നിർമ്മാണ തൊഴിലാളികളുടെ ജീവനെടുക്കുന്ന ദേശീയപാത

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാസ‍ർഗോഡ് ജില്ലയിലെ ചെറുവത്തൂർ മട്ടലായിയിൽ മെയ് 12ന് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ച അപകടം ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വലിയ സുരക്ഷാവീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. പതിനെട്ടുകാരനായ പശ്ചിമബംഗാൾ സ്വദേശി മൊത്തലിബ് മീർ ആണ് മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടത്. തലയുടെ മുൻഭാഗത്തായി കണ്ണിനടുത്ത് ഏറ്റ കനത്ത അടി, തലയോട്ടിയിലുണ്ടായ പൊട്ടൽ, ഇടതുനെഞ്ചിലെ വാരിയെല്ലിൽ ഏറ്റ ആഘാതം ഇതെല്ലാമാണ് മരണകാരണമായതെന്നാണ് പരിയാരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം നൽകിയ വിവരം. ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. തലയോട് തലച്ചോറിലേക്ക് തറഞ്ഞുകയറി രക്തസ്രാവമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഹെെദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയായ മേഘ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് ദേശീയപാതാ നിർമ്മാണ കരാർ. ചെറുവത്തൂരിലെ മട്ടലായിയിലും വീരമലയിലും വലിയ മലകൾ ഇടിച്ച് നീക്കം ചെയ്ത് റോഡ് നിർമ്മിച്ചതിനാൽ മണ്ണിടിച്ചിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എഞ്ചിനിയർ എല്ലാ ദിവസവും വരാറുണ്ടെങ്കിലും തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളായ ബൂട്ട്സ്, ഹെൽമെറ്റ് എന്നിവയൊന്നും കിട്ടിയിരുന്നില്ലെന്നും റോഡരികിലുള്ള ജോലികൾ ചെയ്യുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ നൽകാറില്ലെന്നും തൊഴിലാളികൾ പറയുന്നു.

മലയില്‍ നിന്നും മണ്ണ് ഇടിഞ്ഞുവീണ ഭാഗം.

സംഭവത്തെ തുടർന്ന് മെയ് 13ന് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. നിർമ്മാണ തൊഴിലിനിടെ കൊല്ലപ്പെട്ട മുംതാജ് മീറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. എന്നാൽ കുടുംബാംഗങ്ങൾക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞിട്ടില്ല. അപകടം നടന്ന ദിവസം രാവിലെ തൊഴിലാളികളെ തിരക്കിട്ട്, നിർബന്ധിച്ച് തൊഴിലിടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും ബംഗാൾ സ്വദേശിയായ മറ്റൊരു തൊഴിലാളി പറഞ്ഞു. ആറുമാസം മുമ്പ് വിവാഹിതനായ മൊത്തലിബ് മീർ സംഭവം നടന്നതിന്റെ ഏഴ് ദിവസം മുമ്പാണ് കേരളത്തിലെത്തിയത്.

മലയില്‍ നിന്നും മണ്ണ് ഇടിഞ്ഞുവീണ ഭാഗം.

“സംഭവം നടന്നപ്പോൾ സ്ഥലത്ത് നാലുപേർ ഉണ്ടായിരുന്നു. ഞാനും മണ്ണിനടിയിലായി. ഒരു മാസം മുമ്പാണ് ദേശീയപാതയിൽ ജോലി ചെയ്ത് തുടങ്ങിയത്. അതിനുമുമ്പ് പാലക്കാടും തൃശൂരുമെല്ലാം ജോലി ചെയ്തു. മാധ്യമങ്ങൾ ആരും ആശുപത്രിയിൽ വന്നിട്ടില്ല. ശ്വാസമെടുക്കാൻ ഇപ്പോഴും കഴിയുന്നില്ല.” പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ന ഹസ്കർ കേരളീയത്തോട് പറഞ്ഞു. മന്ന ഹസ്കറിന് അഞ്ച് മക്കളാണുള്ളത്. അമ്പത്തിയഞ്ചുകാരനായ മന്ന ഹസ്കർ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഒരു തവണയെങ്കിലും ശ്വാസമെടുക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും മന്ന ഹസ്കർ പറഞ്ഞു. ചുമലിന് താഴെയായി മണ്ണ് വീണത് കാരണമുണ്ടായ ചതവിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഇരുകാലുകളിലെയും ഉപ്പൂറ്റികളിൽ വലിയ മുറിവുണ്ടായിട്ടുണ്ട്.

അപകടത്തെ അതിജീവിച്ച തൊഴിലാളി മന്ന ഹസ്‌കര്‍.

“ജീവൻ പോകുന്ന വേദനയാണ്.” തലയിൽ കണ്ണിനോട് ചേർന്നും ഇടുപ്പിലും കാലിലെ എല്ലിലും പരിക്കുപറ്റിയ പതിനെട്ടുകാരനായ മന്ത്ജുലായ് മീർ പറഞ്ഞു. മരിച്ച മൊത്തലിബ് മീറും പരിക്കേറ്റ മന്ന ഹസ്കറും മന്ത്ജുലായ് മീറും പശ്ചിമബംഗാൾ സ്വദേശികളാണ്. തമിഴ്നാട്, പശ്ചിമബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അപകടം നടന്ന സ്ഥലത്തോട് ചേർന്ന്, ടിൻഷീറ്റ് കൊണ്ട് നിർമ്മിച്ച ലേബർ ക്യാംപുകളിലാണ് കഴിയുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ദേശീയപാതാ നിർമ്മാണ തൊഴിലാളിയായ അക്രം അലിയും തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന മന്ന ഹസ്കറുടെ മകൻ അനാറുൽ അഷ്കറുമാണ് ആശുപത്രിയിലെ കാര്യങ്ങൾ നോക്കുന്നത്. “മന്ന ഹസ്കർ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് തിരിച്ചുപോകും. മന്ത്ജുലായ് മീറിനെ ഞാനായിരിക്കും തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുക. അവനെ പെട്ടെന്ന് വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. വെള്ളവും ഭക്ഷണവും വാങ്ങാൻ പണമില്ല. വീട്ടിലേക്ക് പണമയക്കാൻ വേണ്ടി ജോലി ചെയ്യുന്ന ഞങ്ങൾക്ക് ഇപ്പോൾ വീട്ടിൽ നിന്നും പണം വാങ്ങിക്കേണ്ട അവസ്ഥയാണ്.” അക്രം അലി പറയുന്നു.

“ഞങ്ങൾ നാലുപേർ മാത്രമാണ് അവിടെ ജോലി ചെയ്തുകൊണ്ടിരുന്നത്. എഞ്ചിനിയർ വന്ന ശേഷം എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തിരിച്ചുപോകും.” അക്രം അലി പറയുന്നു. അഞ്ച് വർഷം മുമ്പാണ് അക്രം അലി കേരളത്തിലെത്തിയത്.

അപകടം നടന്ന സ്ഥലത്ത് കണ്ട തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ കാന്‍

“പുതിയ മതിൽ പണിയുകയാണ്. മലയുടെ ഭാഗത്ത് നിന്നും മണ്ണെടുക്കുന്ന ജോലിയും മതിൽ പണിയുന്ന ജോലിയും ഒരുമിച്ച് ചെയ്യാൻ സേഫ്റ്റി എഞ്ചിനിയർ പറഞ്ഞു. തൊഴിലാളികളുടെ പിന്നിലായി റോളർ പോകുന്നുണ്ടായിരുന്നു. മലയുടെ ഭാഗത്ത് എക്സവേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഭാരം കൂടിയപ്പോൾ മണ്ണ് താഴെവീണു. സർവ്വീസ് റോ‍ഡ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് എക്സവേറ്റ് ചെയ്യുന്നത്. മെഷീൻ അടുത്തുവന്നപ്പോൾ മൊത്തം മണ്ണും താഴെ വീഴുകയായിരുന്നു.” റോഡ് റോളർ ഡ്രെെവറായ ഒരു തൊഴിലാളി പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് കണ്ട തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കൈയുറ

ദേശീയപാത അതോറിറ്റി മറ്റൊരു ഏജൻസിയായതിനാൽ സംഭവത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ കഴിയില്ലെന്നും, ഒറ്റനോട്ടത്തിൽ ഒന്നും പറയാൻ കഴിയില്ല എന്നുമായിരുന്നു ചന്തേര പൊലീസിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എൻഎച്ച്ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.

എന്നാൽ അപകടം നടന്ന ദിവസം തന്നെ ചന്തേര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 194-ാം വകുപ്പ് അനുസരിച്ചാണ് എഫ്ഐആർ. അസ്വാഭാവിക മരണം, ആത്മഹത്യ, നരഹത്യ, അപകട മരണം എന്നിവ സംഭവിച്ചാൽ അതത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന വകുപ്പാണിത്.

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുത്തനെ മലകൾ ഇടിച്ചുതീർക്കുന്നതിലെ പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ല.

മണ്ണിടിച്ചില്‍ നടന്ന റോഡിന്റെ മലമുകളില്‍ നിന്നുള്ള കാഴ്ച, 2024 ആഗസ്റ്റിൽ പകർത്തിയ ഫോട്ടോ.
മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത്, മലയുടെ മുകളിൽ നിന്നുള്ള ഇപ്പോഴത്തെ കാഴ്ച. (2025 മെയ്13).

“ക്ലിപ് റോഡ് ഡിപിആറിൽ ഉണ്ടായിരുന്നില്ല. രണ്ടാമത്, നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് അങ്ങനെയൊരു റോഡ് അവിടെ വന്നത്. മുകൾഭാഗം മുതൽ താഴെ വരെ സോയിൽ നെയ്ലിങ് ചെയ്തിട്ട് താഴെയാണ് ക്ലിപ് റോഡ് കൊടുത്തിരുന്നത്. അവിടെ ബോട്ടം ലെയറിൽ മണ്ണ് വളരെ മോശം അവസ്ഥയിലാണ്. താഴെയുള്ള ഈർപ്പമുള്ള മണ്ണ് കവർ ചെയ്യുന്ന രീതിയിൽ അവിടെ ക്ലിപ് റോഡ് കൊണ്ടുവന്നിട്ട്, കോൺക്രീറ്റ് കൊണ്ട് റീട്ടെയ്നിങ് വാൾ കൊണ്ടുവന്നു. മുകളിൽ സോയിൽ നെയ്ലിങ്ങും താഴെ കോൺക്രീറ്റ് റീടെയ്നിങ് വാളും ചെയ്തു. ആറ് മീറ്റർ റീടെയ്നിങ് വാൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. ആ ഭാഗത്താണ് അപകടം നടന്നത്. റീടെയ്നിങ് വാളിന്റെ ഫൗണ്ടേഷൻ ചെയ്ത്, ലേബറർമാർ അവിടെ വർക്ക് ചെയ്യുകയായിരുന്നു. അതിനുവേണ്ടി എടുത്ത കുഴിയുടെ കുന്നിന്റെ സെെഡിൽ രണ്ട് മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണ് ഇടിഞ്ഞുവീണത്. മണ്ണ് വീഴുമ്പോൾ ലേബറർമാർ അകത്ത് സീൽ വെർട്ടിക്കലി കെട്ടുകയായിരുന്നു. അതിനകത്ത് സെപ്പറേറ്റ് ചെയ്യാൻ വേണ്ടി നിൽക്കുന്ന സമയത്താണ് മണ്ണ് വീണത്. ചെറിയ ഉയരത്തിൽനിന്നാണ് മണ്ണ് വീണതെങ്കിലും ഇവർക്ക് സീൽ ഉള്ളതുകാരണം ഓടി രക്ഷപ്പെടാൻ പറ്റിയില്ല. അതിനുള്ളിൽ ലോക്ക് ആവുകയും അവരുടെ മുകളിലേക്ക് മണ്ണ് പതിക്കുകയുമാണുണ്ടായത്. ഒരു എമർജൻസി ഉണ്ടായപ്പോൾ റൂമിലുണ്ടായിരുന്ന ആൾക്കാരെ വിളിച്ചുവരുത്തി. അപ്പോൾ സേഫ്ടി സംവിധാനങ്ങൾ എടുക്കാതെയാണ് അന്നത്തെ ദിവസം അവ‍ർ വന്നത്. ആറുമീറ്റർ അർജന്റായി വന്ന് നിങ്ങൾ കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയതായിരുന്നു. പത്തുമണിക്ക് അര മണിക്കൂർ മുമ്പ് വന്നതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും വരുന്ന സമയം സേഫ്ടി സംവിധാനങ്ങൾ വെയർ ചെയ്യുന്നുണ്ടോ എന്നെല്ലാം സൂപ്പർവെെസർ ചെക്ക് ചെയ്യും. സേഫ്റ്റി ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് അവർ വർക്കിലേക്ക് ഇറങ്ങിയത്.” മേഘ കമ്പനിയുടെ എഞ്ചിനിയർ സുനിൽ പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് കിടക്കുന്ന നിർമ്മാണ തൊഴിലാളികളുടെ സേഫ്റ്റി ജാക്കറ്റ്

ചൂട് കാരണം തൊഴിലാളികൾ ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന വാദമാണ് എഞ്ചിനിയർ ഉന്നയിച്ചത്. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ കിട്ടിയിരുന്നില്ല എന്ന് തൊഴിലാളികൾ പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിനുള്ള പ്രധാന കാരണം.

“ഉത്തരേന്ത്യയിൽ നിന്നുള്ളൊരു തൊഴിലാളി ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഇവിടെ ജോലി ചെയ്യാൻ വരുന്നത് അവരുടെ സാഹചര്യങ്ങൾ കാരണമാണ്. മാത്രമല്ല, ഈ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതുകൊണ്ടാണ് കേരളത്തിന്റെ മിക്കവാറും വ്യവസായങ്ങളെല്ലാം നടന്നുപോകുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവർ നേരിടുന്ന അനീതികളിൽ സക്രിയമായി ഇടപെടുന്നതിനും ഒരു നോഡൽ സംവിധാനം കേരളത്തിലുണ്ടാകേണ്ടതുണ്ട്.” സെന്റർ ഫോർ മെെഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് എന്ന എൻജിഓയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ ബിനോയ് പീറ്റർ പറയുന്നു.

“നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു ടോക്കണിസ്റ്റിക് ആയ സമീപനം ആണെന്നാണ് പറയാനുള്ളത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. കേരള സർക്കാരിന്റെ ഇരട്ടത്താപ്പ് ഇതിൽ വ്യക്തമാണ്. 30 ലക്ഷത്തിൽ താഴെയുള്ള പ്രവാസി മലയാളികൾക്ക് വേണ്ടി നമുക്കൊരു വകുപ്പ് തന്നെയുണ്ട്. അതേസമയം ഈ തൊഴിലാളികളുടെ പ്രതിസന്ധികളിൽ ഇടപെടാൻ സംസ്ഥാന തലത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു നോഡൽ‌ ഏജൻസിയോ ഒരു സംവിധാനമോ നിലവിലില്ല. എൻഫോഴ്സ്മെന്റ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അതിൽ ഇടപെടാനുള്ള എല്ലാ സാധ്യതകളും ലേബർ ഓഫീസർക്ക് ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള നിലച്ചുപോയ ഇൻഷുറൻസ് പദ്ധതികൾ സജീവമാക്കണം. ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ‌ 25,000 രൂപ വരെ ഈ തൊഴിലാളികൾക്ക് സൗജന്യ ചികിത്സ കിട്ടുന്നതാണ്. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 എന്ന പദ്ധതിയിൽ രജിസ്ട്രേഷനൊന്നും കാര്യമായി നടക്കുന്നില്ല. പദ്ധതികൾ കൊണ്ട് തൊഴിലാളികൾക്ക് കാര്യമായ പ്രയോജനമുണ്ടാകുന്നില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.

ബിനോയ് പീറ്റർ

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തെപ്പറ്റിയുള്ള മിക്കവാറും എല്ലാ നിയമങ്ങളും കടലാസുകളിൽ ഒതുങ്ങുകയാണ്. തൊഴിലാളികൾക്ക് കിട്ടേണ്ട സുരക്ഷ, സൗജന്യ ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ഇതൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. മരിക്കുന്ന തൊഴിലാളികളുടെ ശരീരം സൗജന്യമായി നാട്ടിലേക്കയക്കുന്ന കാര്യങ്ങളും കാര്യക്ഷമമായി നടക്കുന്നില്ല. തൊഴിലുടമകൾ സ്വാധീനമുള്ള ആളുകളായിരിക്കും. അവർ മലയാളികളാണ്, രാഷ്ട്രീയ സ്വാധീനമുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്ന് വന്ന് ഭാഷപോലും അറിയാത്ത തൊഴിലാളിയെ അപേക്ഷിച്ച് വളരെ advantageous position ആയിരിക്കും അവർക്ക് ഉണ്ടാകുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസിമലയാളികളെ പോലെ തന്നെ കേരളത്തിലേക്ക് വരുന്ന പ്രവാസി തൊഴിലാളികളുമാണ്. ഒരു തൊഴിലാളിക്ക് ഒരു അപകടം പറ്റിയാൽ അത് എവിടെ പറയണം, എന്തൊക്കെ ചെയ്യണം, തൊഴിലുടമ അതിൽ ഇടപെട്ടിലലെങ്കിൽ എന്തുചെയ്യണം എന്നുപോലും ഈ തൊഴിലാളികൾക്ക് അറിയില്ല. തൊഴിലാളിയുടെ തൊഴിൽ സുരക്ഷയ്ക്കും അപകടങ്ങളുണ്ടായാൽ അതിന് പ്രതിവിധി ഉണ്ടാക്കുന്നതിലും തൊഴിലുടമ ബാധ്യസ്ഥരാണ്. പ്രാഥമിക ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ആ ഉത്തരവാദിത്തത്തിൽനിന്നും പിന്മാറാൻ പാടില്ല. അങ്ങനെ പിന്മാറുന്ന ആളുകൾക്കെതിരെ സംസ്ഥാനസർക്കാർ കർശന നടപടിയെടുത്താലേ പിന്നീട് ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കൂ. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യങ്ങൾ ആരും അന്വേഷിക്കാത്തതുകൊണ്ടും അവർ തൊഴിലാളി സംഘടനകളുടെ ഭാഗമല്ലാത്തതുകൊണ്ടും അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ലാത്ത സാഹചര്യമാണ്. കേരള സർക്കാർ ഇടപെട്ടാൽ മാത്രമേ ഇതിൽ വ്യത്യാസമുണ്ടാകുകയുള്ളൂ.” ബിനോയ് പീറ്റർ പറയുന്നു.

നിർമ്മാണ തൊഴിലാളികള്‍ താമസിക്കുന്ന ടെന്റുകള്‍
സോയില്‍ നെയ്‌ലിങ് ചെയ്ത റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ടെന്റുകള്‍

സെന്റർ ഫോർ മെെഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റിന്റെ കണക്കനുസരിച്ച്, കേരളത്തിൽ ദിവസവും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരണപ്പെടുന്നുണ്ട്. അതിൽ പകുതിയും തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾ കാരണമാണെന്നും കൂടുതൽ മരണങ്ങൾ നിർമ്മാണ മേഖലയിലാണ് സംഭവിക്കുന്നതെന്നും ബിനോയ് പീറ്റർ പറഞ്ഞു, കണക്കുകൾ വ്യക്തമാക്കുന്ന ഡാറ്റ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്.

ബിഹാർ, ആന്ധ്രപ്രദേശ്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ മേഘ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ദേശീയപാത നിർമ്മാണം പുരോഗമിക്കുകയാണ്. കേരളത്തിൽ ചെങ്ങള മുതൽ തളിപ്പറമ്പ് വരെയുള്ള ഭാഗമാണ് മേഘയുടെ കരാറിൽ ഉള്ളത്. ദേശീയപാത വികസനത്തിനായി 45 മീറ്റർ ആണ് സർക്കാർ സ്ഥലം അനുവദിച്ചത്. നല്ല ഉയരമുള്ള സ്ഥലമായതിനാൽ റോഡ് സുരക്ഷിതമാക്കണമെങ്കിൽ സർക്കാർ കുറച്ചുകൂടെ ഭൂമി ഏറ്റെടുത്തുതരണമെന്ന് മേഘ കമ്പനിയുടെ ലെെസൺ ഓഫീസർ ശശി പ്രതികരിച്ചു. സുരക്ഷിതമാക്കിയാൽ മാത്രമേ ഇനി നിർമ്മാണം തുടരാൻ കഴിയൂ എന്നാണ് അവിടെയുണ്ടായിരുന്ന നാട്ടുകാരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പറഞ്ഞത്. അതിനായി 10 മീറ്റർ കൂടി സ്ഥലം ഏറ്റെടുക്കേണ്ടിവരും. കലക്റ്ററുടെ നി‌ർദ്ദേശമനുസരിച്ച് അപകടം നടന്ന സ്ഥലത്ത് നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണെന്നും ശശി പറഞ്ഞു.

മലയിൽ സോയിൽ നെയിലിങ് തുടങ്ങിയ സമയത്തെ ചിത്രം, 2024 ആഗസ്റ്റിൽ പകർത്തിയത്.

മലകൾ ഇടിച്ച് റോഡ് നിർമ്മിക്കുമ്പോൾ, ഇടിച്ച അരികുകളിൽ കമ്പി തുളച്ചുകയറ്റി നെറ്റ് ചെയ്ത് കോൺക്രീറ്റ് പ്ലാസ്റ്ററിങ് ചെയ്യുന്ന സോയിൽ നെയ്ലിങ് ആണ് ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ ചെയ്തത് എന്നതാണ് മേഘ എഞ്ചിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വാദം. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകുന്ന ഭൂഘടനയിൽ സോയിൽ നെയ്ലിങ് എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്താതെയാണ് നിർമ്മാണ കമ്പനി ഈ രീതി ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് രണ്ടാം ഭാഗത്തിൽ വായിക്കാം. (തുടരും).

ഫോട്ടോ: മൃദുല ഭവാനി

Also Read

7 minutes read May 17, 2025 8:56 am