2024 ജനുവരി ഏഴിന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഗാസയിലെ അൽ ജസീറയുടെ മാധ്യമ പ്രവർത്തകൻ ഹംസ ദഹ്‌ദൂഹ് അവസാനമായി ഇൻസ്റ്റഗ്രാമിൽ തന്റെ പിതാവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെയെഴുതി; “എന്റെ പിതാവേ, നിങ്ങൾ ക്ഷമാപൂർവ്വം പ്രതിഫലം തേടുന്നവനാണ്. അതിനാൽ ദൈവം തിരികെവിളിക്കുന്നതിൽ നിരാശനാകുകയും അവന്റെ കാരുണ്യത്തിൽ പ്രത്യാശ വെടിയുകയുമരുത്. നിങ്ങളുടെ ക്ഷമക്ക് ദൈവം തീർച്ചയായും പ്രതിഫലം തരും എന്ന് വിശ്വസിക്കുക.” മരിക്കും മുമ്പ് മകൻ കുറിച്ച ഈ വാക്കുകൾ പോലെ ഹംസയുടെ പിതാവ് അവന്റെ വിയോഗത്തിലും തളർന്നില്ല. മകന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞയുടൻ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയുടെ വാർത്തകൾ ലോകത്തെ അറിയിക്കാനായി അയാൾ ഇറങ്ങിത്തിരിച്ചു. കാരണം, യുദ്ധമുഖത്തെ സത്യം ലോകത്തോട് വിളിച്ചുപറയാൻ നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകരിൽ പ്രധാനിയായിരുന്നു അദ്ദേഹം, കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഭാര്യയും മകനും മകളും പേരക്കുട്ടിയുമടക്കം നഷ്ടപ്പെട്ടിട്ടും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ടിങ്ങിനിറങ്ങിയ അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹ്. ഇപ്പോൾ, സഹപ്രവർത്തകൻ കൂടിയായ മകൻ ഹംസ ദഹ്‌ദൂഹിനെ കൂടി നഷ്ടമായിട്ടും അൽ ജസീറയുടെ മൈക്കുമായി ഗാസയിലെ യുദ്ധക്കെടുതികൾ പുറംലോകത്തെ അറിയിക്കാനുള്ള ഓട്ടം തുടരുന്ന വാഇൽ ദഹ്ദൂഹ് സമകാലിക മാധ്യമ ലോകത്തെ അപൂർവ്വ വ്യക്തിത്വമായി മാറുന്നു.
ആദ്യം പേരക്കുട്ടിയടക്കം കുടുംബത്തിലെ നാലുപേർ, പിന്നീട് സഹ പ്രവർത്തകൻ, ഇപ്പോഴിതാ മകനും. “ഹംസ എന്റെ ഭാഗമായിരുന്നില്ല, അവൻ എന്റെ എല്ലാമായിരുന്നു. അവൻ എന്റെ ആത്മാവിന്റെ ആത്മാവായിരുന്നു. ആരെയെങ്കിലും നഷ്ടപ്പെടുന്നതിന്റെ വേദന തീർച്ചയായും വളരെ ബുദ്ധിമുട്ടാണ്. കുടുംബം നഷ്ടപ്പെട്ട ശേഷം നിങ്ങളുടെ മൂത്ത മകൻ കൂടി നഷ്ടമാകുമ്പോൾ, അത് കൂടുതൽ ബുദ്ധിമുട്ടാണ്. എന്നാൽ അവസാനം, ഇത് യാഥാർത്ഥ്യത്തെ ഒന്നും മാറ്റില്ല. ഞങ്ങളുടെ തീരുമാനങ്ങളൊന്നും മാറ്റുകയുമില്ല. കടമ നിർവഹിക്കാനും വിവരങ്ങൾ അറിയിക്കാനും ഞങ്ങൾക്ക് കഴിയുന്നിടത്തോളം കാലം, ജീവിച്ചിരിക്കുകയും ശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം ഞങ്ങൾ മുന്നോട്ടുപോകും.” മൂത്ത മകനായ ഹംസയുടെ മരണ ശേഷം വാഇൽ അൽ ജസീറയിൽ പങ്കുവെച്ച ഈ വാക്കുകൾ നിശ്ചയദാർഢ്യമുള്ള ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകൾക്കുപ്പുറം ഗാസയിലെ മനുഷ്യരുടെ നിസഹായവസ്ഥ കൂടി വ്യക്തമാക്കുന്നവായാണ്.
ജീവൻ പണയം വെച്ചുകൊണ്ടാണ് രാവും പകലും ദഹ്ദൂഹ് ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെ കുറിച്ച് ലോകത്തെ അറിയിക്കുന്നത്. 2023 ഒക്ടോബർ 25ന് ഗാസയിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് വാഇലിന് അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു ഹംസയേയും, 15 വയസുള്ള മകൻ മഹമ്മൂദിനേയും, ഏഴ് വയസുകാരി മകൾ ഷാമിനെയും പേരക്കുട്ടി ആദമിനേയും നഷ്ടമാകുന്നത്. സുരക്ഷ പരിഗണിച്ചാണ് വാഇൽ കുടുംബത്തെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയത്.
എന്നാൽ പ്രിയപ്പെട്ടവരുടെ ഖബറടക്കം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുമ്പ് റിപ്പോർട്ടിംഗ് തുടരുന്ന വാഇൽനെ ലോകം ആശ്ചര്യത്തോടെയും വേദനയോടെയുമാണ് അന്ന് കണ്ടത്. ”ഇതൊരു ചരിത്രസന്ധിയാണ്. അസാധാരണ സമയമാണ്. ഈ സമയത്ത് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാകില്ല നമുക്ക്. എന്തൊക്കെ സംഭവിച്ചാലും പ്രൊഫഷണലിസം കൈവിടാതെ സുതാര്യമായി വാർത്തകൾ ജനങ്ങളിലെത്തിച്ചുകൊണ്ടിരിക്കണം.” വാഇൽ ദഹ്ദൂഹ് മാധ്യമങ്ങളോട് പറഞ്ഞു. പ്രിയപ്പെട്ടവർ നഷ്ടമായ ശേഷം നവംബറിൽ ഗാസ സിറ്റിയിലെ വീട് ഉപേക്ഷിച്ച വാഇൽ തെക്കൻ ഗാസയിൽ നിന്നാണ് ഇപ്പോൾ റിപ്പോർട്ടിംഗ് തുടരുന്നത്.
കുടുബാംഗങ്ങളുടെ മരണത്തിന് പിന്നാലെയാണ് തന്റെ സഹപ്രവർത്തകൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് വാഇൽ ദഹ്‌ദൂഹിന് സാക്ഷിയാകേണ്ടി വന്നത്. 2023 ഡിസംബർ 15 ന് പലസ്തീനിലെ ഖാൻ യൂനിസിലെ ഫർഹാൻ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സഹപ്രവർത്തകനായ ക്യാമറാമാൻ സാമിര്‍ അബൂദഖ കൊല്ലപ്പെടുന്നത്. ആ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് സാമിറിന്റെ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വാഇലിന്റെ വീഡിയോ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നാം കാണുന്നത് ആക്രമണത്തിൽ പരിക്കേറ്റ ഇരു കൈകളിലും പ്ലാസ്റ്ററും ബാൻഡേജും ചുറ്റി, മൈക്കുമേന്തി പ്രസ് എന്നെഴുതിയ ജാക്കറ്റുമിട്ട് റിപ്പോർട്ട് ചെയ്യുന്ന വാഇൽ ദഹ്ദൂഹിനെയാണ്. ഗാസയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകം കൂടിയായി അദ്ദേഹം മാറി. ഈ ദുരന്തങ്ങളുടെ വേദനകൾക്ക് പിന്നാലെയാണ് ദിവസങ്ങിൾക്കിപ്പുറം മാധ്യമ പ്രവർത്തകൻ കൂടിയായ മൂത്ത മകനെയും വാഇലിന് നഷ്ടമായത്. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ ഖാൻ യൂനിസിനും റഫയ്‌ക്കും ഇടയിലുള്ള ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്. അല്‍ ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്ന ഹംസയും സഹപ്രവർത്തകനായ എ.എഫ്.പിയുടെ വീഡിയോ സ്‌ട്രിംഗർ മുസ്തഫ തുറയയും കൊല്ലപ്പെടുകയും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റ് ഹസീം റജബിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിതാവിനെ പോലെ ഇടതടവില്ലാതെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ അൽ ജസീറക്കായി പകർത്തിയിരുന്ന ഹംസ അവ സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെച്ചിരുന്നു.
1970 ഏപ്രിൽ 30 ന്, ഇസ്രായേൽ അധിനിവേശ ഗാസ സിറ്റിയിൽ ജനിച്ച വാഇൽ ദഹ്ദൂഹ് 1988-ൽ ഹൈസ്‌കൂൾ ഡിപ്ലോമ നേടിയ ശേഷം ഏഴ് വർഷത്തോളം ഇസ്രായേൽ ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽവാസ കാലത്ത് തന്റെ രണ്ടാമത്തെ ഡിപ്ലോമ പൂർത്തിയാക്കിയ ദഹ്ദൂഹ് ഒരു ദശാബ്ദത്തിന് ശേഷം ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയിൽ നിന്ന് ജേണലിസത്തിൽ ബിരുദം പൂർത്തിയാക്കി. ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ വിദേശത്തേക്ക് പോകാൻ വാഇൽ ദഹ്ദൂഹ് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇസ്രായേലി അധികാരികൾ വിലക്കിയതിനെത്തുടർന്ന് 2007-ൽ അബു ദിസിലെ അൽ-ഖുദ്‌സ് സർവകലാശാലയിൽ നിന്ന് പ്രാദേശിക പഠനത്തിൽ ബിരുദാനന്തര ബിരുദം നേടുകയായിരുന്നു.1998-ൽ പലസ്തീൻ പത്രമായ അൽ-ഖുദ്‌സ്ന്റെ ഗാസയിലെ ലേഖകനായാണ് ദഹ്ദൂഹിന്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിച്ചത്. അതേസമയം തന്നെ ദഹ്ദൂഹ് മറ്റ് പലസ്തീനിയൻ മാഗസിനുകളിൽ പ്രവർത്തിക്കുകയും റേഡിയോ വോയ്‌സ് ഓഫ് പലസ്തീനിന്റെ ലേഖകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2000-ൽ രണ്ടാം ഇന്റിഫാദ കാലത്ത് സഹാർ സാറ്റലൈറ്റ് ചാനലിൽ ജോലി ചെയ്ത ദഹ്ദൂഹ് 2003-ൽ അൽ അറബിയയുടെ ലേഖകനായും പ്രവർത്തിച്ചു. 2004-ലാണ് അൽ ജസീറയുടെ ഗാസ മുനമ്പിലെ റിപ്പോർട്ടറായി ദഹ്ദൂഹ് ജോലി ആരംഭിക്കുന്നത്.
പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റിന്റെ കണക്ക് പ്രകാരം ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 102 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ സേന പലസ്തീൻ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നതിനെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നതായി അൽ ജസീറ പ്രസ്താവനയിൽ പറഞ്ഞു.
വാർത്താ സംബന്ധമായി ഒരു സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ ആ വാർത്ത തന്നെ തന്റെ സ്വന്തം കുടുംബത്തെക്കുറിച്ചാണെന്ന് മനസിലാക്കുന്നത് ഒരു പലസ്തീനിയൻ മാധ്യമ പ്രവർത്തകന്റെ ജീവിതത്തിലെ തന്നെ പ്രയാസകരമായ നിമിഷങ്ങളാണെന്ന് വഇൽ ദഹ്ദൂഹ് പറയുകയുണ്ടായി. തന്റെ മകന്റെ ഖബറടക്ക ശേഷവും താൻ ഗാസയിൽ നിന്ന് റിപ്പോർട്ടിങ്ങ് തുടരുമെന്ന് പറഞ്ഞ വഇൽ ദഹ്ദൂഹ് ഗാസ മുനമ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം മുഴുവൻ അറിയേണ്ടതുണ്ട് എന്നാവർത്തിച്ചു. കുടുംബത്തിന്റെയും മകന്റെയും ഖബറടക്ക ചിത്രങ്ങളിൽ പോലും പ്രസ് എന്നെഴുതിയ ആ കോട്ട് ധരിച്ച്, അടുത്ത നിമിഷം റിപ്പോർട്ടിംഗിനായി പുറപ്പെടാൻ പോകുന്നതുപോലെ, നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന വാഇൽ ദഹ്ദൂഹ് പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും മാധ്യമ പ്രവർത്തകരുടെ ധീരതയുടെയും പ്രതീകമായി മാറുന്നു.