Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തമിഴ്നാട്ടിലെ കരൂരിൽ കൂട്ടത്തിരക്കിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ അപകടം ഒരിക്കലും മറക്കാനാവാത്ത വേദനയായി മാറിയിരിക്കുന്നു. നാൽപ്പതോളം ജീവനുകൾ നഷ്ടപ്പെട്ടു,120 ഓളം പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലാണ്. നഷ്ടപരിഹാരമായി നൽകുന്ന തുക കൊണ്ടോ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലൂടെയോ ഈ ദുരന്തം സൃഷ്ടിച്ച നഷ്ടങ്ങൾ നികത്താനാവില്ല. സംഭവത്തിൽ പങ്കെടുത്തവരെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമായി വന്നവരാണെന്ന് പറയാനാവില്ല. ‘വിജയ് അണ്ണാ’ എന്ന വികാരത്തിന് പുറത്ത്, തങ്ങളുടെ ഇഷ്ടനായകനെ കാണാൻ കഴിയുമെന്ന ആകാംക്ഷയും ആവേശവും കൊണ്ട് തടിച്ചുകൂടിയവരാണ് ദുരന്തത്തിന് ഇരകളായവരിൽ ഏറെയും.


എന്നാൽ, പ്ലാൻ ചെയ്ത് നടത്തിയ ഒരു പരിപാടി ആയിരുന്നിട്ടും സ്ഥലത്തിന്റെ പരിമിതികളും സുരക്ഷാ ഒരുക്കങ്ങളുടെ കുറവും ആളുകളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് സാഹചര്യങ്ങളെ എത്തിച്ചു. കൂടാതെ, ഉച്ചയ്ക്ക് ഒരു മണിക്ക് വിജയ് എത്തുമെന്ന പ്രതീക്ഷയിൽ വിശന്നും ക്ഷീണിതരുമായി കാത്തിരുന്ന ജനക്കൂട്ടത്തിന് വൈകുന്നേരം ഏഴ് മണിവരെ അതിനായി കാത്തിരിക്കേണ്ടി വന്നു. താരത്തിന്റെ സാന്നിധ്യത്തിനായി മണിക്കൂറുകളോളം കൂട്ടം കൂടി നിൽക്കേണ്ടി വന്നതോടെ ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥയും ശാരീരിക ക്ഷീണവും സാഹചര്യം കൂടുതൽ അപകടകരമാക്കി.
ഇത്തരം അവസരങ്ങളിൽ താരവും സംഘാടകരും ജനസുരക്ഷയെ മുൻനിർത്തി നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിസന്ധി നേരത്തെ തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനുമുള്ള ഉത്തരവാദിത്തം സംഘാടകരുടെയും നേതാവിന്റെയുമാണ്. ദുരന്തത്തിന് ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിനേക്കാൾ ശ്രദ്ധ മുൻകരുതലുകൾ എടുക്കുന്നതിൽ ഉണ്ടായിരുന്നെങ്കിൽ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാമായിരുന്നു.


വിജയ് എത്തുന്നതിന് മുമ്പ് തന്നെ, പരിപാടി നടക്കുന്ന സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തിരക്ക് കാരണം ആളുകൾക്ക് വൈദ്യുതി കേബിളുകളിൽ നിന്നോ തൂണുകളിൽ നിന്നോ അപകടം സംഭവിക്കാതിരിക്കാനായിരുന്നു ഈ നടപടി. എന്നാൽ, വൈദ്യുതി വിച്ഛേദിച്ചതോടെ പ്രദേശം മുഴുവൻ ഇരുട്ടിലാഴ്ത്തപ്പെട്ടു. ഇരുട്ടിൽ ജനക്കൂട്ടത്തിന് പുറത്ത് പോകാനുള്ള വഴികൾ തിരിച്ചറിയാൻ സാധിക്കാതെ വന്നു. സ്ഥലപരിമിതിക്കുള്ളിലേക്ക് ആംബുലൻസ് എത്തിയതും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ ഇല്ലാതിരുന്നതും അവസ്ഥയെ കൂടുതൽ ഗുരുതരമാക്കി. റാലിയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നത് ഏകദേശം 15,000 പേരെ മാത്രമായിരുന്നെങ്കിലും, അതിന്റെ ഇരട്ടിയിലധികം ആളുകൾ സ്ഥലത്തെത്തിയതായി കണക്കാക്കപ്പെടുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനുള്ള സ്ഥലവ്യാപ്തി അവിടെ ഉണ്ടായിരുന്നില്ല. പൊലീസിനും ടി.വി.കെ പ്രവർത്തകർക്കും ഒരുപോലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പോയി.
ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം
ആൾക്കൂട്ടം എന്നത് കണക്കുകൾ കൊണ്ട് മാത്രം അളക്കാനാവുന്ന ഒരു ജനക്കൂട്ടമല്ല. അത് വികാരങ്ങളുടെ ഒഴുക്കാണ്. ഓരോ വ്യക്തിയുടെയും സ്വഭാവത്തിലെ ആശങ്കകളും ആഗ്രഹങ്ങളും, കൂട്ടത്തിന്റെ ഊർജ്ജത്തിൽ, സമ്മർദ്ദത്തിൽ ചേർന്ന്, കൂടിയ വികാര പ്രവാഹമായി മാറുന്നു. ഇത് വ്യത്യസ്തമായ സാമൂഹിക അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ ‘ഫനാറ്റിക്’ ആൾക്കൂട്ടം സാധാരണ കൂട്ടങ്ങളിൽ നിന്ന് വ്യക്തമായ വ്യത്യാസം പുലർത്തുന്നു. ഓരോ ആൾക്കൂട്ടത്തിനും ഓരോ സ്വഭാവം ഉണ്ട്. ഉദാഹരണത്തിന്, ആരാധനാലയങ്ങളിൽ കാണുന്ന ജനക്കൂട്ടത്തിന്റെ സ്വഭാവം ഭക്തി നിറഞ്ഞതാണ്. സ്റ്റേഡിയങ്ങളിലെ തിരക്ക് കായിക മത്സരത്തിന്റെ പ്രതിഫലനമാണ്. തീയറ്റേറുകളിൽ ആരാധകരുടെ തിരക്ക് താരാരാധനയുടെ പ്രതീകമായിരിക്കുമ്പോൾ, രാഷ്ട്രീയ വേദികളിൽ ആൾക്കൂട്ടം ‘കരുത്ത്’ തെളിയിക്കാനുള്ള പ്രകടനങ്ങളായി മാറും. അതുകൊണ്ട് തന്നെ crowd management എന്നുള്ളത് മനഃശാസ്ത്രപരമായി നേരിടേണ്ട ഒരു കാര്യം കൂടി ആണ്.
2024–2025 കാലയളവിൽ ജനക്കൂട്ടങ്ങൾ കാരണമുള്ള അപകടങ്ങൾ ഇന്ത്യയിൽ നിരവധിയുണ്ടായിട്ടുണ്ട്.
● 2024 ജൂലൈയിൽ ഉത്തരപ്രദേശിലെ ഹഥ്രാസിൽ ഒരു യോഗകേന്ദ്ര യോഗത്തിൽ ഉണ്ടായ അപകടത്തിൽ തിരക്കിൽ പെട്ട് 121 പേർ മരിച്ചു, മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും ആയിരുന്നു.
● 2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ ‘പുഷ്പ 2: ദി റൂൾ’ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിരക്കിൽ ഒരു സ്ത്രീ മരിക്കുകയും, കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
● 2025 ജനുവരി മാസത്തിൽ ആന്ധ്രപ്രദേശിലെ തിരുപതി വെങ്കടേശ്വര ക്ഷേത്രത്തിനടുത്ത് സൗജന്യ ടിക്കറ്റ് ലഭിക്കാൻ കാത്തിരിക്കുന്ന 2,500 ആളുകൾക്കിടയിൽ 6 പേർ മരിക്കുകയും, 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
● അതേ മാസം പ്രയാഗരാജിലെ മഹാകുംഭമേളയിൽ വെച്ചുണ്ടായ അപകടത്തിൽ, തിരക്കിൽ 30 പേർ മരിച്ചു, 60 പേർക്ക് പരിക്ക്.
● 2025 ഫെബ്രുവരി 15ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഭംമേളയിൽ പങ്കെടുക്കാൻ കാത്തിരുന്ന യാത്രക്കാരുടെ തിരക്കിൽ 18 പേർ മരിക്കുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
● 2025 ജൂൺ 4ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെ 11 പേർ മരിക്കുകയും, 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓരോ അപകടത്തിനും വ്യത്യസ്ത പശ്ചാത്തലങ്ങളുണ്ടെങ്കിലും മൂലകാരണം, മുന്നൊരുക്കം ഇല്ലായ്മ, അടിയന്തര മാർഗ്ഗങ്ങളുടെ അഭാവം, തെറ്റായ വിവരങ്ങളുടെ പ്രചരണം എന്നിവയാണ്. ഈ സംഭവങ്ങൾ വലിയ ജനകൂട്ടങ്ങളുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.


ഇന്ത്യയിലെ പ്രമുഖ ജനാരോഗ്യ വിദഗ്ധനും, ജനസംഖ്യാ വൈദ്യശാസ്ത്രത്തിലെ പ്രൊഫസറുമായ ഡോ. ഗിരിധര ബാബു 2025 ജൂൺ 11ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് ഇന്ത്യയിൽ ഓരോ മാസവും ശരാശരി 14 പേർ 19 ആൾക്കൂട്ട അപകടങ്ങളിലായി മരണപ്പെടുന്നു എന്നാണ്. വലിയ ജനക്കൂട്ടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ, ആൾകൂട്ട അപകടങ്ങൾ ഏത് സമയത്തും സംഭവിക്കാവുന്ന ഒന്നാണ്. Panic propagation സംഭവിക്കുമ്പോൾ എത്രതന്നെ കരുതലുള്ള വ്യക്തി ആണെങ്കിലും ചിലപ്പോൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. തമിഴരുടെ രാഷ്ട്രീയത്തെ വിലകുറച്ച് കാണുന്ന വംശീയമായ ആധിക്ഷേപങ്ങൾ സോഷ്യൽ മീഡിയിൽ നാം കണ്ടു. ഉന്മാദികളുടെ വിവേചന ബുദ്ധി ചോദ്യം ചെയ്യുന്നവർ മലയാളികളുടെ ഉത്സവങ്ങളിലേക്കും കണ്ണോടിക്കുന്നത് നല്ലതാണ് ,
സുരക്ഷിതമായ ആൾക്കൂട്ട മാനേജ്മെന്റ്
വലിയ ജനക്കൂട്ടങ്ങളുള്ള പരിപാടികളിൽ സുരക്ഷ ഉറപ്പാക്കാൻ ചില സുവ്യവസ്ഥിത മാർഗ്ഗങ്ങൾ അനിവാര്യമാണ്. ആദ്യമായി, സ്ഥലത്തിന്റെ ശേഷി (carrying capacity) കണക്കിലെടുത്ത് പ്രവേശനം (inflow/outflow) നിയന്ത്രിക്കുക എന്നതാണ്. പങ്കെടുക്കുന്നവരെയെല്ലാം ഉൾപ്പെടുത്തും വിധമായിരിക്കണം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്; ENTRY AND EXIT വിശാലമായ കവാടങ്ങളായിരിക്കണം, അടിയന്തര സാഹചര്യങ്ങൾക്ക് ഫസ്റ്റ് എയ്ഡ്, ആംബുലൻസ്, ആരോഗ്യ സേവന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കണം.


സ്ഥലത്തെക്കുറിച്ച് മുൻ ധാരണ ഇല്ലാത്ത വ്യക്തിക്ക് അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുന്ന രീതിയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. വലിയ ആൾക്കൂട്ടം പ്രതീക്ഷിക്കുന്ന പരിപാടികളിൽ, അടിയന്തര സജ്ജീകരണങ്ങൾ, വിളിക്കേണ്ട നമ്പറുകൾ, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളെ കുറിച്ച് വിശദീകരണം നൽകേണ്ടതാണ്. എല്ലാ ആൾക്കൂട്ട ഇടങ്ങളും സ്ത്രീ, ശിശു, ട്രാൻസ്‍ജെൻഡർ, ഡിസേബിൾഡ് സൗഹൃദമായിരിക്കണം.
പൊലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, സിവിൽ ഡിഫെൻസ് വോളന്റിയേഴ്സ് എന്നിങ്ങനെ സാധ്യമായ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും പങ്കാളിത്തം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഡ്രോണുകളും CCTV ക്യാമറകളും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തേണ്ടതാണ്. ആൾക്കൂട്ടത്തിൽ ആനയെ ഉപയോഗിക്കുന്നതിനും, വെടിക്കെട്ട് പോലുള്ളവയ്ക്കും മുൻകൂട്ടി അനുവാദം വാങ്ങണം. സുരക്ഷിതമായ അകലം സൂക്ഷിക്കാനുള്ള നടപടികളും ചെയ്യേണ്ടതാണ്.
എന്താണ് Crowd Turbulence ?
ചില തിരക്കുകൾ പെട്ടെന്ന് രൂപപ്പെടാവുന്നതാണ് (by natural or man-made causes). എത്ര സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയാലും, ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാം. മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തന്നെ നമുക്ക് അപകടമോ മരണമോ സംഭവിച്ചേക്കാം.
Self-organized motion നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ശാരീരികമായോ മാനസികമായോ പ്രയാസം (crowd turbulence) അനുഭവപ്പെടുന്നുണ്ടെങ്കിൽ, ജനക്കൂട്ടത്തിന്റെ wave density flow എങ്ങനെയാണ് എന്ന് മനസ്സിലാക്കുക. ഇത് മനസ്സിലാക്കാൻ സാധിക്കുക ഉയർന്ന പ്രതലത്തിൽ നിൽക്കുമ്പോഴോ, സ്ഥലം നിങ്ങൾക്ക് മുൻപരിചയം ഉണ്ടെങ്കിലോ മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ, ഉടനെ എമർജൻസി എക്സിറ്റ് മാർഗ്ഗങ്ങൾ തിരിച്ചറിയുകയും അവിടെ നിന്ന് സുരക്ഷിതമായി നീങ്ങുകയും ചെയ്യുക. എന്നാൽ, ജനക്കൂട്ടം Shockwave Effect/Rigidly Packed Crowd ആണെങ്കിൽ മറ്റൊരു ദിശയിലേക്ക് നീങ്ങാൻ ശ്രമിക്കരുത്; ഇത് കൂടുതൽ അപകടം സൃഷ്ടിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും.
തിരക്കിനടയിൽ വീണുപോയാൽ, മറ്റൊരാളുടെ സഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്വയം എഴുന്നേൽക്കാൻ ശ്രമിക്കുക. എഴുന്നേൽക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഇടതുവശം തിരിഞ്ഞ് റിക്കവറി പൊസിഷനിൽ കിടക്കുക. ഇത് പരിക്കുകളുടെ ആഘാതം കുറക്കാൻ സഹായിക്കും.
വളരെ തിരക്കുള്ള സാഹചര്യത്തിൽ, നെഞ്ചിന് മുകളിൽ കൈ ക്രോസ് ചെയ്ത്, കാൽ സമതുലിതമായി സ്ഥാപിച്ച് ശരീരബലം നിയന്ത്രിച്ച് നടക്കുക. കരഞ്ഞ് അനാവശ്യമായി ഊർജ്ജം നഷ്‌ടപ്പെടുത്താതിരിക്കുകയും ചെയ്യുക.


വലിയ ജനകൂട്ടങ്ങളുടെ സുരക്ഷ: ക്രമീകരണവും പരിശീലനവും
എല്ലാ വർഷവും മുടങ്ങാതെ നടത്തുന്ന പ്രധാന ഇവന്റുകൾ, വലിയ ജനസംഖ്യയുള്ള പരിപാടികൾ എന്നിവയ്ക്കായി പൊലീസ് അനുമതി തേടുന്നതോടൊപ്പം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOPs) /evacuation plan സമർപ്പിക്കുക. ജനകൂട്ടത്തിന്റെ പ്രവണത മുൻകൂട്ടി മനസിലാക്കാൻ സിമുലേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഉപയോഗിച്ച് സുരക്ഷാ പദ്ധതി തയ്യാറാകുക. വലിയ ജനക്കൂട്ടങ്ങളുടെ നിയന്ത്രണത്തിനായി ക്രൗഡ് മാനേജ്‌മെന്റ് ഏജൻസികളുടെ സഹകരണം ഉറപ്പാക്കുക (ഇതിന്റെ തൊഴിൽ സാധ്യത കൂടി കണക്കിലെടുക്കാം). സ്കൂൾ സേഫ്റ്റി പ്രോഗ്രാമുകളിൽ ക്രൗഡ് മാനേജ്‌മെന്റ് പരിശീലനം ഉൾപ്പെടുത്തുക. കുട്ടികൾക്ക് അടിസ്ഥാന നൈപുണ്യങ്ങൾ, എമർജൻസി നടപടികൾ പഠിപ്പിക്കുക. ക്രൗഡ് മാനേജ്‌മെന്റ് മോക് ഡ്രില്ലുകൾ സജീവമാക്കുക. കൂടാതെ, അപകടങ്ങളെ പാനിക് ആകാതെ തരണം ചെയ്യാനുള്ള മനക്കരുത്ത് രൂപപ്പെടുത്തുക. Disaster preparedness എന്നത് നമ്മുടെജീവിത ശൈലിയുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തേണ്ടതാണ് എന്ന ബോധവത്കരണം നടത്തുന്നതും പ്രധാനമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പഠിക്കാത്ത സമൂഹം, സ്വന്തം ജീവിതത്തെ തന്നെ അപകടത്തിലാക്കുന്നു.
(ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധയായ ലേഖിക കുവൈറ്റ് ഓയിൽ കമ്പനിയിലെ എമർജൻസി ക്രൈസിസ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റാണ്.)

