അന്റാർട്ടിക്ക ഉരുകിത്തീരാതിരിക്കാൻ

ഭൂമിയിലെ ‘വെളുത്ത വൻകര’ എന്ന പേരിലറിയപ്പെടുന്ന അന്റാർട്ടിക്ക സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു ഭൂപ്രദേശമാണ്. ദക്ഷിണ ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന, 98 ശതമാനം മഞ്ഞുമൂടപ്പെട്ട് കിടക്കുന്ന ഈ പ്രദേശം വ്യത്യസ്തമായ ആവാസവ്യവസ്ഥ കൊണ്ട് മറ്റ്‌ ഭൂഖണ്ഡങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഗവേഷണാവശ്യങ്ങൾക്കല്ലാതെ മറ്റ്‌ രാജ്യങ്ങൾക്കൊന്നും ഇടപെടാൻ അനുവാദമില്ലാത്ത അന്റാർട്ടിക്ക പലതരം ഭീഷണികളുടെ നടുവിലാണ് ഇപ്പോൾ. ആഗോളതാപനം സൃഷ്ടിക്കുന്ന വിപത്ത് ഏറ്റവും കൂടുതലായി ബാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയുടെ നാലരയിരട്ടി വലിപ്പമുള്ള ഈ വൻകര. മഞ്ഞുരുകൽ, അപൂർവ ജീവിവർഗ്ഗങ്ങളുടെ നാശം എന്നിങ്ങനെ അന്റാർട്ടിക്ക നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ആഗോള ശ്രമങ്ങൾ ഏറെ വർഷങ്ങളായി നടക്കുന്നുണ്ട്. ചൂട് കൂടുന്നത് കാരണമുള്ള അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം ലോക രാജ്യങ്ങൾക്കെല്ലാം ഭീഷണിയാണ്. മനുഷ്യവാസമില്ലാത്തതിനാൽ തന്നെ ലോക രാഷ്ട്രങ്ങൾ ഒരു പൊതു ആവശ്യമായി അന്റാർട്ടിക്കയുടെ സംരക്ഷണത്തെ പരിഗണിച്ചിട്ടുമുണ്ട്. 57 രാജ്യങ്ങൾ ഒപ്പുവച്ച അൻ്റാർട്ടിക്ക ഉടമ്പടി അതിനുള്ള ഒരു മാനദണ്ഡമായി നിലകൊള്ളുന്നു. അത്തരം രാജ്യാന്തര ശ്രമങ്ങളുടെ തുടർച്ചയാണ് കൊച്ചി ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന 46 മത് അന്റാർട്ടിക് ഉടമ്പടി കൂടിയാലോചന യോഗം (അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിങ് -എ.ടി.സി.എം). 2007 ന് ശേഷം ഇപ്പോഴാണ് ഇന്ത്യ എ.ടി.സി.എം ന് ആതിഥേയത്വം വഹിക്കുന്നത്. അൻ്റാർട്ടിക് പാർലമെൻ്റ് എന്നും അറിയപ്പെടുന്ന ഈ പരിപാടി, ഇന്ത്യയുടെ ഒരു സുപ്രധാന ചുവടുവെപ്പായാണ് കരുതുന്നത്.

കൊച്ചിയിൽ നടക്കുന്ന 46 മത് അന്റാർട്ടിക് ഉടമ്പടി കൂടിയാലോചന യോഗത്തിൽ നിന്നും. കടപ്പാട്:X

ഭൗമശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിക്കുന്ന കൂടിച്ചേരലിൽ അൻ്റാർട്ടിക് ഉടമ്പടിയിലെ അംഗരാജ്യങ്ങളുടെയെല്ലാം പങ്കാളിത്തമുണ്ട്. മെയ് 20 മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി അന്റാർട്ടിക്ക നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. പ്രധാനമായും അന്റാർട്ടിക്ക ടൂറിസം വരുത്തി വയ്ക്കുന്ന വിപത്തുക്കളാണ് വിഷയമാകുന്നത്. ആഗോളതാപനം അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിന്റെ വേഗം കൂട്ടുന്നതിനെക്കുറിച്ചും മഞ്ഞുമലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റത്തെക്കുറിച്ചും ചർച്ചകളുണ്ട്. ഗവേഷണ ആവശ്യങ്ങൾക്കായുള്ള രാജ്യാന്തര സഹകരണം സംബന്ധിച്ച കൂടിയാലോചനകളും ഈ പരിപാടിയുടെ ഭാഗമാണ്.

അന്റാർട്ടിക്ക എന്ന ശീതമരുഭൂമി

അന്റാർട്ടിക്കയുടെ വിസ്തീർണ്ണം വേനൽക്കാലത്ത് 14 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ശൈത്യകാലത്ത് മഞ്ഞുപാളികളുടെ കനം കാരണം അതിൻ്റെ യഥാർത്ഥ വലുപ്പത്തിൻ്റെ ഇരട്ടിയായി അന്റാർട്ടിക്ക മാറുന്നു. മനുഷ്യ വാസം സാധ്യമല്ലാത്ത അന്റാർട്ടിക്കയിൽ കഠിന ശൈത്യത്തെ അതിജീവിച്ച് കഴിയുന്നത് ഏതാനും ജീവികൾ മാത്രമാണ്. അൻറാർട്ടിക് മുടിപ്പുല്ലും (Antartic hairgrass) അൻറാർട്ടിക്ക് പേൾവർട്ടും ഉൾപ്പെടെ സസ്യവർഗങ്ങളായി പായലുകൾ, പൂപ്പലുകൾ, ആൽഗകൾ എന്നിവയും കാണപ്പെടുന്നു.

അന്‍റാര്‍ട്ടിക്ക് പേള്‍വര്‍ട്ട് കടപ്പാട്: earth.org

ഹിമ കടൽപക്ഷി (Snow petrel), അഞ്ചിനം പെൻഗ്വിനുകൾ, ആൽബട്രോസ് എന്നീ പക്ഷികളും ക്രിൽ, നീലത്തിമിംഗലം, സീൽ എന്നിവയും ഏകദേശം 12 മില്ലിമീറ്റർ വലിപ്പമുള്ള ബെൽജികാ അൻറാർട്ടികാ (Belgica Antartica) എന്നയിനം ചിറകില്ലാ പ്രാണിയും ഇവിടെ കണ്ടുവരുന്നു. ഒരു വർഷം രണ്ട് ഇഞ്ചിൽ താഴെ മാത്രമാണ് അന്റാർട്ടിക്കയിൽ ലഭിക്കുന്ന മഴ. അതുകൊണ്ടുതന്നെ അന്റാർട്ടിക്ക ഒരു ശീത മരുഭൂമിയാണ്. ഭൂമിയിലെ ശുദ്ധ ജലത്തിന്റെ 60 ശതമാനവും അന്റാർട്ടിക്കയിലാണ് ഉള്ളതെങ്കിലും അത് തണുത്തുറഞ്ഞിരിക്കുന്നതിനാൽ ഉപയോഗപ്രദമല്ല. ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള രാജ്യാന്തര സഹകരണത്തിന്റെ ഭാഗമായി മഞ്ഞുകാലത്തും വേനൽക്കാലത്തും ഗവേഷണ ആവശ്യങ്ങൾക്കായി പല രാജ്യങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. അന്റാർട്ടിക്കയിൽ ഇന്ത്യ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസേർച്ചാണ്.

അന്റാർട്ടിക് ഉടമ്പടി

അന്റാർട്ടിക്കയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 1959 ഡിസംബർ 1ന് 12 രാജ്യങ്ങൾ ചേർന്ന് അന്റാർട്ടിക്ക ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നത്. അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷിച്ച് പോരുന്നത് ഈ ഉടമ്പടിയിലൂടെയാണ്. ഇത് ഓർമ്മപ്പെടുത്താനായാണ് എല്ലാ വർഷവും ഡിസംബർ ഒന്ന് അന്റാർട്ടിക്ക ദിനമായി ആചരിക്കുന്നത്. പിന്നീട് 44 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ കണ്ണിചേർന്നു. ഇപ്പോൾ 57 ലോകരാജ്യങ്ങൾ ആ പട്ടികയിലുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഈ ഭൂപ്രദേശം ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്ന ഉടമ്പടി ആ പ്രദേശങ്ങളിൽ സൈനിക പ്രവർത്തനമോ അണുപരീക്ഷണമോ പോലുള്ളവയൊന്നും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. വാണിജ്യ മൽസ്യബന്ധനം, ഖനനം, ധാതുപര്യവേഷണം എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതും ഈ ഉടമ്പടിയാണ്.1983 ആഗസ്റ്റ് 19 ന് ആണ് ഇന്ത്യ ഇതിൽ പങ്കുചേരുന്നത്.

ക്രമാതീതമായി കൂടുന്ന ടൂറിസം

അന്റാർട്ടിക്കയിലേക്ക് ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കാണ് ഈ വർഷത്തെ അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് യോഗം പ്രധാന പരിഗണന നൽകുന്നത്. അന്റാർട്ടിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണിത്. അന്റാർട്ടിക്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഓരോ വർഷം വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ അന്റാർട്ടിക്കയിലേക്കുള്ള ടൂറിസം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖയ്ക്ക് രൂപം നൽകാനുള്ള പ്രത്യേക വർക്കിങ് ഗ്രൂപ്പ് യോഗവും നടക്കുന്നുണ്ട്.

അന്റാർട്ടിക്ക. കടപ്പാട്: www.newsweek.com

1990 കളുടെ തുടക്കം മുതലാണ് അന്റാർട്ടിക്കയിലേക്കുള്ള ടൂറിസം ക്രമാതീതമായി വർദ്ധിക്കുന്നത്. 1992 നും 2020 നും ഇടയ്ക്ക് അന്റാർട്ടിക്ക സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നുവെന്ന് IUCN (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്) കണക്കുകൾ വ്യക്തമാക്കുന്നു. 2019-2020 സീസണിൽ 75,000 ആയിരുന്നത് 2022-2023 സീസണിൽ 1,04,897 ആയി കൂടി എന്നാണ് IUCN കണക്ക്. 2023-2024 ൽ ടൂറിസ്റ്റുകളുടെ എണ്ണം 1.10 ലക്ഷമായി ഉയർന്നു. അന്റാർട്ടിക്കയിലേക്കുള്ള ടൂറിസം ദുർബലമായ ആ പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. അന്റാർട്ടിക്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെയും അവരെ എത്തിക്കുന്ന കപ്പലുകളുടെയും എണ്ണം കൂടുന്നതും അവർ അന്റാർട്ടിക്കയിലെ വിദൂര സ്ഥലങ്ങളിലേക്ക് സഞ്ചാരികൾ പോകുന്നതുമെല്ലാം പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു. അന്റാർട്ടിക്കയിലെ കടലിൽ മൈക്ക്രോ പ്ലാസ്റ്റിക്കിന്റെ അംശം കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല ടൂറിസ്റ്റുകൾ കുളിക്കാനും മറ്റുമുപയോഗിക്കുന്ന വെള്ളവും കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങളും പുറത്തേക്ക് ഒഴുക്കുന്നത് ധ്രുവ പ്രദേശത്തെ സമുദ്രജലത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേക ആവാസവ്യവസ്ഥയിലേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റം ജീവജാലങ്ങൾക്കും അപകടമുണ്ടാക്കുന്നു. ഇതിനുദാഹരണമാണ് അവിടെയുള്ള എമ്പറർ പെൻഗ്വിനുകളുടെ നാശം സൂചിപ്പിക്കുന്നത്. അന്റാർട്ടിക്കയിൽ മൊത്തത്തിലുള്ള വിനോദ സഞ്ചാര പ്രവർത്തനങ്ങൾ പെൻഗ്വിൻ സ്പീഷീസുകളുടെ പ്രത്യുത്പാദനപരവും സാമൂഹികവുമായ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം ഈ നൂറ്റാണ്ടിൻ്റെ അവസാനമാകുമ്പോഴേക്കും അൻ്റാർട്ടിക്കയിലുള്ള എംപറർ പെൻഗ്വിനുകൾ 99 ശതമാനം ഇല്ലാതാകുമെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അവയെ പ്രത്യേക സംരക്ഷണ ഇനമായി പ്രഖ്യാപിക്കണമെന്ന് അൻറാർട്ടിക് ആൻഡ് സതേൺ ഓഷ്യൻ കൊയിലിഷൻ ആവശ്യം ഉന്നയിച്ചത് ഈ കൂടിച്ചേരലിനോട് അനുബന്ധിച്ച് തന്നെയാണ്.

എമ്പറർ പെൻഗ്വിനുകൾ. കടപ്പാട്: oceanographicmagazine.com

ആഗോളതാപനം അന്റാർട്ടിക്കയിൽ മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റ് പ്രദേശങ്ങൾക്ക് കൂടി ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചൂടുകൂടുന്നത് അവിടങ്ങളിലെ ഐസ് ഉരുകുന്നതിന് കാരണമാക്കുകയും ഇത് മറ്റ് ജീവികളുടെ നിലനില്പിനെയും ബാധിക്കുകയും ചെയ്യുന്നു. അന്റാർട്ടിക്കയിലെ മുഴുവൻ ഐസുകളും ഉരുകിയാൽ ഇന്ന് കാണുന്ന പല രാജ്യങ്ങളും ദ്വീപുകളും ഭൂപ്രദേശങ്ങളും ഇല്ലാതെയാകും. ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂട് കൂടുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക. കഴിഞ്ഞ 50 വർഷത്തിനിടയിൽ, അന്റാർട്ടിക് ഉപദ്വീപിലുടനീളമുള്ള ശരാശരി താപനില 3°C വർധിച്ചു. ഇത് ഭൂമിയിലെ ശരാശരി താപനില വർധനവിൻറെ അഞ്ചിരട്ടിയാണ്. ആഗോളതാപനം തന്നെയാണ് ഈ മേഖലയിലെ ജൈവവൈവിധ്യശോഷണത്തിനും കാരണമാകുന്നത്. ഏതെങ്കിലും ഒരു ജീവിക്ക് വംശനാശം സംഭവിച്ച് കഴിഞ്ഞാൽ അത് മുഴുവൻ ഭക്ഷ്യശൃംഖലയേയും ആ ജീവിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് ജീവികളെയും ബാധിക്കുന്നു. ചൂട് കൂടുന്നതിന്റെ ഫലമായി കടലിലെ ഐസ് കവർ ചുരുങ്ങുന്നതും ഈ ജീവികളുടെ നാശത്തിന് കാരണമാകുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ ജീവിവർഗമായ ബെംതിക്ക് ഫോണ (benthic fona) യുടെ 88 ശതമാനത്തിന്റെയും ആവാസകേന്ദ്രം ദക്ഷിണ സമുദ്രമാണ്. വൻ തിമിംഗലങ്ങളുടെയും പെൻഗ്വിനുകളുടെയും ജീവകേന്ദ്രം കൂടിയാണിവിടം. അന്റാർട്ടിക്കയിലെ 40 ശതമാനം സ്പീഷീസുകളും എൻഡെമിക്കുകളാണ്‌. മറ്റൊരിടത്തും അവയ്ക്ക് വളരാൻ സാധ്യമല്ല. അന്റാർട്ടിക് ക്രിൽ (Euphausia superba) ന്റെ ബയോമാസ് 725 മില്യൺ ടൺ ആണ്. ചൂടിനെ നേരിടാൻ കഴിയാത്ത ഈ ജീവികളുടെ നിലനിൽപ്പിന് ആഗോളതാപനം വലിയ ഭീഷണിയാണ്. സീലുകളും പെൻഗ്വിനുകളും ഉൾപ്പെടെയുള്ള ജീവികളുടെ നിലനിൽപ്പിന് ക്രിൽ സഹായിക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണ നടപടികൾ

വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഉത്ഖനനം അന്റാർട്ടിക്കയിൽ നിരോധിച്ചിട്ടുണ്ട്. റഷ്യൻ ഗവേഷണ സംഘം കോമൺസ് എൻവയോൺമെന്റ് ഓഡിറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച രേഖകളിൽ ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ–വാതക ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രദേശത്തെ എല്ലാ എണ്ണ വികസനങ്ങളും നിരോധിക്കുന്ന 1959-ലെ അന്റാർട്ടിക്ക് ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മേഖലയാണ് അന്റാർട്ടിക്ക. അ‌തിനാൽ തന്നെ ഇവിടങ്ങളിലെ ഖനനം വെല്ലുവിളിയാണ്. 1982 നും 1988 നുമിടയിൽ മിനറൽ റിസോഴ്‌സ് ആക്റ്റിവിറ്റീസ് (CRAMRA) എന്ന കൺവെൻഷന് കീഴിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ രുപീകരിച്ചു. ഇതുപ്രകാരം പരിസ്ഥിതിക്ക് അപകടമില്ലെന്ന് ഉടമ്പടി ഒപ്പിട്ട എല്ലാ രാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ ഇത് അസാധുവാക്കാൻ കഴിയുമെന്ന് പറയുന്നുണ്ട്. മാത്രവുമല്ല, 2048 ൽ ഈ ഉടമ്പടി പുനഃപരിശോധിക്കുന്നതിനുള്ള വ്യവസ്ഥകൂടി കരാറിലുണ്ട്. എന്നിരുന്നാലും തണുത്തുറഞ്ഞ മഞ്ഞുകട്ടകളാൽ പരന്നുകിടക്കുന്ന അന്റാർട്ടിക്കയിൽ ഖനനം നടത്തുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അമിതമായ മത്സ്യബന്ധനവും ഈ പ്രദേശങ്ങൾ നേരിടുന്ന പ്രശ്നമാണ്. അന്റാർട്ടിക് ഹേക്ക് (Dissostichus mawsoni) പോലുള്ള മത്സ്യങ്ങളെ നിയമവിരുദ്ധമായി പിടിക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അന്റാർട്ടിക് തീരപ്രദേശം നേരിടുന്ന പ്രശ്നമാണ്.

ഓരോ വർഷം കൂടുംതോറും അന്റാർട്ടിക്ക പല മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. അതിലൊന്നാണ് അന്റാർട്ടിക്കയിൽ സ്ഥിരമായി കാണുന്ന സസ്യങ്ങളുടെ വളർച്ചാനിരക്ക് കൂടുന്നത്.വസന്തകാലം വേനൽക്കാലം എന്നിവ മൂലം ആ രണ്ടു സസ്യങ്ങളുടെ വളർച്ചാനിരക്ക് 20 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പൂച്ചെടികൾ വ്യാപിക്കുന്നത് വലിയ രീതിയിലുള്ള ജൈവ വൈവിധ്യ ശോഷണത്തിനിടയാക്കും എന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

ജീവജാലങ്ങൾക്ക് ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക്. കടപ്പാട്: polarjournal

അന്റാർട്ടിക്കയിലേക്കുള്ള ആദ്യ ഇന്ത്യൻ ശാസ്ത്ര പര്യവേഷണം 1981-ൽ ഡോ. എസ്.ഇസഡ് കാസിമിന്റെ നേതൃത്വത്തിൽ ആണ് നടന്നത്. 21 അംഗ സംഘവുമായി ഗോവയുടെ തീരത്ത് നിന്നാണ് യാത്ര പുറപ്പെട്ടത്. 1983-ൽ ആണ് അന്റാർട്ടിക്കയിൽ ഇന്ത്യയുടെ ആദ്യത്തെ സയന്റിഫിക് ബേസ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രി സ്ഥാപിതമാകുന്നത്. ഗവേഷണാവശ്യങ്ങൾക്കായാണ് അധികം ആളുകളും അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തുന്നത്. ഇന്ത്യയുടെ രണ്ട് ഗവേഷണ സ്ഥാപനങ്ങൾ മൈത്രി, ഭാരതി എന്നീ പേരിൽ അന്റാർട്ടിക്കയിലുണ്ട്. ഇവിടേക്ക് ശൈത്യ കാലത്തും വേനൽ കാലത്തും ഗവേഷകർ പോകുന്നത് തുടരുന്നുമുണ്ട്.

അന്റാർട്ടിക്കയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഏറ്റവുമധികം പ്രതിഫലിക്കുന്ന രാജ്യമാണ് ഇന്ത്യ. കടലിന്റെ ജലനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. അന്റാർട്ടിക്കയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശങ്ങൾ ഉണ്ടെങ്കിലും അവയൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. അതിനുവേണ്ടി കൃത്യമായ മാനദണ്ഡങ്ങൾക്ക് രൂപം നൽകാനും അന്റാർട്ടിക് ഉടമ്പടി കൂടിയാലോചന യോഗം ശ്രമിക്കുന്നുണ്ട്. അന്റാർട്ടിക്കയിലെ സംരക്ഷിത മേഖലകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം സ്വാഗതാർഹം തന്നെയാണ്. ടൂറിസത്തിന് പൂർണമായും തടസം നിൽക്കാതെ അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും നല്ല തീരുമാനമാണ്. അന്റാർട്ടിക്കയിലെ ഗവേഷണ സാദ്ധ്യതകൾ അർത്ഥവത്തായി പ്രയോഗിച്ചില്ലെങ്കിൽ ഉണ്ടാകാനിടയുള്ള വിപത്തുകൾ വലുതായി തന്നെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയില്ലെങ്കിൽ ലോകത്തിലെ വലിയൊരു ആവാസ വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയായി മാറും. ഒരു പ്രത്യേക ഭരണസംവിധാനത്തിന്റെ അഭാവമുള്ളതുകൊണ്ടുതന്നെ അന്റാർട്ടിക്കയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ലോക രാജ്യങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അന്റാർട്ടിക്കയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ കൂടിച്ചേരൽ അതിനൊരു പരിഹാരമായി മാറുമെന്ന് പ്രതീക്ഷിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 30, 2024 2:05 pm