂഗർഭ അക്വിഫയറുകൾ ഇല്ലാതാകാൻ കാരണം തുരങ്കങ്ങളുടെയും റോഡുകളുടെയും നിർമ്മാണമാണ്. അത് വിശദമായി പഠിക്കേണ്ടതുണ്ട്.

തകർന്ന വീടിന് മുൻപിൽ ഇരിക്കുന്ന സ്ത്രീ. കടപ്പാട്: www.deccanherald.com

തീർച്ചയായും മനുഷ്യ നിർമ്മിതികളും മനുഷ്യരുടെ ഇടപെടലുകളും തന്നെയാണ് ജോഷിമഠിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. വേറെ ജിയോളജിക്കൽ കാരണങ്ങൾ കാണാൻ കഴിയുന്നില്ല. ആയിരം വർഷമായി മനുഷ്യസാന്നിധ്യമുള്ളതായി പറയപ്പെടുന്ന സ്ഥലമാണല്ലോ ഇത്. ശങ്കരാചാര്യർ അവിടെ പോയതായിട്ടാണ് പറയുന്നത്. അങ്ങനെ നോക്കുമ്പോൾ ആയിരം വർഷം മുമ്പ് വരെ മനുഷ്യർ അവിടെ എത്തിയിരുന്നതായി കാണാം. ആയിരം വർഷത്തിന്റെ രേഖകളില്ലെങ്കിൽ പോലും കഴിഞ്ഞ മുന്നൂറ് വർഷത്തെ രേഖകൾ ലഭ്യമാണല്ലോ. ആ രേഖകളിലൊന്നും ഭൂമി ഇടിഞ്ഞുതാഴുന്നതായി പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇത്രയധികം ആളുകൾ വന്ന് താമസിക്കുന്ന സ്ഥലമായി ജോഷിമഠ് പിന്നീട് മാറിയത്. ഓരോ പ്രദേശത്തിനും ഓരോ വഹനശേഷിയുണ്ട്. അതിനപ്പുറത്തേക്ക് പോയിക്കഴിഞ്ഞാൽ ഇത്തരം സംഭവങ്ങൾ ഉറപ്പായും നേരിടേണ്ടതായി വരും. തീർത്ഥാടന ടൂറിസത്തിന്റെ പേരിൽ വലിയ തോതിൽ ആളുകൾ അവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാർ വന്നതിന് ശേഷം തീർത്ഥാടന ടൂറിസത്തിന് വലിയ പ്രോത്സാഹനം കിട്ടുന്നുണ്ട്. ടൂറിസത്തിന് പറ്റിയ ഒരു സ്ഥലമേയല്ല ഇത്. ലക്ഷക്കണിക്കിന് ആളുകളാണ് എല്ലാ വർഷവും അവിടേക്ക് എത്തുന്നത്. അതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മിക്ക നിർമ്മാണങ്ങളും നടക്കുന്നത്. തീർച്ചയായും ഇതിനെല്ലാം തിരിച്ചടിയുണ്ടാകും എന്നുറപ്പാണ്. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് നമ്മൾ പറയും. പക്ഷെ സർക്കാർ അതൊന്നും ശ്രദ്ധിക്കാറില്ല. കാരണം അവരുടെ ഉദ്ദേശങ്ങൾ വേറെയാണ്, സാമ്പത്തിക ലാഭമാണ് മുഖ്യലക്ഷ്യം.

ടൂറിസം വ്യവസായം വലുതാകുന്നതോടെ ജോഷിമഠിന്റെ മുകളിലുള്ള സമ്മർദ്ദം വീണ്ടും കൂടുകയാണ്. യു.പിയിൽ നിന്നുള്ള ആളുകൾ കച്ചവടത്തിനായി അങ്ങോട്ടുപോവുകയാണ്. ഉത്തരാഖണ്ഡിന്റെ മലമുകളിലെ ഗ്രാമങ്ങളിലുള്ള കർഷകർ കൃഷി ഉപേക്ഷിച്ച് വേറെ ജോലി തേടി ജോഷിമഠ് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് വരുകയാണ്. കൃഷിയിലൂടെ ജീവിക്കാൻ കഴിയാത്ത സ്ഥിതി വന്നു. ആ കർഷക സമൂഹങ്ങൾക്ക് അവരുടെ ഗ്രാമങ്ങളിൽ തന്നെ തുടരാൻ കഴിയുന്നതരത്തിലുള്ള സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. കൃഷി ലാഭകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് അങ്ങനെ മാത്രമേ കഴിയുകയുള്ളൂ. വെള്ളം ഇല്ലാതാകുന്നതും കൃഷിയിൽ ആളുകൾക്ക് തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതെല്ലാം പരിഗണിക്കുന്ന ഒരു സമഗ്രമായ പരിഹാരമാണ് വേണ്ടത്. എന്തായാലും ഈ രീതിയൽ അധികകാലം മുന്നോട്ടുപോകാൻ കഴിയില്ല. ഈ കെട്ടിയുയർത്തിയ കെട്ടിടങ്ങളെല്ലാം ഒരിക്കൽ താഴ്ന്നുപോകും. ഒരു പുതിയ നോർമൽ ഈ പ്രദേശങ്ങളിൽ ഉണ്ടായിവരും എന്നാണ് എനിക്ക് തോന്നുന്നത്.

കേരളത്തിലും ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടല്ലോ. കുട്ടനാട്, മൺട്രോതുരത്ത് പോലെയുള്ള പ്രദേശങ്ങൾ താഴുന്നതായി വാർത്തകൾ വരുന്നു. അത് മറ്റൊരു പ്രതിഭാസമാണ്. ഭൂമി താഴുന്നതിനനുസരിച്ച് വെള്ളത്തിന്റെ ലെവൽ ഉയരുന്നു. അവിടെ താമസിക്കാൻ കഴിയാതെയാകുന്നു. പ്രാദേശികമായ ജിയോളജിക്കൽ ഫാക്ടേഴ്സ് ആണ് അതിന് കാരണം. പക്ഷെ അതിനെക്കുറിച്ച് നമ്മൾ വ്യക്തമായി പഠിക്കുന്നില്ല എന്നതാണ് പ്രശ്നം. കാലാവസ്ഥയിലുണ്ടാകുന്ന ആഗോളമായ മാറ്റങ്ങൾ ഒരുവശത്തുള്ളപ്പോൾ പ്രദേശികമായ ഇത്തരം മാറ്റങ്ങൾ ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. സ്ഥിരമായി മോണിറ്റർ ചെയ്ത്, ഡാറ്റ സൂക്ഷിക്കാൻ ശാസ്ത്ര സ്ഥാപനങ്ങൾക്ക് കഴിയണം. റിമോട്ട് സെൻസിംഗ് ടെക്നോളജി വഴി ഭൂമിയുടെ ഉപരിതലത്തിലെ വ്യതിയാനങ്ങൾ മോണിറ്റർ ചെയ്യാൻ ഇന്ന് കഴിയും. മുല്ലപ്പെരിയാർ ഡാമിന്റെ ഡിഫോർമേഷൻ പോലും നമ്മൾ മോണിറ്റർ ചെയ്യുന്നില്ല. മഴ തുടങ്ങി വെള്ളം നിറയുമ്പോൾ ഡാം സ്ട്രക്ചറിലുണ്ടാകുന്ന മാറ്റം മോണിറ്റർ ചെയ്യേണ്ടതാണ്. മില്ലിമീറ്റർ കണക്കാണെങ്കിൽ പോലും ആ ഡാറ്റ പ്രധാനമാണ്. അത്തരത്തിലുള്ള പഠനങ്ങൾ നമ്മൾ നടത്തുന്നില്ല എന്നതാണ് പ്രശ്നം. ജോഷിമഠ് ദുരന്തത്തിൽ നിന്നും നമ്മൾ പഠിക്കേണ്ടതും അതാണ്.

(ഭൗമശാസ്ത്ര ​ഗവേഷകൻ, പ്രൊഫസർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ബാം​ഗ്ലൂർ)

സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്

Also Read