വീണ്ടും സമരം ചെയ്യേണ്ടി വരുന്ന എൻഡോസൾഫാൻ ദുരിതബാധിതർ

1976 ലാണ് സർക്കാർ നിയന്ത്രണത്തിലുള്ള പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹെലികോപ്ടർ വഴി കീടനാശിനി തളിച്ചുതുടങ്ങിയത്. എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ രൂപത്തിൽ പതിറ്റാണ്ടുകളോളം അത് തുടർന്നു, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ലീലാകുമാരിയമ്മ ഹൈക്കോടതിയിൽ നിന്ന് 2000 ഒക്ടോബർ 18ന് വിധി സമ്പാദിക്കുന്നതുവരെ. കേരളത്തിലെ എല്ലാ ജനങ്ങൾക്കുമറിയുന്ന ഒരു ദുരന്ത ഭൂമിയായി കാസർ​ഗോഡ് പിന്നീട് മാറുകയായിരുന്നു. ഇന്നും പിറന്നുവീഴുന്ന തലമുറകൾപോലും ജനിതക രോഗങ്ങൾക്ക് ഇരകളായിത്തീരുന്ന തരത്തിൽ കീടനാശിനികളുടെ പ്രഹരശേഷി കാസർ​ഗോഡിന്റെ മണ്ണിലും വായുവിലും വെള്ളത്തിലും പടർന്നിറങ്ങി. ദുരിതബാധിതരുടെ മുൻകൈയിൽ നടന്ന തുടർച്ചയായ സമരങ്ങളുടെ ഫലമായി നീതി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ വിവിധ സ്ഥാപനങ്ങളുടെ ഭാ​ഗത്ത് നിന്നും പല കാലങ്ങളിലും ഉണ്ടായി. കേരളം ഭരിച്ച ഇടത്-വലത് സർക്കാരുകൾ തങ്ങൾ ഇരകൾക്കൊപ്പമെന്ന് അനുതാപത്തോടെ ആവർത്തിച്ച് പറഞ്ഞു. കീടനാശിനി ലോബികൾക്കൊപ്പം എന്നും നിലയുറപ്പിച്ചിരുന്ന ചില കൃഷി ശാസ്ത്രജ്ഞരൊഴികെ സമൂഹം ഒന്നടങ്കം ദുരിതബാധിതരെ പിന്തുണച്ചു. പക്ഷെ, തീരുമാനങ്ങൾ നടപ്പിലാക്കപ്പെടാതെ പോകുന്നതും ഉദ്യോ​ഗസ്ഥരുടെ സമീപനങ്ങളും പലപ്പോഴും തിരിച്ചടിയായിത്തീരുകയാണ്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് മനുഷ്യർ തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും തുടരുകയാണ്. കോവിഡ് കാലത്ത് പെൻഷൻ മുടങ്ങിയതിനെതിരെ കഴിഞ്ഞ ചിങ്ങം ഒന്നിന് നടത്തിയ സമരത്തോടെ അവകാശ പോരാട്ടങ്ങൾ പുതിയ ദിശയിലേക്ക് കടന്നിരിക്കുന്നു. അതിന്റെ തുടർച്ചയായാണ് അർഹമായ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2021 ഒക്ടോബര്‍ 6-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിരിക്കുന്നത്. ദേശീയമനുഷ്യവകാശ കമ്മീഷനും സുപ്രീം കോടതിയും ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ പോലും പൂർണമായും നടപ്പിലാക്കപ്പെട്ടില്ല എന്നതാണ് സമരത്തിലേക്ക് വീണ്ടും തിരിയേണ്ടി വന്നതിന് ഒരു പ്രധാന കാരണം. മുൻ കാസർ​ഗോഡ് കലക്ടർ ഡോ. സജിത് ബാബു 24.7.2020 ന് സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് നൽകിയ അന്വേഷണ റിപ്പോർട്ട് ആണ് പുതിയതായി ഉടലെടുത്ത മറ്റൊരു പ്രതിസന്ധി. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്ന് കൂടിയിട്ടുണ്ടെന്നും അതുകൊണ്ട് പട്ടികയിൽ ഉൾപ്പെട്ട 6727 പേരെയും പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പുന:പരിശോധിക്കണമെന്നാണ് സജിത്ത് ബാബു പറയുന്നത്. സർക്കാരിന്റെ മേൽനോട്ടത്തിൽ വിദ​ഗ്ധ ഡോക്ടർമാരാണ് 2010 മുതൽ 2017 വരെ നടന്ന മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. വിവിധ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി സർക്കാർ അംഗീകരിച്ച ലിസ്റ്റ് തള്ളിക്കളയണം എന്ന കളക്ടറുടെ ആവശ്യത്തിനെതിരെ ഇരകളുടെ ഭാ​ഗത്ത് നിന്നും വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട 6727 പേരെയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച് പട്ടിക പുന:പരിശോധിക്കണമെന്നും സജിത്ത് ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും നടന്നു. എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കാൻ സാമൂഹ്യനീതി വകുപ്പിനു മുമ്പിൽ മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ട് തള്ളുക എന്നതുതന്നെയാണ് സെക്രട്ടറിയേറ്റ് പടിക്കലെ കുത്തിയിരിപ്പ് സമരത്തിലും ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം. അനർഹരുടെ പേരിൽ പട്ടിക വെട്ടിനിരത്തി എൻഡോസൾഫാൻ ദുരന്തമേ നടന്നിട്ടില്ലായെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് സജിത്ത് ബാബുവിന്റെ ഇടപെടലെന്ന് സമര പ്രവർത്തകർ പറയുന്നു.

കളക്ടര്‍ക്ക് അറിയുമോ സതീഷനെ ?

സതീഷന്‍

എൻഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെ ജനങ്ങളോട് സംസാരിക്കുമ്പോഴാണ്, ജില്ലാ അധികാരിയുടെ നിലപാടുകളിലെ മനുഷ്യത്വ വിരുദ്ധത ബോധ്യപ്പെടുക. രണ്ട് വയസ്സുകാരന്റെ മാനസികപക്വത മാത്രമുള്ള, അമ്മയെന്നല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ ശേഷിയില്ലാത്ത സതീഷന്‍ (37) ആണ് സജിത്ത് ബാബുവിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള അദ്യത്തെ അനര്‍ഹന്‍. സതീഷന്റെ വീട്ടിലാണ് അന്വേഷണത്തിനായി വിജിലന്‍സ് ആദ്യം എത്തുന്നതും. ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍തുക 2500 രൂപ സതീഷിന്റെ കുടുംബത്തിന് രണ്ട് തവണ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സജിത് ബാബുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 2010 ലും 2011ലും പഞ്ചായത്തില്‍ നടന്ന ക്യാംപുകളില്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സതീഷ് പങ്കെടുത്തിരുന്നു. രണ്ട് ക്യാംപുകളിലെയും പരിശോധന ഫലങ്ങൾ സതീഷൻ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള മാസം പെന്‍ഷന്‍ തുകയായ 2500 രൂപ രണ്ട് തവണ സതീഷന് ലഭിച്ചപ്പോള്‍ സതീഷന്റെ കുടുംബം പഞ്ചായത്ത് അധികൃതരെ അത് അറിയിച്ചിരുന്നു. ശേഷം അത്തരത്തില്‍ രണ്ട് തവണ പെന്‍ഷന്‍ ലഭിക്കുന്ന സംഭവം ഉണ്ടായിട്ടില്ലായെന്നും സതീഷന്റെ സഹോദരൻ സുരേന്ദ്രന്‍ പറയുന്നു.

കിട്ടാതെ പോകുന്ന വിദ​ഗ്ധ ചികിത്സ

“രണ്ട് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും, രണ്ട് തവണ പെന്‍ഷന്‍ തുക ക്രെഡിറ്റ് ചെയ്തതും സര്‍ക്കാര്‍ സംവിധാനമാണ്. പിന്നീട് ദുരിതബാധിതരുടെ പട്ടികയില്‍ ഞങ്ങള്‍ അനര്‍ഹരെന്ന് കണ്ടെത്തി വീട്ടില്‍ അന്വേഷണത്തിനായി വരുന്നതും അതേ സര്‍ക്കാര്‍ സംവിധാനം തന്നെയാണ്.” സുരേന്ദ്രന്‍ പറയുന്നു. സുരേന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് പക്ഷെ അധികൃതർക്ക് മറുപടിയില്ല.

എൻഡോസള്‍ഫാന്‍ ദുരിതം വിതച്ച നാടിന്റെ പ്രശ്‌നം മനുഷ്യരുടെ വേദനകളോട് നിസ്സംഗമായി പ്രതികരിക്കുന്ന അധികാരികള്‍ മാത്രമല്ല, അവരെ തീര്‍ത്തും അവഗണിക്കുന്ന ആരോ​ഗ്യ സംവിധാനങ്ങൾ കൂടിയാണ്. അതിന്റെ ഇരയായ ആയിരങ്ങളില്‍ ഒരാളുടെ കഥ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തക മുനീസ അമ്പലത്തറ പറയുന്നു.

മുനീസ അമ്പലത്തറ

“14 വര്‍ഷമായി ഒരേ മരുന്ന് കഴിക്കേണ്ടി വരുന്ന ഒരു രോഗിയുണ്ട്. 30 വയസുകാരിയായ സ്ത്രീ. പുല്ലൂര്‍ – പെരിയ എന്ന പഞ്ചായത്തിലാണ് ഇവരുടെ വീട്. സംസാരശേഷിയും കേള്‍വി ശേഷിയുമില്ല. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല. കാസര്‍കോട് ഒരു വിദഗ്ദ ചികില്‍സാ കേന്ദ്രം ഇല്ലാത്തതിന്റെ ഫലമാണ് മാനസിക വളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുമുള്ള ഈ സ്ത്രീയ്ക്ക് ഒന്നര പതിറ്റാണ്ടോളമായി ഒരേ മരുന്ന് ഒരേ അളവില്‍ കഴിക്കേണ്ടി വരുന്നത്. വിദൂര പ്രദേശങ്ങളിൽ പോയി വിദ​ഗ്ധ ചികിത്സ തേടുന്നതിനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ല. അതുകൊണ്ട് പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ യാന്ത്രികമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ഇവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ന്യൂറോളജിസ്റ്റിനെ ഉള്‍പ്പെടെയുള്ള വിദഗ്ദ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്ന ആവര്‍ത്തിച്ചുള്ള ഉറപ്പുകളുടെ ഇരകൂടിയാണ് ഇവര്‍. കേരളത്തില്‍ ഒരു പ്രദേശത്ത് ഏറ്റവും കൂടുതല്‍ സാധാരണ ജീവിതം സാധ്യമാകാത്ത രോഗികള്‍ ഏറെയുള്ള പ്രദേശമായിരിക്കും കാസര്‍കോട്. അവിടെ വിദഗ്ദ ചികില്‍സ ഉറപ്പാക്കാതെയാണ് നമ്പര്‍ വണ്‍ നേട്ടങ്ങളെക്കുറിച്ചുള്ള പൊള്ളയായ വാദങ്ങള്‍ അധികാരികള്‍ ആവര്‍ത്തിച്ചുകൊണ്ടെയിരിക്കുന്നത്.”

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദഗ്ദ ചികിത്സയ്ക്കായി പോയപ്പോള്‍ നല്‍കിയ മരുന്നുകള്‍ അതേ അളവിൽ മാറ്റമില്ലാതെ കഴിക്കാന്‍ വിധിക്കപ്പെട്ട 30 കാരിയുടെ ഈ ജീവിതം കാസർ​ഗോഡ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസത്തില്‍ നടക്കുന്ന പ്രാഥമികാരോഗ്യ സെന്ററുകളിലെ പരിശോധനകൾ മാത്രമാണ് ഇപ്പോൾ ഇവരുടെ ആശ്രയം. അവിടെയുള്ള ഡോക്ടർമാരുടെ നിര്‍ദ്ദേശം ആ കുടുബം 14 വർഷമായി അതേപോലെ അനുസരിക്കുന്നതിന്റെ ദുരവസ്ഥ മുനീസ വേദനയോടെ പറയുന്നു. “ഇതൊന്നും ഒറ്റപ്പെട്ട കഥയല്ലെന്നതാണ് പ്രശനങ്ങളുടെ തീവ്രത കൂട്ടുന്നത്. എല്ലാപരാതികള്‍ക്കൊടുവിലും ഉടന്‍ വിദ്ഗ്ദ സംഘത്തെ നിയമിക്കുമെന്ന് അധികാരികള്‍ വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.”

എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ ചികില്‍സയെന്നത് നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചതാണ്. ഇരകളോട് കാണിക്കുന്ന ആ സൗജന്യത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഉദ്യോ​ഗസ്ഥരുടെ ശ്രമം. രോഗിയായ അഖില പറയുന്നത് ആ കഥയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പോയ അഖിലയുടെ അമ്മയോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സാധിക്കുകയില്ലായെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞതായാണ് ആക്ഷേപം.

“സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്നത് സജിത് ബാബുവിന്റെ റിപ്പോര്‍ട്ടാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഇത്തരത്തില്‍ എല്ലാവരെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന സാഹചര്യം ഉടലെടുത്തത്.” മുനീസ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയിലൂടെ പട്ടികയിൽ വീഴ്ച്ചകളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി എങ്ങനെയാണ് ദുരിതബാധിതരാകുന്നതെന്ന ചോദ്യം മുനീസ ഉയര്‍ത്തുന്നു. “വിദ​ഗ്ധ ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്. ലിസ്റ്റ് തയ്യാറാക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. ആരെയെങ്കിലും പ്രത്യേകം ഉൾപ്പെടുത്തണമെന്ന് ഞങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല. എൻഡോസൾഫാൻ ലിസ്റ്റിൽ അനർഹർ കടന്നു കൂടിയെന്നു പറയുന്ന കളക്ടർ അങ്ങനെയുണ്ടെങ്കിൽ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി എടുക്കേണ്ടത്. അല്ലാതെ മുഴുവന്‍ ദുരിതബാധിതരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അവകാശ നിഷേധനം നടത്തുന്നത് അനീതിയാണ്.” മുനീസ പറയുന്നു.

കോവിഡ് വ്യാപനം തീവ്രമായിരുന്ന കാലത്ത് കര്‍ണ്ണാടക അതിര്‍ത്തികള്‍ അടച്ചതിനെ തുടർന്ന് മംഗാലപുരത്തേക്ക് ചികിത്സയ്ക്കായി പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായതും എൻഡോസൾഫാൻ ദുരിത ബാധിതരെ സാരമായി ബാധിച്ചു. മംഗലാപുരം കെ.എം.സിയില്‍ ചികില്‍സയ്ക്ക് പോയ ഒരു രോഗിക്ക് സര്‍ജറി ആവശ്യമായി വന്നിരുന്നു. എല്ലാ പരിശോധനകളും പൂര്‍ത്തിയായതിന് ശേഷവും ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയെ കൊണ്ട് പോകുന്നതിന് തൊട്ടുമുമ്പ് മതിയായ കാരണങ്ങളില്ലാതെ ഓപ്പറേഷന്‍ മാറ്റിവെയ്ക്കുകയുണ്ടായി. കേരള സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായം കിട്ടാന്‍ വൈകുമെന്ന തോന്നലിലാണ് ആശുപത്രി അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടതെന്നതാണ് കുടുംബത്തിന്റെ ആക്ഷേപം. മുനീസ പറയുന്നു.

ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികള്‍ ചൂണ്ടിക്കാണിച്ച് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനായി വിദഗ്ദ ചികിത്സാ കേന്ദ്രം കൊണ്ടുവരണമെന്ന് രോഗികളും ബന്ധുക്കളും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതിന് കാരണവും ഇതാണ്. ജില്ലയില്‍ ദുരിത ബാധിതര്‍ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയുടെ സേവനം ഉറപ്പു വരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അതൊരു മുന്‍ഗണന നല്‍കേണ്ട വിഷയമായി തോന്നിയിട്ടില്ല. 2012 ലാണ് കാസർ​ഗോഡ് മെഡിക്കല്‍ കോളേജിന് തറക്കല്ലിടുന്നത്. 2016 ഓടെ 300 കിടക്കകളുള്ള ആശുപത്രിയുണ്ടാകുമെന്നായിരുന്നു അന്നത്തെ അവകാശവാദം. പത്തുവര്‍ഷം കഴിയുമ്പോഴും ഇപ്പോഴും ഇവിടെയുള്ളത് ഒരു ജില്ലാ ആശുപത്രിമാത്രമാണ്. ഏട്ട് വർഷമായി ഇഴഞ്ഞു നീങ്ങുന്ന മെഡിക്കൽ കോളേജ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം എന്നതാണ് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സമരത്തിന്റെ മറ്റൊരു പ്രധാന ആവശ്യം. ന്യൂറോളജിസ്റ്റടക്കം വിദഗ്ധ ഡോക്ടർമാരില്ലാത്ത ഏക ജില്ലയാണ് കാസർഗോഡ്. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും പരിഗണിക്കപ്പെടുന്നില്ല. ന്യൂറോ സംബന്ധമായ അസുഖമുള്ള നൂറുകണക്കിന് ദുരിത ബാധിതർക്കായി ന്യൂറോളജിസ്റ്റുകളെ ജില്ലയിൽ നിയമിക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഇന്ന് വരെ കാസർഗോഡ് ജില്ലയിൽ 2 ന്യൂറോളജിസ്റ്റുകളെ നിയമിച്ചിട്ടില്ല. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസർഗോഡ് ജനറൽ ആശുപത്രിയിലും 2 ന്യൂറോളജിസ്റ്റുകളുടെ സേവനം അടിയന്തരമായി ഉറപ്പു വരുത്തണമെന്നാണ് എൻഡോസൾഫാൻ സമരപ്രവർത്തകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ പറഞ്ഞത് രോഗികളെ വീടുകളിലെത്തി ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നുണ്ടെന്നാണ്. അങ്ങനെ ഒരു അവസ്ഥ പോലും ഇപ്പോള്‍ ഈ ഗ്രാമങ്ങളിലില്ല എന്ന് ഇരകൾ പറയുന്നു. കോവിഡും ചികിത്സാ സമ്പ്രദായത്തിന്റെ അപര്യാപ്തതകളും മുന്‍ കലക്ടറുടെ ദുരൂഹമായ റിപ്പോര്‍ട്ടും ഉണ്ടാക്കുന്ന വിഷമവൃത്തം എൻഡോസള്‍ഫാന്‍ ജീവിതങ്ങളെ പുതിയ പുതിയ പ്രതിസന്ധികളിലേക്ക് തള്ളിയിടുകയാണ്.

യോ​ഗം ചേരാത്ത റെമഡിയേഷൻ സെൽ

എൻഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്ലിന്റെ യോഗം ചേരാത്തതാണ് ഇപ്പോള്‍ ഇരകളും കുടുംബങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം. സെല്ലിന്റെ യോഗം ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. എൻഡോസള്‍ഫാന്‍ ഇരകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനും അതിന് പരിഹാരം ആവശ്യപ്പെടാനുമുള്ള വേദിയായിരുന്നു റെമഡിയേഷന്‍ സെല്‍. രോഗബാധിതരുടെ എല്ലാ പ്രശ്‌നങ്ങളും അവതരിപ്പിക്കേണ്ട വേദി. കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതും ഉദ്യോഗസ്ഥ അശ്രദ്ധമൂലം ഉണ്ടായിട്ടുള്ളതുമായ അപാകതകൾ ഈ സെല്ലിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്നവ മാത്രമാണ്. ചികിത്സ, പുനരധിവാസം, സന്നദ്ധസംഘടനകൾ നിർമ്മിച്ച 30 ലധികം വീടുകളുടെ കൈമാറ്റം, ദുരിത ബാധിതരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിലുണ്ടാകുന്ന ഉദ്യോഗസ്ഥവീഴ്ച തുടങ്ങിയവ പരിഹരിക്കാനുള്ള ജനകീയ പങ്കാളിത്തമുള്ള ഈ സംവിധാനം കൂടിയായിരുന്നു ഇത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും എല്ലാം അംഗങ്ങളായ ഈ സെല്ല് ഇപ്പോൾ യോ​ഗം ചേരാറേയില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു സമിതിയുടെ അധ്യക്ഷന്‍. പുതിയ മന്ത്രിസഭയില്‍ അത് ആരെന്നു പോലും അറിയില്ല. ഏത് പ്രശ്‌നം അവതരിപ്പിക്കുമ്പോഴും ജില്ലാ ഭരണാധികാരികള്‍ സെല്ലിന്റെ അനുമതി വേണമെന്നാണ് ഇപ്പോഴും ഇരകളോട് പറയുന്നത്. ചേരാത്ത സമിതിയുടെ തീരുമാനങ്ങളിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.

“ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമിതിയുടെ അംഗീകാരം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് എത്ര ചെറിയ സാങ്കേതിക കാര്യങ്ങളാണെങ്കിലും. ഒരു കാര്യവും അതുകൊണ്ട് നടക്കുന്നില്ല”. സമിതിയിലെ അംഗം കൂടിയായ മുനീസ അമ്പലത്തറ പറഞ്ഞു. “സെല്ലിന്റെ യോഗം ചേരാത്തതു കൊണ്ട് കോവിഡ് കാലത്ത് പ്രത്യേകമായി അനുഭവിക്കുന്ന ദുരന്തങ്ങളും വെല്ലുവിളികളും ശ്രദ്ധയില്‍പ്പെടുത്തി നടപടിയി ഉണ്ടാക്കാന്‍ കഴിയുന്നില്ല”. രോഗിയായ കുട്ടിയുടെ രക്ഷാകര്‍ത്താവായ ചന്ദ്രാവതി പറഞ്ഞു.

സുപ്രീം കോടതിയോടുള്ള അനാദരവ്

ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന വരുത്തുന്ന വീഴ്ചകൾക്കെതിരെ സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ നൽകിയ കേസിൽ 2017 ജനുവരി 10 ന് പുറപ്പെടുവിച്ച സുപ്രീം കോടതിയിൽ വിധി ഇങ്ങനെ പറയുന്നു. ” To release entire undisbursed Payment of compensation, quantified as Rs 5 lakh each to all affected person within 3 months from today “. ഈ വിധി സർക്കാർ നടപ്പിലാക്കാത്ത സാഹചര്യത്തിൽ നാല് ദുരിത ബാധിതരുടെ അമ്മമാർ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. Other category യിൽ പെട്ടവർക്ക് സൗജന്യ ചികിത്സക്കും പെൻഷനും അർഹതയുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അർഹതയില്ല എന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. എന്നാൽ 2019 ജൂലൈ 3 ന് സുപ്രീം കോടതി ഈ വാദം തള്ളിക്കളയുകയും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട് ചികിത്സയും പെൻഷനും ലഭിക്കുന്നവർക്ക് 2017 ജനുവരി 10 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള 5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വിധിക്കുകയുമുണ്ടായി. മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച ഇക്കാര്യം നാലരവർഷം കഴിഞ്ഞിട്ടും നടപ്പിലാക്കപ്പെട്ടില്ല എന്നത് സുപ്രീം കോടതിയോടുകൂടി കാട്ടുന്ന അനാദരവാണെന്ന് സമര സമിതി പറയുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരിൽ മിക്കവരും തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ പോലും സാധിക്കാത്തവരാണ്. അനാരോഗ്യം ഉയർത്തുന്ന വെല്ലുവിളികളെ അവഗണിച്ചുകൊണ്ട് അവകാശങ്ങൾ നേടിയെടുക്കാൻ അഞ്ഞൂറിലേറെ കിലോമീറ്റർ യാത്ര ചെയ്താണ് സെക്രട്ടറിയേറ്റ് പടിക്കലേക്ക് അവർക്ക് എത്തേണ്ടി വരുന്നത്. ഈ യാത്ര ആവർത്തിക്കപ്പെടുകയാണ്. വാ​ഗ്ദാനങ്ങളും ഉറപ്പുകളും നൽകി സർക്കാർ സമരം അവസാനിപ്പിക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷമങ്ങൾ നേരിൽ കാണുന്നതിനായി കാസർ​ഗോഡ് എത്തുകയും ഇരകളെ സമാശ്വസിപ്പിക്കുകയും ചെയ്തവർ ഭരണത്തിലിരുന്നിട്ട് പോലും ശാശ്വതമായ പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തുന്നതേയില്ല. ഒക്ടോബര്‍ 6ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരത്തിലേക്ക് പ്രതീക്ഷകളെ വീണ്ടും ചേർത്തുവയ്ക്കുകയാണ് എൻഡോസൾഫാൻ ​ദുരിതബാധിതർ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 6, 2021 8:05 am