ആദിവാസികൾക്ക് വേണ്ടി കിർത്താഡ്സ് എന്തു ചെയ്യുന്നു?

കേരളത്തിലെ പട്ടിക ജാതി-പട്ടിക വർ​ഗ വിഭാ​ഗങ്ങളുടെ ജീവിതവും സംസ്കാരവും പഠിക്കുന്നതിന് വേണ്ടി സ്ഥാപിച്ച കിർത്താഡ്സ് എന്ന ​ഗവേഷണ സ്ഥാപനം നടത്തുന്ന വിവിധ തട്ടിപ്പുകൾ 2019 സെപ്തംബർ ഒന്നിന് സമർപ്പിച്ച എ.ജി റിപ്പോർട്ട് പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ, സാമ്പത്തിക ക്രമക്കേടും അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ച റിപ്പോർട്ടിന്മേൽ ഇത്രകാലമായിട്ടും ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ എ.ജി റിപ്പോർട്ട് അക്കമിട്ട് നിരത്തിയ കിർത്താഡ്സിന്റെ ആദിവാസി വിരുദ്ധ നടപടികൾ വിശദമാക്കുന്നു ആർ സുനിൽ. (ഭാ​ഗം 1).

കേരളത്തിലെ പട്ടിക ജാതി-പട്ടിക വർ​ഗ വിഭാ​ഗങ്ങളുടെ ജീവിതവും സംസ്കാരവും പഠിക്കുന്നതിനു വേണ്ടിയാണ് സർക്കാർ കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) എന്ന ഗവേഷണ കേന്ദ്രം തുടങ്ങിയത്. അത് വിപ്ലവകരമായ ഒരു നീക്കമായിരുന്നു. സംസ്ഥാനത്തെ പാർശ്വവൽകൃത സമൂഹം നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും കണ്ടെത്തുകയും നിർദ്ദേശിക്കുകയായിരുന്നു സ്ഥാപനത്തിൻെറ കർത്തവ്യം. ഗോത്രവർഗ സമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള കൈത്താങ്ങായി മാറേണ്ട സ്ഥാപനം. പട്ടികജാതി-വർഗ വികസന മന്ത്രാലയമാണ് ഇതിനുള്ള തീരുമാനമെടുത്തത്. കേന്ദ്രത്തിലെ ട്രൈബൽ ഗവേഷണ-പരിശീലന കേന്ദ്രം (ടി.ആർ ആൻഡ് ടി.സി) മാതൃകയിലാണ് 1972 ലാണ് കിർത്താഡ്‌സ് രൂപീകരിച്ചത്. പല സംസ്ഥാനങ്ങളിലും ട്രൈബൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് (ടി.ആർ.ഐ) ആണുള്ളത്. അതെല്ലാം സ്വയംഭരണാധികാരമുള്ള ബോഡിയാണ്. അതേ മാതൃകയിലാണ് സംസ്ഥാനത്ത് കിർത്താഡ്സ് രൂപീകരിക്കപ്പെട്ടത്.

പട്ടികജാതി-ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി, ജീവിതരീതി, ജീവിതപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച അടിസ്ഥാന ഗവേഷണ പഠനങ്ങൾ നടത്തുകയായാരുന്നു കിർത്താഡ്സിന്റെ മുഖ്യ ലക്ഷ്യം. സർക്കാരിന് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതും പട്ടിക വിഭാഗ വകുപ്പുകളുടെ വികസന രംഗത്ത് പ്രവർത്തിച്ചുവരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതും കിർത്താഡ്സാണ്. ഈ വിഭാഗത്തിലെ യുവതി-യുവാക്കളെ ബോധവൽക്കരിക്കുകയും എസ്.സി-എസ്.ടിക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതും ഈ സ്ഥാപനമാണ്. പുതിയതായി ഒരു സമൂഹത്തെ പട്ടിക ജാതി-വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും അത് ഒഴിവാക്കുന്നതും സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതും കിർത്താഡ്സിലെ ഉദ്യോഗസ്ഥരാണ്. പട്ടിക ജാതി-വർഗക്കാരുടെ പാരമ്പര്യ കലകൾ, കരകൗശല വൈദഗ്ധ്യം തുടങ്ങിയവ പരിപോഷിപ്പിക്കുക, ഗോത്രസംസ്കാരം പ്രതിഫലിപ്പിക്കുന്ന മ്യൂസിയം ക്രമീകരിക്കുക എന്നിവയും ഇവരുടെ പ്രവർത്തനങ്ങളായിരുന്നു. മൗലികവും ക്രിയാത്മകവുമായ ഗവേഷണം നടത്തേണ്ട സ്ഥാപനമാണ് കിർത്താഡ്സ്.

ആദിവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഗവേഷണം, പരിശീലനം, വികസന പഠനം, മ്യൂസിയം, ലൈബ്രറി, വംശീയ വൈദ്യം, ഭാഷാപഠനം, കലാകേന്ദ്രം തുടങ്ങിയ വിഭാഗങ്ങൾ കിർത്താഡ്സിൽ ആരംഭിച്ചു. നരവംശ ശാസ്ത്ര പഠനത്തിൽ പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് 1996ലെ നിയമം പ്രകാരം വിദഗ്ധ ഏജൻസിയായി പ്രവർത്തിച്ചു തുടങ്ങി. വ്യാജമായി സർട്ടിഫിക്കറ്റുകൾ നേടി പട്ടികജാത-ആദിവാസി വിഭാഗത്തിന് അർഹതപ്പെട്ട സംവരണ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് തടയേണ്ടതും ഇവരുടെ ചുമതലയായി. അതിനായി കിര്‍ത്താഡ്സ് സമുദായ നിര്‍ണ്ണയ പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തി. നരവംശശാസ്ത്ര വിഭാഗത്തെ ജാതിനിർണ്ണയത്തിനുള്ള വിദഗ്ധ ഏജന്‍സിയായി അംഗീകരിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് തട്ടിപ്പുകാരെ കണ്ടെത്തി പുറത്താക്കുന്നതിനും വ്യാജ ജാതി സമ്പാദിച്ച് ജോലി നേടിയവരെ കണ്ടെത്തി പുറത്താക്കുന്നതിനും സ്ക്രൂട്ടിനി-സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചു. നരവംശശാസ്ത്ര അന്വേഷണം നടത്തുന്നതിന് ഗവേഷണ വിഭാഗത്തില്‍ ഒരു പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥർ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പരിശീലന ക്യാമ്പുകള്‍ നടത്തി. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനുവേണ്ടി ജാതി സംബന്ധമായ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ജാതി സംബന്ധിച്ച് കോടതി കേസുകൾ വാദിക്കുന്നതിന് സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർമാർക്ക് നിർദ്ദേശങ്ങൾ നൽകിയും കിർത്താഡ്സ് മുന്നോട്ട് പോയി. എന്നാൽ, എ.ജി ഉദ്യോഗസ്ഥർ ഈ സ്ഥാപനത്തിൽ നടത്തിയ പരിശോധന മറ്റൊരു ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. അസിസ്റ്റൻഡ് ഓഡിറ്റ് ഓഫിസേഴ്സായ സേതുലക്ഷ്മി ആർ.മേനോൻ, എം.എൽ സുബ്രയൻ, ഓഡിറ്റർ മുഹമ്മദ് അമീർ തുടങ്ങിയവർ 2019 ജൂലൈ 18 മുതൽ ഓഗസ്റ്റ് മൂന്ന് വരെയാണ് കിർത്താഡ്സിൽ വിവിധ രേഖകളുടെ പരിശോധന നടത്തിയത്. 2002 ഏപ്രിൽ മുതൽ 2019 ജൂൺ വരെയുള്ള പ്രധാന രേഖകൾ പരിശോധിച്ചാണ് 2019 സെപ്തംബർ ഒന്നിന് റിപ്പോർട്ട് സമർപ്പിച്ചത്. എ.ജി റിപ്പോർട്ട് കിർത്താഡ്സിൻെറ സാമ്പത്തിക വെട്ടിപ്പും അഴിമതിയും കെടുകാര്യസ്ഥതയും ആദിവാസി വിരുദ്ധതയും അക്കമിട്ട് നിരത്തുകയാണ്.

ധാരാളം പണം, ഫലം പൂജ്യം

മൂന്ന് വിഭാഗങ്ങളായിട്ടാണ് കിർത്താഡ്സിന്റെ പ്രവർത്തനം. ഗവേഷണവിഭാഗം, വികസന പഠന വിഭാഗം, ആദിവാസി ചരിത്ര ഗവേഷണ വിഭാഗം എന്നിങ്ങനെ. സ്ഥാപനത്തിൽ റഫറൻസ് ലൈബ്രറിയുണ്ട്. അവിടെ നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം പുസ്തകങ്ങളുമുണ്ട്. ഒപ്പം, ആദിവാസി മ്യൂസിയവും വിവര ശേഖരണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പാർശ്വവൽകൃത വിഭാഗങ്ങളെ സംബന്ധിച്ച സെമിനാറുകളും മീറ്റിങ്ങുകളും ഇവിടെ നടത്തുന്നുണ്ട്. തിരുവനന്തപുരം അയ്യങ്കാളി ഭവന്റെ ഉപകേന്ദ്രവും ഇവിടെയുണ്ട്. 2016 മുതലുള്ള കാലം പരിശോധിച്ചാൽ ചെറിയൊരു കാലയളവ് ഒഴികെ ഡോ. പി. പുകഴേന്തിയാണ് ഡയറക്ടർ. പട്ടികവർഗ വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ കിർത്താഡ്സിലും പ്രതിഷ്ഠിച്ചത്. അദ്ദേഹം വനംവകുപ്പിലെ സി.സി.എഫ് ആണ്. അഡീഷണൽ ചാർജാണ് അദ്ദേഹത്തിന് നൽകിയത്. മാസത്തിൽ ഒരു തവണ അവിടെ എത്താറുണ്ടെന്നുമാത്രം. പേരിനൊരു ഡയറക്ടറുണ്ടെങ്കിലും കേരളത്തിലെ നാഥനില്ലാ കളരികളിൽ ഒന്നാണ് ഈ സ്ഥാപമെന്നാണ് എ.ജി റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര ട്രൈബൽ മന്ത്രാലയവും കേന്ദ്ര സർക്കാരുമാണ് സ്ഥാപനത്തിന് ഫണ്ട് നൽകുന്നത്. ആദിവാസി പദ്ധതികളോടുള്ള പതിവ് സമീപനം തന്നെയാണ് സംസ്ഥാന സർക്കാർ ഈ സ്ഥാപനത്തോട് കാണിക്കുന്നത്. ആവശ്യംപോലെ പണം അനുവദിക്കും. ഉദ്യോഗസ്ഥർ പരമാവധി തുക ചെലവഴിക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്നു. എന്നാൽ, ഫലം വട്ട പൂജ്യവും. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ പരാജയപ്പെടുന്നതുപോലെ കിർത്താഡ്സിന്റെ പഠനങ്ങളും പാതിവഴിയിൽ തന്നെ. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എ.കെ ബാലൻ മന്ത്രിയായിരുന്ന കാലത്ത്, 2016- 17 മുതൽ 2017-18 വരെ 28.92 കോടി അനുവദിച്ചു. 14 .63 കോടി ചെലവഴിച്ചു. 14.28 കോടി തിരിച്ചടച്ചു. അപൂർണ്ണമായ പഠന റിപ്പോർട്ടുകളാണ് ഇവിടുത്തെ സംഭാവന.

പ്രോജക്ടുകൾ നടപ്പാക്കുന്ന കാര്യത്തിൽ കിർത്താട്സിന്റെ ഭരണപരമായ വീഴ്ച ഗുരുതരമാണ്. 2011-12 മുതൽ 2016-17 വരെ വിവിധ ഗവേഷണ പദ്ധതികൾക്കായി 2.76 കോടി അനുവദിച്ചു. അതിൽ 2.04 കോടി ചെലവഴിച്ചു. എന്നാൽ, വിവര ശേഖരണത്തിന്റെയും ഗവേഷണത്തിന്റെയും റിപ്പോർട്ടുകൾ പൂർത്തീകരിച്ചിട്ടില്ല. അതിന്റെ പൂർണ്ണ വിവരങ്ങൾ ഫയലുകളിൽ സൂക്ഷിച്ചിട്ടില്ല. കാലം കഴിഞ്ഞപ്പോൾ ഇത് സംബന്ധിച്ച് പൂർണ്ണ രേഖകൾ കണ്ടെത്തുക അസാധ്യമായി. 2017-18 മുതൽ 2018-19 വരെ പതിനൊന്ന് വിഷയങ്ങളിൽ ഗവേഷണം നടത്തുവാൻ 1.29 കോടി രൂപ അനുവദിച്ചു. ഇതിൽ ഒട്ടുമിക്കതിലും 2018 മാർച്ച് 31ന് പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പണം ചെലവഴിച്ചുവെന്നല്ലാതെ ഒരു റിപ്പോർട്ടിന്റെ കരട് രൂപം മാത്രമാണ് ആകെ കണ്ടെത്താനായത്. തൊഴിൽരഹിതരായ ആദിവാസി യുവതീ-യുവാക്കൾക്കളെക്കുറിച്ചുള്ള കരട് റിപ്പോർട്ട് ഡയറക്ടറുടെ അനുമതിക്കായി കാത്തുകിടക്കുകയാണ്. പഠനത്തിനുള്ള തുക കൈമാറേണ്ടത് രണ്ട് തവണയായിട്ടാണ്, 30-70 ശതമാനം എന്നിങ്ങനെ. ഗവേഷണം തുടങ്ങുമ്പോൾ 30 ശതമാനം ഗവേഷകർക്ക് മുൻകൂറായി നൽകണം. ബാക്കി തുക നൽകേണ്ടത് റിപ്പോർട്ട് സമർപ്പിക്കുമ്പോഴാണ്. ഈ നിബന്ധന കിർത്താഡ്സ് അധികൃതർ കാറ്റിൽപ്പറത്തി. റിപ്പോർട്ട് തയാറാക്കി വാങ്ങാതെ മുഴുവൻ തുകയും നൽകി. പഠന റിപ്പോർട്ട് ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനുള്ള വികസനനയം ആവിഷ്കരിക്കുന്നതിനാണ് ഉപയോഗിക്കേണ്ടത്. 11 ഗവേഷണ പദ്ധതികളിൽ ബാക്കി 10 പ്രോജക്റ്റ് പൂർത്തീകരിച്ചിട്ടില്ല.
കേന്ദ്ര ഗോത്രവർഗ ക്ഷേമ മന്ത്രാലയം വിവിധ സഹായങ്ങൾ നൽകുന്നത് കിർത്തഡ്സ് നൽകുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ്. ആദിവാസികൾ നേരിടുന്ന ജീവിത പ്രശ്നങ്ങളെ സംബന്ധിച്ച വിഷയങ്ങളിലാണ് ഇവർ ഗവേഷണം നടത്തുന്നത്. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ആദിവാസികളുടെ ഉന്നമനത്തിവേണ്ടിയുള്ള സർക്കാർ നയം രൂപവൽക്കരിക്കുന്നതിനും കിർത്താഡ്സ് ഗവേഷണ ഫലങ്ങളാണ് അടിസ്ഥാനരേഖ. ഈ പഠന റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് കിർത്താഡ്സ് തുടരുന്നത്.

പൂർത്തീകരിക്കാത്ത പഠനങ്ങൾ

സംസ്ഥാനത്തെ പ്രാക്തന ഗോത്രവിഭാത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന തലത്തിലുള്ള സർവ്വെക്ക് (Baseline Survey of Primitive Tribal Group) കേന്ദ്ര ഗോത്രവർഗ ക്ഷേമ മന്ത്രാലയം ഗ്രാന്റ് ഇൻ എയ്ഡ് എന്ന നിലയിൽ 3.45 ലക്ഷം അനുവദിച്ചിരുന്നു. തുക 2003 ഓഗസ്റ്റ് 25ന് കിർത്താഡ്സ് ഡയറകട്ർക്ക് കൈമാറി. പണം ലഭിച്ച് ഒരു മാസത്തിനകം സർവ്വെ പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. സർവ്വെ റിപ്പോർട്ട് ലഭിക്കുന്നതിന് നിരവധി കത്തുകൾ എഴുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. ജൻശ്രീ ഭീമ യോജന ഇൻഷ്വറൻസ് എന്ന പദ്ധതിയിൽ സർവ്വെയിൽ വരുന്ന മുഴുവൻ ആദിവാസികളെയും ഉൾപ്പെടുത്തുക എന്നതായിരുന്നു ഇതിൻെറ ലക്ഷ്യം. സർവ്വെ പൂർത്തികരിക്കാത്തതിനാൽ പ്രാക്തന ഗോത്രവിഭാഗങ്ങളിലെ ഒരാളെ പോലും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. തുക ചെലവഴിച്ചിന്റെ വ്യക്തമായ രേഖകളും സൂക്ഷിച്ചിട്ടില്ല.

തൊഴിൽ രഹിതരായ വിദ്യാസമ്പന്നരായ ആദിവാസി യുവത്വത്തെക്കുറിച്ച് 14 ജില്ലകളിലും പഠനം നടത്തുവാൻ 11.90 ലക്ഷത്തിന് ഭരണാനുമതി നൽകി 2017 ജൂലൈ 11ന് ഉത്തരവിറക്കിയിരുന്നു. ഈ മേഖലയെക്കുറിച്ചുള്ള പ്രത്യേക പഠനത്തിനാണ് 2017-18ൽ കിർത്താഡ്സിന് തുക അനുവദിച്ചത്. സംസ്ഥാനത്ത് വിദ്യാഭ്യാസം ലഭിച്ച ആദിവാസി യുവത്വം എന്തു ചെയ്യുന്നുവെന്നും അവർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്നും അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു പഠന ലക്ഷ്യം. ഈ പ്രോജക്ട് 2018 ജൂലൈ 30ന് പൂർത്തീകരിക്കേണ്ടതായിരുന്നു. ഡോ. ശശികുമാറിനായിരുന്നു ചുമതല. വിവരശേഖരണത്തിന് അഞ്ച് റിസർച്ച് ഫെലോകളെയും ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും താൽക്കാലികമായി നിയോഗിച്ചിരുന്നു. കണക്കു പുസ്തകത്തിൽ ഇതിനായി 8.99 ലക്ഷം ചെലവഴിച്ചു. ആകെ ചെലവായത് 10.24 ലക്ഷം (പദ്ധതിയുടെ 86 ശതമാനം). എല്ലാ ജില്ലകളിലും സർവ്വെ നടത്തുന്നതിന് പകരം കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളിലെ 121 യുവജനങ്ങളിൽ നിന്ന് വിവര ശേഖരണം നടത്തി. മാർഗ നിർദേശങ്ങളെല്ലാം അട്ടിമറിച്ച് റിപ്പോർട്ടിന്റെ കരട് തയാറാക്കി. ഡയറക്ടർ അതിന് അംഗീകാരം നൽകിയില്ല. പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല. തൊഴിൽരഹിതരായ ആദിവാസി യുവത്വത്തിന് വേണ്ടി നയം ആവിഷ്കരിക്കുന്നതിനുള്ള അടിസ്ഥാന രേഖയാകേണ്ട റിപ്പോർട്ടാണ് പൂർത്തിയാകാതെ പാതിവഴിയിൽ ഉപേക്ഷിച്ചത്. പഠനം നടത്തുന്നതിന് മേൽനോട്ടമോ വിലിയിരുത്തലോ ഇല്ലാത്ത സ്ഥാപനമാണ് കിർത്താഡ്സ് എന്നതിന് വേറെ ഉ​ദാഹരണം ആവശ്യമില്ല.

പ്രാക്തന ഗോത്രവർഗ പദ്ധതി

പ്രാക്തന ഗോത്രവിഭാഗങ്ങളുടെ (പി.വി.ടി.ജി) ക്ഷേമത്തിനായി 13-ാം ധനകാര്യ കമ്മീഷൻ 148 കോടി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ 2011-12 മുതൽ നടപ്പാക്കി. അട്ടപ്പാടിയിലെ കുറുമ്പർ, പറമ്പിക്കുളത്തെയും ആതിരപ്പള്ളിയിലെയും കാടർ, കാസർ​ഗോട്ടെ കൊറഗർ, മലപ്പുറത്തെ ചോലനായ്ക്കർ വയനാട്- കോഴിക്കോട് ജില്ലയിലെ കാട്ടുനായക്കർ എന്നീ അഞ്ച് വിഭാഗങ്ങളായിരുന്നു ഗുണഭോക്താക്കൾ. 148 കോടി ചെലവഴിച്ചത്തിന്റെ ഗുണഫലം എന്താണെന്ന് ഇതുവരെ പട്ടികവർഗ വകുപ്പ് പോലും വിലയിരുത്തൽ നടത്തിയിട്ടില്ല. പദ്ധതി നടപ്പാക്കിയതിന് ശേഷം അത് വിലയിരുത്തുന്ന സമ്പ്രദായം പട്ടികവർഗ വകുപ്പിനില്ല. അതിനാലാണ് പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത പുറത്തുവരാത്തത്. ആദിവാസികൾക്ക് വേണ്ടി പദ്ധതികൾ നടപ്പാക്കുമ്പോൾ തടിച്ചുകൊഴുക്കുന്നവർ പലരുണ്ട്. ആദിവാസി പദ്ധതികൾ അവർക്ക് ചാകരക്കാലമായിരുന്നു. പ്രാക്തന ഗോത്രവർഗ പദ്ധതി നടപ്പാക്കിയതിനെക്കുറിച്ച് ഏതെങ്കിലും ഏജൻസി പഠനം നടത്തിയിട്ടുണ്ടോയെന്ന് ആർക്കും അറിയില്ല.

പ്രാക്തന ഗോത്രവർഗ പദ്ധതി വിലയിരുത്താൻ പഠനം നടത്തുന്നതിന് കിർത്താഡ്സ് ഡയറക്ടർ പ്രൊപ്പോസൽ സമർപ്പിച്ചു. വിലയിരുത്തൽ നടത്തുന്നതിന് 2017-18ൽ 11.25 ലക്ഷം അനുവദിച്ചു. നടപ്പാക്കിയ പദ്ധതി വഴി നേരിട്ടും അല്ലാതെയും ആദിവാസികൾക്ക് ലഭിച്ച പ്രയോജനമായിരുന്നു പഠന വിഷയം. ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സ്കീമിൻെറ ഫലം, ആദിവാസികൾക്ക് ലഭിച്ച ഗുണം, ഗോത്രങ്ങളുടെ പങ്കാളിത്തം, നേരിട്ടും അല്ലാതെയും ആദിവാസികൾ നടത്തിയ ഇടപെടൽ, ജീവിതനിലവാരം, ഉപജീവനാവസ്ഥ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം ആരോഗ്യ സുരക്ഷ, ഉടമസ്ഥതാ ബോധം തുടങ്ങി പൊതുവായി കാര്യങ്ങളെല്ലാം വിലയിരുത്താനായിരുന്നു തീരുമാനം. ആദിവാസി ഊരുകളിലെത്തി അവരുമായി ഗ്രൂപ്പ് ചർച്ചകൾ, സംഭാഷണങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ചുള്ള സർവ്വെയായിരുന്നു വിഭാവനം ചെയ്തത്. ഒരു വർഷം നീളുന്ന പഠനം നടത്തുവാൻ നരവംശ ശാസ്ത്രത്തിൽ എം.എ ഡിഗ്രിയുള്ള ആറ് പ്രോജക്ട് ഫെലോകളെ നിയോഗിക്കാനായിരുന്നു നിർദ്ദേശം.

എന്നാൽ, കിർത്താഡ്സ് തൊഴിൽ വാർത്തയിലും തൊഴിൽ വീഥിയിലും പരസ്യം നൽകിയപ്പോൾ നരവംശശാസ്ത്രം എന്നത് ഒഴിവാക്കി. പകരം റിസർച്ച് ഫെലോയുടെ യോഗ്യത എം.എ നരവംശ ശാസ്ത്രത്തിനൊപ്പം സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സ്, സോഷ്യോളജി, റൂറൽ ആൻഡ് ട്രൈബൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ഡിഗ്രി നേടിയവർക്കും അപേക്ഷിക്കാമെന്ന് തിരുത്തി. അത് വലിയൊരു അട്ടിമറിയായിരുന്നു. വേണ്ടപ്പെട്ടരെ താൽക്കാലിക തസ്തികയിൽ തിരുകി കയറ്റുകയായിരുന്നു അതിന്റെ ലക്ഷ്യം. അതോടെ പഠനത്തിൻെറ പരാജയം കിർത്താഡ്സ് ഉറപ്പാക്കി. അഭിമുഖത്തിലൂടെ നാലുപേരെ തെരഞ്ഞെടുത്തു. 10 മാസത്തേക്ക് അവർക്ക് പ്രതിമാസം 20,000 രൂപ നിശ്ചയിച്ച് സർവ്വെക്ക് നിയോഗിച്ചു. തുക ചെലവഴിച്ചത് സംബന്ധിച്ച് രജിസ്റ്ററിൽ ഡി.ജി.ഒ ഒപ്പിട്ടില്ല. പഠന റിപ്പോർട്ട് എ.ജി അന്വേഷണം നടത്തുന്നതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാതെ 11.25 ലക്ഷം രൂപ ചെലവഴിച്ചു. കേന്ദ്ര സർക്കാർ നൽകിയ 148 കോടി ചെലവഴിച്ചിട്ടും പ്രാക്തന ഗോത്ര ജനതയുടെ ജീവിതം വികസിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകേണ്ട പഠന റിപ്പോർട്ടാണ് കിർത്താഡ്സ് അട്ടിമറിച്ചത്. ശരിയായ രീതിയിൽ പഠനം നടത്തിയാൽ സമാനമായ മറ്റ് പല പദ്ധതികളെയും പോലെ പട്ടികവർഗ ഡയറക്ടറേറ്റാണ് പ്രതികൂട്ടിൽ വരുക.

ഗോത്ര ഭാഷാ പഠന കേന്ദ്രം ആരംഭിക്കുവാൻ 10 ലക്ഷം അനുവദിച്ചത് 2018 ജനുവരി 31നാണ്. പ്രാഥമിക ചെലവുകൾക്കായി ആദ്യം രണ്ട് ലക്ഷം കൈമാറി. മാർച്ച് 12ന് അഭിമുഖം നടത്തി. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് നാലുപേരെ പ്രതിമാസം 17,000 രൂപയും യാത്രാ ബത്തയായി 2500 രൂപയും നൽകാമെന്ന വ്യവസ്ഥയിൽ 10 മാസത്തേക്ക് നിയമിച്ചു. പണം കൃത്യമായി കൊടുത്തു. പ്രോജക്ടിന് റിസൾട്ടുണ്ടായില്ല. ഡയക്ടർ സമയം നീട്ടി നൽകിയാൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്ന് അറിയിച്ചു. എ.ജി റിപ്പോർട്ട് തയാറാക്കുമ്പോഴും ഒന്നും നടന്നില്ല. അങ്ങനെ ഗോത്ര ഭാഷാ പഠന കേന്ദ്രം അകാലത്തിൽ ചരമമടഞ്ഞു.

ഇടുക്കിയിലെ മുതുവാൻ വീട്

ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹമായ മുതുവാന്മാരുടെ വംശീയശാസ്ത്രവും അവർ സവിശേഷ രീതിയിൽ നിർമ്മിക്കുന്ന വീടിനെ കുറിച്ചുമായിരുന്നു. പഠനം നടത്താൻ 24.48 ലക്ഷം നൽകാൻ 2018 ഓഗസ്റ്റ് മൂന്നിന് തീരുമാനിച്ചു. 2028-19 സാമ്പത്തിക വർഷത്തിലാണ് പഠനം പൂർത്തീകരിക്കേണ്ടത്. ഇടുക്കിയിലും ഇടമലക്കുടിയിലും മുതുവാന്മാരുടെ ഊരുകളിൽ അവരുടേതായ വൈദഗ്ധ്യത്താൽ പ്രത്യേകതരം വീടുകൾ നിർമിക്കുന്നുണ്ട്. പഴയ മാതൃകയിലും പുതിയ മാതൃകയിലും അവർക്ക് ഊരുകളിൽ വീടുകൾ നിർമിക്കാൻ കഴിയുന്നുണ്ട്. രണ്ട് മുറിയുള്ളതും ഏകദേശം ഒരേ വലിപ്പമുള്ളതുമായ വീടുകളാണ് പണിയുന്നത്. കാറ്റടിച്ച് വീട് തകരാതിരിക്കാൻ കാറ്റുപട്ട എന്ന പേരിൽ മറച്ചുകെട്ടൽ എല്ലാ വീടുകൾക്കുമുണ്ടാകും. മുതുവാൻ കുടികളിലെ വീട് നിർമ്മാണ രീതിയുടെ പ്രത്യേകത അന്വേഷിക്കുകയായിരുന്നു വിശദ പഠനത്തിൻെറ ലക്ഷ്യം. സർക്കാരിന്റെ സ്കീമുകളും നയങ്ങളും ആവിഷ്കരിക്കുമ്പോൾ അടിസ്ഥാന രേഖയായി മാറുമായിരുന്നു ഈ പഠന റിപ്പോർട്ട്. പാരിസ്ഥിതിക പാരമ്പര്യം, കലാപരമായ പ്രത്യേകത, പ്രകൃതിയോടിണങ്ങിയ നിർമ്മാണ രീതി തുടങ്ങിയവയെല്ലാം അവരുടെ നിർമ്മാണത്തിലെ സവിശേഷതയായിരുന്നു. ആദിവാസി സൗഹൃദ വീട് നിർമ്മാണ മാതൃകയും സമ്പ്രദായവും പ്രയോജനപ്പെടുത്തുകയെന്നത് പഠനത്തിന്റെ ലക്ഷ്യമായിരുന്നു. ആദിവാസി ഊരുവികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതിന്റെ നിയരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ ഇവർ ശേഖരിച്ച വിവിരങ്ങൾക്ക് കഴിയുമായിരുന്നു. വിവിധ നരവംശശാസ്ത്ര ഗവേഷണ രീതികളും സമഗ്രമായ ഫീൽഡ് വർക്കും, ഈ വിഷയത്തിലെ വിദഗ്ധന്മാരുമായുള്ള കൂടിക്കാഴ്ചകൾ, സമുദായ നേതൃത്വവുമായുള്ള ചർച്ചകൾ ഇതെല്ലാം ഗവേണത്തിലെ പുതുവഴികളായിരുന്നു. പുതിയ തലത്തിലുള്ള വിവിരശേഖരണം ഇതിലൂടെ കഴിയുമെന്നായിരുന്നു പ്രതീക്ഷ.

ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിൽ 2018 മാർച്ച് എട്ടിന് തുടങ്ങിയ പഠനം ഡിസംബറിൽ അവസാനിപ്പിച്ചു. 9.99 ലക്ഷം ചെലവഴിച്ചുവെങ്കിലും ഉദ്ദേശിച്ച തരത്തിൽ വിവിരശേഖരണം നടന്നില്ല. യഥാർഥ ആക്ഷൻ പ്ലാൻ അനുസരിച്ചല്ല പ്രവർത്തനം നടത്തിയത്. ചിട്ടയോടുകൂടി വിവരശേഖരണം നടത്താനും കഴിഞ്ഞില്ല. പഠനം ആരംഭിക്കുമ്പോൾ നിർദ്ദേശങ്ങളൊന്നും പാലിച്ചില്ല. പഠനത്തിന്റെ ഓരോ ഘട്ടത്തിലും പുരോഗതി വിലയരുത്തൽ നടത്തുന്നതിൽ പ്രജക്ട് മാനേജ്മെൻറ് യൂണിറ്റ് പരാജയപ്പെട്ടു. അവർ മൂന്ന് മാസത്തിലൊരിക്കലും ആറുമാസിത്തിലൊരിക്കലും വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചില്ല. ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ വിവരശേഖരണത്തെക്കുറിച്ച് സൂക്ഷ്‌മപരിശോധനയും നടത്തിയിട്ടില്ല. ഓഡിറ്റ് നടത്തുന്ന 2019 മാർച്ച് 31ന് ഇത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. റിപ്പോർട്ട് തയ്യാറാക്കി അടിയന്തിരമായി അയക്കണമെന്നും എ.ജി നിർദ്ദേശിച്ചു.

വഴിയാധാരമായ പാരമ്പര്യ ചികിത്സ

ആദിവാസി പാരമ്പര്യ ചികിത്സകർക്ക് കൈമാറുന്നതിന് 41.80 ലക്ഷം രൂപ കിർത്താഡ്സ് അനുവദിച്ചു. സ്കീം പ്രകാരം 250 ആദിവാസി പാരമ്പര്യ വൈദ്യന്മാർക്ക് എല്ലാവർഷവും സഹായം നൽകണം. ചികിൽസക്കുള്ള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫർണീച്ചർ എന്നിവ വാങ്ങുന്നതിനും ഔഷധ സസ്യങ്ങൾ വളർത്തുന്നതിനും മാസം തോറും 10,000 രൂപ കൊടുക്കുന്നതായിരുന്നു പദ്ധതി. 2016-17 മുതൽ 2018-19 വരെ ആകെ 78 ലക്ഷം രൂപ അനുവദിച്ചു. ( 2016-17 ൽ 25 ലക്ഷം, 2017-18 ൽ 25, 2018-19 ൽ 28 ലക്ഷം). എന്നാൽ ആദ്യ രണ്ട് വർഷം ആദിവാസി വൈദ്യന്മാർക്ക് വിതരണം ചെയ്തത് വെറും 36.20 ലക്ഷം രൂപ മാത്രം. അതിൽ തന്നെ 119 വൈദ്യന്മാർ മാത്രമാണ് ഉപയോഗ സർട്ടിഫിറ്റ് നൽകിയത്. അങ്ങനെ ആദിവാസി ചികിത്സാ പദ്ധതിക്കുള്ള ധനസഹായം വഴിയാധാരമായി. അനുവദിച്ച 41.80 ലക്ഷം രൂപ വിതരണം ചെയ്യാനുള്ള ആദിവാസി പാരമ്പര്യ വൈദ്യന്മാരെ കണ്ടെത്താൻ കഴിയാത്തതിനാൽ തുക ഭദ്രമായി സൂക്ഷിച്ചു. 2012 ലും സമാനമായൊരു പദ്ധതി നടപ്പാക്കിയിരുന്നു. ആദിവാസി വൈദ്യന്മാർക്ക് ചെറിയ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് പട്ടികവർഗ വകുപ്പ് 50 ലക്ഷം ധനസഹായം അനുവദിച്ചു. അതിൽ 25 ലക്ഷം ഗ്രാന്റും 25 ലക്ഷം വായ്പയുമായിരുന്നു. തുക അനുവദിക്കുന്നതിനായി 15 പേരെ തെരഞ്ഞെടുത്തു. പട്ടികവർഗക്കാർക്ക് തൊഴിൽ ലഭിക്കുന്നതിനായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എസ്.സി-എസ്.ടി വികസന കോർപ്പറേഷനെയാണ് പദ്ധതിയുടെ നടത്തിപ്പ് ഏൽപ്പിച്ചത്. അവർ 19.60 ലക്ഷം രൂപ 2012 മുതൽ കൈവശം വച്ച് അനുഭവിച്ചു. ആദിവാസി വൈദ്യമാർക്ക് മുന്നോട്ടു പോകാനുള്ള വഴി അടക്കുന്നതിൽ അവർ വിജിയിച്ചു. ആദിവാസികൾ വീണ്ടും പരാജയപ്പെട്ടു.

ജനപ്രതിനിധികളെ പറ്റിച്ചു

സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വനിതാ ജനപ്രതിനിധികളുടെ നേതൃത്വശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് സർക്കാർ 63.76 ലക്ഷം നീക്കി വെച്ചു. അതിനായി എട്ട് പദ്ധതികൾ നടപ്പാക്കുന്നതിനായി 3.40 ലക്ഷം അനുവദിച്ചു. ഇതുസംബന്ധിച്ച് 2018 സെപ്തംബർ ഏഴിന് സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി വനിതകൾക്ക് ഭരണ നിർവഹണത്തിൽ ശക്തമായി ഇടപെടാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷി വികസിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വികേന്ദ്രീകൃത ആസൂത്രണം നടപ്പാക്കുമ്പോൾ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നായിരുന്നു പ്രതീക്ഷ. രാഷ്ട്രീയ രംഗത്ത് നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിയുന്ന വിധത്തിൽ വനിതകളെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. 2018 നവംബർ 27 മുതൽ 30 വരെ നാലുദിവസം ഇവർക്കുവേണ്ടി പരിശീലനം നടത്തി. 1.73 ലക്ഷമാണ് ചെലവഴിച്ചത്. പരിശീലനത്തിന് 50 പേരെ പങ്കെടുപ്പിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ എ.ജി നടത്തിയ പരിശോധനയിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. തീരുമാനിച്ച അത്രയും ജനപ്രതിനിധികളെ പരിശീലന പരിപാടിക്ക് എത്തിക്കുന്നതിൽ കിർത്താഡ്സ് പരാജയപ്പെട്ടു. 50 ശതമാനം പേർക്ക് പോലും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. ഇവർക്കുള്ള താമസസൗകര്യം ഒരുക്കിയിരുന്നത് കിർത്താഡ്സ് ക്യാമ്പസിന് പുറത്തുള്ള ഹോട്ടലിലാണ്. താമസ സൗകര്യത്തിനായി 29,066 രൂപ ചെലവഴിച്ചു. പങ്കെടുത്തവരുടെ പെയ്മെന്റും ഹാജരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ കിർത്താഡ്സ് സൂക്ഷിച്ചിട്ടില്ല. പരിശീലനപരിപാടി നടത്തിയതിനെ സംബന്ധിച്ച് അവ്യക്തതകൾ ഏറെയാണ്.

ടീച്ചേഴ്സ് പരിശീലനത്തിലും തട്ടിപ്പ്

ഏക അധ്യാപക വിദ്യാലയങ്ങളിലെ ടീച്ചേഴ്സ്നുളള പരിശീലനത്തിനു 34.88 ലക്ഷം രൂപ 2018 ജനുവരി 31ന് അനുവദിച്ചു. ഇതിൽ പരിശീലനത്തിന് വേണ്ടി 22.84 രൂപ കിർത്താഡ്സ് ചെലവഴിച്ചുവെന്നാണ് കണക്ക്. അനുവദിച്ച് 34.88 ലക്ഷത്തിൽനിന്ന് 22.84 കുറച്ചാൽ ബാക്കി 12.03 ലക്ഷമാണ്. എന്നാൽ ഡയറക്ടറുടെ അക്കൗണ്ടിലെ ബലൻസ് തുകയാകട്ടെ 2.56 ലക്ഷമാണ്. ഇവിടെ പണം കൈകാര്യം ചെയതത് സുതാര്യമായിട്ടല്ല എന്ന് എ.ജി ചൂണ്ടിക്കാട്ടുന്നു.
കണക്കുകളിൽ പലതും കള്ള ബില്ലുകൾ ആകാനാണ് സാധ്യതയെന്നും എ.ജി പറയുന്നു. 10 ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു നിശ്ചയിച്ചത്. അതായത് 20-18 ഏപ്രിൽ 20 മുതൽ 29 വരെയായിരുന്നു. 61 അധ്യാപകരുടെ ലിസ്റ്റാണ് ഹാജരാക്കിയത്. അതിൽ ഒമ്പത് പേർ പങ്കെടുത്തിട്ടില്ല. അതിൽ ഒരാളുടെ പേര് വ്യക്തമല്ല. പിന്നീട് 2018 ഒക്ടോബർ 20 മുതൽ 29 വരെയും 2019 ജനുവരി 25 മുതൽ 27 വരെയും മറ്റ് രണ്ട് പരിപാടികൾ കൂടി നടത്തിയതായി വൗച്ചർ ഹാജരാക്കിയിരുന്നു. എന്നാൽ പങ്കെടുത്തവർക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ എ.ജി പരിശോധിച്ചപ്പോൾ കള്ളം പൊളിഞ്ഞു. സർട്ടിഫിക്കറ്റ് കോപ്പികൾ 20.10.2018 മുതൽ 29.10.2018 വരെ നടത്തിയ പരിശീലനത്തിന്റേതാണ്. അഡീഷണലായി പരിശീലന പരിപാടി നടത്തിയെന്ന വാദം ഇവിടെ പൊളിയുകയാണ്. അതുകൊണ്ടാണ് സർട്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ അഭാവത്തിൽ കണക്കിലെ കള്ളക്കളി എ.ജി ചോദ്യം ചെയ്യുന്നത്. പരിശീലനത്തിന് പുസ്തകം വാങ്ങുവാൻ 7500 രൂപ തിരുവനന്തപുരം എസ്.സി.ആർ.ടിക്ക് 2018 ഏപ്രിൽ മാസം നൽകിയെങ്കിലും ഒക്ടോബർ 2018 വരെ പുസ്തകം എത്തിയില്ല. അങ്ങനെ ഒക്ടോബർ 2018 ന്‌ മുമ്പ് ട്രെയിനിംഗ് കഴിഞ്ഞവർക്ക് പുസ്തകം കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല. കഴിഞ്ഞ 15 വർഷമായി പരീശലനത്തിലൊന്നും പങ്കെടുക്കാത്ത ഒരു അധ്യാപിക, മറ്റൊരു വ്യക്തിയെ 400 രൂപ ദിവസ വേതനം നൽകി ഇടുക്കിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ പകരം (ബിനാമി ഏർപ്പാട്) പഠിപ്പിക്കാൻ അയക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ അധ്യാപിക പട്ടികജാതി-വർഗ വകുപ്പിലെ സ്ഥിരം ജിവനക്കാരിയാണ്. ഇത് സംബന്ധിച്ച് തുടർ അന്വേഷണമൊന്നും ഉണ്ടായില്ല.

വെറുതേയായ വിനോ​ദയാത്ര

സംസ്ഥാനത്തെ ആദിവാസികൾക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്ര ഒരുക്കുന്നതിന് കിർത്താഡ്സ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇരുപത് ആദിവാസികളെ മറ്റ് സംസ്ഥാനങ്ങളിലെ ആദിവാസി പാരമ്പര്യ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ (2018 നവംമ്പർ എട്ട് മുതൽ 14 വരെ) തെരഞ്ഞെടുത്തു. അവരോടൊപ്പം കിർത്താഡ്സിന്റെ അഞ്ച് ഉദ്യോഗസ്ഥരും യാത്ര പോകാൻ തീരുമാനിച്ചു. ആറു ലക്ഷം രൂപ അനുവദിച്ചു, അത്രയും തുക ചെലവഴിച്ചു. ആദിവാസികളെ തെരഞ്ഞെടുത്തത് വാട്ട്സ്ആപ് മെസ്സേജ് വഴിയായിരുന്നു. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് വാട്ട്സ്ആപ് ഉണ്ടെന്നാണ് കിർത്താഡ്സിന്റെ വിലയിരുത്തൽ. വാട്ട്സ്ആപ്പ് ഇല്ലാത്ത ആദിവാസിക്ക് ടൂർ പോകാനും പറ്റിയില്ല. കത്ത് അയച്ച് വിവരം അിയാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ടൂർ പോകാൻ കൊതിച്ചിരുന്ന ഇരുപത് പേരിൽ രണ്ട് പേർ അവസാന നിമിഷം പിന്മാറി. അങ്ങനെ സർക്കാരിന് 13,500 രൂപ (ആളൊന്നിന് 6750) നഷ്ടമായി. ഓരോ ആദിവാസിക്കും ഹോണറേറിയം വീതിച്ചു കൊടുക്കുവാൻ 1.60 ലക്ഷം കരുതിയിരുന്നു. കൊടുത്തത് വെറും 42,616 രൂപ മാത്രം. മറ്റ് സംസ്ഥാനങ്ങളിലെ വികസന മാതൃകകൾ കണ്ട് മനസിലാക്കുകയും സമാനമായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുകയുമായിരുന്നു സന്ദർശന പരിപാടിയുടെ ലക്ഷ്യം. എന്നാൽ, സന്ദർശനത്തിന് ശേഷം ആദിവാസി മേഖലകളിൽ അത്തരം തുടർ പ്രവർത്തനം നടത്തിയിട്ടില്ല. പദ്ധതി ആദിവാസി മേഖലക്ക് പ്രയോജനം ചെയ്തില്ലെന്ന് ചുരുക്കം.

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 8, 2021 3:59 pm