നെല്ലില്‍ വിളഞ്ഞ കീഴാളജീവിതം

ആദിവാസികളുടെ ജീവിതം തനിമയോടെ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റ് എന്ന നിലയിലാണ് പി വത്സല സാഹിത്യത്തില്‍ സ്ഥാനം നേടുന്നത്. നെല്ല് എന്ന നോവലിലൂടെ വയനാട്ടിലെ ആദിവാസികളുടെ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമായ ജീവിതം വത്സല വരച്ചിട്ടു. ജന്മികുടിയാന്‍ ബന്ധങ്ങള്‍, കാര്‍ഷിക ഭൂനിമയങ്ങള്‍ എന്നീ വിഷയങ്ങളും വത്സലയുടെ ആദ്യ നോവലുകളില്‍ ഇടംപിടിച്ചു. ആദിവാസികളുടെ വിശ്വാസങ്ങളും ആചാരങ്ങളും നിരീക്ഷിക്കുകയും എഴുത്തില്‍ പകര്‍ത്തുകയും ചെയ്ത മറ്റൊരു എഴുത്തുകാരി ഉണ്ടാവില്ല. കലാപരമായ നൈപുണ്യത്തോടൊപ്പം സാമൂഹികബോധവും പ്രതിബദ്ധതയും വത്സലയുടെ എഴുത്തുജീവിതത്തിന്റെ കൊടിയടയാളങ്ങളാണ്. നെല്ലിന് പുറമെ ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവലുകളും വയനാടിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുത്തവയാണ്.

പി വത്സലയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിക്കുന്നു.

ആദിവാസികളുടെ പ്രധാന പ്രശ്‌നം വിശപ്പാണെന്ന് നെല്ല് നമ്മെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമകളും കര്‍ഷകരും അരിയും നെല്ലും സംഭരിച്ചുവെക്കുന്നു. ക്ഷാമവും ദാരിദ്ര്യവും തിമര്‍ത്ത് പെയ്യുന്ന മഴക്കാലത്ത് അവര്‍ പട്ടിണിയാവുന്നില്ല. എന്നാല്‍ മണ്ണില്‍ പൊന്നുവിളയിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന ആദിവാസികള്‍ക്ക് വിശപ്പടക്കാന്‍ വഴിയില്ല. ഈ അടിസ്ഥാനപ്രശ്‌നമാണ് നെല്ല് എന്ന നോവല്‍ പ്രമേയമാക്കുന്നത്. കാടിന്റെ വിജനതയില്‍ കാവല്‍പണി ചെയ്യുന്ന മല്ലനും കൃഷിയിറക്കി ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന വെളുത്തചുണ്ടെലിയും മകള്‍ മാരയും എല്ലാം അവ്യവസ്ഥ നിറഞ്ഞ ആദിവാസിജീവിതത്തിന്റെ അടയാളങ്ങളാണ്. കാട്ടുപൂച്ചയെപോലെ ഉള്ള് കരളുന്ന വിശപ്പാണ് മല്ലനെ തീര്‍ത്തും അസ്വസ്ഥമനാക്കുന്നത്. കാടിന്റെ ഭീതിതമായ വന്യതയും ഏകാന്തതയും കൊടുംതണുപ്പും സഹിക്കാവുന്നതാണ്. എന്നാല്‍ വിശപ്പിനെ നേരിടാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാവിത്രി വാരസ്യാരുടെ വിളി കേള്‍ക്കുമ്പോഴേക്ക് അവന്‍ വാഴയുടെ കൂമ്പിലയും പറിച്ച് ഓടുന്നു.

നെല്ല്, കവർ

കാലത്തിന്റെ വേലിയേറ്റത്തിലും കടുകിടെ തെറ്റാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞതാണ് ആദിവാസികളുടെ ജീവിതം. മരണവും വിവാഹവും തിരണ്ടുകല്യാണവും എല്ലാം അവര്‍ക്ക് സവിശേഷമായ ആചാരങ്ങളാണ്. പണച്ചെലവുള്ള കാര്യവുമാണ്. അതുകൊണ്ടുതന്നെ അവര്‍ നിരന്തരം ഭൂവുടമകളില്‍ നിന്ന് കടം വാങ്ങുന്നു. ഒരു ആയുസ്സിന്റെ അധ്വാനം മുഴുവന്‍ ഇങ്ങനെ പണയപ്പെടുത്തുന്ന അവരുടെ ദൈന്യജീവിതമാണ് പി വത്സല നെല്ലില്‍ ചിത്രീകരിക്കുന്നത്. ഒരു കഷ്ണം പുകയിലക്കുവേണ്ടി അധ്വാനം മുഴുവന്‍ അടിയറവെക്കുന്ന ആദിവാസികളും അവരെ നിരന്തരം ചൂഷണം ചെയ്യുന്ന വ്യാപികളും ഇവിടെയുണ്ട്.

കാര്‍ഷികവൃത്തികൊണ്ട് രക്ഷ കിട്ടാതെ മല്ലന്‍ കൂപ്പിലെ ജോലിക്ക് പോവുകയാണ്. എന്നാല്‍, പരിചയമില്ലാത്ത തൊഴിലന്തരീക്ഷം മല്ലന്റെ ആരോഗ്യം തകര്‍ക്കുന്നു. മതിയായ ചികിത്സ ലഭിക്കാതെ അയാള്‍ മരണത്തിന് കീഴടങ്ങുന്നു. ആദിവാസികളുടെ ജീവിതത്തിന് പുതിയ അടുക്കും ചിട്ടയും വേണമെന്ന് ആഗ്രഹിക്കുന്ന രാഘവന്‍ നായര്‍ എന്ന കര്‍ഷകന്‍ മല്ലന്റെ മരണത്തോടെ അനാഥയായ മാരയ്ക്ക് ജീവിതം നല്‍കാന്‍ തയ്യാറാവുന്നു. അതൊരു പുതിയ ജീവിതസംസ്‌കാരത്തിന്റെ അടയാളമായി മാറുന്നു. അയിത്തത്തിന്റെയും അനാചാരങ്ങളുടെയും വേലികെട്ടുകളില്ലാത്ത പുതിയ പ്രഭാതത്തെ തേടുകയാണ് മാരയും രാഘവന്‍നായരും. അങ്ങനെ നെല്ല് പ്രത്യാശയുടെ കഥയായി രൂപാന്തരപ്പെടുന്നു.

ആ​ഗ്നേയം, കവർ

വയനാട്ടിലെ കാര്‍ഷികജീവിതം തന്നെയാണ് ആഗ്നേയം എന്ന നോവലിന്റെ പ്രമേയം. നങ്ങേമ എന്ന സ്ത്രീയുടെ പോരാട്ടജീവിതമാണ് ഇതില്‍ തെളിയുന്നത്. പാലക്കാട് നിന്ന് വയനാട്ടില്‍ എത്തുന്ന നങ്ങേമക്ക് വന്യമൃഗങ്ങളോട് മാത്രമല്ല, താണ്ഡവമാടുന്ന പ്രകൃതിയോടും ഏറ്റുമുട്ടേണ്ടിവരുന്നു. സെയ്തിനെപ്പോലെ ആദിവാസികളെയും മറ്റും ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ ഇവിടെയുണ്ട്. അവരെ തോല്‍പിക്കാന്‍ വീടിന്റെ പടിപ്പുരയില്‍ കച്ചവടം തുടങ്ങാനും നങ്ങേമ തയാറാവുന്നു. കാലിന് പൊള്ളലേറ്റിട്ടും വിശ്രമമില്ലാതെ ഓടിനടക്കുന്ന നങ്ങേമയുടെ സംഘര്‍ഷഭരിതമായ ജീവിതം തന്നെയാണ് ആഗ്നേയം. കാലിന് മാത്രമല്ല, അവരുടെ മനസ്സിനും പൊള്ളലേല്‍ക്കുന്നുണ്ട്. അത് സഹജീവികളുടെ ദൈന്യത കണ്ടിട്ടാണ് എന്നു മാത്രം.

വര്‍ഗീസിനെ പോലുള്ള വിപ്ലവകാരികളുടെ ഇടപെടല്‍ വയനാടിനെ എങ്ങനെ മാറ്റി എന്നതും ആഗ്നേയം ചര്‍ച്ച ചെയ്യുന്നുണ്ട്. നെല്ലും അരിയും സംഭരിച്ചുവെക്കുന്ന കളപ്പുരകള്‍ കൊള്ളയടിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് ഒരു പുണ്യമായാണ് നോവലിലെ പൗലോസ് കരുതുന്നത്. ജന്മിയുടെ തല കൊയ്യാനും പൗലോസിനും സംഘത്തിനും മടിയില്ല. ഇത്തരം ചോര ചിന്തുന്ന സമരങ്ങളെ ന്യായീകരിക്കാന്‍ നങ്ങേമ തയാറല്ല. എന്നാല്‍, നിയമത്തിന്റെ മറവില്‍ പൗലോസ് എന്ന വിപ്ലവകാരിയുടെ ജീവനെടുക്കുന്ന പൊലീസിനെ അനുകൂലിക്കാനും അവര്‍ക്ക് വയ്യ. ഇത്തരം സന്ദിഗ്ധാവസ്ഥകളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്.

കൂമന്‍കൊല്ലി

കൂമന്‍കൊല്ലി മലയാളത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ നോവലുകളില്‍ ഒന്നാണ്. വയനാട്ടിലെ കാര്‍ഷികരംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങളും കര്‍ഷകരുടെ വീക്ഷണത്തില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഒപ്പം പരിസ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നോവല്‍ ചര്‍ച്ച ചെയ്യുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഗോപുരശൃംഗങ്ങള്‍ തകര്‍ന്നുവീഴുന്ന കാഴ്ച നോലവില്‍ കാണാം. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കൃഷിരീതികള്‍ക്ക് പകരം പുതിയ സമ്പ്രദായങ്ങള്‍ പരീക്ഷിക്കുന്നു. ആഗോളതാപനം തുടങ്ങിയ പരിസ്ഥിതി സംബന്ധമായ വാക്കുകള്‍ പ്രചാരണത്തില്‍ വരുന്നതിന് എത്രയോ മുമ്പുതന്നെ കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ കൂമന്‍കൊല്ലിയില്‍ പങ്കുവെക്കുന്നുണ്ട്. കുന്നുകള്‍ ഇല്ലാതാകുന്നതും മഴ കുറയുന്നതും തണുപ്പ് കുറയുന്നതും ചൂട് കൂടുന്നതും കാട് വെട്ടിമാറ്റപ്പെടുന്നതും കൂമന്‍കൊല്ലിയുടെ അന്തരീക്ഷത്തില്‍ തെളിഞ്ഞുവരുന്ന സാമൂഹ്യദുരന്തങ്ങളാണ്. വയനാട്ടിലെ ആദിവാസികള്‍ സ്വയംനിര്‍ണയാവകാശത്തിന്റെ പരിധിയിലേക്ക് നീങ്ങിനില്‍ക്കുന്ന കാഴ്ചയും കൂമന്‍കൊല്ലിയില്‍ ചര്‍ച്ചയാവുന്നുണ്ട്. കൃഷ്ണനുണ്ണി എന്ന ഭൂവുടമക്ക് പഴയതുപോലെ ഭാരിച്ച ചാക്കുകെട്ടുകള്‍ ചുമക്കാന്‍ ആദിവാസി യുവാക്കളെ കിട്ടുന്നില്ല. അടിമത്ത സമ്പ്രദായം അവസാനിക്കുകയാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

ഏത് വിത്താണ് മണ്ണില്‍ ഇറക്കേണ്ടത് എന്ന സന്ദേഹം കര്‍ഷകര്‍ക്ക് അന്നുമുണ്ട്. അന്തക വിത്തുകളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നോവലില്‍ കാണാം. പലതരം നെല്‍വിത്തുകള്‍ തയാറാക്കി വെക്കുന്ന കൃഷ്ണന്‍ നമ്പീശന്‍ സ്വയം കൃഷി ചെയ്യുന്നില്ല എന്നതും ഓർക്കേണ്ടതാണ്. സത്യനാരായണന്‍ എന്ന കൃഷിക്കാരനാകട്ടെ വിവിധ വിത്തുകള്‍ പരീക്ഷിച്ച് വിജയം കൊയ്യുന്നു. കൃഷിയില്‍ മുന്നേറ്റം ഉണ്ടാവുമ്പോഴും ആദിവാസികളുടെ ജീവിതം ചൂഷണങ്ങളില്‍ നിന്ന് മുക്തമല്ല. മതംമാറ്റത്തിന്റെയും മറ്റും സാഹചര്യം ചൂഷണത്തിന് പുതിയ മുഖം നല്‍കുകയാണ്. വനംവകുപ്പ് ജീവനക്കാരുടെ തിട്ടൂരങ്ങളും ആദിവാസികളുടെ മേല്‍ ഭയത്തിന്റെ കറുത്ത കമ്പിളി പുതപ്പിക്കുന്നു. ആദിവാസികളുടെ ജീവിതം അവര്‍ വിചാരിക്കുന്നപോലെ നൈസര്‍ഗികമായിരിക്കണം എന്നാണ് പി വത്സല ചിന്തിച്ചത്. കാട്ടില്‍ ജനിച്ച് ജീവിച്ച ആദിവാസികളുടെ ജീവിതം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ നോവലില്‍ വിമര്‍ശിക്കുന്നുണ്ട്.

പി വത്സലയുടെ പിതാവ് കാനങ്ങോട്ട് ചന്തു വയനാട്ടിലെ എസ്‌റ്റേറ്റില്‍ റൈറ്റര്‍ ആയിരുന്നു. അങ്ങനെ അച്ഛനോടൊപ്പം ചെറുപ്പത്തില്‍ തന്നെ വത്സല വയനാട്ടില്‍ പോയിട്ടുണ്ട്. ആദിവാസികളുടെ ജീവിതം അങ്ങനെ നേരില്‍ കണ്ടു. ആ കാഴ്ചയുടെ ഫലമാണ് നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവല്‍ത്രയം. ജീവിതത്തിന്റെ അവസാനം വരെ വത്സല ആദിവാസികളുടെ ജീവിതത്തെപ്പറ്റി ആലോചിച്ചു എന്നു വേണം കരുതാന്‍. അസുഖമായി കിടക്കുന്നതുവരെ മധ്യവേനല്‍ക്കാലത്ത് വയനാട്ടില്‍ പോയി താമസിക്കാറുണ്ടായിരുന്നു. തിരുനെല്ലിയില്‍ ഒരേക്കര്‍ സ്ഥലത്ത് ടീച്ചര്‍ക്ക് വീടുണ്ട്. പല കൃതികളും എഴുതാന്‍ വയനാട്ടിന്റെ സ്വച്ഛമായ അന്തരീക്ഷം തെരഞ്ഞെടുക്കുന്നതും പതിവായിരുന്നു. അങ്ങനെ വയനാടുമായി വേര്‍പിരിയാനാവാത്ത ഒരു ബന്ധമാണ് അവരുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്.

പാളയം, കവർ

കൂട്ടുകുടുംബത്തില്‍ നിന്നാണ് പി വത്സല എന്ന എഴുത്തുകാരി എത്തുന്നത്. മലാപ്പറമ്പ് മുതല്‍ വെള്ളിമാട്കുന്ന് വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു വത്സല ജനിച്ച കാനങ്ങോട്ട് കുടുംബം. അച്ഛന്‍ കാനങ്ങോട്ട് ചന്തു ഡ്രൈവറായിരുന്നു. പിന്നീട് വയനാട്ടിലെ എസ്‌റ്റേറ്റില്‍ റൈറ്റര്‍ ആയി. അമ്മ പത്മാവതി ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. വത്സലയുടെ കുരുന്നുഭാവന തളിരും പൂവും ചൂടിയത് ഇങ്ങനെയാവും. 34 വര്‍ഷം അധ്യാപികവൃത്തിയില്‍ തുടര്‍ന്ന വത്സല സ്‌കൂള്‍ ജീവിതത്തെ അപഗ്രഥിക്കുന്ന പാളയം എന്ന നോവല്‍ എഴുതുകയുണ്ടായി. സര്‍വീസില്‍ 27 വര്‍ഷവും നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററിയില്‍ ആയിരുന്നു.

സ്ത്രീത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അടയാളപ്പെടുത്തുന്ന നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. പത്മപ്രഭാ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും വത്സലയെ തേടിയെത്തി. അരക്കില്ലം, ചാവേര്‍, വിലാപം, ആദിജലം, തകര്‍ച്ച ഗായത്രി എന്നിവയാണ് പ്രധാനപ്പെട്ട മറ്റു നോവലുകള്‍. അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉ്ച്ചയുടെ നിഴല്‍ തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി വത്സല

സാഹിത്യത്തില്‍ പെണ്ണെഴുത്ത്-ആണെഴുത്ത് എന്ന വേര്‍തിരിവിനോട് വത്സലക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സാറാജോസഫിനെ പോലുള്ളവരുടെ ആക്ടിവിസത്തിനോടും വത്സല ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ എഴുത്തിലെ രാഷ്ട്രീയബോധം അവര്‍ ഒരുകാലത്തും ഉപേക്ഷിച്ചില്ല. വത്സലയുടെ രചനകള്‍ ആദിവാസി ജീവിതം പ്രധാനമായി ചര്‍ച്ച ചെയ്യുമ്പോഴും അതിന് പുറത്തുള്ള സാമൂഹ്യാവസ്ഥകളും അഗാധമായി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീപക്ഷവായനയും ഇവിടെ സാധ്യമാണ്. അവര്‍ ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും. നിരൂപകര്‍ ആ വിധത്തില്‍ വത്സലയുടെ കൃതികളെ ഗൗരവപൂര്‍വം സമീപിച്ചു എന്ന് പറയാനാവില്ല. അവരുടെ കൃതികള്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട് എന്നത് വസ്തുതയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read