ഉയർന്ന ക്ലാസുകളിലേക്ക് പോകുന്നതിനുള്ള പരീക്ഷാഫലം കാത്തിരിക്കുകയാണ് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആരെയും തോൽപ്പിക്കേണ്ടതില്ല എന്ന നയം നിലനിൽക്കുന്നതിനാൽ ഫലത്തെക്കുറിച്ച് അവർക്ക് വലിയ ആശങ്കയില്ല. പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കുന്ന ഓൾ പാസ് സമ്പ്രദായമാണ് കേരളം ഇപ്പോൾ പിന്തുടരുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ വിദ്യാർത്ഥികളെ തോൽപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തുന്നത്. എന്നാൽ 2019ൽ വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് ഭേദഗതി ചെയ്തു. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ നേടുന്ന മാർക്കിനനുസരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്കയറ്റം നൽകിയാൽ മതി എന്നായി വ്യവസ്ഥ. 19 സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കിയിട്ടും കേരളം അടുത്തകാലം വരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എല്ലാവരെയും ജയിപ്പിച്ച് വിടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിക്കുന്നുണ്ടെന്ന പരാതി പല കോണുകളിൽ നിന്നും ഉയർന്ന് വന്നിട്ടും ഓൾ പാസ് തുടരാൻ തന്നെ കേരളം ഒടുവിൽ തീരുമാനിച്ചു. 2024 മാർച്ച് 26ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണയും ഓള്‍ പാസ് തുടരാൻ നിശ്ചയിച്ചത്. പരീക്ഷയിൽ തോൽപ്പിക്കണമെന്ന കേന്ദ്രനയത്തിന് ബദലായി നിരന്തര മൂല്യനിർണ്ണയം എന്ന ആശയമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. നിരന്തര മൂല്യനിർണ്ണയം കാര്യക്ഷമവും ശാസ്ത്രീയവുമായി നടന്നാൽ പഠനത്തിലെ പ്രശ്നങ്ങൾ മറികടക്കാം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഉത്തരകടലാസുകൾ വഴി മാത്രം കണ്ടെത്താൻ കഴിയുന്നതല്ല കുട്ടികളുടെ ശേഷിയും പരിമിതിയും എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് നിരന്തര മൂല്യനിർണ്ണയം എന്ന ആശയം രൂപപ്പെടുന്നത്. എല്ലാവരെയും പാസാക്കിവിടുന്ന രീതിക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ ഒരിക്കൽ രംഗത്തുവന്നിരുന്നെങ്കിലും സംസ്ഥാന സർക്കാർ ആ സമ്പ്രദായം തുടരാനുറച്ച് മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തിൽ, ഓൾ പാസ് സമ്പ്രദായം വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്തെല്ലാമെന്ന് അന്വേഷിക്കുകയാണ് കേരളീയം.
പ്രൈമറി വിദ്യാഭ്യാസ ഘട്ടം വരെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ സെക്ഷൻ 16 പ്രകാരം ഒരു വിദ്യാർഥിയെയും തോൽപ്പിക്കരുതെന്ന് നിർദ്ദേശം ഉണ്ടാകുന്നത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാം എന്നതിനൊപ്പം യൂണിഫോമും, ഉച്ചഭക്ഷണവുമുൾപ്പെടെ ലഭിക്കുന്നു എന്നുള്ളത് കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കാൻ വിവിധ സർക്കാരുകൾ ചെയ്ത മികച്ച പ്രവർത്തനങ്ങളാണ്. കേരളത്തിൽ ഓൾ പാസ് സമ്പ്രദായം നടപ്പിലാക്കുന്നതിൽ വിപുലമായ കൂടിയാലോചനയും കൃത്യമായ ആസൂത്രണവും ഉൾപ്പെട്ടിരുന്നു. പാഠ്യപദ്ധതി നവീകരിക്കുക, മൂല്യനിർണയ രീതികൾ പരിഷ്കരിക്കുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അധിക പിന്തുണാസേവനങ്ങൾ നൽകുക എന്നിവ നടപ്പാക്കലിന്റെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെട്ടിരുന്നു.
വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി, അവരുടെ ജയമോ പരാജയമോ കണക്കിലെടുത്ത് രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്ന പരമ്പരാഗത ഗ്രേഡിംഗ് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓൾ പാസ് സിസ്റ്റം വ്യക്തിഗത പുരോഗതിയും സാധ്യതകളും തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിദ്യാർത്ഥികളെ പരാജിതരായി മുദ്രകുത്തുന്നതിനുപകരം, ഈ സംവിധാനം അവരുടെ ശ്രമങ്ങളെ അംഗീകരിക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിൽ ജയവും തോൽവിയുമെന്ന ആശയത്തെക്കാൾ വിദ്യാർത്ഥികൾക്ക് സാർവത്രികമായ അറിവാണ് വേണ്ടതെന്ന് ഓൾ പാസ് സമ്പ്രദായം ലക്ഷ്യമാക്കുന്നു. സാമൂഹികമായ കാരണങ്ങളാൽ വിദ്യാർത്ഥികളുടെ അറിവിലും ശേഷിയിലുമുള്ള വ്യത്യാസങ്ങളെയും വൈവിധ്യങ്ങളെയും പരിഗണിക്കാൻ കഴിയും എന്നതാണ് ഓൾ പാസ് സമ്പ്രദായത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഓൾ പാസ് രീതി കുട്ടികളുടെ നിലവാര തകർച്ചയ്ക്ക് കാരണമാകുന്നു എന്ന രീതിയിലുള്ള ചർച്ചകൾ പിന്നീട് ഉയർന്നുവരുകയുണ്ടായി.
വിദ്യാർത്ഥികളുടെ പഠനനിലവാരത്തിൽ ഇടിവുണ്ടാകുന്നതായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തന്നെ ചൂണ്ടിക്കാണിച്ചത് വിവാദമായിരുന്നു. പ്രതിവർഷം 69,000 വിദ്യാർത്ഥികൾ പരീക്ഷകളിൽ എ പ്ലസ് നേടുന്നുണ്ട്, എന്നാൽ സ്വന്തം പേരു പോലും ശരിയായി എഴുതാൻ അറിയാത്തവരാണ് ഇതിൽ പലരുമെന്നത് മറ്റ് വിദ്യാർത്ഥികളോട് കാണിക്കുന്ന നീതികേടായി തോന്നുന്നുവെന്ന് പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ കൂടിയ യോഗത്തിൽ ഷാനവാസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് സർക്കാർ നിലപാടായി കാണേണ്ടതില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചത്.
പൊതുവിദ്യാലയങ്ങളിൽ നിന്ന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാർത്ഥികളാണ് എഴുതാനും വായിക്കാനും അറിയാത്തവരായി ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കയറി പോകുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതുപോലെ ഓൾ പാസ് സംവിധാനം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. പഠനത്തിൽ ‘മോശമായി’ എന്ന പേരിൽ കുട്ടികളെ തോൽപ്പിക്കുന്നത് ഏതുരീതിയിലാണ് അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നത് എന്നതും സർക്കാർ വിലയിരുത്തേണ്ടതാണ്. എന്നാൽ അത്തരം ശ്രമങ്ങളൊന്നും നടത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് ഓൾ പാസ് തുടരാൻ തീരുമാനിച്ചിട്ടുള്ളത്.
“ഞങ്ങളെ തോൽപ്പിക്കണ്ട. അതിനോട് പൂർണമായും യോജിക്കുന്നില്ല. “ഒൻപതാം ക്ലാസുകാരൻ പ്രത്യുഷിൻ്റെ വാക്കുകൾ. സഹപാഠികളായ കൂട്ടുകാരെ ക്ലാസുകളിൽ തോൽപ്പിക്കുന്നത് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് ഈ കൗമാരക്കാരൻ്റെ പക്ഷം.
“ഓൾപാസ് കൊടുത്ത് കഴിയുമ്പോൾ അർഹരല്ലാത്തവരും ജയിച്ചുപോകുവല്ലേ. പേര് പോലും എഴുതാനറിയാത്തവർ ജയിച്ചുപോകുന്നുവെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞുകേട്ടിട്ടുണ്ട്. എക്സാം വേണം എന്ന അഭിപ്രായം ആണ് എനിക്ക്. പഠിപ്പിക്കുക മാത്രമല്ലാതെ പരീക്ഷയ്ക്ക് വേണ്ടി മറ്റ് മുന്നൊരുക്കങ്ങൾ ഒന്നും നടത്താറില്ല.” പിറവം എം.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസുകാരി അൻസയുടെ നിലപാട് ഇപ്രകാരമായിരുന്നു. വിദ്യാർത്ഥികളിലും ഈ സമ്പ്രദായത്തെപ്പറ്റി രണ്ട് അഭിപ്രായങ്ങൾ.
ഓൾ പാസ് രീതി മാറ്റേണ്ടതില്ലെന്നും, കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് ഈ രീതി തന്നെയാണ് ഉചിതമെന്നും ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധർ നിരീക്ഷിക്കുന്നു.
“സ്‌കൂൾ വിദ്യാഭ്യാസം നടത്തുന്ന ഒന്നാം തലമുറയിൽപ്പെട്ടവരും പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ കുട്ടികൾക്ക് ഓൾ പാസ് ഏറെ പ്രയോജനം ചെയ്തു. ചിലയിടത്തെങ്കിലും സ്കൂൾ പഠനത്തിന്റെ ഗുണത്തെയും സ്‌കൂൾ അന്തരീക്ഷവും പഠന സൗകര്യങ്ങളും (അധ്യാപക സാന്നിധ്യം ഉൾപ്പെടെ) മെച്ചപ്പെടുത്താതെ കുട്ടികൾക്ക് ഓൾ പ്രൊമോഷൻ നൽകുന്ന രീതി നടപ്പാക്കി. ഇതിനുള്ള ‘പരിഹാര’മായാണ് കുട്ടികളെ തോൽപ്പിക്കാത്ത പോളിസി (no detention policy) നിയമഭേദഗതി വഴി പിൻവലിച്ചത്. ഇത് ശാസ്ത്രീയമല്ല. സിസ്റ്റത്തിന്റെ പരാജയം കുട്ടികളുടെ തലയിൽ കെട്ടിവച്ച് അവരെ തോൽപ്പിക്കുന്നത് ശരിയല്ല. അതിനുപകരം എല്ലാ കുട്ടികൾക്കും ആശയരൂപീകരണം നടത്തി പഠിക്കാനുള്ള അന്തരീക്ഷം, പരിശീലനം കിട്ടിയ അധ്യാപക സാന്നിധ്യം, സൗകര്യപ്രദമായ ക്ലാസ് മുറികൾ, ലാബ് ലൈബ്രറി സൗകര്യങ്ങൾ, പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തുടങ്ങിയവ സ്‌കൂളിൽ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സമൂഹവും സർക്കാരും ഏറ്റെടുക്കുകയാണ് വേണ്ടത്. കേരളം അത്തരത്തിലുള്ള ശ്രമങ്ങളാണ് വർഷങ്ങളായി നടത്തി വരുന്നത്. പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പടുത്തുന്നതിന് പകരം 19 സംസ്ഥാനങ്ങൾ ചെയ്യുന്ന തെറ്റായ മാതൃക പിന്തുടരുകയല്ല വേണ്ടത്. തുല്യതയിലും അവസര സമത്വത്തിലും അധിഷ്ഠിതമായ പഠനം ക്ലാസിൽ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.” വിദ്യാഭ്യാസ വിദഗ്ധനും കണ്ണൂർ ഡയറ്റിലെ മുൻ പ്രിൻസിപ്പളും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രിസഡന്റുമായ ഒ.എം ശങ്കരൻ്റെ അഭിപ്രായം ഇപ്രകാരമാണ്. കേരള സർക്കാരിൻ്റെ നയത്തെ പിന്തുണക്കുകയല്ല, കേരളത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണം എന്ന കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായത്തോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രധാമായും വ്യക്തമാക്കിയത്.
കുട്ടികൾക്ക് അക്ഷരം വായിക്കാൻ അറിയില്ല എന്ന് വിസ്തരിച്ചഴുതുന്ന മാധ്യമപ്രവർത്തകരാണ് കുട്ടികളുടെ നിലവാരത്തെ താഴ്ത്തുന്നത് എന്നാണ് അധ്യാപകനും എസ്.സി.ആർ.ടി റിസർച്ച് ഡയറക്ടറുമായിരുന്ന ഡോ. രമേശ് കെ അഭിപ്രായപ്പെടുന്നത്. “കുട്ടമ്പുഴ സ്കൂളിന്റ റിസൾട്ട് പൂജ്യം ശതമാനം ആണെന്ന് ആഘോഷിക്കാനാണ് അവർക്ക് താല്പര്യം. കുട്ടമ്പുഴയെന്ന സ്ഥലം എവിടെയാണെന്നോ അവിടത്തെ ജീവിതം എന്താണെന്നോ അറിയാനുള്ള ത്വര അവർക്കില്ല. കേരളത്തിൽ വിദ്യാഭ്യാസം ഒരു പൊളിറ്റിക്കൽ അജണ്ടയാണ്. ഇവിടെ സ്‌കൂളുകളുടെ വിജയ ശതമാനം സർക്കാരിന്റെ ഭരണനേട്ടം എന്ന നിലയ്ക്കാണ് അവതരിപ്പിക്കുന്നത്. അത്രത്തോളം പരിതാപകരമായ അവസ്ഥ വേറെയെന്താണുള്ളത്?” അദ്ദേഹം ചോദിക്കുന്നു. ആദിവാസി മേഖലയിൽ അടക്കം നിലനിൽക്കുന്ന സാമൂഹികമായ പിന്നോക്കാവസ്ഥകളുടെ കാരണം കൂടി മനസ്സിലാക്കാതെ വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ വിലയിരുത്തുന്നതിന്റെ പ്രശ്നമാണ് ഡോ. രമേശ് കെ ചൂണ്ടിക്കാണിക്കുന്നത്.
“പലപ്പോഴും ചെറിയ ക്ലാസുകളിൽ തന്നെ വലിയ പാഠങ്ങൾ പഠിക്കേണ്ടി വരുന്നുവെന്നുള്ളതാണ് പഠന നിലവാരത്തെ ബാധിക്കുന്ന മറ്റൊരു വസ്തുത. നാലാം ക്ലാസിലെ പരിസര പഠനത്തിൽ പോലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന നിലവാരത്തിലുള്ള പാഠങ്ങളാണ് ഉൾപ്പെടുന്നത്. ടെക്സ്റ്റ് ബുക്കിലുള്ളത് വായിച്ചാൽ മനസ്സിലാകാതെ വരികയും എന്നാൽ പരീക്ഷയ്ക്ക് ഉത്തരമെഴുതേണ്ടി വരും എന്നതിനാൽ കുട്ടി കാണാപാഠം പഠിച്ച് എഴുതുകയും ചെയ്യുന്നു. സ്വാഭാവികവും അത് ഫലപ്രദമായ ഒരു പഠനരീതിയായി മാറുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പുരോഗമനപരമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും ഓൾ പാസ് സമ്പ്രദായം ചില വെല്ലുവിളികളും അഭിമുഖീകരിക്കുന്നു എന്ന വാദം നിലനിൽക്കുന്നുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ രീതിയിലേക്ക് ഓൾ പാസ് സമ്പ്രദായം ഉൾച്ചേർക്കുന്നതിനിടയിൽ അക്കാദമിക് നിലവാരം നിലനിർത്താൻ കഴിയുന്നില്ല എന്നതാണ് പ്രാഥമിക ആശങ്കയായി പറയുന്നത്. വ്യക്തമായ വേർതിരിവിൻ്റെ അഭാവം വിദ്യാർത്ഥികൾക്കിടയിലുള്ള പ്രചോദനത്തെയും മത്സരശേഷിയെയും ദുർബലപ്പെടുത്തുമെന്ന് വിമർശകർ വാദിക്കുന്നു. ഈ വാദത്തോട് ചേർന്നുനിൽക്കുന്നതാണ് വിദ്യാഭ്യാസ വിദഗ്ധനും വയനാട് വടുവൻചാൽ ജി.എച്ച്.എസ്.എസ് അധ്യാപകനുമായ കെ.വി മനോജിന്റെ അഭിപ്രായം.
”തോൽവി ജയമെന്നൊരു കോൺടെക്സ്റ്റിൽ അല്ല ഞാൻ അതിനെ കാണുന്നത്, മറിച്ച് ഓരോ ക്ലാസിലും കുട്ടിക്ക് കിട്ടേണ്ടുന്ന അറിവിന്റേയും മനോഭാവത്തിന്റെയുമൊക്കെ ഒരു ബെഞ്ച്മാർക്കിംഗുണ്ട്. ലേർണിംഗ് ഔട്ട്കംസ് എന്നാണ് എൻ.സി.ആർ.ടി അതിനെ പറയുക. പഠനഫലങ്ങൾ അല്ലെങ്കിൽ പഠനനേട്ടങ്ങളാണിത്. അങ്ങനെ ഓരോ ക്ലാസിലും കിട്ടേണ്ടത് കിട്ടാതെ പത്താം ക്ലാസിൽ എത്തുമ്പോൾ കുട്ടിയ്ക്ക് ഒരു പൊതുപരീക്ഷയെ നേരിടാൻ കഴിയാതെ വരുന്നു. അവിടെ നമുക്ക് ഡൈല്യൂട്ട് എന്ന ഓപ്ഷൻ ഉപയോഗിക്കേണ്ടി വരുന്നു. ബെഞ്ച്മാർക്കിംഗ് ഓരോ ക്ലാസിലും ഇല്ലാതെ വരുമ്പോഴാണ് അവിടെ ഡൈല്യൂഷൻ ആവശ്യമായി വരുന്നത്. കേരളത്തിൽ പത്താം ക്ലാസിലെ ഒരു വിദ്യാർത്ഥിയ്ക്ക് ജയിക്കാൻ വേണ്ടത് 50ൽ 5 മാർക്കാണ്. അങ്ങനെ 15 മാർക്ക് കിട്ടുന്ന കുട്ടി പത്താം ക്ലാസ് പാസ് ആവുന്നു. ഇത്തരമൊരു ജയം ക്വാളിറ്റേറ്റീവ് അല്ല, ഇത് എന്റെ കണ്ടെത്തലല്ല ദേശീയതലത്തിലുള്ള ഏജൻസികളുടെ കണ്ടെത്തലാണ്. പഠനം ഉറപ്പാക്കുക എന്നൊരു കാര്യമുണ്ട്, ജയം തോൽവി എന്നതിലപ്പുറം ആവശ്യമായ അറിവ് കിട്ടാതെ വരുമ്പോൾ അവിടെ ഡൈല്യൂഷൻ ആവശ്യമായി വരുന്നു. അതാണ് സബ്ജക്റ്റ് മിനിമം നടപ്പാക്കാൻ കഴിയാത്തത്. സമീപകാലത്ത് ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പെർഫോമൻസ് ഇൻ്റക്സ് റിപ്പോർട്ട് ആണ് ഇതിന് ഉദാഹരണം. കേരളത്തിലെ വിദ്യാഭ്യാസത്തിന് വലിയ രീതിയിൽ ക്വാളിറ്റി ഇറോഷൻ സംഭവിക്കുന്നുവെന്ന് ഈ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കോവിഡുണ്ടാക്കിയ ആഘാതം വലുതാണ്. കോവിഡാനന്തരം ഒരു സർവേയിലും നമുക്ക് മുന്നിലെത്താൻ സാധിച്ചിട്ടില്ല. അതേസമയം ഹിമാചൽ, പഞ്ചാബ് പോലുള്ള പ്രദേശങ്ങൾ മുന്നിലേയ്ക്ക് വന്നു. അക്സസ്ബിലിറ്റിയുടേയും ഇക്വിറ്റിയുടേയും കാര്യത്തിൽ നമ്മൾ ഒന്നാമതാണ്, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിലും മുൻപിൽ തന്നെ. പോരായ്മകൾ ഉണ്ടെങ്കിലും കുറേയേറെ നീതിപൂർവ്വവും ജനാധിപത്യപരവുമാണ് നമ്മുടെ വിദ്യാഭ്യാസം. പക്ഷേ നിലവാരത്തിന്റെ കാര്യത്തിൽ നമ്മൾ ഒരു മെഷേഴ്സും സ്വീകരിക്കുന്നില്ല.” കെ.വി മനോജ് പറഞ്ഞു.
1994 നവംബറിൽ ആരംഭിച്ച ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (DPEP), വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം സാർവത്രികമാക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനും ഊന്നൽ നൽകുന്ന ഒരു ശ്രമമായിരുന്നു. എന്നാൽ ഈ വിദ്യാഭ്യാസ പരിപാടിയ്ക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി എതിർപ്പുകൾ ഉയർന്നുവന്നു. ഡി.പി.ഇ.പി സമ്പ്രദായം നടപ്പിലാക്കിയപ്പോൾ ഉണ്ടായിരുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഓൾ പാസ് സിസ്റ്റത്തിലും തുടരുന്നതായി അഭിപ്രായമുണ്ട്.
”ഓൾ പാസ് സമ്പ്രദായം വിദ്യാഭ്യാസ വിരുദ്ധമാണ്. അത്യന്തികമായ മാനദണ്ഡങ്ങളെ അട്ടിമറിച്ചാണ് ഒന്ന് മുതൽ 10 വരെ പഠിച്ച് ഹയർസെക്കന്ററി തലത്തിലേക്ക് എത്തുന്നത്. നിശ്ചിതമായ മാർക്ക് ആർജ്ജിച്ചാലേ നിശ്ചിത ക്ലാസ്സിലേക്ക് ഒരു കുട്ടിക്ക് എത്താൻ പറ്റൂ. ആ മാനദണ്ഡമാണ് ഇവിടെ അട്ടിമറിക്കുന്നത്. പരീക്ഷയും മൂല്യനിർണയവും നടത്തുന്നത് കുട്ടിയുടെ വൈഞ്ജാനിക മണ്ഡലത്തെ വിലയിരുത്താനാണ്. ആ വിലയിരുത്തൽ ഒഴിവാക്കിയാൽ ഒരു അക്കാദമിക് ദുരന്തം ആവും ഉണ്ടാവുക. പത്താം ക്ലാസ് കഴിയുന്ന നല്ലൊരു വിഭാഗം കുട്ടികൾക്ക് എഴുത്തും വായനയും അറിയാതെ വരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി സ്വന്തം പേര് എഴുതാൻ മാത്രം പഠിച്ചാൽ പോരല്ലോ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നേടാൻ ശാസ്ത്രീമായ മൂല്യനിർണയം ആവശ്യമാണ്. നിരന്തര മൂല്യനിർണയം ഒരു അബദ്ധമായി തോന്നുന്നു. മൂർത്തമായ വിദ്യാഭാസ സമ്പ്രദായം നിലവിൽ വന്നാൽ ഓൾ പാസ് എന്ന അസംബന്ധ സമ്പ്രദായം ഇല്ലാതാവും. ഡി.പി.ഇ.പി പോലുള്ള സമ്പ്രദായങ്ങൾ കേരളം നടപ്പിലാക്കിയതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഓൾ പാസ് അബദ്ധജടിലമാണ്, വിദ്യാഭ്യാസ വിരുദ്ധമാണ്, അത് പിൻവലിക്കണം. പരീക്ഷ അന്തിമവും വസ്തുനിഷ്ഠവുമായ ഒരു മൂല്യനിർണയ സമ്പ്രദായം ആണ്. എഴുത്ത് പരീക്ഷ ഇല്ലാതെ കുട്ടിയെ വിലയിരുത്താൻ ആവില്ല. കുട്ടികൾ ഓട്ടവും ചാട്ടവും മാത്രം പഠിച്ചാൽ പോരല്ലോ. എഴുത്തുപരീക്ഷ വേണ്ടായെന്ന് വയ്ക്കുന്നത് വിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കുന്നതിന് തുല്യമാണ്. സാക്ഷര കേരളമെന്ന പഴയ പല്ലവി ഇപ്പോൾ ചവറ്റു കുട്ടയിലാണ്.” വിദ്യാഭ്യാസ വിദഗ്ദനും അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം ഷാജർഖാൻ വിശദമാക്കി.
താഴേത്തട്ടിൽ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കിക്കൊണ്ട്, ഓൾ പാസ് സമ്പ്രദായത്തിൻ്റെ തത്വങ്ങളും സമ്പ്രദായങ്ങളും അധ്യാപകരെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികളും നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല എന്നാണ് എറണാകുളം അവില കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി എലിസബത്ത് അഭിപ്രായപ്പെടുന്നത്. “വിദ്യാഭാസത്തിന്റെ നിലവാരം തകരാൻ ഓൾ പാസ് കാരണമാകും. അടിസ്ഥാനപരമായി എഴുത്തും വായനയും അറിയാത്ത കുട്ടികൾ വരെ ഹൈസ്കൂളുകളിൽ ഉണ്ട്. സ്കൂളുകളും റിസൾട്ടിൽ ആണ് ഫോക്കസ് ചെയ്യുന്നത്. കുട്ടികളിൽ എന്തെങ്കിലും മെച്ചപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല.” എലിസബത്ത് പറഞ്ഞു.
ബി.എഡ്, ഡി.എൽ.എഡ് വിദ്യാർഥികൾക്ക് പുതിയ കാലത്തിനൊത്ത പരിശീലനമല്ല ലഭിക്കുന്നതെന്ന് പൊതുവേ ഒരു അഭിപ്രായമുണ്ട്. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കണമെങ്കിൽ ഗുണമേന്മയുള്ളതും കുട്ടികൾക്ക് താത്പര്യം തോന്നുന്നതുമായ അധ്യാപനം ലഭ്യമാക്കണം. നല്ല അധ്യാപകരെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണുള്ളത്. പഠനനിലാവരത്തെക്കുറിച്ചുള്ള ചർച്ചകൾ അക്കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.
“വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം കൊണ്ടുവരേണ്ടത് പുതിയ കാലത്തെ അനിവാര്യതയാണ്. അത് എത്രത്തോളം സ്‌കൂളുകളിൽ നടപ്പിലാവുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ഡിജിറ്റൽ യുഗത്തിൽ എളുപ്പം പഠിക്കാവുന്ന മാർഗങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികളെ ആ രീതിയിൽ പഠിക്കാൻ അനുവദിക്കുക എന്നതാണ് ഉചിതമായ നടപടി. ക്യു.ആർ കോഡ് നൽകിക്കൊണ്ടുള്ള പാഠപുസ്തകങ്ങൾ പുറത്തിറക്കിയത് നല്ല കാര്യമാണ്. കുട്ടികളുടെ പഠനം എളുപ്പമാക്കാൻ അവ സഹായിക്കും.” മഹാത്മാഗാന്ധി സർവകലാശാലയിലെ ബി.എഡ് വിദ്യാർത്ഥിയായിരുന്ന ശിവദത്ത് കൂട്ടിച്ചേർത്തു. ഡിജിറ്റൽ യുഗത്തിലെ വിദ്യാഭ്യാസ രീതികൾക്ക് അനുസൃതമായ ട്രെയിനിങ് ബി.എഡ് വിദ്യാർഥികൾക്ക് ലഭ്യമാകുന്നില്ലെന്നും ശിവദത്ത് പറയുന്നു.
മാതൃഭാഷ കൈകാര്യം ചെയ്യുന്നതിൽ ഇന്നത്തെ കുട്ടികൾ പരാജയപ്പെടുന്നുണ്ടെന്നും അതിന്റെ കാരണമെന്താണെന്നും അന്വേഷിക്കണമെന്ന് ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ അധ്യാപകനും മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റുമായ ഹരികുമാർ പറയുന്നു. “വീട്ടില്‍ നിന്ന് ഉച്ചരിച്ച് പഠിച്ച് വരുന്ന ഭാഷയുടെ ലിപി, പ്രയോഗം എന്നിവ ഭംഗിയായി പകര്‍ന്നുകൊടുക്കാന്‍ ആ ഭാഷ പഠിച്ച അധ്യാപകരില്ലാത്തതാണ് മാതൃഭാഷ ഉപയോഗിക്കാനുള്ള ശേഷി കുറയാന്‍ കാരണം. മലയാളം ബിരുദവും ബി.എഡും പഠിച്ച് വരുന്നവരല്ല പ്രൈമറി ക്ലാസുകളില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. അവിടെ പാഠപുസ്‍തക വായനയും പകര്‍ത്തിയെഴുത്തും മാത്രമേ നടക്കുന്നുള്ളൂ. കുട്ടിയെ ഒറ്റയ്‍ക്ക് ഭാഷയില്‍ മുന്നേറാന്‍ സഹായിക്കണമെങ്കില്‍ വിദ്യ പഠിച്ചവരില്‍ നിന്നുതന്നെ വിദ്യ നേടണം. ഇത് പരിഹരിക്കാതെ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ചത് കൊണ്ടുമാത്രം രക്ഷപ്പെടാനാവില്ല.” അദ്ദേഹം പറയുന്നു.
ഓൾ പാസ് എന്ന സമ്പ്രദായത്തിൽ തന്നെ ഊന്നിക്കൊണ്ട് നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation) ഏർപ്പെടുത്തുക എന്നതാണല്ലോ ഇതിന് കേരളം മുന്നോട്ടുവച്ച ബദൽ മാർഗം. സിലബസിലുള്ളത് പഠിക്കുക എന്നതിന് പുറമെ കുട്ടിയുടെ മറ്റ് കഴിവുകളുടെ വിലയിരുത്തൽ കൂടി ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. ഇത് കുട്ടിയുടെ സമഗ്രമായ വളർച്ചയെയും, വികസനത്തെയും ലക്ഷ്യം വയ്ക്കുന്നു. മാർക്കിനായി പാഠപുസ്തകത്തിലുള്ളത് മുഴുവൻ പഠിച്ച് തീർക്കുക എന്ന രീതിയെ മാറ്റിനിർത്തിക്കൊണ്ട് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ട്. നിരന്തര മൂല്യനിർണയം പരീക്ഷകൾക്കൊപ്പം കുട്ടിയെ നിരന്തരമായി വിലയിരുത്തുന്നു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്താനും അവരുടെ അഭിരുചി, താൽപര്യം, ഒരു വിഷയത്തോടുള്ള മനോഭാവം എന്നിവയും ഇതിലൂടെ വിലയിരുത്തപ്പെടുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കുട്ടിയുടെ പ്രവർത്തന മികവ്, ടീം വർക്ക്, പ്രഭാഷണ മികവ്, സ്വഭാവം, ധാർമികത/നൈതികത തുടങ്ങിയവയും അടിസ്ഥാനമാക്കി മാർക്കിന് പകരം ഗ്രേഡാണ് നൽകുന്നത്. പരീക്ഷയിലെ മാർക്കിനൊപ്പം ഈ ഗ്രേഡുകൾ കൂടി പരിഗണിച്ചാണ് മൂല്യനിർണ്ണയം പൂർത്തിയാക്കുന്നത്.
അഞ്ചാം ക്ലാസിലെ ഒരു കുട്ടി പഠനത്തിന് പിന്നോക്കമാണെങ്കിൽ ആ കുട്ടിയുടെ പഠന നിലവാരത്തിന്റെ ഒരു റിപ്പോർട്ട് അതത് ക്ലാസിലെ ടീച്ചർ തയ്യാറാക്കി, അത് കുട്ടി ആറാം ക്ലാസിലേക്ക് പോകുമ്പോൾ ക്ലാസിലെ ടീച്ചർക്ക് കൈമാറണം. ഇങ്ങനെയാണ് നിരന്തരമായി മൂല്യനിർണയം നടത്തപ്പെടേണ്ടത്. പക്ഷേ, അത് ഫലപ്രദമായി തന്നെ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളുടെ പിന്നോക്കാവസ്ഥ രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ അതിലുണ്ടാകുന്ന മാറ്റങ്ങളും അധ്യാപകർ അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പല സ്‌കൂളുകളിലും അത് വേണ്ടവിധത്തിൽ നടപ്പിലാകുന്നില്ല എന്ന് പരാതിയുണ്ട്. പഠനത്തോടൊപ്പം സിലബസിൽ തന്നെയുള്ള ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് എഴുതാനോ വരയ്ക്കാനോ ഒക്കെ നിർദ്ദേശിച്ച് അതിന്റെ മാർക്കാണ് സ്‌കൂളുകളിലെ സി.ഇ (കൺടിന്യുവസ് ഇവാലുവേഷൻ) മാർക്കായി പരിഗണിക്കുന്നതെന്ന് പാലക്കാട് എലപ്പുള്ളി സർക്കാർ എ.പി ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആര്യ ആർ പറഞ്ഞു. ഈ രീതിക്കെതിരെയും വിമർശനമുണ്ട്.
“നിരന്തര മൂല്യനിർണയത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനും കാലാവസ്ഥാ മാറ്റങ്ങൾ തിരിച്ചറിയാനും ഗണിതശേഷിയുടെ വിവിധ രീതികൾ പ്രയോഗിക്കാനും കവിത ചൊല്ലാനും കഥയെഴുതാനും ചിത്രകഥയ്ക്ക് വരയ്ക്കാനും പ്രസംഗിക്കാനും തിരക്കഥയും നാടകവും രചിക്കാനും ഭാഷയുടെ വൈവിധ്യങ്ങൾ പ്രയോഗരീതികൾ ഉപയോഗിക്കാനുമെല്ലാം കുട്ടിക്ക് ക്ലാസ് മുറിക്കപ്പുറത്ത് അവസരമുണ്ടാകണം. ഇപ്പോൾ പിന്തുടരുന്ന പാഠപുസ്തകത്തിൽ ഇതിന്റെ സാധ്യതകൾ വളരെ കുറവാണ്. നേടിയ ശേഷികൾ പരിശോധിക്കുവാൻ ഉള്ള എല്ലാ സാധ്യതകളും ക്ലാസ് മുറിയിൽ മാത്രം ഒതുക്കിയതാണ് ഇപ്പോൾ നിരന്തര മൂല്യനിർണയ സംവിധാനത്തിനെതിരെ കേൾക്കുന്ന ആരോപണം.” അധ്യാപകൻ ഹരികുമാർ നിരന്തര മൂല്യനിർണ്ണയത്തിന്റെ പ്രശ്നങ്ങൾ വിശദമാക്കി.
പഠന പ്രശ്നങ്ങളെ കൂടാതെ വിദ്യാർത്ഥികളുടെ സാമൂഹിക, ഗാർഹിക, സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉണ്ടാകുന്നുണ്ടെന്നും ആ ശ്രമങ്ങളെ ഇനിയും ഗുണമേന്മയുള്ളതാക്കി മാറ്റണമെന്നുമാണ് ഒ.എം ശങ്കരൻ നിരീക്ഷിക്കുന്നത്. നിരന്തര മൂല്യനിർണ്ണയം എന്ന പ്രക്രിയയിൽ അതും വളരെ പ്രധാനമാണ്.
“നിരന്തര മൂല്യനിർണയം എന്ന ആശയം ഓരോ അധ്യാപകരും വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെ, ഗവേഷണ കാഴ്ചപ്പാടോടെ വളർത്തിയെടുക്കണം. ഒരു കുട്ടിയും മറ്റൊരു കുട്ടിയെ പോലെയല്ല. അവരുടെ പഠന പ്രശ്നങ്ങളും സാമൂഹിക, ഗാർഹിക, സാമ്പത്തിക സാഹചര്യങ്ങളും തീർത്തും ഭിന്നമാണ്. അതിനെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉണ്ടാകുന്നുണ്ട്. ആ ശ്രമങ്ങളെ ഇനിയും ഗുണമേന്മയുള്ളതാക്കി വളർത്താൻ അധ്യാപക സമൂഹവും അത് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സിസ്റ്റവും ശ്രമിക്കേണ്ടതുണ്ട്. പഠന പ്രവർത്തനത്തിന്റെ ആസൂത്രണത്തിലും അത് ക്ലാസ് മുറിയിൽ നടത്തുമ്പോഴും അതിന്മേൽ കുട്ടികളുടെ നേരിട്ടോ അല്ലാതെയുമോയുള്ള പ്രതികരണത്തിലും കുട്ടികൾ കാണിക്കുന്ന താത്പര്യപൂർവ്വമുള്ള പങ്കാളിത്തം, എഴുത്ത്, സംസാരം, കൈവിരുതുകൾ പോലുള്ള പ്രവർത്തനം ഇതെല്ലാം അളന്നും തൂക്കിയും താരതമ്യം ചെയ്തും മറ്റുമാണ് അധ്യാപകർക്ക് കുട്ടിയിലെ ആശയരൂപീകരണത്തിന്റെ മികവ് തീരുമാനിക്കാനാവുന്നത്. ഇതെല്ലാം യഥാർത്ഥത്തിൽ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗം തന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്ലാസ്-സ്കൂൾ സാഹചര്യങ്ങളും കുട്ടിയുടെ സജീവമായ മനസും തമ്മിൽ നടക്കുന്ന നിരന്തര രാസപ്രവർത്തനങ്ങൾ നിരീക്ഷിച്ച് അപ്രസക്തമായ ചേരുവകൾ നീക്കുകയോ, അത്യാവശ്യമായവ ചേർക്കുകയോ ആണ് നിരന്തര മൂല്യനിർണയം എന്ന് പറയാം.” ഒ.എം ശങ്കരൻ പറയുന്നു.
അർദ്ധവാർഷിക-വാർഷിക പരീക്ഷകളിലൂടെ കുട്ടികളുടെ കഴിവോ ശേഷിയോ അളക്കാൻ കഴിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നിരന്തര മൂല്യനിർണ്ണയം എന്ന സമ്പ്രദായം അവതരിപ്പിക്കപ്പെടുന്നതെങ്കിലും അതും മാർക്ക് ദാനമായി മാത്രം മാറുകയാണ് എന്ന വിമർശനമാണ് കെ.വി മനോജ് മുന്നോട്ടുവയ്ക്കുന്നത്.
“കേരളത്തിൽ 90കളിൽ ആണ് നിരന്തരവും സമഗ്രവുമായ മൂല്യനിർണയം നടപ്പാക്കുന്നത്. പബ്ലിക് പരീക്ഷയല്ല പ്രധാനപ്പെട്ടത്, ടി.ഇ അഥവാ ടെർമിനൽ എക്സാമുകളിലൂടെ കുട്ടികളുടെ കഴിവോ ശേഷിയോ അളക്കാൻ കഴിയില്ലെന്ന് മനസിലാക്കി, അങ്ങനെയാണ് തൊണ്ണൂറുകളിൽ സി.ഇ വരുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു? നിരന്തര മൂല്യനിർണ്ണയം യാന്ത്രികമായി മാറി. തൊണ്ണൂറുകളിൽ വന്ന മൂല്യനിർണ്ണയത്തിൽ 2024 ആയിട്ടും യാതൊരു മാറ്റവുമില്ല. കുട്ടിയെ ആ ഒരു തലത്തിലേയ്ക്ക് വിലയിരുത്താൻ നമുക്ക് കഴിഞ്ഞില്ല. അങ്ങനെ സി.ഇ എന്നത് മാർക്ക് ദാനമായിത്തീർന്നു. നിരന്തരമൂല്യനിർണ്ണയത്തിനുള്ള ഒരു അക്കാദമിക പരിസരമാണ് ആദ്യം ഉണ്ടാവേണ്ടത്, അതിവിടെ ഉണ്ടായിട്ടില്ല.” കെ.വി മനോജ് പറഞ്ഞു.
ഓൾ പാസ് സമ്പ്രദായം നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും കുട്ടികളെ തോൽപ്പിക്കുക എന്ന ചിന്ത തീർത്തും തെറ്റാണെന്നുമാണ് ഒ.എം ശങ്കരൻ അഭിപ്രായപ്പെടുന്നത്.
“കുട്ടികളെ തോൽപ്പിക്കുക വഴി അധ്യാപകരും സ്‌കൂൾ സമ്പ്രദായവുമാണ് പരാജയപ്പെടുന്നത്, കുട്ടിയല്ല. നിങ്ങൾ പഠിപ്പിക്കും പോലെ എനിക്ക് പഠിക്കാനാവുന്നില്ലെങ്കിൽ എന്തുകൊണ്ട് ഞാൻ പഠിക്കുന്നതുപോലെ നിങ്ങൾക്ക് പഠിപ്പിച്ചുകൂടാ എന്ന പ്രസിദ്ധമായ ഒരു നിരീക്ഷണമുണ്ട്. ഓരോ കുട്ടിക്കും പഠനത്തിന് അവരവരുടേതായ വേഗമുണ്ട്, രീതിയുണ്ട്, പരിമിതികളുണ്ട്. അവയെല്ലാം അറിഞ്ഞുകൊണ്ടുള്ള ക്ലാസ് റൂം ആസൂത്രണം വഴി മാത്രമേ എല്ലാ കുട്ടികളെയും ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് പഠിപ്പിക്കാനാവൂ.” ഒ.എം ശങ്കരൻ ഓർമ്മിപ്പിക്കുന്നു.
ഓൾ പാസ് സമ്പ്രദായം നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ കേരളം അംഗീകരിക്കുന്നില്ലെങ്കിലും, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നയം നടപ്പിലാക്കാൻ സംസ്ഥാനം നിയമപരമായി ബാധ്യസ്ഥരാണ് എന്നതാണ് വസ്തുത. ഇല്ലെങ്കിൽ, ഫെഡറൽ സംവിധാനത്തിന്റെ ലംഘനമായി അത് കണക്കാക്കപ്പെടാനും ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും അത് കാരണമായി മാറാം. അതുകൊണ്ടുതന്നെ നിരന്തര മൂല്യനിർണ്ണയം എന്ന ബദൽ ആശയവുമായി കേരളം മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു ആശങ്ക നിലനിൽക്കുന്നുണ്ട്. ഓൾ പാസിനെ സംബന്ധിച്ച് അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും പഠനനിലവാരത്തിൽ ഇടിവുണ്ടാകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നിലാവരത്തകർച്ചയുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ അത് അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികളാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളേണ്ടത്.