ലയങ്ങളിൽ നിന്നും നീണ്ടുപോകുന്ന സമരപാതകൾ

ഭാ​ഗം – 2

“എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മലയാളം അറിയാത്തത്? ഞങ്ങളെ തമിഴരെന്ന് വിളിക്കുന്നവര്‍ ആലോചിച്ചിട്ടുണ്ടോ? ഞങ്ങളുടെ സ്‌കൂളുകള്‍ തമിഴ് മീഡിയമാണ്. ഞങ്ങളെ മലയാളം പഠിപ്പിക്കുന്നില്ല. ഇത് കേരളമല്ലേ, ഇവിടുത്തെ സ്‌കൂളുകളില്‍ എന്തുകൊണ്ടാണ് ഞങ്ങളെ മലയാളം പഠിപ്പിക്കാത്തത്? മലയാളം പഠിച്ചാല്‍ ഞങ്ങളെ അടിമകളായി തളച്ചിടാന്‍ കഴിയില്ല. ഞങ്ങള്‍ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കും. നിയമങ്ങള്‍ മനസ്സിലാക്കും. അതുകൊണ്ട് ഞങ്ങള്‍ എക്കാലവും തമിഴരായി ജീവിക്കാനാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും കമ്പനിയും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഞങ്ങള്‍ തമിഴരായി തന്നെ ജീവിക്കേണ്ടത് അവരുടെ ആവശ്യമാണ്.” പെമ്പിളൈ ഒരുമൈയുടെ നേതാവായിരുന്ന ഗോമതിയുടെ ജീവിതകഥ പറയുന്ന ‘കൊളുന്ത്- ഒരു പെണ്‍സമരത്തിന്റെ ആത്മഭാഷണം’ എന്ന പുസ്തകത്തിലെ വാക്കുകളാണിത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ലയങ്ങളിലെ ജീവിതങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് അപരിചിതമായി തുടരുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഈ വാക്കുകള്‍. ഭാഷ കൊണ്ടേല്‍ക്കുന്ന മുറിവുകളെ തരണം ചെയ്താല്‍ മാത്രമേ മണികണ്ഠനും തന്റെ അവകാശങ്ങള്‍ നേടിയെടുക്കാനാകുമായിരുന്നുള്ളൂ. പത്താം ക്ലാസ് വരെ തമിഴ് പഠിച്ചു വളര്‍ന്ന മണികണ്ഠന് മലയാളം ഒരു അന്യഭാഷയായിരുന്നു. പ്ലസ് വണിന് ബയോളജി-മാത്സ് വിഷയം തിരഞ്ഞെടുത്ത മണികണ്ഠന്‍ തിരുനെല്‍വേലിയിലുള്ള സർക്കാർ സ്‌കൂളില്‍ അഡ്മിഷന്‍ കരസ്ഥമാക്കി. പ്ലസ് ടു പഠനശേഷം 2015ല്‍ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്ന ഇന്റഗ്രേറ്റഡ് കോഴ്‌സിന് ചേര്‍ന്നു. മൂന്നാര്‍ പോലൊരു വിനോദസഞ്ചാര മേഖലയില്‍ വിനോദസഞ്ചാരികളെയും അതിന്റെ അനന്തസാധ്യതകളെയും കണ്ട് വളര്‍ന്ന മണികണ്ഠന് ഉപരിപഠനം ഏത് വിഷയത്തില്‍ വേണമെന്ന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. പക്ഷെ ഉപരിപഠനത്തിനായുള്ള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കൊളുന്ത്, ബുക്ക് കവർ

“ആദ്യത്തെ വര്‍ഷം എനിക്ക് സ്‌കോളര്‍ഷിപ്പിനെ പറ്റി ഒന്നുമറിയില്ലായിരുന്നു. കോളേജ് ഫീസ് താങ്ങാവുന്നതിലുമപ്പുറമുള്ള തുകയായിരുന്നു. അന്ന് കൈയില്‍ ഫോണില്ല. പിന്നെ അറിയാവുന്ന ആളുകളോട് ചോദിച്ചും അറിഞ്ഞുമാണ് സ്‌കോളര്‍ഷിപ്പിനെ പറ്റി അറിഞ്ഞത്. ആദ്യം ഇടുക്കി ജില്ലാ ഓഫീസില്‍ നേരിട്ട് പോയി ആപ്ലിക്കേഷന്‍ വാങ്ങി. അത് പൂരിപ്പിച്ച് ഇടുക്കി എസ്.സി/എസ്.ടി വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റിലേക്കാണ് അയച്ചത്. അന്ന് അത് എവിടെ അയക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവിടെ നിന്ന് ആപ്ലിക്കേഷന്‍ എസ്.സി ഡിപാര്‍ട്‌മെന്റിലേക്ക് അയച്ചു. മൂന്ന് മാസം കഴിഞ്ഞ് കേരളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് എന്ന് പറഞ്ഞ് മറുപടി വന്നു. വീണ്ടും ഒരുപാട് ആളുകളോട് സംസാരിച്ചു. അപ്പോഴാണ് കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികള്‍ എസ്.സി ഡയറക്ടറേറ്റിലാണ് അപേക്ഷ നല്‍കേണ്ടതെന്ന് അറിയുന്നത്. അങ്ങനെ ഡയറക്ടറേറ്റിലേക്ക് അയച്ചു. മറുപടി വരാതായതോടെ തിരുവനന്തപുരത്തേക്ക് പോയി.” മണികണ്ഠന്‍ ഓര്‍മ്മിച്ചു.

മണികണ്ഠൻ

തന്റെ ആപ്ലിക്കേഷന്‍ എന്തായി എന്നറിയാനാണ് മണികണ്ഠന്‍ ആദ്യമായി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്തുന്നത്. കൂടെ ഒരു പരിചയക്കാരനെയും കൂട്ടിയിരുന്നു. അപരിചിതമായ നഗരത്തില്‍, ഭാഷയറിയാതെ ഒറ്റയ്ക്ക് പോകാന്‍ 19 വയസുകാരൻ മണികണ്ഠന് അന്ന് ധൈര്യം പോരായിരുന്നു. “ഒരു ഡോക്യുമെന്റ് കൂടി കിട്ടിക്കഴിഞ്ഞാല്‍ സ്‌കോളര്‍ഷിപ്പ് തരാമെന്ന് പറഞ്ഞാണ് അന്ന് അവിടെ നിന്ന് വിട്ടത്. പക്ഷെ ഒരു മാസത്തില്‍ 15 പ്രാവശ്യത്തോളം തിരുവനന്തപുരത്ത് പല ഡോക്യുമെന്റുകള്‍ കൊടുക്കാനായി പോയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു അപ്പോഴും.” മണികണ്ഠന്‍ പറഞ്ഞു. പതിയെ തിരുവനന്തപുരം മണികണ്ഠന് പരിചിതമായി. തമ്പാനൂർ ബസ് സ്റ്റാന്‍ഡും, അവിടെ നിന്നും എസ്.സി/എസ്.ടി ഡയറക്ടറേറ്റിലേക്കും കമ്മീഷനിലേക്കുമൊക്കെയുള്ള വഴികള്‍ മണികണ്ഠന് കാണാപ്പാഠമായി. അധിക ചിലവ് കുറക്കാന്‍ പിന്നീടുള്ള തന്റെ യാത്രകള്‍ മണികണ്ഠന്‍ ഒറ്റക്കാക്കി. “ആറ് മാസം കഴിഞ്ഞപ്പോള്‍ കാലതാമസം കാരണം ആപ്ലിക്കേഷന്‍ റിജക്ടായി എന്ന് ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പ് കിട്ടി.”

നിരന്തര പരിശ്രമങ്ങള്‍

അപേക്ഷ തള്ളിയതിന്റെ കാരണം അന്വേഷിക്കാന്‍ മണികണ്ഠന്‍ വീണ്ടും തിരുവനന്തപുരത്തെത്തി. പക്ഷേ ഡയറക്ടറേറ്റിലെ ഡയറക്ടറെ കാണാനായില്ല. പകരം സീനിയര്‍ സൂപ്രണ്ടന്റായ മധുരഞ്ജൻ എന്ന വ്യക്തിയെയാണ് കാണാനായത്. “അദ്ദേഹം റൂമിലേക്ക് എന്നെ വിളിപ്പിച്ചു. ഒരു മണിക്കൂറോളം എന്നെ ഇന്‍സള്‍ട്ട് ചെയ്ത് സംസാരിച്ചു. ഫയലില്‍ ഡേറ്റും പ്ലേസും വെച്ചില്ല എന്ന ചെറിയ കാരണം പറഞ്ഞാണ് അദ്ദേഹം അത്രയും പറഞ്ഞത്. ഓപ്പണായിട്ട് ജാതി സംസാരിച്ചു. നിങ്ങളെ പോലെയുള്ള ആളുകള്‍ കയറി വന്നാല്‍ പിന്നെയെന്തിനാണ് ഞങ്ങളെ പോലുള്ളവര്‍ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അങ്ങനെ വെറുതെയൊന്നും സര്‍ക്കാരിന്റെ പൈസ നിങ്ങള്‍ക്ക് എടുത്ത് തരാന്‍ പറ്റില്ലെന്ന് ഓപ്പണായിട്ട് പറഞ്ഞു. എവിടെ പോയി കത്ത് കൊടുത്താലും ഞങ്ങള്‍ ഇവിടെ ഉള്ളതുവരെ ഒന്നും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.” മണികണ്ഠന്‍ ഓരോ വാക്കുകളും വ്യക്തമായി ഓര്‍ക്കുന്നുണ്ടായിരുന്നു. “അന്ന് എനിക്ക് അത് ജാതിയാണ് സംസാരിച്ചതെന്ന് തിരിച്ചറിയാനായില്ല, പക്ഷേ ഇപ്പോള്‍ എനിക്ക് അറിയാം. അന്നെന്നെ ഇന്‍സള്‍ട്ട് ചെയ്തതിന്റെ ഓര്‍മക്കായാണ് ഈ ഫയല്‍ ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുള്ളത്. വീണ്ടും ഈ ആവശ്യവുമായി വരാതിരിക്കാനാണ് അദ്ദേഹം അത്രയും സംസാരിച്ചത്. പക്ഷേ എനിക്കത് വാശിയായി. ഞാന്‍ ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളെ പറ്റി പഠിക്കാന്‍ തുടങ്ങി. എന്തൊക്കെ ഡോക്യുമെന്റ്‌സ് വേണമെന്നും ഏതൊക്കെ സ്‌കോളര്‍ഷിപ്പ് ഉണ്ടെന്നുമൊക്കെ ഞാന്‍ പഠിച്ചു.” മണികണ്ഠന്‍ ആവേശത്തോടെ സംസാരിച്ചു.

സ്കോളർഷിപ്പ് തുക നൽകണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠൻ ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസർക്ക് അയച്ച കത്ത്.

കേന്ദ്ര സര്‍ക്കാരിന്റെയും കേരളാ സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പുകളാണ് എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കുന്നത്. കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പ് അര്‍ഹമാക്കാം. പക്ഷെ മണികണ്ഠന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചത് കൊണ്ടാണ് കാലതാമസം കാരണമാക്കി തള്ളിയതെന്ന് വളരെ വൈകിയാണ് മണികണ്ഠന്‍ മനസിലാക്കിയത്. “2018ലും ആപ്ലിക്കേഷന്‍ റിജക്ട് ചെയ്തു. വീണ്ടും കാലതാമസമാണ് കാരണമായി പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് അരവിന്ദ് എന്നയാളുടെ ഒരു ആര്‍ട്ടിക്കിള്‍ കാണുന്നത്. എന്റെ സുഹൃത്ത് വഴി ഞാന്‍ അയാളെ കോണ്‍ടാക്ട് ചെയ്തു. അയാളാണ് ഫൈറ്റ് ചെയ്യാനുള്ള ഊര്‍ജം തന്നതും കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നതും. അദ്ദേഹമാണ് കമ്മീഷനെ പറ്റി പറഞ്ഞു തന്നത്. അങ്ങനെ കമ്മീഷനില്‍ പരാതി കൊടുത്തു. 2018ല്‍ ഫസ്റ്റ് ഹിയറിങ് വിളിച്ചു. എന്നാല്‍ കമ്മീഷന്‍ അവരുടെ ഭാഗം മാത്രമേ കേട്ടുള്ളൂ. ഇത് കിട്ടിയില്ലെങ്കില്‍ പഠനം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടും അവര്‍ എന്റെ വാക്കുകള്‍ക്ക് ചെവി തന്നില്ല.” മണികണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

പക്ഷേ മണികണ്ഠന്‍ തന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം അവിടെ അവസാനിപ്പിച്ചില്ല. അന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാതായതോടെ വീണ്ടും ഡയറക്ടറേറ്റില്‍ ചെന്നു ഡയറക്ടറെ കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയില്ലെങ്കിലും കേരളാ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്നായിരുന്നു മണികണ്ഠന്റെ ആവശ്യം. അന്നത്തെ ഡയറക്ടര്‍ ആയിരുന്ന ശ്രീവിദ്യ ഐ.എ.എസ് മണികണ്ഠന്റെ ആവശ്യത്തെ പിന്തുണച്ചെങ്കിലും കീഴ് ഉദ്യോഗസ്ഥനായ മധുരഞ്ജന്‍ സഹകരിച്ചില്ലെന്ന് മണികണ്ഠന്‍ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് അപേക്ഷ പരിഗണിക്കാനുള്ള നടപടികള്‍ ഉണ്ടായത്. ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു എന്ന് പറഞ്ഞ് മണികണ്ഠന് ഫോണ്‍ കോൾ വന്നു. പക്ഷേ ആകെ 4945 രൂപയായിരുന്നു മണികണ്ഠന് ലഭിച്ചത്.

എസ്.സി-എസ്.ടി ഡയറക്ടർക്ക് ​ഗോത്ര കമ്മീഷൻ അയച്ച കത്ത്

കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ‘ആള്‍ ഫീസ് ആന്റ് സ്റ്റൈഫന്റ്’ കൊടുക്കണമെന്നാണ് നിയമം. പക്ഷെ ഉദ്യോഗസ്ഥര്‍ മണികണ്ഠനോട് പറഞ്ഞത് ചെറിയ തുകകള്‍ മാത്രമേ നല്‍കാനാകൂവെന്നാണ്. അങ്ങനെ 2019 ഒക്ടോബറില്‍ നാല് വര്‍ഷത്തെ മെസ്ബില്‍ അനുവദിച്ച് കിട്ടി. “ചെറിയ സംഖ്യകള്‍ കയറ്റിവിട്ട് എന്നെ ഒതുക്കാനാണ് അവര്‍ നോക്കിയത്. പക്ഷെ ഞാന്‍ പിന്നെയും പിന്നെയും കമ്മീഷനില്‍ പരാതിപ്പെട്ടു. അത്തവണ മൂന്നാറിലാണ് അദാലത്ത് വെച്ചത്. കമ്മീഷന്‍ ഇടപെട്ട് നാല് വര്‍ഷത്തെ മൊത്തം തുകയും സാങ്ഷനായി കിട്ടി.” മണികണ്ഠന്‍ പറഞ്ഞു.

അതിനിടയിലാണ് കൊറോണ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അഞ്ചാം വര്‍ഷത്തെ തുക മണികണ്ഠന് ലഭിച്ചില്ല. ഇതിനിടയില്‍, തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ച മധുരഞ്ജന്‍ എന്ന ഉദ്യോഗസ്ഥനെതിരെ മണികണ്ഠന്‍ കമ്മീഷനില്‍ പരാതിപ്പെടുകയും അദ്ദേഹത്തെ ട്രാന്‍സ്ഫറാക്കുകയും ചെയ്തിരുന്നു. മധുരഞ്ജന്റെ സ്ഥാനത്ത് പുതിയതായി എത്തിയ വ്യക്തി താന്‍ പുതിയ ആളാണെന്നും അന്വേഷിച്ചിട്ട് സ്‌കോളര്‍ഷിപ്പ് നല്‍കാമെന്നുമാണ് പറഞ്ഞത്. പക്ഷേ അത്തരം ഒഴിവാക്കലുകള്‍ സ്ഥിരമായി കേട്ട് ശീലിച്ച മണികണ്ഠന് അതിലെ അപകടം മനസിലായി. നോക്കാമെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കാന്‍ പറ്റില്ലെന്നും അഞ്ച് വര്‍ഷത്തിലധികമുള്ള കഷ്ടപ്പാടാണെന്നും പുതിയ ഉദ്യോഗസ്ഥയോട് പറഞ്ഞു നോക്കിയെങ്കിലും കൃത്യമായ മറുപടി മണികണ്ഠന് ലഭിച്ചില്ല. അങ്ങനെ അഞ്ചാം വര്‍ഷം വീണ്ടും മണികണ്ഠന്‍ കമ്മീഷനില്‍ പരാതിപ്പെട്ടു. “ഹിയറിങിന് വന്ന ഉദ്യോഗസ്ഥര്‍ നാല് വര്‍ഷത്തെ കാശ് കിട്ടിയില്ലേ, പിന്നെയും എന്തിനാണ് ഇവിടെ വരുന്നതെന്നാണ് എന്നോട് ചോദിച്ചത്. എനിക്ക് കിട്ടാനുള്ള പൈസയ്ക്കാണ് ഞാന്‍ വരുന്നതെന്ന് മറുപടി കൊടുത്തിട്ടാണ് അന്ന് തിരികെ വന്നത്. ഡയറക്ടറേറ്റില്‍ നിന്ന് ആള് ഹാജരാകേണ്ട കേസില്‍ പലപ്പോഴും മറ്റ് ഉദ്യോഗസ്ഥരാണ് ഹാജരായിരുന്നത്. എന്നാല്‍ മൂന്നാമത്തെ ഹിയറിങിന് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വരേണ്ടി വന്നു. അഞ്ച് മാസത്തിനുള്ളില്‍ എല്ലാ തുകയും അക്കൗണ്ടില്‍ വരികയും ചെയ്തു.” മണികണ്ഠന്‍ ഉറച്ച സ്വരത്തിലാണ് പറഞ്ഞ് നിര്‍ത്തിയത്. സ്വസ്ഥമായി പഠനം തുടരേണ്ട അഞ്ച് വര്‍ഷമാണ് മണികണ്ഠന്‍ ഡയറക്ടറേറ്റിലും മറ്റും കയറിയിറങ്ങിയും കമ്മീഷനില്‍ പരാതി നല്‍കിയും നീതിക്ക് വേണ്ടി പോരാടിയത്. അതിനായി ഒന്നരലക്ഷം രൂപയോളമാണ് മണികണ്ഠന് കൈയില്‍ നിന്നും ചിലവായത്. ഒഴിവ് സമയങ്ങളില്‍ കാറ്ററിങ് സര്‍വീസിന് പോയും ഹോട്ടലുകളില്‍ പണിയെടുത്തുമുണ്ടാക്കിയ കാശായിരുന്നു അത്. അതുകൊണ്ടുതന്നെ എംഫില്‍ ഫെല്ലോഷിപ്പ് തുക എത്ര കയറിയിറങ്ങിയാലും താന്‍ നേടിയെടുക്കുമെന്ന ആത്മവിശ്വാസം മണികണ്ഠന് ഇന്നുണ്ട്. കൂടെ പി.എച്ച്.ഡി എന്ന സ്വപ്‌നവും!

നിസംഗമായ മറുപടികള്‍

മണികണ്ഠൻ എംഫില്‍ ഫെല്ലോഷിപ്പിനായുള്ള അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇടുക്കി ജില്ലാ എസ്.സി ഓഫീസില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് അയച്ച അപേക്ഷ പരിശോധന കഴിഞ്ഞെത്താന്‍ കാലതാമസം ഉണ്ടായതാണെന്നാണ് ഇടുക്കി ജില്ലാ ഓഫീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. കൃത്യമായ ഡോക്യുമെന്റുകള്‍ നല്‍കിയിരുന്നില്ലെന്നും അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റും വേറെ സ്‌കോളര്‍ഷിപ്പുകളൊന്നും കൈപ്പറ്റുന്നില്ലെന്ന മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കത്തും കഴിഞ്ഞ ആഴ്ചയാണ് മണികണ്ഠന്‍ ഹാജരാക്കിയതെന്നും കുറ്റപ്പെടുത്തിയാണ് ജില്ലാ ഓഫീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. എന്നാല്‍ ഇത്തരം ഡോക്യുമെന്റുകള്‍ ആവശ്യപ്പെട്ടുകൊണ്ട് 2022 ഡിസംബറിനാണ് ജില്ലാ ഓഫീസില്‍ നിന്ന് മണികണ്ഠന് കത്ത് ലഭിക്കുന്നതും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ മണികണ്ഠനെ കുറ്റപ്പെടുത്തുകയാണ് ഇവര്‍. ലാപ്‌ടോപ് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കൊടുക്കാന്‍ മാത്രമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ശുപാര്‍ശയില്‍ ഉണ്ടായിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. “സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ലാപ്‌ടോപ് നല്‍കാനുള്ള ഉത്തരവ് ഉള്ളത്. ഡയറക്ടറേറ്റില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ.” ഇടുക്കി ജില്ലാ എസ്.സി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

മണികണ്ഠന് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കാം എന്നറിയിച്ച് എസ്.സി-എസ്.ടി വകുപ്പ് അഡീഷണൽ സെക്രട്ടറി അയച്ച കത്ത്

എന്നാല്‍ മന്ത്രി കെ രാധകൃഷ്ണന്റെ ഓഫീസില്‍ നിന്ന് മണികണ്ഠന്റെ ലാപ്‌ടോപ് എന്ന ആവശ്യം പ്രത്യേക കേസായി പരിഗണിക്കണമെന്നായിരുന്നു ഡയറക്ടറേറ്റിലേക്ക് അറിയിച്ചിരുന്നതെന്നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജീവ് പ്രതികരിച്ചത്. എന്നാല്‍ നിലവിലുള്ള ഉത്തരവ് പരിശോധിച്ച് മാത്രമേ ലാപ്‌ടോപ് നല്‍കാനാകൂവെന്ന് അഡീഷണല്‍ ഡയറക്ടര്‍ സജീവ് അഭിപ്രായപ്പെട്ടു. പ്രത്യേക കേസായി പരിഗണിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പഠനസഹായ തുകകള്‍ക്കായി ഇങ്ങനെ കയറിയിറങ്ങേണ്ടി വരുന്നത് പരിതാപകരമാണ്. പല ഉദ്യോഗസ്ഥരും നിലവിലുള്ള സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ഫെല്ലോഷിപ്പുകളെക്കുറിച്ചും അജ്ഞരാണെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. സമയബന്ധിതമായി നടപ്പാക്കേണ്ടവയാണ് വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍. പക്ഷെ പലപ്പോഴും ആപ്ലിക്കേഷനുകള്‍ ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്ക് ഇഴഞ്ഞ് നീങ്ങുന്നത് വിദ്യാര്‍ത്ഥി ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണവും ക്ലേശം നിറഞ്ഞതുമാക്കുകയാണ്. മുന്നിലെത്തുന്ന വിദ്യാര്‍ത്ഥികളോട് സഹാനുഭൂതിയോടെ പെരുമാറാനുള്ള പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതിന്റെ അനിവാര്യത കൂടിയാണ് മണികണ്ഠന്റെ ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

വിരിപാറൈയിലെ തേയില തോട്ടങ്ങൾ. ഫോട്ടോ: ആരതി എം.ആർ

ഈ ഭൂമി ഞങ്ങളുടേതല്ല, ഈ വീടും!

മൂന്നാര്‍ പഴയ മൂലക്കടയിലെ തന്റെ തൊഴിലിടത്തിലേത്തേക്ക് പോകാനുള്ള ഒരുക്കങ്ങളിലേക്ക് മണികണ്ഠന്‍ കടന്നു. അതിനിടയിൽ, നാല് വര്‍ഷം കൂടിക്കഴിഞ്ഞാല്‍ ഈ ലയം തങ്ങള്‍ക്ക് അന്യമാകുമെന്ന ആശങ്ക മണികണ്ഠൻ പങ്കുവച്ചു. ഒരുപക്ഷെ തോട്ടംതൊഴിലാളികളായ മനുഷ്യര്‍ക്കെല്ലാം സ്വന്തമെന്ന് കരുതി ജീവിച്ച ലയങ്ങള്‍ ഉപേക്ഷിച്ച് പോകുന്നതില്‍ വിഷമവും എങ്ങോട്ട് പോകുമെന്നറിയാത്തതില്‍ ഉത്കണഠയുമുണ്ടാകും. “ഇന്ന് ഷൂട്ടിങ് ലൊക്കേഷനും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വഴിയുമായി മാറിയ വിരിപാറൈ ഇപ്പോഴുള്ളത് പോലെയാക്കിയെടുത്തത് എന്റെ അച്ഛനാണ്. 15 കിലോമീറ്ററോളം കാട്ടിലൂടെ നടന്നുപോയി നട്ടുപിടിപ്പിച്ച തേയിലത്തോട്ടമാണ് ഇന്ന് അവിടെ കാണുന്ന സുന്ദരമായ കാഴ്ച. എന്റെ അച്ഛന്റെ ചോരയും വിയര്‍പ്പും വീണ മണ്ണ്.” ഒറ്റമുറി ലയത്തിലെ കട്ടിലില്‍ ഇരുന്ന് മണികണ്ഠന്‍ പറഞ്ഞു. നീല ചുവരുകളുള്ള ആ മുറിയില്‍ അവരുടെ ജീവിതമാകെ നിറഞ്ഞ് നിന്നു. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഫോട്ടോകള്‍, ദൈവത്തിന്റെ ചിത്രങ്ങള്‍ നിരത്തിയ കബോര്‍ഡ്, വര്‍ഷങ്ങളുടെ പഴക്കമുള്ള സ്റ്റീല്‍ അലമാരകള്‍, അവയ്ക്ക് മേലെ മടക്കിവെച്ചിരിക്കുന്ന ബ്ലാങ്കറ്റുകള്‍, വൃത്തിയില്‍ തിളങ്ങുന്ന അലുമിനിയം പാത്രങ്ങള്‍ എല്ലാം തിങ്ങിനിറഞ്ഞ മുറി.

“മൂന്നാറിലെ ജീവിതം ദുരിതമായിക്കൊണ്ടിരിക്കുകയാണ്.” രണ്ട് ദിവസം മുമ്പ് വീടിന് മുന്നില്‍ ആന ഇളക്കിമറിച്ചിട്ട മരത്തടി നോക്കി മണികണ്ഠന്‍ പറഞ്ഞു. “പണ്ടൊക്കെ ഇവിടെ കൃഷിയുണ്ടായിരുന്നു. ക്യാരറ്റ്, ബീന്‍സ്, പേരക്ക, തക്കാളി തുടങ്ങി നമുക്ക വേണ്ട എല്ലാ പച്ചക്കറികളും ഞങ്ങള്‍ തന്നെ കൃഷി ചെയ്യുമായിരുന്നു. ഇപ്പോള്‍ പന്നിക്കൂട്ടം എല്ലാം നശിപ്പിക്കുന്നത് കൊണ്ട് എല്ലാവരും കൃഷി നിര്‍ത്തി. പിന്നെ തേയിലക്കാടുകള്‍ ഇളകിയിരിക്കുകയാണ്. ഏത് മഴയിലും എല്ലാം കൂടെ ഇടിഞ്ഞ് താഴെ വരാം. 2018ന് ശേഷം ഞങ്ങളാരും മഴ പെയ്താല്‍ ഉറങ്ങാറില്ല. ഞാന്‍ കോളേജിലാണെങ്കിലും എന്റെ മനസ് മുഴുവന്‍ ഇവിടെയായിരിക്കും.” മണിക്കൂറുകള്‍ നീണ്ട സംസാരത്തിനിടയില്‍ ആദ്യമായി മണികണ്ഠന്റെ ശബ്ദമിടറി. “പോകുന്നെങ്കില്‍ എല്ലാവരും ഒരുമിച്ച് പോകണം. അല്ലാതെ ഒരാള്‍ തനിച്ചായി ബാക്കിയുള്ളവര്‍ പോയാല്‍ പിന്നെ എന്തിനാ ജീവിക്കുന്നത്.” ലയത്തിന് മുകളിലേക്ക് നീണ്ട് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ നോക്കി മണികണ്ഠന്‍ വാക്കുകള്‍ മുഴുവിപ്പിച്ചു.

ലയത്തിലെ ഒറ്റമുറി വീടിന്റെ ഉൾവശം. ഫോട്ടോ: ആരതി എം.ആർ

മകന് ഡോക്ടറേറ്റ് കൂടി ലഭിച്ചാല്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് മണികണ്ഠന്റെ കുടുംബം. മാനസിക പ്രശ്‌നമുള്ള സഹോദരനെയും ആസ്ത്മാ രോ​ഗിയായ അമ്മയെയും 52 വയസുകാരനായ അച്ഛനെയും സുരക്ഷിതമായ ഒരു വീട്ടിലാക്കിയാല്‍ മാത്രമേ തനിക്ക് സമാധാനമായി ഇരിക്കാന്‍ കഴിയൂ എന്നതാണ് ഇരുപത്തഞ്ചുകാരനായ മണികണ്ഠന്റെ നിലപാട്. ലൈഫ് മിഷന്‍ പദ്ധതി വഴിയെങ്കിലും തങ്ങള്‍ക്കൊരു വീട് കിട്ടുമെന്ന പ്രതീക്ഷയാണ് മണികണ്ഠനുള്ളത്. പരസ്പരം പ്രതീക്ഷകളര്‍പ്പിച്ച് കഴിയുന്ന ആയിരക്കണക്കിന് തോട്ടംതൊഴിലാളി കുടുംബങ്ങളില്‍ ഒന്ന് മാത്രമാണ് മണികണ്ഠന്റേത്. മണികണ്ഠന്‍ നയിക്കുന്ന ഈ ഒറ്റയാള്‍ പോരാട്ടം ഇരുട്ട് നിറഞ്ഞ ലയങ്ങളിലേക്ക് കൂടി വെളിച്ചം വീശാന്‍ കാരണമാകട്ടെ!

(അവസാനിച്ചു)

ഭാ​ഗം ഒന്ന് വായിക്കാം: http://bit.ly/3jOR6bG

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 18, 2023 10:39 am