ലോകം മുഴുവൻ സ്വന്തം ചരക്കുവിൽക്കുന്ന വിപണിയാകണമെന്നാണ് ഇംഗ്ലീഷുകാരുടെ മോഹം: ഗാന്ധി
‘ഹിന്ദ് സ്വരാജിന്റെ‘ ഏഴാം അദ്ധ്യായം ‘ഇന്ത്യ തോറ്റതെന്തുകൊണ്ട്’ എന്നാണ്. ഇംഗ്ലീഷുകാരെപ്പറ്റി നെപ്പോളിയൻ പറഞ്ഞതാണ് ശരിയെന്നാണ് ഗാന്ധിയുടെ വാദം. “ഇംഗ്ലീഷുകാർ കച്ചവടക്കാരാണ്. കച്ചവടത്തിന് വേണ്ടിയാണ് അന്യരാജ്യങ്ങളെ അവർ പാട്ടിലാക്കിയത്. അവരുടെ കരപ്പടയും കടൽസേനയും കച്ചവട താൽപര്യങ്ങളുടെ സംരക്ഷണത്തിനായി രൂപം കൊണ്ടതാണ്. ലക്ഷ്യം നേടുവാൻ അവർ കഴുതക്കാലും പിടിക്കും.”
ഗാന്ധിയുടെ മേൽപറഞ്ഞ വാക്കുകൾ അപനിർമ്മിച്ചെടുത്താൽ കഴിഞ്ഞ ആറ് നൂറ്റാണ്ടുകളായി യൂറോപ്യന്മാർ ഭൂമിയിൽ നടത്തിയിട്ടുള്ള അധിനിവേശിന്റെയും കച്ചവടത്തിന്റെയും അതിനുവേണ്ടി അവർ ഇപയോഗിച്ചിട്ടുള്ള യുദ്ധങ്ങളുടെയും പാരിസ്ഥിതിക നശീകരണത്തിന്റെയും ചരിത്രം വായിച്ചെടുക്കാനാവും. ഇന്നും യൂറോ കേന്ദ്രീകൃതമായ ലോക വ്യവസ്ഥിതിയുടെ മുഖ്യ ലക്ഷ്യം ആഗോള വിപണിയും കച്ചവടവുമാണ്.
ഇന്ത്യയും ആഗോള വിപണിയുടെ കോളനി രാജ്യമാണ്, ഇന്നും. സ്വാതന്ത്ര്യത്തിനുശേഷം ഭരണകൂടങ്ങളുടെ നയങ്ങൾ മാറിയിട്ടുണ്ടാകും. അധികാരികൾ സോഷ്യലിസത്തെപ്പറ്റിയും മതദേശീയതയെപ്പറ്റിയും പറയുന്നുണ്ടാകും. നടക്കുന്നത് അധികാരികളുടെ ഒത്താശയിൽ, ജനാധിപത്യ സംവിധാനങ്ങളുടെ സഹകരണത്തോടെ, കച്ചവടവും ചൂഷണവുമാണ്. തൊണ്ണൂറുകളിൽ വെറും ഒരു സാധാരണ കച്ചവടക്കാരനായിരുന്ന അദാനി, ഇന്ത്യയെ കാൽക്കീഴിലമർത്തുന്ന കൂറ്റൻ കേർപ്പറേറ്റ് സ്ഥാപനത്തിന്റെ ഉടമയാണിന്ന്.
നമ്മുടെ പരിസ്ഥിതിയെ അവർ നശിപ്പിക്കുന്നുണ്ടെങ്കിൽ നമ്മെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ, അതിനുവേണ്ടി അവർക്ക് കൂട്ടുനിൽക്കുന്ന ഭരണാധികാരികൾക്ക് നാം നമ്മുടെ സമ്മതിദാനാവകാശം നൽകുന്നുണ്ടെങ്കിൽ, ഗാന്ധിയുടെ ഭാഷയിൽ കുറ്റം നമ്മുടേത് തന്നെയാണ്. കോർപ്പറേറ്റുകളോ ഭരണാധികാരികളോ നമ്മെ കീഴടക്കുന്നതല്ല. ഒരു ജനതയെയും കീഴടക്കാനാവില്ല. പ്രലോഭനങ്ങൾ, പ്രീണനങ്ങൾ, പീഡനങ്ങൾ എന്നിവയിലൂടെ നാം സാധാരണക്കാർ, അറിയാതെയും അതിന് കീഴ്പ്പെടുകയാണ്. അടിമപ്പെടുകയാണ്.
‘ഹിന്ദ് സ്വരാജ്’ നമ്മുടെ സ്വയം കീഴടങ്ങുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. നമ്മുടെ സ്വാതന്ത്ര്യം, വിമോചനം നമ്മിൽ തന്നെയുണ്ട് എന്ന കാഹളമാണ്. ഭീരുത്തം വിട്ട് നിർഭയരാകുക. അധാർമ്മികമായ സ്ഥാപനങ്ങളിൽ നിന്ന് നിങ്ങളുടെ സഹകരണം പിൻവലിക്കുക. സ്വയം പ്രബുദ്ധരാകുക. നിങ്ങളുടെ വിമോചനം, നിങ്ങളുടെ ഉള്ളംകൈയ്യിൽ തന്നെയുണ്ട്. ഈ ധാർമ്മികമായ സത്യം ഉൾക്കൊള്ളാതെ ഒരു ഭരണസംവിധാനത്തെയും പുറത്തിടാനാവില്ല. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹത്തിന്റെ സുവിശേഷം പ്രയോഗവൽക്കരിക്കലാണ് ഗാന്ധിയുടെ പരീക്ഷണം.
കേൾക്കാം