പൊലീസ് അതിക്രമങ്ങൾക്ക് വഴിമാറുന്ന കോവിഡ് നിയന്ത്രണം

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 2020 മാർച്ച് 25ന് ലോക്ഡൗൺ നിലവിൽ വന്നതോടെ പൊലീസിന്റെ അധികാര പ്രയോഗം വലിയ രീതിയിൽ കൂടിയതായാണ് കേരളത്തിന്റെ അനുഭവം. ദുരന്ത നിവാരണ നിയമവും എപിഡമിക് ഡിസീസസ് ആക്ടും അനുസരിച്ചാണ് നിത്യജീവിതം ഇപ്പോൾ നിയന്ത്രിക്കപ്പെടുന്നത്. ജനങ്ങളെ നിയന്ത്രിക്കുവാനുള്ള അധികാര സേനയായി പോലീസ് മാറുന്ന കാഴ്ചയ്ക്കാണ് കോവിഡ് കാലം സാക്ഷ്യം വഹിച്ചത്. മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയെ കൂടുതൽ ദുരിതപൂർണ്ണമാക്കി മാറ്റുകയാണ് പോലീസിന്റെ ഇടപെടൽ. സമൂഹത്തിന്റെ മാനസികാരോഗ്യം വരെ അപകടത്തിലാകുന്നവിധം അത് മാറിയിരിക്കുന്നു. പൊലീസിനോട് നിലനിന്നിരുന്ന ഭയവും വെറുപ്പും മുമ്പെങ്ങുമില്ലാത്തവിധം കൂടുന്നതിന് കാരണമായിത്തീർന്ന ഒട്ടേറെ സംഭവങ്ങൾ ഈ കാലത്തുണ്ടായി. ലോക്ഡൗൺ ലംഘിച്ചു എന്നാരോപിച്ച് 2020 ജൂണിൽ തമിഴ്നാട് സാത്താൻകുളം പൊലീസ് അറസ്റ്റുചെയ്ത മൊബൈൽ ഷോപ്പ് ഉടമയായ ജയരാജിനെയും മകൻ ബെന്നിക്‌സിനെയും സ്റ്റേഷനിൽ വച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നല്ലോ.

ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കേരളത്തിലും പൊലീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരുന്നു. ഡയാലിസിസ് സെന്ററിൽ നിന്നും തിരിച്ചു വരികയായിരുന്ന കണ്ണൂർ സ്വദേശി നിഷാൽ എന്ന ഒരു വൃക്കരോഗിയാണ് 2020 മാർച്ച് 25ന് റിപ്പോർട്ട് ചെയ്യപ്പെട്ട പൊലീസ് അതിക്രമത്തിന് ഇരയായത്. ചികിത്സായാത്രയ്ക്കുള്ള സത്യവാങ്മൂലം കയ്യിലുണ്ടായിരുന്നെങ്കിലും അത് ആവശ്യപ്പെടാതെ വണ്ടി തടഞ്ഞുനിർത്തി ലാത്തികൊണ്ട് അടിക്കുകയാണ് പൊലീസ് ചെയ്തതെന്ന് നിഷാൽ പറയുന്നു. ഇതേപ്പറ്റി തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടപ്പോൾ ‘എന്തുകൊണ്ട് ടാക്സിയിൽ പോയില്ല?’ എന്നായിരുന്നു പ്രതികരണമെന്നും നിഷാൽ വെളിപ്പെടുത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശെെലജയ്ക്കും കണ്ണൂർ ജില്ലാ കലക്ടർ സുഭാഷിനും പരാതി നൽകിയെങ്കിലും പിന്നീട് അതുമായി മുന്നോട്ടുപോകുവാനുള്ള സാഹചര്യം നിഷാലിന് ഉണ്ടായിരുന്നില്ല.

മഹാമാരി പൊലീസിം​ഗിന് വഴി മാറുമ്പോൾ

“ബ്രിട്ടീഷുകാരുടെ കാലത്ത് അവർ എപിഡമിക്കിനെ നേരിടാൻ വേണ്ടി ഉണ്ടാക്കിയ നിയമമാണ് എപിഡമിക് ഡിസീസസ് ആക്ട്. പ്രകൃതിയിൽ, കാലാവസ്ഥയിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ നേരിടാൻ വേണ്ടി ഉള്ളതാണ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ്. പിന്നീട് അത് എപിഡമിക്കിനെയും ഡിസാസ്റ്റർ ആയി കാണുന്ന അവസ്ഥയിലേക്ക് എത്തുന്നു. പൊലീസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശിക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള അധികാരം ഉണ്ട്. പക്ഷെ പലപ്പോഴും അത് അതിരുകവിഞ്ഞുപോകുന്നു. ഹെൽമറ്റ് ഇടാതെ വണ്ടി ഓടിച്ചു എന്ന പേരിൽ ആ വണ്ടി പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിന് ഇല്ല. മാസ്‌ക് ഇടാതെ പോകാൻ അവകാശം ഉണ്ടെന്ന് ഒരാൾക്ക് പറയാൻ കഴിയില്ല, അയാൾ ഒരു രോഗവാഹകൻ ആണെങ്കിൽ രോഗവ്യാപനം ഉണ്ടാവും. മാസ്‌ക് ഇടുന്നില്ലെങ്കിൽ മാസ്‌ക് ഇടീപ്പിക്കാനുള്ള നടപടി ആണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. അല്ലാതെ നികുതിപിരിവുകാരന്റെ റോളിലേക്ക് അവർ എത്താൻ പാടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ ചെയ്യുന്നത് പോലെ ഖജനാവിലേക്ക് പണം നിറയ്ക്കാനുള്ള മാർഗമായാണ് സർക്കാർ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പിഴ ചുമത്തലിനെയും കാണുന്നത്. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കൽ എന്റെ കടമയാണ് എന്ന ബോധം ഒരാളിൽ ഉണ്ടാക്കുന്നതിനുള്ള ബോധവൽകരണം ആണ് വേണ്ടത്, ഇത്തരം ശിക്ഷാനടപടികൾ അതിന് യോജിക്കുന്നതല്ല.” ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.എസ് മധുസൂദനൻ പറയുന്നു.

“സമൂഹമധ്യത്തിലേക്ക് പൊലീസും വളരെ റിസ്‌കിയായിട്ടാണ് കടന്നുവരുന്നത്. താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ ആണ് അതിൽ എക്സ്പോസ്ഡ് ആവുന്നത്. ഇതിന്റെ സ്ട്രെസ് അവർ അനുഭവിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരെ പോലെ അവർക്കിടയിലും കാഷ്വാലിറ്റി ഉണ്ടാവുന്നുണ്ട്. ഒരർത്ഥത്തിൽ നിർബന്ധിത സേവനത്തിൽ ഉള്ളവരാണ് പോലീസുകാരും. ഈ സ്‌ട്രെസിനെ മാനേജ് ചെയ്യാൻ വേണ്ടി അതിരുകടന്ന പ്രവർത്തനത്തിലേക്ക് അവർ എത്തപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ അധികാരപ്രയോഗത്തിന് ആക്കം കൂട്ടുന്നതിനായി ആ സാഹചര്യത്തെ സർക്കാർ ഉപയോഗപ്പെടുത്തുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ദുരന്തം കൂടി കാണേണ്ടതുണ്ട്. വലിയ മുതൽമുടക്കോടെ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങൾ മുതൽ ലോണെടുത്ത സംരംഭകർ വരെ പ്രശ്നം നേരിടുന്നുണ്ട്. ലോക്ഡൗൺ രോഗത്തെ കുറയ്ക്കുന്നുമില്ല. എവിടെയാണ് നമ്മൾ കോവിഡിനെ കണ്ടെയ്ൻ ചെയ്തത്? ഏത് സിസ്റ്റത്തിൽ ആണ് കണ്ടെയ്ൻ ചെയ്തത്? വാക്സിനേഷൻ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കുറെ പണം അതിന്റെ പേരിൽ കളക്ട് ചെയ്യുന്നുണ്ട്. വാക്സിനേറ്റ് ചെയ്ത നിരവധി പേർക്ക് കോവിഡ് ബാധിച്ചതായി പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്‌തു. അപ്പോൾ പറയുന്നു അവരുടെ രോഗം അത്ര ഗുരുതരമല്ല എന്ന്. ഇന്ത്യയിൽ ആകെ നാല്പത് ലക്ഷത്തോളം മരണങ്ങൾ ഉണ്ടായതായി പല മാധ്യമ റിപ്പോർട്ടുകളും പറയുമ്പോൾ ഔദ്യോഗിക കണക്ക് നാല് ലക്ഷത്തോളം മാത്രമാണ്. കേരളത്തിൽ തന്നെ സർക്കാരിന്റെ കണക്കും ആരോഗ്യവകുപ്പിന്റെ കണക്കും തമ്മിൽ വ്യത്യാസമുള്ളതായാണ് മനസ്സിലാക്കുന്നത്. മരണം നടന്നാൽ മറച്ചുവെക്കൽ എളുപ്പമല്ല, എന്നിട്ടുപോലും അത് സംഭവിച്ചിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണം. നാല്പത് ലക്ഷം ആളുകൾ മരിച്ചു എന്നു പറയുമ്പോൾ അത്രയധികം തുക നഷ്ടപരിഹാരം കൊടുക്കണം. അതുകൊണ്ടു കൂടിയാണ് മരണസംഖ്യ കുറച്ചുകാണിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മരണസംഖ്യ മറച്ചുവെക്കുന്നുണ്ട്.” അഡ്വ. കെ.എസ് മധുസൂനൻ പറഞ്ഞു.

ഏകീകൃത നിയമത്തിന്റെ അഭാവം

സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ കോവിഡിനെ നേരിടാൻ കൃത്യമായ ഏകീകൃത നിയമത്തിന്റെ അഭാവം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്നാണ് കേരള ഹൈകോടതി അഭിഭാഷകൻ മുഹമ്മദ് അഷ്‌റഫ് അഭിപ്രായപ്പെടുന്നത്.

“ഓരോ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പല രീതിയിലുള്ള നിയമക്രമങ്ങൾ ആണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണം എന്നതിനെപറ്റി ഏകീകൃത രൂപരേഖ ഉണ്ടാക്കാൻ കഴിയാത്തത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു, ഗ്രാമപ്രദേശങ്ങളിൽ പ്രായമേറിയ ആളുകൾക്കെതിരെ ഫൈൻ ചുമത്തുന്നതിന് മുമ്പ് പൊലീസ് ആയാലും സെക്റ്ററൽ മജിസ്‌ട്രേറ്റ് ആയാലും ജനങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു വേണ്ടത്. നിയമത്തിന് ഏകീകൃത സ്വഭാവമില്ലാകത്തതിനാൽ വിവിധ സംസ്ഥാനങ്ങളിലൂടെ ഓടുന്ന ലോറിക്കാർ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കേരളത്തിൽ നിന്നും തേങ്ങയുമായി മൈസൂരിലേക്ക് പോയ ലോറി മംഗലാപുരം ബൈപാസിൽ വെച്ച് പൊലീസ് തടയുകയും ഡ്രൈവറോട് മൈസൂർ ജില്ലാ കോടതിയിൽ പതിനായിരം രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വണ്ടിക്ക് ഫിറ്റ്‌നെസ് ഇല്ല എന്നതാണ് ഇയാൾക്കെതിരായ കുറ്റം. മലപ്പുറത്ത് കുന്നുമ്മലിൽ വച്ച് ഒരു ലോറി ഡ്രൈവറെ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് തടഞ്ഞു. വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് ഇയാളുടെ താടിയെല്ല് പൊട്ടി. കോഴിക്കോടേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രശ്‌നങ്ങൾ തീർപ്പാക്കാമെന്നു പറഞ്ഞ് തിരിച്ചുവിളിച്ച് അറസ്റ്റ് ചെയ്തു. തൊഴിലാളിയായ ഒരാൾക്ക് 4,000 രൂപ പിഴ ചുമത്തുന്ന സെക്റ്ററൽ മജിസ്‌ട്രേറ്റ് മാസത്തിൽ അറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന ആളായിരിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പാവങ്ങളുടെ പ്രയാസങ്ങൾ അറിയില്ല. എറണാകുളം ജില്ലയിൽ പെറ്റി കേസുകൾ കൂട്ടണം എന്ന് നിർദേശം കൊടുത്ത എസ്പിയെ പോലുള്ളവർ സമൂഹത്തോട് ഇടപെടാത്ത ഐ.പി.എസ്സുകാരാണ്. ഒരു വശത്ത് സർക്കാരിന്റെ പീഡനം, പൊലീസിന്റെ ഫൈൻ ചുമത്തൽ, തൊഴിലും വരുമാനവും ഇല്ലാത്ത സ്ഥിതി, കോടതിയിൽ നിന്നും സമൻസ്-ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.” മുഹമ്മദ് അഷ്‌റഫ് വ്യക്തമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൊലീസ് പാൻഡമിക് നിയന്ത്രണങ്ങൾ കടുത്തരീതിയിൽ തന്നെയാണ് നടപ്പാക്കുന്നതെന്ന് ഉത്തർപ്രദേശ് മുൻ ഐ.ജി എസ്.ആർ ദാരാപുരി പറയുന്നു. “ജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിന് പകരം പൗരരെ അടിക്കുകയും അപഹസിക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെയാണ് നടക്കുന്നത്. ഭരണകൂടത്തിന്റെ തന്നെ സ്വഭാവമാണ് പൊലീസ് സേനയിലൂടെ പ്രകടമാക്കപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് എപിഡമിക് കൺട്രോൾ ആക്റ്റ് വളരെ കടുത്ത നിയമമായിരുന്നു, മോദി ഗവണ്മെന്റ് ഇത് കൂടുതൽ കടുത്തതാക്കുകയാണ് ചെയ്തത്. പൊലീസ് സേന കൂടുതൽ അതോറിറ്റേറ്റിവും ഏകാധിപത്യപരവുമാവുകയാണ് ചെയ്തത്. സംസ്ഥാന സർക്കാരുകൾ അവർക്ക് ആധികാരികത നൽകുകയും ചെയ്യുന്നു. പൊലീസിന്റെ അധികാരപരിധികളെ നിയമാനുസൃതമായി നിലനിർത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. പൊലീസിൽ നല്ല ഓഫീസർമാർ വളരെ കുറച്ചേയുള്ളൂ. ഭൂരിഭാഗവും നല്ലതല്ല എന്നാണ് എന്റെ അനുഭവം. കേരള പൊലീസ് താരതമ്യേന നിയമം പാലിക്കുന്നവരാണ് എന്നായിരുന്നു എന്റെ അറിവ്. ഈയിടെയായി അത് തിരുത്തപ്പെടുകയാണ്.” ദാരാപുരി പറയുന്നു.

ഉപജീവനവും തടയപ്പെടുന്നു

കോവിഡ് രണ്ടാം തരംഗം മുന്നിൽ കണ്ട് 2021 മെയ് മാസത്തിൽ കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നില്ല. ജനങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കാത്ത തരത്തിൽ ഘട്ടം ഘട്ടമായാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്യുന്നത് എന്നാണ് സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ സംഘടനകൾ കേരളത്തിന്റെ ലോക്ഡൗൺ നിയന്ത്രണത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിദഗ്ധരിൽ നിന്നും ജനങ്ങളിൽ നിന്നും ജനകീയ സംഘടനകളിൽ നിന്നും ഉയർന്ന വിമർശനങ്ങളും നിർദ്ദേശങ്ങളും സർക്കാർ എത്രത്തോളം സ്വീകരിച്ചു എന്നതും പരിശോധിക്കപ്പെടണം.

കടുത്ത നിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികളും തൊഴിലാളികളും ആത്മഹത്യകളിലേക്ക് തള്ളിവിടപ്പെടുന്ന അവസ്ഥയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ തുടർച്ചയായി പൊലീസിന്റെയും നഗരസഭ ജീവനക്കാരുടെയും ആക്രമണങ്ങൾ ഉണ്ടായി. മത്സ്യത്തൊഴിലാളി സ്ത്രീകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലാത്തതിനാൽ ഞങ്ങളുടെ സ്ത്രീകളോടുള്ള ഭരണകൂട ഭീകരയെന്നേ ഇതിനെക്കുറിച്ച് പറയാനാകൂ എന്ന് തീരദേശ വനിതാ ഫെഡറേഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന പ്രതികരിച്ചു.

പൊലീസ് മീൻ കുട്ട വലിച്ചെറിഞ്ഞ മത്സ്യവിൽപ്പനക്കാരി മേരി വര്‍ഗീസ്

“ആരോഗ്യമേഖലയിൽ നമ്പർ വൺ ആണ് കേരളം. വളരെ കൃത്യമായി മാനേജ് ചെയ്യുന്ന സിസ്റ്റം ആണ് നമ്മുടേത് എന്നാണ് അഭിമാനിച്ചിരുന്നത്. എന്നാൽ താഴെത്തട്ടിലുള്ള ഗ്രാമങ്ങളിലും പാവപ്പെട്ട മനുഷ്യരുടെ ഇടയിലും ഈ ആരോഗ്യസംവിധാനങ്ങൾ എത്തുന്നില്ല എന്നത് എത്രയോ കാലമായി നമ്മൾ പറയുന്നു. പക്ഷേ ഭരണ സംവിധാനങ്ങളും കേരളീയ പൊതുസമൂഹവും അത് കേൾക്കാറില്ല. ഈ സർക്കാർ കിറ്റിന്റെ പേരിലാണ് പിടിച്ചുനിൽക്കുന്നത്, കിറ്റിന്റെ പൈസ എങ്ങനെയാണ് തിരിച്ചുപിടിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. ഈ സർക്കാർ ജയിച്ചുവന്നപ്പോൾ പറഞ്ഞത് ദരിദ്ര-സ്ത്രീ-തൊഴിലാളി സൗഹൃദ സംസ്ഥാനമാവും എന്നാണ്. പുരുഷ പൊലീസ് ആണ് ഈ സ്ത്രീകളെ കൈകാര്യം ചെയ്യുന്നത് എന്നതും ഗൗരവമുള്ള കാര്യമാണ്. കൃത്യമായി ഇടതുപക്ഷത്തെ പിന്തുണച്ചവരാണ് മത്സ്യത്തൊഴിലാളി മേഖലയിൽ ഉള്ളത്. അൽഫോൺസമ്മ ആക്രമിക്കപ്പെട്ട ദിവസം ഞാൻ തിരുമല പൊലീസ് സ്റ്റേഷനിൽ മറ്റാെരു കേസിനെ പറ്റി പൊലീസുമായി സംസാരിക്കുകയായിരുന്നു. പൂന്തുറയിലെ ഫ്‌ലോറി എന്ന സ്ത്രീക്ക് പൊലീസ് മർദ്ദത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇത് ചെയ്തത് അവരുടെ സ്റ്റേഷൻ പരിധിയിലെ പൊലീസ് പോലുമല്ല. ഫോർട്ട് സ്റ്റേഷനിലെ എസ്.ഐ ആണ് ആ സ്ത്രീയെ ഉന്തിയിട്ടത്. പാരിപ്പള്ളിയിലെ അതിക്രമം ക്രിയേറ്റ് ചെയ്തതാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മീൻ വിൽക്കുന്നവരോട് മാത്രമാണ് ഇവർ പ്രശ്‌നമുണ്ടാക്കുന്നത്. എന്തുകൊണ്ടാണ് മാർക്കറ്റിന് അകത്തേക്ക് ചെന്ന് മീൻ വിൽക്കാത്തത് എന്നാണ് ചിലർ ചോദിക്കുന്നത്. ആളുകൾ അധികം കൂടുന്ന സ്ഥലങ്ങളിൽ സമയം ചെലവിടാൻ ആരും താൽപര്യപ്പെടില്ല. സാധനം വാങ്ങി എത്രയും പെട്ടെന്ന് സ്ഥലം വിടുക എന്നേ ചിന്തിക്കൂ. വഴിയോരങ്ങളിൽ അങ്ങനെ എന്തൊക്കെ വിൽക്കുന്നുണ്ട്. എപിഡമിക് ആക്റ്റിലെ വകുപ്പ് ചുമത്തി, ‘ആൾക്കൂട്ടം സൃഷ്ടിച്ചു’ എന്നും സർക്കാർ ജീവനക്കാരുടെ തൊഴിൽ തടസ്സപ്പെടുത്തി എന്നും ചാർജുകൾ ചുമത്തി ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഫൈൻ ചുമത്തിയാൽ അതിന്റെ റെസീപ്റ്റ് കൊടുക്കാറില്ല. എന്തു രീതിയാണ് ഇത്?” മാഗ്ലിൻ ചോദിക്കുന്നു.

“അസംഘടിത മേഖലയിൽ ജോലി ചെയ്യേണ്ടിവരുന്നവർക്കാണ് ഇത്രയധികം അനുഭവിക്കേണ്ടിവരുന്നത്, സംഘടിത മേഖലയിലുള്ളവർക്ക്, സർക്കാർ ജീവനക്കാർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട്, ബോണസും ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങൾ കൂടി ഞങ്ങൾ അനുഭവിക്കുന്നുണ്ട്. ഒരു വർഷത്തിൽ തന്നെ കടലിൽ പോകാതിരിക്കാൻ നൂറിലേറെ വാർണിങ് നമുക്ക് കിട്ടിയിട്ടുണ്ട്. കാറ്റും മഴയും വന്നാൽ കടലിൽ പോകരുത് എന്ന് ആഹ്വാനം ചെയ്യുകയാണ്. ആ ദിവസങ്ങളിലെ മിനിമം വേതനം എങ്കിലും തരണ്ടേ? എന്നാൽ ഓഖിയുടെ സമയത്ത് ഞങ്ങൾക്ക് മുന്നറിയിപ്പ് കിട്ടിയതുമില്ല. അന്ന് കടലിൽ മൂന്നും നാലും ദിവസങ്ങളോളം കിടന്ന് തിരിച്ചുവന്നവർക്കൊന്നും ഇപ്പോൾ കടലിൽ പോകാൻ കഴിയുന്നില്ല. ഞങ്ങൾക്കും ദലിതർക്കും ആദിവാസികൾക്കും നേരെയുള്ള സർക്കാർ സമീപനം വംശഹത്യാപരമാണ്.” മാഗ്ലിൻ പറയുന്നു.

പകർച്ചവ്യാധിയെ നേരിടാൻ ഉണ്ടാക്കിയ നിയമം കൊണ്ട് കോവിഡ് പോലുള്ള ഒരു മഹാമാരിയെ നേരിടുന്നതിലെ പരിമിതികൾ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കേരളം ഇനിയും ദീർഘകാലം കോവിഡിനൊപ്പം ജീവിക്കേണ്ടിവരും എന്നാണ് പുതിയ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനമായി വിലയിരുത്തപ്പെടുന്ന ഇമ്മ്യൂണിറ്റി പാസ്പോർട്ട് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്. സാമൂഹിക അകലം പാലിച്ചില്ല എന്ന് ആരോപിച്ച് ജനങ്ങൾക്കുമേൽ പിഴ ചുമത്തുന്ന ആഭ്യന്തര വകുപ്പിന് തന്നെയാണ് വാക്സിനേഷൻ സെന്ററുകളിൽ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള ചുമതല. എന്നാൽ, അവിടെ ആൾക്കൂട്ടം നിയന്ത്രിക്കപ്പെടാതെ പോകുന്നത് പതിവ് കാഴചയായി മാറിരിക്കുന്നു. ചുരുക്കത്തിൽ, ഒരുവർഷത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളാൽ ദുരിതത്തിലായ ജനങ്ങളെ കൂടുതൽ നിരാലംബരാക്കുകയാണ് സർക്കാരിന്റെയും പൊലീസിന്റെയും കോവിഡ്കാല അച്ചടക്കം.

(സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് മൃദുല ഭവാനി)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 6, 2021 4:01 pm