ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ രാജ്യത്തെമ്പാടും തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുന്നണി ഉപേക്ഷിച്ച് ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ എന്‍.ഡി.എ.യിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ലാലു പ്രസാദ് യാദവും ഉള്‍പ്പെടെ പ്രതിപക്ഷ സഖ്യത്തിലുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലും ബിഹാർ മുഖ്യമന്ത്രി പദവി രാജിവച്ചാണ് നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാറുണ്ടാക്കുന്നത്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് ഒരു വിലയും കൽപ്പിക്കാതെ, മറുകണ്ടംചാടുക പതിവാക്കിയ നിതീഷിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോൾ ഓർമ്മിക്കേണ്ടത് ലാലു പ്രസാദ് യാദവ് രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം സ്വീകരിച്ചിട്ടുള്ള നിലപാടിനെയാണ്. നിതീഷ് അടക്കം പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായവരെല്ലാം ചാഞ്ചാടിയപ്പോഴും ലാലു പ്രസാദ് എപ്പോഴും ആർ.എസ്.എസ്-ബി.ജെ.പി വിരുദ്ധ നിലപാടിൽ ഉറച്ചുനിന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം ഭയക്കുന്നത് ലാലു പ്രസാദിനെയും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തേയുമാണ്.
എങ്ങനെ ഭയക്കാതിരിക്കും? ഭയത്തിന്റേയും, വിദ്വേഷത്തിന്റേയും വിത്തുകൾ പാകികൊണ്ട് സോമനാഥ ക്ഷേത്രത്തിൽ നിന്നും ബാബറി മസ്ജിദ് ലക്ഷ്യമാക്കി സഞ്ചരിച്ച എൽ.കെ അദ്വാനിയുടെ ‘രഥയാത്ര’യെ ബിഹാർ അതിർത്തിയായ സമസ്തപൂരിൽ വെച്ച് 1990 സെപ്റ്റംബർ 23ന് തടഞ്ഞതും അദ്വാനിയെ അറസ്റ്റ് ചെയ്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന് ആദ്യ ആദ്യതിരിച്ചടി നൽകിയതും ലാലുവായിരുന്നല്ലോ. 1997-ൽ ആർ.ജെ.ഡി രൂപീകരിച്ച കാലം മുതലും അതിന് മുൻപും ബി.ജെ.പിക്കൊപ്പം ഒരു സഖ്യത്തിനും തയ്യാറാകാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ബിഹാറിലെ ഭരണത്തിൽ നിന്നും ബി.ജെ.പി അകറ്റി നിർത്താൻ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടാസ് അടക്കമുള്ള ജയപ്രകാശ് നാരായണന്റെയും റാം മോഹൻ ലോഹ്യയുടെയും രാഷ്ട്രീയ അനുയായികൾ മിക്കവരും ആർ.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയവുമായി സഖ്യത്തിൽ എത്തിയിട്ടും ലാലു പ്രസാദ് എല്ലാക്കാലത്തും അവരിൽ നിന്നും ഒഴിഞ്ഞുനിന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബിഹാറിൽ 33 സീറ്റുകൾ നേടിയപ്പോൾ ലാലു ജയിലിലായിരുന്നു. 2015ൽ ജയിലിൽ നിന്നും പുറത്തുവന്ന ലാലു നിതീഷ് കുമാറിൻ്റെ ജനതാദൾ (യുണൈറ്റഡ്), കോൺഗ്രസ് പാർട്ടി എന്നിവരുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി. 2017-ൽ നിതീഷ് ബി.ജെ.പിയിൽ തിരിച്ചെത്തിയ ശേഷമാണ് 2018ൻ്റെ തുടക്കത്തിൽ ലാലു വീണ്ടും ജയിലിലാകുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ബിഹാറിൽ 39 സീറ്റുകൾ നേടി. എന്നാൽ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാലുവിൻ്റെ മകൻ തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡി ബി.ജെ.പിയെ ബിഹാറിൽ വിജയിപ്പിക്കുന്നതിൽ നിന്നും തടഞ്ഞു. 75 എം.എൽ.എമാരുമായി ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കും എന്ന ബി.ജെ.പിയുടെ വാദങ്ങൾ തകർന്നു. ഇതിനിടയിൽ, സർക്കാരുണ്ടാക്കാൻ വേണ്ടി മറ്റ് പല സംസ്ഥാനങ്ങളിലെയും നിരവധി പാർട്ടികളെ ബി.ജെ.പി പിളർത്തിയെങ്കിലും ബിഹാറിലെ ആർ.ജെ.ഡിയെ ഭിന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞതേയില്ല.
വ്യക്തിപരമായ ഏറെ നഷ്ടങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം എല്ലായ്പോഴും ഉയർത്തിപ്പിടിച്ച് ലാലു പ്രസാദ് മതേതര വിശ്വാസികൾക്കൊപ്പം ഉറച്ചുനിന്നു. ബി.ജെ.പിയ്ക്കൊപ്പം പോയിരുന്നെങ്കിൽ ലലുവിന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളും ഒറ്റനിമിഷം കൊണ്ട് വെളുപ്പിക്കപ്പെടുമായിരുന്നു. വ്യക്തിപരമായി ലഭിക്കുമായിരുന്ന അത്തരം നേട്ടങ്ങൾ എല്ലാം വേണ്ടെന്ന് വെച്ചാണ് ഈ മനുഷ്യൻ ഈ പ്രായത്തിലും ബി.ജെ.പി.യെ വെല്ലുവിളിച്ചു നിൽക്കുന്നത്. അങ്ങനെയുള്ള ലലുവിന്റെ മകൻ ബീഹാർ മുഖ്യമന്ത്രിയായാൽ ഉണ്ടാകാനിടയുള്ള ആപത്ത് ബി.ജെ.പി.യ്ക്ക് നന്നായറിയാം.
ഇപ്പോഴത്തേതിന് സമാനമായകാര്യങ്ങളായിരുന്നു 2017 ജൂലൈയിലും നടന്നത്. 2015 നവംബറിലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെപ്പോലെ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് എന്നീ കക്ഷികൾ മഹാസഖ്യം എന്നപേരിൽ തെരഞ്ഞെടുപ്പിനെ നേരിടുകയും ബി.ജെ.പിയെ ദയനീയമായി പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ആർ.ജെ.ഡി – 80, ജെ.ഡി.യു – 71, കോൺഗ്രസ് – 20, ബി.ജെ.പി – 53 എന്നീ പ്രകാരമായിരുന്നു അന്നത്തെ പ്രധാനകക്ഷിനില. തന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ ലാലുപ്രസാദിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വനി യാദവിനെതിരെ ഉയർന്ന ആരോപണത്തെ തുടർന്ന് സ്ഥാനം രാജിവെയ്ക്കാൻ തേജസ്വനിയോട് ആവശ്യപ്പെടുകയും ആർ.ജെ.ഡി അത് തള്ളിക്കളയുകയും ചെയ്തപ്പോൾ അഴിമതിയുടെ കൂടാരമായ ബി.ജെ.പിയ്ക്കൊപ്പം ചേർന്ന് ലാലുവിന്റെ ‘അഴിമതി’ക്കെതിരെ നിതീഷിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിര്‍ത്താനുള്ള ഇടമാണ് തനിക്ക് രാഷ്ട്രീയമാണ് നിതീഷ് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു.
2022 ആഗസ്റ്റിലെ തെരഞ്ഞെടുപ്പിലും നിതീഷ് ബി.ജെ.പിയ്ക്കൊപ്പം നിന്ന് മത്സരിച്ച് അധികാരത്തിൽ എത്തിയെങ്കിലും ബി.ജെ.പി തന്റെ പാർട്ടിയെ പിളർത്താൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ നിതീഷ് ബി.ജെ.പി പാളയം വിട്ട് മഹാസംഖ്യത്തിന്റെ ഭാഗമായി. ധാരണയനുസരിച്ച് നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും തേജസ്വനി യാദവ് മുഖ്യമന്ത്രിയാവുകയും ചെയ്യേണ്ട സന്ദർഭത്തിലാണ്, ലാലുവിന്റെ മകൻ മുഖ്യമന്ത്രിയാകാരിതിക്കാനുള്ള കരുക്കൾ ബി.ജെ.പി നീക്കിയതും അതിൽ നിതീഷ് എന്ന അധികാരകൊതിയൻ കരുവായതും.
ജാതി സെൻസസ് പുറത്തുവിട്ടതിലൂടെ ദേശീയതലത്തിൽ ഉയർന്നുവന്ന സവർണ്ണ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തിപകരാൻ തേജസ്വനിക്ക് കഴിയുമെന്ന് മനസ്സിലാക്കിയ ബി.ജെ.പി അങ്ങനെ സംഭവിക്കാതിരിക്കാൻ നിലപാടില്ലാത്ത രാഷ്ട്രീയക്കാരനായ നിതീഷിനെ വീണ്ടും ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പി.നടത്തുന്ന മൂന്നാംകിട രാഷ്ട്രീയ കളിയുടെ നേർച്ചിത്രമാണ് ഇപ്പോൾ ബീഹാറിൽ കാണാൻ കഴിയുന്നത്. നാല് വർഷത്തിനിടയിൽ പലപ്രാവശ്യം മുന്നണികൾ മാറി, ഒരേ ടേണിൽ മൂന്ന് തവണ മുഖ്യമന്ത്രിയായ നിധീഷിനെ
‘അവസരവാദി’യെന്ന് വിലയിരുത്തിയാൽ അത് വളരെ ചെറുതായിപ്പോകും. ആർ.എസ്.എസ്-ബി.ജെ.പിക്ക് ബദലായ മതേതരത്വ സഖ്യത്തിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വമായി ലാലുവിനെ തന്നെയാണ് ജനങ്ങൾ കാണുന്നത്. അധികാരത്തിനായി അവസരവാദ രാഷ്ട്രീയം കളിക്കുന്ന നിതീഷിലല്ല, ദലിത്-പിന്നാക്ക-മതന്യൂനപക്ഷ ഐക്യത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ലാലുവിലാണ് സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ പിന്തുടർച്ചകളുള്ളത്.