രാഷ്ട്രീയം സംസാരിക്കേണ്ട പ്രൈഡ് മാസം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വീണ്ടുമൊരു ജൂൺ മാസം. ക്വിയർ മനുഷ്യരെ സംബന്ധിച്ചിടത്തോളം ജൂൺ ലിംഗ- ലൈംഗിക സ്വാഭിമാനത്തിന്റെ മാസമാണ്. ക്വിയർ മനുഷ്യരുടെ ജീവനാവകാശങ്ങൾ ആഗോളമായി തന്നെ ഹനിക്കപ്പെടുമ്പോൾ ഈ പ്രൈഡ് മാസം എന്താണ് നമ്മളെ ഓർമ്മിപ്പിക്കുന്നത് ? എങ്ങനെയാണ് ഈ സാഹചര്യത്തെ നമുക്ക് നേരിടാനാകുക?

ഹിന്ദുത്വ ഹിംസയും ക്വിയർ ശരീരങ്ങളും

ഇന്ത്യയിൽ, ട്രാൻസ്- ക്വിയർ ശരീരങ്ങളെ ക്രിമിനൽവത്കരിക്കുന്ന നിയമം ഹിന്ദുത്വ ഭരണകൂടം അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ തുടരുന്നു. ഐ.പി.സി 377-ആം വകുപ്പ്, ക്രിമിനൽ ട്രൈബ്‌സ് ആക്ട് തുടങ്ങിയ കൊളോണിയൽ നിയമങ്ങൾ ആൺ-പെൺ ദ്വന്ദ്വത്തിലേക്ക് ചുരുങ്ങാത്ത ശരീരങ്ങളെ കുറ്റവാളികളായി മനസ്സിലാക്കിയിരുന്നു. കൊളോണിയലിസം ഹിജ്റ ശരീരങ്ങൾക്ക് മേൽ വലിയ തോതിലുള്ള ഹിംസകളാണ് അഴിച്ചുവിട്ടത്. ഇതേ കൊളോണിയൽ നിയമത്തിന്റെ തുടർച്ചയാണ് പുതിയ ഭേദഗതിയിലുമുള്ളത്.

2014 ഏപ്രിൽ 15-ലെ സുപ്രീം കോടതിയുടെ ‘നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA)വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിധി രാജ്യത്തെ മാനകേതര ലിംഗത്വ ശരീരങ്ങളുടെ അവകാശങ്ങളെ സ്ഥാപിക്കുകയുണ്ടായി. ട്രാൻസ്ജെൻഡർ ശരീരങ്ങൾക്ക് ഭരണഘടനാപരമായ എല്ലാവിധ അവകാശങ്ങളുമുണ്ടെന്ന സ്ഥിതി വരുന്നത് ഈ വിധിയോടെയാണ്. ഇന്ത്യയിലെ പൗരശരീരമായി ട്രാൻസ്ജെൻഡർ ശരീരങ്ങൾ മാറുന്നത് ഈ വിധിയുടെ ബലത്തിലാണ്. ‘ലിംഗനീതിയുടെ മാഗ്നാകാർട്ട’ എന്ന മട്ടിൽ ഈ വിധി വിശേഷിപ്പിക്കപ്പെട്ടു. സുപ്രധാനമായ ചില നിരീക്ഷങ്ങൾ ഈ വിധിയുടെ ഭാഗമായുണ്ടായി. ഒരാളുടെ ലിംഗത്വം നിർണ്ണയിക്കാനുള്ള അവകാശം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കും എന്ന നിരീക്ഷണം ശരീരങ്ങളുടെ സ്വയംനിർണ്ണയനാവകാശത്തെ ഉയർത്തിപ്പിടിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളെ ‘Third Gender’ ആയി അംഗീകരിച്ച ഈ വിധി ജീവശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ സ്ഥിരീകരണമില്ലാതെ തന്നെ പുരുഷനോ, സ്ത്രീയോ, ട്രാൻസ്ജെൻഡറോ ആയി വ്യക്തികൾക്ക് സ്വയം തിരിച്ചറിയാൻ അവകാശമുണ്ടെന്ന് സ്ഥിരീകരിച്ചു. ഈ വിധിന്യായം ലിംഗസ്വത്വത്തെ മൗലികാവകാശങ്ങളിൽ അധിഷ്ഠിതമാക്കി. പ്രധാനമായും, ലിംഗത്വം വൈദ്യശാസ്ത്രപരമായി പരിശോധിക്കപ്പെടണമെന്ന ആശയം നിരാകരിച്ച ഈ വിധി ലിംഗത്വത്തെ വ്യക്തിക്ക് സ്വതസിദ്ധമായ സഹജമായ ധാരണാവിശേഷമാണെന്ന് വിശേഷിപ്പിച്ചു. ഭരണഘടന ഊന്നുന്ന ലിംഗം (Sex) എന്നതിന്റെ അർത്ഥം ലിംഗത്വം (Gender) എന്ന നിലയിലേക്ക് വികസിപ്പിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ക്വിയർ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ഈ വിധി സമൂലമായ മാറ്റത്തെ പ്രതീകപ്പെടുത്തി.

ട്രാൻസ്‌ജെൻഡർ ഭേദഗതി ബില്ലിനെതിരെ 2026 മാർച്ച് 22 ന് അഹമ്മദാബാദിൽ നടന്ന പ്രതിഷേധം. കടപ്പാട്:AP

ഇതിന്റെ തുടർച്ചയെന്നോണം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം, പാർപ്പിടം എന്നിവയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടുള്ള ട്രാൻസ്‌ജെൻഡർ നയം (2015) അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. നൽസ വിധിന്യായത്തോടുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു ഈ നയം. കേരളത്തിൽ ട്രാൻസ് അവകാശങ്ങൾ ഉറപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പായിരുന്നു ഈ നീക്കം. നൽസാനന്തരം ട്രാൻസ് മനുഷ്യരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടു. ഇക്കഴിഞ്ഞ വർഷങ്ങളിൽ പലതരത്തിലുള്ള ക്ഷേമ പദ്ധതികൾ ട്രാൻസ് മനുഷ്യരെ കേന്ദ്രീകരിച്ചുണ്ടായി.

പുതിയ ഭേദഗതിയാകട്ടെ, ഇത്രയും കാലം കൊണ്ട് നേടിയെടുത്ത അവകാശങ്ങളെ അപ്പാടെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിനേൽക്കുന്ന വലിയ പ്രഹരമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ (2026) മാറുന്നു. ലിംഗത്വത്തിൻ്റെ സ്വയം നിർണ്ണയാവകാശം നീക്കം ചെയ്യാനും, ‘ട്രാൻസ്‌ജെൻഡർ’ എന്നതിന്റെ നിർവചനം ചുരുക്കാനും ഈ ഭേദഗതി നിർദ്ദേശിക്കുന്നു. ഇതിലൂടെ ക്വിയർ മനുഷ്യരുടെ അടിസ്ഥാനാവകാശങ്ങളെ മൊത്തമായും നിഷേധിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. സ്വയം നിർണ്ണയാവകാശത്തെ ഉദ്യോഗസ്ഥ പരിശോധനയിലേക്ക് മാറ്റിസ്ഥാപിക്കുക വഴി ലിംഗത്വം നിർവചിക്കാനുള്ള അധികാരം വ്യക്തിയിൽ നിന്ന് മെഡിക്കൽ, ഭരണകൂട വൃന്ദങ്ങളിലേക്ക് മാറുന്നു. ഇതാകട്ടെ നൽസയിൽ സ്ഥിരീകരിച്ചിരിക്കുന്ന ഭരണഘടനാ തത്വങ്ങൾക്ക് തീർത്തും വിരുദ്ധമാണ്. നിയമപരമായ വർഗ്ഗീകരണത്തിലൂടെയും നിരീക്ഷണത്തിലൂടെയും ലിംഗ വൈവിധ്യത്തെ നിയന്ത്രിക്കുന്ന വിശാലമായ ആഗോള പ്രവണതകളുമായി ഹിന്ദുത്വ ഭരണകൂടവും കണ്ണിചേരുന്നത് ഈ ഭേദഗതി പ്രതിഫലിപ്പിക്കുന്നു.

നിയമപരമായ വിമോചനത്തിന്റെ പരിധികൾ കുറേക്കൂടി വെളിപ്പെടുന്ന സന്ദർഭം കൂടിയാണിത്. കോടതികളിലൂടെ നേടിയെടുക്കുന്ന നിയമപരമായ വിജയങ്ങൾ ശാശ്വതമല്ലെന്ന് ഈ തിരിച്ചടി വെളിവാക്കുന്നു. നിയമപരമായ അംഗീകാരം വിമോചനമല്ലെന്ന് ഈ നിമിഷം നമ്മെ ഓർമ്മിപ്പിക്കുന്നു. കോടതികൾക്ക് അവകാശങ്ങൾ സ്ഥിരീകരിക്കാൻ കഴിയും. പക്ഷേ അവയ്ക്ക് മാത്രം സാമൂഹിക ശ്രേണികളെ തകർക്കാനോ രാഷ്ട്രീയ തിരിച്ചടി തടയാനോ കഴിയില്ല. അതുകൊണ്ട് തന്നെ, കോടതി വിജയങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ലൈംഗിക വിമോചനം സാധ്യമല്ല. കൂട്ടായ പ്രസ്ഥാനങ്ങൾ, സാംസ്കാരിക പരിവർത്തനം, ശരീരങ്ങളെയും സ്വത്വങ്ങളെയും നിർവചിക്കാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെക്കുറിച്ചുള്ള സമൂലമായ വിമർശനങ്ങൾ എന്നിവയിൽ നിന്നും പുതിയ രാഷ്ട്രീയ ഭാവനകൾ ഉയർന്നുവരണം.

നിർവചനങ്ങളിലെ കെണികൾ

നിർവചനങ്ങൾ എപ്പോഴും പുറന്തള്ളലുകളുടേതാണ്. നിർവചനങ്ങളിലുള്ള സംശയം ക്വിയർ രാഷ്ട്രീയ/അക്കാദമിക അന്വേഷണങ്ങളിൽ തുടക്കം മുതൽക്കേയുണ്ട്. ക്വിയർ എന്ന വാക്ക് നിർവചനങ്ങൾക്ക് എതിരെ നീങ്ങുന്നു. ആ വാക്കിനെ നിർവചിക്കാതിരിക്കേണ്ടത് ഒരു രാഷ്ടീയാവശ്യമായി ബട്ലർ ഊന്നുന്നുണ്ട്. ശരീരങ്ങളെ കൃത്യമായി നിർവചിച്ച് ഉറപ്പിക്കേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ശരീരങ്ങളെ മെരുക്കാനാണ് ആദ്യമേ തന്നെ അവയെ നിർവചിക്കുന്നത്. പുതിയ ഭേദഗതി ‘ട്രാൻസ് ജെൻഡർ’ എന്നതിനെ കൃത്യമായി നിർവചിക്കാനും നിയന്ത്രിക്കാനും ഉന്നം വെക്കുന്നു. ‘ട്രാൻസ്‌ജെൻഡർ’ എന്ന രൂപം സ്വത്വ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആഗോള വ്യവഹാരങ്ങളിൽ നിന്നാണ് ഉയർന്നുവരുന്നത്. ലിംഗ വ്യത്യാസത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന താരതമ്യേന സമീപകാലത്തെ ഒരു ആശയപരമായ ചട്ടക്കൂടാണിത്. കേരളത്തിന്റെ സാഹചര്യത്തിൽ ഈയിടെ മാത്രമാണ് ട്രാൻസ്ജെൻഡർ എന്ന പദം വ്യാപകമായി പ്രചാരം നേടുന്നത്. ട്രാൻസ്ജെൻഡർ ചരിത്രം എഴുതുന്ന സന്ദർഭത്തിൽ സൂസൻ സ്ട്രൈക്കർ “ഇക്കഴിഞ്ഞ ദശകങ്ങളിൽ ഉടലെടുത്ത വാക്കെന്ന നിലയിൽ ട്രാൻസ്ജെൻഡർ എന്നതിന്റെ അർത്ഥം ഇപ്പോഴും വികസിച്ചുകൊണ്ടേയിരിക്കുന്നു” എന്ന് എഴുതുന്നുണ്ട്. ‘തെരഞ്ഞെടുക്കാത്ത ഒരാരംഭസ്ഥാനത്തു നിന്ന് സാമൂഹികാതിർത്തികൾ മറികടന്നുള്ള ചലനമായാണ്’ സൂസൻ സ്ട്രൈക്കർ ട്രാൻസ്ജെൻഡർ അവസ്ഥയെ നിർവചിക്കുന്നത്. ആൺ പെൺ എന്ന സാമൂഹിക നിർമ്മിതാതിരുകളെ മറികടന്നുള്ള ചലനമാണിത്. ഈ ചലനത്തിൽ കൃത്യമായ നിർവചനങ്ങൾ പരാജയപ്പെടുന്ന സ്ഥിതി കൂടിയുണ്ട്.

Representative Image

ഇന്ത്യൻ സാഹചര്യത്തിൽ നൽസ വിധിയെ തുടർന്ന് ലിംഗത്വ സംബന്ധിയായ എല്ലാത്തരം അനിശ്ചിതത്വങ്ങളെയും പരിഹരിക്കുന്ന ഒരു കോളം എന്ന നിലയിലാണ് ട്രാൻസ്ജെൻഡറിനെ മനസ്സിലാക്കിയത്. മിശ്രലിംഗാവസ്ഥയും സാംസ്കാരിക രൂപങ്ങളായ ശിവശക്തി, ജോഗപ്പ, ഹിജ്റ, കിന്നര എന്നിവയും ട്രാൻസ്‌വിമെൻ, ട്രാൻസ്മെൻ, നോൺ-ബൈനറി സ്വത്വങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന കുടവാക്കായാണ് (Umbrella term) നിയമവ്യവഹാരങ്ങളിൽ ഈ വാക്കിനെ സ്ഥാനപ്പെടുത്തിയിരുന്നത്. പുതിയ ഭേദഗതിയിലൂടെ ഈ ട്രാൻസ്ജെൻഡർ എന്നതിൻ്റെ അർത്ഥം ഭരണകൂട യുക്തിക്ക് അനുസൃതമായി നിജപ്പെടും. സാംസ്കാരിക സ്വത്വരൂപങ്ങളായ ഹിജ്റ, കിന്നര, ജോഗപ്പ തുടങ്ങിയവയെയും ഇൻ്റർസെക്സ് ശരീരങ്ങളെയും മാത്രമാണ് ഭേദഗതി പ്രകാരം ട്രാൻസ്ജെൻഡർ എന്ന വിഭാഗമായി ഭരണകൂടം എണ്ണുന്നത്. ശസ്ത്രക്രിയ, മെഡിക്കൽ സർട്ടിഫിക്കേഷൻ, ഭരണകൂട മേൽനോട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ലിംഗത്വം നിർണ്ണയിക്കപ്പെടുക. ലിംഗത്വം സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങൾക്ക് വിധേയരാകുന്ന വ്യക്തികളുടെ വിശദാംശങ്ങൾ മെഡിക്കൽ സ്ഥാപനങ്ങൾ സംസ്ഥാന അധികാരികൾക്ക് നൽകണമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഇതാകട്ടെ സ്വകാര്യതയുടെ ലംഘനമാണ്. ഭേദഗതി വൈദ്യശാസ്ത്രപരമായി പരിശോധിച്ചുറപ്പിക്കേണ്ടതും ഉദ്യോഗസ്ഥപരമായി രേഖപ്പെടുത്തേണ്ടതും ആയ ഒന്നായി ലംഗത്വത്തെ ചുരുക്കുന്നു. ലിംഗത്വത്തിൻ്റെ ദ്രവ്യതയെക്കുറിച്ചുള്ള ആഴത്തിലുള്ള ഭരണകൂട ഉത്കണ്ഠയെ ഭേദഗതി വെളിവാക്കുന്നു.

നിരന്തര സമരം

നിരന്തര സമരങ്ങളിലൂടെയാണ് ക്വിയർ മനുഷ്യർ ഓരോ അവകാശങ്ങളും നേടിയെടുത്തത്. 1969- ലെ സ്റ്റോൺവാൽ വിമോചന സമരവും ഇന്ത്യയിൽ ഐ.പി.സി. 377 നെ കേന്ദ്രീകരിച്ചുണ്ടായ നിയമപോരാട്ടങ്ങളും നൽസ വിധിയും സംവരണത്തിനായുള്ള സമരങ്ങളുമെല്ലാം ഈ തുടർച്ചയിൽ പെടുന്നു. കഴിഞ്ഞ കുറെക്കാലമായി ക്വിയർ മനുഷ്യർ ജീവൻ വരെ നൽകി നേടിയെടുത്ത അവകാശങ്ങൾക്ക് മേലെയാണ് ഹിന്ദുത്വ ഭരണകൂടം ഇപ്പോൾ കൊടുവാൾ വെച്ചിരിക്കുന്നത്. ക്വിയർ മനുഷ്യരെ ആകമാനം ക്രിമിനൽവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ ശ്രമങ്ങളെ കാണണം. ലോകമാകെ വലതുപക്ഷ ഭരണകൂടങ്ങൾ ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ വലിയ കെടുതികളാണ് വരുത്തുന്നത്.

Representative Image

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണമെന്ന പേരിൽ അവകാശങ്ങളെയാകെ ഹനിക്കുന്ന ഭേദഗതി ബിൽ, ഒറ്റപ്പെട്ട നിയമനിർമ്മാണമായല്ല കാണേണ്ടത്. ആഗോളമായി സംഭവിക്കുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങളുമായി ചേർത്തുവെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആഗോളമായി സംഭവിക്കുന്ന ട്രാൻസ് വിരുദ്ധ വ്യവഹാരങ്ങളിൽ നിന്നും പുതിയ നീക്കങ്ങളെ വേർതിരിക്കാനാവില്ല. LGBTIQ+ വിരുദ്ധ നിയമനിർമ്മാണ പ്രവണതകളിൽ വൻ തോതിലുള്ള വർദ്ധനവ് ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സംരക്ഷണം, ധാർമ്മികത എന്നിവയുടെ സമാനമായ വ്യവഹാരങ്ങളിലൂടെയാണ് ഈ നിയമനിർമ്മങ്ങളെല്ലാം ന്യായീകരിക്കപ്പെടുന്നത്. ലിംഗത്വം സ്ഥിരീകരിക്കുന്ന പരിചരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ, വിദ്യാഭ്യാസ ഇടങ്ങളിൽ സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ചർച്ചകൾ നിരോധിക്കുക, ജൈവശാസ്ത്രപരമായി ലിംഗത്വത്തെ പുനർനിർവചിക്കുക എന്നിവ ആഗോളാമായി സംഭവിക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ഈ ആഗോള ക്വിയർ വിരുദ്ധ നിയമ നിർമ്മാണങ്ങളോട് ചേരുന്നു. ആൺ-പെൺ ദ്വന്ദ്വങ്ങളെ സ്ഥിരപ്പെടുത്താനും ഈ മാനക ക്രമത്തെ വെല്ലുവിളിക്കുന്ന ശരീരങ്ങളുടെ മേൽ നിയന്ത്രണം പുനഃസ്ഥാപിക്കാനും ഉള്ള ഭരണകൂട ശ്രമങ്ങൾക്ക് ആഗോള തുടർച്ചയുണ്ട്.

പുതിയ ഭേദഗതിയെ കുറിച്ച് മൗനം പാലിക്കുന്ന മനുഷ്യരും, അനുകൂലിക്കുന്ന മനുഷ്യരും ഫാഷിസ്റ്റ് ഭരണത്തിന് കീഴിൽ ആരും സുരക്ഷിതരല്ലെന്ന് തിരിച്ചറിയണം. നാളെ ഭരണകൂടം നിങ്ങളെയും തേടി എത്തും. നമ്മുടെ എല്ലാവരുടെയും സമരങ്ങളൊന്നുതന്നെയാണെന്ന തിരിച്ചറിവിൽ ജനാധിപത്യത്തിനായുള്ള സമരത്തിൽ എല്ലാവരും അണിനിരക്കുക.

ഈ ക്വിയർ പ്രൈഡ് മാസം, കേവലമായ ആഘോഷങ്ങളുടേതല്ല. ഇക്കാലം രാഷ്ട്രീയം സംസാരിക്കേണ്ട കാലമാണ്. ഇനി നമ്മൾ കോർപ്പറേറ്റ് കമ്പനികളെ മഴവിൽ പൂശി സോഷ്യൽ മീഡിയയിൽ കാണും. ആ പുരോഗമന നാട്യം നമ്മുടെ വിമോചനമല്ല. കൂട്ടായ പോരാട്ടങ്ങളിലാണ് നമ്മുടെ വിമോചനം. മുതലാളിത്തവും ഹിന്ദുത്വവും സയണിസവും ക്വിയർ മനുഷ്യരെ രക്ഷിക്കില്ല.

Also Read

5 minutes read June 9, 2026 2:20 pm