വിദേശ-സ്വകാര്യ സർവകലാശാലകളും മാറുന്ന മുൻ​ഗണനകളും

കേരളത്തിൽ വിദേശ സർവകലാശാലകൾ ആകാമെന്ന ബജറ്റ് പ്രഖ്യാപനം വിദേശ സർവകലാശാലകളുടേയും സ്വകാര്യ സർവകലാശാലകളുടേയും ഗുണദോഷങ്ങൾ, അവയുടെ സാമ്പത്തിക താൽപര്യങ്ങൾ, സംസ്ഥാനം ഭരിക്കുന്നവരുടെ മാറുന്ന രാഷ്ട്രീയ താൽപര്യങ്ങൾ എന്നിവ ചർച്ചചെയ്യപ്പെടാൻ കാരണമായിത്തീർന്നിട്ടുണ്ട്. 1995 മുതൽ രാജ്യത്തെ രാഷ്ട്രീയ-വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ആശയമാണ് ഇന്ത്യൻ വിദ്യാഭ്യസ മേഖലയിലേക്കുള്ള വിദേശ സർവകലാശാലകളുടെ പ്രവേശനം. 2014ൽ വിദേശ സർവകലാശാലകൾക്ക് രാജ്യത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം നൽകപ്പെട്ടിട്ടുമുണ്ട്. കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുൾപ്പെടെ വിദേശ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ 2020-ലെ ദേശീയ വിദ്യാഭ്യാസ നയവും അതിൻ്റെ അടിസ്ഥാനത്തിൽ 2023-ൽ വന്ന യു.ജി.സി ചട്ടവും വിദേശ സർവകലാശാലകൾക്ക് രാജ്യത്തെവിടേയും ക്യാമ്പസുകൾ ആരംഭിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു. സമാന നിലപാടാണ് കേരള സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതും.

Representational Image

സ്വകാര്യ മൂലധനം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ

5-നും 24-നും ഇടയിൽ പ്രായമുള്ളവർ ഏറ്റവും കൂടുതലുള്ള രാജ്യ(580 മില്യൺ ആളുകൾ)മാണ് ഇന്ത്യ. മാത്രമല്ല, രാജ്യത്താകെ കോളേജുകൾ 35,000, സർവകലാശാലകൾ 700, തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ 40 ലക്ഷം സീറ്റുകളുടേയും കുറവുണ്ടെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ സംരഭമായ ഇന്ത്യാ ബ്രാൻ്റ് ഇക്യുറ്റി ഫൗണ്ടേഷൻ പുറത്തിറക്കിയ വിദ്യാഭ്യാസ വ്യവസായ റിപ്പോർട്ട്-2023 ലെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയെപ്പറ്റിയുള്ള പഠനമല്ല റിപ്പോർട്ടിൻ്റെ ഊന്നൽ. വിദ്യാദ്യാസ കച്ചവട സാധ്യതകളാണ് റിപ്പോർട്ട് പ്രധാനമായും പരിശോധിക്കുന്നത്. വിദ്യാർത്ഥികളെ ഒരു കമ്പോള സാധ്യതയായാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. 580 മില്യൺ കുട്ടികളെ വിദ്യാഭ്യാസ കമ്പോളത്തിലെ ഉപഭോക്താക്കളായി മാറ്റുന്നതിലൂടെ 2025-സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ കച്ചവട മേഖല 225 ബില്യൺ ഡോളർ കമ്പോളമായി വികസിക്കുമെന്നും സർക്കാർ പ്രത്യാശിക്കുന്നു. 2020 മുതൽ 2023 വരെയുള്ള മൂന്ന് വർഷക്കാലം വിദ്യാഭ്യാസ മേഖലയിലേക്ക് 9.2 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം വന്ന് ചേർന്നെന്ന് ഒരു നേട്ടമായി റിപ്പോർട്ട് വിശദമാക്കുന്നു.

വിദ്യാഭ്യാസ മേഖല പൂർണ്ണമായും സ്വകാര്യ നിക്ഷേപകർക്ക്, പ്രധാനമായും വിദേശ നിക്ഷേപകർക്ക് തുറന്നുകൊടുക്കലാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മനസ്സിലാക്കാൻ ഈ റിപ്പോർട്ട് മാത്രം പരിശോധിച്ചാൽ മതിയാവും. നിക്ഷേപങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസ കമ്പോളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും വിധം നമ്മുടെ രാഷ്ട്രീയ നയവും മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപത്തിനുള്ള അനുവദം, നാഷണൽ അക്രഡിറ്റേഷൻ റെഗുലേറ്ററി അതോറിറ്റി ബിൽ ഫോർ ഹയർ എജുക്കേഷൻ, ഫോറിൻ എജുക്കേഷൻ ഇൻസ്റ്റ്യൂറ്റ്യൂഷൻ ബിൽ എന്നിവയെല്ലാം മൂലധന നിക്ഷേപത്തിന് സാഹചര്യമൊരുക്കുന്ന നയം മാറ്റത്തിന് തെളിവാണ്. കേരളവും സമാനമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിൻ്റെ സൂചനയാണ് ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനം.

Representational Image

ഉള്ളടക്കത്തിലും പരിവർത്തനം

1990കൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട പ്രതിഭാസമാണ് വിദ്യാദ്യാസ മേഖലയിൽ സ്വകാര്യ മൂലധനം അനുവദിക്കപ്പെടുന്ന പ്രതിഭാസം. 90-കൾ വരെ ദുർബലമായെങ്കിലും നിലനിന്നിരുന്ന സോഷ്യലിസ്റ്റ് ചേരി വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച മാതൃകയായിരുന്നു അത്രയും കാലം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ പ്രതിരോധിച്ച പ്രധാന ഘടകം. സോവിയറ്റ് യൂണിയനിലും സോവിയറ്റ് ചേരിയുടെ ഭാഗമായിരുന്ന രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ മേഖലയിൽ പണം മുടക്കിയിരുന്നത് സമ്പൂർണമായും സർക്കാരുകളായിരുന്നു. അവർ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ വ്യാപനം മാത്രമല്ല ഉറപ്പാക്കിയത്. ഭാഷയിലും ഗണിതത്തിലുമുള്ള ജ്ഞാനം കൂടിയായിരുന്നു. എന്നാൽ അതേസമയം അമേരിക്കപോലുള്ള രാഷ്ട്രങ്ങളിൽ നൈപുണികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ വികസിക്കുകയും പ്രയോഗത്തിൽവരികയും ചെയ്യുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലയിൽ സോവിയറ്റ് യൂണിയൻ ആർജിച്ച നേട്ടങ്ങൾക്കൊപ്പം എത്തുകയായിരുന്നു അത്തരം പരീക്ഷണങ്ങളുടെ ലക്ഷ്യം.

അക്കാലത്ത് മനുഷ്യചിന്ത, അതുവഴി സംസ്കാരവും വൈകാരികതയും വികസിപ്പിക്കുന്ന ഭാഷാ പഠനത്തിലും ശാസ്ത്ര-ചരിത്ര പഠനത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലനിന്നിരുന്നു എന്നുമാത്രമല്ല അതായിരുന്നു ഔപചാരിക വിദ്യാഭ്യാസമായി കരുതപ്പെട്ടിരുന്നതും. അതേ മയം സമന്തരമായി പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ പോലുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഇരുപത് വർഷമായി വിദ്യാഭ്യാസ മേഖലയിൽ വർധിച്ചുവരുന്ന സ്വകാര്യ നിക്ഷേപം വിദ്യാഭ്യാസ മേഖലയുടെ ഉള്ളടക്കവും മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. NEP-2020യും അതിന് മുന്നേതന്നെ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കപ്പെട്ട റൂസ പോലുള്ള ദൗത്യ സ്വഭാവത്തിലുള്ള ലോകബാങ്ക് പദ്ധതികളും വിദ്യാഭ്യാസത്തിൻ്റെ ഉള്ളടക്കത്തിൽ കൈവെക്കുന്നുണ്ട്. നേരത്തെ നിലനിന്നിരുന്ന ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഉള്ളടക്കത്തിൻ്റെ സ്ഥാനത്ത് നൈപുണി പരിശീലനത്തെ സ്ഥാപിക്കലാണ് പുതിയ നയത്തിൻ്റെ ലക്ഷ്യം. നേരത്തെ നിലനിന്നിരുന്ന ധൈഷണികവും വൈകാരികവുമായ വികാസം എന്ന ലക്ഷ്യം വിദ്യാഭ്യാസത്തിന് അന്യമായിത്തീർന്നു. റൂസ നടപ്പിലാക്കപ്പെട്ട കാലം മുതൽ ഈ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമാണ്.

മുമ്പ് പോളിടെക്നിക്കുകൾ, ഐ.ടി.ഐ കൾ എന്നീ സ്ഥാപനങ്ങളിലൂടെ തൊഴിൽ പരിശീലനം നൽകിയിരുന്നതിന് ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ സ്വഭാവമുണ്ടായിരുന്നു. എന്നാൽ സമ്പൂർണ സ്വകാര്യ നിക്ഷേപത്തിൻ്റെ കാലം മുന്നോട്ടുവെക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മൗലികമായിത്തന്നെ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ്. അത് പഠനത്തേക്കാൾ ഇൻ്റേൺഷിപ്പുകളിലാണ് ഊന്നുന്നത്. NEP-യുടെ ഭാഗമായ നാല് വർഷ ബിരുദം ഉദാഹരണമായെടുക്കാം. നാല് വർഷ ബിരുദം ഡൽഹി സർവകലാശാലയിൽ നടപ്പിലാക്കപ്പെട്ടുകഴിഞ്ഞു. ആകെ 176 കെഡ്രിറ്റുകളാണ് നാല് വർഷ ബിരുദത്തിൽ ഉള്ളത്. അതിൽ 50 ശതമാനം അഥവാ 88 ക്രെഡിറ്റുകൾ നേടുന്ന വിദ്യാർത്ഥിക്ക് ബിരുദം അവാർഡ് ചെയ്യപ്പെടും. ഒരു ക്രെഡിറ്റെന്നാൽ ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ് റൂം/ ഓൺലൈൻ പഠനമോ രണ്ട് മണിക്കൂർ ലാബോ മൂന്ന് മണിക്കൂർ ഫീൽഡ് വിസിറ്റോ ആവാം. അതായത് ആഴ്ചയിൽ ഒരു മണിക്കൂർ നാല്പ്പത് മിനുട്ട് ക്ലാസ് അറ്റൻ്റ് ചെയ്യുകയോ മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട് ലാബ് വർക്ക് ചെയ്യുകയോ അഞ്ച് മണിക്കൂർ ഫീൽഡ് വർക്ക് ചെയ്യുകയോ അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ഒരു കോമ്പിനേഷൻ സ്വീകരിക്കുകയോ ചെയ്താൽ മതി ബിരുദ സമ്പാദനത്തിനുള്ള ക്രെഡിറ്റ് നേടാൻ. കണക്ക് വച്ച് നോക്കുകയാണെങ്കിൽ ആഴ്ചയിൽശരാശരി മൂന്ന് മണിക്കൂർ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. ബാക്കി സമയം ഏതെങ്കിലും തൊഴിൽ സ്ഥാപനങ്ങളിൽ കുറഞ്ഞ വിലയ്ക്ക് തൻ്റെ അധ്വാനം വിൽക്കുകയായിരിക്കും വിദ്യാർത്ഥി. അതിനുവേണ്ടിയാണ് യു.ജി.സി, Earn while you Learn പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പ്രതിഭാസം സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ നിയന്ത്രണമുണ്ടായിരുന്ന കാലത്ത് കേട്ടുകേൾവിയുള്ള ഒന്നായിരുന്നില്ല. പുതിയ കാലത്ത് വിദ്യാഭ്യാസത്തിൽ പഠനത്തേക്കാൾ തൊഴിലിനാണ് പ്രാധാന്യം എന്നാണല്ലോ ഇതിനർത്ഥം.

സ്വകാര്യ മൂലധനത്തിൻ്റെ അപകടം

ആഗോളവൽക്കരണകാലത്തെ ഏറ്റവും ലാഭമേറിയ വിൽപ്പനചരക്കാണ് വിദ്യാഭ്യാസം. ആധുനിക സാങ്കേതിക വിദ്യകളുടെ വികാസത്തിലും അതിലുള്ള മൂലധന നിക്ഷേപങ്ങളിലുമാണ് ആഗോളവൽക്കരണ കാലത്തെ മൂലധന നിക്ഷേപകർ കൂടുതലായും ശ്രദ്ധയൂന്നുന്നത്. ‘മികച്ച നൈപുണികൾ’ ഉള്ളയാളുകൾക്കേ ‘മികച്ച തൊഴിൽ’ ലഭ്യമാവുള്ളൂ എന്ന ചിന്ത ആഴത്തിൽ വേരോടിക്കാനും നൈപുണികൾ നിരന്തരം പുതുക്കി തൊഴിൽ മേഖലയിൽ മത്സരിച്ച് നിൽക്കേണ്ടതിൻ്റെ ‘ആവശ്യകത’ പരമാവധിപേരെ ബോധ്യപ്പെടുത്തുന്നതിലും ആഗോളവൽക്കരണകാലം വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലേക്ക്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പരമാവധി പേരെ ആകർഷിക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടി. വിദ്യാദ്യാസമെന്ന പേരിൽ നിരന്തരം നൈപുണികൾ വിറ്റ് പരമാവധി ലാഭംകൊയ്യലാണ് ഇവിടെ ലക്ഷ്യമാക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റങ്ങൾ ആഗോളവൽക്കരണത്തിൻ്റെ ഇത്തരം താൽപര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

Representational Image

2035-ഓടെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽ 50 ശതമാനംപേരെ ഉന്നത വിദ്യാഭ്യാസ കച്ചവട കമ്പോളത്തിൽ എത്തിക്കുകയാണ് NEP-2020 യുടെ ലക്ഷ്യം. അതിനായി മൂന്നരക്കോടി സീറ്റുകൾ വർധിപ്പിക്കാനും NEP- 2020 ലക്ഷ്യമാക്കുന്നു. എന്നാൽ അത് സാധ്യമാക്കുക സ്വദേശത്ത് നിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്ന മൂലധന നിക്ഷേപകരാണ്. അല്ലാതെ, സർക്കാർ അല്ല. കഴിഞ്ഞ അഞ്ചുവർഷത്തിനകം ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിൽ എത്തിച്ചേർന്ന വിദേശ നിക്ഷേപം നാല് ബില്യൺ അമേരിക്കൻ ഡോളറാണ്. ഈ നിക്ഷേപങ്ങൾ നിപുണരായ വിലകുറഞ്ഞ തൊഴിൽ പടയെ ഉറപ്പാക്കും. എന്നാൽ ഏതാണ്ട് അനിയന്ത്രിതമായ തോതിൽ ലഭ്യമാവുന്ന തൊഴിലാളികൾക്ക് മുഴുവൻ തൊഴിലുറപ്പാക്കാൻ സാമ്പത്തിക വ്യവസ്ഥിതിക്ക് സാധിക്കുകയുമില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ആഗോളവൽക്കരണം കണ്ടെത്തിയ മാർഗമാണ് നൈപുണികൾ നിരന്തരം പുതുക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാദ്യാസം ജീവിതകാലം മുഴുവൻ ആർജിക്കേണ്ടതാണെന്നുമുള്ള സങ്കൽപ്പവും നാല് വർഷ ഡിഗ്രിയോടൊപ്പം കടന്നുവരുന്ന Multi Entry/Exit പോയിൻ്റുകളും മൈക്രോ-ക്രെഡൻഷ്യൽ പോലുള്ള സങ്കൽപ്പങ്ങളും. വിദ്യാഭ്യാസം എപ്പോഴും ഡിമാൻ്റുള്ള കച്ചവടമായി നിലനിർത്താൻ ഇതുവഴി സാധിക്കുമെങ്കിലും വിദ്യാഭ്യാസം നേടുന്ന പ്രക്രിയയും നിരന്തരം നൈപുണികൾ പരിഷ്കരിക്കുന്നവർക്ക് തൊഴിൽ എന്ന മത്സരാധിഷ്ഠിത സമീപനവും നിലവിൽതന്നെ നിലനിൽക്കുന്ന സാമ്പത്തിക അസമത്വത്തിൻ്റെ ആഴം വർധിക്കാൻ കാരണമാവും. ഈ പ്രതിസന്ധി പരിഹരിക്കാൻ ആഗോളവൽക്കരണത്തിൻ്റെ കൈയിലെ ഉപാധി ധിഷണാപരമായി പരിശീലിപ്പിക്കപ്പെടാത്ത മസ്തിഷ്കങ്ങളിൽ അതിദേശീയത, സങ്കുചിത ജാതി-മത ചിന്തകൾ എന്നിവ കുത്തിനിറക്കുക മാത്രമാണ്. നമ്മുടെ നാട്ടിൽ വളരെ സ്വാഭാവികമെന്നോണം നടന്നുപോരുന്ന ഒരു പ്രക്രിയയാണിത്.

Representational Image

ആഗോളവൽക്കരണ കാലത്തെ പ്രധാന ഉൽപ്പന്നങ്ങളും സേവനങ്ങളും വിവര സാങ്കേതിക വ്യവസായവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അത്തരം വ്യവസായങ്ങളെ വലിയൊരളവിൽ നിയന്ത്രിക്കുന്നത് വികസിത മുതലാളിത്ത രാജ്യങ്ങളിലെ കോർപ്പറേറ്റുകളാണ്. ആമസോൺ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളാണ് ഇന്ത്യൻ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. 1990-കൾക്ക് ശേഷം ആരംഭിച്ച പൊതുമുതൽ വിറ്റഴിക്കൽ പ്രക്രിയയും അനിയന്ത്രിതമായി വിദേശ കടം കൈപ്പറ്റലും (2002 ഡിസംബറിലെ കണക്ക് പ്രകാരം 613.1 ബില്യൺ അമേരിക്കൻ ഡോളറാണ് ഇന്ത്യയുടെ വിദേശകടം) ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ വിദേശ നിക്ഷേപങ്ങൾക്ക് തുറന്നുകൊടുക്കാൻ നിർബന്ധിതമാക്കിയിട്ടുണ്ട്. പരമാവധി ഉൽപ്പാദനം നടത്തി കയറ്റുമതി ചെയ്തുകൊണ്ട് മാത്രമേ ഒരു കടാധിഷ്ഠിത സമ്പത്ത് വ്യവസ്ഥയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കൂ. അത് ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ അതുമല്ലെങ്കിൽ വില കുറഞ്ഞ മനുഷ്യാധ്വാനത്തിൻ്റെയോ കയറ്റുമതിയാവാം. ആഗോളവൽക്കരണം സൃഷ്ടിക്കുന്ന കടുത്ത മത്സരം നേരിടാൻ സാധിക്കണമെങ്കിൽ മേൽപറഞ്ഞ മനുഷ്യാധ്വാനം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില പരമാവധി കുറവായിരിക്കുകയും വേണം. ഈ താൽപര്യങ്ങൾക്ക് അനുയോജ്യമാംവിധമാണ് വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കപ്പെടുന്നതും പരമാവധി തൊഴിലാളികളെ സൃഷ്ടിച്ച് അധ്വാനശക്തിയുടെ ഡിമാൻ്റ് കുറക്കുന്നതുമുൾപ്പടെയുള്ള നടപടികൾ.

വർധിച്ച സാമ്പത്തിക അന്തരം, ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസം, സാംസ്കാരിക-ധാർമ്മിക-നൈതിക ഭാവങ്ങളുടെയും ഉയർന്ന വൈകാരികതലത്തിൻ്റേയും അഭാവം, അതിദേശീയതയുൾപ്പെടെ സങ്കുചിത ആശയങ്ങളുടെ വളർച്ച എന്നിവയൊക്കെയായിരിക്കും മാറിയ വിദ്യാഭ്യാസത്തിൻ്റെ അനന്തരഫലം. വിദേശ സർവകലാശാലകൾ ഈ അപചയത്തിന് ആക്കം വർധിപ്പിക്കുന്ന ധാരാളം ഘടകങ്ങളിൽ ഒന്നായി പ്രവർത്തിക്കുകയും ചെയ്യും.

2024ലെ ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് എത്തുന്ന ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കടപ്പാട്:news.careers360

കേരളത്തിലെ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്

നൈപുണികൾ പരിശീലിപ്പിക്കേണ്ട ഇടങ്ങളേയല്ല കലാലയങ്ങൾ. അവ സംസ്കാരം പങ്കുവെക്കപ്പെടുന്ന ഇടങ്ങളാണ്. എന്നാൽ ആഗോളവൽക്കരണം നൽകുന്ന വിദ്യഭ്യാസം മനുഷ്യർ തമ്മിൽ മത്സരിക്കാനാണ് പഠിപ്പിക്കുന്നത്. തികഞ്ഞ സ്വാർത്ഥതയാണ് ആഗോളവൽക്കരണത്തിൻ്റെ സാംസ്കാരിക അടിത്തറ. ഇത്തരത്തിൽ, മുതലാളിത്തം വിദ്യാഭ്യാസ മേഖലയിലും അതുവഴി ധൈഷണികവും വൈകാരികവുമായ തലങ്ങളിലുമുണ്ടാക്കുന്ന അപചയത്തെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ട്. വിദ്യാഭ്യാസത്തെ പരിപൂർണമായും ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഒരു ഫെഡറൽ ബദൽ നയം അവതരിപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം സുശക്തമായ വിദ്യാഭ്യാസ സംരക്ഷണ മുന്നേറ്റത്തിൻ്റെ ഭാഗമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും ഇടതുപക്ഷത്തിൽ അർപ്പിതമാണ്. അതിനുള്ള സംഘടനാസ്ഥിതി ഇന്നും കേരളത്തിലെ ഔദ്യോഗിക ഇടതുപക്ഷത്തിന് അവശേഷിക്കുന്നുണ്ടെങ്കിലും ആശയപരമായി അവർ മൂലധനത്തിന് കീഴ്പ്പെട്ട് കഴിഞ്ഞിരിക്കുന്നു. അതിനുള്ള അവസാന തെളിവാണ് വിദേശ സർവകലാശാലകളുടെ പ്രവേശനം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 10, 2024 12:47 pm