വല നിറയെ പ്ലാസ്റ്റിക്ക്, വലയുന്ന മനുഷ്യർ

ഭാ​ഗം: 1

“പ്ലാസ്റ്റിക്ക് നമ്മുടെ പണിയെ തടസപ്പെടുത്തും. ഭയങ്കര ബുദ്ധിമുട്ടാണ്. അരമണിക്കൂർ കൊണ്ട് തീർക്കേണ്ട ഒരു ജോലി ഒരു മണിക്കൂറോളം സമയമെടുക്കും. അത്രയും സമയം വേസ്റ്റാവും. സാധാരണ രണ്ട് മൂന്ന് മണിക്കൂർ വല വലിക്കാമായിരുന്നു. ഇങ്ങനെ പ്ലാസ്റ്റിക്ക് കേറുമ്പോ ഒരു മണിക്കൂറെ വല വലിക്കാൻ പറ്റൂ.” കടലിൽ നിന്നും വലയിലേക്ക് കയറുന്ന പ്ലാസ്റ്റിക്ക് മാലിന്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ​ഗിരീഷ് പറഞ്ഞു തുടങ്ങി. അന്നത്തെ മത്സ്യബന്ധനം കഴിഞ്ഞ് ശക്തികുളങ്ങര ഹാർബറിൽ നിർത്തിയിട്ട എസ്ര എന്ന യന്ത്രവത്കൃത ബോട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതാണ് ആ ബോട്ടിലെ തൊഴിലാളിയായ അഴീക്കൽ സ്വദേശി ഗിരീഷ്. രാവിലെ ലഭിച്ച മത്സ്യങ്ങളെല്ലാം ലേലക്കാർക്ക് വിറ്റു കഴിഞ്ഞ് സഹതൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിനായി ഹാർബറിന് വെളിയിലേക്ക് നടക്കുകയായിരുന്നു ​ഗിരീഷ്. ഹാർബറിൽ പലയിടങ്ങളിലായി വീണുകിടന്ന മീനുകളെ ലക്ഷ്യമാക്കിയെത്തിയ കാക്കകളുടെയും പരുന്തുകളുടേയും കലപിലകൾ വകവയ്ക്കാതെ ​ഗിരീഷ് തുടർന്നു.

“ഞങ്ങക്ക് ബോധവൽക്കരണ ക്ലാസ് ഒന്നും എടുത്തിട്ടില്ല. ഒരു നെറ്റ് തന്ന് പ്ലാസ്റ്റിക് അതിൽ കളക്ട് ചെയ്തോണ്ട് വരാൻ പറഞ്ഞയാ. നല്ല കാര്യമല്ലേ, ഞങ്ങൾ സമ്മതിച്ചു. ആറ് മാസത്തോളം ഞങ്ങൾ പ്ലാസ്റ്റിക്ക് എടുത്തോണ്ട് വന്നിരുന്നു. ഞങ്ങടെ ബോട്ടിൽ എല്ലാർക്കും താൽപ്പര്യമായിരുന്നു. ഞങ്ങൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് അവര് (സ്ത്രീകൾ) വന്ന് കളക്ട് ചെയ്യുമായിരുന്നു. അങ്ങനെ എടുക്കാൻ തുടങ്ങിയത് കൊണ്ട് കൊറേയൊക്കെ നല്ല മാറ്റമുണ്ട് കടലിൽ. പക്ഷെ ഇത് റെ​ഗുലറായി ചെയ്യണം. ഇത് റെ​ഗുലറായി ചെയ്താൽ വിജയം ഉറപ്പാ.” കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി കേരള സർക്കാർ ആരംഭിച്ച ‘ശുചിത്വ സാ​ഗരം’ പദ്ധതിയുടെ ഭാ​ഗമായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചാണ് ​ഗിരീഷ് സംസാരിച്ചത്.

ഗിരീഷ്

കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി 2017 നവംബർ 20 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതിയാണ് ‘ശുചിത്വ സാ​ഗരം’. ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കൊല്ലം ജില്ലാ ശുചിത്വ മിഷൻ, നെറ്റ് ഫിഷ് എം.പി.ഇ.ഡി.എ, സാഫ്, കോസ്റ്റൽ പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെയും ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും മത്സ്യത്തൊഴിലാളികളുടേയും സഹകരണത്തോടെയായിരുന്നു പ​ദ്ധതി നടിപ്പിലാക്കിയിരുന്നത്. ആഴക്കടലിലെ മത്സ്യബന്ധന സമയത്ത് വലയിലകപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും മത്സ്യത്തൊഴിലാളികളുടേയും സഹകരണത്തോടെ സംഭരിച്ച് കരയിലെത്തിക്കും. ഒരു സന്നദ്ധപ്രവർത്തനം എന്ന നിലയിലാണ് മത്സ്യത്തൊഴിലാളികൾ ഇത് ചെയ്തു തുടങ്ങിയത്. ഇങ്ങനെ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീണ്ടകര ഹാർബറിൽ സ്ഥാപിച്ചിട്ടുള്ള ഷ്രെഡിം​ഗ് (പ്ലാസ്റ്റിക് പൊടിക്കാൻ ഉപയോ​ഗിക്കുന്ന) യൂണിറ്റിൽ സംസ്കരിച്ച് റോഡ് നിർമ്മാണത്തിന് ഉപയോ​ഗിക്കും എന്നതായിരുന്നു പദ്ധതി. SAF (Society for Assistance to Fisherwomen) വഴി തിരഞ്ഞെടുത്ത 15 വനിതകൾ രണ്ട് ഷിഫ്റ്റ് വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി ഉണക്കി ഷ്രെഡിം​ഗ് യൂണിറ്റിൽ പൊടിച്ച് സൂക്ഷിക്കുന്നു. കടലിൽ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന ലോകത്തിന് മാതൃകയാണെന്ന് പറഞ്ഞുകൊണ്ട് ലോക സാമ്പത്തിക ഫോറം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ പദ്ധതിക്ക് ലഭിക്കുകയും ചെയ്തിരുന്നു.

നീണ്ടകര ഹാർബറിലെ ദൃശ്യം. ഫോട്ടോ: റോഷൻ ജെ റോയ്

ഇരട്ട ഹാർബറുകളുള്ള നീണ്ടകരയും ശക്തികുളങ്ങരയും പാരിസ്ഥിതികമായും സാമ്പത്തികമായും വളരെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളാണ്. അപൂർവ്വങ്ങളായ പല സമുദ്ര ജീവികളുടെയും വാസസ്ഥലം കൂടിയാണ് പദ്ധതി പ്രദേശം. ഇന്ത്യയിലെ തന്നെ വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ ഇവിടെ നിന്നും ആയിരത്തിലധികം യന്ത്രവൽകൃത ബോട്ടുകളും പരമ്പരാ​ഗത മത്സ്യബന്ധന യാനങ്ങളും കടലിൽ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ‘ശുചിത്വ സാ​ഗരം’ എന്ന ഈ പദ്ധതി ഇത്തരം യന്ത്രവത്കൃത ബോട്ടുകളുടെ സഹായത്തോടെ ചുരുങ്ങിയ കാലം കൊണ്ട് വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ കടലിലെ ജൈവവൈവിധ്യത്തിനും തീരപരിസ്ഥിതിക്കും ആശ്വാസകരമായി മാറിയ ‘ശുചിത്വ സാ​ഗരം’ ഇപ്പോൾ നിലച്ചിരിക്കുകയാണ്. കുറച്ച് മാസങ്ങളായി വലയിൽ കയറുന്ന പ്ലാസ്റ്റിക്ക് ശേഖരിക്കാറില്ലെന്നും കടലിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചുകൊണ്ടുവരാൻ ഇപ്പോൾ നെറ്റ് ലഭിക്കുന്നില്ലെന്നും ശക്തികുളങ്ങര ഹാർബറിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. ഏകോപനം നഷ്ടമാവുകയും പദ്ധതിയുടെ നടത്തിപ്പ് താറുമാറാവുകയും ചെയ്തു എന്ന് വ്യക്തമാക്കുന്നു മത്സ്യത്തൊഴിലാളികളുടെ വാക്കുകൾ. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുവരുക എന്നത് ബോട്ടിൽ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച് അധിക ജോലിഭാരമാണ്. തങ്ങൾ ചെയ്യുന്ന ആ ജോലിക്ക് തുച്ഛമായ പ്രതിഫലം അവർ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. അതോടെ മത്സ്യത്തൊഴിലാളികൾ പ്ലാസ്റ്റിക് കരയിലേക്ക് കൊണ്ടുവരാതെയായി. പദ്ധതി നിലയ്ക്കുന്നതിലേക്ക് നയിച്ച ഒരു പ്രധാന കാരണം മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ പരി​ഗണിച്ചില്ല എന്നതുതന്നെയായിരുന്നു.

മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്ന പ്ലാസ്റ്റിക്

നീണ്ടകര ​ഹാർബറിലടുത്ത ധനശ്രീ ബോട്ടിലെ തൊഴിലാളികൾ ജോലികൾ തുടരുകയായിരുന്നു. കടലിൽ നിന്ന് ലഭിച്ച മീനകളെല്ലാം ലേലം ചെയ്യുന്നതിന് മുൻപ് കഴുകുന്നതിന്റെ തിരക്കിലായിരുന്നെങ്കിലും അവർ സംസാരിച്ചു. “എല്ലാ ആൾക്കാരും ഒരുപോലെ ആയിരിക്കുമോ? കടലിൽ പ്ലാസ്റ്റിക്ക് എല്ലാർക്കും പ്രശ്നമാണ്. ‍ഞാൻ ചെയ്യും, ഓക്കെ ഇനിയൊരുത്തർ ചെയ്യുമോ?” ബോട്ട് എഞ്ചിൻ പ്രവർത്തിക്കുന്ന ഒച്ചയെ മറികടന്ന്, ഉച്ചത്തിൽ തമിഴ് കലർന്ന മലയാളത്തിൽ സിറിൾ രാജ് ചോദിച്ചു. “ഇവിടെ ആയിരത്തിൽ കൂടുതൽ ബോട്ടുണ്ട്. അവരോടൊക്കെ പറഞ്ഞാ എല്ലാരും കൊണ്ട് വരൂല്ല. പണിക്കാർക്ക് വലിയ വിഷമമാണ്. അത് തിരിഞ്ഞു മാറ്റണം, ഒരു സൈഡിലിടണം. ഉള്ള പണി എടുത്തിട്ട് അവര് മാറിപ്പോകും. സ്രാങ്ക് പറയും, നിങ്ങക്ക് വേറെ പണിയില്ലേ? ഇതെടുത്ത് സമയം കളയുന്ന സമയത്ത് വലിയിട്ടിട്ട് പോകാം. പ്ലാസ്റ്റിക്ക് വലയിൽ കേറുമ്പോൾ വലയിലെ കണ്ണിയൊക്ക അതിൽ കൊളുത്തിപിടിച്ചു നിൽക്കും. അടുത്ത കണ്ണിയിൽ കൊളുത്തിപ്പിടിച്ചാൽ വല കട്ടായി പോകും. അതുകൊണ്ട് നമുക്ക് വലിയ പ്രശ്നമാണ്. പണിക്കാർക്ക് പണിയും കൂടുതലാണ്, സമയം കൂടുതലെടുക്കും. നൈറ്റ് പണിക്ക് പോകുമ്പോ രണ്ട് മണിക്കൂർ പണിയെടുക്കുന്ന സമയത്ത് ഒരു മണിക്കൂർ വേസ്റ്റാവും. ആ സമയത്ത് പ്ലാസ്റ്റിക് എടുക്കുന്ന പണിയെടുത്താൽ ഉറക്കം കിട്ടൂല്ല. രണ്ട് മണിക്കൂർ പണിയെടുത്ത് കിടന്ന് ഉറങ്ങാല്ലോ? അപ്പോ നമ്മളെ അവർ (സ്രാങ്ക്) ചീത്ത പറയും. അതുകൊണ്ടാണ് നമ്മൾ എടുക്കാതിരുന്നെ. ഇങ്ങനെ തട്ടി വിട്ടാൽ അത് കടലിൽ പോകും.” പ്ലാസിറ്റിക് ശേഖരിച്ച് കൊണ്ടുവരുന്നതിന്റെ പ്രയാസം വിശദീകരിച്ചുകൊണ്ട് സിറിൾ രാജ് ബോട്ടിനകത്തേക്ക് തിരിച്ച് നടന്നു. പ്ലാസിറ്റ്ക് എടുത്തുകൊണ്ടുവരുന്നതിന്റെ ജോലിഭാരം നോക്കുമ്പോൾ അത് കടലിലേക്ക് തിരികെ കളയുന്നതാണ് നല്ലതെന്നായിരുന്നു സിറിൾ രാജിന്റെ അഭിപ്രായം.

സിറിൾ രാജ്. ഫോട്ടോ: റോഷൻ ജെ റോയ്

കിട്ടിയ മീനുകളൊക്കെ വിറ്റ് തിരിച്ച് തൊട്ടടുത്ത സ്ഥലമായ അരവിളയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊന്നു-മിന്നു ബോട്ട്.
മൂന്ന് മാസത്തോളം സ്ഥിരമായി പ്ലാസ്റ്റിക് കൊണ്ട് വന്നിരുന്നെന്നും എന്നാലിപ്പോൾ കുറച്ചുനാളായി ശേഖരിക്കാനുള്ള കിറ്റ് കിട്ടുന്നില്ലെന്നുമാണ് പൊന്നു-മിന്നു ബോട്ടിലെ പ്രകാശ് പറയുന്നത്. “നമ്മളാ വല മൊത്തം വൃത്തിയാക്കണമെന്നുണ്ടെങ്കിൽ ഒരു വല വലിക്കേണ്ട സമയം പോകും നമുക്ക്. വലയിൽ നിന്ന് എടുക്കണം, പിന്നെ ചരക്ക് (വലയിൽ ലഭ്യമാകുന്ന മത്സ്യം) തിരിയുമ്പോൾ ചരക്കിന്റെ കൂടെയുള്ളത് വീണ്ടും എടുക്കണം. ഒരു വല വലിക്കുമ്പോൾ പ്ലാസ്റ്റിക്ക് എടുക്കാനിരുന്നാൽ ഒരു മണിക്കൂർ എന്തായാലും പോകും”. പ്രകാശ് സംസാരിക്കുന്നത് കേട്ട് ബോട്ടിലെ മറ്റ് തൊഴിലാളികൾ പ്രകാശിന് ചുറ്റും കൂടി. “ഒരു രാത്രി വലിക്കുമ്പോൾ പത്ത് ചാക്കോളം പ്ലാസ്റ്റിക് കിട്ടിയിട്ടുണ്ട്. ജി.പി.എസ് ഉള്ളോണ്ട് വല കീറില്ല. വല വലിച്ചോണ്ടിരിക്കുമ്പോള്‌‍ പ്ലാസ്റ്റിക് കേറി വല കണ്ണി എല്ലാം അടയുമ്പോൾ സ്പീഡ് കുറയും. അങ്ങനെ വല തിരിച്ചെടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. മീനിനേക്കാളും കൂടുതൽ പ്ലാസ്റ്റിക്ക് കേറുന്ന അവസ്ഥയുണ്ട്. കൂടുതലായിട്ട് പ്ലാസ്റ്റിക്കുള്ളത് തെക്കേ ഭാ​ഗത്തോട്ട് പണിക്ക് പോകുന്ന സമയത്താണ്.” ബോട്ടിന്റെ ഉടമസ്ഥൻ കൂടിയായ സുനിൽ പറഞ്ഞു.

സുനിൽ. ഫോട്ടോ: റോഷൻ ജെ റോയ്

പ്ലാസ്റ്റിക്ക് വലയിൽ നിന്ന് തിരിഞ്ഞുമാറ്റി ബോട്ടിനകത്ത് സൂക്ഷിക്കാൻ സ്ഥലപരിമിതിയുണ്ടെന്നും ബോട്ട് ഹാർബറിലെത്തുമ്പോൾ വാർഫിനോട് ചേർത്തുനിർത്താൻ സ്ഥലമില്ലെങ്കിൽ പ്ലാസ്റ്റിക് കരയിലെത്തിക്കാൻ തങ്ങളുടെ ജോലിക്കിടയിൽ ബുദ്ധിമുട്ടാണെന്നും തൊഴിലാളികൾ പറയുന്നു. “ഒരു വല‍ വലിച്ചെടുത്തിട്ട് അടുത്ത വല എടുക്കുന്ന സമയത്ത് ചരക്ക് (മത്സ്യം) പറക്കി മാറത്തപോലും ഇല്ല. അപ്പോ പ്ലാസ്റ്റിക്ക് പറക്കി സൂക്ഷിക്കുവോ, ചരക്കെടുത്ത് മാറ്റിയിട്ട് അടുത്ത വല എടുക്കാൻ നോക്കുവോ? നമ്മുടെ ജോലിയല്ലേ നമ്മൾ നോക്കത്തുള്ളൂ.” എന്നാണ് സുനിലിന്റെ ചോദ്യം. എന്നാൽ കഷ്ടപ്പാടുള്ള ജോലിക്കിടയിലും ഇത്തരത്തിൽ പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുവരുന്നതിന് തൊഴിലാളികൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നൽകിയാൽ അത് പ്രോത്സാഹനമാകുമെന്നും എല്ലാവരും അതിൽ താത്പര്യപ്പെടുമെന്നും സുനിൽ പറയുന്നു. “അപ്പോ പിന്നെ എല്ലാരും കൊണ്ട് വരും. പൈസ കിട്ടായാൽ ആർക്കാ വേണ്ടാത്തത്? എല്ലാരും ഒരുപോലെ ഉൽസാഹത്തോടെ കൊണ്ട് വരും.” സുനിലിന്റെ അഭിപ്രായത്തോട് അവിടെ കൂടി നിന്ന സഹതൊഴിലാളികളും യോജിച്ചു. ഹാർബറിൽ നിന്നും അരവിളയിലേക്ക് പോകുന്നതിനായി പൊന്നു-മിന്നു ബോട്ട് കായലിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

ബോട്ടിൽ വച്ച് മീൻ വേർതിരിക്കുന്ന മത്സ്യത്തൊഴിലാളികൾ. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൂട്ടത്തിൽ കാണാം. ഫോട്ടോ: റോഷൻ ജെ റോയ്

“ഈ ബോട്ടുകാർക്ക് എന്തേലും വെള്ളം കുടിക്കാനോ ചായ കുടിക്കാനോ സംഭാവനയായിട്ട് കൊടുത്തെങ്കിൽ പ്ലാസ്റ്റിക് കൂടുതലായിട്ട് കടലിൽ നിന്ന് കൊണ്ട് വന്നേനെ. പറക്കി അഴുക്ക് കളഞ്ഞ് കെട്ടി വെക്കുന്നതൊക്കെ ഒരു ജോലിയാണ്. മീനേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കാണ് കേറുന്നത്. ഭയങ്കര ബുദ്ധിമുട്ടാണ് വലയിൽ നിന്ന് പറക്കിയെടുക്കാൻ, മണ്ണും ചെളിയുമൊക്കെ നിറഞ്ഞല്ലേ കേറുന്നത്. ചിലപ്പോൾ അപകടം സംഭവിക്കാം. കപ്പിയൊക്കെ പൊട്ടി പോകാം.” ലോപ്പസ് ബോട്ടിലെ സ്രാങ്ക് സുനിൽ പറഞ്ഞു.

“മീൻ പിടിക്കുമ്പോൾ വലക്കകത്ത് മണ്ണും ചെളിയും എല്ലാം കൂടി ആയിട്ടാണ് മീൻ കേറുന്നത്. അല്ലാതെ ഫ്രഷായിട്ടില്ല. വേസ്റ്റ് മീൻ, ചെറിയ തരം മീൻ, ഭക്ഷ്യ യോ​​ഗ്യമായത്, അല്ലാത്തത് അങ്ങനെ. അതുപോലെ പ്ലാസ്റ്റിക്ക് മാത്രം ആയിട്ടല്ല കിട്ടുന്നത്. അതിനകത്ത് ചെളി കാണും. ഇവർ ശേഖരിക്കുന്നതിന് ​ഗവൺമെന്റ് എന്തേലും കൊടുത്തിരുന്നെങ്കിൽ ഊർജസ്വലമായിട്ടവർ ഇത് കൊണ്ടുവന്നേനെ. അപ്പോ ഒരു വർഷം ആകുമ്പത്തേനും ഇവർ മൽസ്യബന്ധനം നടത്തുന്ന സ്ഥലത്തുള്ള എൺപത് ശതമാനം പ്ലാസ്റ്റിക്കും കര വന്നേനെ. ഇത് കൊണ്ട് വരുന്നത് വലിയൊരു ജോലിയാണ്. ​അതുകൊണ്ട് ​ഗവൺമെന്റ് ഈ പരിസ്ഥിതി സംരക്ഷിക്കുകയാണെങ്കിൽ ഇത് കൊണ്ട് വരുന്നേന് ഒരു പ്രോൽസാഹനം എന്നുള്ള രീതിയിൽ അവർക്കെന്തേലും കൊടുക്കണം.” സംഭാഷം കേട്ടുനിന്ന അനുബന്ധ തൊഴിലാളി റോമിയോ അഭിപ്രായപ്പെട്ടു.

റോമിയോയും സുനിലും. ഫോട്ടോ: റോഷൻ ജെ റോയ്

നാല് ദിവസത്തോളമുള്ള മത്സ്യബന്ധനത്തിന് പോയ സമയത്ത്, നൽകിയ നെറ്റിൽ കവിഞ്ഞ് കിട്ടിയ പ്ലാസ്റ്റിക് ബോ‌ട്ടിലുണ്ടായിരുന്ന അരി ചാക്കിലാക്കി കരയിലേക്ക് കൊണ്ടുവന്ന ഓർമ്മ സുനിൽ പങ്കിട്ടു. പ്ലാസ്റ്റിക് വലയിൽ കയറിയാൽ വലയിൽ നിന്ന് വെള്ളം അരിച്ച് പോകില്ല. വലക്ക് ലോഡ് കൂടും. വെള്ളവും മണ്ണും കേറി വല മുറിഞ്ഞുപോകാനും സാധ്യതയുണ്ട് എന്നാണ് സുനിൽ പറയുന്നത്. “പ്ലാസ്റ്റിക്ക് കേറുമ്പോൾ വലക്കണ്ണിയിലൂടെ വെള്ളമോ മണ്ണോ അരിച്ച് പോകത്തില്ല. അപ്പോ വല ടൈറ്റാകും. ഇവര് രണ്ട് മണിക്കൂർ വലിക്കേണ്ട വല ആണെങ്കിൽ 20 മിനിറ്റ് കഴിയുമ്പോ വല കട്ടായി പോകും. എന്ന് പറഞ്ഞാൽ മൂന്ന് ലക്ഷം രൂപയുടെ റോപ്പായിരിക്കാം വീഞ്ചിലിരിക്കുന്നത്. ചിലപ്പോൾ അതുൾപ്പടെ കട്ടായി പോയേക്കാം. ചിലപ്പോൾ ബോർഡുൾപ്പടെ പോയേക്കാം.” റോമിയോ വ്യക്തമാക്കി.

പ്ലാസ്റ്റിക്ക് വേർതിരിക്കുന്ന സ്ത്രീകൾ

ശുചിത്വ തീരം പദ്ധതി നടത്തിപ്പാനായി SAF (Society for Assistance to Fisherwomen) വഴി തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ച സ്ത്രീകളാണ് മത്സ്യത്തൊഴിലാളികൾ ഹാർബറിലെത്തിക്കുന്ന പ്ലാസ്റ്റിക് ശേഖരിച്ച് കഴുകി ഉണക്കി തരം തിരിച്ച് ഷ്രെഡിം​ഗ് ചെയ്യുന്നത്. ഹാർബറിൽ നിന്നും സ്ത്രീകൾ വണ്ടിയിൽ പ്ലാസ്റ്റിക്ക് ശേഖരിച്ച് ശക്തികുളങ്ങര ഹാർബറിനോട് ചേർന്നുള്ള താൽക്കാലിക സംവിധാനത്തിൽ വെച്ച് കഴുകി ഉണക്കും. നിലവിൽ ഇവിടെ പത്ത് സ്ത്രീകളാണ് രണ്ട് ഷിഫ്റ്റുകളിലായി ജോലിചെയ്യുന്നത്. ഇത്തരത്തിൽ‌ ഉണക്കി തരംതിരിക്കുന്ന പ്ലാസ്റ്റിക് നീണ്ടകര ഹാർബറിന് അടുത്തുള്ള ബെയിലിങ്ങ് സംവിധാനമുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നു. അവിടെ 13 സ്ത്രീകളാണ് രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. എല്ലാവരും മത്സ്യത്തൊഴിലാളി കുടുബങ്ങളിലെ സ്ത്രീകളാണ്. 2017 ൽ പദ്ധതി തുടങ്ങിയപ്പോൾ മുതലുള്ളവരാണ് തൊഴിലാളികളിൽ ഭൂരിഭാ​ഗവും.

ലിസി ചെറിയാനും മേഴ്സി ജോനാസും ശക്തികുളങ്ങര ഹാർബറിനോട് ചേർന്ന ഷെഡിൽ. ഫോട്ടോ: റോഷൻ ജെ റോയ്

“സാഫ് വഴിയാണ് ഞങ്ങളീ ജോലിക്ക് കേറിയത്. ട്രെയിനിങ്ങ് കഴിഞ്ഞാണ് വന്നത്. ആദ്യം വന്നപ്പോ ഇതൊക്കെ കണ്ട് ഞങ്ങളിൽ പലരും കരഞ്ഞിട്ടുണ്ട്. പിന്നെ നിവർത്തികേടുകൊണ്ടാണ്. ഒരു കപ്പ് പോലും ഇല്ലായിരുന്നു കഴുകാൻ. ‍ഞങ്ങൾ‌ ചെറിയ ഒരു ബേസിൻ എടുത്തു വെച്ചിട്ട് തുണി കഴുകും പോലെ ഓരോന്നെടുത്ത് കഴുകി, കഴുകി എടുത്തയാ.​ ഗ്ലൗസ് പോലും ഇല്ലായിരുന്നു. സാഫിന്റെ ​ഗീതാ മാഡം കണ്ടിട്ട് ഞങ്ങൾക്ക് ​ഗ്ലൗസും ബക്കറ്റ് ഒക്കെ വാങ്ങി തന്നു.” ശക്തികുളങ്ങര ഹാർബറിനടുത്തുള്ള താൽക്കാലിക സംവാധാനത്തിലിരുന്ന് പ്ലാസ്റ്റിക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ ലിസി ചെറിയാൻ തുടക്കകാലത്തെ ഓർമ്മകൾ പറഞ്ഞു തുടങ്ങി. അലുമിനിയം ഷീറ്റിട്ട മേൽക്കൂര മാത്രമുള്ള തുറന്ന ആ ഷെഡിലും പരിസരത്തും മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങളായിരുന്നു.”അന്ന് ഈ ഷെഡ് ഒന്നും ഇല്ലായിരുന്നു. മഴ പെയ്താൽ വെള്ളം ആയിരുന്നു. വെയിലത്ത് മരത്തിന്റെ തണലിൽ ഇരുന്ന് കുനിഞ്ഞ് നിന്ന് ഞാറു നടുന്ന പോലെയാണ് ഇതൊക്കെ ചെയ്തത്. ഇപ്പോൾ ഞങ്ങക്ക് ഈ സൗകര്യങ്ങളൊക്കെയുണ്ടല്ലോ? ബുദ്ധിമുട്ടും വിഷമവുമൊക്കെ ഉണ്ടായിരുന്നു. നമ്മുടെ ജീവിത പ്രയാസങ്ങൾ അത്രയും ഉള്ളോണ്ട് ഇപ്പോഴും ചെയ്യുന്നു. ക്ലാസ് എടുത്തപ്പോ പ്ലാസ്റ്റിക്കിന്റെ കാര്യമാണ് പറഞ്ഞതെങ്കിലും കടലിൽ നിന്ന് കൊണ്ട് വരുന്ന പ്ലാസ്റ്റിക്ക് ഇത്രയും വൃത്തികെട്ടയാണെന്ന് ചിന്തിച്ചില്ല ഞങ്ങളാരും. പ്ലാസ്റ്റിക്ക് കൊണ്ട് തട്ടിയിട്ടപ്പോ ഇതാണല്ലോ ചെയ്യേണ്ടതെന്ന് ചോദിച്ച് ഞങ്ങൾ മുഖത്തോട് മുഖം നോക്കി കരഞ്ഞു.” പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടയിൽ ജൂലി പോൾ ചിരിച്ച് കൊണ്ട് പറഞ്ഞു.”ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത് നമ്മുടെ നാട്ടുകാര് കാണുമ്പോ നാണക്കേടല്ലേ എന്ന് വിചാരിച്ച് ഞങ്ങൾ ഹാർബറിൽ പോകില്ലായിരുന്നു. ഒളിച്ചു നിക്കുമായിരുന്നു, ആരും കാണാതെയിരിക്കാൻ. ഇപ്പോൾ ഞങ്ങക്ക് പ്രശ്നമില്ല, ഞങ്ങടെ യൂണിഫോം കണ്ടാൽ‌ ബോട്ടുകാരൊക്കെ കറിക്ക് മീൻ ഇങ്ങോട്ട് തരും. എല്ലാരും നല്ല സഹകരണം ആണ്.” കടന്നുവന്ന വഴികൾ മോളി കുഞ്ഞുമോൻ വിശദീകരിച്ചു.

മോളി കുഞ്ഞുമോൻ. ഫോട്ടോ: റോഷൻ ജെ റോയ്

മത്സ്യത്തൊഴിലാളികൾ കടലിൽ നിന്നും പ്ലാസ്റ്റിക് കൊണ്ടുവരാതെ ആയതോടെ നീണ്ടകര പഞ്ചായത്തിലെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന എടുത്തുകൊണ്ട് വരുന്ന പ്ലാസ്റ്റിക്കാണ് വൃത്തിയാക്കി തരം തിരിക്കുന്നതെന്ന് സ്ത്രീ തൊഴിലാളികൾ പറയുന്നു. “ആറേഴു മാസമായി ബോട്ട്കാര് കൊണ്ട് വരുന്നില്ല. 75-80 കിലോ പ്ലാസ്റ്റിക്ക് ഒക്കെ കാണുമായിരുന്നു ഒരു ചാക്കിൽ തന്നെ. 40-50 ബോട്ടുകൾ സ്ഥിരമായി എടുത്തോണ്ട് തരുമായിരുന്നു. ഇപ്പോ എടക്ക് ഏതേലും ബോട്ടുകാരൊക്കെ ഒരു ചാക്കൊക്കെ കൊണ്ട് വരും. കൂലി ഇല്ലാത്ത വേല ചെയ്യുന്നതെന്തിനാണ് എന്നാ അവര് ചോദിക്കുന്നത്.” മോളി കുഞ്ഞുമോൻ പറയുന്നു. “എനിക്കറിയുന്ന ഒരാൾക്ക് വലയിൽ നിന്ന് പ്ലാസ്റ്റിക്ക് എടുക്കുന്ന കൂട്ടത്തിൽ കൈ കീറിപ്പോയി തയ്യലിടേണ്ടി വന്നു, ചരുവത്തിന്റെ വക്ക് തട്ടിയിട്ട്. എത്രയോ ദിവസം മരുന്നു വെച്ച് ജോലിക്ക് പോകാതെ കിടന്നെന്നറിയാമോ? അ‍ഞ്ച് പൈസ സ​​ഹായമായിട്ട് കിട്ടിയിട്ടില്ല. എന്തേലും അവർക്ക് കൊടുക്കണമെന്നാണ് ഞങ്ങടെയും അഭ്യർത്ഥന.” രണ്ടാമത്തെ ഷിഫ്റ്റിൽ ജോലിക്കെത്തിയ മേഴ്സി ജോനാസ് ജോലി തുടങ്ങുന്നതിന് മുൻപുള്ള ഒരുക്കങ്ങൾക്കിടയിൽ പറഞ്ഞു.

ജൂലി പോൾ. ഫോട്ടോ: റോഷൻ ജെ റോയ്

തുടക്കത്തിൽ 315 രൂപയായിരുന്നു തൊഴിലാളികളായ സ്ത്രീകൾക്ക് ദിവസ വേതനം, ഇപ്പോൾ 506 രൂപയാണ്. എന്നാൽ സ്ഥിരം അലർജിയും, ത്വക്ക് രോ​ഗങ്ങളും മൂലം മരുന്ന് വാങ്ങുകയാണെന്നും ഇ.എസ്.ഐ ആനുകൂല്യം ലഭിച്ചാൽ വലിയ ഉപകാരമാണെന്നും എല്ലാവരും ഒരുപോലെ ആവർത്തിച്ചു. അധികൃതരെ തങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും ഇതൊരു പ്രോജക്ടായതുകൊണ്ട് ഇ.എസ്.ഐ അനുവദിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇവർക്ക് പലപ്പോഴും ലഭിക്കുന്ന മറുപടി. കരയിൽ നിന്ന് വലിച്ചെറിയുന്നുതൊക്കെ കടലിൽ നിന്ന് ഇവിടെ ലഭിക്കാറുണ്ടെന്നാണ് സ്ത്രീകൾ ഒരുപോലെ പറയുന്നത്. അടിവസ്ത്രങ്ങൾ, സാനിട്ടറി പാഡുകൾ, കുട്ടികളുടെയും കിടപ്പുരോ​ഗികളുടെയും നാപ്കിനുകൾ, ഹെൽമറ്റ്, തുണിത്തരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പറയുന്നതിനിടയിൽ ​ഗർഭനിരോധന ഉറകൾ വരെ കിട്ടാറുണ്ടെന്നും ശബ്ദം താഴ്ത്തി അവരിലൊരാൾ പറഞ്ഞു.

നീണ്ടകരയിലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ യൂണിറ്റ്. ഫോട്ടോ: റോഷൻ ജെ റോയ്

നീണ്ടകരയിലെ ഷ്രെഡിങ് യൂണിറ്റിലേക്ക് ചെല്ലുമ്പോൾ അടുക്കിവച്ചിരിക്കുന്ന ചാക്കുകളിൽ നിന്ന് പൊടിച്ച പ്ലാസ്റ്റിക് താഴെ വീണ് പരന്നുകിടക്കുന്നത് കാണാമായിരുന്നു. ബെയിലിം​ഗ് മെഷീനും ഷ്രെഡിം​ഗ് മെഷീനും ബെയിൽ ചെയ്ത പ്ലാസ്റ്റിക്ക് കെട്ടുകൾക്കുമിടയിൽ ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സ്ത്രീകൾ. “ശക്തികുളങ്ങരയിൽ നിന്ന് കഴുകി ഉണക്കി ഇവിടെ കൊണ്ട് വരുന്ന പ്ലാസ്റ്റിക് ബെയിൽ ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെ കെട്ടുകണക്കിനിരിക്കുന്നത് ഒക്കെ അതുപോലെ ബെയിൽ ചെയ്ത സാധനങ്ങളാണ്. പൊടിച്ച സാധനങ്ങൾ ഇപ്പോൾ പോകുന്നില്ല. ശക്തികുളങ്ങരയിൽ നിന്ന് കഴുകി ഉണക്കി കൊണ്ട് വരുന്ന പ്ലാസ്റ്റിക് 10-12 സെക്ഷനുകളാക്കി 10 ഉം,15ഉം,30ഉം,40ഉം,70ഉം കിലോ വരെ പ്രസ് ചെയ്ത് ബെയിൽ ചെയ്ത് എടുക്കും. ലോഡ് ആയി കഴിയുമ്പോൾ ആളുകൾ വന്ന് കൊണ്ട് പോകും.” തൊഴിലാളിയായ രത്ന ഉഷ പറഞ്ഞു.

മുൻപ് ശക്തികുളങ്ങര നിന്ന് കഴുകി വ‍ൃത്തിയാക്കി കൊണ്ട് വരുന്ന പ്ലാസ്റ്റിക് നീണ്ടകരയിൽ സ്ഥാപിച്ചിട്ടുള്ള ബെയിലിങ്ങ് മിഷനിൽ പൊടിച്ച് റോഡ് ടാറിങ്ങിനായി ഉപയോ​ഗിക്കുമായിരുന്നുവെന്നും ഇപ്പോൾ പൊടിക്കുന്ന പ്ലാസ്റ്റിക് എടുക്കാത്തത് കൊണ്ട് ഷ്രെഡിങ്ങ് നിർത്തി വെച്ചിരുക്കുയാണെന്നും ബെയിലിങ്ങ് മാത്രമേയുള്ളൂവെന്നുമാണ് ‍സിലോമ പറയുന്നത്. “ഞങ്ങളിൽ പലർക്കും അലർജി, ശ്വാസം മുട്ടൽ, ത്വക് രോ​ഗങ്ങളൊക്കെയുണ്ട്. ജോലിക്ക് കയറിയപ്പോ ഉള്ള ശാരീരിക അവസ്ഥയല്ല. ഇ.എസ്.ഐ വേണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അതിന് ഫണ്ട് അടയ്ക്കാൻ ആരും ഇല്ല. മുതലാളി എന്നു പറയാൻ ആരും ഇല്ലല്ലോ? ഞങ്ങ‍‍ടെ വീതം ഇ.എസ്.ഐയ്ക്ക് ഇടാൻ ഞങ്ങൾ തയ്യാറാണ്. ഇത് ചെയ്യുന്നേന് ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാടുണ്ട്.” ശോഭാ കുമാരി തന്റെ നിസഹായത തുറന്ന് പറഞ്ഞു. വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്ത ഇ.എസ്.ഐ ആനുകൂല്യമാണ് തൊഴിലാളി സ്ത്രീകൾക്കെല്ലാം ഉന്നയിക്കാനുണ്ടായിരുന്നത്.

രത്ന ഉഷ, ശോഭ കുമാരി, സിലോമ, ഷീന എന്നിവർ നീണ്ടകരയിലെ യൂണിറ്റിൽ. ഫോട്ടോ: റോഷൻ ജെ റോയ്

പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങൾ

മരുത്തടിവളവിൽ തോപ്പിൽ വള്ളങ്ങൾ കയറ്റി വെച്ചിരിക്കുന്ന കടപ്പുറത്തേക്ക് വൈകുന്നേരം മത്സ്യബന്ധനത്തിന് പോകാനായി പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ ഒരോരുത്തായി വന്നുകൊണ്ടേയിരുന്നു. ചിലർ കൂട്ടംകൂടി വർത്തമാനങ്ങൾ പറയുന്നുണ്ടായിരുന്നു. മറ്റുചിലർ കടലിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. “ഞങ്ങക്ക് ബോട്ടുകാരെ പോലെ കിറ്റ് ഒന്നും ഇല്ല പ്ലാസ്റ്റിക്ക് എടുത്തോണ്ട് വരാൻ. വലയിൽ കിട്ടിയാ വള്ളത്തി വെച്ച് കൊണ്ടുവന്ന് കരയിൽ വന്നിട്ടെടുത്ത് കളയും. കരയിൽ പ്ലാസ്റ്റിക്ക് ഇടാൻ അങ്ങനെ എന്തേലും സംവിധാനം ഉണ്ടാക്കിയാ ചിലരേലും കൊണ്ട് വന്ന് അതിലിടും.”പണിക്ക് പോകാനുള്ള തിരക്കിനിടയിൽ ജോൺസൺ മാനുവൽ പറഞ്ഞു. എന്നാൽ ഹരിത കർമ്മസേനക്കാർ കൃത്യമായി പ്ലാസ്റ്റിക്ക് വീടുകളിൽ നിന്നും എടുക്കുന്നത് കൊണ്ട് പുലിമുട്ടിൽ നിന്ന് പ്ലാസ്റ്റിക്ക് കടലിലേക്ക് എറിയുന്നത് കുറവാണെന്നും അതിനാൽ തീരക്കടലിൽ പ്ലാസ്റ്റിക് കുറഞ്ഞെന്നുമാണ് ജോർജ് ഡാനിയേലിന്റെ അഭിപ്രായം. മുൻപ് കോഴി വേസ്റ്റ് ചാക്കിനകത്ത് കെട്ടി ഒഴുക്കി വിടുമായിരുന്നെന്നും‌ അതൊന്നും ഇപ്പോഴില്ലെന്നും ജോർജ് ചൂണ്ടികാട്ടുന്നു.

ജോൺസൺ മാനുവൽ. ഫോട്ടോ: റോഷൻ ജെ റോയ്

“പരവ, പല്ലിക്കോര പോലെ വലിയ സൈസ് മീനിന് ഇടുന്ന കണ്ണി തെളിവുള്ള 70 മില്ലി മീറ്റർ ഒക്കെയുള്ള വലയാണ്. അത് നമ്മള് കര കടലിൽ മാത്രം ചെല ദിവസം മീൻ കിട്ടുമെന്ന് കരുതിയിടുന്നയാ. കല്ലിന്റെ പുറത്താ ഇടുന്നത്, കല്ലിന് തടം കാണും. ഈ തടത്തിലാണ് പ്ലാസ്റ്റിക്കെല്ലാം അടിഞ്ഞു കൂടി കിടക്കുന്നത്. അപ്പോ ഇതെല്ലാം കൂടെ ചുറ്റി കഴിഞ്ഞാ അതോടെ കൊണ്ട് ചെന്ന് കടലിൽ പിന്നെ ഇടാൻ പറ്റത്തില്ല. അതെല്ലാം പിച്ചി പിച്ചി ഇട്ടോണ്ട് വേണം പിന്നെ വല ഇടാൻ.” പ്ലാസ്റ്റിക് എങ്ങനെയാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതെന്ന് ടൈറ്റസ് മത്തായി വ്യക്തമാക്കി. “കല്ലില്ല് ഒരു സൈസ് പായലുണ്ട്, പിഞ്ചി പിഞ്ചി പോകുന്ന പായൽ. ആ പായലിൽ പിടിച്ചിരിക്കും പ്ലാസ്റ്റിക്ക്. റാള് കൊഞ്ചിന് (ലോബ്സ്റ്റർ) വലയിടുമ്പോ പായലുമായിട്ടേ വരുത്തുള്ളൂ. പായല് നമുക്ക് കുഴപ്പമുള്ള സാധനമല്ല, അതിങ്ങനെ നിസാരമായിട്ടെടുത്തു കളയാം. ആ പായൽ പോലും പ്ലാസ്റ്റിക്ക് ഉള്ളപ്പോ കല്ലിൽ ഇല്ലായിരുന്നു. ഇപ്പോ പ്ലാസ്റ്റിക്ക് കുറഞ്ഞപ്പോ കല്ലില്ലെല്ലാം പായല് പിടിക്കുന്നുണ്ട്. കല്ലില് സ്ഥിരം കിട്ടുന്ന മീനുകൾ ഇല്ലാതായത് പ്ലാസ്റ്റിക്കുണ്ടായിരുന്നപ്പോഴാണ്.” കടലിന്റെ ജൈവവൈവിധ്യത്തെ എങ്ങനെയാണ് പ്ലാസ്റ്റിക്ക് സ്വാധീനിക്കുന്നതെന്ന് ടൈറ്റസിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.

ടൈറ്റസ് മത്തായി. ഫോട്ടോ: റോഷൻ ജെ റോയ്

പ്ലാസ്റ്റിക്കിന്റെ പ്രയാസം അനുഭവങ്ങളിലൂടെ മാത്രമേ മനസിലാകുകയുള്ളൂ എന്നാണ് ആന്റണിയുടെ അഭിപ്രായം. ആന്റണി സംസാരിച്ചു തുടങ്ങിയതോടെ കൂട്ടിയിട്ടിരുന്ന വലപ്പുറത്ത് ആന്റണിക്കൊപ്പമിരുന്ന ലോറൻസും, സെബാസ്റ്റ്യനും അനുഭവങ്ങൾ പങ്കിട്ടു. “ഒരു പ്ലാസ്റ്റിക് കടലിൽ വീഴുമ്പോൾ അവിടെ ചിലപ്പോ പത്ത് മീൻ കിട്ടണ്ട സ്ഥലമാരിക്കും. ആ മീൻ അങ്ങ് നഷ്ടപ്പെടുവാ. കല്ലിന്റെ തടത്തിൽ പ്ലാസ്റ്റിക്ക് വന്ന് അടിഞ്ഞിരുന്നാ മീനൊന്നും വന്ന് മുട്ടിയിടത്തില്ല. കല്ലിന്റെ തടത്തിലാണ് മീനായാലും കൊഞ്ചായാലും മുട്ടയിടുന്നത്. പ്ലാസ്റ്റിക് നിറഞ്ഞത് കൊണ്ട് കൊഞ്ചൊക്കെ മാറി മാറി പോകുവാ. കൊഞ്ച് കുറവാ, മീനും ഒക്കെ നഷ്ട്ടപ്പെടുവാ…” അവരുടെ സംഭാഷണത്തിലാകെ ആശങ്ക നിറഞ്ഞുനിന്നു. പ്ലാസ്റ്റിക്ക് ദ്രവിക്കാതെ കല്ലിന്റെ തടത്തിൽ തന്നെ ഒതുങ്ങി വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകികൊണ്ടേയുരിക്കുന്നത് കൊണ്ടാണ് കൊഞ്ചും, മീനും മുട്ടയിടാത്തതെന്നും അവർ വ്യക്തമാക്കി. എല്ലാവരും ചിന്തിച്ചു തുടങ്ങിയാൽ മാറ്റം വരുമെന്നും യന്ത്രവൽകൃത ബോട്ടുകൾക്ക് നൽകിയത് പോലെയുള്ള സൗകര്യം കടപ്പുറത്തൊരുക്കി ബോധവൽക്കരണം നടത്തിയാൽ കുറച്ചുപേരെങ്കിലും കൊണ്ടുവരാൻ തയ്യാറാകുമെന്നുമാണ് മൂവരുടേയും അഭിപ്രായം.

“ആ ഹാർബറിന്റെ വലിയ മുട്ടിൽന്ന് കണ്ടമാനം കൊഞ്ച് പിടിച്ചട്ടുള്ളയാ. ഇപ്പോ ആ മുട്ടിൽ മൊത്തം പ്ലാസ്റ്റിക്കാണ്. കായലീന്ന് ഒഴുകി വരുന്ന മാലിന്യം മൊത്തം ആ മുട്ടിന്റെ പോടിലാ വന്ന് കേറുന്നത്” ആന്റണിയെന്ന 65 പിന്നിട്ട ആ പരമ്പരാ​ഗത മത്സ്യത്തൊഴിലാളിയുടെ വാക്കുകളിൽ പ്ലാസ്റ്റിക് മൂലം നഷ്ടമാകുന്ന മത്സ്യസമ്പത്തിന്റെ ആഴം നിറഞ്ഞുനിന്നിരുന്നു.

ലോറൻസ്, ആന്റണി, സെബാസ്റ്റ്യൻ. ഫോട്ടോ: റോഷൻ ജെ റോയ്

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയ്ക്കെത്തിക്കുകയും അതുവഴി സാ​ഗരത്തെ ശുചിത്വമാക്കുകയുമായിരുന്നു സർക്കാർ പദ്ധതിയുടെ ഉദ്ദേശം. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ നീണ്ടകര-ശക്തികുളങ്ങര ഹാർബറിലെ ഈ അനുഭവങ്ങളിലൂടെ വെളിപ്പെടുന്നത് മറ്റൊന്നാണ്. മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭിക്കാത്തതുകൊണ്ട് അവരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതെ പോവുകയും പദ്ധതി നിലച്ചുപോവുകയുമായിരുന്നു. പ്ലാസ്റ്റിക് വേർതിരിക്കുന്നതടക്കമുള്ള അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന സ്ത്രീകളും ആശങ്കയിലാണ്. മത്സ്യത്തൊഴിലാളികൾ തന്നെ അഭിപ്രായപ്പെട്ടതുപോലെ, ഒരുപക്ഷെ കടലിനെ വലിയരീതിയിൽ ശുദ്ധീകരിക്കുമായിരുന്ന ഈ പദ്ധതി എന്തുകൊണ്ടാണ് കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയാതെ പോകുന്നത്? ഈ വർഷവും ബജറ്റിൽ തുക അനുവദിക്കപ്പെട്ടിരുന്നെങ്കിലും നീണ്ടകരയിലെ ഈ അനുഭവങ്ങളിൽ നിന്നും സർക്കാർ എന്തെങ്കിലും പഠിച്ചോ?

(തുടരും. ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എങ്ങനെയാണ് കടലിലേക്ക് എത്തിച്ചേരുന്നത്? നമ്മുടെ കടൽ എത്രമാത്രം മലിനമാണ്? അടുത്ത ഭാ​ഗത്ത് വായിക്കാം.)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 17, 2023 4:45 pm