കാടും മനുഷ്യരും കണ്ണു തുറക്കേണ്ട സത്യങ്ങളും

കേരളത്തിലെ വനമേഖലയിലെ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാൻ ഒരു തുറന്ന ചർച്ച. കർഷകർ നേരിടുന്ന ഏക പ്രശ്നം വന്യമൃഗങ്ങളാണോ ? യഥാർത്ഥത്തിൽ എത്രമാത്രം സങ്കീർണ്ണമാണ് മലയോര മേഖലയിലെ സാഹചര്യങ്ങൾ ? പ്രതിവിധികൾക്കായി നമുക്ക് യോജിപ്പിന്റേതായ ഇടമുണ്ടോ ? വിവേകത്തിന്റെതായ സ്വരമുണ്ടോ എന്ന് ഈ സംവാദം അന്വേഷിക്കുന്നു. വിവാദങ്ങൾക്കും ബഹളങ്ങൾക്കും അപ്പുറം പ്രകൃതിയെയും മനുഷ്യരെയും പരിഗണിക്കുന്നവർ കൂടിയിരിക്കുന്നു.

ഭാഗം-1

മോഡറേറ്റർ: കെ.എ ഷാജി (മാധ്യമപ്രവർ‍ത്തകൻ‌)

പങ്കെടുക്കുന്നത്:

ബേബി കുര്യൻ
(കർഷകൻ)

പി.എൻ ഉണ്ണികൃഷ്ണൻ
(മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്)

പി.ടി ജോൺ
(കർഷക സമര നേതാവ്)

സുമ വിഷ്ണുദാസ്
(ഗവേഷക)

കെ.എ ഷാജി: കേരളീയത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വനമേഖലയെ സംബന്ധിച്ച്, കർഷകരെ സംബന്ധിച്ച്, കാർഷികമേഖലയിലെ ജീവിതപ്രശ്നങ്ങളെ സംബന്ധിച്ച് ഒരു കൂട്ടായ ചിന്തയക്ക് വേണ്ടിയാണ് നാം പരിശ്രമിക്കുന്നത്. യാഥാർത്ഥത്തിൽ എന്താണ് പ്രശ്നങ്ങൾ, അവ പരിഹിരിക്കുന്നതിനായി നമുക്ക് യോജിപ്പിന്റേതായ സ്വരമുണ്ടോ, വിവേകത്തിന്റെതായ സ്വരമുണ്ടോ എന്ന് അന്വേഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കർഷകർ നേരിടുന്ന ഏക പ്രശ്നം വന്യമൃഗങ്ങളാണ് എന്ന നിലയ്ക്കുള്ള ഒരു ചർച്ച വരുന്നുണ്ട്. എന്നാൽ ഈ ബഹളങ്ങൾക്കപ്പുറത്ത് കേരളത്തിൽ പ്രകൃതിയെ സ്നേഹിക്കുന്നവരും, കർഷകരും എല്ലാം കൂട്ടായി ചിന്തിക്കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നമുണ്ട്, ആഗോളകരാറുകൾ ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങളുണ്ട്, അതുപോലെ തന്നെ വിപണനത്തിന്റെ ഒക്കെ തന്നെ ഒരുപാട് സങ്കീർണ്ണമായ പ്രശനങ്ങളുണ്ട്. വിവാദങ്ങൾക്കപ്പുറത്ത് നമ്മുടെ ധാരണകളെ രീതിയിൽ നമുക്ക് ചില ചിന്തകൾ പങ്കുവെക്കാം എന്നു തോന്നുന്നു. ഒരു കർഷകൻ എന്ന നിലയ്ക്ക് ഞാൻ ബേബി കുര്യനോട് ചോദിക്കുകയാണ്, വന്യമൃഗങ്ങളാണോ കർഷകർ നേരിടുന്ന ഏക പ്രശ്നം? വന്യമൃഗങ്ങളെ കൊന്നൊടുക്കലാണോ അതിനുള്ള പരിഹാരം ?

കെ.എ ഷാജി

ബേബി കുര്യൻ: കർഷകർ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ ഒന്നുമാത്രമാണ് ഈ വന്യജീവി ശല്യം. എന്നാൽ ഇപ്പോൾ നിലവിൽ നേരിടുന്ന വിഷയങ്ങളിൽ അതിപ്രധാനവും അതിഗുരുതരമായ സ്വഭാവമുള്ളതുമാണ് ഇത്. കാർഷിക വിളകൾ ജനങ്ങൾക്ക് ഉണ്ടാക്കാൻ പറ്റാത്ത തരത്തിലുള്ള വന്യജീവിശല്യം ഏഴ്, എട്ട് വർഷമായി വളരെ രൂക്ഷമായുണ്ട്. അതിന് പരിഹാരം കണ്ടില്ല എങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. കേരളത്തിൽ പുതിയ തലമുറയൊന്നും കൃഷിയിലേക്ക് വരുന്നില്ലെങ്കിലും പഴയ തലമുറ തുടങ്ങിവെച്ച ചില കാര്യങ്ങൾ തുടർന്നു പോകുന്നുണ്ട്. അവർ വരാത്തതിന് ഒരു കാരണം ഈ വിലത്തകർച്ചയും പിന്നെ ഈ വിളകൾ സംരക്ഷിക്കാൻ സാധിക്കാതെ വരുന്നതും. അതിന് സർക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായമില്ലായ്മയും കർഷകരുടെ കൂട്ടായ്മയില്ലായ്മയുമാണ്. വന്യജീവിശല്യത്തെ കുറിച്ച് പറയാനാണെങ്കിൽ, എന്റെ സെക്കന്റിൽ അനുഭവിക്കുന്ന പ്രധാനപ്രശനം ആനയെകൊണ്ടുള്ളതാണ്, അതിനെ
പിടിച്ചുകൊട്ടാനായി ഒരു രണ്ടു വർഷം മുമ്പ് ഞങ്ങൾ റോപ്പ് ഹാഗിംഗ് ഫെൻസിംഗ് അല്ലെങ്കിൽ ഇലക്ക്ട്രിക്ക് ഹാഗിംഗ് ഫെൻസിംഗ് ഉണ്ടാക്കി. രണ്ടു
വർഷമായി ആനയെ ഈ പ്രദേശത്തു കടക്കാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല. വളരെ സിമ്പിളായി ചെയ്യാവുന്ന കാര്യമാണ്. എന്നാൽ സർക്കാർ
അതിപ്പോഴും ഏറ്റെടുത്തിട്ടില്ല. അതിനാൽ മറ്റുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ആ ഭീഷണിയിൽ നിലനിൽക്കുന്നുണ്ട്.

ബേബി കുര്യൻ

കെ.എ ഷാജി: എത്ര കിലോമീറ്റർ ദൂരമുണ്ടത് ?

ബേബി കുര്യൻ: ഞങ്ങൾ ഒമ്പതര കിലോമീറ്റർ ആണ് ചെയ്തത്. ആറളം ഫാമിന്റെ എതിർവശത്തുള്ള പുഴക്കര വഴി സ്വകാര്യ വ്യക്തികളുടെ പറമ്പിൽ കൂടെ ഒമ്പതര കിലോമീറ്റർ അഞ്ചു സെക്ടറായിട്ടാണ് ഞങ്ങൾ അതു ചെയ്തത്. രണ്ടു വർഷമായി ഒരു സമയത്തു പോലും ഇതുവരെ ആനയക്ക് അതിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെയും ആന വന്നതാണ്.

കെ.എ ഷാജി: ഇതിൽ പവർ ഉപയോഗിക്കുന്നുണ്ടോ ?

ബേബി കുര്യൻ: സോളാർ സിസ്റ്റത്തിലാണത് ശരിക്കും പ്രവർത്തിക്കേണ്ടത്. പക്ഷെ ഞങ്ങളുടെ ഈ പ്രദേശങ്ങൾ കുറച്ച്  ഷെയ്ഡിയായിട്ടുള്ളതുകൊണ്ട് ഞങ്ങൾക്ക് സോളാർ ഉപയോഗിക്കാൻ കഴിയുന്നില്ല. നമ്മൾ ഒരു ഇൻവെർട്ടർ സിസ്റ്റം ആണ് അതിന് ഉപയോഗിക്കുന്നത്, ബാറ്ററി ചാർജിൽ. വൈകുന്നേരം കൃത്യം ആറു മണിക്ക് അത് ഓൺ ചെയ്തിടും. രാവിലെ കൃത്യം ആറു മണിക്ക് അത് ഓഫാവും.

കെ.എ ഷാജി: ഇതിൽ തട്ടി ആനകൾ മരിച്ചു പോവുന്ന സാഹചര്യമുണ്ടോ ?

ബേബി കുര്യൻ: ഇല്ല, അങ്ങനെയില്ല. ഇത് ഓൺ ഓഫ് സിസ്റ്റമാണ്. ഒരു സെക്കന്റ് കറന്റ് വന്നാൽ അടുത്ത സെക്കന്റ് കറന്റുണ്ടാവില്ല. 12000 കിലോ വാൾട്ടാണ് അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി. അതുകൊണ്ടുതന്നെ ഷോക്കടിച്ചാൽ നല്ല ഷോക്കടിക്കും എന്നാൽ അടിച്ച് തെറിച്ച് പോവുകയെ ഉള്ളു. ഒരിക്കലും അതിൽ പിടിച്ച മനുഷ്യനോ മൃഗങ്ങൾക്കൊ ജീവഹാനി സംഭവിക്കില്ല. ഞങ്ങൾക്ക് പുതിയതായി വന്നിരിക്കുന്ന ബുദ്ധിമുട്ട് മയിലിനെകൊണ്ടുള്ള ശല്യമാണ്. എന്തുകൊണ്ടാണിത് വരുന്നത്? അത് ഒരു പരിധി വരെ മനുഷ്യനിർമ്മിതം തന്നെയാണ്. ഇവിടെ ആയിരക്കണക്കിന് മയിലുകളുണ്ട്. അവ എല്ലാ കൃഷികളും വന്ന് നശിപ്പിക്കും. അതിന്റെ കാരണം, മട്ടന്നൂരിൽ കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ട് വന്ന ആ പ്രദേശം മയിലുകൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന ഒരു മേഖലയാണ്. അതുപോലെ തളിപ്പറമ്പ് മന്ന, ഒടുവള്ളി തട്ട് ആ പ്രദേശങ്ങളിൽ വ്യാവസായികവത്കരണത്തിന്റെ ഭാഗമായി ഒരുപാട് വ്യവസായശാലകൾ വന്നപ്പോൾ, അവിടുന്ന് ഒഴിഞ്ഞുവന്ന മയിലുകളും മുഴുവൻ ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നു. അതുപോലെ കുരങ്ങുകൾ, ഒരു മൂന്നു വർഷമെ ആയിട്ടുള്ളൂ വന്നു തുടങ്ങിയിട്ട്. തമിഴ്നാട്ടിൽ നിന്ന് എവിടുന്നോ നഗരപ്രദേശത്ത് ശല്യമുണ്ടായപ്പോൾ അവിടുന്ന് പിടിച്ച് ഇങ്ങോട്ടേക്ക് പോസ്റ്റ് ചെയ്തതാണ്.

നമ്മുടെ ഈ മേഖലകളിലൊക്കെ വന്യമൃഗങ്ങൾ ഇറങ്ങുമ്പോൾ ഫോറസ്റ്റുകാർ വരും. കെണിവെച്ചു പിടിക്കും, കൂടുവെച്ചു പിടിക്കും, അതിനെ വനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു എന്നു പറയും. ഈ വനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു എന്നതിന് യാതൊരു തെളിവുമില്ല. അല്ലെങ്കിൽ വനത്തിൽ എവിടെയാണ് ഉപേക്ഷിച്ചത് എന്നതിന് യാതൊരു ഡാറ്റയും ഇവർ പുറത്തു വിടാറില്ല. ഈ മൃഗങ്ങളെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തന്നെ ഷിഫ്റ്റ് ചെയ്തോണ്ടിരിക്കാ. പാലക്കാട് പിടിക്കുന്നതിനെ വയനാട് കൊണ്ടുവിടും. വയനാട് പിടിക്കുന്നതിനെ പാലക്കാട് കൊണ്ടുവിടും. മനുഷ്യന്റെ ആവാസവുമായി അടുത്തു നിൽക്കുന്നതുകൊണ്ട് ഇവ കാടിറങ്ങി ഇങ്ങു പോരും. അതൊരു വിഷയമാണ്. സംഖ്യാ വർധനവ് വേറൊരു വിഷയം തന്നെയാണ്. 2018 ൽ വനം വകുപ്പു പുറത്തു വിട്ടിരിക്കുന്ന കണക്കു പ്രകാരം 7000 ആനകൾ കേരള ഫോറസ്റ്റിൽ ഉണ്ട് എന്നാണ്. ഒരു വർഷം 100 നും 150 നും ഇടയിൽ പുതിയ ആനക്കുട്ടികൾ ഉണ്ടാകുന്നുണ്ട് എന്ന് അവർ കണക്ക് പറയുന്നുണ്ട്. ഒന്ന് ആലോചിച്ചു നോക്കുക, ഇപ്പൊ നമുക്ക് 10000 നും 12000 ത്തിനും മേലെ ആനകളുണ്ടെന്ന് അവര് തന്നെ സർട്ടിഫൈ ചെയ്തിരിക്കുന്നു. നമ്മുടെ കാടിന്റെ വിസ്തൃതി അനുസരിച്ച് ഒരു 1000 ആനയെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരവസ്ഥ നമുക്കില്ല, അതിന്റെ കൂടെ മൈഗ്രേഷൻ വരുന്നുണ്ട്. ഇപ്പോൾ തമിഴ്നാട്, കർണ്ണാടക കാടുകളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ കാട് കുറച്ചുകൂടി പച്ചപ്പുള്ളതും വെള്ളത്തിന് സൗകര്യമുള്ളതും ആയതുകൊണ്ട് ആനകളും മറ്റു ജീവികളും നമ്മുടെ കാട്ടിൽ തമ്പടിക്കുന്നു.

കെ.എ ഷാജി: ചുരുക്കം പറഞ്ഞാൽ, ആയിരം ആനകളെ ഉൾക്കൊള്ളാൻ കെൽപ്പുള്ള നമ്മുടെ കാടുകളിൽ പന്ത്രണ്ടായിരം ആനകളുണ്ട് എന്നാണ് പറയുന്നത്.

ബേബി കുര്യൻ: ഒമ്പതിനായിരം മിനിമമുണ്ട്. ഇതിനെ തുരത്തിയോടിക്കാനൊന്നും നമുക്ക് അത് സാധ്യമല്ല.

കെ.എ ഷാജി: ഞാൻ ഉണ്ണികൃഷ്ണൻ സാറിനോട് ഒരു കാര്യം ചോദിക്കട്ടെ, ഉണ്ണികൃഷ്ണൻ സാർ കൺസെർവേഷൻ മേഖലയിൽ പ്രവർത്തിച്ചയാളാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിച്ചയാളാണ്. ഇപ്പോൾ കർഷകനായി അട്ടപ്പാടിയിൽ ജീവിക്കുന്ന ഒരാളാണ്. കർഷകന്റെ പ്രശ്നങ്ങൾ അറിയുന്ന, ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ ചോദിക്കുകയാണ്, ബേബി കുര്യൻ സാർ പറയുന്ന പോലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആനയയാലും, പുലിയായാലും, കുരങ്ങായാലും അതിനെ പിടിച്ച് എവിടെയെങ്കിലും കൊണ്ടുപോയ് വിടുന്നു, വീണ്ടും അത് തിരിച്ചുവരുന്നു. ഫോറ്സ്റ്റ് ഡിപ്പാർട്ട്മെന്റ് സത്യസന്ധമല്ലാത്ത ഒരു നിലപാടെടുക്കുന്നു. വളരെ ഗുരുതരമായ ഈയൊരു ആരോപണം കുറെ കാലമായിട്ട് കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നേരിടുന്നു. രണ്ടാമത്തെ കാര്യം, ഈ ആനകളുടെയും കടുവകളുടെയും ഒക്കെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. കേരളത്തിന് 1000 ആനകൾ വേണ്ടിടത്ത് 10000 ആനകൾ ഉണ്ടെന്നാണ് പറയുന്നത്. ഈ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായമെന്താണ് ?

പി. എൻ ഉണ്ണികൃഷ്ണൻ: കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആനകളില്ല. അങ്ങനെ നമുക്ക് പറയാൻ കഴിയില്ല. കേരളം, തമിഴ്നാട്, കർണ്ണാടകം ഈ മൂന്നു സംസ്ഥാനങ്ങളിലും ആനകൾ മൈഗ്രേറ്ററി റൂട്ടിന് അപ്പുറവും ഇപ്പുറവും എല്ലാം പോകുന്നുണ്ട്. കേരളത്തിലെ മാത്രം ആനകളുടെ കണക്കിൽ എത്രമാത്രം കൃത്യതയുണ്ട് എന്ന് പറയാൻ പറ്റില്ല, ചെലപ്പൊ ഒരു ആഴ്ച്ച കഴിഞ്ഞാൽ കുറേയെണ്ണം തമിഴ്നാട്ടിലായിരിക്കും. കർണ്ണാടകത്തിലായിരിക്കും. ഈ മൂന്നു സ്റ്റേറ്റും ഒരുമിച്ച് ഒരേസമയത്താണ് ഇപ്പോൾ പഠനങ്ങൾ ഒക്കെ കൂടുതലും നടത്തുന്നത്. കഴിഞ്ഞ കുറേകാലത്തെ കണക്കുവെച്ച് 27000 ത്തോളം ആനകളാണ് പത്തുകൊല്ലം മുമ്പ് ഇന്ത്യയിലാകെയുള്ളത്. ഇപ്പോൾ ഏതാണ്ട് മുപ്പതിന് അടുത്തുണ്ട്, ഇന്ത്യമൊത്തം. തമിഴ്നാടും, കർണ്ണാടകവും എല്ലാം ഒരുമിച്ച് സർവ്വെ നടത്തി ഒരു കമ്പയിന്റ് ഡാറ്റാബേസ് ഉണ്ടാക്കുന്നത് അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് 7000 മാണോ 10000 മാണോ എന്ന് ഒന്നും ഒരു ഫൈനൽ സ്റ്റേറ്റ്മെന്റ് ആയി നമുക്ക് പറയാനാവില്ല.

പി. എൻ ഉണ്ണികൃഷ്ണൻ

കെ.എ ഷാജി: സാറ് പറഞ്ഞതുവെച്ചു ചോദിക്കട്ടെ, ഈ മൂന്ന് സംസ്ഥാനങ്ങളും കൂടി യോജിച്ചൊരു ആക്ഷൻ പ്ലൻ ഉണ്ടാക്കണ്ടെ?

പി.എൻ ഉണ്ണികൃഷ്ണൻ: ബയോസ്ഫിയർ റിസേർവ് എന്ന ഒരാശയം ഒരു കാലത്ത് കൊണ്ടുവന്നത് ലാന്റ്സ്കൈപ്പ് ലെവൽ മാനേജ്മെന്റ് കാടിന്റെ കാര്യത്തിലായാലും വന്യമൃഗങ്ങളുടെ കാര്യത്തിലായാലും ഉണ്ടാവാനാണ്. അതിൽ ഏറ്റവും കൂടുതൽ പ്രശ്നം വരുന്നത് ആനകൾ തന്നെയാണ്. ആനകൾക്കാണ് ഈ മൈഗ്രേറ്ററി ബിഹേവിയർ കുടുതലുള്ളത്. മറ്റെല്ലാം ഏതാണ്ടൊക്കെ ഒരേ സ്ഥലത്തായിരിക്കും. ഇപ്പൊ കാട്ടുപോത്തിന്റെ ഒരു പറ്റമുണ്ടെങ്കിൽ അതെല്ലാം കൂടി അഞ്ചോ പത്തോ സ്ക്വയർ കിലോമീറ്ററിനകത്താകും മിക്കവാറും എല്ലാകാലത്തും ഉണ്ടാവുക. ആനകൾക്കാണ് ഏറ്റവും കൂടുതൽ മൈഗ്രേഷന്റെ ആവശ്യം. ഒരേ സ്ഥലത്തു തന്നെ ആനകൾ നിന്നാൽ ആ കാട് മുടിയും. ഞാൻ അതിന്റെ ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്, ഇവിടെയല്ല, ഉത്തർപ്രദേശിലെ ഒരു സ്ഥലത്ത് പുറത്തേക്ക് വരാനാവാതെ കുടുങ്ങിപ്പോയ ഒരു വനമേഖലയിൽ ആനകൾ അവിടെയുള്ള സാൽമരങ്ങൾ മുഴുവൻ തൊലി പൊളിച്ച് എല്ലാം ഒടിച്ച് നാശമാക്കിയിട്ടിരിക്കുന്നു. ഒരേ സ്ഥലത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഒരാനക്കൂട്ടം ഒരു പത്തെണ്ണം ഉണ്ടെങ്കിലും ശരി, ആ കാട് പിന്നെ കുറച്ചു കാലം കൊണ്ട് ഒന്നിനും പറ്റാതാവും. അപ്പൊ, ഈ മൈഗ്രേഷൻ കൊണ്ടാണ് അവര് ഈ വിഭവങ്ങളുടെ സമൃദ്ധിനിലനിർത്തുന്നത്. ഈ ആനകളുടെ മൈഗ്രേഷൻ നമ്മൾ തടഞ്ഞു കഴിഞ്ഞാൽ അവസാനം ഇങ്ങനെ ഒരു പ്രശ്നമായി മാറും. കേരളവും, തമിഴ്നാടും, കർണ്ണാടകവും കൂടി ഒരുമിച്ചു നടത്തുന്ന ഒരു സ്റ്റഡിക്കു മാത്രമെ ആനകളുടെ കുറേക്കൂടി കൃത്യമായ ഒരു കണക്ക് തരാനാവൂ. അഞ്ച്-ആറ് കൊല്ലം കൂടുമ്പോഴാണ് ആനകൾക്ക് അടുത്ത ഒരു കുട്ടി ഉണ്ടാവുന്നത്. അല്ലാതെ എല്ലാ കൊല്ലവും, രണ്ടു കൊല്ലം കൂടുമ്പോഴുമൊന്നുമല്ല. അങ്ങനെയൊക്കെയാണ് ആളുകൾ മനസ്സിലാക്കുന്നത്.

കെ.എ ഷാജി: പുറമെ നിന്നുള്ള ആളുകളൊക്കെ പറയുന്നു, നിങ്ങൾ വയനാടു കാണാത്തവരാണ്, അട്ടപ്പാടി കാണാത്തവരാണ്. വയനാട്ടിൽ പശുക്കളെ ഒക്കെ പുലിപിടിച്ചുകൊണ്ടു പോകുന്നു, ആനകൾ കൃഷി നശിപ്പിക്കുന്നു, കർഷകരുടെ ജീവിതം നിങ്ങൾ കാണണം, മണ്ണാർക്കാടൊക്കെ നിങ്ങൾ പോയിനോക്കാത്തതുകൊണ്ടാണ് വീടുകളിലൊക്കെ ദാരിദ്രമാണ്, പട്ടിണിയാണ്, ആനകൾ കൃഷി നശിപ്പിച്ചതുകൊണ്ട് ജീവിതം പ്രതിസന്ധിയിലാണ്. എത്രമാത്രം സങ്കീർണ്ണമാണ് മലയോരമേഖലയിലെ പ്രശ്നങ്ങൾ എന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?

പി.എൻ ഉണ്ണികൃഷ്ണൻ: ഒരുപാട് സങ്കീർണ്ണതകളുണ്ട്, ഈ വന്യമൃഗങ്ങളുടെ കോൺട്രിബ്യൂഷനും ഒട്ടും ചെറുതല്ല. പക്ഷെ നമ്മൾ മനസ്സിലാക്കേണ്ടത്, വന്യമൃഗങ്ങളുടെ ഒരു ആവാസവ്യവസ്ഥ ഒരു 1970 വരെയൊക്കെ പരിശോധിച്ചു കഴിഞ്ഞാൽ, അതിൽ നമ്മൾ ഈ വെസ്റ്റെഡ് ഫോറസ്റ്റ് എന്നു വിളിക്കുന്ന ഭൂപ്രദേശങ്ങളുണ്ട്, അതുപോലെ റിസേർവ്ഡ് ഫോറസ്റ്റുമുണ്ട്. ഇതിൽ ഈ റിസേർവ് ഫോറസ്റ്റ് ഏതാണ്ട് കേടുതട്ടാതെ നിലനിർത്തിയിട്ടുണ്ട്. നിയമങ്ങൾ കുറേക്കൂടി കർക്കശമായതുകൊണ്ട്. ഈ വെസ്റ്റഡ് ഫോറസ്റ്റ് ഏരിയയിൽ 1970 കൾക്ക് ശേഷം ഒരുപാട് ഏരിയ സ്വകാര്യഭൂമിയായിട്ട്, കൂടുതലും ഈ വെസ്റ്റഡ് ഫോറസ്റ്റിന്റെ സ്വഭാവം അതാണല്ലോ, കേസ് കൊടുത്ത് ഏതെങ്കിലും ഏരിയ അവരുടെയാണ് എന്ന് പ്രൂവ് ചെയ്യാനുള്ള ഡോക്യുമെന്റ്സ് ഒക്കെവെച്ച് തെളിയിക്കാൻ കഴിഞ്ഞാൽ അത് അവരുടെ പേരിൽ കൊടുക്കണം.

ഇങ്ങനെ വനങ്ങളുടെ ഒക്കെ ഉള്ളിലേക്ക് ഈ ജനവാസ മേഖലകൾ വർധിച്ചിട്ടുണ്ട്. രണ്ട്, കൃഷിയുമായി ബന്ധപ്പെട്ട്, വെള്ളം ആവശ്യപ്പെടുന്ന വിളകളാണ് അധികവും. വെള്ളം ഉള്ള, തോട്, പുഴ ഒക്കെ അതിരിലുള്ള സ്ഥലങ്ങൾ സ്വകാര്യ ഭൂമികളായിട്ട് മാറാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തിലേക്കുള്ള ആക്സസ്, എല്ലാം മൃഗങ്ങൾക്കും പ്രശ്നമാണ്, എന്നാൽ ആനകൾക്കാണ് കൂടുതൽ. ആനകൾക്ക് കുറച്ച് വെള്ളം ഒന്നും പോര. 200 ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കൂടിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. പിന്നെ അതിന്റെ ശരീരഘടന തന്നെയും ആ കറുപ്പ് നിറവും, വലുപ്പവും എല്ലാം വെച്ചുകൊണ്ട് ധാരാളം ചൂട് ആനകൾക്ക് അനുഭവപ്പെടും. ആ ചൂട് കുറക്കണമെങ്കിൽ തണുപ്പു വേണം, വെള്ളത്തിൽ ഇറങ്ങി നിൽക്കണം. വെള്ളത്തിൽ ഇറങ്ങി കിടക്കുക എന്നത് അതിന് വളരെ ആവശ്യമാണ്. പോത്തുകൾക്കും അതെ കറുത്ത നിറമുള്ളതുകൊണ്ടും വലിപ്പമുള്ളതുകൊണ്ടും വെള്ളത്തിൽ ഇറങ്ങി കിടക്കുക എന്നത് ശരീരഘടനയുടെ തന്നെ ആവശ്യമാണ്.

ഈ സംവാദത്തിന്റെ വീഡിയോ കാണാം

കെ.എ ഷാജി: ഇവിടെ ബേബി കുര്യൻ സാറ് കർഷകരുടെ പ്രയാസങ്ങളെ
കുറിച്ച് പറഞ്ഞു, ഉണ്ണികൃഷ്ണൻ സാറ് വന്യമൃഗങ്ങളുടെയും വനത്തിന്റെയും അവസ്ഥകളെ കുറിച്ച് പറഞ്ഞു. ജോണേട്ടനോട് ചോദിക്കാനുള്ളത്, കേരളത്തിൽ ഉള്ള ഡിവൈഡിനെ കുറിച്ചാണ്. കാട് നിലനിൽക്കേണ്ടത് കർഷകന്റെ ആവശ്യമല്ലേ, വെള്ളം വേണം, ഫലഭൂഷ്ടത വേണം മറ്റു പലകാര്യങ്ങൾക്കും കാടിന്റെ സാമീപ്യം വേണം. ഈ താത്പര്യങ്ങൾ എല്ലാം ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു രീതി നമുക്ക് വേണ്ടെ, എന്താണ് പറയാനുള്ളത് ?

പി.ടി ജോൺ: എനിക്കതിൽ പറയാനുള്ളത്, ഈ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർത്തതിൽ കർഷകർക്കാണോ, സർക്കാറിനാണോ വലിയ പങ്ക് എന്നുള്ളത് ഗൌരവമായിട്ട് അന്വേഷിച്ചിട്ടുള്ള ഒരാളാണ് ഞാൻ. വന്യമൃഗങ്ങളുടെ ആനയുടെതായാലും മറ്റു വന്യമൃഗങ്ങളുടെതായാലും കാടിനുള്ളിലെ ആവാസവ്യവസ്ഥ തകർത്തതിൽ വലിയ പങ്ക് കർഷകരെക്കാൾ സർക്കാറിനാണെന്ന് വിശ്വസിക്കുന്നു ഞാൻ. അത് ബോധ്യപ്പെടുത്താനും എനിക്ക് സാധിക്കും.

കാരണം വയനാട്ടിൽ മാത്രം മഴക്കാടുകൾ ക്ലിയർഫിൽ ചെയ്തിട്ട് വെച്ചുപിടിപ്പിച്ച തേക്കുതോട്ടങ്ങളുടെയും യൂക്കാലിറ്റ്സ് തോട്ടങ്ങളുടെയും അക്വേഷ്യ തോട്ടങ്ങളുടെയും വോളിയം എടുക്കുക. രണ്ടാമത് വനവികസന കോർപ്പറേഷൻ ഉണ്ടാക്കിയ, വനം വികസിപ്പിക്കാൻ ഉണ്ടാക്കിയ കോർപ്പറേഷൻ ആണല്ലോ, ആ കോർപ്പറേഷൻ വയനാട്ടിൽ ഏറ്റെടുത്തത് കമ്പമല എന്നു പറയുന്ന ഏറ്റവും മനോഹരമായ എവർഗ്രീൻ ഫോറസ്റ്റ് ആയിരുന്നു. അതു മുഴുവൻ ക്ലിയർഫിൽ ചെയ്തിട്ട് തേയിലത്തോട്ടം വെച്ചു പിടിപ്പിച്ചു. ബത്തേരി മുതൽ പുൽപ്പള്ളി വരെയുള്ള പ്രദേശം എവർഗ്രീൻ ഫോറസ്റ്റ് ആയിരുന്നു. അത് ക്ലിയർഫിൽ ചെയ്തിട്ട് അവിടെ കുരുമുളക് തോട്ടം വെച്ചുപിടിപ്പിച്ചു. ഇങ്ങനെ ആനകൾക്കോ വന്യമൃഗങ്ങൾക്കോ ജീവിച്ചു പോകാൻ ഉണ്ടായിരുന്ന ആവാസവ്യവസ്ഥതയെ തകർത്ത മോണോകൾച്ചർ ഉണ്ടാക്കിയത് സർക്കാറാണ്. വനംവകുപ്പാണ്. അതിന്റെ മറുപടി അവർ പറയണം. ആ ക്രൂരത ചെയ്തതുകൊണ്ടാണ്,  ഇന്ന് കാട്ടിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണം ഇല്ലാതായതും, വെള്ളമില്ലാതായതും. വെള്ളത്തിന്റെ സോർസസ് തകർത്തതിൽ വനം വകുപ്പിന്റെ ഉത്തരവാദിത്തം ചെറുതല്ല. കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ചുമതലപ്പെട്ട ഒരു വകുപ്പാണ്, പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തമുള്ള ഒരു വകുപ്പാണ് വനം വകുപ്പ് എന്നിരിക്കെ വനംവകുപ്പിന്റെ തോന്നിവാസങ്ങളുടെ
ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന സത്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

ഞാൻ ആനയെ കുറ്റം പറയില്ല, ഏതു ജീവിക്കാണെങ്കിലും അത് ജീവിക്കുന്ന പരിസരത്തിൽ അതിന് ആവശ്യമായ വെള്ളം കുടിക്കാൻ ഇല്ലാതായാൽ അതിനാവശ്യമായ വെള്ളം തേടിയും ഭക്ഷണം തേടിയും കാട്ടിൽ നിന്ന് പുറത്തേക്കിറങ്ങും. അത് കൃഷിക്കാരന്റെ വെള്ളമാണോ, വയലാണോ തോട്ടമാണോ എന്നൊന്നും അതിന് നോട്ടമില്ലല്ലോ. ആ അവസ്ഥ സൃഷ്ടിച്ചതിൽ ഏറ്റവും വലിയ പങ്ക് വനം വകുപ്പിനാണ്. ആ വകുപ്പ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അതിന് പരിഹാരം കാണണം. പരിഹാരമുണ്ടാക്കുന്നതിന് പകരം അവർ കർഷകരുടെ തലയിൽ മുളകരക്കുകയാണ്. ഞാൻ സത്യസന്ധമായി പറയട്ടെ, കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥന്മാരിൽ എത്ര പേരാണ് കാട്ടിൽ ജോലി ചെയ്യുന്നവരായുള്ളത്?

അത് പ്രിൻസിപ്പൽ സി.സി.എഫുമാർ മുതൽ സി.സി.എഫുമാർ മുതൽ താഴേക്ക് വന്നാൽ ഫോറസ്റ്റുമാർ അല്ലെങ്കിൽ ഗാർഡുമാർ വരെയുള്ള ഒരാളെയും നമ്മൾ കാട്ടിൽ കാണില്ല. കാട്ടിൽ ആകെയുള്ളത് ആദിവാസികളായ വാച്ചർമാരാണ്. ആ വാച്ചർമാരാണ് കാട്ടിൽ ജോലിചെയ്യുന്നത്. അവർ ചെന്നിട്ട് റിപ്പോർട്ട് ചെയ്യുമ്പോ മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ വണ്ടിയും, ചെണ്ടയും എടുത്തിട്ട് ഈ വിഷയമുള്ള സ്ഥലത്തേക്ക് വരുന്നത്. പുൽപ്പള്ളി പട്ടണത്തിൽ നിന്നാണ് കടുവ ഒരു ആദിവാസി ഓട്ടോ ഡ്രൈവറെ ശരീരം മുഴുവൻ കടിച്ചു തിന്ന് തീർത്തിട്ട് തലയും എല്ലും മാത്രം ബാക്കിയാവുകയാണ്.തൊട്ടപ്പുറത്ത് റെയിഞ്ച് ഓഫീസ് ഉള്ളതാ, വരാനാളില്ല. മൂന്നരമണിക്കൂർ കഴിഞ്ഞിട്ടും വരാനാളില്ല. ഇങ്ങനെ ശമ്പളം മേടിക്കുന്നവർ, പെൻഷൻ മേടിക്കുന്നവർ… വനം സംരക്ഷിക്കാനും വന്യജീവികളെ പരിരക്ഷിക്കാനും ഉത്തരവാദിത്തപ്പെട്ടവർക്ക് അതിന്  സമയമില്ല.

പി.ടി ജോൺ

കെ.എ ഷാജി: ജോണേട്ടൻ പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുകയാണ്. കാരണം സി.ആർ ബിജോയിയെ പോലെയുള്ള ആളുകളൊക്കെ ഒരുപാട് കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്, ഇന്ത്യയിൽ വനം സംരക്ഷിച്ചിട്ടുള്ളത് തദ്ദേശീയ ജനസമൂഹങ്ങൾ, ആദിവാസികൾ, ദളിതർ അതുപോലെ കാടിനോട് അടുത്തു കഴിയുന്ന കർഷകരുമാണ് അല്ലാതെ സർക്കാറോ, സർക്കാറിന്റെ വനം വകുപ്പോ അല്ല എന്ന്. എന്നാൽ ഇപ്പോൾ നടക്കുന്നത് എന്താ? സർക്കാറിന്റെ നയങ്ങളെ, സർക്കാറിന്റെ സമീപനങ്ങളെ കുറ്റം പറയാതെ, കർഷകർ സർക്കാറിനെതിരെ സമരം ചെയ്യാതെ ഒരു കവിയുടെ പുസ്തകം കത്തിക്കുന്നു, പരിസ്ഥിതിയെ കുറിച്ച് പറയുന്നവരെ തെറിവിളിക്കുന്നു, ഇവരാണ് നമ്മുടെ ശ്ത്രു എന്ന് ഐഡന്റിഫൈ ചെയ്യുന്നു… ഈ രീതിയിലുള്ള ഒരു പോക്ക് ആശ്വാസകരമാണോ?

പി.ടി ജോൺ: ഞാൻ പറയുന്നത്, വനം വകുപ്പ് കൃഷിക്കാരന്റെ ശത്രുവാണ്
എന്ന അവസ്ഥ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വനംവകുപ്പിനുണ്ട്. എന്റെ പേര് പി.ടി ജോൺ, കുന്നത്തെടവക വില്ലേജിലെ ഇന്ന സർവ്വേ നമ്പറിൽ നിന്ന് ഞാൻ മരം മുറിച്ചു കടത്തി എന്നു പറഞ്ഞിട്ട് ഒരു ഫോറസ്റ്റ് കേസ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതിയിൽ വരുന്നു. ഞാൻ ക്രിമിനൽ കേസിലെ പ്രതിയായിട്ട് കോടതിയിൽ
ഹാജരായി. രണ്ടാളെ ജാമ്യം വെച്ച് ഞാൻ പുറത്തിറങ്ങുന്നു. നമ്മുടെ പോലീസുകാരൻ ഉദയനാണ് എന്നെ ജാമ്യത്തിലെടുക്കുന്നത്. ആ കേസിൽ ഞാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ തോൽപ്പിച്ചു. പക്ഷെ തോൽപ്പിക്കാൻ വേണ്ടി ഞാൻ ഒരു വക്കീലിനെ വെച്ച് കേസ് നടത്തി ഞാൻ പുറത്തു വരണം. കുന്നത്തിടവക വില്ലേജിൽ, വൈദ്യർ താലൂക്കിൽ തന്നെ ഒരു സെന്റ് ഭൂമിയുള്ള ഒരാളല്ല ഞാൻ. പക്ഷെ എന്റെ പേരിലുള്ള കേസാണ്. ഇങ്ങനെ അവര് കേസ് ചാർജ് ചെയ്ത് കോടതിയിൽ കൊടുത്തു കഴിഞ്ഞാൽ നമ്മുടെ ജോലിയാണ് നമ്മൾ ആ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കൽ. നൂറു കണക്കിനു നിരപരാധികളായ ആളുകളുടെ പേരിൽ ഇവര് കേസുണ്ടാക്കി, അവർക്ക് ദേഷ്യം തോന്നിക്കഴിഞ്ഞാൽ  കേസിൽപ്പെടുത്തുകയാണല്ലോ. നിങ്ങൾ ഇ.എഫ്.എൽ എടുക്ക് എക്കളോജിക്കലി ഫ്രജൈൽ ഏരിയ എന്നു പറഞ്ഞ് ഗസ്റ്റ് നോട്ടിഫിക്കേഷൻ നടത്തിയതു മുഴുവൻ ഏതെങ്കിലും ഗാർഡോ, ഫോറസ്റ്ററോ, റേഞ്ചറോ ചെന്നിട്ട് അവനു വേണ്ട കോഴിയോ, കള്ളോ, പൈസയോ ചോദിച്ചിട്ട് അതുകൊടുത്തില്ലെങ്കിൽ ആണ്.

അവരുടെ കയ്യിൽ അധികാരമുണ്ട്, ചോദ്യം ചെയ്യപ്പെടാൻ ആവാത്ത അധികാരം. കൺസെർവേഷൻ ആക്ക്ട് അനുസരിച്ചും, വൈൽഡ് ലൈഫ്
ആക്ട് അനുസരിച്ചും വനം വകുപ്പിന്റെ കയ്യിലുണ്ട്. ആ അധികാരം ഉപയോഗിച്ച് അവർ അന്യായമായി ലക്ഷക്കണക്കിന് ആളുകളുടെ പേരിൽ കേസെടുക്കുന്നുണ്ട്. ആദിവാസികളുടെ പേരിലും. മാനന്തവാടി സബ് ജയിലിലും വൈത്തിരി സബ് ജയിലിലും കിടന്ന ആദിവാസികളുടെ കണക്ക് ഞങ്ങൾ എടുത്തിരുന്നു ഒരിക്കൽ. ഇവര് കേസെടുക്കും, കേസ് നടത്താൻ ഒരു ആദിവാസിക്ക് പറ്റോ, അവനെ ശിക്ഷിച്ച് അവൻ
ജയിലിൽ പോയി കിടക്കും. കർഷകരും ആദിവാസികളും ഇവർക്ക് എതിരാവുന്നതിന്റെ കാരണം ഇവർക്കുള്ള അധികാരം ഇവർ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ്. അതിന് പകരം അവരുടെ ഉത്തരവാദിത്തം അവര് ചെയ്യട്ടെ.

കെ.എ ഷാജി:  സുമ വിഷ്ണുദാസ്, താങ്കൾ വയനാട്ടിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. നമ്മൾ ഈ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളതെന്താണ്?

സുമ വിഷ്ണുദാസ്

സുമ വിഷ്ണുദാസ്: ഹ്യുമൺ വൈൽഡ് ലൈഫ് കോൺഫ്ലിക്റ്റ് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അത് നമുക്കിനിയും മറച്ചുവെക്കാനാവില്ല. അതിൽ തന്നെ വലിയ മൃഗങ്ങളായിട്ടുള്ള ആനയുടെയും കടുവയുടെയും പ്രശ്നങ്ങൾ കൂടിക്കൊണ്ട് തന്നെയാണ് വരുന്നത്. പ്രതേകിച്ചും ഇപ്പോ വയനാട്ടിൽ രണ്ട് ആദിവാസി യുവാക്കളെ തന്നെ കടുവ ഭക്ഷിക്കുന്ന സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ വർഷങ്ങളിൽ. അതിനെ നിസാരമായിട്ട് കാണാൻ പറ്റില്ല. മാത്രമല്ല കാടിന്റെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന കടുവകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്.

ആദ്യം നമ്മൾ പറഞ്ഞിരുന്ന ചില കാര്യങ്ങളുണ്ട്. അതായത് കടുവയാണെങ്കിൽ ഒന്നുകിൽ പരിക്കുപറ്റിയത് അല്ലെങ്കിൽ കൂട്ടത്തിൽ നിന്നും വെളിയിൽ വന്ന വയസ്സായത് ഒക്കെയാണ് കാടിന് പുറത്തു വന്ന് വേട്ടയാടുന്നത്, കെട്ടിയിട്ട മൃഗങ്ങളെ പിടിക്കുന്നത് എന്നൊക്കെ കടുവയുടെ ഇക്കോളജി അനുസരിച്ച് മനസ്സിലാക്കിയിരുന്ന ചില കാര്യങ്ങളിലും ഇപ്പൊ വ്യത്യാസം വരുകയാണ്, കാരണം കാടിന് പുറത്ത് ഇപ്പൊ നമ്മൾ അമ്മക്കടുവയെയും കുഞ്ഞുങ്ങളെയും ഒക്കെ കാണുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ട്. വനം വകുപ്പിന്റെ നയങ്ങളും, നടപടികളും ക്രിട്ടിക്കലായി നോക്കിക്കൊണ്ടിരുന്ന ഒരു സമയും നമുക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ എനിക്കു തോന്നുന്നത്, പ്രശ്നം വളരെ രൂക്ഷമാകുന്ന ഒരു സമയത്ത് അവരും നിസഹായമായ ഒരവസ്ഥയിലാണ് ഇരിക്കുന്നത് എന്നാണ്.

ആ സമയത്ത് നിങ്ങള് തുടക്കത്തിൽ സൂചിപ്പിച്ചിട്ടുള്ള ചില ആളുകളുടെ പ്രിതിലോമകരമായ ഇടപെടലുകൾ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. കാരണം വനം വകുപ്പ് ഇവിടെ ശ്രമിക്കുന്ന ചില കാര്യങ്ങൾ റാപ്പിട് റെസ്പോൺസ് ടീം എന്ന് പറഞ്ഞിട്ടുള്ള ഒരു കടുവയെ സൈറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെ അതിനെ ഐഡന്റിഫൈ ചെയ്യാനും, ട്രാക്ക് ചെയ്യാനും, കൂട്ടിലാക്കാനും ഒക്കെയുള്ള ശ്രമങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിസിപ്പേറ്ററി ആയിട്ടുള്ള ചില ഇനീഷ്യേറ്റീവ്സ് അവർ എടുക്കുന്നുണ്ട്. പക്ഷെ അത്തരം ഇനീഷ്യേറ്റീവ്സിനെ പോലും പരാജയപ്പെടുത്തുന്ന രീതിയിലാണ് ഈ കിഫ പോലെയുള്ള സംഘടനകളുടെ ഇടപെടലുകൾ പലപ്പോഴും ഉണ്ടാകുന്നത്.

കാരണം അവര് നേരിട്ടു പോയിട്ട് ക്യാമറവെക്കുന്നു, ട്രാപ്പ് ചെയ്യുന്നു, വാട്സാപ്പിൽ ന്യൂസ് വിടുന്നു. അപ്പോഴെക്കും ആളുകൾ പാനിക് ആവുന്നു. ഇത്തരത്തിൽ മിഷിനറിയെ വർക്ക് ചെയ്യാൻ സമ്മതിക്കാതെ, ഇപ്പൊ നമ്മൾ ഒരു എമർജൻസിയിലാണ് ഇരിക്കുന്നത്, ക്ലൈമറ്റ് എമർജൻസി എന്ന് പറയുന്ന പോലെ ഒരു എമർജൻസിയിലാണ് ഈ കാര്യങ്ങൾ വർക്ക് ചെയ്യേണ്ടത്, ആ അർത്ഥത്തിൽ സിസ്റ്റത്തിന്റെ കൂടെ നിന്ന് ജനങ്ങൾ കൂടെ പ്രവർത്തിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പൊ വയനാട്ടിലെ മൃഗങ്ങളെ സംബന്ധിച്ച് ഉള്ളത്, ആനയാണെങ്കിലും, കടുവയാണെങ്കിലും. മനുഷ്യൻ മൃഗം അതുപോലെ വനം കർഷകരുടെ പ്രദേശം ഇങ്ങനെ ദ്വന്തങ്ങളായിട്ടാണ് സംസാരിക്കുന്നത്. വേറൊരു കാര്യം തിയററ്റിക്കലായി പറഞ്ഞാൽ ഇപ്പൊ വയനാട്ടിൽ വന്യജീവി സങ്കേതം ഉള്ള പ്രദേശത്തു മാത്രമല്ല ഈ വന്യമൃഗങ്ങൾ കാടിനു പുറത്തിറങ്ങുന്നത്. അല്ലാത്ത പ്രദേശം, ടെറിട്ടോറിയൽ ഫോറസ്റ്റ് എന്നു പറഞ്ഞാൽ അവിടെയുള്ള ഫോഴ്സിന്റെ എണ്ണം വളരെ കുറവാണ്. കാട്ടു തീ അടക്കമുള്ള നിരവധി കാര്യങ്ങളെ മാനേജ് ചെയ്യാനുള്ള സ്റ്റാഫിന്റെ എണ്ണം വളരെ കുറവാണ്. പലപ്പോഴും നമ്മൾ സാങ്ച്വറീസ് ആയിട്ട് പ്രഖ്യാപിക്കുക, കൂടുതൽ സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ വാദങ്ങൾ വരുന്ന സമയത്ത് കർഷകരുടെ ഭാഗത്ത് നിന്നുള്ള, എല്ലാ കർഷകരുമല്ല, കർഷകരുടെ സംഘടനകളിൽ നിന്നും പലപ്പോഴും പ്രതിരോധമാണ് ഉണ്ടാവുക. അവരെ നമ്മൾ ബോധവത്കരിക്കേണ്ടതുണ്ട്, കൂടുതൽ സന്നാഹവും,കൂടുതൽ മെഷിനറിയും ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടു കൂടി ശക്തിപ്പെട്ടാൽ മാത്രമാണ് നമുക്കിതിനെ ശാസ്ത്രീയമായും പ്രായോഗികമായും നിയന്ത്രിക്കാനാവു എന്നുള്ളതാണ് വലിയ മൃഗങ്ങളെ സംബന്ധിച്ചുള്ള ഒരു കാര്യം.

രണ്ടാമത്തെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, വലിയ മൃഗങ്ങൾ തന്നെയാണോ ഏറ്റവും വലിയ പ്രശ്നം എന്ന ഒരു ചോദ്യം കൂടിയുണ്ട്, ഇപ്പൊ ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ വർഷം ഒരു സർവ്വെ നടത്തി, വയനാടിനെ ഒരു 25 സ്ക്വയർ കിലോമീറ്റേർസ് ഉള്ള 125 ഗ്രഡ്ഡുകളായി തിരിച്ചിട്ട് ഓരോ ഗ്രിഡ്ഡിൽ നിന്നും നൂറോളം കുടുംബങ്ങളെ എടുത്ത് അവരോട് മൃഗങ്ങളുടെ സാന്നിധ്യം വർഷത്തിൽ ഏതൊക്കെ സമയത്ത് ഉണ്ടാവുന്നു, കോൺഫ്ലിക്ക്റ്റ് എങ്ങനെ ഉണ്ടാവുന്നു, ഏതൊക്കെ വിളകളെയാണ് ബാധിക്കുന്നത് എന്നുള്ള രീതിയിൽ വളരെ വിശാലമായ ഒരു സർവെ നടത്തി. ആ സർവെയിൽ നിന്ന് ഞങ്ങൾ കണ്ടുപിടിച്ച കാര്യം എന്താണ് എന്നുവെച്ചാൽ ഈ ഫോറസ്റ്റ് ഫ്രിഞ്ചിനെക്കാൾ കൂടുതൽ കോൺഫ്ലിക്ക്റ്റ് ഇൻസിഡൻസ് ഫോറസ്ററഡ് അല്ലാത്ത പ്രദേശങ്ങളിൽ നടക്കുന്നുണ്ട്. കാട്ടു പന്നി,കുരങ്ങ്, ഞണ്ട്,മയില്,എലി, മലയണ്ണാൻ തുടങ്ങിയ ജീവികൾ ഉണ്ടാക്കുന്ന കോൺഫ്ലിക്ക്റ്റ് ഇൻസിഡൻസ് നോക്കിയാൽ അവരുണ്ടാക്കുന്ന നഷ്ടങ്ങൾ നോക്കിയാൽ ആനയും കടുവയും ഉണ്ടാക്കുന്ന നഷ്ട്ത്തേക്കാൾ കാർഷികമേഖലയിൽ കൂടുതൽ കാണാൻ പറ്റും.

ഡാറ്റയാണ് സംസാരിക്കുന്നത്. ഇതുവെച്ച് നമ്മൾ ഈ പ്രശ്നത്തെ വേറൊരു അർഥത്ഥിൽ കൂടി കാണേണ്ടതുണ്ട്. വനം, വനത്തിന്റെ അതിർത്തി, ആ അതിർത്തിയുടെ കാവൽ അതുപോലെ വനത്തിനകത്ത് വനത്തിന്റെ ആരോഗ്യം എന്നിങ്ങനെ. വനത്തിന്റെ അതിർത്തി എന്നുള്ളത് എക്കോളജിക്കലി സിഗ്നിഫിക്കന്റ് ആയിട്ടുള്ള അതിർത്തി ഒരിക്കലും തീരുമാനിച്ചിട്ടില്ല. അത് പൊളിട്ടിക്കൽ ആയിട്ടുള്ള ഒരു അതിർത്തിയാണ്. രാഷ്ട്രീയമായ കാരണങ്ങളാൽ ഉണ്ടായി വന്ന വനാതിർത്തികളാണ്. അതിന് യാതൊരു ഇക്കോളജിക്കൽ സിഗ്നിഫിക്കൻസും ഇല്ല. അതുകൊണ്ട് തന്നെ ഇക്കോളജിക്കലി ഫ്രജൈൽ ആയിട്ടുള്ള ആനിമൽ മൂവ്മെന്റിനെ സംബന്ധിച്ച് പ്രാധാന്യം അർഹിക്കുന്ന, അവരുടെ ആവാസവ്യവസ്ഥ അനുസരിച്ച് പ്രാധാന്യം അർഹിക്കുന്ന പല പ്രദേശങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കയ്യിലുള്ള വനത്തിന് പുറത്തുമാണ്. അതുകൊണ്ട് തന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കയ്യിലുള്ള വനത്തിലൂടെ മാത്രമാകണം ആനയുടെ ഇക്കോളജി എന്നു നമുക്ക് വാശിപിടിക്കാനും ആവില്ല.

ഇത്തരത്തിൽ ഒക്കെയുള്ള സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് കോൺസെപ്ഷ്യലി നമ്മള് മനസ്സിലാക്കേണ്ട കാര്യം, ഹ്യൂമൺ ഇക്കോളജി എന്ന കാര്യമാണ്. അതായത് മനുഷ്യന്റെ പരിസ്ഥിതിയിൽ ഉണ്ടായിട്ടുള്ള മൊത്തത്തിലുള്ള ആരോഗ്യക്കുറവാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കൂടുതൽ കാരണം. നമുക്ക് വേണമെങ്കിൽ പറഞ്ഞുകൊണ്ടിരിക്കാം, വനം വകുപ്പാണ് പ്രശ്നം. ഗവൺമെന്റ് വനത്തിന്റെ അതിർത്തി ശക്തിപ്പെടുത്തിയാൽ ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം നേടാം എന്ന് നമുക്ക് രാഷ്ട്രീയമായി പറഞ്ഞുകൊണ്ടിരിക്കാം. പക്ഷെ പ്രായോഗികമായും ശാസ്ത്രീയമായും ഈ പ്രശ്നത്തിന് അങ്ങനെ പരിഹാരം ഉണ്ടാവില്ല.

കാരണം കാടിന്റെ പുറത്ത്, വയനാടിനെ സംബന്ധിച്ച് ഞാൻ നേരത്തെ സൂചിപ്പിച്ചു അമ്മക്കടുവയെയും കുഞ്ഞുങ്ങളെയും പുറത്ത് കാണുന്നു, എവിടെയാണ് അവരെ കണ്ടത്, അബാന്റന്റ് ആയിട്ടുള്ള പ്ലാന്റേഷൻസിലാണ് കണ്ടത്. അതായത്, പ്ലാന്റേഷൻ മാനേജ്മെന്റ് കുറെ വർഷങ്ങളായി കൃത്യമായി നടത്തുന്നില്ല. പ്ലാന്റേഷൻ നഷ്ടത്തിലായി. അങ്ങനെ അബാന്റന്റ് ആയിട്ടുള്ള പ്ലാന്റേഷൻസ് കൃത്യമായിട്ടും ഒരു ഫോറസ്റ്റിനെ പോലെ ഇരിക്കയാണ്. കടുവയുടെയും ആനയുടെയും ഒക്കെ എണ്ണം കൂടിയിട്ടുണ്ട്, അല്ലെങ്കിൽ കാടിന്റെ ആരോഗ്യം കുറഞ്ഞിട്ടുണ്ട്, പ്രഷർ കൂടിയിട്ടുണ്ട്. സ്വാഭാവികമായിട്ടും അവർ അടുത്തുള്ള പ്ലാന്റേഷനിൽ വരികയും അവിടെ താമസം ഉറപ്പിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരമായി ജനങ്ങൾ താമസിക്കുന്നതിന്റെ ചുറ്റുമോ അതിന്റെ ഇടക്കോ നിക്കുന്ന ഇത്തരം പ്ലാന്റേഷൻസിന്റെ അടിക്കാടുകൾ കൃത്യമായി വെട്ടി മാനേജ് ചെയ്യുക എന്നതും ഒരു സ്ട്രാറ്റജിയാണ്.

ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യാതെ പോവുമ്പഴാണ് നമ്മൾ ഈ ദ്വന്തത്തിൽ ഇരുന്ന് കളിക്കുമ്പോൾ.പിന്നെ ഒരു കാര്യം എനിക്ക് സൂചിപ്പിക്കാൻ ഉള്ളത് നമ്മുടെ കാടും അതിന്റെ ചുറ്റുവട്ടവും എന്താണ് എന്നുള്ളതാണ്. കഴിഞ്ഞ ഒരു
വർഷമായി ഞാൻ വളരെ ഡീറ്റെയിൽ ആയിട്ടുള്ള ഒരു സ്റ്റഡി വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട് നടത്തികൊണ്ടിരിക്കയാണ്. അതിൽ കാണുന്ന ഒരു കാര്യം എന്താണ് എന്നുവെച്ചാൽ ഇപ്പൊ വയനാട് വൈൽഡ് ലൈഫ് സ്ൻക്ച്വറിക്കകത്ത് 108 ഗ്രാമങ്ങളുണ്ട്. ആ 108 ഗ്രാമങ്ങളിൽ നിന്നും ആളുകളെ റീലൊക്കേറ്റ് ചെയ്യാനുള്ള പദ്ധതിവെക്കുകയും ഘട്ടംഘട്ടമായി പുറത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ കൊണ്ടുവന്നോണ്ട് ഇരിക്കുമ്പോൾ തന്നെ നടക്കുന്ന മറ്റൊരു കാര്യം എന്താണ് എന്നുവെച്ചാൽ ഈ ഫോറസ്റ്റ് ഫ്രിഞ്ചസിൽ കഴിഞ്ഞ ഒരു ഇരുപത്തഞ്ചു വർഷത്തിന് ഇടയിൽ ഒരുപാട് ലാന്റ് ട്രാൻസ്ഫേർസ് നടന്നിട്ടുണ്ട്. ഭൂമിയുടെ വിൽപ്പനകൾ നടിന്നിട്ടുണ്ട്. ഈ വിൽപ്പനകളിൽ അധികവും കർഷകർ വിറ്റിട്ടുള്ളത് ടൂറിസത്തിന് വേണ്ടിയാണ്.

അവിടെ റിസോർട്ടുകളുണ്ട്, ഹോം സ്റ്റേ എന്ന പേരിൽ തന്നെ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഇനി ടെറിട്ടോറിയൽ ഫോറസ്റ്റുകൾക്കിടയിൽ പ്രതേകിച്ചും വയനാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ചെറിയ ടെറിട്ടോറിയൽ ഫോറസ്റ്റ് പാച്ചുകൾക്കിടയിൽ എല്ലാം സ്വകാര്യ സ്ഥലങ്ങളുണ്ട്. 900 കണ്ടി വലിയ തോതിൽ ഉരുൾപ്പൊട്ടൽ ഉണ്ടായസ്ഥലമാണ് എന്നാൽ അവിടെ ഇപ്പോ പോയിനോക്കിയാൽ ടൂറിസം മാത്രമെ ഉള്ളു. അവിടെക്കു വരുന്ന ആളുകളുടെ എണ്ണം എന്നു പറഞ്ഞാൽ നമ്മുടെ കർഷകരുടെ എണ്ണം ഒന്നും അല്ല, അതിനെക്കാൾ എത്രയോ ഇരട്ടിയാണ്. കോവിഡിന് ശേഷം അങ്ങോട്ട് വന്നിട്ടുള്ളവരുടെ എണ്ണം അതിഭീകരമാണ്. മാത്രമല്ല പ്രധാനമായും ടൂറിസം പ്രമോട്ട് ചെയ്യുന്നത് നൈറ്റ് ലൈഫാണ്. അതാണ് വെളിച്ചം ഇടുക, പാട്ടു വെക്കുക എന്നുള്ളതാണ്. ഇതൊക്കെ തന്നെ വന്യമൃഗങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മൂവ്മെന്റിന് പ്രശ്നമാവുകയും അവർ സാധാരണ പോയിക്കൊണ്ടിരുന്ന വഴിവിട്ട് കർഷകരുടെ സ്ഥലത്തേക്കും, ഗ്രാമങ്ങളിലേക്കും ഇറങ്ങുന്നതിനും കാരണമായിട്ടുണ്ട്.

പക്ഷെ ഇത്തരം കാര്യങ്ങൾ ഒന്നും നമ്മൾ ചർച്ചകളിലേക്ക് കൊണ്ടുവരുന്നില്ല. വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിക്ക് ചുറ്റുമുള്ള ഊരുകളിൽ എല്ലാമുള്ള ആളുകൾ  റിസോർട്ടുകൾ ഉണ്ടാക്കുന്ന ശബ്ജത്തെ സംബന്ധിച്ചും അവർ രാത്രിയിൽ ഉണ്ടാക്കുന്ന ലൈറ്റ് പൊലൂഷനെ സംബന്ധിച്ചും അത് ആനകളുടെ മൂവ്മെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചും കൃത്യമായി ഒബ്സെർവ് ചെയ്യുകയും അത് നമ്മളോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പുതിയ കാലത്ത് നമ്മൾ ഇത്രകാലം പറഞ്ഞുകൊണ്ടിരുന്ന നരേറ്റീവ്സിന്റെ അപ്പുറത്തേക്കുള്ള ഭൂമിയുടെ ഉപയോഗവുമായി, ചുറ്റും നടന്ന വികസന പ്രവർത്തനങ്ങളുടെ തോതുമായി ഒക്കെ ബന്ധപ്പെടുത്തി ഇതിനെ അനലൈസ് ചെയ്യുകയും ജനങ്ങളും വനംവകുപ്പും ചേർന്നുകൊണ്ടുള്ള ശാസ്ത്രീയമായ മീറ്റിഗേഷൻ മെഷേർസിലേക്ക് പോവുകയും ചെയ്യേണ്ടതുണ്ട്. നമുക്കിനി തർക്കിച്ചുകൊണ്ട് നിൽക്കാൻ സമയമില്ല എന്നതാണ് പ്രശ്നം. അതിജീവനത്തിന്റെ പ്രശ്നം തന്നെയാണ്. അതുകൊണ്ട് ചേർന്നിട്ടുള്ള ഒരു ഇടപെടൽ ആവശ്യമാണ്.

ഒരു അർത്ഥത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഡയലോഗുകൾ
ഇത്തരത്തിലുള്ള സീരിയസ് ആയിട്ടുള്ള ചർച്ചകളെ ഇല്ലായ്മ ചെയ്യാനാണ് സഹായിക്കുന്നത്.

തുടരും…

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 6, 2023 3:18 am