സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന കപട ലേബൽ

ഇനിയുള്ള കാലത്ത് മനുഷ്യൻ്റെ സമയത്തിനാണ് വില’ എന്നു തുടങ്ങുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ലഘു വീഡിയോയുണ്ട് . കെ-റെയിൽ പദ്ധതിയ്ക്കായി വാദിക്കുന്നവർ പ്രചരിപ്പിക്കുന്ന ആ വീഡിയോ പുത്തുമലയിലെയും കവളപ്പാറയിലെയും കൂട്ടിക്കലിലെയും ഉരുളെടുത്ത് ബാക്കിയായ മനുഷ്യർ കേട്ടിരിക്കാനിടയുണ്ടോ എന്നറിയില്ല. കേട്ടിരുന്നെങ്കിൽ അവരെല്ലാം അതേറ്റു പറഞ്ഞേനെ, ഇനിയുള്ള കാലത്ത് മനുഷ്യൻ്റെ സമയത്തിനാണു വിലയെന്ന്. ഓടി മാറാൻ സമയം കിട്ടിയിരുന്നെങ്കിൽ അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരും ഇന്നും ഈ ഭൂമുഖത്ത് ജീവനോടെ ഉണ്ടാകുമായിരുന്നു. സമയം എന്നത് അവർക്ക് ജീവനും കയ്യിൽ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിപ്പോകാനുള്ള സമയമാണ്, വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റെല്ലാ സമ്പാദ്യങ്ങളും മറ്റൊരിടത്തേക്ക് മാറ്റാനുള്ള സമയമാണ്, ദുരിതാശ്വാസ ക്യാമ്പിലേക്ക് നടന്നെത്താനുള്ള സമയമാണ്.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ‘ഹോട്ടസ്റ്റ് ഹോട്ട്’ പരീക്ഷണശാലയാകാൻ പോകുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ തെക്കേ അറ്റത്ത്, പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചെരിവിലുള്ള കേരളമെന്ന ഈ കുഞ്ഞു സംസ്ഥാനത്തിലെ ഓരോ മനുഷ്യർക്കും സമയം എന്നത് ഏറെ പ്രാധാന്യമുള്ള ഒരു സംഗതിയായി മാറിയിരിക്കുന്നു. സമയത്തിനു മഴ പെയ്യാതിരിക്കുകയും സമയത്തിനു മഴ മാറാതിരിക്കുകയും ചെയ്യുമ്പോൾ ഉണങ്ങിയും ചീഞ്ഞും പോകുന്നത് വിത്തും വിയർപ്പും വിതച്ച് കർഷകരുണ്ടാക്കിയ വിളവുകളാണ്. സമയത്തിന് മഞ്ഞും സമയത്തിന് വെയിലും കിട്ടാതാകുമ്പോൾ പിഴച്ചു പോകുന്നത് ലോകത്തിലെവിടെയുമെന്നതുപോലെ മണ്ണിലധ്വാനിക്കുന്നവൻ്റെ സ്വപ്നങ്ങളാണ്. ബഹിരാകാശ ടൂറിസത്തിന് ടിക്കറ്റെടുത്ത് നിൽക്കുന്നവർ പറഞ്ഞു പഠിപ്പിക്കാതെ തന്നെ സമയത്തിൻ്റെ പ്രാധാന്യം അവർക്കറിയാം.

സന്തോഷ് ജോർജ് കുളങ്ങര

സന്തോഷ് ജോർജ് കുളങ്ങര നല്ലൊരു സഞ്ചാരിയാണ്. വിദൂര നാടുകളുടെ ഭൂപ്രകൃതിയും ജനജീവിതവും മലയാളിയുടെ സ്വീകരണ മുറിയിലേക്കെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. താൻ സഞ്ചരിക്കുന്ന നാടുകളിലെ ജനതയെ ചരിത്രപരമായും സാംസ്കാരികമായും വിലയിരുത്തുന്നതിന് ശ്രമിക്കാറുണ്ട് എന്നത് സമകാലികരായ ദൃശ്യ യാത്രാവിവരണക്കാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുകയും ചെയ്യുന്നു. അതേസമയം, സമ്പന്ന രാജ്യങ്ങളിൽ കാണുന്ന അത്യാധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും വിവരിക്കുമ്പോൾ അവയ്ക്കു പിന്നിൽ സമർത്ഥമായി ഒളിപ്പിച്ചുവച്ച പാരിസ്ഥിതിക യാഥാർത്ഥ്യങ്ങൾക്ക് നേരെ ബോധപൂർവമോ അല്ലാതെയോ അദ്ദേഹം കണ്ണടയ്ക്കുകയും ചെയ്യുന്നു. ‘ഇവിടെയെല്ലാവർക്കും സുഖം’ എന്ന പേരിൽ മോഹൻലാൽ നായകനായ പഴയൊരു സിനിമയുണ്ട്. അതിൽ ചെറിയൊരു വ്യത്യാസം വരുത്തി വികസിത രാജ്യങ്ങളെ ചൂണ്ടി ‘അവിടെയെല്ലാവർക്കും സുഖം’ എന്ന മട്ടിൽ പറഞ്ഞു പോവുകയാണ് സന്തോഷ് ജോർജ് കുളങ്ങര. സന്ദർശിക്കുന്ന നാടുകളിലെ വൻകിട വികസന പദ്ധതികളുടെ പരിസ്ഥിതിക കാലടിപ്പാടുകൾ ആഴത്തിൽ മനസിലാക്കാൻ ഒരു സഞ്ചാരിക്ക് സാധ്യമായേക്കില്ല, എങ്കിലും കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും മറ്റനേകം പാരിസ്ഥിതിക ദുരന്തങ്ങളുടെയും ഇക്കാലത്ത് അതിനായുള്ള ശ്രമങ്ങളെങ്കിലും നടത്തേണ്ടതാണ്. ഗ്രാനൈറ്റും മാർബിളും വിരിച്ച വൃത്തിയുള്ള നടപ്പാതകൾ സഞ്ചാരികൾക്കായി തുറന്നുവച്ച വികസിത മുതലാളിത്ത ലോകം മറച്ചു പിടിക്കുന്ന മറ്റെന്തൊക്കെയോ ഉണ്ട്. ഒരു ഇന്ദ്രജാലക്കാരനെ പോലെ വലം കയ്യിലേക്ക് കാഴ്ചക്കാരൻ്റെ നോട്ടത്തെ പിടിച്ചടുപ്പിച്ച് ഇടം കൈ കൊണ്ട് സാധ്യമാക്കുന്ന സൂത്രങ്ങൾ.

ഈ ലോകത്ത് ആർക്കാണ് സൗകര്യങ്ങൾ ഇഷ്ടമല്ലാത്തത്… !! നാല് മണിക്കൂർ കൊണ്ടല്ല ഒരു മണിക്കൂർ കൊണ്ട് കാസർ​ഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ പറ്റണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്..!! തീർച്ചയായും അർദ്ധ അതിവേഗ പാത മാത്രമല്ല ബുള്ളറ്റ് ട്രയിൻ പോലും നമ്മുടെ ആവശ്യമാണ്, സ്വപ്നമാണ്. പക്ഷേ അത്തരം സ്വപ്നങ്ങളുടെ സാക്ഷാത്കാരവും നിലവിലെ സാമൂഹ്യ-സാമ്പത്തിക -പാരിസ്ഥിതിക സാഹചര്യവും തമ്മിൽ ചേർന്നു വരുന്നുണ്ടോ എന്നതാണ് പ്രശ്നം.

സൗകര്യങ്ങളെ കുറിച്ച് പറയുകയും അതിൻ്റെ എല്ലാ അർത്ഥത്തിലുമുള്ള യഥാർത്ഥ മുതൽ മുടക്കിനെക്കുറിച്ച് മിണ്ടാതിരിക്കുകയുമാണ് രണ്ടാം പിണറായിക്കാലത്ത് കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന സിൽവർ ലൈൻ അർദ്ധ അതിവേഗ പാതയുടെ വാഴ്ത്തുപാട്ടുകാരും. ഇത്രയും നീളത്തിൽ കോൾപ്പാടത്തിലൂടെയും ചതുപ്പുകളിലൂടെയും മറ്റ് തീരദേശ ആവാസവ്യവസ്ഥകളിലൂടെയും നിർമ്മിക്കുന്ന സിൽവർ ലൈൻ റെയിൽ ഇടനാഴിയും ‘ഹരിതവും’ ‘പരിസ്ഥിതി സൗഹൃദപരവും’ ഒക്കെയാണെന്നാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സന്തോഷ് ജോർജ് കുളങ്ങരയും മുരളി തുമ്മാരക്കുടിയുമെല്ലാം അവകാശപ്പെടുന്നത്. വാഹനപ്പെരുപ്പം കുറച്ച് കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഇവരെല്ലാം ആവർത്തിച്ച് പറയുകയും ചെയ്യുന്നു. എന്തായാലും കഴിഞ്ഞ നാലഞ്ച് ദശകങ്ങളായി ഒറ്റയ്ക്കും ചെറുകൂട്ടങ്ങളായും പ്രവർത്തിച്ച ലോകത്തിലെ പരിസ്ഥിതി സ്നേഹികളായ മനുഷ്യർക്ക് അഭിമാനിക്കാവുന്ന ഒന്നാണ് ‘പരിസ്ഥിതി സൗഹൃദം’ എന്ന വിശേഷണം ഒട്ടുമിക്ക വൻകിട പദ്ധതികളും നെറ്റിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ട് എന്നത്. പരിസ്ഥിതി സൗഹൃദമായിരിക്കണം വികസനം എന്ന വർത്തമാനകാല മനുഷ്യ ബോധ്യത്തെ അത്രയെങ്കിലും ലോകത്തിലെ മൂലധന ശക്തികൾക്ക് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. കെ-റെയിൽ നിർമ്മാതാക്കളും കേരള മുഖ്യമന്ത്രിയും ‘ഹരിത പദ്ധതി’ എന്ന് സിൽവർ ലൈൻ പദ്ധതിയെ വിശേഷിപ്പിക്കുന്നതും ഈ അർത്ഥത്തിൽ മാത്രമാകണം.

കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും കൗതുകകരമായ ചില വസ്തുതകൾ ഇവിടെ പരിശോധിക്കപ്പെടണം. അതിൽ പ്രധാനമായത് ബുള്ളറ്റ് ട്രയിനുകളും അർദ്ധ അതിവേഗ ട്രയിനുകളുമെല്ലാമുള്ള ഒന്നാം ലോകത്തിൻ്റെ കാർബൺ ബഹിർഗമന ഗ്രാഫാണ്. അമേരിക്കയുടെ 2019 ലെ പ്രതിശീർഷ കാർബൺ ബഹിർഗമന നിരക്ക് 15.3 മെട്രിക് ടൺ ആണ്. കോവിഡും ലോക്ഡൗണും ഉണ്ടായ 2020 ൽ ഇത് 13.68 മെട്രിക് ടൺ ആയിരുന്നു. 2020 ൽ സിങ്കപ്പൂരിൻ്റെ ആളോഹരി കാർബൺ ബഹിർഗമന നിരക്ക് 9.45 ടണ്ണും അതേ വർഷം ജപ്പാൻ്റെത് 8.39 ടണ്ണും യു.എ.ഇയുടേത് 20.7 ടണ്ണും ചൈനയുടേത് 8.2 ടണ്ണുമായിരുന്നു. ലോക് ഡൗണില്ലാത്ത 2019 ൽ പോലും ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ഉത്സർജന നിരക്ക് 1.91 മെട്രിക് ടൺ മാത്രമായിരുന്നു എന്നുകൂടി ഇവിടെ ഓർക്കണം.

ലോകമാകെ കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിന്ന കാലത്തുപോലും പ്രതിശീർഷ കാർബൺ ബഹിർഗമന നിരക്ക് ഇന്ത്യയുടേതിൻ്റെ നാലും അഞ്ചും ഇരട്ടി വരുന്ന അളവിലേക്കു പോലും താഴ്ത്താൻ സാധിക്കാത്ത സിങ്കപ്പൂരിനെയും ജപ്പാനെയും അമേരിക്കയെയും മാതൃകയാക്കി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാമെന്ന വാദത്തിന് അതിഗുരുതരമായ തകരാറുണ്ട്. നാല് മണിക്കൂർ കൊണ്ട് കേരളത്തിൻ്റെ തെക്കുവടക്ക് സഞ്ചരിക്കുകയെന്ന ഉപരിവർ​ഗ സ്വപ്നത്തിൻ്റെ സാക്ഷാത്കാരത്തിന് കേരളം കൊടുക്കേണ്ട പാരിസ്ഥിതികവും സാമ്പത്തികവുമായ യഥാർത്ഥ വില ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടുന്നേയില്ല. അഞ്ചു വർഷം കൊണ്ട് നിർദിഷ്ട സിൽവർലൈൻ പദ്ധതി പൂർത്തിയാകുമെന്ന് നിർമാതാക്കളും കൺസൾട്ടൻസിയും അവകാശപ്പെടുമ്പോൾ അത് കണ്ണുമടച്ച് വിശ്വസിക്കാനാണ് സർക്കാരും ഭരണകക്ഷിയും സർക്കാരിൻ്റെ ആസൂത്രണ വിദഗ്ധരും ഉപദേശകരുമെല്ലാം നമ്മോടു പറയുന്നത്. അമേരിക്കയിലും ജപ്പാനിലുമെല്ലാം എതിർപ്പുകളും പ്രതിഷേധങ്ങളുമില്ലാതെ എല്ലാം സമയബന്ധിതമായി ഭംഗിയായി നടന്നുപോകുന്നു എന്ന ഒരു നുണ ബോധപൂർവമോ അല്ലാതെയോ ചിലർ അവതരിപ്പിക്കുകയാണ്.

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുന്ന ഒരു അതിവേഗ റയിൽവേ പദ്ധതിയുണ്ട്. ലോസ് ആഞ്ചലസിനെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ മുൻ കാലിഫോർണിയ ഗവർണർ അർനോൾഡ് ഷ്വാർസ് നഗറിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു. 610 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയ്ക്ക് 2008 ൽ തന്നെ സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു. അതേവർഷം തന്നെ പദ്ധതിയുടെ ബിസിനസ് പ്ലാൻ തയ്യാറാക്കി പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 30 ബില്ല്യൺ ഡോളർ അതായത് 3000 കോടി ഡോളർ ആയിരുന്നു പദ്ധതിയുടെ ആകെ ചെലവായി 2008 ൽ കണക്കാക്കിയിരുന്നത്. അതിൽ 9 ബില്യൺ ഡോളർ വീതം സംസ്ഥാന സർക്കാരും ഫെഡറൽ ഗവൺമെൻ്റും വഹിക്കുകയും ബാക്കി സ്വകാര്യ നിക്ഷേപമായി സമാഹരിക്കുകയുമായിരുന്നു ലക്ഷ്യം. 2013 ൽ കരാർ നൽകിയ പദ്ധതിയുടെ നിർമാണ പ്രവൃത്തി 2015 ൽ തന്നെ ആരംഭിച്ചതാണ്. നമ്മുടെ സിൽവർ ലൈനിന് സമാനമായി അഞ്ച് വർഷം കൊണ്ട് ,അതായത് 2020 ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ 2021 അവസാനിക്കാറായപ്പോൾ പോലും പദ്ധതിയുടെ ആറിൽ ഒന്ന് നിർമാണ പ്രവൃത്തി പൂർത്തിയായിട്ടില്ല. 2021 സപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് പൂർത്തിയായത് 100 കിലോമീറ്ററിൽ താഴെ മാത്രം പ്രവൃത്തികളാണ്. വ്യാപകമായ എതിർപ്പുകളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളും പ്രതീക്ഷിച്ചതു പോലെ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കാതെ പോയതുമെല്ലാമാണ് പദ്ധതിക്ക് തിരിച്ചടിയായത്.

കാലിഫോർണിയയിലെ അതിവേഗ റയിൽവേ പദ്ധതി

2029 ൽ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് 2020 ലെ ബിസിനസ് പ്ലാൻ പറയുന്നത്. അതായത് നേരത്തേ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വർഷം എന്നത് മൂന്നിരട്ടിയോളമായി മാറി. പദ്ധതിച്ചിലവിലും ഇതേ വർദ്ധനവുണ്ടായി. നിലവിൽ കണക്കാക്കുന്ന ചിലവ് 94.4 ബില്ല്യൺ ഡോളറാണ്. അതായത് നേരത്തേ പ്രഖ്യാപിച്ചതിൻ്റെ മൂന്നിരട്ടി. വികസന മാതൃകകൾക്കായി സമ്പന്ന രാജ്യങ്ങളിലേക്ക് ചൂണ്ടുന്നവർ ഇത്തരം ദുരനുഭവങ്ങളെ കുറിച്ച് ഒന്നും പറയാറില്ല. ജപ്പാൻ്റെ കുതിപ്പിനെക്കുറിച്ച് മിണ്ടുകയും ഹുക്കുഷിമയിലെ കിതപ്പിനെ കുറിച്ച് മിണ്ടാതിരിക്കുകയുമാണ് പലരും. ‘അവിടെയെല്ലാവർക്കും സുഖം’ എന്ന തത്വം അപ്പോൾ മാത്രമേ ശരിയാവുകയുള്ളൂ.

സമ്പന്നരുടെ ജീവിത സൗകര്യങ്ങൾ അൽപം കൂടി വർദ്ധിപ്പിച്ചു എന്നതിനപ്പുറം സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനോ കാർബൺ ഉത്സർജനം കുറയ്ക്കുന്നതിനോ ലോകത്തിലെ അതിവേഗ റെയിൽ പദ്ധതികളെ കൊണ്ട് സാധിച്ചിട്ടില്ല എന്നതാണ് വൻ നഗരങ്ങളിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. അതിവേഗ റെയിൽ പദ്ധതികൾ പതിറ്റാണ്ടുകൾക്കു മുന്നേ നിലവിൽ വന്ന ജപ്പാനിൽ 2019 ലെ കണക്കനുസരിച്ച് 1000 പേർക്ക് 649 എന്ന നിരക്കിന് വാഹനങ്ങളുണ്ട്. അമേരിക്കയിൽ ഇതേ വർഷം 1000 പേർക്ക് 816 വാഹനങ്ങളുണ്ട്. ക്യോട്ടോ ഉടമ്പടിയോട് മുഖം തിരിച്ചു നിൽക്കുകയും പാരീസ് ഉടമ്പടിയിൽ ഏറ്റവും വൈകി മാത്രം ഒപ്പിടുകയും ചെയ്ത അമേരിക്കൻ മോഡൽ വികസന സങ്കൽപങ്ങളെ ‘ഹരിതം’ എന്ന സ്റ്റിക്കർ പതിച്ച് അവതരിപ്പിക്കുന്നത് കുറഞ്ഞ പക്ഷം ലജ്ജാകരമെങ്കിലുമാണ്.

ഓടുമ്പോഴുള്ള കാർബൺ ഉത്സർജനത്തോത് മാത്രം പരിഗണിച്ചാണ് ബുള്ളറ്റ് ട്രെയിനുകളെ പോലും ഹരിതം എന്നും പരിസ്ഥിതി സൗഹൃദം എന്നുമെല്ലാം വിശേഷിപ്പിക്കുന്നത്. വിശേഷിപ്പിക്കുന്നത്. യഥാർത്ഥ പാരിസ്ഥിതിക കാലടിപ്പാടുകളെ സമ്പൂർണമായും അവഗണിക്കുന്നു. ഈ തത്വം വച്ചാണ് ടോക്കിയോ മുതൽ വാഷിംഗ്ടൺ വരെ ചിലർക്ക് ‘ഹരിത – നിർമല’ നഗരങ്ങളാകുന്നത്. ചെർണോബിലും ത്രീമൈൽ ഐലന്റും ഹുക്കുഷിമയും നമ്മുടെ മുന്നിലുണ്ടായിട്ടും ആണവ മാലിന്യങ്ങളെന്ന ഭയാനക യാഥാർത്ഥ്യം ഡമോക്ലിസിൻ്റെ വാളുപോലെ തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുമ്പോഴും ആണവ വൈദ്യുതിയെ ‘ക്ലീൻ എനർജി’ എന്ന് ചിലർ വിശേഷിപ്പിക്കുന്നതും ഇതേ തത്വം വച്ചു തന്നെ. നിർമ്മാണത്തിലെ ഊർജ ഉപഭോഗത്തെയും ഭീകരമായ വിഭവകൊള്ളെയെയും ഇതെല്ലാം ചേർന്ന് ഭൂമിയുടെ ഏതൊക്കെയോ ഭാഗങ്ങളിലുണ്ടാക്കിയ പാരിസ്ഥിതിക നാശത്തെയും പരിഗണിക്കുമ്പോൾ മാത്രമേ ഒരു പദ്ധതി എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്നും സുസ്ഥിരമാണെന്നും പറയാനാകൂ.

നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഉത്പാദനം മുതലുള്ള കാർബൺ ഉത്സർജനവും ഊർജ ഉപഭോഗവും പരിസ്ഥിതി മലിനീകരണവും കൂടി പരിഗണിക്കുമ്പോൾ സിൽവർ ലൈൻ അർദ്ധ അതിവേഗ പാത പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം കണ്ട ഏറ്റവും ചിലവേറിയ ഒന്നായി മാറുന്നത് കാണാം. ദശലക്ഷക്കണക്കിനു ലോഡ് പാറയും മണ്ണും ഖനനം ചെയ്യപ്പെടുമ്പോൾ പശ്ചിമഘട്ടത്തിലും ഇടനാട്ടിലും ഉണ്ടാകുന്ന ഹരിത നാശം സൂക്ഷ്മ കാലാവസ്ഥ (Micro climate) യുടെ തകർച്ചയായും അന്തരീക്ഷ ആർദ്രതയുടെ ശോഷണമായും വളരെ വേഗം പ്രതിഫലിക്കും. ആഗോള കാലാവസ്ഥാ ചർച്ചകളിൽ പലപ്പൊഴും പരിഗണിക്കപ്പെടാത്തതാണ് സൂക്ഷ്മ കാലാവസ്ഥ എന്നത്. കേരളത്തിൻ്റെ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ നേരെ തിരിച്ചോ യാത്ര ചെയ്യുമ്പോൾ ഏതൊരാൾക്കും സൂക്ഷ്മ കാലാവസ്ഥയുടെ വൈവിധ്യവും വ്യതിയാനവും ബോധ്യപ്പെടും. ഒന്നോ രണ്ടോ ഏക്കർ മാത്രം വിസ്താരമുള്ള ഒരു കാവിനു പോലും പ്രാദേശിക കാലാവസ്ഥയെ സ്വാധീനിക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറമടകളും ഇടനാടൻ ചെങ്കൽ-ചെമ്മൺ കുന്നുകളുടെ നാശവും അതാത് മേഖലകളിലെ സൂക്ഷ്മ കാലാവസ്ഥകളെ എത്രമാത്രം തകർത്തിരിക്കുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണ്.

ജനകീയാസൂത്രണ ഫണ്ടു കൊണ്ട് തയ്യാറാക്കിയ നീർത്തട മാസ്റ്റർ പ്ലാനുകളിലെ നീർച്ചാൽ ഭൂപടങ്ങളെ പാറമടകളും ചെമ്മൺ ഖനനവുമെല്ലാം ചേർന്ന് എത്രമാത്രം വികൃതമാക്കിയിട്ടുണ്ട് എന്നത് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. നിഷിദ്ധമായിട്ടും നീർച്ചോലകളുടെ ഉറവക്കണ്ണിൽ തന്നെയാണ് പല പാറമടകളും നിലവിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തുകളുടെ ഭരണ സമിതി യോഗങ്ങളിലെ ഒന്നാമത്തെ അജൻഡ തോട്ടിലെ തടയണ നിർമാണവും രണ്ടാമത്തെ അജൻഡ തോടിന് തണലും തണുപ്പും നൽകുന്ന കാടുകളെ വെട്ടി ‘വൃത്തി’യാക്കലും മൂന്നാമത്തെ അജൻഡ തോടിൻ്റെ ഉറവ സ്ഥാനത്ത് പാറമടയ്ക്കുള്ള അനുമതിയും ആകുന്ന തരത്തിലുളള മഹാ വൈരുദ്ധ്യങ്ങൾ നമ്മെ തുറിച്ചു നോക്കുന്നുമുണ്ട്.

പാരിസ്ഥിതിക കാലടിപ്പാടുകളെ കൃത്യമായി വിശകലനം ചെയ്യാതെ എത്തിച്ചേരുന്ന തീർപ്പുകൾ പലപ്പോഴും വലിയ അബദ്ധങ്ങളായി മാറാറുണ്ട്. ജലവൈദ്യുതി താരതമ്യേന കാർബൺ ഉത്സർജനം കുറഞ്ഞ വൈദ്യുതിയാണെന്നു പറയുമ്പോൾ തന്നെ മുങ്ങുന്ന കാടുണ്ടാക്കുന്ന മീഥെയ്നിനെയും മുങ്ങിയ കാട് ആഗിരണം ചെയ്തിരുന്ന അന്തരീക്ഷ കാർബണിൻ്റെ അളവിനെയും അത്തരമൊരു സ്വാഭാവിക വനമേഖല നിർവഹിച്ചിരുന്ന പാരിസ്ഥിതിക ദൗത്യങ്ങളെയും കാണാതെ പോകരുത് എന്നർത്ഥം. സാങ്കേതിക വിദ്യയുടെ പറുദീസകളായ മഹാ നഗരങ്ങളുടെ യഥാർത്ഥ കാർബൺ ഉത്സർജനം ഇങ്ങനെയെല്ലാമാണ് മറച്ചു വയ്ക്കപ്പെടുന്നത്. നിർമ്മാണ സമയത്ത് വേണ്ടി വരുന്ന അസംസ്കൃത വസ്തുക്കളുടെ ആന്തരിക ഊർജ്ജ (Embodied Energy) ത്തിൻ്റെ യഥാർത്ഥ കണക്ക് ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടുന്നില്ല. പ്രവർത്തന കാലത്ത് ആവശ്യമായിവരുന്ന വൈദ്യുതോർജ്ജത്തിൻ്റെ പാരിസ്ഥിതിക ആഘാതം പോലും പരിഗണിക്കപ്പെടാറില്ല.

ജനങ്ങളുടെ ആവശ്യങ്ങളെന്തൊക്കെയായിരിക്കണമെന്ന് സ്വയം നിർണയിക്കുകയും അവയുടെ സാക്ഷാത്കാരത്തിനായി രക്ഷകവേഷത്തിലവതരിക്കുകയും ചെയ്യുകയാണ് ലോകത്തിലെ ഒട്ടുമിക്ക ഭരണകൂടങ്ങളും. മൂലധനവും ഭരണകൂടവും ഒത്തുചേർന്നൊരുക്കുന്ന ഈ കെണിയിൽ മഹാ ഭൂരിപക്ഷവും പെട്ടു പോകുകയും ചെയ്യുന്നു. പിണറായി സർക്കാരിൻ്റെ അർദ്ധ അതിവേഗ റെയിൽ ഇടനാഴിയും അത്തരത്തിലൊന്നാണെന്ന് നിസ്സംശയം പറയാം. ജനാധിപത്യവിരുദ്ധതയാണ് ഇന്ത്യയിൽ നാളിതുവരെ നടപ്പിലാക്കിയ മിക്ക വൻകിട പദ്ധതികളുടെയും മുഖമുദ്ര. അത് സിൽവർ ലൈൻ പദ്ധതിയും പിൻപറ്റുന്നുണ്ട്, ഒരു പക്ഷേ കൂടുതൽ തീവ്രതയോടെ. പൗരൻ്റെ ജനാധിപത്യ അവകാശങ്ങൾ പോളിംഗ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുന്നതോടെ അവസാനിക്കുമെന്നും വിരലിലെ മഷിയുണങ്ങുന്നതു വരെ പോലും അതിന് ആയുസ്സുണ്ടായിരിക്കുകയില്ലെന്നും ഭരണകൂടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പൊതുപണമുപയോഗിച്ച് സർക്കാർ നടപ്പിലാക്കുന്ന റെയിൽ വേ പാതയുടെ വിശദമായ പദ്ധതി രേഖ (Detailed Project Report) തങ്ങളുടെ ബൗദ്ധിക സ്വത്താണെന്നും ടെൻ്ററിനു ശേഷം മാത്രമേ പുറത്തു വിടാനാകൂ എന്നുമെല്ലാം ‘കെ-റെയിൽ’ പറയുമ്പോൾ, “അങ്ങനെ തന്നെ സിന്ദാബാദ്” എന്ന് സ്കൂൾ കുട്ടികളുടെ മുദ്രാവാക്യ തമാശ പോലെ ഏറ്റുപാടുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ജനജീവിതം സാധ്യമല്ലാത്ത പ്രദേശമായി മാറിക്കഴിഞ്ഞു എന്ന് 2021 ൽ റിപ്പോർട് ചെയ്തത് മാധവ് ഗാഡ്ഗിലായിരുന്നില്ല, കോട്ടയം ജില്ലാ കളക്ടറായിരുന്നു. ആഗോളതാപനവും അതിവൃഷ്ടിയുമെല്ലാം ചേർന്ന് അനേകമനേകം കൂട്ടിക്കലുകൾ പശ്ചിമഘട്ടത്തിലെങ്ങും സൃഷ്ടിച്ചേക്കുമെന്ന് ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിലെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെയും വിദഗ്ധർക്ക് തീർച്ചയായും അറിയുമായിരിക്കും. അവരുടെ റിപ്പോർടുകളിൽ നേരിട്ടും വരികൾക്കിടയിലും അതെല്ലാം പറഞ്ഞിട്ടുണ്ട്. തീർത്തും ആധികാരികമായും ശാസ്ത്രീയമായും തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങളിൽ അതെല്ലാം വ്യക്തവുമാണ്. പക്ഷെ, സംസ്ഥാന ആസൂത്രണ ബോർഡിനും മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കും ഇതൊന്നും പ്രശ്നമേയല്ല. കടൽ കയറുന്ന ചെല്ലാനത്തെയും മുങ്ങുന്ന കുട്ടനാടിനെയും ജലസമാധി കാത്തിരിക്കുന്ന കൊച്ചിയെയും കാണാതെ അവർ ലോകസഞ്ചാരികളുടെ വെള്ളിത്തിളക്കമുള്ള സ്വപ്നങ്ങൾക്ക് പിന്നാലെയാണ്. ഫറവോമാരുടെ സ്വപ്നം പിരമിഡിൻ്റെ ഉയരമായിരുന്നു , അതേ നാട്ടിലെ അടിമകളുടെയും അടിസ്ഥാന ജനതയുടെയും സ്വപ്നം പക്ഷേ അന്നവും വെള്ളവുമായിരുന്നു. നാലഞ്ച് സഹസ്രാബ്ദം കഴിഞ്ഞിട്ടും സ്വപ്നങ്ങളിൽ പോലുമുള്ള വർഗപരമായ ഈ വൈരുദ്ധ്യം അതേപടി നിലനിൽക്കുന്നു എന്ന് സാരം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read