ഭീഷണിയിലാണ് 193 അപൂർവ്വയിനം പ്ലാവുകളും കുറേ മരങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കുറച്ച് വർഷം മുമ്പ് കേരളത്തിൽ വലിയ തോതിൽ പാഴായിപ്പോകുന്ന ഒരു ഫലമുണ്ടായിരുന്നു. കാര്യമായ നോട്ടമില്ലാതെ തന്നെ വീട്ടുമുറ്റത്തും പറമ്പിലും സമൃദ്ധമായി വളരുന്ന ഒരു ജൈവ ഫലം. ഒരു മരത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് ടൺ വരെ വാർഷിക വിളവ്. രുചിയിലും ഔഷധ ഗുണങ്ങളിലും ഏറെ മുന്നിൽ. വൈവിധ്യമാർന്ന വിഭവങ്ങൾക്ക് അനുയോജ്യമായ വലുപ്പം. 2018 ൽ കേരള സർക്കാർ ഔദ്യോഗിക സംസ്ഥാന ഫലമായി പ്രഖ്യാപിച്ച ചക്കയെക്കുറിച്ചാണ് പറയുന്നത്. ഇടക്കാലത്ത് ആർക്കും വേണ്ടാതെ അഴുകി അടർന്ന് വീണിരുന്ന ചക്കയ്ക്ക് ഇപ്പോൾ നല്ല കാലമാണ്. ചക്കയിൽ നിന്നും തയ്യാറാക്കുന്ന വിവിധങ്ങളായ ഭക്ഷ്യോൽപ്പന്നങ്ങൾ വിപണിയിൽ സജീവമായതോടെ ചക്കയ്ക്കും ആവശ്യകത കൂടി. ചക്ക വിഭവങ്ങളുടെ വിപണനത്തിലൂടെ നിരവധി പുതു സംരംഭകർ കേരളത്തിൽ ഉയർന്നുവന്നു. സ്വയം സഹായ സംഘങ്ങൾ വഴി ചക്ക ശേഖരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറികൾ വരെ സംസ്ഥാനത്ത് മുളച്ചുപൊന്തി. സർക്കാർ തലത്തിൽ തന്നെ ചക്ക മേളകളും സംരംഭകർക്കായുള്ള ഫെസ്റ്റുകളും സജീവമായി.

ചക്കയ്ക്ക് ഇത്രയും ഡിമാൻഡ് ഉള്ള ഈ കാലത്താണ് കേരളത്തിലെ അപൂർവയിനം പ്ലാവുകളുടെ ശേഖരം മുറിച്ചുനീക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നത്. തൃശൂരിലെ മണ്ണൂത്തി കാർഷിക സർവകലാശാലയുടെ മാതൃകാ ജൈവ കൃഷിത്തോട്ടത്തിലെ 193 നാടൻ പ്ലാവുകളാണ് ഭീഷണി നേരിടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാവ് ജനിതക ശേഖരമാണിത്. കാർഷിക സർവകലാശാലയും വെറ്ററിനറി സർവകലാശാലയും തമ്മിലുള്ള ഭൂമി തർക്കത്തെ തുടർന്ന് ഫാം നിലനിൽക്കുന്ന 70 ഏക്കറോളം വരുന്ന സ്ഥലം വെറ്ററിനറി സർവകലാശാലയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അപൂ‍ർവ്വയിനം ചക്കളുടെ ഈ ജനിതക ശേഖരം സംരക്ഷിച്ച് നിർത്തണം എന്ന ആവശ്യമുന്നയിച്ച് നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്. ചക്കയുടെയും ചക്കവിഭവങ്ങളുടെയും പ്രചാരണത്തിനായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ചക്കക്കൂട്ടം പോലുള്ള കൂട്ടായ്മകളും ഫാം സംരക്ഷിക്കുന്നതിനായുള്ള സമരത്തിലാണ്.

കടപ്പാട് : geo.de

അൻപത് വർഷത്തിലേറെ പഴക്കമുള്ള പ്ലാവിനങ്ങളുള്ള ലോകത്തിലെ തന്നെ അപൂർവമായ ജൈവവൈവിധ്യ ഫാമാണ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലേത്. ഇപ്പോൾ കാർഷിക സർവകലാശാലയുടെ കൈവശം വച്ചിരിക്കുന്ന, പരിസ്ഥിതി പ്രാധാന്യമുള്ള ഇ, എഫ്, ജി എച്ച്, ഐ, ജെ, കെ,എൽ, എം, എൻ, ഒ, പി,ക്യു ബ്ലോക്കുകളിലെ വിശാലമായ തോട്ടമാണ് വെറ്ററിനറി സർവ്വകലാശാലയ്ക്ക് തീറ്റപ്പുൽ കൃഷിക്ക് വേണ്ടി വിട്ടുകൊടുക്കാൻ പോകുന്നത്. 193 തരം നാടൻ പ്ലാവുകൾ കൂടാതെ 38 ഇനം നാടൻ മാവുകൾ, 11 ദിനം കശുമാവുകൾ, 8 ഇനം തെങ്ങുകൾ, 163 ഇനം ജാതി മരങ്ങൾ, സ്വദേശി – വിദേശിയിനങ്ങളായ 200 ൽ പരം ഫലവൃക്ഷങ്ങൾ, കർഷകർക്ക് വിതരണത്തിനുള്ള ഒരു ലക്ഷം കവുങ്ങിൻ തൈകൾ, അരലക്ഷം ഒട്ടുമാവ് തൈകൾ, 5000 ഒട്ടു കശുമാവിൻ തൈകൾ, 35,000 തെങ്ങിൻ തൈകൾ, 2350 കിലോ പച്ചക്കറിവിത്തുകൾ, അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ വിത്ത് എന്നിവയും ഫാമിലുണ്ട്.

ശക്തമാകുന്ന പ്രതിഷേധവുമായി ചക്കക്കൂട്ടം

സർവകലാശാലയുടെ നീക്കത്തിനെതിരെ 2025 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ ചക്കക്കൂട്ടം സംഘടനയും മോഡൽ ഓർഗാനിക് ഫാം സംരക്ഷണ സമിതിയും സംയുക്തമായി ഇവിടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ചക്കക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക ചക്ക ദിനമായ ജൂലായ് നാലിന് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് തൃശ്ശൂരിലെ വിവിധ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ചക്ക പാർലമെന്റ് സംഘടിപ്പിക്കുകയും സംരക്ഷിക്കേണ്ട പ്ലാവിനങ്ങളിൽ റിബൺ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. ജനിതക കലവറയിലെ പ്ലാവിനങ്ങൾ സംരക്ഷിക്കണമെന്നും കേരളത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം നടത്തുന്നതിന്റെ സാധ്യതകൾ പരിഗണിക്കണമെന്നുമായിരുന്നു ആവശ്യങ്ങൾ.

പ്രതിഷേധത്തിന്റെ ഭാഗമായി ചക്കക്കൂട്ടം പ്രവർത്തകർ പ്ലാവുകളിൽ റിബൺ കെട്ടുന്നു. ഫോട്ടോ: സ്നേഹ എം

“കാർഷിക ഗവേഷണ കേന്ദ്രത്തിൽ മെയ് മാസത്തിൽ സംഘടിപ്പിച്ച ചക്കമേളയ്ക്ക് വന്ന സമയത്താണ് ഇങ്ങനെയൊരു വിഷയത്തെക്കുറിച്ചറിയുന്നത്. അപ്പോൾത്തന്നെ ചക്കക്കൂട്ടം ഇടപെടുകയായിരുന്നു. കേരളത്തിലെ വളരെ അപൂർവമായ ഒരു ജനിതക കലവറയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ജൈവവൈവിധ്യ – പരിസ്ഥിതി പ്രാധാന്യവും ഭക്ഷ്യസുരക്ഷാ പ്രാധാന്യവും ഒരുപോലെ നഷ്ടമാവാൻ പോവുകയാണ്. വിത്തിൽ നിന്നുണ്ടാക്കിയ തൈകളാണ് ഇവിടെയുള്ളത് മുഴുവൻ. അതിനുള്ള പ്രാധാന്യം വളരെ വലുതാണ്.” ചക്കക്കൂട്ടം കൂട്ടായ്മയിലെ അം​ഗവും സാമൂഹ്യപ്രവർത്തകനുമായ സി.ഡി സുനീഷ് കേരളീയത്തോട് പറഞ്ഞു.

ചക്കയെ ഇഷ്ടപ്പെടുന്നവരുടെയും ചക്ക സംരംഭകരുടെയും ഒരു വാട്സ്അപ്പ് കൂട്ടായ്മയാണ് ചക്കക്കൂട്ടം. കേരളത്തിൽ ഒരു ചക്ക പോലും വിലയില്ലാതെ താഴെ വീണ് നശിച്ചുപോകുന്ന സാഹചര്യമുണ്ടാകരുത് എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഓരോ ചക്കയും അതിന്റെ യഥാർത്ഥ മൂല്യത്തോടെ ഉപയോഗിക്കാൻ കേരളത്തിലെ സംരംഭകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപകമായ പ്രചാരണങ്ങളാണ് 12 ഗ്രൂപ്പുകളിലായി നാല്പത്തിനായിരത്തോളം അംഗങ്ങളുള്ള ചക്കക്കൂട്ടം ചെയ്യുന്നത്.

സി.ഡി സുനീഷ്

എന്താണ് ഭൂമി തർക്കം?

ആളുകൾക്ക് ഗുണമേന്മയുള്ള തൈകൾ കിട്ടുന്നതിനായി 1917 ൽ ശക്തൻ തമ്പുരാൻ തുടങ്ങിയ ഒല്ലൂർക്കര സെൻട്രൽ ഫാമിന്റെ തുടർച്ചയായിട്ടാണ് 1955 ൽ തിരുവനന്തപുരത്ത് വെള്ളായണിയിൽ കാർഷിക കോളേജും തൃശൂർ വെറ്ററിനറി കോളേജും തുടങ്ങുന്നത്. 1971ൽ മണ്ണൂത്തിൽ കാർഷിക സർവകലാശാലയും 1972 ൽ കോളേജ് ഓഫ് ഹോർട്ടികൾച്ചറും സ്ഥാപിതമായി. മണ്ണൂത്തിയിൽ സ്ഥിതിചെയ്യുന്ന വെറ്ററിനറി കോളേജിന്റെ സ്ഥലം കൂടി ചേർത്താണ് കാർഷിക സർവകലാശാല ഇവിടെ സ്ഥാപിക്കുന്നത്. എന്നാൽ 2011ൽ വെറ്ററിനറി കോളേജ് സർവകലാശാലയായി മാറിയതോടെ വെറ്ററിനറി കോളേജിനുണ്ടായിരുന്ന മുഴുവൻ സ്ഥലവും കാർഷിക സർവ്വകലാശാലയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യമുയർന്നു. മണ്ണൂത്തിയിലെ പത്ത് ഏക്കർ ഒഴികെ മുഴുവൻ സ്ഥലവും വെറ്ററിനറി സർവകലാശാലയ്ക്ക് തന്നെ തിരികെ നൽകാൻ 2012 നവംബർ 19ന് ഉത്തരവ് ഇറങ്ങി. 2012ൽ ഇത് മരവിപ്പിക്കുകയായിരുന്നു. വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്.

ഭൂമിയുടെ കാർഷിക പ്രാധാന്യം

കാർഷിക സർവകലാശാലയുടെ ഇ ബ്ലോക്കിൽ (1.04 ഹെക്ടർ) മലയൻ യെല്ലോ ഡ്വാർഫ് എന്ന നാളികേര ഇനത്തിന്റെ ശേഖരവും എഫ് ബ്ലോക്കിൽ (4.05 ഹെക്ടർ) പച്ചക്കറി പ്രദർശന തോട്ടം, മുളക്, പടവലം, വഴുതന, പയർ തുടങ്ങിയ പച്ചക്കറികളുടെ വിത്തുല്പാദനം, മാവിനങ്ങളുടെ തോട്ടം, കവുങ്ങിനങ്ങളുടെ തോട്ടം എന്നിവയുണ്ട്. ജി ബ്ലോക്കിൽ കേരശ്രീ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നു. ജൈവകൃഷിയുടെ മാതൃകാ തോട്ടം ഉള്ളത് എച്ച് ബ്ലോക്കിലാണ്. അൻപത് വർഷം പഴക്കമുള്ള പ്ലാവിൻ്റെ ജനിതക ശേഖരം മാത്രമല്ല, അത്യുൽപാദനശേഷിയുള്ള 11 കശുമാവിനങ്ങളും ഇവിടെയുണ്ട്. പ്രതിവർഷം ഒരുലക്ഷം കവുങ്ങ് തൈകൾ ഉത്പാദിപ്പിക്കുന്നത് ഐ ബ്ലോക്കിലാണ്. സപ്പോട്ട, കശുമാവ് എന്നിവയുടെ മാതൃ വൃക്ഷത്തോട്ടം ആണ് ജെ ബ്ലോക്ക്.

യൂണിവേഴ്സിറ്റിയിലെ പ്ലാവുകളിൽ ചക്കകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി റിബൺ കെട്ടുന്നു. ഫോട്ടോ: സ്നേഹ എം

കെ ബ്ലോക്കിൽ (1.81 ഹെക്ടർ) 750 ഓളം തെങ്ങുകളിൽ 200 എണ്ണം മാതൃ വൃക്ഷങ്ങളായി സംരക്ഷിക്കുന്നു. കൂടാതെ ഫൂലാസാൻ, റൊളിനിയ, റംബുട്ടാൻ, ലോംഗൻ എന്നീ എക്സോട്ടിക് ഇനങ്ങളുടെ ശേഖരവും ഇവിടെയുണ്ട്. എം ബ്ലോക്കിൽ (രണ്ട് ഹെക്ടർ) നാട്ടുമാവിനങ്ങളും, നൂതന പ്ലാവിനങ്ങളായ വിയറ്റ്നാം ഏർലി, ജെ 33, സിന്ദൂരം, ചെമ്പരത്തി, തേൻ വരിക്ക എന്നിവയുടെ മാതൃ വൃക്ഷങ്ങളും ഉൾപ്പെടുന്നു. ജാതിയുടെ ജനിതക ശേഖരം സംരക്ഷിച്ചുപോരുന്ന സ്ഥലമാണ് എൻ ബ്ലോക്ക്. ക്യൂ ബ്ലോക്കിൽ (6.83 ഹെക്ടർ) മാങ്കോസ്റ്റീൻ ബഡ് തൈകൾ, ആസിഡ് നാരകം, നെല്ലി, പൂമെല്ലോ, ചെമ്പടക്ക്, മധുര ലൂബി, വിവിധയിനം ചാമ്പകൾ, മൂസമ്പി, നാഗ്പൂർ ഓറഞ്ച്, കുടംപുളി, പനിനീർ ചാമ്പ എന്നിവയുടെ മാതൃ വൃക്ഷങ്ങൾ വളർത്തുന്നു. പി ബ്ലോക്കിൽ അപൂർവ്വ പേര ഇനങ്ങളുടെ മാതൃ വൃക്ഷത്തോട്ടമാണുള്ളത്. അത്യുൽപാദനശേഷിയുള്ള കുരുമുളക് ഇനങ്ങളുടെ മാതൃതോട്ടമാണ് ക്യൂ ബ്ലോക്കിലുള്ളത്.

“ജൂൺ ഒൻപതിന് മുഖ്യമന്ത്രിയുമായി നടന്ന മീറ്റിങ്ങിൽ വെറ്ററിനറി സർവകലാശാലയ്ക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നുറപ്പായി. അങ്ങനെ ഞങ്ങൾ വെറ്ററിനറി സർവകലാശാലയുടെയും കാർഷിക സർവകലാശാലയുടെയും സെക്രട്ടറിയെയും വി.സിയെയും ഉൾപ്പെടുത്തി ഒരു നാലംഗ കമ്മിറ്റി രൂപീകരിച്ചു. വിഷയം ഒരു മാസം കൊണ്ട് പഠിച്ച് റിപ്പോർട്ട് കൊടുക്കാനാണ് തീരുമാനമായിരിക്കുന്നത്. ഒരു ജനകീയ സംവിധാനം എന്ന നിലയിൽ ഞങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണണം.” ചക്കക്കൂട്ടം സംസ്ഥാന കോർഡിനേറ്റർ അനിൽ ജോസ് പറഞ്ഞു.

അനിൽ ജോസ് ചക്ക പാർലമെന്റിൽ സംസാരിക്കുന്നു.

ജനിതക ശേഖരം മാറ്റി സ്ഥാപിക്കാനുള്ള സമയം കാർഷിക സർവകലാശാലയ്ക്ക് അനുവദിക്കാം എന്ന നിലവിലെ വെറ്ററിനറി സർവകലാശാല വി.സി ഡോ. കെ.എസ് അനിലിന്റെ പ്രസ്താവന പ്രായോ​ഗികമല്ലെന്നാണ് അനിൽ ജോസ് പറയുന്നത്. തദ്ദേശീയമായ സൂക്ഷ്മ ജീവികൾ ഉൾപ്പെടെയുള്ള ആ ജൈവവൈവിധ്യം മാറ്റി സ്ഥാപിക്കുക സാധ്യമല്ല. തീറ്റപ്പുൽ വളർത്തുന്നതിന് അനുയോജ്യമായ, വെറ്ററിനറി സർവകലാശാലയുടെ തന്നെ 160 ഏക്കർ ഭൂമി തരിശാക്കി ഇട്ടുകൊണ്ട് എന്തിനാണ് ഈ ജൈവസമ്പത്ത് തന്നെ സർവകലാശാല ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു.

“തൃശൂർ ജില്ലയിലെ എട്ട് മെമ്പർമാരും ഒരു പഞ്ചായത്ത് പ്രസിഡന്റും മാത്രമാണ് ചക്ക പാർലമെന്റിൽ പങ്കെടുത്തത്. സ്ഥലം എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി അഡ്വ. കെ രാജനെ ചക്കൂട്ടത്തിലെ പ്രതിനിധികൾ ജൂലായ് പതിനൊന്നിന് കണ്ട് സംസാരിക്കും. ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാർഷിക സർവകലാശാലയിൽ വച്ച് ചക്കക്കൂട്ടം കൂടി ചേർന്ന് കാർഷിക സർവകലാശാലയെയും കാർഷിക ഗവേഷണ കേന്ദ്രത്തെയും ഉൾപ്പെടുത്തി വീണ്ടും ഒരു ചക്ക പാർലമെന്റ് സംഘടിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെ കൂടുതൽ ജനങ്ങളിലേക്ക് ഈ വിഷയമെത്തും എന്നാണ് കരുതുന്നത്.” അനിൽ ജോസ് പറഞ്ഞു.

കേരളം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിൽ കാർഷിക ജൈവവൈവിധ്യത്തിന് വലിയ പങ്കാണുള്ളത്. ആഗോളതാപനത്തിന് മരം മറുപടിയാണെന്ന പ്രചാരണം സർക്കാർ തന്നെ ഒരുവശത്ത് നടത്തുമ്പോഴാണ് തീറ്റൽപ്പുൽ കൃഷിക്കായി ഇത്രയേറെ മരങ്ങൾ മുറിച്ചുമാറ്റാൻ പോകുന്നത്. അതും അത്യപൂർവ്വമായ ഫലവൃക്ഷങ്ങളുടെ ജൈവവൈവിധ്യത്തോട്ടം. സർവകലാശാലകൾ തമ്മിലുള്ള ഭൂമി തർക്കത്തിൽ ഇല്ലാതായിപ്പോകേണ്ടതല്ല ഈ ഹരിതാവരണം.

Also Read

5 minutes read July 8, 2025 1:13 pm