പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് മെയ് മാസം ആദ്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയ്യാറാക്കിയ ‘ഷെയർ ഓഫ് റിലീജിയസ് മൈനോരിറ്റീസ്: എ ക്രോസ് കൺട്രി അനാലിസിസ്’ എന്ന റിപ്പോർട്ട് പുറത്തുവരുന്നത്. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്നും മുസ്ലീം ജനസംഖ്യ കൂടിയെന്നും ആയിരുന്നു റിപ്പോർട്ടിന്റെ കണ്ടെത്തൽ. 1950ൽ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 84.68 ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 2015ലെത്തിയപ്പോൾ 7.8 ശതമാനം ഇടിഞ്ഞ് 78.6 ശതമാനമായെന്നും, മുസ്ലീം ജനസംഖ്യ 1950 ൽ 9.84 ശതമാനമായിരുന്നത് 43.15 ശതമാനം വർധിച്ച് 14.9 ശതമാനമാനത്തിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മറ്റ് ന്യൂനപക്ഷ മതങ്ങളായ ക്രിസ്ത്യൻ ജനസംഖ്യ 5.38 % വർദ്ധിച്ചപ്പോൾ (2.24 % ൽ നിന്ന് 2.36 %) സിഖ് ജനസംഖ്യ 6.58 % വർദ്ധിച്ചെന്നും (1950 ൽ 1.24 % ൽ നിന്ന് 2015 ൽ 1.85 %) ബുദ്ധമത ജനസംഖ്യ 1950-ലെ 0.05 % ൽ നിന്ന് 0.81 % ആയി വർദ്ധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജൈന, പാഴ്‌സി ജനസംഖ്യ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്‍. ആഗോളതലത്തിലും ഭൂരിപക്ഷ മതവിഭാഗങ്ങൾ ഏകദേശം 22 ശതമാനം കുറഞ്ഞെന്നും ലോകം കൂടുതൽ വൈവിധ്യപൂർണ്ണമായെന്നും വർക്കിംഗ് റിപ്പോർട്ടിന്റെ ആമുഖത്തിൽ ഇവർ സൂചിപ്പിക്കുന്നു. നേരിട്ട് പഠനം നടത്താതെ തയ്യാറാക്കിയ ഈ റിപ്പോർട്ട്, രാജ്യത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ എന്തിനാണ് പുറത്തുവിട്ടത്?
യു.എസിലെ ഗവേഷകരായ ഡേവിസ് ബ്രൗൺ, പാട്രിക് ജെയിംസ് എന്നിവരുടെ 2017ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലെ വിവരങ്ങളെ ആധാരമാക്കിയാണ് സാമ്പത്തിക ഉപദേശക സമിതി ഈ വർക്കിംഗ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലെ ‘ദി അസോസിയേഷൻ ഓഫ് റിലീജ്യൺ ഡാറ്റാ ആർക്കൈവ്സ്‍’ പ്രസിദ്ധീകരിച്ച യു.എസ് ഗവേഷകരുടെ ഈ പഠനത്തിൽ 1950 മുതൽ 2015 വരെയുള്ള 65 വർഷക്കാലം 167 രാജ്യങ്ങളിൽ ജനസംഖ്യയിൽ മതാടിസ്ഥാനത്തിലുണ്ടായ വ്യത്യാസത്തെ പറ്റിയാണ് വിവരിക്കുന്നത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം). ഇഎസി-പിഎം അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ. ഷമിക രവി, കൺസൾട്ടന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. കേന്ദ്ര സർക്കാർ അനുകൂല തീരുമാനങ്ങളുടെ പേരിൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന തമിഴ്നാട് ഗവർണറും മുൻ കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുനമായ ആർ.എൻ രവിയുടെ മകളാണ് ഷമിക.
രാജസ്ഥാനിലെ ബൻസ്വാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ, കോൺഗ്രസിനെ തെരഞ്ഞെടുത്താൽ അവർ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗീയ പ്രസ്താവനക്ക് പിന്നാലെയാണ് സാമ്പത്തിക ഉപദേശക സമിതി തയ്യാറാക്കിയ ഈ വർക്കിങ് റിപ്പോർട്ട് പുറത്ത് വരുന്നത്. ജനസംഖ്യയെ രാഷ്ട്രീയ-വർഗീയ ആയുധമാക്കുന്ന ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഈ റിപ്പോർട്ട് അടിത്തറയായി മാറി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ജനസംഖ്യാവിഹിതം വർധിക്കുന്നത് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പറഞ്ഞത്. ഹിന്ദു ജനസംഖ്യ കുറഞ്ഞത് പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ഭരണം കാരണമാണെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ വാദം.
‘പോപ്പുലേഷൻ ജിഹാദ്‘ എന്ന വിദ്വേഷ പ്രചാരണം
കാലങ്ങളായി ഇന്ത്യയിൽ വിഭാഗീയത വളർത്താൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വാദമാണ് മുസ്ലീം ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് ഹിന്ദു മതസ്ഥരെ ന്യൂനപക്ഷമാക്കുമെന്നുള്ളത്. 100 വർഷത്തോളം പഴക്കമുണ്ട് ഈ വാദത്തിന്. 1909 ൽ ലഫ്റ്റനന്റ് കേണൽ ആയിരുന്ന ഉപേന്ദ്ര നാഥ് മുഖർജി എഴുതിയ Dying Race എന്ന പുസ്തകത്തിലാണ് ഹിന്ദു ജനസംഖ്യ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന വാദം അവതരിപ്പിക്കപ്പെടുന്നത്. “നമ്മളും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു വംശമാണ്. എല്ലാ സെൻസസും ഇതേ വസ്തുതയാണ് വെളിപ്പെടുത്തുന്നത്. നമ്മൾ ആനുപാതികമായി കുറഞ്ഞുവരികയാണ്. വർഷം തോറും ഹിന്ദുക്കൾ പിന്തള്ളപ്പെടുന്നു, ഒരിക്കൽ ഹിന്ദുക്കളുടെ പക്കലുണ്ടായിരുന്ന ഭൂമി മുഹമ്മദീയൻമാർ കൈയടക്കുന്നു, രാജ്യത്തെ ജനസംഖ്യയുമായി ഹിന്ദുക്കളുടെ എണ്ണത്തെ താരതമ്യപ്പെടുത്തുമ്പോഴുള്ള അനുപാതം ചെറുതാകുന്നു”.
മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നുവെന്നും അത് ഹിന്ദു ജനസംഖ്യക്ക് വെല്ലുവിളിയായിത്തീരുമെന്നുമുളള പ്രചാരണങ്ങൾ കാലങ്ങളായി പലരീതിയിൽ തുടർന്നുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടയിൽ നടത്തിയതിന് സമാനമായി 2002 ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഇത്തരത്തിൽ വർഗീയ പരാമർശം നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപ കാലത്ത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ ഭയന്ന് മുസ്ലീങ്ങൾ താമസിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളെ ‘കുട്ടികളെ ഉത്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ’ എന്നാണ് അന്ന് മോദി വിശേഷിപ്പിച്ചത്. 2021 ൽ ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ മുസ്ലീങ്ങൾക്ക് മേൽ പോപ്പുലേഷൻ ജിഹാദ് ആരോപിക്കുന്നുണ്ട്.
2015ലാണ് ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ അംഗം സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകളോട് “ഹിന്ദു മതം സംരക്ഷിക്കാൻ കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും” ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിലെ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാനുള്ള ഏക മാർഗം രണ്ട് കുട്ടികളുള്ള നയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ 2021 ജൂണിൽ പറുകയും കർണ്ണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന സർക്കാരുകൾ അത്തരം ജനസംഖ്യാ നിയന്ത്രണങ്ങളെ പിന്താങ്ങുകയുമുണ്ടായി. 2021 ജൂലൈയിൽ ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലിയും ആനുകൂല്യങ്ങളും നിഷേധിക്കുകയും തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമായിരുന്നു ബില്ലിൽ പറഞ്ഞിരുന്നത്. 2022 ഏപ്രിൽ മാസം രണ്ട് കുട്ടി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംപി രാകേഷ് സിൻഹ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ശക്തമായ എതിർപ്പുകളെത്തുടർന്ന് ബില്ല് പിൻവലിക്കുകയാണുണ്ടായത്. ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണെന്നും അത്തരം നടപടികൾ എടുത്തില്ലെങ്കിൽ ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വം നഷ്ടപ്പെട്ടുപോകുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് 2022 ഒക്ടോബറിൽ നാഗ്പുരിൽ നടന്ന ആർ.എസ്.എസിന്റെ ദസറ റാലിക്കിടെ പറഞ്ഞു. എന്നാൽ ജനസംഖ്യാ നിയന്ത്രണത്തിണത്തിനായി നിയമം പരിഗണനയിലില്ല എന്നും മറ്റു മാര്‍ഗങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരുന്ന വിശദീകരണം. 2024 ലെ ബജറ്റ് അവതരണത്തിനിടെ വേഗത്തിലുള്ള ജനസംഖ്യാ വർധനവിന്റെ വെല്ലുവിളികൾ സമഗ്രമായി പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ പരാമർശം ജനസംഖ്യ നിയന്ത്രണത്തിന്റെ മുന്നൊരുക്കമാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ, വർദ്ധിച്ചു വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ കാരണക്കാർ മുസ്ലീങ്ങൾ ആണെന്നുള്ള വാദത്തെ സജീവമായി നിലനിർത്തുന്നതിനായി ഹിന്ദുത്വ ശക്തികൾ നിരന്തരം ശ്രമിക്കുന്നുണ്ട്. സാമൂഹ മാധ്യമങ്ങളെ അടക്കം അവർ അതിനായി ഉപയോഗിക്കുന്നു.
യാഥാർത്ഥ്യം എന്ത്?
അസോസിയേഷൻ ഓഫ് റിലീജ്യൻ ഡാറ്റ ആർക്കൈവ് (ARDA) പ്രസിദ്ധീകരിച്ച സർവേ ഡാറ്റ ഉപയോഗിച്ചാണല്ലോ ഇഎസി-പിഎം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1950 മുതൽ 2011 വരെയുള്ള സെനസസ് ഡാറ്റ ലഭ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് അതിനെ ആശ്രയിക്കാതെ, വിദേശത്തെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സംഘടനയുടെ സർവെ വിവരങ്ങളെ ആശ്രയിച്ച് ഇങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കി എന്ന ചോദ്യം വളരെ പ്രസക്തമാണ്.
Share of Population by major religious groups,1951-2011
ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യയുടെ സമഗ്രവും കൃത്യതയുള്ളതുമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സെൻസസ് ഓഫീസ് ആണ്. ഇന്ത്യയിലെ അവസാനത്തെ സെൻസസ് ആയ 2011-ലെ കണക്കിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ യഥാക്രമം 79.8 % (966 ദശലക്ഷം), 14.2 % (172 ദശലക്ഷം) ആണ്. സെൻസസ് ഡാറ്റാ അനുസരിച്ച് 1950 ൽ 84.1 ശതമാനം ആയിരുന്ന ഹിന്ദു ജനസംഖ്യ 2011 ആയപ്പോൾ 79.8 ശതമാനമായെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇഎസി-പിഎം ന്റെ വർക്കിങ് പേപ്പറിൽ 1950-ലെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 % ആയിരുന്നുവെന്നും (1951-ലെ സെൻസസ് ഡാറ്റായെക്കാൾ 4.9 % കൂടുതൽ) അത് 2015-ൽ 78.06 % ആയി കുറഞ്ഞതായും പരാമർശിക്കുന്നു. 1950 മുതൽ 2015 വരെയുള്ള കാലയളവിൽ ഹിന്ദു ജനസംഖ്യ 7.82 % ത്തോളം കുറഞ്ഞുവെന്നാണ് വർക്കിങ്ങ് പേപ്പറിൽ പറയുന്നത്. എന്നാൽ സെൻസസ് ഡാറ്റാ പ്രകാരം 1950 മുതൽ 2011 വരെ 4.3 % ആണ് ഹിന്ദു ജനസംഖ്യയിലെ കുറവ്.
ക്രിസ്ത്യൻ, സിഖ് ജനസംഖ്യാ വിഹിതം ഹിന്ദു ജനസംഖ്യക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വർധിച്ചതായാണ് ARDA സർവേ ഡാറ്റ. എന്നാൽ 1992 മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിഖ്, ക്രിസ്ത്യൻ സമൂഹങ്ങളിൽ ഹിന്ദുക്കളേക്കാൾ വളരെ താഴ്ന്ന പ്രത്യുൽപ്പാദന നിരക്കാണുള്ളത്. മറ്റെല്ലാ മതങ്ങളെക്കാളും മൊത്തം പ്രത്യുൽപ്പാദന നിരക്ക് സ്ഥിരമായി കുറവുളള സിഖ്, ക്രിസ്ത്യൻ ജനസംഖ്യ എങ്ങനെയാണ് ഹിന്ദു ജനസംഖ്യയുടെ കുറവിലേക്ക് നയിച്ചതെന്ന് ദി വയർ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു.
മതമാണോ ജനസംഖ്യാ വർദ്ധനവിന് പിന്നിൽ?
2015–16ൽ ഇന്ത്യയുടെ പ്രത്യുൽപ്പാദന നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് – TRF), അഥവാ ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ പരമാവധി എണ്ണം 2.2 ആയിരുന്നെങ്കിൽ 2019–21ൽ അത് 2.0 ആയി കുറഞ്ഞുവെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ-5 നൽകുന്ന വിവരം. ജനസംഖ്യാ സ്ഥിരത കണക്കാക്കുന്ന റീപ്ലേസ്മെന്റ് ഫെർട്ടിലിറ്റി റേറ്റ് ആയ 2.1നേക്കാൾ കുറവാണിത്. (റീപ്ലേസ്മെന്റ് ഫെർട്ടിലിറ്റി റേറ്റ്:- ഒരു അച്ഛനും അമ്മയും മരിക്കുമ്പോൾ അവർക്ക് പകരമായി രണ്ട് കുട്ടികൾ വരുന്നു).
ഒരു വ്യക്തിക്ക് എത്ര കുട്ടികൾ ഉണ്ടാകുന്നു എന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല, മറിച്ച് അത് സാമൂഹിക സാമ്പത്തിക ഘടകങ്ങൾക്കനുസൃതമായിരിക്കും. ആഗോളതലത്തിൽ തന്നെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾക്ക് എല്ലായ്‌പ്പോഴും ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കും ഉയർന്ന പ്രത്യുൽപ്പാദന നിരക്കുമുണ്ടാകാറുണ്ട്. മറ്റൊരു ഘടകം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. വിദ്യാസമ്പന്നരായ പെൺകുട്ടികൾ നേരത്തെ വിവാഹിതരാകുന്നില്ല എന്നതുപോലെ തന്നെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടുള്ള അറിവുകൾ അത്തരം സ്ത്രീകൾക്കിടയിൽ പ്രത്യുൽപ്പാദന നിരക്ക് കുറക്കാൻ സഹായകമാകുന്നു. ദേശീയ കുടുംബാരോഗ്യ സർവേ-5 (National Family Health Survey – NFHS-5) പരിശോധിച്ചാൽ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കാണ് നഗരപ്രദേശങ്ങളിെലെ സ്ത്രീകളേക്കാൾ ഉയർന്ന പ്രത്യുൽപ്പാദന ശരാശരിയുള്ളതെന്ന് കാണാം.
അതുപോലെ തന്നെ സാക്ഷരത കൂടുതലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ പ്രത്യുൽപ്പാദന നിരക്ക് കൂടുന്നതായി കാണാം.
മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്കെടുത്താൽ സംസ്ഥാനങ്ങൾ മാറുന്നതനുസരിച്ച് ഇതിൽ വത്യാസം വരുന്നതായി കാണാൻ സാധിക്കും. 2019-2021ൽ ബീഹാറിലെ മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 3.6 ആയിരുന്നുവെങ്കിൽ മഹാരാഷ്ട്രയിലേത് 2.0 ഉം, തമിഴ്നാട്ടിലേത് 1.9 ഉം കർണ്ണാടകയിലേത് 2.0 ആണ്.
ഓരോ മതവിഭാഗങ്ങളിലെയും പ്രത്യുൽപ്പാദന നിരക്ക് 1992-93 ലെ ദേശീയ കുടുംബാരോഗ്യ സർവേ മുതലുള്ളത് പരിശോധിച്ചാൽ ഈ കാലയളവിൽ മുസ്ലീം സ്ത്രീയുടെ പ്രത്യുൽപ്പാദന നിരക്ക് ഹിന്ദു സമുദായത്തേക്കാൾ കൂടുതലാണെന്ന് കാണാം. എന്നാൽ മുസ്ലീങ്ങളേക്കാൾ ഉയർന്ന പ്രത്യുൽപ്പാദന നിരക്കാണ് എസ്.സി - എസ്.ടി വിഭാഗത്തിലെ സ്ത്രീകൾക്ക്. മാത്രമല്ല പ്രത്യുൽപ്പാദന നിരക്കിനെ സ്വാധീനിക്കുന്നത് മതമല്ല എന്നും മറിച്ച് സാമൂഹികാവസ്ഥയാണെന്നും ഇതിൽ നിന്നും മനസിലാക്കാം.
പ്രത്യുത്പാദന നിരക്ക് വിവിധ മതവിഭാഗങ്ങളിൽ
മുസ്ലീം സ്ത്രീകളുടെ 2019-21 ലെ മൊത്തം പ്രത്യുൽപ്പാദന നിരക്ക് 2.36 ശതമാനമാണ്. 1992 -93 ൽ ഇത് 4.4 ശതമാനം ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ ഹിന്ദു സ്ത്രീകളുടെ മൊത്തം പ്രത്യുൽപ്പാദന നിരക്ക് 3.3 ൽ നിന്ന്1.94 ആയാണ് കുറഞ്ഞിരിക്കുന്നത്. എന്നാൽ 1992 മുതൽ 2019 വരെയുള്ള പ്രത്യുൽപ്പാദന നിരക്കിലെ ഇടിവ് പരിശോധിച്ചാൽ, മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 45 ശതമാനമായി കുറഞ്ഞപ്പോൾ ഹിന്ദു സ്ത്രീകളുടേത് 42 ശതമാനമാണ്. മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്കിലുള്ള കുറവ് രാജ്യത്തെ മൊത്തം പ്രത്യുൽപ്പാദന നിരക്കിലുണ്ടായ (TFR) 41 ശതമാനം ഇടിവിനേക്കാൾ കൂടുതലാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 18.8 ശതമാനമായി മുസ്ലീം ജനസംഖ്യ സ്ഥിരപ്പെടുമെന്നും ഹിന്ദു ജനസംഖ്യയാകട്ടെ 74.7 ശതമാനത്തോടെ തങ്ങളുടെ ഭൂരിപക്ഷ പദവി നിലനിർത്തുമെന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞരുടെ അനുമാനം.
മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് കുറഞ്ഞുവരുന്നതിന് വിശ്വസനീയമായ ഡാറ്റാ ഉണ്ടായിട്ടും 'പോപ്പുലേഷൻ ജിഹാദ്' ആരോപണമുന്നയിക്കുന്നവർ മനസിലാക്കേണ്ട കാര്യം, ഉയർന്ന പ്രത്യുൽപ്പാദന നിരക്ക് വിരൽ ചൂണ്ടുന്നത് വിദ്യാഭ്യാസസപരവും, സാമൂഹിക, സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും, വളരെ നേരത്തെയുള്ള വിവാഹവും, നിരക്ഷരത, കുടുംബാസൂത്രണത്തെ പറ്റിയുള്ള അറിവില്ലായ്മ എന്നിവയിലേക്കാണ് എന്നതാണ്. മുസ്ലീം സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നേടാനുള്ള സാഹചര്യം ഒരുക്കി വിദ്യാഭ്യാസപരവും സാമ്പത്തികവുമായി ശാക്തീകരിക്കുന്നതിലൂടെയേ അത് സാധ്യമാകൂ. എന്നാൽ, ന്യൂനപക്ഷങ്ങൾക്കായുള്ള ആനുകൂല്യങ്ങളെ മുസ്ലീം പ്രീണനമെന്ന് ആരോപിക്കുകയും ഭരണത്തിലിരിക്കവേ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കായുള്ള മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കുകയും ചെയ്തവർ തന്നെയാണ് മുസ്ലീം ജനസംഖ്യാ വർധനവിനെ ആകുലതയോടെ കാണുന്നതെന്നതാണ് വൈരുധ്യം.
ന്യൂനപക്ഷങ്ങൾക്ക് അനുയോജ്യ സാഹചര്യമുള്ള സമൂഹത്തിലാണ് അവരുടെ സംഖ്യയിൽ വളർച്ചയുണ്ടാവുന്നതെന്നും വൈവിധ്യം സംരക്ഷിക്കപ്പെടുന്നതിന്റെ തെളിവാണിതെന്നുമാണ് അമേരിക്കയിലെ 'ദി അസോസിയേഷൻ ഓഫ് റിലീജ്യൺ ഡാറ്റാ ആർക്കൈവ്സ്‍' റിപ്പോർട്ട് അവകാശപ്പെടുന്നത്. ഈ നിരീക്ഷണത്തെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കൾ ഇന്ത്യയിലെ ദേശീയഭരണത്തിന്റെ നേട്ടമാക്കി മാറ്റാൻ ശ്രമിക്കുന്നത്. ഇഎസി-പിഎം വർക്കിങ്ങ് റിപ്പോർട്ട് തയ്യാറാക്കിയ ഡോ. ഷമിക രവിയുടെ വാക്കുകളിൽ ആ ഉദ്ദേശം വ്യക്തമാകുന്നുമുണ്ട്. "ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾക്കായി പ്രത്യേക മന്ത്രാലയമടക്കമുണ്ട്. യു.എൻ ചട്ടങ്ങൾ പാലിക്കുന്നുമുണ്ട്. ന്യൂനപക്ഷ ജനസംഖ്യാ വിഹിതത്തിൽ 7.82 ശതമാനം വർധനയുണ്ടെന്നത് ഇന്ത്യയിലെ ബഹുസ്വരതയുടെ തെളിവാണ്. ന്യൂനപക്ഷങ്ങളോട് ശത്രുതാ മനോഭാവമില്ല. സമീപ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് വളരാൻ കഴിയുന്നത്. ഒരു പ്രത്യേക ന്യൂനപക്ഷ മതമെന്ന് ഞങ്ങൾ റിപ്പോർട്ടിൽ പറയുന്നില്ല. ന്യൂനപക്ഷത്തെ മുഴുവനായാണ് പരിഗണിച്ചിരിക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും വളരാൻ കഴിയുന്ന ബഹുസ്വര ലിബറൽ ജനാധിപത്യമാണ് ഇന്ത്യ" എന്നാണ് ഡോ. ഷമിക രവി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയായ ഷമിക രവി പറഞ്ഞ 'ബഹുസ്വര ലിബറൽ ജനാധിപത്യ രാജ്യത്തെ' ന്യൂനപക്ഷങ്ങളെ പ്രത്യക്ഷമായി ഉന്നം വയ്ക്കുന്ന നടപടികളാണ് കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിനിടയിൽ ഉണ്ടായിട്ടുള്ളത്. അത് മറച്ചുവയ്ക്കുക എന്ന ലക്ഷ്യം കൂടിയാണ്, 'ഷെയർ ഓഫ് റിലീജിയസ് മൈനോരിറ്റീസ്: എ ക്രോസ് കൺട്രി അനാലിസിസ്' എന്ന വർക്കിങ് റിപ്പോർട്ടിനുള്ളതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ലോകത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത്, സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനമായ സെൻസസ് കഴിഞ്ഞ 13 വർഷമായി നടത്താത്ത കേന്ദ്ര സർക്കാരാണ് മറ്റൊരു രാജ്യം തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ അവകാശവാദങ്ങളുന്നയിക്കുന്നത് എന്നതും തുറന്നുകാട്ടപ്പെടേണ്ടതാണ്.