ബാംഗ്ലൂർ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി പഠനത്തിന്റെയും ദക്ഷിൺ ഫൗണ്ടേഷനിലെ ഫിഷറീസ് ഗവേഷണത്തിന്റെയും ഭാഗമായി കേരളത്തിലെയും ലക്ഷദ്വീപിലെയും സമുദ്രവിഭവ നിരീക്ഷണത്തിലും പരിപാലനത്തിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമുദ്രഗവേഷകൻ കുമാർ സഹായരാജു ലക്ഷദ്വീപ് അനുഭവങ്ങൾ എഴുതുന്നു.
ലക്ഷദ്വീപിലെത്തുന്ന ശരാശരി സഞ്ചാരിയെ ആകർഷിക്കുന്ന ആദ്യ കാഴ്ച, വൻകരയിലെ മറ്റ് കടൽത്തീരങ്ങളേക്കാൾ വെളുത്ത തരിമണൽ നിറഞ്ഞ തീരങ്ങളും പച്ചയും നീലയും കലർന്ന ദ്വീപിനോട് ചേർന്ന ലഗൂണുകളുമാണ്. ദ്വീപിനോട് ചുറ്റിക്കിടക്കുന്ന പവിഴപ്പുറ്റുകളും പാറകളും അതിലെ ജീവജാലങ്ങളുമൊക്കെ ഈ മണൽത്തരികളുടെ സൗന്ദര്യത്തിന് കാരണക്കാരാണ്. സുതാര്യമായ മണൽ നിറഞ്ഞ അടിത്തട്ടും മലിനമല്ലാത്ത തെളിഞ്ഞ കടൽ വെള്ളവും അവയ്ക്കിടയിൽ ചിതറിക്കിടക്കുന്ന പവിഴപ്പുറ്റുകളും സൂര്യപ്രകാശത്തിലെ നീലയും പച്ചയും നിറങ്ങളെ ആഗിരണം ചെയ്ത് പ്രതിഫലിപ്പിക്കാൻ ജൈവീകമായി കഴിവുള്ള സൂഷ്മജീവികളും അടങ്ങുന്ന ജൈവസമ്പത്താണ് കണ്ണിന് കുളിരേകുന്ന ലക്ഷദ്വീപിന്റെ കടൽ നിറത്തിന് പിന്നിലെ കാര്യക്കാർ.
ലക്ഷദ്വീപ് സമൂഹത്തിലെ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. മിനിക്കോയ് ഒഴികെ അഗത്തി, അമേനി, ആന്ദ്രോത്ത്, ബിത്ര, ചെത്ത്ലത്ത്, കട്മത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളിലെ പ്രധാന ഭാഷ മലയാളത്തിന്റെ മറ്റൊരു വകഭേദമായ ജസ്രിയാണ്. മിനിക്കോയിയിൽ മാലിദ്വീപിലെ ഭാഷയായ ദ്വിവേഹിയുടെ വകഭേദമായ മഹൽ ആണ് സംസാരഭാഷ. ബംഗാരം എന്ന വളരെ മനോഹരമായ ദ്വീപിൽ സ്ഥിരതാമസക്കാർ ഇല്ലെങ്കിലും വിനോദസഞ്ചാരത്തിനായി കൂടുതൽ പേരും എത്തുന്നത് ഇവിടെയാണ്. ആഴക്കടലിൽ നിന്നും ദ്വീപിനെ വേർതിരിക്കുന്ന, പവിഴപ്പുറ്റുകൾ ഉറഞ്ഞുണ്ടായ വരമ്പുകൾ നിറഞ്ഞ ലഗൂണുകൾ ശക്തമായ തിരകൾ ദ്വീപിലേക്ക് കടന്നുവരുന്നതിനെ പ്രതിരോധിക്കുന്നു. പുതിയ തലമുറ ഇപ്പോൾ കരയിലേക്ക് കൂടുതലായി എത്തുന്നുണ്ടെങ്കിലും നഗരവത്കരണത്തിന്റെയും ദ്രുതജീവിതത്തിന്റെയും അലകൾ ദ്വീപ് ജീവിതത്തിലേക്ക് ശക്തമായി അടിച്ചുകയറിയിട്ടില്ലെന്നത് തനത് സംസ്കാരത്തെയും പരിസ്ഥിതിയെയും അല്പമെങ്കിലും പച്ചയോടെ നിലനിർത്തുന്നു.
ഭക്ഷണം പ്രധാനം
“ബാ.. കുടിച്ചേച്ചും പോവാം..”
“കുത്തിയിരിക്ക്.. കഴിച്ചേച്ചും പോവാം..”
സന്ദർശിക്കാനെത്തുന്ന കരക്കാരായിക്കോട്ടെ, സ്ഥിരം കാണുന്ന ദ്വീപുകാർ ആയിക്കോട്ടെ, ഒരാളെ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ദ്വീപിലെ എല്ലാവരും അവരെ ചായകുടിക്കാനോ വീട്ടിലേക്ക് കഴിക്കാനോ ക്ഷണിച്ചിരിക്കും. കട്ടൻ ചായയും ചെറു കടികളും ഏതുനേരവും എല്ലാവീട്ടിലും അതിഥികൾക്ക് വേണ്ടിയുണ്ടാവും. തക്കാരപ്രിയരായ കടൽ മനുഷ്യർ! ലക്ഷദ്വീപിന്റെ പ്രധാന വിഭവസ്രോതസായ തേങ്ങയും ചൂരയും കൊണ്ടുള്ള വിഭവങ്ങളാവും തക്കാരത്തിൽ കൂടുതലും. ചൂര കട്ലറ്റ്, ചൂര സമോസ, മീൻ ഇടിയട, മാസ്സ് അപ്പം, ചൂര റോൾ തുടങ്ങിയവയ്‌ക്കൊപ്പം തേങ്ങയും ശർക്കരയും നിറച്ച ഫുക്കുത്ത്, ഇടിച്ചക്ക വരട്ടി, തേങ്ങാപ്പം തുടങ്ങി വിഭവങ്ങളുടെ നിര തന്നെ ഉണ്ടാവും കട്ടനൊപ്പം. ചൂര മീൻ കൊണ്ടുണ്ടാക്കുന്ന ബിരിയാണി – മീൻ ഇട്ടുബെന്തേ – മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ്. ബീഫ് ഇട്ടുബെന്തേയ്ക്കും പ്രിയരേറയാണ്. മുളക് തണ്ണി, ശിക്ക് തണ്ണി, മീൻ ഷണ്ടി, അപ്പൽ പൊട്ടിച്ചേ (നീരാളി വിഭവം) തുടങ്ങി ലഗൂണിൽ നിന്ന് ലഭിക്കുന്ന മീനുകളും ചൂരയും കൊണ്ട് പരമ്പരാഗത മീൻ വിഭവങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് ദ്വീപിന്.
അമേനിയിലെ പൊറോട്ടയും കവരത്തിയിലെ മട്ടൻ ബിരിയാണിയും അന്ത്രോത്തിലെ ബീഫ് വിഭവങ്ങളും മിനിക്കോയിയിലെ ഉള്ളി ബിരിയാണിയുമെല്ലാം ഓരോ ദ്വീപിന്റെയും സ്‌പെഷ്യലാണ്. ഇവയിൽ ഏറെ വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്നത് മിനിക്കോയിക്കാരാണ്. ഹിക്കി റായ് റിഹാ, ഫത്തെഫോഹി, ഫോറെപ്പി റിഹക്കുരു തുടങ്ങി മാലി ദ്വീപിലെ ഭക്ഷണ സംസ്കാരത്തോട് ചേർന്ന് നിക്കുന്നവയാണ് ഇവിടത്തെ വിഭവങ്ങൾ. റെസിപ്പിയും പേരും മാറിയാലും ഇവിടെയും പ്രധാന ചേരുവ ചൂരമീൻ തന്നെ! ദ്വീപുകളിൽ പണ്ടുമുതൽ ലഭ്യമായിരുന്ന പരിമിതമായ ചേരുവകൾ ഉപയോഗിച്ചാണ് ഈ രുചി വിഭവങ്ങൾ കൂടുതലും ഉണ്ടാക്കുന്നത്. പച്ചക്കറിയും മറ്റും കരയിൽ നിന്ന് കപ്പലിൽ എത്തിക്കേണ്ടി വരുന്നതിലെ പ്രയാസം കാരണം പൊതുവേ പച്ചക്കറി വിഭവങ്ങൾ അത്ര പതിവില്ല. എന്നാൽ മുരിങ്ങയും തേങ്ങയും പ്രാന്തെടുത്ത് കായ്ച്ച് നിൽക്കുന്ന ഇടം കൂടിയാണ് ദ്വീപുകൾ.
മാസാണ് ചൂര
ലക്ഷദ്വീപിലെ പ്രധാന മീൻപിടിത്ത രീതിയാണ് പോൾ ആൻഡ് ലൈൻ ചൂര പിടിത്തം. പവിഴപ്പുറ്റുകൾ പോലെ തന്നെ ചൂര മീനിന്റെ ഒരു കാട് തന്നെയാണ് ലക്ഷദ്വീപ് കടൽ. ചെറിയ ചാള മീനുകളെ ഇരയാക്കിക്കൊണ്ടുള്ള ചൂര പിടുത്തം ഇന്ത്യയിൽത്തന്നെ ലക്ഷദ്വീപിൽ മാത്രമാണുള്ളത്. മാലിദ്വീപിൽ നിന്നും മിനിക്കോയിലേക്കും അവിടെ നിന്നും മറ്റ് ദ്വീപ്പുകളിലേക്കും വർഷങ്ങൾക്കുമുന്നേ എത്തിയതാണ് ഈ ചൂര പിടുത്തരീതി. അതുകൊണ്ടുതന്നെയാണ് ആഹാര വിഭവങ്ങളിൽ കൂടുതലും ചൂര പിടയ്ക്കുന്നതും.
കടലിൽ നിന്ന് പിടിക്കുന്ന ചൂരയെ വൃത്തിയാക്കി, പുകച്ച് ഉണക്കി സാംസ്‌കരിച്ചെടുക്കുന്ന മീൻ ഉത്പന്നമാണ് മാസ് മീൻ. മാസ്, ഹിക്കിമസ് എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. കുറഞ്ഞത് ആറുമാസത്തോളമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന മാസ് മീൻ കരയിലേക്ക് കയറ്റുമതി ചെയ്താണ് ദ്വീപിലെ കടൽപ്പണിക്കാർ പ്രധാനമായും വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ മാസ് മീനിന്റെ വിലക്കുറവും കയറ്റുമതിയ്ക്ക് സൗകര്യങ്ങൾ ഇല്ലാത്തതും മാസ് മീനിന്റെയും മത്സ്യബന്ധനത്തിന്റെയും ഭാവിയെ ഞെരുക്കത്തിലാക്കുന്നു. മിനിക്കോയ്, അഗത്തി, കവരത്തി ദ്വീപുകളിലാണ് കൂടുതലായും മത്സ്യത്തൊഴിലാളികൾ മാസ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്.
കവരത്തിക്കരയിലെ കപ്പൽ
ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള ഒട്ടനവധി സിനിമകൾ ചിത്രീകരിച്ചിരിക്കുന്നത് കവരത്തി ദ്വീപിലാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഹെഡ് ഓഫീസുകളും മറ്റുമൊക്കെയായി മിക്കപ്പോഴും ആളുകളുണ്ടാവും ഇവിടെ. കവരത്തിയുടെ ഒരറ്റത്ത് തീരക്കടലിലായി ഒരു ചരക്ക് കപ്പൽ കരയേറി കിടക്കുന്നത് കാണാം. 2010ൽ നന്ദ് അപരാജിത എന്ന കപ്പൽ ദ്വീപിലേക്ക് സിമന്റുമായി വരുന്ന വഴിക്ക് പവിഴപുറ്റുകളിൽ ഇടിച്ച് നിന്നുപോയതാണവിടെ. ഇന്നത് തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടാണിത്. കവരത്തി, മിനിക്കോയ്, അന്ത്രോത്ത്, കൽപ്പേനി എന്നീ ദ്വീപുകളിൽ മാത്രമാണ് പെട്രോൾ പമ്പുള്ളത്. മറ്റ് ദ്വീപുകളിലുള്ളവർക്ക് മാസത്തിലൊരിക്കലോ മറ്റോ റേഷൻ കട വഴി വണ്ടിയൊന്നിന് മൂന്ന് ലിറ്റർ പെട്രോൾ ലഭിക്കും. അതുവച്ചുവേണം അടുത്ത പെട്രോൾ വരുന്ന വരെ ഓടിക്കാൻ.
കട്മത്തെ കല്യാണം
ദ്വീപിലെ തന്നെ മികച്ച കല്യാണങ്ങൾ നടക്കുന്നത് കട്മത്താണ്. രണ്ടുമൂന്ന് ദിവസം നീളുന്നതാണ് കല്യാണ ആഘോഷങ്ങൾ. രാത്രി നിസ്കാരത്തിന് ശേഷമാണ് ആഘോഷങ്ങൾ നടക്കുന്നത്. നേരത്തേ നിക്കാഹ് ഉറപ്പിച്ചതിന് ശേഷമാണ് കല്യാണം നടക്കുന്നത്. മറ്റ് ദ്വീപുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാരേയും നേരിട്ട് ചെന്ന് വേണം കല്യാണം വിളിക്കാൻ. കല്യാണത്തിന്റെ ആദ്യദിവസം മതപ്രകാരമുള്ള ചടങ്ങുകളുണ്ടാവും. വരനും വധുവിന്റെ പിതാവും തമ്മിലുള്ള വിവാഹ ഉടമ്പടിയും. പിന്നെ വിഭവ സമൃദ്ധമായ വിരുന്നാണ്. ആടും അടയും കോഴിയും ചോറും ചിക്കനും പത്തിരിയുമൊക്കെയുള്ള കല്യാണ വിരുന്ന്. ഈ വിരുന്ന് അടുത്തുള്ള രണ്ട് മൂന്ന് ദിവസത്തേയ്ക്ക് തുടരും. ഇതിനിടയ്ക്ക് ഒപ്പനയും വരന്റെയും വധുവിന്റെയും വീട്ടുകാരുടെ വക കലാപരിപാടികളും ഉണ്ടാവും. ദ്വീപിലെ കല്യാണ പ്രായമായ യുവാക്കൾ കല്യാണ ചെലവിനായി പെണ്ണുവീട്ടിൽ കൊടുക്കാൻ തുക കണ്ടെത്തിവയ്ക്കേണ്ടതുണ്ട്. ഇതിനൊരു കൈ സഹായമെന്നോണം കല്യാണത്തിന് വരുന്നവർ വരന് ചെറിയ ചെറിയ സാമ്പത്തിക സമ്മാനങ്ങൾ നൽകി സഹായിക്കുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ ചെറുക്കൻ താമസിക്കേണ്ടത് ‘ബീടരെ’ വീട്ടിലാണ്. അതായത് ഭാര്യവീട്ടിൽ. ഈ വീട്ടിൽ അവർക്കുവേണ്ടി പ്രത്യേകം സൗകര്യങ്ങളൊരുക്കിയ മുറിയുണ്ടാവും. ദ്വീപിലെ ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത്, “ഓരോ കല്യാണം നടക്കുമ്പോഴും ഒരു മുറിയും ഒരു എ.സിയും കൂടുന്നു. ഇവിടെ ഇപ്പോഴേ കറണ്ട് കൊടുക്കാൻ ഡീസൽ തികയുന്നില്ല. ഇങ്ങനെ കല്യാണം കൂടിയാ ഡീസൽ നമ്മൾ എന്ത് ചെയ്യും?”. കറന്റ് ഉണ്ടാക്കാൻ ഡീസലിന് കുറവുണ്ടെങ്കിലും ദ്വീപിലെ കല്യാണ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല, പ്രത്യേകിച്ച് റംസാൻ കഴിഞ്ഞുവരുന്ന ശൗവാൽ മാസത്തിൽ.
അഗത്തിയിലെ സാക്ഷി നോമ്പ്
നോമ്പുകാലത്ത് രാത്രികാലങ്ങളിലാണ് ദ്വീപ് ആക്റ്റീവ് ആവുന്നത്. പകൽ സമയങ്ങളിൽ പുറത്തിറങ്ങിയാൽ ഒരു പൊടി മനുഷ്യരെപ്പോലും കാണാനാവില്ല. വൈകുന്നേരം നോമ്പുതുറക്കുന്നത് മുതൽ അതിരാവിലെ അത്താഴം കാക്കുന്നതുവരെ ദ്വീപ് സജീവമായിരിക്കും. പള്ളികളിൽ ബീഫും തേങ്ങാച്ചോറും നൽകുന്ന ‘ചീരണി’കളുണ്ടാവും. വിവിധ ഇടങ്ങളിലും യാത്രയിലാണെങ്കിൽ കപ്പലിലും നോമ്പുതുറയുണ്ടാവും. പെരുന്നാൾ സമയത്ത് പള്ളികളിൽ രാത്തീവ് ഉണ്ടാകും. ദഫ് പോലുള്ള വാദ്യോപകരണങ്ങൾ കൊണ്ട് സംഘമായി തിരിഞ്ഞ് നൃത്തചുവടുകളോടെ ഗാനങ്ങൾ ആലപിക്കുന്ന പാരമ്പരാഗത രീതിയാണ് രാത്തീവ്. ചെറിയ പെരുന്നാളിന് ശേഷം ആറ് ദിവസത്തേയ്ക്ക് ദ്വീപുകാർ നോമ്പ് തുടരാറുണ്ട്, ‘സാക്ഷി നോമ്പ്’ എന്ന പേരിൽ. ഇത് നിർബന്ധിത നോമ്പല്ല, കഴിയുന്നവർക്ക് എടുക്കാം. അഗത്തി ദ്വീപുകാരാണ് സാക്ഷി നോമ്പ് മുടങ്ങാതെ തുടരുന്നത്. റമദാൻ നോമ്പ് കഴിഞ്ഞും സാക്ഷി നോമ്പ് കഴിഞ്ഞും അഗത്തിക്കാർക്ക് പെരുന്നാളാണ്.
അമേനിയിലെ പാമ്പ്പള്ളി
ഒരുപാട് കഥകളുള്ളൊരു ദ്വീപാണ് അമേനി. എ.ഡി 663ൽ മദീനയിൽ നിന്നുള്ള മതപ്രചാരകൻ ഷെയ്ഖ് ഉബൈദുള്ള ഒരു കപ്പലപകടത്തിൽപെടുകയും അവിടന്ന് അമേനിയിൽ നീന്തിക്കയറുകയും ചെയ്തുവെന്ന് പറയുന്നു. അമേനിയിൽ മതപ്രചരണം നടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് തുടക്കത്തിൽ അടുപ്പം കാണിക്കാതിരുന്ന അമേനി നിവാസികളോട് തന്റെ ദിവ്യത്വം കാണിക്കാനായി ദ്വീപിന്റെ ഒരുഭാഗത്ത് അദ്ദേഹം ശക്തമായി ചവിട്ടിയെന്നും അതിനാലാണ് അമേനിയുടെ ഒരു ഭാഗം ചരിഞ്ഞിരിക്കുന്നതെന്നും പഴമക്കാർ പറയുന്നു. ചരിത്രപരമായ മറ്റൊരു അമേനിക്കഥയാണ് പാമ്പ് പള്ളിയുടേത്. യൂറോപ്പുകാർ ലക്ഷദ്വീപിൽ കോളനികൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്ന കാലം. ഇതിനെതിരെ പല പ്രതിരോധങ്ങളും സംഘർഷങ്ങളും കൊലകളും ദ്വീപുകാരും വൈദേശികരും തമ്മിൽ നടക്കുന്നുണ്ട്. ദ്വീപിലെ പലരും ഇതിൽ രക്തസാക്ഷികളായി.
അമേനിയ്ക്കടുത്ത് താവളമുറപ്പിച്ച പോർച്ചുഗീസ് പടയെ ഭക്ഷണത്തിനായി സൂത്രത്തിൽ വിളിക്കുകയും അവർക്ക് ഭക്ഷണം വിളമ്പുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിൽ പാമ്പിന്റെ വിഷം ചേർത്തായിരുന്നു വിളമ്പിയത്. ഇതറിയാതെ ഭക്ഷണം കഴിച്ച പോർച്ചുഗീസ് പട മരിച്ചുവീണു. അതിനുശേഷം ലക്ഷദ്വീപിൽ കോളനികൾ സ്ഥാപിക്കുന്നതിൽ നിന്നും അവർ പിന്മാറി. വിഷം തയ്യാറാക്കിയ പള്ളിയാണ് ഇപ്പോൾ പാമ്പ് പള്ളി എന്നറിയപ്പെടുന്നത്. പാമ്പും നായകളും ഒന്നും ഇപ്പോഴും ഇല്ലാത്ത ദ്വീപിൽ പാമ്പ് വിഷം അക്കാലത്ത് എങ്ങനെ ലഭിച്ചു എന്നത് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു.
മലിക്കു വിശേഷങ്ങൾ
ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും മാലിദ്വീപിനോട് അടുപ്പം പുലർത്തുന്ന ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപാണ് മിനിക്കോയ്. മറ്റ് ദ്വീപുകളിൽ നിന്നും കുറച്ച് അകലെയാണ് മലിക്കു എന്ന പ്രാദേശിക വിളിപ്പേരുള്ള ഈ ദ്വീപ്. കൊച്ചിയിൽ നിന്നായാലും മറ്റ് ദ്വീപുകളിൽ നിന്നായാലും ഏകദേശം അരദിവസത്തോളം കപ്പലിൽ യാത്ര ചെയ്ത് വേണം ഇവിടേയ്ക്കെത്താൻ. ഭാഷയിലും വേഷത്തിലും ജീവിതരീതികളിലുമെല്ലാം മാലി ദ്വീപിന്റെ ചെറുപകർപ്പാണ് മിനിക്കോയ്. ജീൻസും ഷർട്ടുമൊക്കെയിട്ട് നല്ല ചെത്തായി ചൂരപിടിക്കാൻ പോകും മലിക്കുകാർ. ഇവിടത്തെ കൂടുതൽ പുരുഷൻമാരും കപ്പലിൽ ജോലിയുള്ള സീമെൻമാരായിരിക്കും. മറ്റ് ദ്വീപുകളിൽ നിന്ന് വ്യത്യസ്തമായി ചൂരയിൽ നിന്ന് മാസ്മിൻ ഇവിടെ ഉണ്ടാക്കുന്നത് സ്ത്രീകളാണ്. മറ്റ് ദ്വീപിൽ പുരുഷന്മാരാണ് സാധാരണ മാസുണ്ടാക്കുന്നത്. മിനിക്കോയ്ക്കാർ വിവിധ വില്ലേജുകളിലായാണ് താമസിക്കുന്നത്. ഓരോ വില്ലേജിനും ഓരോ മൂപ്പനും മൂപ്പത്തിയും ഉണ്ടാകും. അവരാണ് ഈ വില്ലേജിലെ പ്രധാന കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നത്. വില്ലേജിലുള്ളവർക്ക് ഒരുമിച്ച് കൂടിച്ചേരാൻ ഓരോ വില്ലേജിലും വില്ലേജ് ഹൗസുകളുണ്ടാവും. കല്യാണവും പൊതുപരിപാടികളുമൊക്കെ ഇവിടെയാണ് നടക്കുന്നത്. വില്ലേജുകൾ ചേർന്ന് നടത്തുന്ന റഹാ തോണി കടൽ വള്ളം കളിയും പ്രശസ്തമാണ്. ദ്വീപ സമൂഹങ്ങളിൽ കവരത്തിയ്ക്ക് ശേഷം ഹൈന്ദവ ക്ഷേത്രം കാണാൻ കഴിയുന്നൊരു ദ്വീപ് കൂടിയാണ് മിനിക്കോയ്. മിനിക്കോയിയുടെ ഒരറ്റത്ത് നിന്നാൽ മറ്റേ അറ്റം കാണാവുന്ന രീതിയിലാണ് ദ്വീപിന്റെ ആകൃതി.
മിനിക്കോയിയുടെ ഒരു ഭാഗത്ത് പണ്ടാരം ഭൂമി എന്നറിയപ്പെടുന്ന പൊതു ഇടവും മറ്റേ ഭാഗത്ത് വില്ലേജുകളുമാണുള്ളത്. ദ്വീപുകളിൽ കാലകാലങ്ങളായി പൊതുവായി ഉപയോഗിച്ചിരുന്ന ഇത്തരം പണ്ടാരഭൂമികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ദ്വീപ് നിവാസികളും അഡ്മിനിസ്ട്രേഷനും തർക്കം തുടരുന്നുണ്ട്. ദ്വീപിന്റെ തെക്കേ അറ്റമായ തുണ്ടി ബീച്ചിനടുത്തുള്ള ലൈറ്റ് ഹൗസ് വളരെ പ്രശസ്തമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വാച്ച് ടവറുകളിൽ ഒന്നാണിത്.1885ൽ ബ്രിട്ടീഷ് ഭരണകാലത്ത് പ്രവർത്തനമാരംഭിച്ച ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത് ബർമിംഗ് ഹാമിൽ നിന്നും ഇറക്കുമതി ചെയ്ത കറുത്ത ഇഷ്ടികകൾ കൊണ്ടും ഹോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത പശ കൊണ്ടുമാണ്. ദ്വീപിനോട് ചേർന്ന ആഴം കുറഞ്ഞ ലഗൂണുകളിൽ ഇടിച്ച് നിരവധി കപ്പലുകൾ തകർന്നിരുന്നതിനാൽ അതൊഴിവാക്കാനാണ് ഇവിടെ ലൈറ്റ് ഹൗസ് പണിതത്. ഈ ലൈറ്റ് ഹൗസിന്റെ നിർമ്മാണ ശേഷമാണ് ലക്ഷദ്വീപ്പിലെ മറ്റ് ദ്വീപുകളിലും ലൈറ്റ് ഹൗസ് ഉണ്ടായത്.
ലൈറ്റ് കത്തുന്ന ദ്വീപ്
കവര് ഇറങ്ങുക എന്ന പേരിൽ നമ്മൾ പറയുന്ന ബയോലുമിനസൻസ് എന്ന പ്രതിഭാസം വളരെ മനോഹരമായി രാത്രിയിൽ കാണാൻ കഴിയുന്നൊരു ദ്വീപാണ് ബാംഗാരം. ദ്വീപിന് ചുറ്റും നീലവെട്ടം നിറഞ്ഞുനിൽക്കുന്ന കാഴ്ച വർണനാതീതമാണ്. ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്നതും സഞ്ചാരികൾക്കുവേണ്ടി മാത്രം സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളൊരു ദ്വീപാണിത്. ബാംഗാരത്തിന് തൊട്ടടുത്തായി തിണ്ണകര, പറളി എന്ന ചെറുദ്വീപുകളുണ്ട്. പണ്ട് ഇതുവഴി കടന്ന് പോയിരുന്ന കടൽ വ്യാപരികൾ തമ്പടിക്കാനും വിശ്രമിക്കാനും ഈ ദ്വീപുകളിൽ എത്തിയിരുന്നതായി പറയുന്നു. ബംഗാരം ജാഗ്രി എന്ന പേരിൽ ഈ അടുത്തകാലം വരെ ലഭിച്ചിരുന്ന പ്രത്യേക രീതിയിലുണ്ടാക്കിയിരുന്ന ശർക്കര വളരെ പ്രശസ്തമാണ്. കാലക്രമേണ വിനോദ സഞ്ചാരത്തിന്റെ വൻവെട്ടങ്ങൾ വന്നുതുടങ്ങിയപ്പോൾ ഈ പാരമ്പരാഗത ശർക്കര നിർമ്മാണം അവിടെ നിലച്ചു.
കൽപ്പിട്ടി, പക്ഷിപ്പിട്ടി, പവിഴക്കാടുകൾ
കടലിന് നടുവിൽ ഉയർന്നുനിൽക്കുന്ന ചെറിയൊരു മൺകൂനയും അതിന്മേൽ വിഹരിക്കുന്ന വിവിധതരം വർണ്ണപക്ഷികളെയും സങ്കൽപ്പിച്ചുനോക്കൂ. നമ്മുടെ മനസ്സിൽ വരുന്ന ആ ചിത്രത്തെ നേരിട്ട് കാണാം പക്ഷിപ്പിട്ടിയിൽ. പിട്ടിയെന്നാൽ മൺകൂനയെന്നാണ്. ഒരുപാട് ദേശാടനപക്ഷികൾ വരുന്ന ഇടമാണ് പക്ഷിപ്പിട്ടി. കടലിന് നടുവിലെ മറ്റൊരു ഹരിത ദൃശ്യം നൽകുന്ന ഇടമാണ് കൽപ്പിട്ടി. ലക്ഷദ്വീപിലെ ഒരേയൊരു വിമാനത്താവളമുള്ള അഗത്തി ദ്വീപിൽ വിമാനമിറങ്ങുന്നതിന് തൊട്ടുമുന്നേ കടലിലേക്ക് എടുത്ത് വച്ച ഹൃദയാകൃതിയിലുള്ളൊരു ദ്വീപ് കാണാം, അതാണ് കൽപ്പിട്ടി.
കരയിൽ മാത്രമല്ല കടലിനടിയിലും വിസ്മയിപ്പിക്കുന്നതാണ് ലക്ഷദ്വീപ്. പവിഴക്കാടുകൾ എന്ന് തന്നെ വിശേഷിപ്പിക്കാം. അക്രോപ്പോഡാ എന്നയിനം പവിഴപ്പുറ്റുകളാണ് കൂടുതലും. അക്രോപ്പോഡയുടെ രൂപത്തിലും പേരിലുമുള്ള ഒരു പലഹാരവുമുണ്ട് ലക്ഷദ്വീപിൽ-ബാര. ദ്വീപിലെ പഴയ കാല നിർമ്മിതികളെല്ലാം പണിതിരിക്കുന്നത് പവിഴപുറ്റുകൾ ഉറഞ്ഞുണ്ടായ കല്ലുകളും മണ്ണും ചേർത്തിട്ടാണ്. പലതരം വർണ്ണ മത്സ്യങ്ങളാൽ സമൃദ്ധമാണ് ദ്വീപുകൾ. മഞ്ഞയും കറുപ്പും നിറമുള്ള ബട്ടർഫ്ലൈ മീനുകളാണ് ദ്വീപിലെ ഔദ്യോഗിക മത്സ്യം. ഇവിടത്തെ പല കടൽ ജീവജാലങ്ങളും സംരക്ഷണപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. കടൽ വെള്ളരി, ആമ തുടങ്ങിയവയെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട് ദ്വീപിൽ. ആമകളുടെ ഒരു സംരക്ഷണ കേന്ദ്രമാണ് ദ്വീപ്. ലഗൂണുകളിലൂടെ മുങ്ങി നിവർന്ന് പായുന്ന ആമകളും വർണ്ണ മീനുകളും ഇവിടെ പതിവ് കാഴ്ചയാണ്.
കാഴ്ചകൾക്ക് കൗതുകം ഏറെയുണ്ടെങ്കിലും ദ്വീപ് ജനത ഇപ്പോഴും പ്രശ്നങ്ങൾക്കിടയിലാണ്. കരയിലെക്കെത്താനുള്ള കപ്പൽ സൗകര്യങ്ങളുടെ സ്ഥിരതയില്ലായ്മ മുതൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നെറ്റ് വർക്ക് ഇല്ലായ്മ, ലക്ഷദ്വീപിന്റെ വരുമാന വിഭവങ്ങൾ കരയിലേക്ക് എത്തിക്കാൻ കഴിയാത്തത് തുടങ്ങി കാലാവസ്ഥ വ്യാതിയാനത്തിന്റെ ചൂടേറ്റം വരെ ബാധിക്കുന്നുണ്ട് ലക്ഷദ്വീപിനെ. അതിനൊപ്പം ലക്ഷദ്വീപിലെ നിവാസികൾ പറയുന്ന പോലെ “കണ്ണ് കെട്ടി വിട്ട ഞണ്ടിനെപ്പോലെ” ഇരുട്ടിൽ തപ്പിക്കൊണ്ടുള്ള ദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടികളും ഇവരെ വല്ലാതെ വലയ്ക്കുന്നുണ്ട്. ശരിക്കും ചെകുത്താനും കടലിനും ഇടയിൽ!