മതവിശുദ്ധിയും നിർമ്മിത മതവും

പാകിസ്ഥാനിൽ അഹമ്മദിയ എന്നൊരു ന്യൂനപക്ഷമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അഹമ്മദിയർ ഉള്ളതും (ജനസംഖ്യയിൽ 2 ശതമാനത്തോളം) പാകിസ്ഥാനിൽ തന്നെ. 1974 മെയ് അവസാനത്തിൽ മതതീവ്രവാദി വിദ്യാർത്ഥികൾ അഹമ്മദികൾക്കെതിരെ കലാപം നടത്തുകയും 27 പേരെ കൊല്ലുകയും ആരാധനാലയങ്ങളും വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു. തുടർന്ന് 1974 സെപ്തംബറിൽ തന്നെ അഹമ്മദിയകൾക്കെതിരെ ഭരണഘടനാ ഭേദഗതി വരുത്തി, അവർ മുസ്ലീം അല്ല എന്ന് നിയമം കൊണ്ടുവരാൻ പാക് സർക്കാർ നിർബന്ധിതമായി. ഇപ്പോഴും നിരന്തരം ആക്രമിക്കപ്പെടുന്ന ഈ ചെറുസമൂഹം അരക്ഷിതത്വവും വിവേചനവും ഭീഷണിയും ഏറ്റുവാങ്ങുന്നു. 2023 ൽ ഇന്നോളം 70 ഓളം അഹമ്മദി പള്ളികൾ ആക്രമിക്കപ്പെടുകയുണ്ടായി.

സൗദിയിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കുപ്രസിദ്ധമാണല്ലോ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ താലിബാൻ എതിർക്കുന്നത്, അവരുടെ മതവ്യാഖ്യാനപ്രകാരം വേദഗ്രന്ഥം സ്ത്രീവിദ്യാഭ്യാസം നിഷേധിക്കുന്നതിനാലാണ്. ഗ്രന്ഥത്തിൽ എഴുതി വെച്ചിരിക്കുന്ന വിധം ജീവിത-സാമൂഹ്യക്രമത്തിലേക്കുള്ള പോക്ക് ദൈവികമായ മതശുദ്ധി വീണ്ടെടുക്കുന്നതിനുള്ള ഏകവഴിയാണവർക്ക്. അതിനാൽ സ്ത്രീവിദ്യാഭ്യാസത്തിനായി ആരെങ്കിലും വാദിച്ചാൽ മതത്തിനെതിരെ മാത്രമല്ല, രാഷ്ട്രത്തിനെതിരെയുള്ള പാശ്ചാത്യ അധിനിവേശത്തിന്റെ ഗൂഢാലോചനയായി മതഭരണകൂടം കുറ്റപ്പെടുത്തുന്നു. സാമ്പത്തികവും സാംസ്ക്കാരികവുമായ അധിനിവേശത്തെ തടഞ്ഞ് മതശുദ്ധി കാത്തുരക്ഷിക്കാനും ഒപ്പം രാഷ്ട്രസ്വാതന്ത്ര്യം ഉറപ്പുവരുത്താനും മതാധിഷ്ഠിതമായ രാഷ്ട്രനിർമ്മാണമല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്നതാണ് മതരാഷ്ട്രവാദത്തിന്റെ സിദ്ധാന്തപരമായ അടിത്തറ. മതവിശുദ്ധി മലിനപ്പെടുമ്പോൾ രാഷ്ട്രം അപകടത്തിലാകുന്നു എന്നവർ പറയുന്നു.

കറാച്ചിൽ തകർക്കപ്പെട്ട അഹ​മ്മദീയ പള്ളിയുടെ മിനാരം. കടപ്പാട്:dawn

മതം കൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധമാണ് മതരാഷ്ട്രവാദം. വേദലിഖിതമായ പ്രമാണ വ്യാഖ്യാനങ്ങൾ വെച്ച്, വിശ്വാസപരമായ നാട്ടുവൈവിധ്യങ്ങളെയെല്ലാം ഉരിഞ്ഞുകളഞ്ഞ്, ഏകതാനമായ തലത്തിൽ പുതിയ മതനിർമ്മിതി വഴി സമൂഹത്തെ രാഷ്ട്രീയമായി പുനഃക്രമീകരിക്കുന്ന പ്രക്രിയയാണത്.രാഷ്ട്രത്തിന്റെ ഔദ്യോഗിക ആദർശമായി മതം വരുമ്പോൾ, വിശ്വാസപരമായി സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്ക്കാരിക വൈവിധ്യങ്ങൾക്ക് സ്ഥാനമില്ലാതാക്കുകയും മതത്തിന്റെ ഏതെങ്കിലും ഒരു പുസ്തകം വെച്ചുള്ള ഒരൊറ്റ വ്യാഖ്യാനം വിശ്വാസത്തിന്റെ ആധികാരിക ഭരണഘടനാ സത്യമായി – നിയമമായി മാറുകയും ചെയ്യുന്നു. അതിനാൽ വിശ്വാസങ്ങൾക്കകത്തെ നാട്ടുവൈവിധ്യങ്ങളുടെ കശാപ്പുശാലയാണ് മതരാഷ്ട്രവാദം. സൗദി അറേബ്യ ഉയർത്തിപ്പിടിക്കുന്ന സുന്നിമത രാഷ്ട്രനിയമമല്ല, ഇറാൻ കൊണ്ടാടുന്ന ഷിയ മതരാഷ്ട്ര സംഹിത. സൗദിയിൽ ഷിയാകളും ഇറാനിൽ സുന്നികളും ന്യൂനപക്ഷങ്ങളായി കടുത്ത വിവേചനത്തിൽ കഴിയുന്നു. എന്നാൽ രണ്ട് മതരാഷ്ട്രങ്ങളിലും അടിയൊഴുക്കായി, ജനങ്ങളെ വൈകാരികമായി മുങ്ങിക്കുളിപ്പിക്കുന്നതിനുള്ള പാനപാത്രമായി വൈദേശിക അധിനിവേശത്തോടുള്ള ഉറച്ച പ്രതിരോധം കാണാം. അധിനിവേശം മതത്തെ നശിപ്പിച്ചാൽ രാഷ്ട്രസംസ്കാരം തകരും എന്ന ഭീഷണിയിലാണ് – അധിനിവേശത്തിൽ നിന്നും മതസംസ്ക്കാരത്തിന്റെ കാവലാൾ എന്ന നിലയിലാണ് മതരാഷ്ട്രത്തിൽ ഭരണകൂടത്തിന്റെ സ്ഥാനം. ഭരണകൂടം വിളംബരം ചെയ്യുന്ന നിർമ്മിത മതവ്യാഖ്യാന – ഭരണകൂട സംഹിതയെ ഉന്നതമായ യഥാർത്ഥ മതസംസ്കാരമായി തെറ്റിദ്ധരിക്കാൻ വിധിക്കപ്പെട്ട വൈകാരിക സമൂഹമാണ് മതരാഷ്ട്രത്തിലെ പ്രജാസഞ്ചയം.

മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ടെഹ്റാനിൽ നടന്ന പ്രതിഷേധം. കടപ്പാട്: foreignpolicy.com

ഒരു സമൂഹം മതരാഷ്ട്രത്തിലേക്ക് നടന്നടുക്കുന്നത് അവർ തന്നെ അറിയുന്നില്ല എന്നതാണ് മതരാഷ്ട്രവാദത്തിന്റെ വിജയം. നിഷ്ക്കളങ്കമായ നാട്ടുവിശ്വാസം ഭരണകൂടത്തിനുള്ള സർവ്വാംഗ പിന്തുണയായി – അടിമത്തമായി അറിയാതെ പൗരഹൃദയത്തിൽ പരിവർത്തനം സംഭവിക്കുമ്പോൾ മതരാഷ്ട്രവാദം ജനിക്കുന്നു. അപ്പോൾ പൗരഗണം പട്ടാള പരേഡിലെന്നപോലെ ചലിക്കുന്ന ഏകതാനമായ നിർമ്മിത മതാനുഷ്ഠാനത്തിന്റെ പ്രജകളായി മാറ്റപ്പെടുന്നു. വൈവിധ്യത്തോടുള്ള അടങ്ങാത്ത കലിപ്പാണവർ. മതം അധികാരത്തിന്റെ തത്സ്വരൂപമായി തീർന്ന മതരാഷ്ട്രത്തിൽ പൗരസമൂഹം മിലിറ്ററിയുടെയും പൊലീസിന്റെയും റോൾ കൂടി വഹിക്കുന്നു.മതരാഷ്ട്രത്തിലേയ്ക്കുള്ള യാത്രയുടെ ഒന്നാമത്തെ അടയാളം മാനുഷികമായ പൊതു ഇടപെടലുകൾ എല്ലാം മതപരമാക്കപ്പെടുന്നു എന്നതാണ്. അത്തരം സമൂഹത്തിൽ ജോലി കഴിഞ്ഞുള്ള ബാക്കി സമയം മുഴുവൻ നമ്മുടെ ഇടപെടലുകൾ ഭരണകൂട നിർമ്മിത മതസംസ്കാരം താഴേക്കിട്ടുതരുന്ന മതപരമായ ചടങ്ങുകളിൽ മാത്രമായി ഒതുക്കപ്പെടുന്നു. എപ്പോഴും പുസ്തകം (ഭരണകൂടം അനുശാസിക്കുന്ന നിർമ്മിത മതവ്യാഖ്യാനം) ശഠിക്കുന്ന വിധത്തിൽ ചരിക്കുന്നു എന്ന വ്യാജചാരിതാർത്ഥ്യത്തിൽ അഭിരമിക്കുന്നയാളാണ് മതരാഷ്ട്രത്തിലെ പ്രജ. മതരാഷ്ട്രത്തിൽ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും വികാരവിചാരങ്ങളിലും ഭരണകൂടമതം കയറിക്കൂടുന്നു. ഭരണകൂടത്താൽ ശാസിതമായ അനുഷ്ഠാനമായി ആത്മീയതാ പലമകളെ നിർവീര്യമാക്കുന്നു ഭരണകൂടമതം.സാമ്രാജ്യത്വവുമായി ഏഷ്യൻ സമൂഹത്തിലെ അധികാര ഉപരി- മധ്യവർഗ്ഗങ്ങളുടെ അധികാരവേഴ്ചയിലെ സന്തതിയാണ് നിർമ്മിത മതവും മതരാഷ്ട്രവാദവും. ആയതിനാൽ അതിന്റെ ജനനം അതീവ നിഗൂഢമായിരിക്കുന്നു.

ഗൗതം അദാനിയും നരേന്ദ്ര മോ​ദിയും

സാമ്രാജ്യത്വ അധിനിവേശമാകട്ടെ പരസ്യമായി തന്റെ ബീജത്തിൽ പിറന്ന സന്താനത്തെ തള്ളി പറയുകയും, രഹസ്യമായി അതിനെ പരിലാളിക്കുകയും ചെയ്യുന്നുണ്ട്. സൗദി അറേബ്യയോടും പാകിസ്ഥാനോടും മോദിഭരണത്തോടും അമേരിക്കയുടെ നിലപാടിതാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീജനങ്ങളെ കാത്തുരക്ഷിക്കാനെത്തിയ അമേരിക്കൻ പട്ടാളം താലിബാന് അവരെ വിട്ടുകൊടുത്തു പിൻവാങ്ങിയല്ലോ. അധിനിവേശം എന്ന ശത്രുവിനെ മുൻനിർത്തിയാണ് മതരാഷ്ട്രവാദം ഉടലെടുക്കുന്നത്. അധികാരത്തിന്റെ ഉപജാപങ്ങൾ പാലൂട്ടി വളർത്തിയതും, എന്നാൽ അതേ അധികാരത്തെ അധിനിവേശ ശത്രുവാക്കി ജനകീയാടിത്തറ നിർമ്മിക്കുന്നതുമായ പ്രതിഭാസമാണത്. ബിൻ ലാദനും താലിബാനും ഭിദ്രൻ വാലയും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണല്ലോ.നമ്മെ അത്ഭുതപ്പെടുത്തും വിധം പാശ്ചാത്യ അധിനിവേശത്തെ പരസ്യമായി അധിക്ഷേപിച്ചു കൊണ്ടാണ് ജനഹൃദയങ്ങളിൽ മതരാഷ്ട്രവാദം നായകസ്ഥാനം കരസ്ഥമാക്കുന്നത്. അദാനിയുടെ ഓഹരിയിടപാടിലെ തരികിടകൾ ഹിഡൻബർഗ്ഗ് റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഉണ്ടായ ഇന്ത്യൻ പ്രതികരണം ഓർക്കുക. അവിടെ അദാനിയുടെ സമ്പത്തും സ്വദേശീവാദവും ഭൂരിപക്ഷമതവും ഇന്ത്യാരാഷ്ട്രവുമായി ഒന്നായിത്തീർന്നു കൊണ്ട് ഹിഡൻബർഗ്ഗ് എന്ന സാമ്രാജ്യത്വ ഗൂഢാലോചനയ്ക്കെതിരെ അണിനിരക്കുന്ന അക്ഷൗഹിണിയുടെ പ്രതീതി വരുത്തി.

വർത്തമാനം കലുഷിതവും പ്രതീക്ഷ അസ്തമിച്ചതുമാകുമ്പോൾ അതിനെ അതീത ഭൂതകാലം കൊണ്ടലങ്കരിച്ച്, ഭാവി ഭാസുരമാക്കാം എന്ന കാല്പനിക പലായനം മതരാഷ്ട്രവാദത്തിന്റെ ശ്വസനവ്യൂഹമാണ്. ഭൂതകാലത്തെ സുവർണ്ണ മതവിശുദ്ധ കാലമായി ചരിത്രവൽക്കരിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. നഷ്ടപ്പെട്ട മതവിശുദ്ധ സാമ്രാജ്യം തിരിച്ചുപിടിച്ച് ആഗോളവേദിയിൽ കരുത്തോടെ അധിനിവേശത്തെ എതിരിടുന്നു എന്ന കപട നിർമ്മിതിയില്ലെങ്കിൽ മതരാഷ്ട്രവാദമില്ല. ഇന്ത്യ വരുംവർഷങ്ങളിൽ ലോകത്ത് ഏറ്റവും ബലമുള്ള സമ്പദ്ഘടനയായി ഞെളിഞ്ഞു നിൽക്കും എന്ന് ഇടയ്ക്കിടെ ഐ.എം.എഫും അല്ലെങ്കിൽ, ലോകബാങ്കും പറയുന്നത് വാർത്താമാധ്യമങ്ങളിൽ ഒന്നാം വാർത്തയായി ഘോഷിക്കുമ്പോൾ കാണുക, അധിനിവേശം മതരാഷ്ട്രവാദത്തെ പരോക്ഷമായി പരിപോഷിപ്പിക്കുന്നത്. കാരണം അടുത്ത ദിവസം തന്നെ ഡോളറിനോട് മല്ലിട്ട് രൂപ കൂപ്പുകുത്തുകയായിരിക്കും.

വിശ്വഹിന്ദു പരിഷത്ത് ദില്ലിയിൽ നടത്തിയ പ്രകടനം. കടപ്പാട്:stratfor.com

എന്തുകൊണ്ട് ഡോളർ ചീർക്കുകയും രൂപ മെലിയുകയും ചെയ്യുന്നു എന്ന ചോദ്യം ഉയരാതിരിക്കാൻ ഒരു വശത്ത് അന്താരാഷ്ട്ര ധനകാര്യ ഏജൻസികൾ ഇന്ത്യയെ പുകഴ്ത്തുമ്പോൾ, മറുവശത്ത് ഇന്ത്യ കരുത്താർജ്ജിക്കുന്നു, വികസിത രാഷ്ട്രങ്ങൾക്കെതിരെ എന്ന് അദാനിയെ മുൻനിർത്തി മതരാഷ്ട്ര മോഹിത ഭരണകൂടവും മേനിപറയും. അപ്രകാരം വിദേശിയോടുള്ള സ്വാതന്ത്ര്യസമരത്തിന്റെ സമകാലികമായ തുടർച്ചയുടെ സ്വദേശീബിംബം അദാനിയായി നിറഞ്ഞാടുന്നു. എന്നാൽ സൂക്ഷ്മാർത്ഥത്തിൽ, 1990 കൾ മുതൽ കൃത്യമായ ചരടുവലികളിലൂടെ നിർമ്മിച്ചെടുത്ത ആഗോള വാണിജ്യ ഉടമ്പടികളും കയറ്റിറക്കുമതി കരാറുകളും വിട്ടുവീഴ്ചകളും കീഴടങ്ങലുകളും ജന്മം കൊടുത്തതാണ് ഇന്ത്യയിലെ നവീന ‘സ്വദേശി ‘കളായ ശതകോടീശ്വര മുതലുകൾ.

മതരാഷ്ട്രത്തിലൂടെ മാത്രമേ മൂന്നാംലോക രാഷ്ട്രങ്ങൾക്ക് മേൽഗതിയുള്ളൂ എന്നത് പാശ്ചാത്യ അധിനിവേശം ഏഷ്യൻ ഏകാധിപത്യ മോഹികളുമായി സംയുക്തമായി രൂപപ്പെടുത്തിയ മിത്തല്ലാതെ മറ്റൊന്നുമല്ല. മൂന്നാംലോക അപരത്വത്തെ മതപാരമ്പര്യ ജനതയായി തളച്ചിടുന്ന സ്വത്വനിർമ്മിതിയാണത്. പാശ്ചാത്യലോകം മതേതരവും ജനായത്തപരവുമാണ്; എന്നാൽ പൗരസ്ത്യ സമൂഹം മതാത്മകവും ഏകാധിപത്യപരവുമാണ് എന്നിങ്ങനെ ചാപ്പകുത്തലിൽ വളരുന്നവരാണ് ഏഷ്യൻ ജനത. മതരാഷ്ട്രവാദത്തോളം അധിനിവേശത്തിന് നുഴഞ്ഞുകയറാൻ പറ്റിയ ഒരു ഭരണകൂടവ്യവസ്ഥ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കാരണം അധിനിവേശത്തിനെതിരെ ഉറക്കമൊഴിച്ച് കാവലിരിക്കുന്നു എന്ന കപട പ്രതീതി, ഇത്രമാത്രം പൗരസമൂഹത്തിൽ സൃഷ്ടിക്കാൻ മതരാഷ്ട്ര വാദത്തിനല്ലാതെ മറ്റൊന്നിനും പറ്റില്ല. എന്തുകൊണ്ടെന്നാൽ സംസ്കാരമാണ് മതരാഷ്ട്രവാദത്തിന്റെ ആദ്യത്തെയും അവസാനത്തെയും വജ്രായുധം. സംസ്കാരമാകട്ടെ മനുഷ്യരുടെ ജീവതചര്യയുടെ വികാര സംഹിതയാണ്.

സാംസ്കാരികമായ വികാരസംഹിതകളുടെ വൈവിധ്യങ്ങളെയാകെ നിർമ്മിത മതത്തിലേക്ക് പരിവർത്തിപ്പിച്ച് പുതുതായി വാർത്തെടുത്തതാണ് മതരാഷ്ട്രവാദം. വിശ്വാസം കൊണ്ടുള്ള അന്ധത പൗരാവലിക്ക് സമ്മാനിക്കുന്നതിനാൽ സംസ്കാരത്തിന്റെ ചിരന്തന കാവലാളായി മതരാഷ്ട്ര ഭരണകൂടം സമൂഹത്തിൽ സ്ഥാപിതമാകുന്നു. അതിനാൽ സാമ്രാജ്യത്വ അധിനിവേശവുമായി മതരാഷ്ട്രഭരണകൂടം ജനതയെ കബളിപ്പിച്ചു സംഗമിക്കുന്നത് ഒരിക്കലും കണ്ടുപിടിക്കപ്പെടില്ല. ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാൻ മോദി ഭരണകൂടം തയ്യാറായതു ഓർക്കുക. അതുപോലെ എല്ലാ കോർപ്പറേറ്റുകൾക്കും വേണ്ടി ഇന്ത്യൻ വനനിയമം, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഇവ പൊളിച്ചെഴുതുന്നതും കർഷക പരിരക്ഷകൾ തകർക്കുന്നതും സബ്‌സിഡികൾ പലതും നിർത്തിയതും കാണുക. എങ്കിലും അധിനിവേശത്തിൽ നിന്നും ഇന്ത്യയെ മതരാഷ്ട്ര പ്രേമം രക്ഷിക്കുമെന്നാണ് പ്രജാസമൂഹം ഭക്തിപൂർവ്വം വിശ്വസിക്കുന്നത്.

ജവഹർലാൽ നെഹ്രു

പ്രത്യക്ഷമായി സാംസ്ക്കാരികതലത്തിൽ വികാരത്തിന്റെ ഭാഷയിൽ അധിനിവേശത്തെ എതിർത്തും എന്നാൽ, മറുവശത്ത് ഗോപ്യമായി അധിനിവേശത്തിന് പിൻവാതിൽ തുറന്നിട്ടുമാണ് മതരാഷ്ട്രങ്ങൾ കാലാക്ഷേപം നടത്തുന്നത്. സാമ്രാജ്യത്വത്തിന്റെ ചിരന്തനത്വത്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട രാഷ്ട്രീയ നിർമ്മിതിയായി മതരാഷ്ട്ര ഭരണകൂടങ്ങൾ തിരിച്ചറിയപ്പെടണം. നേരേമറിച്ച്, പുറമേയ്ക്ക് മതേതരത്വവും ജനായത്തവും പാടി, എന്നാൽ മൂന്നാംലോകത്ത് മതാധിപത്യം അടക്കിവാഴാൻ അണിയറനീക്കങ്ങൾ നടത്തുന്നു യൂറോ – അമേരിക്കൻ ഭരണകൂടങ്ങൾ. ഇന്ത്യയിൽ മതരാഷ്ട്രവാദം നെഹ്രുവിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത് നോക്കുക. മതേരതത്വത്തിന്റെയും രാഷ്ട്രാന്തരീയമായ സമത്വസാഹോദര്യത്തിന്റെയും ജനായത്തത്തിന്റെയും ചിന്തകളാണ് നെഹ്രുവിന്റെ വ്യതിരിക്തത. എന്നാൽ മതരാഷ്ട്രവാദികൾക്ക് നെഹ്രു പാശ്ചാത്യ അധിവേശ സംസ്ക്കാരത്തിന്റെ വാഹകനാണ്. മതേതരത്വത്തെയും ജനായത്തത്തെയും അധിനിവേശം നമ്മുടെ തലയിൽ കെട്ടിവെച്ച ഇറക്കുമതി ചരക്കായി അവർ ചിത്രീകരിക്കുന്നു. ഏഷ്യൻ പാരമ്പര്യം പണ്ടുമുതലേ മതരാഷ്ട്ര പാരമ്പര്യത്തിൽ പരിലസിച്ച ഏകാധിപത്യ ‘പുണ്യഭൂമി’യായിരുന്നു എന്നു സ്ഥാപിക്കലാണ് നെഹ്രുവിനെ വേട്ടയാടുന്നതിലെ ഒരു ലക്ഷ്യം.അതായത് മതാത്മകവും മതാതീതവുമായ ഏഷ്യൻ ബഹുസ്വരതകളെ മതരാഷ്ട്രവാദം ചരിത്രത്തിൽ നിന്നും ഇറക്കിവിട്ടുകൊണ്ട് തൽസ്ഥാനത്ത് മതമാത്രമായ ഒരു ഏകാധിപത്യ പാരമ്പര്യത്തെ കൂടിയിരുത്തുന്നു. മതാത്മകമായ ഈ ചരിത്രനിർമ്മാണ പാരമ്പര്യത്തിന്റെ യഥാർത്ഥ പിതാക്കാൾ സത്യത്തിൽ സാമ്രാജ്യത്വമാണ്. അവരാണ് ഇന്ത്യാചരിത്രത്തിൽ ഹിന്ദുയുഗവും, ഇസ്ലാംയുഗവും, ബ്രിട്ടീഷ് യുഗവും (ക്രിസ്ത്യൻ അല്ല) കണ്ടുപിടിച്ചത്. അതോടെ മതേതരത്വവും ജനായത്തവും പാശ്ചാത്യമായ ഇറക്കുമതിയാണെന്ന തീർപ്പുണ്ടാക്കാനായി. സത്യത്തിൽ ഏഷ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ബഹുസ്വരതയുടെ ജനകീയ പാരമ്പര്യത്തെ ഉയർത്തിയെടുക്കുകയാണ് ചരിത്രപരമായ ആവശ്യം. പ്ലാനിംഗ് കമ്മീഷൻ മാറ്റി നീതി ആയോഗ് കൊണ്ടുവന്നത്, ‘ഇന്ത്യ’ക്കു പകരം ‘ഭാരത’ത്തെ പിടിക്കുന്നത്, അശോകസ്തംഭം കളഞ്ഞ് ധന്വന്തരിയെ പൂജിക്കുന്നത്, ഇതെല്ലാം നമ്മിൽ ഉറങ്ങിക്കിടക്കുന്ന സാമ്രാജ്യത്വ അധിനിവേശ ചെറുത്തുനിൽപ്പിനെ ഉണർത്തി, സമരത്തിന്റെ നടുനായകമാക്കി നിർമ്മിത മതത്തെ കൂടിയിരുത്തുന്നതിനാണ്. സാംസ്ക്കാരിക ബിംബങ്ങൾ കൊണ്ട് പ്രതിരോധവും ആക്രമണവും അഴിച്ചുവിട്ട് നിർമ്മിത മതത്തിന്റെ കൃത്രിമ ഗർഭപാത്രത്തിൽ പ്രജകൾക്ക് സുഖസുഷുപ്തി സുരക്ഷ മതരാഷ്ട്രം നൽകുന്നു. എങ്കിൽ മാത്രമേ ജനതയെ സാമൂഹ്യമായ ശൈശവത്തിൽ നിലനിർത്തി അരാഷ്ട്രീയവൽക്കരിച്ച് അവരെ ജനായത്ത വിരുദ്ധരാക്കാൻ കഴിയൂ.

സ്വാതന്ത്ര്യത്തിന് മതരാഷ്ട്രവാദികൾ നൽകുന്ന അർത്ഥം, അവർ ഉയർത്തിപ്പിടിക്കുന്ന നിർമ്മിത വേദപ്രമാണം ഭരണഘടനയായി നിയമവൽക്കരിക്കാനുള്ള സ്വാതന്ത്ര്യമാണ്; സാമൂഹ്യ ജീവിതത്തെ പ്രതിഫലിപ്പിക്കാത്ത ഭാവനാപുസ്തകങ്ങളിൽ നിന്നും മതരാഷ്ട്രവാദികൾ സ്വരുക്കൂടി പാകപ്പെടുത്തിയെടുക്കുന്ന പുതു നിർമ്മിതിയത്രേ ഭരണകൂടമതം. അത് മുമ്പെങ്ങും നാട്ടു ചരിത്രത്തിൽ ഇല്ലാതിരുന്നതാണ്. പുസ്തകം നോക്കിയുള്ള ജീവിത നിർമ്മാണത്താൽ യഥാർത്ഥജീവിതം അട്ടിമറിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. മതത്തിന്റെ ഈ പുത്തൻ അധികാര നിർമ്മിതിയുമായി താദാത്മ്യപ്പെട്ടു കൊള്ളുക എന്നതാണ് മതരാഷ്ട്രത്തിൽ പൗരഗണങ്ങൾക്കുള്ള സ്വാതന്ത്ര്യം. ഇന്ത്യയിൽ മതരാഷ്ട്രവാദത്തിന്റെ വിത്തുകൾ പാകിയത് ഹിന്ദു നിയമം, മുസ്ലീം നിയമം എന്ന പേരിൽ രണ്ടു സിവിൽ നിയമങ്ങൾ ഇന്ത്യക്കാരെ ഭരിക്കാൻ 18-ാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ നാളുകളിൽ വാറൻ ഹേസ്റ്റിംഗ്സ് നിർമ്മിച്ചപ്പോൾ മുതലാണ്. അപ്പോൾ മുതൽ മതാധിഷ്ഠിത പുസ്തകങ്ങൾ തപ്പിപ്പിടിക്കുകയും മനുസ്മൃതിയും മറ്റും വിവർത്തനം ചെയ്യുകയും അതുവെച്ച് നിയമങ്ങൾ ചമയ്ക്കുകയും ചെയ്തു. പ്രിന്റിംഗ് ടെക്നോളജി ഇല്ലായിരുന്നെങ്കിൽ ഏകതാനമായ പുതിയ മതശാസന നിർമ്മാണം സാധ്യമല്ല. ഏഷ്യൻ സമൂഹങ്ങൾക്ക് അപരിചിതമായ, ലിഖിതഗ്രന്ഥം വെച്ചുള്ള മത-സാമൂഹ്യജീവിതം ഇവിടെ വേരുപിടിപ്പിക്കുകയാണ് അച്ചടി പുസ്തക വിപ്ലവത്തിൽ കെട്ടിയുയർത്തിയ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ സംസ്കാരവാഹകർ അന്ന് ചെയ്തത്. സതി നിരോധിക്കാൻ പാടില്ല എന്ന് മതഗ്രന്ഥങ്ങൾ നിരത്തി യാഥാസ്ഥിതികർ കോടതിയിൽ വാദിച്ചപ്പോൾ, പുസ്തകങ്ങൾ കൊണ്ടുതന്നെ സതി നിരോധനത്തിനായി തെളിവുകൾ ഹാജരാക്കാൻ രാജാറാം മോഹൻ റോയിക്ക് സാധിച്ചതുകൊണ്ടാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി കോടതി സതി നിരോധനം അന്നു നടപ്പിലാക്കിയത്.

നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോ​ഗോയിൽ വന്ന മാറ്റം

അതായത് പലവിധ നാട്ടുനടപ്പുകൾക്ക് പകരം മതഗ്രന്ഥങ്ങളെ നോക്കിയുള്ള കേന്ദീകൃത നിയമനിർമ്മാണം അതുവരെ ഒട്ടും പ്രചാരമില്ലാതിരുന്ന കൃതികൾക്ക് ആധികാരികത നേടിക്കൊടുത്തു. അന്നുമുതൽ, പുസ്തകങ്ങളിൽ പറഞ്ഞതുപോലെ ജീവിക്കുന്നതാണ് മതജീവിതം എന്നു വന്നു. പിന്നീട്, പാശ്ചാത്യ അധിനിവേശ ഭരണകൂടം വിശുദ്ധഗ്രന്ഥങ്ങളെ അതേപടി അനുസരിക്കാത്തതിൽ അമർഷം കൊണ്ടു, കലർപ്പില്ലാത്ത ശുദ്ധപുസ്തകങ്ങളിലേക്ക് കടന്നു ചെല്ലണമെന്ന് ദേശീയ തീവ്രവാദത്തിന്റെ അധികാരാസക്ത ശാഠ്യങ്ങൾ പുറകേ വന്നു. അവർ എന്തിനും ഏതിനും പുരാണകൃതികളിൽ ഉത്തരങ്ങളും ഉദാഹരണങ്ങളും തെളിവുകളും പരതാൻ ശീലമുണ്ടാക്കി. അതോടെ നാട്ടുജീവിത ബഹുസ്വരതയെ മാത്രമല്ല കൃതികളുടെ വിഭിന്നതകളെയും കുഴിച്ചുമൂടി, അച്ചടിച്ചതും സ്റ്റാന്റേർഡൈസേഷൻ ചെയ്തതുമായ ഭരണകൂട നിർമ്മിത മതം അധികാരാസക്ത രാഷ്ട്രീയത്താൽ പിറക്കുകയായി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read December 12, 2023 3:36 pm