മുതലപ്പൊഴി: ഒഴിവാക്കാൻ കഴിയുമായിരുന്ന മരണങ്ങൾ

അപകടമുനമ്പായ തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബറിൽ തിങ്കളാഴ്ച്ച വെളുപ്പിന് ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കൂടി മരണപ്പെട്ടിരിക്കുന്നു. സമാനമായ രീതിയിൽ അറുപതിലധികം ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടും കഠിനംകുളം കായലും അറബിക്കടലും ചേരുന്ന ഈ പൊഴിമുഖത്തെ അപകട സാഹചര്യത്തിന് പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ അദാനി തുറമുഖ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും അടിഞ്ഞുകൂടുന്ന മണൽ നീക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയത് അപകടങ്ങൾ പതിവാകാൻ കാരണമായി. കഴിഞ്ഞ ദിവസത്തെ അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ വി ശിവൻ കുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മന്ത്രി വി ശിവൻകുട്ടി മത്സ്യത്തൊഴിലാളികളോട് ‘ഷോ കാണിക്കരുത്’ എന്ന് പറഞ്ഞത് വിവാദമാവുകയും ചെയ്തു. തുടർന്ന് ലത്തീൻ രൂപത തിരുവനന്തപുരം വികാരി ജനറൽ മോൺ. യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു. മുതലപ്പൊഴിയിലെ സാഹചര്യങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളി മേഖലയിലെ വിദഗ്ധരും, മോൺ. യൂജിൻ എച്ച് പെരേരയും കേരളീയത്തോട് പ്രതികരിക്കുന്നു.

മുതലപ്പൊഴിയിൽ ജെ.സി.ബി ഉപയോഗിച്ച് മണൽ നീക്കാനുള്ള വിഫല ശ്രമം. ഫോട്ടോ: ഷജിൻ ഷാജി

ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്

മോൺ. യൂജിൻ പെരേര (വികാരി ജനറൽ, തിരുവനന്തപുരം അതിരൂപത)

അപകടത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ സ്ഥലം സന്ദർശിച്ച മന്ത്രിമാർ അവിടെയുണ്ടായിരുന്ന ജനങ്ങളോട് തട്ടിക്കയറുകയും ഷോ കാണിക്കരുതെന്ന് പറയുകയുമായിരുന്നു. മന്ത്രി ശിവൻകുട്ടി സ്ഥലവാസികളോട് മര്യാദയില്ലാതെയാണ് പെരുമാറിയത്. സംഭവങ്ങൾ വളച്ചൊടിക്കുന്ന സ്ഥിരം ശൈലിയാണ് അവരിപ്പോഴും പിന്തുടരുന്നത്. പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്ന് പറയുമ്പോഴും ഇന്ന് ഭരണകൂട ഭീകരതയാണ് സാധാരണക്കാരായ ജനങ്ങൾക്കെതിരെ അരങ്ങേറുന്നത്. എനിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ വലിയ അലംഭാവം ഉണ്ടായതിനാൽ ആരുടെയെങ്കിലും പേരിൽ കുറ്റമാരോപിച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. അവിടെ കൂടിയിരുന്ന ജനങ്ങളെ കേൾക്കാനോ നടപടികൾ സ്വീകരിക്കാനോ മന്ത്രിമാർ തയ്യാറായില്ല. പകരം, ജനങ്ങളോട് ഷോ കാണിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

മോൺ. യൂജിൻ പെരേര

ഈ സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ മുതലപ്പൊഴിയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അധികാരികളോട് പറഞ്ഞിരുന്നു. ഒന്നും ചെയ്തില്ല. കാലവർഷം ആരംഭിച്ച ശേഷം തുടർച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ 12 പേരാണ് ഇവിടെ മരണമടഞ്ഞത്. പൊഴി ഉണ്ടാക്കിയ ശേഷം അറുപതിലധികം പേർ മരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മുതലപ്പൊഴിയിൽ മികച്ച സുരക്ഷാസംവിധാനം ഒരുക്കേണ്ടതായിരുന്നു. അതും ചെയ്തില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കാനായി വിദ​ഗ്ധ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പിൻ പ്രകാരം നിയോഗിച്ച പൂനെ വാട്ടർ ആൻഡ് പവർ അതോറിറ്റി വന്ന് സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തത്. ഇടക്കാല റിപ്പോർട്ട് പോലും കൊടുത്തിട്ടില്ല. തനിക്കെതിരെ ഉന്നയിച്ച വ്യാജ കുറ്റകൃത്യങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കട്ടെ.

ശാസ്ത്രീയ നിർദേശം സർക്കാർ നിരസിച്ചു

എ.ജെ വിജയൻ (തീരഗവേഷകൻ)

ചെന്നൈ ഐ.ഐ.ടിയിലെ ഡോ. സുന്ദർ രൂപകൽപന ചെയ്ത മുതലപ്പൊഴി ഫിഷിം​ഗ് ഹാർബറിന് പൊഴിയുടെ വടക്കും തെക്കുമായി രണ്ട് പുലിമുട്ടുകൾ അഥവാ ബ്രേക്ക് വാട്ടറുകൾ ഉണ്ട്. തെക്ക് ഭാഗത്ത് പുലിമുട്ട് നിർമ്മിച്ച് തുടങ്ങിയപ്പോൾ തന്നെ അതിന് തെക്കുവശത്തായി മണൽ അടിയാൻ തുടങ്ങിയിരുന്നു. മാത്രമല്ല ഉദ്ദേശിച്ച നീളം പൂർത്തിയായപ്പോൾ മണലിന് അടിയാൻ സ്ഥലമില്ലാതായി. മണൽ രണ്ട് പുലിമുട്ടുകൾക്കും ഇടയിലൂടെ അകത്തേക്ക് പ്രവേശിച്ച് അവിടെയും അടിയാൻ തുടങ്ങി. ഇതിന് പരിഹാരമായി പുലിമുട്ടുകളുടെ നീളം കൂട്ടിയെങ്കിലും മണൽ അടിയുന്നത് തുടർന്നു. ഇങ്ങനെ തുറമുഖ കവാടത്തിൽ മണലടിയുമ്പോൾ അവിടെ തിരമാലകൾ കൂടുതൽ രൂപപ്പെടുകയും ഒഴുക്കിന്റെ ഗതിക്ക് മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. ഇത് മുതലപ്പൊഴിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. സംസ്ഥാന തുറമുഖ വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് പൂനെയിലെ പ്രശസ്തമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS ) പഠനം നടത്തി 2011 ജനുവരിയിൽ കേരള സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ പുതിയ പഠനവും നടപടികളും ആവശ്യപ്പെടുന്നവർ ഈ റിപ്പോർട്ട് വായിച്ചിരുന്നെങ്കിൽ, ഒപ്പം അവർ നിർദേശിച്ച നടപടികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ, ഒരുപക്ഷെ തുടർന്നുകൊണ്ടിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ് കരുതുന്നത്.

എ.ജെ വിജയൻ

ഫിഷിങ് ഹാർബർ സുഗമമായി പ്രവർത്തിക്കാൻ രണ്ടു നിർദേശങ്ങളാണ് അവർ മുന്നോട്ടുവച്ചത്. ഒന്ന് പുലിമുട്ടുകളുടെ നീളം കൂട്ടുക. രണ്ട്, മണൽ അടിയുന്ന തെക്ക് ഭാ​ഗത്ത് നിന്ന് മണൽ ശേഖരിച്ച് ഹാർബറിന് വടക്ക് തീരശോഷണം ഉണ്ടാകുന്ന തീരത്തേക്ക് മാറ്റി നിക്ഷേപിക്കുക. പുലിമുട്ട് നിർമ്മിച്ച് ആറ് വർഷമാകുമ്പോൾ തുറമുഖ കവാടത്തിൽ മണലടിഞ്ഞ് അവിടം പ്രക്ഷുബ്ധമാകും. ഇത് സംഭവിക്കാതിരിക്കണമെങ്കിൽ ആദ്യ വർഷം മുതൽ നിരന്തരം അടിയുന്നിടത്ത് നിന്ന് മണൽ മാറ്റിക്കൊണ്ടേയിരിക്കണണം. ഇതിന് സാൻഡ് ബൈപാസ്സിങ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്. പക്ഷെ നമ്മുടെ സർക്കാർ ഈ രണ്ട് നിർദേശങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. പുലിമുട്ടുകളുടെ നീളം കൂട്ടി, എന്നാൽ മണൽ നീക്കുന്ന നടപടി ചെയ്തതേയില്ല. അതിനുള്ള ചെലവ് എത്ര വരുമെന്ന് പോലും കണക്കാക്കിയില്ല. പ്രാഥമിക അന്വേഷണത്തിൽ ഇതിന് ഓരോ വർഷവും കോടികൾ ചെലവിടേണ്ടി വരുമെന്ന് അറിവായതോടെ ആ ശാസ്ത്രീയ നിർദേശം സർക്കാർ നിരസിക്കുകയാണ് ചെയ്തത്.

ഈ മരണങ്ങളുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്

ആന്റണി ദേവദാസ്, പൊതുപ്രവർത്തകൻ, അഞ്ചുതെങ്ങ്

“കഴിഞ്ഞ ഏപ്രിൽ 27ന് ഫിഷറീസ് മന്ത്രി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചിറയിൻകീഴിൽ വച്ച് നടന്ന യോഗത്തിൽ ഹാർബർ മൗത്തിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യണമെന്ന് തീരുമാനിച്ചതാണ്. എന്നാൽ ഒന്നോ, രണ്ടോ ദിവസം മാത്രം ജെ.സി.ബി ഉപയോഗിച്ചാണ് ഇവിടെ മണൽ നീക്കം ചെയ്തത്. ഡ്രെഡ്ജറുകൾ ഉപയോഗിക്കാതെ ജെ.സി.ബി ഉപയോഗിച്ച് എങ്ങനെയാണ് മണൽ നീക്കം ചെയ്യാൻ കഴിയുക? ഇത് മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന നടപടിയായിരുന്നു. അതുകൊണ്ട് ഈ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. മനുഷ്യജീവന് ഇവിടെ ഒരു വിലയുമില്ല. സർക്കാരിനും, മറ്റു രാഷ്ട്രീയ കക്ഷികൾക്കും, സഭക്കുമെല്ലാം ഇവിടുത്തെ പ്രശ്നം അറിയാം. എന്നാൽ ആരും അത്മാർത്ഥമായി ഇടപെടുന്നില്ല. സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല. അതിന് കാരണം മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ല എന്നതാണ്. മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ആന്മാർത്ഥതയോടെയല്ല ഈ വിഷയത്തെ സമീപിക്കുന്നത്. എല്ലാവരും ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും, സഭയും ഒരുമിച്ചിരുന്ന് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആന്റണി ദേവദാസ്

വിഴിഞ്ഞം സമരത്തിന് ശേഷം മുതലപ്പൊഴിയിലെ കാര്യങ്ങൾ പഠിക്കുന്നതിന് നിയോഗിച്ച സമിതിയും ഇതുവരെ റിപ്പോർട്ട് കൊടുത്തിട്ടില്ല. അതിനു മുൻപുള്ള പൂനെ CWPRS നിർദേശിച്ച സാൻഡ് ബൈപാസ്സിങ്ങും ഇവിടെ നടപ്പിലാക്കിയിട്ടില്ല. എത്രയും പെട്ടെന്ന് സാൻഡ് ബൈപാസ്സിങ് നടപ്പിലാക്കണം. അതുപോലെ പ്രധാനമാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന റെസ്ക്യൂ ഫോഴ്‌സിന് രൂപം കൊടുക്കുക, അവർക്കാവശ്യമായ നിലവാരമുള്ള സാങ്കേതിക ഉപകരണങ്ങൾ കൊടുക്കുക എന്നുള്ളത്.

മുതലപ്പൊഴിയിൽ നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ

ദീപക് പോൾ, മാധ്യമ പ്രവർത്തകൻ, അഞ്ചുതെങ്ങ്

വിഴിഞ്ഞം സമരത്തിന്റെ ഏഴ് ആവശ്യങ്ങളിൽ ഒന്ന് മുതലപ്പൊഴിയെ സംബന്ധിച്ച് ആയിരുന്നു. സമരം അവസാനിക്കുന്ന വേളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനും മത്സ്യത്തൊഴിലാളികളുമായും ചേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. അത് വെള്ളത്തിൽ വരച്ച വരയായി. മുപ്പത് ആഴ്ച കഴിഞ്ഞിട്ടും സർക്കാർ ഒരു ചെറു നടപടി പോലും കൈകൊണ്ടില്ല. മുതലപ്പൊഴിയിൽ നടക്കുന്നത് ഒരു തരത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ്. മാറി മാറി വന്ന സർക്കാരുകളുടെ നിരുത്തരവാദപരമായ പ്രവൃത്തികളുടെ ഇരകളാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ.

ദീപക് പോൾ

ഒറ്റ മേഖലയിൽ 64 മരണം നടന്നിട്ടും കൃത്യമായി പദ്ധതി ഉണ്ടാക്കി അതിലെ പ്രശനങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കാത്തത് നിസ്സംഗ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്. ഒരു റോഡിൽ മൂന്നു അപകടം നടന്നാൽ അത് ക്രാഷ് പ്രോൺ ഏരിയ ആണെന്നും, അവിടെ കൃത്യമായ മുന്നറിയിപ്പ് നൽകി യാത്രക്കാർ സൂക്ഷിക്കണമെന്നും, അപകടം ഒഴിവാക്കാനുള്ള സകല സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ടാവും 64ൽ പരം മരണം നടന്ന ഒരു മേഖലയെ ഇത്ര നിസ്സംഗതയോടെ നേരിടുന്നത് എന്നത് വലിയ ചോദ്യമാണ്. മത്സ്യത്തൊഴിലാളിയുടെ ജീവനും ജീവനോപാധിക്കും വിലയില്ല എന്ന സന്ദേശം മാത്രമാണ് അത് നൽകുന്നത്. ഭക്ഷണശാലകളിൽ ഒരു പീസ് വറുത്ത് മീനിന് നൽകുന്ന വിലയുടെ പകുതി നൽകിയാൽ പോലും മത്സ്യത്തൊഴിലാളി പ്രശനങ്ങൾക്ക് പരിഹാരമുണ്ടക്കാൻ സാധിക്കുമെന്ന് പറയാതെ വയ്യ.

മുതലപ്പൊഴിയിലെ അപകട സാഹചര്യത്തെക്കുറിച്ച് ഹാർബറിലെ മരണമുഖത്ത് നിന്നും കേരളീയം തയ്യാറാക്കിയ വീഡിയോ റിപ്പോർട്ട് കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read July 12, 2023 3:26 pm