മുതലപ്പൽപ്പൂട്ടിനെ ഓർമ്മിപ്പിച്ച പുതിയതുറ കുടിയേറ്റം

പുതിയതുറയിൽ നിന്നുള്ള മലയാളിയുടെ ‘അനധികൃത’ യൂറോപ്പ് കുടിയേറ്റം ഈ വർഷം ജൂണിൽ തിരുവനന്തപുരത്ത് നടന്ന ‘ലോക കേരള സഭ’യിൽ ചർച്ചയായില്ല. ആഗസ്റ്റ് 23-27 ദിവസങ്ങളിൽ കോട്ടയത്തു നടക്കുന്ന യുവഗവേഷകർക്കുള്ള Migration and Mobility (ഐ.സി.എച്ച്.ആറും ഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നത്) ശിൽപ്പശാലയിലും ചർച്ചക്കെടുക്കാനിടയില്ല. ശിൽപ്പശാലയുടെ പുറത്തുവന്നു കഴിഞ്ഞ ഷെഡ്യൂളിൽ പുതിയതുറ കുടിയേറ്റം ഇല്ല. ആ​ഗസ്റ്റ് 23, 24 തീയതികളിൽ തൃശൂരിൽ വച്ച് നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായ സെമിനാറുകളിലും ഇത് ചർച്ചയായില്ല. അതായത് ലോക കേരള സഭ പോലുള്ള പൊതുവേദിയിലോ ശിൽപ്പശാലകളുടെ അക്കാദമിക ലോകത്തോ ഇനിയും ഈ കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടം കിട്ടിയിട്ടില്ല. കിട്ടാനിടയുണ്ടോ എന്ന് സംശയവുമാണ്. പ്രവാസികളുടെ പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും ഈ വിഷയം പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടിട്ടുമില്ല. നോർക്കക്ക് ഇതിനെക്കുറിച്ചറിയാം. പക്ഷെ അവർ തങ്ങളുടെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് ഇതാണെന്ന് കാണുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രവാസി വകുപ്പും ഇതിനോട് കാര്യഗൗരവത്തിൽ പ്രതികരിച്ചതിന് തെളിവൊന്നുമില്ല.

വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നുള്ള ചിത്രം. ഫോട്ടോ: ആരതി എം.ആർ

കഴിഞ്ഞ 20 വർഷത്തോളമായി ഗൾഫ് മലയാളി തൊഴിൽ പ്രവാസത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ഇതുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി ചില പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ പഠനങ്ങളുടെ ഭാഗമായി മലയാളിയുടെ മറ്റു നാടുകളിലേക്കുള്ള തൊഴിൽ കുടിയേറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ വർത്തമാനകാലത്ത് നടക്കുന്ന ഏറ്റവും ദുഷ്ക്കരമായ, ഒരർഥത്തിൽ ‘നിയമവിരുദ്ധമായ’ തൊഴിൽ പ്രവാസ യാത്ര നടക്കുന്നത് പുതിയതുറയിൽ നിന്നാണെന്ന് ഞാൻ മനസ്സിലാക്കിയത് കേരളീയത്തിൽ ആരതി എം.ആർ എഴുതിയ (2022 ജൂൺ 6, ജൂൺ 10, ജൂൺ 20) ‘തൊഴിൽ തേടി അഭയാർത്ഥികളാകുന്നവർ’ എന്ന പരമ്പരയിൽ നിന്നാണ്. ഇങ്ങിനെയൊരു പരമ്പര വന്നില്ലായിരുന്നെങ്കിൽ ഈ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. ആരതിയുടെ ലേഖന റിപ്പോർട്ടുകൾ വായിച്ചതിനു ശേഷം പുതിയതുറ കുടിയേറ്റത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. അതെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഇന്ന് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരും ‘മുതലപ്പൽപ്പൂട്ടി’ൽ പെട്ടതുപോലുള്ള പുതിയതുറ കുടിയേറ്റത്തിലെ ഇരകളുടെ പ്രശ്നങ്ങൾ വേണ്ടവിധത്തിൽ കാണുന്നുണ്ടോ എന്നു സംശയമാണ്. പുതിയതുറയിലെ പരമ്പരാഗത മൽസ്യബന്ധനത്തൊഴിലിലുണ്ടായ തകർച്ചയും പുതിയ തലമുറയെ കടലിൽ അയക്കേണ്ട, അവർ മറ്റു ജോലികൾ തേടി അതിജീവിക്കട്ടെ എന്ന അഭിലാഷവുമാണ് യുവാക്കളെ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിലേക്ക് തള്ളിവിട്ടത്. ഏജന്റുമാർ ലണ്ടനിലേക്ക് എന്നു പറഞ്ഞ് കൊണ്ടുപോവുകയും യൂറോപ്പിലെ ഏതെങ്കിലും സ്ഥലങ്ങളിൽ യാത്ര-തൊഴിൽ രേഖകളൊന്നുമില്ലാതെ ടെംപററി റസിഡന്റ് കാർഡ് സമ്പാദിച്ച് ജോലി ചെയ്തു ജീവിക്കുകയുമാണ് ഈ തീരദേശ ഗ്രാമത്തിലെ യുവാക്കൾ. പലരും നിലനിൽപ്പ് ദുഷ്ക്കരമായപ്പോൾ നാട്ടിലേക്കു മടങ്ങി. എട്ടുലക്ഷം രൂപ കടക്കാരായാണ് ഈ മടക്കം. കുറച്ചുപേർ പലതരം തോട്ടങ്ങളിലെ പണിക്കാരായി ജീവിക്കുന്നു. അപൂർവ്വം ചിലർ ലണ്ടനിൽ എത്തി. സ്വന്തമായി ചെറിയ കടകൾ നടത്തുന്നു. വിദ്യാഭ്യാസ വിസയിൽ പോയി പഠനവും ജോലിയുമായി കഴിയുന്നവരുമുണ്ട്.

ആരതിയുടെ പരമ്പര, കേരളീയം വെബിൽ

ഇന്ത്യയിൽ നിന്ന് സെർബിയ വഴി, ഗ്രീസിലൂടെ, പോർച്ചുഗലിൽ എത്തുന്നവർ. അവിടെ നിന്നും ചില ഭാഗ്യവാന്മാർ ലണ്ടനിൽ എത്തുന്നു. ഈ യാത്ര നടത്തിയവരെ നേരിൽ കണ്ട് ആരതി അവതരിപ്പിക്കുന്ന വിവരങ്ങൾ രക്തം ഉറക്കാൻ പോന്നതാണ്. പല രാജ്യങ്ങളുടെ അതിർത്തി അനധികൃതമായി കടക്കുന്ന ഈ യുവാക്കൾ സിറിയക്കാരോ, ഇറാഖികളോ, ശ്രീലങ്കക്കാരോ, കിഴക്കാനാഫ്രിക്കക്കാരോ അല്ല. തിരുവനന്തപുരത്തെ പുതിയതുറ നിവാസികളാണ്. കേരള മോഡലിലെ ഏറ്റവും ഭീതിദമായ വിള്ളലാണ് ഇവരുടെ ജീവിത കഥയിലൂടെ അനാവൃതമായിരിക്കുന്നത്. സ്വന്തം പേരുകൾ പോലും വെളിപ്പെടുത്താൻ കഴിയാത്ത നിസ്സഹായതയിലാണ് ഈ കുടിയേറ്റത്തിന്റെ ഇരകൾ. അതിനർത്ഥം ഈ കുടിയേറ്റവും അതിനുള്ള ശ്രമങ്ങളും ഇനിയും തുടരുമെന്നാണ്.

ഈ യുവാക്കളുടെ ലക്ഷ്യം തേടിയുള്ള യാത്രയുടെ നേർ വിവരണങ്ങൾ കേട്ടപ്പോൾ മാർച്ചിൽ തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെയിൽ കണ്ട ‘യൂറോപ്പ’ എന്ന സിനിമയിലെ രംഗങ്ങൾ വീണ്ടും മുന്നിലേക്കു വരികയാണോ എന്ന് സംശയിക്കുക പോലുമുണ്ടായി. ചലച്ചിത്രോത്സവത്തിന്റെ കൈപ്പുസ്തകത്തിൽ സിനിമയെക്കുറിച്ചുള്ള ചെറുകുറിപ്പ് ഇങ്ങിനെയാണ്: “പട്ടാള അധിനിവേശ ഭൂമികയായ ഫോർട്രെസിലൂടെ യൂറോപ്പിലേക്ക് കടക്കാനായി കമൽ ഇറാക്കിൽ നിന്നും പലായനം ചെയ്യുന്നു. തുർക്കി-ബൾഗേറിയ അതിർത്തിയിൽ നിലയുറപ്പിച്ച കൂലിപ്പടയാളികൾ അഭയാർത്ഥികളെ നിഷ്ക്കരുണം വേട്ടയാടുകയാണ്. കൂലിപ്പടയാളികളുടെ മുന്നിൽ പെടാതെ കമലിന് കാട്ടിനുള്ളിൽ നിന്നും രക്ഷപ്പെടാൻ മൂന്നു ദിവസം മാത്രമാണുള്ളത്.” ഈ സിനിമ കണ്ടിറങ്ങി പലരും അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതും ഗംഭീരം എന്നു പറയുന്നതും കേട്ടു. എന്നാൽ മേള നടക്കുന്നിടത്തു നിന്ന് അധികം ദൂരത്തല്ലാതെയുള്ള പുതിയതുറയിലെ യുവാക്കൾക്ക് യൂറോപ്പയേക്കാളും രൂക്ഷമായ യൂറോപ്പയെക്കുറിച്ച് പറയാനുണ്ടെന്നും നമ്മുടെ സിനിമകളിലോ മറ്റുതരം എഴുത്തുകളിലോ ഒന്നും ഇവർ പ്രത്യക്ഷപ്പെടാതിരുന്നതെന്നത് എന്തുകൊണ്ടാണെന്നും കുറ്റബോധത്തോടെ ഓർക്കാനേ ഇപ്പോൾ കഴിയൂ.

യൂറോപ്പ പോസ്റ്റർ

ലണ്ടൻ ലക്ഷ്യമാക്കി പുറപ്പെട്ട യുവാക്കൾ വഴിയിലങ്ങോളം നേരിട്ട പീഡനങ്ങളെക്കുറിച്ച് ആരതി വിശദമായി എഴുതിയിട്ടുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ ആവർത്തിക്കാം: “മുഹമ്മദ് അലി ഞങ്ങളോട് പറഞ്ഞത് ഫ്രാൻസിലേക്കുള്ള ബോർഡർ കടത്തിവിടാമെന്നായിരുന്നു. റൊമാനിയ വരെ ടാക്സിയിൽ പോകാമെന്നും നിങ്ങൾക്ക് നടക്കേണ്ടിവരില്ലെന്നുമുള്ള ഉറപ്പിൽ യാത്ര തുടങ്ങിയ ഞങ്ങൾ പത്ത് പേരുണ്ടായിരുന്നു. രണ്ട് ഗൈഡുകൾ, മൂന്ന് പഞ്ചാബികൾ, പിന്നെ ഞാനും കൂട്ടുകാരനും ബാക്കി മൂന്ന് പേരും. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നിന്നും അയാൾ ഞങ്ങളെ ബസിൽ കയറ്റി പേരറിയാത്ത ഒരിടത്തേക്ക് വിട്ടു. ഇടിഞ്ഞു പൊളിഞ്ഞ വീടുകളിലേക്കാണ് ഞങ്ങൾ എത്തിയത്. ഇലക്ട്രിസിറ്റിയോ കിടക്കയോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ചേറ് പിടിച്ച വഴിയിലൂടെ നടക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് കിലോയോളം ഭാരമുള്ള ബാഗുകൾ തൂക്കി, മഞ്ഞിലൂടെ ഏകദേശം 20 കിലോമീറ്ററോളം ഞങ്ങൾ നടന്നു. റൊമാനിയൻ ബോർഡർ എത്തിയപ്പോഴേക്കും ഒരുതരം ലൈറ്റ് ഞങ്ങളുടെ ദേഹത്ത് അടിച്ചു. പോലീസ് അലർട്ട് ആയെന്നും, ഇന്നിനി യാത്ര നടക്കില്ലെന്നും കൂടെ വന്ന ഗൈഡുകൾ പറഞ്ഞു. തിരിച്ച് പോകാമെന്നാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ അപ്പോഴേക്കും നേരം ഇരുട്ടി. അന്ന് മൂന്ന് മണിക്കൂറോളം ഒരു കാട്ടിലാണ് ഞങ്ങൾ കഴിഞ്ഞത്. കൂടെ വന്നവരുടെ കാലുകളെല്ലാം നടന്നുനടന്ന് വീങ്ങിയിരുന്നു. അതിലൊരാൾ കാലിൽ കമ്പിയിട്ടിരുന്നതാണ്.”

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം

ലാഞ്ചികളിൽ (പത്തേമാരികളിൽ) ഗൾഫിലേക്കു പോയവരെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായ ഒരു കാര്യം, അങ്ങിനെ പോയവരിൽ ഭൂരിഭാഗവും ചാവക്കാട്-പൊന്നാനി കടൽത്തീരങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതാണ്. ഇപ്പോൾ അതിദുഷ്ക്കരമായ ലണ്ടൻ/യൂറോപ്പ് പാതയിലൂടെ പോകുന്നവരും കടൽത്തീരങ്ങളിൽ നിന്നുമുള്ളവർ തന്നെ. നാം പ്രളയ കാലത്തു മാത്രമാണ് കടൽത്തീരങ്ങളിലെ മനുഷ്യരിലേക്ക് ഒന്നു നോക്കിയത്. കാരണം അവർ പൊതു സമൂഹത്തിനു വേണ്ടി മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു. പക്ഷെ അതിനു മുമ്പും പിമ്പും നാം അവരെ ഒരേപോലെ മറന്നുകളഞ്ഞു. ആ മറവിയുടെ പൊതു ചരിത്രത്തിലേക്കാണ് ആരതിയുടെ ഈ പരമ്പര പ്രവേശിച്ചിരിക്കുന്നത്.

സമീപകാലത്ത് മലയാള ജേർണലിസത്തിലെ അർത്ഥപൂർണ്ണവും ആഴത്തിലുള്ളതുമായ റിപ്പോർട്ടിംഗായിരുന്നു ഇത്. പക്ഷെ ആ റിപ്പോർട്ടുകൾ സമൂഹത്തിനു മുന്നിൽ എത്തിയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇതിനെക്കുറിച്ച് ചിന്തിക്കുവാൻ ‘കേരളീയം’ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. ഇത്രയും പ്രധാനപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ച ‘കേരളീയം’ പ്രവർത്തകർ ആ ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത് ഭാവിയിൽ പ്രവർത്തിക്കുമെന്ന് എന്നെപ്പോലുള്ളവർ പ്രതീക്ഷിക്കുന്നു. കേരളത്തിലെ മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ലാത്ത കാലത്ത് പ്രത്യേകിച്ചും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read