കാടുകളുടെയും വനജീവികളുടെയും നിഷ്‌കളങ്കരായ ആദിമജനതയുടെയും ഭാവി?

അന്നൊരിക്കല്‍ എറണാകുളത്ത് കച്ചേരിപ്പടിയില്‍, പ്രശസ്തമായ സ്വന്തം സ്റ്റുഡിയോയില്‍ വച്ച്, പ്രവ്ദ പബ്ലിസിറ്റിയുടെ അമ്പിളിച്ചേട്ടാനാണെനിക്ക് നസീറിനെ പരിചയപ്പെടുത്തിയത്. ഛായാഗ്രാഹകരുടെ സ്വന്തം മാസികയായ ഫോട്ടോ ട്രാക്‌സ്, ദീര്‍ഘകാല സുഹൃത്തായ അമ്പിളിച്ചേട്ടന്‍ എനിക്ക് പലപ്പോഴും തന്നിരുന്നു. നമ്മുടെ ഛായാഗ്രാഹകരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ലോകം എത്ര വിശദവും സുന്ദരവുമാവുന്നുവെന്നു പഠിപ്പിച്ചതു ഫോട്ടോ ട്രാക്‌സായിരുന്നു. കാര്‍ഷിക നിമിഷങ്ങള്‍, കായിക വിജയങ്ങളുടെ മുഹൂര്‍ത്തങ്ങള്‍, നിഴലും വെളിച്ചവും സൃഷ്ടിക്കുന്ന നിശബ്ദമായ മായാലോകങ്ങള്‍ – എല്ലാം അതിലുണ്ടായിരുന്നു. സന്ധ്യയും പ്രഭാതവും ആകാശവും ഭൂമിയുമൊക്കെ വിശദമായി. മഴയും മഴവില്ലുമടക്കം, മനുഷ്യര്‍ കാണേണ്ടതെല്ലം. കാടനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളോടൊപ്പം, നസീര്‍ പകര്‍ത്തിയ വന്യജീവിതചിത്രങ്ങളും അവയിലുണ്ടായിരുന്നു. കാടിന്റെ ആളായ നസീര്‍ നാട്ടില്‍ ചെലവഴിക്കുന്ന ചുരുങ്ങിയ ദിനങ്ങളിലൊന്നാണതെന്ന് അമ്പിളിച്ചേട്ടന്‍ എന്നെ അറിയിച്ചു. നാടിറങ്ങിയ നസീറില്‍ കാടിന്റെ സൂക്ഷ്മസ്പന്ദങ്ങള്‍ അപ്പോഴും അവശേഷിച്ചിരുന്നു. താന്‍ നില്‍ക്കുന്നിടം കാട് എന്നമട്ടില്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ട് ഒതുങ്ങിനിന്ന നസീര്‍, ആ നിമിഷത്തിന്റെ ഫ്രെയിമില്‍ മനസ്സിലുണ്ടിപ്പോഴും. ഒരിക്കലും മായില്ലത്.

വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന ‘തളിരിലകളിലെ ധ്യാനം’ പുസ്തക പ്രകാശനത്തിൽ നസീർ സംസാരിക്കുന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി. നസീറിന്റെ ചിത്രങ്ങളും വാക്കുകളും ഫോട്ടോ ട്രാക്‌സില്‍ നിന്നും ഇറങ്ങിവന്നു ഭാഷയില്‍ നിറയുന്നത് ആഹ്ലാദത്തടെ കണ്ടു. അവയ്ക്ക് വായനക്കാര്‍ മാത്രമല്ല അനുകര്‍ത്താക്കളുമുണ്ടായി. വന്യജീവികള്‍ ചിത്രത്തിന് പോസുചെയ്യുന്നുവെന്ന് നമുക്കായി ആദ്യമെഴുതിയത് നസീറാണ്. പിന്നീട് കാടിനെ എഴുതാന്‍ പുറപ്പെട്ട അലസസഞ്ചാരികള്‍ പോലും അവര്‍ ക്യാമറയില്‍ പകര്‍ത്തുന്ന വന്യജീവികള്‍ ചിത്രത്തിന് പോസ് ചെയ്തുവെന്ന് എഴുതാനാരംഭിച്ചു. അതേ ശൈലിയില്‍ എത്രയോപേര്‍ പിന്നെയും പിന്നെയും എഴുതി. ഒരിക്കലെങ്കിലും കാട്ടില്‍ പോകണമെന്നും നസീറിന്റെ അനുഭൂതികള്‍ സ്വന്തമായറിയണമെന്നും ആഗ്രഹിക്കാത്തവരില്ലെന്നായി. ഫോട്ടോഗ്രാഫിയുടെയും എഴുത്തിന്റെയും നസീര്‍ അവരെ അത്രയ്ക്ക് മോഹിതരാക്കി. പ്രകൃതിരചനയുടേയും ഫോട്ടോഗ്രാഫിയുടേയും സൂപ്പര്‍ സ്റ്റാര്‍. നമ്മുടെ വനസമ്പത്തിനെപ്പറ്റി ആഴത്തില്‍ ചിന്തിക്കുകയും അതില്‍ ആണ്ടുമുഴുകുകയും, താനനുഭവിച്ചതൊക്കെ ചിത്രാനുഭൂതി ചേര്‍ത്തു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന മറ്റൊരാളിവിടെ എന്റെ അറിവിലില്ല. ഭൂമിയുടെ നിലനില്‍പ്പിനായി ലോകമെമ്പാടും പടപൊരുതുന്ന അനേകര്‍ക്കൊപ്പം നസീറു അണിചേരുകയാണ്. ഒരിക്കലുമവസാനിക്കാത്തൊരു ലോകമഹായുദ്ധത്തിലെ മുന്നണിപ്പോരാളി. ക്യാമറയും കുറച്ചുവാക്കുകളും മാത്രമുപയോഗിച്ച്, മണ്ണിലും മനസ്സിലും ആര്‍ദ്രത നിറയ്ക്കുവാനും അലിവിന്റെ ഉറവയെ ഉണര്‍ത്തി നിര്‍ത്തുവാനും രാപ്പകല്‍ ശ്രമിക്കുകയാണദ്ദേഹം. തളിരിലകളിലെ ധ്യാനമെന്ന ഈ പുസ്തകം ആ ഫോട്ടോകളും എഴുത്തും എത്രമേല്‍ ധ്യാനനിരതമായിത്തീര്‍ന്നിരിക്കുന്നു എന്ന് കാണിച്ചുതന്നു. കാനനഹൃദയം ഇത്രമേല്‍ അടുത്തറിയാനും അതിന്റെ സ്പന്ദനം കൃത്യമായി രേഖപ്പെടുത്താനും ഇന്നു നസീറല്ലാതെ മറ്റാരുമില്ല. ദൃശ്യമാദ്ധ്യമത്തില്‍ സര്‍ റിച്ചഡ് ആറ്റന്‍ബറോ ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ത്തുപോകുന്നു. പ്രജ്ഞയില്‍ പതിഞ്ഞ ശബ്ദം. അദ്ദേഹത്തിന് നൂറായുസ്സല്ല അതിലേറെയും നേരുമ്പോള്‍, അദ്ദേഹത്തിനു ശേഷം എന്റെയും ലോകം എത്ര ശൂന്യമാകുമെന്നോര്‍ത്തു സങ്കടപ്പെടാറുണ്ടിപ്പോഴും. വനഹൃദയത്തെ ദൃശ്യങ്ങളായി അവതരിപ്പിക്കാന്‍ നസീറിനെയും പലരും സമീപിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ആനമുടിയെ കൈകൂപ്പി തൊഴുതുനില്‍ക്കുന്ന ആദിജനതയുടെ പ്രതിനിധിയോടൊപ്പം, കാടറിയാതെ മാത്രം നടന്ന് അതിനെ കണ്ണടച്ചു കൈകൂപ്പാനായിരുന്നു എന്നും നസീറിനിഷ്ടം.

നാട്ടില്‍ ജനിച്ചുവളര്‍ന്ന, കാടിന്റെ സ്വന്തം മകന്‍ !

ഫോട്ടോ: എൻ.എ നസീർ

ബിഭൂതിഭൂഷണ ബന്ദോപാധ്യായയുടെ പ്രകൃതിയെഴുത്ത് വായിക്കുമ്പോള്‍ അതിനെക്കവിയുന്ന ആവിഷ്‌കാരവും ദര്‍ശനവും മലയാളഭാഷയില്‍ എന്റെ ജീവിതകാലത്തുണ്ടാവുമെന്നു കരുതിയിരുന്നില്ല. കാടുകളിലും മേടുകളിലുമെന്ന ബിഭൂതിഭൂഷണ കൃതി അലസസഞ്ചാരദിനാന്തക്കുറിപ്പുകളാണല്ലോ. ബീഹാറിന്റെ അചുംബിത വനമേഖലയെ ജനവാസകേന്ദ്രങ്ങളാക്കാന്‍ പോയ നവയുവാവിന്റെ കഥ പറഞ്ഞ ആരണ്യക് എന്ന ആഖ്യായികയും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിനെ അതിശയിക്കുന്ന ഭാവമഹിമയുടെ മയൂരനൃത്തമാണു തളിരിലകൡലെ ധ്യാനം അതിന്റെ സമഗ്രതയില്‍ അനുഭവിപ്പിക്കുന്നത്. കഥാതന്തു ഇല്ലെന്നുമാത്രം. ആരണ്യസന്ദേശത്തിന് അണുവിട വ്യത്യാസമില്ല. അഭിമാനം തോന്നി. ഒരു ഹരിതഗോളത്തിന്റെ പ്രഭുക്കന്മാരാകേണ്ടിയിരുന്നവരെ നസീര്‍ ഈ പുസ്തകത്തില്‍ ചിത്രങ്ങളാക്കിയിട്ടുണ്ട്. മറ്റൊരിടത്തും കാണാന്‍ കിട്ടാത്ത അഴകില്‍, പൂര്‍ണ്ണതയില്‍, അവയെ സൃഷ്ടിച്ചയാള്‍ സ്‌നേഹം കൊണ്ടൊപ്പിയെടുത്ത പോലെ. അതെ, നാമെത്ര വിരുപരാണ്. നിറപ്പകിട്ടില്‍, തൊലിമിനുപ്പില്‍, ഭാവത്തില്‍, സ്‌നേഹത്തില്‍ സഹകരണത്തില്‍, പരസ്പരമറിഞ്ഞുള്ള നിലനില്‍പ്പില്‍-എല്ലാറ്റിലും നാം തന്നെ പിന്നില്‍. നാമുള്‍പ്പെടുന്ന ജീവിവംശം ഇത്രയുമിടം കൈയടക്കി വാഴുന്നതില്‍ എന്തെങ്കിലും നീതിയുണ്ടോ?

ത്യാഗവും വേദനയും ഒഴിവാക്കാനാവാത്ത ആത്മസമര്‍പ്പണം കൊണ്ടുമാത്രമേ, എഴുത്തിന്റെ നിഗൂഢവനസ്ഥലിയില്‍ ചെന്നെത്താനാവൂ. നസീര്‍ അതു സാധിച്ചിരിക്കുന്നു. ‘പശ്ചിമഘട്ടത്തിലെ ആ അനന്തതയില്‍’ എന്ന അദ്ധ്യായം ആനമുടിയുടെ ഗംഭീരദൃശ്യം മാത്രമല്ല ഗന്ധവും സ്പര്‍ശവും കുളിരും കാറ്റും കൊണ്ടുവരുന്നു. പുസ്തകത്താളുകളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ‘കാടു വിളിക്കുമ്പോള്‍’, ‘സ്വപ്‌നഭൂമിയിലെ അനുബന്ധ ചിത്രങ്ങള്‍’ – ഓരോ അദ്ധ്യായവും പേരെടുത്തുപറയുന്നതിലര്‍ത്ഥമില്ല. മറ്റൊരു ഗ്രന്ഥകര്‍ത്താവിലും നിങ്ങള്‍ക്ക് ഈ ദൗത്യത്തിന്റെ നിര്‍മ്മലമായ ഗാംഭീര്യം കണ്ടെത്താനാവുകയില്ല. കാടുകള്‍ നില്‍ക്കുന്നിടം ബഹുരാഷ്ട്രകുത്തകക്കമ്പികള്‍ക്കു ഖനനത്തിന് കൊടുക്കാനായി ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ തീയിടുന്ന കാലത്ത്, നമ്മള്‍ നസീറിനെ വായിക്കുകയും കാടിന്റെ വിളി കേള്‍ക്കുകയും ചെയ്യുന്നുവെന്നത് ആഹ്ലാദകരമാണ്.

കാടുകളുടെയും വനജീവികളുടെയും നിഷ്‌കളങ്കരായ ആദിമജനതയുടെയും ഭാവി? ഏത് ചന്ദ്രനുമുണ്ട് നാം ഇടിച്ചിറങ്ങിത്തകരുന്ന ഒരു മറുപുറം. അരലക്ഷം ടിപ്പറുകളും ഒരൊറ്റ പശ്ചിമഘട്ടവും എന്ന അദ്ധ്യായത്തിലൂടെ ശ്വാസമടക്കിപ്പിടിച്ച് കടന്നുപോകൂ. വാള്‍ത്തലപ്പില്‍ കാലൂന്നി നില്‍കുന്ന സ്വന്തം വംശത്തെ കാണൂ. കാടുകളെയും മണ്ണിനെയും സംരക്ഷിക്കാന്‍ ആര്‍ക്ക് കഴിയും? ഭരണകൂടം അവയെ മുഴുവനായി ദത്തെടുക്കുന്നതുവരെ അവ അനാഥമാകുന്നു. തനിക്കറിയാവുന്ന കാര്യങ്ങളുടെ ഒരു ശതമാനം മാത്രമേ നസീര്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും ഞാന്‍ ഊഹിക്കുന്നു. ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍. വനസാക്ഷരതയുടെ സുകൃതമാവാന്‍, നമ്മുടെ വിദ്യാലയങ്ങളില്‍ കൊച്ചുക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങലില്‍ നസീറിന്റെ ഫോട്ടോകളും എഴുത്തും ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ – (ഒരു വിസ്മയമായി നസീറിന്റെ ആദ്യപുസ്തകം പുറത്തുവന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചിട്ടുള്ളതാണ്.) ഇപ്പോള്‍, തളിരിലകളുടെ ഈ ധ്യാനത്തിന് ബുദ്ധിയും ഹൃദയവും സമര്‍പ്പിക്കാന്‍, ഇതിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ വായനക്കാരെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

(ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച എൻ.എ നസീറിന്റെ ‘തളിരിലകളിലെ ധ്യാനം’ എന്ന പുസ്തകത്തിന് വിജയലക്ഷ്മി എഴുതിയ അവതാരിക.)

Also Read

November 17, 2022 4:17 pm