ഭാഗം – 2
വെറുപ്പിന്റെ സ്ഥാനത്ത് സ്‌നേഹത്തെ പ്രതിഷ്ഠിക്കുന്ന സുവിശേഷമാണ് ഹിന്ദ് സ്വരാജ് : ഗാന്ധി
”ഇന്ത്യ ഇന്നൊരു ദുരവസ്ഥയിലാണ്. അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു. തൊണ്ട വരളുന്നു. ഇന്ത്യയിന്ന് ബ്രിട്ടന്റെ കാല്‍ക്കീഴിലല്ല; ആധുനിക നാഗരികതയുടെ കീഴിലാണെന്ന് ഞാന്‍ തറപ്പിച്ചു പറയും. ആ ദുര്‍ഭൂതത്തിന്റെ ഭാരത്തിന്‍ കീഴില്‍ ഇന്ത്യ അമര്‍ന്നു ഞെരുങ്ങുകയാണ്.” – ഗാന്ധി.
1909ല്‍ ഗാന്ധി ഹിന്ദ് സ്വരാജിലെഴുതിയത് 2023 ല്‍ അന്വര്‍ത്ഥമാണ്. ഇന്ത്യയുടെ അവസ്ഥ കണ്ട് ഒരു ഗാന്ധി അന്വേഷിയായ എന്റെ ഹൃദയം ചുട്ടുപൊള്ളുന്നു. ഗാന്ധി വിശേഷിപ്പിച്ച ആധുനിക നാഗരികതയുടെ സത്യാനന്തരകാലരൂപമായ നവലിബറല്‍ ചങ്ങാത്ത മുതലാളിത്തത്തെയും അതിന്റെ പ്രയോക്താക്കളുടെ ഭരണകൂട ഭീകരതയെയും എങ്ങനെ നേരിടണമെന്നറിയാതെ നിസ്സഹായനായി നില്‍ക്കുന്നു. മതം, ജാതി, ഭാഷ, ദൈവം, വിശ്വാസം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി, ഭയത്തിന്റെ വിഷപ്പുക പരത്തുമ്പോള്‍ എന്ത് ചെയ്യുവാന്‍ കഴിയും? ജനാധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും ഗാന്ധിയന്‍ ആശ്രമങ്ങളും തകര്‍ക്കപ്പെടുന്നത് കാണുമ്പോള്‍ എന്ത് ചെയ്യുവാന്‍ കഴിയും? വികസനത്തിന്റെ പേരില്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും ലാഭം കൊയ്യാനും അദാനി-അംബാനിമാര്‍ക്ക് ഇന്ത്യയെ വിട്ടുകൊടുക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും. ഇതേ സംഭവങ്ങള്‍ കേരളവും ആവര്‍ത്തിക്കുമ്പോള്‍ എന്ത് ചെയ്യും? ആധുനിക നാഗരികതയും അതിന്റെ നൂറ്റാണ്ടുകളായുള്ള ആര്‍ത്തിപിടിച്ച അധിനിവേശങ്ങളും മൂലം ഒരേയൊരു ഭൂമി ഉര്‍ദ്ധന്‍ വലിക്കുമ്പോള്‍ ഒന്നും ചെയ്യാനാവാത്തതെന്ത്? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴാണ് ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്’ അഥവാ സ്വയംഭരണത്തിലേക്ക് തിരിയുന്നത്.
1908ല്‍ ലണ്ടനില്‍ നിന്ന് തെക്കേ ആഫ്രിക്കയിലേക്കുള്ള കപ്പല്‍ യാത്രക്കിടക്കാണ് ഗാന്ധി ഈ ചെറുപുസ്തകമെഴുതുന്നത്. ഇന്ത്യയിലും ചെറിയ തോതില്‍ ആഫ്രിക്കയിലും പ്രചരിച്ചുകൊണ്ടിരുന്ന അക്രമ മാര്‍ഗ്ഗ ചിന്തയ്ക്കുള്ള മറുപടിയായിട്ടാണ് ഗാന്ധി ഇതെഴുതുന്നത്. ”ഇന്ത്യയുടെ ദീനങ്ങള്‍ക്കു അക്രമമാര്‍ഗ്ഗം പരിഹാരമല്ലെന്നും സ്വയം സംരക്ഷണത്തിന് നമ്മുടെ പരിഷ്‌കാരത്തിനനുയോജ്യമായ മറ്റൊരു മികച്ച ആയുധം വേണമെന്നും” ഗാന്ധി വിശ്വസിച്ചു. ”ഇത് മൃഗീയ ശക്തിക്കെതിരെ ആത്മീയ ശക്തിയെ വാഴിക്കുന്നു.” എന്താണ് ഈ ആത്മീയശക്തി? അതത്രെ സത്യാഗ്രഹം, സഹനസമരം.
‘ഹിന്ദ് സ്വരാജി’ന്റെ വായന സമഗ്രമാകുന്നത് ഒരുവളുടെ ജീവിതം, നിലവിലുള്ള അധികാര സ്ഥാപനങ്ങള്‍ക്കു നേരെയുള്ള കലഹങ്ങളും, തിരസ്‌കാരവുമാകുമ്പോഴാണ്. തിരസ്‌കാരമാകട്ടെ, വളരെ പുതിയതൊന്നിന്റെ സൃഷ്ടിയില്‍ ഊന്നിക്കൊണ്ടാണ് സ്വയം പൂര്‍ണമാകുന്നത്. ഇത് വ്യക്തിയില്‍ നിന്ന് തുടങ്ങി സമൂഹത്തിലേക്കും സമഷ്ടിയിലേക്കും ഒരേകാലം സംക്രമിക്കുമ്പോള്‍ ഭൂമി പൂര്‍ണ സ്വരാജിലേക്കുള്ള വഴിയിലായി. ആധുനിക ചങ്ങാത്ത മുതലാളിത്ത നാഗരികതയുടെ ആസക്തികള്‍ക്കടിമപ്പെട്ട് അന്ധകാരത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന സത്യാനന്തരകാലത്തെ മനുഷ്യന് ‘ഹിന്ദ് സ്വരാജ്’ നേര്‍വഴിയിലേക്കുള്ള പാതയാണ്. ആ വഴി സ്വീകരിക്കുവാന്‍ നാം വിസമ്മതിക്കുന്നുവെങ്കില്‍ ഭൂമിയുടെ അതിജീവനം അസാധ്യമാണ്.
കേൾക്കാം: