പടരുന്ന തൊഴിലാളി പ്രക്ഷോഭം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹരിയാനയിലെ മനേസറിലുള്ള ഹോണ്ട ഫാക്ടറിയിൽ ഏപ്രിൽ എട്ടിന് ആരംഭിച്ച സമരം ഉത്തരേന്ത്യ മുഴുവൻ പടരുകയാണ്. ദേശീയ തലസ്ഥാന നഗരി (എൻ.സി.ആർ) യിലാകെ സമരം വ്യാപിച്ചു കഴിഞ്ഞു. ഡൽഹിക്ക് പുറമെ ഹരിയാനയിലെ 12 ജില്ലകളും യുപിയിലെ എട്ട് ജില്ലകളും രാജസ്ഥാനിലെ രണ്ട് ജില്ലകളും അടങ്ങുന്ന പ്രദേശമാണ് എൻ.സി.ആർ എന്നറിയപ്പെടുന്നത്. മനേസർ, പാനിപ്പട്ട്, സോണിപ്പെട്ട്, നോയിഡ, വിവാഡ, അൽവാർ തുടങ്ങിയ പ്രദേശങ്ങളാണ് സമരകേന്ദ്രങ്ങൾ. അവിടം കഴിഞ്ഞ് ഗുജറാത്തിലെ സൂറത്ത്, ഹസീറ, ബീഹാറിലെയും ഛത്തീസ്ഗഡിലെയും വിവിധ പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് സമരം പടരുകയാണ്. ചുരുക്കത്തിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഒക്കെ ഇതിൻ്റെ അനുരണനങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യം പണിമുടക്ക് അവകാശം തുടങ്ങിയവ എടുത്തുകളയുന്ന കേന്ദ്രസർക്കാരിനെ പിടിച്ചുകുലുക്കുന്ന ഒന്നായി സമരം മാറിയിരിക്കുകയാണ്.

സ്ഥിരം തൊഴിലുകൾ കരാർ അടിസ്ഥാനത്തിൽ നൽകുകയും നാമമാത്ര വേതനം നൽകുകയും തൊഴിൽ സമയം 12 മുതൽ 16 മണിക്കൂർ വരെ ആക്കി നിജപ്പെടുത്തുകയും ചെയ്യുന്ന നടപടികൾക്കെതിരെയാണ് ഈ സമരം. ഇറാനിലെ കടന്നാക്രമണത്തിന് ശേഷം, ഉയർന്ന പെട്രോളിയം വില വർദ്ധനവും പാചകവാതക വിലവർധനവും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ 600ൽ അധികം ജില്ലകളിൽ വ്യാപിക്കുകയും കർഷകർ വിപുലമായി പങ്കെടുക്കുകയും 30 കോടി തൊഴിലാളികൾ പങ്കാളികളാവുകയും ചെയ്ത ഫെബ്രുവരി 12 ന്റെ ദേശീയ പണിമുടക്കാണ് ഈ സമരത്തിന്റെയും പിൻബലം.

ഹരിയാനയിലെ മനേസർ വ്യവസായ മേഖലയിലെ ഹോണ്ട ഫാക്ടറിയിൽ നടക്കുന്ന സമരം. കടപ്പാട്:thewire

പാനിപത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ റിഫൈനറിയിലാണ് ഫെബ്രുവരി 23ന് ആദ്യത്തെ സമരത്തിൻ്റെ വെടിപൊട്ടിയത്. ഫാക്ടറിക്ക് അകത്തെ അപകടങ്ങളും മാനേജ്മെന്റിന്റെ അനാസ്ഥയും ആണ് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടത്. തുടർന്ന് ​ഗോഹട്ടിയിലും ബറോണിയിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ തൊഴിലാളികൾ പണിമുടക്കി. സൂറത്തിലെ ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ പ്ലാന്റിലെ കരാർ തൊഴിലാളികളുടെ സമരം, മാർച്ച് ആദ്യപകുതിയിൽ ഛത്തീസ്ഗഡിലെ കോർബയിലെ അദാനി തെർമൽ പവർ പ്ലാന്റിലെ സമരം, സിത്താരയിലെ വേദാന്ത പവർ പ്ലാന്റിലെ സമരം, ബിഹാറിലെ ബക്സർ തെർമൽ പവർ പ്ലാൻ്റിലെ സമരം, രാജസ്ഥാനിലെ ചിത്തോർഘട് ഹിന്ദുസ്ഥാൻ സിങ്കിലെ സമരം, ഗുജറാത്ത് വഡോദരയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സമരം, യുപി യിലെ ഒബ്ര തെർമൽ പ്ലാൻ്റ് സമരം, മധ്യപ്രദേശ് സിംഗ്റൗളി അദാനി പവർ പ്ലാൻ്റ് സമരം, ഝാർഖണ്ഡിലെയും ആന്ധ്രയിലെയും അൾട്രാടെക് സിമന്റ് ഫാക്ടറി സമരം, ഛത്തീസ്ഗഡ് റായ്ഗഡിലെ അദാനി പവർ പ്ലാന്റിലെ സമരം, ജാംഷെഡ്പൂർ ടാറ്റാ സ്റ്റീൽ പ്ലാന്റിലെ സമരം, റായ്ഗഡ് ജിൻ്റാൽ ഫാക്ടറിയിലെ സമരം – തുടങ്ങി ഇന്ത്യയിലെ വൻകിട ഫാക്ടറികളിലൊക്കെയും ഈ പണിമുടക്കിന്റെ കേളികൊട്ടെന്ന നിലയിൽ പണിമുടക്കുകളും, വിവിധങ്ങളായ ചെറുത്തുനിൽപ്പുകളും നടന്നു.

ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ വാഹന ഉൽപാദന മേഖലയിലേയും, ഓട്ടോ സ്പെയർപാർട്സ് മേഖലയിലേയും, വസ്ത്ര നിർമ്മാണ മേഖലയിലേയും, വിവിധ ആൻസിലറി യൂണിറ്റുകളിലേയും, ഗാർഹിക മേഖലയിലേയും, അംഗൻവാടി മേഖലയിലേയും അടക്കം വിവിധങ്ങളായ ഉൽപാദന-ക്ഷേമ മേഖലയിലെ തൊഴിലാളി പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഇറാനിലെ യുദ്ധത്തെ തുടർന്ന് ഒരു കിലോ കുക്കിംഗ് ഗ്യാസിന് 80-90 രൂപയിൽ നിന്നും 400-500 രൂപയായി വില വർധിച്ചു. മിനിമം വേതനമാകട്ടെ പതിനോരായിരം രൂപ മാത്രം!.11 മുതൽ 16 മണിക്കൂർ വരെ അധിക വേതനം ഇല്ലാതെ പണിയെടുക്കണം. ജീവിത ചെലവാകട്ടെ കുതിച്ചുയരുകയുമാണ്. ഭക്ഷണത്തിനും വീട്ടുവാടകയ്ക്കുമായി മാത്രം ഒരു തൊഴിലാളി ശരാശരി 20,000 രൂപ മുടക്കണം. അതിന് പുറമേയാണ് പാചകവാതക വില വർദ്ധനവും.

നോയിഡയിലെ സമരപ്രവർത്തകർക്ക് നേരെ ലാത്തി പ്രയോഗിക്കുന്ന പൊലീസ്. കടപ്പാട്:pti

ഹരിയാന സർക്കാർ 2015-ൽ പ്രഖ്യാപിച്ച മിനിമം വേതനത്തിന്റെ കാലാവധി 2020 ഒക്ടോബറിൽ അവസാനിച്ചു. പത്ത് വർഷമായിട്ടും അത് പുതുക്കിയിട്ടില്ല. സർക്കാർ നിയമിച്ച ത്രികക്ഷി മിനിമം വേതന കമ്മിറ്റി ഒമ്പത് തവണ യോഗം ചേർന്ന് കഴിഞ്ഞ വർഷം ഒടുവിൽ 23, 196 രൂപ മിനിമം വേതനം നിശ്ചയിച്ചു. എന്നാൽ നയാസിംഗ് സൈനി സർക്കാർ കഴിഞ്ഞ മാർച്ച് രണ്ടിന് ബജറ്റിൽ 15,220 രൂപയാണ് പ്രഖ്യാപിച്ചത്. കമ്പനികൾ ആകട്ടെ ഈ തുക നൽകിയതുമില്ല. ഈ തുക കൊണ്ട് ജീവിതം മുന്നോട്ടുപോവുക അസാധ്യമാണ് എന്ന് തിരിച്ചറിവാണ് തൊഴിലാളികളെ സമരമുഖത്ത് എത്തിച്ചത്. ഇതിൽ തന്നെ ദേശീയ തലസ്ഥാന നഗരിയിൽ വ്യത്യസ്തങ്ങളായ വേതന നിരക്കാണ് നിലനിൽക്കുന്നതും. ഡൽഹിയിൽ 19,864, യുപിയിൽ 11,313, രാജസ്ഥാനിൽ 7410 എന്നതാണ് നിരക്ക്. ജീവിത ചെലവാകട്ടെ ഈ മേഖലയിൽ ഏറെക്കുറെ സമാനവും. കേന്ദ്ര ട്രേഡ് യൂണിയനുകളോ ,നേതാക്കളോ ഇല്ലാതെ സ്വയോൽഭവമായിട്ടാണ് ഈ സമരം ആരംഭിച്ചത്. തൊഴിലാളികൾ കഷ്ടപ്പെടുമ്പോഴും ‘വർക്ക് ഈസ് വർഷിപ്പ്’ എന്ന ഒരു അലസ സമീപനമാണ് സർക്കാരിനുള്ളത്. ലേബർ കോഡുകൾക്ക് പുറമെ കഴിഞ്ഞവർഷം നവംബർ 21ന് പ്രഖ്യാപിച്ച ശ്രമശക്തി നീതി എന്ന രേഖയിൽ മനുസ്മൃതിയിലേക്കും, യാജ്ഞവൽക്യ സ്മൃതിയിലേക്കും, ശുക്രനീതിയിലേക്കും മടങ്ങിപ്പോകാനാണ് സർക്കാർ പ്രഖ്യാപനം. ഇതിൻ്റെ ഉറച്ച വക്താവായ യോഗി ആദിത്യനാഥ് 2020-ൽ ലേബർ കോഡുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 12 മണിക്കൂർ തൊഴിൽ സമയം നിജപ്പെടുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ച ആളാണ്. അംബാനിക്കും അദാനിക്കും വേണ്ടി ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നയം ഈ സർക്കാറുകൾ പ്രഖ്യാപിച്ച് നടപ്പാക്കുകയും ചെയ്യുന്നു. ഈ അടിമത്ത നയത്തിന് കീഴടങ്ങാൻ തങ്ങൾ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് ഡൽഹിയെ പിടിച്ചുകുലുക്കുന്ന സമരത്തിലൂടെ തൊഴിലാളികൾ പ്രഖ്യാപിക്കുന്നത്.

ലേബർ കോഡുമായി ബന്ധപ്പെട്ട ഒ.എസ്.എച്ച് ആണ് തൊഴിൽ സമയത്തെ സംബന്ധിച്ചും കരാർവൽക്കരണത്തെ സംബന്ധിച്ചും പ്രതിപാദിക്കുന്നത്.1970ലെ കരാർ തൊഴിലാളി നിയമം ഒരു സ്ഥാപനത്തിൽ പരമാവധി 20 തൊഴിലാളികൾ മാത്രം കരാർ തൊഴിലാളികളായി നിജപ്പെടുത്തുമ്പോൾ പുതിയ നിയമം ഉൽപാദന മേഖലയിൽ അടക്കം അത് 50 ആക്കി വർദ്ധിപ്പിക്കുകയാണ്. പക്ഷേ മിക്ക ഫാക്ടറികളിലും നൂറിലധികം തൊഴിലാളികൾ കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുകയാണ്. ഫാക്ടറി ഇൻസ്പെക്ടറുടെ പരിശോധന അവസാനിക്കുകയും, പകരം കമ്പനി നൽകുന്ന സത്യവാങ്മൂലം സ്വീകരിക്കുകയുമാണ് പുതിയ നിയമം അനുശാസിക്കുന്നത്. സ്ഥിരം തൊഴിലാളികളുടെ ആറിൽ ഒന്ന് വേതനം പോലും അവർക്ക് ലഭിക്കുന്നില്ല.15 വർഷമായിട്ടും അവരുടെ ശമ്പളം പതിനായിരം, പതിനോരായിരം എന്ന നിരക്കിൽ നിലനിൽക്കുകയാണ്. ഓവർ ടൈമിന് ഇരട്ട വേതനവും നൽകുന്നില്ല. ആഴ്ചയിൽ ഒരു ദിവസം അവധിയും ഇല്ല. സ്ത്രീ തൊഴിലാളികൾക്ക് ആകട്ടെ ഫാക്ടറിയിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് 21 രൂപ വീതം നൽകേണ്ടതുമുണ്ട്. പട്ടിണി കൂലിയും പട്ടാള ചിട്ടയും എന്ന ഈ നയത്തെയാണ് അവർ ചോദ്യം ചെയ്യുന്നത്.

ഹരിയാനയിലെ മനേസർ വ്യവസായ മേഖലയിൽ നടന്ന തൊഴിലാളി റാലി. കടപ്പാട്:groundxero

ഏപ്രിൽ 13ന് 132 സ്ഥാപനങ്ങളിലെ 42,000 തൊഴിലാളികൾ പണിമുടക്കി ദേശീയപാത ഉപരോധിച്ചു. മദേഴ്സ് സൺ സുമി ഫാക്ടറി പ്രദേശത്തിൻ്റെ പരിസരത്ത് റോഡ് ഉപരോധിച്ച നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾ അടക്കമുള്ളവരെ രാത്രിയും തടങ്കലിൽ വച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു. സ്ഥലം സന്ദർശിക്കാൻ പോയ കേന്ദ്ര ട്രേഡ് നേതാക്കന്മാരെ അടക്കം തടഞ്ഞുവച്ചു. തൊഴിൽ അവകാശങ്ങൾക്ക് വേണ്ടിയും, അടിച്ചമർത്തൽ നടപടികൾക്ക് എതിരെയും തൊഴിലാളികളുടെ സമരം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. മിനിമം വേതനം 26,000 രൂപയായി നിജപ്പെടുത്തുക, പാചകവാതകം കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക, സ്ഥിരം തൊഴിലുകൾ കരാർ അടിസ്ഥാനത്തിൽ നൽകരുത്, ക്ഷേമ ആനുകൂല്യങ്ങൾ അനുവദിക്കണം, ലേബർ കോഡുകൾ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ സമരം തുടരുകയാണ്. ലേബർ കോഡുകളെ പിന്തുണയ്ക്കുന്ന ബിഎംഎസിനോ, സർക്കാർ സംഘടനകൾക്കോ ഇക്കാര്യത്തിൽ യാതൊന്നും ഉരിയാടാനില്ല. വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ കൂടി പിന്തുണയോടെ സമരം ശക്തി ആർജ്ജിച്ചുകൊണ്ടിരിക്കുകയുമാണ്.

(ടി.യു.സി.ഐ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Also Read

4 minutes read May 1, 2026 9:15 am