ഹാത്രസിൽ ജീവിക്കാൻ കഴിയാതെ പെൺകുട്ടിയുടെ കുടുംബം

ഹാത്രസ് കൂട്ടബലാത്സംഗ കൊലപാതകത്തിന് ഇന്ന് മൂന്ന് വർഷം പൂർത്തിയാകുന്നു. കേസിലെ പ്രതികളിൽ ഒരാൾ മാത്രമാണ് ഇന്ന് ജയിലിൽ കിടക്കുന്നത്, മൂന്ന് പേർ കുറ്റവിമുക്തരായി പുറത്താണ്. അതേസമയം, കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇന്ന് അതിഭീകരമായ ഒരു തടവറയിലാണ്. അവരുടെ വീട് സി.ആർ.പി.എഫിന്റെ കന്റോൺമെന്റായി മാറിയിട്ടുണ്ട്. ഭൂൽഗഢി എന്ന ചടുലമായിരുന്ന ഗ്രാമം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒരു ചതുപ്പ് നിലമായി മാറിയിരിക്കുന്നു. മൂന്ന് വർഷം മുൻപ്, 2020 സെപ്തംബർ 14 മുതൽ 29 വരെയുള്ള രണ്ടാഴ്ചകൾ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ, നിയമപാലനത്തിന്റെ പരാജയത്തിന് ​ഗ്രാമം സാക്ഷിയായി. സെപ്തംബർ 14ന് രാവിലെ 11 മണിയോടെ ഭൂൽഗഢി ഗ്രാമത്തിലെ 19 വയസ്സുള്ള ദലിത് പെൺകുട്ടിയെ വീടിന് സമീപത്തുള്ള വയലിന് നടുവിൽ നിന്ന് ചോരയിൽ കുതിർന്ന കീറിപ്പറിഞ്ഞ വസ്ത്രത്തിൽ കാണപ്പെടുന്നു. ഏകദേശം 16 ദിവസത്തോളം ജീനുമായി മല്ലിട്ട് സെപ്തംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നു. പെൺകുട്ടിയുടെ മൃതദേഹം ഉത്തർപ്രദേശ് പൊലീസ് തിടുക്കത്തിൽ ഇരുട്ടിന്റെ മറവിൽ, ഗ്രാമത്തിൽ നിന്ന് കുറച്ചുമാറി കുടുംബത്തിന്റെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ കുടുംബാംഗങ്ങളെ കായികമായി നേരിട്ട്, ദഹിപ്പിക്കുന്നു.

ഏറെ മുറവിളികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നു. സി.ബി.ഐ അന്വേഷിച്ച് നാല് പ്രതികളിൽ മൂന്നു പേരെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ട ഒരു പ്രതിക്കെതിരെയുള്ള കേസാവട്ടെ മനഃപൂർവ്വമല്ലാത്ത നരഹത്യയും. അതേസമയം, മരിച്ച പെൺകുട്ടിയുടെ അമ്മാവന് നേരെ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ ആക്രമണവും മാധ്യമ പ്രവർത്തകർക്ക് നേരെ എസ്.ഡി.എം നടത്തിയ മോശമായ പെരുമാറ്റവും ജനങ്ങൾ മറന്നു. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോവുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസുകാർ നിലത്തേക്ക് തള്ളിയിട്ടതും ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ തടഞ്ഞതും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയേനെ ക്ഷുഭിതനായ മജിസ്ട്രേറ്റ് തള്ളി താഴെയിട്ടതും ആരും ഓർക്കുന്നുപോലുമില്ല. ഈ കേസ് അൽപമെങ്കിലും സജീവമായി നിലനിൽക്കുന്നത് ഈ ലേഖകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണെന്ന് തോന്നുന്നു. ഹാത്രസിലെ പെൺകുട്ടി അന്താരാഷ്ട്രതലത്തിൽ ചർച്ചയായതും ദേശീയ തലത്തിൽ വളരെ സജീവമായി നിലനിന്നതും ഈ ലേഖകന്റെ അറസ്റ്റും അതിന്റെ നിയമ നടപടികളും കാരണമാണെന്ന് തോന്നുന്നു. എന്നാൽ പോലും പെൺകുട്ടിക്ക് നീതിലഭ്യമാകുന്നതിന് അത് സഹായകമായിട്ടില്ല.

പെൺകുട്ടിയുടെ വീട്ടുമുറ്റത് സി.ആർ.പി.എഫ് നിർമിച്ച ക്യാമ്പ്

ഡൽഹിയിലെ നിർഭയ കേസിന്റെ പ്രിവില്ലേജ് പോലും ലഭിക്കാതെയാണ് ഹാത്രസ് കേസ് കേവലം മനപ്പൂർവ്വമല്ലാത്ത നരഹത്യയായി ചുരുങ്ങി ഇല്ലാതാവുന്നത്. ബലാൽസംഗം നടന്നുവെന്ന് പോലും കണ്ടെത്താൻ കഴിയായത്ത അന്വേഷണമാണ് രാജ്യത്തെ സുപ്രധാനമായ ഏജൻസി നടത്തിയത്. പെൺകുട്ടിയുടെ ജാതി, സാമുദായിക പശ്ചാതലം എന്നിവ കേസിന്റെ പ്രവില്ലേജിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.

കന്റോൺമെന്റായി മാറിയ ഭൂൽഗഢി

ഹാത്രസ് ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ ദൂരെയാണ് ഭൂൽഗഢി ഗ്രാമം. ഇവിടേക്കുള്ള റോഡുകൾക്ക് ഇരുവശവും പൂത്തുനിൽക്കുന്ന വയലുകളും വഴിയോരങ്ങളിലെ നടപ്പാതകളും ലക്ഷ്യമില്ലാതെ അലഞ്ഞ് നടക്കുന്ന നായകളും ഉത്തർപ്രദേശിലെ മറ്റേതൊരു ഗ്രാമത്തേയും പോലെയേ തോന്നിക്കുകയുള്ളു. എന്നാൽ, വഴിയാത്രക്കാർക്ക് നേരെയുള്ള ഇവിടത്തുക്കാരുടെ സംശയാസ്പദമായ നോട്ടം നമ്മെ അലോസരപ്പെടുത്തും. അസാധാരണമായ ഒരു പ്രദേശത്താണ് നാം എത്തിച്ചേർന്നിരിക്കുന്നത് എന്ന ഒരു തോന്നൽ നമുക്കുണ്ടാവും.

ഗ്രാമത്തിൽ പ്രവേശിച്ചാൽ ആദ്യം കാണുന്നത് പ്രതികളായ സന്ദീപ്, രാമു, രവി എന്നിവരുടെ വീടുകളാണ്. മൂന്നു വീടുകളും ഒരു നിരയിലാണ് നിർമിച്ചിരിക്കുന്നത്. ഈ ഗ്രാമത്തിലെ ജനവാസ കേന്ദ്രങ്ങളുടേയും വീടുകളുടെയും നിർമ്മാണ ഘടന ജാതി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്കുള്ള വ്യക്തമായ തെളിവാണ്. ദലിത് വിഭാഗത്തിലെ വാൽമീകി സമുദായത്തിൽ പെട്ട ഇരയായ പെൺകുട്ടിയുടെ വീട് ഗ്രാമത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ്. ഒരു ചെറിയ പഴയ വീട്, വീടിന്റെ മുൻപിൽ ഒരു കൊച്ചു ഗെയ്റ്റ്. അവിടെ ഒരു പോത്തിനെ കെട്ടിയിരിക്കുന്നു. ഠാക്കൂർ ആധിപത്യമുള്ള ഭൂൽഗഢി ഗ്രാമത്തിൽ ആകെ നാല് വാൽമീകി കുടുംബങ്ങളും രണ്ട് ബാർബർ, മൂന്ന് ബ്രാഹ്മിൺ കുടുംബങ്ങളുമാണ് വസിക്കുന്നത്. മറ്റ് കുടുംബങ്ങൾ എല്ലാം ഠാക്കൂറുകളുടേതാണ്.

സംഭവസ്ഥലം കാണിച്ചുതരുന്ന ഗ്രാമീണൻ

ഭൂൽഗഢി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ, യൂണിഫോം ധാരികളായ സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) സൈനികരേയും അവരുടെ ക്യാമ്പ് പോലുള്ള ടെന്റുകളും കണ്ടപ്പോൾ തന്നെ ഇരയുടെ വീട് ഏതാണെന്ന് ഊഹിക്കാമായിരുന്നു. എന്നാൽ, ഈ കുടുംബത്തെ കാണാൻ എത്തുന്ന ഓരോ സന്ദർശകനും ഒരു സുരക്ഷാ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്. സന്ദർശകർ അവരുടെ പേരും വിലാസവും മൊബൈൽ നമ്പറും സി.ആർ.പി.എഫ് നൽകുന്ന ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം സന്ദർശകർ വന്ന കാര്യം ഒരു സൈനികൻ കുടുംബത്തെ അറിയിക്കും. അതിന് ശേഷമേ അവരുമായുള്ള കൂടിക്കാഴ്ച സാധ്യമാവൂ.

സംഭവത്തിന് ശേഷം, ഒമ്പത് അംഗങ്ങൾ അടങ്ങിയ ഇരയുടെ കുടുംബം നാല് ചുവരുകൾക്കുള്ളിൽ അവഗണിക്കപ്പെട്ട് ഒരു ജയിൽ സമാനമായ അന്തരീക്ഷത്തിൽ, സി.ആർ.പി.എഫ് ജവാൻമാരുടെ മുഴുസമയ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇരയുടെ കുടുംബത്തിന്റെ ‘സംരക്ഷണ’ത്തിനായി 135 സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ അടങ്ങിയ ഒരു കമ്പനിയെ തന്നെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ കാരണത്താൽ കുടുംബത്തിലെ ഒരാൾക്ക് പോലും സി.ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ അകമ്പടി കൂടാതെ പുറത്തുപോകാൻ അനുമതിയില്ല. കുടുംബത്തിൽ നിന്ന് ആരെങ്കിലും തങ്ങളുടെ എരുമക്ക് തീറ്റ കൊണ്ടുവരാൻ വയലിൽ പോകുമ്പോൾ പോലും ആധുനിക ആയുധങ്ങൾ ഏന്തിയ സൈനികനൊപ്പമാണ് പോവേണ്ടത്. കാലികൾക്ക് വേണ്ട തീറ്റ ശേഖരിക്കുന്നത് വരെ കുടുംബാംഗങ്ങൾക്കൊപ്പം സൈനികൻ വയലിൽ നിൽക്കും.

നോയ്ഡയിൽ നിന്ന് വല്ലപ്പോഴും വരുന്ന ഏതാനും ബന്ധുക്കളോ മാധ്യമപ്രവർത്തകരോ ഒഴികെ സന്ദർശകരായി ആരുമില്ല. ഇരയുടെ കുടുംബത്തെ ഗ്രാമത്തിലെ പൊതുപരിപാടികളിലേക്കോ ഉത്സവങ്ങൾക്കോ ക്ഷണിക്കാറില്ല. ഈ കുടുംബത്തിന് ലഭിച്ച സുരക്ഷ ഒരു വശത്ത് സുരക്ഷിതത്വവും മറുവശത്ത് ബന്ധനവും ആയി മാറിയിരിക്കുന്നു. മൂന്ന് വർഷമായി ഈ കുടുംബം വീടിനുള്ളിൽ ബന്ധനത്തിലാണ്. കുടുംബത്തിലെ ഒരംഗത്തിനും തൊഴിലിനായി പുറത്ത് ഇറങ്ങാൻ സാധിക്കില്ല. സർക്കാരിൽ നിന്ന് ലഭിച്ച 25 ലക്ഷം രൂപ കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. സി.ആർ.പി.എഫിന്റെ സാന്നിദ്ധ്യത്തിൽ അല്ലാതെ കുടുംബാംഗങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കാനാവില്ല. കൊല്ലപ്പെട്ട പെൺകുട്ടിയുടെ രണ്ട് സഹോദരന്മാരോട് സംസാരിച്ചപ്പോൾ ആണ് കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കുറച്ചെങ്കിലും വ്യക്തമായത്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങൾ

വീട്ടുതടങ്കൽ

“ഞങ്ങൾക്ക് പുറത്തിറങ്ങി ജോലി ചെയ്ത് സമ്പാദിക്കാൻ സാധച്ചിരുന്നെങ്കിൽ സർക്കാർ നൽകിയ 25 ലക്ഷം രൂപ ഞങ്ങൾക്ക് അർത്ഥവത്തായി ഉപയോഗപ്പെടുത്താമായിരുന്നു, എങ്കിൽ, ഞങ്ങളുടെ സ്ഥിതി ഇന്ന് അൽപം മെച്ചപ്പെടുമായിരുന്നു…” പുറത്തിറങ്ങി ഉപജീവനം കണ്ടെത്താനാകാത്തതിനെ കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ സഹോദരന്മാരോട് സംസാരിച്ചത് അവരുടെ അമ്മാവന്റെ വീട്ടിൽ ഇരുന്നായിരുന്നു. 2020 നവമ്പർ ഒന്ന് മുതൽ വീടിന്റെ മുറ്റത്ത് സി.ആർ.പി.എഫ് കൂടാരം സ്ഥാപിച്ചു. സഹോദരൻമാരുമായി സംസാരിക്കുന്നത് കേൾക്കാൻ മൂന്ന് സി.ആർ.പി.എഫ് ജവാന്മാരാണ് ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ അമ്മയേയും സഹോദരിയേയും കാണാൻ സാധിച്ചില്ല.

“നിങ്ങൾ ഞങ്ങളുട അമ്മയോട് സംസാരിച്ചാൽ ഞങ്ങളുടെ സഹോദരിയെ ഓർത്ത് അമ്മയേറെ അസ്വസ്ഥയാകും. ഇപ്പോൾ ഞങ്ങൾ അധികം ആരേയും കാണുന്നില്ല. മാധ്യമങ്ങൾക്ക് ബൈറ്റുകൾ നൽകാറില്ല. മൂന്ന് വർഷം തടവറയിൽ എന്ന പോലെ തനിച്ചിരിക്കുകയാണ്. ഇപ്പോൾ അധികം ആരേയും കാണാൻ തോന്നുന്നില്ല. കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി പോകേണ്ടി വരുമ്പോൾ മാത്രമാണ് അമ്മ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. ഈ മൂന്ന് വർഷത്തിനുള്ളിൽ ഗ്രാമവാസികൾ ഞങ്ങളെ ബഹിഷ്കരിച്ചു. കൂടാതെ, ഞങ്ങൾ ബന്ധുവീടുകളിൽ പോകുന്നതും നിർത്തി.” പെൺകുട്ടിയുടെ ഇളയ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ മൂത്ത സഹോദരന് മൂന്ന് പെൺമക്കളാണ്. അതിൽ മൂത്ത മകളെ പഠനത്തിനായി ഗ്രാമത്തിന് പുറത്തെ ബന്ധുവിനൊപ്പം നിർത്തിയിരിക്കുകയാണ്. ഇളയ രണ്ട് പെൺമക്കളും സ്കൂളിൽ പോവേണ്ട പ്രായം ആയിട്ടുണ്ടെങ്കിലും ‘വീട്ടുതടങ്കലിൽ’ ആയതിനാൽ ഇതുവരെ സ്കൂളിൽ പോവാൻ സാധിച്ചിട്ടില്ല.

ഹാത്രസ് ജില്ല കാര്യാലയം

“ഈ സംഭവത്തിന് ശേഷം, ഒരിക്കൽ എന്റെ 9 വയസ്സുകാരിയായ മൂത്തമകൾ ഒരു സി.ആർ.പി.എഫുക്കാരന്റെ കൂടെ പാലു വാങ്ങാൻ കടയിൽ പോയിരുന്നു, അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ സാർ അവളെ ഇരുത്തി, അപ്പോൾ അവിടെ നിന്നിരുന്ന ഒരു ഉയർന്ന ജാതിക്കാരൻ അവളെ കട്ടിലിൽ നിന്ന് എഴുന്നേൽപ്പിച്ചു, എന്റെ മകൾക്ക് ഇതിൽ വല്ലാത്ത വിഷമം തോന്നി, ചെറിയ കുട്ടികൾ ആണെങ്കിലും അവരും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. അതിന് ശേഷം അവൾ പാലു വാങ്ങാൻ പോയിട്ടില്ല. ഇത്തരത്തിലുള്ള വിവേചനം കാരണം ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നില്ല.” പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറയുന്നു.

ഈ കുടുംബത്തില അഞ്ച് സഹോദരി സഹോദരൻമാരിൽ നാലാമത്തെയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും. മൂന്ന് സഹോദരിമാരും രണ്ടും മൂന്നും ക്ലാസ് വരെ പഠിച്ചിട്ടുള്ളു.

“ഇവിടെ തൊട്ടുകൂടായ്മ കൂടുതലായതിനാൽ അവർ പഠിച്ചില്ല. ഞങ്ങൾ വാൽമീകി സമുദായത്തിൽ പെട്ടവരാണ്. ആളുകൾ ഞങ്ങളെ ഒരു പകർച്ചവ്യാധിയായാണ് കാണുന്നത്. എന്റെ സഹോദരി മരിച്ചു, ക്രമേണ മൂന്ന് വർഷം കടന്നു പോയി, ഗ്രാമത്തിൽ നിന്ന് ഒരാൾ പോലും ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല, ഞങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചില്ല..” ഇളയ സഹോദരൻ പറഞ്ഞു.

“മൂന്നു പ്രതികളെ വിട്ടയച്ചതിന് ശേഷം കഴിഞ്ഞ ഒന്നര മാസത്തോളം ഗ്രാമത്തിൽ ആഘോഷത്തിന്റെ അന്തരീക്ഷമായിരുന്നു, എല്ലാവരും അവരെ കാണാൻ പോയി, മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സംഗീതോപകരണങ്ങൾ വായിച്ചു. ഞങ്ങളുടെ സഹോദരി മരിച്ചതിൽ ആർക്കും ഒരു ഖേദവുമില്ല.” പെൺകുട്ടിയുടെ സഹോദരന്മാർ പറയുന്നു.

നീതിയുടെ പക്ഷപാതം

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ – സി.ബി.ഐ ആണ് ഈ കേസ് അന്വേഷിച്ചത്. 2020 ഒക്ടോബർ 11ന് കേസിൽ സി.ബി.ഐ, പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ശേഷം 104 പേരെ കേസിൽ സാക്ഷികളാക്കി. 2020 ഡിസംബർ 18ന് നാലു പേർക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുമുൻപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിൽ നാല് പ്രതികളും മരണപ്പെടുന്നതിന് മുൻപ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായി പറയുന്നുണ്ട്. ഉത്തർപ്രദേശ് പോലീസിന്റെ അനാസ്ഥയും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.

രണ്ടര വർഷത്തിന് ശേഷം, 2023 മാർച്ച് രണ്ടിന് വിധി വന്നപ്പോൾ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 3/110, 104 (മനപ്പൂർവ്വമല്ലാത്ത നരഹത്യ), എസ്.സി, എസ്.ടി ആക്ടുകൾ പ്രകാരം മുഖ്യപ്രതി സന്ദീപ് കുറ്റകാരനാണെന്ന് കണ്ടെത്തി. ബലാത്സം​ഗ കുറ്റം കേസിൽ നിന്ന് കോടതി ഒഴിവാക്കിയെങ്കിലും പ്രതി സന്ദീപ് സിങ്ങിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.

കോടതി കുറ്റവിമുക്തരാക്കിയ മൂന്ന് പേരും നിരപരാധികളല്ലെന്നാണ് പെൺകുട്ടിയുടെ സഹോദരൻമാർ പറയുന്നത്. സഹോദരിയുടെ അവസാന മൊഴി കോടതി അംഗീകരിച്ചില്ല, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന ചാന്ദ്പാ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറാണ് കോടതി അംഗീകരിച്ചത്.

അലിഗഢ് ആശുപത്രിയിൽ വെച്ച് പെൺകുട്ടി നൽകിയ മൊഴി, ഗ്രാമത്തിലെ നാല് പേർ ചേർന്ന് തന്നെ ബലാത്സം​ഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു എന്നായിരുന്നു. ഇതിന് ശേഷം സാദാബാദ് പോലീസ് സ്റ്റേഷനിൽ പോയി എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും സർക്കിൾ ഓഫീസർ ഇല്ലാത്തതിനാൽ, സ്റ്റേഷനിൽ എഴുതി നൽകിയെങ്കിലും സഹോദരിയുടെ മരണ മൊഴി അവർ രേഖപ്പെടുത്തിയില്ല. സെപ്തംബർ 18ന് ജില്ലാ പോലീസ് സൂപ്രണ്ടിന് കത്ത് നൽകി. എസ്.പി സർക്കിൾ ഓഫീസറെ സസ്പെൻഡ് ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പുതിയതായി ചുമതലയേറ്റ സി.ഒ അലിഗഢ് ആശുപത്രിയിൽ പോയി സെപ്തംബർ 22ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ, ഈ മരണ മൊഴി കോടതി പരിഗണിച്ചില്ല. വിചാരണാ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതി സമീപിക്കുന്ന കാര്യം പരിഗണനയിലാണ് – സഹോദരൻമാർ പറഞ്ഞു.

ചാന്ദ്പാ പോലീസ് സ്റ്റേഷൻ

ഈ കേസിന്റെ തുടക്കം മുതൽ തന്നെ ലോക്കൽ പോലീസ് ബോധപൂർവമായ അലസതയും പക്ഷപാതവും കാണിച്ചുവെന്നാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആർ ധാരാപുരി പറയുന്നത്. എഫ്.ഐ.ആർ തയ്യാറാക്കാൻ വൈകി, ഭരണകൂടം ഈ കേസ് കൈകാര്യം ചെയ്തത് തികച്ചും പെൺകുട്ടിക്ക് എതിരായിട്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ പെൺകുട്ടി ബലാത്സം​ഗത്തിനിരയായിട്ടില്ലെന്നാണ് ലഖ്നോവിൽ നിന്ന് പ്രഖ്യാപനം വന്നത്. പൊലീസ് പ്രതികൾക്കൊപ്പം നിന്നു, എഫ്.ഐ.ആർ ശരിയായി രജിസ്റ്റർ ചെയ്യാതിരുന്നത് കേസ് ദുർബലമാകാൻ കാരണമായി, ഇത് പ്രകികൾക്ക് ഗുണം ചെയ്തു എന്നാണ് ധാരാപുരി പറയുന്നത്.

പൊലീസ് എഫ്.ഐ.ആർ എഴുതുന്നതിൽ അശ്രദ്ധ കാണിച്ചാൽ, എസ്.സി, എസ്.ടി നിയമത്തിലെ സെക്ഷൻ 4 പ്രകാരം പൊലീസിനെയും പ്രതിയായി കണക്കാക്കി, അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്. ഈ കേസിൽ പൊലീസിനെതിരെ നടപടിയുണ്ടായില്ല, സസ്പെൻഡ് ചെയ്യുക എന്നത് ഒരു ശിക്ഷയല്ല – ധാരാപുരി കൂട്ടിച്ചേർത്തു.

അവരവരുടെ സത്യം

ഗ്രാമത്തിലെ ഇടുങ്ങിയ ഒരു വഴിവക്കിൽ, പ്രതികളുടെ കുടുംബത്തിലെ ചില സ്ത്രീകൾ നിൽക്കുന്നുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവരിൽ ഒരാൾ തന്റെ മൊബൈൽ ക്യാമറ ഓൺ ചെയ്ത് ഞങ്ങളുടെ വീഡിയോ എടുക്കാൻ തുടങ്ങി.

“ഇപ്പോഴും നിങ്ങൾക്ക് സമാധാനമായില്ലേ?… രണ്ടര വർഷം ജയിലിൽ കിടന്ന് തിരിച്ച് വന്ന മാധ്യമ പ്രവർത്തകന്റെ സംഭാവനയാണിത്… എല്ലാ ചാനലുകളും ബലാത്സംഗം, ബലാത്സംഗം എന്ന് വിളിച്ചു പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകനും ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചില്ല, രണ്ടര വർഷം ഞങ്ങളുടെ കുട്ടികൾ എങ്ങനെ ജീവിച്ചു, ഞങ്ങളുടെ ജീവിത ചിലവുകൾ എങ്ങനെ കണ്ടെത്തി, എന്നതിലൊന്നും ആർക്കും ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു.. അവർ (പെൺകുട്ടിയുടെ കുടുംബം) ഹരിജനങ്ങളാണ്, അതിനാൽ സർക്കാരും അവരെ വളരെയധികം സഹായിച്ചു…” കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കോപത്തോടെ പറഞ്ഞു.

പ്രതികളുടെ കുടുംബാംഗമായ സ്ത്രീ

ഈ സ്ത്രീകൾ മാധ്യമങ്ങളെ കുറിച്ച് വളരെ മോശമായി പറഞ്ഞു. അപ്പോൾ, ഗ്രാമത്തിലെ മറ്റു സ്ത്രീകൾ മുഖം മറച്ച് വാതിൽക്കൽ നിന്ന് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു. പ്രതികളുടെ വീട്ടുകാരല്ലാതെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീകളും സംസാരിക്കാൻ തയ്യാറായില്ല. സംഭവത്തിന് ശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി ഗ്രാമത്തിലെ മറ്റ് ജാതിയിലുള്ള കുടുംബങ്ങൾക്ക് യാതൊരു ബന്ധമോ സമ്പർക്കമോ ഇല്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു.

“അവർക്ക് (പെൺകുട്ടിയുടെ കുടുംബം) യഥാർത്ഥ ശിക്ഷ ലഭിച്ചു. അവർക്ക് സ്വന്തം ഇഷ്ട പ്രകാരം ടോയ്ലറ്റിൽ പോലും പോകാനാവുന്നില്ല. ടോയ്ലറ്റിൽ നിന്ന് പുറത്ത് വരാൻ കുറച്ച് വൈകിയാൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ വാതിലിൽ മുട്ടാൻ തുടങ്ങും. അവരുടെ (കുറ്റവാളികൾ) ശിക്ഷ കുറവാണ്. അവരാണെങ്കിൽ ജയിൽ മോചിതരുമായി. ഇപ്പോൾ ഒരാൾ മാത്രമെ ജയിലിലുള്ളു, അവന്റെ (ജാതി അധിക്ഷേപ വാക്കുകൾ ചൊരിയുന്നു) ശിക്ഷ വളരെ കഠിനമാണ്…” ഗ്രാമത്തിലെ ഒരു വീടിന്റെ വലിയ ഒരു ഗെയ്റ്റിന് സമീപം ഇരുന്ന് കൊണ്ട് ബൽബീർ സിങ് എന്ന 70 കാരൻ പറഞ്ഞത്, ജാതി അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ടാണെങ്കിലും യാഥാർത്ഥ്യമിതാണ്.

ബൽബീർ സിങ്

കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ബൽബീർ സിങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു. “പെൺകുട്ടി ഹരിജനായിരുന്നു, ഇവർ ഠാക്കൂറും. പെൺകുട്ടിയോട് ചെയ്തത് തെറ്റാണ്. പക്ഷേ, പ്രദേശത്തെ മുഴുവൻ ഠാക്കൂറും ഒന്നായി. അതിനാൽ അവർ മോചിതരായി വീട്ടിലെത്തി. ജയിൽ മോചിതരായ ദിവസം ഗ്രാമത്തിലുട നീളം ലഡ്ഡു വിതരണം ചെയ്തു.”

ഗ്രാമവാസിയായ ഓംകാർ സിങ് സംഭവത്തിന് പുതിയ ഒരു ദിശ നൽകിയാണ് സംസാരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട പെൺകുട്ടിയുടെ മേൽ ചാരിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.

“അവിവാഹിതയായ ഒരു പെൺകുട്ടി നെറ്റിയിൽ കുറിയും ചുണ്ടുകളിൽ ചായവും തേച്ച് നടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിന്റെ പാരമ്പര്യത്തിൽ ഇല്ല. സന്ദീപുമായി ബന്ധമുള്ളതിനാൽ പെൺകുട്ടിയുടെ സഹോദരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അതുകൊണ്ടാണ് ആ മൂന്ന് ആൺകുട്ടികൾ ജയിൽ മോചിതരായത്. അതിനാലാണ്, അവർ ജയിൽ മോചിതരായ ദിവസം ആയിരക്കണക്കിന് രൂപയുടെ മധുര പലഹാരങ്ങൾ ഗ്രാമത്തിൽ മൊത്തം വിതരണം ചെയ്തത്.”

“ഇപ്പോൾ അവർ (പെൺകുട്ടിയുടെ കുടുംബം) കോടീശ്വരന്മാരായി. അവർക്ക് ധാരാളം പണം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്ക് ഒന്നിനും കുറവില്ല, രാഹുൽ ഗാന്ധിയും പ്രിയങ്കയും അവർക്ക് ധാരാളം പണം നൽകിയിട്ടുണ്ട്.” 80 കാരനായ രഘുവീർ സിങ് അവജ്ഞയോടെയാണ് പറഞ്ഞത്.

രഘുവീർ സിങ്

മാധ്യമങ്ങൾ ഈ സംഭവം പെരുപ്പിച്ച് കാട്ടി എന്നാണ് ഗ്രാമവാസികൾ പറയുന്നത്. മാധ്യമങ്ങൾ ഈ വിഷയം ഇത്രയധികം പെരുപ്പിച്ചില്ലായിരുന്നെങ്കിൽ സംഗതി ഇത്രത്തോളം വലുതാകില്ലായിരുന്നു. നിരപരാധികൾക്ക് രണ്ടര വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു എന്നാണ് അവർ പറയുന്നത്.

“ഞങ്ങൾക്ക് എത്രയും വേഗം ഈ ഗ്രാമം വിട്ട് പോവണം, ശിക്ഷിക്കപ്പെടേണ്ടവർ കുറ്റവിമുക്തരാക്കപ്പെടുകയും ഗ്രാമത്തിൽ സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്നു. അവരുടെ മനോവീര്യം മുമ്പത്തേക്കാൾ ഉയർന്നു, ഞങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കാത്തതിൽ ഞങ്ങൾക്ക് ദുഖമുണ്ട്. ഞങ്ങളെ ജീവനോടെ വിടില്ലെന്നാണ് ഇവർ പറയുന്നത്.“ പെൺകുട്ടിയുടെ ഇളയ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തിന് ആറുമാസത്തിനകം ജോലിയും താമസ സൗകര്യവും നൽകുമെന്ന സർക്കാർ വാഗ്ദാനം ഉടൻ പാലിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. തങ്ങളുടെ സുരക്ഷ മുൻനിർത്തി ഹാത്രസിന് പുറത്ത് താമസവും ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം കോടതിക്ക് കത്ത് നൽകിയിരുന്നു.

“പ്രതികളുടെ വീട് ഹാത്രസിൽ ആയതിനാൽ ഇവിടെ വീടും ജോലിയും വേണ്ടെന്ന് ഞാൻ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഹാത്രസിന് പുറത്ത് നോയ്ഡയിലോ ഗാസിയാബാദിലോ താമസവും ജോലിയും നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു, അത് കോടതി തള്ളി. സർക്കാരിന്റെ ഹരജി തള്ളിയതിനെ തുടർന്ന് പലതവണ ഞങ്ങൾ ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചെങ്കിലും ഇന്നേവരേ ഞങ്ങൾക്ക് വീടോ കുടുംബത്തിലെ അംഗത്തിന് ജോലിയോ ലഭിച്ചിട്ടില്ല.” പെൺകുട്ടിയുടെ ഇളയ സഹോദരൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിന് ഒരു രൂപയുടെ പോലും വരുമാനമില്ല. രണ്ട് സഹോദരന്മാരും സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് മാസം 25,000 രൂപ വരെ സമ്പാദിച്ചിരുന്നു. അച്ഛൻ അടുത്തുള്ള സ്കൂളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത് മാസം 3000 രൂപ സമ്പാദിച്ചിരുന്നു. ഇതിനുപുറമെ, എരുമകളെ വളർത്തിയിരുന്ന ഈ കൂടുംബം പത്തായിരം മുതൽ 12,000 രൂപയ്ക്ക് വരെ പാലും വിറ്റിരുന്നു. മൊത്തത്തിൽ കുടുംബത്തിന്റെ മാസ വരുമാനം 40,000 മുതൽ 50,000 വരെയായിരുന്നു. മൂന്ന് വർഷമായി ഈ വരുമാനം പൂർണമായി നിലച്ചിരിക്കുകയാണ്.

സംഭവത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛനെ സ്കൂളിൽ നിന്ന് പുറത്താക്കി. കന്നുകാലികളെ വിറ്റു. കുടുംബാംഗങ്ങൾ മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഴു സമയ നിരീക്ഷണത്തിലാണ്. “ഞങ്ങളുടെ സഹോദരിയും പോയി, ഇപ്പോൾ ഞങ്ങളും ശിക്ഷിക്കപ്പെടുന്നു. അടുത്ത് ഇനി എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. കുടുംബാംഗങ്ങൾക്ക് ജില്ലക്കകത്ത് എവിടെ എങ്കിലും പോകണമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ വാഹനം ലഭിക്കും. ജില്ലക്ക് പുറത്ത് പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങൾ വാടകക്ക് വിളിക്കണം. ഒരു മാസത്തിൽ രണ്ടു തവണ കോടതിയിൽ ഹാജരാകണമെങ്കിൽ വാഹന വാടക ഇനത്തിൽ മാത്രം 30,000 രൂപ ചിലവ് വരും. മൂന്നും നാലും സി.ആർ.പി.എഫുക്കാർ കൂടെ അകമ്പടി പോകുന്നതിനാൽ വലിയ വാഹനം തന്നെ വാടകയ്ക്ക് എടുക്കേണ്ടി വരും.” സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിലേക്കുള്ള പ്രവേശന കവാടം

ഭൂൽഗഢി ഗ്രാമത്തിൽ വാൽമീകി സമുദായം തുടക്കം മുതൽ തന്നെ തൊട്ടുകൂടായ്മയും വിവേചനവും അപകർഷതാബോധവും നേരിടുന്നു. ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരോ പിന്നാക്ക ജാതിക്കാരോ ഒരിക്കലും വാൽമീകി സമുദായത്തെ തങ്ങളുടെ ഭാഗമായി കണക്കാക്കിയിരുന്നില്ല. വാൽമീകി സമുദായം ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരുടെ വയലുകളിൽ കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നു. ഇന്നും ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ വാൽമീകി സമുദായത്തിലെ ആളുകളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നില്ല. ഈ സംഭവത്തിന് ശേഷം ഈ വിടവ് കൂടുകയും ചെയ്തു.

പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ സ്വന്തം വീടും ഗ്രാമവും വയലുകളും തൊഴുത്തും ഒന്നും തങ്ങളുടേതായി കണക്കാക്കുന്നില്ല. ഗ്രാമം വിട്ട് ദൂരദേശത്തേക്ക് താമസം മാറ്റുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. സ്വന്തം ഗ്രാമത്തിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് അവർ കരുതുന്നു. ഒരു സംഭവം നടന്ന് മൂന്ന് വർഷത്തിനുള്ളിൽ, ഗ്രാമത്തിന്റെ അന്തരീക്ഷം മുഴുവൻ മാറി മറിഞ്ഞു. ഇരയുടെ കുടുംബത്തിന് ഈ ഗ്രാമത്തിൽ സാധാരണ ജീവിതം നയിക്കുക എന്നത് അസാധ്യമായിരിക്കുന്നു. തങ്ങളുടെ വീടും പറമ്പും അവർക്ക് തടവറ സമാനമായ ജീവിതമാണ് സമ്മാനിച്ചിരിക്കുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 29, 2023 11:19 am