തോട്ടംഭൂമി: 1970ലെ റിപ്പോർട്ട് കുഴിച്ചുമൂടിയത് ആര് ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സത്യസന്ധത എന്നത് സി. അച്യുതമേനോൻ ജീവിതത്തിന്റെ ചോരയും ജീവശ്വാസവുമായിരുന്നവെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. പലകാര്യങ്ങളിലും അദ്ദേഹം പുരോഗമന സമീപനം സ്വീകരിച്ചുവെങ്കിലും ഭൂമിയുടെ കാര്യത്തിൽ പ്രത്യേകിച്ച് വിദേശം തോട്ടം ഭൂമിയുടെ കാര്യത്തിൽ അദ്ദേഹം നടത്തിയത് സുതാര്യമായൊരു പ്രവർത്തനമല്ല. അദ്ദേഹത്തിന്റെ നിലപാടുകൾ കേട്ട് തലകുലുക്കിയിരുന്നവർ ഇന്നും മറുപടി പറയേണ്ട വിഷയമാണിത്.
വിദേശികളുടെ തോട്ടം ഭൂമിയെ സംബന്ധിച്ച് 1970കളിൽ അന്വേഷണത്തിന് നിയോഗിച്ച കമ്മീഷൻ പ്രവർത്തനം തുടങ്ങിയപ്പോഴാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ കേരളം സന്ദർശിച്ച് മുഖ്യമന്ത്രിയുമായി സംഭാഷണം നടത്തിയത്. അതോടെ എല്ലാം തകിടം മറിഞ്ഞോ? പിന്നീട് ആ പഠന റിപ്പോർട്ടിന് എന്തു സംഭവിച്ചു? ചരിത്രപരമായി പ്രധാന്യമുള്ള ഈ റിപ്പോർട്ട് കുഴിച്ചുമൂടിയത് ആരാണ്?

വിദേശ തോട്ടഭൂമിയെ സംബന്ധിച്ച് തയ്യാറാക്കിയ നിർണായകമായ റിപ്പോർട്ട് പുറംലോകം കണ്ടതായി എവിടെയും പരാമർശമില്ല. നിയമസഭ ലൈബ്രറിയിൽ സൂക്ഷിക്കേണ്ട ചരിത്രരേഖയായിരുന്നു. തോട്ടങ്ങൾ ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിന് സർക്കാർ നിയോഗിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് അച്യുതമേനോൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യം 1971 ആഗസ്റ്റ് 12ന് കേരള കൗമുദി ദിനപത്രം റിപ്പോർട്ട് ചെയ്തു. പൊതുതാത്പര്യം മുൻനിർത്തി കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന അദ്ദേഹം മറുപടി നൽകി. സർക്കാർ റിപ്പോർട്ട് ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. ഒരൊറ്റ കോപ്പി മാത്രമേ സർക്കാരിന്റെ കൈയിലുള്ളൂവെന്നും സി. അച്യുതമേനോൻ വ്യക്തമാക്കി.

സി. അച്യുതമേനോൻ

1971 ജൂലൈ അഞ്ചിന് ഓർഡിനൻസ് തയ്യാറാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയച്ചുവെന്നും 1974 ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. അതിന്റെ പകർപ്പും കാണാനില്ല. ഇക്കാലത്ത് ചില തോട്ടങ്ങൾ തുണ്ടുതുണ്ടാക്കി മാറ്റാൻ തുടങ്ങിയിരുന്നു. അത് തടയുന്നതിനുള്ള നിയമ നിർമ്മാണത്തെ പറ്റിയും സർക്കാർ ആലോചിച്ചു. അതിനുള്ള കരടും തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു. വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾ ദേശസാൽക്കരിക്കുമെന്ന് മനസിലാക്കിയ ഉടമകൾ ശരിയായി റീപ്ലാന്റ് ചെയ്യുന്നില്ല. സംരക്ഷിക്കാത്ത അവസ്ഥയിൽ തോട്ടങ്ങൾ നശിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.

എന്നാൽ, ചരിത്രപ്രാധാന്യമുള്ള ഈ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളൊന്നും വെളിപ്പെടുത്തിയതായി രേഖകളില്ല. ഇന്ന് നമുക്ക് ലഭിക്കുന്നത് അച്യുതമേനോന്റെ സമ്പൂർണ കൃതികളുടെ 11-ാം വാല്യത്തിലെ ലേഖനത്തിലെ ഏക പരാമർശം മാത്രം. തോട്ടം ഭൂമിയുടെ ചരിത്രത്തിലെ നിർണയകമായ റിപ്പോർട്ട് ഗവേഷകർ ആരും അന്വേഷിച്ചില്ല. കഴിഞ്ഞ 10 വർഷം പ്ലാനിങ് ബോർഡ് അംഗമായിരുന്ന ഡോ. കെ. രവിരാമൻ ഈ റിപ്പോർട്ട് പലയിടങ്ങളിലും അന്വേഷിച്ചു. വിവരാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ നിയമസഭ ലൈബ്രേറിയൻ പരിശോധന നടത്തിയിട്ടുണ്ട്, റിപ്പോർട്ട് ലഭിച്ചില്ലെന്ന് അറിയിച്ചു.

ഇടുക്കിയിലും അട്ടപ്പാടിയിലും വയനാട്ടിലുമൊക്കെ ആദിവാസി ഭൂമി കൈയേറുന്നവർ ആദ്യം നശിപ്പിക്കുന്നത് റവന്യൂ രേഖകളാണ്. അതുപോലെ ആരെങ്കലും ബോധപൂർവം നശിപ്പിച്ചതാവുമോ ഈ റിപ്പോർട്ട്. 1920കളിലെ ഉടമ്പടികൾ, രേഖകളൊാക്കെ റവന്യൂ ഓഫിസുകളിൽ ഇപ്പോഴും ലഭ്യമാണ്. നിയമസഭ ലൈബ്രറിയിലും റിപ്പോർട്ടുകൾ പലതും സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റലായും ലഭ്യമാണ്. വിദേശതോട്ടം സംബന്ധിച്ച് ഏക പഠനറിപ്പോർട്ടായിരുന്നു അത്. നിയമസഭയിൽ ഇത് സംബന്ധിച്ച് മറുപടി പറഞ്ഞത് റവന്യൂ മന്ത്രിയല്ല, സി. അച്യുതമേനോനാണ്. അതേസമയം സി.പി.എം അക്കാലത്ത് വിദേശതോട്ടം ഭൂമിയുടെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

Representative Image

വിദേശകമ്പനികളുടെ തോട്ടം ഭൂമിയെ സംബന്ധിച്ച് വിവാദമുണ്ടായ കാലത്ത് ഇ.എം.എസ് ‘ചിന്ത’ വാരികയിൽ (1972ൽ) നിലപാട് വ്യക്തമാക്കിയിരുന്നു. ‘സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളെന്നപോലെ ഇവിടെ പേരെടുത്തു പറയപ്പെട്ട ഏഷ്യൻ – ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് രാജ്യങ്ങളും അവരുടെ വിപ്ലവത്തിന്റെ തുടക്കം കുറിച്ചത് വിദേശകുത്തകകളുടെ സ്വത്തുക്കൾ പ്രതിഫലം കൂടാതെ കണ്ടുകെട്ടിക്കൊണ്ടാണ്. അതുകൊണ്ട് അതുവരെ ഈ കുത്തകകളുടെ കൈയിലിരുന്ന സ്വത്തുക്കൾ മുഴുവൻ നാടിന്റെ പൊതുസ്വത്താക്കി, ദേശീയ പുനർനിർമ്മാണത്തിനുളള മൂലധനമെന്ന നിലക്ക് ഉപയോഗിക്കാനവർക്ക് കഴിഞ്ഞു. ഇന്ത്യയിലാകട്ടെ നമ്മുടെ ദേശീയ പുനർനിർമ്മാണത്തെ ‘സഹായി’ക്കുന്നുവെന്ന് പറയപ്പെടുന്ന വിദേശ കുത്തകക്കാർ പ്രതിവർഷം കടത്തിക്കൊണ്ടുപോകുന്ന മൂലധനം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയാണെന്ന്’ ഇ.എം.എസ് ചൂണ്ടിക്കാട്ടി.

തൊഴിലാളി-കാർഷകാദി ബഹുജനങ്ങളെന്ന പോലെ തങ്ങളെയും കൊള്ളയടിക്കുന്ന ഒരു ദേശീയ ശത്രുവാണ് വിദേശമേധാവിത്വമെന്നും അതിനെ താലോലിക്കുന്ന ഭരണാധികാരികൾ തങ്ങളുടെ ബന്ധുക്കളാവുകയില്ലെന്നും അദ്ദേഹം കുറിച്ചിട്ടു. ഇത് അച്യുതമേനോന് നൽകിയ മറുപടിയാണ്. അന്ന് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചത് സി.പി.എം ആയിരുന്നു. 1970കളിൽ നിയമസഭയിൽ വിദേശതോട്ടം ദേശസാൽക്കരിക്കരിക്കണമെന്ന് വാദിച്ചവരുടെ മുൻനിരയിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു.

തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരും ചില ജന്മികളും ബ്രിട്ടീഷുകാർക്ക് പാട്ടും കൊടുത്ത രേഖകൾ അല്ലാതെ വിദേശ തോട്ടം ഭൂമി സംബന്ധിച്ച് 1957 ന് ശേഷം കേരള സർക്കാരിന്റെ കയ്യിൽ ഒന്നുമില്ല. ആകെ നടന്ന ഒരു പഠനം അച്യുതമേനോന്റെ കാലത്തേതാണ്. അത് നശിപ്പിച്ചാൽ കണക്കുപോലും ഇല്ലാതാകുമെന്ന് തോട്ടം ഉടമകൾക്ക് അറിയാമായിരുന്നു. അതിനാലാവണം നിയമസഭയിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ട് അപ്രത്യക്ഷമായത്. ഇടുക്കിയിലും വയനാട്ടിലും അട്ടപ്പാടിയിലും ഒക്കെ റവന്യൂ രേഖകൾ നശിപ്പിച്ചുകളയുന്ന സമ്പ്രദായം നിലവിലുണ്ട്. ആ രീതി ആദ്യം സ്വീകരിച്ചത് സി അച്യുതമേനോന്റെ ഭരണകാലത്ത് ആയിരിക്കാം.

കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ്

സർക്കാരിന്റെ ഒരു വകുപ്പിലും ഈ റിപ്പോർട്ടിന്റെ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. സർക്കാരിന്റെ പണം കൊടുത്ത് കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ച ഒരു റിപ്പോർട്ട് അപ്രത്യക്ഷമായത് എങ്ങനെയാണ് ? റിപ്പോർട്ടിൽ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നോ? ഈ റിപ്പോർട്ട് ദോഷം ചെയ്യുക വിദേശ തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് മാത്രമാണ്. ആ റിപ്പോർട്ടും നശിപ്പിച്ചുകളയേണ്ടത് അവരുടെ ആവശ്യമാണ്. ഇതേ കാലത്ത് നടന്ന പഠനങ്ങളുടെ റിപ്പോർട്ടുകൾ നിയമസഭ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിദേശ തോട്ടം ഭൂമിയെ കുറിച്ചുള്ള റിപ്പോർട്ട് മാത്രം നഷ്ടപ്പെട്ടത് എങ്ങനെയാണ്? പിൽക്കാലത്ത് നിയമസഭയിലെ ഒരംഗം പോലും ഈ റിപ്പോർട്ടിന്റെയും പകർപ്പ് ആവശ്യപ്പെടാതെ പോയതിന് കാരണം എന്താണ് ? തോട്ടം മേഖലയെ കുറിച്ച് പഠനം നടത്തിയ സിഡിഎസിലെ ഇടതുപ പണ്ഡിതർ ഈ റിപ്പോർട്ട് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട് ?

അച്യുതമേനോന് എതിരെ രൂക്ഷ വിമർശനം ഉയർത്തിയ സിപിഎം ഒരു കാലത്തും വിദേശ തോട്ടം ഭൂമി ചൂണ്ടിക്കാണിച്ചിട്ടില്ല. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തോട്ടം ഉടമകളുടെ താൽപര്യം സംരക്ഷിച്ചു എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഭൂരഹിതർ ഏറെ പേരും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരല്ലേ? അവർക്കല്ലേ വലിയ നഷ്ടം സംഭവിച്ചത്? മാത്രമല്ല ഇപ്പോഴും കളക്ടർമാരോട് 1947 മുമ്പ് ജില്ലയിലുള്ള വിദേശ തോട്ടങ്ങളുടെ കണക്കെടുക്കാൻ നി‍ർദ്ദേശം നൽകിയാൽ വില്ലേജ് ഓഫീസർമാർ കണക്ക് നൽകില്ല. നമ്മുടെ പല കളക്ട്രേറ്റുകളെയും നിയന്ത്രിക്കാൻ കഴിയുന്ന ശക്തി തോട്ടം ഉടമകൾക്ക് ഉണ്ട്. അതിനാൽ സംസ്ഥാനത്ത് ഇന്നും 1947ന് മുമ്പുള്ള വിദേശ തോട്ടം ഭൂമിയുടെ ശരിയായ കണക്കെടുപ്പ് നടത്താൻ സ്‌പെഷ്യൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യത്തിന് പോലും കഴിഞ്ഞിട്ടില്ല.

മലബാർ ജില്ലകളിലെ വിദേശ തോട്ടങ്ങളുടെ കണക്ക് അപൂർണമാണ്. വിദേശ തോട്ടം ഭൂമി കൈവശം വച്ചിരിക്കുന്നവർ അത്ര ശക്തരാണ്. രാഷ്ട്രീയ പിൻബലമുള്ളവരാണ്. ഇതിനുദാഹരണമാണ് കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് തോട്ടമായ, കണ്ണൂർ ജില്ലയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടം. അഞ്ചരക്കണ്ടി ചരിത്ര പ്രസിദ്ധമായ പ്ലാന്റേഷനായിരുന്നു. 1767ൽ അഞ്ചരക്കണ്ടി പുഴയുടെ തീരത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ തോട്ടം നിർമ്മിക്കപ്പെട്ടത്. കറുവപ്പട്ടയ്ക്ക് പുറമെ കുരുമുളക്, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ കൃഷി ചെയ്തിരുന്നു. മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രധാന വരുമാനമാർഗ്ഗവും സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രവുമായി അഞ്ചരക്കണ്ടി എസ്റ്റേറ്റ് മാറി. ഈ തോട്ടത്തിലെ ഭൂമി ഇടപാടുകളും രേഖകളും രജിസ്റ്റർ ചെയ്യുന്നതിനായി 1865ൽ ബ്രിട്ടീഷുകാർ ഇവിടെ ഒരു സബ് രജിസ്ട്രാർ ഓഫീസ് ആരംഭിച്ചു. ഇത് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ രജിസ്ട്രാർ ഓഫീസുകളിൽ ഒന്നാണ്.

അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന ഈ തോട്ടം പിടിച്ചെടുക്കുന്നതിനായി പഴശ്ശിരാജയും ബ്രിട്ടീഷ് സൈന്യവും തമ്മിൽ പോരാട്ടങ്ങൾ നടന്നിരുന്നു. 1803ൽ പഴശ്ശിരാജയുടെ നേതൃത്വത്തിലുള്ള പോരാളികൾ അഞ്ചരക്കണ്ടി തോട്ടത്തിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ബ്രിട്ടീഷ് മേധാവിത്വത്തിനും സാമ്പത്തിക താല്പര്യങ്ങൾക്കും വൻ തിരിച്ചടി നൽകുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. പഴശ്ശിയുടെ പോരാളികൾ തോട്ടവും മർഡോക്ക് ബ്രൗണിന്റെ ബംഗ്ലാവും ആക്രമിച്ചു. വലിയ അളവിൽ സുഗന്ധവ്യഞ്ജനങ്ങളും കാർഷികവിളകളും നശിപ്പിച്ചു. തോട്ടത്തിന്റെ നിയന്ത്രണം താത്കാലികമായി പഴശ്ശിപ്പട പിടിച്ചെടുത്തുവെന്നാണ് ചരിത്രം.

അതേസമയം, എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ കണ്ണൂർ ജില്ലയിൽ വിദേശത്തോട്ടമേയില്ല. അഞ്ചരക്കണ്ടി തോട്ടം പഠന റിപ്പോർട്ടിൽ ഇല്ലാതെ പോയതിന് കാരണം അവിടുത്തെ റവന്യൂ ഉദ്യോഗസ്ഥരാണ്. അവർ അഞ്ചരക്കണ്ടിയുടെ ചരിത്രം മറച്ചുപിടിച്ചു. ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ തോട്ടം എങ്ങനെയാണ് ഇപ്പോഴത്തെ ഉടമയുടെ കയ്യിൽ എത്തിയതെന്ന് അന്വേഷിക്കാനുള്ള വഴിയാണ് റവന്യൂ ഉദ്യോഗസ്ഥർ അടച്ചത്. ഇതാണ് കേരള മോഡൽ റവന്യൂ ഭരണം.

Also Read

5 minutes read September 27, 2026 2:38 pm