ഗാന്ധിയുടെ ധർമ്മധാതുക്കൾ – 13

ഒരു സത്യാന്വേഷിക്ക് സ്തുതിയും നിന്ദയും ഒരുപോലെയാണ്: ​ഗാന്ധി

ഗാന്ധിയുടെ ജീവിതത്തിൽ മലയോളം സ്ഥുതികൾ കിട്ടിക്കാണുമെന്ന് ഉറപ്പാണ്. വിമർശനങ്ങളും, നിന്ദ‌കളും ഗാന്ധിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഗാന്ധിയെ നാഥുറാം ഗോഡ്സെ വധിക്കുന്നതുതന്നെ ഗാന്ധിയുടെ ഹിന്ദുയിസം ഗോഡ്സെയും കൂട്ടരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഹിന്ദുത്വയ്ക്ക് എതിരായതുകൊണ്ടാണെന്ന് ഗോഡ്സെ വിചാരണ കോടതിയിൽ മൊഴി നൽകുന്നുണ്ട്. ഗാന്ധി ഹിന്ദുക്കളെ അവഗണിച്ച് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നു എന്നതായിരുന്നു മറ്റൊരാരോപണം. ഗാന്ധി ഹരിജനങ്ങൾക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ടാണ് അംബേദ്കർ ഗാന്ധിയെ വിമർശിച്ചത്. ഒരുപക്ഷെ, വെറുത്തത്. വിഭജനത്തിന്റെ നാളുകളിൽ ‘ഗാന്ധി മൂർദ്ദാബാദ്’ എന്ന വിളികൾ അന്തരീക്ഷത്തിൽ ഗാന്ധിയുടെ കൺമുന്നിൽ മുഴങ്ങിയിരുന്നു. നവ്ഖാലിയിൽ ഗ്രാമങ്ങളിലൂടെ ഏകനായി ശാന്തി മന്ത്രവുമായി നീങ്ങുന്ന ഗാന്ധിയുടെ മുഖത്ത് തുപ്പിയവരുണ്ട്. വഴിയിൽ മലം നിക്ഷേപിച്ചവരുണ്ട്. ഇന്നും ഗാന്ധി ദലിതർക്കും ഗോഡ്സെ അനുയായികൾക്കും വെറുപ്പിന്റെ പ്രതീകമാണ്. എവിടെ പ്രസംഗിക്കുമ്പോഴും അരുന്ധതിറോയ് ഗാന്ധിയെ സവർണ്ണനെന്നും വംശീയവാദി എന്നും വിളിക്കാറുണ്ട്.

വര: വി.എസ് ​ഗിരീശൻ

ഗാന്ധിയുടെ ജീവിതകാലത്ത് അദ്ദേഹം വിമർശനങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. വിമർശിച്ചവരെ അവരുടെ കണ്ണുകളിൽ നിന്നുകൊണ്ട് നോക്കി. അവരുമായി താദാത്മ്യപ്പെട്ടു. അവരിൽ പലരും ഗാന്ധിയുടെ വാക്കുകളുടെയും ചെയ്തികളുടെയും സ്പർശത്തിൽ ഗാന്ധിയിലേക്കെത്തി. സ്തുതിപാഠകരെയാണ് നമുക്ക് ഇഷ്ടം. ഭരണാധികാരികളായാലും രാഷ്ട്രീയക്കാരായാലും സാധാരണക്കാരായ നമ്മളായാലും. ഇന്ത്യയിലെ ഒരു ഭരണാധികാരിയും രാഷ്ട്രീയക്കാരനും വിമർശകനെ കേൾക്കാറില്ല. നമ്മുടെ പ്രധാനമന്ത്രി ഇന്ന് വരെ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സ്തുതിഗീതങ്ങൾ ആലപിക്കുന്നു. വിമർശിക്കുന്നവർ രാജ്യദ്രോഹികളായി മാറുന്നു. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയ ചെളിയിൽ നാം അഭിരമിക്കുന്നു.

നിന്ദിക്കുന്നവനെ സ്തുതിപാഠകനേക്കാൾ മനസ്സിലാക്കുന്നതിലും കേൾക്കുന്നതിലും ഉൾക്കൊള്ളുന്നതിലും ആണ് കാരുണ്യത്തിന്റെ സ്പർശമുള്ളത്. നമുക്കതിന് കഴിയാറില്ല. നാം ബുദ്ധനോ, ക്രിസ്തുവോ, ഗാന്ധിയോ അല്ല എന്നാണ് വാദിക്കുക. അത് ശരിയാണ്. പക്ഷെ, നമ്മൾ നമ്മളായിരിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ നമുക്ക് നിന്ദയെ സ്നേഹത്തോടെ സ്വീകരിക്കാം. സ്തുതി നമ്മുടെ തെറ്റുകളെ, പരിമിതികളെ മൂടിവയ്ക്കുമ്പോൾ, നിന്ദ അവയെല്ലാം കാണിച്ചുതരുന്നു. ഏത് സ്വീകരിക്കണമെന്ന് നാമാണ് തീരുമാനിക്കേണ്ടത്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read