ടാഗോറും രാം കിങ്കറും മായുന്ന ശാന്തിനികേതൻ

2011ൽ ആണ് നീണ്ട 34 വർഷങ്ങൾക്ക് ശേഷം, ഇടത് ഭരണം ബംഗാളിൽ നിന്നും നിഷ്കാസിതമാകുന്നത്. 2011ൽ മമതാബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ കൊടുങ്കാറ്റുപോലെ പശ്ചിമബംഗാളിൽ ഭരണത്തിലേറുന്നു. ഇന്നും മമതാ ദീദി ബംഗാളിന്റെ മുഖ്യമന്ത്രിയായി തുടരുന്നു. 2012ലും 2019ലും ഞാൻ ബംഗാൾ സന്ദർശിച്ചിരുന്നു. ഇപ്പോൾ 2023ൽ വീണ്ടും പശ്ചിമ ബംഗാളിൽ ഒരാഴ്ച ചിലവഴിച്ചു. ബംഗാളിനോട് മലയാളികൾക്ക് പ്രത്യേകതരം ഇഷ്ടമുണ്ട്. ഒരുപാട് സമാനതകളുണ്ട്, വംഗദേശത്തിന് നമ്മുടെ നാടിനോട്. കേരളീയരുടെ ഭക്ഷണരീതിയും, ഭൂപ്രകൃതിയും, സിനിമയും, കലയും, സാഹിത്യവുമെല്ലാം ബംഗാളിനോട് ഏറെ ചേർന്ന് നിൽക്കുന്നു. എന്റെയൊക്കെ തലമുറയിലെ ബാല്യ, കൗമാര, യൗവനങ്ങൾ എം.എൻ സത്യാർത്ഥി വിവർത്തനം ചെയ്ത ബിമൽ മിത്രയുടെയും, സാവിത്രി റോയിയുടെയും, മാഹാശ്വേതാ ദേവിയുടെയും ബംഗാളി സാഹിത്യം വായിച്ചും, സത്യജിത് റെയുടെയും, ഹൃത്വക്ക് ഘട്ടക്കിന്റെയും, മൃണാൾ സെന്നിന്റെയുമെല്ലാം സിനിമകൾ കണ്ടും വളർന്നതാണ്. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയം പോലും, അടുത്ത കാലം വരെ ഏറെ സമാനതകൾ ഉള്ളതായിരുന്നു.

കൊൽക്കത്ത ന​ഗരം. കടപ്പാട്:thegaurdian

ഈ സമാനതകൾ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കൊൽക്കത്ത നഗരത്തിൽ, മഷിയിട്ട് നോക്കിയാൽ പോലും ഇന്ന് ഒരു ചെങ്കൊടി കാണാൻ കിട്ടില്ല. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസുകൾ കണ്ണിൽപ്പെടില്ല. അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ അകമ്പടിയുള്ള കൂറ്റൻ ചുവരെഴുത്തുകൾ അപ്രത്യക്ഷമായിരിക്കുന്നു. പകരം മമതയുടെ തൃണമൂൽ കോൺഗ്രസിന്റെയും, ബി.ജെ.പിയുടെയും ചിഹ്നങ്ങളും, മുദ്രാവാക്യങ്ങളും കൽക്കത്ത നഗരത്തിന്റെ ചുമരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. നഗരം കൂടുതൽ ദരിദ്രമായിക്കൊണ്ടിരിക്കുന്ന തിന്റെ നിരവധി അടയാളങ്ങൾ. ദാരിദ്ര്യം പണ്ടേ കൊൽക്കത്ത നഗരത്തിന്റെ മുഖമുദ്രയാണ്.  ഇപ്പോൾ അത് കൂടുതൽ വികൃതമായിക്കൊണ്ടിരിക്കുന്നു.

ഇടതുഭരണത്തിന്റെ തിരോധാനം വംഗജനതയുടെ രാഷ്ട്രീയത്തെ മാത്രമല്ല, സമസ്തമേഖലകളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാളിന്റെ കലയും, സംസ്കാരവും, സാഹിത്യവും, സിനിമയുമെല്ലാം നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും, പുരോഗമനപരവും, ആർജ്ജവമുള്ളതുമായിരുന്നു. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും, ഇടത് ഭരണകാലത്ത് ബംഗാളിൽ സാഹിത്യവും, സിനിമയും, കലയുമെല്ലാം പരിപോഷിക്കപ്പെട്ടിരുന്നു.  ബംഗാളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച പരാജയവും, അപചയവും, കലാ സാംസ്കാരികരംഗത്തും ബാധിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ചും സിപിഎമ്മിന്റെ പരാജയ കാരണങ്ങൾ ചർച്ച ചെയ്യാൻ ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നില്ല. അതേക്കുറിച്ച് നിരവധി വിശകലനങ്ങളും, അന്വേഷണങ്ങളും വന്നുകഴിഞ്ഞു.

ശാന്തിനികേതൻ

ടാഗോറില്ലാത്ത ശാന്തിനികേതനെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാനാകുമോ? ഒരു പതിറ്റാണ്ട് മുമ്പ് ഞാൻ ശാന്തിനികേതൻ സന്ദർശിച്ചതോർക്കുന്നു. വിശ്വാഭരതി സർവകലാശാലയുടെ മനോഹരമായ ക്യാമ്പസ്സിൽ ഒരു ദിവസം മുഴുവൻ അലഞ്ഞുനടന്നതുമോർക്കുന്നു. തുറസായ സ്ഥലത്ത് വൃക്ഷത്തണലിൽ നടന്നിരുന്ന ക്ലാസുകൾ കൗതുകപൂർവം നോക്കിനിന്നിട്ടുണ്ട്. ധാരാളം ഇന്ത്യക്കാരും, വിദേശികളും ആയ ടൂറിസ്റ്റുകൾ അവിടയെല്ലാം ചുറ്റിക്കറങ്ങുമായിരുന്നു. എന്നാൽ ഇന്ന് ക്യാമ്പസിനകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. കമ്പിവേലിക്ക് പുറത്ത് നിന്ന് വേണമെങ്കിൽ നോക്കിക്കാണാം. ഗേറ്റിൽ സെക്യൂരിറ്റി ഗാർഡുണ്ട്. അധ്യാപകരും, വിദ്യാർത്ഥികളുക്കുമെല്ലാം കഴുത്തിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും തൂക്കിയിട്ടിരിക്കണം.

ഇപ്പോൾ ശാന്തിനികേതൻ (രവീന്ദ്ര ഭവൻ) മ്യൂസിയത്തിലേക്ക് കയറണമെങ്കിൽ പ്രവേശന ഫീസ് നൽകണം. ഗേറ്റിൽ കനത്ത സെക്യൂരിറ്റിയുണ്ട്. അതിനകത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇന്ത്യ കണ്ട ഏറ്റവും ജനകീയനും, പ്രതിഭാധനനുമായ ശില്പി രാം കിങ്കർ ബൈജിന്റെ സന്താൾ ഫാമിലിയും, സുജാതയും, മിൽ കാളുമെല്ലാം, ഇന്ത്യയിലെ മാത്രമല്ല വിദേശത്തെയും കലാസ്വാദകരെ ആകർഷിക്കുന്ന ശില്പങ്ങളാണ്. ഇന്ന് ഈ ശില്പങ്ങളെല്ലാം പരിപാലനം പോലുമില്ലാതെ, ആരാലും ശ്രദ്ധിക്കാതെ അനാഥപ്രേതങ്ങളെ പോലെ മ്യൂസിയം കോമ്പൗണ്ടിൽ നിൽക്കുന്നു, വല്ലപ്പോഴും സന്ദർശകർ എത്തിയാലായി.

ശാന്തിനികേതനിലെ ടാ​ഗോർ ശില്പം. കടപ്പാട്:wikicommons

ഇവക്ക് പുറമേ വിശ്വഭാരതി സർവകലാശാലയുടെ വിശാലമായ ക്യാമ്പസുകളിൽ വിവിധയിടങ്ങളിലായി രാം കിങ്കറിന്റെയും, മറ്റ് പ്രശസ്ത ശില്പികളുടെയും ശില്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം ഇന്ന് കമ്പിവേലികൾക്കകത്താണ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. അടുത്തകാലം വരെ കലാസ്വാദകർക്കും, പൊതുജനങ്ങൾക്കുമായി ക്യാമ്പസുകൾ തുറന്നിട്ടിരുന്നു. യൂണിവേഴ്സിറ്റിയിൽ പരിചയമുള്ള ഒരു പ്രൊഫസർ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അകത്ത് കയറാനും, ആ ശില്പങ്ങളെല്ലാം കാണാനും സാധിച്ചത്. പൊതുജനങ്ങൾക്കും, കലാസ്വാദകർക്കും കാണാൻ പറ്റില്ലെങ്കിൽ ഈ മനോഹര ശില്പങ്ങൾ ആർക്കുവേണ്ടിയാണ്? ലോകപ്രസിദ്ധരായ ശിപ്പികളെ അവമാനിക്കുന്നതിന് തുല്യമാണിത്.  രാം കിങ്കറിന്റെ പ്രസിദ്ധമായ ശില്പങ്ങൾ, ഗാന്ധിയും, ബുദ്ധനും കമ്പിവേലികൾക്കുള്ളിൽ ആർക്കും പ്രവേശനമില്ലാത്തിടത്ത് തടവിൽ കഴിയുന്നു. റോഡിൽ, കമ്പി വേലിക്കിപ്പുറത്ത് നിന്ന് വേണമെങ്കിൽ കാണാം.

വിശ്വഭാരതി സർവകലാശാലയിൽ അടുത്തിടെ സ്ഥാപിച്ച ഫലകം ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ടാഗോറിന്റെ പേര് നീക്കം ചെയ്ത് നരേന്ദ്രമോദിയുടെയും, അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയായ വൈസ് ചാൻസലറുടെയും പേരുകൾ മാത്രമുള്ള ഫലകമാണ് സ്ഥാപിച്ചത്. ടാഗോർ ഇല്ലാത്ത ശാന്തിനികേതൻ, എന്തൊരു ലജ്ജയില്ലായ്മ! രാജ്യത്തെ, അല്ല ഏഷ്യയിലെ തന്നെ സാഹിത്യത്തിൽ ആദ്യത്തെ നോബൽ പുരസ്കാര ജേതാവും‌ ഇന്ത്യൻ ദേശീയ ഗാനത്തിന്റെ രചയിതാവും വിശ്വഭാരതിയുടെ സ്ഥാപകനുമായ രവീന്ദ്രനാഥ ടാഗോറിനെ ശാന്തിനികേതന്റെ ചരിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വിശ്വഭാരതിയിലെ ഒരു പ്രൊഫസർ ഭയപ്പാടോടെ, നിരാശയോടെ പറയുന്നു. എന്തായാലും, ലോക പ്രസിദ്ധമായ, ധാരാളം വിദേശ വിദ്യാർഥികൾ പഠിക്കുന്ന, വിശ്വഭാരതി സർവകലാശാലയുടെ നൈസർഗികതയും, ജനകീയസ്വഭാവവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ, അപചയങ്ങൾ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യരംഗങ്ങളിലും പ്രതിഫലിക്കുന്നതിന്റെ  ഉദാഹരണം കൂടിയായി ഇതിനെ കാണാം.

ടാ​ഗോറിന്റെ പേര് ഇല്ലാത്ത ഫലകം. കടപ്പാട്:thewire

കൊൽക്കട്ടയിലേക്ക് തന്നെ തിരിച്ചുവരാം. ഈ നഗരം സന്ദർശിക്കുമ്പോൾ നിർബന്ധമായും പോകേണ്ട ഒരിടമാണ് കോളേജ് സ്ട്രീറ്റ്. പുസ്തകപ്രേമികളും, ആർട്ടിസ്റ്റുകളും, വിദ്യാർഥികളും, അധ്യാപകരും, ബുദ്ധിജീവികളുമെല്ലാം അലഞ്ഞു നടക്കുന്നയിടം. കോളേജ് സ്ട്രീറ്റ് നിറയെ പുസ്തകശാലകളാണ്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. അപൂർവമായ പുസ്തകങ്ങൾ തേടി വിവിധ സ്ഥലങ്ങളിൽ നിന്ന് പുസ്തകപ്രേമികൾ ഇവിടെയെത്തുന്നു. പഴയ (സെക്കന്റ്‌ഹാൻഡ്) പുസ്തകങ്ങൾ തുച്ഛമായ വിലക്ക് ഇവിടെ നിന്ന് വിലപേശി വാങ്ങാം. കൊൽക്കത്തയിലെ പ്രസിദ്ധമായ അക്കാദമിക് സ്ഥാപനങ്ങളായ പ്രസിഡൻസി കോളേജ്, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത എന്നിവ കോളേജ് സ്ട്രീറ്റ് പരിസരത്താണുള്ളത്.

ഇവിടത്തെ ഇന്ത്യൻ കോഫി ഹൗസ് ഏറെ പുരാതനവും പ്രസിദ്ധവുമാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുൻപുതന്നെ ഇവിടം കൊൽക്കത്തയിലെ പ്രശസ്തരായ കലാകാരന്മാരുടെയും, ബുദ്ധിജീവികളുടെയും ഒരു ഹബ് ആയിരുന്നു. ബാദൽ സർക്കാരും, ഹൃതിക് ഘട്ടക്കും, രാം കിങ്കർ ബൈജുമെല്ലാം ഇവിടത്തെ സ്ഥിരം സന്ദർശകർ ആയിരുന്നത്രെ. ഇപ്പോഴും ഇവിടെ വൻ തിരക്കാണ്. എന്നാൽ കലാകാരന്മാർക്കും ബുദ്ധിജീവികൾക്കും പകരം കാമുകീ കാമുകന്മാരും കോളേജ് വിദ്യാർഥികളും ഇവിടം കയ്യടക്കിയതായി കൽക്കട്ടയിൽ സ്ഥിരതാമസമാക്കിയ ഒരു സുഹൃത്ത് പറയുന്നു.

ഇന്ത്യൻ കോഫി ഹൗസ്

ബംഗാളിൽ ഇടതുപക്ഷത്തിന്റെ ഇടത്തിലേക്ക് ഇരച്ചുകയറിയത് മമതയുടെ തൃണമൂൽ കോൺഗ്രസ്‌  ആണെങ്കിലും അധികം താമസിയാതെ ബി.ജെ.പി ബംഗാൾ കയ്യടക്കുമെന്ന് ബംഗാളിലെ ഒരു പത്രപ്രവർത്തകൻ നിരീക്ഷിക്കുന്നു. അതിനുള്ള എല്ലാ വിധ ശ്രമങ്ങളും, പദ്ധതികളും ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. ഭാഗികമായെങ്കിലും അതിലവർ വിജയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ലോക്‌സാഭാ തിരഞ്ഞെടുപ്പിൽ അവർ 18 സീറ്റുകളാണ് നേടിയത്.  കലാസാംസ്‌കാരിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സംഘപരിവാറിന് അനുകൂലവും ഇടതുപക്ഷത്തിന് ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതകൾ തള്ളിക്കളയുന്നതുമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read