എല്ലാരാലും ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമം. വിണ്ടുകീറിയ പാടവക്കിലെ ഒറ്റയടിപ്പാതെപോലെ അനന്തമായി ജീവിതം ചവിട്ടിമെതിച്ച് ഉപേക്ഷിച്ച് പോയ ഗ്രാമം. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ജീവിതം തളിർത്തിരുന്ന ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തിന്റെ നിലവിലെ അവസ്ഥയാണിത്. എല്ലാവീട്ടിലും വണ്ടികളും വണ്ടി വലിക്കുന്ന മാടുകളും ട്രാക്ടറും കൃഷിയുപകരണങ്ങളുമായി സന്തോഷത്തോടെ ജീവിതം പുലർന്നിരുന്ന മീനാക്ഷിപുരം എന്ന ഗ്രാമം ഇന്നിപ്പോൾ പ്രേയസിയറ്റ പ്രേതഗ്രാമമാണ്. ഉണങ്ങി വരണ്ട ഭൂമിയിൽ അങ്ങിങ്ങായി തലപൊക്കി നിൽക്കുന്ന പനകളും പൊന്തക്കാടുകളും മാത്രം. ജീവിതം തളിർത്ത വീടുകൾ ഇന്ന് ചുവരുകൾ ഇടിഞ്ഞുവീണ് അസ്ഥികൂടം കണക്കെ നിൽക്കുന്നു. കുറേ കാറ്റാടിയന്ത്രങ്ങൾ ആർക്കോവേണ്ടി ജീവിതചക്രമെന്നപോലെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. രാഷ്‌ട്രീയ അന്യായങ്ങളോട് പൊരുതിനിന്ന അവസാന മനുഷ്യനും മരണത്തിന് കീഴടങ്ങിയതോടെ മീനാക്ഷിപുരം തികച്ചും അനാഥമായി. എഴുപത്തിമൂന്നുകാരനായ കന്തസാമി അയ്യ രോഗബാധിതനായി മരിച്ചതോടെയാണ് മീനാക്ഷിപുരം മനുഷ്യവാസമില്ലാത്ത ഗ്രാമമായത്. മീനാക്ഷിപുരം ഇന്ത്യയുടെ പരിസ്ഥിതിബോധത്തിലേക്ക് ഒരു ചോദ്യമെറിയുന്നുണ്ട്, ഇത്രയും കൊള്ളരുതാത്തതാണോ നമ്മുടെ നാടും പരിസ്ഥിതിയും?
ജീവിതം തളിർത്തിരുന്ന മീനാക്ഷിപുരം
തിരുനെൽവേലി–തൂത്തുക്കുടി–മധുരൈ 138 ദേശീയപാതയിൽ നിന്നും 20 കിലോ മീറ്റർ ദൂരമേയുള്ളൂ മീനാക്ഷിപുരത്തേക്ക്. എപ്പോഴും ബസ് സർവീസുണ്ടായിരുന്ന ഗ്രാമം. 20 വർഷം മുൻപ് സർക്കാർ സ്കൂളും അമ്പലങ്ങളും കടകളും എല്ലാം സജീവം.150 വീടുകളിലായി 200 കുടുംബങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന ഗ്രാമം. മീനാക്ഷിപുരത്തിന്റെ സുവർണകാലമായിരുന്നു അത്. കൃഷിയായിരുന്നു മുഖ്യതൊഴിൽ. എന്നാലും വിവിധ ജോലികൾ ചെയ്തിരുന്നവരും ഉണ്ടായിരുന്നു. മോശമല്ലാത്ത നിലവാരത്തിൽതന്നെയാണ് ഇവിടെയുള്ളവർ ജീവിച്ചിരുന്നതെന്ന് ഇനിയും തകർന്നടിഞ്ഞ് തീർന്നിട്ടില്ലാത്ത കെട്ടിടങ്ങളുടെ അസ്ഥിവാരങ്ങൾ പറഞ്ഞുതരുന്നുണ്ട്. തൂത്തുക്കുടിയാണ് സമീപത്തെ പ്രധാന കേന്ദ്രം. കടൽത്തീരപ്രദേശമാണ് തൂത്തുക്കുടി. നടുസെക്കാരക്കുടി, മേലേ സെക്കാരക്കുടി, കീല സെക്കാരക്കുടി, ചൊക്കലിംഗപുരം എന്നിവയായിരുന്നു അയൽഗ്രാമങ്ങൾ. തൂത്തുക്കുടിയുടെ അടുത്ത പ്രദേശമായതിനാലും കടൽത്തീരമായതുകൊണ്ടും ഉപ്പും ലവണാംശവും നിറഞ്ഞതാണ് മീനാക്ഷിപുരത്തെ വെള്ളം. കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ ഇവിടുത്തെ വെള്ളം ഉപയോഗിക്കാനാകില്ല. നാല് കിലോമീറ്റർ ദൂരെയുള്ള സെക്കാരക്കുടി ഗ്രാമത്തിൽ നിന്നായിരുന്നു മീനാക്ഷിപുരത്തേക്ക് കുടിവെള്ളമെത്തിച്ചിരുന്നത്. പൈപ്പ് ലൈൻ വഴി എത്തിക്കുന്ന ശുദ്ധജലം, മീനാക്ഷിപുരത്തെ ഓവർ ഹെഡ് വാട്ടർ ടാങ്കിലേക്ക് അടിച്ചു കയറ്റിയായിരുന്നു വിതരണം. പമ്പ് ചെയ്താണ് ഗ്രാമത്തിൽ ജല വിതരണം നടത്തിയിരുന്നത്.
മീനാക്ഷിപുരത്തിന് കഷ്ടകാലം തുടങ്ങുന്നു
നാല്‌വർഷം മുൻപ് മുന്നറിയിപ്പില്ലാതെ ഒരു ദിവസം മീനാക്ഷിപുരത്തേക്ക് കുടിവെള്ളം എത്താതായി. കുടിവെള്ള വിതരണം മുടങ്ങിയിട്ടും രണ്ടുദിവസത്തോളം സൂക്ഷിച്ചുവെച്ചിരുന്ന വെള്ളം ഉപയോഗിച്ച് ഇവിടുത്തുകാർ കഴിഞ്ഞുകൂടി. പതിവുപോലെ രണ്ടു ദിവസം കഴിഞ്ഞാൽ കുടിവെള്ളം വരുമെന്ന പ്രതീക്ഷ മീനാക്ഷിപുരത്തുകാർക്കുണ്ടായിരുന്നു. എന്നാൽ ദിവസങ്ങളോളം കാത്തിരുന്നിട്ടും കുടിവെള്ളം എത്തിയില്ല. സ്ഥിരമായി കുടിവെള്ളം ലഭിക്കില്ല എന്ന യാഥാർഥ്യം ഗ്രാമീണർക്ക് ബോധ്യപ്പെട്ട് തുടങ്ങി. അധികൃതർ കൈ മലർത്തിത്തുടങ്ങിയതോടെ സ്വന്തം നിലയിൽ വെള്ളമെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങി. സ്കൂട്ടറിൽ കന്നാസുകളിൽ വെള്ളമെത്തിക്കാൻ ആലോചിച്ചു. ആഴ്ചകളായി കുടിവെള്ളം മുടങ്ങിയതോടെ നാലുകിലോമീറ്റർ അകലെയുള്ള ചൊക്കലിംഗപുരത്തുനിന്നും മറ്റും തലച്ചുമടായും റിക്ഷാവണ്ടികളിലും മീനാക്ഷിപുരത്തുകാർ വെള്ളമെത്തിക്കാൻ തുടങ്ങി. മാസങ്ങളോളം ഇത് തുടർന്നു. ഈ കുടിവെള്ളക്കടത്ത് വലിയ ബാധ്യതയായതോടെ ഓരോ കുടുംബങ്ങളായി തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങി. മാസങ്ങൾക്കുള്ളിൽ ഗ്രാമത്തിലെ ജനസംഖ്യ കുറഞ്ഞ് തുടങ്ങി.
തങ്ങളുടെ പ്രിയപ്പെട്ട കൃഷിയിടങ്ങളും വീടും നാടും ഉപേക്ഷിച്ച് തൊട്ടടുത്ത ഗ്രാമങ്ങളിലേക്കായിരുന്നു മീനാക്ഷിപുരത്തുകാരുടെ പലായനം. പലരും പിടിച്ചു നിൽക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാനം നാടുവിടേണ്ടി വന്നു. ഓരോ കുടുംബങ്ങളായി ഒഴിഞ്ഞുതുടങ്ങിയതോടെ കടകൾ തുറക്കാതെയായി. വിദ്യാലയങ്ങൾ അടച്ച് പൂട്ടി. അങ്ങാടികൾ നിശ്ചലമായി. എല്ലാം ഉപേക്ഷിച്ച് ഗ്രാമീണർ പുതിയ താമസകേന്ദ്രങ്ങൾ തിരഞ്ഞെടുത്തു. സഞ്ചരിക്കാൻ ആളില്ലാതായതോടെ മീനാക്ഷിപുരത്തേക്കുള്ള ബസ് സർവീസും എന്നന്നേക്കുമായി നിലച്ചു. പരിചരിക്കാൻ ആളില്ലാതായതോടെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ഒരു കാലത്തെ സമൃദ്ധിയുടെ അടയാളമായിരുന്ന ഗ്രാമത്തിലെ കോൺക്രീറ്റ് ചെയ്ത റോഡുകൾ ഇപ്പോഴുമുണ്ട്. വർഷങ്ങൾക്കുള്ളിൽ മനുഷ്യവാസമില്ലാത്ത പ്രദേശങ്ങൾ കാടുപിടിക്കാൻ തുടങ്ങി. മീനാക്ഷിപുരത്തെ കർഷകർ ഉപേക്ഷിച്ചു പോയ കൃഷിയിടങ്ങൾ കാറ്റാടിപ്പാടങ്ങളായി. ഇത്രയൊക്കെയായിട്ടും ഗ്രാമത്തിലെ ഒരേ ഒരാളായ മീനാക്ഷിപുരത്ത് കന്തസാമി അയ്യ മാത്രം നാട് വിട്ട് പോകാൻ തയ്യാറായില്ല. ഈ മണ്ണ് വിട്ട് പോകുമ്പോൾ എന്റെ ജീവനവഷേിച്ചിട്ടുണ്ടാവില്ലെന്നയാൾ ബന്ധുക്കളോട് പറഞ്ഞു.
“സത്താലും ഇന്ത ഊരിലേ സത്തിടണം. പിറന്തത്, വളന്തത്, എല്ലാമേ ഇങ്ക താ”- എല്ലാവരും ഗ്രാമം ഉപേക്ഷിച്ചുപോയിട്ടും കന്തസാമി അയ്യ മാത്രം പോകാത്തതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതുമാത്രമാണ്. കന്തസാമി അയ്യ പിറന്നതും വളർന്നതും ജീവിച്ചതും എല്ലാം ഇവിടെത്തന്നെയായിരുന്നു. 150ലധികം വീടുകളുണ്ടായിരുന്നു ഇവിടെ. പെരിയ ഗ്രാമമായിരുന്നു. മൂന്ന് കടകൾ ഉണ്ടായിരുന്നു. തണ്ണിയില്ലാത്തത് മാത്രമായിരുന്നു പ്രശ്നം. വെള്ളം വരാതായതോടെ കുടിവെള്ള പൈപ്പ് നശിച്ചു. അടുത്ത ഗ്രാമങ്ങളിൽ നിന്ന് കുടിവെള്ളം ചുമന്നുകൊണ്ടുവരാൻ തുടങ്ങി. വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ഓരോരുത്തരായി ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയായിരുന്നു. തന്റെ വീടും പരിസരവും സംരക്ഷിക്കാനും ജീവൻ നിലനിർത്താനും അദ്ദേഹംതന്നെ മുന്നിട്ടിറങ്ങി. കുടിവെള്ളത്തിനായി തന്റെ സ്കൂട്ടറിൽ ചൊക്കലിംഗപുരത്തെത്തും. അവിടെനിന്നും ആവശ്യമായ വെള്ളം കന്നാസുകളിൽ നിറച്ച് സ്കൂട്ടറിൽ കെട്ടിവെച്ച് വീട്ടിലേക്ക് മടങ്ങും. ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുക. കൂടാതെ കടയില്ലാത്തതിനാൽ തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെത്തിക്കണം. മീനാക്ഷിപുരം ഉപേക്ഷിച്ചു പോകാത്തതിന് കന്തസാമിക്ക് തന്റേതായ കാരണങ്ങളുണ്ടയിരുന്നു. 35ാം വയസ്സിൽ മരിച്ച ഭാര്യ വീരലക്ഷ്മിയുടെ ഓർമകളുണ്ട് ഈ മണ്ണിൽ. ഒപ്പം താൻ ജനിച്ചു വളർന്ന വീടിന്റെയും പണിയെടുത്ത മണ്ണിന്റെയും ഓർമകളും. മീനാക്ഷിപുരം ഉപേക്ഷിച്ചു പോയവർ എന്നെങ്കിലും മടങ്ങിയെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ജീവനറ്റ് പോകുംവരെയും കന്തസാമി.
ജല ശുദ്ധീകരണ മാർഗങ്ങളുണ്ടായിരുന്നെങ്കിൽ
ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റുണ്ടായിരുന്നെങ്കിൽ മീനാക്ഷിപുരത്തുകാർക്ക് തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് കുടിവെള്ളം എത്തിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. പ്രിയപ്പെട്ട നാട് ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നു. അധികാര കേന്ദ്രങ്ങളിലുള്ളവർ ഇതിനൊട്ടും ശ്രമിച്ചില്ല. തന്റെ നാടിന് വേണ്ടി കുടിവെള്ളത്തിനായുള്ള പോരാട്ടത്തിലായിരുന്നു കന്തസാമി അയ്യ. ഉത്തരവാദപ്പെട്ടവർ തോൽപിക്കാൻ ശ്രമിക്കുമ്പോഴും കുടിവെള്ളത്തിനായി അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. സ്ഥിരമായ കുടിവെള്ളമെന്ന സ്വപ്നം ബാക്കയാക്കിയാണ് കന്തസാമി മറഞ്ഞത്. പക്ഷേ, കന്തസാമി മടങ്ങിയിട്ടും ആ ചോദ്യം ബാക്കിയാണ്, ഇത്രയും കൊള്ളരുതാത്തതാണോ നമ്മുടെ നാടും പരിസ്ഥിതിയും?
ഇത്രയും കെട്ടതാണോ നമ്മുടെ പരിസ്ഥിതി ബോധം
2023 ലെ തെക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മൺസൂണുകളുടെ പരാജയം കാരണം രാജ്യത്ത് 2,207 ഗ്രാമങ്ങളിൽ കുടിവെള്ള പ്രയാസമുണ്ടായതെന്ന് കേന്ദ്രമന്ത്രിയുടെ തന്നെ വിലയിരുത്തൽ. ഇതിന് ശ്വാശത പരിഹാരം കാണാതെ വമ്പൻ കുടിവെള്ള പദ്ധതികൾ നിർമ്മിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ അപകടത്തിലാക്കുകയാണ് കാഴ്‌ച്ചപ്പാടില്ലാത്ത ഭരണകൂടം. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാര്യമായ തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ജലസംരക്ഷണത്തിന്റെ മാതൃകകളില്ലാത്തതിനാൽ മഴവെള്ളം മുഴുവനും മണിക്കൂറുകൾക്കുള്ളിൽ കടലിൽ എത്തിച്ചേരും. മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള ഒരു സംവിധാനവും ഇല്ലാത്തതാണ് കടുത്ത വരൾച്ചയിലേക്ക് നയിക്കാനുള്ള പ്രധാന കാരണം. ശാശ്വതമായ ഗ്രാമീണ കുടിവെള്ളം വിതരണം എന്ന സങ്കൽപ്പത്തിലേക്ക് ഇനിയും കേരളം പോലും എത്തിയിട്ടില്ല. വമ്പൻ മോട്ടോറുകൾ ഉപയോഗിച്ച് അണക്കെട്ടുകൾ ഉൾപ്പെടെയുള്ള ജലസംഭരണികളിലെ വെള്ളം വാട്ടർ ടാങ്കുകളിൽ നിറച്ച് പൈപ്പുകൾ വഴി ഗ്രാമ മേഖലകളിലും നഗരങ്ങളിലും എത്തിക്കുന്ന ബഹു കുടിവെള്ള പദ്ധതികളാണ് സമൂഹത്തിന് ആവശ്യമാണെന്നാണ് ഇപ്പോഴും ധാരണ. ഇതിന് മാറ്റം വരേണ്ടതുണ്ട്. ഭൂമിയിൽ എപ്പോഴും ഈർപ്പമുള്ള തരത്തിലേക്ക് കാലാവസ്ഥയെ പരുവപ്പെടുത്തി വരൾച്ചയെ പ്രതിരോധിക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. കുന്നുകളിലും മലകളിലേയും കിണറുകളിലെ ജലനിരപ്പ് താഴ്ന്നു പോകാനുണ്ടായ കാരണങ്ങൾ ശാസ്ത്രീയമായി പഠിച്ച് അത് പരിഹരിക്കുന്നതിന് നടപടികൾ വേണം. കുന്നുകളിലുണ്ടായിരുന്ന മരങ്ങളുടെ ആവരണം നഷ്ടപ്പെട്ടതും വയനാട് ഉൾപ്പെടെയുള്ള കാടുകളിലെ ജൈവ സ്വഭാവത്തെ അട്ടിമറിക്കുന്ന തരത്തിൽ അധിനിവേശസസ്യങ്ങൾ വളരുന്നതും വരൾച്ചയുടെ പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട്. മഴയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം വരൾച്ചയുടെ തോത് വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ നൂറും ഇരുനൂറും മില്ലി ലിറ്റർ മഴ പെയ്യുകയും എന്നാൽ ഇത് ഭൂമിയിലേക്ക് ഇറങ്ങാതെ കടലിൽ പതിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസത്തിന് തടയിട്ടുകൊണ്ട് ഭൂജല നിരപ്പ് ഉയർത്താൻ യോജിച്ച പ്രവർത്തനം വേണമെന്നതാണ് മീനാക്ഷിപുരം നൽകുന്ന പാഠം.