കാലാവസ്ഥാ ഉച്ചകോടിയിൽ ഉയർന്ന ആഫ്രിക്കൻ എതിർപ്പ്

തന്റെ കടങ്കഥയ്ക്ക് ഉത്തരം നൽകാൻ കഴിയാത്തവരെ വിഴുങ്ങുന്ന പുരാണ കഥയിലെ സ്ഫിൻക്സിന്റെ (Sphinx) ശില്പം ഈജിപ്തിന്റെ അഭിമാന ചിഹ്നമായി ശറമുൽ ഷെയ്ഖിലെ കാലാവസ്ഥാ സമ്മേളന നഗരിയിൽ തലയുയർത്തി നിൽക്കുന്നുണ്ട്. എന്നാൽ ആഫ്രിക്കൻ ജനതയെ സംബന്ധിച്ച് എല്ലാ പ്രകൃതിവിഭവങ്ങളും ഊറ്റിയെടുക്കാൻ വരുന്ന സമ്പന്ന രാഷ്ട്രങ്ങളുടെ നീതിനിഷേധത്തിന്റെയും ക്രൂരതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയായി ആ ശില്പം മാറുകയാണോ? COP 27 കാലാവസ്ഥാ ഉച്ചകോടി അവസാനിക്കുമ്പോൾ തീർച്ചയായും രേഖപ്പെടുത്തേണ്ട ഒന്നാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഉയർന്ന പ്രതിഷേധങ്ങൾ. കാലാവസ്ഥാ പ്രതിസന്ധി കാരണം കഷ്ടപ്പെടുകയും നൂറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമാവുകയും ചെയ്യുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ കോർപ്പറേറ്റുകൾക്കും സർക്കാരുകൾക്കും എതിരെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കാലാവസ്ഥാ നീതിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആളുകൾക്ക് വേണ്ടി തങ്ങളുടെ നേതാക്കൾ നിലകൊള്ളണമെന്നും തങ്ങളെ പാശ്ചാത്യ ഗവൺമെന്റുകൾക്കും വൻകിട കോർപ്പറേറ്റുകൾക്കും വിൽക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ ആഫ്രിക്കൻ സിവിൽ സൊസൈറ്റി അംഗങ്ങളും ആക്ടിവിസ്റ്റുകളും COP 27 കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിക്ക് മുന്നിൽ ഒത്തുചേരുകയുണ്ടായി. കാലാവസ്ഥാ സമ്മേളന വേദി തന്നെ വൻകിട കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, നൂറ്റാണ്ടുകളായി കൊളോണിയൽ-കോർപ്പറേറ്റ് ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ജനത ഉയർത്തുന്ന ആശങ്കകൾക്ക് വലിയ പ്രാധാന്യമുണ്ട്.

Don’t Gas Africa എന്ന കാമ്പയിൻ ഈജിപ്റ്റിൽ. കടപ്പാട്: bbc.com

ലോകത്തിലെ ഏറ്റവും കൂടിയ സൗരോർജ്ജ സാധ്യതയുള്ള ഭൂഖണ്ഡ‍മാണ് ആഫ്രിക്ക. എന്നിട്ടും 600 ദശലക്ഷം ആളുകൾ വൈദ്യുതി ഇല്ലാതെ അവിടെ ജീവിക്കേണ്ടിവരുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ദുരിതങ്ങൾ വലിയ തോതിൽ അനുഭവിക്കുന്ന ഭൂഖണ്ഡം കൂടിയാണ് ആഫ്രിക്ക. എന്നാൽ അവിടേക്ക് ഇപ്പോൾ വിദേശ നിക്ഷേപം ഒഴുകുന്നത് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനോ കാലാവസ്ഥാ ദുരന്തങ്ങളെ ലഘൂകരിക്കാനോ അല്ല. മറിച്ച് ആഗോള താപനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഖനിജ ഇന്ധനങ്ങളുടെ (fossil fuel) ഖനനത്തിന് വേണ്ടിയാണ്. ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ ഊർജ വിനിയോഗത്തെക്കുറിച്ച് രണ്ടു വ്യത്യസ്ത ചർച്ചകൾ നടക്കുന്നുണ്ട്. ഒരുവശത്ത് ചില ആഫ്രിക്കൻ രാഷ്ട്രങ്ങൾ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിലേക്ക് (renewable energy) തിരിയുന്നു. എന്നാൽ മറ്റൊരു വശത്ത് വൻ കമ്പനികൾ ആഫിക്കൻ എണ്ണയ്ക്കും വാതകത്തിനും വേണ്ടിയുള്ള പുതിയ കരാറുകൾ ചില ആഫ്രിക്കൻ സർക്കാരുകളുമായി ഉണ്ടാക്കുന്നു. ഉഗാണ്ടയിലെ ഊർജ്ജ മന്ത്രി റൂത്ത് നങ്കബിർവ സെന്റമു (Ruth Nankabirwa Ssentamu) പറഞ്ഞത്, “ആഫ്രിക്ക ഉണർന്നു. ഞങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ പോകുന്നു”എന്നാണ്. ആഫ്രിക്കൻ യൂണിയൻ (AU) കമ്മിറ്റി COP 27-ൽ ചർച്ചചെയ്യാൻ മുന്നോട്ടുവച്ച നിർദ്ദേശം ഫോസിൽ ഇന്ധന പദ്ധതികളുടെ വിപുലീകരണ സാധ്യതകൾ ആവശ്യപ്പെടുന്നതാണ്. പുനരുപയോഗ സാധ്യതയുള്ള ഊർജ്ജത്തെക്കുറിച്ചോ വികേന്ദ്രീകൃത ഊർജ്ജ ലഭ്യതയെക്കുറിച്ചോ പരാമർശിക്കാതെ ഭൂഖണ്ഡത്തെ മലിനമാക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന പദ്ധതികളിലാണ് അധികാര കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ആഫ്രിക്കൻ യൂണിയൻ നിർദ്ദേശിച്ചതോടുള്ള പ്രതികരണമായാണ് ‘Don’t Gas Africa’ എന്ന കാമ്പയിൻ വിവിധ സംഘടനകൾ ചേർന്ന് ആരംഭിക്കുന്നത്.

‘പവർ ഷിഫ്റ്റ് ആഫ്രിക്ക’യുടെ ഡയറക്ടർ മുഹമ്മദ് അഡോവ് (Mohamed Adow) ഈ നിർദ്ദേശത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു. “ആഫ്രിക്കൻ നേതാക്കൾ ഈ നവംബറിലെ COP 27 കാലാവസ്ഥാ ഉച്ചകോടി ആഫ്രിക്കൻ മണ്ണിൽ എണ്ണ വാതക ഖനനത്തിനുള്ള അവസരമായി ഉപയോഗിക്കുകയാണെങ്കിൽ, ഇതിനകം കാലാവസ്ഥാ പ്രതിസന്ധിയുടെ മുൻനിരയിലുള്ള ആഫ്രിക്കൻ ജനതയോട് ചെയ്യുന്ന കൊടിയ വഞ്ചനയാകും.” ഫോസിൽ ഇന്ധന ഖനനത്തിന്റെ വിനാശകരമായ അനന്തരഫലങ്ങൾ ആഫ്രിക്കൻ മണ്ണ് സാക്ഷിയായതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. 2004-ൽ നടന്ന, നിഗെർ ഡെൽറ്റ ഷെൽ ഓയിൽ ചോർച്ച (The Niger Delta Shell Oil spill disaster) ഈ പ്രദേശത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരുടെ ജലസ്രോതസ്സുകൾ മലിനമാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇത്തരം പ്രോജക്ടുകളുടെ ഫലമായി ആഫ്രിക്കൻ ആനകളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്നതിന്റെയും നിരവധി ജീവികളെ വംശനാശത്തിന്റെ വക്കിലെത്തിക്കുന്നതിന്റെയും ഭീകരതയ്ക്ക് ആഫ്രിക്ക സമീപകാലത്ത് സാക്ഷിയായിട്ടുണ്ട്. തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജൈവവൈവിധ്യത്തിനും സാംസ്ക്കാരിക തനിമയിക്കും പേരുകേട്ട മൊസാംബിക് (Mozambique) എന്ന ദേശത്തിന്റെ അനുഭവവും വ്യത്യസ്തമല്ല. അവിടെയുള്ള ഫോസിൽ ഇന്ധന കമ്പനികളെല്ലാം ഗ്യാസും കൽക്കരിയും ഊറ്റിയെടുത്തു കടത്തിക്കൊണ്ടു പോകുമ്പോഴും മൊസാംബിക്കിലെ ഗ്രാമപ്രദേശങ്ങളിലെ ഭൂരിപക്ഷം വീടുകളും വൈദ്യതി ഇല്ലാതെ കഴിയുകയാണ്.

അൾജീരിയയിലെ സ്കിക്ഡ (Skikda), അരാൻ (Aran) ഒറാൻ (Oran) എന്നീ മൂന്ന് നഗരങ്ങൾ അവിടുത്തെ റിഫൈനറികളിൽ നിന്നുള്ള മലിനീകരണം കാരണം ജലജീവികളുടെ വംശനാശവും പ്രാദേശിക ജനതയുടെ തൊഴിൽ നഷ്ടവും അനുഭവിക്കുന്ന സ്ഥലങ്ങളാണ്. 2011 ൽ എണ്ണ ഖനനം തുടങ്ങിയ ഘാന (Ghana)യും സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കൽക്കരി, ബയോമാസ്, സൗരോർജ്ജം, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ ഊർജ സ്രോതസ്സുകളാൽ സമ്പന്നമായ എത്യോപ്യയിലെ ഖനനത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. മറ്റു പ്രതിസന്ധികൾ കൂടാതെ റിഫൈനറികളുടെ സമീപത്ത് താമസിക്കുന്ന എത്യോപ്യക്കാരുടെ മൂക്കിൽ നിന്ന് മരിക്കുന്നതിന് മുൻപായി രക്തം വരുന്ന ഒരു രോഗം വ്യാപകമാവുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ചൈനീസ് ഡ്രില്ലിംഗ് കമ്പനി നിന്നുള്ള വിഷ മാലിന്യങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നമീബിയയിൽ Recon Africa എന്ന കാനേഡിയൻ കമ്പനി നടത്തുന്ന ഖനനം കാരണം ജൈവവൈവിധ്യ നാശം, ഭൂമി നഷ്ടപ്പെടൽ, ജലമലിനീകരണം, കുടിയൊഴിപ്പിക്കൽ, ഉപജീവനമാർഗ്ഗ നഷ്ടം, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങിയ ദുരിതങ്ങൾ തദ്ദേശവാസികൾ അനുഭവിച്ചു വരികയാണ്. ഇപ്പോഴത്തെ ആഫ്രിക്കൻ ഗ്യാസിന് വേണ്ടിയുള്ള അധിനിവേശം ഒരു രാഷ്ട്രീയ പ്രശ്നമാണ്. ആഫ്രിക്കയിലെ വാതക മേഖലയിലെ വിദേശ നിക്ഷേപങ്ങൾ പ്രാദേശിക ഉടമസ്ഥതയും ജനാധിപത്യ നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതല്ല. ഇത് യഥാർത്ഥത്തിൽ ആഫ്രിക്കയുടെ ഊർജ ശേഖരത്തെ വിദേശ ഉടമസ്ഥതയ്ക്കും സ്വാധീനത്തിനും വിട്ടുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്.

ആഫ്രിക്കൻ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ എന്ന ദുരന്തം

വികസനത്തിന്റെ പേരിൽ നടക്കുന്ന പാരിസ്ഥിതിക സാമൂഹിക ചൂഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉഗാണ്ടയിൽ നിന്ന് ടാൻസാനിയയിലേക്കുള്ള അസംസ്‌കൃത എണ്ണ പൈപ്പ് ലൈൻ. ഈ പദ്ധതി 379 മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്നും ഇത് രണ്ടു രാജ്യങ്ങളും ചേർന്ന് ഒരു വർഷം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തിന്റെ 25 മടങ്ങ് വരുമെന്നും വിദഗ്ധർ പറയുന്നു. ഇത് പദ്ധതിയെ ഒരു കാർബൺ ബോംബാക്കി മാറ്റുന്നു. കിഴക്കൻ ആഫ്രിക്കൻ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ (EACOP) ഉഗാണ്ടയിലെ ജൈവവൈവിധ്യമുള്ള ദേശീയ ഉദ്യാനത്തിൽ 870 മൈൽ അകലെയുള്ള ടാൻസാനിയയിലെ ഒരു തുറമുഖത്തേക്ക് കയറ്റുമതി ചെയ്യുന്നതിനായി എണ്ണ കൊണ്ടുപോകുന്ന പദ്ധതിയാണ്. കോടിക്കണക്കിന് ഡോളറിന്റെ പദ്ധതിയുടെ പ്രധാന മുതൽ മുടക്കുകാർ ഫ്രഞ്ച് എണ്ണക്കമ്പനിയായ ടോട്ടൽ എനർജീസും ചൈന നാഷണൽ ഓഫ്‌ഷോർ ഓയിൽ കോർപ്പറേഷനുമാണ് (CNOOC) ആണ്. ക്ലൈമറ്റ് അക്കൗണ്ടബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (CAI) നടത്തിയ പുതിയ വിശകലനത്തിൽ 848 മില്യൺ ബാരൽ എണ്ണയുടെ രാജ്യാന്തര കടത്തു വഴിയും, അതിന്റെ ശുദ്ധീകരണം, ഇന്ധനമായി ഉപയോഗിച്ചുള്ള കത്തിക്കൽ എന്നിവ കണക്കിലെടുക്കുമ്പോൾ പദ്ധതിയുടെ മുഴുവൻ ഉദ്‌വമനത്തിന്റെ 1.8% മാത്രമാണ് പൈപ്പ് ലൈൻ നിർമ്മാണവും പ്രവർത്തനവും കൊണ്ട് മാത്രം ഉണ്ടാവുന്നത്. “ഈ പദ്ധതി കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ വഷളാക്കും, പൊതു നന്മയ്ക്കായി ഉപയോഗിക്കാവുന്ന കോടിക്കണക്കിന് ഡോളർ പഴാക്കുക മാത്രമല്ല, പൈപ്പ്ലൈനിന്റെ പാതയിൽ മനുഷ്യവാസകേന്ദ്രങ്ങൾക്കും വന്യജീവികൾക്കും നാശമുണ്ടാക്കും. ഇത്രയും ഭീകരമായ പദ്ധതികൾ ഉപേക്ഷിക്കാൻ ടോട്ടൽ എനർജിസിന് സമയമായി.” ക്ലൈമറ്റ് അക്കൗണ്ടബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ റിച്ചാർഡ് ഹീഡെ പറയുന്നു. സ്റ്റോപ്പ് EACOP കാമ്പെയ്‌നിന്റെ കോർഡിനേറ്റർ ഒമർ എൽമാവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, “EACOP ഉം ഉഗാണ്ടയിലെ അനുബന്ധ എണ്ണപ്പാടങ്ങളും ഒരു കാലാവസ്ഥാ ബോംബാണ്. അത് ഉഗാണ്ടയിലും ടാൻസാനിയയിലും ഒരു സാമ്പത്തിക വികസന പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പദ്ധതി നിർത്തുന്നത് ജനങ്ങൾക്കും പ്രകൃതിക്കും കാലാവസ്ഥയ്ക്കും പ്രയോജനപ്പെടും.” ഈ പദ്ധതി ഭൂഖണ്ഡത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കുകയില്ലെന്നു മാത്രമല്ല സാമ്പത്തിക ചൂഷണത്തിന്റെ മറ്റൊരു പുത്തൻ കോളോണിയൽ കഥയായി മാറുകയും ചെയ്യും.

2004-ൽ നടന്ന, നിഗെർ ഡെൽറ്റ ഷെൽ ഓയിൽ ചോർച്ച

ദുരന്തങ്ങളെ കാത്തിരിക്കുന്ന കോംഗോ ബേസിൻ

‘ആഫ്രിക്കയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന കോംഗോ ബേസിൻ (Congo Basin) ലോകത്തിലെ ഏറ്റവും വലിയ കാർബൺ സിങ്കാണ്. ആമസോൺ മഴക്കാടുകളിൽ നടക്കുന്നതിനേക്കാൾകൂടുതൽ കാർബൺ ആഗിരണം ലോകത്തിലെ രണ്ടാമത്തെ വലിയ മഴക്കാടുകളുള്ള ഇവിടെ നടക്കുന്നു. ആറ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോംഗോ ബേസിൻ മഴക്കാടുകൾ തദ്ദേശവാസികൾളുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അനിവാര്യമാണെന്ന് മാത്രമല്ല വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ നിർണായക ആവാസവ്യവസ്ഥ കൂടിയാണ്.150 ൽ അധികം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ വസിക്കുന്ന പ്രദേശമാണ് കോംഗോ ബേസിൻ. കോംഗോ ബേസിൻ രാജ്യങ്ങളിലെ 35 ദശലക്ഷത്തിലധികം ആളുകളും ജനവാസ മേഖലകളുടെ 20 ശതമാനം സ്ഥലങ്ങളും, ഇപ്പോൾ നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ എണ്ണ, വാതക ബ്ലോക്കുകളിലാണ് നിലകൊള്ളുന്നത്. ഈ ബ്ലോക്കുകൾ ഡി.ആർ.സിയുടെ (Democratic Republic of the Congo) സംരക്ഷിത മേഖലകളാണ്. ജൈവവൈവിധ്യത്തിനും അവയെ സംരക്ഷിക്കുന്ന നിയമങ്ങൾക്കും അവിടെ താമസിക്കുന്ന ജനതയുടെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യത്തിനും മൂല്യത്തിനും വിലകല്പിക്കാതെയാണ് ഖനന പ്രവർത്തനങ്ങൾ നടക്കുന്നത്. ഫോസിൽ ഇന്ധന വ്യവസായം ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചൂഷണം ചെയ്യുകയും തദ്ദേശീയ സമൂഹങ്ങളെ നശിപ്പിക്കുകയും അവരുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും ഭീഷണിയായി മാറുകയും ആക്രമണോത്സുകമായ ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയുമാണ് കാലാവസ്ഥ പ്രതിസന്ധി രൂക്ഷമാവുമ്പോഴും ചെയ്യുന്നത്. ഗ്ലോബൽ വിറ്റ്‌നസ് നടത്തിയ ഒരു പുതിയ പഠനം കാണിക്കുന്നത് ഗ്ലാസ്ഗോയിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിനേക്കാൾ 25 ശതമാനം കൂടുതലായി, അറുന്നൂറോളം ഫോസിൽ ഇന്ധന ലോബിയിസ്റ്റുകൾ ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥ സമ്മേളന വേദിയിൽ ഇടപെടുന്നതായിട്ടാണ്. ഇതിനിടയിലും കോംഗോ ബേസിനിൽ നടക്കുന്ന വൻകിട മൈനിം​ഗിനെതിരെ കാലാവസ്ഥ സമ്മേളനത്തോടനുബന്ധിച്ച് ഈജിപ്തിൽ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

കോപ് 27ൽ നടന്ന ആഫ്രിക്കയുടെ പ്രതിഷേധത്തിൽ നിന്നും. കടപ്പാട്: twitter post

ആഫ്രിക്കൻ COP ?

ഔദ്യോഗികമായി 2022 നവംബർ 6-ന് ആരംഭിച്ച COP 27 നെ ‘ആഫ്രിക്കൻ COP’ എന്ന് വിളിക്കുന്നത് ഇത് ഈജിപ്തിൽ (ആഫ്രിക്കയിലും ഏഷ്യയിലും വ്യാപിച്ചുകിടക്കുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യം) നടക്കുന്നതുകൊണ്ടല്ല. കാലാവസ്ഥാ പ്രതിസന്ധിക്കു കാരണമാകുന്ന മനുഷ്യ പ്രവർത്തങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ നടത്തിയിട്ടുള്ള ആഫ്രിക്കൻ ഭൂഖണ്ഡം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ​ഗുരുതരമായ ആഘാതങ്ങളായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും മുതൽ ഭക്ഷ്യ അരക്ഷിതാവസ്ഥയും അഭയാർത്ഥി പ്രശ്നങ്ങൾ വരെ നേരിടുന്നു എന്ന വൈരുധ്യം നിലനിൽക്കുന്നു. അങ്ങനെ തങ്ങളുടെ ദുരിതങ്ങൾക്കു ഉത്തരവാദികളല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകാൻ ഈ COP തയാറാകും എന്ന ധാരണയിലാണ് ‘ആഫ്രിക്കൻ COP’ എന്ന വിളിപ്പേര് ലഭിച്ചത്. എന്നാൽ തങ്ങളുടെ ജീവനും ആവാസവ്യവസ്ഥയ്ക്കും എതിരെ പ്രവർത്തിക്കുന്ന ഭീമൻ കമ്പനികൾക്കെതിരെ അതെ വേദിക്കു ചുറ്റും പ്രതിഷേധിക്കുകയാണ്‌ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർ.

കിഴക്കൻ ആഫ്രിക്കൻ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ (EACOP) നെതിരെ വൻപ്രതിഷേധങ്ങൾ ആണ് അവിടെ ഉയർന്നത്. “Don’t gas Africa”, “Africa is not a gas station” തുടങ്ങിയ മുദ്രാവാക്യം ഉയർത്തി African movement-of-movements എന്ന നെറ്റ്‌വർക്ക് ക്യാമ്പയിനുകൾ നടത്തുന്നത് ചൂഷണത്തിന്റെ ചരിത്രം ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. ആഫ്രിക്കൻ ജനത വലിയ നിക്ഷേപങ്ങൾ ആഗ്രിഹിക്കുന്നത് പുനരുപയോഗിക്കാൻ കഴിയുന്ന ഊർജമേഖലകളിലേക്കാണെന്ന് (renewable energy) അവർ പറയുന്നു. പുതിയ ഊർജ മേഖലകളിലേക്ക് മാറേണ്ട സമയത്ത് വലിയ വായ്പ്പകളും ഫോസിൽ ഇന്ധനങ്ങൾക്കായുള്ള ഖനനവും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കുള്ള സംക്രമണത്തിനുള്ള അവസരം ഇല്ലാതാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കൊക്കക്കോള പോലുള്ള വൻ മലിനീകരണ കമ്പനികളും ഫോസിൽ ഇന്ധന ലോബിയും നിയന്ത്രിക്കുന്ന COP 27 തങ്ങളുടെ ശബ്ദം കേൾക്കികയില്ലെന്നും അവർ തിരിച്ചറിയുന്നുണ്ട്.

വികസിത രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ്

കഴിഞ്ഞ പത്തു വർഷക്കാലയളവിൽ, പ്രത്യേകിച്ച് യൂറോപ്പും യു.കെയും അവരുടെ കൽക്കരി ശേഖരം ഏതാണ്ട് ഉപയോഗിച്ച് തീർത്തിരിക്കുന്നു. അവർ എണ്ണയിലേക്കും വാതക ഇന്ധനത്തിലേക്കും മാറിയിരിക്കുകയാണ്. വൻ തോതിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും കാലാവസ്ഥ വ്യതിയാനത്തിനും ഉത്തരവാദികളായ വികസിത രാഷ്ട്രങ്ങൾ തങ്ങളുടെ ‘ചരിത്രപരമായ ഉത്തരവാദിത്തം’ ഏറ്റെടുത്തുകൊണ്ട് അവികസിത/ദരിദ്ര രാഷ്ട്രങ്ങൾക്ക് അവർ ഉണ്ടാക്കിയ ദുരിതങ്ങളെ ലഘൂകരിക്കാനും അതിജീവിക്കാനുമുള്ള ശേഷി കൈവരിക്കാനുള്ള സാമ്പത്തിക സഹായം നീതിപൂർവ്വം ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഓർക്കേണ്ടതാണ്. പാരിസ്ഥിതിക നീതി (environment justice), നാശ നഷ്ടങ്ങൾക്കുള്ള ഉത്തരവാദിത്തം (loss and damage responsibility), സമത (equity), പാരിസ്ഥിക പുനഃസ്ഥാപനം (ecological restoration) എന്നിവയെ സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും എങ്ങുമെത്താതിരിക്കുന്നത് ലോക കാലാവസ്ഥ സമ്മേളങ്ങളിൽ പതിവ് കാഴ്ചയാണ്. ഇതിന്റെ ദുരിതങ്ങൾ പേറുന്നവരാണ് ആഫ്രിക്കയിലെ ജനത. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ സമ്പന്ന രാജ്യങ്ങൾ മതിയായ സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം ഒരു ട്രില്യൺ ഡോളർ കടമെടുക്കേണ്ടിവരുമെന്ന് ഡെറ്റ് ജസ്റ്റിസ് ആൻഡ് ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്റർനാഷണൽ (DJCANI) അടുത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടെ യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ യുദ്ധത്തിന്റെ ഫലമായുണ്ടായ നാണയപ്പെരുപ്പം, ഭക്ഷണത്തിന്റയും ഇന്ധനത്തിന്റെയും വിലക്കയറ്റം എന്നിവ ആഫ്രിക്കയിലടക്കം വികസ്വര രാജ്യങ്ങളിലെ ജനങ്ങളെ കൂടുതൽ ദുരിതങ്ങളിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കെൻ സരോ വിവയുടെ രേഖാചിത്രം. കടപ്പാട്:eurweb.com

കെൻ സരോ വിവയെ അനുസ്മരിച്ച പ്രതിരോധം

നൈജീരിയൻ എഴുത്തുകാരനും ടെലിവിഷൻ നിർമ്മാതാവും പരിസ്ഥിതി പ്രവർത്തകയുമായിരുന്നു കെനുലെ ബീസൺ കെൻ സരോ-വിവ. കെൻ സരോ-വിവ നൈജീരിയയിലെ ഒരു വംശീയ ന്യൂനപക്ഷമായ ഒഗോണി ജനതയുടെ അംഗമായിരുന്നു. അവരുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാൻഡ്, 1950 ൽ അസംസ്‌കൃത എണ്ണ ഖനനം ചെയ്യാൻ ആരോംഭിച്ചതുമുതൽ പെട്രോളിയം മാലിന്യ നിക്ഷേപം കാരണം വലിയ പാരിസ്ഥിതിക നാശം നേരിടുന്നുണ്ട്. മൂവ്മെന്റ് ഫോർ ദി സർവൈവൽ ഓഫ് ഒഗോണി പീപ്പിൾ-ന്റെ വക്താവായും തുടർന്ന് പ്രസിഡന്റായും സരോ-വിവ ബഹുരാഷ്ട്ര പെട്രോളിയം വ്യവസായത്തിന്റെ പ്രവർത്തനങ്ങൾ വഴി ഒഗോണിലാൻഡിലെ ഭൂമിയുടെയും വെള്ളത്തിന്റെയും പാരിസ്ഥിതിക തകർച്ചയ്‌ക്കെതിരെ അഹിംസാത്മക പ്രചാരണത്തിന് നേതൃത്വം നൽകി, പ്രത്യേകിച്ച് റോയൽ ഡച്ച് ഷെൽ കമ്പനിക്കെതിരെ. ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന വിദേശ പെട്രോളിയം കമ്പനികൾക്ക് പാരിസ്ഥിതിക നിയന്ത്രണങ്ങളേർപ്പെടുത്താൻ നൈജീരിയൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അന്ന് അദ്ദേഹം വിമർശിച്ചു. 1995-ൽ ജനറൽ സാനി അബാച്ചയുടെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം 1995 നവമ്പർ 10 ന് കെൻ സരോ വിവേയെ തൂക്കിലേറ്റി. കെൻ സരോ-വിവ കൊല്ലപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച്, നവംബർ 10ന് വിവിധ പരിസ്ഥിതി സംഘടനകൾ ഈജിപ്തിൽ വാർത്താ സമ്മേളനം നടത്തുകയും പൊതു പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

കെട്ടടങ്ങാതെ പ്രതിഷേധങ്ങൾ

മലിനീകരണം നടത്തിയും വിഭവ ചൂഷണം വഴിയും മനുഷ്യാവകാശങ്ങൾ ലംഘിച്ചും സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന കൊക്കക്കോള പോലുള്ള വൻകിട കമ്പനികൾക്ക് ചുവന്ന പരവതാനി വിരിക്കുന്ന COP സമ്മേളന വേദിക്ക് പുറത്തു പ്രതിഷേധങ്ങൾക്കു കടുത്ത നിയന്ത്രണങ്ങളാണ് ഈജിപ്ത്യൻ സർക്കാർ ഏർപ്പെടുത്തിയത്. സമ്മേളനം ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കു മുൻപ്, ‘ക്ലൈമറ്റ് ജസ്റ്റിസ്’ എന്ന പ്ലക്കാർഡുമായി കെയ്‌റോയിൽ നിന്നും കാൽ നടയായി ശറമുൽ ഷെയ്ഖിലേക്ക് യാത്ര ചെയ്ത അജിത് രാജഗോപാൽ എന്ന മലയാളി പരിസ്ഥിതി പ്രവർത്തകനെ കെയ്‌റോ പോലീസ് തടഞ്ഞത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായായിരുന്നു.

യുകെയിലെ റെയിൻഫോറസ്റ്റ് ഫൗണ്ടേഷൻ പ്രവർത്തക അന ഒസുന ഒറോസ്‌കോ (Ana Osuna Orozco) ഈജിപ്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു: “ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രത്യേകിച്ച് കോംഗോ ബേസിനിൽ എണ്ണ, വാതകം പര്യവേക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന നിലവിലെ ബ്ലോക്കുകൾ വികസിപ്പിക്കാൻ പോകുകയാണെങ്കിൽ ആഫ്രിക്കയിലെ എണ്ണയും വാതകവും നാലിരട്ടിയായി വർദ്ധിക്കും. അതേസമയം ഈ ബ്ലോക്കുകളുടെ 30 ശതമാനം സ്ഥലവും ആഫ്രിക്കയിലെ 30 ശതമാനം വരുന്ന ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങളുടെ (64 ദശലക്ഷം ഹെക്ടർ) മേഖലയിലാണുള്ളത് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. ഇത് കോംഗോ ബേസിനിലെ ആറ് മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ വനങ്ങളുടെ 90 ശതമാനം ആണ്. കോംഗോ ബേസിനിൽ 180 ദശലക്ഷം ഹെക്ടറിലധികം ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കൂടാതെ ഈ പ്രദേശത്തെ 20 ശതമാനം ജനസംഖ്യ ആദിവാസി ജനവിഭാഗമാണ്. തീർച്ചയായും മധ്യ ആഫ്രിക്കൻ രാജ്യങ്ങൾ പുരോഗമിക്കേണ്ടതുണ്ട്, പക്ഷേ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന് വലിയ സാധ്യത നിലനിൽക്കുമ്പോൾ എണ്ണ മാത്രമാണ് ഏക മാർഗമെന്ന ചിന്തയുടെ കെണിയിൽ നാം വീഴരുത്.” ഇതേ അഭിപ്രായമാണ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ (DRC) യിലെ പ്രമുഖ പാരിസ്ഥിതിക ശൃംഖലയായ റീസോ സി.ആർ.ഇ.എഫിന്റെ ജനറൽ സെക്രട്ടറി ഫ്രാങ്കോയിസ് ബിലോകോ (François Biloko) യും സ്റ്റോപ്പ് EACOP ക്യാമ്പയ്‌ൻ കോർഡിനേറ്റർ ഒമർ എൽമാവി (Omar Elmawi) യും ഈജിപ്തിൽ പങ്കുവച്ചത്. “കോംഗോ ബേസിനിലെ നമ്മുടെ വിലയേറിയ ഉഷ്ണമേഖലാ വനങ്ങളെയും വിരുംഗ ദേശീയ ഉദ്യാനം (Virunga National Park) പോലുള്ള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളും, വിക്ടോറിയ തടാകം ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളെയും വനത്തെ ആശ്രയിച്ചു കഴിയുന്ന സമൂഹങ്ങളുടെ ഉപജീവനവും അവകാശങ്ങളും അപകടത്തിലാക്കാൻ അനുവദിക്കരുത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇതിനകം തന്നെ അവർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനകം തന്നെ ഗുരുതരമായ സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ മാത്രമേ പുതിയ പ്രോജക്ടുകൾ സഹായിക്കുകയുള്ളൂ.”

സെനഗലിലെ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനുള്ള നെറ്റ്‌വർക്ക് ആണ് ചെക്ക് ഫാദൽ വേഡ് (Cheikh Fadel Wade). ഈ സംഘടന കാലാവസ്ഥാ സമ്മേളനത്തിൽ ആവശ്യപ്പെടുന്നതും തങ്ങളുടെ പരമ്പരാഗത സമ്പദ് വ്യവസ്ഥ ഇന്ധനം കണ്ടെത്താൻവേണ്ടി തകർക്കരുതെന്നാണ്. മത്സ്യബന്ധനം സെനഗലിന്റെ പുരാതനകാലം മുതലുള്ള സമ്പദ്‌വ്യവസ്ഥയാണ്. ഒരു ദശലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു, അവരിൽ ഭൂരിഭാഗവും യുവാക്കളും യുവതികളും ആണ്. ഫോസിൽ ഇന്ധന ചൂഷണം മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സെനഗൽ. അതുകൊണ്ടാണ് ഫോസിൽ ഇന്ധന ചൂഷണം കൂടുതൽ വിനാശകരമായ അവസ്ഥ സൃഷ്ടിക്കുമെന്ന് സെനഗൽ ഭയപ്പെടുന്നത്. സെനഗലിൽ ഫോസിൽ ഇന്ധന ഉൽപ്പാദനത്തിനായി സംമ്പത്തിക നിക്ഷേപങ്ങൾ നടത്തരുതെന്ന് വികസിത രാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയാണ് പരിസ്ഥിതി പ്രവർത്തകർ. ജർമ്മൻ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി ഗ്യാസിനായുള്ള ഡ്രില്ലിങ് നടത്താനായി ജർമ്മൻ ചാൻസലർ ഷോൾസ് സെനഗൽ സർക്കാറുമായി ഇടപാടുകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഫാദൽ വേഡ് ഈ ആവശ്യമുന്നയിക്കുന്നത്. അതേസമയം, വിദേശ രാജ്യങ്ങളിൽ എണ്ണയ്ക്കും വാതകത്തിനും വേണ്ടി നിക്ഷേപങ്ങൾ നടത്തില്ലെന്ന ജർമനിയുടെ COP 26 ന് നൽകിയ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണ് ഈ ശ്രമം.

നൈജീരിയയിൽ നിന്നുള്ള Environmental Rights Action പ്രവർത്തകൻ ബാബാവാലെ ഒബയാഞ്ജു (Babawale Obayanju) ഈജിപ്തിൽ ആവശ്യപ്പെടുന്നതും ആഫ്രിക്കൻ ജനത ഊർജ്ജ പ്രതിസന്ധിയിൽ തുടരുകയാണെങ്കിലും തങ്ങളുടെ രാജ്യത്തെ വിഭവങ്ങൾ വിൽക്കാനുള്ള വ്യാപാര മേളയായി നേതാക്കൾ COP 27 നെ ഉപയോഗിക്കരുതെന്നാണ്. ഒരു പ്രദേശത്ത് എണ്ണ, വാതകം, മറ്റ് ധാതു വിഭവങ്ങൾ എന്നിവയുടെ കണ്ടെത്തലും വ്യാപാരവും ആ പ്രദേശത്തോടുള്ള യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണ്. ആഫ്രിക്കയിലെ ഇന്ധന വ്യാപാരം തുടർച്ചയായ വിശപ്പും മരണവും നാശവും മാത്രമേ വരുത്തിയിട്ടുള്ളൂ. കാലാവസ്ഥാ ദുരന്തങ്ങൾക്കുള്ള ന്യായമായ നഷ്ടപരിഹാരവും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കു മാറാനുള്ള ധനസഹായവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിവർത്തനവും ആവശ്യപ്പെടാൻ ആണ് ഈ സമ്മേളനത്തെ തങ്ങളുടെ നേതാക്കൾ ഉപയോഗിക്കേണ്ടതെന്നു അവർ ചൂണ്ടിക്കാട്ടുന്നു.

ജാർഖണ്ഡിലെ ഗോണ്ടൽപൂരിലെ സാന്താളികളെപ്പോലെ, ഛത്തീസ്ഗഡിലെ ഹാസ്ദേവ് അരന്ദിലെ ഗോണ്ട്, ഒറോൺ ആദിവാസികളെയും പോലെ ആഫ്രിക്കയിലെ ജനതയും ഖനിജ ഇന്ധന ലോബികളുടെയും ഭരണകൂടങ്ങളുടെയും ലാഭക്കൊതിയാൽ വേട്ടയാടപ്പെടുന്ന ജനതയായി തുടരുകയാണ്. കോപ്പറേറ്റ് ഭീമന്മാർ ഭരണകൂടങ്ങളുമായി ചങ്ങാത്ത മുതലാളിത്തത്തിന്റെ പേരിൽ കൈകോർക്കുമ്പോൾ കവർന്നെടുക്കപ്പെടുന്നത് ഗോത്ര ജനതയുടെ അവകാശങ്ങളും ഒരു ദേശത്തിന്റെ പാരിസ്ഥിതിക നീതിയുമാണ്. പ്രകൃതി വിഭവങ്ങൾ യാതൊരു നിയന്ത്രങ്ങളുമില്ലാതെ ചൂഷണം ചെയ്യാതെയും സ്വകാര്യ മൂലധന നിക്ഷേപമില്ലാതെയും സാമ്പത്തിക വളർച്ചയും രാജ്യ പുരോഗതിയും സാധ്യമല്ലെന്ന പൊതു ബോധത്തിന്റെ മറവിൽ ലോകമെമ്പാടും നടക്കുന്ന വികസനമെന്ന ഭീകരതയുടെ ഇരകൾ കൂടിയാണ് ആഫ്രിക്കയിലെ ഈ സാധാരണ മനുഷ്യർ. കൂടാതെ കോളനിവത്കരണത്തിലൂടെ സാമൂഹികമായും പാരിസ്ഥിതികമായും എണ്ണിയാലൊടുങ്ങാത്ത ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇരയായ പ്രദേശമാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡം. കാലാവസ്ഥ വ്യതിയാനം ആ ദേശത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ്. ഇനിയും തങ്ങളെ ചൂഷണം ചെയ്തു നിരാലംബരരാക്കരുതെന്നു അവർ വൻകിട കോർപ്പറേറ്റുകളോടും സമ്പന്ന രാഷ്ട്രങ്ങളോടും തങ്ങളുടെ തന്നെ ഭരണാധികാരികളോടും ആവശ്യപ്പെടുകയാണ്. ഗ്രീക്ക് പുരാണത്തിലെ ഒരു സാങ്കൽപ്പിക പക്ഷിയാണ് ഫീനിക്സ്. പുരാതന കഥകൾ അനുസരിച്ച്, ഓരോ അഞ്ഞൂറ് വർഷത്തിലും സ്വയം ചാരമായി മാറുകയും പിന്നീട് വീണ്ടും ജനിക്കുകയും ചെയ്യുന്ന പക്ഷി. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആഫ്രിക്കൻ നാടുകൾക്ക് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമോ എന്നറിയാൻ കാലം കാത്തിരിക്കുന്നു. 

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

11 minutes read November 18, 2022 4:35 pm