മാതൃത്വം നഷ്ടപ്പെട്ട കേരളം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഈയിടെ മുതിർന്ന പത്രപ്രവർത്തകനും മനുഷ്യസ്നേഹിയുമായ സ്നേഹിതൻ ചോദിച്ചു, “എന്തുകൊണ്ടാണ് കേരളത്തിൽ ശ്രീനാരായണ ​ഗുരുവിന് ശേഷം ഇങ്ങേയറ്റം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഒരു സാംസ്കാരിക വളർച്ച ഉണ്ടായില്ല?” അദ്ദേഹം കൂട്ടിച്ചേർത്തു, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അപൂർവ്വം നന്മകൾ, നക്സൽ പ്രസ്ഥാനം, അടിയന്തരാവസ്ഥയിലെ ചെറുത്തുനിൽപ്പുകൾ, ചില നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ വളർച്ചയും പതനവും, ഇതെല്ലാം അദ്ദേഹം വകവെച്ചു കാണുന്നുണ്ട്. എന്നാൽ അവയൊന്നും സാംസ്കാരിക വളർച്ചയായി കാണാൻ കഴിയില്ല.

ഈ തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന്റെ ചോദ്യം അതീവ പ്രസക്തമാണ്. അദ്ദേഹത്തിന് ഒരുത്തരം നൽകാൻ കഴിഞ്ഞില്ല. ഞാൻ എഴുതാൻ പോകുന്നതും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ വഴിയില്ല. തൃപ്തിപ്പെടുത്തരുതെന്നാണ് എന്റെയും വിചാരം. അതല്ല എന്ന് അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ പിന്നെ എനിക്ക് സ്വയം ചോദിക്കാമല്ലോ, നവീകരിക്കാമല്ലോ.

ഒറ്റവാചകത്തിൽ എന്നിലുദിച്ച ഉത്തരമാണ് ഈ കുറിപ്പിന്റെ തലവാചകം. കുറച്ചുകൂടി കടുപ്പിച്ച് പറഞ്ഞാൽ റാം മോഹൻ ലോഹ്യയുടെ വാക്കുകളിൽ,​ “ഗർഭം കൊടുത്ത ​ഗർഭപാത്രം തന്നെ ചവിട്ടിപ്പൊളിക്കുന്നവരാണ് പുരുഷന്മാരിൽ ഭൂരിഭാ​ഗവും”.

Representative image

യൂറോപ്യൻ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപോത്പന്നമായിട്ടാണ് മാർക്സിസം ഉണ്ടാകുന്നത് എന്നാണ് എന്റെ പക്ഷം. അതിനാൽ തന്നെ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ സ്ഥായീഭാവമായ ആണത്തം അതിൽ കടന്ന് കൂടിയിട്ടുണ്ട്. മാർക്സും ഏം​ഗൽസും അതിനെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും ലെനിൻ, സ്റ്റാലിൻ, മാവോ തുടർച്ച അതാണ് കാണിക്കുന്നത്. ഏതാണ്ട് അഞ്ഞൂറ് വർഷത്തെ കൊളോണിയലിസത്തിന്റെ പ്രകൃതം വെട്ടിപ്പിടുത്തം, കീഴ്പ്പെടുത്തൽ, നശീകരണം എന്നിവയാണ്. നേഷൻ സ്റ്റേറ്റ്, ജനാധിപത്യം എന്നൊക്കെയുള്ളത് വെറും ഉപോത്പന്നങ്ങൾ മാത്രം. ക്രിസ്തുമത്തിലെ ആൺകോയ്മയാണ് കൊളോണിയലിസത്തിന് ‘ആത്മീയ പരിവേഷം’ നൽകിയത്. ബൈബിളിലെ പുതിയ നിയമത്തിന് പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒറ്റ സ്ത്രീപോലുമില്ല. അതേസമയം ക്രിസ്തുവിന്റെ അനുയായികളിൽ ബഹുഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. കാരുണ്യപ്രതീകമായ ബുദ്ധന് പോലും സ്ത്രീയെ സം​ഘത്തിൽ ചേർക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. പോറ്റമ്മയുടെ നിസ്സഹകരണ സമരമാണ് അവസാനം സ്ത്രീകൾ ഭിക്ഷുണിമാരാവാൻ കാരണം. ഇന്ന് ലോകത്തിന്റെ മൂന്നിലൊന്ന് ഭാ​ഗങ്ങളിലെ ജനങ്ങൾ വിശ്വസിക്കുന്ന ഇസ്ലാം മതം തീർത്തും പുരുഷമേധാവിത്വത്തിന്റേതാണ്. എല്ലാ സംഘടിതമതങ്ങളും സ്ത്രീയെ രണ്ടാംകിടക്കാരായിട്ടാണ് കാണുന്നത്. ക്രിസ്തുമതത്തിൽ രണ്ടായിരം കൊല്ലത്തിനിടെ ഒരു വനിതാ പോപ്പോ വനിതാ കർദ്ദിനാളോ ബിഷപ്പോ ഉണ്ടായിട്ടില്ല. എന്തിന് കന്യാസ്ത്രീക്ക് കുർബാന ചെയ്യാൻ അവകാശമില്ല. കുമ്പസാരക്കൂട്ടിൽ ആണത്തമുള്ള അച്ഛനോട് യൗവനയുക്തയായ ക്രിസ്തീയ യുവതി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എന്ത് കുമ്പസാരമാണ് നടത്തുക? ഹിന്ദുമതത്തിലും അതിന്റെ പുതിയ രൂപമായ ഹിന്ദുത്വയിലും സ്ത്രീ വെറും അടിമയാണ്. ‘ന സ്ത്രീ സ്വാതന്ത്ര്യ മർഹതി’ എന്ന് മനുസ്മൃതിയിലുള്ളത് ആർ.എസ്.എസ് അനുഷ്ഠിക്കുന്നുണ്ട്, പുറമേയ്ക്ക് ചില ജാലവിദ്യകൾ കാണിച്ചാലും. ഇസ്ലാം മതത്തിൽ സ്ത്രീ വെറും ഭോഗോപകരണം. പ്രബുദ്ധകേരളത്തിലെ ഒരു മുസ്ലീം മഹാപണ്ഡിതൻ പറഞ്ഞത് സ്ത്രീക്ക് മാസമുറയുള്ളതുകൊണ്ട് മുസ്ലീം പുരുഷന് രണ്ട് വിവാഹമാകാം എന്നാണ്. ഇനി രണ്ട് സ്ത്രീകൾക്കും ഒരേ സമയം മാസമുറ സംഭവിച്ചാൽ മൂന്നാമതും ആവാമല്ലോ! അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൽ നാലാം ക്ലാസോടെ പെൺകുട്ടിയുടെ വിദ്യാഭ്യാസം അവസാനിക്കുന്നു. ഖൊമൈനിമാർ ഭരിക്കുന്ന ഇറാനിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ല. ബ്രിട്ടണിൽ പോലും സ്ത്രീയ്ക്ക് വോട്ടവകാശം ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ഇസ്ലാം അതിന്റെ ശരീയത്ത് നിയമം വലിച്ചുകീറി കളയാത്തിടത്തോളം ആ മതം ആണിന്റെ പരമാധികാരമായി നിലനിൽക്കും. നമ്മുടെ കേരളത്തിൽ കണ്ണുകൾ മാത്രം പുറത്തുകാട്ടുന്ന വസ്ത്രങ്ങൾ ധരിച്ച് പോകുന്ന മസ്ലീം സ്ത്രീകളെ കാണുമ്പോൾ വിഷമം തോന്നും, ഇതാണോ ദൈവീകത!

ഇനി നമുക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാം. സ്വാതന്ത്ര്യ സമരത്തിലാണ് ലോകത്ത് ആദ്യമായി, ആയിരക്കണക്കിന് സ്ത്രീകളുടെ മുന്നേറ്റമുണ്ടാകുന്നത്. കോൺ​ഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ സ്ത്രീകൾ പതിയെ പുറന്തള്ളപ്പെട്ടു. സ്ത്രീകൾ പേരിന് മാത്രമായി. ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ എത്ര സ്ത്രീ സ്ഥാനാർത്ഥികൾ കോൺ​ഗ്രസിനുണ്ട്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പുരുഷനിരതന്നെയുള്ളപ്പോൾ മരുന്നിന് പോലും സ്ത്രീയുടെ പേരില്ല. ഇനി മാർക്സിസ്റ്റ് പാർട്ടിയുടെ അവസ്ഥ നോക്കാം. അവർ പൊതുവെ പുരോ​ഗമനവാദികളാണല്ലോ. ഈ തെരഞ്ഞെടുപ്പിൽ അവർക്ക് ഒരേയൊരു സ്ഥാനാർത്ഥിയേയുള്ളൂ. അത് 81 കാരനായ സാക്ഷാൽ മുഖ്യമന്ത്രിയാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും എൽ.ഡി.എഫിന് ഒരേയൊരു സ്ഥാനാർത്ഥിയേയുള്ളൂ.

Representative image

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തത് സ്ത്രീകളുടെ ആത്മബലത്താലാണ്, ബലിയാലാണ്. എപ്പോഴെങ്കിലും ഈ പാർട്ടിയിൽ അഖിലേന്ത്യാ സെക്രട്ടറി സ്ത്രീയായിട്ടുണ്ടോ? കേരളത്തിൽ ഒരു മുഖ്യമന്ത്രി? ‘കേരംതിങ്ങും കേരള നാട്ടിൽ കെ.ആർ ​ഗൗരി നാടുഭരിക്കും’ എന്ന് പണ്ടൊക്കെ ഞങ്ങളും മൂളിയതാണ്. ആ അഭിമാനിയും തന്റേടിയുമായ സ്ത്രീയെ ചവിട്ടിപ്പുറത്താക്കുന്നതിൽ ഇ.എം.എസ്സിനും നായനാർക്കും അച്യുതാനന്ദനും പിണറായിക്കും എം.വി.ആറിനുമൊക്കെ പങ്കുണ്ട്. പിണറായിക്ക് പകരം ഒരു ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ പറ്റില്ലേ? ഇന്നവർ മുഖ്യമന്ത്രി പറയുന്ന വിഡ്ഢിത്തങ്ങളും ജല്പനങ്ങളും ആവർത്തിച്ച് ഒതുങ്ങിക്കഴിയുന്നു. ഇന്നേവരെ ആ പാർട്ടിയിൽ ഒരു വനിതാ സ്റ്റേറ്റ് സെക്രട്ടറി ഉണ്ടായിട്ടില്ല. കോൺ​ഗ്രസിലും അങ്ങനെ തന്നെ – ജില്ലാ സെക്രട്ടറി പോലും.

കേരളത്തിലെ നക്സൽ പ്രസ്ഥാനവും മന്ദാകിനിയേയും അജിതയേയും ഒഴിച്ചുനിർത്തിയാൽ, പൂർണ്ണമായും ആൺകോയ്മയുടേയാതിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യമെടുത്താൽ പെണ്ണിന്റെ അവസ്ഥയും ആണിന്റെ മഠയത്തരവും കൂടുതൽ മനസ്സിലാകും. ക്രിസ്ത്യൻ പള്ളിയിൽ, മാസമുറയുടെ പേരിൽ പ്രവേശനം നിഷേധിക്കുന്നില്ല. ഹിന്ദുക്ഷേത്രങ്ങളിൽ, പെണ്ണുങ്ങൾ തന്നെ, അയ്യോ ഭ​ഗവതി കോപിക്കും, ഭ​ഗവാൻ കാണും എന്നൊക്കെ സ്വയം പറഞ്ഞ് മാസമുറയുള്ള ദിവസങ്ങളിൽ അമ്പലത്തിൽ പോകാറില്ല. പുരുഷമേധാവിത്തം അവരുടെ തലച്ചോറിനെ അങ്ങനെ ‘വയർ’ ചെയ്തിരിക്കുകയാണ്. മാസമുറയിൽ എന്ത് അശുദ്ധിയാണ് പെണ്ണിനുള്ളത്? പുല‍ർച്ചെ ആറ് മണിക്ക് ഭാര്യയെ ഭോ​ഗിച്ച്, കുളിച്ച് അമ്പലത്തിൽ പോകാൻ പുരുഷന് ഒരു വിലക്കുമില്ല. ശുക്ലവും തീണ്ടാരിച്ചോരയും തമ്മിൽ എന്താണ് വ്യത്യാസം? യഥാർത്ഥത്തിൽ മാസമുറയിലെ തീണ്ടാരിച്ചോര ഏറ്റവും പരിശുദ്ധമാണ്. കാരണം, അത് മാതൃത്വത്തിന്റെ അടയാളമാണ്. മാസമുറയില്ലെങ്കിൽ സ്ത്രീക്ക് ​ഗർഭം ധരിക്കാൻ കഴിയില്ല. ​ഗർഭധാരണത്തിലേക്കുള്ള പരിശുദ്ധമായ വഴിയണ് മാസമുറ. അതില്ലെങ്കിൽ ഈ ഭൂമിയിൽ ഒരു പുരുഷനും ഉണ്ടാകില്ല, ജനിക്കില്ല. മോദിയുമില്ല, പിണറായിയുമില്ല. മുസ്ലീം പണ്ഡിതനുമില്ല, ഈ ഞാനുമില്ല. പിന്നെ എന്തിന്റെ പേരിലാണ് സ്ത്രീയെ മാസമുറയുടെ പേരിൽ അമ്പലത്തിൽ നിന്നും അകറ്റി നിർത്തുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിൽ (12-50 വയസ്) പുരോ​ഗമനവാദികളായ മാർക്സിസ്റ്റുകാരും ​ഗാന്ധിയൻ പൈതൃകം അവകാശപ്പെടുന്ന കോൺ​ഗ്രസും (ബി.ജെ.പിയെ വിടുക, അവർ മനുസ്മൃതിയുടെ ആൾക്കാരാണല്ലോ. അവർക്ക് സ്ത്രീ വെറും ഉപകരണം മാത്രം) കാണിക്കുന്ന കോപ്രായങ്ങൾ അശ്ലീലമാണ്. ഉന്നതാധികാര കോടതിപോലും മാസമുറയിൽ കുടുങ്ങി, സ്ത്രീപ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യതകൾ ഇന്നത്തെ രാഷ്ട്രീയാവസ്ഥയിൽ തള്ളിക്കളയാനാവില്ല. ഭൂരിപക്ഷ വർ​ഗീയത കണിക്കിലെടുത്താണല്ലോ ബാബറിപള്ളി സ്ഥിതി ചെയ്തിരുന്ന ഭൂമി അമ്പലം പണിയാൻ സുപ്രീംകോടതി വിട്ടുകൊടുത്തത്.

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം വനിതാ സംവരണമുണ്ട്. പക്ഷേ, എത്ര സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായും സുതാര്യമായും തീരുമാനമെടുത്ത് നടപ്പാക്കാനുള്ള ഇടങ്ങളുണ്ട്. ഒന്നുകിൽ പുരുഷന്മാരായ വൈസ് പ്രസിഡന്റ് അല്ലെങ്കിൽ ബലവാനയ പുരുഷ അം​ഗം, അതുമല്ലെങ്കിൽ ഭർത്താവ്, പോരാത്തതിന് ലോക്കൽ സെക്രട്ടറി, ഏരിയാ സെക്രട്ടറി എന്നീ പുരുഷപ്രജകൾ അവരെ ഞെരിക്കും. മറ്റ് പാർട്ടികളും വ്യത്യസ്തമല്ല. ജനവിരുദ്ധ തീരുമാനങ്ങളെടുപ്പിക്കും. നിക്ഷിപ്ത താത്പര്യങ്ങൾ നടപ്പാക്കും. ചെറുത്തുനിന്നാൽ ‘പടിക്ക് പുറത്താകും’. വാസ്തവത്തിൽ അധികാരവികേന്ദ്രീകരണം എന്നതല്ല, കേന്ദ്രീകൃത സ്രോതസ്സിൽ നിന്നുള്ള അധികാര കല്പനകൾ നടപ്പിലാക്കാനുള്ള ചട്ടുകങ്ങളാണ് സ്ത്രീകൾ. ഒരുകാലത്ത് ‘കുടുംബശ്രീ’ ഏഷ്യയിലെത്തന്നെ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായിരുന്നു. ഇന്നത് പരസ്പരം പലിശയ്ക്ക് കടം കൊടുക്കുന്ന കേന്ദ്രങ്ങളാണ്. ആരോ​ഗ്യരം​ഗത്തെ തന്നെ ആശാവർക്കർമാരായ ​ഗ്രാസ്റൂട്ട് വർക്കേഴ്സ് ആണ് രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ആ പാവപ്പെട്ട ദലിത് സ്ത്രീകളെ (ഭൂരിഭാ​ഗവും) അവർ തങ്ങളുടെ കീഴിലല്ല എന്ന ഒറ്റക്കാരണത്താൽ ഒരു വർഷം മഴയത്തും വെയിലത്തും നിർത്തി പാർട്ടി ആണത്തം വിജ​ഗീഷുവായി. എന്തുകൊണ്ട് ഹരിതകർമ്മസേനയിൽ ആണുങ്ങളില്ല. അന്യന്റെ കുപ്പയെടുക്കാൻ ഇന്നും സ്ത്രീമതിയെന്ന ആപ്തവാക്യം സ്ത്രീകളും അം​ഗീകരിക്കുകയാണ്. സ്ത്രീകളെ സ്വതന്ത്രമാക്കിയാൽ, ഒരു പഞ്ചായത്തിന്റെ മാലിന്യം സംസ്കരിക്കാനും ജൈവവൈവിധ്യം നിലനിർത്താനും പുതിയ തൊഴിൽരൂപങ്ങൾ കണ്ടെത്താനും അവർക്ക് കഴിയും. അവരുടെ കാലിൽ പുരുഷന്റെ ചങ്ങല വീഴുന്നില്ലെങ്കിൽ! തലയിൽ പുരുഷന്റെ ആണത്തം കയറുന്നില്ലെങ്കിൽ.

പത്രലോകം, ചാനലുകൾ, സിനിമ, നാടകം എന്നീ മാധ്യമങ്ങളിൽ പുരുഷമേധാവിത്തം ഉള്ളത് പരക്കെ അറിയാവുന്നതാണ്. നടന്റെ കേസ്സിൽ, ഒരു സ്ത്രീക്കുണ്ടായ അപമാനം മറ്റൊരു സ്ത്രീക്ക് ഉണ്ടാകാതിരിക്കാൻ, നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ തന്നെയാണ് ഒരു സ്ത്രീയ്ക്ക് എതിരെ വിധി പ്രസ്താവിച്ചത്. പത്രലോകത്ത് കേരളത്തിൽ ഒരു സ്ത്രീ പത്രാധിപർ ഉണ്ടായിട്ടുണ്ടോ? ഏറിവന്നാൽ ഒരു ന്യൂസ് എഡിറ്റർ?

ഇന്ത്യൻ അവസ്ഥ ഇതിനേക്കാൾ ഭയാനകമാണ്. അവിടെ മനുസ്മൃതിയും സവർക്കറിസവും ​ഗോൾവാൾക്കറിസവും എന്നും സ്ത്രീയ്ക്കെതിരാണ്. ആർ.എസ്.എസിന്റെ പാഠപുസ്തകത്തിൽ സ്ത്രീ ഉത്തമപുരുഷന്മാരെ സൃഷ്ടിക്കാനുള്ള ​ഗർഭപാത്രങ്ങളാണ്. ​ഗോഡ്സെ ​ഗാന്ധിയെ വധിക്കുന്നതിന് ഒരു കാരണം ​ഗാന്ധി സ്ത്രൈണനാണെന്നാണ്. സവർക്കറും ​ഗോൾവൾക്കറും സ്ത്രീ വിരോധികളായിരുന്നുവെന്നതിനും തെളിവുണ്ട്. പ്രധാനമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത് തന്റെ ‍നെഞ്ചളവ് ഉയർത്തിപ്പിടിച്ചാണ്. സോണിയാ ​ഗാന്ധിയെ ജഴ്പസിപശുവായിട്ടാണ് അദ്ദേഹം കണ്ടത് (രാജ്ദീപ് സർദേശായി). ലോകാവസ്ഥയിൽ ട്രമ്പും നെതന്യാഹുവുമെല്ലാം ചാറ്റലുകളായാണ് കാണുന്നത്. ട്രമ്പിന് സ്ത്രീ ‘ഫക്കിങ്ങി’നുള്ള ഒരു ഉപകരണം മാത്രം. ഇതൊക്കെ കാണുമ്പോൾ നാം അറിയാതെ ചോദിച്ച് പോകും, ഇവരൊന്നും അമ്മയുടെ ​ഗർഭ​പാത്രത്തിൽ നിന്ന് പുറത്തുവന്നവരല്ലേ?

Representative image

ഇന്നത്തെ ഭൂമിയുടെ അവസ്ഥയ്ക്ക് കാരണം അഞ്ഞൂറുകൊല്ലത്തെ കൊളോണിയലിസമാണ്, ആൺകോയ്മയാണ്. ഭൂമിയെ എല്ലാ വിധത്തിലും അതിക്രൂരമായി അപമാനിച്ചതിന്റെ ഫലമാണ്. ഗ‍ർഭം തന്ന ​ഗർഭപാത്രം തന്നെ ചവിട്ടുപ്പൊളിക്കുന്നവരാണ് പിണറായിമാരും മോദിമാരും ട്രമ്പുമാരും നെതന്യാഹുമാരും…. നമ്മുടെ ഇന്നത്തെ അടിയന്തരമായ ആവശ്യം ഇവരിൽ നിന്നും നമ്മുടെ ഭൂമിയെ രക്ഷിച്ചെടുക്കലാണ്.

ആണത്തം അഹങ്കാരമായി അണിഞ്ഞുനടക്കുന്ന ഒരു പുരുഷനും അതിന് കഴിയില്ല. പെണ്ണിൽ ആണത്തമുണ്ടെങ്കിൽ അവർക്ക് സാധിക്കില്ല. മാതൃഭാവം പെണ്ണിലും ആണിലുമുണ്ട്. മാതൃഭാവമുള്ള ആണിന്, മണ്ണറിയാം, ചെടിയറിയാം, ജലവും, വായുവും, അ​ഗ്നിയുമറിയാം. അതയാളുടെ മാതൃഭാവമാണ്. പെണ്ണിന് സ്വതസിദ്ധമായി ഈ മാതൃഭാവമുണ്ട്. ആണത്തം കയറിയാൽ അത് നശിക്കും. ആണിലും പെണ്ണിലുമുള്ള മാതൃഭാവമാണ് ഈ ഭൂമിയെ അതിജീവിപ്പിക്കുക. ഇനിയും ആൺകോയ്മയുടെ പേരിൽ വോട്ടുകൾ നേടി, വൈവിധ്യങ്ങൾ നശിപ്പിച്ച്, സംവാദങ്ങൾ ഇല്ലാതാക്കി, ജനാധിപത്യത്തെ കുഴിച്ച് മൂടുകയാണെങ്കിൽ നമ്മുടെ കുഞ്ഞുമക്കൾക്ക് കൊടുക്കാൻ നമുക്ക് ആരോ​ഗ്യമുള്ള ഒരു ഭൂമിയുണ്ടാവില്ല. അതിനാൽ എല്ലാ നിലയ്ക്കും ആൺകോയ്മയെ നിഷേധിക്കുക. മാതൃഭാവത്തെ സ്പർശിക്കുക, അറിയുക. ആ പച്ചില ഉയർത്തിപ്പിടിക്കുക. അത് ജീവനുള്ള ഭൂമിയുടെ ജൈവികവും ആത്മീയവുമായ അടയാളമാണെന്നറിഞ്ഞ്. നമുക്ക് ദേശസ്നേഹത്തിന്റെ നേഷൻ സ്റ്റേറ്റുകൾ വേണ്ട. ജാതിയും മതങ്ങളും ലിം​ഗഭേ​ദങ്ങളും വേണ്ട. മനുഷ്യൻ ജൈവശൃംഖലയുടെ ഒരു കണ്ണിമാത്രമാണ്. ആ ജൈവീകതയാകട്ടേ, അജൈവീകതയുമായി നിരന്തരമായ സംവാദത്തിലാണ്. ദയവ് ചെയ്ത് ആ സംവാദത്തെ അം​ഗീകരിക്കുക, ആദരിക്കുക, സ്നേഹിക്കുക.

പ്രതീക്ഷ ഇല്ലാതായിട്ടില്ല. പിണറായിമാരിലും മോദിമാരിലും ട്രമ്പുമാരിലും നെതന്യാഹുമാരിലുമല്ല. പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയിലുള്ള നമ്മുടെ പെൺമക്കളിലാണ്. മാതൃമനസ്സ് തൊട്ടറിയുന്ന ഇതേ പ്രായത്തിലുള്ള ആൺകുട്ടികളിലാണ്. അവർ സത്യസന്ധരും സുതാര്യരുമാണ്. പ്രത്യക്ഷ, പ്രകട രാഷ്ട്രീയങ്ങളില്ല. ശാന്തിപ്രിയരാണവർ. അവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്കറിയാം കാര്യങ്ങളുടെ ​ഗതി. കരുണയും സ്നേഹവും അവരിലുണ്ട്. സ്വതന്ത്രരാണ്… അവരീ ഭൂമിയെ അതിജീവിപ്പിക്കും. എങ്ങിനെയെന്ന് പറയാനാകില്ല. പക്ഷേ, നാം അവർക്ക് അവരുടേതായ സ്പെസുകൾ കൊടുക്കണം. അവരെ നമ്മുടെ ദർശന-ആശയങ്ങളാൽ കലുഷമാക്കരുത്. അവർ വിദ്യാലയങ്ങളിൽ നിന്നല്ല പഠിക്കുന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണ്.

Also Read

6 minutes read April 8, 2026 2:31 pm