മൗലാനാ ആസാദ് ഫെലോഷിപ്പ് നിർത്തലാക്കുന്നതിന്റെ ന്യായമെന്ത്?

2022 -23 വർഷം മുതൽ മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) കേന്ദ്ര ഗവൺമെന്റ് നിർത്തലാക്കി എന്ന വാർത്ത വരുന്നതിന് ഒരാഴ്ച്ചമുമ്പ് ഒരു സുഹൃത്തുമായി ഇതേ സ്കോളർഷിപ്പ് വിഷയത്തിൽ സംസാരിക്കുകയുണ്ടായി. ആശങ്കയുടെയും ഭീതിയുടെയും ഉള്ളിൽ നിന്നുകൊണ്ടാണ് സുഹൃത്ത് തനിക്കു ലഭിക്കുന്ന ഫെലോഷിപ്പിനെ കുറിച്ച് സംസാരിച്ചത്. “ഏത് നിമിഷവും നിന്നുപോകാവുന്ന ഒന്നാണ് കേന്ദ്രഗവൺമെന്റിന്റെ ന്യൂനപക്ഷ സാമ്പത്തികാനുകൂല്യം” എന്ന് അവൾ പറഞ്ഞപ്പോൾ സമാധാനിപ്പിക്കാനെന്നോണം “ഇന്ത്യയെ പോലൊരു രാജ്യത്ത് അങ്ങനെയൊരു നീക്കം അത്ര പെട്ടെന്നൊന്നും സാധ്യമല്ലെന്ന്” ഞാൻ പറഞ്ഞു. ആ വാക്കുകളിലെ കനമില്ലായ്മ ഞങ്ങൾക്കു രണ്ടു പേർക്കും അനുഭവപ്പെട്ടെങ്കിലും ഏതോ ചില പ്രത്യാശയുടെ വെളിച്ചത്തിലാണ് ഞങ്ങളന്ന് പിരിഞ്ഞത്. മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കിയെന്ന വാർത്ത കണ്ടപ്പോൾ അവളെനിക്ക് മെസേജ് അയച്ചു. “ഞാൻ പറഞ്ഞതു പോലെ സംഭവിച്ചു, പേടിയാകുന്നു.” ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിലെ ഒരാളെന്ന നിലയിൽ പൗരത്വ ബില്ലടക്കമുള്ള കൺമുമ്പിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ചാലോചിച്ചും, ഭയം സൃഷ്ടിക്കുന്ന പലതും ഇനിയും  സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടും വല്ലാത്തൊരു നടുക്കമാണനുഭവപ്പെട്ടത്.

കേന്ദ്രന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള സ്മൃതി ഇറാനി എം.എ.എൻ.എഫ് നിർത്തലാക്കുന്നത് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അതിനു കാരണമായി ചൂണ്ടികാട്ടിയത് ചില സാങ്കേതിക പ്രശ്നങ്ങളെയാണ്. നിലവിലുള്ള മറ്റു പല സ്കോളർഷിപ്പുകളുമായി അതായത് പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ സ്കോളർഷിപ്പുകൾ എന്നിവയുമായി എം.എ.എൻ.എഫ് ഇടകലരുന്നു എന്നതാണ്. അത്തരമൊരു സാങ്കേതിക പ്രശ്നത്തെ ആലോചിക്കുവാനും പരിഹരിക്കാനും മറ്റു ചില സാധ്യതകളുണ്ടെന്നിരിക്കെ എന്തിനാണ് ഒരു സ്കീം മൊത്തമായി നിർത്തലാക്കിയത് എന്നാണ് ഗവേഷക വിദ്യാർത്ഥികളുടെ പ്രധാന ചോദ്യം. മറ്റൊന്ന്, യു.ജി.സി നിർദേശപ്രകാരം ഒരാൾക്ക്  ഒരു സമയത്ത് ഒരേയൊരു ഫെലോഷിപ്പാണ് ലഭിക്കുക. അങ്ങനെയാണെങ്കിൽ എവിടെയാണ് മന്ത്രി സൂചിപ്പിച്ച ഈ ‘ഇടകലരൽ’ സംഭവിക്കുന്നത്?

സ്മൃതി ഇറാനി കടപ്പാട് : ptinews.com

ഇതിനോടനുബന്ധിച്ചു തന്നെയാണ് മറ്റുരണ്ടു കേന്ദ്ര ഗവൺമെന്റ് തീരുമാനങ്ങളെയും വായിക്കേണ്ടത്. ഒന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കി, മറ്റൊന്ന് NF – EBC എന്ന പേരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലെ ഗവേഷകർക്ക് ഫെലോഷിപ്പുകൾ ഏർപ്പെടുത്താൻ പോകുന്നു എന്ന വാർത്തയും കൂടിയാണ്.  ഇന്ത്യയിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കുകയും പുതിയൊരു സ്കീമിന് തുടക്കംകുറിക്കുകയും ചെയ്യുന്നുവെന്നത്  പുറമേ വലിയ ചില മാറ്റങ്ങളായി തോന്നാമെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും അകങ്ങളിലാണ് ഈ ‘വലിയ മാറ്റം’ പരിക്കേൽപ്പിക്കുന്നത്. അത്തരമൊരു സന്ദർഭത്തിലാണ് ഇവയൊന്നും  സാങ്കേതികം മാത്രമല്ലെന്ന് തെളിയുന്നത്. രാഷ്ട്രീയമായ പലതരം അജണ്ടകളുടെ ഭാഗമായാണ് എം.എ.എൻ.എഫ് നിർത്തലാക്കിയതെന്ന് ബോധ്യപ്പെടുന്നു. സംവരണ തത്വങ്ങളെ മാറ്റികൊണ്ടു വരാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണിവയൊക്കെയും എന്നു കൂടി വരുന്നു. ജാതി, മതം എന്നീ സ്വത്വങ്ങളിൽ നിന്നും പുതിയ മാനദണ്ഡം സാമ്പത്തികമായി തീരുന്നു. ഇന്ത്യൻ ജീവിതത്തിന്റെ ചരിത്രപരമായ അവസ്ഥകളെ ബോധപൂർവ്വം ഭരണകൂടം ഇവിടെ മറക്കുന്നു.ന്യൂനപക്ഷവിഭാഗങ്ങൾക്ക് നൽകുന്ന സംവരണങ്ങൾ പിൻവലിക്കുകയും പകരം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാരെ സംവരണാനുകൂല്യങ്ങൾ നൽകി അക്കാദമികമായ മേഖലകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതോടെ  സവർണവും ബ്രാന്മണികവുമായ മൂല്യങ്ങളെ പൊതു ഇന്ത്യൻ ജീവിത പരിസരമാക്കി തീർക്കുന്ന പ്രക്രിയ ഹിന്ദുത്വഗവൺമെന്റിന് കുറേക്കൂടി എളുപ്പമാകുന്നു.

എ.ഐ.എസ്.എ ഡെൽഹിയിൽ നടത്തിയ പ്രതിഷേധം കടപ്പാട് : fb

സച്ചാർ കമ്മറ്റി(2005) ‘ ഇന്ത്യൻ മുസ്ലിംകൾ അഭിമുഖീകരിക്കുന്ന അവസ്ഥ പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളേക്കാൾ താഴെയാണെന്ന്’ കണ്ടെത്തുന്നുണ്ട്. ‘അത്തരമൊരു ഇന്ത്യൻ സന്ദർഭത്തിലാണ് എം.എ.എൻ.എഫ് രൂപീകരിക്കുന്നത്. അതോടൊപ്പം എം.എ.എൻ എഫിലേക്ക് നിലവിലുള്ളതിനേക്കാൾ ഫണ്ട് വർദ്ധിപ്പിക്കണമെന്നും കമ്മറ്റിയുടെ നിർദേശങ്ങളിലൊന്നായി പറയുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കികൊണ്ടുള്ള ഈ പദ്ധതി ഇന്ത്യയിലെ മുസ്ലീം, ബുദ്ധ, ജൈന, പാർസി, ക്രിസ്റ്റ്യൻ, സിഖ് എന്നിവരിലെ ഗവേഷകരെയാണ് പരിഗണിക്കുന്നത്. ‘ ന്യൂനപക്ഷ സമുദായങ്ങളെ ശാക്തീകരിക്കുകയും നമ്മുടെ രാജ്യത്തിന്റെ വിവിധ വംശീയ, ബഹുസാംസ്കാരിക, ബഹുഭാഷ, ബഹുമത സ്വഭാവം ശക്തിപ്പെടുത്തുന്നതിന് പ്രാപ്തമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും’ ചെയ്യുന്നതിനാണ് ന്യൂനപക്ഷ സാമ്പത്തിക ആനുകൂല്യം നടപ്പിലാക്കുന്നത്.എന്നാൽ സച്ചാർ കമ്മറ്റിയെ തന്നെ ദേശവിരുദ്ധമായിട്ടാണ് ബി.ജെ.പി ഗവൺമെന്റ് കണക്കാക്കുന്നത്. ബഹുത്വമെന്ന വലിയ ആശയത്തെ എങ്ങനെയെല്ലാം അട്ടിമറിക്കാൻ സാധിക്കുമെന്നാണ് അവർ ഓരോ കാൽവെപ്പിലും ആലോചിക്കുന്നത്. അതുകൊണ്ടു കൂടിയാണ് നിലവിലുള്ള പല സംവരണ ആനുകൂല്യങ്ങളെയും കേവലമായ സാങ്കേതികങ്ങളിൽ കുടുക്കി ഇല്ലാതാക്കുന്നത്.

ന്യൂനപക്ഷ മത സ്വത്വങ്ങളിൽ നിലനിന്നുകൊണ്ട്  ഇന്ത്യയിൽ വിദ്യാർത്ഥികളായി തുടരാനുള്ള സാധ്യതകളെയാണ് ഭരണകൂടം ഒറ്റനിമിഷം കൊണ്ട് തുടച്ചുനീക്കുന്നത്. പട്ടിക-ജാതി, പട്ടിക-വർഗ, പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടാത്ത ന്യൂനപക്ഷ വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയെ എങ്ങനെയാണ് ഭരണകൂടം പരിഹരിക്കുക ! ന്യൂനപക്ഷങ്ങളില്ലാത്ത ഗവേഷണാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഏതുതരം ഇന്ത്യയെയാണ് സൃഷ്ടിക്കാൻ പോകുന്നത്? അത്തരമൊരു ദേശീയത എന്തുമാത്രം അപകടകരമാണ്!

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികൾ കടപ്പാട് : fb

എല്ലാകാലത്തും ഹിന്ദുത്വ ഗവൺമെന്റ് ഭയമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. നിരന്തരമായി നടത്തിയിട്ടുള്ള കലാപങ്ങളിലൂടേയും  ന്യൂനപക്ഷ വിരുദ്ധതയിലൂടെയും മറ്റും വളർത്തിയെടുത്തത് ഇതേ ഭയവും ഭീതിയും അരക്ഷിതാവസ്ഥയുമാണ്. ഭയരഹിതമായ അവസ്ഥയിലാണ് ഗവേഷണം നടക്കേണ്ടത്. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസ പരവുമായമായ ഭരണകൂട പരിഗണനകൾ അതിനാവശ്യവുമാണ്. നിരന്തരമായ അരക്ഷിതാവസ്ഥ നിലനിർത്തികൊണ്ടും നിങ്ങൾ ‘ഇത്തരം ‘മതസ്വത്വങ്ങളിൽ സുരക്ഷിതരല്ലെന്ന് ആവർത്തിച്ച് ഉറപ്പിച്ചു കൊണ്ടും ഭരണകൂടം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന പിളർപ്പ് ചെറുതല്ല.

നിങ്ങളെ വിവിധ മത/ ജാതി സ്വത്വങ്ങളിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കേവലമനുഷ്യരായി (രണ്ടാംകിട പൗരൻമാരായി) മാത്രം അംഗീകരിക്കാമെന്നും. ഞങ്ങൾ നൽകുന്ന മാനദണ്ഡങ്ങളിലൂടെ അതിന്റെ ആനുകൂല്യങ്ങളെ സ്വീകരിച്ച് ആത്മാഭിമാനത്തിന്റെ അവസാന തുടിപ്പും ഇല്ലാതാക്കി നിങ്ങൾക്കിവിടെ ജീവിക്കാവുന്നതുമാണ് എന്നാണ് സംഘപരിവാർ പറഞ്ഞുവെക്കുന്നത്. ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്ന ഭീകരമായ ഭീതിയിലൂടെയാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനത കടന്നുപോവുന്നത്.

എന്റെ കൂട്ടുകാരിയനുഭവിക്കുന്ന അതേ ഭീതിയിലാണ് ഞാനുമിന്ന് ജീവിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഏതു നിമിഷവും ഇല്ലാതായേക്കാം. അരക്ഷിതാവസ്ഥയുടെ വലിയ ഗർത്തത്തിലേക്ക് വീണു പോയക്കാം ! ഇവയെയെല്ലാം മറികടന്ന് എങ്ങനെയാണ്  ബൃഹത്തായ ഗവേഷണത്തിന് ഞങ്ങൾ തുടക്കമിടുക ?

(ഗവേഷക, മലയാളവിഭാഗം, സംസ്കൃത സർവകലാശാല, കാലടി)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read December 27, 2022 3:16 pm