

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മഹേഷ് എസ് മധു സംവിധാനം ചെയ്ത ‘മൊളഞ്ഞി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ കാഴ്ചാനുഭവം.
ദൈനംദിന ജീവിതത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സാംസ്കാരിക അടയാളമാണ് (cultural sign) ‘മൊളഞ്ഞി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ കേന്ദ്രബിന്ദുവാകുന്നത്. ദാർശനിക വായന സാധ്യമാക്കുന്ന ഒരു ചിത്രമെന്ന് ‘മൊളഞ്ഞി’യെ ഒറ്റവാക്കിൽ പറയാം. തലമുറകളുടെ വ്യത്യസ്ത അനുഭവങ്ങൾ കൈമാറുന്ന, സാമൂഹിക നിയന്ത്രണങ്ങൾ പങ്കുവെക്കുന്ന, വ്യക്തിപരമായ ഓർമ്മകൾ അയവിറക്കുന്ന, സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക തിരഞ്ഞെടുപ്പുകൾ ബാക്കിയാക്കുന്ന ഒരു ദൃശ്യഭാഷയുടെ ‘സാംസ്‍കാരിക അടയാള’മാണ് ചിത്രത്തിൽ മൊളഞ്ഞി.


സ്ത്രീകളുടെ അനുഭവലോകത്തെ (women’s lived experience) കേന്ദ്രീകരിച്ചാണ് ‘മൊളഞ്ഞി’യുടെ ദൃശ്യഭാഷ വികസിക്കുന്നത്. പെൺകുട്ടികളുടെ ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള യാത്രയിൽ, സമൂഹം നിർണ്ണയിക്കുന്ന സൗന്ദര്യബോധം (aesthetics of femininity) അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നു. കഥാപരിസരം അത് കൂടുതൽ വ്യക്തമാക്കുന്നു. സിനിമയിൽ മനുഷ്യബന്ധങ്ങളുടെ ഭാവനാപരവും മാനസികവുമായ അന്തർധാരകൾ, അവയുടെ സങ്കീർണ്ണതകൾ, പ്രത്യേകിച്ച് സഹോദരിമാരുടെ ബന്ധത്തെ അടയാളപ്പെടുത്തുന്ന ഇടങ്ങൾ, അതിൽ ഇടകലർന്ന അകൽച്ചകൾ എല്ലാം ഒരേ തീവ്രതയോടുകൂടി പ്രതിനിധീകരിക്കുന്നത് ഒരു സാംസ്കാരിക അടയാളത്തെയാണ്. സ്വത്തിന്റെയും അവകാശത്തിന്റെയും പേരിൽ ഉടലെടുത്ത സ്വരവ്യത്യാസങ്ങളും, അതിന്റെ ഫലമായി വളർന്നുവന്ന അന്യോന്യതയുടെ ദൂരങ്ങളും അവർക്കിടയിലുണ്ടെങ്കിലും ആ ദൂരങ്ങളെ മറികടന്ന് സഹോദരിമാർക്ക് ഒരു ആവശ്യവേളയിൽ അനായാസം ഓടിയെത്താൻ കഴിയുന്ന കരുതലിന്റെ അമൂല്യമായ പ്രവാഹമാണ് അവരുടെ പങ്കുവെക്കലിന് കാരണമാകുന്നത്.


മനസ്സിൽ അടിഞ്ഞുകൂടിയ വികാരങ്ങൾ തുറന്നുപറയാനുള്ള വെമ്പൽ, കാലക്രമേണ കലഹങ്ങളിലൂടെയും വിഷമങ്ങളിലൂടെയും വളർന്ന് ആത്മബന്ധത്തിന്റെ സാംസ്കാരിക അടയാളമായി മാറുന്നു. വഴക്കിന്റെ നടുവിൽ അവരിലൊരാൾ “ചക്ക മുറിക്കാം” എന്ന് സാധാരണ രീതിയിൽ ഉന്നയിക്കുന്നപ്പോൾ പോലും, അത് കേവലം ഭക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശമായി മാറുന്നില്ല. പങ്കുവെയ്ക്കലിലൂടെ സംഘർഷങ്ങളുടെ പരിഹാരം സാധ്യമാണെന്ന അറിവിന്റെ പ്രതീകമായിട്ടാണ് ആ നിർദ്ദേശം. ഭക്ഷണം പങ്കിടൽ കുടുംബബന്ധങ്ങളുടെ ആഴത്തിലുള്ള ചിഹ്നമായി ഉയർന്നു നിൽക്കുന്നു. അത് സംസ്കാരത്തിന്റെ പ്രതീകവുമാകുന്നു. സൈക്കോ അനലിസ്റ്റായ ജോൺ ബോൾബെയുടെ (John Bowlby) ‘attachment’ എന്ന തിയറി പറയുന്നപോലെ, ബാല്യകാലത്ത് ലഭിക്കുന്ന പരിചരണവും സ്നേഹവും ജീവിതമുഴുവനും അതേ തീവ്രതയിൽ നിലനിർത്തപ്പെടാൻ സാധ്യതയുള്ളതാണ്. ഈ ചിത്രത്തിലെ സഹോദരിമാരുടെ ബന്ധവും അങ്ങനെ തന്നെയാണ്. ബാല്യത്തിലെ കളികളും, ഇരട്ടപ്പേരുകളിലെ മറുപടികളും ബന്ധത്തിന്റെ ഉറച്ച അടിത്തറയാകുന്നുണ്ട്.
കഥയുടെ പശ്ചാത്തലം ക്യാൻസർ ബാധിച്ച സഹോദരിയെ കാണാൻ എത്തുന്ന സഹോദരിമാരാണ്. എങ്കിലും ഇവിടെ ‘മരണം’ എന്ന ഭയങ്കരമായ യാഥാർത്ഥ്യം പോലും തമാശയുടെയും ചിരിയുടെയും പരിധിയിലേക്ക് മാറ്റപ്പെടുന്നു. “അവൾ പറഞ്ഞോട്ടെടീ… കുറച്ച് കാലം കൂടിയല്ലേ പറയാൻ കഴിയൂ…”, “ശവായിരിന്നേനിപ്പം ഞങ്ങള് ഇങ്ങട് വന്നില്ലെങ്കിൽ” തുടങ്ങിയ ഭാഷണങ്ങൾ പോലും പുറത്തുനിന്ന് നോക്കുമ്പോൾ സാധാരണയായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ദുഃഖത്തെയും നഷ്ടത്തെയും നേരിടാനുള്ള സാംസ്കാരിക പ്രതിരോധമന്ത്രമായി പ്രവർത്തിക്കുന്നുണ്ട്. കുടുംബത്തിനുള്ളിൽ പോലും വേദന പങ്കുവെയ്ക്കേണ്ടത് തമാശയുടെ ഭാഷയിലൂടെയോ ചിരിയുടെ വ്യാകരണത്തിലൂടെയോ ആകണമെന്ന അവബോധമാണ് ഇവിടെ തെളിയുന്നത്.


എങ്കിലും, വീട്ടിൽ എല്ലാവരും തമാശ പറഞ്ഞും അന്തരീക്ഷം ലഘൂകരിച്ചും കൊണ്ടുപോകുമ്പോൾ, നഷ്ടത്തിന്റെ ഗൗരവം, ബന്ധത്തിന്റെ അമിതഭാരം ഷീലയുടെ ഉള്ളിലേക്ക് മാത്രമേ പതിയുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ്, വീടിന്റെ ആ സുരക്ഷിതമായ ഇടം വിട്ടിറങ്ങിയതോടെ ബസ് സ്റ്റോപ്പിൽ വച്ച് അവൾ നിയന്ത്രിക്കാനാകാതെ കണ്ണീർ പൊഴിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ, സിനിമ കുടുംബബന്ധങ്ങളുടെ ‘cultural sign’ ആയി പുതിയ സാമൂഹിക മാനം തുറന്നിടുന്നു. ‘മൊളഞ്ഞി’ അതിനാൽ, സ്ത്രീയുടെ അന്തർമനസ്സിൽ (inner self) പതിഞ്ഞിരിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങളുടെ (embedded experiences) പ്രതീകമായിട്ടാണ് മാറുന്നത്.
പക്ഷേ, ഇവിടെ ‘മൊളഞ്ഞി’യുടെ മറ്റൊരു ഭാഗം സൂക്ഷ്മമായ വികാരലോകത്തോടാണ് (subtle emotions) ബന്ധിപ്പിച്ചിരിക്കുന്നത്. ഇവിടെ ഗന്ധം (fragrance), നിറം (colour), സ്പർശം (touch) എന്നിവ പോലുള്ള ഇന്ദ്രിയാനുഭവങ്ങളെ ദൃശ്യസൗന്ദര്യത്തിനും ‘ഓർമ്മ’കളെ ഉണർത്താനുള്ള വികാരം (emotion) സൃഷ്ടിക്കാനുമാണ് ഉപയോഗിച്ചിട്ടുള്ളത്. ബാല്യങ്ങളിലെ കഥകൾ പറയുമ്പോൾ അവരിൽ ഉടലെടുക്കുന്നത് അതെ വികാരലോകമാണ്. മിക്കവാറും നിറങ്ങളും ഗന്ധങ്ങളും ഒക്കെയുള്ള ഒരു ബാല്യത്തിലേക്കുള്ള മടക്കം. ഒരു ഇലയുടെ ഗന്ധം, ചെറു നിറച്ചായം, വിരലിൽ പതിയുന്ന സ്പർശം – ഇവയെല്ലാം വ്യക്തിയുടെ ഓർമ്മകളിൽ (personal memories) പതിഞ്ഞുപോയ ബാല്യകാലങ്ങളെയും ബന്ധങ്ങളെയും വീണ്ടും വിളിച്ചുവരുത്തുന്നു. ഫ്രഞ്ച് ദാർശനികനായ ഹെൻറി ബർഗസൺ (Henri Bergson) അവതരിപ്പിച്ച ‘la durée’ എന്ന ആശയം പോലെ, ഒരു നിമിഷാനുഭവം (momentary experience) തന്നെ കാലത്തിന്റെ തുടർച്ചയായ ഒഴുക്ക് (continuity of time) തുറന്ന് കാണിക്കുന്നു. ‘മൊളഞ്ഞി’യുടെ ചെറിയൊരു ഗന്ധം പോലും, അനന്തമായ ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഗേറ്റ് വേ ആയിട്ടാണ് തുറക്കപ്പെടുന്നത്. ചിത്രം ഇവിടെ വികാരത്തെ മനസ്സിന്റെ സ്വകാര്യാവസ്ഥയാക്കുന്നില്ല. അത് സാമൂഹികമായും സാംസ്കാരികമായും ചേർന്ന് വളരേണ്ട ഒന്നായിട്ടാണ് കാണിക്കുന്നത്. സൂക്ഷ്മമായ ഇന്ദ്രിയാനുഭവങ്ങൾ, വ്യക്തിപരമായ ഓർമ്മകളും തലമുറകൾ പങ്കിട്ട ഓർമ്മകളുമായി (shared generational memories) ഇടകലരുമ്പോൾ, ‘മൊളഞ്ഞി’യുടെ വികാരലോകം സ്വകാര്യവും പൊതുവുമായ ഒരു പ്ലോട്ടായി മാറുന്നു.


‘മൊളഞ്ഞി’യുടെ മറ്റൊരു ഭാഗത്ത് തലമുറകളുടെ വ്യത്യാസം (generational change) സൂക്ഷ്മമായി തെളിഞ്ഞുവരുന്നതായി കാണാം. തലമുറകളുടെ ഓർമ്മകൾ എങ്ങനെ നിലനിൽക്കുന്നു, എങ്ങനെ മായുന്നു എന്ന സാമൂഹിക-ദാർശനിക ചോദ്യവും ‘മൊളഞ്ഞി’ ഉയർത്തുന്നുണ്ട്. ഓർമ്മകളുടെ രാഷ്ട്രീയവൽക്കരണം (politics of memory) ഇവിടെ പ്രധാനമാണ്. എന്തെല്ലാം ഓർമ്മകൾ തലമുറകൾക്ക് കൈമാറപ്പെടുന്നു (transmission of memory), എന്തെല്ലാം മറക്കപ്പെടുന്നു (collective forgetting) എന്നത് സ്വതന്ത്രമായ ഒന്നല്ല; അത് സമൂഹത്തിലെ രാഷ്ട്രീയവും സാംസ്കാരികവുമായ ശക്തികൾ നിർണ്ണയിക്കുന്നതാണ്. ‘മൊളഞ്ഞി’യിലെ സ്ത്രീകളുടെ ഐഡന്റിറ്റി സ്വാഭാവികമല്ല, മറിച്ച് സമൂഹം തുടർച്ചയായി നിർമ്മിച്ചെടുക്കുന്ന (socially constructed identity) ഒന്നാണ്. ചുരുക്കത്തിൽ, ചിത്രം നിർവഹിക്കുന്ന ധർമ്മം പോലും, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മെറ്റഫറുകളാണ്. ചക്കപ്പശ എന്നർത്ഥം വരുന്ന പദമാണ് മൊളഞ്ഞി. അടർത്തി മാറ്റാൻ പറ്റാത്ത ബന്ധങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. അതിന്റെ ബഹുത്വമാണ് (plurality) അതിനെ നിലനിർത്തുന്നത്. വ്യത്യസ്ത നദികൾ കാരണം രൂപപ്പെടുന്ന കടലിനെ പോലെ ബന്ധങ്ങൾ മാത്രമാണ് ‘മൊളഞ്ഞി’യിലെ മൊളഞ്ഞി.


സംവിധായകൻ മഹേഷ് എസ് മധുവിന്റെ കലാപരമായ ദൃഷ്ടിയാണ് മൊളഞ്ഞിയെ രൂപപ്പെടുത്തിയത്. സാധാരണ ജീവിതത്തിൽ കാണുന്ന ഒരു ചെറിയ ‘സംസ്കാര ചിഹ്നം’ (cultural symbol) സിനിമാറ്റിക് ഭാഷയിലൂടെ ദാർശനികവും രാഷ്ട്രീയവുമായ പ്രസക്തിയിലേക്ക് ഉയർത്തിയതിന് അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു. സിനിമാറ്റോഗ്രഫി, ആർട്ട് ഡയറക്ഷൻ, ശബ്ദലോകം എന്നിവയെല്ലാം ചേർന്ന്, മൊളഞ്ഞിയെ വെറും ദൃശ്യവസ്തുവല്ലാതെ, സംസ്കാരികമായ അനുഭവത്തിന്റെ, ഓർമ്മയുടെ, രാഷ്ട്രീയത്തിന്റെ ടെക്സ്റ്റാക്കി തീർക്കുന്നു.