ഉറുദു സാഹിത്യ ചരിത്രത്തിലില്ലാത്ത മൂന്ന് പെൺ ശബ്​ദങ്ങൾ

നസിയ അക്തറിന്റെ ‘ബീബിമാരുടെ മുറികൾ’ (Bibi’s Room: Hyderabadi women and Twentieth Century Urdu Prose. Publisher- Orient Black Swan) അസാധാരണമായ ഒരു പുസ്തകമാണ്. ഉറുദു സാഹിത്യ ചരിത്രത്തിലില്ലാത്ത മൂന്ന് ഹൈദരാബാദ് ദഖ്നി മുസ്ലിം സ്ത്രീ എഴുത്തുകാരികളുടെ ശബ്ദങ്ങൾ രേഖപ്പെടുത്തുകയാണ് ഈ പുസ്തകം. സീനത്ത് സാജിദ (1924-2009), നജ്മ നിക്ഹത് (1936-1997), ജീലാനി ബാനു (1936-) എന്നീ എഴുത്തുകാരികളെ (ദഖ്നികൾ കേരളത്തിലുമുണ്ട്. ഇവർ വീട്ടിൽ ഉറുദു സംസാരിക്കുന്നവരാണ്) സമഗ്രമായി അവതരിപ്പിക്കുകയാണ് 400ൽ പരം പുറങ്ങളുള്ള പുസ്തകം. ബ്രിട്ടീഷ് കോളനി കാലത്ത് ഹൈദരാബാദ് ഒരു പ്രിൻസിലി സ്റ്റേറ്റായിരുന്നുവല്ലോ. അത്തരമൊരിടത്തു നിന്ന് എഴുതി തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ കഥകൂടിയാണ് ബീബീസ് റൂം. ഈ എഴുത്തുകാരികളെക്കുറിച്ച് പഠിക്കാൻ തന്നെ നയിച്ച നാലു കാരണങ്ങളെക്കുറിച്ച് ഗ്രന്ഥകാരി തുടക്കത്തിലേ തന്നെ എഴുതുന്നു: “ഉറുദു സാഹിത്യ ചരിത്രത്തിലും, ആന്ധ്ര സാഹിത്യ ചരിത്രത്തിലും (ഇനിമുതൽ തെലങ്കാന സാഹിത്യ ചരിത്രത്തിലും) ദഖ്നി സാഹിത്യ ചരിത്രത്തിലും ഇംഗ്ലീഷ് വിവർത്തനങ്ങളിലും ഇവരില്ല.”

നസിയ അക്തർ

ഇത്തരമൊരു സാഹചര്യത്തിലാണ് ഹൈദരാബാദിന്റെ വിവിധങ്ങളായ പൈതൃകങ്ങളെക്കുറിച്ച് അറിവുള്ള നസിയ അക്തർ ഈ എഴുത്തുകാരികളെക്കുറിച്ച് പഠിക്കുകയും ഇത്തരത്തിലൊരു പുസ്തകം എഴുതുകയും ചെയ്തത്. മൂന്ന് എഴുത്തുകാരികളുടേയും കൃതികളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിച്ചതിനാൽ മാത്രം ഇന്ന് ഈ എഴുത്തുകാരികളെ ഉറുദു ലോകത്തിന് പുറത്തുള്ളവർക്കും വായിക്കാൻ സാധിക്കുന്നു. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രസക്തിയും ഇതുതന്നെയാണ്. സീനത്ത് സാജിദയുടെ ‘ദൈവം സ്ത്രീയായിരുന്നുവെങ്കിൽ’ എന്ന ലേഖനം അവരെഴുതുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നുവെന്നോർക്കണം. സ്ത്രീയുടെ, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ വിഷമങ്ങൾ (ആർത്തവകാല പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്) ദൈവത്തിന് മനസ്സിലാക്കണമെങ്കിൽ ദൈവം സ്ത്രീയാകേണ്ടതുണ്ട് എന്നെഴുതുമ്പോൾ മതത്തിലും സമൂഹത്തിലും ഒരേ പോലെ പ്രവർത്തിക്കുന്ന പുരുഷാധികാരത്തെയാണ് അവർ ചോദ്യം ചെയ്യുന്നത്. ആ ലേഖനം പുസ്തകത്തിലുണ്ട്. ദൈവത്തിൽ നിന്നുതന്നെ ലഭിക്കേണ്ട ലിംഗനീതിയെക്കുറിച്ച് സീനത്ത് സാജിദ അന്നുയർത്തിവിട്ട സംവാദം അധികമാരും ഏറ്റെടുക്കുകയുണ്ടായില്ലെന്ന് നസിയ അക്തർ ചൂണ്ടിക്കാണിക്കുന്നു. അഹിംസാ മാർഗത്തിലൂടെ വിമോചിക്കപ്പെട്ട ഇന്ത്യയിലേക്ക് ഹിംസാത്മകമായി ചേർക്കപ്പെട്ട ഹൈദരാബാദിനെക്കുറിച്ച് ജീലാനി ബാനു എഴതുന്നു. ആ ഹിംസയിൽ സംഭവിച്ചത് സ്ത്രീകളുടെ പേരിലറിയപ്പെട്ട സ്ഥലങ്ങൾ എന്തിന് കൊട്ടാരങ്ങൾ പോലും മായ്ക്കപ്പെട്ടു എന്നതായിരുന്നുവെന്ന് അവർ നിരീക്ഷിക്കുന്നു. തെരുവുകളുടേയും കൊട്ടാരങ്ങളുടേയും പേരുകൾ പുരുഷൻമാരുടെ മാത്രം പേരുകളാക്കാൻ തിടുക്കപ്പെട്ട “പേരിടൽ കർമികളെ” അവർ തന്റെ എഴുത്തിൽ രൂക്ഷമായി വിമർശിക്കുന്നു. ആത്മകഥാപരമായ ലേഖനങ്ങളിലൂടെയും ഓർമ്മക്കുറിപ്പുകളിലൂടെയുമാണ് ഈ മൂന്ന് എഴുത്തുകാരികളും തങ്ങളെ കൂടുതൽ ആഴത്തിൽ ആവിഷ്ക്കരിച്ചതെന്നും പുസ്തകം കണ്ടെത്തി രേഖപ്പെടുത്തുന്നുണ്ട്.

സീനത്ത് സാജിദ

നജ്മ നിക്ഹതിന്റെ “അവസാനത്തെ ഹവേലി” എന്ന ആത്മകഥാപരമായ ലേഖനം പുസ്തകത്തിലുണ്ട്. തന്റെ പെൺമക്കൾക്കും വളർത്തു പെൺമക്കൾക്കുമൊപ്പം ഹവേലിയിൽ കഴിയുന്നതിന്റെ വിവിധ അനുഭവങ്ങൾ ഈ ലേഖനം ആവിഷ്ക്കരിക്കുന്നു. നിരവധിയായ പെൺജീവിതങ്ങളും അവയുടെ ആഖ്യാനങ്ങളും ഈ ആത്മകഥാപരമായ ലേഖനത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉറുദു സാഹിത്യത്തിൽ ഇടതുപക്ഷ-പുരോഗമനപര നിലപാടുകളുടെ വലിയൊരു ധാര തന്നെയുണ്ട്. (സീനത്ത് സാജിദയും നജ്മ നിക്ഹതും പുരോഗമന ധാരയിലുണ്ടായിരുന്നവരും അതുമായി ബന്ധപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരുമാണ്) സ്ത്രീ ശബ്ദങ്ങൾ രേഖപ്പെടുത്തുന്നതിലും ഉറുദു സാഹിത്യം മുന്നിലായിരുന്നു. എന്നാൽ ഹൈദരാബാദിലെ ഈ എഴുത്തുകാരികളെക്കുറിച്ച് മനസ്സിലാക്കാൻ ഉറുദുവിലെ ഇടതു-പുരോഗമന ധാരകൾ പോലും വേണ്ട വിധം ശ്രമിച്ചില്ലെന്ന വിമർശനവും പുസ്തകം മുന്നോട്ടുവെക്കുന്നു.

‘ബീബിമാരുടെ മുറികൾ’ എന്ന സങ്കൽപ്പം എഴുത്തുകാരിയുടെ മുറി എന്ന ആശയത്തിൽ നിന്നു തന്നെ വരുന്നതാണ്. വെർജീനിയ വൂൾഫിന്റെ 1919ലെ പ്രബന്ധത്തിലാണ് എഴുത്തുകാരിക്ക് ഇരുന്നെഴുതാൻ സ്വന്തമായി മുറിയും അതിനുള്ള പണവും അനിവാര്യമാണെന്ന് അവർ പറയുന്നത്. ഇത് കഴിഞ്ഞ് കാൽനൂറ്റാണ്ടിനു ശേഷമാണ് സീനത്ത് സാജിദ ഇതേ വിഷയത്തിൽ ഇങ്ങിനെ എഴുതിയത്: “നിങ്ങൾ സത്യസന്ധമായി പറയൂ. ഒരു വീട്ടിൽ കുടുംബിനിക്ക്, അല്ലെങ്കിൽ അവിടെ വളർന്നു വരുന്ന ഒരു യുവതിക്ക് ശരിക്കും സ്വന്തം എന്ന പറയാൻ കഴിയുന്ന ഒരു മുറിയുണ്ടോ? പേരിന് അങ്ങിനെയൊരു മുറിയുണ്ടാകും. പക്ഷെ അതവളുടെ സ്വന്തമായിരിക്കുമോ? ആ മുറിയിൽ സത്യത്തിൽ ആ വീട്ടിലെ എല്ലാവരും ചേക്കേറിയിട്ടുണ്ടാകും എന്നതാണ് വസ്തുത. ആങ്ങളയുടെ ടൈ, അച്ഛന്റെ ഷെർവാണി, മുത്തശ്ശിയുടെ ചുളുങ്ങിച്ചുരുണ്ട ദുപ്പട്ട, മുതുമുത്തശ്ശിയുടെ വെറ്റിലച്ചെല്ലം, ഭർത്താവിന്റെ അച്ഛന്റെ ഭാണ്ഡം, കുട്ടികളുടെ മരക്കുതിരയും കളിപ്പാട്ടങ്ങളും, മുഷിഞ്ഞ വെള്ളക്കവറിൽ കെട്ടിക്കൂട്ടിവെച്ച ചപ്പുചവറുകളും, തലയിണകളും, തുന്നൽ മെഷീനും, കണ്ണാടിയും ചീർപ്പും… അങ്ങിനെ എല്ലാം ആ മുറിയിലുണ്ടാകും. അല്ലെങ്കിൽ അവിടെയേ ഉണ്ടാകൂ. അതെ, അതാണ് ബീബിയുടെ മുറി.”

ജീലാനി ബാനു

എഴുത്തുകാരിയുടെ/സ്ത്രീയുടെ മുറിയെ അതിന്റെ എല്ലാ വിശദാംശങ്ങളോടെയും ഈ കുറച്ചു വരികളിലൂടെ സീനത്ത് സാജിദ വരച്ചിടുന്നു. സ്ത്രീ ഭാര്യയും അമ്മയും കുടുംബിനിയുമായി സന്തോഷത്തോടെ കഴിയുന്നു എന്ന മിത്ത് ഈ മൂന്ന് എഴുത്തുകാരികളും തങ്ങളുടെ എഴുത്തിൽ, പ്രത്യേകിച്ചും ചെറുകഥകളിലൂടെ പൊളിച്ചെഴുതുന്നതിനെക്കുറിച്ച് പുസ്തകം സമഗ്രമായി വിശദമാക്കുന്നു. ഇവർ എഴുത്തുകാരേയല്ലെന്ന് പറയുന്ന ആൺ എഴുത്തുകാരുടേയും വായനക്കാരുടേയും അഭിപ്രായങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇവരുടെ രചനകളുടെ വായനയിലും ജെൻഡർ പ്രവർത്തിക്കുന്നുവെന്ന് തുറന്നെഴുതുന്നു. വായനക്കാരിൽ ആണുങ്ങൾ പലപ്പോഴും ഇവരുടെ കൃതികളെ എതിർക്കുന്നു, പരിഹസിക്കുന്നു, വിമർശിക്കുന്നു. എന്നാൽ വായനക്കാരികൾ ഇവരുടെ ലോകത്തോട് കൂടുതൽ കൂടുതൽ അടുക്കുകയും ചെയ്യുന്നു.

രാമചന്ദ്രഗുഹ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഇങ്ങിനെ നിരീക്ഷിക്കുന്നു: “ഒളിഞ്ഞുകിടക്കുന്ന ഭാഷയിലെ ജീവിതം, പുരുഷാധിപത്യം, മതം, അധികാരം, വിപ്രതിപത്തി എന്നിവയെ ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം.” സീനത്ത് സാജിദ മരണത്തിന് തൊട്ടു മുമ്പ് 2009ൽ എഴുതിയ ‘ഇളയ പെങ്ങൾ’ എന്ന കഥ ദാമ്പത്യം എങ്ങിനെ ഒരുവളെ തന്റെ സ്വന്തമായ എല്ലാ ലോകങ്ങളിൽ നിന്നും അകറ്റുന്നു എന്നതിനെക്കുറിച്ച് പറയുന്നു. തന്റെ അവസാന നാളുകളിലും ഈ എഴുത്തുകാരി ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ തന്നെ ശ്രമിച്ചു. സഹോദരിക്ക് കോളേജ് ഹോസ്റ്റലിൽ നിന്നും കത്തെഴുതുന്ന സഹോദരനെയാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇളയ പെങ്ങളുമായാണ് സഹോദരൻ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നത്. അവന്റെ ഉപദേശിയും വഴികാട്ടിയും പെങ്ങൾ തന്നെ. അവൻ കോളേജിൽ ചേർന്നതിന് തൊട്ടു പിന്നാലെ പെങ്ങൾ വിവാഹിതയായി. പിന്നീട് അവൻ പല കാര്യങ്ങളും ചോദിച്ച് എഴുതുന്ന കത്തുകൾക്കൊന്നും മറുപടി കിട്ടുന്നില്ല. ലളിതമാണല്ലോ ഈ കഥ എന്ന് പെട്ടെന്നു തോന്നാം. എന്നാൽ ദാമ്പത്യത്തിലെ സ്ത്രീ ജീവിതത്തിന്റെ സങ്കീർണ്ണതകളെല്ലാം ഈ ചെറുകഥയിൽ വായനക്കാർക്ക് അഭിസംബോധന ചെയ്യേണ്ടി വരുന്നു. അവൾക്ക് സ്വന്തമായി മുറിയില്ല, സമയവുമില്ല. അതെല്ലാം പൊടുന്നനെ മറ്റുള്ളവരുടേതായി മാറുന്നു.

നജ്മ നിക്ഹത്

നജ്മ നിക്ഹതിന്റെ എഴുത്തുരീതിയെക്കുറിച്ച് ഗ്രന്ഥകാരി ഇങ്ങിനെ എഴുതുന്നു: “തിരക്കിട്ട് എഴുതുന്ന രീതി അവർക്കുണ്ടായിരുന്നില്ല. ഫിക്ഷൻ എഴുതാൻ രണ്ടു വർഷം വരെ സമയമെടുക്കുമായിരുന്നു. പത്രവാർത്തകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന രീതി നജ്മ അവലംബിച്ചിരുന്നു. താൻ എഴുതാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിൽ കഴിയാവുന്ന വിധത്തിലുള്ള ഗവേഷണങ്ങൾ നടത്തുമായിരുന്നു. പുസ്തകങ്ങൾ വായിച്ചും കൈകാര്യം ചെയ്യാനുദ്ദേശിക്കുന്ന പ്രമേയത്തിൽ അറിവുള്ളവരെ നേരിൽ കണ്ടും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനെല്ലാം പുറമെ തന്റെ കഥകളിൽ വരുന്ന കഥാപാത്രങ്ങളുടെ ജീവിതം അറിയാൻ അവരായിത്തന്നെ കുറച്ചു ദിവസം ജീവിക്കുന്ന രീതിയും നജ്മക്കുണ്ടായിരുന്നു. ഉദാഹണത്തിന് ‘എയർ കണ്ടീഷൻഡ്’ എന്ന കഥയെടുക്കുക. അതിലെ നായികയെ ചിത്രീകരിക്കാൻ എഴുത്തുകാരി മൂന്നു ദിസവം ഹൈദരാബാദിലെ സമ്പന്നർ വരുന്ന കടകളിൽ സെയിൽസ് ഗേളായി ജോലി ചെയ്തു.”

ഇങ്ങിനെ താൻ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളോട്, കഥാപാത്രങ്ങളോട് തന്നെക്കൊണ്ട് കഴിയും വിധം അടുക്കുക എന്ന രീതി നജ്മ എപ്പോഴും നടപ്പാക്കിയിരുന്നു. പ്രതിബദ്ധതയെക്കുറിച്ച് എപ്പോഴും ചർച്ച ചെയ്യുന്നവർ ഒരു പക്ഷെ ഇങ്ങിനെയൊരു എഴുത്തുകാരി ഇവിടെ ജീവിച്ചിരുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടാകില്ല. ഉറുദു സാഹിത്യത്തെക്കുറിച്ച് എഴുതുന്നവരും ഈ ദഖ്നി എഴുത്തുകാരിയെ തിരിച്ചറിഞ്ഞില്ല. അവരുടെ “വഴിവക്കിലെ മരം” എന്ന കഥയിൽ നായികയുടെ കുഞ്ഞ് മരിക്കുന്നു. പിന്നീടവർ കോളറ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു കുട്ടികളെ എടുത്തു വളർത്തുന്നു. മാതൃത്വം എന്ന സങ്കൽപ്പത്തെ മറ്റൊരു തരത്തിൽ ഇൗ കഥ പൊളിച്ചെഴുതുന്നു. ഇങ്ങിനെ നില നിൽക്കുന്ന പല തരം സ്റ്റാറ്റസ്കോ സാമൂഹിക സങ്കൽപ്പങ്ങളേയും തങ്ങളുടെ എഴുത്തുകളിലൂടെ തിരുത്തി എഴുതുകയാണ് ഈ മൂന്ന് എഴുത്തുകാരികളും ചെയ്തു പോന്നത്. അതുവഴി മനുഷ്യ കുടുംബം എന്ന അത്ര പരിചിതമല്ലാത്ത ഒരാശയ ലോകത്തെ അവർ പ്രകാശിപ്പിക്കുകയായിരുന്നു.

ജീലാനി ബാനുവിന്റെ എഴുത്തിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ച് നസിയ എഴുതുന്നു: “എഴുതമ്പോൾ വാക്കുകൾ തിളങ്ങുന്നു, സംസാരിക്കുമ്പോൾ സത്യത്തിന്റെ ശബ്ദം നാം കേൾക്കുന്നു.” ഈ കാഴ്ച്ചപ്പാടിൽ നിന്നുകൊണ്ട് അവരെഴുതിയ പ്രധാന കൃതി ‘ദൈവവും ഞാനും’ എന്ന കഥയാണ്. നിരാശനായ ഒരു മനുഷ്യൻ ദൈവവുമായി നടത്തുന്ന സംസാരത്തിന്റെ ഘടനയിലാണ് ഈ കഥ രചിക്കപ്പെട്ടിരിക്കുന്നത്. മൂസ എന്ന കഥാപാത്രം ദൈവവുമായി നടത്തുന്ന ആ സംസാരം ഉൽപ്പത്തി മുതൽ മരണം വരെയുള്ള വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അതോടൊപ്പം ഈ ലോകത്തെ മനുഷ്യന്റെ സാധാരണ ജീവിത പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യുന്നു. ദൈവശാസ്ത്രത്തിലെ മനുഷ്യൻ എന്ന് പിൽക്കാല്ത്ത് ലോകം ചർച്ച ചെയ്ത പ്രമേയത്തെയാണ് ജീലാനി ബാനു ആവിഷ്ക്കരിക്കാൻ ശ്രമിച്ചത്.

ബീബീസ് റൂം- കവർ

1997ൽ ജീലാനി ബാനു എഴുതിയ ‘അവബോധം’ എന്ന കഥ ലൈംഗിക പീഡനാനന്തരമുള്ള സ്ത്രീയുടെ ജീവിതം ആഴത്തിൽ വരച്ചു കാട്ടുന്നു. അവളുടെ ശരീരത്തിൽ കയ്യേറ്റം നടത്തിയവരടക്കമുള്ള പുരുഷ ലോകം സ്ത്രീയെ തന്നെ കുറ്റക്കാരിയാക്കി ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള കഥയാണത്. അതിശക്തമായ ഈ കഥയുടെ വിവർത്തന ഭാഗങ്ങൾ പുസ്തകത്തിലുണ്ട്. ഭാര്യമാർ, വിധവകൾ, അമ്മമാർ, കാമുകിമാർ- ഇങ്ങിനെയുള്ള കഥാപാത്രങ്ങളിലൂടെ സ്ത്രീ ജീവിതത്തിന്റെ വിവിധങ്ങളായ വശങ്ങളിലേക്ക്, സങ്കീർണ്ണതകളിലേക്ക് വായനക്കാരെ കൊണ്ടുപോവുകയാണ് ഈ എഴുത്തുകാരികൾ. ഇന്ത്യൻ ജീവിതത്തിലെ ജാതിയും വർഗവും നേരിട്ടും അല്ലാതെയും ഇവരുടെ എഴുത്തു ലോകങ്ങളിൽ നിന്നും വിമർശന സ്വരത്തോടെ വായനക്കാരെ നേരിടുന്നുമുണ്ട്. സീനത്ത് സാജിദയും നജ്മ നിക്ഹതും തൊഴിലാളി സ്ത്രീ എന്ന വിഷയത്തെ ആഴത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

സാഹിത്യ ചരിത്രകാരൻമാരുടെ ‘സംഘടിത മറവി’ എന്ന പ്രശ്നത്തോടുള്ള പ്രതികരണം കൂടിയാണ് ബീബീസ് റൂം. എങ്ങിനെയാണ് ഒരു വിഭാഗം എഴുത്തുകാർ ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ സമീപകാലത്ത് വന്ന ഇന്ത്യൻ പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ ഗ്രന്ഥം. ഉറുദു സാഹിത്യം പാക്കിസ്ഥാൻ സാഹിത്യമാണ് എന്നു സ്ഥാപിക്കാൻ ഹിന്ദി മൗലിക വാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. മായുകയും മറയുകയും ചെയ്യുന്നവരുടെ പ്രസക്തി കണ്ടെത്തുക, അവരെ തിരിച്ചുപിടിക്കുക എന്നത് എങ്ങിനെയാണ് ചെയ്യുക എന്നതിനുള്ള മികച്ച ഉദാഹരണം, മാതൃക കൂടിയാണ് ബീബീസ് റൂം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read