ഡി.കെ ചൗട്ടയുടെ മൗലിക നോവൽ തുളുവിൽ നിന്ന് മലയാളത്തിലേക്ക് ഡോ.എ.എം ശ്രീധരൻ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ബഹുഭാഷാ പഠന കേന്ദ്രത്തിൽ നിന്നും ഹിന്ദി, കന്നഡ ഭാഷകളിൽ ധാരാളം പരിഭാഷകൾ വന്നിട്ടുണ്ടെങ്കിലും, പൂർവ്വഗാമികളായ സി രാഘവൻ, കെ.വി കുമാരൻ എന്നീ പരിഭാഷകർ ഉണ്ടായിരുന്നെങ്കിലും തുളുവിലെ മൗലികമായ സർഗാത്മക രചനകൾ പരിഭാഷപ്പെടുത്താത്ത ഒരു പരിമിതി ഉണ്ടായിരുന്നു. കാസർക്കോട് ചാലയിലെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബഹുഭാഷാപഠന കേന്ദ്രം ഡയറക്ടറായി ഡോ. എ.എം ശ്രീധരൻ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കാസർക്കോട്ടെ പരിഭാഷാ രംഗത്തിന് ഒരു പുതു ഉണർവ്വ് വന്നിരിക്കുകയാണ്. തുളുവിലെ മികച്ച നോവൽ എന്ന നിലയിൽ പ്രശസ്തി നേടിയ കാസറഗോട്ടെ (മീഞ്ച ഗ്രാമത്തിലെ) യശശ്ശരീരനായ തുളു നോവലിസ്റ്റ് ഡി.കെ ചൗട്ടയുടെ 2005 ൽ ഇറങ്ങിയ ‘മിത്തബൈൽ യമുനക്ക’ എന്ന നോവലാണ് 2023 ൽ ഡോ.എ.എം ശ്രീധരൻ ആ ഭാഷയുടെ ശക്തിസൗന്ദര്യങ്ങളോടെ മലയാളത്തിലാക്കിയിരിക്കുന്നത്. 365 പേജുള്ള ഈ പുസ്തകം കാഞ്ഞങ്ങാട്ടെ ചെമ്പരത്തി പ്രസാധകരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഐ വ്യൂവിലെ സന്ദീപ് ആണ് ഇതിന്റെ മനോഹരമായ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.
തുളുനാട്ടിലും കർണാടകയിലും അദ്ഭുതങ്ങൾ സൃഷ്ടിച്ച നോവലാണിത്. തുളുവിലെ സതികമ്മല (നോവൽ) ദുജി കമ്മെരെ (തുളു നാടോടി കഥാസമാഹാരം) കഥാകദികെ (തുളു കഥകൾ) എന്നീ പരിഭാഷകൾക്ക് ശേഷമാണ് ഡോ.എ.എം. ശ്രീധരൻ ഈ നോവൽപരിഭാഷപ്പെടുത്തുന്നത്. ബഹുഭാഷാദേശത്തെ ബ്യാരി ഭാഷയ്ക്കും, തുളുമലയാളത്തിനും അദ്ദേഹം നിഘണ്ടു നിർമ്മിച്ചിട്ടുണ്ട്. മിത്തബൈൽ യമുനക്കയെപ്പറ്റി യു.ആർ അനന്തമൂർത്തി രേഖപ്പെടുത്തിയ അഭിപ്രായം ആ പുസ്തകത്തിന്റെ മഹത്വം പ്രകടമാക്കുന്നു. “നാളിതുവരെ ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകൃതമായ ഏറ്റവും നല്ല നോവലുകളിലൊന്നാണ് മിത്തബൈൽ യമുനക്ക.”
മനുഷ്യന്റെ ഭാഗ്യ നിർഭാഗ്യങ്ങളും വഞ്ചനയും ചതിയും ഹിംസയും അഹിംസയും സ്ത്രീശാക്തീകരണത്തിന്റെ ഉണർവ്വുകളും ജീവിതകാമനകളുമെല്ലാം ചേർന്ന ആഖ്യാനരീതി ഈ നോവലിന്റെ പ്രത്യേകതയാണ്. ‘തുളുഭാഷയിൽ രചിതമായ നോവലുകളെയെല്ലാം അതിശയിപ്പിക്കുന്ന നോവൽ’ എന്ന് അമൃത് സോമേശ്വരും എഴുതുന്നു. ‘ഗുത്തു ഭവനങ്ങളിൽ കേന്ദ്രീകൃതമായ തുളുനാടൻ ജീവിതത്തിന്റെ അധികാരവും രാഷ്ടീയവുമാണിതിൽ ആവിഷ്ക്കരിച്ചത്’ എന്ന് വിവേക് റായിയും എഴുതുന്നു. അവതാരിക എഴുതിയ ബെള്ളൂറുകാരനായ ഡോ. രാധാകൃഷ്ണ എൻ പറയുന്നത് തെയ്യാരാധനയും കൃഷിയുമാണ് തുളുവരുടെ ജീവരക്തം എന്നാണ്. എന്റെ വായനയിൽ തുളുവരുടെ മണ്ണുമായുള്ള ബന്ധം, സ്വാതന്ത്ര്യസമരത്തിൽ ഇവിടെയെത്തിയ ഗാന്ധിജിയോടൊപ്പം ചേർന്ന് തുളുവർ നടത്തിയ പോരാട്ടങ്ങൾ, കാർഷിക സംസ്കാരത്തിന്റെ ജീവിതവ്യഥകൾ എന്നിവ ചേർന്ന നട്ടെല്ലുള്ള തുളുവരുടെ ജീവിതവ്യവഹാരമാണീ നോവൽ. കാസറഗോട്ടെ കുളുത്തുവും ഉണക്ക സ്രാവ് കറിയും കഴിച്ച് രാവിലെ കൃഷിചെയ്യാൻ പോകുന്ന കർഷകരും, പട്ടാളക്കാരുമുള്ള കാസറഗോഡുകാർക്ക് നാമറിയാത്ത പല വിവരങ്ങളും ഇതിൽ വിവൃതമാകുന്നുണ്ട്. മണ്ണുറപ്പുള്ള ഭാഷയാണീ നോവലിന്റേത്. അതേ ഭാഷയുടെ ശക്തി ഡോ.എ.എം ശ്രീധരന്റെ പരിഭാഷയ്ക്കുമുണ്ട്. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നേരത്തെ വായിച്ചിരുന്നു. ഡി.കെ ചൗട്ടയെ പരിചയവും ഉണ്ട്. നോവൽ വായിച്ചപ്പോഴാണ് ഈ നാടിന്റെ എഴുത്തുകാരനാണദ്ദേഹം മനസ്സിലായത്. ഡോ.എ.എം. ശ്രീധരന് അഭിനന്ദനങ്ങൾ!