തുക നൽകിയാലും തീരില്ല നെൽകർഷകരോടുള്ള അവഗണന

കൃഷി മന്ത്രി പി പ്രസാദും വ്യവസായ മന്ത്രി പി രാജീവും വേദിയിലിരിക്കെ സപ്ലൈക്കോ വഴി സംഭരിച്ച നെല്ലിന്റെ തുക കേരളത്തിലെ നെൽ കർഷകർക്ക് നൽകാത്തതിനെ വിമർശിച്ച നടൻ ജയസൂര്യയുടെ പ്രസംഗം ഏറെ ചർച്ചകൾക്ക് വഴിതുറന്നല്ലോ. കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം ലഭ്യമാകാത്തതാണ് പ്രശ്നത്തിന്റെ കാരണമെന്ന് സംസ്ഥാന സർക്കാർ വാദിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രശ്ങ്ങൾ രൂക്ഷമാക്കിയതെന്ന് ഒരു വിഭാഗം കർഷകരും പറയുന്നു. ജയസൂര്യക്കെതിരെയുള്ള സൈബർ ആക്രമണത്തിലേക്കും ഈ ചർച്ചകൾ വഴിമാറി. എന്നാൽ എന്താണ് കേരളത്തിലെ നെൽകർഷകരുടെ കാര്യത്തിൽ സംഭവിക്കുന്നത്? കർഷകർ തിരുവോണനാളിൽ പട്ടിണിസമരം നടത്തിയതിന്റെ കാരണമെന്താണ്? കേരളത്തിലെ നെല്ല് സംഭരണ സംവിധാനം കർഷകരെ വീണ്ടും കടക്കാരാക്കുകയാണോ? നെല്ല് സംഭരണ പ്രക്രിയയുടെ പ്രശ്ങ്ങൾ, വായ്പയായി കർഷകർക്കുള്ള തുക നൽകുന്നതിലെ അപാകതകൾ, തുക നൽകുന്നതിലെ കാലതാമസം സൃഷ്ടിക്കുന്ന ബാധ്യതകൾ, കൃഷിയോടുള്ള രണ്ടാംതരം സമീപനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കർഷകർ അനുഭവിക്കുന്ന ഈ ദുരിതം. ഈ പ്രശ്നങ്ങളെ എങ്ങനെയാണ് പരിഹരിക്കാൻ കഴിയുന്നതെന്നും സർക്കാർ നടത്തേണ്ട ഇടപെടലുകൾ എന്താണെന്നും വിശദമാക്കുന്നു കർഷകരും കാർഷിക വിദഗ്ധരും.

നിയമസഭാ രേഖ

2023 ഏപ്രിൽ മാസം മുതൽ സംഭരിച്ച നെല്ലിന് നൽകേണ്ട തുകയിൽ കുടിശ്ശികയുണ്ടെന്നാണ് കർഷകർ പരാതിപ്പെടുന്നത്. കൊടുക്കാനുള്ളത് ചെറിയ തുക മാത്രമാണെന്നും അതിന് സാങ്കേതികമായ കാരണങ്ങളുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. നിയമസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നൽകിയ മറുപടി പ്രകാരം 2023 ജൂലൈ 31 വരെ സപ്ലൈക്കോ 731184 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിനുവേണ്ട ആകെ തുകയായ 2070.71 കോടി രൂപയിൽ 1637.83  കോടി കൊടുത്തുതീർത്തിട്ടുണ്ട്. 433 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും നിയമസഭാ രേഖകൾ പറയുന്നു. എന്നാൽ ഓണക്കാലമെത്തിയിട്ടും പൂർണമായും ഈ തുക കൈമാറാൻ കഴിയാത്തതാണ് പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരെ ദുരിതത്തിലേക്കെത്തിച്ചത്. 2023 ഏപ്രിൽ മുതൽ സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കാനാണ് സർക്കാരിന്റെ ഭാഗത്തുനിന്നും കാലതാമസമുണ്ടായത്. സെപ്തംബർ ആകുമ്പോഴേക്കും നാമമാത്രമായ തുക മാത്രമാണ് കൊടുക്കാനുള്ളതെന്ന് സർക്കാരിന് സാങ്കേതികമായി അവകാശപ്പെടാൻ കഴിയുമെങ്കിലും കർഷകരെ സംബന്ധിച്ച് ഒരു വിള കഴിഞ്ഞ് അടുത്ത വിളയിറക്കുന്നതിനുള്ള ചെലവ് കൂടി ഇറക്കിയതിന് ശേഷവും, സംഭരിച്ച നെല്ലിനുള്ള പണം സർക്കാർ നൽകിയിട്ടില്ല. മുമ്പ് ചെയ്ത വിളവിനുള്ള ആദായം ലഭിക്കാതെ വീണ്ടും കൃഷിയിറക്കേണ്ടി വരുന്നത് വൻ കടക്കെണിയിലേക്കാണ് കർഷകരെ തള്ളിവിടുന്നത്.  

നടൻ ജയസൂര്യ കളമശ്ശേരി കാര്ഷികോത്സവത്തിൽ സംസാരിക്കുന്നു. കടപ്പാട് : മെട്രോ വാർത്ത

കടക്കെണിയുടെ കുരുക്ക് മുറുക്കിയ സംഭരണം

“കർഷകർ കൃഷി ചെയ്യുന്നത് കീശയിൽ പൈസ ഉണ്ടായിട്ടല്ല. സർക്കാർ മേഖലയിലെ ക്ലാസ് ഫോർ ജീവനക്കാരുടെ നാലിൽ ഒന്ന് വരുമാനം പോലുമില്ലാത്തവരാണ് നമ്മുടെ കൃഷിക്കാർ. അത്തരം മനുഷ്യർ കൃഷി ഇപ്പോഴും ചെയ്യുന്നുണ്ടെങ്കിൽ അത് പല തരം ബാധ്യതകളിലൂടെയാണ്. അങ്ങനെ കൃഷി ചെയ്ത് വിളയിക്കുന്ന നെല്ലിന്റെ വില സമയത്തിന് കൊടുത്തില്ലെങ്കിൽ കർഷകൻ കൃഷിക്കായി എടുത്ത് ലോണിന്റെ പലിശ അടച്ചുകൊണ്ടിരിക്കുകയായിരിക്കും. കഴിഞ്ഞ നാലഞ്ച് മാസമായി നെല്ലിന്റെ വില ലഭിക്കാത്ത കർഷകർ അഞ്ചോ ആറോ മാസത്തെ ലോണിന്റെ പലിശ അടച്ചിട്ടുണ്ട്.” തൃശൂർ ജില്ലയിലെ പുതുക്കാട് ചെങ്ങാലൂരിലുള്ള നെൽകർഷകനായ കെ.കെ അനീഷ് കുമാർ പറയുന്നു. 2023 ഏപ്രിലിന് ശേഷം സംഭരിച്ച നെല്ലിന്റെ തുകയാണ് നാല് മാസത്തോളം കുടിശ്ശികയായി നിന്നത്. നെൽകൃഷി സീസണലായതിനാൽ തന്നെ ഇതിനിടയിൽ മിക്ക കർഷകർക്കും അടുത്ത വിളക്ക് വേണ്ടി മുതൽ മുടക്കേണ്ടിയും വന്നു.

കെ.കെ അനീഷ് കുമാർ

“നെൽകർഷകരെ ഇതുപോലെ ദുരിതത്തിലാക്കിയ ഒരു കാലഘട്ടം ഇതിനുമുൻപ് ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായിട്ടാണ് നെല്ലിന്റെ സംഭരണ തുക കിട്ടുന്നതിൽ ഇത്രയധികം കാലതാമസം നേരിടുന്നത്. അഞ്ച് മാസം മുൻപ് നെല്ല് സപ്ലൈക്കോയ്ക്ക്‌ കൊടുത്ത കർഷകർക്ക് ഇപ്പോഴും പൂർണ്ണമായിട്ടുള്ള തുക കിട്ടിയിട്ടില്ല. തവണകളായും, വായ്പയായും പലർക്കും പൈസ കൊടുത്തിട്ടുണ്ട്. 50,000 രൂപയ്ക്ക്  ഉള്ളിൽ വരുന്ന തുകകളും സർക്കാർ നൽകി. എന്നാൽ  ഇനിയും വളരെയധികം കർഷകർക്ക് പൈസ നൽകാനുണ്ട്. പാലക്കാട് ജില്ലയിൽ രണ്ടാം വിളയുടെ നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്.” ദേശീയ കർഷക സമാജം പ്രസിഡന്റ് ആയ മുതലാംതോട് മണി പറയുന്നു. കർഷകർ വിലപ്പെട്ട അധ്വാനത്തിലൂടെ വിളയിച്ച നെല്ലിന്റെ തുക നല്കാൻ വൈകുന്നതിൽ സാങ്കേതികത്വം പറയുന്നത് ന്യായമല്ലെന്നാണ് ഇവർ പറയുന്നത്.

മുതലാംതോട് മണി

കേന്ദ്രവിഹിതം വൈകുന്നതിനാൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗ്യാരന്റി നിന്ന് കർഷകരുടെ പേരിൽ വായ്പ എടുത്ത് നെല്ലിന്റെ വില മുഴുവൻ നൽകുകയാണ് ഇപ്പോൾ ചെയുന്നത്. നെല്ല് സംഭരിക്കുന്ന സമയത്ത് കർഷകർക്ക് നൽകുന്ന നെല്ല് കൈപറ്റ് രസീത്  (പി.ആർ.എസ്) ഹാജരാക്കിയാൽ കഴിഞ്ഞ വർഷങ്ങളിൽ കർഷകർക്ക് അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ പി.ആർ.ആസ് ഹാജരാക്കിയിട്ടും കർഷകർക്ക് ലോൺ ലഭ്യമാകാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. വിവിധ കുടിശ്ശികകളുള്ളതിനാൽ സപ്ലൈക്കോ അക്കൗണ്ട് കാലിയായിരുന്നു. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മ (സർക്കാരുമായി ധാരണയിലെത്തിയിട്ടുള്ള ബാങ്കുകളുടെ കൺസോർഷ്യം) വായ്പ നൽകാൻ മടിച്ചിരുന്നു. നെല്ല് കൈപറ്റ് രസീത് കണക്കാക്കിയാണ് ബാങ്കുകൾ പണം നൽകുക. ഇതിന്റെ പലിശ സർക്കാർ നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ രീതിയോടും കർഷകർക്ക് പ്രതിഷേധമുണ്ട്. “കൃഷിക്കാരന് അവർ വിളയിച്ച നെല്ലിന് കിട്ടേണ്ട വില ലോൺ ആയാണ് നൽകുന്നത്. കൃഷിക്കാരന് പണം ലഭിക്കുന്നത് അവൻ നൽകിയിട്ടുള്ള ഉത്പന്നത്തിനുള്ള  വില എന്ന നിലയ്ക്കല്ല, മറിച്ച് ലോൺ എന്ന നിലക്കാണ്. ഇതിന് സർക്കാർ പറയുന്ന വാദം പലിശ അടക്കേണ്ടതില്ലല്ലോ എന്നാണ്. ഇതുവരെ ആ ലോൺ സർക്കാർ തിരിച്ചടയ്ക്കാതെ കൃഷിക്കാരനിൽ നിന്നും പലിശ ഈടാക്കുന്നതോ, അല്ലെങ്കിൽ  കൃഷിക്കാരന് മേൽ എന്തെങ്കിലും ബാധ്യത ഉണ്ടാക്കുന്നതോ ആയ സാഹചര്യം വന്നിട്ടില്ലല്ലോ എന്നാണ് സർക്കാർ ചോദിക്കുന്നത്. പക്ഷെ അങ്ങനെ വരില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത്. നിശ്ചിത സമയത്തിനകം സർക്കാർ ലോൺ തിരിച്ചടച്ചില്ലെങ്കിൽ കർഷകൻ പലിശ അടക്കം തിരിച്ചടക്കാൻ ബാധ്യസ്ഥനാകുന്നു എന്ന് പറയുന്ന ഒരു ബാധ്യതാപത്രത്തിൽ ഒപ്പുവച്ചിട്ടാണ് ബാങ്കുകൾ ലോൺ കൊടുക്കുന്നത്. കർഷകരോടുള്ള ഈ നയം തന്നെയാണ് ഇവിടുത്തെ പ്രശനം.” കർഷകനായ അനീഷ് പറയുന്നു.

ബാങ്കുകളിലൂടെ ലോൺ ആയി നൽകുന്ന തുകക്കുവേണ്ടി വരുന്ന പ്രക്രിയകളും, ചില ബാങ്കുകൾ ഈടാക്കുന്ന പ്രോസസ്സിംഗ് ചാർജുകളും കർഷകരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. അതിനോടൊപ്പം കർഷകരുടെ പേരിൽ ലോൺ നൽകുന്നതിനാൽ കർഷകന്റെ സിബിൽ സ്കോറിനെയും (നിങ്ങള്‍ ഇതുവരെ എടുത്തിരിക്കുന്ന ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, അതിന്റെ തിരിച്ചടവുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് നൽകുന്ന സ്കോർ) ബാധിക്കുന്നുണ്ട്. “കടമായിട്ടാണ് സർക്കാർ നിലവിൽ ഞങ്ങൾക്ക് പൈസ നൽകുന്നത്. ഇത് മൂലം ഞങ്ങളുടെ സിബിൽ സ്കോർ താഴെയാകാൻ സാധ്യതതയുണ്ട്. സർക്കാർ അവരുടെ പേരിൽ വായ്പ എടുക്കകയാണ് വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ കർഷകനും കടക്കാരനാണ്.” ദേശീയ കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ആയ പാണ്ടിയോട് പ്രഭാകരൻ പറയുന്നു. “മുൻപ് രണ്ടു മാസത്തിനുള്ളിൽ നെല്ലിന്റെ വില കിട്ടുമായിരുന്നു. ഇത്തവണ  ഇതാദ്യമായാണ് വില കിട്ടാൻ ഇത്രയുമധികം താമസമുണ്ടാകുന്നത്. നെല്ലിന്റെ വില നൽകാനുള്ള തുക ബാങ്ക് ഓവർ ഡ്യൂ നൽകാനും, മറ്റു പർച്ചെയ്സുകളുടെ പെൻഡിംഗ് തുക നൽകാനും സിവിൽ സപ്ലൈസ് കോർപറേഷൻ ഉപയോഗിച്ചിട്ടുണ്ട്. ഇതിനാലാണ് കർഷകർക്ക് കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പൈസ ഇല്ലാത്തതെന്നാണ് ഞങ്ങൾ കരുതുന്നത്. സിവിൽ സപ്ലൈസ് വകുപ്പ് അവർക്ക് ലഭിച്ച തുക വകമാറ്റി ചെലവഴിച്ചതുകൊണ്ടാണ് ഈ പ്രതിസന്ധി ഇപ്പോൾ ഉണ്ടാകാൻ കാരണം. അതിനാൽ മാർച്ചിൽ നെല്ലളന്നവർക്ക് മാത്രമാണ് പെട്ടെന്ന് പൈസ കിട്ടിയത്. അതിനുശേഷം അളവന്നവർക്ക് പൈസ കിട്ടാൻ കാലതാമസമുണ്ടായി.” അദ്ദേഹം കൂട്ടിച്ചേർത്തു.

പാണ്ടിയോട് പ്രഭാകരൻ

സംഭരണരീതിയിയിലെ പരിമിതികൾ

കേരളത്തിലെ ഇപ്പോഴത്തെ നെല്ല് സംഭരണ രീതിക്ക് ചില പരിമിതികളുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെല്ല് സംഭരണത്തിലെ രീതി തന്നെ കർഷകർക്ക് അവരുടെ വരുമാനം ലഭിക്കാൻ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ്. “കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം നൽകിയിരിക്കുന്നത് സപ്ലൈക്കോയ്ക്കാണ്. സപ്ലൈക്കോ മില്ലുകളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. സിവിൽ സപ്ലൈസ് നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നൽകുമ്പോൾ കേന്ദ്രവിഹിതം സപ്ലൈക്കോയുടെ അകൗണ്ടിലേക്കു വരും. ഇത് സംസ്ഥാന വിഹിതവും ചേർത്ത് കർഷകരുടെ അക്കൗണ്ടിലേക്കു നൽകുന്ന രീതിയാണ് നിലവിൽ സ്വീകരിച്ചു വരുന്നത്. കേന്ദ്ര സർക്കാർ 20 രൂപ 40 പൈസ കേന്ദ്ര താങ്ങുവിലയായി നൽകുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഉല്പാദനച്ചിലവ് നോക്കുമ്പോൾ ഈ തുക ഉചിതമാണ്. എന്നാൽ കേരളത്തിൽ ഉല്പാദനച്ചിലവ് കൂടുതലാണ്. ഭൂമിയുടെ പാട്ട നിരക്കും, തൊഴിലാളികളുടെ കൂലി നിരക്കും ഇവിടെ കൂടുതലാണ്. അതിനാൽ സംസ്ഥാന സർക്കാർ വിഹിതമായി ഏഴ് രൂപ എൺപത്‌ പൈസ നൽകുന്നുണ്ട്. ഇത് വളരെ സ്വാഗതാർഹമാണ്. എന്നാൽ ഇതിനെടുക്കുന്ന കാലതാമസമാണ് പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. മില്ലുകൾ ഏറ്റെടുക്കുന്ന നെല്ല് കുത്തി നമ്മുടെ തന്നെ പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത് കഴിയുമ്പോൾ മാത്രമേ കേന്ദ്ര സർക്കാരിൽ നിന്നും താങ്ങുവില പ്രകാരമുള്ള തുക ലഭിക്കുകയുള്ളൂ. ആ ഒരു കാലതാമസം കർഷകരുടെ കയ്യിൽ പണമെത്തുന്നതിനെ വൈകിപ്പിക്കുന്നു. അപ്പോൾ സംസ്ഥാന സർക്കാരിന് ഇത് മുൻകൂട്ടി നൽകേണ്ടിവരും. പാടത്ത് നിന്നും നെല്ല് എടുക്കാനുള്ള കാലതാമസം, അത് കുത്തി പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്താനുള്ള താമസം, ഇതിന്റെ കണക്കുകൾ കൊടുക്കാനുള്ള സമയം ഇതെല്ലം കർഷകർക്ക് പണം ലഭിക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിന് കാത്തുനിൽക്കാതെ കർഷകർക്ക് തുക നൽകണമെങ്കിൽ ഇത് മുൻകൂട്ടി കണ്ട് ബജറ്റിൽ വകയിരുത്തേണ്ടി വരും. ഇത് വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു.” കേരള കാർഷിക സർവകലാശാല മുൻ പ്രൊഫസർ ആയ ഡോ. പി ഇന്ദിരാദേവി വിശദമാക്കി. കൃഷിക്കാരന്റെ നെല്ല് അളക്കുമ്പോൾ തന്നെ സിവിൽ സപ്ലൈസ് കോർപറേഷന്റെ കയ്യിൽ പണം ഉണ്ടായാലേ ഈ പ്രശനം പരിഹരിക്കാൻ സാധിക്കൂ. എത്ര തുക വേണമെന്ന് മുൻക്കൂട്ടി കാണുവാനും അതിനനുസരിച്ച് ഒരുക്കങ്ങൾ നടത്തുവാനും സർക്കാർ തയ്യാറാവുകയും വേണം. നെല്ല് സംഭരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവും കർഷകർക്കും, സർക്കാരിനും പരിമിതമാണ്. കൊയ്ത്തിന് ശേഷം നെല്ല് പാടത്ത് നിന്നും എടുക്കുന്നതിലും ചിലപ്പോൾ കാലതാമസം വരാറുണ്ട്. ഇതുമൂലം നെല്ലിൽ ഈർപ്പത്തിന്റെ അളവ് കൂടാറുണ്ട്. ഈർപ്പത്തിന്റെ അളവ് കൂടിയാൽ അതിന്റെ പേരിൽ കർഷകർക്ക് ലഭിക്കുന്ന തുകയുടെ കാര്യത്തിൽ വീണ്ടും കുറവുണ്ടാകും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഈ വിവിധങ്ങളായി പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.

ഡോ. പി ഇന്ദിരാദേവി

കൃഷി മുൻഗണന ഒരു നയമായി മാറുമോ?

“കേരളത്തിൽ ഒട്ടും ആകർഷകമല്ലാത്ത മേഖലയായി കൃഷി മാറി. എന്നാൽ കേരളീയർക്ക് അരി വേണ്ടാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. നെൽകൃഷി അസാധ്യമായതുകൊണ്ടുമല്ല ഇത് സംഭവിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു മേഖല ആയിട്ടുകൂടി ആരും അധികം കടന്നുചെല്ലാത്ത നെൽകൃഷിയിൽ ഇപ്പോഴും പണിയെടുക്കുന്നവരെ മുൻഗണനയോടെ പരിഗണിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അങ്ങനെ മുൻഗണന നൽകാത്തതിന്റെ ഭാഗമായി ഇപ്പോൾ കൃഷി ചെയ്യുന്ന പ്രദേശങ്ങൾ പോലും തരിശിടപ്പെടാനുള്ള സാധ്യത അകലെയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃഷിക്കാർക്ക് കുമ്മായം, കൂലിക്കുള്ള സഹായം എന്നിവ നൽകി വരാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ വർഷം എത്ര പഞ്ചായത്തുകൾ അത്തരത്തിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്? വിളനാശത്തിന് സർക്കാർ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. കർഷകർ അതിന് പണവുമടക്കുന്നുണ്ട്. എന്നാൽ എത്ര കർഷകർക്ക് കഴിഞ്ഞ രണ്ടു വർഷമായി ഇൻഷുറൻസ് ലഭിച്ചിട്ടുണ്ട്.” അനീഷ് ചോദിക്കുന്നു. “ദേശീയപാതയ്ക്ക് പണം കൈമാറുന്ന കാര്യത്തിലുള്ള ശുഷ്‌കാന്തി നമ്മുടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ഉറപ്പുവരുത്തുന്ന കർഷകരെ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാരുകൾക്കില്ല. കർഷകരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന ലഭിക്കാത്തത് മൂലമുണ്ടാകുന്ന വിപത്തുകളിലേക്കാണ് ഈ പ്രശ്നവും വിരൽചൂണ്ടുന്നത്.”അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമഗ്രതയിൽ കാണേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ മുഴുവൻ കാർഷിക മേഖലയെയും വ്യാപകമായി ബാധിച്ചിട്ടുണ്ട്. ഉല്പാദനത്തിൽ വളരെയധികം കുറവുണ്ടാകാൻ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നു. “ഇന്ത്യയിൽ ഇക്കൊല്ലം വിരിപ്പ് കൃഷിയിൽ 13 ശതമാനം കുറവ് വന്നിട്ടുണ്ട് എന്നാണ്  സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിൽ പ്രളയം ഉണ്ടായതിനാലും, തെക്കേ ഇന്ത്യയിൽ മഴ ഇല്ലാതായതിനാലും ഉത്പാദനം വളരെയധികം കുറയാൻ സാധ്യതയുണ്ട്. ആഗോള തലത്തിൽ ഒരു ഭക്ഷ്യ വിലക്കയറ്റം ഉണ്ടാകുമെന്ന് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസഷൻ പ്രവചിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരുകൾ കൃഷിയുടെ പ്രശ്നങ്ങളെ സമഗ്രതയിൽ കാണേണ്ടതുണ്ട്.” ഡോ. പി ഇന്ദിരാദേവി ഓർമ്മിപ്പിച്ചു. കർഷകർക്ക് പരിഗണന നൽകിയുള്ള നയങ്ങൾ രൂപീകരിക്കുകയും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാൻ തക്കവിധം കർഷകരെ സഹായിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്നതിനും, ജീവജലം ഉറപ്പുവരുത്തുന്നതിനും നെൽകൃഷി നിലനിർത്തപ്പെടേണ്ടത് അത്യാവശ്യമാണ്. നിലവിലെ പ്രതിസന്ധികൾ കൂടുതൽ ഭൂമി തരിശ്ശിടുന്നതിലേക്കാണ് നയിക്കപ്പെടുക. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് വലിയ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക. അതിനാൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള നയങ്ങൾക്ക് സർക്കാർ മുൻഗണന നൽകി കൃഷിയെയും കൃഷിക്കാരെയും കൂടുതലായി പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യം കൂടിയാണ് ഇപ്പോൾ ഉയർന്നുവന്ന ചർച്ചകൾ ഓർമ്മിപ്പിക്കുന്നത്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read